30 July, 2009

ആസിയന്‍ കരാറും കേരളവും

ആസിയന്‍ കരാറും കേരളവും

ഒട്ടും സുതാര്യതയില്ലാത്ത വിദേശകരാര്‍ ഇടപാടുകള്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുകയാണ്. ഈ പരമ്പരയില്‍ അവസാനത്തേതായിരുന്നു ഹിലാരി ക്ളിന്റനുമായി ഒപ്പുവച്ച എന്‍ഡ് യൂസ് മോണിറ്ററിങ് എഗ്രിമെന്റ് അഥവാ അമേരിക്കയില്‍നിന്നു വാങ്ങുന്ന ആയുധങ്ങള്‍ എന്തിനുവേണ്ടി ഉപയോഗിക്കുന്നെന്ന് പരിശോധിക്കാന്‍ അമേരിക്കയ്ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള കരാര്‍. എന്തെല്ലാമാണ് ഈ കരാറിലെ വ്യവസ്ഥകളെന്ന് ഇന്നും നമുക്ക് അറിയില്ല. ഇതു രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നുള്ള ഒഴിവു പറയാം. എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്ര കാബിനറ്റ് ഒപ്പുവയ്ക്കാന്‍ അനുവാദംകൊടുത്ത ഇന്തോ-ആസിയന്‍ സ്വതന്ത്ര വ്യാപാരകരാര്‍ സംബന്ധിച്ച് എന്തു ന്യായമാണ് ഡോ. മന്‍മോഹന്‍സിങ്ങിനു പറയാനുള്ളത്?

തായ്ലന്‍ഡ്, വിയറ്റ്നാം, സിംഗപ്പുര്‍, ഫിലിപ്പീന്‍സ്, ബര്‍മ, മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ, കമ്പോഡിയ, ബ്രൂണെ എന്നീ രാജ്യങ്ങളാണ് ആസിയന്‍ രാജ്യങ്ങളായി അറിയപ്പെടുന്നത്. ഈ രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരത്തിനോ നിക്ഷേപത്തിനോ ഒരു നിയന്ത്രണവുമില്ല. അഥവാ ഒരു സ്വതന്ത്രവ്യാപാരമേഖലയാണ് ആസിയന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാര്‍ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ ഒരു പതിറ്റാണ്ടായി നടന്നുവരികയായിരുന്നു. ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കും സേവന കമ്പനികള്‍ക്കും ഇതുമൂലം നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. കാര്‍ഷികമേഖലയ്ക്കാകട്ടെ ഇതു തിരിച്ചടിയുമാണ്, പ്രത്യേകിച്ച് കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക്. കാരണം കാര്‍ഷിക കാലാവസ്ഥ നോക്കുമ്പോള്‍ കേരളത്തിനു സമാനമായ കാലാവസ്ഥയാണ് ഈ രാജ്യത്തെല്ലാം ഉള്ളത്. അതുകൊണ്ട് കാര്‍ഷികവിളകള്‍ തമ്മില്‍ വലിയ സാമ്യമുണ്ട്. ആസിയന്‍ രാജ്യങ്ങളെ എല്ലാം എടുക്കുമ്പോള്‍ ഏതെങ്കിലുമൊരു രാജ്യത്തിന് ഇന്ത്യയേക്കാള്‍ ഏതെങ്കിലും ഒരു വിളയില്‍ ഉല്‍പ്പാദന ക്ഷമത ഉയര്‍ന്നതായിരിക്കും. ശ്രീലങ്കയുമായുള്ള സ്വതന്ത്രവ്യാപാരകരാര്‍ കേരളത്തില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ നേരത്തെ ചര്‍ച്ചചെയ്തതാണ്. ശ്രീലങ്കയിലെ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളും ശ്രീലങ്കവഴി ഇന്ത്യയിലേക്ക് വരുന്നു എന്നതാണ് അനുഭവം.

2003 ഒക്ടോബറിലാണ് ആസിയന്‍ രാജ്യങ്ങളുമായുള്ള കരാറിന്റെ ചട്ടക്കൂട് തയ്യാറായത്. 2008 ആഗസ്തില്‍ കരടുകരാര്‍ സംബന്ധിച്ച ചര്‍ച്ച അവസാനിച്ചു. ഈ സന്ദര്‍ഭത്തില്‍ കേരളസര്‍ക്കാര്‍ ഇതു സംബന്ധിച്ച ആശങ്ക കേന്ദ്രത്തെ അറിയിക്കുകയുണ്ടായി. അന്ന് വാണിജ്യമന്ത്രി കമല്‍നാഥ് പരിഹസിച്ചുകൊണ്ട് പറഞ്ഞത് പ്രതിഷേധക്കാര്‍ക്ക് കരാറെന്താണെന്നുപോലും അറിയില്ലെന്നായിരുന്നു. ഇന്ന് ഒരു വര്‍ഷത്തിനുശേഷം കരടുകരാറിന് കേന്ദ്രമന്ത്രിസഭ അനുവാദം കൊടുക്കുമ്പോഴുള്ള സ്ഥിതിയും ഇതുതന്നെയാണ്. കേരളീയര്‍ക്കോ കേരള സര്‍ക്കാരിനോ ഈ കരാര്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് അപ്പുറം ഒന്നും അറിയില്ല. കഴിഞ്ഞ ദേശീയ വികസന സമിതി യോഗത്തില്‍ കരാര്‍ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് ചര്‍ച്ചചെയ്ത ശേഷമേ തീരുമാനമെടുക്കാവൂ എന്ന് മുഖ്യമന്ത്രി ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാനങ്ങളെ അറിയിക്കുന്നതു പോകട്ടെ, പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെയാണ് കോടിക്കണക്കിന് കൃഷിക്കാരുടെ ജിവിതത്തെ ബാധിക്കുന്ന ഈ കരാര്‍ ഒപ്പിടാന്‍ പോകുന്നത്. ഇത് അത്യധികം പ്രതിഷേധാര്‍ഹമാണ്. കരാര്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഇനിയെങ്കിലും പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും തമ്മില്‍ അയ്യായിരത്തില്‍പ്പരം ഉല്‍പ്പന്നങ്ങളുടെ കച്ചവടവുമുണ്ട്. ഇവയുടെ 80 ശതമാനവും കരാറിന്റെ പരിധിയില്‍ വരും. കരാറില്‍ ഉള്‍പ്പെടുത്താത്ത ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റ്റ് എന്നാണ് പറയുക. ഉമ്മന്‍ചാണ്ടി പറയുന്നത് മത്തിമുതല്‍ കപ്പവരെയുള്ള ഒട്ടനവധി ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റ്റെന്ന നിലയില്‍ കരാറില്‍നിന്നു മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നാണ്. കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ കാപ്പി, തേയില, കുരുമുളക്, പാമോയില്‍ തുടങ്ങിയവയെ ഹൈലി സെന്‍സിറ്റീവ്’എന്നുപറയുന്ന ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഇനങ്ങളുടെ ചുങ്കം പത്തുവര്‍ഷംകൊണ്ട് പടിപടിയായി കുറച്ചാല്‍ മതിയാകും. അപ്പോഴും തീരുവ പൂര്‍ണമായും നീക്കേണ്ടതില്ല. ഉദാഹരണത്തിന് പാമോയിലിന്റെ കാര്യത്തില്‍ 37 ശതമാനംവരെ ചുങ്കം ചുമത്താനുള്ള അവകാശം ഇന്ത്യക്കുണ്ടാകും. അതുകൊണ്ട് കേരകൃഷിക്കാര്‍ക്ക് ആശങ്കവേണ്ടൊണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍, കരാറില്‍ ഉള്‍പ്പെടുന്നത് ബൌണ്ട് റേറ്റ് അഥവാ പരമാവധി അനുവദനീയമായ ചുങ്കനിരക്കാണ്. എന്നാല്‍, ഇതിനേക്കാള്‍ താഴ്ന്നതായിരിക്കും. യഥാര്‍ഥത്തില്‍ ഏര്‍പ്പെടുത്തുന്ന ചുങ്കനിരക്ക് എന്നാണ് ഇതുവരെയുള്ള അനുഭവം. ലോക വ്യാപാരകരാറിന്റെ ഭാഗമായി പല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്താം. എന്നാല്‍, ഇപ്പോഴുള്ള യഥാര്‍ഥ നിരക്ക് ഇതിലും എത്രയോ താഴെയാണ്. ഉമ്മന്‍ചാണ്ടി പരാമര്‍ശിച്ച ക്രൂഡ് പാമോയില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ചുങ്കമേ കൊടുക്കേണ്ടതില്ല. സംസ്കരിച്ച പാമോയിലാണെങ്കില്‍ 7.5 മാത്രമേ ഉള്ളൂ. എന്നാല്‍, ബൌണ്ട് റേറ്റ് ഇപ്പോള്‍ 80 ശതമാനമാണെന്ന് ഓര്‍ക്കണം. ഇവിടെയാണ് കേരളത്തിനുള്ള അപകടം പതിയിരിക്കുന്നത്.

ആസിയന്‍കരാര്‍ ചരക്കുകളുടെ വ്യാപാരം സംബന്ധിച്ചു മാത്രമല്ല, സേവനവും നിക്ഷേപവും സംബന്ധിച്ചും കൂടിയുള്ള കരാറാണ്. സേവനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടന്നുവരികയാണ്. ഈ ഇനത്തിലാണ് ഇന്ത്യക്ക് കൂടുതല്‍ മത്സരശേഷിയുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാല്‍ ചര്‍ച്ചകളില്‍ സേവനരംഗത്ത് കൂടുതല്‍ ഇളവ് ലഭിക്കുന്നതിനുവേണ്ടി ചരക്കുകളുടെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യാം. ബൌണ്ട് നിരക്കിനേക്കാള്‍ യഥാര്‍ഥ തീരുവ ഇന്ന് വളരെ താഴ്ന്നിരിക്കുന്നതിന്റെ ഒരു കാരണം ഇത്തരം ഒത്തുതീര്‍പ്പുകളാണ്. ഈ പശ്ചാത്തലത്തില്‍ ഒട്ടും സുതാര്യമല്ലാത്ത രീതിയില്‍ നടക്കുന്ന ആസിയന്‍ വ്യാപാര ചര്‍ച്ചകള്‍ക്കെതിരെ ശക്തമായ ജനകീയവികാരം ഉയര്‍ന്നുവരണം. ഈ കരാര്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യണം. പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ സംസ്ഥാന വിഷയങ്ങളില്‍ അന്തര്‍ദേശീയ കരാറുകള്‍ ഉണ്ടാക്കാന്‍ പാടുള്ളതല്ല. വാണിജ്യവകുപ്പിന്റെ വെബ്സൈറ്റില്‍ ഇപ്പോഴും കരട് കരാറിനെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. പാര്‍ലമെന്റില്‍ പോലും വ്യക്തമായ പ്രസ്താവന ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്ക് കേന്ദ്ര വാണിജ്യമന്ത്രിയുമായുള്ള ആസിയന്‍ കരാറിനെക്കുറിച്ചുള്ള രഹസ്യചര്‍ച്ചയില്‍ ലഭിച്ച ഉറപ്പ് കേരളത്തിലെ ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റുന്നില്ല. കേരളത്തിലെ വാണിജ്യവിളകളുടെ ഭാവിയുടെമേല്‍ ആസിയന്‍ കരാര്‍ കരിനിഴല്‍ പരത്തിയിരിക്കുകയാണ്.

*
ടി എം തോമസ് ഐസക്

29 July, 2009

മന്ത്രവാദം ആത്മീയതയുടെ പരിവേഷത്തില്‍

മന്ത്രവാദം ആത്മീയതയുടെ പരിവേഷത്തില്‍

ജ്ഞാനം, വിജ്ഞാനം, വിവേകം, ബുദ്ധി, ബോധം, ചിന്ത, മനസ്സ് എന്നിവയെല്ലാം അന്യോന്യം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സംവേദന ഇന്ദ്രിയങ്ങള്‍ വഴിയാണ് ശരീരത്തിന് പുറത്തുള്ള ഭൌതിക വികാസങ്ങളെപ്പറ്റിയുളള വിവരങ്ങള്‍ മസ്‌തിഷ്‌ക്കത്തിലേക്ക് കടന്നുചെല്ലുന്നത്. ഇവയൊന്നും ഇല്ലെങ്കില്‍ മസ്‌തിഷ്‌ക്കം വികസിക്കുകയില്ല; മനസ്സ് എന്നൊന്ന് ഉണ്ടാവുകയുമില്ല. മസ്‌തിഷ്‌ക്കാഘാതംവന്ന് അബോധാവസ്ഥയില്‍ കഴിയുന്ന വ്യക്തിയുടെ ബുദ്ധിയോ മനസ്സോ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് എപ്പോള്‍ ഒരുവന്‍ തന്റെ എല്ലാ ഇന്ദ്രിയങ്ങളില്‍നിന്നും പിന്‍വലിയുന്നുവോ, അപ്പോള്‍ അവന്‍ സ്ഥിതപ്രജ്ഞന്‍പോയിട്ട് ജ്ഞാനിപോലും അല്ലാത്തവനാകും.

പദാര്‍ഥമാണ് എല്ലാ നിലനില്‍പ്പിനും അടിസ്ഥാനമെന്നും, മാനസികവും ആത്മീയവുമായ എല്ലാ പ്രതിഭാസങ്ങളും അതില്‍നിന്നുളവായതാണെന്നും, മസ്‌തിഷ്‌ക്കത്തിനതീതമായി മനസ്സിന് അസ്തിത്വമില്ലെന്നും ഡാര്‍വിന്‍ പരിണാമ സിദ്ധാന്തത്തില്‍ വ്യക്തമാക്കുന്നു. പദാര്‍ഥത്തിന് ഒരിക്കലും നാശം സംഭവിക്കുന്നില്ല. മാറ്റം മാത്രമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് , ആത്മീയവാദികള്‍ പറയുന്നപോലെ നാശമുള്ളതും പരിണാമിയുമായ ദൃശ്യമാധ്യമം (അക്ഷരം), അതിനും ഉറവിടവും അതില്‍ പ്രവര്‍ത്തിക്കുന്നതുമായ അടിസ്ഥാന ബലം (അക്ഷരാതീതം) എന്നതാണ് പ്രപഞ്ചഘടന എന്നും അതിനെയാണ് പരമാത്മാവ് എന്ന് പറയുന്നതെന്നും അതിന്റെ അനുരണനമാണ് ജീവാത്മാവ് എന്നും, ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാനാവില്ല, ബുദ്ധിക്ക് ഗ്രഹിക്കാനാവും എന്നും മറ്റും പറയുന്നത് ശാസ്‌ത്രത്തിന് നിരക്കാത്തതാണ്. ഒരു തരത്തില്‍ വസ്‌തുതകളെ തല കീഴായി കാണലാണ്. സങ്കീര്‍ണമായ പ്രപഞ്ചത്തെക്കുറിച്ചുള്ള സത്യാന്വേഷണമാണ് ആത്മീയത എന്നും, ശരീരത്തില്‍നിന്ന് അന്യമായ ഒരു സ്വതന്ത്ര പ്രതിഭാസമാണ് ആത്മാവ് എന്നും, അവ്യക്ത മാധ്യമമായും, അതിലെ ഊര്‍ജമായും ഒരേ സമയം ഇരിക്കുന്ന പരമാത്മാവിനെ ഇന്ദ്രിയങ്ങള്‍കൊണ്ട് അളക്കാനോ, നിരീക്ഷിക്കാനോ, പരീക്ഷിക്കാനോ കഴിയില്ല എന്നും പറയുന്നതും ശാസ്‌ത്രീയമല്ല. ആത്മാവ് ശരീരത്തില്‍ നിന്നന്യമായ ഒരു സ്വതന്ത്ര പ്രതിഭാസമാണെങ്കില്‍ അത് പദാര്‍ഥത്തിന്റെ ഉല്‍പ്പന്നമാവുന്നില്ല. അതുകൊണ്ട്തന്നെ ഊര്‍ജമല്ല. അതിന് നിലനില്‍പ്പും ഇല്ല. അതുകൊണ്ട് , ആത്മീയത എന്നത് മനുഷ്യമനസ്സിന്റെ അത്യഗാധതയിലേക്കും സൂക്ഷ്മതയിലേക്കും ഇറങ്ങിച്ചെന്നാലും കണ്ടെത്താന്‍ കഴിയാത്ത കേവലം കാല്‍പനിക പ്രതിഭാസമാണെന്ന് വരുന്നു.

എന്തായാലും, സാധാരണക്കാരന് മനസ്സിലാക്കാന്‍ കഴിയാത്ത ആത്മീയതയുടെ മറവില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ച് ചൂഷണവിധേയരാക്കാന്‍ വരേണ്യവര്‍ഗത്തിന് നൂറ്റാണ്ടുകളോളം കഴിഞ്ഞിരുന്നു. വൈദിക കാലഘട്ടത്തില്‍, തങ്ങള്‍ ചെയ്ത അനീതികളെയും മര്‍ദനങ്ങളെയും ഹിംസകളെയും ന്യായീകരിക്കാന്‍ ആത്മീയതയെയാണ് അവര്‍ കൂട്ടുപിടിച്ചത്. അതിന് തത്വശാസ്‌ത്രങ്ങളും പുരാണങ്ങളും മെനഞ്ഞുണ്ടാക്കി. അത്തരം ഒരു കഥ രാമായണത്തില്‍ ഉള്ളത് ഒരു ഉദാഹരണമായി എടുക്കാം. ആര്യരാജാവായ ശ്രീരാമന്‍ ദ്രാവിഡനായ ബാലിയെ ഒളിയമ്പെയ്ത് ചതിച്ചുകൊന്നശേഷം ബാലിയുടെ ആത്മാവ് മരിച്ചിട്ടില്ലെന്നും, നശ്വരമായ ഭൌതിക ശരീരം നഷ്ടപ്പെട്ടതില്‍ ബുദ്ധിയുള്ളവര്‍ ദുഃഖിക്കയില്ലെന്നും വിഷാദഭാരത്താല്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന താരയെ ശ്രീരാമന്‍ ഉപദേശിക്കുന്നു. എന്നാല്‍ സീത അപഹരിക്കപ്പെട്ടപ്പോഴും, ഒടുവില്‍ സീതയുടെ തിരോധാനത്തിലും ഇതേ ശ്രീരാമന്‍ നിയന്ത്രണംവിട്ട് വാവിട്ട് നിലവിളിക്കുന്നു. തനിക്കുതന്നെ ബോധ്യമല്ലാത്ത തത്വവാദം താരയെ ഉപദേശിക്കയായിരുന്നു ശ്രീരാമന്‍.

ഹോമവും യജ്ഞവും പൂജയും മന്ത്രവാദങ്ങളും ആത്മീയ കാര്യങ്ങളായാണ് കരുതപ്പെടുന്നത്. ജ്യോതിഷം അതില്‍ അനുപേക്ഷണീയമായ ഘടകമാണ്. താടിയും മുടിയും വളര്‍ത്തി, കാവിയുടുത്ത്, നെറ്റിയില്‍ ഭസ്‌മവും കളഭവും പൂശി, രുദ്രാക്ഷമാല കഴുത്തിലണിഞ്ഞ് വേഷം കെട്ടിയ പൂജാരികള്‍, സ്വാമിമാര്‍, മന്ത്രവാദികള്‍ എന്നിവരെല്ലാം ആത്മീയാചാര്യന്മാരായാണ് പൊതുവെ അറിയപ്പെടുന്നത്.

മന്ത്രവാദത്തിന്റെ അടിവേരുകള്‍ തേടിപ്പോയാല്‍ നാം ചെന്നെത്തുക വൈദിക കാലഘട്ടത്തിലായിരിക്കും. ബ്രഹ്മത്തില്‍നിന്ന് പ്രകടീദൂതമായതത്രെ വേദമന്ത്രങ്ങള്‍. അതിനാല്‍ നിരവധി കാര്യസിദ്ധിക്കായി വേദമന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. വേദങ്ങളില്‍ പ്രാര്‍ഥനകളും സ്‌തുതികളും മന്ത്രവാദങ്ങളും ഉണ്ട്. ഋഗ്വേദത്തില്‍ പ്രധാനമായും വിവിധ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ നടന്ന സംഘട്ടനങ്ങളുടെ കഥകളും പ്രകൃതിപ്രതിഭാസങ്ങളായ ഇന്ദ്രന്‍, വരുണന്‍, രുദ്രന്‍, അഗ്നി, ഉഷസ്സ്, മരുത്തുക്കള്‍, അശ്വികള്‍ എന്നിവരെ സ്‌തുതിക്കുന്ന പ്രാര്‍ഥനകളുമാണ്. പ്രാര്‍ഥനകള്‍കൊണ്ട് ദൈവങ്ങളെ പ്രീതിപ്പെടുത്തി അഭീഷ്ടം സാധിക്കാമെന്നാണ് വിശ്വാസം. യജ്ഞങ്ങളും, ഹോമങ്ങളും ചെയ്യാനുള്ള മന്ത്രങ്ങളും ഋഗ്വേദത്തില്‍ ഉണ്ട്. സാമവേദം, അഥര്‍വവേദം എന്നിവയില്‍ മന്ത്രവാദവും മന്ത്രവാദക്രിയകളും പ്രതിപാദിച്ചിരിക്കുന്നു. സാമവേദത്തില്‍ മാന്ത്രിക പ്രയോഗത്തിന്നുതകുന്ന ശാസനകള്‍ ധാരാളം കാണാം. അഥര്‍വവേദത്തില്‍ എല്ലാതരത്തിലുള്ള ഭൂതപ്രേതങ്ങള്‍, പിശാചുകള്‍, അസുരന്മാര്‍ തുടങ്ങിയവരില്‍നിന്നും സര്‍പ്പങ്ങളില്‍നിന്നും രക്ഷനേടാനുള്ള മന്ത്രങ്ങളാണ്. വിഷചികിത്സക്കുള്ള മന്ത്രങ്ങള്‍ അതില്‍ പ്രധാനമാണ്. മന്ത്രംകൊണ്ട് കടിച്ച പാമ്പിനെ വരുത്തി തിരിച്ച്കൊത്തിച്ച് വിഷം ഇറക്കാമെന്ന അന്ധവിശ്വാസം ഒരു കാലത്ത് ജനങ്ങളില്‍ ഉണ്ടായിരുന്നു. ശത്രുനാശത്തിനുള്ള നിരവധി മന്ത്രങ്ങളും ആഭിചാരക്രിയകളെ പ്രതിപാദിക്കുന്ന മന്ത്രങ്ങളും മാരണം, ഉച്ചാടനം, വശീകരണം തുടങ്ങിയവയ്ക്കുള്ള ധാരാളം മന്ത്രങ്ങളും അഥര്‍വവേദത്തില്‍ കാണാം. സ്‌ത്രീകളെ സ്വാധീനിക്കുന്ന ദുര്‍ദേവതകളാണ് ഗന്ധര്‍വന്മാരെന്നും അവര്‍ക്ക് മായകൊണ്ട് പല ജന്തുക്കളുടെയും വേഷം ധരിക്കാന്‍ കഴിയുമെന്നും അത്തരം ഗന്ധര്‍വന്മാരെ മന്ത്രശക്തിയാല്‍ തുരത്തി ഓടിക്കാമെന്നും അഥര്‍വവേദ സൂക്തങ്ങളില്‍ ഉണ്ട്. ഒരു സൂക്തം ഇപ്രകാരമാണ്.

ജയ് ഇദ്വോ അപ്സരസോ ഗന്ധര്‍വാ പതയോയുയം

അപധാവതാ മര്‍ത്യാ മര്‍ത്യാന്‍ മാസചധ്വം

(ചതുര്‍കാണ്ഡം, സൂക്തം 37)

"അല്ലയോ ഗന്ധര്‍വന്മാരേ, അപ്സരസുകളാണ് നിങ്ങളുടെ പത്നിമാര്‍. നിങ്ങളുടെ ഉപഭോഗത്തിന് പറ്റിയവര്‍ അവരാണ്. അവരുടെ അടുത്തു ചെല്ലുക. നിങ്ങള്‍ മരണമില്ലാത്തവരാകയാല്‍ മരണമുള്ളവരെ സമീപിക്കാതിരിക്കുക.''

ഇങ്ങനെ~സ്‌ത്രീകളെ പീഡിപ്പിക്കുന്ന ഗന്ധര്‍വന്മാരെന്ന വിചിത്ര ജീവികളെ സാങ്കല്‍പികമായി സൃഷ്ടിച്ച് സ്‌ത്രീകളെ ഭയപ്പെടുത്തി അര്‍ഥമില്ലാത്ത മന്ത്രവാദത്തിനടിമപ്പെടുത്തുന്നത് അസംബന്ധമാണ്. വേദത്തിലായതുകൊണ്ട് അത് അങ്ങനെ അല്ലാതാകുന്നില്ല.

ഭൂത, പ്രേത പിശാചുകള്‍, ദുര്‍ബലമനസ്സുകളില്‍ ഭയം സൃഷ്‌ടിച്ച് മന്ത്രവാദത്തിനടിമപ്പെടുത്തി ചൂഷണ വിധേയരാക്കാന്‍ വരേണ്യവര്‍ഗം കണ്ടെത്തിയ വിചിത്ര സാങ്കല്‍പിക സൃഷ്‌ടികളാണ്. അവയില്‍നിന്ന് രക്ഷ പ്രാപിക്കാന്‍ വൈദികവും വൈദികേതരവുമായ വ്യത്യസ്ത മന്ത്രങ്ങള്‍ ഉണ്ട്. അതുപോലെ മന്ത്രങ്ങള്‍ക്ക് ലിംഗഭേദവും ഉണ്ട്. വൈദിക കാലഘട്ടത്തില്‍ ചാതുര്‍വര്‍ണ്യവും ഉച്ചനീചത്വവും, സ്‌ത്രീകളെ പുരുഷന്റെ അടിമയായി കരുതുന്ന വ്യവസ്ഥയും ഉണ്ടായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

സാമാന്യ ജനങ്ങളില്‍ ഭീതിയും വിഹ്വലതയും സൃഷ്ടിച്ചുകൊണ്ടാണ് മന്ത്രവാദികള്‍ തട്ടിപ്പ് നടത്തുന്നത്. അത് ഒരു വന്‍ വ്യവസായമായി വളര്‍ന്നിരിക്കുന്നു. പ്രകൃതിയില്‍നിന്നും ജന്തുക്കളില്‍നിന്നും മനുഷ്യരില്‍നിന്നുതന്നെയും ഉളവാകുന്ന വിപത്തുക്കളെ മാന്ത്രിക ശക്തികൊണ്ട് തടയാന്‍ കഴിയുമെന്ന് അവര്‍ ജനങ്ങളെ വിശ്വസിപ്പിക്കുന്നു. ആ ശക്തിയെ അഭൌമമായ ബാഹ്യശക്തികളില്‍ പ്രതിഷ്ഠിക്കുന്നു. മാന്ത്രിക കര്‍മത്തില്‍ സദ്മന്ത്രവാദം, ദുര്‍മന്ത്രവാദം എന്നീ വിഭാഗങ്ങള്‍ ഉണ്ട്. പരദ്രോഹത്തിനും ശത്രുസംഹാരത്തിനും സ്വാര്‍ഥ ലാഭത്തിനുംവേണ്ടിയുള്ള ആഭിചാര കര്‍മങ്ങളാണ് ദുര്‍മന്ത്രവാദം. അവയെ നിര്‍വീര്യമാക്കാനുള്ളതാണ് സദ്മന്ത്രവാദം. മന്ത്രവാദ സാധനകളില്‍ മന്ത്രവാദി ദുര്‍മൂര്‍ത്തികളെ അടിമകളാക്കി ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കുന്നു. ദുര്‍ദേവതകളായ കാളി, കൂളി, ഭൈരവന്‍, കുട്ടിച്ചാത്തന്‍, ഉച്ചിട്ട, മാടന്‍, മറുത, യക്ഷി, ഗുളികന്‍ എന്നിവരെയാണ് ഉപാസിക്കുന്നത്. ഇതില്‍ ഗുളികന്‍ ജ്യോതിഷത്തിലെ ഒരു സാങ്കല്‍പിക ഗ്രഹമാണ്. അങ്ങനെ ഒരു ഗ്രഹം ഉള്ളതായി ഒരു ജ്യോതിഷിക്കും പറയാന്‍ കഴിയില്ല. എന്നിട്ടും ഗുളികന്‍ മന്ത്രവാദത്തില്‍ പ്രധാനപ്പെട്ട ദുര്‍ദേവതയാണ്. മറ്റുദേവതകളും കേവലം സാങ്കല്‍പ്പിക സൃഷ്ടികള്‍. ഓരോ മൂര്‍ത്തിയും പ്രത്യേകം പ്രത്യേകം ഉദ്ദിഷ്ട കാര്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നു എന്നാണ് വിശ്വാസം.

