20 March, 2010

ഗീതാഞ്ജലി - ടാഗോറിന്റെ മാനവികത

സാഹിത്യത്തിനുള്ള നോബല്‍സമ്മാനം ഇന്ത്യന്‍ ഭാഷയിലെഴുതപ്പെട്ട ഒരു കൃതിക്ക് ഇന്നോളം ഒരിക്കല്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. അത് രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി'. ബംഗാളിയിലുള്ള മൂലകൃതി 1910-ലാണ് പ്രസിദ്ധീകരിച്ചത്. 2010ലെത്തിനില്‍ക്കുമ്പോള്‍ നാമോര്‍ക്കുന്നു, ഗീതാഞ്ജലിക്കും നൂറു വയസ്സായിരിക്കുന്നു! ബംഗാളി ഗീതാഞ്ജലിയിലെ 157 ഗീതങ്ങളില്‍നിന്ന് എഴുപതോളം കവിതകളും ഒപ്പം 'നൈവേദ്യ', 'ഖേയ', 'ഗീതമാല്യ' എന്നീ കൃതികളില്‍നിന്നുള്ള ചില കവിതകളും ചേര്‍ന്ന ആകെ 103 ഗീതങ്ങളുടെ ഇംഗ്ളീഷ് പരിഭാഷയ്ക്കാണ് സ്വീഡിഷ് അക്കാദമി 1913-ല്‍ പ്രഖ്യാതമായ നോബല്‍സമ്മാനം നല്‍കിയത്. ടാഗോര്‍തന്നെയായിരുന്നു ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഈ കൃതിയെ യൂറോപ്പിന്റെ ശ്രദ്ധയിലേക്ക് പ്രദ്യോതിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ച ഡബ്ള്യു ബി യേറ്റ്സ് തന്നെയാണ് അവതാരികയെഴുതിയിട്ടുള്ളത്. ഇംഗ്ളണ്ടിലൊരു സുഹൃദ്സദസ്സില്‍ ടാഗോര്‍ തന്റെ മധുരഗംഭീരമായ ശബ്ദത്തില്‍ പ്രസ്‌തുത കവിതകളാലപിച്ചപ്പോള്‍, സദസ്യര്‍ക്കത് ഇംഗ്ളീഷ് കവിതയില്‍ 'വേറിട്ടൊരു ശബ്ദ'മായിത്തോന്നി- കിഴക്കിന്റെ ശബ്ദം!

'ഇന്ത്യനിംഗ്ളീഷ് കവി'കളായറിയപ്പെടുന്ന ഡൊറാസിയോയുടെയും സരോജിനി നായിഡുവിന്റെയും അരബിന്ദൊ ഘോഷിന്റെയും ഹരീന്ദ്രനാഥ ചതോപാഥ്യയുടെയും മറ്റും കവിതകള്‍ക്ക് കിട്ടാത്തൊരംഗീകാരമാണ് ടാഗോറിന്റെ ഗീതാഞ്ജലിക്ക് ഇംഗ്ളണ്ടില്‍ ലഭിച്ചത്. ബംഗാളിക്കവിതയില്‍, 'രബി'ക്കുമുമ്പേ ഉദിച്ച പ്രഭാതതാരകമെന്നു വിശേഷിപ്പിക്കപ്പെടുന്ന മൈക്കള്‍ മധുസൂദന്‍ ദത്തിന്റെ ഇംഗ്ളീഷ് കവിതകള്‍ക്കും ലഭിച്ചത് അവഗണനയായിരുന്നു- ആധുനികീകരണമെന്നാല്‍ പാശ്ചാത്യവല്‍ക്കരണമെന്ന ധാരണ മാറ്റി അദ്ദേഹം പിന്നെ ബംഗാളിയിലെഴുതുകയും'മേഘതാഭവധം.' എന്ന ബൃഹദാഖ്യാനത്തിലൂടെ ബംഗാളിക്കവിതയില്‍ ഒരു പുതിയ യുഗം കുറിക്കുകയും ചെയ്തു. ('ഇന്ത്യനിംഗ്ളീഷ് കവിത' ഇന്നൊരു യാഥാര്‍ഥ്യമാണെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അവയ്ക്ക് എത്രമാത്രം ഇന്ത്യയുടെ അന്തരംഗപ്രകൃതിയെ വരച്ചുകാട്ടാനാവുന്നു എന്നത് മറ്റൊരു ചര്‍ച്ചാവിഷയം- അതിലേക്ക് കടക്കുന്നില്ല.) ഈ അവസ്ഥയെ മറികടന്നുകൊണ്ടാണ് ഒരു ബംഗാളികൃതിക്ക് തല്‍കര്‍ത്താവ് തന്നെ രചിച്ച ഇംഗ്ളീഷ് പരിഭാഷ ഇംഗ്ളണ്ടിലും അതുവഴി യൂറോപ്പിലാകെയും 'കേളിപ്പെടു'ന്നത്. അതൊരപൂര്‍വ സംഭവമെന്നുതന്നെ പറയാം.

