ആസിയന്‍ കരാറും കേരളവും
ഒട്ടും സുതാര്യതയില്ലാത്ത വിദേശകരാര്‍ ഇടപാടുകള്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുകയാണ്. ഈ പരമ്പരയില്‍ അവസാനത്തേതായിരുന്നു ഹിലാരി ക്ളിന്റനുമായി ഒപ്പുവച്ച എന്‍ഡ് യൂസ് മോണിറ്ററിങ് എഗ്രിമെന്റ് അഥവാ അമേരിക്കയില്‍നിന്നു വാങ്ങുന്ന ആയുധങ്ങള്‍ എന്തിനുവേണ്ടി ഉപയോഗിക്കുന്നെന്ന് പരിശോധിക്കാന്‍ അമേരിക്കയ്ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള കരാര്‍. എന്തെല്ലാമാണ് ഈ കരാറിലെ വ്യവസ്ഥകളെന്ന് ഇന്നും നമുക്ക് അറിയില്ല. ഇതു രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നുള്ള ഒഴിവു പറയാം. എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്ര കാബിനറ്റ് ഒപ്പുവയ്ക്കാന്‍ അനുവാദംകൊടുത്ത ഇന്തോ-ആസിയന്‍ സ്വതന്ത്ര വ്യാപാരകരാര്‍ സംബന്ധിച്ച് എന്തു ന്യായമാണ് ഡോ. മന്‍മോഹന്‍സിങ്ങിനു പറയാനുള്ളത്?തായ്ലന്‍ഡ്, വിയറ്റ്നാം, സിംഗപ്പുര്‍, ഫിലിപ്പീന്‍സ്, ബര്‍മ, മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ, കമ്പോഡിയ, ബ്രൂണെ എന്നീ രാജ്യങ്ങളാണ് ആസിയന്‍ രാജ്യങ്ങളായി അറിയപ്പെടുന്നത്. ഈ രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരത്തിനോ നിക്ഷേപത്തിനോ ഒരു നിയന്ത്രണവുമില്ല. അഥവാ ഒരു സ്വതന്ത്രവ്യാപാരമേഖലയാണ് ആസിയന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാര്‍ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ ഒരു പതിറ്റാണ്ടായി നടന്നുവരികയായിരുന്നു. ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കും സേവന കമ്പനികള്‍ക്കും ഇതുമൂലം നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. കാര്‍ഷികമേഖലയ്ക്കാകട്ടെ ഇതു തിരിച്ചടിയുമാണ്, പ്രത്യേകിച്ച് കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക്. കാരണം കാര്‍ഷിക കാലാവസ്ഥ നോക്കുമ്പോള്‍ കേരളത്തിനു സമാനമായ കാലാവസ്ഥയാണ് ഈ രാജ്യത്തെല്ലാം ഉള്ളത്. അതുകൊണ്ട് കാര്‍ഷികവിളകള്‍ തമ്മില്‍ വലിയ സാമ്യമുണ്ട്. ആസിയന്‍ രാജ്യങ്ങളെ എല്ലാം എടുക്കുമ്പോള്‍ ഏതെങ്കിലുമൊരു രാജ്യത്തിന് ഇന്ത്യയേക്കാള്‍ ഏതെങ്കിലും ഒരു വിളയില്‍ ഉല്‍പ്പാദന ക്ഷമത ഉയര്‍ന്നതായിരിക്കും. ശ്രീലങ്കയുമായുള്ള സ്വതന്ത്രവ്യാപാരകരാര്‍ കേരളത്തില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ നേരത്തെ ചര്‍ച്ചചെയ്തതാണ്. ശ്രീലങ്കയിലെ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളും ശ്രീലങ്കവഴി ഇന്ത്യയിലേക്ക് വരുന്നു എന്നതാണ് അനുഭവം.