മാരണം, വശീകരണം, ഉച്ചാടനം, സ്തംഭനം, ആകര്‍ഷണം, മോഹനം എന്നിവയാണ് മന്ത്രവാദി ലക്ഷ്യമിടുന്ന ഷട്സിദ്ധികള്‍. ശാന്തി (രോഗശമനം), വശ്യം (വശീകരിക്കുക), സ്തംഭനം (ഒന്നും ചെയ്യാന്‍ കഴിയാതാക്കുക), ദ്വേഷണം (വിദ്വേഷം സൃഷ്ടിക്കുക), ഉച്ചാടനം (സ്വന്തം ഭവനത്തില്‍ നിന്നോ സ്ഥാപനത്തില്‍നിന്നോ ഇറക്കി വിടുക), മാരണം (കൊല്ലുക) എന്നിവയാണ് ആറ് കര്‍മങ്ങള്‍. ഇവയില്‍ ശത്രുവിനെ തകര്‍ക്കാന്‍ ഏതൊക്കെയാണ് ചെയ്യേണ്ടതെന്ന് മന്ത്രവാദി ഉപദേശിക്കുന്നു. അപ്രകാരമുള്ള മന്ത്രവാദങ്ങള്‍ ചെയ്യുന്നു. ആഭിചാരക്രിയ ചെയ്യുമ്പോള്‍, ലക്ഷ്യമിടുന്ന ശത്രുവിന്റെ പേരും ജന്മനക്ഷത്രവും അറിഞ്ഞിരിക്കണം. ജ്യോതിഷികളുടെ സഹായത്തോടെയാണ് മന്ത്രവാദം ചെയ്യുക. ഫലജ്യോതിഷം നോക്കി പ്രേതബാധപോലുള്ള ബാധകളെ മന്ത്രവാദി ഉച്ചാടനംചെയ്യുന്നു. ദേവത വന്നോ, മന്ത്രവാദംകൊണ്ട് തൃപ്‌തിപ്പെട്ടോ, ബാധ നീങ്ങിയോ എന്നീ കാര്യങ്ങള്‍ കവിടി നിരത്തി ജ്യോത്സ്യന്‍ കണ്ടുപിടിക്കുന്നു. പ്രതിവിധികള്‍ നിര്‍ദേശിക്കുന്നു. രാഹു എന്ന ഒരു ഗ്രഹം ഇല്ലാത്തതാണെന്ന് ജ്യോതിശ്ശാസ്‌ത്രം തെളിയിച്ചിട്ടും രാഹുവിന്റെ നില്‍പ്പ് നോക്കിയാണ് സര്‍പ്പകോപത്തിനുള്ള പരിഹാരക്രിയ ജ്യോത്സ്യന്‍ നിര്‍ദേശിക്കുന്നത്. ഇതുപോലെ ശനിയുടെ ക്ഷേത്രത്തില്‍ വ്യാഴം നിന്നാല്‍ ഭസ്‌മ പിശാച്, ശൂലപാണി തുടങ്ങിയ ബാധകള്‍ ഉണ്ടായതായി ഗ്രഹിക്കണമെന്ന് ജ്യോത്സ്യന്‍ വിധിക്കുകയും പരിഹാരക്രിയകള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ബധോച്ചാടനത്തിലെ ജപം, ഹോമം, വ്രതം, ബലി തുടങ്ങിയ മന്ത്രങ്ങള്‍ വേദകാലത്തുണ്ടായ വിധികളാണ്.

മന്ത്രവാദികള്‍ അടുത്ത് വരുന്നവരില്‍ ഭീതി സൃഷ്ടിക്കാന്‍ പര്യാപ്തമായ അന്തരീക്ഷമാണ് ഉണ്ടാക്കുക. അര്‍ധരാത്രിയില്‍ അരണ്ട വെട്ടത്തിലാണ് മന്ത്രവാദം നടത്തുക. അവിടെ തലയോട്ടി, എല്ലിന്‍ കഷണങ്ങള്‍, തലമുടി, മാംസക്കഷണങ്ങള്‍, കറുത്തതും ചുവന്നതുമായ തുണിക്കഷണങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. പിന്നെ, തവള, മൂങ്ങ, പല്ലി, പാമ്പ്, എലി, മലങ്കാക്ക, കരിംപൂച്ച, വവ്വാല്‍ എന്നിവയില്‍ ചിലതും കാണും. മന്ത്രവാദിയാകാന്‍ ഗുരുവിന്റെ കീഴില്‍ ഏറെക്കാലത്തെ പരിശീലനം ആവശ്യമാണ്. നല്ല മനക്കരുത്ത് ഉണ്ടായിരിക്കണം. മനക്കരുത്ത് പരീക്ഷിക്കാന്‍ ഒരു ഗുരു ശിഷ്യനോട് ആജ്ഞാപിച്ചത് ഇതായിരുന്നു. കറുത്ത വാവിലെ അര്‍ധരാത്രി പ്രേതങ്ങള്‍ നൃത്തം ചെയ്യുന്ന ഒരു ശ്‌മശാനത്തിലെ കാഞ്ഞിരമരത്തില്‍ ഒരു ഇരുമ്പാണി തറച്ചുവരിക. വെളിച്ചം കരുതാന്‍ പാടില്ല. ശിഷ്യന്‍ കാഞ്ഞിരമരത്തില്‍ ചുറ്റിക കൊണ്ടടിച്ച് ഇരുമ്പാണി തറച്ച് കയറ്റി. തിരിച്ചുനടന്നപ്പോള്‍ പിന്നില്‍നിന്ന് ഏതോ പ്രേതം പിടിച്ച്വലിച്ചതായി തോന്നി. ശ്മശാനത്തില്‍ പ്രേതം ഉണ്ടെന്ന വിശ്വാസമാണ് അങ്ങനെ തോന്നിച്ചത്. പേടിച്ചരണ്ട ശിഷ്യന്‍ എങ്ങനെയോ ഓടി വീട്ടില്‍ എത്തി. പിന്നെ വിറയലും പനിയും. പിറ്റേന്ന് രാവിലെ അന്വേഷിക്കാന്‍ ചെന്ന ഗുരു കണ്ടത് കാഞ്ഞിരമരത്തില്‍ തൂങ്ങിക്കിടക്കുന്ന കമ്പളിയാണ്. ഇരുമ്പാണി തറച്ച കൂട്ടത്തില്‍ ശിഷ്യന്‍ പുതച്ചിരുന്ന കമ്പളിയുടെ ഒരറ്റവും അതില്‍ കുടുങ്ങിപ്പോയി. അതാണ് പ്രേതം പിടിച്ചുവലിച്ചതായി തോന്നിയത്.

മന്ത്രങ്ങളിലെ വാക്കുകള്‍ നിരര്‍ഥകങ്ങളാണ്. ബീജാക്ഷരങ്ങള്‍ എന്നറിയപ്പെടുന്ന ഓം, ക്ളിം, ബ്ളും, ഹ്രീം, ശ്രീം തുടങ്ങിയവക്ക് എന്തെങ്കിലും അര്‍ഥമുള്ളതായി കാണാന്‍ കഴിയില്ല. ഉദാഹരണത്തിന് രുദ്ര മഹാമന്ത്രത്തിലെ ഈ വരികള്‍ നോക്കാം.

ഓം, ഹ്രീം, സ്‌ഫുര പ്രസ്‌ഫുര പ്രസ്‌ഫുര ഘോരഘോര

തനുറൂപ ചടപട പ്രചട പ്രചട കഹ കഹ ബദ്ധ ബദ്ധ ഘാതായഹുംഫട് സ്വാഹാ

ശബ്ദ കോലാഹലംകൊണ്ട് ദുര്‍ബല മനസ്സില്‍ പ്രകമ്പനം സൃഷ്ടിച്ച് മന്ത്രവാദത്തിന് അടിമയാക്കുകയാണ് മന്ത്രവാദി ചെയ്യുന്നത്. ഒരിക്കല്‍ ഇതെഴുതുന്ന ആള്‍ ഗ്രാമീണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളില്‍ പോകാന്‍ ഇടയായി. ഒരു ഗ്രാമത്തില്‍വച്ച് ഒരു മന്ത്രവാദിയെ പരിചയപ്പെട്ടു. മലയാളി. അദ്ദേഹത്തിന്റെ മന്ത്രവാദം ഇതായിരുന്നു.

നോക്കെടാ നമ്മുടെ മാര്‍ഗേ കിടക്കുന്ന

മര്‍ക്കടാ നീയങ്ങ് മാറിക്കിടാ, ശഠാ!

ഓം, ഹ്രീം, ക്ളിം, ബ്ളും സ്വാഹാ

ഇതുകൊണ്ട് ആളുകള്‍ക്ക് നല്ല ഫലം കിട്ടുന്നുണ്ടെന്നും, ധാരാളം ആളുകള്‍ മന്ത്രവാദം ചെയ്യിക്കാന്‍ വരുന്നുണ്ടെന്നും, തരക്കേടില്ലാത്ത വരുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രങ്ങളും തന്ത്രങ്ങളും കൂടാതെ യന്ത്രങ്ങളും ഇന്ന് വളരെ പ്രചാരത്തില്‍ ഉണ്ട്. ആറ്റുകാല്‍ രാധാകൃഷ്ണന്മാര്‍ ധനാകര്‍ഷണ ഭൈരവ യന്ത്രം വിറ്റ് കോടികള്‍ ഉണ്ടാക്കുന്നു. ഈയ്യം, ചെമ്പ്, വെള്ളി, സ്വര്‍ണം എന്നീ ലോഹത്തകിടുകളും താളിയോല, അസ്ഥി തുടങ്ങിയവയും യന്ത്രമന്ത്രാദികള്‍ എഴുതാന്‍ ഉപയോഗിക്കാമെന്നാണ് വിധി. അവയുടെ കൂടുകള്‍ ചെമ്പുകൊണ്ടോ, വെള്ളികൊണ്ടോ, സ്വര്‍ണംകൊണ്ടോ ആയിരിക്കും. ശാന്തികര്‍മങ്ങള്‍ക്കും വശീകരണത്തിനും സ്‌തംഭനത്തിനും ഉച്ചാടനത്തിനും മാരണത്തിനും വ്യത്യസ്ത തകിടുകളാണ് ഉപയോഗിക്കുക. മന്ത്രത്തകിട് എഴുതാന്‍ ഉപയോഗിക്കുന്ന നാരായം, സൂചി എന്നിവയ്ക്കും ദേവതാ ഭേദമനുസരിച്ച് വ്യത്യാസമുണ്ടായിരിക്കും. മാന്ത്രികയന്ത്രം, ഉപയോഗിക്കുന്നതിന് മുമ്പായി ഒരുദിവസം വെള്ളത്തിലിട്ടുവയ്ക്കണം. പുറ്റുമണ്ണ്, നാല്‍പ്പാമരപ്പൊടി എന്നിവ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. യന്ത്രത്തിന്റെ വീര്യം ഉറപ്പാക്കാനാണ് അങ്ങനെ ചെയ്യുന്നത്. യന്ത്രത്തിന് ഏലസ്സ് അല്ലെങ്കില്‍ ഉറുക്ക് എന്നും പറയും. സാമ്പത്തിക വരുമാനത്തിനും, ഇഷ്ട കാമുകിയെയോ, കാമുകനെയോ വശീകരിക്കുന്നതിനും ഏലസ്സുണ്ട്. തകിടില്‍ എഴുതുന്ന മന്ത്രങ്ങള്‍ക്ക് ഒരര്‍ഥവും ഇല്ലെന്നതാണ് സത്യം. ഒന്നു രണ്ടു ഉദാഹരണങ്ങള്‍ കാണാം-

സര്‍വാകര്‍ഷണ യന്ത്രം: ഒരു ഷഡ്‌കോണ്‍ ഒരു തകിടില്‍ വരയുക. മധ്യത്തില്‍ സാന്ധ്യനാമം എഴുതുക. വലതുവശത്ത് 'ക്ളീം' എന്നും, 'എം' എന്നും എഴുതുക. ആറുകോണിലും 'സൌെ' എന്ന മന്ത്രാക്ഷരം എഴുതുക. തകിട് റെഡി.

മായാവശ്യ മാന്ത്രിക യന്ത്രം: മന്ത്രത്തകിടില്‍-

ജൃം ഭേ ജൃംഭിനീ സ്വാഹാ

മോഹേ മോഹതിസ്വാഹാ

അന്ധേ അന്ധതി സ്വാഹാ

രുന്ധേ രുന്ധതി സ്വാഹാ

എന്നെഴുതുക.

ഇങ്ങനെ ഓരോ മന്ത്രം എടുത്തു നോക്കിയാലും ഒരര്‍ഥവുമില്ലാത്ത വാക്കുകളാണെന്ന് കാണാം. വാസ്തവത്തില്‍ എന്താണ് എഴുതിയതെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ പിന്നെ ആരും ഇത്തരം ഏലസ്സുകളുടെ പിന്നാലെ പോവുകയില്ല. ഏലസ്സിന്റെ മാന്ത്രികശക്തി കൂട്ടാന്‍ മന്ത്രവാദി ചെയ്യുന്ന ഒരു സൂത്രമുണ്ട്. രാത്രി അരണ്ട വെളിച്ചത്തില്‍ നടത്തുന്ന മന്ത്രവാദത്തിന്റെ ശക്തികൊണ്ട് തകിട് കൂട്ടിന്നുള്ളില്‍ സ്വയം കയറുന്നതായി കാണിക്കുന്നു. അതിന്റെ രഹസ്യം എന്റെ സുഹൃത്തായ മാന്ത്രികന്‍ പറഞ്ഞുതരികയുണ്ടായി. കൂടില്‍ കയറ്റാന്‍ പാകത്തില്‍ ചുരുട്ടിയ തകിടിന്റെ ഒരറ്റം ഒരു തലനാരിഴകൊണ്ടു ബന്ധിക്കുന്നു. മറ്റേ അറ്റം പത്മാസനത്തില്‍ ഇരിക്കുന്ന മാന്ത്രികന്റെ കാല്‍മുട്ടുമായി ബന്ധിക്കുന്നു. മന്ത്രം മുറുകുമ്പോള്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച്കാല്‍മുട്ടു ചലിപ്പിച്ച് തകിട് സാവധാനം കൂടിനുള്ളില്‍ കയറ്റുന്നു. ഇരുട്ടിലും പുകയിലും ആര്‍ക്കും തലനാരിഴ കാണാന്‍ കഴിയില്ല.

ഹിന്ദുമത വിശ്വാസികളുടെ ഇടയില്‍ വൈഷ്ണവം, ശൈവം, ശാക്തേയം, ഗാണപത്യം എന്നിങ്ങനെ പലതരത്തിലുള്ള താന്ത്രികവിദ്യകള്‍ ഉണ്ട്. മുസ്ളിങ്ങളുടെ ഇടയില്‍ പരിശുദ്ധ ഖുറാനിലെ ചില വാക്യങ്ങള്‍ ഉരുവിട്ട് രോഗശാന്തിക്ക് വെള്ളവും ചരടും മന്ത്രിച്ചു നല്‍കുന്നു. ഖുര്‍ആന്‍ വാക്യങ്ങള്‍ ഒരു കടലാസില്‍ എഴുതി ആ കടലാസ് കത്തിച്ച ചാരം വെള്ളത്തില്‍ കലക്കിക്കുടിച്ചാല്‍ ദീനം മാറുമെന്ന വിശ്വാസം ചിലരിലുണ്ട്. അതുപോലെ ക്രിസ്ത്യന്‍ വിശ്വാസികളില്‍ കുരിശോടുകൂടിയ പ്രാര്‍ഥനയുടെ രൂപത്തില്‍ പല വിശ്വാസങ്ങളും നിലനില്‍ക്കുന്നു. എല്ലാം ചൂഷണോപാധിയാണ്. അങ്ങനെ മന്ത്രവാദവും ദുര്‍മന്ത്രവാദവും ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തില്‍ വളരെ വ്യാപകമാണ്. ഇതിന്ന് ഏറ്റവും സഹായമായി വര്‍ത്തിക്കുന്നത് മറ്റൊരന്ധവിശ്വാസമായ ജ്യോതിഷമാണ്.

ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയില്‍ സ്‌നേഹബന്ധങ്ങളേക്കാളേറെ ഏത് വിധേയനയും ധനം സമ്പാദിക്കുക എന്നതാണ് ഒരു വിഭാഗം ജനങ്ങളുടെ ലക്ഷ്യം. തിരക്കുപിടിച്ച ജീവിതത്തില്‍ പ്രശ്‌നങ്ങളുടെയും കഷ്ടപ്പാടുകളുടെയും മാനസിക പിരിമുറുക്കത്തിന്റെയും ചുഴിയില്‍പെട്ടുഴലുന്ന മനുഷ്യര്‍ അവയുടെ കാരണങ്ങള്‍ കണ്ടെത്താനോ, പരിഹാര മാര്‍ഗങ്ങള്‍ തേടുന്നതിനോ അടുത്ത ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ സാമൂഹ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടുന്നതിന് പകരം ജ്യോതിഷികളെയോ പുരോഹിതന്മാരേയോ മന്ത്രവാദികളെയോ സമീപിക്കുന്നു. അവരുടെ ചതിക്കുഴിയില്‍ വീഴുന്നു. ഇങ്ങനെ എത്രയോ തട്ടിപ്പുകളുടെ കഥ നാം ദിവസേന കേള്‍ക്കുന്നു; പത്രങ്ങളില്‍ വായിക്കുന്നു.

ഇതിനെല്ലാം പ്രധാന കാരണം സാധാരണ ജനങ്ങള്‍ മാത്രമല്ല, അഭ്യസ്‌തവിദ്യരും ഏത് പ്രശ്‌നത്തിനും ജ്യോതിഷത്തിലും മന്ത്രവാദത്തിലും അഭയം തേടുന്നതാണ്. വേദങ്ങളില്‍നിന്ന് തുടങ്ങി എത്രയോ നൂറ്റാണ്ടുകളായി മനുഷ്യമനസ്സുകളില്‍ രൂഢമൂലമായ ഇത്തരം അന്ധവിശ്വാസങ്ങള്‍ പിഴുതെറിയുക അത്ര എളുപ്പമല്ല, ജനങ്ങളില്‍ ശാസ്‌ത്രബോധം വളര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ കൊടിയ വിപത്തിന് പരിഹാരമാകൂ.

***

വി സി പത്മനാഭന്

26 July, 2009

ലാവ്ലിന്‍ - സി.പി.എം കേന്ദ്രക്കമ്മിറ്റിക്ക് പറയാനുള്ളത്

ലാവ്ലിന്‍ - സി.പി.എം കേന്ദ്രക്കമ്മിറ്റിക്ക് പറയാനുള്ളത്

എസ്.എന്‍.സി ലാവ്ലിനുമായി ബന്ധപ്പെട്ട വിഷയങ്ങളും പിണറായി വിജയനെതിരായ സി.ബി.ഐ കേസും (2009 ജൂലൈ 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചത്)

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ നവീകരണവും ആധുനികവല്‍ക്കരണവും

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 1995 ആഗസ്റ്റ് 10 ന്, പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) എസ്.എന്‍.സി ലാവ്ലിന്‍ എന്ന കനേഡിയന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി; ജി. കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയും. യന്ത്രസാമഗ്രികളും നിയന്ത്രണ സംവിധാനങ്ങളും പൂര്‍ണ്ണമായി മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ച സാങ്കേതിക റിപ്പോര്‍ട്ട് കെ.എസ്.ഇ.ബി അംഗീകരിച്ചു. യു.ഡി.എഫ് ഭരണകാലത്തുതന്നെ ധാരണാപത്രത്തിന്റെ തുടര്‍ച്ചയായി 1996 ഫെബ്രുവരി 24ന് ഇതേ പദ്ധതികള്‍ക്കുവേണ്ടി, കെ.എസ്.ഇ.ബിയും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന്, പ്രത്യേകവും എന്നാല്‍ സമാനവുമായ മൂന്ന് നിര്‍വ്വഹണ/കണ്‍സള്‍ട്ടന്‍സി കരാറുകളിലും ഒപ്പുവെച്ചു. പ്രാഥമിക എഞ്ചിനീയറിങ്, വിശദമായ എഞ്ചിനീയറിങ് ഡ്രോയിങ്ങുകളും സവിശേഷ നിര്‍ദ്ദേശങ്ങളും തയ്യാറാക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനവും സിവില്‍ ഡ്രോയിങ്ങും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും പരിശോധനയും എന്നിങ്ങനെയുള്ള ജോലികള്‍ക്കും ഉപകരണങ്ങള്‍ വാങ്ങുന്നതിനും ധനസഹായം സംഘടിപ്പിക്കുന്നതിനും ഈ പദ്ധതികള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയെ ചുമതലപ്പെടുത്തുന്നതായിരുന്നു ഈ കരാറുകള്‍. കരാറിന്റെ ഷെഡ്യൂളില്‍ ഓരോ പദ്ധതിക്കുംവേണ്ടി മാറ്റി സ്ഥാപിക്കേണ്ട യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും പട്ടികയും 1995ലെ നിലവാരമനുസരിച്ചുള്ള മതിപ്പുവിലയും ഉള്‍പ്പെടുത്തിയിരുന്നു. എസ്.എന്‍.സി ലാവ്ലിന് കൊടുക്കേണ്ട കള്‍സള്‍ട്ടന്‍സി ചാര്‍ജ്ജ് 24.04 കോടി രൂപയായി നിശ്ചയിച്ചിരുന്നു. ഉപകരണങ്ങളുടെ വിലയായി കണക്കാക്കിയിരുന്നത് 157.40 കോടി രൂപയായിരുന്നു. ഏതെങ്കിലും വിധത്തില്‍ കരാര്‍ ലംഘനം ഉണ്ടായാല്‍ അതിനുവേണ്ടിയുള്ള ആര്‍ബിട്രേഷന്‍ പാരീസിലെ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്സിന്റെ ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും എന്ന് കരാറിന്റെ 17-ാം വകുപ്പ് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഈ പദ്ധതിക്ക് ആവശ്യമായ വായ്പ എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് കാനഡ (ഇ.ഡി.സി-കാനഡയിലെ കയറ്റുമതി വികസന ഏജന്‍സി) ലഭ്യമാക്കുന്നതിനും പദ്ധതിക്ക് ആവശ്യമായ ഉപകരണങ്ങള്‍ കാനഡയില്‍നിന്നുതന്നെ വാങ്ങുന്നതിനുമുള്ള വ്യവസ്ഥകളും ഈ കരാറുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

1996 മെയ് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെടുകയും ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി. ആ കാലത്ത് സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമം നേരിടുകയായിരുന്നു. വ്യവസായങ്ങള്‍ക്ക് 100 ശതമാനം പവര്‍കട്ടും വാണിജ്യ-ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോഡ്‌ഷെഡ്ഡിങ്ങും അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നു. വൈദ്യുതി പ്രതിസന്ധി കാരണം പല വ്യവസായങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് കടുത്ത തിരിച്ചടി ഉണ്ടാകാന്‍ അത് കാരണമായി. തൊഴിലില്ലായ്മയുടെ സ്ഥിതി കൂടുതല്‍ വഷളായി.

ഈ വൈദ്യുതി പ്രതിസന്ധിയുടെ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുകയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍ അഭിമുഖീകരിച്ച ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന്. വൈദ്യുതിക്ഷാമത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി യു.ഡി.എഫ് ഭരണകാലത്ത് എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായി ഒപ്പുവെച്ച ധാരണാപത്രവും കരാറുകളുമായി മുന്നോട്ടുപോകേണ്ടതുണ്ടോ എന്നതായിരുന്നു പാര്‍ടിയുടെയും സര്‍ക്കാരിന്റെയും മുന്നില്‍ വന്ന പ്രശ്നങ്ങളിലൊന്ന്. എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായും മറ്റ് അധികൃതരുമായും ചര്‍ച്ച നടത്തുന്നതിന് 1996 ഒക്ടോബറില്‍ കാനഡ സന്ദര്‍ശിക്കാന്‍ അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന് അനുവാദം നല്‍കാന്‍ 1996 ആഗസ്റ്റ് 22-23 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വിജയന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായും ഇ.ഡി.സിയുമായും കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (സിഡ)യുമായും ചര്‍ച്ചകള്‍ നടത്തി. കാനഡയില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന്, യു.ഡി.എഫ് ഭരണകാലത്ത് ഒപ്പുവച്ച കരാറുകളില്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയും കാനഡയിലെ മറ്റു സ്ഥാപനങ്ങളും തയ്യാറായി. ആ മാറ്റങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1. വിദേശ വായ്പയുടെ അളവ് കുറയ്ക്കും.
2. ട്രാന്‍സ്‌ഫോര്‍മറുകളും അനുബന്ധ ഉപകരണങ്ങളും പോലെ ഇന്ത്യയില്‍ യഥേഷ്ടം ലഭ്യമായിട്ടുള്ള ചില ഉപകരണങ്ങള്‍ ഇന്ത്യയില്‍നിന്ന് കെ.എസ്.ഇ.ബിക്ക് വാങ്ങാം.
3. യു.ഡി.എഫ് ഭരണകാലത്ത് ഒപ്പുവെച്ച മൂലകരാറുകളില്‍ കാനഡയില്‍നിന്ന് വാങ്ങാന്‍ സമ്മതിച്ചിരുന്നതും നിശ്ചയിച്ചിരുന്നതുമായ ഉപകരണങ്ങളുടെ എണ്ണവും വിലയും കുറയും. കണ്‍സള്‍ട്ടന്‍സി ചാര്‍ജ്ജ് തുടങ്ങിയവയും കുറയ്ക്കും.

പിണറായി വിജയന്റെ കാനഡ സന്ദര്‍ശനത്തിന്റെ ഫലങ്ങളെയും കാനഡയില്‍ എസ്.എന്‍.സി ലാവ്ലിനുമായും മറ്റ് അധികൃതരുമായും അദ്ദേഹം നടത്തിയ ചര്‍ച്ചകളെയും കുറിച്ച് 1996 നവംബര്‍ 10-12 നും നവംബര്‍ 28-29 നും ചേര്‍ന്ന കേരളത്തിലെ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തു. വായ്പാ തുക, കാനഡയില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങേണ്ടതിന്റെ ആവശ്യകത, ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ധനസഹായം ലഭിക്കാനുള്ള സാധ്യത തുടങ്ങിയ വിശദവിവരങ്ങള്‍ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനമെടുത്ത പ്രക്രിയയുടെ ഒരു ഘട്ടത്തിലും പാര്‍ടിയില്‍ ഒരു അഭിപ്രായഭിന്നതയും ഇല്ലായിരുന്നു.