'സിരകളെ ത്രസിപ്പിക്കുന്ന ഒരപൂര്‍വാനുഭവ'മാണ് ഗീതാഞ്ജലി വായിച്ചപ്പോള്‍ തനിക്കുണ്ടായതെന്ന് യേറ്റ്സ് അവതാരികയില്‍ സൂചിപ്പിക്കുന്നു. ഹൃദയത്തെ ആര്‍ദ്രമാക്കുന്ന കുറേ ഭാവഗീതങ്ങള്‍ എന്നതിനുപരി, ഇന്ത്യയുടെ അന്തരംഗ പുഷ്പത്തിന്റെ സൌന്ദര്യവും സൌരഭ്യവും അനുഭവപ്പെടുത്തുന്ന കൃതിയെന്ന നിലയ്‌ക്കാണ് ഗീതാഞ്ജലി അവര്‍ക്ക് സ്വീകാര്യമായിത്തീര്‍ന്നതെന്നു പറയാം. ഹിമാലയംപോലെ സമുന്നതമായൊരുറവിടത്തില്‍നിന്ന് സമതലത്തിലേക്ക് വരുന്ന പ്രവാഹിനിയുടെ സംഗീതമാണ് ഗീതാഞ്ജലി. അതിന്റെ ഉറവിടം ഉദാത്തമാണെങ്കില്‍, സമതലത്തിലെത്തുമ്പോളത് ശാന്തമധുരമാണ്. ചിലര്‍ വ്യാഖ്യാനിക്കുംപോലെ അത് മതപരമോ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത, 'നിലംതൊടാമണ്ണ്' എന്നു വിളിക്കാവുന്നതോ അല്ല. മതാതീതമായ ഒരാത്മീയതയാണതിന്റെ അന്തഃസത്ത. 'നാമം ജപിക്കലും, പാടിസ്‌തുതിക്കലും, മന്ത്രംചൊല്ലലും നിര്‍ത്തുക. കതകുകളെല്ലാമടച്ച് ഈ ദേവാലയത്തിന്റെ ഏകാന്തമായ ഇരുണ്ട കോണിലിരുന്ന് ആരെയാണ് നീയാരാധിക്കുന്നത്? നീ കണ്ണുതുറക്കൂ! നിന്റെ ദൈവം നിന്റെ മുന്നിലില്ലെന്നറിയുക!....... അവന്‍ പരുക്കന്‍ നിലമുഴുതുമറിക്കുന്നവന്റെയും വഴിവെട്ടുവാന്‍ കല്ലുടയ്‌ക്കുന്നവന്റെയും അടുത്താണ്. വെയിലത്തും മഴയത്തും അവന്‍ അവരുടെ കൂടെയാണ്. അവന്റെ ഉടുതുണിയാകെ പൊടിയണിഞ്ഞിരിക്കുന്നു....' എന്നാരംഭിക്കുന്ന പതിനൊന്നാം ഗീതം, സൃഷ്‌ടി അധ്വാനമാണെന്നും സ്രഷ്‌ടാവിനെ അധ്വാനത്തിലൂടെ കണ്ടെത്തണമെന്നുമുള്ള ദര്‍ശനത്തിന്റെ ഉന്മീലനമാണ്.

