13 July, 2009

ചന്ദ്രനിലേക്ക് പറന്നുയര്‍ന്ന അസ്ഥികൂടം

പ്യൂരിറ്റനിസ്റ്റു(സന്മാര്‍ഗമാത്രവാദികള്‍)കള്‍ക്ക് കേള്‍ക്കാനും കാണാനും ഉള്‍ക്കൊള്ളാനുമാകാത്ത തരത്തില്‍ സങ്കീര്‍ണവും ഹൃദയഭേദകവുമായ ജീവിതവും സംഗീതവും നൃത്തവും മരണവുമായിരുന്നു മൈക്കിള്‍ ജാക്സണ്‍ന്റേത്. വിദേശം (ചാരന്മാര്‍ അതാ ചാരന്മാര്‍!), ജനപ്രിയത, ആഹ്ളാദം എന്നിങ്ങനെയുള്ള പ്രതിഭാസങ്ങളെ ഭയമുള്ളവരായ അല്ലെങ്കില്‍ അവയെ അഭിമുഖീകരിക്കാന്‍ കെല്‍പ്പില്ലാത്തവരായ, ഇത്തരം പ്യൂരിറ്റനിസ്റ്റുകള്‍ ഫാസിസത്തിലേക്കുള്ള വഴിയാണ് വെട്ടിത്തെളിക്കുന്നതെന്ന് തിരിച്ചറിയുന്നവരുടെ ഗതികേട് അവ്യാഖ്യേയമാണ്. സംഗീതം നിരോധിച്ച, നൃത്തം നിരോധിച്ച, ജീന്‍സ് നിരോധിച്ച, പുകവലി നിരോധിച്ച, മദ്യം നിരോധിച്ച, സിനിമ നിരോധിച്ച, ടെലിവിഷന്‍ നിരോധിച്ച, കംപ്യൂട്ടര്‍ നിരോധിച്ച, ഇന്റര്‍ നെറ്റ് നിരോധിച്ച, മൊബൈല്‍ ഫോണ്‍ നിരോധിച്ച(ബ്ളൂടൂത്ത് സമം ബ്ളൂഫിലിം എന്നെഴുതി നിറക്കുന്ന വിഡ്ഢികള്‍ക്ക് നല്ല നമസ്കാരം), നഗ്നത നിരോധിച്ച, ചുംബനം നിരോധിച്ച, ലൈംഗികത നിരോധിച്ച, തെറി നിരോധിച്ച, ആഹ്ളാദം നിരോധിച്ച ഒരു മാതൃകാ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഇക്കൂട്ടരുടെ സദാചാര വാഴ്ചകളുടെ നിയമനിബന്ധനകള്‍ക്കുള്ളില്‍ നിന്നു കൊണ്ടെങ്ങിനെയാണ് മൈക്കിള്‍ ജാക്സണെക്കുറിച്ചും അദ്ദേഹത്തിന്റെ ത്രസിപ്പിക്കുന്ന സംഗീതത്തെക്കുറിച്ചും ജീവിതത്തിലെ നടുക്കുന്ന അനുഭവങ്ങളെ ക്കുറിച്ചും ഓര്‍മിച്ചെടുക്കുക?

ആരായിരുന്നു മൈക്കിള്‍ ജാക്സണ്‍? പോപ് സംഗീതത്തിന്റെ ചക്രവര്‍ത്തി എന്ന സ്ഥിരം നിര്‍വചനത്തില്‍ എല്ലാം ഉള്‍പ്പെടുത്താനാവുമോ? പാട്ടുകാരനും നര്‍ത്തകനും സംഗീതജ്ഞനും സംഗീത സങ്കേത വിദഗ്ധനും ചലച്ചിത്രനടനും ബിസിനസുകാരനും വിനോദവ്യവസായിയും ആയിരുന്നു മൈക്കിള്‍ എന്ന ഉത്തരം തൃപ്തികരമാണോ? കറുത്തവനും വെളുത്തവനുമായിരിക്കുന്ന; കുട്ടിയും മുതിര്‍ന്നവനുമായിരിക്കുന്ന; പുരുഷനും സ്ത്രീയുമായിരിക്കുന്ന; അനവധി സ്ത്രീകളുടെ കാമുകനായിരിക്കെ തന്നെ സ്വവര്‍ഗാനുരാഗിയുമായിരിക്കുന്ന; വിമോചനത്തിന്റെ വക്താവും മുതലാളിത്തത്തിന്റെ പ്രയോക്താവുമായിരിക്കുന്ന; ക്രിസ്ത്യാനിയും മുസ്ളിമുമായിരിക്കുന്ന, രോഗിയും ചികിത്സകനുമായിരിക്കുന്ന, പിശാചും ദൈവവുമായിരിക്കുന്ന വിചിത്രമായ ദ്വന്ദ്വാത്മകതയാണ് മൈക്കിള്‍ ജാക്സണ്‍ എന്ന വൈരുധ്യാത്മക പ്രതിഭാസത്തിന്റെ ചലന നിയമങ്ങള്‍ എന്നത് പ്രാഥമികമായ ഒരു വസ്തുത മാത്രം.

അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തെ തന്നെ തിരുത്തിയെഴുതുന്ന തരത്തിലുള്ള ജനപ്രീതിയാണ് മൈക്കിള്‍ ജാക്സണ്‍ എണ്‍പതുകളോടെ നേടിയെടുത്തത്. വെളുത്ത വര്‍ഗക്കാരന്റെ മേധാവിത്ത മനോഭാവത്തെ അതിരുകടന്ന് ന്യായീകരിക്കുകയും വര്‍ണവെറിയെ അക്രമമാര്‍ഗങ്ങളിലൂടെ വ്യവസ്ഥാവല്‍ക്കരിച്ച കൂ ക്ളക്സ് ക്ളാന്‍ പോലുള്ള ഭീകരസംഘടനക്ക് ഊര്‍ജം പകരുകയും ചെയ്ത ദ ബര്‍ത്ത് ഓഫ് എ നാഷന്‍ എന്ന 1915ലിറങ്ങിയ സിനിമ ഓര്‍ക്കുക. ചലച്ചിത്രത്തിന്റെയും ജനപ്രിയതയുടെയും ചരിത്രം സ്ഥാപനവത്ക്കരിച്ച നാഴികക്കല്ലായിരുന്നു അത്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ എത്രമാത്രം വര്‍ണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിപ്പെടുത്തപ്പെടുന്ന സിനിമ. ബാരക് ഹുസൈന്‍ ഒബാമക്കു മുമ്പ് ഒരു കറുത്ത വംശജനോ ആഫ്രോ അമേരിക്കക്കാരനോ ഇസ്ളാം മതവുമായി എന്തെങ്കിലും ബന്ധമുള്ളയാള്‍ക്കോ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പോലും സാധിച്ചിട്ടില്ല എന്നതിന്റെ കാരണം അന്വേഷിച്ച് അധികം അലയേണ്ടതില്ല എന്നു ചുരുക്കം. അങ്ങനെയുള്ള അമേരിക്കയെയാണ് ദശകങ്ങള്‍ക്ക് ശേഷം മൈക്കിള്‍ ജാക്സണ്‍ എന്ന കറുത്ത തൊലി നിറത്തോടെ പിറന്ന സാധാരണക്കാരന്‍ ഇളക്കി മറിച്ചത്.

നിരവധി ആഫ്രിക്കന്‍-അമേരിക്കന്‍ സംഗീതജ്ഞര്‍ അമേരിക്കക്കകത്തും പുറത്തും ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും, കരുത്തിന്റെയും സൌന്ദര്യത്തിന്റെയും ചാരുതയാര്‍ന്ന സമ്മേളനത്തിലൂടെ ആകാശത്തേക്കു കുതിച്ചുയര്‍ന്ന മൈക്കിള്‍ ജാക്സണ്‍ സവിശേഷമായ ഒരനുഭവം തന്നെയായിരുന്നു. സംഗീതത്തിന്റെയും നൃത്തത്തിന്റെയും റെക്കോഡുകളുടെയും സ്റ്റേജവതരണങ്ങളുടെയും റേഡിയോ/ടെലിവിഷന്‍ പ്രക്ഷേപണങ്ങളുടെയും മിശ്രണം പുതിയ ചരിത്രങ്ങള്‍ സൃഷ്ടിച്ചു. പുതിയ തലമുറയുടെ ഹരവും സാമൂഹ്യക്കാഴ്ചയുമായ എം ടി വി (മ്യൂസിക് ടെലിവിഷന്‍) യുടെ സ്ഥാപനകാലത്ത്(1981) തന്നെ ആ ചാനലിന്റെ ജനപ്രീതി കുതിച്ചുയര്‍ന്നത് മൈക്കിള്‍ ജാക്സണ്‍ന്റെ വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചതു മൂലമായിരുന്നു. ബീറ്റ് ഇറ്റ്, ബില്ലി ജീന്‍ എന്നീ ജനപ്രിയ നമ്പറുകള്‍ അടങ്ങിയ എക്കാലത്തെയും ജാക്സണ്‍ ഹിറ്റായ ത്രില്ലര്‍ ആണ് ആദ്യകാല എംടിവിയെ മറ്റെല്ലാ ചാനലുകളെയും പിന്തള്ളി മുന്നിലെത്താന്‍ സഹായിച്ചത്. മുന്‍കാലത്ത്, സംഗീത ആല്‍ബങ്ങളുടെ വില്‍പ്പനക്ക് സഹായകമായ പ്രോത്സാഹന പിന്തുണ എന്ന രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന മ്യൂസിക് വീഡിയോയെ സ്വയം പര്യാപ്തമായതും അതിന്റേതായ ചലനനിയമങ്ങളിലൂടെ വ്യവഹരിക്കപ്പെടുന്നതുമായ ഒരു സ്വതന്ത്ര കലാരൂപമായി വളര്‍ത്തിയെടുത്തത് മൈക്കിള്‍ ജാക്സണാണ്.

