12 July, 2009

പാപ്പര്‍ മുതലാളിത്തം

പാപ്പര്‍ മുതലാളിത്തം

കാല്‍ നൂറ്റാണ്ടിലധികമായി ലോകമേധാവിത്വം ഇനി തങ്ങള്‍ക്കാണെന്ന് വീമ്പിളക്കി നടന്ന അമേരിക്കന്‍ കുത്തക വാഴ്ചയുടെ അന്തപ്പുര രഹസ്യങ്ങള്‍ ചുരുളഴിയുമ്പോള്‍; അവരെ ആരാധിച്ചരുന്നവര്‍ അമ്പരക്കുകയാണ്. 'വേറെ മാര്‍ഗ്ഗ'മില്ലെന്ന് പറഞ്ഞ്, അവര്‍ക്കു പിന്നില്‍ ഒഴുകിയെത്തിയവര്‍ കമ്പോളത്തിനുള്ളില്‍ 'ജനാധിപത്യചന്ത' രൂപീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു... വാര്‍ദ്ധക്യം ബാധിച്ച ഒരു വ്യവസ്ഥിതിക്കു പിന്നില്‍ മക്കളെയും കൊച്ചുമക്കളെയും അണിനിരത്തി ഇക്കൂട്ടര്‍ ആഹ്ളാദാഘോഷങ്ങളില്‍ മുഴുകിയതങ്ങനെയാണ്. ചിലരാവട്ടെ, കമ്പോളത്തിന്റെ അനശ്വരതക്ക് സ്തുതിപാടി പുതിയ ലോകക്രമത്തിന്റെ ഭരണഘടനകള്‍ വരെ രചിച്ചു. കടത്തിന്റെ അടിത്തറയില്‍ കുമിളകളും ബലൂണുകളും കൊണ്ട് കെട്ടി ഉയര്‍ത്തിയ ഒരു വ്യവസ്ഥിതിയുടെ ശക്തിയും പ്രഭാവവും കണ്ട് രാഷ്ട്രങ്ങള്‍ തന്നെ അവര്‍ക്ക് പണയപ്പെടുത്തിയവരില്‍ നമ്മുടെ നാട്ടിലെ സമ്പന്ന വര്‍ഗ്ഗ രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്നു.. ലോകത്തെ മുഴുവന്‍, കഴിഞ്ഞ മൂന്നര നൂറ്റാണ്ട് കാലമായി ചൂഷണത്തിന്റെ കയറില്‍ കെട്ടിയിട്ട്, പത്തോ ഇരുപതോ ശതമാനം പേര്‍ക്ക് സ്വര്‍ഗ്ഗം പണിയുന്നതില്‍ വിജയിച്ച മുതലാളിത്തം 'കാലത്തിന്റെ അവസാനവാക്കാ'ണെന്ന് കരുതിയവരെയൊക്കെ അമ്പരിപ്പിച്ചുകൊണ്ടാണ്; കുമിളകളും ബലൂണുകളും ചീട്ടുകൊട്ടാരങ്ങളും 2008 സെപ്റ്റംബറില്‍ പൊടുന്നനെ പൊട്ടിച്ചിതറിയത്. സ്വയം ചലിക്കുകയും, നിയന്ത്രിക്കുകയും, വളരുകയും ചെയ്യുമെന്ന് ഉറക്കെപറഞ്ഞു കൊണ്ടിരുന്നവരുടെ നാവിറങ്ങിപ്പോയ പതനമാണ് 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ മുതലാളിത്തത്തിനു സംഭവിച്ചത്.. കടുത്ത ചൂഷണവും ലാഭക്കൊതിയും കൊണ്ടുവരുന്ന വളര്‍ച്ച സാമൂഹികപുരോഗതിയായി പരിണമിക്കുമെന്നും അതവസാനം സ്ഥിതിസമത്വം സംഭാവന ചെയ്യുമെന്നും കരുതുന്നവരാണ് മുതലാളിത്തത്തിന്റെ സാമൂഹിക ശക്തി... മനുഷ്യാധ്വാനമാണ് സമസ്തസമ്പത്തും സൃഷ്ടിക്കുന്നതെന്നല്ല; അധ്വാനത്തെ ചൂഷണം ചെയ്തും, അധ്വാനിക്കുന്നവരെ അടിമകളാക്കിയും ആണ് സമ്പത്ത് സൃഷ്ടിക്കേണ്ടതെന്ന് മുതലാളിത്തം പ്രഖ്യാപിക്കുമ്പോള്‍പ്പോലും - സംസ്കാരസമ്പന്നരെന്നു കരുതുന്ന ഈ വര്‍ഗ്ഗം ലജ്ജിക്കുന്നില്ല. ലജ്ജയില്ലായ്മയാണ് മുതലാളിത്തം സൃഷ്ടിക്കുന്ന സംസ്കാരമെന്നതിനാല്‍, അവരില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ വിഡ്ഢികള്‍. അതെന്തായാലും വമ്പന്‍ നുണകളും കെട്ടുകഥകളുംകൊണ്ട് ലോകത്തെ സ്വന്തം തിരുമുറ്റത്ത് കെട്ടിയിട്ട് വളരാമെന്നുള്ള മോഹങ്ങള്‍ക്ക് അറുതിവരുത്തുന്ന തകര്‍ച്ചയാണ് മുതലാളിത്തം ഇപ്പോള്‍ നേരിടുന്നത്...

