19 March, 2010

നിങ്ങള്‍ അവരുടെ ആളല്ലേ

ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് എഴുത്തിന്റെ ഏതാണ്ട് തുടക്കകാലത്താണ് ഈ ലേഖകന്‍ കണ്ണുകള്‍ അടയുന്നില്ല എന്ന കഥ എഴുതിയത്. വര്‍ഗീയാസ്വാസ്ഥ്യത്തില്‍പ്പെട്ട നഗരത്തില്‍ ജീവിക്കുന്ന കോളേജ് അധ്യാപകന്റെ ജീവിതമാണ് പ്രമേയം. വീട്ടിലിരുന്ന് ജനലിലൂടെ സംഘര്‍ഷം നടക്കുന്ന തെരുവിലേക്ക് തെല്ലൊരു ആത്മരോഷത്തോടെ അദ്ദേഹം നോക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പത്രത്തില്‍ അറിയാമല്ലോ എന്നാശ്വസിച്ച് ജനല്‍ അടയ്ക്കുന്നു. വായനമുറിയിലേക്കുകടന്ന് പുസ്തകങ്ങളില്‍ മുഴുകുന്നു. ആരോഗ്യപരിരക്ഷയ്ക്കായി ഭാര്യ തയ്യാറാക്കിക്കൊടുത്ത ആട്ടിന്‍സൂപ്പ് കഴിക്കുന്നു. രതിയില്‍ ഏര്‍പ്പെടുന്നു. എഴുന്നേറ്റ് വിളക്ക്കൊളുത്തി പിന്നെയും വായിക്കാനാരംഭിക്കുന്നു. പക്ഷേ അദ്ദേഹം രക്ഷപ്പെടുന്നില്ല. പാതിരയ്ക്ക് ആര്‍ത്തട്ടഹസിച്ചു വന്ന സായുധസംഘം ആക്രമിക്കുന്നു.

എഴുതിക്കഴിഞ്ഞ കഥകള്‍ ജീവിച്ച ജീവിതംപോലെയാണ്. കഥാകൃത്തിന് അവ ഗൃഹാതുരമായ ഓര്‍മയാണ്. ആക്രമണത്തിനു മുന്നോടിയായി കഥയിലെ അധ്യാപകന്റെ പഠനമുറിയിലേക്ക് അതിക്രമിച്ചു വന്ന ഒരാള്‍ ചോദിക്കുന്നുണ്ട്: നിങ്ങള്‍ അവരുടെ ആളല്ലേ? വിനയാന്വിതനായി അദ്ദേഹം മറുപടി പറയുന്നു:

ഞാന്‍ ആരുടെയും ആളല്ല. വായിക്കുന്നു, ചിന്തിക്കുന്നു, സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു.

നിങ്ങള്‍ പത്രത്തില്‍ എഴുതിയില്ലേ, ഹ്യൂമനിസത്തെക്കുറിച്ചോ മറ്റെന്തോ മാങ്ങാത്തൊലിയെക്കുറിച്ചോ മറ്റോ?

കണ്ണൂര്‍ ഇരിട്ടി മഹാത്മാഗാന്ധി കോളേജ് അധ്യാപകന്‍ പ്രമോദ് വെള്ളച്ചാല്‍ ക്ളാസ്മുറിയില്‍ ആക്രമിക്കപ്പെട്ട വാര്‍ത്ത വായിച്ചപ്പോള്‍ പണ്ടെഴുതിയ കഥ ഓര്‍മിച്ചു. കാരണം ഇരുപതോളം വരുന്ന അക്രമികള്‍ ക്ളാസ്മുറിയില്‍ ഇങ്ങനെ ആക്രോശിച്ചുവത്രേ: അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതി. ആക്രമണത്തെക്കുറിച്ച് ഞാന്‍ വായിച്ച മലയാള മനോരമയില്‍ ഇങ്ങനെ കാണുന്നു: തലേ ദിവസം ക്ളാസെടുക്കുമ്പോള്‍ മതവിശ്വാസങ്ങള്‍ക്കെതിരെ അഭിപ്രായം പ്രകടിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.

ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന അധ്യാപകനാണ് പ്രമോദ്. ചിന്തയും സംവാദവും ആത്മപരിശോധനയും അനിവാര്യമായ ബൃഹദ്മേഖലയാണ് സാഹിത്യത്തിന്റേത്. സമഗ്രമായ വിമര്‍ശപദ്ധതി അതിന്റെ അവിഭാജ്യഭാഗമാണ്. കാലത്തെ അതിജീവിച്ചുനില്‍ക്കുന്ന കൃതികളെല്ലാം മതവും മതവിമര്‍ശങ്ങളും ഉള്‍ച്ചേരുന്നുണ്ട്. ലോകോത്തരക്ളാസിക്ക് നോവലുകളില്‍ ഏതെങ്കിലും ഒന്നെടുത്ത് നോക്കുക, വിക്ടര്‍ഹ്യൂഗൊയുടെയോ ദസ്തയോവ്സ്കിയുടെയോ, ടോള്‍സ്റ്റോയിയുടേയോ കസാന്‍ദ്സാക്കിസിന്റെയോ ഇങ്ങേയറ്റത്തെ മാര്‍കേസിന്റെയോ ആവട്ടെ മനുഷ്യജീവിതത്തിന്റെ അനന്തവും വൈവിധ്യവുമായ ലോകങ്ങളാണ് അതിന്റെ പ്രമേയം. കഥയും ജീവിതസന്ദര്‍ഭങ്ങളും മാത്രമല്ല അവയില്‍. ഒരു ദാര്‍ശനിക കൃതിയിലുമില്ലാത്തവിധം ആഴത്തില്‍ വിമര്‍ശനാത്മകതയോടെ മതവും മതദര്‍ശനങ്ങളും പേജുകള്‍ പേജുകളായി ചര്‍ച്ച ചെയ്യുന്നുണ്ട്. മതനവീകരണത്തെ സംബന്ധിച്ചും മതാന്ധതയെക്കുറിച്ചും ക്രൂരമായ മതവിചാരണകളെ സംബന്ധിച്ചുമുള്ള ദീര്‍ഘപ്രഭാഷണങ്ങള്‍, ഉപന്യാസങ്ങള്‍, സംവാദങ്ങള്‍ അതിലുണ്ട്. കവാത്തും കത്തിക്കുത്തും മാത്രം പഠിച്ച ആര്‍എസ്എസുകാരന് ഇതു വല്ലതും മനസ്സിലാകുമോ? സാഹിത്യത്തിന്റെ ചൈതന്യവത്തായ അനന്തവിഹായസ്സിലേക്ക് വിദ്യാര്‍ഥികളെ നയിക്കാനൊരുങ്ങുന്ന അധ്യാപകന്‍ കാക്കി ട്രൌസറുകാരന്റെ കൊലക്കത്തിക്കു മുന്നില്‍ ഇനി എങ്ങനെയായിരിക്കണം നിലകൊള്ളേണ്ടത്?

അധ്യാപനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് നാം. അധ്യാപകരുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ആശങ്കപ്പെടാറുണ്ട്. ക്ളാസ്മുറിയില്‍ നടന്ന ആശയസംവാദത്തിന്റെ പേരില്‍ പിറ്റേന്ന് ഒരധ്യാപകന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഉദ്ബുദ്ധകേരളീയ സമൂഹം എത്രമാത്രം നിസ്സംഗതയോടെയാണ് പ്രതികരിച്ചത്. മാധ്യമങ്ങളുടെ തണലില്ലാതെ ഒരു പ്രതികരണവും വേരുപിടിക്കില്ല എന്നു വരുന്നത് സാമൂഹികമായ അധാര്‍മികതയാണ്. സര്‍ഗാത്മകവും ധൈഷണികവുമായ ജീവിതത്തിനു നേരെ അഴിഞ്ഞാടാനുള്ള ലൈസന്‍സ് ആര്‍എസ്എസിനും പോപ്പുലര്‍ ഫ്രണ്ടിനും കേരളീയ സമൂഹം അബോധമായിട്ടെങ്കിലും നല്‍കിയിട്ടുണ്ടോ?

ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തിനും സംവാദാത്മകമായ മതസ്വാതന്ത്യ്രത്തിനും അതുള്‍പ്പെടെയുള്ള വ്യക്തിജീവിതത്തിനും നേരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി പല കാരണങ്ങള്‍ കൊണ്ടും വേണ്ടത്ര കണ്ണുതുറന്നു നമ്മള്‍ കാണുന്നില്ല. വാര്‍ത്താവിസ്ഫോടനത്തിന്റെയും വിവാദ വ്യവസായത്തിന്റെയും കലക്കവെള്ളത്തില്‍ മുങ്ങിപ്പോകുന്ന കാഴ്ചയാണത്. ഗ്രാമീണ ജീവിതത്തില്‍നിന്നുപോലും ആശയസംവാദത്തിന്റെ ബഹുവര്‍ണപ്പക്ഷികള്‍ പറന്നുപോയ്ക്കൊണ്ടിരിക്കുന്നു. വിയോജിപ്പു പ്രകടിപ്പിക്കുന്ന നാടകം കളിക്കാന്‍ വയ്യ, പാട്ടുപാടാന്‍ നിവൃത്തിയില്ല, ചിത്രം വരച്ചുകൂടാ, മതത്തെക്കുറിച്ച് മിണ്ടാന്‍ പാടില്ല, ആള്‍ദൈവങ്ങളെ വിമര്‍ശിക്കരുത്, പൌരോഹിത്യത്തെ ചോദ്യം ചെയ്യരുത്, മാട്ടും മാരണവും മഷിനോട്ടവും നാഡീജ്യോതിഷവും മാരകരോഗശമനതന്ത്രസൂത്രങ്ങളും തികച്ചും വിമര്‍ശനാതീതം. മതത്തിന്റെ കവചത്തിനകത്ത് ഒളിച്ചിരുന്നാല്‍ ഏതു നികൃഷ്ടരാഷ്ട്രീയ പാര്‍ടിക്കും വിമര്‍ശമേല്‍ക്കാതെ രക്ഷപ്പെടാം. അരനൂറ്റാണ്ടിലേറെക്കാലം ആഞ്ഞുശ്രമിച്ചിട്ടും ജനകീയ മനഃസാക്ഷിയില്‍ സാന്നിധ്യമാവാന്‍പോലും കഴിയാത്തവരാണ് മലയാളിയുടെ ആത്മചൈതന്യത്തെ കെടുത്താനൊരുമ്പെടുന്നത്. ആരുടെ ഒത്താശയോടെയാണ് ഈ ഇരുട്ടുപരത്തുന്നത്?