തൊണ്ണൂറുകളിലിറങ്ങിയ സ്ക്രീം, ബ്ളാക്ക് ഓര്‍ വൈറ്റ് എന്നീ വീഡിയോകള്‍ എംടിവിയുടെയും ജാക്സണിന്റെയും ജനപ്രീതി വീണ്ടും വര്‍ധിപ്പിച്ചു. ഒരു ശനിയാഴ്ച ബാഗില്‍ ഞാന്‍ കണ്ടെടുത്ത എന്റെ കുട്ടി, ആ ആണ്‍കുട്ടി നിങ്ങളുടെ കയിലെ പെണ്‍കുട്ടിയാണ്, അതെ നമ്മളൊറ്റയാണ്, ഒന്നാണ്, ഞാനിപ്പോള്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു, ഈ രാത്രിയിലിതാ ഒരത്ഭുതം സംഭവിച്ചിരിക്കുന്നു! പക്ഷെ നിങ്ങള്‍ എന്റെ കുട്ടിയെപ്പറ്റി ചിന്തിക്കുന്നുവെങ്കില്‍ നിങ്ങളൊരു കറുത്തയാളോ വെളുത്തയാളോ(ബ്ളാക്ക് ഓര്‍ വൈറ്റ്) എന്ന് ഞാന്‍ കാര്യമാക്കുന്നില്ല. .... എനിക്ക് പറയാനുള്ളത് ഞാന്‍ ഒരാള്‍ക്കും പിന്നില്‍ രണ്ടാമനായിരിക്കുന്നവനല്ല എന്നാണ്. ഞാന്‍ തുല്യതയെക്കുറിച്ചാണ് പാടുന്നത്, നിങ്ങള്‍ ശരിയോ തെറ്റോ(റൈറ്റ് ഓര്‍ റോങ്) ആണെങ്കിലും അത് സത്യം തന്നെയാണ്. ............... ഗാംഗുകള്‍ക്കും ക്ളബ്ബുകള്‍ക്കും സംരക്ഷണം കൊടുക്കുന്നു, ജനങ്ങള്‍ക്കെവിടെയും ദുരിതം വിതക്കുന്ന രാഷ്ട്രങ്ങളുടെ യുദ്ധങ്ങള്‍. ഞാന്‍ കഥയുടെ രണ്ടറ്റവും കേള്‍ക്കാം. നോക്കൂ അത് വംശത്തെപ്പറ്റിയല്ല; സ്ഥലത്തെക്കുറിച്ചാണ്, മുഖത്തെക്കുറിച്ചാണ്. നിങ്ങളുടെ രക്തം എവിടെ നിന്നാണുത്ഭവിച്ചത്, അതാണ് നിങ്ങളുടെ പ്രദേശം. തെളിച്ചം മങ്ങി മങ്ങി ഇരുളുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, ഒരു നിറത്തിന്റെ പേരില്‍ ജീവിതം തുലക്കാന്‍ ഞാനില്ല! ഇറ്റ്സ് ബ്ളാക്ക് ഓര്‍ വൈറ്റ്, ഇറ്റ്സ് ബ്ളാക്ക്, ഇറ്റ്സ് വൈറ്റ്. ലോകത്തെ മുഴുവന്‍ മനുഷ്യവംശങ്ങളിലും ജനിച്ചവരുടെ മുഖങ്ങള്‍ ഒന്നിനോട് ഒന്നു ചേര്‍ന്നിരിക്കുന്ന വിധത്തില്‍ പിന്തുടരുന്ന മോര്‍ഫിംഗിലൂടെ അവതരിപ്പിക്കുന്ന ഈ വീഡിയോ, മാനവികതയുടെ പരമോദാത്തമായ പ്രകടനമാണ്. മനുഷ്യത്വത്തിന്റെ മാത്രമല്ല, റോബോട്ടിന്റെ ചലനങ്ങളും ചാന്ദ്ര ഗമനവും (മൂണ്‍ വാക്ക്) അദ്ദേഹം ആവിഷ്ക്കരിച്ചു. വരാനിരിക്കുന്ന നൂറ്റാണ്ടുകളിലെ എല്ലാ തലമുറയില്‍ പെട്ടവരും അദ്ദേഹത്തിന്റെ നൃത്തച്ചുവടുകളും ശബ്ദത്തിന്റെ മധുര/ഗാംഭീര്യങ്ങളും അനന്തമായി അനുകരിച്ചുകൊണ്ടേ ഇരിക്കും. ചലച്ചിത്രാഭിനയത്തില്‍ എല്ലാകാലവും ചാര്‍ളി ചാപ്ളിന്‍ അനുകരിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നതു പോലെ; നൃത്തം, സംഗീതാലാപനം, പാട്ടെഴുത്ത്, വീഡിയോ എന്നിവയുടെയെല്ലാം കാലങ്ങളെ മൈക്കിള്‍ ജാക്സണ്‍ ആവേശിച്ചുകഴിഞ്ഞിരിക്കുന്നു.