ഈ തകര്‍ച്ച പുതിയതാണോ?

പണം ചൂതാടാനുള്ളതാണെന്ന് ലോകത്തെപഠിപ്പിച്ചത് മുതലാളിത്തമാണ്. ലോകമാകെ ചൂതാട്ടം വ്യാപിപ്പിക്കുന്ന സമ്പന്നരാഷ്ട്രങ്ങളുടെ പദ്ധതിയാണ് ആഗോളവല്‍ക്കരണ നയങ്ങളിലൂടെ നടത്തിയെടുത്തത്.. അതിന്റെ വിലയാണ്, കുറഞ്ഞ കൂലിയും, കടുത്ത വറുതിയും, മഹാമാന്ദ്യവുമൊക്കെയായി ഇന്ന് ലോകമാകെ പങ്കിട്ട് അനുഭവിക്കുന്നത്.. ചൂതാട്ടക്കാരുടെ ജന്മഗൃഹങ്ങളില്‍ ബാങ്കും ഇന്‍ഷൂറന്‍സുമൊക്കെ നിരന്തരം തകരുന്നതിന്റെ ചരിത്രം പക്ഷേ, അവരുടെ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നു..

'സ്വതന്ത്രവിപണി വ്യവസ്ഥ'യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച റൊണാള്‍ഡ് റീഗനായിരുന്നു 1981 മുതല്‍ 1989 വരെ അമേരിക്ക ഭരിച്ചത്. എട്ടുകൊല്ലംകൊണ്ട് അമേരിക്കയില്‍ പൂട്ടിയ ബാങ്കുകള്‍ എത്രയാണെന്നാണ് നിങ്ങള്‍ കരുതുന്നത്.. 10;100.... അല്ലേ അല്ല; 2036 ബാങ്കുകളാണത്രെ അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലത്ത് പൊട്ടിത്തകര്‍ന്നത്.

1989 മുതല്‍ 1993 വരെ ബൂഷ് സീനിയറായിരുന്നു പ്രസിഡണ്ട്. അദ്ദേഹത്തിന്റെ കാലത്ത് 1015 ബാങ്കുകള്‍ അടച്ചു പൂട്ടി. 1998 മുതല്‍ 2001 വരെ ബില്‍ക്ളിന്റന്‍ ഭരിച്ചപ്പോള്‍ 900 ബാങ്കുകളാണ് പൊടിതട്ടിപ്പോയത് ! 2001-2009 കാലത്ത് 97 ബാങ്കുകളേ പൂട്ടിയുള്ളുവത്രെ! പക്ഷേ 2008ല്‍ കാല്‍നൂറ്റാണ്ടുകാലത്തെ മൊത്തം തകര്‍ച്ചയേയും വെല്ലുന്ന വന്‍കിട പൂട്ടിക്കെട്ടലാണ് നടന്നത് ! 2008-ല്‍ മാത്രം 25 വന്‍കിട ബാങ്കുകള്‍ പൂട്ടിപ്പോയി. 2009 മെയ് 31 വരെയുള്ള 5 മാസംകൊണ്ട് 45 ബാങ്കുകളാണ് തകര്‍ന്നുതരിപ്പണമായത് ! നിയോലിബറലിസത്തിന് 30 വയസാകുമ്പോഴേക്കും (2010) ബാങ്ക് തകര്‍ച്ച 6000 കവിയുമെന്നാണ് അവിടുത്തെ വിദഗ്ധന്മാരുടെ കണക്ക്.... അതെന്തായാലും 1934 മുതല്‍ 2009 മെയ് വരെ 4615 ബാങ്കുകള്‍ പൂട്ടിക്കെട്ടിയ 'മഹത്തായ' സ്വര്‍ഗ്ഗഭൂമിയായി അമേരിക്കയെ ലോകം വാഴ്ത്തുന്നു! നോക്കൂ ഫെഡറല്‍ ഡിപ്പോസിററ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ ചരിത്ര രേഖകള്‍ പറയുന്നത്. (പട്ടിക-1 കാണുക)