പാകിസ്ഥാനില്‍നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം തൃശൂരില്‍ അന്താരാഷ്ട്ര നാടകോത്സവം നടക്കുന്ന വേദിയിലേക്ക് ആര്‍എസ്എസുകാര്‍ മാര്‍ച്ച് നടത്തുകയുണ്ടായി. സംഗതി നയതന്ത്രപ്രശ്നമാകയാല്‍ കര്‍ശന പൊലീസ്ബന്തവസ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രകടനം വല്ലാതെ സമാധാനപരമായിപ്പോയി. പിറ്റേന്ന് ആര്‍എസ്എസുകാരുടെ സംയമനത്തെയും സമാധാനപ്രേമത്തെയും പ്രകീര്‍ത്തിച്ച്, മാതൃകാപരം, അതിഗംഭീരം എന്നൊക്കെ വിശേഷിപ്പിച്ച് സിവിക്ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സാംസ്കാരിക നായകന്മാര്‍ പത്രപ്രസ്താവനയിറക്കി. ലജ്ജയില്ലാത്ത ഉള്‍പ്പുളകമാണ് അവര്‍ പ്രകടിപ്പിച്ചത്. സമാധാനപരമായ ജാഥയും പ്രതിഷേധവും കേരളത്തില്‍ ആദ്യം നടക്കുന്നതെന്നപോലെയായിരുന്നു ആശ്ചര്യം. വിഭജനകാലത്തെ കവിഞ്ഞൊഴുകിയ ചോരപ്പുഴകള്‍, ഗാന്ധിവധം, മുംബൈ കലാപം ഉള്‍പ്പെടെയുള്ള എണ്ണമറ്റ വര്‍ഗീയ സംഘര്‍ഷങ്ങള്‍, ചോരമണക്കുന്ന രഥയാത്രകള്‍, ബാബറിമസ്ജിദ് ധ്വംസനം, ഗുജറാത്ത് വംശഹത്യ, എന്നിങ്ങനെ നീളുന്ന സംഹാരചരിത്രത്തിനു മുമ്പില്‍ എത്ര ലാഘവത്തോടെയാണ് ഇവര്‍ക്ക് അല്‍ഷിമേഴ്സ് പിടിപെടുന്നത്. മതേതര പ്രണയവും, മറ്റ് സ്ത്രീപുരുഷ ബന്ധങ്ങളും, സൌഹൃദങ്ങളും, മനുഷ്യന്റെ സാര്‍ഥകമായ ലൈംഗിക ജീവിതംപോലും നവഭീകര പൌരോഹിത്യത്തിന്റെ വാള്‍മുനയില്‍ നില്‍ക്കുന്ന കാലത്ത് ഇങ്ങനെയൊരു ഉദാസീനത ക്രിമിനല്‍കുറ്റമാണ്.