പ്രശസ്തിക്കും സമ്പന്നതക്കുമൊപ്പം കുറ്റങ്ങളുടെയും വിചാരണകളുടെയും കടങ്ങളുടെയും ഭാരങ്ങളും ഭാണ്ഡങ്ങളും അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. കുട്ടികളെ പീഡിപ്പിക്കല്‍, മയക്കു മരുന്നുപയോഗം, വിശ്വാസ വഞ്ചനകള്‍ തുടങ്ങി ലോകത്തുള്ള എല്ലാ കുറ്റവും അദ്ദേഹത്തിനു മേല്‍ ആരോപിക്കപ്പെട്ടു. ഒന്നും പക്ഷെ തെളിയിക്കപ്പെട്ടില്ല. കോടിക്കണക്കിന് ഡോളര്‍ ചെലവാക്കി കേസുകളില്‍ നിന്ന് വിമുക്തനായി വരുമ്പോള്‍ പുതിയ കേസുകള്‍ അദ്ദേഹത്തിന് നേരിടാനായി തയ്യാര്‍ ചെയ്യപ്പെട്ടിട്ടുണ്ടാവും. മരുന്നുകളും ശസ്ത്രക്രിയകളും ബന്ധത്തകര്‍ച്ചകളും മറ്റും മറ്റും ചേര്‍ന്ന് അദ്ദേഹത്തിന്റെ ശരീരത്തെയും ആത്മാവിനെയും വെട്ടിനുറുക്കി. മൈക്കിള്‍ ജാക്സണ്‍ മുഖ്യ വേഷത്തിലഭിനയിച്ച, സ്റ്റാന്‍ വിന്‍സ്റ്റന്‍ സംവിധാനം ചെയ്ത ഭൂതങ്ങള്‍(ഘോസ്റ്റ്സ്/1996) എന്ന പ്രസിദ്ധമായ ഹ്രസ്വ ചിത്രത്തിലേതെന്നതുപോലെ, മുഖം മൂടിയും ശരീരാവരണവും വലിച്ചു കീറുമ്പോള്‍ അതിനുള്ളില്‍ പുതിയൊരാത്മാവ്, പുതിയൊരു ശരീരം എന്നിങ്ങനെ ഹ്രസ്വമായ ഒരായുസ്സിനുള്ളില്‍ പല അവതാരങ്ങള്‍ ജീവിച്ചു തീര്‍ത്ത ഒരു വിസ്മയം തന്നെയായിരുന്നു ജാക്സണ്‍. അദ്ദേഹത്തിന്റെ ശവപരിശോധനാറിപ്പോര്‍ട്(ആട്ടോപ്സി) ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. തലയില്‍ മുടിയില്ല, വിഗ്ഗ് വെച്ചിരിക്കുകയാണ്, മുഖത്ത് നിറയെ പ്ളാസ്റ്റിക്ക് സര്‍ജറിയുടെ വടുക്കള്‍, മൂക്കിന്റെ പാലം തകര്‍ന്നിരിക്കുന്നു, ഹൃദയത്തില്‍ നേരിട്ട് അഡ്രിനാലിന്‍ കുത്തിവച്ചതിന്റെ സൂചിപ്പാടുകള്‍, ഹൃദയസ്പന്ദനം തിരിച്ചുകൊണ്ടുവരാനായി നെഞ്ചിലേറ്റ ഇടികളുടെ ആഘാതത്തില്‍ തകര്‍ന്നു നുറുങ്ങിയ വാരിയെല്ലുകള്‍, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളൊന്നുമില്ലാത്തതും ദഹിക്കാതെ കിടന്ന പലതരം ഗുളികകള്‍ നിറഞ്ഞതുമായ ആമാശയം, ശരീരത്തിലെമ്പാടും കുത്തിവച്ചതിന്റെയും ശസ്ത്രക്രിയകളുടെയും പാടുകള്‍, -- ഹോ എങ്ങനെയാണ് ലോകത്തിന് ഈ റിപ്പോര്‍ട് വായിക്കാനാകുക. എന്നാലിത്തരത്തില്‍ അസ്ഥികൂടം പോലുമല്ലാത്ത ഒരു തകര്‍ച്ചയായിരുന്നുവോ മൈക്കിള്‍ ജാക്സണ്‍? ഘോസ്റ്റ്സ് കണ്ടിട്ടുള്ളവരെങ്കിലും ഒരു പക്ഷെ വിശ്വസിക്കുന്നത് ഈ ആട്ടോപ്സി വലിച്ചു കീറി ജാക്സണ്‍ തന്റെ ഹൃദ്യമായ ശബ്ദവും മൂണ്‍വാക്കുമായി തിരിച്ചെത്തുമെന്നു തന്നെയാണ്.