ഇത് പൂട്ടിപ്പോയ ബാങ്കുകളുടെ തലയെണ്ണിതിട്ടപ്പെടുത്തിയപ്പോള്‍ കിട്ടിയ സംഖ്യയാണ്.. എങ്ങനെയാണ് ഈ ബാങ്കുകളെല്ലാം തകരുന്നത്... എവിടേക്കാണീപണമൊക്കെപോയി ഒളിക്കുന്നത്.. ഖജനാവില്‍ നിന്ന് നാട്ടുകാരുടെ നികുതിപ്പണമെടുത്ത് ഈ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് വീതിച്ചുകൊടുക്കുമ്പോള്‍; ജനങ്ങളുടെ നിക്ഷേപവുമായി ചൂതാടിയവര്‍ സുരക്ഷിതമായി ചൂതുകളി തുടരുന്നുവെന്ന് വേണം കരുതാന്‍.. ലാഭം കുന്നുകൂടുകയും , ലോകം ധനമൂലധന പ്രവാഹത്തില്‍ മുങ്ങുകയും ചെയ്യുന്നത് ഇങ്ങനെ ചൂതാട്ടക്കാര്‍ ജനങ്ങളില്‍ നിന്ന് കബളിപ്പിച്ചെടുക്കുന്ന പണമാണന്ന് മാത്രം നമ്മള്‍ മനസ്സിലാക്കുന്നില്ല.. അതാണ് മുതലാളിത്തം വിളിച്ചുപറയുന്ന 'വളര്‍ച്ച' യെന്നും നമുക്കറിയില്ല. അക്ഷരാര്‍ത്ഥത്തില്‍ തന്നെ കമ്പോള വ്യവസ്ഥയെന്നാല്‍ തുടര്‍ച്ചയായുള്ള ചൂതാട്ടമാണെന്നും നാം മനസ്സിലാക്കുന്നില്ല. ഈ അജ്ഞതയുടെ പിഴയാണ് ലോകം ഇപ്പോള്‍ അടച്ചു തീര്‍ത്തുകൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ ബാങ്ക് തകര്‍ച്ച - ചിലവന്‍കിട ബാങ്കുകള്‍
(1984 - 1992)

2008ല്‍ തകര്‍ന്ന 10 വന്‍കിട ബാങ്കുകള്‍

ജനറല്‍ മോട്ടോര്‍സോ അമേരിക്കയോ പാപ്പരായത്?