2003 ഒക്ടോബറിലാണ് ആസിയന്‍ രാജ്യങ്ങളുമായുള്ള കരാറിന്റെ ചട്ടക്കൂട് തയ്യാറായത്. 2008 ആഗസ്തില്‍ കരടുകരാര്‍ സംബന്ധിച്ച ചര്‍ച്ച അവസാനിച്ചു. ഈ സന്ദര്‍ഭത്തില്‍ കേരളസര്‍ക്കാര്‍ ഇതു സംബന്ധിച്ച ആശങ്ക കേന്ദ്രത്തെ അറിയിക്കുകയുണ്ടായി. അന്ന് വാണിജ്യമന്ത്രി കമല്‍നാഥ് പരിഹസിച്ചുകൊണ്ട് പറഞ്ഞത് പ്രതിഷേധക്കാര്‍ക്ക് കരാറെന്താണെന്നുപോലും അറിയില്ലെന്നായിരുന്നു. ഇന്ന് ഒരു വര്‍ഷത്തിനുശേഷം കരടുകരാറിന് കേന്ദ്രമന്ത്രിസഭ അനുവാദം കൊടുക്കുമ്പോഴുള്ള സ്ഥിതിയും ഇതുതന്നെയാണ്. കേരളീയര്‍ക്കോ കേരള സര്‍ക്കാരിനോ ഈ കരാര്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് അപ്പുറം ഒന്നും അറിയില്ല. കഴിഞ്ഞ ദേശീയ വികസന സമിതി യോഗത്തില്‍ കരാര്‍ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് ചര്‍ച്ചചെയ്ത ശേഷമേ തീരുമാനമെടുക്കാവൂ എന്ന് മുഖ്യമന്ത്രി ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാനങ്ങളെ അറിയിക്കുന്നതു പോകട്ടെ, പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെയാണ് കോടിക്കണക്കിന് കൃഷിക്കാരുടെ ജിവിതത്തെ ബാധിക്കുന്ന ഈ കരാര്‍ ഒപ്പിടാന്‍ പോകുന്നത്. ഇത് അത്യധികം പ്രതിഷേധാര്‍ഹമാണ്. കരാര്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഇനിയെങ്കിലും പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.
ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും തമ്മില്‍ അയ്യായിരത്തില്‍പ്പരം ഉല്‍പ്പന്നങ്ങളുടെ കച്ചവടവുമുണ്ട്. ഇവയുടെ 80 ശതമാനവും കരാറിന്റെ പരിധിയില്‍ വരും. കരാറില്‍ ഉള്‍പ്പെടുത്താത്ത ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റ്റ് എന്നാണ് പറയുക. ഉമ്മന്‍ചാണ്ടി പറയുന്നത് മത്തിമുതല്‍ കപ്പവരെയുള്ള ഒട്ടനവധി ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റ്റെന്ന നിലയില്‍ കരാറില്‍നിന്നു മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നാണ്. കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ കാപ്പി, തേയില, കുരുമുളക്, പാമോയില്‍ തുടങ്ങിയവയെ ഹൈലി സെന്‍സിറ്റീവ്’എന്നുപറയുന്ന ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഇനങ്ങളുടെ ചുങ്കം പത്തുവര്‍ഷംകൊണ്ട് പടിപടിയായി കുറച്ചാല്‍ മതിയാകും. അപ്പോഴും തീരുവ പൂര്‍ണമായും നീക്കേണ്ടതില്ല. ഉദാഹരണത്തിന് പാമോയിലിന്റെ കാര്യത്തില്‍ 37 ശതമാനംവരെ ചുങ്കം ചുമത്താനുള്ള അവകാശം ഇന്ത്യക്കുണ്ടാകും. അതുകൊണ്ട് കേരകൃഷിക്കാര്‍ക്ക് ആശങ്കവേണ്ടൊണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍, കരാറില്‍ ഉള്‍പ്പെടുന്നത് ബൌണ്ട് റേറ്റ് അഥവാ പരമാവധി അനുവദനീയമായ ചുങ്കനിരക്കാണ്. എന്നാല്‍, ഇതിനേക്കാള്‍ താഴ്ന്നതായിരിക്കും. യഥാര്‍ഥത്തില്‍ ഏര്‍പ്പെടുത്തുന്ന ചുങ്കനിരക്ക് എന്നാണ് ഇതുവരെയുള്ള അനുഭവം. ലോക വ്യാപാരകരാറിന്റെ ഭാഗമായി പല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്താം. എന്നാല്‍, ഇപ്പോഴുള്ള യഥാര്‍ഥ നിരക്ക് ഇതിലും എത്രയോ താഴെയാണ്. ഉമ്മന്‍ചാണ്ടി പരാമര്‍ശിച്ച ക്രൂഡ് പാമോയില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ചുങ്കമേ കൊടുക്കേണ്ടതില്ല. സംസ്കരിച്ച പാമോയിലാണെങ്കില്‍ 7.5 മാത്രമേ ഉള്ളൂ. എന്നാല്‍, ബൌണ്ട് റേറ്റ് ഇപ്പോള്‍ 80 ശതമാനമാണെന്ന് ഓര്‍ക്കണം. ഇവിടെയാണ് കേരളത്തിനുള്ള അപകടം പതിയിരിക്കുന്നത്.
ആസിയന്‍കരാര്‍ ചരക്കുകളുടെ വ്യാപാരം സംബന്ധിച്ചു മാത്രമല്ല, സേവനവും നിക്ഷേപവും സംബന്ധിച്ചും കൂടിയുള്ള കരാറാണ്. സേവനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടന്നുവരികയാണ്. ഈ ഇനത്തിലാണ് ഇന്ത്യക്ക് കൂടുതല്‍ മത്സരശേഷിയുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാല്‍ ചര്‍ച്ചകളില്‍ സേവനരംഗത്ത് കൂടുതല്‍ ഇളവ് ലഭിക്കുന്നതിനുവേണ്ടി ചരക്കുകളുടെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യാം. ബൌണ്ട് നിരക്കിനേക്കാള്‍ യഥാര്‍ഥ തീരുവ ഇന്ന് വളരെ താഴ്ന്നിരിക്കുന്നതിന്റെ ഒരു കാരണം ഇത്തരം ഒത്തുതീര്‍പ്പുകളാണ്. ഈ പശ്ചാത്തലത്തില്‍ ഒട്ടും സുതാര്യമല്ലാത്ത രീതിയില്‍ നടക്കുന്ന ആസിയന്‍ വ്യാപാര ചര്‍ച്ചകള്‍ക്കെതിരെ ശക്തമായ ജനകീയവികാരം ഉയര്‍ന്നുവരണം. ഈ കരാര്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യണം. പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ സംസ്ഥാന വിഷയങ്ങളില്‍ അന്തര്‍ദേശീയ കരാറുകള്‍ ഉണ്ടാക്കാന്‍ പാടുള്ളതല്ല. വാണിജ്യവകുപ്പിന്റെ വെബ്സൈറ്റില്‍ ഇപ്പോഴും കരട് കരാറിനെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. പാര്‍ലമെന്റില്‍ പോലും വ്യക്തമായ പ്രസ്താവന ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്ക് കേന്ദ്ര വാണിജ്യമന്ത്രിയുമായുള്ള ആസിയന്‍ കരാറിനെക്കുറിച്ചുള്ള രഹസ്യചര്‍ച്ചയില്‍ ലഭിച്ച ഉറപ്പ് കേരളത്തിലെ ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റുന്നില്ല. കേരളത്തിലെ വാണിജ്യവിളകളുടെ ഭാവിയുടെമേല്‍ ആസിയന്‍ കരാര്‍ കരിനിഴല്‍ പരത്തിയിരിക്കുകയാണ്.
*
ടി എം തോമസ് ഐസക്
No comments:
Post a Comment
Visit: http://sardram.blogspot.com