ഭൂമിയുടെ ഗീതം - എര്‍ത്ത് സോങ് - കണ്ടിട്ടുള്ളവര്‍ക്ക് അതിന് മറ്റു തെളിവുകളാവശ്യമില്ല. - സൂര്യോദയം ഇനിയുള്ള കാലത്തുണ്ടാവുമോ? മഴ ഉണ്ടാവുമോ? നമുക്ക് നേടാനുള്ള കാര്യങ്ങളെന്ന് നീ പറഞ്ഞതെല്ലാം ഇനിയുണ്ടാവുമോ? മണ്ണിന്റെ നാശം; ഇതേതു കാലം, നിന്റേതും എന്റേതുമെന്ന് നീ പറഞ്ഞവയൊക്കെയും എവിടെ? നമ്മള്‍ ചൊരിഞ്ഞ രക്തത്തിന് വല്ല കണക്കുമുണ്ടോ? കരയുന്ന ഭൂമിയെയും വിതുമ്പുന്ന തീരങ്ങളെയും കാണാനായി ഒരു നിമിഷം നില്‍ക്കൂ. ഇത്തരത്തില്‍ വികാരതീവ്രമായി ഭൂമിയുടെ നാശത്തെക്കുറിച്ച് പാടുന്നതിനോടൊപ്പം കാണിക്കുന്ന ദൃശ്യങ്ങളെന്തൊക്കെയാണ്? ഒരു മരം കൊത്തിയും പിന്നെ കുരങ്ങന്മാരും കോടാനുകോടി ജീവികളും സസ്യങ്ങളും തിങ്ങിനിറഞ്ഞ കാട്ടിലെ ഏകാന്തതയില്‍ നിന്നാണ് ഈ സംഗീതവിസ്മയം ആരംഭിക്കുന്നത്. വേരുകള്‍ ആഴത്തിലും മണ്ണിനുമുകളിലുമായി പടര്‍ത്തിയ പടുകൂറ്റന്‍ മരത്തിനു നേരെ വിനാശത്തിന്റെ കൊടുങ്കാറ്റുമായി ഒരു ജെ സി ബി കടന്നു വരുന്നു. കത്തിക്കൊണ്ടിരിക്കുന്ന നിരവധി മരക്കുറ്റികള്‍ക്കിടയില്‍ നശിച്ച ഒരു കാട്ടിനുള്ളിലൂടെ മൈക്കിള്‍ ജാക്സണ്‍ നടന്നു നീങ്ങുന്നു. വേദന കടിച്ചമര്‍ത്തി വിതുമ്പലോടെ പാടിത്തുടങ്ങുന്നു: വാട്ടെബൌട്ട് സണ്‍റൈസ്, വാട്ടെബൌട്ട് റെയ്ന്‍. കൊന്നുകിടത്തിയ ആനയുടെ കൊമ്പുകള്‍ തുരന്നെടുക്കപ്പെട്ടിരിക്കുന്നു. നിസ്സഹായരായി നോക്കി നില്‍ക്കുന്ന ആഫ്രിക്കയിലെ ആദിമജനവിഭാഗം. അവരുടെ മുമ്പില്‍ മരങ്ങള്‍ കട പുഴക്കി വീഴ്ത്തപ്പെടുന്നു. പൊടി പാറി അന്തരീക്ഷം മൂടുന്നു. ബോസ്നിയയിലെ യുദ്ധമുഖത്ത് അനാഥരായി നടന്നു നീങ്ങുന്ന മനുഷ്യരുടെ ദൃശ്യമാണ് പുറകെ വരുന്നത്. ഇന്നലെയെക്കുറിച്ചെന്തു പറയുന്നു, സമുദ്രത്തെക്കുറിച്ച്, സ്വര്‍ഗങ്ങള്‍ നിലംപതിക്കുകയാണ്. എനിക്ക് ശ്വാസമെടുക്കാന്‍ പോലുമാകുന്നില്ല, രക്തം വാര്‍ന്നു പോകുന്ന ഭൂമിയെക്കുറിച്ചെന്തു പറയുന്നു, അതിന്റെ മുറിവുകള്‍ മാറ്റാന്‍ നമുക്കാവുമോ? അര്‍ഥസമ്പുഷ്ടമായ വരികള്‍ക്കനുസരിച്ച് ദൃശ്യങ്ങളുടെ അഗാധതയും. ആഫ്രിക്കയിലെ ആദിവാസികളും ബോസ്നിയയിലെ ദുരിതമനുഭവിക്കുന്ന ജനതയും മൈക്കിളും ഒരു പിടി മണ്ണ് കൈ കൊണ്ട് വാരി യാചിക്കുന്നു. കുട്ടികള്‍, മൃഗങ്ങളും പക്ഷി ലതാദികളും, എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്? ആരെങ്കിലുമൊന്ന് പറഞ്ഞു തരൂ. പാടിപ്പാടി അയാള്‍ ജീവിതത്തെ തിരിച്ചുകൊണ്ടുവരുന്നു. എര്‍ത്ത്സോങ്ങിലേതു പോലെ ഭൂമിയുടെ പുനര്‍ജന്മവുമായി മൈക്കിള്‍ ജാക്സണ്‍ തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നതാണ് ഹൃദയഭേദകമായ ശവപരിശോധനാ റിപ്പോര്‍ടുകള്‍ വായിക്കുന്നതിലും ഉത്തമം.

1958 ആഗസ്ത് 29ന് ചിക്കാഗോ നഗരപ്രാന്തത്തിലെ ഇന്ത്യാനാ ഗേരിയില്‍ ജോസഫ് വാള്‍ട്ടര്‍ ജാക്സണ്‍(ജോ)ന്റെയും കാതറിന്‍ എസ്തറിന്റെയും ഏഴു മക്കളിലൊരാളായിട്ടാണ് മൈക്കിള്‍ ജനിച്ചത്. ഉരുക്കു മില്‍ത്തൊഴിലാളിയായിരുന്ന ജോയ്ക്ക് സംഗീത ബാന്റുകളുമായി ബന്ധങ്ങളുണ്ടായിരുന്നു. യഹോവാസാക്ഷികളുടെ വിശ്വാസ സംഹിത അനുസരിച്ചാണ് മൈക്കിള്‍ വളര്‍ത്തപ്പെട്ടത്. 2008 നവംബര്‍ 21ന് അദ്ദേഹം ഇസ്ളാം മതം സ്വീകരിച്ചതായും മിഖായേല്‍ എന്നു പേരുമാറ്റിയതായും പത്രങ്ങള്‍ വ്യാപകമായി റിപ്പോര്‍ട് ചെയ്തു. മുമ്പ് മുസ്ളിമായി മതം മാറി യൂസഫ് ഇസ്ലാം എന്നു പേരു സ്വീകരിച്ച ബ്രിട്ടീഷ് സംഗീതജ്ഞന്‍ കാറ്റ് സ്റ്റീവന്‍സിന്റെ സാന്നിധ്യത്തില്‍ ലോസ് ഏഞ്ചല്‍സിലെ സ്റ്റീവ് പൊര്‍ക്കാറോ വീട്ടില്‍ വച്ചായിരുന്നു മതം മാറ്റമെന്നും റിപ്പോര്‍ടുകള്‍ സൂചിപ്പിച്ചു. മൈക്കിളിനെ പൊതിഞ്ഞു നില്‍ക്കുന്ന കുരുക്കഴിയാത്ത അനവധി നിഗൂഢതകള്‍ പോലെ തന്നെ ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണങ്ങളൊന്നും പുറത്തു വന്നതുമില്ല.