ആഡംബരത്തിന്റെ അഹങ്കാരവും; ധാരാളിത്തത്തിന്റെ പ്രതീകവുമായിരുന്നു ജനറല്‍ മോട്ടോഴ്സും അവരുടെ ഒഴുകുന്ന കൊട്ടാരങ്ങളും.. ഒരു സമ്പദ്ഘടനയുടെ നട്ടെല്ലായി ഉയര്‍ന്നു നിന്ന അമേരിക്കയുടെ അഹങ്കാരം! 1908-ല്‍ തുടങ്ങി, അരനൂറ്റാണ്ടുകാലം അമേരിക്കന്‍ അതിസമ്പന്നരുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനമായി നിലനിന്ന ജനറല്‍ മോട്ടോഴ്സ് ഒരു നൂറ്റാണ്ട് കാലത്തെ ജീവിതത്തിന് ശേഷം പാപ്പരായി പ്രഖ്യാപിച്ച് 'വിടവാങ്ങി' യിരിക്കുന്നു! വരുന്ന ഒരു നൂറ്റാണ്ട് കാലംകൂടി തങ്ങള്‍ രാജാക്കന്മാരായി വാഴുമെന്നായിരുന്നു കമ്പനിയുടെ ശതാബ്ദി ആഘോഷവേളയില്‍, അന്നത്തെ മേധാവി റിക്വാഗ്‌നര്‍ പ്രഖ്യാപിച്ചത് ! കഷ്ടം, ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളുടെ ഭാവനയും; കച്ചവടതന്ത്രങ്ങളും, സാങ്കേതികമികവും അമേരിക്കയുടെ മധ്യവര്‍ഗ്ഗവും സമ്പന്നരും ഒരുപോലെ അംഗീകരിച്ചതോടെ, ജനറല്‍മോട്ടോഴ്സ് ഏറെ മുമ്പ് തന്നെ കളം വിട്ടതാണ്.. തുടര്‍ച്ചയായ കച്ചവട തകര്‍ച്ചയും, പെരുകുന്ന ബാധ്യതകളുംകൊണ്ട് കമ്പനി വീര്‍പ്പുമുട്ടി... ദേശീയഖജനാവിന്റെ ചിലവില്‍ (45 ബില്യന്‍ ഡോളര്‍ = 4500 കോടി ഡോളര്‍) കഴിഞ്ഞ 6 മാസം ശ്വാസം കഴിച്ചതിനുശേഷം പാപ്പരായി പ്രഖ്യാപിച്ചിരിക്കുകയാണ് ! ജനറല്‍ മോട്ടോഴ്സ് അമേരിക്കയുടെ അസന്തുലിത വികസനത്തിന്റെയും അത്യാര്‍ത്തികളുടെയും പ്രതീകമാണ്.. യഥാര്‍ത്ഥത്തില്‍ തകര്‍ന്നതും പാപ്പരായതും അമേരിക്ക തന്നെയാണ്.. ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ ജനറല്‍ മോട്ടോഴ്സിന്റെ കച്ചവടം, 16 ദശലക്ഷം വാഹനങ്ങളില്‍ നിന്ന് 9 ദശലക്ഷമായാണ് കുറഞ്ഞത്. പ്രതിവര്‍ഷം 42.4 ബില്യന്‍ ഡോളര്‍ വരുമാനമുണ്ടാക്കിയിരുന്ന ഈ കമ്പനി 2009 ആദ്യപാദത്തില്‍ അതിന്റെ പകുതിയിലേക്കാണ് കൂപ്പുകുത്തിയത്. അമേരിക്കയിലെ കമ്പനിയുടെ കമ്പോള വിഹിതം 1962-ല്‍ 51% ആയിരുന്നത് 2000-ല്‍ 17.6% ആയിട്ടാണ് കുറഞ്ഞത്. ഓഹരി ഒന്നിന് 70 ഡോളര്‍ മൂല്യമുണ്ടായിരുന്ന ജനറല്‍ മോട്ടോഴ്സിന്റെ 2009 മെയ്‌മാസത്തെ വില 70 സെന്റായിരുന്നുവെന്നത് പാപ്പഹര്‍ജിയുടെ പിറകിലെ പ്രധാന കാരണമാണ്. കടം കയറി നിലനില്‍ക്കാനാവാതെ വന്നപ്പോഴാണ് ഈ വമ്പന്‍ കുത്തക പാപ്പര്‍ഹര്‍ജി കൊടുത്തത്.. കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ പാപ്പരായ ചില വമ്പന്മാരുടെ കൂട്ടത്തില്‍ ജനറല്‍ മോട്ടോഴ്സിനെ നമുക്ക് മുന്‍നിരയില്‍തന്നെപെടുത്താം. 80,000 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന ജനറല്‍ മോട്ടോഴ്സിന്റെ പതനം അമേരിക്കന്‍ വികസന മോഡലിന് നേരിട്ട തകര്‍ച്ചയുടെ യഥാര്‍ത്ഥമുഖം വ്യക്തമാക്കുന്നു..
ഈ 'പാപ്പര്‍' മുതലാളിത്തമാണ് ആഗോള മേധാവിത്വത്തിന്റെ കിരീടം ചൂടി നമ്മേ വിറപ്പിക്കുന്നത്.. ഒപ്പം നമ്മളില്‍ പലരും അവരുടെ മുമ്പില്‍ നിന്നുവിറക്കുന്നതും! എന്തൊരു വിരോധാഭാസം.