എം.ഒ.യു റൂട്ടിനെപ്പറ്റി

യു.ഡി.എഫ് ഭരണകാലത്ത് ഒപ്പിട്ട എം.ഒ.യു(ധാരണാപത്രം)വുമായും കരാറുകളുമായും മുന്നോട്ടുപോകാന്‍ ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന കാരണങ്ങളാല്‍ കെ.എസ്.ഇ.ബിയും സര്‍ക്കാരും തീരുമാനമെടുത്തു. സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമം അഭിമുഖീകരിക്കുകയായിരുന്നു. അതിന് അടിയന്തര പരിഹാരം കാണുന്നതില്‍ കാലതാമസം വരുത്താനാവില്ല. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി പദ്ധതികളാണ് ആ സമയത്ത് കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദനത്തിലെ 10 ശതമാനം നല്‍കിയിരുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഒപ്പിട്ട എം.ഒ.യുവും കരാറുകളും റദ്ദാക്കുന്നത് കാലതാമസത്തിനും നീണ്ട നിയമനടപടികള്‍ക്കും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും ഇടവരുത്തും. യു.ഡി.എഫ് സര്‍ക്കാരുമായി കരാര്‍ ഉറപ്പിച്ചിരുന്ന കണ്‍സള്‍ട്ടന്‍സി ഫീസും ഉപകരണങ്ങളുടെ വിലയും കുറയ്ക്കാന്‍ എസ്.എന്‍.സി ലാവ്ലിന്‍ കമ്പനി സമ്മതിക്കുകയും ചെയ്തു. വിവിധ സ്രോതസ്സുകളില്‍നിന്ന് പണം സമാഹരിച്ച് ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ധനസഹായം ഏര്‍പ്പാടാക്കാമെന്നും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനി സമ്മതിച്ചു.

നേരിയമംഗലം ജലവൈദ്യുതി നിലയത്തിന്റെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി യു.ഡി.എഫ് സര്‍ക്കാര്‍ എ.ബി.ബി എന്ന സ്വിസ് കമ്പനിയുമായി ഒപ്പിട്ടിരുന്ന എം.ഒ.യു റദ്ദു ചെയ്തതിന്റെ അനുഭവവും എല്‍.ഡി.എഫ് സര്‍ക്കാരിനുണ്ടായിരുന്നു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ കാര്യത്തിലെന്നപോലെ നിര്‍വ്വഹണ കരാറൊന്നും അതില്‍ ഒപ്പിട്ടിട്ടുണ്ടായിരുന്നതുമില്ല. എന്നിട്ടും, എം.ഒ.യു റദ്ദു ചെയ്തതിനെതിരെ എ.ബി.ബി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ആ കേസ് അഞ്ചുവര്‍ഷം നീണ്ടുനിന്നു; ഒടുവില്‍ കോടതിയില്‍നിന്ന് എ.ബി.ബിക്ക് അനുകൂലമായ വിധിയും ഉണ്ടായി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, വീണ്ടും നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമുള്ള ജോലികള്‍ എ.ബി.ബിയെത്തന്നെ ഏല്‍പ്പിക്കേണ്ടിവന്നു. ആ കേസ് തീരുന്നതുവരെ പണിയില്‍ കാലതാമസം ഉണ്ടായി. ഈ വശങ്ങളെല്ലാം പരിഗണിച്ചാണ്, യു.ഡി.എഫ് ഭരണകാലത്ത് ഒപ്പിട്ട എം.ഒ.യുവുമായും നിര്‍വ്വഹണ കരാറുമായും മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ ഒഴികെ, കേരളത്തിലെ മറ്റൊരു വൈദ്യുതി പദ്ധതിയുടെ കാര്യത്തിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ എം.ഒ.യു റൂട്ട് അംഗീകരിച്ചില്ല; എം.ഒ.യു റൂട്ട് അവസാനിപ്പിക്കാനും ഇത്തരത്തിലുള്ള എല്ലാ ജോലികളും ആഗോള ടെണ്ടര്‍ നല്‍കി നടപ്പിലാക്കാനുമുള്ള സുപ്രധാനമായ ഒരു നയംമാറ്റം എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുത്തി.

ബാലാനന്ദന്‍ കമ്മിറ്റി

വൈദ്യുതിയുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ക്കൊപ്പം വൈദ്യുതിവികസനത്തിനാവശ്യമായ വിഭവസമാഹരണത്തിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വ്യക്തമായ ശുപാര്‍ശകള്‍ക്ക് രൂപം നല്‍കാനും ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനുമായി കേരള സംസ്ഥാന സര്‍ക്കാര്‍ 1996 സെപ്തംബര്‍ 19ന് ഇ ബാലാനന്ദന്‍ അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിച്ചു. പദ്ധതികള്‍ക്കുവേണ്ടി താഴെപറയുന്ന വശങ്ങള്‍ കമ്മിറ്റി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചു:

1. ഗാര്‍ഹികവും വ്യാവസായികവും ആദിയായ മേഖലകള്‍ക്കുള്ള വൈദ്യുതിയുടെ ആവശ്യകത കണക്കിലെടുത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ വൈദ്യുതിബോര്‍ഡ് പരാജയപ്പെടുന്നതിനുള്ള കാരണങ്ങളും ആവശ്യമെന്നുണ്ടെങ്കില്‍, സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട അനിവാര്യമായ മാറ്റങ്ങളും.

2. വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ വൈദ്യുതിയുടെ വര്‍ധിച്ചു വരുന്ന ആവശ്യകത പരിഗണിച്ച് വൈദ്യുതി ഉല്‍പ്പാദനത്തിന്റെയും പ്രസരണത്തിന്റെയും വിതരണത്തിന്റെയും വികസനം അതിവേഗത്തിലാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍.

3. ഈ മേഖലയില്‍ ആവശ്യമായി വരുന്ന വര്‍ധിച്ച തോതിലുള്ള പണസമാഹരണത്തിനുള്ള നടപടികള്‍.

1997 ഫെബ്രുവരി രണ്ടിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളില്‍ വൈദ്യുതി ഉല്‍പ്പാദനയന്ത്രങ്ങള്‍ മൊത്തം മാറ്റിസ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അത്യാവശ്യമായി മാറ്റിസ്ഥാപിക്കേണ്ട ഭാഗങ്ങള്‍മാത്രം മാറ്റലും ആധുനികവല്‍ക്കരണവുമായി പരിമിതപ്പെടുത്തണമെന്ന് കമ്മിറ്റി മറ്റു പ്രധാന ശുപാര്‍ശകള്‍ക്കൊപ്പം നിര്‍ദേശിച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതിനിലയങ്ങള്‍ നവീകരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുംവേണ്ടി മതിപ്പു ചെലവായി 100.50 കോടി രൂപ വേണ്ടിവരുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. പള്ളിവാസല്‍, പന്നിയാര്‍, ശെങ്കുളം വൈദ്യുതിനിലയങ്ങളുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ചുവടെ ചേര്‍ക്കുന്നു:

പള്ളിവാസല്‍ വൈദ്യുതിനിലയം:

"അടുത്ത മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട അതിപ്രധാന ഹ്രസ്വകാല നടപടിയെന്ന നിലയില്‍ കേന്ദ്രവൈദ്യുതി അതോറിറ്റിയുടെ അനുവാദം ലഭിച്ച ഈ പുനഃസ്ഥാപനപദ്ധതിയുടെ നിര്‍മാണവും ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നു. ഇത്തരം മാതൃകയിലുള്ള പുനഃസ്ഥാപനം തമിഴ്നാട് വൈദ്യുതിബോര്‍ഡ് പൈക്കാറയില്‍ നടപ്പാക്കിവരികയാണ്; മുമ്പ് കര്‍ണാടകത്തില്‍ എം.ജി.എച്ച്.ഇയില്‍ ഇത് ചെയ്തിട്ടുമുണ്ട്.''

ശെങ്കുളം വൈദ്യുതി നിലയം:

"ഇവ പരിഗണിച്ച് ഇന്‍ജക്ടറുകള്‍പോലെയുള്ള അവശ്യഭാഗങ്ങളുടെ മാറ്റിസ്ഥാപിക്കലോ ആള്‍ട്ടര്‍നേറ്ററുകള്‍ മാറ്റുന്നതോ ആയും ഇലക്ട്രോണിക് ഗവര്‍ണറുകള്‍/സ്റ്റാറ്റിക് എക്സൈറ്റേഷന്‍ സിസ്റ്റവും കണ്‍ട്രോള്‍ സിസ്റ്റവും വൈന്‍ഡ് ചെയ്യുന്നതും ആധുനികവല്‍ക്കരിക്കുന്നതുമായും പരിമിതപ്പെടുത്താന്‍ ഈ നിര്‍ദേശങ്ങളെ പുനരവലോകനം ചെയ്യാവുന്നതാണ്. ജി.ഇ.സി ആല്‍സ്തോമില്‍നിന്ന് ഘടകഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇപ്പോള്‍ എളുപ്പമാണ്.''

പന്നിയാര്‍ വൈദ്യുതിനിലയം:

"പൂര്‍ണമായി മാറ്റിസ്ഥാപിക്കുന്നത് പുനഃപരിശോധിക്കാവുന്നതാണ്. മാറ്റിസ്ഥാപിക്കല്‍ അത്യാവശ്യം വേണ്ട ഉപകരണങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താവുന്നതുമാണ്. ഒറിജിനല്‍ വിതരണക്കാരായ ജപ്പാനിലെ മെസേഴ്സ് ഹിറ്റാച്ചിയില്‍നിന്നും ഇത്തരം ഇനങ്ങള്‍ ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നതും അനായാസമാണ്. ഇലക്ട്രോണിക് ഗവര്‍ണേഴ്സും സ്റ്റാറ്റിക് എക്സൈറ്റേഷന്‍ സിസ്റ്റവും കട്രോള്‍ സിസ്റ്റവും ആയി ആധുനികവല്‍ക്കരിക്കലും നിര്‍ദേശിക്കുന്നു.''

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ അടിസ്ഥാനപ്പെടുത്തി, ആ സമയത്ത് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കുവേണ്ടി എസ്എന്‍സി ലാവ്ലിനുമായി ഒപ്പുവച്ചിരുന്ന കരാറുകള്‍ ഏകപക്ഷീയമായി റദ്ദ് ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായും മറ്റു സ്ഥാപനങ്ങളുമായുമുള്ള കൂടിയാലോചനകള്‍ അതിനകം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. 1997 ഫെബ്രുവരി രണ്ടിന് ബാലാനന്ദന്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പുതന്നെ തീരുമാനങ്ങളും കൈക്കൊണ്ടുകഴിഞ്ഞിരുന്നു. അതിനുംപുറമെ, കരാര്‍ ലംഘനം എന്തെങ്കിലും ഉണ്ടായാല്‍, പാരീസിലെ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്സിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചുള്ള ആര്‍ബിട്രേഷന് വിധേയമാകേണ്ടതായി വരുമെന്ന് യുഡിഎഫ് ഭരണകാലത്ത് ഒപ്പുവച്ച ധാരണപത്രത്തിലും കരാറുകളിലും കര്‍ശനമായ വ്യവസ്ഥയും ഉണ്ടായിരുന്നു. കരാര്‍ റദ്ദാക്കുകയാണെങ്കില്‍ പണികള്‍ നടപ്പാക്കുന്നതില്‍ കാലതാമസത്തിന് ഇടവരുത്തുകയും ചെയ്യും; എസ്എന്‍സി ലാവ്ലിന് കോടതിയില്‍ പോകാവുന്നതും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാവുന്നതുമാണ്.

1996 ഒക്ടോബറില്‍ പിണറായി വിജയന്‍ കനഡയില്‍ നടത്തിയ ചര്‍ച്ചകളെയും തുടര്‍ന്നു നടത്തിയ ചര്‍ച്ചകളെയും ആധാരമാക്കി 1996 ഫെബ്രുവരി 24ന്റെ അടിസ്ഥാന കരാറുകള്‍ക്കുള്ള അനുബന്ധ കരാറുകള്‍ 1997 ഫെബ്രുവരി 10ന് കെഎസ്ഇബിയും എസ്എന്‍സി ലാവ്ലിനുമായി ഒപ്പുവച്ചു. ഈ അനുബന്ധ കരാറുകള്‍ പ്രകാരം കനേഡിയന്‍ ഉപകരണങ്ങളുടെ വില 157.40 കോടി രൂപയില്‍നിന്ന് 131.27 കോടി രൂപയായി കുറച്ചു; കണ്‍സള്‍ട്ടന്‍സി ചാര്‍ജ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയായും കുറച്ചു. അനുബന്ധങ്ങളും പുതുക്കലുകളും ഒപ്പിട്ടത് സ്വതന്ത്രകരാറുകളായല്ല; മറിച്ച് യുഡിഎഫ് ഭരണകാലത്ത് 1996 ഫെബ്രുവരി 24ന് ഒപ്പുവച്ച നിലവിലുള്ള കരാറുകളുടെ ഭേദഗതികള്‍ എന്ന നിലയിലാണ്. അനുബന്ധങ്ങള്‍ അനുസരിച്ച് ഭേദഗതി വരുത്തിയതല്ലാതെ കരാറിലെ മറ്റെല്ലാ വ്യവസ്ഥകളും യുഡിഎഫ് ഭരണകാലത്ത് 1996 ഫെബ്രുവരി 24ന് ഒപ്പുവച്ച കരാറുകളിലേതുതന്നെയാണ്.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍

1997 മെയ് 30നും 31നും ചേര്‍ന്ന കേരള പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ്, കനഡ സന്ദര്‍ശിക്കുന്നതിന് ഇ കെ നായനാര്‍ക്കും പിണറായി വിജയനും അനുവാദം നല്‍കി. കേരളത്തില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കുന്നതിനായി ധനസഹായം ലഭിക്കുന്നതിനുവേണ്ടി എസ്എന്‍സി ലാവ്ലിന്‍ പ്രതിനിധികളുമായും ഇഡിസിയുമായും സിഐഡിഎയുമായും ചര്‍ച്ച നടത്തുന്നതിനായി ഇ കെ നായനാരുടെ നേതൃത്വത്തിലുള്ളതും പിണറായി വിജയന്‍ ഉള്‍ക്കൊള്ളുന്നതുമായ പ്രതിനിധിസംഘം 1997 ജൂണില്‍ കനഡ സന്ദര്‍ശിച്ചു. സംസ്ഥാനത്തിന്റെ അഭ്യര്‍ഥന അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കനേഡിയന്‍ അധികൃതരും എസ്എന്‍സി ലാവ്ലിന്‍ പ്രതിനിധികളും സമ്മതിച്ചു. സഹായത്തിന്റെ അളവ് എത്രയായിരിക്കും എന്നതിനെ സംബന്ധിച്ച് അപ്പോള്‍ ഔപചാരികമായ കരാറുകളിലൊന്നിലും എത്തിച്ചേര്‍ന്നില്ല. എന്നാല്‍, മലബാര്‍മേഖലയിലെ തലശേരിയില്‍ ഒരു സ്പെഷ്യാലിറ്റി ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാമെന്ന് സമ്മതിക്കുകയുണ്ടായി. അവിടെ അത്തരം സൌകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ല. സിഐഡിഎ, ഇഡിസി, കനഡയിലെ പ്രവിശ്യാ ഗവമെന്റ് തുടങ്ങിയവ അടക്കം വിവിധ ഏജന്‍സികളില്‍നിന്ന് സംഭാവന പിരിച്ചുതന്ന് കേരളത്തെ സഹായിക്കാമെന്ന് എസ്എന്‍സി ലാവ്ലിന്‍ കമ്പനി സമ്മതിച്ചു.

1997 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കേരളം സന്ദര്‍ശിച്ച എസ്എന്‍സി ലാവ്ലിന്‍ കമ്പനി സംഘം, ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി. 1997 ഡിസംബര്‍ 23ന് അവര്‍ ആ നിര്‍ദേശം കേരളസര്‍ക്കാരിന് സമര്‍പ്പിച്ചു. ആ പദ്ധതി റിപ്പോര്‍ട്ടില്‍ കനഡയില്‍നിന്നുള്ള സഹായം 98.3 കോടി രൂപയുടേത് ആയിരിക്കുമെന്ന് പ്രസ്താവിച്ചിരുന്നു; സംസ്ഥാനസര്‍ക്കാര്‍ അഞ്ചുകോടി രൂപ ചെലവഴിച്ച് ഭൂമിയും മറ്റ് അനുബന്ധസൌകര്യങ്ങളും ഒരുക്കണമെന്നും പ്രസ്താവിച്ചിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് 1998 ജനുവരി 20ന് മന്ത്രിസഭ അംഗീകരിച്ചു. 1998 ഏപ്രില്‍ 25ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച എംഒയു കേരളസര്‍ക്കാരും എസ്എന്‍സി ലാവ്ലിനും തമ്മില്‍ ഒപ്പുവച്ചു. പദ്ധതി റിപ്പോര്‍ട്ട് അനുസരിച്ച്, സിഐഡിഎ അടക്കമുള്ള കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് സഹായധനം സംഭരിച്ച്, സ്പെഷ്യാലിറ്റി ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് കേരളത്തെ സഹായിക്കാമെന്ന് എസ്എന്‍സി ലാവ്ലിന്‍ സമ്മതിച്ചിരുന്നു. അന്ന് ഒപ്പുവച്ച എംഒയുവിന്റെ സാധുത തുടക്കത്തില്‍ ആറുമാസക്കാലത്തേക്കായിരുന്നു. അതിനുശേഷം, അതിന്റെ സ്ഥാനത്ത് ഔപചാരികമായ മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് ഒപ്പിടുന്നതുവരെ പുതുക്കിക്കൊണ്ടിരിക്കുകയും വേണം. 1998 ഒക്ടോബര്‍ മൂന്നിന് എംഒയു മൂന്നുമാസക്കാലത്തേക്കുകൂടി നീട്ടി. പിന്നീട് 2002 മാര്‍ച്ചുവരെ എംഒയു തുടര്‍ച്ചയായി യഥാസമയം പുതുക്കിക്കൊണ്ടിരുന്നു. അതിനുശേഷം അത് അസാധുവായി. എംഒയു അനുസരിച്ച്, ആശുപത്രിയുടെ ഡിസൈനും സാധനങ്ങളുടെ സംഭരണവും കെട്ടിടം പണിക്കുള്ള കരാറുകള്‍ ഉണ്ടാക്കലും നിര്‍മാണത്തിന്റെ മേല്‍നോട്ടവും എല്ലാം എസ്എന്‍സി ലാവ്ലിന്‍ നിര്‍വഹിക്കും. ഒരു ഫിനാന്‍ഷ്യല്‍ സംവിധാനം സ്ഥാപിച്ച്, ധനസഹായ ദാതാക്കളോടും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളോടും ചര്‍ച്ച നടത്തി ഉടമ്പടി ഉണ്ടാക്കിക്കൊണ്ട് പദ്ധതിക്കാവശ്യമായ തുക ലാവ്ലിന്‍ സംഭരിച്ചുതരുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഔപചാരികമായ കരാര്‍ ഉണ്ടാക്കുന്നതുവരെ എംഒയു പ്രാബല്യത്തിലുണ്ടാകുമെന്നും സമ്മതിച്ചിരുന്നു.

എംഒയുവിന്റെ അടിസ്ഥാനത്തില്‍, ആ എംഒയുവിനു പകരമായി ഒരു കരട് കരാര്‍ തയ്യാറാക്കിയ എസ്എന്‍സി ലാവ്ലിന്‍ കമ്പനി, 2000 മെയില്‍ അത് സര്‍ക്കാരിന് അയച്ചുകൊടുത്തു. ആ കരട് കരാര്‍ സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടു. 2001 മെയില്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. എ കെ ആന്റണി മുഖ്യമന്ത്രിയും കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയും ആയി. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള എംഒയു 2001 സെപ്തംബര്‍ 14ന് എസ്എന്‍സി ലാവ്ലിന്‍ കമ്പനി പുതുക്കി; എന്നാല്‍, മുമ്പത്തെപ്പോലെ അത് വീണ്ടും പുതുക്കാത്തതുകാരണം 2002 മാര്‍ച്ച് 14ന് അത് കാലഹരണപ്പെട്ടു.

എംഒയു കാലഹരണപ്പെട്ടെങ്കിലും സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ തങ്ങള്‍ സന്നദ്ധരാണെന്നു കാണിച്ചുകൊണ്ടുള്ള ഒരു കത്ത് 2002 ഡിസംബര്‍ രണ്ടിന് അന്നത്തെ കേരള മുഖ്യമന്ത്രി എ കെ ആന്റണിക്ക് എസ്എന്‍സി ലാവ്ലിന്‍ കമ്പനി അയക്കുകയുണ്ടായി. ആ കത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു:

"2. എസ്.എന്‍.സി ലാവ്ലിനും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സൊസൈറ്റിയും തമ്മിലുള്ള ബന്ധത്തിന് ആധാരമായ ആദ്യത്തെ എം.ഒ.യു 1998 ഏപ്രില്‍ 25നാണ് ഒപ്പുവെച്ചത്. അത് കുറെക്കാലമായി കാലഹരണപ്പെട്ടിരിക്കുകയാണ്. രണ്ടിലേറെ കൊല്ലങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ ഒരു പുതിയ കരട് കരാര്‍ സമര്‍പ്പിക്കുകയുണ്ടായി. അതിനെ സംബന്ധിച്ച സൊസൈറ്റിയുടെ പ്രതികരണം ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടുപോകുന്നതിനുമുമ്പ് ആ കരട് കരാര്‍ ചര്‍ച്ച ചെയ്ത് ഒപ്പുവയ്ക്കപ്പെടേണ്ടതുണ്ട്.''

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് എംഒയു കാലഹരണപ്പെട്ടു. ഒരു കരാര്‍ ഒപ്പിടുന്നതിന് ലാവ്ലിന്‍ കമ്പനി സന്നദ്ധമായിരുന്നിട്ടും അവരുമായി യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടില്ല. അതിന്റെ ഫലമായി സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന് യുഡിഎഫ് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദി. പിണറായി വിജയനോ എല്‍ഡിഎഫ് സര്‍ക്കാരോ അതിന് ഒട്ടുംതന്നെ ഉത്തരവാദികളല്ല.

സിബിഐ ചട്ടുകമായി

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ടോ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടോ ഒരു അഴിമതിയിലും പിണറായി വിജയന്‍ ഉള്‍പ്പെട്ടിട്ടില്ല. 1996 മെയിലാണ് പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായി ചാര്‍ജെടുത്തത്. 1998 ഒക്ടോബറില്‍ മന്ത്രിപദവി ഒഴിഞ്ഞ് കേരളത്തിലെ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതപദ്ധതികളുടെ എംഒയുവും നിര്‍വഹണ-കസള്‍ട്ടന്‍സി കരാറുകളും ഒപ്പിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യഥാക്രമം 1995 ആഗസ്ത് 10നും 1996 ഫെബ്രുവരി 24നും ആണ്. പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായതിനുശേഷം, 1996 ആഗസ്ത് 22നും 23നും ചേര്‍ന്ന പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന്റെ അനുവാദത്തോടെ, അദ്ദേഹം കനഡ സന്ദര്‍ശിക്കുകയും എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായും മറ്റ് ബന്ധപ്പെട്ട അധികൃതരുമായും ചര്‍ച്ച നടത്തുകയുംചെയ്തു. കസള്‍ട്ടന്‍സി ചാര്‍ജും കനഡയില്‍നിന്ന് വാങ്ങിയ ഉപകരണങ്ങളുടെ വിലയും അവയുടെ അളവും കുറയ്ക്കുന്നതിന് ആ ചര്‍ച്ചകള്‍ സഹായകമായി. 1997 ഫെബ്രുവരി 10ന് അനുബന്ധ കരാര്‍ ഒപ്പിട്ടതുവഴി മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ എംഒയുവിലും കരാറിലും വരുത്തുകയും ചെയ്തു. 1996 നവംബര്‍ 10-12 തീയതികളിലും 1996 നവംബര്‍ 28-29 തീയതികളിലും ചേര്‍ന്ന പാര്‍ടിയുടെ സെക്രട്ടറിയറ്റ് യോഗങ്ങളില്‍ കനഡയിലെ ചര്‍ച്ചകളുടെ ഫലം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി. ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട വിഷയങ്ങളും സംസ്ഥാന സെക്രട്ടറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 1997 മെയ് 30നും 31നും ചേര്‍ന്ന പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗമാണ് ഇ കെ നായനാര്‍ക്കും പിണറായി വിജയനും കനഡ സന്ദര്‍ശിക്കാനുള്ള അനുവാദം നല്‍കിയത്. ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായത്തിനുള്ള എംഒയു ഒപ്പിട്ടത് 1998 ഏപ്രില്‍ 25നാണ്. 1998 ഒക്ടോബര്‍ മൂന്നിന് അത് വീണ്ടും പുതുക്കി.
പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനും വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചത് 1999ലാണ്. ഒന്നാംഘട്ടം 2001ല്‍ കമീഷന്‍ചെയ്തു. ഈ പദ്ധതിയുടെ അവസാനഘട്ടം 2003 ജനുവരിയില്‍ പൂര്‍ത്തീകരിച്ച് കമീഷന്‍ചെയ്തു. കരാറുകളില്‍ എസ്എന്‍സി ലാവ്ലിന്‍ കമ്പനിക്ക് നല്‍കാമെന്ന് വ്യവസ്ഥ ചെയ്തിരുന്ന ആകെ തുക 149 കോടി രൂപയായിരുന്നു. ഇന്ത്യയില്‍നിന്ന് വാങ്ങിച്ച ഉപകരണങ്ങള്‍ക്കും മറ്റുമായി കെഎസ്ഇബി ചെലവഴിച്ചത് ഏതാണ്ട് 90 കോടി രൂപയുമാണ്. ഈ മൂന്നു പദ്ധതികളും പൂര്‍ത്തിയായപ്പോള്‍ അവയ്ക്കുവേണ്ടി ആകെ വേണ്ടിവന്ന ചെലവ് 374.5 കോടി രൂപയാണ് എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്. കനഡയുടെ ഡോളറിന്റെ മൂല്യത്തില്‍ വന്ന വ്യത്യാസം, ഭാവിയില്‍ കൊടുക്കേണ്ടിവരുന്ന പലിശ, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയെല്ലാം കൂട്ടിയിട്ടാണ് ഈ അധികത്തുക കിട്ടിയത്.