ഒരു പ്രത്യേക മതത്തോടും ബന്ധപ്പെടാത്ത ഈ ആസ്തിക്യബോധത്തില്‍ മണ്ണില്‍ മടയ്‌ക്കുന്ന മനുഷ്യനോടുള്ള ഭാവൈക്യം സുസ്പഷ്ടമാണ്. വ്യവസ്ഥാപിത മതങ്ങളോട് ടാഗോര്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നില്ല. 'ആരണ്യസന്ദേശം' (The Message of the Forest) എന്ന പ്രബന്ധസമാഹാരത്തില്‍ ഈ ഭൂമിയിലെ ജീവജാലങ്ങള്‍ക്കാകെ മനുഷ്യനൊപ്പം സ്ഥാനം കല്‍പ്പിക്കുകയും ആരണ്യപ്രകൃതിയുടെ പവിത്രതയിലൂന്നുകയും ചെയ്യുന്ന ടാഗോറിന്റെ പ്രപഞ്ചദര്‍ശനം വിശദീകരിച്ചിട്ടുണ്ട്. ജൈവസമൃദ്ധികൊണ്ടുതന്നെ കാടുകള്‍ ശ്രദ്ധേയമാണ്; അവിടം ജീനുകളുടെ ഉറവിടമാണ്. എന്നാല്‍ അതിനപ്പുറമൊന്നുണ്ട്: ഉപവനങ്ങളിലും പ്രമദവനങ്ങളിലും (നഗരോദ്യാനങ്ങളാണവ) ലബ്‌ധമാവാത്ത ധ്യാനമനനങ്ങള്‍ക്കുള്ള ഇടമൊരുക്കിയത് തപോവനങ്ങളാണ്. 'താനൊറ്റയ്‌ക്ക് ബ്രഹ്മപദം തേടുന്നവ'നല്ല യഥാര്‍ഥ തപോധനന്‍-മറിച്ച്, പരദുഃഖം സ്വദുഃഖമായി കാണുന്നവനാണെന്ന് വാല്‌മീകിയിലൂടെ ഉദാഹരിക്കപ്പെട്ടതാണല്ലോ. 'Child is the father of Man' എന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ വേഡ്‌സ്‌വര്‍ത്ത് പറഞ്ഞതിനു സമാന്തരമായി 'കാനനവാസി ഋഷിയുടെയും കവിയുടെയും പിതൃസ്ഥാനത്തു നില്‍ക്കുന്നു' എന്നു പറഞ്ഞാലത് യുക്തിസഹമാണ്.

ടാഗോറിന്റെ ആത്മീയത മാനവികതയുടെ സ്‌ഫടികശോഭയാര്‍ന്നതാണ്; അതിലൂടെ കടന്നുവന്ന ഭാവനയുടെ രശ്‌മികള്‍ താളില്‍ വീഴ്ത്തിയ കൊച്ചുകൊച്ചു മഴവില്ലുകളാണ് ഗീതാഞ്ജലിയിലെ ഗീതങ്ങള്‍. സ്വന്തം ഹൃദയചക്രവാളം നിത്യവികസ്വരമായി ഒടുവിലൊരു ഘട്ടത്തില്‍ ഈ പ്രപഞ്ചചക്രവാളവുമായി പരിപൂര്‍ണമായി ഏകീഭവിക്കുന്ന നിമിഷത്തിന്റെ ലയനിര്‍വൃതിയാണാ കവിതകള്‍. സകല ജീവജാലങ്ങള്‍ക്കും -സാധാരണ മനുഷ്യര്‍ക്കും - ആ പ്രപഞ്ചചക്രവാളത്തിന്റെ പരിധിക്കുള്ളില്‍ അനിഷേധ്യമായ ഇടമുണ്ട്.