'ബെയിലൌട്ട് ' അഥവ ഖജനാവ് തീറ്റ

* 'പെന്‍സെന്‍ട്രല്‍ റെയില്‍ റോഡ്' എന്നാല്‍ അമേരിക്കന്‍ പ്രതിരോധ ഗതാഗതമേഖലയിലെ ഒരു വമ്പന്‍കുത്തകയായിരുന്നു. പിടിപ്പുകെട്ട ഭരണവും ധൂര്‍ത്തും കാരണം 1971ല്‍ കമ്പനി പാപ്പരായി. പാപ്പര്‍ഹര്‍ജികൊടുത്ത കമ്പനിക്ക് 676 കോടി ഡോളര്‍ വായ്പയാണ് ഖജനാവില്‍ നിന്ന് അനുവദിച്ചത്. പിന്നീട് 6 സമാനകമ്പനികള്‍ കൂട്ടിച്ചേര്‍ത്ത് കണ്‍സോളിഡേറ്റഡ് റെയില്‍ എന്ന കമ്പനി രൂപീകരിച്ച് 1976-ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. 87ല്‍ കമ്പനി വീണ്ടും കൈമാറി. ഖജനാവിലേക്ക് അന്ന് തിരിച്ചു വന്നത് 310 കോടി ഡോളര്‍മാത്രം.

* ലോക്ക്ഹീഡ് - 1971ല്‍ 140 കോടി ഡോളര്‍ സര്‍ക്കാര്‍ വായ്പവാങ്ങിയാണ് നിലനിര്‍ത്തിയത്. പിന്നീടവര്‍ 112 കോടി തിരിച്ച് നല്‍കി.

* 104 ബ്രാഞ്ചുകളുണ്ടായിരുന്ന ഫ്രാങ്കിലിന്‍ നാഷണല്‍ ബാങ്കിനെ 1974ല്‍ സര്‍ക്കാര്‍ 780 കോടി * ഡോളര്‍ നല്‍കി രക്ഷിച്ചു. പാപ്പരായ ഈ ബാങ്ക് 510 കോടി ഡോളറിനാണ് പിന്നീട് കൈമാറിയത്.

* അമേരിക്കന്‍ വാഹനനിര്‍മ്മാണ കമ്പനിയായ ക്രിസ്ലര്‍ 1980ല്‍ വന്‍ നഷ്ടത്തിലായി. അന്ന് ഖജനാവ് അവര്‍ക്ക് വേണ്ടി ചുരത്തിയത് 400 കോടി ഡോളര്‍.
* രാജ്യത്തെ ഏറ്റവും വലിയ 8-ാമത്തെ ബാങ്കായിരുന്നു കോണ്ടിനന്റല്‍ ബാങ്ക് . 1989ല്‍ തകര്‍ന്ന ഈ ബാങ്കിന് ഖജനാവില്‍ നിന്ന് 950 കോടി ഡോളര്‍ നീക്കിവെച്ചു.

* 1989ല്‍ അമേരിക്കയില്‍ 100 കണക്കിന് നിക്ഷേപവായ്പാ ബാങ്കുകള്‍ പൊട്ടിപ്പൊളിഞ്ഞു. ഇവയ്ക്കെല്ലാമായി 29380 കോടി ഡോളറിന്റെ ഒരു സഹായ പദ്ധതിയാണ്, സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ 22,032 കോടി ചിലവഴിച്ചു.

* 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ എയര്‍ലൈന്‍ കുത്തകകള്‍ക്ക് ദേശീയ ഖജനാവില്‍ നിന്ന് അനുവദിച്ചത് 1860 കോടി ഡോളറായിരുന്നു.