എംഒയു പ്രാബല്യത്തില്‍ ഉണ്ടായിരുന്ന കാലത്ത് മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഒന്നാംഘട്ടത്തിന്റെ പ്രവര്‍ത്തനം എസ്എന്‍സി ലാവ്ലിന്‍ കമ്പനി നിര്‍വഹിച്ചു; 2000, 2001 വര്‍ഷങ്ങളില്‍ ഏതാണ്ട് 12 കോടി രൂപ ചെലവഴിച്ചു. 2001 തൊട്ട് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഗവേണിങ് ബോഡിയുടെ ചെയര്‍മാനായ മുഖ്യമന്ത്രി എ കെ ആന്റണിയുടെ അധ്യക്ഷതയില്‍ 2002 ജനുവരി 15ന് ചേര്‍ന്ന മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഗവേണിങ് ബോഡി ക്യാന്‍സര്‍ സെന്ററിന്റെ വാര്‍ഷിക കണക്കുകള്‍ അംഗീകരിച്ചു. വിദേശ സംഭാവന സ്വീകരിച്ച മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടുകളും രേഖകളും ഇന്ത്യാഗവമെന്റിന്റെ ആഭ്യന്തരമന്ത്രാലയവും പരിശോധിക്കുകയുണ്ടായി. 13 കോടി രൂപയോളം വരുന്ന വിദേശ സംഭാവന ഉപയോഗിക്കുന്ന കാര്യത്തില്‍ ഒരുവിധ ദുരുപയോഗമോ പണാപഹരണമോ പരിശോധനയില്‍ കാണുകയുണ്ടായില്ല എന്ന് ആഭ്യന്തരമന്ത്രാലയം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുണ്ട്. 2001 ഏപ്രില്‍ 26ന്റെ മന്ത്രാലയത്തിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നത് ഒരു വസ്തുതയാണ്. എന്നാല്‍, വൈദ്യുതപദ്ധതികളുമായി ബന്ധപ്പെട്ട പണികള്‍ക്കുള്ള കരാറുകളില്‍ ഒപ്പിടുമ്പോള്‍, ക്യാന്‍സര്‍ സെന്റര്‍പോലെ മറ്റേതെങ്കിലും ഉദ്ദേശ്യത്തിനുള്ള ധനസഹായത്തിനോ ഗ്രാന്റിനോ വേണ്ടിയുള്ള കരാറില്‍ ഭാവിയില്‍ ഏര്‍പ്പെടരുത്. അത് അടിസ്ഥാനകരാറിന്റെ കളങ്കമില്ലായ്മയില്‍ സംശയം ജനിപ്പിച്ചേക്കാം. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ കാര്യത്തില്‍ എംഒയുവും നിര്‍വഹണ/കസള്‍ട്ടന്‍സി കരാറുകളും ഒപ്പിട്ടത് യുഡിഎഫ് സര്‍ക്കാരാണ്; അതേ അവസരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം ആദ്യത്തെ കരാറിലുണ്ടായിരുന്ന ചെലവുകള്‍ കുറെ കുറയ്ക്കാന്‍ കഴിഞ്ഞുവെന്നതാണ് വസ്തുത.

സിബിഐ കേസ്

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ എസ്എന്‍സി ലാവ്ലിന്‍ കരാറിനെക്കുറിച്ച് വിജിലന്‍സ്വകുപ്പിന്റെ അന്വേഷണത്തിന് ആ സര്‍ക്കാര്‍ ഉത്തരവിട്ടത് 2003 മാര്‍ച്ച് ആറിനാണ്. സിഎജിയുടെ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അത്. വിശദമായ അന്വേഷണം നടത്തിയ വിജിലന്‍സ്വകുപ്പ് കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് 2006 ഫെബ്രുവരി 10ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ വന്ന ഏതെങ്കിലും വീഴ്ചയ്ക്ക് പിണറായി വിജയനെ ഉത്തരവാദിയായി കാണാന്‍ കഴിയില്ലെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്, അസന്ദിഗ്ധമായി പ്രസ്താവിക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് തങ്ങളുടെ രാഷ്ട്രീയലക്ഷ്യത്തിന് ഉതകുന്നതല്ലെന്നു കണ്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചു. 2006 മാര്‍ച്ച് ഒന്നിന് അസംബ്ളി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഈ വിഷയം സിബിഐക്ക് വിടാനും അവര്‍ നിശ്ചയിച്ചു.

സിബിഐ അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുവാദത്തിനായി ഗവര്‍ണറോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട്ചെയ്യാനുള്ള അനുവാദത്തിന് കേരള സര്‍ക്കാരിനോടും അഭ്യര്‍ഥിച്ചു. ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനയുമാണ് പിണറായി വിജയന്റെമേല്‍ സിബിഐ ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍. പിണറായി വിജയന്‍ എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയെന്നോ സാമ്പത്തികലാഭം ഉണ്ടാക്കിയെന്നോ ഉള്ള ആരോപണം സിബിഐ ഉന്നയിക്കുന്നില്ല. സിബിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഢാലോചനയുടെ ഉപജ്ഞാതാവ് യുഡിഎഫ് മന്ത്രിയായിരുന്ന ജി കാര്‍ത്തികേയനാണ്. 1996 മെയില്‍ വൈദ്യുതിമന്ത്രിയായിത്തീര്‍ന്ന പിണറായി വിജയന്‍ പിന്നീട് ആ ഗൂഢാലോചനയില്‍ പങ്കാളിയായി. ഗൂഢാലോചനയുടെ രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം തലശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുക എന്നതായിരുന്നുവെന്നും പിണറായി വിജയന്‍ ജനിച്ച ജില്ലയില്‍പ്പെടുന്ന സ്ഥലമാണ് തലശേരിയെന്നും സിബിഐ തുടര്‍ന്ന് പ്രസ്താവിക്കുന്നു. 1995ല്‍ ഗൂഢാലോചനയുടെ ഉപജ്ഞാതാവ് ജി കാര്‍ത്തികേയനാണെന്ന് സിബിഐ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തെ സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിബിഐ റിപ്പോര്‍ട്ട് അനുസരിച്ച്, തലശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കപ്പെട്ടതാണ് ക്രിമിനല്‍ ഗൂഢാലോചനയില്‍നിന്ന് പിണറായി വിജയന്‍ ഉണ്ടാക്കിയ നേട്ടം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ മണ്ഡലമാണ് തലശേരി എന്ന കാര്യം ഓര്‍ക്കണം.

രാഷ്ട്രീയപ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കുന്നതിനും രാഷ്ട്രീയസുഹൃത്തുക്കളെ ക്രിമിനല്‍ബാധ്യതകളില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുന്നതിനുംവേണ്ടി സിബിഐയെ ഒരു ചട്ടുകമാക്കി കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയപ്രതിയോഗികള്‍ക്ക് എതിരായി കള്ളക്കേസുകള്‍ ചുമത്തുന്നതിന് സിബിഐയെ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പിണറായി വിജയന്റെ പേരിലുള്ള ഈ കേസ്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി സിബിഐയെ ചട്ടുകമാക്കി ദുരുപയോഗംചെയ്യുന്ന കേന്ദ്രഭരണകക്ഷിയുടെ ഈ നടപടി, ഗൌരവമായ പൊതുതാല്‍പ്പര്യം അര്‍ഹിക്കുന്ന കാര്യമാണ്.

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതിക്കുവേണ്ടി സിബിഐ അപേക്ഷിച്ചപ്പോള്‍ അദ്ദേഹം മന്ത്രിസഭയുടെ അഭിപ്രായം ആരാഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന മന്ത്രിസഭ, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. സിബിഐ റിപ്പോര്‍ട്ടിലുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റമൊന്നും ചുമത്താനാകില്ലെന്ന് പ്രസ്താവിച്ചുകൊണ്ടുള്ള അഭിപ്രായമാണ് എജി, സംസ്ഥാന മന്ത്രിസഭയ്ക്ക് നല്‍കിയത്. പൊതുജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ഗുണത്തിനുവേണ്ടി തന്നില്‍ നിക്ഷിപ്തമായ കടമകള്‍ വൈദ്യുതിമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ നിര്‍വഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് ലഭ്യമായ വസ്തുതകള്‍ വെളിപ്പെടുത്തുന്നതെന്നും എജി പ്രസ്താവിച്ചു. അതുകൊണ്ട് സിബിഐ ആവശ്യപ്പെടുന്നപോലെ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കേണ്ട ആവശ്യമില്ലെന്നും എജി ശുപാര്‍ശചെയ്തു. 2009 മെയില്‍ ചേര്‍ന്ന മന്ത്രിസഭയോഗം, എജിയുടെ അഭിപ്രായം സ്വീകരിച്ചു; പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കേണ്ടതില്ലെന്ന് ഗവര്‍ണറെ മന്ത്രിസഭ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിയും നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍, മന്ത്രിസഭയുടെ ശുപാര്‍ശ തള്ളിക്കളഞ്ഞ ഗവര്‍ണര്‍, പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് 2009 ജൂണ്‍ ഏഴിന് ഇറക്കുകയാണുണ്ടായത്. ഈ കേസ് ഇപ്പോള്‍ സിബിഐ കോടതിക്കു മുന്നിലാണ്.

മന്ത്രിമാരുടെ അഭിപ്രായത്തിന് വിഷയം വിട്ടശേഷം മന്ത്രിസഭയുടെ ഉപദേശം തള്ളിക്കളഞ്ഞ ഗവര്‍ണറുടെ നടപടി പക്ഷപാതപരമാണ്; ദുഷ്പ്രേരിതമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ അഡ്വക്കറ്റ് ജനറലില്‍നിന്നോ രാജ്യത്തിന്റെ അറ്റോര്‍ണി ജനറലില്‍നിന്നോ ഒരു ഉപദേശവും ഗവര്‍ണര്‍ ആരായുകയുണ്ടായില്ല. ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയില്‍നിന്നു ലഭിച്ച സ്വകാര്യ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഉത്തരവിട്ടതെന്ന് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, ആ ജഡ്ജിയുടെ പേര്‍ ആ ഉത്തരവില്‍ വെളിപ്പെടുത്തുന്നുമില്ല. ഗവര്‍ണര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ മുഴുവനും തെറ്റാണ്; ദുരുപദിഷ്ടമാണ്.

പാര്‍ടി നിലപാട് സുവ്യക്തം

എസ്എന്‍സി ലാവ്ലിന്‍ പ്രശ്നത്തില്‍ കേന്ദ്രകമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും താഴെ പറയുന്ന നിലപാടാണ് സ്വീകരിച്ചത്:

1. 2006 മാര്‍ച്ച് 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ പത്രക്കുറിപ്പിലെ ചില ഭാഗങ്ങള്‍:

ചില വൈദ്യുതപദ്ധതികളുടെ നവീകരണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്രകമ്മിറ്റി അപലപിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൈക്കൊണ്ട ഈ തീരുമാനം പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ ഈ കേസില്‍ കുടുക്കാനുള്ള നഗ്നമായ രാഷ്ട്രീയനീക്കമാണിത്. ഇതേ യുഡിഎഫ് ഗവമെന്റ് തന്നെയാണ് ഇതിനുമുമ്പ് ഇക്കാര്യം അന്വേഷിക്കുന്നതിന് സംസ്ഥാന വിജിലന്‍സ് വകുപ്പിനെ ഏല്‍പ്പിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് യുഡിഎഫ് ഗവമെന്റിന് സമര്‍പ്പിച്ചു. എന്നാല്‍, യുഡിഎഫിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് ഉതകുന്നതല്ല അത് എന്നതിനാല്‍, മന്ത്രിസഭ ഇക്കാര്യം സിബിഐക്ക് വിടാന്‍ തീരുമാനിക്കുകയാണുണ്ടായത്.

കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ സംബന്ധിച്ച് ബന്ധപ്പെട്ട നിയമസഭാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും പരിശോധന നടത്തുകയും വേണം. ഇക്കാര്യത്തിലുള്ള ഏത് അന്വേഷണത്തേയും നേരിടാന്‍ സി.പി.ഐ (എം) തയ്യാറാണെന്ന് പാര്‍ടി എല്ലായ്പ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. യു.ഡി.എഫ് ഗവമെന്റിന്റെ അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും ദയനീയമായ റെക്കോര്‍ഡില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ അകറ്റുന്നതിനുവേണ്ടി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വം കൈക്കൊള്ളുന്ന അത്തരം തന്ത്രങ്ങളൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്ന് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാണിച്ചു.''

2. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചതിനുശേഷം 2009 ജനുവരി 22ന് പൊളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പത്രപ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു:

"സി.പി.ഐ (എം)ന്റെ കേരള സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതിമന്ത്രിയുമായ പിണറായി വിജയനെ എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ കൈക്കൊണ്ട നടപടികള്‍ രാഷ്ട്രീയപ്രേരിതമാണ്. അന്നത്തെ ഉമ്മന്‍ചാണ്ടി ഗവമെന്റ് നടത്തിച്ച വിജിലന്‍സ് അന്വേഷണത്തില്‍ സ: വിജയന്റെ പേരില്‍ തെറ്റൊന്നും കാണാത്തതിനാല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതാണ്. തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ കേസ് സി.ബി.ഐക്ക് വിട്ടത് എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. "

അസംബ്ളി തിരഞ്ഞെടുപ്പാണ് തൊട്ടുമുമ്പ്, അന്ധമായ രാഷ്ട്രീയപക്ഷപാത ലക്ഷ്യങ്ങളോടെ കൈക്കൊണ്ട നടപടിയാണ് അതെന്ന് പ്രസ്താവിച്ചുകൊണ്ട് സി.പി.ഐ (എം) അതിനെ അപലപിച്ചു. ഇപ്പോള്‍ ലോക്‍സഭാ തിരഞ്ഞെടുപ്പ് ആസന്നമായപ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി ആ കേസ് കുത്തിപ്പൊക്കിയിരിക്കുകയാണ്.

"രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷി ഉപയോഗപ്പെടുത്തുന്നത്, ഉല്‍കണ്ഠാജനകമായ ഒരു വിഷയമാണ്. സി.പി.ഐ (എം) ഈ പ്രശ്നത്തെ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരും; ഈ നീക്കത്തിനു പിന്നിലുള്ള രാഷ്ട്രീയ കള്ളക്കളിയെ തുറന്നു കാണിക്കും.''

3. 2009 ഫെബ്രുവരി 14ന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം പുറപ്പെടുവിച്ച പത്രക്കുറിപ്പ്:

"സഖാവ് പിണറായി വിജയനെ എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമായിട്ടാണെന്ന തങ്ങളുടെ മുന്‍ നിലപാട് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍നിന്നും രാഷ്ട്രീയ സ്വാധീനത്തില്‍നിന്നും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ മുക്തമല്ല എന്നത് ഖേദകരമാണ്.

"മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്.എന്‍.സി ലാവ്ലിനുമായുണ്ടാക്കിയ കരാര്‍ തുടങ്ങിവെച്ചത്, അതിനു മുമ്പത്തെ കോഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഗവമെന്റ് ആണ്. അത് തുടര്‍ന്നുകൊണ്ടുപോകാനുള്ള തീരുമാനം കൈക്കൊണ്ടത് ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന എല്‍.ഡി.എഫ് ഗവമെന്റാണ്. ആ നിര്‍ദ്ദേശം പാര്‍ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. വൈദ്യുതി മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ആ തീരുമാനം നടപ്പാക്കുകയാണ് ചെയ്തത്.

"സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുന്ന ഏതൊരാളും സി.ബി.ഐയുടെ പ്രോസിക്യൂഷന്‍ നടപടിക്ക് വിധേയനാകേണ്ടിവരികയാണെങ്കില്‍, തല്‍സ്ഥാനത്തുനിന്ന് മാറി നില്‍ക്കണം എന്ന അഭിപ്രായമാണ് സി.പി.ഐ (എം) എല്ലായ്പ്പോഴും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പിണറായി വിജയന്‍ മന്ത്രിയോ ഗവമെന്റ് ഉദ്യോഗസ്ഥനോ അല്ലാത്തതുകൊണ്ട്, ഇത് അദ്ദേഹത്തിന് ബാധകമാകുന്നില്ല. ഈ കേസിനെ പാര്‍ടി രാഷ്ട്രീയമായും കോടതിയില്‍ വരികയാണെങ്കില്‍ നിയമപരമായും നേരിടും.''

*
ദേശാഭിമാനി ദിനപ്പത്രത്തില്‍ 2009 ജൂലൈ 21 മുതല്‍ 24 വരെ പ്രസിദ്ധീകരിച്ചത്

15 July, 2009

ഇടതുപക്ഷത്തെക്കുറിച്ചുള്ള ചിന്തകൾ

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എറ്റവും പ്രധാന സവിശേഷത ഒരു പക്ഷെ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി ആയിരിക്കും. ബി.ജെ.പി നേരിട്ട തിരിച്ചടി ഒട്ടൊക്കെ പ്രതീക്ഷിച്ചതായിരുന്നു. തെരെഞ്ഞെടുപ്പ് വിശകലന വിദഗ്ദർ മാത്രമാണ് മറിച്ച് കണക്ക് കൂട്ടിയവർ. ഇടതുപക്ഷത്തിനും ചില്ലറ പരിക്കുകകൾ പറ്റുമെന്ന് കണക്കുകൂട്ടിയിരുന്നു, എന്നാൽ അവർക്കേറ്റ വമ്പിച്ച തിരിച്ചടി എല്ലാ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. അവരുടെ വോട്ടിംഗ് ശതമാനത്തിൽ നാമമാത്രമായ കുറവു മാത്രമേ വന്നുള്ളൂ എന്നത് വാസ്തവമാണ്. എന്നാൽ അവരുടെ ശക്തിദുര്‍ഗമായ ബംഗാളിൽ ഏകദേശം മൂന്നിലൊന്നു നിയമസഭാ നിയോജകമണ്ഡലങ്ങളിലും കേരളത്തിൽ അതിലും കുറവ് നിയോജകമണ്ഡലങ്ങളിലും മാത്രമേ ഭൂരിപക്ഷം നേടാനായുള്ളൂ എന്നത് വലിയ പിന്നോട്ടടി തന്നെയാണ്. ഇന്നത്തെ അവസ്ഥയിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരാനുള്ള അവകാശവാദങ്ങളൊന്നും ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്നില്ല. എങ്കിലും, ഒരു ആധുനിക, മതേതര, ജനാധിപത്യ സമൂഹമായി മാറാനുള്ള ഭാരതത്തിന്റെ യാത്രയിൽ ഒരു മുഖ്യ ചാലകശക്തിയാണ് ഇടതുപക്ഷം എന്നതിനാലാണ് അവർക്കേറ്റ ഈ തിരിച്ചടി അത്യന്തം ഗൌരവപൂർണ്ണമാകുന്നത്. തീർച്ചയായും അവർ മാത്രമല്ല, മറ്റനേകം പുരോഗമന, സാമൂഹ്യ , രാഷ്‌ട്രീയ സംഘടനകളും ഇത്തരം കടമകൾ നിർ‌വഹിക്കുന്നുണ്ട്. എന്നാൽ ഇടതുപക്ഷം ഇവരിൽ നിന്നെല്ലാം വ്യത്യസ്തമാകുന്നത് ഒരു കാര്യത്തിലാണ്, തെരെഞ്ഞെടുപ്പുകളിൽ മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത രീതിയില്‍ അവർക്ക് ജനപിന്തുണ ലഭിക്കുന്നുണ്ട് എന്നതാണത്. തീർച്ചയായും അതൊരു പ്രധാന ഘടകമാണ്. അതിനാൽ തന്നെ ജനപിന്തുണയിലുണ്ടാകുന്ന ഏതൊരു കുറവും ഭാരതത്തിന്റെ ജനാധിപത്യ വിപ്ലവത്തിലേക്കുള്ള മുന്നോട്ടു പോക്കിനെ തടസ്സപ്പെടുത്തുക തന്നെ ചെയ്യും.

ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങൾ വിശകലനം ചെയ്യാനും അവർക്ക് തിരിച്ച് വരാൻ വേണ്ട ഉപദേശങ്ങൾ നൽകാനും മാധ്യമങ്ങൾ ധാരാളം സമയവും സ്ഥലവും ചെലവഴിക്കുന്നുണ്ട് . പക്ഷെ ഇതെല്ലാം കേന്ദ്രീകരിക്കുന്നത് ഒരു ബിന്ദുവിലാണ് എന്നത് പറയാതെ വയ്യ. ഇടതുപക്ഷം “സാമ്രാജ്യത്വ”ത്തെക്കുറിച്ചുള്ള “അകാരണമായ ഭീതി” ഉപേക്ഷിക്കണമെന്നാണവരെല്ലാം ആവശ്യപ്പെടുന്നത്. ഇതു പലപ്പോഴും നേരിട്ടും ( ഹിന്ദു പത്രവുമായുള്ള ഇന്റർവ്യൂവിൽ ലോർഡ് മേഘനാഥ് ദേശായി പറഞ്ഞപോലെയോ) മറ്റു ചിലപ്പോൾ വ്യംഗ്യമായും ആണ് സൂചിപ്പിക്കപ്പെടുന്നത്. ഇടതുപക്ഷം യു പി എ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കരുതായിരുന്നു എന്നു ചിലർ പറയുന്നു. അമേരിക്കൻ സാമ്രാജ്യത്വവുമായി ഭാരതം ഏര്‍പ്പെടാൻ സാദ്ധ്യതയുള്ള തന്ത്രപരമായ സഖ്യത്തിക്കുറിച്ചുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് ഇടതുപക്ഷം യു പി എ സർക്കാരിനുള്ള പിന്തുണ പിൻ‌വലിച്ചത് എന്നതിനാൽ, ഈ വാദം ഉയർത്തുന്നവർ പറയാതെ പറയുന്നത് ഇടതുപക്ഷം സാമ്രാജ്യത്വ ഭീഷണിയെ പെരുപ്പിച്ചു കാണിക്കുന്നു എന്നു തന്നെയാണ്. മറ്റു ചിലരുടെ വാദമാകട്ടെ, ഈ ജനവിധി “വികസന”ത്തിനു വേണ്ടിയുള്ള ജനവിധി ആണെന്നതാണ്. അവരർത്ഥമാക്കുന്നത് ഇടതുപക്ഷത്തിനേറ്റ തിരിച്ചടി “വികസനം” ( നവലിബറൽ മാതൃകകൾക്കകത്ത് നിന്നുകൊണ്ട് ബഹുരാഷ്‌ട്രക്കുത്തകകളുടെ നിക്ഷേപത്തിനായി സംസ്ഥാനങ്ങൾ തങ്ങളിൽ തങ്ങളിൽ മത്സരിച്ച് ) കൊണ്ടുവരുന്നതിൽ അവർ പരാജയപ്പെട്ടതു മൂലമാണെന്നാണ്. നവ ലിബറൽ മാതൃകകളെ ഇടതുപക്ഷം എതിർക്കുന്നത് ( ഈ എതിർപ്പിന് സാമ്രാജ്യത്വ വിരുദ്ധതയുമായി അഭേദ്യമായ ബന്ധമുണ്ട്) കാലഹരണപ്പെട്ട ആശയങ്ങളുടെ തടവറയിലായതിനാലാണെന്നും അതിനാലാണവർക്ക് തിരിച്ചടിയുണ്ടായതെന്നുമാണ് ഈ വാദത്തിലൂടെ ചിലർ പറയുവാൻ ശ്രമിക്കുന്നത്. മറ്റു ചിലർ ഉയർത്തുന്ന വാദം കേന്ദ്രത്തിൽ മതേതരവും സുസ്ഥിരവുമായ ഭരണം ഉണ്ടാകണമെന്ന ആഗ്രഹം മൂലം യു പി എ യ്ക്ക് അനുകൂലമായി ഒരു തരംഗം ഉണ്ടായി എന്നും ബി ജെ പി യുമായി മുമ്പ് സഖ്യമുണ്ടാക്കിയിട്ടുള്ള ചില കക്ഷികളുമായി ചേർന്ന് മൂന്നാം മുന്നണി കെട്ടിപ്പടുക്കാൻ ശ്രമിച്ചതിനാൽ അത് ഇടതുപക്ഷത്തെ വളരെ പ്രതികൂലമായി ബാധിച്ചു എന്നുമാണ്. ഇടതുപക്ഷം “മൂന്നാം മുന്നണിയിയിലെ” സഖ്യകക്ഷികളുമായി യാതൊരു തെരെഞ്ഞെടുപ്പ് ധാരണയുമുണ്ടാക്കാതെ ഒറ്റയ്ക്ക് മത്സരിക്കണമായിരുന്നു എന്നാണോ ഇതിൽ നിന്നും നാം എത്തിച്ചേരേണ്ട നിഗമനം? ചിലർ പറയുന്നത് അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇടതുപക്ഷത്തിന് അതിന്റെ പ്രത്യയശാസ്ത്രധാരണകളിലെങ്കിലും ഉറച്ചു നിൽക്കാമായിരുന്നു എന്നാണ്. (എന്നാൽ, അങ്ങനെ ചെയ്തിരുന്നുവെങ്കിലും ഇടതുപക്ഷത്തിനേറ്റ തെരെഞ്ഞെടുപ്പ് പരാജയം ഒഴിവാക്കാനാകുമായിരുന്നു എന്നു തോന്നുന്നില്ല). ഇനി അതല്ല, ആര്‍ക്കനുകൂലമായാ‍ണോ ഇത്തരം തരംഗങ്ങള്‍ വീശിയടിക്കുന്നത്, അവര്‍ക്കൊപ്പം ഇടതുപക്ഷം എല്ലായ്പ്പോഴും നിലകൊള്ളണം എന്നാണ് ഇതില്‍ നിന്നുമുണ്ടാകുന്ന അനുമാനം എങ്കില്‍ അതിന്റെ അര്‍ത്ഥം യു.പി.എയുടെ സ്ഥിരം സഖ്യകക്ഷിയാകുന്നതിനായി ഇടതുപക്ഷം തങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവം ഉപേക്ഷിക്കണമെന്നാണ് ‍. ചുരുക്കത്തില്‍ ഇടതുപക്ഷത്തിനു ലഭിക്കുന്ന ഏറ്റവും സര്‍വസാധാരണമായ ഉപദേശം സാമ്രാജ്യത്വത്തെച്ചൊല്ലിയുള്ള അര്‍ത്ഥശൂന്യമായ ബഹളം വെക്കല്‍ നിര്‍ത്തണം എന്നാണ്.