ടാഗോര്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍, അതിന്റെ നെറ്റിക്കുറിയായതും 'യത്ര വിശ്വം ഭവത്യേക നീഡം' എന്ന സൂക്തമായത് തികച്ചും സ്വഭാവികം. "വിശ്വമാകെ ഒരു കൂട്ടിലെന്നപോലെ ഒന്നിച്ചൊതുങ്ങുന്ന ഒരിട'മായി വിശ്വഭാരതി മാറണമെന്നാണദ്ദേഹമാഗ്രഹിച്ചത്. Towards Universal Man പ്രബന്ധത്തില്‍ വിശ്വമാനവന്‍ എന്ന ഉദാത്തമായൊരു സങ്കല്പം അദ്ദേഹം വിശദീകരിക്കുന്നു. അതേസമയം ലൌകികം എന്നു വിശേഷിപ്പിക്കാവുന്ന എത്രയോ ജീവിതചിത്രങ്ങള്‍ ഗീതാഞ്ജലിയില്‍ നമുക്ക് കാണാം. വംഗദേശത്തെ ഗ്രാമീണചിത്രങ്ങളും, ഋതുഭേദങ്ങളും വിശിഷ്യ, ആഷാഢപ്രകൃതിയുമൊക്കെ അക്കൂട്ടത്തിലുണ്ട്. 'യോഗാത്മകത്വ'മെന്നോ, 'രഹസ്യവാദ'മെന്നോ, 'മിസ്‌റ്റിസിസ'മെന്നോ പറഞ്ഞ് വ്യാഖ്യാതാക്കള്‍ ടാഗോറിന്റെ ഈ ഗീതങ്ങളെ സാമാന്യ വായനക്കാരനില്‍നിന്നകറ്റാന്‍ ശ്രമിച്ചാലും, സരളവും സുതാര്യവുമായ ലൌകികചിത്രങ്ങളാല്‍ സമൃദ്ധമാണ് ഗീതാഞ്ജലി. പാടാന്‍വന്ന പാട്ട് മുഴുമിക്കാതെ നില്‍ക്കുന്ന ഗായകന്‍; തന്തികള്‍ മുറുക്കിയും അയച്ചും കാലംപോകെ, താനാഗ്രഹിക്കുന്ന പദങ്ങള്‍ കോര്‍ത്തിണക്കാനാവാതെ, ആശിക്കുന്നതൊത്തുവരാത്തതിന്റെ വേദനയോടെ-സാഫല്യംകാണാത്ത സര്‍ഗവേദനയോടെ-നിൽ‌ക്കുന്ന ആ ഗായകന്‍(ഗീതം:13) നമ്മളിലാരുമാവാം. "അങ്ങേയ്ക്ക് വേണ്ടി പാടുവാനായി ഞാനിവിടെ നിൽ‌ക്കുന്നു. അങ്ങയുടെ ഈ (സംഗീത)ശാലയിലെനിക്കൊരിടമുണ്ട്'' എന്നതിന്റെ പിന്നില്‍ ആസ്‌തിക്യബോധമുണ്ടാവാം.

“I came here to sing, and for you to sing with me.” എന്നെഴുതിയ പാബ്ളോ നെരൂദ നാസ്‌തികനാണെന്നതില്‍ പക്ഷാന്തരമില്ല. എന്നാല്‍ ഇരു കവികളും 'പാടുക' എന്ന നിയോഗവുമായി ഇവിടെ നിൽ‌ക്കുമ്പോള്‍, അവര്‍ സമാനഹൃദയരാണെന്ന് നാമറിയിന്നു. ആസ്‌തികനായാലും നാസ്‌തികനായാലും സ്വന്തം മണ്ണില്‍ ചുവടൂന്നിനില്‍ക്കുന്ന കവിക്ക് 'പാടുക' എന്ന നിയോഗം നിറവേറ്റാതെ വയ്യ. ടാഗോര്‍ വംഗഭൂമിയിലും നെരൂദ ചിലിയുടെ മണ്ണിലും ഉറച്ചുനിന്നവരത്രേ, താന്‍ 'വിശ്വമഹോത്സവത്തിനു പാടാന്‍ ക്ഷണിക്കപ്പെട്ടവനാ'ണെന്നും അതുവഴി 'താന്‍ ധന്യനായി'രിക്കുന്നുവെന്നും ടാഗോര്‍ കരുതുന്നു; താന്‍ 'എല്ലാവര്‍ക്കുമുള്ള പാട്ട്' (canto general) പാടുവാന്‍ നിയുക്തനാണെന്ന ബോധം നെരൂദ പുലര്‍ത്തിയിരുന്നു. പല കാര്യത്തിലും വ്യത്യസ്‌തരായ ഈ കവികളുടെ സാജാത്യം അവര്‍ നോബല്‍ ജേതാക്കളാണെന്നതു മാത്രമല്ലെന്നും അതിലപ്പുറം ചിലതുണ്ടെന്നും കണ്ടെത്താനൊരു കൌതുകം തോന്നി. അത്രമാത്രം.