* പൊട്ടിത്തകര്‍ന്ന (2008) ബിയര്‍ സ്റ്റേണ്‍സ് എന്ന അന്താരാഷ്ട്ര ബാങ്കിനെ ജെപി. മോര്‍ഗനെകൊണ്ട് ഏറ്റെടുപ്പിച്ചവകയില്‍ അമേരിക്കയുടെ ദേശീയ ഖജനാവ് കൈമാറിയത് 3000 കോടി ഡോളര്‍.

* തകര്‍ന്ന ഫാനിമേ-ഫ്രെഡിമാക്ക് നിക്ഷേപ ബാങ്കുകള്‍ ഏറ്റെടുക്കുന്നതിനായി ഖജനാവ് നീക്കിവെച്ചത് 40000 കോടി ഡോളര്‍.

* 136 രാഷ്ട്രങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് കിടന്ന അന്താരാഷ്ട്ര ഇന്‍ഷൂറന്‍സ് ഭീമന്‍ എ.ഐ.ജി.ക്ക് രണ്ട് തവണകളിലായി അനുവദിച്ച സഹായം 18,000 കോടി ഡോളര്‍ (2008).

* ഡെട്രോയിറ്റ് - ജനറല്‍ മോട്ടോര്‍സ് - ഫോര്‍ഡ് - ക്രിസ്ളര്‍ എന്നീ വാഹന കുത്തകകള്‍ക്കായി 2008ല്‍ ഖജനാവ് നീക്കിവെച്ച ധനസഹായം 2500 കോടി ഡോളര്‍.

* 2008ലെ ബാങ്കിംഗ് ഇന്‍ഷൂറന്‍സ് വ്യവസായതകര്‍ച്ചയ്ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ്സ് അനുവദിച്ച ധനസഹായം 70000 കോടി ഡോളര്‍.

* തകര്‍ന്ന് വീഴാറായ സിറ്റി ഗ്രൂപ്പിന് (2008) ഖജനാവിന്റെ ഉദാരസഹായമായി ലഭിച്ചത് 28000 കോടി ഡോളര്‍.

* 2009ല്‍ ബാങ്ക് ഓഫ് അമേരിക്കയുടെ തകര്‍ച്ചയൊഴിവാക്കാന്‍ ഫെഡറല്‍ റിസര്‍വ് നീക്കിവെച്ചത് 14220 കോടി ഡോളര്‍.

അപ്പോള്‍ ആകെ 2,09,906 കോടി ഡോളറിന്റെ ധനസഹായമാണ് 1970ന് ശേഷമുള്ള ബാങ്കിംഗ് വ്യവസായ തകര്‍ച്ചയ്ക്കായി അമേരിക്കയിലെ നികുതി ദായകര്‍ നല്‍കിയത്! രണ്ട് ട്രില്ല്യന്‍ ഡോളറെന്നാല്‍ എത്ര രൂപ വരും? ഃ 50 = 104,95,300 കോടി രൂപ! 320 കോടി വരുന്ന ലോകത്തിലെ ദരിദ്ര ജനങ്ങള്‍ക്ക് ഒരു നൂറ്റാണ്ടുകാലം സുഭിക്ഷമായി കഴിയാനുള്ള പണം , അമേരിക്കയിലെ വന്‍കുത്തകകള്‍ക്ക് ദേശീയ ഖജനാവില്‍ നിന്ന് നീക്കിവെച്ചുവെന്നാണ് പറഞ്ഞതിന്റെ പൊരുള്‍. ഇത് കഥയുടെ ഒരു പുറം. മറുപുറമെന്താണ്?

* വരെയുള്ള 15 വര്‍ഷകാലത്ത് 127 ബാങ്കുകളാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ തകര്‍ന്ന് വീണത്. ഇതിലെ നിക്ഷേപകര്‍ക്കായി 2200 കോടി ഡോളര്‍ ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ വഴി ഖജനാവ് കൈമാറിയിട്ടുണ്ട്.

* ഇതുവരെ 2009ല്‍ (6 മാസത്തിനുള്ളില്‍) 45 ബാങ്കുകളാണ് തകര്‍ന്നത്. ഇതിലെ നിക്ഷേപകരെ രക്ഷിക്കാന്‍ 5240 കോടി ഡോളര്‍ ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ചിലവിട്ടു. 2008ല്‍ 25 ബാങ്കുകള്‍ പൊളിഞ്ഞവകയില്‍ അവര്‍ ചിലവാക്കിയത് 1890 ഡോളറാണ്.