ഇതിൽ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല. ലോകത്തെവിടെയുമുള്ള അനുഭവം നമ്മെ അതാണ് പഠിപ്പിക്കുന്നത്. എവിടെയൊക്കെ നഗരങ്ങളിലെ മധ്യവര്‍ഗം( urban middle class) ആഗോളവൽക്കരണത്തിന്റെ വിപരീത ഫലങ്ങളിൽ നിന്നും തത്ക്കാലം വിമുക്തരാണോ അവിടങ്ങളിലൊക്കെ വിദ്യാര്‍ത്ഥികളുടേയും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടേയും എഴുത്തുകാരുടേയുമൊക്കെ ഇടയിൽ സാമ്രാജ്യത്വ വിരുദ്ധ വികാരം വളരെ കുറവായാണ് കാണപ്പെടുന്നത്. എന്നു മാത്രല്ല, മത മൌലികവാദം, വർഗീയ ഫാഷിസം, ജന്മി-പുരുഷ മേധാവിത്വ പ്രവണതകൾ എന്നിവയെ പ്രതിരോധിച്ചുകൊണ്ട് തികച്ചും മതേതരവും പുരോഗമനപരവുമായ ഒരു ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള മുന്നുപാധി എന്ന നിലയ്ക്ക് സാമ്രാജ്യത്വവുമായുള്ള അടുത്ത സഹകരണത്തെ സ്വാഗതം ചെയ്യുവാനുള്ള ആഗ്രഹം പോലും ഇവരിൽ കാണാൻ കഴിയുന്നുണ്ട്. സാധാരണയായി ഇടതുപക്ഷ ആശയങ്ങൾ ശക്തി നേടുന്നത് ഇടതുപക്ഷ ബുദ്ധിജീവികൾ‍, എഴുത്തുകാർ‍, നഗരങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ എന്നിവരടങ്ങുന്ന നിരയില്‍ നിന്നാണെന്നതു കൊണ്ടു തന്നെ- ഇവരുടെ ആശയങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നത്, ആഗോളവല്‍ക്കരണ നയങ്ങളുടെ കെടുതികൾ അനുഭവിക്കേണ്ടി വരുന്ന, എന്നാല്‍ സാമൂഹ്യശാസ്ത്രപരമായ നിർവചനമനുസരിച്ച് “ബുദ്ധിജീവി”എന്ന ഗണത്തിൽ പെടാത്ത, തൊഴിലാളികളും കൃഷിക്കാരും നടത്തുന്ന ചെറുത്തുനിൽ‌പ്പുകളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും ആണെങ്കിലും- എവിടെയൊക്കെ നഗരങ്ങളിലെ മധ്യവർഗം( urban middle class) ആഗോളവൽക്കരണത്തിന്റെ വിപരീത ഫലങ്ങളാൽ പീഡിപ്പിക്കപ്പെടുന്നുവോ, അവിടങ്ങളിലൊക്കെ അവർ കർഷകരോടും തൊഴിലാളികളോടുമൊപ്പം അണി നിരക്കുകയും തദ്വാരാ ഇടതുപക്ഷ മുന്നേറ്റങ്ങൾക്ക് കൂടുതൽ ഇന്ധനം പകർന്നുനൽകുകയും ചെയ്യുന്നുണ്ട്. )എന്നാൽ, എവിടെയൊക്കെ നഗരങ്ങളിലെ മധ്യവർഗം ആഗോളവൽക്കരണത്തിന്റെ ഗുണഭോക്താക്കളാവുന്നുവോ, അവിടെയൊക്കെ ഇടതുപക്ഷം പല പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലും‍- ഇവിടെ സാമ്രാജ്യത്വത്തിനും ആഗോളവൽക്കരണത്തിനുമെതിരായ ചെറുത്തുനിൽ‌പ്പുകള്‍ക്ക് നേതൃത്വം നൽകുന്നത് ഇടതേതര ശക്തികളായിരിക്കും- ഇടതുപക്ഷം തങ്ങളുടെ “അടിസ്ഥാന വർഗ്ഗങ്ങളുടെ” താൽ‌പ്പര്യങ്ങൾ സംരക്ഷിക്കുന്നതില്‍ (മാത്രം) പ്രതിജ്ഞാബദ്ധരായിരിക്കുകയും, ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുകയും ചെയ്യുന്ന ഇടങ്ങളിലും, അവര്‍ പലപ്പോഴും ബുദ്ധിജീവി വര്‍ഗങ്ങളിൽ നിന്നും നഗരങ്ങളിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരിലും, വിദ്യാർത്ഥികളിലും നിന്നും ഒറ്റപ്പെടുക എന്ന ദുർഗതിക്കിരായാകാറുണ്ട്. ( ഈ നഷ്ടം യഥാര്‍ത്ഥമാണെങ്കിലും, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പ്രതിരോധത്തിലൂടെ കര്‍ഷകജനസാമാന്യത്തിന്റെ പിന്തുണ കൂടുതലായി നേടിക്കൊണ്ട് ഇതിനെ മറികടക്കാനാകും).

ഇന്നിപ്പോൾ ലാറ്റിൻ അമേരിക്കയിൽ നാം കാണുന്ന ഇടതുപക്ഷ മുന്നേറ്റം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. ജനജീവതം ദുരിതമയമാക്കിയ വര്‍ഷങ്ങൾ നീണ്ടുനിന്ന പ്രതിസന്ധിയുടെയും അതിനെതിരായ ചെറുത്തു നിൽ‌പ്പിലൂടെയുമാണ് ആ ഭൂഖണ്ഡത്തിലൊട്ടുമിക്കവാറും ഇടങ്ങളിൽ ഇടതുപക്ഷ/ ഇടതാഭിമുഖ്യമുള്ള ഭരണകൂടങ്ങൾ ഉണ്ടായത്. നീണ്ടുനിന്ന ഈ ചെറുത്തുനിൽ‌പ്പുകൾ നഗരങ്ങളിലെ യുവാക്കളെയും വിദ്യർത്ഥികളെയും ബുദ്ധിജീവികളെയുമൊക്കെ രാഷ്‌ട്രീയവൽക്കരിക്കുകയായിരുന്നു. മറുവശത്താകട്ടെ, ആഗോളവൽക്കരണത്തിന്റെ തിക്തഫലങ്ങൾ നേരിട്ടധികമൊന്നും അനുഭവിച്ചിട്ടില്ലാത്ത മദ്ധ്യേഷ്യയിലെയും, ഇപ്പോൾ ഇറാനിലേയും, യുവാക്കൾക്കിടയിൽ സാമ്രാജ്യത്വത്തിന് ഇന്ന് ഒട്ടേറെ അനുഭാവികളുണ്ട്. ആധുനികതയും ജനാധിപത്യവും ഒപ്പം നവലിബറലിസവും ഉറപ്പാക്കുമെന്ന് വിശ്വസിക്കപ്പെടുന്ന “ഓറഞ്ച്”, “ടുലിപ്പ്”, “വെൽ‌വെറ്റ് ” വിപ്ലവങ്ങൾക്ക് പിന്നിൽ ആയിരക്കണക്കിന് നഗരവാസികളെ അണിനിരത്താൻ സാമ്രാജ്യത്വത്തിന് കഴിയുന്നതും മറ്റൊന്നും കൊണ്ടല്ല. ഇന്‍ഡ്യയിലാകട്ടെ, ആഗോളവൽക്കരണ നയങ്ങളുടെ ഫലമായി ഒരു വശത്ത് തൊഴിലാളികളും, ദരിദ്രകർഷകരും, കർഷകതൊഴിലാളികളും, ചെറുകിട ഉൽ‌പ്പാദകരുമെല്ലാം അനുഭവിക്കുന്ന ദുരന്തന്തങ്ങള്‍ക്കൊപ്പം മറുവശത്ത് ഉയർന്ന വളർച്ചാ നിരക്കും അതു നഗരങ്ങളിലെ ഇടത്തരക്കാർക്ക് ലഭ്യമാക്കുന്ന കൂടിയ തൊഴിലവസരങ്ങളും ഉയർന്ന വരുമാനവും ഉണ്ടാകുന്നതിനാൽ‍, ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും പ്രൊഫഷണലുകളും അടങ്ങിയ മദ്ധ്യ വർഗങ്ങളിൽ ഒരു തരം സാമ്രാജ്യത്വാനുകൂല മനോഭാവവും, അതിന്റെ തുടര്‍ച്ചയെന്നോണം, ഇടതുപക്ഷം നിരന്തരം ഉയർത്തിവരുന്ന സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളോടുള്ള ഒരു തരം ചെടിപ്പും വളർന്നു വരുന്നതിൽ അത്ഭുതത്തിനവകാശമില്ല.

ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് കാരണമായ അവരുടെ പിശക് ഇവിടെ കണ്ടെത്താൻ കഴിയും. ഇന്ത്യൻ നഗരങ്ങളിലെ മധ്യവര്‍ഗം ആഗോളവൽക്കരണത്തിന്റെ വിപരീതഫലങ്ങളാല്‍ പീഡിപ്പിക്കപ്പെടാത്തിടത്തോളം അവർ തങ്ങളുടെ സാമ്രജ്യത്വാനുകൂല മനോഭാവം തുടരുക തന്നെ ചെയ്യും. സാമ്രാജ്യത്വ വിരുദ്ധ പ്രത്യയശാസ്ത്രങ്ങളും മുദ്രാവാക്യങ്ങളും കൊണ്ടു മാത്രം, തീർച്ചയായും അവ തുടർന്നും ഉയർത്തുക തന്നെ വേണം, ഈ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകില്ല. ഇപ്രകാരം സാമ്രാജ്യത്വത്തോട് അനുഭാവം തുടരാൻ പ്രേരിപ്പിക്കുന്ന മറ്റ് രണ്ട് ഘടകങ്ങളെക്കുറിച്ചുകൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. അതിലൊന്ന് ശ്രീ ഒബാമ യു എസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതാണ് (ഒബാമ പ്രതിനിധീകരിക്കുന്നത് മനുഷ്യമുഖമുള്ള സാമ്രാജ്യത്വത്തെയാണല്ലോ?). രണ്ടാമത്തെ ഘടകം വിവിധ ഇസ്ലാമിക ഗ്രൂപ്പുകൾ ലോകമാകെ സാമ്രാജ്യത്വത്തിനെതിരെ ഉയർത്തിക്കൊണ്ടുവരുന്ന കടുത്ത പ്രതിരോധമാണ്. ഇന്ത്യൻ നഗരങ്ങളിലെ മധ്യവർഗത്തിലെ വലിയൊരു വിഭാഗത്തിന് ഇത്തരം സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങളോട് തീരെ മമതയില്ല എന്നത് ഒരു വസ്തുതയാണ്. ഇന്ത്യൻ ഇടതുപക്ഷം തങ്ങളുടെ സിദ്ധാന്തങ്ങളിൽ ഉറച്ചു നിൽക്കുകയും അടിസ്ഥാന വർഗങ്ങളുടെ തൽ‌പ്പര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുകയും ചെയ്യുന്നിടത്തോളം കാലം സാമ്രാജ്യത്വാനുകൂല മനോഭാവം വച്ചു പുലർത്തുന്ന നഗരങ്ങളിലെ മധ്യവർഗം ഇടതുപക്ഷത്തോട് അകലം പാലിക്കുക തന്നെ ചെയ്യും. ഈ അവസ്ഥ തുടരുവോളം ഇന്ത്യൻ ഇടതുപക്ഷത്തിന് നഗരങ്ങളിലെ മധ്യവർഗത്തിന്റെ പിന്തുണ ഉറപ്പാക്കാനാവില്ല. ഈ കഴിഞ്ഞ തെരെഞ്ഞെടുപ്പിലും, തങ്ങൾ തുടർന്നുവന്ന സാമ്രാജ്യത്വ-വിരുദ്ധ സമീപനം മൂലം യു പി എ യുമായുള്ള ബന്ധം വിച്ഛേദിച്ചതിനാൽ ഇടതുപക്ഷത്തിന് നഗരങ്ങളിലെ മധ്യവർഗത്തിൽ ചിലരുടെ പിന്തുണ നഷ്ടമായിട്ടുണ്ട്. അതൊഴിവാക്കാനുമായിരുന്നില്ല. (കേരളത്തിൽ ഇടതുപക്ഷവുമായുള്ള അന്യവൽക്കരണത്തെ കൂടുതൽ തീവ്രമാക്കുന്നതിൽ ചില പ്രാദേശിക ഘടകങ്ങളും പങ്കു വഹിച്ചിട്ടുണ്ട് : വോട്ടർമാരിലെ മതേതര വിഭാഗങ്ങൾക്ക് ഇടതുപക്ഷത്തിന്റെ പി ഡി പി യോടുള്ള ബന്ധം സ്വീകാര്യമായില്ല, എസ് എൻ സി ലാവ്‌ലിൻ ഇടപാടിലെ ഇടതുപക്ഷത്തിന്റെ നിലപാട് ഒട്ടും വിശ്വാസ്യത നേടിയില്ല).

തൊഴിലാളികളുടെയും, ചെറുകിടകർഷകരുടേയും , ചെറുകിട ഉൽ‌പ്പാദകരുടെയും മറ്റു ഗ്രാമീണ ദരിദ്രരുടെയും ഇടയിൽ ഇടതുപക്ഷത്തിനുള്ള പിന്തുണ വർദ്ധിപ്പിക്കുന്നതിൽ വിജയിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവർക്ക് നഗരങ്ങളിലെ മധ്യവർഗങ്ങളുടെ പിന്തുണയിലുണ്ടായ ചോർച്ച പരിഹരിക്കാൻ കഴിയുമായിരുന്നു. ഗ്രാമീണ ജനവിഭാഗങ്ങൾക്കിടയിലെ സ്വാധീനം അവർക്ക് നിലനിറുത്താന്‍ കഴിഞ്ഞിരുന്നുവെങ്കിൽ മൊത്തത്തിലുള്ള തിരിച്ചടി ഈയവസ്ഥയിലും ഇത്ര കനത്തതാകുമായിരുന്നില്ല. എന്നാൽ, സാമ്രാജ്യത്വത്തിനെതിരായ എതിർപ്പ് തുടരുമ്പോഴും ഇടതുപക്ഷത്തിന് വികസനത്തെക്കുറിച്ച് നവലിബറൽ ചട്ടക്കൂടുകൾ നിർദ്ദേശിക്കുന്നതിൽ നിന്നും വ്യത്യസ്തമായ ബദൽ നയമുണ്ടായിരുന്നില്ല. പശ്ചിമ ബംഗാളിൽ, ഇടതുപക്ഷ സർക്കാർ മറ്റു സർക്കാരുകളുമായി മത്സരിച്ചു പോലും നടപ്പിലാക്കിയതും നടപ്പിലാക്കാൻ ശ്രമിച്ചതും നവലിബറൽ “വികസന” നയങ്ങൾ തന്നെയായിരുന്നു. കർഷകരുടെ ഭൂമി ഏറ്റെടുത്തുകൊണ്ട് പ്രാകൃതമായ രൂപത്തിൽ മൂലധനം സമാഹരിക്കപ്പെടാനുള്ള സാദ്ധ്യത (the threat of “primitive accumulation of capital” (in the form specifically of expropriation of peasants’ land )ഈ നയങ്ങളുടെ അവിഭാജ്യഭാഗമായിരുന്നു. ഇത്തരം നയങ്ങൾ, പിന്നീട് , പല അവസരങ്ങളിലും തിരുത്തപ്പെട്ടുവെങ്കിലും, “അടിസ്ഥാന വർഗ”ങ്ങൾക്കിടയിൽ ഇടതുപക്ഷത്തിനെക്കുറിച്ച് തികച്ചും വിപരീതമായ മനോഭാവമുണ്ടാക്കുകയും അടിസ്ഥാന വർഗങ്ങളുടെ പിന്തുണയിൽ ചോർച്ച ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

നന്ദിഗ്രാം , സിംഗൂർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കർഷകരുടെ പിന്തുണയിൽ കുറവ് വരുമെന്ന് നേരത്തെ കണക്കു കൂട്ടിയതാണെങ്കിലും എല്ലാ “വികസന” പ്രവർത്തനങ്ങളെയും എതിർക്കുന്ന പ്രതിപക്ഷത്തിന്റെ നിഷേധാത്മക സമീപനത്തിനെതിരെ മധ്യവർഗം ഇടതുപക്ഷത്തെ സ്വീകാര്യമായ ബദൽ എന്ന രൂപത്തിൽ അംഗീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ( “വ്യവസായവൽക്കരണ”ത്തെ അട്ടിമറിക്കുന്ന പ്രതിപക്ഷത്തിന്റെ നിഷേധാത്മകസമീപനത്തെക്കുറിച്ച് വോട്ടർമാരെ ഓർമ്മിപ്പിക്കുന്നതിനാവാം സിപി‌എം പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നാനോ കാറിന്റെ ചിത്രം പതിച്ചത്).എന്നാൽ ഇടതുപക്ഷത്തിന് നഗരങ്ങളിലെ മധ്യവർഗ്ഗങ്ങളുടെയും ഗ്രാമീണകൃഷിക്കാരുടേയും ദരിദ്ര വിഭാഗങ്ങളുടേയും പിന്തുണ ഒരേ പോലെ നഷ്ടപ്പെട്ടു എന്നതാണ് വസ്തുത. ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളും യു പി ‌എ സർക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ച നടപടിയും ഇഷ്ടപ്പെടാത്തതിനാൽ നഗരങ്ങളിലെ മധ്യവർഗത്തിന്റെ കുറെ വോട്ടുകൾ ഇടതുപക്ഷത്തിന് നഷ്‌ടപ്പെട്ടു. എന്നാൽ കൃഷിക്കാരുടേയും ഗ്രാമീണ ദരിദ്രരുടേയും പിന്തുണ ഇടതുപക്ഷത്തിനു ലഭിക്കാതെ പോയത് ബദൽ സാമ്പത്തിക നയങ്ങൾ രൂപീകരിക്കാൻ കഴിയാത്തതു മൂലം ഇടതുപക്ഷത്തിന്റെ സാമ്രാജ്യ-വിരുദ്ധ സമീപനം ദുർബലമായിപ്പോയതു മൂലമാണ്. ഇത്തരം ഒരു നയം മുന്നോട്ട് വയ്ക്കാൻ ഒരു സംസ്ഥാന സർക്കാരിനുള്ള പരിമിതികൾ അംഗീകരിക്കുമ്പോൾ തന്നെ ഈ ദിശയിൽ കാര്യമായ മുൻ‌കൈ എടുത്തിട്ടില്ല എന്ന വസ്തുത ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല.

സാമ്രാജ്യത്വ ഏജന്‍സികള്‍ എല്ലായിടങ്ങളിലും മുന്നോട്ട് വെക്കുന്ന നിയോലിബറല്‍ വികസനപാതയിൽ നിന്നും വ്യത്യസ്തമായി ഒരു ബദല്‍ സമീപനം രൂപപ്പെടുത്തിയെടുക്കാതെ ഇടതുപക്ഷത്തിനു അതിന്റെ സാമ്രാജ്യത്വ വിരുദ്ധതയുമായി മുന്നോട്ട് പോകാനാകില്ല എന്നാണിത് സൂചിപ്പിക്കുന്നത്. ഇത്തരമൊരു സമീപനത്തിൽ, തങ്ങളുടെ അടിസ്ഥാന വര്‍ഗങ്ങളുടെ താല്പര്യങ്ങള്‍ പ്രതിരോധിക്കുക എന്നതിനു തന്നെയായിരിക്കണം ഇടതുപക്ഷം മുഖ്യമായും ഊന്നൽ നൽകേണ്ടത്. അടിസ്ഥാന വര്‍ഗങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗം എന്ന നിലയ്ക്കും, അതു വഴി സ്വന്തം വര്‍ഗാടിത്തറ വിപുലമാക്കുന്നതിനുള്ള മാര്‍ഗം എന്ന നിലയ്ക്കും ജനാധിപത്യവിപ്ലവത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പശ്ചാത്തലത്തില്‍ വേണം “വികസനം” എന്നത് നിര്‍വചിക്കപ്പെടേണ്ടത്. വര്‍ഗപരമായ മാനങ്ങള്‍ ഉള്ള ഒന്ന് എന്ന നിലയ്ക്കു വേണം അതിനെ കാണുവാൻ‍, അല്ലാതെ “വസ്തുവകകളുടെ” വികാസം എന്ന നിലയ്ക്കു മാത്രമല്ല. “വസ്തുവകകളുടെ” വികാസം, ജി.ഡി.പിയുടെ മാത്രം വളര്‍ച്ച തുടങ്ങിയ വികസനത്തെക്കുറിച്ചുള്ള വർഗേതര ആശയങ്ങള്‍ ഉപഭോഗാസക്തിയുടെ (commodity-fetishism) ഒരു രൂപം മാത്രമാണ്. അതുകൊണ്ടു തന്നെ അവ സാമ്രാജ്യത്വ പ്രത്യയശാസ്ത്രങ്ങളുടെ ഭാഗവും. ആയതിനാൽ‍, മൂലധനത്തിന്റെ പ്രാകൃതമായ സമാഹരണം നടത്തുന്ന (ഇതിൽ നിക്ഷേപങ്ങള്‍ നടത്തുന്നതിനായി മുതലാളിമാര്‍ക്ക് സംസ്ഥാന ബജറ്റിലൂടെ നിരവധി സബ്‌സിഡികള്‍ നല്‍കി നടത്തുന്ന പ്രാകൃതമായ സമാഹരണവും ഉള്‍പ്പെടുന്നു), തൊഴിലാളികളുടെ കൂലി നിരക്ക്, സുരക്ഷിതത്വം, അവകാശങ്ങള്‍ എന്നിവ കുറയ്ക്കുന്ന, ഏതൊരു “വികസന”വും ഇടതുപക്ഷത്തിന്റെ അജണ്ടയുടെ ഭാഗമായിക്കൂടാ. സ്വകാര്യ മൂലധനത്തെ ആകർഷിക്കുന്നതിൽ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍, സ്വകാര്യ മൂലധനം തങ്ങളുടെ വികസന അജണ്ട വ്യത്യസ്തമായതിനാല്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വരുവാന്‍ വിസമ്മതിക്കുകയാണ്. അപ്പോൾ ബദല്‍ മാര്‍ഗങ്ങളിലൂടെ (ഉദാ: പൊതു, സഹകരണ മേഖലകളിലെ നിക്ഷേപങ്ങൾ‍) നിക്ഷേപം നടത്തുവാനുള്ള വഴികള്‍ തീര്‍ച്ചയായും തേടേണ്ടതുണ്ട്. എന്നു മാത്രമല്ല, നിയോ ലിബറല്‍ നയങ്ങളുടെ കടന്നാക്രമണങ്ങൾക്കിരയാവുന്ന “അടിസ്ഥാന വര്‍ഗ”ങ്ങൾക്ക് സാധ്യമായ എല്ലാ ആശ്വാസങ്ങളും നല്‍കേണ്ടതുമുണ്ട്.

സാമ്രാജ്യത്വത്തോടും നിയോലിബറല്‍ നയങ്ങളോടുമുള്ള ഇടതുപക്ഷത്തിന്റെ “കാ‍ലഹരണപ്പെട്ട” എതിർപ്പ് ഉപേക്ഷിക്കുവാനുമുള്ള ഉപദേശം സ്വീകരിക്കുന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സ്വയം വിനാശകാരകമാവുകയും, ബൂര്‍ഷ്വാ മേൽക്കോയ്‌മയെ(ഹെഗിമണി) നിലനിറുത്തുന്ന ഘടനകളുമായുള്ള അതിന്റെ വിളക്കിച്ചേര്‍ക്കലിനു കാരണമാവുകയും ചെയ്യും. ഇത് ഇടതുപക്ഷത്തെ “ബ്ലെയറൈറ്റ് (Blairite) സ്വഭാവമുള്ള ഒന്നാക്കി മാറ്റുകയും ചെയ്യും. ബൂര്‍ഷ്വാ അധീശത്വത്തെ താല്‍കാലികമായി സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുമെന്നും, അതു വഴി മുതലാളിത്താനന്തര കാലഘട്ടത്തിലേക്കുള്ള പരിവര്‍ത്തനം ഇടത് അജണ്ടയിലെ വിഷയമായി മാറുന്നത് അത്രയും വേഗത്തിലാക്കുമെന്നുമുള്ള ഒരു വാദമുയരാൻ ഇടയുണ്ട്. ഈ വാദം, മുതലാളിത്ത വികസനപ്രക്രിയക്കിടയിൽ തൊഴിലാളികളുടേയും, കര്‍ഷകരുടേയും ചെറുകിട ഉല്പാദകരുടേയും മറ്റും മുകളിൽ ദുരിതങ്ങൾ അടിച്ചേൽ‌പ്പിക്കപ്പെടുന്നു എന്ന പരാതിയിൽ വലിയ കഴമ്പില്ലെന്നും, അത്തരം അടിച്ചമര്‍ത്തലുകള്‍ കേവലം താൽക്കാലികവും യഥാസമയം പരിഹരിക്കപ്പെടുന്നതുമാണെന്ന ബൂർഷ്വാ വാദവുമായി സാമ്യമുള്ളത് മാത്രമല്ല, ആ വാദം തന്നെയാണ്. (സിംഗൂരിലെയും നന്ദിഗ്രാമിലെയും പ്രക്ഷോഭങ്ങള്‍ക്കിടയില്‍ അമര്‍ത്യസെന്നിനെപ്പോലെ സെന്‍സിറ്റീവ് ആയ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഉയര്‍ത്തിയ വാദവും‍, ലണ്ടനും മാഞ്ചെസ്റ്ററും നിര്‍മ്മിച്ചപ്പോഴും അത് അക്കാലഘട്ടത്തില്‍ ചില കര്‍ഷകരുടെ ഒഴിച്ചുമാറ്റലിനു ഇടയാക്കിയിരുന്നിരുന്നുവെന്നും അത് പിന്നീട് നല്ല രീതിയില്‍ പരിഹരിക്കപ്പെട്ടു എന്ന വാദം, ഇതേ ജനുസ്സില്‍ പെട്ടതാണ്.)

ഈ വാദഗതി തെറ്റാവുന്നത് ഒന്നിലേറെ കാരണങ്ങൾ കൊണ്ടാണ്. അതില്‍ തന്നെ ഏറ്റവും പ്രകടമായത് താഴെ പറയുന്നതാണ്: നമ്മുടേതുപോലുള്ള സമൂഹങ്ങളിലെ മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനം, അത് മുതലാളിത്ത പൂര്‍വ, മുതലാളിത്തേതര ഘടനകളെ ശിഥിലമാക്കുമെങ്കിലും, അത്തരം ശൈഥില്യം നിഷ്‌ക്കാസനം ചെയ്യുന്ന ഉല്പാദകരെ മുതലാളിത്ത വ്യവസ്ഥയില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ അതിനാവില്ല. കാരണം, ഏതൊരു സാങ്കേതികവിദ്യയെ ആധാരമാക്കിയാണോ ഈ പരിവര്‍ത്തനം നടക്കുന്നത് ആ സാങ്കേതികവിദ്യയുടെ നിലവാരവും, സാങ്കേതികവിദ്യയിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്കും കണക്കിലെടുക്കുമ്പോൾ അത് വളരെ കുറച്ച് തൊഴില്‍ മാത്രം ഉല്പാദിപ്പിക്കുവാന്‍ ശേഷിയുള്ളതായിരിക്കും. ( ലണ്ടനും മാഞ്ചെസ്റ്ററും നിര്‍മ്മിക്കപ്പെട്ട സാഹചര്യം തീര്‍ത്തും വിഭിന്നമാണ്: മുതലാളിത്ത ആസ്ഥാനത്തു നിന്ന് വെളുത്തവര്‍ഗക്കാര്‍ക്ക് കുടിയേറിപ്പാര്‍ക്കുവാനായി കൊളോണിയൽ നയങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട മറ്റു പ്രദേശങ്ങളിലേക്ക് വലിയ തോതിലുള്ള ഒഴിഞ്ഞു പോക്ക് അന്ന് സാധ്യമായിരുന്നു.) നമ്മുടേത് പോലുള്ള സമൂഹങ്ങളിലെ മുതലാളിത്തപരിവര്‍ത്തനം തികച്ചും വിഭിന്നമാണ്: അത് ചെറുകിട ഉല്പാദകരുടെ തൊഴിലാളിവല്‍ക്കരണത്തിലേക്കല്ല മറിച്ച് പാപ്പരീകരണത്തിലേക്ക് നയിക്കുന്ന ഒരു പ്രക്രിയയ്ക്കാണ് തുടക്കം കുറിയ്ക്കുന്നത്. കൊളോണിയല്‍ സമൂഹങ്ങളിലേയും മൂന്നാം ലോക സമൂഹങ്ങളിലേയും ഈ പ്രതിഭാസത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ആറാം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയ കാരണങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാരണങ്ങളാലാണിത് സംഭവിക്കുന്നത്.