ടാഗോര്‍, കവിയെന്നതുപോലെ, ഇന്ത്യന്‍ സംഗീതത്തില്‍ സ്വന്തം നാമമുദ്രയുള്ള ഒരു പ്രത്യേക ശാഖയുടെ ഉപജ്ഞാതാവ് കൂടിയാണ് (രബീന്ദ്രസംഗീതം). ഗീതാഞ്ജലിയിലെ കവിതകള്‍ക്കും ആ സംഗീതഗുണമുണ്ട്. ഇംഗ്ളീഷിലതു പാരായണം ചെയ്യുമ്പോഴുള്ള മന്ത്രോച്ചാരണ പ്രതീതിയെപ്പറ്റി മുമ്പ് സൂചിപ്പിക്കുകയുണ്ടായി. ബംഗാളി ഗീതാഞ്ജലിയിലെ പല ഗീതങ്ങളും ഉത്തരേന്ത്യന്‍ ഗായകരുടെ ഇഷ്‌ടഗാനങ്ങള്‍ കൂടിയാണ്. കൂട്ടത്തില്‍ 57-ാമത്തെ ഗീതം ('തേജോ മമ തേജോ ഭൂവനാപൂരകതേജോ')പല ചടങ്ങുകളിലും 'നാന്ദി' യായാലപിക്കാറുണ്ട്.

"Light, my light,
the world-filling light,
the eye-kissing light,
heart-sweetening light!.'' ഇംഗ്ളീഷ് ഗീതംപോലും ചില പ്രത്യേക സദസ്സുകളില്‍ ആലപിക്കാറുണ്ട്.

പാരതന്ത്ര്യത്തിന്റെ ഇരുണ്ടനാളുകളില്‍,

"സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയെക്കാള്‍ ഭയാനകം''

എന്ന് ആശാന്‍ നമ്മുടെ അവബോധത്തില്‍ സ്വാതന്ത്ര്യമന്ത്രാക്ഷരങ്ങള്‍ കുറിച്ചിടുകയുണ്ടായി. ടാഗോര്‍, ഗീതാഞ്ജലിയിലെ 35-ാം ഗീതത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ അര്‍ഥഭാസുരമായ നിര്‍വചനം നമ്മുടെ മനസ്സില്‍ കുറിച്ചുവച്ചു. ഒരൊറ്റ വാക്യമെന്ന നിലയ്‌ക്കാണതിന്റെ ഘടന. എന്നാല്‍, എവിടെ (where) എന്നുതുടങ്ങുന്ന ഓരോ വാക്യാംശത്തിലും ടാഗോറിന്റെ സ്വാതന്ത്ര്യസങ്കല്പം ഇതളിതളായി വിരിഞ്ഞ് ഒടുവില്‍ പുര്‍ണശോഭമായിത്തീരുന്നു. 'മനസ്സ് നിര്‍ഭയവും ശിരസ്സ് സമുന്നത'വുമാവുന്നിടത്താണ് സ്വാതന്ത്ര്യം പുലരുന്നതെങ്കില്‍, ഇന്ന് സ്വതന്ത്രരാഷ്‌ട്രങ്ങളെന്നഭിമാനിക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള എത്ര രാജ്യങ്ങളില്‍ സ്വാതന്ത്ര്യം ശരിക്കും നിലനില്‍ക്കുന്നുണ്ടെന്ന് ആ നിര്‍വചനത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍, ഫലം വല്ലാത്തൊരു നൈഷ്‌ഫല്യ ദുഃഖമാവുമെന്ന സത്യം നിഷേധിക്കാനാവുമോ? രണ്ടു പൂച്ചകള്‍ ഒരപ്പം മുറിച്ചുമുറിച്ച് പങ്കിടല്‍ ശരിയായില്ലെന്നു പറഞ്ഞ് വീണ്ടും മുറിക്കുന്നതുപോലെ രാഷ്‌ട്രങ്ങള്‍ വിഭജിക്കപ്പെടുന്നു. രാഷ്‌ട്രങ്ങള്‍ക്കുള്ളിലെ സംസ്ഥാനങ്ങള്‍പോലും ഇനിയുമിനിയും വിഭജിക്കാനുള്ള മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കൂനിന്മേല്‍ കുരുപോലെ ആഗോള ഭീകരതയും! ആശങ്കകളുടെയും വ്യാകുലതകളുടെയും കരിനിഴലില്‍ കഴിയുന്ന നമുക്ക് ഗീതാഞ്ജലിയിലെ ആ 35-ാം ഗീതം ('where the mind is without fear'...) ചൊല്ലി ഉറക്കമുണരുക!