അഛനെക്കുറിച്ച് രണ്ടു തരത്തിലുള്ള അഭിപ്രായവും മൈക്കിള്‍ പറയാറുണ്ട്. അദ്ദേഹം കടുത്ത മുറകളോടെ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പകര്‍ന്നു നല്‍കിയ അച്ചടക്കത്തിന്റെ പാഠങ്ങളാണ് തന്റെ ജീവിത വിജയത്തിന്റെ(!) നിദാനം എന്നും മൈക്കിള്‍ സാക്ഷ്യപ്പെടുത്താറുണ്ട്. രണ്ടും ഒരര്‍ഥത്തില്‍ ഒന്നു തന്നെ. പിതാവിന്റെ പീഡകളും ഭയപ്പെടുത്തലുകളും മൈക്കിളിന്റെ ജീവിതത്തെ, ഉറക്കമില്ലാത്ത രാത്രികളുടെയും പേടിസ്വപ്നങ്ങളുടെയും ഒരു നീണ്ട യാത്രയാക്കി മാറ്റി. കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോള്‍ പല അഭിമുഖ വേളയിലും അദ്ദേഹം വിങ്ങിപ്പൊട്ടി. തന്റെ പിതാവിനെ കാണുമ്പോള്‍ താന്‍ ഓക്കാനിക്കാറുള്ളത് അദ്ദേഹം പറയുന്നത് നടുക്കത്തോടെ മാത്രമേ കണ്ടിരിക്കാനാവൂ. അച്ചടക്കത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചും സന്മാര്‍ഗത്തെക്കുറിച്ചും പ്രതിഭയെക്കുറിച്ചും മറ്റുമുള്ള ഗുണപാഠകഥകള്‍ വൈരുധ്യവും സങ്കീര്‍ണതയും നിറഞ്ഞ കുറ്റിക്കാടുകളും ഘോരവനങ്ങളും സമുദ്രാന്തരങ്ങളുമാണെന്ന സത്യം തന്റെ ജീവിതത്തിലെ വിജയങ്ങളും തിരിച്ചടികളും കൊണ്ട് ഓര്‍മപ്പെടുത്തുകയായിരുന്നുവോ മൈക്കിള്‍ ജാക്സണ്‍?

കഠിനമായ പരിശീലനങ്ങള്‍, സ്വയാര്‍ജിതമായ അര്‍പ്പണബോധം, അസാമാന്യമായ പ്രതിഭാശാലിത്വം, അതീവ ചാരുതയാര്‍ന്ന സര്‍ഗാത്മകത എന്നിവകൊണ്ട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മൈക്കിള്‍ ജാക്സണ്‍ ലോകം വെട്ടിപ്പിടിച്ചു, അക്ഷരാര്‍ഥത്തില്‍തന്നെ. പത്തു വയസ്സിനു മുമ്പു തന്നെ സംഗീതപ്രകടനങ്ങള്‍ ആരംഭിച്ച അദ്ദേഹം, പിന്നീട് മുഹമ്മദ് അബ്ദുള്‍ അസീസ് എന്നു മതംമാറി പേരുമാറ്റിയ സഹോദരന്‍ ജെര്‍മെയ്നോടൊത്ത് ജാക്സണ്‍-അഞ്ച് എന്ന ട്രൂപ്പ് രൂപീകരിച്ചു. 1966 മുതല്‍ 1968 വരെയുള്ള വര്‍ഷങ്ങളില്‍ അമേരിക്കയുടെ മധ്യ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അവര്‍ വ്യാപകമായി യാത്രചെയ്ത് പരിപാടികള്‍ അവതരിപ്പിച്ചു. നാല്‍പ്പതിലധികം ഹിറ്റുകള്‍ അവരുടേതായുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ഡാന്‍സിംഗ് മെഷീനും അയാം ലവുമാണ്. 1979ല്‍ പുറത്തിറക്കിയ ഓഫ് ദ വാള്‍ പോലുള്ള ബെസ്റ്റ് സെല്ലറുകള്‍ വരെ അവരുടെ കൂട്ടുകെട്ടാണ് തയ്യാറാക്കിയത്. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഓഫ് ദ വാളിന്റെ 20 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു.