സാമ്രാജ്യാധിപത്യത്തിനു കീഴില്‍, ലോകസമ്പദ്‌വ്യവസ്ഥയിലേക്ക് വിളക്കിച്ചേര്‍ക്കപ്പെടുന്നതിന്റെ ഭാഗമായി ഇത്തരം സമൂഹങ്ങളില്‍ മുതലാളിത്തപരിവര്‍ത്തനത്തിനുമേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെയാണ് ആറാം കോണ്‍ഗ്രസ് ഈ പ്രതിഭാസത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത് . ഇത്തരം നിയന്ത്രണങ്ങൾ ആ സമൂഹങ്ങളെ അന്താരാഷ്ട്രതലത്തിലുള്ള തൊഴില്‍ വിഭജനത്തിന്റെ ചില പ്രത്യേക പാറ്റേണുകളില്‍ തളച്ചിടുകയാണ് ചെയ്തത്. എന്നാൽ, അത്തരം പ്രതിഭാസങ്ങൾ ഇന്നുണ്ടാകുന്നത് മേൽ സൂചിപ്പിച്ച നിയന്ത്രണങ്ങളാലല്ല; ഇന്ത്യയെപ്പോലുള്ള ഒരു സമ്പദ്‌വ്യവസ്ഥയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ പ്രകടമായും മുറുക്കമില്ലാത്തവയാണ്: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് നവലിബറല്‍ ചട്ടക്കൂടിന്റെ പരിധിക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ പ്രത്യക്ഷമായും അന്താരാഷ്ട്ര തൊഴില്‍ വിഭജനത്തിന്റെ നിയന്ത്രണങ്ങളെ തകര്‍ക്കുവാനും ദ്രുതഗതിയിലുള്ള മുതലാളിത്ത പരിവര്‍ത്തനത്തിന്റെ ഭാഗഭാക്കാനും കഴിയും. ഇന്നീ പ്രതിഭാസം ഉണ്ടാകുന്നത് മുതലാളിത്ത പരിവർത്തനത്തിനായി ഉപയോഗിക്കപ്പെടുന്ന സമകാലീന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ്

മുതലാളിത്ത പരിവര്‍ത്തനം ആദ്യപടിയായി നടക്കട്ടെ എന്നും അതിനുശേഷം അതില്‍ നിന്നും മുന്നോട്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടത്താം എന്നുമുള്ള ഈ വാദഗതിക്ക് ഇടതുപക്ഷം വഴങ്ങുകയും തുടർന്ന് അവർ ഒരു “ബ്ലെയറൈറ്റ്(Blairite)“ പാത പിന്തുടരുകയും ചെയ്യുകയാണെങ്കിൽ‍, അതെല്ലാ കാലത്തേക്കും ബ്ലെയറൈറ്റ് സംഘടന ആയിത്തന്നെ തുടരും. മുതലാളിത്തപരിവർത്തനത്തിന്റെ ഘട്ടത്തിൽ നിന്നും മുതലാളിത്താ‍നന്തര ഘട്ടത്തിലേയ്ക്കു പ്രവേശിക്കുന്ന ആ നിമിഷം സ്വാഭാവികവും ചരിത്രപരവുമായ തുടക്കം(natural historical break) എന്ന നിലയ്ക്ക് ഒരിക്കലും വരികയില്ല; അത്തരമൊരു തുടർച്ചയില്ലായ്‌മ ഇല്ലായെങ്കില്‍ രണ്ടു ഘട്ടങ്ങളും തമ്മിലുള്ള വ്യത്യാസം ഇല്ലാതായിത്തീരും.

സാമ്രാജ്യത്വത്തിനോടുള്ള ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് മനഃപൂര്‍വമായി മാറ്റിവെക്കാനുള്ള ഉപദേശം അംഗീകരിക്കുന്നത് , ഇടതുപക്ഷത്തിന്റെ വര്‍ഗ അടിത്തറയെ ഇല്ലായ്മ ചെയ്യുക മാത്രമല്ല, ഇനിയൊരിക്കലും നവീനമായൊരു അടിത്തറയില്‍ വിപ്ലവാത്മകമായ പ്രതിരോധം പുനരുജ്ജീവിപ്പിക്കാനുള്ള സാഹചര്യം പോലും ഇല്ലാതാക്കും. ദശകങ്ങളായുള്ള ആശയ സമരങ്ങളിലൂടെ നിര്‍മ്മിക്കപ്പെട്ട ഇടതുപക്ഷത്തിന്റെ വര്‍ഗാടിത്തറ തകരുന്നത്, വിപ്ലവശക്തികളുടെ പിന്നീടുള്ള പുനരുജ്ജീവനത്തിലേക്കല്ല, മറിച്ച് ബൂര്‍ഷ്വാ സാമ്രാജ്യത്വ അധീശത്വത്തിന്റെ ഘടനയിലേക്ക് ഇടതിനെ വിളക്കിച്ചേര്‍ക്കുന്നതിലേക്കായിരിക്കും നയിക്കുക. മാത്രമല്ല അത് അടിസ്ഥാനവര്‍ഗത്തെ മാവോയിസം മുതല്‍ സാമ്രാജ്യത്വ വിരുദ്ധ ഇസ്ലാമിസം വരെയുള്ള തീവ്രവാദ ആശയങ്ങളിലേക്കും നയിക്കും. ഇത് ആക്രമണാത്മകതയെ കെട്ടഴിച്ചു വിടുകയും ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. ഈയൊരു കാരണം കൊണ്ടു തന്നെ, സമത്വപൂര്‍ണ്ണമായ ഒരു സമൂഹം എന്ന ലക്ഷ്യം പോയിട്ട് തങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ പോലും നേടുന്നതിനു കെല്പില്ലാത്തത് എന്ന അര്‍ത്ഥത്തിൽ, ഇവ ‘ഫലശൂന്യം ” ആകും. സാമ്രാജ്യത്വ വിരുദ്ധത എന്നത് ഇടതുപക്ഷത്തിന്റെ ഭാവനാസൃഷ്ടിയല്ല. അതുണ്ടാകുന്നത് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വസ്തുനിഷ്ഠ സാഹചര്യങ്ങളില്‍ നിന്നുമാണ്. ഇടതുപക്ഷം അത് (സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പ് ) ഉപേക്ഷിക്കുകയാണെങ്കിൽ‍, മറ്റുള്ളവർ‍; ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിൽ അവരെത്ര തന്നെ അശക്തരാണെങ്കിലും, ഈ ശൂന്യത നിറയ്ക്കുവാനായി രംഗപ്രവേശം ചെയ്യുകയും ജനങ്ങള്‍ ഇത്തരക്കാരുടെ ദയാവായ്പില്‍ ജീവിക്കേണ്ടി വരികയും ചെയ്യും.

****

പ്രൊ. പ്രഭാത് പട്‌നായിക് എഴുതിയ Reflections on the Left എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം
കടപ്പാട്:

14 July, 2009

ബാങ്കുകള്‍ പൊതുഉടമസ്ഥതയിലാകണോ?

ഇപ്പോഴത്തെ സാമ്പത്തികകുഴപ്പത്തിലേക്ക് നയിച്ച ധനമേഖലയിലെ തകര്‍ച്ചയുടെ എടുത്തു പറയാവുന്ന പ്രത്യേകത മുതലാളിത്തരാജ്യങ്ങളിലെ ബാങ്കുകള്‍ പൊളിഞ്ഞതാണ്. ഇത് ബാങ്കിങ് വ്യവസ്ഥയില്‍ ഒരു ഘടനാപരമായ മാറ്റത്തിന് നിര്‍ബന്ധിക്കുന്നുണ്ട്. നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കിയും കുഴപ്പംപിടിച്ച ആസ്തികള്‍ക്ക് കരുതല്‍തുക മാറ്റിവെച്ചും ഫ്രിഫറൻസ് മൂലധനം അടിച്ചുകയറ്റിയും തകരാറിലായ ബാങ്കിങ്ങ് വ്യവസ്ഥയെ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ട് യു.കെയിലും യു.എസിലും അയര്‍ലണ്ടിലും മറ്റു സ്ഥലങ്ങളിലും സര്‍ക്കാരുകള്‍ പ്രമുഖബാങ്കുകളുടെ വര്‍ദ്ധിപ്പിച്ച ഓഹരികൈവശംവെച്ച് അവയെ ദേശസാല്‍ക്കരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. മിക്ക സംഭവങ്ങളിലും ദേശസാല്‍ക്കരണത്തിലേക്ക് നീങ്ങേണ്ടിവരുന്നത് സര്‍ക്കാര്‍ ആഗ്രഹിച്ചിട്ടല്ല. ബാങ്കുകളെ നിലനിര്‍ത്തണമെങ്കില്‍ വേറെ വഴിയില്ലാത്തതിനാലാണ്. ഓരോ ബാങ്കിന്റെയും നിലനില്പ് പ്രധാനമാകുന്നത് അതില്‍ ഉടമസ്ഥാവകാശമുള്ളവരുടെ താല്പര്യം കൊണ്ടുമാത്രമല്ല, സമ്പദ് വ്യവസ്ഥയെ തന്നെ അത് ബാധിക്കുമെന്നതിനാലാണ്. 'പിന്‍വാതില്‍' ദേശസാല്‍കരണം നടത്തേണ്ടിവരുന്ന ആഗോളബാങ്കുകളുടെ നിര, സിറ്റിഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാൻഡ്, ലോയ്‌ഡ് ഗ്രൂപ്പ് എന്നിങ്ങനെ നീളുന്നു. വിശകലനവിദഗ്ധരും നയരൂപീകരണക്കാരും ഏറ്റവും നല്ല പ്രതിവിധി ദേശസാൽക്കരണം തന്നെയാണെന്ന് ചര്‍ച്ചചെയ്യുന്ന സമയത്തു തന്നെയാണ് ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാകാതെ നടത്തുന്ന പോളിസിചര്‍ച്ചകള്‍ ദേശസാൽക്കരണനീക്കത്തിന്റെ വേഗത മന്ദഗതിയിലാക്കുകയും അത് കുഴപ്പത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചുവരെഴുത്ത് വായിച്ച് പരിഹാരം തേടേണ്ടതിന്റെ അനിവാര്യത മുന്‍കൂട്ടി കണ്ടത് 'സോഷ്യലിസ്റ്റു'കളല്ല. സ്വതന്ത്രകമ്പോളത്തിനുവേണ്ടി ശക്തിയായി നിലകൊള്ളുന്ന മുന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ അലന്‍ഗ്രീന്‍സ്പാന്‍ കുഴപ്പത്തിനുമുന്‍പ് തന്നെ ഊഹക്കച്ചവടവും എളുപ്പം പണമുണ്ടാക്കാന്‍ നടത്തുന്ന ഇതരനടപടികളും കണ്ട് ദേശസാൽക്കരണം അനിവാര്യമാണെന്ന് പറഞ്ഞിരുന്നു. 'സ്വതന്ത്രകച്ചവടത്തിന്റെ പെരുന്തച്ച'നെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് പത്രം വിശേഷിപ്പിച്ച ഗ്രീന്‍സ്പാന്‍ ഒരു അഭിമുഖത്തില്‍ ഇങ്ങനെയാണ് പറഞ്ഞത്. "പെട്ടെന്ന് അടുക്കായി ഒരു പുനസംഘടന കൊണ്ടുവരാന്‍ ഏതാനും ബാങ്കുകള്‍ താൽക്കാലികമായി ദേശസാൽക്കരിക്കേണ്ടതാവശ്യമാണ്. നൂറു വര്‍ഷത്തിലൊരിക്കല്‍ ഇങ്ങനെ ചെയ്യേണ്ടിവന്നേക്കാം''

ഈ രാജ്യങ്ങളിലെ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങളെന്തെന്നുള്ളതിനെപ്പറ്റി പ്രത്യയശാസ്‌ത്രപരമായ ധാരണ വന്നത് നീണ്ടുനിന്ന ഒരു മാറ്റത്തിന്റെ അന്ത്യത്തിലാണ്. കുഴപ്പത്തിനുകാരണം ബാങ്കുകള്‍ക്ക് വേണ്ടത്ര ലിക്വിഡിറ്റി ഇല്ലാത്തതിനാലാണ് എന്നതില്‍ തുടങ്ങി വിലയിരുത്തലുകള്‍ പലവഴിക്കു നീങ്ങി. ബാങ്കുകള്‍ തമ്മിലും കോര്‍പ്പറേറ്റുകള്‍ തമ്മിലും വായ്‌പയിലും കച്ചവടത്തിലുമുള്ള അപകട സാധ്യതയെക്കുറിച്ചുളള ഭയംകൊണ്ടാണെന്നും വിഷലിപ്തമായ ആസ്തിയുടെ മൂല്യത്തില്‍ കുത്തനെയുണ്ടായ ഇടിവിന്റെ മൂല്യം കണക്കാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും അഭിപ്രായം വന്നു.

അതോടൊപ്പം സബ് പ്രൈം കുഴപ്പം പൊട്ടിപുറപ്പെട്ടപ്പോള്‍ ഇതിനുകാരണം സബ്പ്രൈം മാര്‍ക്കറ്റുകളും സബ് പ്രൈം കടപ്രമാണങ്ങള്‍ കൈകാര്യം ചെയ്ത സ്ഥാപനങ്ങളുമാണെന്ന് വിലയിരുത്തുകയുണ്ടായി. ഒന്നുകില്‍ ബാങ്കുകള്‍ അപകടസാധ്യതയുള്ള ചെറുകിടവായ്‌പകളുടെ മാര്‍ക്കറ്റില്‍നിന്ന് മാറിനില്‍ക്കുകയോ അല്ലെങ്കില്‍ അത്തരം വായ്‌പകള്‍ തങ്ങളുടെ ബാലന്‍സ് ഷീറ്റില്‍നിന്ന് എടുത്തുമാറ്റി കടപ്പത്രങ്ങളാക്കി മറ്റുള്ളവര്‍ക്ക് വിൽക്കുകയോ ചെയ്തതായി കണക്കാക്കപ്പെട്ടു. അതിനാല്‍ സാമ്പത്തിക മേഖലയുടെ കേന്ദ്രമായ ബാങ്കിങ്ങ് സംവിധാനം സബ് പ്രൈം കുഴപ്പമെന്ന രോഗത്തില്‍നിന്ന് മുക്തിനേടിയെന്നും വിലയിരുത്തി. മുകളില്‍ പറഞ്ഞ കടപ്പത്രങ്ങളും ഇവയുടെ ഉറപ്പില്‍ നല്‍കിയ വായ്‌പകളുമെല്ലാംചേര്‍ന്ന് ബാങ്കുകള്‍ക്കുള്ള ബാധ്യത ചെറുതല്ലെന്ന് കാലക്രമേണ വ്യക്തമായി. ഈ ആസ്തികള്‍ക്ക് വന്‍ലാഭസാധ്യതയുള്ളതിനാലോ, അത്തരം ആസ്തികളുടെ വന്‍ശേഖരം വിറ്റഴിക്കാന്‍ കഴിയാത്തതുകൊണ്ടോ കുഴപ്പം പൊട്ടിപുറപ്പെട്ട സമയത്ത് വന്‍തുകക്കുള്ള കടപ്പത്രങ്ങള്‍ കൈവശമുണ്ടായിരുന്നു. ഇത്തരം കടപ്പത്രങ്ങളുണ്ടാക്കി വിതരണം നടത്തുന്നതിന് ചില ബാങ്കുകള്‍ പ്രത്യേക സ്‌കീമുകള്‍ ഉണ്ടാക്കിയിരുന്നു (SPV) ഇവരുടെ കൈവശവും വിഷലിപ്തമായ ആസ്തി(Toxic Asset)ധാരാളമുണ്ടായിരുന്നു. ഇത്തരം ആസ്തികളില്‍ നിക്ഷേപിക്കാനായി ചില സ്ഥാപനങ്ങള്‍ അവരുടെ ഓഹരിയുടെ ചെറിയ ഭാഗവും ബാങ്കില്‍ നിന്നുള്ള വന്‍ വായ്‌പയും ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ ബാങ്കുകള്‍ അതിലും ഇടപെട്ടിരുന്നു. ഈ വിധത്തിലെല്ലാം നേരിട്ടോ അല്ലാതെയോ ബാങ്കുകള്‍ക്ക് ഈയിനത്തില്‍ വന്‍ ബാധ്യതയുണ്ടായി. ഇത്തരത്തിലുള്ള വിവിധ ഊഹക്കച്ചവട ഉപകരണങ്ങളില്‍ വന്ന ഭീമമായ നഷ്ടം എഴുതിത്തള്ളേണ്ട അവസ്ഥയില്‍ ബാങ്കുകളുടെ അടിസ്ഥാനമൂലധനം തന്നെ ഇല്ലാതായെന്ന് ഇപ്പോള്‍ വ്യക്തമാണ്.

നഷ്ടം എത്ര ഭീമമാണ് ?

ബാങ്കുകളുടെ നഷ്ടത്തിന്റെ കണക്കും അവയുടെ ബാലന്‍സ് ഷീറ്റില്‍ കാണിച്ചമോശപ്പെട്ട ആസ്തിയുടെ അളവും വ്യത്യസ്തമാണ്. 2008ലെ ലോകസാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ട് ജനുവരി 28 ന് ഐ.എം.എഫ്. പ്രസിദ്ധീകരിച്ചു. അതുപ്രകാരം യു.എസ്., യൂറോപ്യന്‍ ബാങ്കുകളുടെ യു.എസില്‍ നിന്നുണ്ടായ മോശപ്പെട്ട ആസ്തിയില്‍നിന്നുള്ള നഷ്ടം 2.2 ട്രില്യണ്‍ ഡോളറെന്ന് കണക്കാക്കിയിരിക്കുന്നു. 2 മാസം മുന്‍പ് ഇത് 1.4 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു.

നഷ്ടസാദ്ധ്യത ഇതിലും കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞരായ നോറിയല്‍ റൂബിനിയും എലിസാ പരിസി കപ്പോണും ചേര്‍ന്ന് നടത്തിയ കണക്കെടുപ്പുപ്രകാരം ലോകമാകെ ഈ കുഴപ്പവുമായി ബന്ധപ്പെട്ട ഈടില്ലാത്ത വായ്‌പ 12.37 ട്രില്യണ്‍ ഡോളറും മൊത്തംനഷ്ടം 1.6 ട്രില്യണ്‍ ഡോളറുമാണ്. ഇതില്‍തന്നെ യു.എസ്. ബാങ്കുകളും മറ്റും വരുത്തിയ നഷ്ടം 1.1 ട്രില്യണ്‍ ഡോളര്‍ വരും. ഇപ്പോള്‍ ബാങ്കുകളുടെ കൈവശമുള്ള 10.84 ട്രില്യണ്‍ ഡോളര്‍ വിലവരുന്ന ഇത്തരം ആസ്തിയുടെ വിലയില്‍ ഇടിവുവന്നയിനത്തില്‍ ഒരു 2 ട്രില്യന്‍ ഡോളറെങ്കിലും നഷ്ടമായി എഴുതിത്തള്ളേണ്ടിവരും. ഈ നഷ്ടത്തില്‍ യു.എസ്. ബാങ്കുകളും ബ്രോക്കര്‍മാരും സഹിക്കേണ്ട നഷ്ടം 600 ഉം 700 ബില്യണ്‍ ഡോളറിനിടയില്‍ വരും. എല്ലാം ചേര്‍ന്നാല്‍ സാമ്പത്തികസംവിധാനത്തിന് ഉണ്ടാകാന്‍ പോകുന്ന ആകെ നഷ്ടം 3.6 ട്രില്യണ്‍ ഡോളറായിരിക്കും. അതില്‍ പകുതി അമേരിക്കന്‍ സ്ഥാപനങ്ങളുടേതാണ്. ഈ എസ്റ്റിമേറ്റുകള്‍ ശരിയാണെങ്കില്‍ 2008-ല്‍ 1.3 ട്രില്യണ്‍ മൂലധനമുള്ള വാണിജ്യബാങ്കുകളുടെയും 110 ബില്യണ്‍ മൂലധനമുള്ള നിക്ഷേപബാങ്കുകളുടെയും മൊത്തംമൂലധനത്തെ കവച്ചുവെക്കുന്ന, മൊത്തംസാമ്പത്തികസംവിധാനത്തിന്റെ സീമകള്‍ക്കെല്ലാം അപ്പുറമാണ് മൊത്തംകടമെന്ന് വ്യക്തം.

മൂലധനപര്യാപ്തത സംബന്ധിച്ച് ബേസല്‍ മാനദണ്ഡങ്ങള്‍ ബാങ്കുകള്‍ നടപ്പാക്കുന്നുണ്ടെങ്കിലും മിക്ക ബാങ്കുകളുടെയും മൂലധനഅടിത്തറ താരതമ്യേന കുറവാണ്. മൂലധനപര്യാപ്തത നിലനിര്‍ത്തുന്നതിന് ബാങ്കുകള്‍ വ്യത്യസ്ത തരത്തിലുള്ള ആസ്തികള്‍ ഉപയോഗിക്കുന്നു. അവയുടെ മൂല്യം കണക്കാക്കുന്നതും വ്യത്യസ്ത രീതിയിലാണ്. ഇങ്ങനെ വരുമ്പോള്‍ കൈവശമുള്ള നിയന്ത്രണവിധേയമായ മൂലധനം കുറവും അപകടസാദ്ധ്യതയുള്ള കടപ്പത്രങ്ങളുടെ അളവ് കൂടുതലും എന്ന സ്ഥിതിയുണ്ടാവും. അത് നഷ്ടം നികത്തി നിലനില്ക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്കാണ് എത്തിക്കുക.

ഇപ്പോള്‍ മൂലധനമടക്കം സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടുള്ള ബാങ്കുകള്‍ക്ക് ഇനിയും ഒരു അര ട്രില്യണ്‍ ഡോളറിന്റെ മൂലധനസഹായം കൂടി ലഭിച്ചാലേ നിലനില്‍ക്കാന്‍ കഴിയൂ എന്നാണ് ഐ.എം.എഫ് പറയുന്നത്. ഇത്രയോ ഇതില്‍ കൂടുതലോ മൂലധനം സര്‍ക്കാര്‍ നല്‍കേണ്ടി വരുമ്പോള്‍ ചില രാജ്യങ്ങളില്‍ ഈ ബാങ്കുകളുടെ പൊതുഉടമസ്ഥത എന്ന പ്രശ്നവും ഉയര്‍ന്നുവരുന്നു. 2009 ജനുവരിയില്‍ ബ്ളൂംബര്‍ഗ് നടത്തിയ കണക്കെടുപ്പ് പ്രകാരം ബാങ്കുകള്‍ 792 ബില്യണ്‍ ഡോളര്‍ നഷ്ടം എഴുതിത്തള്ളുകയും 826 ബില്യണ്‍ ഡോളര്‍ മൂലധനം ശേഖരിക്കുകയും ചെയ്തു. ഈ മൂലധനത്തില്‍ 380 ബില്യണ്‍ ഡോളര്‍ സര്‍ക്കാരിന്റേതാണ്. ആഗോളതലത്തില്‍ പുതുതായി ശേഖരിച്ച മൂലധനം 918 ബില്യണ്‍ ഡോളറും എഴുതിത്തള്ളിയ കടം 993 ബില്യണ്‍ ഡോളറുമാണ്. ഇതില്‍ അമേരിക്ക 678 ബില്യണ്‍ ഡോളര്‍ മൂലധനം സമാഹരിക്കുകയും 548 ബില്യണ്‍ ഡോളര്‍ എഴുതി തള്ളുകയും ചെയ്തപ്പോള്‍ യൂറോപ്പിന്റെ വിഹിതം ഇക്കാര്യത്തില്‍ യഥാക്രമം 318 ബില്യണ്‍ ഡോളറും 292 ബില്യണ്‍ ഡോളറുമാണ്. യൂറോപ്പ് നഷ്ടം വന്നതിലും താരതമ്യേന വന്‍തുക മൂലധനമായി സമാഹരിച്ചതിനു കാരണം അവിടുത്തെ സര്‍ക്കാരുകള്‍, പ്രത്യേകിച്ചും ഇംഗ്ളണ്ടും അയര്‍ലണ്ടും ഐസ്‌ലന്റും അവരുടെ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ നേരെയാക്കാന്‍ ശ്രമിച്ചതിനാലാവാം.

പരസ്പരബന്ധങ്ങള്‍

ബാങ്കിങ്ങ് മേഖലയില്‍ ഇനിയും മൂലധനവിതരണവും സര്‍ക്കാരിന്റെ സാന്നിദ്ധ്യവും വര്‍ധിക്കാനാണ് സാധ്യത. കാരണം നഷ്ടത്തിന്റെ കണക്കുകള്‍ ഇപ്പോഴും ക്രമേണ വന്നുകൊണ്ടിരിക്കുകയാണ്. ഡെറിവേറ്റീവ് പോലുള്ള ഊഹക്കച്ചവട ഉപകരണങ്ങളുടെ ആസ്തി അപ്പപ്പോഴുള്ള മാര്‍ക്കറ്റ്വിലയുടെ മാനദണ്ഡപ്രകാരമേ കണക്കാക്കാന്‍ കഴിയൂ. ഇത് കച്ചവടം ചെയ്യുന്ന ആസ്തികളല്ല. അവയുടെ മൂല്യവും ഒരു പ്രത്യേകഘട്ടത്തിലെ നഷ്ടവും കണക്കാക്കാന്‍ ഏറെ വിഷമങ്ങളുണ്ട്. അമേരിക്കയില്‍ ഇങ്ങനെയുള്ള വില നിശ്ചയിക്കല്‍ നടപടി 2007 ആഗസ്റ്റില്‍ത്തന്നെ തുടങ്ങി. അന്ന് ബെയര്‍‌സ്റ്റേണ്‍സ് അവരുടെ ഇത്തരം ഒരു കടപ്പത്രത്തിലെ നിക്ഷേപത്തിന്റെ വില പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും മറ്റൊന്നിന്റെ വില ഒരു ഡോളര്‍ നിക്ഷേപത്തിന് കിട്ടിയമൂല്യം 9 സെന്റാണെന്നും പ്രഖ്യാപിച്ചു. അതിനുശേഷമിങ്ങോട്ട് 2009 ന്റെ ആരംഭം വരെ നഷ്ടകണക്ക് മുകളിലേക്ക് തന്നെയാണ്. ഈ അനുഭവം, ഒരു നിക്ഷേപബാങ്കില്‍ നഷ്ടം കണ്ടെത്തിയാലും അതിന്റെ അനുരണനങ്ങള്‍ ക്രമപ്രകാരമേ നീങ്ങൂവെന്ന് തെളിയിച്ചു. ബെയര്‍ സ്റ്റേണ്‍സ് ഉയര്‍ന്ന അളവില്‍ ലിവറേജുള്ള ഒരു സ്ഥാപനമായിരുന്നു. 2007 നവംബറില്‍ അതിന്റെ കൈവശമുള്ള വേഗത്തില്‍ കൈമാറാന്‍ കഴിയുന്ന ഓഹരിമൂലധനം 11.1 ബില്യണ്‍ ഡോളറായിരുന്നു. 395 ബില്യണ്‍ ഡോളര്‍ വിലയുള്ള ആസ്തിയായിരുന്നു അതിന്റെ നിക്ഷേപം. (ഇതുരണ്ടും തമ്മിലുള്ള വ്യത്യാസത്തെയാണ് ലിവറേജ് എന്നുപറയുന്നത്)ഇതിന്റെ ലിവറേജ് അനുപാതം 35 നു മേലായിരുന്നു. ഈ ബാങ്കിനോട് മത്സരിക്കുന്ന മറ്റു പലരില്‍നിന്നും വ്യത്യസ്തമായി ഈ ബാങ്കിന്റെ പെട്ടെന്ന് പണമായി മാറ്റാന്‍ കഴിയുന്ന ആസ്തിയും കുറവായിരുന്നു. കൈവശമുണ്ടായിരുന്ന ആസ്തി മോശമായിരുന്നു എന്നുമാത്രമല്ല, ഈ ബാങ്കുമായി ബന്ധപ്പെട്ടിരുന്ന ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങളുടെയും ആസ്തി മോശപ്പെട്ടതായിരുന്നു. എന്നിട്ടും വരാന്‍ സാദ്ധ്യതയുള്ള നഷ്ടത്തിന്റെ കണക്ക് വളരെ സാവധാനമാണ് തയ്യാറാക്കാനായത്. അതിനാലാണ് ഈ ബാങ്കിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തുടക്കത്തില്‍ പരിധിയില്ലാത്ത വായ്‌പ വാൾ‌സ്‌ട്രീറ്റിലെ ജെ.പി. മോര്‍ഗന്‍ചേസ് ബാങ്കിലൂടെ വാഗ്ദാനം ചെയ്ത് ബെയര്‍ സ്റ്റേണ്‍സിനെ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. അന്ന് പലരും കണക്കാക്കിയതുപോലെ സാമ്പത്തിക കമ്പോളമങ്ങനെ തന്നെപൊട്ടിച്ചിതറിയേക്കാവുന്ന അളവില്‍ ഈ ബാങ്ക്, ഇതരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതിനാല്‍ അതിനെ തകരാന്‍ അനുവദിച്ചുകൂടാത്ത സ്ഥിതിയാണുണ്ടായിരുന്നത്.