തന്റെ വീട് ഏകാന്തവും ഇരുണ്ടതുമാണെന്ന അറിവ് കൊളുത്തുന്ന ദുഃഖത്തോടെ നില്‍ക്കുന്നയാള്‍ (ഗീതം: 64) നമ്മിലാരുമാവാം. അയാളുടെ മുന്നിലൂടെ കൈയില്‍ കൊളുത്തിപ്പിടിച്ച ദീപവുമായിപ്പോകുന്ന പെണ്‍കൊടി ഗംഗാതീരത്തെ ഏതു ഗ്രാമത്തിലേതുമാവാം. അവളോട് ഇത്തിരി വെളിച്ചത്തിനായി യാചിക്കുമ്പോള്‍ ഏതോ വിശ്വാസത്താല്‍ നീതയായി അവളത് നദിയിലേക്ക് ഒഴുക്കാന്‍പോകുന്നു. അതുമൊരു ഗ്രാമീണചിത്രത്തിന്റെ'മിനിയേച്ചര്‍' തന്നെ. എന്നാല്‍, ഇരുട്ടിലുഴലുന്നവന്‍ വെളിച്ചത്തിനായി യാചിക്കുമ്പോള്‍, കൈയിലുള്ള തിരിവെളിച്ചം നിഷേധിക്കുന്ന ആ കന്യകയാരാണ്? - അത് സാര്‍വലൌകികമായ അവസ്ഥയുടെ പ്രതീകാത്മക ചിത്രമല്ലെങ്കില്‍ പിന്നെയെന്ത്?- മഹാകാശത്തെ പ്രതിഫലിപ്പിക്കുന്ന ഹിമബിന്ദുക്കളാണ് ഗീതാഞ്ജലിയിലെ പല ഗീതങ്ങളും.

ഇന്നും പശ്ചിമബംഗാളിലെ അജൊയ് നദീതീരത്തിലെ കെന്ദുളി എന്ന ഗ്രാമത്തിലിരുന്ന് ഏതോ ബാവുല്‍ ഗായകന്‍ തത്വചിന്ത മണക്കുന്ന വായ്‌മൊഴിക്കവിത തനതീണത്തില്‍ പാടുന്നുണ്ടാവാം. അവന്റെ വിശിഷ്‌ടപൈതൃകം ടാഗോറിന്റെ പാട്ടിലുണ്ട്. ലാലന്‍ ഫക്കീര്‍ എന്ന പ്രമുഖ ബാവുല്‍ ഗായകനെ ടാഗോര്‍ വീട്ടില്‍ ക്ഷണിച്ചിരുത്തി പാടിച്ചിട്ടുണ്ട്. അവരുടെ മതാതീത സങ്കല്പങ്ങളും അധികാരത്തിന്റെ നേര്‍ക്കുള്ള ഉദാസീന മനോഭാവവും ടാഗോറിനെ ആകര്‍ഷിച്ചിട്ടുണ്ട്. ഗീതാഞ്ജലി വായിക്കുമ്പോള്‍, പറഞ്ഞതിനെല്ലാമപ്പുറത്തെന്തോ നമ്മുടെ മനസ്സില്‍ പതിയുന്നതായി തോന്നുന്നുണ്ടെങ്കില്‍ അതെന്താണ്? സ്വാതന്ത്ര്യമെന്ന സവിതൃപ്രകാശത്തോടുള്ള ആഭിമുഖ്യം; അതിനുവേണ്ടിയുള്ള നീണ്ട യാത്രയ്‌ക്കിടയിലെ പ്രതീക്ഷകളും വ്യാകുലതകളും; പിറന്ന മണ്ണില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട് വിശ്വമാനവികത എന്ന അപാരതയുമായി നടത്തുന്ന സ്നേഹസല്ലാപം; ഗീതാഞ്ജലി ഇതെല്ലാമാണ്. ഇന്ത്യയുടെ അന്തരംഗത്തില്‍നിന്നുയരുന്ന, വെളിച്ചത്തിനുവേണ്ടിയുള്ള ആര്‍ദ്രമധുരമായ ഒരു പ്രാര്‍ഥനയാണ് ഗീതാഞ്ജലി.

*****

ഒഎന്‍വി, കടപ്പാട് : ദേശാഭിമാനി വാരിക

No comments:

Post a Comment

Visit: http://sardram.blogspot.com