1982ല്‍ പുറത്തിറങ്ങിയ ത്രില്ലറാണ് മൈക്കിള്‍ ജാക്സണ്‍ന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ്. ബില്ലി ജീന്‍, ബീറ്റ് ഇറ്റ് തുടങ്ങിയ നമ്പറുകള്‍ ത്രില്ലറിലുള്ളതാണ്. സംഗീത വ്യവസായം, എം ടി വി, മൈക്കിള്‍ ജാക്സണ്‍ എന്നീ മൂന്നു പ്രതിഭാസങ്ങളെയും വാനോളം വിജയിപ്പിക്കുകയും സ്ഥാപനവത്ക്കരിക്കുകയും ചെയ്തത് ത്രില്ലറാണ്. 1980ല്‍ റോളിങ് സ്റ്റോണ്‍ മാസികക്കാരോട് തന്നെ ക്കുറിച്ച് ഒരു കവര്‍‌സ്റ്റോറി ചെയ്യാമോ എന്ന് മൈക്കിള്‍ ജാക്സണ്‍ ആരാഞ്ഞു. മാസികയുടെ പബ്ളിസിസ്റ്റ് അതില്‍ താല്‍പ്പര്യം കാണിച്ചില്ല. ജാക്സണ്‍ അതേക്കുറിച്ച് പരാമര്‍ശിക്കുന്നത് ഇപ്രകാരമാണ്. മാഗസിനുകളുടെ കവറില്‍ കറുത്ത വര്‍ഗക്കാരുടെ പടമടിച്ചാല്‍ ചിലവാകില്ല എന്നവര്‍ എന്നോട് പല തവണ ഓര്‍മിപ്പിച്ചു. കാത്തിരിക്കുക. ഒരുനാള്‍ എന്റെ ഒരു അഭിമുഖത്തിനു വേണ്ടി അവര്‍ ഇരന്നുകൊണ്ട് പുറകെ നടക്കും. അന്നേരം, ചിലപ്പോള്‍ ഞാനൊരു അഭിമുഖമനുവദിച്ചേക്കും. ചിലപ്പോള്‍ അനുവദിക്കാതിരിക്കാനും സാധ്യതയുണ്ട് (മൈക്കിള്‍ ജാക്സണ്‍ - ദ മാജിക് ആന്റ് ദ മാഡ്നസ്സ്/ താരാബൊറെല്ലി ജെ റാന്റി/1991). ഭീതിയോടും ഇരുട്ടിന്റെ ബിംബാത്മകതയോടുമുള്ള മൈക്കിള്‍ ജാക്സണ്‍ന്റെ ഗൌരവമായ അടുപ്പം ത്രില്ലറോടെയാണ് ആരംഭിക്കുന്നത്. ബില്ലി ജീനില്‍ തന്നെ ഒഴിയാബാധ പോലെ പിന്തുടരുന്ന ഒരു ആരാധിക തന്റെ കുട്ടിയുടെ പിതാവ് മൈക്കിള്‍ ജാക്സണാണെന്ന് കരുതുന്നതായാണ് അദ്ദേഹം പാടുന്നത്. വാന്ന ബി സ്റ്റാര്‍ടിങ് സംതിംഗില്‍ ഗോസിപ്പുകള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും അദ്ദേഹം വാദങ്ങളുയര്‍ത്തുന്നു. അധോലോകസംഘങ്ങളുടെ അക്രമങ്ങള്‍ക്കെതിരെയാണ് ബീറ്റ് ഇറ്റ് എന്ന നമ്പര്‍.

തൊണ്ണൂറുകളില്‍, ആഗോള വിനോദ വ്യവസായക്കുത്തകകളുടെ അഭേദ്യഭാഗമായി തീര്‍ന്നു ജാക്സണ്‍. 1991 മാര്‍ച്ചില്‍ അറുപത്തിയഞ്ച് ദശലക്ഷം ഡോളറിന് സോണി കോര്‍പ്പറേഷനുമായി അദ്ദേഹം പുതുക്കിയെഴുതിയ കരാര്‍ ഒരു സര്‍വകാല റെക്കോഡായിരുന്നു. 1991ലാണ് അദ്ദേഹത്തിന്റെ എട്ടാമത്തെ ആല്‍ബമായ ഡെയ്ഞ്ചറസ് പുറത്തിറങ്ങിയത്. ഇതിലെ ആദ്യ സിംഗിള്‍ നമ്പറായിരുന്നു ബ്ളാക്ക് ഓര്‍ വൈറ്റ്. ലോകത്തിന്റെ മുറിവുണക്കുക എന്ന ആഹ്വാനത്തോടെ അദ്ദേഹം രൂപീകരിച്ച ഹീല്‍ ദ വേള്‍ഡ് ഫൌണ്ടേഷന്‍ 1992ല്‍ നിലവില്‍ വന്നു. പന്ത്രണ്ട് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നു കിടക്കുന്ന ഏതാണ്ട് മൂവായിരത്തോളം ഏക്കര്‍ വിസ്തീര്‍ണമുള്ള നെവര്‍ലാന്റ് റാഞ്ച് എന്ന എസ്റ്റേറ്റിലാണ് 1988 മുതല്‍ 2005 വരെ അദ്ദേഹം താമസിച്ചിരുന്നത്. തീം പാര്‍ക്കുകളും റൈഡുകളും മൃഗശാലകളും തീവണ്ടിയും എല്ലാമായി ഒരു കൊച്ചു ലോകം തന്നെയാണത്. ദരിദ്രരായ അനവധി കുഞ്ഞുങ്ങളെ ഹീല്‍ ദ വേള്‍ഡ് ഫൌണ്ടേഷന്റെ പ്രവര്‍ത്തനത്തിന്‍ കീഴില്‍ അദ്ദേഹം ഇവിടേക്ക് കുടുംബസമേതം വിളിച്ചുവരുത്തി സല്‍ക്കരിച്ചിരുന്നു. ഈ പ്രക്രിയയാണ് പില്‍ക്കാലത്ത്, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ആളാണ് ജാക്സണ്‍ എന്ന കുറ്റാരോപണത്തിലേക്കും കേസിലേക്കും നയിച്ചത്. പതിവുപോലെ ഒന്നും തെളിയിക്കപ്പെട്ടില്ല. കേസുകളെ തുടര്‍ന്ന് ഈ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം പ്രശ്നത്തിലാണ്. ലേലഭീഷണികളും മറുകേസുകളും മറ്റുമായി കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം ഇവിടെ സംസ്കരിക്കണമെന്നും അപ്രകാരം അതൊരു തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റണമെന്നും ബന്ധുക്കളില്‍ ചിലര്‍ക്കാലോചനയുണ്ട്. എന്തു നടക്കുമെന്ന് കാത്തിരുന്നു കാണാം. ഒരു കാര്യം ഉറപ്പാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവരോ വിശ്വസിക്കാത്തവരോ ആകട്ടെ; നിങ്ങള്‍ക്ക് കലയിലും അത് പ്രദാനം ചെയ്യുന്ന ആനന്ദത്തിലും വിശ്വാസമുണ്ടെങ്കില്‍, മൈക്കിള്‍ ജാക്സണ്‍ന്റെ കലയെ ദൈവസാന്നിധ്യമായി അനുഭവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത് നിങ്ങളെ നിര്‍വാണലഹരിയുടെ ചാന്ദ്രഗോളത്തിലേക്ക് അനായാസമായി കൊണ്ടുപോകുക തന്നെ ചെയ്യും.