ഈയൊരു വീണ്ടുവിചാരം ഉള്ളതുകൊണ്ടാണ് സക്കറിയക്കുനേരെ പയ്യന്നൂരില്‍ കൈയേറ്റം നടന്നതായുള്ള വാര്‍ത്ത വായിച്ചയുടനെ നമ്മളെല്ലാം അങ്ങേയറ്റത്തെ ആശങ്കയില്‍പ്പെട്ടത്. ആ സംഭവത്തെ വിമര്‍ശിക്കാനും പ്രതിഷേധിക്കാനും പുരോഗമനപക്ഷത്തു നില്‍ക്കുന്ന സംഘടനയ്ക്കും വ്യക്തിക്കും രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. നമ്മുടെ മാധ്യമലോകം എത്ര പെട്ടെന്നാണ് ഊര്‍ജസ്വലമായതെന്ന് ഓര്‍മിക്കുന്നു. സക്കറിയയുടെ പ്രസ്താവനയെ മാത്രം മുഖവിലയ്ക്കെടുത്തുകൊണ്ട് ബഹുദൂരം നമ്മള്‍ യാത്ര ചെയ്തു. അദ്ദേഹത്തിന്റെ മുഖചിത്രവും കവര്‍സ്റ്റോറിയുമായിട്ടാണ് അക്കാലത്തെ എല്ലാ ആനുകാലികങ്ങളും പുറത്തിറങ്ങിയത്. ലൈംഗികസ്വാതന്ത്യ്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയെക്കുറിച്ച് ഉപന്യാസങ്ങള്‍പോലും നിരന്നു. പിന്നീടാണ് പ്രസവിച്ചത് കാളയാണെന്ന സത്യം കയറെടുക്കാനോടിയവര്‍ക്ക് മനസ്സിലായത്.

തീര്‍ച്ചയായും സക്കറിയ അല്ല പ്രമോദ് വെള്ളച്ചാല്‍. അദ്ദേഹം തികച്ചും യുവാവായ കവിയും എളിയ മട്ടിലുള്ള സാംസ്കാരിക പ്രവര്‍ത്തകനുമാണ്. അതുകൊണ്ടാണോ കേരളത്തിന്റെ നിഷ്പക്ഷ മനഃസാക്ഷി കണ്ണടച്ചത്. നായ മനുഷ്യനെക്കടിച്ചാല്‍ വാത്തയാകാത്തതുപോലെ ഇടതുപക്ഷച്ചായ്വുള്ള സാംസ്കാരിക പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടാല്‍ അത് വാര്‍ത്തയാവുകയില്ല. ഇടതുപക്ഷക്കാരനും കമ്യൂണിസ്റ്റ്കാരനും ഒരു വിധ ആവിഷ്കാര സ്വാതന്ത്യ്രവും മനുഷ്യാവകാശങ്ങള്‍പോലും നമ്മുടെ മഹത്തായ നിഷ്പക്ഷ മനഃസാക്ഷി കല്‍പ്പിച്ചുകൊടുത്തിട്ടില്ല. ആക്രമിക്കപ്പെടാനും കൊലചെയ്യപ്പെടാനുമുള്ള അവകാശമാകട്ടെ വേണ്ടുവോളം ഉണ്ടുതാനും.

ചെറിയൊരു വീണ്ടുവിചാരം, ആത്മപരിശോധന ഉണ്ടാവേണ്ടിയിരിക്കുന്നു. പയ്യന്നൂരില്‍ നടന്നതുപോലെ വാക്കുകൊണ്ടുള്ള കൈയേറ്റമല്ല ഇരിട്ടിയിലേത്. മറ്റൊന്ന് സര്‍ഗാത്മക സാഹിത്യകാരന് എഴുത്തുമുറി പോലെയാണ് അധ്യാപകന് ക്ളാസ്മുറി. സ്വതന്ത്രവും നിര്‍ഭയവുമായ വിചാരങ്ങളുടെ നൃത്തോത്സവ വേദിയാണത്. അവിടെ പയറ്റിത്തെളിഞ്ഞവരാണ് നമ്മുടെ മുതിര്‍ന്ന സാംസ്കാരിക നായകരില്‍ ഭൂരിപക്ഷവും. സാമൂഹ്യവിമര്‍ശനത്തിന്റെ ചൂടും വെളിച്ചവും അവര്‍ കണ്ടെടുത്തത് അവിടന്നാണ്. ആ വാതില്‍ അടച്ചുകളയണോ?

വര്‍ഗീയ ഫാസിസത്തിന്റെ മുഷ്ക്കും കരുത്തും ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ്കാര്‍ക്കും എതിരെയാണല്ലോ ഉയരുന്നത് എന്നുകണ്ട് ആശ്വസിക്കുന്നവരും ആനന്ദിക്കുന്നവരും നിസ്സംഗത പ്രകടിപ്പിക്കുന്നവരും ഒരുപാടുണ്ട്. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ. എന്തെന്നാല്‍ അവരുടേത് കേവലം പ്രത്യക്ഷമായ ഒരു കാഴ്ച മാത്രമാണ്. ഈ മട്ടിലാണ് പോക്കെങ്കില്‍ ഭീകരമായ ആ കാല്‍പ്പെരുമാറ്റം സമീപഭാവിയില്‍ത്തന്നെ എല്ലാവരെയും തേടിവരും.

*
അശോകന്‍ ചരുവില്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments:

Post a Comment

Visit: http://sardram.blogspot.com