* 6 വര്‍ഷം ഇറാക്കിനെ ചുട്ടെടുക്കാന്‍ അമേരിക്കയ്ക്ക് ചിലവായത് 75000 കോടി ഡോളറാണ്. എന്നാല്‍ 2009ലെ ബാങ്കുതകര്‍ച്ചയ്ക്കുവേണ്ടി മാത്രം അവര്‍ക്ക് 83500 കോടി ഡോളര്‍ ചിലവാകുമെന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ ബജറ്റ് എസ്റ്റിമേറ്റ് പറയുന്നത്.

അതിങ്ങനെ:-
647 കമ്പനികളാണത്രെ 2008-09 വര്‍ഷം സര്‍ക്കാര്‍ സഹായം കൈപറ്റിയത്. ഇതൊക്കെ ആണെങ്കിലും അമേരിക്കന്‍ മോഡല്‍ മുതലാളിത്തം ഒറ്റയാളുടെയും സഹായമില്ലാതെ വളരുകയാണെന്ന് വീമ്പിളക്കുന്നവര്‍ ധാരാളമുണ്ട്. പാപ്പരായ വ്യവസ്ഥക്ക് ബദല്‍ അന്വേഷിക്കാന്‍ ജനങ്ങള്‍ പ്രാപ്തരല്ലെന്നുള്ളതുകൊണ്ട് ഈ പടുവൃദ്ധന്‍ ഇപ്പോഴും ജനങ്ങളുടെ ചിലവില്‍ ജീവന്‍ നിലനിര്‍ത്തുന്നുവെന്ന് മാത്രം.

അതെ, അവര്‍ സമൂഹത്തിന്റെ ചിലവില്‍ ജീവന്‍ നിലനിര്‍ത്തുന്നു!

അമേരിക്ക വടവൃക്ഷംപോലെ വളര്‍ത്തിയെടുത്ത കുത്തക മുതലാളിത്തം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന 3 കാര്യങ്ങളുണ്ട്. ഒന്ന്, മനുഷ്യരുടെ അദ്ധ്വാനശേഷിയും ബുദ്ധിവൈഭവവും ലാഭം കുന്നുകൂട്ടാന്‍ വേണ്ടി മാത്രം ചൂഷണം ചെയ്യുക. രണ്ട്, അശാസ്ത്രീയവും സാമൂഹിക വിരുദ്ധവുമായ അടിത്തറയില്‍ പണിതുയര്‍ത്തുന്ന സാമ്രാജ്യം സാമൂഹ്യ സംഘര്‍ഷങ്ങളില്‍പ്പെട്ട് ഉലയുകയും തകരുകയും ചെയ്യുമ്പോള്‍ അതുവരെ അവര്‍ തിരസ്ക്കരിച്ച ഭരണകൂടത്തെയും തള്ളിപ്പറഞ്ഞ പൊതുഖജനാവിനേയും ശരണം പ്രാപിക്കുക. മൂന്ന്, സമൂഹത്തിന്റെ അദ്ധ്വാനത്തെ വിലക്കെടുക്കുകയും വിലങ്ങുവെക്കുകയും ചെയ്യുന്ന കുത്തകമുതലാളിത്തം തന്നെ സമൂഹത്തിന്റെ സഞ്ചിത മൂലധനത്തിന്റെ അവസാന നാണയതുട്ടുവരെ തട്ടിയെടുത്ത് ജീവന്‍ വീണ്ടെടുക്കുന്നു.