പക്ഷേ, ഇതുകൊണ്ടൊന്നും ആരും ശരിക്കുള്ള പാഠം പഠിച്ചില്ല. 2008 സെപ്തംബറില്‍ കുഴപ്പത്തിലായ നാലാമത്തെ ഏറ്റവും വലിയ നിക്ഷേപ ബാങ്കായ ലെമാന്‍ ബ്രദേഴ്സ് സഹായാഭ്യാര്‍ത്ഥനയുമായി സമീപിച്ചപ്പോള്‍ അത് തള്ളിക്കളയുകയാണുണ്ടായത്. ഇങ്ങനെ തകരുന്ന ബാങ്കുകളെ സംരക്ഷിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഈ നിലപാടിലൂടെ നല്‍കിയ സന്ദേശം. ലേമാന്‍ പാപ്പര്‍സൂട്ട് നല്‍കാന്‍ നിര്‍ബന്ധിതരായി. അതുമാത്രമല്ല, സബ് പ്രൈം ബന്ധമുള്ള വായ്‌പയിലൂടെ വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ മെറില്‍ ലിഞ്ചെന്ന ഭീമന്‍, തങ്ങളെ രക്ഷിക്കാന്‍ ആരും വരില്ലെന്ന് മനസ്സിലാക്കി സംയോജനത്തിന് ശ്രമം നടത്തി. ഇതിനെ വിലക്കെടുക്കാന്‍ ആലോചിച്ച ബാങ്ക് ഓഫ് അമേരിക്കയുടെമേല്‍ സമ്മര്‍ദ്ദം കൊണ്ടുവന്ന് മെറില്‍ലിഞ്ചിനെ ഏറ്റെടുപ്പിച്ചു.

ഇത് ലേമാന്‍ സൃഷ്ടിച്ച പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. ബാങ്ക് പൊളിഞ്ഞാല്‍ അത് ഉത്തമര്‍ണ്ണരെ എങ്ങനെ ബാധിക്കുമെന്ന പ്രശ്നമുണ്ടായിരുന്നു. സിറ്റി ഗ്രൂപ്പിനും, ബാങ്ക് ഓഫ് ന്യൂമെലോണിനും കൂടി 155 ബില്യണ്‍ ഡോളറിനുമേല്‍ തുകയുടെ ബാധ്യത ഈ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. ഒരു ബില്യണ്‍ ഡോളറിനുമേല്‍ ജപ്പാന്‍ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്നു. യൂറോപ്യന്‍ ബാങ്കുകളോടും വന്‍ ബാധ്യതയുണ്ടായിരുന്നു. ഈ ബാങ്കുകളുടെയൊക്കെ സാമ്പത്തികസ്ഥിതി കുഴപ്പത്തിലായി. പെട്ടെന്നുതന്നെ ബാങ്കുകള്‍ തടഞ്ഞുനിര്‍ത്താനാവാത്തവിധം തകരാന്‍ തുടങ്ങി. ഒന്നരവര്‍ഷം മുന്‍പുമുതല്‍ സൂചനകള്‍ വന്നുകൊണ്ടിരുന്നെങ്കിലും പ്രശ്നത്തിന്റെ ഗൌരവം ആരും പൂര്‍ണമായി ഉള്‍ക്കൊണ്ടില്ല. നേരത്തെ സൂചിപ്പിച്ചപോലെ ഇത് സബ് പ്രൈം കുഴപ്പവുമായി ബന്ധപ്പെട്ട ഒരു താല്‍ക്കാലികപ്രതിഭാസമെന്ന നിലയിലാണ് അധികാരികള്‍ സമീപിച്ചത്.

മൂലധനം കയറ്റിവിടുന്ന വഴി

സെന്‍ട്രല്‍ ബാങ്കുകള്‍ വന്‍തുക ഈ സംവിധാനത്തിലേക്ക് അടിച്ചുകയറ്റുന്നതും പലിശനിരക്ക് വെട്ടിക്കുറക്കുന്നതുമാണ് പിന്നീട് നാം കണ്ടത്. മൂല്യം നഷ്ടപ്പെട്ട് കുമിഞ്ഞുകൂടിയ വിലയില്ലാത്ത സെക്യൂരിറ്റി കടലാസുകള്‍ സൂക്ഷിച്ച് കുറഞ്ഞ പലിശക്ക് ഈ ബാങ്കുകള്‍ക്ക് വായ്‌പനല്‍കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് തയ്യാറായി. പക്ഷേ അതുകൊണ്ടും പ്രശ്നം തീര്‍ന്നില്ല. അപ്പോഴേക്കും ഓരോ സ്ഥാപനവും മറ്റേസ്ഥാപനം പാപ്പരാകുമോ എന്ന ഭീതിയില്‍ വായ്‌പ നല്‍കി കുഴപ്പത്തിലാകാന്‍ സന്നദ്ധരായില്ല. പണമുണ്ടായിട്ടും താഴേക്ക് വിതരണം നടക്കാഞ്ഞപ്പോള്‍ അത് സാമ്പത്തികസംവിധാനത്തിനും യഥാര്‍ത്ഥസമ്പദ്വ്യവസ്ഥക്കും വന്‍ആഘാതമായി.

അപ്പോഴാണ് ഇനി ബാങ്കുകളുടെ കുഴപ്പം പിടിച്ച ആസ്തികള്‍ അവയില്‍ നിന്നും എടുത്തുമാറ്റി കുഴപ്പം തീര്‍ക്കാമോ എന്ന ആലോചനയുണ്ടായത്. അതിന് ബാങ്കുകളെ നല്ലതെന്നും കൊള്ളാത്തതെന്നും വേര്‍തിരിക്കാനായിരുന്നു നിര്‍ദ്ദേശം. പൊതുപണമുപയോഗിച്ച് കുറെ കൊള്ളാത്ത ബാങ്കുകളുണ്ടാക്കി മോശം ആസ്തികള്‍ അവ ഏറ്റെടുത്ത് മറ്റുബാങ്കുകളെ രക്ഷിക്കാം എന്നായിരുന്നു മറ്റൊരു വാദം. ഈ കൊള്ളാത്ത ബാങ്കുകള്‍ക്ക് അസറ്റ് റീ കണ്‍സ്ട്രക്ഷന്റെ പണികൂടി ഏറ്റെടുത്ത് മോശപ്പെട്ട ആസ്തിയുടെ ഒരു ഭാഗം വില്ക്കാം. നല്ലതെന്ന് വിശേഷിപ്പിച്ച ബാങ്കുകള്‍ക്ക് ബിസിനസ്സ് നടത്താം. അങ്ങനെ സമ്പദ്ഘടനയെ രക്ഷപ്പെടുത്താം - ഇതായിരുന്നു പദ്ധതി.

ഇവിടെ ഒരു പ്രധാനകാര്യം വിസ്മരിക്കപ്പെട്ടു. മോശപ്പെട്ട ആസ്തികള്‍ ഏറ്റെടുക്കുന്നത് എന്തുവിലക്കാകാം എന്ന കാര്യം തീരുമാനിച്ചില്ല. ഇവ വാങ്ങിയപ്പോള്‍ നല്‍കിയ വിലക്കോ അതില്‍ കൂടുതലോ നല്‍കിയാല്‍ കെടുകാര്യസ്ഥത കാട്ടിയ ബാങ്ക് മാനേജര്‍മാരെ സംരക്ഷിക്കാന്‍ നികുതിദായകന്റെ പണം ദീപാളി കുളിക്കുകയാണെന്ന വിമര്‍ശനം വരും. കാരണം ഈ ആസ്തികള്‍ക്ക് അത് വാങ്ങിയപ്പോഴുള്ള വിലയുടെ വളരെ ചെറിയ മൂല്യമേ ഇപ്പോഴുള്ളൂ. ഇനി ഈ ആസ്തികള്‍ വില കുറച്ചുവില്ക്കാമെന്ന് കരുതുക. അപ്പോള്‍ വിറ്റുകിട്ടുന്ന തുക തുച്ഛമായിരിക്കും. ബാങ്കുകള്‍ക്ക് വന്‍ നഷ്ടം വരും. ഈ നഷ്ടം എഴുതിത്തള്ളുമ്പോള്‍ ബാങ്ക് തകരുന്ന അവസ്ഥയിലേക്കെത്തും. രക്ഷപ്പെടുത്താന്‍ ഒറ്റവഴിയേ പിന്നെ അവശേഷിക്കുന്നുള്ളൂ. നഷ്ടം മുഴുവന്‍ ബാങ്കുകള്‍ എഴുതിത്തള്ളുക. ബാങ്ക് തകര്‍ച്ച ഒഴിവാക്കാന്‍ ആവശ്യമായ മൂലധനം സര്‍ക്കാര്‍ നല്‍കുന്നു. കൂടുതല്‍ മൂലധനം ഒഴിവാക്കാന്‍ കഴിയാത്ത, മൂലധനം നല്‍കാന്‍ സര്‍ക്കാര്‍ മാത്രം പ്രാപ്തമായ നിലക്ക് ദേശസാല്‍ക്കരണമെന്ന ഭൂതം ഇവിടെ തലയുയര്‍ത്തുകയായിരുന്നു.

മൂലധനം നല്‍കുന്നത് ദേശസാല്ക്കരണമാകുന്നില്ല. വായ്‌പക്കായോ, ഓഹരിയിലെ വോട്ടവകാശമില്ലാത്തതോ, അത് പരിമിതപ്പെടുത്തിയ നിക്ഷേപമായോ നല്കാവുന്നതാണ്. ഉദാഹരണത്തിന് അമേരിക്കയില്‍ ഒന്നാംഘട്ട 700 ബില്യണ്‍ ഡോളറിന്റെ രക്ഷാപാക്കേജില്‍ 387 ബില്യണ്‍ വിവിധ സ്കീമുകളിലായി മൂലധനം നല്‍കിയതായിരുന്നു. കാപിറ്റല്‍ പര്‍ച്ചേസ് പ്രോഗ്രാം, ടാര്‍ഗറ്റഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം, അസറ്റ് ഗ്യാരണ്ടി പ്രോഗ്രാം എന്നിവ പ്രധാനസ്കീമുകളാണ്. ഇതില്‍ ആദ്യത്തെ സ്കീമില്‍ 300 ബാങ്കുകള്‍ പങ്കെടുത്തു. ഈ സ്കീമില്‍ ബാങ്ക് നേടുന്ന ലാഭത്തില്‍ ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് വീതം വെക്കുന്നതിനുമുമ്പ് ആദ്യത്തെ 5 വര്‍ഷം 5 ശതമാനം നിരക്കിലും അതിനുശേഷം 9% നിരക്കിലും ഡിവിഡന്റ് സര്‍ക്കാരിന് നല്‍കണം. സര്‍ക്കാരിന് വോട്ടവകാശം ഇല്ല. മൂന്നുവര്‍ഷം കഴിഞ്ഞ് അപ്പോഴത്തെ വിലക്ക് ഈ ഓഹരികള്‍ സ്ഥാപനങ്ങള്‍ക്ക് തിരികെ വാങ്ങുകയും ചെയ്യാം. സമാനമായ വ്യവസ്ഥകളാണ് രണ്ടും മൂന്നും പദ്ധതിയിലുള്ളത്.

പെട്ടെന്ന് കൈമാറാവുന്ന പൊതു ഓഹരി

പൊതുവായ ഓഹരികള്‍ സര്‍ക്കാര്‍ വാങ്ങി ബാങ്കുകളെ സംരക്ഷിക്കുന്ന ഒരു പദ്ധതിയാണിത്. ഇത്തരമുള്ള സാമ്പത്തികസഹായമെല്ലാം ബാങ്കുകള്‍ക്കുണ്ടായ നഷ്ടത്തിന്റെ അളവിന്റെയും, എഴുതിത്തള്ളിയ തുകയുടെയും, അതിനുപകരമായി നല്‍കുന്ന മൂലധനത്തിന്റെയും അളവിനെ ആശ്രയിച്ചായിരുന്നു. ഉദാഹരണത്തിന് പ്രത്യേക അവകാശമുള്ള വന്‍തുകക്കുള്ള ഓഹരിയാണെന്ന് കരുതുക. അത്തരം ഓഹരിയോ, വായ്‌പയോ മൂലധനഘടനക്കും മേലെയാണെങ്കില്‍ ഇങ്ങനെ നഷ്ടം പെട്ടെന്ന് നികത്താനും കഴിയില്ല. ഇത്തരം പ്രത്യേക ഓഹരികളുള്ളവരുടെ സാമ്പത്തികഇടപാടുകള്‍ തീര്‍ത്തശേഷം മാത്രമേ, ആസ്തികള്‍ വില്ക്കാന്‍ കഴിയൂ. ആദ്യംതന്നെ നഷ്ടം വരുന്നത് സാധാരണ ഓഹരി ഉടമകള്‍ക്കാണ്. സംരക്ഷണം വേണ്ടതും അവര്‍ക്കാണ്. ചുരുക്കത്തില്‍ അമേരിക്കന്‍ ട്രഷറി ഓഹരികള്‍, പ്രത്യേകപരിഗണനയുള്ള ഓഹരികള്‍ എന്നിവയെല്ലാം ഒഴിവാക്കിയ ശേഷം ലഭ്യമാവുന്ന, പെട്ടെന്ന് കൈമാറ്റം ചെയ്യാന്‍ കഴിയുന്ന സാധാരണ ഓഹരിമൂല്യം (ഇതിനെ ടാന്‍ജിബിള്‍ കോമണ്‍ ഇക്വിറ്റി = ടി.സി.ഇ = എന്നു പറയും) അടിസ്ഥാനമാക്കിയാണ് സോള്‍വന്‍സി കണക്കാക്കുന്നത്.

മൊത്ത ആസ്തിയില്‍ ടി.സി.ഇ.യുടെ അനുപാതം ഓരോ ബാങ്കിന്റെയും ബാലന്‍സ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നു. ആസ്തിയില്‍ 30 ശതമാനത്തില്‍ താഴെ ടി.സി.ഇ. ഉള്ളവര്‍ക്ക് കൂടുതല്‍ മൂലധനം വര്‍ദ്ധിപ്പിക്കാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ബാങ്കുകളും എ.ഐ.ജി. പോലെയുള്ള ഇന്‍ഷൂറന്‍സ് കമ്പനികളും വര്‍ധിച്ച നഷ്ടവും, കൂടുതല്‍ എഴുതിത്തള്ളലും പ്രഖ്യാപിക്കുമ്പോള്‍ ടി.സി.ഇ. അനുപാതം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയേറുന്നു. കടത്തിന് പലിശകൊടുക്കേണ്ടതിനാലും, പ്രത്യേക ഓഹരിക്ക് നിശ്ചിത ഡിവിഡന്റ് നല്‍കാനുള്ളതുകൊണ്ടും, നല്‍കേണ്ട ഡിവിഡന്റിന് ലാഭത്തിന്റെ തോതനുസരിച്ച് മാറ്റമുള്ളതിനാലും വന്‍ തുകയും കടവും പ്രത്യേക അവകാശഓഹരികളും ഉണ്ടാകുന്നത് ബാങ്കുകളുടെ ലിക്വിഡിറ്റിയെ ബാധിക്കുന്നു. സാധാരണ ഓഹരിക്ക് ഈ പ്രത്യേകതകള്‍ ബാധകമല്ല.

ഇടപെടാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുന്ന സര്‍ക്കാരിന് കുഴപ്പം തടയാന്‍ പ്രത്യേക അവകാശഓഹരിക്കാരോട് നഷ്ടം സഹിക്കാന്‍ നിര്‍ബന്ധം ചെലുത്താന്‍ കഴിയും. സ്വകാര്യവായ്‌പക്കാരുടെ വായ്‌പകള്‍ ഓഹരിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചാല്‍ വായ്‌പ നല്‍കിയവര്‍ക്ക് ഓഹരിയുടമയെന്ന നിലയില്‍ ലഭ്യമായ സംരക്ഷണം നഷ്ടപ്പെടും. കൂടാതെ കടത്തിനുപകരമായി വന്‍തുകക്ക് സാധാരണ ഓഹരി നല്‍കിയാല്‍ ഓഹരി വില പെട്ടെന്ന് കടത്തിന് പകരമായി നിശ്ചയിച്ച വിലയിലും താഴുകയും നഷ്ടം ബാങ്കുകളില്‍നിന്ന് കടക്കാരിലേക്ക് മാറ്റപ്പെടുകയും അതിന്റെ ഓളങ്ങള്‍ മൊത്തം സമ്പദ് വ്യവസ്ഥയിലേക്ക് പടരുകയും ചെയ്യും. ഇവയെല്ലാം നല്ല തീര്‍ച്ചയുള്ള സാധ്യതകളാണ്. കാരണം, നിക്ഷേപനിലവാരമുള്ള യു.എസ്. ബോണ്ടുകളില്‍ നാലിലൊന്ന് ബാങ്കുകളുടെ ബോണ്ടുകളാണ്. അതുകൊണ്ടാണ് ബാങ്കുകളുടെ വന്‍തോതിലുള്ള തകര്‍ച്ച ഒഴിവാക്കാന്‍ നിക്ഷേപകരെയും ഓഹരിയുടമകളെയും സംരക്ഷിക്കാനും ദേശസാല്ക്കരണമാണ് ഉത്തമമെന്ന് ഗ്രീന്‍സ്പാനിനെപ്പോലെയുള്ളവര്‍ നിര്‍ദ്ദേശിച്ചത്. പൊതുവില്‍ ബാങ്കുതകര്‍ച്ച ഒഴിവാക്കാന്‍ കട-ഓഹരി വച്ചുമാറല്‍ സാധാരണ നടപടിയാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അത് ഏറ്റവും നല്ല വഴിയാകാനിടയില്ല. ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ ഫണ്ട് പോലുള്ള നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ക്ക് വരുന്ന ബാദ്ധ്യതയെ പറ്റിയുള്ള നിക്ഷേപകരുടെയും മറ്റും ആശങ്കയും ഭയവും അകറ്റാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന നിലയിലാണ് ദേശസാല്‍ക്കരണം നിര്‍ദ്ദേശിക്കപ്പെടുന്നത്.

ഇതൊക്കെകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുത്ത പ്രത്യേക ഓഹരികള്‍ (സ്വകാര്യമേഖലയുടേതല്ല) സാധാരണ ഓഹരിയാക്കിമാറ്റണമെന്ന സമ്മര്‍ദ്ദം സാമ്പത്തികസ്ഥാപനങ്ങള്‍ സര്‍ക്കാരിനുമേല്‍ ചെലുത്തുകയാണ്. സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തിനു മുകളിലായാല്‍ ദേശസാല്‍ക്കരണമായി. സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തില്‍ താഴെയാണെങ്കിലും ബാങ്കുകളെ നിയന്ത്രിക്കുന്നതടക്കം സ്വാധീനം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയും. അങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്നു വന്നാല്‍ വായ്‌പ നല്‍കാനോ തിരിച്ചടവ് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനോ ചുരുക്കം ചിലര്‍ നിക്ഷേപം കുത്തകയാക്കുന്നതനുവദിക്കാനോ സാമൂഹ്യമായി സ്വീകാര്യമല്ലാത്ത രീതിയില്‍ ബാങ്ക് മാനേജര്‍മാര്‍ പെരുമാറുന്നതിനുനേരെ കണ്ണടക്കാനോ സര്‍ക്കാരിന് സാധ്യമല്ല. ശമ്പളവും ബോണസ്സും പിരിച്ചുവിടല്‍ ആനുകൂല്യങ്ങളും പെന്‍ഷനും മറ്റും മാനേജര്‍മാര്‍ക്കു നല്‍കുന്നതില്‍ നിയന്ത്രണവും മേല്‍നോട്ടവും ഉണ്ടാവുകയും കഴിവില്ലാത്തവരോട് പിരിഞ്ഞുപോകാനാവശ്യപ്പെടുകയും ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചുവോ എന്നു പരിശോധിക്കപ്പെടുകയും ചെയ്യുന്നത് ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകളില്‍ സര്‍ക്കാരിന് ഒഴിവാക്കാന്‍ കഴിയാത്ത ചുമതലയായിരിക്കും.

ബാങ്കിങ്ങ് സംവിധാനത്തിന്റെ ഗണ്യമായമേഖലകളില്‍ ഈ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള 19 ബാങ്കുകളെ ഒരു സ്‌ട്രെസ്സ് ടെസ്റ്റിന് (ശക്തിപരീക്ഷണത്തിന്) വിധേയമാക്കിയാണ് 2009ന്റെ 2ഉം 3ഉം പാദങ്ങളില്‍ അവരുടെ നഷ്ടത്തിന്റെ സാധ്യതകളും മൊത്തം ആഭ്യന്തരഉല്പാദനത്തില്‍ വന്നേക്കാവുന്ന വീഴ്ചയും യു.എസ്. ട്രഷറി വിലയിരുത്തിയത്. ഇനി കൂടുതലായി എത്ര മൂലധനം ഈ ബാങ്കുകള്‍ക്ക് വേണ്ടിവരുമെന്നും മറ്റും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. തുടക്കമെന്ന നിലയ്ക്ക് ഇനി വേണ്ടിവരുന്ന മൂലധനം ട്രഷറിയുടെ മാറ്റാന്‍ കഴിയുന്ന പ്രത്യേക സെക്യൂരിറ്റിയായി നല്‍കി പിന്നീട് സ്വകാര്യകേന്ദ്രങ്ങളില്‍നിന്ന് സാധാരണഓഹരികള്‍ സംഘടിപ്പിച്ച് പകരംവക്കാനാണ് തീരുമാനം. ഒരു നിശ്ചിതകാലയളവില്‍ (6 മാസം ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നു) അതിനു കഴിയാതെവന്നാല്‍ ഇവ 'ആവശ്യത്തിനനുസരിച്ച്' സര്‍ക്കാരിന്റെ ഓഹരിയാക്കി മാറ്റും.

സര്‍ക്കാരിന് സാധാരണ ഓഹരി നല്‍കി ദേശസാല്‍ക്കരണത്തിലേക്കെത്തിക്കുന്നതു ഒഴിവാക്കാന്‍ നടത്തുന്ന ഒരു ശ്രമമായി അനേകംപേര്‍ ഈ തീരുമാനത്തെ വിലയിരുത്തുന്നു. സാധാരണഓഹരിയാക്കി മാറ്റുന്ന പക്ഷം ഇപ്പോള്‍ സര്‍ക്കാര്‍ മുടക്കിയ പണത്തിന്റെ അളവനുസരിച്ച് ദേശസാല്‍ക്കരണം അനിവാര്യമാണ്. സിറ്റി ഗ്രൂപ്പിന്റെ മാത്രം കാര്യമെടുക്കുക. അവിടെ സര്‍ക്കാരിന്റെ പ്രത്യേക ഓഹരി 52 ബില്യണ്‍ ഡോളറാണ്. ഇത് 2009 ഫെബ്രുവരി 20 ന്റെ നിലവാരത്തില്‍ ആ സ്ഥാപനത്തിന്റെ കമ്പോള വിലയുടെ 5 മടങ്ങാണ്. 45 ബില്യണ്‍ ഡോളര്‍ ലഭിച്ച ബാങ്ക് ഓഫ് അമേരിക്കയുടേത് മൊത്തം ഓഹരിയുടെ 66 ശതമാനമാണ്. 35 ബില്യണ്‍ ലഭിച്ച ഫിനാന്‍ഷ്യല്‍ കോര്‍പ്പിന്റേത് 69 ശതമാനമാണ്. 3.4 ബില്യണ്‍ ലഭിച്ച ഫിഫ്ത്ത് തേര്‍ഡ് ബാന്‍ കോര്‍പ്പിന്റേത് 83 ശതമാനമാണ്.

മുകളില്‍ പറഞ്ഞ പോലുള്ള ഓഹരിമാറ്റം നടന്നാല്‍ ദേശസാല്‍ക്കരിക്കപ്പെട്ട ഒരു ബാങ്കിംഗ് സംവിധാനമായി ഇത് മാറും. കാരണം വന്‍ബാങ്കുകളാണ് സര്‍ക്കാരുടമയിലേക്ക് മാറുന്നത്. ഉദാഹരണത്തിന് അമേരിക്കയിലെ ഏറ്റവും വലിയ നാല് വാണിജ്യബാങ്കുകളായ ജെ.പി. മോര്‍ഗണ്‍ ചേസ്, സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, വെല്‍സ് ഫാര്‍ഗോ എന്നിവ മൊത്തംവാണിജ്യബാങ്കുകളുടെ 64 ശതമാനം പ്രതിനിധീകരിക്കുന്നു. ആസ്തിയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ബാങ്ക് ഓഫ് അമേരിക്കയുടെ ടി.സി.ഇ. 2.8% ഉം സിറ്റി ഗ്രൂപ്പിന്റേത് 1.5%ഉം ജെ.പി. മോര്‍ഗന്റേത് 38% ഉം ആണ്.

സ്വകാര്യമൂലധനംകൊണ്ട് ബാങ്ക്തകര്‍ച്ച ഒഴിവാക്കാന്‍ കഴിയില്ല എന്ന് പൊതുവില്‍ ബോദ്ധ്യമായിട്ടുണ്ട്. കാരണം ഇവയെല്ലാം ഭീമന്‍സ്ഥാപനങ്ങളാണ്. ഇതാണ് അമേരിക്കക്കു പുറത്തുള്ള വന്‍കിടബാങ്കുകള്‍ പുറംവാതില്‍വഴിയുള്ള ദേശസാല്‍ക്കരണം അംഗീകരിച്ചതിനു കാരണം. സാമ്പത്തികകുഴപ്പം പൊട്ടിപ്പുറപ്പെട്ടത് അമേരിക്കയിലാണെങ്കിലും ദേശസാല്‍ക്കരണം നടന്നത് ഐസ് ലാന്റിലും അയര്‍ലണ്ടിലും ഇംഗ്ളണ്ടിലുമാണ്. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്റും, ലോയിഡ്‌സ് ഗ്രൂപ്പും വ്യക്തമായും പൊതുനിയന്ത്രണത്തിലാണ്. മറ്റു ബാങ്കുകളും ഈ വഴി തുടരാനാണ് സാധ്യത.