1995 ജൂണ്‍ 20ന് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഹിസ്റ്ററി അഥവാ ഹിസ് സ്റ്റോറി- പാസ്റ്റ്, പ്രസന്റ് ആന്റ് ഫ്യൂച്ചര്‍ - ബുക്ക് വണ്‍ എന്ന ദൈര്‍ഘ്യമേറിയ ആല്‍ബം പുറത്തിറങ്ങി. സ്ക്രീം/ചൈല്‍ഡ് ഹുഡ്, യു ആര്‍ നോട്ട് അലോണ്‍, എര്‍ത്ത് സോങ്, ദേ ഡോണ്ട് കെയര്‍ എബൌട്ട് അസ്, സ്ട്രേഞ്ചര്‍ ഇന്‍ മോസ്കോ എന്നീ പ്രസിദ്ധമായ സിംഗിളുകള്‍ ഈ ആല്‍ബത്തിലാണുള്ളത്. ദേ ഡോണ്ട് കെയര്‍ എബൌട്ട് അസ് എന്ന ആല്‍ബത്തിലാണ് വിവാദപൂര്‍ണമായ ജ്യൂമി, സ്യൂമി, എവരിബഡി ഡൂമി, കിക്ക് മി, കിക്ക് മി, ഡോണ്ട് യു ബ്ളാക്ക് ഓര്‍ വൈറ്റ് മി (എന്നെ ജൂതനാക്കൂ, എന്നെ കേസ് കൊടുത്തു തോല്‍പ്പിക്കൂ എന്ന് ആദ്യവരികളെ ഏകദേശം പരിഭാഷപ്പെടുത്താം) എന്ന വരികളുള്ളത്. ഇവ ജൂതവിരുദ്ധമാണെന്നും അതിനാല്‍ ജാക്സണ്‍ സെമിറ്റിക് മതവിരുദ്ധനാണെന്നും ആരോപിക്കപ്പെട്ടു. ജാക്സന്റെ ദീര്‍ഘകാല സുഹൃത്തും ഹോളിവുഡിലെ പ്രസിദ്ധ ചലച്ചിത്രകാരനുമായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് (ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ് അടക്കമുള്ള സിനിമകള്‍ ഓര്‍ക്കുക) ജാക്സണ്‍ന്റെ എതിരാളിയാകുന്നത് ഈ വിവാദത്തെത്തുടര്‍ന്നാണ്. പിന്നീട് ഈ വരികള്‍ ജാക്സണ്‍ പിന്‍വലിച്ചു. അമേരിക്കയിലും ലോകരാഷ്ട്രീയത്തിലും നിലനില്‍ക്കുന്ന ജൂത/സിയോണിസ്റ്റ് ആധിപത്യ വാസനകളുടെ പശ്ചാത്തലത്തില്‍ ഈ വരികളെ പുനര്‍ വായന നടത്താനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. വിനോദവ്യവസായത്തില്‍ ആറാം വയസ്സു മുതല്‍ മരിക്കുന്നതു വരെയും നിറഞ്ഞുനിന്ന മൈക്കിള്‍ ജാക്സണ്‍ തന്റെ ജീവിതത്തെ വിവരിക്കാന്‍ ചാള്‍സ് ഡിക്കന്‍സിന്റെ ഒരു പ്രയോഗം കടമെടുക്കുന്നു. അത് വളരെ നല്ല കാലമായിരുന്നു, അത് ഏറ്റവും മോശം കാലവുമായിരുന്നു. ('It 's been the best of times, worst of times..').

മൈക്കിള്‍ ജാക്സണ്‍ ആരുടെ ഇരയായിരുന്നു എന്നതാണ് സുപ്രധാനമായ ചോദ്യം. വംശീയ വെറുപ്പിന്റെ, മേധാവിത്ത വാസനകളുടെ, മുതലാളിത്തത്തിന്റെ, കോര്‍പ്പറേഷനുകളുടെ, സദാചാരത്തിന്റെ, നീതിന്യായ സംവിധാനങ്ങളുടെ, വിനോദത്തിനായുള്ള അദമ്യമായ ആസക്തികളുടെ എല്ലാത്തിന്റെയും ഇരയായിരുന്നു മൈക്കിള്‍ ജാക്സണ്‍.

*
ജി പി രാമചന്ദ്രന്‍
കടപ്പാട്:
വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment

Visit: http://sardram.blogspot.com