നിരന്തരം നടക്കുന്ന ഈ ഭീകരചൂഷണത്തിന്റെ ഇടനിലക്കാരും നടത്തിപ്പുകാരുമാണ് ജനങ്ങളുടെ പേരില്‍ അധികാരം കൈയ്യാളുന്ന ഭരണരാഷ്ട്രീയക്കാര്‍. സോഷ്യലിസ്റ്റ് തകര്‍ച്ചയ്ക്കുശേഷം ലോകമേധാവിത്വം കൈപ്പിടിയിലായെന്ന് ആഘോഷിച്ചുനടന്നവര്‍ക്ക്, ലോകത്താകെയുള്ള ഭരണകൂടങ്ങളെ ലാഭംകുന്നുകൂട്ടുവാനുള്ള ഉപകരണങ്ങളായി അണിനിരത്താന്‍ കഴിഞ്ഞുവെന്നത് സത്യം. പക്ഷെ, കടുത്ത സാമൂഹ്യ പ്രതിസന്ധികള്‍ക്ക് ജന്മം കൊടുക്കാനല്ലാതെ, സമാധാനവും ജനാധിപത്യവും പുതിയ മുതലാളിത്തത്തിന് വഴങ്ങില്ലെന്ന് കഴിഞ്ഞ 3 ദശാബ്ദങ്ങള്‍ അടിവരയിട്ട് പ്രഖ്യാപിക്കുന്നു. 2008ലെ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ആഗോളസാമ്പത്തിക തകര്‍ച്ചയും മാന്ദ്യവുമായി പടര്‍ന്നുവെന്ന് മാത്രമല്ല, ലോകം സമാഹരിച്ച സമ്പത്തുമുഴുവന്‍ ഈ അതിസമ്പന്നരെ ഊട്ടാന്‍ ഒഴുകിക്കൊണ്ടിരിക്കുകയുമാണ്.

കഴിഞ്ഞ 3 ദശാബ്ദക്കാലം അമേരിക്കയിലെ കുത്തകകള്‍ വെട്ടിത്തിന്ന പൊതുമുതലിന്റെ പ്രധാനഭാഗം ജനങ്ങളുടെ സമ്പാദ്യമാണ്. പാപ്പര്‍ഹര്‍ജികൊടുത്ത് പൊതുമുതലില്‍ അഭയംതേടുന്ന മുതലാളിത്തത്തിന്റെ ദയനീയ മുഖം നാം തിരിച്ചറിയുന്നതിന് പകരം, ബാങ്കുതകര്‍ച്ചയും പാപ്പര്‍ഹര്‍ജികളും വ്യവസായ തകര്‍ച്ചകളും സംഭവിക്കുന്നത് ദൈവം ഇടപെട്ടിട്ടാണെന്ന് കരുതുന്നവരോട് ഞങ്ങള്‍ സഹതപിക്കുന്നു.

ബാങ്കും ഇന്‍ഷൂറന്‍സും വ്യവസായങ്ങളും എല്ലാം സ്വയം വളര്‍ന്ന് വികസിക്കുമെന്ന് പറയുന്നവര്‍ ഇങ്ങനെ വാങ്ങിവെയ്ക്കുന്ന പൊതുമുതലിന്റെ വലിപ്പം ആരേയും ഞെട്ടിപ്പിക്കും. കുത്തകമൂലധനത്തിന്റെ കെട്ടുകാഴ്ചകളില്‍ മയങ്ങി ഉറങ്ങുന്നതിന് പകരം ഞെട്ടിപിടഞ്ഞെണീറ്റ് പ്രതിരോധിക്കുന്നവരുടെ സംഘങ്ങള്‍ അമേരിക്കയില്‍തന്നെ ഇന്നനവധിയുണ്ട്.സാങ്കേതിക വിദ്യയുടെ കുത്തകാവകാശം പിടിച്ചെടുത്തവരുടെ നേരെ അതേ സാങ്കേതികവിദ്യയുടെ സാധ്യതകളുപയോഗിച്ച് അവര്‍ പ്രതിഷേധിക്കുകയും രോഷം കൊള്ളുകയും ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ കമ്പോള വ്യവസ്ഥയ്ക്കെതിരായ ആഗോള ഐക്യമുന്നണിയാണ് ഇന്റര്‍നെറ്റ് വഴി രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ ധനകാര്യതകര്‍ച്ചയും, ഖജനാവ് കവര്‍ച്ചയും ലോകത്താകെയുള്ള മുതലാളിത്തവിരുദ്ധപോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്ന സമരായുധങ്ങളാക്കുവാന്‍ തൊഴിലാളിവര്‍ഗ്ഗം ശ്രമിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.

കടപ്പാട് : പി എ ജി ബുള്ളറ്റിന്‍

No comments:

Post a Comment

Visit: http://sardram.blogspot.com