ദേശസാല്‍ക്കരണത്തിനെതിരെ

അമേരിക്കയില്‍ ദേശസാല്‍ക്കരണത്തിനെതിരെ എതിര്‍പ്പ് തുടരുകയാണ്. 2009 ഫെബ്രുവരിയില്‍ സിറ്റി ഗ്രൂപ്പിന്റെ നഷ്ടം കയറിയപ്പോള്‍ മൂലധനഅടിത്തറ വികസിപ്പിച്ചേ തീരൂ എന്ന അവസ്ഥയില്‍ സര്‍ക്കാരിന്റെ ഓഹരി വിഹിതം 40 ശതമാനത്തില്‍ ഒതുക്കി. പുതിയ ഓഹരി ഇറക്കാതെ സര്‍ക്കാരിന്റെ 45 ബില്യണ്‍ ഡോളറിന്റെ ഓഹരിയില്‍ 25 ബില്യണ്‍ ഡോളര്‍ പ്രത്യേകഓഹരി സര്‍ക്കാര്‍ സാധാരണ ഓഹരിയാക്കി മാറ്റി. അതുപോലെ പ്രത്യേകഓഹരി കൈവശമുള്ള സിംഗപ്പൂര്‍ ഗവണ്‍മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, സൌദി അറേബ്യന്‍ രാജാവ് അല്‍വലീദ് എന്നിവരുടെ 27 ബില്യണ്‍ ഡോളര്‍ വരുന്ന ഓഹരികള്‍ സാധാരണ ഓഹരികളാക്കി മാറ്റി. അങ്ങനെ സിറ്റി ഗ്രൂപ്പിന്റെ സാധാരണ ഓഹരി സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപിക്കാതെ തന്നെ 52 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഡിവിഡന്റിനത്തില്‍ 3 ബില്യണ്‍ ഡോളര്‍ ലാഭിക്കാനും കഴിഞ്ഞു. ഇങ്ങനെ ചെയ്തപ്പോള്‍ സര്‍ക്കാരിന്റെ ഓഹരി 38% ആയി. ബാങ്കിന്റെ ടി.സി.ഇ. 8.1 ശതമാനമായി. സ്വകാര്യഉടമസ്ഥത നിലനിര്‍ത്താനും സര്‍ക്കാരിന്റെ പങ്കാളിത്തം 40 ശതമാനത്തില്‍ താഴ്ത്തി നിറുത്താനും കഴിഞ്ഞു. പക്ഷേ ഇങ്ങനെയെല്ലാം ചെയ്യുന്നതുകൊണ്ട് പ്രശ്നം തല്‍ക്കാലം മാറ്റിവക്കാന്‍മാത്രമേ കഴിയൂ. സര്‍ക്കാര്‍ നടത്തുന്ന സ്‌ട്രെസ്സ് ടെസ്റ്റ് പൂര്‍ണമാകുമ്പോള്‍ ഭൂമിക്കച്ചവടക്കാരുമായി ബന്ധപ്പെട്ട ആസ്തിയുടെ മൂല്യം ഇനിയും ഇടിയും. അപകടസാധ്യതയുള്ള ആസ്തി വര്‍ദ്ധിക്കും. സാധാരണഓഹരി വര്‍ദ്ധിപ്പിക്കേണ്ടി വരും. സര്‍ക്കാരിന്റെ പ്രത്യേകഓഹരി സാധാരണഓഹരിയാക്കി മാറ്റേണ്ടി വരും. ഈ പ്രക്രിയയില്‍ കമ്പനി ദേശസാല്‍ക്കരിക്കേണ്ടിവരികയും ചെയ്യും.

ഇത്തരത്തില്‍ ബാങ്കുകളുടെ രക്ഷാപദ്ധതി ഒട്ടേറ മാറ്റങ്ങള്‍ക്ക് വിധേയമായി. പക്ഷേ, ദേശസാല്‍ക്കരണം എതിര്‍ക്കപ്പെടുകയാണ്. ആദ്യത്തെ രക്ഷാപദ്ധതിപ്രകാരം ബാങ്കുകളില്‍നിന്നും കുഴപ്പത്തിലായ ആസ്തി അമേരിക്കന്‍ സര്‍ക്കാര്‍ വാങ്ങുമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്. തുടക്കത്തില്‍ ഈ മൂലധനം നല്‍കുന്ന പദ്ധതി തകര്‍ന്ന ആസ്തിയില്‍ നിന്നുള്ള നഷ്ടം അന്തിമമായി നിശ്ചയിച്ചുകൊണ്ടുള്ള ഒരു സംയുക്ത പരിപാടിയായിരുന്നു. അങ്ങനെ 2008 നവംബറില്‍ സിറ്റി ഗ്രൂപ്പിന്റെ ഭാവിയിലെ നഷ്ടം മൊത്തം ആസ്തിയായ306 ബില്യണ്‍ ഡോളറില്‍ എത്രയെന്ന് നിശ്ചയിക്കുകയും മൂലധനം 27 ബില്യണ്‍ ഡോളര്‍ പ്രത്യേക ഓഹരിക്കുപകരമായി ഉയര്‍ത്തുകയും ചെയ്തു. ആസ്തിയില്‍ നികുതിക്കുമുന്‍പുള്ള നഷ്ടത്തില്‍ നിന്ന് 29 ബില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കൂടുതല്‍ വരുന്ന നഷ്ടത്തിന്റെ 10 ശതമാനം ഏറ്റെടുക്കുമെന്നും ഉറപ്പുനല്‍കി. നഷ്ടം 29 ബില്യണ്‍ ഡോളറിനു മുകളിലെത്താന്‍ വിദൂര സാധ്യത മാത്രമേയുള്ളൂവെന്നാണ് അന്ന് സിറ്റിഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ഗാരിക്രിറ്റന്‍ഡര്‍ പറഞ്ഞത്. അതേസമയം അപകടസാധ്യതയുള്ള ആസ്തിയുടെ അളവ് 20 % ആയി കുറക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. 27 ബില്യണ്‍ ഡോളര്‍ മൂലധനമായി നല്‍കുന്നതോടെ ബാങ്കിന്റെ ബാലന്‍സ് ഷീറ്റിലെ മുഖ്യഘടകങ്ങള്‍ = ടയര്‍ ഒന്ന് മൂലധനഅനുപാതവും മൊത്തം സാധാരണ ഓഹരിയും അപകടസാധ്യതയുള്ള ആസ്തിയും തമ്മിലുള്ള അനുപാതം = പരിഹരിച്ച് ബാലന്‍സ് ഷീറ്റ് ശക്തമാക്കാമെന്നും വിലയിരുത്തപ്പെട്ടു.

ഇത് ബാങ്കിനെ രക്ഷപ്പെടുത്താനുള്ള ഒരു ബഹുമുഖപരിപാടിയായിരുന്നു. ചില വിശകലനവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതുപോലെ സര്‍ക്കാരിന്റെ പ്രത്യേക ഓഹരികൊണ്ട് സിറ്റി ഗ്രൂപ്പിന്റെ പിന്നീടുണ്ടായ നഷ്ടം സാധാരണ ഓഹരി മുഴുവന്‍ പോയിട്ടും നികത്താനായില്ല. സര്‍ക്കാരിന്റെ പ്രത്യേക ഓഹരിക്കുള്ള ഡിവിഡന്റായ 52 ബില്യണ്‍ ഡോളര്‍ ബാങ്കിന്റെ ഭാവി ലാഭത്തില്‍നിന്ന് വലിയ പങ്ക് അപഹരിക്കുകയും ചെയ്തു. പ്രതീക്ഷകള്‍ മനോഹരമായിരുന്നു. നഷ്ടം വര്‍ധിച്ചപ്പോള്‍ പ്രത്യേക ഓഹരികള്‍ സാധാരണ ഓഹരിയാക്കി മാറ്റി. എന്നിട്ടും ബാങ്ക് ഓഫ് അമേരിക്കയുടെയും സിറ്റി ഗ്രൂപ്പിന്റെയും ഓഹരിമൂല്യം വീണ്ടും ഇടിയുകയും സര്‍ക്കാര്‍ പണംകൊണ്ട് നിലനിന്നുപോരുന്ന ഈ ബാങ്കുകളുടെ ദേശസാല്‍ക്കരണം അനിവാര്യമാകുകയും ചെയ്ത സാഹചര്യത്തില്‍ വൈറ്റ് ഹൌസ് വക്താവ് റോബര്‍ട്ട് ഗിബ്‌സ് ഇങ്ങനെയാണ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. "സ്വകാര്യമേഖലയിലുള്ള ബാങ്കിങ്സംവിധാനമാണ് മുന്നോട്ടുള്ള ശക്തിയായ വഴിയെന്ന് ഈ ഭരണം തുടര്‍ന്നും അടിയുറച്ച് വിശ്വസിക്കുന്നു. സര്‍ക്കാര്‍ അതിന്റെ ശരിയായ നിയന്ത്രണം ഉറപ്പുവരുത്തും.''


ദേശസാല്‍ക്കരണത്തിന് ബദലുകള്‍

ദേശസാല്‍ക്കരണത്തിനെതിരെ വിവിധ ന്യായീകരണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതില്‍ ഏറ്റവും ശക്തമായ 2 ന്യായങ്ങളുണ്ട്. ഒന്നാമത്തേത്, ആസ്തിയുടെ വില കണക്കാക്കുന്ന പ്രശ്നം ദേശസാല്‍ക്കരണംകൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. അതിനാല്‍ അടിച്ചുകയറ്റേണ്ടിവരുന്ന നികുതിദായകന്റെ പണം ഭീമമായിരിക്കും. ഈ പണത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയണമെന്നില്ല. രണ്ടാമത്തേത് അമേരിക്കയില്‍ 8300ലേറെ ബാങ്കുകളുണ്ട്. ഒരിക്കല്‍ ദേശസാല്ക്കരണം ആരംഭിച്ചു കഴിഞ്ഞാല്‍ ഒരു പരിധി നിശ്ചയിക്കുക അസാധ്യമായിരിക്കും. അങ്ങനെ വരുമ്പോള്‍ വീണ്ടും നികുതിദായകനെ പിഴിയേണ്ടി വരും.

അടിയന്തിരദേശസാൽക്കരണമെന്ന നിര്‍ദ്ദേശവും അതിന്റെ പ്രതിബന്ധങ്ങളും പ്രത്യയശാസ്ത്രപരമായ തടസ്സങ്ങളും നേരിടുന്നതിന് രണ്ട് പ്രതിവിധികളാണ് മുന്നിലുള്ളത്. ബാങ്ക് മാനേജര്‍മാരും ഓഹരിയുടമകളും ഉത്തമര്‍ണരുമെല്ലാം ബാങ്കിങ്സംവിധാനത്തിലുള്ള കഴിവും വിശ്വാസവും പുനസ്ഥാപിക്കുമെന്നുറപ്പാക്കി നിയന്ത്രണസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക. നിയന്ത്രകന്‍ എന്ന നിലക്ക് സര്‍ക്കാരിന് ഇത് കൈമാറ്റംചെയ്യാന്‍ ധാരാളം വഴികളുണ്ട്. പ്രത്യേക ഓഹരി കൈവശമുള്ളവര്‍ അത് സാധാരണഓഹരിയാക്കി മാറ്റുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതും ഇതില്‍ പ്രധാനമാണ്.

മറ്റൊന്ന് താൽക്കാലിക ദേശസാൽക്കരണമാണ്. സാധാരണഓഹരി വാങ്ങി ബാങ്കുകള്‍ ഏറ്റെടുക്കുക. ബാങ്ക് ആരോഗ്യം വീണ്ടെടുക്കുന്നതുവരെ കൈവശംവച്ചശേഷം വീണ്ടും സ്വകാര്യമേഖലക്ക് കൈമാറുക. സര്‍ക്കാരിന്റെ നിക്ഷേപം പൂര്‍ണ്ണമായല്ലെങ്കിലും ഭാഗികമായെങ്കിലും തിരിച്ചെടുക്കുക. നിക്ഷേപം തിരിച്ചെടുക്കാന്‍ നീണ്ടകാലംകൊണ്ട് കഴിഞ്ഞേക്കാം എന്ന പ്രതീക്ഷ ചിലപ്പോള്‍ ശരിയാവണമെന്നില്ല. ചിലപ്പോള്‍ നികുതിദായകന് നഷ്ടംവരാം. ചിലപ്പോള്‍ ബാങ്ക് പൊതുമേഖലയില്‍ തന്നെ തുടരാനും സാധ്യതയുണ്ട്.

1990 കളിലെ സ്വീഡനിലെ ബാങ്കിമ്ഗ് കുഴപ്പം ഒരു ഉദാഹരണമായി പലപ്പോഴും എടുത്തുകാട്ടാറുണ്ട്. പലിശ നിരക്കിലെ മാറ്റവും ഭൂമിയിടപാടും ചേര്‍ന്ന ഒരു ബാങ്ക് കുംഭകോണത്തില്‍ ഫോര്‍സ്റ്റാ സ്പാര്‍ ബാങ്കന്‍ എന്ന സ്വീഡന്റെ ഏറ്റവും വലിയ സേവിങ്ങ്സ് ബാങ്കിന് വന്‍നഷ്ടമുണ്ടായി. തുടര്‍ന്ന് മറ്റുപ്രമുഖബാങ്കുകളും നഷ്ടം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. പ്രശ്നം പരിഹരിക്കാനുള്ള ആദ്യനടപടിയെന്ന നിലയില്‍ ഈ ബാങ്കുകളുടെ സാധാരണ ഓഹരികള്‍ ധാരാളം കൈവശമുണ്ടായിരുന്ന സര്‍ക്കാര്‍ പുതിയ ഷെയറുകളും സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ഷെയറുകളും അവ ഇഷ്യൂ ചെയ്ത വിലക്കുതന്നെ വാങ്ങി. ബാങ്കിങ്സംവിധാനത്തിലെ മൊത്തം വായ്‌പക്കും സര്‍ക്കാര്‍ ഗാരണ്ടി പ്രഖ്യാപിച്ചു. ഈ ബാങ്കുകളിലെല്ലാം വന്‍തുകയുടെ വിദേശകറന്‍സി സര്‍ക്കാര്‍ നിക്ഷേപിച്ച്, സ്വീഡിഷ് കറന്‍സിയില്‍ കടമെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കി. എന്നിട്ട് ബാങ്കുകളെ നല്ലതെന്നും നന്നല്ലാത്തതെന്നും രണ്ടായി തരം തിരിച്ചു. മോശപ്പെട്ടതും സംശയാസ്പദവുമായ ആസ്തികളുള്ള ബാങ്കുകളോട് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായി പ്രവര്‍ത്തിക്കാനാവശ്യപ്പെട്ടു. അവക്കുവേണ്ട പണം ബാങ്ക് വായ്‌പയായും സര്‍ക്കാര്‍ഓഹരിയായും നല്‍കി. കുഴപ്പത്തിലായ ആസ്തി മുഴുവന്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇല്ലാതാക്കി തിരിച്ചടവ് പരമാവധിയാക്കുകയായിരുന്നു ലക്ഷ്യം. കുഴപ്പം പരിഹരിച്ചതോടെ നല്ലബാങ്കുകള്‍ ലേലം ചെയ്ത് വിറ്റ് നികുതിദായകന്റെ പണം തിരിച്ചെടുക്കുകയും സ്വകാര്യഉടമസ്ഥത പുനഃസ്ഥാപിക്കുകയും ചെയ്തു. ബാങ്കിങ്ങ് മേഖലയിലെ ഒരു ഭാഗത്തു മാത്രമായിരുന്നു കുഴപ്പമെങ്കില്‍ ഈ പുനഃസംഘടന പരിഗണിക്കാവുന്നതാണ്. "സ്വീഡന്‍ കാര്‍ക്ക് ഒരു ചെറിയ ജോലിയേ ഉണ്ടായിരുന്നുള്ളൂ. അവര്‍ക്ക് ഞങ്ങളുടേതുപോലുള്ള കൂറ്റന്‍സ്ഥാപനങ്ങളെ കൈകാര്യം ചെയ്യേണ്ടിയിരുന്നില്ല.'' കുഴപ്പം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് വിജയിക്കാന്‍ കഴിഞ്ഞെങ്കില്‍ അത് കൈവശംവച്ച് ഭാവിയില്‍ കുഴപ്പസാധ്യത ഒഴിവാക്കുകയായിരുന്നില്ലേ ഭംഗി? കുഴപ്പം പരിഹരിക്കുന്നതിന് പൊതുഉടമസ്ഥതാ അവകാശം അതൊഴിവാക്കുന്നതിനേക്കാള്‍ ചിലവേറിയതാണെന്ന് തെളിയിക്കാത്തിടത്തോളം കാലം സ്വകാര്യവൽക്കരിക്കുന്ന നടപടിക്ക് ന്യായീകരണമില്ല.

മറ്റൊരു പ്രധാന കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്. കേവലം ഭരണകെടുകാര്യസ്ഥതക്ക് ഉപരിയായി ബാങ്കുകള്‍ പൊതുഉടമസ്ഥതയിലാക്കുന്നതിനെ എങ്ങിനെയും എതിര്‍ക്കാനുള്ള പ്രവണതക്ക് അതിലും ആഴമേറിയ കാരണങ്ങളുണ്ട്. ബാങ്കിങ്ഘടനയില്‍ 'വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യുക' എന്ന ബിസിനസ്സ് തന്ത്രത്തില്‍ നിന്നും (ആസ്തി സൃഷ്ടിക്കുകയും കാലാവധിവരെ സൂക്ഷിക്കുകയും ചെയ്യുക എന്ന് സാമാന്യഅര്‍ത്ഥം) 'ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുക' എന്ന തന്ത്രത്തിലേക്കു മാറി, വായ്‌പയുടെ അപകടസാധ്യത കണ്ട് വായ്‌പയെ കടപത്രങ്ങളാക്കുന്ന നടപടിയിലൂടെ കുഴപ്പം പിടിച്ച ആസ്തികളാക്കി മാറ്റുന്ന രീതിയിലാണ് ഇതിന്റെ ഉറവിടം കിടക്കുന്നത്. ബാങ്കിങ്ങ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയത് ഇങ്ങനെയുള്ള മാറ്റത്തിലേക്ക് നയിക്കാന്‍ കാരണമായി. ഇതുമൂലം കടപ്പത്രങ്ങളുണ്ടാക്കി രാജ്യാതിര്‍ത്തികള്‍ക്കപ്പുറമായി വികസിച്ച ബാങ്കിങ്ങ് സംവിധാനം പ്രയോജനപ്പെടുത്തി പരിധിയില്ലാതെ വില്പന നടത്താന്‍ കഴിഞ്ഞു. കടം ആരംഭിക്കുന്ന കേന്ദ്രത്തിന് കമ്മീഷനും മറ്റും ലഭിക്കുകയും കടത്തിന്റെ റിസ്ക് ഒഴിവാകുകയും ചെയ്യുകയാണ് ഇതുമൂലം സംഭവിച്ചത്. 1980 മുതല്‍ ബാങ്കിങ്ങ് നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ തുടങ്ങി. 1999ലെ ഗ്രാം-ബീച്ച് ബൈലി ആധുനികവല്‍ക്കരണനിയമത്തോടെ 1930ലെ ഗ്ളാസ് സ്റ്റീഗല്‍ ആക്റ്റ് മുതല്‍ കൊണ്ടുവന്ന നിയന്ത്രണസംവിധാനമാകെ നീക്കി പരിപൂര്‍ണസ്വാതന്ത്ര്യമനുവദിച്ചു. കഴിഞ്ഞ രണ്ടരദശാബ്ദക്കാലത്ത് അമേരിക്കയില്‍ കടത്തില്‍ ഉണ്ടായ വര്‍ദ്ധനവിന്റെ ലോകസാമ്പത്തികഫോറത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ക്രഡിറ്റ് മാര്‍ക്കറ്റില്‍നിന്നുള്ള കടം 1980 ല്‍ 160 ശതമാനമായിരുന്നത് 2008ല്‍ 350 ശതമാനമായി ഉയര്‍ന്നു. വര്‍ധനവ് ഗാര്‍ഹികം, സാമ്പത്തികസേവനം എന്നീ രണ്ടുമേഖലയിലൊതുങ്ങി. മൊത്തംആഭ്യന്തരഉത്പാദനവുമായി താരതമ്യം ചെയ്താല്‍ ഗാര്‍ഹികവായ്‌പകള്‍ 1984ല്‍ 45 % ആയിരുന്നത് 2008ല്‍ 97 % ആയി വര്‍ദ്ധിച്ചു. സാമ്പത്തികമേഖലയിലെ കടം അതിലും വേഗത്തിലുയര്‍ന്ന് 1984ല്‍ ജി.ഡി.പി.യുടെ 19 %ല്‍ നിന്നും 2008ല്‍ 115 ശതമാനമായി. ഇത്തരം കുതിപ്പ് കടംവാങ്ങിയവരില്‍ വലിയ പങ്ക് വ്യക്തികളെയും സ്ഥാപനങ്ങളെയും അപകടകാരികളായ കടക്കാരുടെ കൂട്ടത്തിലെത്തിച്ചു.

ഉയര്‍ന്നവളര്‍ച്ചയുടെ സുവര്‍ണഘട്ടത്തില്‍പോലും ഗ്ളാസ് സ്റ്റീഗല്‍പോലെയുള്ള നിയന്ത്രണവ്യവസ്ഥകള്‍ നടപ്പിലാക്കിയിരുന്ന അമേരിക്ക എന്തുകൊണ്ടാണ് നിയന്ത്രണങ്ങളുപേക്ഷിച്ചത്? വായ്‌പ നല്‍കുന്നതിലൂടെ കിട്ടുന്ന പലിശയില്‍ ചിലവുകള്‍ കഴിച്ച് ബാക്കിയില്‍നിന്ന് ഒരു ചെറിയനിരക്കിലുള്ള ലാഭംമാത്രമേ ബാങ്കുകള്‍ക്ക് കിട്ടുമായിരുന്നു എന്നത് ഈ നിയന്ത്രണങ്ങളുടെ ഒരു പ്രത്യേകതയായിരുന്നു. 500 മില്യണ്‍ യു.എസ്. ഡോളറോ അതിലുമേറെയോ ആസ്തിയുള്ള അമേരിക്കന്‍വാണിജ്യബാങ്കുകളുടെ ആദായം 1986 ല്‍ 0.7 ശതമാനമായിരുന്നു. അതില്‍ത്തന്നെ ഏറ്റവും ലാഭമുള്ള ബാങ്കുകളുടെ ശരാശരി ആദായം 1.4 ശതമാനം മാത്രമായിരുന്നു. ആസ്തിയില്‍ നിന്നുള്ള അറ്റ ആദായമാകട്ടെ 5.2 ശതമാനവും. സ്വകാര്യഉടമസ്ഥതയും നിയന്ത്രിക്കപ്പെട്ട ബാങ്കിങ്ഘടനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു പ്രശ്നമായിരുന്നു. മുതലാളിത്ത സംവിധാനത്തില്‍ ബാങ്കുകളുടെ സ്ഥാനം സുപ്രധാനമായതിനാല്‍ അവ സ്വകാര്യ മേഖലയിലാണെങ്കിലും സാമൂഹ്യപ്രാധാന്യമുണ്ടെങ്കിലും സാമ്പത്തികരംഗത്തെ ഇതരസ്ഥാപനങ്ങളെക്കാളും ഇതരമേഖലകളിലെ സ്വകാര്യസ്ഥാപനങ്ങളെക്കാളും കുറഞ്ഞ ലാഭമേ അവര്‍ക്ക് ലഭിക്കൂ എന്ന് ഗ്ളാസ്സ് സ്റ്റീഗല്‍ നിയമം തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ ആഭ്യന്തരവൈരുദ്ധ്യം നിയമങ്ങളും നിയന്ത്രണങ്ങളും എടുത്തുമാറ്റുന്നതിനുള്ള സമ്മര്‍ദ്ദം കൊണ്ടുവരുന്നുണ്ട്. 1970കളിലെ പണപ്പെരുപ്പം ഈ സമ്മര്‍ദ്ദത്തിന് ശക്തികൂട്ടി. കാരണം അന്ന് സ്വീകരിച്ച പണച്ചുരുക്കനടപടികള്‍ ബാങ്കിങ്ങ് ഒഴികെയുള്ള മേഖലകളില്‍ പലിശനിരക്ക് കൂട്ടാന്‍ അവസരമൊരുക്കിയിരുന്നു. അതുമൂലം ബാങ്കുനിക്ഷേപം ഇതരമേഖലയിലേക്ക് ഒഴുകുകയും ബാങ്കുകളുടെ സുഗമമായ പ്രവര്‍ത്തനം അപകടത്തിലാവുകയും ചെയ്തു. അത് പരിഹരിക്കാന്‍ നിയന്ത്രണങ്ങളില്‍ കൊണ്ടുവന്ന ഇളവുകള്‍ കാര്യങ്ങളെ ഇന്നത്തെ സ്ഥിതിയിലെത്തിക്കുകയും ചെയ്തു. ഗ്ളാസ് സ്റ്റീഗല്‍പോലുള്ള പുതിയനിയന്ത്രണങ്ങള്‍ സ്വകാര്യഉടമസ്ഥതയിലുള്ള ബാങ്കുകളില്‍ ഏര്‍പ്പെടുത്തുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന വൈരുദ്ധ്യം നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്നതിലേക്ക് എത്തിക്കും. ഇത് ദേശസാല്ക്കരണമെന്ന അനിവാര്യതയിലാണ് ചെന്നെത്തുന്നത് എന്നിപ്പോള്‍ തെളിഞ്ഞിരിക്കുന്നു. അതിനാല്‍ ബാങ്കുകള്‍ ശരിയായ രീതിയില്‍ നടത്തുന്നതിനു മുതലാളിത്തത്തിനു വേണ്ടത് പൊതുഉടമസ്ഥതയിലുള്ള ഒരു ബാങ്കിങ്സംവിധാനമാണ്. ഇപ്പോള്‍ ദേശസാല്ക്കരണം നടത്താനുള്ള നീക്കം ഗ്രീന്‍സ്പാന്‍ പറയുന്നതുപോലെ താൽക്കാലികമാണെങ്കില്‍ മുകളില്‍ പറഞ്ഞ സമസ്യയെ നേരിട്ട് അതിന് പരിഹാരം കണ്ടെത്താന്‍ കഴിയണം.

സൂചന വ്യക്തമാണ്. രോഗഗ്രസ്ഥമായ സ്വകാര്യബാങ്കുകളുടെ പൊതുവായ കടപ്പത്രങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധം ചെലുത്താന്‍ കഴിയാത്തിടത്തോളം താല്ക്കാലികമായി ദേശസാല്ക്കരണമല്ലാതെ മറ്റു പരിഹാരമില്ല. ഇങ്ങനെ ചെയ്തശേഷം ഇടക്കാലത്ത് സ്വകാര്യവത്ക്കരണത്തിനാണ് ലക്ഷ്യമിടുന്നതെങ്കില്‍ പൊതുഉടമസ്ഥതയിലുള്ള ബാങ്കിങ്സംവിധാനം നല്ല നിലക്ക് നടത്താന്‍ കഴിയില്ലെന്ന് സമര്‍ത്ഥിക്കാനുള്ള വാദമുഖങ്ങളുണ്ടാവണം. സ്വകാര്യബാങ്കുകളെ നിലനിര്‍ത്താന്‍ നിയന്ത്രണങ്ങളാവശ്യമെന്നും സമര്‍ത്ഥിക്കണം. അല്ലാത്തപക്ഷം മുതലാളിത്തത്തിന് പൊതുബാങ്കിങ്സംവിധാനത്തെ ഉപയോഗിച്ച് അത് നല്ലനിലയില്‍ നടത്തി, അതുമായി പൊരുത്തപ്പെട്ടുപോകേണ്ടിവരും.

*

സി.പി.ചന്ദ്രശേഖരന്‍

അവലംബം : : Must Banks Be Publicly Owned-C.P.Chandrasekhar കടപ്പാട് : Economic & PoliticalWeekly

മലയാളസംഗ്രഹം: എ.സിയാവുദീന്‍, BEFI കേന്ദ്ര കമ്മിറ്റി അംഗം
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം