22 February, 2009

നീയെന്നെ ചാവേറാക്കി‍‍‍

വെട്ടിത്തിളങ്ങുമീ കണ്‍കളില്‍ കുത്തുക

ഒരശ്രു കണമെങ്കിലും വരുമോയെന്നറിയുക

പൂഴിമണ്ണും വാ‍രിയെറിഞ്ഞു നോക്കുക

ലക്‍ഷ്യം പതറുമോ എന്നുമളക്കുക

ഇല്ല, നിനക്കാവില്ല ഇനിയെന്‍ കരള്‍ പറിക്കാന്‍

വിലങ്ങുകള്‍ മതിവരില്ലെന്നെ തളക്കാന്‍

അഗ്നികുണ്ഡങ്ങളെ ചവിട്ടിമെതിച്ചയീ

എരിയുന്നയെല്ലുകള്‍ തല്ലിയുടക്കാന്‍

ചീറ്റപ്പുലികളെ വേട്ടയാടും മുമ്പ്

എന്നെ നീ വേട്ടയാടി നോക്കി

ദംഷ്ട്രകള്‍ ആഴ്ത്തിക്കടിച്ച നീ കണ്ടില്ല

ഉമിക്കുള്ളിലെരിയുന്ന വൈരഭാവം

ചിന്തുവാനൊരു തുള്ളി ചോരയില്ല

ധമനിയില്‍, ആത്മഹര്‍ഷം ലവലേശമില്ല

ദയയെന്ന വാക്കിനൊരര്‍ത്ഥമില്ല

എന്നില്‍, നിന്‍ പേരിനുപോലും സ്ഥാനമില്ല

നീ തന്ന വിഷചഷകമെനിക്കിനി

തീ വിഴുങ്ങാനുള്ള പാനപാത്രം

കുത്തിക്കയറ്റിയ അമ്പും വാള്‍മുനകളും

ഇനിയെന്‍ പതാക തന്‍ യുദ്ധചിഹ്നം

കഴുവിലേറ്റി നീയെന്‍ മന്ദഹാസങ്ങളെ

വെട്ടിപ്പിളര്‍ന്നു നീ ആത്മാനുരാഗത്തെ

തെളിവാര്‍ന്നയെന്‍ കണ്ണില്‍ വിഷം കുത്തിവച്ചു നീ

ഏകാന്തഗര്‍ത്തത്തില്‍ കെട്ടിയിട്ടു നീ

സിംഹാസന രൂഢനാക്കി ഞാനബദ്ധത്തില്‍

സ്വന്തമെന്നര്‍ത്ഥത്തില്‍ മടിയില്‍ വച്ചു

എങ്കിലും തൂറ്റി നീ ഞാന്‍ പോലുമറിയാതെ

എന്‍റെ സിംഹാസനങ്ങളെ കൈയ്യടക്കാന്‍!

തേളുകള്‍ കുത്തിയാല്‍ പോലും സഹിക്കാം

മദയാനക്കുത്തി കുടലെടുത്താലുമേ!

പുറകില്‍ നിന്നെത്തിയ കഠാരക്കയ്യില്‍

നിന്‍ വിരല്‍ കണ്ടു തുടരെ മരിച്ചു

നീയുമെന്‍ വിധിയും ബലികഴിച്ചയെന്‍

മൃതദേഹവും ചുട്ടുതിന്നു നിങ്ങള്‍

പല്ലും നഖവും ശേഷിച്ചതൊക്കെയും

കാര്‍ക്കിച്ചു തുപ്പാന്‍ തൂക്കിയിട്ടു

നീ പയറ്റിയ യുദ്ധമുറകളൊക്കെയും

നിഷ്ക്കളങ്കതയ്ക്കൊരു ബാലപാഠം

നിശബ്ദം മുറുക്കിയ കൊലക്കയറൊക്കെയും

നിഷ്ക്രിയതയ്ക്കൊരു പൂര്‍ണവിരാമം

കടലുമൊരു പക്ഷേ വരണ്ടെന്നു വരികിലും

അഗ്നിത്തിരമാലകളടങ്ങില്ല എന്നുള്ളില്‍

ഭൂഖണ്ഡമൊക്കെയും ആഴ്ന്നുപോയീടിലും

രണാങ്കണങ്ങള്‍ ശേഷിക്കുമെന്‍ നെഞ്ചില്‍

അവിടെ ഞാന്‍ നില്‍ക്കും ഇടിവാള്‍ മുഴക്കും

ശിരസ്സറ്റുവീണാലും വിഷച്ചെടിയായ് ജനിക്കും

ചാവേറുപോലെയെന്‍ പ്രേതവുമലയും

ഛിന്നിച്ചിതറിച്ചു കോപമടക്കാന്‍!

സേതുലക്ഷ്മി


നേതി നേതി - ഞാനല്ല ഞാനല്ല

ചെകിടത്തടിച്ചാലും

മറുപുറം കാട്ടുവാന്‍

ഞാനൊരു ക്രിസ്തുദേവനല്ല

പല്ലുതെറിച്ചാലും

കുശലം പറയുവാന്‍

ഞാനൊരു മഹാത്മാഗാന്ധിയല്ല

നല്‍കുന്നതൊക്കെയും

കൈനീട്ടി വാങ്ങുവാന്‍

ഞാനൊരു ഭിക്ഷാംദേഹിയല്ല

കിട്ടും പ്രതീക്ഷയില്‍

വാപൊളിച്ചുനില്‍ക്കുവാന്‍

ഞാനൊരു ഭിക്ഷക്കാരനല്ല

കല്‍പ്പിക്കുന്നതൊക്കെയും

ചെയ്തുകിളയ്ക്കുവാന്‍

ഞാനൊരു അടിമപ്പരിശയല്ല

ഇല്ലാത്തതോര്‍ത്ത്

ചിരിക്കാനോ കരയാനോ

ഞാനൊരു മനോരോഗിയല്ല

കേട്ടതുമുഴുവന്‍

അപ്പടി വിഴുങ്ങുവാന്‍

ഞാനൊരു യാഥാസ്ഥിതികനല്ല

കാണാത്തതൊക്കെയും

ഉണ്ടെന്ന് കരുതുവാന്‍

ഞാനൊരന്ധ വിശ്വാസിയല്ല

പറയുന്നതൊക്കെയും

കേട്ടങ്ങു നില്‍ക്കുവാന്‍

ഞാനൊരു കല്‍‌പ്രതിമയല്ല

കണ്ടതൊക്കെയും

കണ്ടില്ലെന്ന് നടിക്കുവാന്‍

ആരോടുമെനിക്കൊരു പക്ഷമില്ല

സ്വന്തം ചോരയ്ക്ക്

മാത്രം വില കല്‍പ്പിക്കാന്‍

ഞാനൊരു വര്‍ഗീയവാദിയല്ല

തോന്നുന്നതൊക്കെയും

ഉറക്കെപ്പറയുവാന്‍

ഞാനൊരു ആദര്‍ശവാദിയല്ല

‘നേതി’ എന്നല്ലാതെ

ആണെന്ന് കരുതുവാന്‍

ഞാനൊരു ആത്മീയഗുരുവുമല്ല

ഇവയെല്ലാം വെറുതെ

‘അല്ലെന്ന്’ പറയുവാന്‍

അല്ലാതെ വേറെ വഴിയുമില്ല

*******

സേതുലക്ഷ്മി

21 February, 2009

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌....

മലയാളം കണ്ട മഹാകവികളില്‍ ഒരാള്‍ മാത്രമായിരുന്നില്ല, ഇന്ത്യന്‍ കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ, നമുക്കേവര്‍ക്കും പ്രിയപ്പെട്ട മഹാകവി കൂടിയായിരുന്നു ദിവംഗതനായ ശ്രീ കടമ്മനിട്ട രാമകൃഷ്ണന്‍.

കടമ്മനിട്ട കവിതയുടെ ജീവന്‍ നമ്മുടെ ഗോത്രസ്‌മൃതികളില്‍ നിന്നാണ് ഉത്ഭവിച്ചത്. അത് നിസ്സംഗതയുടെ, അന്തര്‍മുഖത്വത്തിന്റെ രചനാസമ്പ്രദായങ്ങളോട് നിരന്തരം കലഹിച്ചുകൊണ്ട് അസമത്വത്തിനും അരാജകത്വത്തിനുമെതിരെ കവിതയുടെ ശരതുല്യമായ കരുത്തിന്റെ ഗാഥയാവുകയായിരുന്നു.

സര്‍ഗ്ഗാത്മകതയുടെ, സ്നേഹത്തിന്റെ നേരവകാശികള്‍ ഓരോരുത്തരായി വിടപറയുന്നതിനിടയില്‍ കടമ്മനിട്ടയും യാത്രയായി.

കവിതകളെഴുതേണ്ട കാലത്ത് കവിതകളിലൂടെ പൊതുപ്രവര്‍ത്തനവും, പൊതുപ്രവര്‍ത്തനത്തിന്റെ കാലത്ത് അതു മാത്രമായ പ്രവര്‍ത്തനവും ജീവിതവ്രതമാക്കിയ മറ്റൊരു കവി ഇന്ത്യന്‍ ഭാഷകളില്‍ വേറിട്ടില്ല.
യുവതയുടെ ചുണ്ടുകളില്‍ അനീതിക്കെതിരായ സമരാഹ്വാനങ്ങളായി തലമുറകളിലൂടെ പ്രവഹിച്ചു പോരുന്ന കടമ്മനിട്ടക്കവിത കാലഘട്ടങ്ങള്‍ എത്ര കഴിഞ്ഞാലും ക്ഷുഭിതരുടെ ശബ്ദമായി നിലനില്‍ക്കുക തന്നെ ചെയ്യും.

ജനകീയ ആധുനികതക്കു തുടക്കമിട്ട കവി

സാഹിത്യത്തില്‍ ബുദ്ധിജീവി ആധുനികതയ്ക്ക് പകരം ജനകീയ ആധുനികതയ്ക്ക് തുടക്കമിട്ട കവിയാണ് കടമ്മനിട്ട. കവിതയെഴുതുമ്പോഴും അദ്ദേഹം രാഷ്ട്രീയത്തിന് മുന്‍തൂക്കം നല്‍കി. കലാപം കവിതയാകാമെന്നും കവിത കലാപവുമാകാമെന്നം അദ്ദേഹം കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമമായ കടമ്മനിട്ടയിലാണ് എം ആര്‍ രാമകൃഷ്ണപ്പണിക്കര്‍ എന്ന കടമ്മനിട്ട രാമകൃഷ്ണന്റെ ജനനം.

പടയണി ആചാര്യനായിരുന്ന മേലേത്തറയില്‍ രാമന്‍നായരുടെയും കുട്ടിയമ്മയുടെയും മകനായി 1935 മാര്‍ച്ച് 22ന്. കുടിപ്പള്ളിക്കൂടത്തിലായിരുന്നു വിദ്യാഭ്യാസം. കടമ്മനിട്ട ഗവര്‍മെണ്ട് മിഡില്‍ സ്കൂളില്‍ നിന്ന് മലയാളം ഏഴാം ക്ലാസ് പരീക്ഷ പാസായി. തുടര്‍ന്ന് പത്തനംതിട്ട ചുട്ടിപ്പാറ ഗവര്‍മെണ്ട് ഹൈസ്കൂളില്‍ സെക്കന്റ് ഫോറത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് മൈലപ്ര സേക്രഡ് ഹാര്‍ട് ഹൈസ്കൂള്‍‍. കോഴഞ്ചേരി സെന്റ് തോമസ് സ്കൂള്‍ എന്നിവിടങ്ങളിലായി ഹൈസ്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കി. കോട്ടയം സി എം എസ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ്. ചങ്ങനാശ്ശേരി എന്‍ എസ് എസ്സ് കോളേജില്‍ നിന്ന് 1957ല്‍ ബി എ. പിന്നീട് കുറേക്കാലം രാഷ്ട്രീയപ്രവര്‍ത്തനവും ട്യൂട്ടോറിയല്‍ അധ്യാപനവുമായി നാട്ടില്‍. തോട്ടംതൊഴിലാളി മേഖലയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച രാമകൃഷ്ണന്‍ കമ്യൂണിസ്റ്റ് പാര്‍ടി പത്തനംതിട്ട താലൂക്ക് കമ്മിറ്റി അംഗമായി. പിന്നീട് തൊഴില്‍ തേടി നാടുവിട്ടു. ആസാമിലേക്ക്പുറപ്പെട്ടെങ്കിലും എത്തിയത് കൊല്‍ക്കത്തയില്‍. 24 പര്‍ഗാന ജില്ലയിലെ സോട്പൂരില്‍ ഖാദി പരിശീലന കേന്ദ്രത്തില്‍ ജോലിയ്ക്ക് ചേര്‍ന്നു.

ഇന്ത്യാവിഭജനം കഴിഞ്ഞപത്തുകൊല്ലമായിട്ടും കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള അഭയാര്‍ഥിപ്രവാഹം നിലച്ചിരുന്നില്ല. പട്ടിണിയും രോഗവും അനാഥത്വവും നിറഞ്ഞ അഭയാര്‍ഥികളുടെ ജീവിതദൃശ്യങ്ങള്‍ രാമകൃഷ്ണന്റെ ജീവിത വീക്ഷണത്തെ ഉഴുതുമറിച്ചു. പില്‍ക്കാലത്ത് കേരളം മുഴുവന്‍ കത്തിപ്പടര്‍ന്ന കവിതകളുടെ സ്രഷ്ടാവ് കൊല്‍ക്കത്തയില്‍ നിന്നും അനുഭവങ്ങളുടെ ഇന്ധനം ആവാഹിക്കുകയായിരുന്നു. മൂന്ന് മാസം കൊല്‍ക്കത്തയില്‍ കഴിഞ്ഞു.

1959 ഫെബ്രുവരി 20ന് കേന്ദ്ര ഗവര്‍മെണ്ടിന്റെ പോസ്റ്റല്‍ അക്കൌണ്ട്സ് വിഭാഗത്തില്‍ ജോലികിട്ടി. മദിരാശിയില്‍ ആയിരുന്നു നിയമനം. തുടര്‍ന്ന് സര്‍വീസ് സംഘടനാ രംഗത്ത് സജീവമായി. മദിരാശിയില്‍ രാമകൃഷ്ണന്‍ താമസിച്ചിരുന്ന ലോഡ്ജിലെ അന്തേവാസികളില്‍ അധികം പേരും ചിത്രകാരന്മാരായിരുന്നു. പില്‍ക്കാലത്ത് പ്രസിദ്ധരായിത്തീര്‍ന്ന കെ ദാമോദരന്‍, കാനായി കുഞ്ഞുരാമന്‍, പാരിസ് വിശ്വനാഥന്‍, സി എന്‍ കരുണാകരന്‍ തുടങ്ങിയവര്‍ അതില്‍പ്പെടുന്നു. ഈ കലാകാരന്മാര്‍ വഴി എം ഗോവിന്ദനുമായി പരിചയപ്പെട്ടു. ഗോവിന്ദന്റെ 'സമീക്ഷ' മാസികയുടെ ആഭിമുഖ്യത്തില്‍ നടന്ന സാഹിത്യസംവാദങ്ങളിലും സുഹൃദ്സംഗമങ്ങളിലുമൊക്കെ പങ്കെടുക്കാനിടയായി. മദിരാശിയില്‍ നിന്നു പുറത്തിറങ്ങിയ 'അന്വേഷണം' എന്ന മാസികയുമായി ബന്ധപ്പെടുവാനും അവസരമുണ്ടായി. മദിരാശി പബ്ലിക് ലൈബ്രറിയില്‍ നടത്തിയിരുന്ന സഹൃദയ വേദിയുടെ സദസ്സില്‍ രാമൃഷ്ണന്‍ കവിത അവതരിപ്പിച്ചു. ഇടശ്ശേരിയുടെ കവിതകളായിരുന്നു ആദ്യം അവതരിപ്പിച്ചത്. പിന്നീട് സ്വന്തം കവിതകളും. അവയില്‍ ചിലത് 'അന്വേഷണ'ത്തിലും 'സമീക്ഷ'യിലും പ്രസിദ്ധീകരിച്ചു. 'ഞാന്‍', 'ഇരുട്ട്', 'ജയില്‍', 'ശാരികയോട്', 'താറും കുറ്റിച്ചൂലും' തുടങ്ങിയവയായിരുന്നു അവ. ഈ കവിതകളോടെയാണ് രാമകൃഷ്ണന്‍ കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവിയായി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുന്നത്. 1967ല്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടി. കടമ്മനിട്ട രാമകൃഷ്ണന്റെ കാവ്യജീവിതത്തില്‍ സുപ്രധാന വഴിത്തിരിവായിത്തീര്‍ന്ന 'കടമ്മനിട്ട' എന്ന കവിത പുറത്തുവരുന്നത് ഈ സന്ദര്‍ഭത്തിലായിരുന്നു. തുടര്‍ന്ന് 1991 വരെയുള്ള കാലത്തിനിടയില്‍ എഴുപതോളം കവിതകളാണ് കടമ്മനിട്ട പ്രസിദ്ധം ചെയ്തത്. മലയാളത്തിലെ കാവ്യാസ്വാദകരുടെ ഭാവുകത്വത്തില്‍ കൊടുങ്കാറ്റു വിതച്ച 'കുറത്തി' പ്രസിദ്ധീകരിച്ചത് ബോധി എന്ന മാസികയിലായിരുന്നു. 1978ല്‍.

ആദ്യ കാവ്യ സമാഹാരം 'കവിത' എന്ന പേരില്‍ 1976ല്‍ പ്രസിദ്ധീകരിച്ചു. 1980ല്‍ 'കടമ്മനിട്ടയുടെ കവിതകള്‍' എന്ന പേരില്‍ അന്ന് വരെ പ്രസിദ്ധീകരിച്ച പ്രധാനപ്പെട്ട കവിതകളുടെ സമാഹാരം രണ്ട് വാള്യങ്ങളായി പുറത്തു വന്നു. കോഴിക്കോട്ടെ പ്രപഞ്ചം പബ്ളിഷേഴ്സായിരുന്നു പ്രസാധകര്‍. പിന്നീട് ഡി സി ബുക്സ് അത് ഒറ്റ വാള്യമായി പ്രസിദ്ധീകരിച്ചു. 1992ല്‍ 'മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു' എന്ന സമാഹാരം പുറത്തു വന്നു. 'മിശ്രതാളം',കടിഞ്ഞൂല്‍പൊട്ടന്‍ എന്നിവയാണ് പ്രസിദ്ധീകൃതമായ മറ്റു സമാഹാരങ്ങള്‍.കടമ്മനിട്ടക്കവിതകളുടെ നാല് വാള്യം കാസറ്റുകളും പുറത്തുവന്നിട്ടുണ്ട്. കവിതകളുടെ കാസറ്റ് പുറത്തിറക്കുന്ന സമ്പ്രദായം ഇതോടെയാണ് മലയാളത്തില്‍ വ്യാപകമാവുന്നത്. ആശാന്‍ പ്രൈസ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1982), ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷണല്‍ മലയാളി ഫൌണ്ടേഷന്‍ അവാര്‍ഡ് ( 1984), അബുദാബി മലയാളി സമാജം അവാര്‍ഡ് (1982), ഒമാന്‍ കള്‍ചറല്‍ സെന്റര്‍ അവാര്‍ഡ് ( 1986), ഇ വി കൃഷ്ണപിള്ള സ്മാരക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1978ല്‍ കടമ്മനിട്ട രണ്ടു മാസത്തിലേറെ നീണ്ട ഭാരത പര്യടനം നടത്തി. 1984ല്‍ യു എസ്, കാനഡ, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പല തവണ ഗള്‍ഫ് പര്യടനംനടത്തിയിട്ടുണ്ട്.

പ്രശസ്ത ശില്‍പി കെ പി സോമന്‍ കടമ്മനിട്ട കവിതകള്‍ പ്രമേയമാക്കി കടമ്മനിട്ട ഗ്രാമത്തില്‍ ശില്‍പ സമുച്ചയം നിര്‍മിച്ചിട്ടുണ്ട്. 1992ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. തുടര്‍ന്ന് സാംസ്കാരിക പ്രവര്‍ത്തനത്തില്‍ സജീവമായ കടമ്മനിട്ട 1992ല്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ വൈസ്പ്രസിഡണ്ടായി. 1994ല്‍ ലൈബ്രറി കൌസിലിന്റെ പ്രസിഡണ്ടായി. പ്രധാന കൃതികള്‍: കുറത്തി, മകനോട്, ശാന്ത, കണ്ണൂര്‍കോട്ട, കോഴി, കാട്ടാളന്‍, ഇരുട്ട്, ജയില്‍, കടമ്മനിട്ട, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, കുഞ്ഞെ മുലപ്പാല്‍ കുടിക്കരുത്, ചിത, ശരശയ്യ, കിരാതവൃത്തം, ഉണരാന്‍ ഭയമാണ്, അവസാനചിത്രം, ഞാനിവിടെയാണ് , പുരുഷസൂക്തം, ഉയിര്‍ത്തെഴുന്നേല്‍പ്, നദിയൊഴുകുന്നു, അവലക്ഷണം തുടങ്ങി 72 ഓളം കൃതികളാണ് പ്രസിദ്ധീകരിച്ചത്. സാമുവല്‍ ബക്കറ്റിന്റെ ഗോദോയെകാത്ത്, ഒക്ടോവിയാ പാസിന്റെ സൂര്യശില എന്നീ കൃതികള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.

പച്ചയായ മനുഷ്യജീവിതത്തിന്റെ കഥയും കഥയില്ലായ്മയും വരച്ചുകാട്ടിയ കവിതകളായിരുന്നു കടമ്മനിട്ടയുടേത്. 'കുറത്തി'യും 'ശാന്ത'യും 'മകനോടും' പടയണിയെപ്പോലെ തന്നെ മലയാളി നെഞ്ചേറ്റി. കാച്ചിക്കൊട്ടിയ തപ്പിന്റെ താളത്തില്‍ ചടുലനൃത്തമാടുന്ന കോലങ്ങളെപ്പോലെ പെരുമ്പറ കൊട്ടിയ കടമ്മനിട്ടയുടെ കവിതകള്‍ സമൂഹത്തിന്റെ ചിന്താമണ്ഡലത്തിലേക്ക് അനേകമനേകം ചോദ്യങ്ങളെറിഞ്ഞു. പടയണിയുടെ മുഖ്യ നടത്തിപ്പുകാരായിരുന്ന കുടുംബത്തില്‍ നിന്നും താരാട്ടുപോലെ കേട്ടുപഠിച്ച പടയണിപ്പാട്ടുകളാണ് കടമ്മനിട്ടയുടെ കവിതകളെ സ്വാധീനിച്ചത്. ചടുലത നിറഞ്ഞ ആലാപന ശൈലിയും കവിതകള്‍ സൃഷ്ടിച്ച പരിമുറുക്കവും കൃത്രിമത്വം കലരാത്ത എഴുത്തും കടമ്മനിട്ടയെ മലയാളിയുടെ പ്രിയങ്കരനാക്കി.

കവിതയിലെ യൌവ്വനം

സൌഹൃദം എന്നും കടമ്മനിട്ടയുടെ ബലഹീനതയായിരുന്നു. പ്രായഭേദമന്യേ വലിയ ഒരു സുഹൃദ് വലയം അദ്ദേഹം സ്വന്തമാക്കി. ദേശാന്തരങ്ങള്‍ കടന്നും അതു വേരുപടര്‍ത്തി. 'കുറത്തി'യും 'ശാന്ത'യും മലയാള മനസ്സിനെ എങ്ങനെ കീഴ്പ്പെടുത്തിയോ അതേ വേഗത്തില്‍ തന്നെ കടമ്മനിട്ടയുടെ ആ മുഴക്കമുള്ള ശബ്ദവും മലയാളിക്ക് അവന്റെ യൌവ്വന കാലത്തേക്കുള്ള മടങ്ങി പോക്കിന് പ്രചോദനമേകി. അടിയന്തിരാവസ്ഥയുടെ നീറ്റലും കനലും ഒരു പോലെ കേരളത്തിലെ കാമ്പസുകളെ ഉഴുതു മറിച്ച എഴുപതുകളിലാണ് കവിയുടെ ഉദയവും. പത്തനംതിട്ട ജില്ലയില്‍ ഏറെ ശ്രദ്ധിക്കപ്പെടാതിരുന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് വന്ന് പിന്നീട് ആ ഗ്രാമം തന്റെ പേരില്‍ അറിയപ്പെടുന്ന നിലയിലേക്ക് മാറ്റാനും കവിക്ക് അധിക നാള്‍ വേണ്ടി വന്നില്ല. സമൂഹത്തിന്റെ ഉള്‍തുടിപ്പുകള്‍ മറ്റാരേക്കാളും വേഗത്തിലും ആഴത്തിലും ഏറ്റുവാങ്ങേണ്ടത് കലാകാരന്മാരും സാഹിത്യകാരന്മാരുമാകണമെന്ന ഉറച്ച അഭിപ്രായം എന്നും കടമ്മനിട്ട പുലര്‍ത്തിയിരുന്നു. പാവപ്പെട്ടവന്റെ ഹൃദയ വികാരം തൊട്ടറിഞ്ഞ ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയായി ഒരു ചെറിയ ഇടവേളയില്‍ മാറേണ്ടി വന്നപ്പോഴും അതില്‍ നിന്ന് വിഭിന്നനായി ചലിക്കാതിരിക്കാന്‍ ഈ 'ജ്ഞാനം' അദ്ദേഹത്തെ സഹായിച്ചു. എന്നും ജനങ്ങളോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിത യാത്ര. കവിത പൂര്‍ത്തിയായാല്‍ അത് സുഹൃത്തുക്കളുടെ മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് തനിക്ക് ഏറ്റവും വലിയ സന്തോഷമെന്ന് പലപ്പോഴും പറഞ്ഞിരുന്നു.

ഔപചാരിതകള്‍ ഒട്ടും തീണ്ടാതെയുള്ള ആ സംഘത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും ആളുകള്‍ ഉള്‍പ്പെട്ടു. കവിത അവര്‍ക്ക് ഹൃദ്യമാകുന്നുവെങ്കില്‍ അത് സമൂഹത്തിന് ഒന്നാകെ ഇഷ്ടപ്പെടുമെന്ന വിലയിരുത്തലായിരുന്നു അദ്ദേഹത്തിന്. പാട്ടും മേളവും കൊട്ടും കുരവയുമെല്ലാമായി അത്തരം അനേകം മണിക്കൂറുകള്‍ അദ്ദേഹത്തോടൊപ്പം ചെലവിട്ടതിനെ കുറിച്ച് സുഹൃത്തുക്കള്‍ക്ക് പറയാന്‍ ഏറെയുണ്ട്. ഇന്ന രീതിയിലെഴുതുന്നതേ കവിതയാകൂ എന്ന നിഷ്ക്കര്‍ഷകളെല്ലാം അദ്ദേഹം തകര്‍ത്തു. സമൂഹത്തിന്റെ വേദനകളും ഇല്ലായ്മകളുമെല്ലാമാണ് കവിതകള്‍ക്ക് ഏറെയും വിഷയമാക്കിയിട്ടുള്ളത്. മലയാളി സമൂഹം ഹൃദയപൂര്‍വം അത് നെഞ്ചോടു അടുപ്പിക്കുകയും ചെയ്തു.

മധ്യതിരുവിതാംകൂറിന്റെ തനതു കലാരൂപമായ പടയണിയെ ലോകശ്രദ്ധയിലെത്തിച്ചതിന്റെ അംഗീകാരവും കടമ്മനിട്ടയ്ക്ക് സ്വന്തമെന്ന് പറയാം. വിദേശത്തു നിന്നു പോലും ആളുകള്‍ ഈ കലാരൂപം പഠിക്കാനെത്തിയതിന്റെ പ്രേരക ശക്തി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കടമ്മനിട്ട തന്നെ. അന്യം നിന്നു പോകുമായിരുന്ന കലാ രൂപത്തെ സംരക്ഷിക്കുക മാത്രമല്ല അതിന്റെ വൈശിഷ്ട്യം പുറം ലോകത്ത് എത്തിച്ച് നാടിന്റെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളാന്‍ ഇടവരുത്തുകയും ചെയ്തു. ഇതെല്ലാമുള്ളപ്പോഴും മലയാള നാടിന്റെ പൈതൃകം വരും തലമുറ ഏറ്റുവാങ്ങുമോയെന്ന ആശങ്ക അദ്ദേഹം പലപ്പോഴും പങ്കുവച്ചിരുന്നു. മാറുന്ന കാലത്തിന്റെ വേഗതയും നവീന സാംസ്ക്കാരിക തലവുമാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

അടിയന്തരാവസ്ഥക്ക് ശേഷമുള്ള കാമ്പസുകളാണ് കടമ്മനിട്ടയെ ശരിക്കും ആസ്വദിച്ചത്. ക്യാമ്പസുകള്‍ക്ക് ലഹരി ആയിരുന്നു അക്കാലത്ത് കടമ്മനിട്ട കവിതകള്‍. കലാലയവേദികള്‍ 'തുള്ളിയാട്ട'ക്കാര്‍ പിടിച്ചെടുക്കുന്ന അവസ്ഥയില്ലായിരുന്നു അന്ന്. ഒട്ടൊക്കെ ഗൌരവമായി തന്നെ സാഹിത്യത്തെയും കലയെയും കലാകാരന്മാരെയും കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു അന്നത്തെ ക്യാമ്പസുകള്‍. ഇടതുപക്ഷ രാഷ്ട്രീയം അതിന് എല്ലാ തരത്തിലും ഊടും പാവും നല്‍കി. അത്രയൊന്നും പഴക്കം വരാത്ത ആ തലമുറ ഇന്നും ഏറെ ഗൃഹാതുരതയോടെയും അതിലേറെ സ്നേഹവായ്പോടെയുമാണ് ഈ കവി ശ്രേഷ്ഠനെ സ്മരിക്കുക. കാലത്തിനു മായ്ക്കാന്‍ പറ്റാത്ത വിധം രൌദ്രമായ ആ താളം സഹൃദയമനസുകളില്‍ നിലയ്ക്കില്ല.

നിസ്വവര്‍ഗ്ഗത്തിനായി തൊണ്ടപൊട്ടുമാറുച്ചത്തില്‍ പാടിയ ഈ മഹാഗായകന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരങ്ങള്‍


കുറത്തി

മലഞ്ചൂരല്‍ മടയില്‍ നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരല്‍പ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍ നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു

ചേറ്റുപാറക്കരയിലീറ-
പ്പൊളിയില്‍ നിന്നും
കുറത്തിയെത്തുന്നു
വേട്ടനായ്‌ക്കടെ പല്ലില്‍ നിന്നും
വിണ്ടു കീറിയ നെഞ്ചുമായി
കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍
കുറത്തിയെത്തുന്നു

മൂടുപൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ
കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
‍കണ്ണില്‍ നിന്നും
കുറത്തിയെത്തുന്നു

കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍
കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി-
ക്കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമേറി
കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന്‍ കടചുകന്ന്‌
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു
അരങ്ങത്ത് മുന്നിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ-
ചിരിച്ചുംകൊണ്ടിടംകണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരെ
വിരല്‍ചൂണ്ടിപ്പറയുന്നു:

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്.

കാട്ടുവള്ളിക്കിഴങ്ങുമാന്തി
ചുട്ടുതന്നില്ലേ-ഞങ്ങള്‍
‍കാട്ടുചോലത്തെളിനീര്
പകര്‍ന്നുതന്നില്ലേ-പിന്നെ
പൂത്ത മാമര ചോട്ടില്‍ നിങ്ങള്‍
‍കാറ്റു കൊണ്ടു മയങ്ങിയപ്പോള്‍
കണ്ണുചിമ്മാതവിടെ ഞങ്ങള്‍
കാവല്‍ നിന്നില്ലെ
കാട്ടുപോത്ത് കരടി, കടുവ
നേര്‍ക്കു വന്നപ്പോള്‍-ഞങ്ങള്‍
കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ
കാത്തുകൊണ്ടില്ലെ-പുലിയുടെ
കൂത്തപല്ലില്‍ ഞങ്ങളന്ന്
കോര്‍ത്തുപോയില്ലെ-വീണ്ടും
പല്ലടര്‍ത്തി വില്ലുമായി
കുതിച്ചു വന്നില്ലേ..നിങ്ങളോര്‍ക്കുന്നോ?

നദിയരിച്ച് കാടെരിച്ച് കടലരിച്ച്
കനകമെന്നും കാഴ്ച തന്നില്ലേ ഞങ്ങള്‍
മരമരിച്ച് പൂവരിച്ച് തേനരിച്ച്
കാഴ്ച വച്ചില്ലെ-നിങ്ങള്‍
മധു കുടിച്ച് മത്തരായി
കൂത്തടിച്ചില്ലെ-ഞങ്ങള്‍
മദിച്ച കൊമ്പനെ മെരുക്കി
നായ്‌ക്കളെ മെരുക്കി, പൈക്കളെ
കറന്നുപാലു നിറച്ചു തന്നില്ലെ-ഞങ്ങള്‍
മരം മുറിച്ച് പുല്ല് മേഞ്ഞ്
തട്ടൊരുക്കി തളമൊരുക്കി
കൂര തന്നില്ലേ-പിന്നെ
മലയൊരുക്കി ച്ചെളി കലക്കി
മുള വിതച്ച് പതമൊരുക്കി
മൂട നിറയെപ്പൊലിച്ചു തന്നില്ലെ-കതിരിന്‍
കാളകെട്ടിക്കാട്ടു ദൈവക്കൂത്തരങ്ങില്‍
തിറയെടുത്തില്ലെ.

അന്നു നമ്മളടുത്തുനിന്നവ
രൊന്നു നമ്മളെന്നോര്‍ത്തു രാപ്പകല്‍
ഉഴവുചാലുകള്‍ കീറി ഞങ്ങള്‍
‍കൊഴുമുനയ്‌ക്കലുറങ്ങി ഞങ്ങള്‍
തളര്‍ന്ന ഞങ്ങളെ വലയിലാക്കി
അടിമയാക്കി മുതുകുപൊളിച്ച്
ഞങ്ങടെ ബുദ്ധി മന്ദിച്ചു-നിങ്ങള്‍
ഭരണമായ് പണ്ടാരമായ് പ്പല
ജനപദങ്ങള്‍ പുരിപുരങ്ങള്‍
പുതിയ നീതികള്‍ നീതി പാലകര്‍
കഴുമരങ്ങള്‍ , ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കോട്ടകൊത്തള-
മാനതേരുകളാലവട്ടം
അശ്വമേധ ജയങ്ങളോരോ-
ദിഗ്‌ജയങ്ങള്‍-മുടിഞ്ഞ
ഞങ്ങള്‍ അടിയിലെന്നും
ഒന്നുമറിയാതുടമ നിങ്ങള്‍-
ക്കായി ജീവന്‍ ബലികൊടുത്തില്ലെ
പ്രാണന്‍ പതിരു പോലെ
പറന്നു പാറിച്ചിതറി വീണില്ലെ..
കല്ലുവെട്ടിപ്പുതിയപുരികള്‍
കല്ലുടച്ച് പുതിയ പാതകള്‍
മല തുരന്നുപാഞ്ഞുപോകും പുതിയ തേരുകള്‍
മലകടന്നു പറന്നുപോകും പുതിയ തേരുകള്‍
കടല്‍കടന്നുപോകും പുതിയ വാര്‍ത്തകള്‍
പുതിയ പുതുമകള്‍, പുതിയ പുലരികള്‍
പുതിയ വാനം, പുതിയ അമ്പിളി
അതിലണഞ്ഞു കുനിഞ്ഞു നോക്കി
ക്കുഴിയെടുക്കും കൊച്ചുമനുഷ്യന്മാര്‍.
വഴിയൊരുക്കും ഞങ്ങള്‍ വേര്‍പ്പില്‍
വയറുകാഞ്ഞു പതം‌പറയാനറിഞ്ഞുകൂടാ-
തന്തിചായാന്‍ കാത്തുകൊണ്ടുവരണ്ടു
വേലയിലാണ്ടു നീങ്ങുമ്പോള്‍
വഴിയരികില്‍ ആര്യവേപ്പിന്‍
ചാഞ്ഞകൊമ്പില്‍ ചാക്കു തുണിയില്‍
ചെളിപുരണ്ട വിരല്‍കുടിച്ചു
വരണ്ടുറങ്ങുന്നൂ ഞങ്ങടെ പുതിയ തലമുറ

മുറയിതിങ്ങിനെ തലയതെങ്ങിനെ
നേരെയാകുന്നൂ
പണ്ടു ഞങ്ങള്‍ മരങ്ങളായി വളര്‍ന്നു
മാനംമുട്ടി നിന്നു, തകര്‍ന്നു പിന്നെ
യടിഞ്ഞുമണ്ണില്‍ തരിശുഭൂമിയുടെല്ലുപോലെ
കല്ലുപോല്‍ കരിയായി കല്‍ക്കരി
ഖനികളായ് വിളയുമെങ്ങളെ
പുതിയ ശക്തി ഭ്രമണശക്തി
പ്രണവമാക്കാന്‍ സ്വന്തമാക്കാന്‍
നിങ്ങള്‍ മൊഴിയുന്നു:-

“ ഖനി തുരക്കൂ, തുരന്നുപോയി
പ്പോയിയെല്ലാം വെളിയിലെത്തിക്കൂ
ഞങ്ങടെ വിളക്ക് കത്തിക്കൂ
ഞങ്ങടെ വണ്ടിയോടിക്കൂ
ഞങ്ങള്‍ വേഗമെത്തട്ടെ
നിങ്ങള്‍ വേഗമാകട്ടെ
നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍,
ഞങ്ങളാകട്ടെ, യെല്ലാം ഞങ്ങള്‍ക്കാകട്ടെ”

കല്ലുവീണുമുറിഞ്ഞ മുറിവില്‍
മൂത്രമിറ്റിച്ചു, മുറിപ്പാടിന്നു
മേതോ സ്വപ്നമായുണര്‍ന്നു നീറുന്നു.
കുഴിതുരന്നു തുരന്ന കുഴിയായ്
തീര്‍ന്ന ഞങ്ങള്‍ കുഴിയില്‍ നിന്നും
വിളിച്ചു ചോദിച്ചൂ:-

ഞങ്ങള്‍ക്കന്നമെവിടെ? എവിടെ
ഞങ്ങടെ കരിപുരണ്ട മെലിഞ്ഞ പൈതങ്ങള്‍?
അവര്‍ക്കന്നമെവിടെ? നാണമെവിടെ?
അന്തിവെട്ടത്തിരി കൊളുത്താന്‍
എണ്ണയെവിടെ?
അല്പമല്പമുറക്കെയായച്ചോദ്യമവിടെ
കുഴിയിലാകെ മുഴങ്ങി നിന്നപ്പോള്‍
ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയി-
ലായിയമര്‍ന്നുചോദ്യം കല്‍ക്കരിക്കറയായി ചോദ്യം
അതില്‍ മുടിഞ്ഞവരെത്രയെന്നോ?
ഇല്ലില്ലറിവുപാടില്ല, വീണ്ടും ഖനി തുരന്നല്ലോ!

ആവിവണ്ടികള്‍, ലോഹദണ്ഡുകള്‍
ലോഹനീതികള്‍, വാതകക്കുഴല്‍
വാരിയെല്ലുകള്‍, പഞ്ഞിനൂലുകള്‍
എണ്ണയാറുകള്‍, ആണികള്‍
നിലമിളക്കും കാളകള്‍, കളയെടുക്കും കയ്യുകള്‍
നിലവിളിക്കും വായുകള്‍, നിലയുറയ്‌ക്കാ-
തൊടുവിലെച്ചിക്കുഴിയിലൊന്നായ്-
ച്ചെള്ളരിക്കുമ്പോള്‍-നിങ്ങള്‍
വീണ്ടും
ഭരണമായ് പണ്ടാരമായ്
പല പുതിയ രീതികള്‍
പുതിയ ഭാഷകള്‍, പഴയ നീതികള്‍, നീതിപാലകര്‍
കഴുമരങ്ങള്‍, ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കപടഭാഷണ
ഭക്ഷണം കനിഞ്ഞു തന്നൂ ബഹുമതി

“ഹരിജനങ്ങള്‍” ഞങ്ങളാഹാ; അവമതി-
യ്‌ക്കപലബ്‌ധി പോലെ ദരിദ്ര ദൈവങ്ങള്‍.
അടിമ ഞങ്ങള്‍, ഹരിയുമല്ല, ദൈവമല്ല,
മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല,
കൊഴിയുമെന്നാല്‍ പൂവുമല്ല, അടിമ ഞങ്ങള്‍.
നടുവു കൂനിക്കൂടിയെന്നാല്‍ നാലുകാലില്‍ നടത്തമരുത്
രണ്ടുകാലില്‍ നടന്നുപോയാല്‍ ചുട്ടുപൊള്ളിക്കും.
നടുവു നൂര്‍ക്കണമെന്നു ചൊന്നാല്‍ നാവു പൊള്ളിക്കും.
ഇടനെഞ്ചിലിവകള്‍ പേറാനിടം പോരാ
കുനിയാനുമിടം പോരാ, പിടയാനായ്
തുടങ്ങുമ്പോള്‍ ചുട്ടുപൊള്ളിക്കും-അടിമ ഞങ്ങള്‍

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന്‌
വേറെയില്ല വഴിയെന്ന്‍.

എല്ലുപൊക്കിയ ഗോപുരങ്ങള്‍ കണക്കു ഞങ്ങളുയര്‍ന്നിടും
കല്ലുപാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും
കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും-അടിമ ഞങ്ങള്‍

വെന്തമണ്ണിന്‍ വീറില്‍നിന്നു-
മുറഞ്ഞെണീറ്റ കുറത്തി ഞാന്‍
കാട്ടുകല്ലിന്‍ കണ്ണുരഞ്ഞുപൊരി-
ഞ്ഞുയര്‍ന്ന കുറത്തി ഞാന്‍.
എന്റെ മുലയുണ്ടുള്ളറച്ചു വരുന്ന മക്കള്‍
‍അവരെ നിങ്ങളൊടുക്കിയാല്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍
മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍.
കരിനാഗക്കളമഴിച്ച് കുറത്തി നില്‍ക്കുന്നു
കാട്ടുപോത്തിന്‍ വെട്ടുപോലെ
കാട്ടു വെള്ള പ്രതിമ പോലെ
മുളങ്കരുത്തിന്‍ കൂമ്പു പോലെ
കുറത്തി നില്‍ക്കുന്നു.

എന്റെ കടമ്മന്‍..

കവിത കണ്ടാല്‍ പ്രസിദ്ധീകരണത്തിന്റെ താളുകള്‍ പറിച്ചുപോകുംവിധം അമര്‍ത്തിമറിക്കുന്ന കാലത്താണ്, ഒരാള്‍ കോഴിക്കോട് ടൌണ്‍ഹാളില്‍നിന്നും ഇടിമുഴങ്ങും വിധം ഉച്ചത്തില്‍ കവിത ചൊല്ലുന്നത് കേട്ട് ഞാന്‍ നിന്നു പോയത്. അത് കടമ്മനിട്ട രാമകൃഷ്ണനായിരുന്നു. വേദിയില്‍ നിന്നയാള്‍ അലകടലിന്റെ വേരുപറിക്കാന്‍ കുതറുകയായിരുന്നു. മട്ടലിന്റെ തടവറ പൊളിക്കാനും പിന്നെ വിസ്മയം പോലെ ലഭിക്കും നിമിഷങ്ങള്‍ക്ക് അര്‍ഥം കൊടുത്ത് പൊലിപ്പിച്ചെടുക്കാനും, പിടയുകയായിരുന്നു. 'കറപുരളാത്ത കര്‍മ്മങ്ങളുടെ ലോകത്തിലേക്കുള്ള കവാടങ്ങള്‍ വലിച്ച് തുറക്കുകയായിരുന്നു. 'അണയാത്ത ഉള്‍ക്കണ്ണിന്റെ' ഉള്ളറകളിലിരുന്ന്, ഉലകാകെയുലക്കും മട്ടില്‍ അലറുകയായിരുന്നു. മുളനാഴിനിറച്ച പഴഞ്ചാറിന്റെ ലഹരിയില്‍ മാഞ്ചോട്ടില്‍ താളം തുള്ളി തിമര്‍ക്കുകയായിരുന്നു. മലതീണ്ടിയശുദ്ധം ചെയ്ത വേട്ടക്കാരുടെ കയ്യുകള്‍ വെട്ടിയ ആ കന്മഴുവില്‍ നിന്നും ചോരത്തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. വാത്സല്യം വറ്റിവരണ്ട വയലിന്റെ വിണ്ടവായിലേക്കു ആര്‍ദ്രമാര്‍ന്ന മിഴികളില്‍ നിന്നും കണ്ണുനീര്‍ത്തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു.

മനുഷ്യാസ്തിത്വത്തിന്റെ ശക്തിസംഘര്‍ഷങ്ങളുടെ ആ സമുദ്രസാന്നിധ്യത്തില്‍ വെച്ചാണ്, ഇളക്കിമറിക്കും വിധം കവിത എന്നെയും പിടിച്ചു കുലുക്കിയത്. കവിതക്കൊപ്പം അന്ന് കടമ്മനിട്ടയും ഇളകിമറിഞ്ഞിരുന്നു. ശബ്ദത്തെ മാത്രമല്ല ഒരു ശരീരത്തെ മുഴുവന്‍ കവിത അന്ന് കൊത്തിക്കൊണ്ടുപോവുകയായിരുന്നു. ഇനിയും നിഷ്ക്രിയരാവുകവയ്യെന്ന് ഒന്ന് പല്ലു ഞറുമ്മാന്‍ പോലും മറക്കുന്ന മൌനദൈന്യങ്ങളുടെ നടുവില്‍ നിന്ന് ഒരു പ്രത്യാശയുടെ ശബ്ദം ജീവിത സാഗരത്തിന്റെ നൊമ്പരങ്ങളില്‍ വന്ന് നിറയുകയായിരുന്നു. കുഴിച്ച് മൂടപ്പെട്ടവര്‍, 'എല്ല് പൊക്കിയ ഗോപുരങ്ങള്‍' കണക്ക് കരുത്താര്‍ജ്ജിക്കുകയായിരുന്നു. പാതാളപ്പടവുകള്‍ കയറി അവര്‍ തള്ളിവരുന്നുണ്ടായിരുന്നു. ആഢ്യഭാവനയുടെ കോട്ടകളെയൊക്കെയും പുരാവസ്തുവാക്കിമാറ്റിക്കൊണ്ട്, ഒരു പുതിയ കാലം മലയാള കവിതയില്‍ ഏതര്‍ത്ഥത്തിലും പിറക്കുകയായിരുന്നു.

ചങ്ങമ്പുഴക്കുശേഷം ഒരിക്കല്‍ കൂടി മലയാളകവിത, തെരുവില്‍ നൃത്തം ചവിട്ടി തിമര്‍ക്കുകയായിരുന്നു. ജനകീയതയ്ക്കും ജനപ്രിയതക്കുമിടയിലെ മതിലുകളൊക്കെയും പൊളിച്ചുകൊണ്ടാണ്, അക്കാലങ്ങളില്‍, കടമ്മനിട്ടക്കവിത, കീഴാളഭാവുകത്വത്തിന്റെ മാനിഫെസ്റ്റോയായി മാറിയത്. നൃത്തം ചവിട്ടുന്ന മയിലിനും പാടുന്ന കുയിലിനുമപ്പുറം നിന്ന് ഒരു കുറ്റിച്ചൂലിനെ സ്വന്തം കൊടിയടയാളമാക്കുകയാണ് കടമ്മന്‍ ചെയ്തത്. മാന്യതയുടെ മുഖം മൂടികള്‍ക്കൊക്കെയും കടമ്മന്‍ തീ കൊളുത്തിയത് വേണ്ടാതനങ്ങളുടെ തത്വചിന്തകള്‍ക്ക് വഴിയൊരുക്കാനായിരുന്നു. പെങ്ങള്‍ക്ക് ഉണ്ണിയെയുണ്ടാക്കുന്ന, കഴുവേറിമക്കളുടെ ക്രൂരകഥകള്‍, വെള്ളയടിച്ച ചുമരുകളില്‍ കൊത്തിവെക്കാനായിരുന്നു.

വേദികളായ വേദികള്‍തോറും, നെഞ്ചത്ത് പന്തം കുത്തിനിന്ന, മലയാളകവിതയിലെ കാട്ടാളനെ, ആയിരങ്ങള്‍ക്കൊപ്പം അകലെ നിന്ന്, ആവേശത്തോടെയാണ് ഞാനും കണ്ടത്. തലക്ക് മുകളിലെ ആകാശങ്ങളില്‍ 'ഇടിമിന്നല്‍ പൂത്തതും', ചവിട്ടിനില്ക്കുന്ന ഈ ദുഷിച്ചനഗരം ഉന്മൂലനം ചെയ്യുമെന്നറിയിച്ചുകൊണ്ട് മേഘവാഹനങ്ങളില്‍ മനുഷ്യപുത്രന്‍ വന്നിറങ്ങിയതും 'ചോര അല്ലല്ല ചോപ്പാണ് കുഞ്ഞേ, നേരറിഞ്ഞാല്‍ നീ നീറിമരിക്കും' എന്ന പൊള്ളുന്ന അറിവില്‍ പിടഞ്ഞതും, അന്നായിരുന്നു. പാലയുടെ പൂമണവും പടയണിയും പറകൊട്ടും ഉള്ളം നിറച്ചതും, തസ്തികയുടെ തരംതിരിവുകളില്‍ നിന്നും പുറത്തുകടന്നതും അന്നായിരുന്നു. പച്ചയായ ജീവിതത്തിന്റെ പ്രസാദസാധ്യതകളേറ്റുവാങ്ങി കാലമേറെകഴിഞ്ഞപ്പോഴാണ്, കടമ്മന്‍ ജീവിതത്തിലെന്നപോലെ കവിതയുടെ പല പതിവുകളും പൊളിക്കുകയായിരുന്നുവെന്ന് പതുക്കെ ഞാനും തിരിച്ചറിഞ്ഞത്. ജഡ പാരമ്പര്യത്തിന്റെ ഭാരങ്ങളില്ലാത്ത ഒരു തുറസ്സാണ്, കടമ്മനിട്ടക്കവിതയുടെ വീര്യമായി ത്രസിച്ചത്. മുദ്രാവാക്യങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും വിവരണങ്ങള്‍ക്കും അലര്‍ച്ചകള്‍ക്കും നിശ്ശബ്ദനിലവിളികള്‍ക്കുമിടയില്‍ അതില്‍ നിറഞ്ഞു നിന്നത് പ്രാകൃതമായ ഒരു നാടോടിത്തത്തിന്റെ നിറസാന്നിധ്യമാണ്.

കുടിച്ച് പൂസായിതൊണ്ടപൊട്ടുമാറുച്ചത്തില്‍ പാടുന്ന ഈ കവിമനുഷ്യന്‍ മുമ്പൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിനേതാവായിരുന്നെന്ന് ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല. മുമ്പത്തെ തൊഴിലാളി നേതാവ് ഇന്നത്തെ കാവ്യനേതൃത്വമായിമാറിയതോര്‍ത്ത് ഞാനെന്നും അത്ഭുതത്തോടെ കടമ്മനെ തുറിച്ചുനോക്കിയിരുന്നു. കര്‍ക്കശമായ അച്ചടക്കത്തില്‍ നിന്നും അത്യുദാരമായ അരാജകത്വത്തെ 'മനുഷ്യനൊപ്പം കവിതയും കിനാവുകാണുകയാണോ എന്ന ചോദ്യം അന്നൊക്കെ എന്നെയും കടിച്ച് കുടഞ്ഞിരുന്നു. കടമ്മന്റെ കണ്ണില്‍ അന്ന് തെളിഞ്ഞുകണ്ട, 'പോടാപുല്ലേ എന്ന കൂസലില്ലായ്മ, പൂസാവുന്നതിനോട് പൊരുത്തപ്പെടാനായില്ലെങ്കിലും എനിക്കും ഇഷ്ടമായിരുന്നു. എങ്കിലും എന്തൊക്കെയോ കാരണങ്ങളില്‍ കടമ്മന്‍ അക്കാലങ്ങളിലൊക്കെയും എനിക്ക് ഏറെ അടുത്ത ഒരു സാന്ദ്രശബ്ദമായിരുന്നെങ്കിലും, അകന്ന ഒരു മഴവില്‍ സാന്നിധ്യമായിരുന്നു.

പിന്നീടാണത് സംഭവിച്ചത്. കടമ്മന്‍ കുടി നിര്‍ത്തി. അവിശ്വസനീയമായിരുന്നു അത്. അതോടൊപ്പം അതിലേറെ ആഹ്ലാദകരമായ മറ്റൊരു വാര്‍ത്ത. കടമ്മന്‍ പുരോഗമനകലാസാഹിത്യത്തിന്റെ മുന്‍നിരയില്‍ നിവര്‍ന്ന് നില്ക്കുന്നു! മുമ്പത്തെ കടമ്മന്റെ സാധ്യതകളൊക്കെയും നിലനിര്‍ത്തിക്കൊണ്ട് അന്നത്തെ കടമ്മന്റെ പരിമിതികളൊക്കെയും മറികടന്ന് കൊണ്ട്. പിന്നെ വേദികളില്‍ പ്രഭാഷകനായി, കമ്മിറ്റിയോഗങ്ങളില്‍ അദ്ധ്യക്ഷനായി, സംഘടനാപ്രവര്‍ത്തനത്തിന്റെ ആവേശമായി കേരളമാകെ കടമ്മനുണ്ടായിരുന്നു. മതേതരത്വത്തെക്കുറിച്ച്, ഫാസിസത്തിന്നെതിരെ, ജനകീയ സാഹിത്യത്തിന്റെ അനിവാര്യതയെക്കുറിച്ച്, വരേണ്യകാഴ്ചപ്പാടുകള്‍ക്കെതിരെ, കത്തുന്നവീര്യമായി, കുതറുന്ന കരുത്തായി എല്ലായിടത്തും കടമ്മനുണ്ടായിരുന്നു.

പക്ഷേ ആയിടക്കാണ് കവിത കടമ്മനെവിട്ടകന്നത്. സംഘടന കവിതയെകൊന്നതാണെന്നും, അതല്ല, കുടിനിര്‍ത്തിയതോടെ, കവിത സ്വയം നിന്നതാണെന്നും അതോടെ സര്‍വ്വത്ര സാംസ്കാരിക മുറുമുറുപ്പുകള്‍ സജീവമായി. സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കുമിടയില്‍, കടമ്മനൊരു സംഭാഷണമായി, എന്തുപറ്റി? താളം തളിരിട്ടൊരു ജീവിതം കരിഞ്ഞുപോയോ. രാഷ്ട്രീയ സൂര്യതാപമേറ്റത് എരിഞ്ഞുതീര്‍ന്നോ? കടമ്മനോട് ഈ ചോദ്യം എത്രയോ പേര്‍ ചോദിച്ചിരിക്കും. ഞാനും ചോദിച്ചിരുന്നു. കടമ്മന്‍ ഒന്ന് ചിരിക്കും. അത്രമാത്രം. പക്ഷേ 'കവിത' വരിമുറിച്ചെഴുതുന്ന വാക്കുകള്‍ മാത്രമല്ലെന്നും, അത് നീണ്ടുനിവര്‍ന്ന് കിടക്കുന്ന ജീവിതം തന്നെയാണെന്നും, ഔപചാരികമായി എല്ലാഴ്പ്പോഴും അത് പത്രത്താളുകളില്‍ വിടരുന്നില്ലെങ്കില്‍പ്പോലും, അതിന് സ്വന്തം മാത്രമായ സാന്നിധ്യം മറ്റനവധിവഴികളിലൂടെ സാക്ഷാല്‍ക്കരിക്കാനാവുമെന്നും, മനസ്സിലായപ്പോഴാണ് പാറക്കെട്ടുകള്‍ക്കിടയില്‍ നീരരുവി, ശ്വാസം പിടിച്ചമര്‍ന്നിരുന്നതിന്റെ പൊരുള്‍ എനിക്ക് വ്യക്തമായത്.

അല്ലെങ്കിലും നീണ്ട കാവ്യ ജീവിതത്തിനിടയില്‍ കടമ്മനെഴുതിയത് കുറച്ചിരുന്നല്ലോ. ഒരു കൊടുങ്കാറ്റിനുപോലും തൂത്തുവാരാനാവാത്തത്ര കനം അതില്‍ ചിലതിനുണ്ടായിരുന്നു. 'കിരാതവൃത്തവും', 'കുറത്തിയും', ശാന്തയും, 'കണ്ണൂര്‍കോട്ട'യും 'കോഴി'യും ഒരിടത്തും നില്ക്കാതെ അപ്പോഴും, മലയാളികളായ മലയാളികളുടെ മുഴുവന്‍ സംഘര്‍ഷങ്ങളിലും അസ്വസ്ഥ സ്വപ്നങ്ങളിലും അസ്തിത്വസംഘര്‍ഷങ്ങളിലും കത്തിക്കയറുന്നുണ്ടായിരുന്നു. എവിടെ കടമ്മന്‍ പ്രസംഗം നിര്‍ത്തുമ്പോഴും, കുറത്തി, ശാന്ത എന്നിങ്ങനെ 'സദസ്സ്' ആ കവിതകള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. കടമ്മനത് കൂടി ചൊല്ലിയാലേ സമ്മേളനങ്ങള്‍ക്കൊരു പൂര്‍ണിമ വരൂ എന്നായി അവസ്ഥ.

വേദികളില്‍വെച്ച് അടുത്തറിഞ്ഞ കടമ്മനൊപ്പമാണ് ഞാന്‍ 'കല്‍ക്കത്ത'കണ്ടത്. തീവണ്ടിയാത്രക്കിടയില്‍ ജീവിതത്തിന്റെ വ്യത്യസ്തവഴികളില്‍പ്പെട്ട നിരവധിപേര്‍ വിസ്മയപൂര്‍വ്വം കടമ്മനൊപ്പം കവിതക്കൊപ്പം കഴിച്ചുകൂട്ടാന്‍ അവിടെനിന്നും ഇവിടെ നിന്നുമൊക്കെ എത്തുകയായിരുന്നു. കടമ്മനൊന്നിനും 'ചുമ്മാ' എസ്സ് മൂളുമായിരുന്നില്ല. കവിത ചൊല്ലുകകയും, യോജിപ്പില്ലാത്ത കാര്യങ്ങള്‍കേള്‍ക്കുമ്പോള്‍ കയര്‍ക്കുകയും, സ്വന്തം അഭിപ്രായങ്ങള്‍ ആരുടെ മുമ്പിലും ഉച്ചത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ കടമ്മന് ഒരിളവുമില്ലാത്തിരുന്നു. കല്‍ക്കത്തക്കടുത്തെത്താനാവുമ്പോഴാണെന്ന് തോന്നുന്നു കടമ്മന്‍ ആരോടോ അത്യുച്ചത്തില്‍ ലഹള കൂട്ടുന്നു. ഒരു പാവം പമ്മി നില്ക്കുകയാണ്. എന്താണ് പ്രശ്നം എന്നെനിക്ക് ആദ്യം മനസ്സിലായില്ല. പിന്നെയാണ് കടമ്മന്‍ പറഞ്ഞത്. "അവന്റെ അമ്മേടെ ഒരു ചികിത്സ'' ഒരു പ്രത്യേകതരം കാന്തചികിത്സയുടെ മഹത്വത്തെക്കുറിച്ചുള്ള പ്രകീര്‍ത്തനം, അതിരുവിട്ടപ്പോഴായിരുന്നു കടമ്മന്‍ പൊട്ടിത്തെറിച്ചത്. 'കനിയായിരുന്നെങ്കില്‍ കടിക്കാം, പൂവാണെങ്കില്‍ മണക്കാ, മിതിനോടിന്നെങ്ങനെ പെരുമാറും'' എന്ന് തേങ്ങയിലുണ്ട് കടമ്മനും ചിലപ്പോഴിങ്ങനെയാണ്.

കല്‍ക്കത്ത സ്റ്റേഷനില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം, മുറിയില്‍, പിന്നെ പ്രോഗ്രാമുകള്‍, യാത്രകള്‍. എനിക്ക് എല്ലാം പുതുതായിരുന്നു. കടമ്മന് പക്ഷേ 'കല്‍ക്കത്ത' പരിചിതമായിരുന്നു. അമ്പതുകളുടെ ഒടുവില്‍ തൊഴില്‍ തേടി ആസ്സാമിലേക്കുപോയ കടമ്മന്‍ എത്തിയത് ഇതേ കല്‍ക്കത്തയിലായിരുന്നു. കടമ്മനും കല്‍ക്കത്തയും ഇന്നേറെ മാറിപ്പോയി.
പറഞ്ഞാല്‍ തീരില്ലെന്നുതോന്നാം. ചിരി എളുപ്പം പുറത്തുവരും. സങ്കടം അങ്ങനെയല്ല. എന്തൊക്കെ ശ്രദ്ധിച്ചു വേണമതിനൊന്ന് പുറത്ത് വരാന്‍. വൈലോപ്പിള്ളി 'ഒരു ചെറുപൂവിലൊതുങ്ങുമതിന്‍ ചിരി, ഒരു കടലിലും കൊള്ളില്ല അതിന്റെ കണ്ണീര്‍' എന്ന് പാടിയത് പ്രണയത്തെക്കുറിച്ചെന്നതിലധികം അസ്തിത്വത്തിന്റെ പിടച്ചിലുകളെക്കുറിച്ചാവണം! 'അല്ലെങ്കിലെന്തുണ്ടനവധിക്കാര്യങ്ങള്‍ ഉള്ളതൊരിത്തിരുദുഃഖം ' എന്ന് കടമ്മനും എഴുതിയിട്ടുണ്ട്.

കല്‍ക്കത്ത കടമ്മന് വെട്ടും കുത്തുമുള ഒരു കണക്ക് പുസ്തകമായിരിക്കണം. എനിക്ക് മുമ്പിലത് എഴുതാത്ത ഒരു കടലാസ്സുപോലെ ഒഴിഞ്ഞ് കിടന്നു. വിശ്വഭാരതി സര്‍വ്വകലാശാലയില്‍, രാംകിങ്കറുടെ പ്രശസ്തമായ ശില്പങ്ങള്‍ക്കിടയില്‍ കടമ്മനിട്ടക്കൊപ്പം മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന ദിനങ്ങളുടെ നിര്‍വൃതി ഒരു നാളും വിസ്മൃതമാവുകയില്ല. രവീന്ദ്ര സംഗീതവും കടമ്മന്‍ കവിതയും ഒന്നിച്ച് നിന്ന് അന്നവിടെ പങ്കുവെച്ചത്, ഭാഷകള്‍ക്കപ്പുറമുള്ള ഒരു മഹാസൌഹൃദമായിരുന്നു. സാന്താള്‍ഗ്രാമത്തിലേക്ക് വിശ്വഭാരതയില്‍ നിന്നും പുലര്‍ച്ചെ സൈക്കിളില്‍പോയതും, അവരുടെ ആതിഥ്യം സ്വീകരിച്ചതും, ഈന്തപ്പനനീര് കുടിച്ച്, സാന്താള്‍കുടിലിനുമുമ്പില്‍ നിന്ന് കടമ്മന്‍ കവിത ചൊല്ലിയതുമുള്‍പ്പെടെ കടമ്മനൊപ്പമുള്ള കല്‍ക്കത്തയാത്ര ഉള്ളിലെന്നും തെളിയുകയാണ്.

പിന്നീട് കടമ്മനൊപ്പം പോയത് വംശഹത്യവെട്ടി തകര്‍ത്ത നരേന്ദ്രമോഡിയുടെ ഗുജറാത്തിലേക്കായിരുന്നു. കല്‍ക്കത്തയിലേക്ക് പോകുമ്പോഴുള്ള കൌതുകമായിരുന്നില്ല, വിപ്ലവസ്മരണകള്‍ തിളച്ചുമറിയുന്ന കല്‍ക്കത്തയില്‍ കാല്‍കുത്തിയപ്പോഴുള്ള കോരിത്തരിപ്പായിരുന്നില്ല, ഗുജറാത്ത് യാത്രക്കൊരുങ്ങിയപ്പോള്‍ മനസ്സില്‍ നിറഞ്ഞത്. അതിനകം തന്നെ ഗുജറാത്തില്‍ നടന്ന സമാനതകളില്ലാത്ത മുസ്ലീം വംശഹത്യയുടെ നീറ്റല്‍ ലോകമാകെ വ്യാപിച്ചു കഴിഞ്ഞിരുന്നു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാനകമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാനടക്കമുള്ള സംഘം, സംഘം പ്രസിഡന്റ് കൂടിയായ കടമ്മനിട്ടയുടെ നേതൃത്വത്തില്‍ ഗുജറാത്തിലേക്ക് പുറപ്പെട്ടത്.

എന്റെ ഊശാന്താടിയും ഉണ്ടക്കണ്ണുമെല്ലാം ഒരു ദുശ്ശകുനമാണെന്ന് അല്പം കളിയായും അതിലേറെ കാര്യമായും ചിലര്‍ പറഞ്ഞത് ഞാനത്രപരിഗണിച്ചിരുന്നില്ല. എന്നാല്‍ ഞാന്‍ നിമിത്തം സംഘത്തിലുള്ളവര്‍ക്ക് സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പലര്‍ക്കും ശല്യമായിത്തീര്‍ന്ന എന്റെ ഊശാന്താടി കേരളത്തില്‍ ഉപേക്ഷിച്ചാണ് ഞാന്‍ വണ്ടി കയറിയത്. നെഞ്ചിടിപ്പോടെയാണ് നിസ്സഹായരായ ഒരു ജനതയുടെ രക്തം കുതിര്‍ന്ന മണ്ണില്‍ ഞങ്ങള്‍ കാല്‍ കുത്തിയത്. ഏതോ വിദൂരതയില്‍ നിന്ന് ഗാന്ധിയുടെ നിലവിളികളെ നിശ്ശബ്ദമാക്കും വിധം ഗോഡ്‌സെയുടെ കൊലവിളികള്‍ സര്‍വ്വത്ര കനത്ത് നില്ക്കുന്ന ഒരു തരം പ്രച്ഛന്ന ഭീകരതയുടെ നിഴലില്‍ നിന്ന് അപ്പോഴും ഗുജറാത്ത് മോചനം നേടിക്കഴിഞ്ഞിരുന്നില്ല. അഭയാര്‍ഥിക്യാമ്പുകള്‍ ഭരിച്ചത് ഭയമായിരുന്നു. കണ്ണുനീരൊക്കെയും വറ്റിക്കഴിഞ്ഞിരിക്കുന്നു. അശാന്തമായ ഒരവസ്ഥയായിരുന്നു സര്‍വ്വത്ര. അവര്‍ക്ക് പറയാനുള്ളതെല്ലാം പറയാന്‍ കഴിയാത്തതായിരുന്നു. അവര്‍ക്ക് ഓര്‍ക്കേണ്ടിയിരുന്നത് അവര്‍ എന്നെന്നേക്കുമായി മറക്കാനാഗ്രഹിച്ച കാര്യങ്ങളായിരുന്നു. പീഡനങ്ങളുടെ കരളലിയിക്കുന്ന കഥകള്‍ എത്ര നിര്‍വികാരമായിട്ടാണവര്‍ വിവരിച്ചതെന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും പേടി തോന്നുന്നു. കൊത്തിവലിക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പകല്‍ അസ്തമിക്കവെ, ശാന്തയിലെ ഒരസ്വസ്ഥ ബിംബമായിരുന്നു മനസ്സ് നിറയെ. "അറ്റുപോയതലയ്ക്കുനേരെ ഇഴയുന്ന ജഡം പോലെ അസ്തമിക്കുന്ന സന്ധ്യ'', 'മനസ്സിന്റെ മുകളില്‍ വട്ടമിട്ടു പറന്നതും ആപക്ഷിയായിരുന്നു.

സര്‍വ്വം പറഞ്ഞുതീര്‍ന്നപ്പോള്‍ ഒരു പഞ്ഞിക്കെട്ടുപോലെ ഒരു യുവാവ് ഞങ്ങള്‍ നോക്കി നില്ക്കെ കടമ്മനിലേയ്ക്കു വീണതും അദ്ദേഹമവനെ മാറോടടക്കിപ്പിടിച്ചു നിന്നതും മറക്കാനാവില്ല.

ഈ വരണ്ട മൌനത്തിന്റെ മേല്‍ ഒന്ന് വിയര്‍ക്കുക
കുട്ടീ ഒന്നും എന്നും ഒരുപോലെയായിരിക്കുകയില്ല.
എന്തെങ്കിലും എപ്പോഴെങ്കിലും സംഭവിച്ചേക്കും''

എന്ന ശാന്തയിലെ സാന്ത്വനപ്രതീക്ഷ ആ ആശ്ലേഷത്തിലെവിടെയോവെച്ച് ഒന്ന് അറിയാതെ വിതുമ്പിയിരിക്കണം. 'ഗുജറാത്ത്' നിന്നുപോയെന്ന് പലരും കരുതിയ, 'കവിത'യുടെ കുതിപ്പായിരുന്നു കടമ്മന്. ഉള്ളുരുക്കിയ കണ്ണുനീര്‍ കുത്തില്‍, കവിതയുടെ ഉറവമൂടിയകല്ലുകള്‍ ഇളകിപ്പോയിരിക്കണം. അസാധാരണമായ അനുഭവങ്ങളുടെ ആഘാതം ആ മനസ്സിനെ പിടിച്ച് കുടഞ്ഞിരിക്കണം. കേട്ടതിനും വായിച്ചിറിഞ്ഞതിനും നേരില്‍കണ്ട ഗുജറാത്തിനുമുമ്പില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.

യാത്രക്കിടയില്‍ സര്‍വ്വത്ര 'ശുദ്ധ സസ്യാഹാരകടകള്‍!'
ആരുടെയും മുഖത്ത് കണ്ണും മൂക്കുമല്ലാതെ
ദംഷ്‌ട്രവും തേറ്റകളും കാണാനുണ്ടായിരുന്നില്ല.

കവിത ഏകാന്ത ധ്യാനത്തിന്റെ വിസ്മയമുഹൂര്‍ത്തങ്ങളില്‍ അറ്റുവീഴുന്ന ഏതോ അത്ഭുതമാണെന്ന് മുമ്പ് കേട്ടപ്പോള്‍, കാവ്യരചനയുടെ പണിപ്പുരയുടെ തച്ചുശാസ്ത്രം സത്യം പറഞ്ഞാല്‍ തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്തൊക്കെയോ പിടികിട്ടായ്മകളെ പട്ടില്‍പൊതിയലാവുമോ അത്? നല്ല നല്ല വാക്കുകള്‍ നിറം ചേര്‍ത്ത് നിരത്തി വെക്കലാണോ അത്? ഭാഷ ചിരിച്ച് നൃത്തം ചവിട്ടുമ്പോഴാണോ അതോ അനാഥത്വത്തിന്റെ ഭാരം പേറി കമിഴ്ന്ന് കിടന്ന് കരയുമ്പോഴാണോ, കവിത സംഭവിക്കുന്നത്. നിര്‍വ്വചനങ്ങളും തീര്‍പ്പുകളും കവിതയുടെ കാര്യത്തില്‍ പ്രസക്തവും അപ്രസക്തവുമാണ്.

എന്നാല്‍ തീവണ്ടിയിലെ തിരക്കില്‍വെച്ച്, ജീവിതപ്രയാസങ്ങളുടെ പിടച്ചിലില്‍ വെച്ച്, അസ്വസ്ഥതയുടെ ആഴങ്ങളില്‍വെച്ച്, അന്വേഷണങ്ങളുടെ അശാന്തിയില്‍വെച്ച്, സൌഹൃദത്തകര്‍ച്ചയില്‍വെച്ച്, സ്വപ്നസമൃദ്ധികളില്‍വെച്ച് കവിതകള്‍ സംഭവിക്കും. പറഞ്ഞുവരുന്നത് നീണ്ട ഇടവേള മുറിച്ച് കുറത്തിയെപ്പോലെ പിന്നീട് പ്രസിദ്ധമായ കടമ്മന്റെ 'ക്യാ' എന്ന കവിതയുടെ പിറവിയുടെ മൂര്‍ത്ത സന്ദര്‍ഭങ്ങളെ കുറിച്ചാണ്.

ഗുജറാത്തിലേക്ക് പോയ ഞങ്ങളല്ല സത്യത്തില്‍ തിരിച്ചുവന്നത്. ചിലര്‍ കെ ഇ എന്‍ മാത്രം ഇപ്പോഴും ഗുജറാത്തിലാണെന്ന് പരിഹസിച്ചു. പക്ഷേ ഞാന്‍ മാത്രമല്ല, ഒരിക്കല്‍ ഗുജറാത്ത് സന്ദര്‍ശിച്ചാല്‍ പിന്നീടൊരിക്കലും പോയവേഗത്തില്‍ മനുഷ്യര്‍ക്കാര്‍ക്കും തിരിച്ചു പോരാന്‍ കഴിയുമായിരുന്നില്ല. കപ്പലിലെ കൂറകള്‍ക്കും, വിമാനത്തിലെ പ്ലാസ്‌റ്റിക് കപ്പുകള്‍ക്കും ഇതൊന്നും ബാധകമല്ല. എന്തായാലും കടമ്മന്‍ ഗുജറാത്തില്‍നിന്ന് തീവണ്ടികയറിയിട്ടും ഗുജറാത്തില്‍ തന്നെയായിരുന്നു. അതാണ് ക്യാ. 'ഗുജറാത്തില്‍ ഇനി ചിരിയില്ല' എന്നൊരു ലഘുലേഖ, കേരളത്തിലേക്കു 'കച്ചവടാവശ്യാര്‍ത്ഥം വരുന്ന ഗുജറാത്തിയുവാക്കളുടെ സഹായത്തോടെ വായിക്കാന്‍ നടത്തിയശ്രമം, സോണിയയെന്ന ദീര്‍ഘകാലം സൌരാഷ്ട്രയില്‍ താമസിച്ച കോട്ടയംകാരിയുടെ സംഭാഷണം, ഗുജറാത്തനുഭവങ്ങള്‍, സന്ദര്‍ശനത്തിനുമുമ്പും പിമ്പും വായിച്ചും കേട്ടും കണ്ടും, തമ്മില്‍ തമ്മില്‍ തര്‍ക്കിച്ചും ഉള്ളിലിറങ്ങിയകാര്യങ്ങള്‍, ഭാഷയിലുള്ളവഴക്കം, ദീര്‍ഘമായ പാരമ്പര്യം തുടങ്ങി 'ക്യാ'യുടെ രചനയില്‍ പ്രത്യക്ഷമായിതന്നെ പങ്കെടുത്ത നിരവധി അസംസ്കൃത പദാര്‍ഥങ്ങളെ അവഗണിച്ചുകൊണ്ട് പ്രസ്തുതകവിതയെ ആര്‍ക്കും അപഗ്രഥിക്കാനാവില്ല.

അറിവിന്‍ വെളിച്ചമേ, ദൂരെപ്പോ ദൂരെപ്പോ എന്ന കാല്പനിക ആക്രോശങ്ങള്‍ക്ക് കവിതയുടെ വേരിലേക്ക് കടക്കാനാവില്ല. അസ്തിത്വത്തിനുള്ള ശ്രമങ്ങളും, ആര്‍ദ്രമായ ബന്ധങ്ങളെക്കുറിച്ചുള്ള ആകുലതകളും, ആത്യന്തികമായി ആശ്രയിച്ചു നില്ക്കുന്ന അറിവിനെ പടിയിറക്കി കവിതയ്ക്ക് ഒരിക്കലും പിറക്കാനാവില്ല. അറിവുകളില്ലെങ്കില്‍ മനുഷ്യാസ്തിത്വം തന്നെ അസാധ്യമാണെന്നിരിക്കെ, കവിതക്കുമാത്രം, അറിവുകളെ മുഴുവന്‍ കരിച്ചുകൊണ്ട് ജനിക്കാനും ജീവിക്കാനും കഴിയുമെന്ന് കരുതുന്നത് ബീജസങ്കലനം നടക്കാതെ ജന്മം സാധ്യമാണെന്നു കരുതുന്നതുപോലെ വ്യര്‍ത്ഥമാണ്.

ഭാവനയിലൊക്കെയും രൂപമാറ്റം വന്നയാഥാര്‍ഥ്യങ്ങളും, അവയുടെ വിചിത്രമായ കൂടിച്ചേരലുകളും, സ്വപ്നങ്ങളും, സമീപനങ്ങളും, സംഘഷപൂര്‍ണ്ണമായ വൈരുധ്യങ്ങളും, നിശ്വാസങ്ങളുമാണ്, തിരിച്ചറിയാനാവാത്തവിധം കൂടിച്ചേര്‍ന്നും വേറിട്ടും, വിവരണങ്ങള്‍ക്ക് വഴങ്ങിയും വഴങ്ങാതെയും കട്ടപിടിച്ച് കിടക്കുന്നതെന്ന് നരവംശശാസ്ത്രവും ചരിത്രവും സാമൂഹ്യശാസ്ത്രവും മാത്രമല്ല സൌന്ദര്യശാസ്ത്രവും മുമ്പേ ശരിവെച്ചിട്ടുണ്ട്. ഗദ്യം/പദ്യം, വൃത്തം/വൃത്തമുക്തം, ധ്വന്യാത്മകം/ വാചാലം, ലളിതം/ സങ്കീര്‍ണ്ണം തുടങ്ങി കാര്യവിചാരങ്ങളില്‍ സജീവമാകുന്ന സംവാദങ്ങള്‍ പലപ്പോഴും മൂര്‍ത്തസത്യങ്ങളെ അഭിമുഖീകരിക്കാനാവാതെ നിസ്സഹായമായിതീരുന്നതാണ് നാം കാണുന്നത്. സത്യത്തില്‍ മേല്‍പ്പറഞ്ഞ വിഭജനങ്ങളൊക്കെയും പൂര്‍വ്വകാലരചനകളെക്കുറിച്ചുള്ള പരമാര്‍ഥങ്ങള്‍ എന്നയര്‍ഥത്തില്‍ മാത്രമാണ് ഇന്ന് പ്രസക്തമാകുന്നത്. അതിലപ്പുറം ഇന്നെന്ത് പ്രാധാന്യമാണ് ഗദ്യം/പദ്യം എന്നിപ്രകാരമുള്ള വിഭജനങ്ങള്‍ക്കുള്ളത്. സര്‍വ്വസന്നാഹങ്ങളുമുള്ള, സവിശേഷ ഔന്നത്യത്തിലേക്കും സമഗ്രഇടപെടല്‍ശേഷിയുടെ ജ്വലിക്കുന്ന കരുത്തിലേക്കും, ഒരു ഭാഷയിലെ ഗദ്യം സ്വയം പര്യാപ്തമായി കുതിച്ചെത്തുന്നതോടെ, വിഭജനമാതൃക സ്വയം ദദ്ദാക്കും. അങ്ങിനെയുള്ളൊരു വിഭജനമാതൃകയില്‍ ഇപ്പോഴും ഒരു അട്ടയെപ്പോലെ അള്ളിപ്പിടിച്ച് കിടക്കുന്നത് മാറ്റങ്ങള്‍ക്കൊക്കെയുമെതിരെ മുഖം തിരിക്കലാണ്.

മുമ്പ് ഗദ്യകവിത എന്നപേരിലൊരു ഗണം നിലനിന്നിരുന്നത്, പദ്യകവിതയുടെ മേല്‍ക്കോയ്മതിരിച്ചറിയാനാവാത്തവിധം പദ്യം സാഹിത്യലോകം ഭരിച്ചപ്പോഴാണ്. എന്‍ വി കൃഷ്ണവാരിയര്‍, എന്നെഴുതുമ്പോള്‍; 'ആ വാരിയര്‍' തെറിച്ച് നില്‍ക്കുന്നതുപോലെയോ, അതിലധികോ ശക്തമായിട്ടാണ്, മുമ്പ് കവിത എന്ന് പറയുമ്പോള്‍ 'പദ്യം' പിറകില്‍ നിന്ന് കാര്യങ്ങളൊക്കെയും നിയന്ത്രിച്ചത്. എന്‍ വി കൃഷ്ണ' എന്ന് പറയാനാവാത്തവിധം, 'എന്‍ വി യിലെ 'വാല്‍' പ്രവര്‍ത്തിച്ചതുപോലെതന്നെയാണ്, പദ്യത്തിലല്ലാതെ എന്ത് കവിത എന്ന സങ്കുചിതത്വവും പ്രവര്‍ത്തിച്ചത്. എന്നാല്‍ ജനാധിപത്യം ഈവിധമുള്ള പദ്യപൂജയെ പൊളിച്ചുകൊണ്ടാണ്, പിന്നീട് സാഹിത്യരംഗത്ത് മുന്നേറിയത്. വൃത്തബദ്ധമായ പദ്യത്തെ,സമ്പൂര്‍ണ്ണമായും നിരാകരിക്കുകയായിരുന്നില്ല, മറിച്ചതിന്റെ 'മേല്‍ക്കോയ്മ'യെ തകര്‍ക്കുകയാണത് ചെയ്തത്.

ഇവിടെയാണ്, 'കടമ്മന്‍', ജനകീയകവിതയുടെ ചരിത്രത്തിലെ ഒരു'വന്‍സംഭവ'മാകുന്നത്. അദ്ദേഹം പരമ്പരാഗതകാവ്യഗണങ്ങളെ പൂര്‍ണ്ണമായും തള്ളിയതുകൊണ്ടല്ല, അതിന്റെ പവിത്രതയെ തകര്‍ത്തതുകൊണ്ടാണ്, കടമ്മനെ, ആഢ്യ പാരമ്പര്യത്തിന്നെതിരായ കലാപമായും, അതില്‍നിന്നുള്ള വിഛേദമായും വിശേഷിപ്പിക്കാന്‍ കഴിയുന്നത്. കുമാരനാശാന്റെ 'ഹാ പുഷ്പമേ' എന്ന സംബോധനയില്‍ നിന്നും കടമ്മന്റെ പ്രശസ്തമായ 'ശാന്ത' എന്ന കവിതയിലെ 'ശാന്തേ' എന്ന ആ ഒരൊറ്റ വിളിയിലേക്കുള്ള മാറ്റം, യാദൃഛികം മാത്രമായികരുതാനാവില്ല. വീണപൂവില്‍, ഹാ എന്നവ്യാക്ഷേപകം, ആശ്ചര്യസംഭ്രമങ്ങളെ സംഗ്രഹിച്ചു കൊണ്ട്, കാവ്യഗാത്രത്തിന്റെ അനിവാര്യഭാഗമായി പ്രവര്‍ത്തിക്കുകയാണുണ്ടായത്. അതുകൊണ്ടവിടെ അത് എടുത്തുമാറ്റാനാവാത്ത, കാവ്യശരീരത്തിലെ ഒരവിഭാജ്യഭാഗം തന്നെയായിരുന്നു. ആ അര്‍ത്ഥത്തില്‍ വീണപൂവിലെ 'ഹാ' പ്രസ്തുത കവിയുടെ അകപ്പൊരുളായിരുന്നു. എന്നാല്‍ പടിപ്പുരകളൊക്കെയും പൊളിച്ചുകൊണ്ട്, അശാന്തമായ ഒരു കാലത്തിന്റെ സംഭ്രമങ്ങളൊക്കെയും ഉള്ളിലൊതുക്കിയുള്ള ശാന്തേ എന്ന ആ ഒരൊറ്റ വിളിക്കുമുമ്പില്‍, ഒരു 'ഹാ'യ്ക്കും ചുമ്മാകയറി നില്ക്കാന്‍ കഴിയുമായിരുന്നില്ല. അതുപോലെ തന്നെ, മലയാളകവിതയിലെ 'അന്യഭാഷാപദങ്ങളോട്' അകാരണമായി കയര്‍ക്കുന്നവരോടുള്ള കനത്ത വെല്ലുവിളിയായാണ് ആ 'ക്യാ'യിലും നിവര്‍ന്ന് നില്ക്കുന്നത്. ഹിന്ദിഭാഷയില്‍ ആ പദത്തിന് കിട്ടാത്ത അസാധാരണ ചോദ്യവാക്യത്തേയാണ് ഒരു മുരള്‍ച്ചയായി കടമ്മന്‍ മാറ്റിയത്.

'ക്യാ'യുടെ തുടക്കം മുതല്‍ ഒടുക്കം വരെ സാധാരണവും അസാധാരണവുമാണ്. ഒരേസമയമത് ജീവിതംപോലെ ലളിതവും സങ്കീര്‍ണ്ണവുമാണ്. മഹത്വത്തിലെന്നപോലെ കാര്യമാത്രപ്രസക്തവും നാടകീയവുമാണ്. ഒരു തീവണ്ടിക്കുള്ളില്‍വെച്ച് തുടങ്ങുകയും, സങ്കുചിതമായി തീരുന്ന ഒരു ജീവിത യാത്രയുടെ സംഗ്രഹമായിതീരുകയും ഭയ സംഭ്രമങ്ങളുടെ സത്യം കിടന്ന് തള്ളുകയും ചെയ്യും വിധമുള്ള 'ക്യാ' കുമാരനാശാന്റെ 'ദുരവസ്ഥ' പോലെ വെറും 'അഞ്ചടി അഞ്ചിഞ്ചാണെന്ന് കരുതുന്നവരുണ്ട്! അവര്‍ക്കിനിയും ആ ദുരവസ്ഥയെന്നപോലെ ഈ ക്യാ'യും മനസ്സിലായിട്ടില്ല. വര്‍ണ്ണനകളുടെ വളവുകളും, അലങ്കാരങ്ങളുടെ ആടയാഭരണങ്ങളും, ധ്വനിയുടെ ധാരാളിത്തവും, സാധാരണക്കാര്‍ക്കുള്ള തിരിയായ്മയുമാണ് മികച്ച കവിതയുടെ മാനദണ്ഡമെങ്കില്‍, 'ക്യാ' മികവില്ലാത്ത ഒരു കവിതയാണ്. അത് ഉളളില്‍ കൊള്ളലാണെങ്കില്‍, കണ്ടെത്തലിലേക്ക് ഉയര്‍ത്തലാണെങ്കില്‍, ചിന്തക്ക് തീ കൊളുത്തലാണെങ്കില്‍, 'ക്യാ' കത്തുന്നൊരു കവിതയാണ്.

മറുനാടന്‍ മലയാളികളുടെ അഭിമാനമായ റിയാദില്‍നിന്നും പുറത്തിറങ്ങുന്ന 'കേളി' മാസികയുടെ പത്രാധിപരും, സാംസ്കാരികപ്രവര്‍ത്തകനുമായ നൌഷാദ്, സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴുള്ള കാവ്യാനുഭവത്തെക്കുറിച്ച് പറഞ്ഞത്, അന്ന് അതൊരു മലകയറ്റം പോലെ ക്ലേശകരമായിരുന്നെന്നാണ്. ജീവിതത്തിലൊരിക്കലും കേള്‍ക്കാത്തവാക്കുകള്‍, അര്‍ഥംപോലും മനസ്സിലാക്കാനാവാത്തവിധമുള്ള വളവുകള്‍ ഏത് ഗ്രഹത്തില്‍നിന്നുള്ളതാണെന്ന് വേര്‍തിരിക്കാനാകായ്മ; ഇതുകൊണ്ടൊക്കെ, ചെറുപ്പത്തിലേ കവിതയുടെ വഴിയില്‍നിന്നും അകന്നു പോയ നൌഷാദുള്‍പ്പെടെയുള്ള ലക്ഷങ്ങളോടാണ് ക്യാ പോലുള്ള കവിതകള്‍ സജീവമായി സംവദിക്കുന്നത്. സാംസ്കാരികപ്രബുദ്ധതയോടാണത് സംവാദത്തില്‍ ഏര്‍പ്പെടുന്നത്.

പരിചയപ്പെടലിന്റെ പ്രധാനഘട്ടമാണ് പരസ്പരം പേരുചോദിക്കല്‍. ഗുജറാത്തില്‍നിന്ന് കൊച്ചിയിലേക്ക് തുണിക്കച്ചവടത്തിന് പോകുന്നവരെ കേന്ദ്രമാക്കിയാണ്, ക്യാ കരുത്താര്‍ജ്ജിക്കുന്നത്. താങ്കളുടെ ശുഭമനാമം എന്താകുന്നു എന്ന 'ക്യാ'യിലെ ആദ്യചോദ്യം എത്ര കുലീനമാണ്! രാമകൃഷ്ണന്‍' എന്ന് കേട്ടപ്പോള്‍ രാംകൃഷ്ണന്‍ റാം റാം എന്ന അവരുടെ പ്രതിവചനം എത്ര ഭക്തിസാന്ദ്രം! എന്നാല്‍ തൊലിപ്പുറമേനിന്ന്, എല്ലിലേക്കുള്ള കുത്തിയിറക്കമാണ് രണ്ടാം ചോദ്യത്തില്‍ കിടന്നലറിയത്. താങ്കള്‍ മാംസഭുക്കാണോ. എന്തോ ഒരു കൊള്ളരുതായ്മ മണക്കുംവിധമുള്ള ആ ചോദ്യത്തെ, അങ്ങനെയൊന്നുമില്ല' എന്ന അവിടെയും ഇവിടെയും തൊടാത്ത ചോദ്യം കൊണ്ടാണ് കടമ്മന്‍' തകര്‍ത്തത്. ഇല്ലെന്നോ ഉണ്ടെന്നോ കൃത്യമായി പറയാതെ, ആ ചോദ്യത്തെ, ഓരോരുത്തരുടേയും അഭിരുചിയുടെ സ്വകാര്യതയിലേക്ക് ചുരുട്ടുകയാണ് 'ക്യാ' ചെയ്തത്. എന്നാല്‍, 'ഞങ്ങള്‍ ശുദ്ധസസ്യഭുക്കുകള്‍' എന്ന പൊങ്ങച്ചത്തെ, 'ഗര്‍ഭിണിയുടെ വയറുപിളര്‍ന്ന്' ഭ്രൂണത്തെപ്പോലും വെട്ടിനുറുക്കിതിന്നതോ' എന്ന പൊള്ളുന്ന ചോദ്യത്തിലൂടെ പൊളിക്കുകയാണ് കടമ്മന്‍ ചെയ്തത്. സ്വകാര്യസംഭാഷണത്തെ വംശഹത്യാനന്തരഗുജറാത്തിന്റെ ചോരവാര്‍ന്നൊഴുകുന്ന ചരിത്രത്തിലേക്ക്' തുറന്നുവെച്ചപ്പോഴാണ്, അവരുടെ സൌമ്യതയുടെ തൂവലുകളൊക്കെയും പറന്നുപോയത്. പരിചയപ്പെടലിന്റെ ആദ്യഘട്ടത്തില്‍ മനുഷ്യരായിരുന്നവര്‍ എത്ര പെട്ടന്നാണ് ശരിക്കും മൃഗങ്ങളായി മാറിയത്. 'ക്യാ' എന്ന പതിവ് ചോദ്യവാക്യം, അപ്പോഴാണ് ഒരലര്‍ച്ചയായി മനുഷ്യത്വത്തിന്നെതിരെയുള്ള ഒരാക്രോശമായി മാറിയത്.

ഗുജറാത്തിനുശേഷം കടമ്മന്‍ പങ്കെടുത്ത വേദികളിലെല്ലാം കടമ്മന്‍ ചൊല്ലിയതും, സദസ്സ് ആവശ്യപ്പെട്ടതും 'ക്യാ' എന്ന കവിതയായിരുന്നു। അതുവരെ വാചാലതയുടെ പേരില്‍ 'കുറത്തി'യെ വിമര്‍ശിച്ചവര്‍, 'ക്യാ' വന്നപ്പോള്‍ കുറത്തി പ്രിയരായി മാറിയതിന്റെ പൊരുള്‍ സ്വയം വ്യക്തമാകുന്നതുകൊണ്ട് വിശദീകരണം അര്‍ഹിക്കുന്നില്ല. ബോംബെയില്‍വെച്ച് നടന്ന വേള്‍ഡ് സോഷ്യല്‍ ഫോറം മുതല്‍, ആറന്മുളയില്‍ ആദ്യമായി കടമ്മന്‍ എം എല്‍ എയായി മത്സരിച്ചതു മുതല്‍, കേരളമാകെ കടമ്മനൊപ്പം വേദികളായ വേദികള്‍ തോറും പ്രഭാഷണങ്ങള്‍ നടത്തിയതുമുതല്‍, പുരോഗമനകലാ സംഘത്തിന്റെ മീറ്റിംഗുകളില്‍ ഒന്നിച്ചിരുന്നത് മുതല്‍ സമരോത്സുകമായ ശുഭാപ്തിവിശ്വാസപ്രമാണങ്ങളിലൊന്നായിരുന്നു. കീഴ്‌മേല്‍ മറിഞ്ഞൊരു ലോകത്തിന്റെ നടുവില്‍ നിന്നും നക്ഷത്രങ്ങള്‍ ചിരിക്കുന്ന ഒരു ലോകത്തിലേക്കാണ് കടമ്മന്റെ കവിതകളൊക്കെയും മിഴിതുറക്കുന്നത്. "ഇവിടെ സൂര്യന്‍ മഞ്ഞയാണ്'' നക്ഷത്രങ്ങള്‍ക്കുനിറമില്ല'' എന്ന കയ്ക്കുന്ന സത്യത്തില്‍ നീറുമ്പോഴും; "ഒരു സൂര്യനുദിക്കും, നിഴലായിട്ടമ്പിളി വളരും'' എന്ന് പ്രഖ്യാപിക്കാന്‍ അതുകൊണ്ടാണ് കടമ്മന് കഴിഞ്ഞത്. അതുകൊണ്ടുതന്നെയാണ് അവസാനശ്വാസംവരെ പ്രലോഭനങ്ങളെയും പ്രതിരോധിച്ചുകൊണ്ട്, പുരോഗമനകലാ സാഹിത്യസംഘത്തിന്റെ, പ്രസിഡന്റായി നിവര്‍ന്ന് നില്ക്കാന്‍ കടമ്മന് കഴിഞ്ഞത്.
*
കെ.ഇ.എന്‍. കടപ്പാട്: യുവധാര

അധിക വായനയ്ക്ക്:


1। നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്

ഹിന്ദുക്കളായഭിനയിക്കേണ്ടിവരുന്ന ക്രിസ്‌ത്യാനികള്‍

'ജര്‍മനിയില്‍നിന്ന് തിരിച്ചുവരുന്ന യാത്രക്കാരനോടു ചോദിച്ചു: ആരാണ് അവിടെ ഭരിക്കുന്നത്. ജര്‍മനി ഇന്ന് ഭരിക്കുന്നത് ഹിറ്റ്ലറല്ല, ഭയമാണ്' എന്നായിരുന്നു മറുപടി.(ബ്രെഹ്ത് )

നാസിസവും ഫാസിസവും ഭീകരതാണ്ഡവമാടിയ ജര്‍മനിയുടെ അതേ അവസ്ഥയിലാണ് ഇന്ന് ഒറീസ. ഒറീസയെ ഇന്ന് ഭരിക്കുന്നത് ഭയമാണ്. പരിചയപ്പെടുന്ന ആളുകള്‍ മതം മറച്ചുവയ്‌ക്കയല്ല, ഹിന്ദുവാണെന്നു തെളിയിക്കാന്‍ വ്യഗ്രതപ്പെടുകയാണ്. ഭുവനേശ്വറില്‍ തീവണ്ടിയിറങ്ങിയതുമുതല്‍ 'ഞങ്ങളും ഞങ്ങളും ഹിന്ദുക്കള്‍' എന്നത് പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്ന ജനതയെയാണ് കണ്ടത്.
ക്രിസ്‌ത്യാനികളായ ഡ്രൈവറും തൊഴിലാളിയും കച്ചവടക്കാരനുമെല്ലാം ഹിന്ദുവായി മാറുന്നത് ബോധ്യമായിട്ടുണ്ട്. യഥാര്‍ഥത്തില്‍ തങ്ങളെന്താണോ, അത് പ്രകടിപ്പിക്കാനാവാത്തതിന്റെ വിങ്ങല്‍- ഒരു ജനതയുടെ ആത്മബോധത്തിലുണ്ടാക്കുന്ന ശൈഥില്യത്തിന് ഏറ്റവും പറ്റിയ സാക്ഷ്യമാണ് ഒറീസയിലെ ക്രിസ്ത്യാനികള്‍. ഹിന്ദുക്കളായി അഭിനയിക്കേണ്ടിവരുന്ന ക്രിസ്തീയരുടെ ആത്മസംഘര്‍ഷം- ഇത് യാത്രയിലുടനീളം കണ്ട അസ്വസ്ഥജനകമായ കാഴ്‌ചയാണ്.

അതെ. ഹിന്ദുക്കളായഭിനയിക്കേണ്ടിവരുന്ന ക്രിസ്‌ത്യാനികളുടെ ദേശമായി ഒറീസ മാറിയിരിക്കയാണ്. ഭുവനേശ്വറില്‍ ഇറങ്ങിയപ്പോള്‍, പാറുന്ന ചെങ്കൊടിയാണ് ഞങ്ങള്‍ കണ്ടത്. ഒറ്റയ്‌ക്കൊരു ചെങ്കൊടിയുമായി നില്‍ക്കുന്ന മനുഷ്യന്‍. സംഘപരിവാറിന്റെ നഗരിയില്‍ ഇങ്ങനെയൊരു കാഴ്ച ഞങ്ങളെ ശരിക്കും ആവേശഭരിതരാക്കി. കൃഷക് സംഘം(കര്‍ഷകസംഘം)സംസ്ഥാന സെക്രട്ടറിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ അഭിറാം ബെഹ്റയാണ് കൂറ്റന്‍ ചെങ്കൊടിയുമായി ഞങ്ങളെ വരവേല്‍ക്കാന്‍ സ്‌റ്റേഷനടുത്ത് കാത്തിരുന്നത്. യാത്രയിലുടനീളം ഞങ്ങള്‍ക്ക് സഹായിയും സഖാവുമായി ഈ കമ്യൂണിസ്‌റ്റുകാരനുണ്ടായിരുന്നു.

ഒറീസയുടെ മണ്ണില്‍ കാലെടുത്തുവച്ചപ്പോള്‍ ലഭിച്ച ആവേശം യാത്ര അവസാനിച്ചപ്പോള്‍ ആശങ്കയായി മാറിയെന്നത് മറച്ചുവയ്‌ക്കാനാവില്ല. ഭീകരമായ പീഡാനുഭവങ്ങള്‍ നേരിട്ട ഒരു ജനതയുടെ വിറങ്ങലിച്ച ചിത്രമാണ് തങ്ങിനില്‍ക്കുന്നത്. അക്രമത്തിന്റെയും ഭീകരതയുടെയും കേന്ദ്രമായ കന്ദഹാല്‍ ജില്ലയില്‍ റെയ്‌ക്കയിലെ സെന്റ് കാതറീന്‍ ഹൈസ്‌കൂളും മഠവും സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. തങ്ങളുടെ വിദ്യാലയങ്ങളില്‍ സീറ്റ് ഉറപ്പാക്കാന്‍ കാലുപിടിച്ചു യാചിച്ചവര്‍, അവരടക്കം മുഖംമൂടി ധരിച്ചും അല്ലാതെയും മഠവും പള്ളിയും തകര്‍ത്തവരിലുണ്ടായിരുന്നു. ഒറിയക്കാരനായ ഹിന്ദുവിനെ വിശ്വസിക്കാനാവാത്ത സംഘര്‍ഷമാണിന്ന് അവരെ ഭരിക്കുന്നത്.

കന്ദമാല്‍, റെയ്‌ക്ക, ടിക്കാബലി എന്നിങ്ങനെ സംഘപരിവാര്‍ഭീകരത നടന്ന പല സ്ഥലങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അതില്‍ മറക്കാനാവാത്ത ഒരു കാഴ്‌ചയുണ്ട്: ടിക്കാബലിയിലെ പള്ളിയില്‍ കുരിശു തകര്‍ത്തു മാറ്റി അവിടെ കാവിക്കൊടി നാട്ടി. ക്രൈസ്‌തവവേട്ടയും ഭീകരതയും അവസാനിച്ചെന്ന് കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ അവകാശപ്പെടുമ്പോഴാണ് ഈ ദേവാലയത്തില്‍ ഭീതിപരത്തി കാവിക്കൊടി ഇപ്പോഴും പാറുന്നത്. ആഗസ്ത് 25 നു നാട്ടിയ ആ കൊടി അഴിച്ചുമാറ്റാന്‍ ഇന്നുമൊരു കൈ ഉയര്‍ന്നിട്ടില്ല. നമ്മുടെ മതേതരത്വത്തിന്റെ നിസ്സഹായതയുടെ അടയാളമാണ് ക്രൈസ്‌തവ ദേവാലയത്തിലെ കാവിക്കൊടി.

ഗുജറാത്തില്‍ വളരെ വലിയ ഭീകരതയാണ് നടമാടിയതെങ്കിലും പരിമിതമായ ചെറുത്തുനില്‍പ്പുണ്ടായി. ഒറീസയില്‍ അതുമുണ്ടായില്ല. ആഗസ്‌ത് 23-ന് ആരംഭിച്ച ക്രൈസ്‌തവ വേട്ടക്കെതിരായ പ്രതികരണമായി അവിടെയൊരു സമാധാനറാലിപോലും നടത്താനായില്ല. സെപ്തംബര്‍ 11-നായിരുന്നു റാലി നടന്നത്. സമാധാനറാലിയില്‍ പങ്കാളികളാകാനായത്, ഞങ്ങളുടെ പ്രതിനിധിസംഘത്തിന് ഏറെ അഭിമാനവും ആഹ്ലാദവും പകര്‍ന്ന സംഭവമാണ്. ഒറീസയില്‍ ചെറിയൊരു പാര്‍ടിയാണെങ്കിലും സിപിഐ എമ്മിന്റെ നേതൃത്വത്തിലായിരുന്നു റാലിസംഘാടനം. ബിജെപി ഒഴിച്ചുള്ള എല്ലാ പാര്‍ടികളെയും അണിനിരത്തി റാലി സംഘടിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി ജനാര്‍ദനപതി ഞങ്ങളോടു പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് പതിവുപോലെ മതനിരപേക്ഷകൂട്ടായ്‌മയെ വഞ്ചിച്ചു. ആര്‍എസ്എസിനെ യോജിച്ചെതിര്‍ക്കാനുള്ള ഭയംമൂലമാണ് അവര്‍ വിട്ടുനിന്നത്.
വല്ലാത്തൊരാവേശമാണ് റാലി സമ്മാനിച്ചത്. സംഘപരിവാറിന്റെ കോട്ടയില്‍ അവരെ തുറന്നെതിര്‍ത്ത് നടന്ന പ്രകടനത്തില്‍ അണിനിരക്കാനായത് ആഹ്ലാദകരമായ അനുഭവമാണ്. നമ്മള്‍ നമ്മള്‍ മനുഷ്യസോദരര്‍, നമ്മളെല്ലാമൊന്നാണ് എന്നീ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു.

ജന്മനാട്ടില്‍ അഭയാര്‍ഥികളായ ഒരു ജനതയായാണ് ഒറീസയില്‍ ക്രൈസ്‌തവരുടെ ജീവിതം. ക്യാമ്പുകളില്‍ പലതിലും അടിസ്ഥാനസൌകര്യങ്ങളൊന്നുമില്ലാതെ സ്ത്രീകളും കുഞ്ഞുങ്ങളും അനുഭവിക്കുന്ന കഷ്‌ടപ്പാട് ദയനീയമാണ്. സമാധാനറാലിക്കുശേഷം അടുത്ത ദിവസമാണ് കാതറീന്‍ മഠത്തില്‍ ഞങ്ങളെത്തിയത്. അവിടത്തെ സിസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ ഭീതിയും ആശങ്കയുമെല്ലാം പ്രതിഫലിപ്പിക്കുന്നതായിരുന്നു: "മാര്‍ച്ച് നന്നായി. നിങ്ങള്‍ തിരിച്ചു പോകും. പിന്നെ ഞങ്ങള്‍ക്കെന്ത് സമാധാനം.'' ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പുരുഷന്‍ കടലുണ്ടിയും മറ്റും ഇതെല്ലാം ചിത്രീകരിക്കുന്നതു കണ്ടപ്പോള്‍ ഏറെ ഭീതിയോടെ അവര്‍ മഠത്തിനകത്തേക്കു പോയി. എന്നിട്ട് ഞങ്ങളോട് പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ ശബ്ദം കൊടുത്തോളൂ. ദയവുചെയ്ത് ചിത്രവും ശരിപ്പേരും പുറത്തുപറയരുത്. ഒറീസയില്‍നിന്ന് പതിനായിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള കേരളത്തില്‍ ഒരു വീഡിയോ പ്രദര്‍ശനത്തില്‍ തങ്ങളുടെ ചിത്രം കാണിക്കുന്നതുപോലും ഭയക്കുന്ന വിധമാണിവരുടെ ജീവിതം. ആരാണ് ഒറ്റുകാരനെന്ന ഭയം.

താമസിക്കുന്ന ലക്ഷ്‌മി ലോഡ്‌ജില്‍ വച്ചും ഇതിനു സമാനമായ അനുഭവമുണ്ടായി. ലോഡ്‌ജിനടുത്ത് നില്‍ക്കവെ ഒരാള്‍ വന്ന് കൈപിടിച്ച് അഭിവാദ്യംചെയ്ത് പതുക്കെ പറഞ്ഞു, "ഞാനൊരു ക്രിസ്‌ത്യനാണ്, സ്‌കൂള്‍ അധ്യാപകനാണ്. ടിവിയില്‍ കണ്ടതിനാലാണ് നിങ്ങളോട് സംസാരിക്കുന്നത്.'' ഭയപ്പാടായിരുന്നു ആ മനുഷ്യനെയും ഭരിച്ചിരുന്ന വികാരം.

അവര്‍ പ്രതീക്ഷിക്കുന്ന സഹായം, പിന്തുണ ഇതൊന്നും അവര്‍ക്ക് കിട്ടുന്നില്ല. രാഷ്‌ട്രീയ കക്ഷികള്‍, ഭരണസംവിധാനം- ഒന്നും ഈ നിരാലംബര്‍ക്ക് തുണയേകാനെത്തുന്നില്ല. എല്ലാം നഷ്‌ടമായി കഴിയുന്ന ഒരു പാവം ഒറിയക്കാരനെയും പരിചയപ്പെട്ടു. പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലിചെയ്യുന്ന അമൂസ് എന്ന ചെറുപ്പക്കാരന്‍. കേരളത്തെപ്പറ്റി അഭിമാനിക്കുന്ന ഈ യുവാവിന് വീടും സമ്പാദ്യവുമെല്ലാം കൊള്ളയടിക്കപ്പെട്ടു. ജീവിതം തകര്‍ന്നുപോയ ഇവരെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ലോകത്തെങ്ങുമുള്ള നല്ല മനുഷ്യരെയാണ്.

ലക്ഷ്‌മി ലോഡ്‌ജില്‍ ഭീഷണമായ നോട്ടങ്ങളും തുറിച്ചുനോട്ടവുമേറെയുണ്ടായി. താഴെനിന്ന് ചായ കുടിക്കവെ കൈയില്‍ ചരടും വളകളുമണിഞ്ഞ ചെറുപ്പക്കാര്‍ ക്രൂരമായി നോക്കിയതും ടിവി ചാനലിലെ വാര്‍ത്ത കണ്ടതിന്റെ പ്രതികരണമായിരുന്നു.

ലോഡ്‌ജില്‍നിന്ന് പുറത്തുനോക്കിയപ്പോള്‍ കണ്ട കാഴ്‌ച കൌതുകവും സന്തോഷവുമുണ്ടാക്കി. ലോഡ്‌ജിനു മുകളില്‍ നിന്ന് നോക്കിയാല്‍ കണ്ണില്‍പ്പെടുന്നത് സദ്ദാം ആന്‍ഡ് ടിപ്പുസുല്‍ത്താന്‍ മാര്‍ക്കറ്റ് കോംപ്ലക്‌സ് എന്ന ബോര്‍ഡാണ്. സംഘപരിവാര്‍ കിടന്നുതുള്ളുന്ന കോട്ടയില്‍പ്പോലും അവരുടെ ഫാസിസ്റ്റ് വാഴ്ചക്കെതിരെ ചുരുട്ടിയ മുഷ്‌ടി പോലെയാണാ മാര്‍ക്കറ്റിന്റെ ബോര്‍ഡ് .

സന്ദര്‍ശനത്തിനിടയില്‍ സംഘപരിവാറിന്റെ ഏറെ ലഘുലേഖകളും നോട്ടീസുകളും ശ്രദ്ധയില്‍പ്പെട്ടു. വായിച്ചു കളഞ്ഞശേഷം കത്തിക്കുക എന്നെഴുതിയ പ്രകോപനപരവും വിഷംതുപ്പുന്നതുമായ നോട്ടീസുകളായിരുന്നു അവ. നിങ്ങളുടെ ആശുപത്രിയില്‍ ക്രിസ്‌ത്യാനി ചികിത്സ തേടി വന്നാല്‍ മരുന്നിനുപകരം വിഷം നല്‍കുക, അങ്ങനെ നല്‍കിയാല്‍ സംഘകേന്ദ്രത്തിലറിയിക്കണം. ഓസ്‌ട്രേലിയന്‍ പുരോഹിതന്‍ ഗ്രഹാംസ്റ്റെയിന്‍സിനെയും രണ്ടുമക്കളെയും ചുട്ടുകൊന്ന 1999-ലെ ക്രൂരതയെ ന്യായീകരിക്കുന്നതാണ് മറ്റൊന്ന്. കൊലയാളിയായ ഭീകരന്‍ ധാരാസിങ്ങിനെ വാഴ്ത്തുന്ന ലഘുലേഖയുമുണ്ട്. ഫാസിസം ജര്‍മനിയില്‍ വളരെ സമര്‍ഥവും ഫലപ്രദവുമായി ഉപയോഗിച്ചതായിരുന്നു ലഘുലേഖവഴിയുള്ള പ്രത്യയശാസ്ത്ര ആക്രമണം. ഒറീസയിലും അവരിത് സമൃദ്ധമായി പ്രയോഗിച്ചു. ഇത്തരം ലഘുലേഖകള്‍ കാണുമ്പോള്‍ അതിനാല്‍ത്തന്നെ ഏതു സമൂഹവും ജാഗ്രത പുലര്‍ത്തണം. കാരണം- ഓര്‍ക്കുക, ഇതൊരു പീറക്കടലാസല്ല. ഒരു കുരുതി നടക്കാനുള്ള പാകപ്പെടുത്തലാണീ ലഘുലേഖകള്‍. ഫാസിസം എവിടെയും പ്രത്യയശാസ്‌ത്രപദ്ധതി എന്നും പ്രചരിപ്പിച്ചിട്ടുള്ളത് ഇതുവഴിയാണ്.

ഒറീസയില്‍ ഭീകരമായതോതില്‍ മതപ്രചാരണം നടക്കുന്നുവെന്നാണ് സംഘപരിവാറിന്റെ പ്രചാരണം. ഇത് വസ്തുതകള്‍ക്കു വിരുദ്ധമാണ്. പാരമ്പര്യവും സംസ്‌ക്കാരവും തകരുന്നെന്ന വാദമാണ് മതപരിവര്‍ത്തനത്തിനെതിരായി അവരുയര്‍ത്തുന്നത്. രണ്ടു ലക്ഷം ദളിതരുമായി അംബേദ്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നപ്പോള്‍ ഇവിടെ ഒന്നുമുണ്ടായില്ലല്ലോ. ഏത് ആശയവും പൂഴ്ത്തിവയ്‌ക്കാനുള്ളതല്ല, പ്രചരിപ്പിക്കാനുള്ളതാണ് എന്ന ബ്രെഹ്തിന്റെ കാഴ്ചപ്പാട് മതങ്ങള്‍ക്കും ബാധകമാണ്.

സംഘപരിവാര്‍ ഫാസിസ്റ്റ് ആശയത്തിന്റെ പ്രചാരകരും പ്രയോക്താക്കളുമായി ഒറീസയിലെ മാധ്യമസമൂഹവും മാറിയെന്നതാണ് സന്ദര്‍ശനം ബോധ്യപ്പെടുത്തുന്ന ഭീതിദമായ മറ്റൊരു വസ്തുത. അവിടത്തെ പ്രാദേശികപത്രങ്ങള്‍ ഒന്നോ രണ്ടോ ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാം ഈ കാഴ്‌ചപ്പാടാണ് ബോധ്യപ്പെടുത്തിയത്. ആദിവാസി-പട്ടികജാതി വിഭാഗങ്ങളായ കന്ദാസും പാണകളുമായുള്ള പ്രാദേശികവും വംശീയവുമായ പ്രശ്‌നമാണെന്ന് കുഴപ്പങ്ങളെ വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. ബജ്രംഗ്‌ദള്‍ നേതാവ് സ്വാമി ലക്‌ഷ്‌മണാനന്ദയുടെ മരണമാണ് കുഴപ്പത്തിനു കാരണമെന്നും പ്രചരിപ്പിക്കുന്നു. അയാളുടെ 'പൂര്‍വാശ്രമ'ചരിതം ഇതിന് അടിവരയിടുന്നു. കാഷായവസ്ത്രം ധരിച്ച കൊടുംക്രിമിനലാണ് ലക്‌ഷ്‌മണാനന്ദ. ഭൂസംബന്ധമായ കേസില്‍ ഒരാളെ കൊന്ന് രക്ഷപ്പെടാന്‍ ഹിമാലയത്തിലേക്ക് പോയതാണിയാള്‍. പിന്നീട് കാവിയുടുത്ത് സന്യാസിയായി മാറിയ ലക്‌ഷ്‌മണാനന്ദ ഇത്തരത്തിലുള്ള ഉത്തരേന്ത്യന്‍ പ്രതിഭാസത്തിനുദാഹരണമാണ്. സത്യത്തില്‍ ഇയാളുടെ വരവാണ് കന്ദമാലില്‍ സംഘര്‍ഷകാരണമായി ജനങ്ങള്‍ പറയുന്നത്.

ഇദ്ദേഹത്തിന്റെ കൊലയെക്കുറിച്ചും വ്യത്യസ്‌ത നിലപാടുണ്ട്. ആശ്രമത്തിലെ അധികാരത്തര്‍ക്കമാണ് കാരണമെന്നതാണൊന്ന്. മാവോയിസ്‌റ്റുകളാകട്ടെ വധത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്. മാവോയിസ്‌റ്റുകളുടെ നേതാക്കളായ സഞ്‌ജീവ് പാണ്ഡെയും ആസാദും ഇക്കാര്യം പരസ്യപ്പെടുത്തിയതുമാണ്. മനുഷ്യത്വവിരുദ്ധരായി പ്രവര്‍ത്തിക്കുന്ന ഭ്രാന്തന്മാരെ ഇനിയും കൊല്ലുമെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ക്രിസ്‌ത്യന്‍ പുരോഹിതരാണ് കൊലയാളികളെന്ന് ആവര്‍ത്തിക്കയാണ് സംഘപരിവാര്‍ ഇപ്പോഴും. മാവോയിസ്‌റ്റുകള്‍ പൊലീസിനെ കൊല്ലും, ഭൂപ്രശ്‌നത്തിലിടപെടും അല്ലാതെ തങ്ങളെയൊന്നും ചെയ്യുന്നില്ലെന്ന ന്യായീകരണവും നടത്തുന്നു. കൊല നടത്തിയ മാവോയിസ്‌റ്റുകളെ വെള്ളപൂശുകയും ക്രൈസ്‌തവരെ പിശാചുവല്‍ക്കരിക്കയും ചെയ്യുന്നതിനു പിന്നിലെ താല്‍പ്പര്യവും അജന്‍ഡയും പ്രകടമാണ്.

****

കെ ഇ എന്‍, കടപ്പാട് : ദേശാഭിമാനി

ഒറീസയിലെ സമാധാനറാലിയില്‍ പങ്കെടുത്ത പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ തന്റെ യാത്രാനുഭവം പങ്കുവയ്ക്കുന്നു. തയ്യാറാക്കിയത്: പി വി ജീജോ

കോര്‍പ്പറേറ്റ് മാധ്യമങ്ങളും നഷ്ടമാകുന്ന തലക്കെട്ടുകളും

ബോധപൂർവം നുണകള്‍ പ്രചരിപ്പിക്കുകയും, ജനശ്രദ്ധ തിരിച്ചുവിടുകയും, വായനക്കാരെ അല്ലെങ്കില്‍ പ്രേക്ഷകനെ മനപൂര്‍വം വഴി തെറ്റിക്കുകയുമൊക്കെ ചെയ്യുക വഴി നമ്മുടെ ഫോര്‍ത്ത് എസ്റ്റേറ്റ്, കോര്‍പ്പറേറ്റ് ഗവര്‍ണ്‍‌മെന്റിന്റെ അഞ്ചാം‌പത്തി ആയിമാറിക്കഴിഞ്ഞു. പ്രധാനമായും വാര്‍ത്തകളെ തമസ്‌ക്കരിക്കുക എന്ന തന്ത്രത്തിലൂടെയാണ് മുഖ്യധാരാ കോര്‍പ്പറേറ്റ് മാധ്യമങ്ങൾ പൊതുജനങ്ങളെ, വളരെ സമര്‍ത്ഥമായി, ചൂഷണം ചെയ്യുന്നവരോടൊപ്പം നിറുത്തുന്നത് . പ്രശസ്തരായ വ്യക്തികളെക്കുറിച്ചും, വിനോദങ്ങളെക്കുറിച്ചും, സ്പോര്‍ട്ട്സിനെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമൊക്കെ അമേരിക്കയിലെ ജനങ്ങളെ ഇവര്‍ നല്ലവണ്ണം ബോധവാന്മാരാക്കുന്നുണ്ട്. പക്ഷെ തങ്ങളുടെ വോട്ടവകാശം ബുദ്ധിപൂര്‍വമായി വിനിയോഗിക്കുന്നതിനാവശ്യമായ വിവരങ്ങൾ നൽകേണ്ടി വരുമ്പോഴോ‍, കോര്‍പ്പറേറ്റ് ഗവര്‍മ്മെണ്ടിന്റെ യഥാര്‍ത്ഥ ഉദ്ദേശ ലക്ഷ്യങ്ങളെയോ, പാരിസ്ഥിതിക പ്രശ്നങ്ങളെയോ പറ്റി വിവരിക്കേണ്ടി വരുമ്പോഴോ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എന്നത് “പ്രത്യേക താല്പര്യമുള്ള പ്രചരണസംവിധാനം“ മാത്രയായി മാറുകയാണ്. രാഷ്‌ട്രത്തിനും അതിലെ ജനങ്ങള്‍ക്കും ലോകത്തിലെ 95% വരുന്ന അമേരിക്കക്കാരല്ലാത്ത ജനതയുമായുള്ള സങ്കീര്‍ണ്ണമായ ബന്ധത്തെക്കുറിച്ച് പറയുമ്പോഴാകട്ടെ, “നമ്മള്‍ ഒന്നാം നമ്പറുകാര്‍” ആണ് എന്നത് മാത്രമെ അമേരിക്കക്കാര്‍ അറിയേണ്ടതുള്ളൂ എന്ന കടും യാഥാസ്ഥിതികമായ നിലപാട് “തമസ്‌‌ക്കരണം” എന്ന തന്ത്രത്തിലൂടെ കാലങ്ങളായി അടിച്ചേൽ‌പ്പിച്ച് വരികയാണ്.

ജനങ്ങളെ തമ്മിലടിപ്പിക്കുകയും അവരെ പമ്പര വിഡ്‌ഢികളാക്കുകയും ചെയ്യാതെയും സ്വയം കീഴടങ്ങാതെയും, തങ്ങളുടെ കുലീനമായ ധര്‍മ്മം അനുസരിച്ച് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പൊതുജനങ്ങളുടെ ഉത്തമ താല്പര്യം സംരക്ഷിച്ചിരുന്നുവെങ്കിലോ ‍? നാം വായിക്കുമായിരുമായിരുന്ന ചില തലക്കെട്ടുകളും, അവ നല്‍കുന്ന സന്ദേശങ്ങളും ഇങ്ങനെ ഒക്കെ ആവുമായിരുല്ലേ...?

ഒരു പക്ഷെ........

*
സഭയുടെ രഹസ്യ സമ്മേളനത്തിനെതിരെ പ്രതിനിധികളുടെ പ്രതിഷേധം
അതീവ രഹസ്യ വിവരങ്ങൾ പുറത്താവുന്നു

(മാര്‍ച്ച് 13, 2008) നിക്കരാഗ്വേയിലെ കോൺ‌ട്രാകള്‍ക്കുള്ള അമേരിക്കന്‍ പിന്തുണയെപ്പറ്റി അടച്ചിട്ട മുറിക്കുള്ളില്‍ പ്രതിനിധി സഭ ചര്‍ച്ച ചെയ്തപ്പോള്‍ അത് 1812നു ശേഷമുള്ള ആറാമത്തെയും, 1983നു ശേഷമുള്ള ആദ്യത്തെയും രഹസ്യ യോഗമായിരുന്നു. പൊതുജന നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് രഹസ്യ യോഗം നടന്നതെന്നാണ് ഔദ്യോഗികമായി പുറത്ത് പറഞ്ഞത് . എന്നാല്‍, ചില അംഗങ്ങളുമായി അനൌദ്യോഗികമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്നും വെളിവാകുന്നത് ഈ യോഗം പ്രധാനമായും ഒന്‍പത് മുഖ്യവിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു എന്നാണ്.

1. 2008 സെപ്തംബറോടെ നടന്നേക്കാവുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച
2. 2009 ഫെബ്രുവരിയോടെ നടന്നേക്കാവുന്ന അമേരിക്കന്‍ ഫെഡറല്‍ ഗവര്‍ണ്മെന്റുകളുടെ ഫിനാന്‍സിന്റെ തകര്‍ച്ച
3. ഈ തകര്‍ച്ചകളുടെ ഫലമായി അമേരിക്കയില്‍ ഉണ്ടായേക്കാവുന്ന ആഭ്യന്തര യുദ്ധം
4.സര്‍ക്കാരിനെതിരെ നീങ്ങാനിടയുള്ള “കലാപകാരികളായ അമേരിക്കന്‍ പൌരന്മാരെ ‍”(പുതുലോകക്രമത്തെ എതിര്‍ക്കുന്നവരെ ‍) മുന്‍‌കൂട്ടി അറസ്റ്റ് ചെയ്യുക.
5. ഇപ്രകാരം മുന്‍‌കൂട്ടി അറസ്റ്റ് ചെയ്യുന്നവരെ അമേരിക്കയിലുടനീളം സ്ഥാപിച്ചിട്ടുള്ള “REX 84“ കാമ്പുകളില്‍ തടങ്കലില്‍ വയ്ക്കുക.
6. സാമ്പത്തിക തകര്‍ച്ചകളുടെ പേരില്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കു നേരിട്ടേക്കാവുന്ന ആക്രമണങ്ങളുടെ സംഭാവ്യത.
7. വന്‍‌തോതില്‍ പൊട്ടിപ്പുറപ്പെട്ടേക്കാന്‍ ഇടയുള്ള ആഭ്യന്തര സംഘര്‍ഷങ്ങളുടെ സമയത്ത് അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും “സുരക്ഷിതമായി കഴിയാനുള്ള സൌകര്യങ്ങള്‍ ‍” കണ്ടെത്തുക.
8. കാനഡയുമായും(പ്രകൃതിവിഭവങ്ങള്‍ക്കായി) മെക്സിക്കോയുമായും (ചെലവു കുറഞ്ഞ മനുഷ്യാദ്ധ്വാന ശേഷിക്കായി) അമേരിക്കക്ക് അത്യന്താപേക്ഷിതവും ഒഴിവാക്കാനാവാത്തതുമായ ലയനം നടത്തേണ്ടതിനെക്കുറിച്ച് ആലോചിക്കുക.
9. വരാന്‍ പോകുന്ന സാമ്പത്തിക യുദ്ധത്തില്‍ വിജയിക്കുന്നതിനായി മേല്‍പ്പറഞ്ഞ മൂന്നു രാജ്യങ്ങള്‍ക്കും വേണ്ടി ഇറക്കേണ്ടുന്ന AMERO എന്ന പുതിയ കറന്‍സിയെപ്പറ്റി ആലോചിക്കുക.

*
തങ്ങള്‍ക്കു ചുറ്റും വിരിഞ്ഞു നില്‍ക്കുന്ന നുണകളുടെ വൈപുല്യത്തെ മനസ്സിലാക്കുന്നതിനും, അവയെ നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ഈ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എന്തുമാത്രം സഹായകരമായിരിക്കും എന്ന് ചിന്തിച്ചു നോക്കുക.

*
ഭരണഘടന ലംഘിക്കപ്പെടുന്നു , ഒക്ടോബര്‍ ഒന്നു മുതല്‍
യു എസ് കാലാള്‍പ്പടയെ അമേരിക്കന്‍ മണ്ണില്‍ വിന്യസിക്കും

അമേരിക്കന്‍ മണ്ണിനെ സംരക്ഷിക്കുവാനും, പ്രാദേശിക, സംസ്ഥാന ഫെഡറല്‍ അധികാരികളെ സഹായിക്കുവാ‍നുമായി പെന്റഗണിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് ആയ നോര്‍ത്ത്‌കോമിന്റെ ഘടകമായ യു.എസ്. ആര്‍മി നോര്‍ത്തിന്റെ കമാന്‍ഡിനുകീഴിലുള്ള മൂന്നാം ഡിവിഷന്റെ ഫസ്റ്റ് ബ്രിഗേഡ് കോംബാറ്റ് ടീം ആണ് സെപ്തംബര്‍ 11 നുശേഷം രൂപീകരിച്ച “Raiders” . 1878 ജൂണ്‍ 16ന് കോണ്‍ഗ്രസ്സ് പാസാക്കിയ Posse Comitatus എന്ന ആക്‍ട്, ഫെഡറല്‍ സര്‍ക്കാരിന്റെ യൂണിഫോം ധരിച്ച സൈന്യത്തെ ഫെഡറല്‍ അല്ലാത്ത ഭാഗങ്ങളില്‍ ക്രമസമാധാനപരിപാലനത്തിനു വിനിയോഗിക്കുന്നതിനെ വിലക്കുന്നുണ്ട്.

ഭരണഘടനയനുസരിച്ച് ഫെഡറല്‍ സൈന്യത്തെ രാജ്യത്തിനകത്തെ ക്രമസമാധാനപാലനത്തിനു നിയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഭരണഘടനാപരമായ മറ്റു പല പരിരക്ഷകളെയും പോലെ Posse Comitatus യും ജനതയെ “സംരക്ഷിക്കുവാനെന്ന“ പേരില്‍ ലംഘിക്കപ്പെടുകയാണ്. ഇന്നിപ്പോൾ, പൊതുജന വികാരം തണുപ്പിക്കാന്‍ രചിക്കപ്പെട്ട തിരക്കഥയനുസരിച്ചുളള വാചോടോപങ്ങള്‍ക്കിടയിലും, ബി.ടി.സിയുടെ ഒന്നാം കമാണ്ടര്‍ ആയ കേണല്‍ റോജര്‍ ക്ലൌട്ടിയറിന്റെ വാക്കുകള്‍ വരച്ചുകാട്ടുന്നത്, വളരെ മോശം ഒരു ചിത്രമാണ് .

“എനിക്കിതിലും ഉന്നതമായ ഒരു ദൌത്യത്തെക്കുറിച്ച് ചിന്തിക്കാനാവുന്നില്ല” ക്ലൌട്ടിയര്‍ പറയുന്നു. “.. നാട്ടില്‍ സ്വന്തം ജനതയെ സംരക്ഷിക്കുക, ..എവിടെയാണ് സംഭവങ്ങള്‍ നടക്കുന്നത് എന്നതനുസരിച്ച്, നിങ്ങള്‍ നിങ്ങളുടെ സ്വന്തം നഗരത്തെ, പ്രിയപ്പെട്ടവരെ ഒക്കെ സംരക്ഷിക്കുന്നതിനായി നാട്ടിലേക്ക് പോകുകയാണ്. എന്റെ രാജ്യം അതിന്റെ ജനതയെ സഹായിക്കുന്നതിനായി മാത്രം ഒരു സേനയെ വിനിയോഗിക്കുന്നു എന്നറിയുന്നത് അമേരിക്കക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് അനല്പമായ സന്തോഷം പകരുന്നു.” അദ്ദേഹം തുടരുന്നു, “അമേരിക്കയുടെ എല്ലാ പദ്ധതികളും എന്തൊക്കെ എന്ന് എനിക്കറിയില്ല- പക്ഷെ എനിക്കറിയാവുന്ന ഒരു കാര്യമുണ്ട്. അത്, സൈനികരും, നാവികരും, വൈമാനികരും ഒക്കെ ദിവസത്തില്‍ 24 മണിക്കൂറും, ആഴ്ചയില്‍ 7 ദിവസവും വിളിക്കുകയാണെങ്കില്‍ ഓടിയെത്തുന്നതിനും സഹായിക്കുന്നതിനുമായി കാത്തു നില്‍ക്കുന്നുണ്ട് എന്നതാണ്.”

"സംരക്ഷിക്കാന്‍ ? സഹായിക്കാന്‍ ?” ഇറാഖില്‍ ഇതിനു മുമ്പ് മൂന്നു തവണ വിന്യസിക്കപ്പെട്ടിട്ടുള്ള 4000 ട്രൂപ്പുകള്‍ അടങ്ങുന്ന ഒരു വിശിഷ്ടരായ കൊലയാളി സംഘമാണ്
“Raiders” എന്നത് . വാതിലുകള്‍ ചവിട്ടിപ്പൊളിക്കുകയും പോരാളികളെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യല്‍ കാമ്പുകളിലും തടവറകളിലും മറ്റും എത്തിക്കുകയും ചെയ്യുന്നതിന്റെ ഇടയില്‍ നിന്നുമാണ് ഇപ്പോള്‍ അവരെ അമേരിക്കന്‍ സൈന്യം ആദ്യമായി ചെയ്യുന്നൊരു മാരകമല്ലാത്ത പ്രവര്‍ത്തിക്കായി വിനിയോഗിക്കുന്നത്. “ മാരകമല്ലാത്ത കഴിവുകളുടെ ഒരു പുത്തന്‍ മാതൃകാ പാക്കേജ് ആണിത് ”, ജനങ്ങളെയും വാഹനഗതാഗതത്തെയും നിയന്ത്രിക്കാനും, (അച്ചടക്കമില്ലാത്ത) അപകടകാരികളെ കൊല്ലാതെ കീഴ്പ്പെടുത്തുവാനുമായുള്ള സംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടി കേണല്‍ ക്ലൌട്ടിയര്‍ പറയുന്നു.

“സഹായിക്കുന്ന, പരിരക്ഷിക്കുന്ന, സംരക്ഷിക്കുന്ന” തുടങ്ങിയ മയപ്പെടുത്തിയ വാക്കുകള്‍, അമേരിക്കന്‍ ജനത “അവസാനം” ഉണര്‍ന്നെണീക്കാന്‍ തുടങ്ങുന്നു എന്നതിന്റെയും കൊല്ലാതെ കീഴ്‌പെടുത്തുന്ന തരത്തിലുള്ള സൈനിക രീതികള്‍ ഇന്ന് ആവശ്യമായി വന്നിരിക്കുന്നു എന്നതിന്റെയും നിദർശനമാണ് എന്ന ലളിതയാഥാര്‍ഥ്യത്തെ മറയ്‌ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ, അമേരിക്കയിലെ തൊഴിലാളി വര്‍ഗവും, സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കൊഴുത്തുതടിച്ച ധനികവര്‍ഗവും തമ്മില്‍ വളര്‍ന്നുവരുന്ന വൈരുദ്ധ്യം ഇപ്പോഴത്തെ രാഷ്‌ട്രീയ സംവിധാനങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത രീതിയില്‍ രാഷ്‌ട്രീയമായ അസ്ഥിരതക്ക് വഴിവയ്ക്കുന്നുണ്ട്. ഒരു വര്‍ഷത്തേക്കാണ് ഒന്നാം നമ്പര്‍ ബി റ്റി സി യെ വിനിയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെങ്കിലും, പകരം വരുന്നവരെ ഒരു സ്ഥിരം സംവിധാനം ആക്കത്തക്ക വിധം വിപുലമായ രീതിയില്‍ തന്നെയാണ് പരിശീലിപ്പിച്ചെടുക്കുന്നത്.

രാഷ്ട്രം ഉള്ളില്‍ നിന്നു തന്നെ തകര്‍ക്കപ്പെടുന്ന ഈ അവസ്ഥയിലും, തൊഴിലാളിവര്‍ഗത്തിന്റെ ന്യായമായ ക്രോധത്തില്‍ നിന്നും യഥാര്‍ത്ഥ ഭരണവര്‍ഗമായ സമ്പന്നരെ രക്ഷിക്കാനായി പരസ്യമായിത്തന്നെ തന്ത്രങ്ങള്‍ മെനയുന്നതിലൂടെ തങ്ങളുടെ പക്ഷപാതിത്വം ആരോടാണ് എന്നത് വ്യക്തമാക്കുകയാണ് കോര്‍പ്പറേറ്റ് ഗവര്‍ണ്‍മെന്റ് ‍. പൊതുസമ്പത്ത് ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ലാത്ത അത്ര ഉയര്‍ന്ന തോതില്‍ ധനികവര്‍ഗത്തിലേക്ക് മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ജനതയെന്നത് വെറുക്കപ്പെടേണ്ട ശല്യക്കാര്‍ -അപകടകാരികളും- ആണെന്നാണോ അമേരിക്കന്‍ സര്‍ക്കാര്‍ കരുതുന്നത്? ഇവിടെ കാണാതായ ആ തലക്കെട്ട് എന്തായിരിക്കും? ഒന്നാലോചിച്ച് നോക്കൂ...

*
സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വെടിവെക്കുവാന്‍ തയാറാകുമോ ?
അമേരിക്കന്‍ സൈനികരോടുള്ള പ്രശ്‌നാവലി ഈ ചോദ്യമുയർത്തുന്നു

സൈനിക നിയമം പ്രഖ്യാപിക്കുന്നതിന് അരങ്ങൊരുക്കുവാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി, രാജ്യത്തിനകത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നവരെ വളഞ്ഞ് പിടികൂടുന്നതിനും, അവരുടെ തോക്കുകള്‍ പിടിച്ചെടുക്കുന്നതിനും മറ്റും അമേരിക്കന്‍ സൈനികരെ പരിശീലിപ്പിക്കുന്നുണ്ട് എന്നാണ് ഇറാഖില്‍ നിന്നും മടങ്ങിവരുന്ന അമേരിക്കന്‍ സൈനികര്‍ വെളിപ്പെടുത്തുന്നത്. എന്നു മാത്രമല്ല, അമേരിക്കന്‍ പൌരന്മാരെ - സുഹൃത്തുക്കളെയും സ്വന്തം കുടുംബാംഗങ്ങളെയും ഉള്‍പ്പെടെ- വെടിവെക്കുന്നതിനു തയ്യാറാണോ എന്നും അവരോട് ആരായുന്നുണ്ടത്രെ.

*
ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യപിക്കപ്പെടുമ്പോൾ ആജ്ഞകള്‍ ലംഘിക്കുന്ന അമേരിക്കന്‍ പൌരന്മാരെ വളയാനും, നിരായുധരാക്കാനും, വേണമെങ്കില്‍ വെടിവെക്കാനും അമേരിക്കന്‍ സൈനികര്‍ തയ്യാറാകുമോ എന്ന കാര്യം കഴിഞ്ഞ 15 വര്‍ഷത്തിലേറെക്കാലമായി സൈനിക മേധാവികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ 29 പാംസ് മറൈന്‍ ബേസില്‍ നിന്ന് 1994 ഒക്ടോബറില്‍ പുറത്ത് വന്ന ഒരു ചോദ്യപ്പട്ടികയില്‍ ഇതിന്റെ മുന്നൊരുക്കങ്ങള്‍ കാണാന്‍ കഴിയും. തങ്ങളുടെ ആയുധങ്ങള്‍ കീഴെ വെക്കാന്‍ തയ്യാറാകാത്ത അമേരിക്കന്‍ പൌരന്മാരെ വെടിവെച്ചിടുവാന്‍ തയ്യാറാകുമോ എന്ന ചോദ്യമുള്‍പ്പെടെ 46 ചോദ്യങ്ങളാണ് അന്ന് സൈനിക റിക്രൂട്ടുകളോട് ചോദിച്ചിരുന്നത്.

സൈനിക നിയമം നടപ്പിലാക്കുന്നതിനു മുന്നോടിയായി “കലാപകാരികളായ പൌരന്മാരുടെ“ വസ്തുവകകളും വെടിക്കോപ്പുകളും പിടിച്ചെടുക്കുന്നതിനും‍, കൂട്ട വാക്സിനേഷന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും‍‍, ബലം പ്രയോഗിച്ച് മാറ്റിപ്പാര്‍പ്പിക്കുന്നതിനും മറ്റും “സര്‍ക്കാര്‍ നല്‍കുന്ന ഉത്തരവുകളെ യാതൊരു മടിയും കൂടാതെ നടപ്പിലാക്കുന്നതിന്,“ തങ്ങളുടെ സഭാവിശ്വാസികളെ പ്രേരിപ്പിക്കുന്നതിനായി പാതിരിമാരെയും മറ്റു മതപ്രതിനിധികളെയും രഹസ്യപ്പോലീസിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്.

താഴെക്കൊടുത്തിരിക്കുന്ന (പ്രസിദ്ധീകരിക്കാത്ത) തലക്കെട്ട് പൌരന്മാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമാകും.

800ലധികം അമേരിക്കന്‍ കോണ്‍സെന്‍‌ട്രേഷന്‍ കാമ്പുകള്‍
പൂര്‍ണ്ണ സജ്ജമായി തടവുകാര്‍ക്കായി കാത്തിരിക്കുന്നു

സൈനിക നിയമം പ്രഖ്യാപിച്ചു( ഇതിനു അമേരിക്കന്‍ പ്രസിഡന്റിന്റെ പേനകൊണ്ടൊരു വരയും വാറണ്ടിനുമേൽ അറ്റോര്‍ണി ജനറലിന്റെ ഒരൊപ്പും മതിയാകും..) കഴിഞ്ഞാല്‍ ഫെമ (Federal Emergency Management Agency) ആയിരിക്കും ഈ ക്യാമ്പുകള്‍ നിയന്ത്രിക്കുക.

*
ധാരാളം ജോലിക്കാരും മുഴുവൻ സമയ സുരക്ഷാഭടന്മാരും നിറഞ്ഞ ഈ ക്യാമ്പുകള്‍, ഇപ്പോള്‍ ശൂന്യമാണെങ്കിലും, സര്‍ക്കാരുമായി കൊരുക്കുന്ന അമേരിക്കന്‍ പൌരന്മാരെ സ്വീകരിക്കുന്നതിനായി തയ്യാറെടുത്തു നില്‍ക്കുകയാണ്. നാസി കോണ്‍‌സെന്‍‌ട്രേഷന്‍ ക്യാമ്പുകളെപ്പോലെ ഫെമ ക്യാമ്പുകള്‍ക്കും ചുവപ്പ് / നീല ലൈനുകളുണ്ട്.

ചുവപ്പു പട്ടിക - ഇവര്‍ പുതുലോകക്രമത്തിന്റെ ശത്രുക്കളാണ്. സൈനിക നിയമം പ്രഖ്യാപിക്കുന്നതിനു രണ്ടു ആഴ്ച മുന്‍പ് തന്നെ ഇവരെ ഇവരുടെ വീടുകളില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയും ക്യാമ്പില്‍ കൊണ്ട് വന്ന് “ഉടന്‍ തന്നെ ഇല്ലാതാക്കുകയും” (immediate extermination) ചെയ്യാം. സാമാന്യമായി പറയുകയാണെങ്കില്‍, നേതൃത്വത്തിലുള്ള ആളുകളും മറ്റു പൊതു പദവികള്‍ വഹിക്കുന്നവരുമായിരിക്കും ഇക്കൂട്ടര്‍.

നീലപ്പട്ടിക - ഇവര്‍ പുതുലോകക്രമത്തിന്റെ ശത്രുക്കള്‍ ആണെങ്കിലും, നേതാക്കള്‍ ആവണമെന്നില്ല. സൈനിക നിയമം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇവരെ പിടികൂടുകയും ക്യാമ്പില്‍ കൊണ്ട് വന്ന് “ശരിപ്പെടുത്തുകയും”(re-programming) ചെയ്യാം. ഇത് അതിജീവിക്കുന്നവരെ അടിമപ്പണിക്കാ‍യി വിനിയോഗിക്കാം.

മുകളില്‍ സൂചിപ്പിച്ചതുപോലുള്ള തമസ്‌ക്കരണങ്ങളുടെ ലിസ്റ്റ് - കഴിഞ്ഞ എട്ടു വര്‍ഷത്തെ മാത്രം കാര്യങ്ങളെ ഉള്‍ക്കൊള്ളിച്ചാല്‍ പോലും - എത്രയോ വലിയതായിരിക്കും. അത്തരമൊരു ലിസ്റ്റില്‍ എന്തൊക്കെയാവും നമുക്ക് കാണാനാവുക? ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ നിരന്തരം അരങ്ങേറുന്നതും വളരെ സ്‌പഷ്‌ടവുമായ കൃത്രിമങ്ങള്‍, 9/11 ന്റെ യാഥാര്‍ഥ്യവും അതിനെ മൂടിവയ്ക്കാന്‍ നടത്തിയ ശ്രമങ്ങളും, നിയമവിരുദ്ധമായി നാം നടത്തുന്ന യുദ്ധങ്ങളെയും അധിനിവേശങ്ങളെയും കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍, സമീപകാലത്തെ ബാങ്കര്‍മാരുടെ അട്ടിമറിയെയും, ട്രഷറി സെക്രട്ടറി ഹെന്‍‌രി പോള്‍സണെപ്പോലുള്ള തട്ടിപ്പുകാര്‍ക്കതിരെയുള്ള നിയമനടപടികള്‍ ഒഴിവാക്കുന്നതിനായി വിദേശ നിക്ഷേപകര്‍ക്ക് ഭൂരിപക്ഷവും കൊടുക്കേണ്ടി വരുന്ന തരത്തില്‍ ബെയില്‍ ഔട്ട് ബക്കറ്റിലേക്ക് നികുതിദായകന്റെ ട്രില്യണുകള്‍ നിക്ഷേപിച്ചതിനെയും കുറിച്ചുള്ള യാഥാര്‍ഥ്യം, കോര്‍പ്പറേറ്റുകളുടെയും ഫാസിസ്റ്റുകളുടേതുമായ പുത്തന്‍ ലോകക്രമത്തിനു വേണ്ടി അമേരിക്കയെന്ന പരമാധികാര രാഷ്‌ട്രത്തെ തകര്‍ക്കുന്നതിനു വേണ്ടി നടക്കുന്ന തിരക്കിട്ട നടപടികളെക്കുറിച്ചുള്ള യാഥാര്‍ഥ്യം.......

ജനങ്ങള്‍ തീര്‍ച്ചയായും അറിയേണ്ടതും, എന്നാല്‍ പ്രമാണി വര്‍ഗം മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്നതുമായ യാഥാര്‍ഥ്യങ്ങളാണ് ഇപ്രകാരം തമസ്കരിക്കപ്പെടുന്നത്. ഇന്നത്തെ സാഹചര്യത്തില്‍, വാര്‍ത്തയില്‍ എത്രത്തോളം കൂടുതല്‍ സത്യമുണ്ടോ, അത് അമേരിക്കന്‍ ജനതക്ക് എത്രമാത്രം പ്രധാനമാണോ, അത്രത്തോളം ആ വാര്‍ത്ത തമസ്‌ക്കരിക്കപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

നാം ഈ വഴിയിൽക്കൂടി ഒരു പാട് താഴേക്കിറങ്ങിക്കഴിഞ്ഞു....നുണകളും ചതികളും കാപട്യങ്ങളും വഴിതെറ്റിക്കലുകളുമൊക്കെ നമ്മുടെ അതിദയനീയമായ ശ്രദ്ധയില്ലായ്‌മയെ ചൂഷണം ചെയ്‌തുകൊണ്ട് നമ്മെ വീണ്ടും വീണ്ടും മുന്നോട്ട് തള്ളി നീക്കുകയായിരുന്നു..നമുക്കിതെങ്ങനെ ഒന്നു അവസാനിപ്പിക്കാൻ കഴിയും?

അമേരിക്കൻ ജനതയെക്കുറിച്ചോർക്കൂ..നമ്മൾ യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ച് മാർച്ച് ചെയ്യുകയാണെന്ന് സങ്ക‌ൽപ്പിക്കൂ.. നമുക്ക് നമ്മുടെ നമ്മുടെ റിപ്പബ്ലിക്കിനെ, അതിലൂടെ നമ്മളെത്തന്നെയും രക്ഷപെടുത്താനാവില്ലേ.. ഈ വലിയ ബെയിൽ ഔട്ട് നമ്മെ ഇപ്പോൾ കാതങ്ങൾ ദൂരേക്ക് അടിച്ച് പറത്തിയിരിക്കുകയാണ്.

****
റാൻ ക്ലിഫോർഡ് എഴുതിയ Corporate Media: The Missing Headlines - FEMA Camps എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ


Rand Clifford is a writer living in Spokane, Washington, with his wife Mary Ann, and their Chesapeake Bay retriever, Mink. Rand’s novels CASTLING, TIMING, VOICES OF VIRES, and PRIEST LAKE CATHEDRAL are published by Star Chief Press: http://www.starchiefpress.com

വായിക്കാന്‍ മറക്കരുത്

Is Posse Comitatus Dead?

Amy Goodman, Army Colonel Michael Boatner (future operations division chief of USNORTHCOM), Matthew Rothschild (Journalist and Editor of The Progressive Magazine)എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ച

മാധ്യമങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍

മാധ്യമവിചാരം എന്നുവച്ചാല്‍ മാധ്യമങ്ങളില്‍ പലതിനെയുംപറ്റി വരുന്ന വിചാരം എന്നല്ലാതെ, മാധ്യമങ്ങളെപ്പറ്റിയുള്ള വിചാരം എന്ന അര്‍ഥവും ആകാമല്ലോ. ഇത് തെളിയിച്ചത് എട്ടുകൊല്ലം മുമ്പ് ഡോ. സെബാസ്റ്റ്യന്‍പോള്‍ കൈരളി ടിവിയില്‍ ആരംഭിച്ച പത്ര പരിശോധനയാണ്. ശ്രോതാക്കളുടെ സന്തോഷ വിദ്വേഷാദരങ്ങള്‍ നേടിയ ആ പരിപാടിക്ക് ശാശ്വതരൂപം നല്‍കുന്ന 'മാധ്യമവിചാരം' എന്ന പുസ്തകം വായനക്കാര്‍ നന്നായി അറിയട്ടെ എന്ന് കരുതിയാണ് ഈ പംക്തിയില്‍ പുസ്തകവിചാരം നടത്തുന്നത്.

ഇങ്ങനെ ഒരു നിരൂപണം എഴുതണമെന്ന ഉദ്ദേശ്യത്തോടെയല്ല ഞാനീ പുസ്തകം കൈയിലെടുത്തത്. ഒന്ന് മറിച്ചുനോക്കിയപ്പോള്‍ മുഴുവന്‍ വായിക്കണമെന്നും മുഴുവന്‍ വായിച്ചപ്പോള്‍ ഒന്നുകൂടി വായിക്കണമെന്നും അങ്ങനെ വായിച്ചപ്പോള്‍ ചില ഭാഗങ്ങള്‍ അടയാളപ്പെടുത്തണമെന്നും കുറിപ്പുകള്‍ എടുക്കണമെന്നും കുറിച്ചെടുത്തപ്പോള്‍ നിരൂപണമെഴുതണമെന്നും എന്നെ അനുക്രമം മുന്നോട്ട് തള്ളിത്തള്ളി ക്കൊണ്ടുപോയ ഒരു ഗ്രന്ഥമാണിത്. അടയാളപ്പെടുത്തുന്നതിലേ അബദ്ധം പിണഞ്ഞുള്ളൂ. ഓര്‍മിക്കേണ്ട ഭാഗങ്ങള്‍ അടയാളപ്പെടുത്തിവന്നപ്പോള്‍ ഏതാണ്ട് മിക്ക പുറങ്ങളിലും പേന വ്യാപരിപ്പിക്കേണ്ടിവന്നു; ഓര്‍ക്കണമെന്നില്ലാത്ത ഭാഗങ്ങള്‍ അടയാളപ്പെടുത്തിയാല്‍ മതിയായിരുന്നു.

പത്രപ്രവര്‍ത്തനത്തെപ്പറ്റി ഏറെക്കുറെ സമഗ്രമായ അറിവ് ഈ പുസ്തകം നല്‍കുന്നു. ഇക്കാലത്ത് രാഷ്ട്രീയ-സാമൂഹിക-പത്രപ്രവര്‍ത്തകരുടെ സാമാന്യമായ സാക്ഷരതയ്ക്ക് അടിത്തറയിടുന്നതും തങ്ങള്‍ക്ക് അറിയാമെന്നു തോന്നുന്നതും യഥാര്‍ഥത്തില്‍ അറിഞ്ഞുകൂടാത്തതുമായ ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ഈ പ്രതിവാര വിചാരത്തിനിടയില്‍ ഗ്രന്ഥകാരന്‍ (അല്ല പ്രഭാഷകനോ?) എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.

മഞ്ഞപ്പത്രം എന്താണെന്ന് അറിയാമെന്ന ധാരണയില്‍ ആ വാക്ക് പ്രയോഗിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നവരാണ് പലരും. ഒരു വിഷയത്തില്‍ അങ്ങേയറ്റത്തെ പാണ്ഡിത്യം പ്രകടിപ്പിക്കുന്ന എഴുത്തിനെ സര്‍വ വിജ്ഞാനസ്പര്‍ശി (എന്‍സൈക്ളോപീഡിയ) എന്നാണല്ലോ പറയാറ്. എന്നാല്‍, എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയില്‍നിന്ന് മഞ്ഞപ്പത്രത്തെപ്പറ്റി ലഭ്യമാകുന്നതിലേറെ അറിവ് നിങ്ങള്‍ക്ക് 'മാധ്യമവിചാര'ത്തില്‍നിന്ന് ലഭിക്കും. ഈ വിജ്ഞാനമെല്ലാം ഗ്രന്ഥകാരന്‍ വിളമ്പിവച്ചത് വെറുതെയല്ലെന്നോര്‍ക്കണം- 'മാതൃഭൂമി' മഞ്ഞപ്പത്രമാണെന്ന ഒരാക്ഷേപം ചര്‍ച്ചാവിഷയമായപ്പോഴാണ് ഇതൊക്കെ അദ്ദേഹം സരസമായി അവതരിപ്പിച്ചത്. ആ വിജ്ഞാനം വായനക്കാരനെ പീഡിപ്പിക്കുന്നില്ല, രസിപ്പിക്കുന്നേയുള്ളൂ.

'ഹിന്ദുസ്ഥാന്‍ ടൈംസി' നെപ്പറ്റിയും പത്രാധിപര്‍ ദേവദാസ് ഗാന്ധിയെയും പറ്റി സെബാസ്റ്റ്യന്‍പോളിന് പറയേണ്ടിവന്നത്, ഇന്ദിരാഗാന്ധി ആ പത്രത്തില്‍ ഖുഷ്വന്ത്സിങ്ങിനെ കയറ്റിവച്ചതിനെപ്പറ്റി വിമര്‍ശിക്കുന്നേടത്താണ്. ആ പത്രത്തെപ്പറ്റി പറഞ്ഞ ചുരുക്കം വാക്കുകളില്‍നിന്ന് അതിനെക്കുറിച്ച് ഏറെക്കുറെ സമഗ്രവും ആധികാരികവുമായ വിവരങ്ങള്‍ ആര്‍ജിക്കാം. ഈ പത്രം പഞ്ചാബി പത്രമായിട്ടാണ് തുടങ്ങിയത് എന്ന് എനിക്കറിയാമായിരുന്നില്ല. അതുപോലെ 'ഹിന്ദു'വില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന പി സായ്നാഥിനെപ്പറ്റി അദ്ദേഹത്തിന്റെ മനോഹരങ്ങളായ ലേഖനങ്ങള്‍ വായിക്കുന്നവര്‍ക്ക് കുറെയൊക്കെ അറിയാമെങ്കിലും അദ്ദേഹം മുന്‍ രാഷ്ട്രപതി വി വി ഗിരിയുടെ പൌത്രനാണെന്ന കാര്യം പലര്‍ക്കും അജ്ഞാതമായിരുന്നു.

മര്‍ഡോക്, നൂറാബി (നൂറ് ആബിയല്ല, പത്ര പ്രവര്‍ത്തകനാണ്),പുലിറ്റ്സര്‍, ബിബിസി, കേബിള്‍ ടിവി തുടങ്ങി എത്രയോ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയുംപറ്റി മറ്റ് പലേടത്തുനിന്നും കിട്ടാവുന്നതിലേറെ പ്രാമാണികവും വസ്തുനിഷ്ഠവുമായ വിവരം ഈ പുസ്തകത്തിന്റെ ആഖ്യാന വിമര്‍ശങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് പെറുക്കിയെടുക്കാവുന്നതാണ്. കോപ്പിറൈറ്റ്, എംബെഡഡ് റിപ്പോര്‍ട്ടിങ് (പിണറായി പ്രചരിപ്പിച്ച വാക്ക്), കേബിള്‍ ടിവി, സ്റ്റിങ് ഓപ്പറേഷന്‍, സബ്‌ജുഡിസ്, കോടതിയലക്ഷ്യം, പത്രദിനം തുടങ്ങി പത്രപ്രവര്‍ത്തകരും മറ്റുള്ളവരും ഏറെ ശ്രദ്ധിക്കേണ്ട എത്രയോ സംഗതികളുടെ വിശദമായ വിവരണവും ഈ ഗ്രന്ഥത്തില്‍ നിരവധിയുണ്ട്.

വാക്കുകളുടെ പ്രഥമാക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒരുപാട് പുതിയ കൃത്രിമശബ്ദങ്ങള്‍ (Acronymഎന്ന് ഇംഗ്ളീഷില്‍) ഇപ്പോള്‍ പ്രചാരത്തില്‍ വന്നുകഴിഞ്ഞു - പത്രപ്രവര്‍ത്തനത്തില്‍ വിശേഷിച്ചും. പണ്ടത്തെ ഇത്തരം വാക്കുകള്‍ എല്ലാവര്‍ക്കും അറിയാം - എംഎ, യുഎന്‍ഒ, ഐഎംഎഫ് തുടങ്ങി പലതും. എന്നാല്‍, ഇപ്പോള്‍ പ്രയോഗത്തില്‍ ധാരാളമുണ്ടെങ്കിലും എന്താണിവ എന്നറിയാതെ ഈ വാക്കുകള്‍ ഉപയോഗിക്കേണ്ട ഗതികേടിലാണ് മിക്ക അഭ്യസ്തവിദ്യരും. ഉദാഹരണത്തിന്, മൂന്നാര്‍ വിക്രമം ആരംഭിച്ചപ്പോള്‍ വന്നവനാണ് ജെസിബി. എന്തെന്ന് ആര്‍ക്കും വലിയ പിടിത്തമില്ല. എഫ്എം റേഡിയോ ഒരുപാട് ഇന്ന് വന്നുകഴിഞ്ഞു. എന്താണ് എഫ്, എന്താണ് എം? സിഡി എന്താണ്? ഈ പുസ്തകത്തില്‍ ഈ സംക്ഷിപ്തപദങ്ങളുടെ പൂര്‍ണരൂപം മാത്രമല്ല, പഠിക്കേണ്ട വസ്തുക്കളും വ്യക്തമാക്കപ്പെട്ടുകാണാം. എഫ്എം 'ഫ്രീക്വന്‍സി മോഡുലേഷന്‍' ആണെന്നുമാത്രം ഇവിടെ ചൂണ്ടിക്കാട്ടുന്നു.

പലര്‍ക്കും അറിഞ്ഞുകൂടാത്ത എത്രയെത്ര ജ്ഞാനശകലങ്ങളാണ് ഈ പുസ്തകത്തിന്റെ താളുകളില്‍, ഒരു കുബേരന്റെ ധാരാളിത്തത്തോടെ, വാരിവിതറിയിരിക്കുന്നത്. ജയപ്രകാശ് നാരായണന്‍ പ്രസംഗിക്കുമ്പോള്‍ ദൂരദര്‍ശന്‍ ഒരു തമാശചിത്രം പ്രദര്‍ശിപ്പിച്ചു എന്ന് എത്രപേര്‍ക്കറിയും? പ്രക്ഷേപണമാതൃകയായ ബിബിസി ക്രമക്കേട് കാട്ടിയതിന് പിഴയൊടുക്കേണ്ടിവന്നുവത്രേ. ഇന്ത്യക്കാരുടെ ആദര്‍ശപുരുഷന്‍ ആരാണെന്ന് ഒരു പത്രം നടത്തിയ പഠനത്തില്‍ രാഹുല്‍ഗാന്ധി നേടിയത് പൂജ്യം വോട്ടാണ് എന്ന് നിങ്ങള്‍ അറിയാനിടയില്ല.

ഇനി വേറൊരു വശം കാണിക്കാം. ഈ പുസ്തകത്തിലെ ഉദ്ധരണങ്ങള്‍ വളരെ രസകരവും മറക്കാനാവാത്തതും മിക്ക വായനക്കാര്‍ക്കും പുതുമ കലര്‍ന്നതുമാണ്. വാര്‍ത്തയെന്ത് എന്നതിന് വളരെ വിഖ്യാതങ്ങളായ പല നിര്‍വചനങ്ങളുമുണ്ട്. എന്നാല്‍, ഇതിലെ ഒരു നിര്‍വചനം ഇവിടെ ഉദ്ധരിക്കട്ടെ-'അച്ചടിക്കണമെന്ന് ഏതോ ഒരാള്‍ ആഗ്രഹിക്കാത്ത എന്തോ ആണ് വാര്‍ത്ത' .മറ്റൊന്ന് : 'ആനകളോടൊപ്പം ശയിക്കുന്ന റിപ്പോര്‍ട്ടര്‍ സര്‍ക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല'. യുദ്ധരംഗത്ത് യുദ്ധമില്ലെന്ന് അറിയിച്ച റിപ്പോര്‍ട്ടര്‍ക്ക് പത്രാധിപര്‍ നല്‍കിയ മറുപടി ഇതായിരുന്നു - 'താങ്കള്‍ ചിത്രങ്ങള്‍ നല്‍കിയാല്‍, ഞാന്‍ യുദ്ധം നല്‍കിക്കൊള്ളാം' ഈ ഗ്രന്ഥകാരന്റെ ചിന്താമേന്മ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ വാക്യങ്ങളേക്കാള്‍ സഹായിക്കുക മര്‍മപ്രാധാന്യമുള്ള സന്ദര്‍ഭങ്ങളില്‍ ഉദ്ധരിക്കപ്പെട്ട ഇത്തരം വാക്യങ്ങളായിരിക്കും.

അദ്ദേഹത്തിന്റെ സ്വന്തം വാക്യങ്ങള്‍ക്ക് പോരായ്‌മയുണ്ടെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. നല്ല രചനാവൈഭവമുള്ള ഗ്രന്ഥകാരന്‍ തെരഞ്ഞെടുത്ത് ഉദ്ധരിക്കുന്ന വാക്യങ്ങള്‍ക്ക് ഔചിത്യംകൊണ്ടും വിചാരഗരിമകൊണ്ടും ഗുണം ഏറിയിരിക്കുമല്ലോ. സെബാസ്റ്റ്യന്‍പോളിന്റെ രചന പൊതുവെ അനലംകൃതവും പ്രസക്തവും ലളിതവും ഋജുവും വസ്തുനിഷ്ഠവും യുക്തിഭരിതവും ഇതൊക്കെക്കൊണ്ട് ഹൃദ്യവുമാണ്.

പ്രബന്ധവ്യാപിയായ നേരിയ നര്‍മംകൊണ്ടും ഗ്രന്ഥമാകെ തെളിഞ്ഞുനില്‍ക്കുന്നു. രസിക്കാവുന്ന ചില പ്രയോഗങ്ങള്‍ ഇതാ -'വിവേകാനന്ദ ശകാരത്തിന് വിധേയമായ അന്ധകാരയുഗം', 'ഇല്ലിക്കുന്നിലെ കല്ലച്ചില്‍നിന്ന് ഇന്റര്‍നെറ്റിന്റെ മായികലോകത്തിലേക്കുള്ള വളര്‍ച്ച', 'മലയാളികളുടെ പ്രാര്‍ഥനാനിരതമായ സന്ധ്യകളെ ചാനലുകള്‍ ശബ്ദായമാനമാക്കി', 'ഓണം ഓണപ്പതിപ്പുകളുടെ കാലം' എന്നിവ മനസ്സില്‍ ഏറെക്കാലം രസം കലര്‍ത്തി നില്‍ക്കും.

ഈ ഗ്രന്ഥത്തിന്റെ കാതല്‍ ഇതൊന്നുമല്ല, ഉള്ളടക്കത്തിന്റെ വിശിഷ്ടതയാണ്. 'മാധ്യമവിചാരം' എന്നതിന്റെ വിവക്ഷ 'മലയാളമാധ്യമങ്ങളുടെ ആഴ്ചതോറുമുള്ള പ്രവര്‍ത്തനങ്ങളുടെ വിചാരണ' എന്നാണെങ്കിലും, ഇന്ത്യയിലെയും വിദേശങ്ങളിലെയും മാധ്യമങ്ങളുടെ സുവിശാലമായ ലോകത്തിന്റെ സ്പന്ദനങ്ങള്‍ വളരെയേറെ ഉള്‍ക്കൊണ്ടിട്ടുള്ള ഒരു കൃതിയാണ് ഇത്. ആനുഷംഗികമായി വന്നുകൂടുന്ന പരാമര്‍ശങ്ങളല്ല ഇവ, ബോധപൂര്‍വം ഇവയെ ഊടും പാവുമാക്കി നെയ്തെടുത്തിരിക്കുകയാണ്. പത്രപ്രവര്‍ത്തനത്തിന്റെയും യാന്ത്രിക സംപ്രേഷണത്തിന്റെയും ആഗോളവിസ്‌തൃതിയിലെ വാര്‍ത്താസംഭവങ്ങളുടെ പര്‍വങ്ങളെയും സര്‍ഗങ്ങളെയും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ അപൂര്‍വമായ ഒരു രചനയാണ് ഇത്. സംഭവങ്ങള്‍ പലപ്പോഴും ചെറുകഥകളായി മാറുകയും ഒടുവില്‍ എല്ലാംകൂടെ ഒരു ഇതിഹാസംപോലെ വിചിത്രാഖ്യാനശബളമാക്കപ്പെട്ടതുമാണ് ഈ ഗ്രന്ഥം.

രണ്ട് കാര്യങ്ങൾ മറക്കാന്‍ പത്രപ്രവര്‍ത്തകരെ ഒട്ടും അനുവദിക്കാത്ത ഒരു ആദര്‍ശസ്വഭാവക്കാരനാണ് സെബാസ്റ്റ്യന്‍പോള്‍. പത്രപ്രവര്‍ത്തനത്തിന്റെ ഉന്നം വാര്‍ത്താപ്രേഷണത്തിലൂടെ ചരിത്രഗതി മനസ്സിലാക്കാന്‍ വ്യക്തികളെയും മാനവസംസ്കാരത്തെ നിലനിര്‍ത്തുന്നതിന് സമൂഹത്തെയും സഹായിക്കുക എന്നതാണെന്ന് മറക്കാന്‍ തന്റെ കൂട്ടുകാരെ ഗ്രന്ഥകാരന്‍ സമ്മതിക്കില്ല. അതുപോലെ, പഴയ സംഭവങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ വിസ്‌മരിക്കാനും അനുവദിക്കില്ല. ഈ മാനദണ്ഡങ്ങള്‍കൊണ്ട് അളന്ന് പോരായ്‌മ കണ്ടാല്‍ ന്യൂയോര്‍ക്ക്ടൈംസായാലും ബിബിസിയായാലും ഹിന്ദുവായാലും മാതൃഭൂമിയായാലും മലയാള മനോരമയായാലും സെബാസ്റ്റ്യന്‍പോള്‍ വിമര്‍ശിക്കും, കണക്കിന് (കണക്ക് വിട്ടല്ല!) കളിയാക്കുകയും ചെയ്യും. 'ദേശാഭിമാനി'യെയും വേണ്ടിവന്നാല്‍ വിമര്‍ശിക്കും. ഗ്രന്ഥകാരന് 'പ്രിയങ്കരന്‍' ആയ വെനിസ്വേലയിലെ ഷാവേസ് വിമര്‍ശത്തിന്റെ പേരില്‍ ഒരു ടെലിവിഷന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടിയെ അദ്ദേഹം എതിര്‍ക്കാന്‍ മടിച്ചില്ല. ഇതുസംബന്ധിച്ച് ഗ്രന്ഥകാരന്റെ നിലപാട് ഒട്ടും അയവില്ലാത്തതാണ്. 'സ്വാതന്ത്ര്യം എന്നത് അതില്‍ത്തന്നെ ഒരവസ്ഥയാണ് ' എന്നദ്ദേഹം വിശ്വസിക്കുന്നു.

പുതിയത് സ്വീകരിക്കാന്‍ ആഹ്വാനംചെയ്യുന്ന ഈ കൃതി പഴയ അനുഭവങ്ങള്‍ വിസ്‌മരിക്കാതിരിക്കാന്‍ നിര്‍ബന്ധിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റി പറയുമ്പോള്‍ 'ദാസ് മുന്‍ഷിക്ക് സഹിക്കാന്‍ കഴിയാത്തതെല്ലാം ദാസ് മുന്‍ഷി നിരോധിക്കും' എന്നദ്ദേഹം ഓര്‍ത്തുപറയുന്നു. പാകിസ്ഥാനില്‍ മാധ്യമനിരോധനത്തിന് നിര്‍മിച്ച 'മീഡിയ റഗുലേറ്ററി ആൿട് ' പട്ടാള സര്‍ക്കാര്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായ സംഭവം അദ്ദേഹം ഓര്‍മിപ്പിക്കും. ഇന്ത്യയില്‍ പത്രങ്ങളില്‍ വിദേശനിക്ഷേപവും സ്വാധീനതയും ആകാം എന്ന പുതുനയം, വിദേശികള്‍ക്ക് ഇവിടെ പത്രം നടത്താനോ അതിനായി മൂലധനമിറക്കാനോ പാടില്ലെന്ന് നെഹ്റു 1955ല്‍ രൂപം നല്‍കിയ പത്രനയത്തിന് എതിരാണെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.

നാം കാട്ടിയ അല്‍പ്പത്തരങ്ങളെ മറക്കാനോ മറയ്‌ക്കാനോ അദ്ദേഹം അനുവദിക്കില്ല. ലോൿസഭയില്‍ ഒരക്ഷരം ഉരിയാടാതെ കഴിഞ്ഞുകൂടിയ രാഹുല്‍ഗാന്ധിയെ മികച്ച പാര്‍ലമെന്റേറിയനായി 'ഇന്ത്യ ടുഡേ' തെരഞ്ഞെടുത്തത് അത്തരത്തില്‍പ്പെട്ട ഒന്നാണ്. (സഭയില്‍ മാന്യനായി പെരുമാറിയതിനാകാം ബഹുമതി!) അമേരിക്കയിലെ മുന്‍ അംബാസഡര്‍ നടത്തിയ കുപ്രസിദ്ധമായ 'ഹെഡ്‌ലെസ് ചിക്കന്‍' പ്രയോഗത്തിന് ഒരു മലയാളപത്രം 'നിലാവത്തെ കോഴിത്തല' എന്ന തര്‍ജമ നല്‍കിയതുവരെ മാധ്യമവിചാരക്കാരന്റെ ഗൃദ്ധ്രനേത്രങ്ങള്‍ വിട്ടുകളഞ്ഞിട്ടില്ല. പത്രത്തിന്റെ പേര് ഞാന്‍ വിട്ടെങ്കിലും ഗ്രന്ഥകാരന്‍ ഒഴിവാക്കിയിട്ടില്ല.

എന്റെ മനസ്സില്‍ ഇപ്പോഴും മുഴങ്ങിനില്‍ക്കുന്ന രണ്ട് അസാധാരണങ്ങളായ ചോദ്യങ്ങള്‍ ഈ പുസ്തകത്തില്‍ ഉന്നയിച്ചിട്ടുണ്ട് -പത്രപ്രവര്‍ത്തകര്‍ എന്നും ഓര്‍ക്കേണ്ടവ!

1-തന്റെ പ്രസംഗങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങളെ ഉദ്ദേശിച്ച് ഒരു സെനറ്റര്‍ ഇങ്ങനെ പറഞ്ഞുവത്രേ: 'പുതിയ സുവിശേഷം രചിച്ച മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ സ്ഥാനത്ത് ഇന്നത്തെ റിപ്പോര്‍ട്ടര്‍മാര്‍ ആയിരുന്നെങ്കില്‍ ക്രിസ്തുമതം എന്താകുമായിരുന്നു?'

2. ഗ്രന്ഥകാരന്‍ സ്വയം ഉന്നയിച്ച ഒരു ചോദ്യവും ശ്രദ്ധേയമാണ്. ദണ്ഡി കടപ്പുറത്തുനിന്ന് ഗാന്ധിജി ഉപ്പ് ഉണ്ടാക്കിയത് ഇന്നായിരുന്നെങ്കില്‍, നമ്മുടെ മാധ്യമങ്ങള്‍ എപ്രകാരം അത് റിപ്പോര്‍ട്ട് ചെയ്യുമായിരുന്നുവെന്ന് ആലോചിക്കുന്നത് കൌതുകകരമായിരിക്കും' സംശയമില്ല!

ഒടുവില്‍ പുസ്തകത്തിന്റെ പേരിനെപ്പറ്റി 'പിലാത്തോസ് എഴുതിയത് എഴുതി' എന്ന പത്രക്കാരുടെ മനോഭാവം തിരുത്താനാണ് പുസ്തകം എഴുതിയതെങ്കില്‍ ഈ തലക്കെട്ട് മതിയാവില്ല. ഗ്രന്ഥകാരന്റെ ആശയമാണ് ശീര്‍ഷകം പ്രതിഫലിപ്പിക്കേണ്ടത് എന്നാണ് ഞാന്‍ ധരിച്ചുവച്ചിട്ടുള്ളത്. അതിന് 'മാധ്യമവിചാരം' എന്ന പേരു പോര.

*****

സുകുമാര്‍ അഴീക്കോട്, കടപ്പാട്: ദേശാഭിമാനി

ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് മാപ്പില്ല

ഏഷ്യാനെറ്റ്, സ്‌റ്റാര്‍ഗ്രൂപ്പിനു വിറ്റെന്ന വാര്‍ത്ത, ഒടുവിലിതാ, ചാനല്‍തന്നെ സ്ഥിരീകരിച്ചു. മൂന്നുമാസമായി കേരളത്തിലെ ഏറ്റവും വലിയ കിംവദന്തിയായിരുന്നു ഏഷ്യാനെറ്റ് വില്‍പ്പന. എന്നിട്ടും, ഇതുവരെ, സത്യം അടിക്കീശയില്‍വയ്ക്കുകയായിരുന്നു ഏഷ്യാനെറ്റ് മുതലാളിമാര്‍. ഒടുവിലിതാ, നേരു പുറത്ത്. ഇനിയുള്ളത് സ്‌റ്റാര്‍ഇന്ത്യയുടെ ഏഷ്യാനെറ്റ്. അവരുടെ പണംപറ്റിയവരുടെ ഏഷ്യാനെറ്റ്.

''ചാനല്‍ വിറ്റോ?'' എന്ന ചോദ്യത്തിന് "വാര്‍ത്ത വിറ്റില്ല'' എന്നാണ് ഏഷ്യാനെറ്റിന്റെ ഉത്തരം. വാര്‍ത്തയൊഴികെയുള്ള ചാനല്‍ പരദേശിക്കു വില്‍ക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നും വാര്‍ത്തയിലൂടെ മാത്രമാണ് ആശയാധിനിവേശം നടക്കുകയെന്നുമാണ് ഇതു കേട്ടാല്‍തോന്നുക. അങ്ങനെ, മുതലാളിമാരുടെ വിവരക്കേടിന്റെ വിളംബരംകൂടിയായി ഏഷ്യാനെറ്റിന്റെ വിശദീകരണം.

സ്‌റ്റാര്‍ഇന്ത്യ ആഗോളമാധ്യമപ്രഭു റൂപ്പേര്‍ട്ട് മര്‍ഡോക്കിന്റെ വകയാണ്. "അതുകൊണ്ടെന്ത്?'' എന്ന് നാട്ടില്‍ പ്രമാണിമാര്‍ ചാനലുകളിരുന്നു ചോദിക്കുന്നതും കേട്ടു!

വാര്‍ത്തയ്ക്ക്, അഞ്ച് അളവുകോലുകള്‍ വിഖ്യാതചിന്തകന്‍ നോം ചോംസ്കി നിര്‍ണയിച്ചിട്ടുണ്ട്. അതൊക്കെ മാധ്യമത്തിനും ബാധകം. "ആരാണ് ഉടമ'' എന്നതുതന്നെ ഒന്നാമത്തേത്. മര്‍ഡോക് മുതലാളിയാവുന്നത്, ഇക്കാലത്ത് ഒരു മാധ്യമത്തിനു വരാവുന്ന കൊടുംദുരന്തം.

മര്‍ഡോക് ലോകത്തെ അഞ്ചു മാധ്യമരക്ഷസ്സുകളില്‍ പ്രമുഖന്‍. ബിഗ് ഫൈവ് എന്ന അഞ്ചു മാധ്യമക്കുത്തകകളാണ് മാധ്യമലോകത്തെ അധിനിവേശശക്തികള്‍; മാധ്യമലോകം വെട്ടിപ്പിടിക്കുന്നവര്‍; ദേശീയപ്രാദേശിക മാധ്യമങ്ങളെ നക്കിക്കൊന്നും ഞെക്കിക്കൊന്നും കൊഴുക്കുന്നവര്‍. മര്‍ഡോക് അവരില്‍ ഏറ്റവും വഷളന്‍. അമേരിക്ക നാടാക്കിയ ഓസ്ട്രേലിയന്‍ സായിപ്പ്. അമേരിക്കയിലെ പണക്കാരില്‍ മുപ്പത്തിമൂന്നാമന്‍. ആസ്തി 880 കോടി ഡോളര്‍. വലതുപക്ഷക്കാരന്‍. ജനിച്ച ഓസ്ട്രേലിയമുതല്‍ ചെന്നുകൂടിയ അമേരിക്കവരെയുള്ള നാടുകളില്‍ നടത്തിയ രാഷ്ട്രീയകള്ളക്കരുനീക്കങ്ങള്‍ക്ക് കുപ്രസിദ്ധന്‍. മര്‍ഡോക്കിന്റെ മാധ്യമങ്ങളുടെ മുഖമുദ്ര കൊടികെട്ടിയ മൂരാച്ചിത്തരം. ലോകമെമ്പാടുമുള്ള 175 മര്‍ഡോക് പത്രങ്ങളും ഇറാഖ് അധിനിവേശത്തെ നിര്‍ലജ്ജം തുണച്ചത് സമീപകാല ലോകമാധ്യമചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്.

ആ മര്‍ഡോക് മലയാളക്കര തീണ്ടുന്നു. മര്‍ഡോക്കിന്റെ ലക്ഷ്യം മലയാളത്തിലൊരു ചാനലല്ല. എങ്കിലെന്തിന് 500 കോടിയെങ്കിലും വിലവരുന്ന ഏഷ്യാനെറ്റ്? അതിന്റെ പകുതിക്ക് ഒരു മര്‍ഡോക് ചാനല്‍ തുടങ്ങരുതോ? ഏഷ്യാനെറ്റിന്റെ ബ്രാന്‍ഡ് മൂല്യത്തിലാണ് സായിപ്പിന്റെ കണ്ണ്.

മര്‍ഡോക്കിന്റെ ലക്ഷ്യം ഒരു പുതിയ ഭാഷാകമ്പോളവുമല്ല. എങ്കില്‍ എന്തിനു കേരളം? എന്തിന് മൂന്നരക്കോടിപ്പേര്‍ മാത്രം പറയുന്ന മലയാളം? കേരളത്തിലുള്ള, അമേരിക്കയുടെ ഉറക്കം കെടുത്തുന്ന, എന്തോ ഒന്നിലാണ് സായിപ്പിന്റെ കണ്ണ്.
ഈ വില്‍പ്പനക്കഥയിലെ വില്ലന്‍ പക്ഷേ, മര്‍ഡോക്കല്ല; ഏഷ്യനെറ്റിലെ വലിയ മുതലാളിയാണ്- ചാനല്‍ വിറ്റയാള്‍. മലയാളത്തില്‍ ഏറ്റവും ലാഭത്തില്‍ നടക്കുന്ന ഏഷ്യാനെറ്റ് വിറ്റത് പണക്കൊതികൊണ്ടുമാത്രം. ഒരു വണ്ടി ഡോളറിനും മര്‍ഡോക് ചരിതത്തില്‍ പേരിനും വേണ്ടി ഏഷ്യാനെറ്റ് വിറ്റ മുതലാളി അപമാനിച്ചത് ഈ നാടിനെയാണ്. ഒന്നരപ്പതിറ്റാണ്ട് ഏഷ്യാനെറ്റ് കണ്ട, ഏഷ്യാനെറ്റിനു വേണ്ടി കേബിള്‍ ശീലമാക്കിയ, അതിനു കാശുമുടക്കിയ, ഏഷ്യാനെറ്റിനെ തീറ്റിപ്പോറ്റിയ സാധാരണക്കാരായ മലയാളികളെയാണ്. ഏഷ്യാനെറ്റിന്റെ കാണപ്പെടാത്ത മുതലാളിമാരായ കേരളീയരെയാണ്. ഒന്നരപ്പതിറ്റാണ്ട് കേരളം ഏഷ്യാനെറ്റിനു തിരുമുല്‍ക്കാഴ്ചവച്ച വിയര്‍പ്പുചൂരുള്ള ജീവനക്കാശിനേക്കാള്‍ മര്‍ഡോക് സായിപ്പ് അളന്നു ചൊരിഞ്ഞ ചോരയും കണ്ണീരും പുരണ്ട ഡോളറുകളെ വിലമതിച്ചവര്‍ക്ക് ഈ നാട്ടില്‍ പിറക്കുന്ന ചൊറിയന്‍പുഴുവും ചൊറിത്തുമ്പയുംവരെ മാപ്പുകൊടുക്കില്ല.

രണ്ടാമത്തെ തെറ്റുകാര്‍ ഏഷ്യാനെറ്റിലെ കൂട്ടുമുതലാളിമാരാണ്. വലിയമുതലാളി ചാനല്‍ സായിപ്പിനു വില്‍ക്കുമ്പോള്‍ അവര്‍ക്ക് ചെയ്യാന്‍ ചിലതുണ്ടായിരുന്നു. അവര്‍ മലയാളിമനസ്സുകളിലേക്ക് ഇറങ്ങണമായിരുന്നു. അതു ചെയ്യാനുള്ള സാമൂഹ്യബോധവും ചരിത്രജ്ഞാനവും നീതിബോധവും അവര്‍ക്കുണ്ടാകണമായിരുന്നു. കാരണം, ഇത് വക്കം മൌലവിയുടെ നാടാണ്. അതു ചെയ്യാത്ത ഏഷ്യാനെറ്റിലെ ചെറിയമുതലാളിമാര്‍ പിതൃഹത്യചെയ്യാന്‍ മാറ്റാനു കൂട്ടുനിന്ന മക്കളാണ്. മൂന്നാമത്തെ കുറ്റവാളിക്കൂട്ടം കേരള പത്രപ്രവര്‍ത്തക യൂണിയനാണ്. ഈ പ്രശ്നത്തിലെ യൂണിയന്റെ മൌനം ദീനവും ദയനീയവുമായിരുന്നു. ഒരു തൊഴിലാളിസംഘടനയ്ക്കു വരാവുന്ന ഏറ്റവും ദാരുണമായ അധഃപതനവും പേറിനില്‍ക്കുന്ന യൂണിയന്‍നേതാക്കളെ ഭാവിചരിത്രം കുറ്റക്കാരെന്നു വിധിക്കും. അവര്‍ എറിഞ്ഞുകളഞ്ഞ രാഷ്ട്രീയം അവരെ വേട്ടയാടുന്ന കാലം വരും. സ്വന്തം തട്ടകത്ത് സാമ്രാജ്യത്വം കാല്‍വയ്ക്കുമ്പോള്‍ എന്തുചെയ്യുകയായിരുന്നുവെന്ന് നാളെകള്‍ അവരോടു ചോദിക്കും. മിര്‍ജാഫറിന്റെ പേരെഴുതിയ താളില്‍ എന്റെയും നിങ്ങളുടെയും പേരക്കിടാങ്ങള്‍ അവരുടെ ചത്ത പേരുകള്‍ കുറിച്ചുപഠിക്കും.

ആരാണ് ഈ സമൂഹത്തിലെ ഉപ്പെന്നും ഏഷ്യാനെറ്റിന്റെ ദുരന്തം തെളിയിച്ചു. മാര്‍ക്സിനേക്കാള്‍ വലിയ 'ചുവപ്പ'ന്മാരും ഗാന്ധിയേക്കാള്‍ വലിയ 'സ്വരാജ്യ'ക്കാരുമുള്ള മണ്ണാണിത്. എന്നിട്ടും ഏഷ്യാനെറ്റിനെ സായിപ്പിനു കൊടുക്കുന്നതിനെതിരെ മിണ്ടാന്‍ കേരളത്തിലെ അതുങ്ങള്‍ക്കു പേടിയായിരുന്നു. മലയാളത്തിലെ കപടരക്ഷകര്‍ക്കും പാട്ടദൈവങ്ങള്‍ക്കും സായിപ്പുകൂടിയാലും ഏഷ്യാനെറ്റ് വേണമായിരുന്നു. ഒരു ഭാഷാപദത്തിലെ സംസ്കാരത്തുറയില്‍ സാമ്രാജ്യത്വം പടക്കപ്പലിറക്കുമ്പോള്‍ 'അരുത് ' എന്നു പറയാന്‍ ആരൊക്കെയുണ്ടായിരുന്നുവെന്ന് നാളെയൊരിക്കല്‍ കേരളം കണക്കെടുക്കും.

ഏഷ്യാനെറ്റ് ഒന്നാമതായി ജനങ്ങളുടേത്. ആദിയില്‍, കാശുകൊടുക്കാതെ സര്‍ക്കാരിന്റെ വിളക്കുകാലുകളില്‍ വലിച്ചുകെട്ടിയ കമ്പിയിലൂടെ കാണിച്ചുവളര്‍ന്നത്. അങ്ങനെ, നാടിന്റെ സൌജന്യം പറ്റിയത്. ആ കൂറ് നാടിനോടു കാണിക്കേണ്ടത്.

ഏഷ്യാനെറ്റ് രണ്ടാമതായി തൊഴിലാളികളുടേത്. ഏഷ്യാനെറ്റിന്റെ കെടുകാലത്ത് മൂന്നാംതരം പത്രത്തിലെ ശമ്പളംപറ്റി ഒന്നാംകിട പത്രത്തിലേതിനേക്കാള്‍ മൂന്നിരട്ടി പണിയെടുത്ത തൊഴിലാളികളുടേത്. കാശുകിട്ടിയാല്‍ ചാനല്‍ വില്‍ക്കാമെന്നു പറയുന്ന പണക്കാരന്‍ മുതലാളിയല്ല, പൊന്നുകിട്ടിയാലും വാര്‍ത്ത വില്‍ക്കില്ലെന്നു ശഠിച്ച ദരിദ്രതൊഴിലാളിയാണ് ഏഷ്യാനെറ്റുണ്ടാക്കിയത്. നക്ഷത്രപത്രങ്ങളില്‍നിന്നും മീഡിയാ അക്കാദമികളില്‍നിന്നും ഇറങ്ങിവന്നവരല്ല, ചെറുപത്രങ്ങളില്‍നിന്നുമുതല്‍ വീഡിയോക്കടകളില്‍നിന്നുവരെ വന്നുകൂടിയ, എഴുപതുകളുടെ ചുവന്ന പ്രബുദ്ധതയില്‍ മുതിര്‍ന്ന, ഒരുപിടി സ്വപ്നചാരികളും ആദര്‍ശകാമികളുമാണ് ഏഷ്യാനെറ്റുണ്ടാക്കിയത്.

ഏപ്രിലിലെ മഴയാണ് മേയിലെ പൂക്കള്‍. മുതലാളിയുടെ കോര്‍പറേറ്റ് മാജിക്കിനല്ല മര്‍ഡോക് വിലപറഞ്ഞത്. ഏഷ്യാനെറ്റിലെ ആദ്യകാലതൊഴിലാളികളുടെ നേരിനും നെറിവിനുമാണ്. മര്‍ഡോക്കിട്ട വില ഞങ്ങള്‍, തൊഴിലാളികള്‍, പൊലീസിനെ നേരിട്ട ഗുണ്ടകളെ പേടിച്ച വാര്‍ത്താദിവസങ്ങളുടെ വില. ഞങ്ങള്‍ തുലച്ച ഉത്സവദിനങ്ങളുടെ, ത്യജിച്ച സായാഹ്നങ്ങളുടെ, തകര്‍ത്ത ബന്ധങ്ങളുടെ വില. ഞങ്ങള്‍ തൊഴില്‍ജന്യരോഗികളും ആയുസ്സറുത്തവരുമായതിന്റെ വില. ഏഷ്യാനെറ്റ് വിറ്റവരേ, നിങ്ങള്‍ ഏറ്റുവാങ്ങിയത്, ഒരു വാര്‍ത്തയില്‍പ്പോലും വാര്‍ത്തയുടെ നീതി വിറ്റുതിന്നാത്ത കെ ജയചന്ദ്രന്റെ ആത്മാവിന്റെ വില. വാര്‍ത്തയുടെ വേഗത്തിന് ജീവിതം എറിഞ്ഞുകൊടുത്ത സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ ചോരയുടെ വില.

ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് ആ കാശ് ഉതകാതെ പോകട്ടെ. ഏഷ്യാനെറ്റ് വാങ്ങിയവര്‍ക്ക് ജനതകളുടെ മഹാശിക്ഷ കിട്ടട്ടെ.

ചോറ്റുകലത്തില്‍ തലയിടാന്‍ പട്ടികളെത്തുമ്പോള്‍ എന്തു ചെയ്യണമെന്ന് ഇടശ്ശേരിയുടെ നാടിന്നറിയാം; പട്ടി തീണ്ടിയാല്‍പ്പിന്നെ ആ അന്നം എന്തുചെയ്യണമെന്നും.

ആകയാല്‍, ഇനി നമുക്ക് ഏഷ്യാനെറ്റിന് ശിക്ഷവിധിക്കാം; വേദനയോടെ. പക്ഷേ, വിശ്വാസധീരതയോടെ.

എന്‍ പി ചന്ദ്രശേഖരന്‍, കടപ്പാട് : ദേശാഭിമാനി

ബുദ്ധനും ബസുവും പറഞ്ഞതും പറയാത്തതും

കമ്യൂണിസം മാനവസമുദായത്തിന്റെ മഹാസ്വപ്നമാണെന്നും സാമ്രാജ്യത്വത്തിനും മുതലാളിത്തവ്യവസ്ഥയ്ക്കും എതിരായ ഏക ബദല്‍ സോഷ്യലിസമാണെന്നും പറഞ്ഞുവന്നവര്‍ തന്നെ ഇപ്പോള്‍ വഴിമാറി നടക്കുന്നു. സോഷ്യലിസ്റ്റ് ബദല്‍ മാതൃകകള്‍ പ്രത്യക്ഷത്തില്‍ മനോഹരമാണെന്നു തോന്നുമെങ്കിലും അവ പ്രായോഗികമല്ലെന്ന തിരിച്ചറിവിലെത്തിയ ഇന്ത്യയിലെ രണ്ടു പ്രമുഖ മാര്‍ക്സിസ്റ്റ് നേതാക്കളാണു ജ്യോതി ബസുവും ബുദ്ധദേവ് ഭട്ടാചാര്യയും. ബംഗാളിനെ വലത്തോട്ടു നയിച്ചതു ജ്യോതി ബസു മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ബുദ്ധദേവ് ഭട്ടാചാര്യയാകട്ടെ സ്വകാര്യ മൂലധനത്തിന്റെ ശക്തനായ കാവല്‍ക്കാരനായി നിലകൊള്ളുകയും ചെയ്തു.

മനോരമ

പശ്ചിമ ബംഗാളിനെ വ്യവസായവത്കരിക്കാന്‍ മുതലാളിത്തപാത സ്വീകരിക്കണമെന്ന മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിലപാടിന് മുതിര്‍ന്ന സി.പി.എം നേതാവ് ജ്യോതിബസു പിന്തുണ നല്കി. ഇന്നത്തെ കാലത്ത് സോഷ്യലിസം അത്ര പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി ഘടകകക്ഷികള്‍ ബുദ്ധദേവിന്റെ ശൈലിയെ എതിര്‍ക്കുന്നതില്‍ ബസു അത്ഭുതം പ്രകടിപ്പിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''രാജ്യത്തും വിദേശത്തും നിന്നുള്ള മൂലധനം നമുക്ക് ആവശ്യമുണ്ട്. എന്തൊക്കെയായാലും മുതലാളിത്ത വ്യവസ്ഥിതിയിലാണ് നമ്മള്‍ ജീവിക്കുന്നത്. സോഷ്യലിസം ഇക്കാലത്ത് സാധ്യമല്ല. സോഷ്യലിസം വിദൂരത്താണ്''_ ബസു പറഞ്ഞു.

''വര്‍ഗരഹിത സമൂഹം പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, അത് വളരെ മുമ്പാണ്. സോഷ്യലിസം തന്നെയാണ് നമ്മുടെ രാഷ്ട്രീയ അജന്‍ഡ. ഇക്കാര്യം പാര്‍ട്ടി രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മുതലാളിത്തം ഭാവികാലത്തേക്കുള്ള പ്രേരകശക്തിയായി തുടരും''_ പൊളിറ്റ്ബ്യൂറോ അംഗമായ ബസു അഭിപ്രായപ്പെട്ടു. രാജ്യത്ത് സി.പി.എം മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് അധികാരത്തിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍സോഷ്യലിസം നടപ്പാക്കുമെന്ന് പറയാനാകുമോ എന്നാല്‍, വ്യവസായത്തിനായി സ്വകാര്യമൂലധനം ക്ഷണിക്കുമ്പോള്‍ തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കപ്പെടണം. അദ്ദേഹം പറഞ്ഞു.

മാതൃഭൂമി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്കു പിന്നാലെ മുതിര്‍ന്ന സി.പി.എം നേതാവ് ജ്യോതി ബാസുവും മുതലാളിത്ത വ്യവസ്ഥിതിക്കു പിന്തുണയുമായി രംഗത്ത്. സോഷ്യലിസം നിലവില്‍ അസംഭവ്യമാണെന്നാണു ബാസുവിന്റെ അഭിപ്രായം.

'സോഷ്യലിസം ഞങ്ങളുടെ രാഷ്ട്രീയ അജന്‍ഡയാണ്. അതു പാര്‍ട്ടി രേഖയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, ഭാവിക്ക് ആവശ്യം കാപ്പിറ്റലിസമാണ്'-ബാസു പറഞ്ഞു.

'നമുക്ക് ആവശ്യം ആഭ്യന്തരവും വിദേശവുമായ മൂലധനമാണ്. മുതലാളിത്ത വ്യവസ്ഥിതിക്കു കീഴിലാണു നാം പ്രവര്‍ത്തിക്കുന്നതെന്നതാണു വസ്തുത. സോഷ്യലിസം ഇപ്പോള്‍ പ്രായോഗികമല്ല'-ബാസു അഭിപ്രായപ്പെട്ടു. വേര്‍തിരിവുകളില്ലാത്ത സമൂഹസൃഷ്ടിയെക്കുറിച്ചാണു തങ്ങള്‍ പറയുന്നതെങ്കിലും അതു സാധ്യമാക്കാന്‍ ഏറെ സമയം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീപിക

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ജ്യോതിബസുവും നടത്തിയ ചില പ്രസ്താവനകള്‍ ചൂടുപിടിച്ച വിവാദങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മുകളിലെ വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്നതിന്റെ ചെറിയൊരു അംശം മാത്രം. ബ്ലോഗിലും ഇതിന്റെ പുറത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, ഇനിയും നടന്നേക്കും. ഇക്കാര്യത്തില്‍ സി.പി.ഐ.എം ന് എന്താണ് പറയാനുള്ളത് ? അവരുടെ ഭാഗത്തുനിന്നുള്ള വ്യാഖ്യാനങ്ങള്‍ക്കും പ്രസക്തിയുണ്ടെന്ന് തോന്നുന്നു.

അതിനാല്‍ ശ്രീ. പി.രാജീവ് എഴുതിയ ബംഗാളും മുതലാളിത്തവും എന്ന ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

മുതലാളിത്തത്തെയും മൂലധനത്തെയും സംബന്ധിച്ച ജ്യോതിബസുവിന്റെയും ബുദ്ധദേവിന്റെയും അഭിപ്രായങ്ങള്‍ മലയാളമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. കഴിഞ്ഞദിവസത്തെ പ്രധാനപത്രങ്ങളുടെ ലീഡ് വാര്‍ത്തയാണ് ഇത്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിരീക്ഷകന്‍ മാതൃഭൂമിയില്‍ അവലോകനവും നടത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബംഗാളില്‍ സോഷ്യലിസം കെട്ടിപ്പടുക്കാന്‍ സിപിഐ എം നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയായിരുന്നെന്നും അത് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നുവെന്ന ധ്വനിയാണ് വാര്‍ത്തകളിലുള്ളത്.

'മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്കകത്താണ് നാം ഇന്നു പ്രവര്‍ത്തിക്കുന്നതെന്നും കമ്യൂണിസത്തിന്റെ അടിസ്ഥാനശിലമായ വര്‍ഗസമരസിദ്ധാന്തത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ട് ബസു പറഞ്ഞു' എന്നും മനോരമ എഴുതിയിട്ടുണ്ട്. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്കകത്താണ് ഇന്ന് ബംഗാളും കേരളവും ഉള്‍പ്പെടുന്ന ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന യാഥാര്‍ഥ്യം വെളിപാടുപോലെ ബസുവിന് ഇപ്പോഴുണ്ടായി എന്നതാണല്ലോ ഇതിന്റെ അര്‍ഥം. എത്രമാത്രം അബദ്ധമായ ധാരണകളാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്ളത്. ഇന്ത്യയില്‍ മുതലാളിത്തമാണെന്നതുകൊണ്ട് വര്‍ഗസമരസിദ്ധാന്തം തള്ളിക്കളയപ്പെടുന്നത് എങ്ങനെ?

മുതലാളിത്തത്തിന് അതിന്റേതായ ഇടമുണ്ടെന്ന് ജ്യോതിബസു പറഞ്ഞതായാണ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുതലാളിത്തത്തിന്റെ പ്രസക്തിയെ കേവലമായി നിഷേധിക്കുകയല്ല മാര്‍ക്സിസവും ചെയ്യുന്നത്. മുതലാളിത്തപൂര്‍വ സാമൂഹ്യവ്യവസ്ഥകളുമായി താരതമ്യംചെയ്യുമ്പോള്‍ പുരോഗമനപരമാണ് മുതലാളിത്തമെന്നും മാര്‍ക്സ് തന്നെ വിശദമാക്കിയിട്ടുണ്ട്. എന്നാല്‍, സോഷ്യലിസവുമായി താരതമ്യംചെയ്യുമ്പോള്‍ അതു പിന്തിരിപ്പനാണ്.

'ഇന്ത്യ ഒരു ഫെഡറല്‍ രാജ്യമാണ്. അതിനകത്തെ സംസ്ഥാനങ്ങള്‍ മാത്രമാണ് ബംഗാളും കേരളവും ത്രിപുരയും. ഇവിടെ മാത്രമായി എങ്ങനെയാണ് സോഷ്യലിസം നടപ്പാക്കുക' എന്നു ജ്യോതിബസു പറഞ്ഞതില്‍ എന്താണ് പിശകുള്ളത്. എന്നാല്‍, തെറ്റായ വ്യാഖ്യാനങ്ങള്‍ ചമച്ച് മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ വിശദീകരണം അത്യാവശ്യമാണ്.

മുതലാളിത്ത വികസനപാത നടപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഭരണവര്‍ഗമാണ് ഇന്ത്യന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നതെന്ന യാഥാര്‍ഥ്യബോധം നിറഞ്ഞ നിലപാട് പാര്‍ടി പരിപാടിയില്‍ സിപിഐ എം വിശദമാക്കുന്നുണ്ട്. ഏതെങ്കിലും സംസ്ഥാനത്തിനകത്ത് രാഷ്ട്രീയാധികാരം ലഭിച്ചുകഴിഞ്ഞാല്‍ അതോടെ അവിടെ സോഷ്യലിസ്റ്റ് നിര്‍മാണം ആരംഭിക്കാമെന്ന അബദ്ധധാരണ ഒരുകാലത്തും സിപിഐ എമ്മിന് ഇല്ല. ബംഗാളിലും കേരളത്തിലും ത്രിപുരയിലും അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ ദൌത്യവും സോഷ്യലിസം കെട്ടിപ്പടുക്കലല്ല. ഇതു നിരീക്ഷകന്‍ സാര്‍വദേശീയ സാഹചര്യങ്ങളെ വിലയിരുത്തി എത്തിയ സോഷ്യലിസ്റ്റ് തിരിച്ചടിയില്‍നിന്നുണ്ടായ പരിഷ്കരണവുമല്ല. 1957ല്‍ രാജ്യത്ത് ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റു സര്‍ക്കാരിനെ നയിക്കുമ്പോള്‍തന്നെ പാര്‍ടി വ്യക്തമാക്കിയിട്ടുള്ളതാണ്.

"ഞാന്‍ രൂപീകരിക്കാന്‍ പോകുന്ന സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള അടിയന്തര പരിപാടി നടപ്പില്‍ വരുത്തുന്ന ഗവണ്‍മെന്റായിരിക്കും. അല്ലാതെ ഒരു കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്ന ഗവണ്‍മെന്റായിരിക്കുകയില്ല. ഞാന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കുന്നതിനാണ്. എന്നാല്‍, ഈ ഗവണ്‍മെന്റ് അത്തരത്തിലുള്ള ഒരു സമുദായം സ്ഥാപിക്കാന്‍ ശ്രമിക്കുകയില്ല.''

1957 ഏപ്രില്‍ നാലിന് അധികാരത്തിലേറുംമുമ്പാണ് ഇ എം എസ് ഇത് വ്യക്തമാക്കിയത്. നയപ്രഖ്യാപനത്തിലും ഈ സമീപനം തെളിഞ്ഞുകാണാം. നെഹ്റുവിന്റെ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷ പരിപാടി നടപ്പില്‍ വരുത്താനാണ് പാര്‍ടി ശ്രമിക്കുകയെന്നും ഇ എം എസ് വ്യക്തമാക്കിയിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ടി നയിക്കുന്ന സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണകൂടഘടനയ്ക്കകത്താണ് പ്രവര്‍ത്തിക്കുന്നത്. മുതലാളിത്തം നടപ്പാക്കുന്ന കാര്യത്തില്‍നിന്ന് ഈ സര്‍ക്കാരുകള്‍ക്ക് മാത്രമായി മാറിനില്‍ക്കാന്‍ കഴിയില്ല. ഇതുതന്നെയാണ് തന്റെ സര്‍ക്കാര്‍ മുതലാളിത്തമാണ് നടപ്പാക്കുന്നതെന്ന് സമീപകാലത്തെ ബുദ്ധദേവിന്റെ പ്രസ്താവനയിലും പ്രതിഫലിക്കുന്നത്. ഇ എം എസോ ജ്യോതിബസുവോ എന്നല്ല, കാറല്‍ മാര്‍ക്സ് സംസ്ഥാന സര്‍ക്കാരിനെ നയിച്ചാലും ഇതുതന്നെയാണ് സംഭവിക്കുക. എന്നാല്‍, ഈ പരിമിതിക്കകത്തുനിന്ന് സാധ്യമായ ബദല്‍നയങ്ങള്‍ ആവിഷ്കരിക്കാനും നടപ്പാക്കാനുമാണ് പാര്‍ടി ശ്രമിക്കുന്നത്. അതിന് ആവശ്യമായ സ്വാധീനം ഉള്ളിടങ്ങളില്‍ മാത്രമേ സിപിഐ എം അധികാരത്തില്‍ പങ്കാളിയാകൂ എന്ന് നിഷ്കര്‍ഷിക്കുന്നതും ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്.

1957ലെ സര്‍ക്കാര്‍ ഭൂപരിഷ്കരണത്തിനു തുടക്കമിട്ടു. വിപ്ലവകരമായ പ്രവര്‍ത്തനമായാണ് രാജ്യം ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍, സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ കടമയുടെ നിര്‍വഹണമായിരുന്നു അതെന്ന അബദ്ധധാരണയൊന്നും കമ്യൂണിസ്റ്റുകാര്‍ക്ക് ഇല്ല. ലോകത്ത് മുതലാളിത്തമാണ് ഭൂമി പിടിച്ചെടുക്കലും വിതരണംചെയ്യലും ആദ്യം നടപ്പാക്കിയത്. സ്വകാര്യസ്വത്ത് ഉടമസ്ഥരാക്കി ഭൂരിപക്ഷത്തെയും മാറ്റാന്‍ ശ്രമിക്കുന്നത് സ്വകാര്യസ്വത്തിനെ ഇല്ലാതാക്കലല്ലല്ലോ. സ്വന്തമായി ഭൂമി ലഭിക്കുന്നവന്റെ വാങ്ങല്‍ശേഷി വര്‍ധിക്കുമെന്നും അത് അഭ്യന്തരകമ്പോളത്തെ വിപുലപ്പെടുത്തുമെന്നും മുതലാളിത്തത്തിന് അറിയാം. കമ്പോളത്തിനുവേണ്ടി ഉല്‍പ്പാദനം നടത്തുന്ന മുതലാളിത്തവ്യവസ്ഥയ്ക്ക് പിടിച്ചുനില്‍ക്കാനും മുന്നോട്ടുപോകാനും ഇത് അത്യാവശ്യമാണ്. എന്നാല്‍, ഇന്ത്യന്‍ ബൂര്‍ഷ്വാസി ജന്മിത്വവുമായി നടത്തിയ സന്ധിചെയ്യല്‍ ഈ കടമയില്‍നിന്ന് പിന്തിരിപ്പിച്ചു. ആ ദൌത്യമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അധികാരം ലഭിച്ച സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ടി നടപ്പാക്കാന്‍ ശ്രമിച്ചത്.

മൂലധനം വ്യവസായ വികസനത്തിന് അനിവാര്യമാണെന്ന ധാരണയും കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം പുതിയതല്ല. 57ലെ ഇ എം എസിന്റെ സര്‍ക്കാര്‍ മാവൂര്‍-ഗ്വാളിയോര്‍ റയോണ്‍സ് ആരംഭിക്കാന്‍ ബിര്‍ലയെയാണ് ആനുകൂല്യങ്ങള്‍ നല്‍കി ക്ഷണിച്ചുകൊണ്ടുവന്നത്. ടാറ്റായ്ക്കും ബിര്‍ലയ്ക്കും ഗോയങ്കയ്ക്കുമെതിരെ അതിശക്തമായി മുദ്രാവാക്യം മുഴക്കുന്ന കാലത്തുതന്നെയായിരുന്നു അത്. എന്നു മാത്രമല്ല സ്വകാര്യ വ്യവസായ സംരംഭകരെ സഹായിക്കാന്‍ അവര്‍ ആരംഭിക്കുന്ന വ്യവസായങ്ങളില്‍ സര്‍ക്കാര്‍ ഓഹരി എടുക്കാനും തയ്യാറാണെന്ന് 1957ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അച്യുതമേനോന്‍ പ്രഖ്യാപിച്ചു. ഇ എം എസിന്റെയും എ കെ ജിയുടെയും കാലത്തെ പാര്‍ടിപ്രവര്‍ത്തകര്‍ക്ക് ആലോചിക്കാന്‍പോലും കഴിയാത്ത കാര്യങ്ങളാണ്' എന്ന് എഴുതിവിടുന്ന നിരീക്ഷകന്‍ ഇത്തരം ചരിത്രം അറിഞ്ഞില്ലെന്നുനടിക്കുന്നു.

നിരീക്ഷകന് ഇക്കാര്യങ്ങളിലുള്ള മാര്‍ക്സിസ്റ്റ് ജ്ഞാനം വ്യക്തമാക്കുന്നതിന് അവലോകനത്തിലെ ഒരു വാചകം ധാരാളമാണ്:

'അന്താരാഷ്ട്ര സമ്മര്‍ദത്തിനുവഴങ്ങി കോണ്‍ഗ്രസ്‌ പാര്‍ടി സോഷ്യലിസ്റ്റുപാത ഉപേക്ഷിക്കുന്നു' അപ്പോള്‍ എന്താണ് സോഷ്യലിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൌലികധാരണ? സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് സോഷ്യലിസമാണെന്നു ധരിച്ചയാളുകളും പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ടിയെ ആ ഗണത്തില്‍ കൂട്ടേണ്ടതില്ല. 'ഓരോരുത്തരും അവനവന്റെ കഴിവിനനുസരിച്ച് അധ്വാനിക്കുകയും ഓരോരുത്തര്‍ക്കും അവരവരുടെ അധ്വാനത്തിന് അനുസരിച്ച് ലഭിക്കുകയും ചെയ്യുന്ന' സാമൂഹ്യക്രമമായ സോഷ്യലിസമാണ് പൊതുമേഖലയിലൂടെയും ബാങ്ക്ദേശസാല്‍ക്കരണത്തിലൂടെയും കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതെന്നും കരുതാന്‍ ശാസ്ത്രീയ വിശകലനരീതി പിന്തുടരുന്ന പ്രസ്ഥാനത്തിനു കഴിയില്ലല്ലോ. വന്‍ മുതല്‍മുടക്ക് ആവശ്യമുള്ള അടിസ്ഥാന വ്യവസായങ്ങളില്‍ മൂലധനമിറക്കാന്‍ ശേഷിയില്ലാതിരുന്ന ഇന്ത്യന്‍ മുതലാളിത്തത്തിന് വളര്‍ച്ചയ്ക്ക് പരിസരമൊരുക്കാനാണ് ആ നടപടികളിലൂടെ ശ്രമിച്ചത്. രണ്ടാം ലോകയുദ്ധശേഷം ആധിപത്യം ലഭിച്ച കെയ്‌നീഷ്യന്‍ സാമ്പത്തിക ചിന്തയുടെ പ്രചോദനം കൂടിയായിരുന്നു അത്. സാമൂഹ്യക്ഷേമമണ്ഡലങ്ങളിലെ സര്‍ക്കാര്‍ ഇടപെടലും ഇതിന്റെ മറ്റൊരു മുഖമാണ്. സോവിയറ്റ് യൂണിയന്‍ നെഹ്റുവിനെ ആകര്‍ഷിച്ചിരുന്നുവെന്നത് വസ്തുതയാണെങ്കിലും വര്‍ഗസമീപനം ഇതുതന്നെയാണ്. ആഗോളവല്‍ക്കരണവും ഭീമാകാരംപൂണ്ട ഇന്ത്യന്‍ കുത്തകകളുടെ താല്‍പ്പര്യവും ഈ നയങ്ങളില്‍നിന്നുപോലും പിന്‍വലിയാന്‍ ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തിനു മടിയില്ലാതായിരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, അത് 'സോഷ്യലിസ്റ്റ് പാതയില്‍നിന്നുള്ള വ്യതിചലനമാണെന്ന അങ്ങേയറ്റം അബദ്ധമായ 'നിരീക്ഷക'ധാരണ സിപിഐ എമ്മിന് ഇല്ല.

സോഷ്യലിസ്റ്റ് നിര്‍മാണമല്ല സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നതെന്ന വെളിപ്പെടുത്തലില്‍ ഹാലിളകുന്ന സ്വയംപ്രഖ്യാപിത മാര്‍ക്സിസ്റ്റ് നിരീക്ഷകര്‍ക്ക് 'ഞെട്ടലുളവാക്കുന്ന' മറ്റൊരു കാര്യം സിപിഐ എം പരിപാടി വായിച്ചാല്‍ ലഭിക്കും. രാജ്യത്ത് സോഷ്യലിസ്റ്റ് വിപ്ലവം അടിയന്തരവിപ്ലവ കടമയായി പാര്‍ടി പരിപാടി കാണുന്നില്ല. ഇന്നത്തെ മൂര്‍ത്തമായ ഇന്ത്യന്‍ സാഹചര്യത്തില്‍ ജനകീയ ജനാധിപത്യ വിപ്ളവമാണ് പാര്‍ടി വിഭാവനംചെയ്യുന്നത്. മുതലാളിത്തം ചെയ്യേണ്ട ജനാധിപത്യകടമകളാണ് അതിലൂടെ പൂര്‍ത്തിയാക്കുന്നത്. ബൂര്‍ഷ്വാസി നയിക്കുന്ന ജനാധിപത്യവിപ്ലവത്തില്‍നിന്ന് മൌലികമായി വ്യത്യസ്തമായിരിക്കും തൊഴിലാളിവര്‍ഗം നയിക്കുന്ന ജനാധിപത്യവിപ്ലവം. ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ പരിപാടിയും പാര്‍ടി വ്യക്തമാക്കിയിട്ടുണ്ട്. അവിടെയും സ്വകാര്യ മൂലധനത്തിന് സ്ഥാനമുണ്ടായിരിക്കും. വിദേശമൂലധനത്തിന് നിരോധനവുമുണ്ടാകില്ല. നിയന്ത്രണം ഉറപ്പായും ഉണ്ടായിരിക്കുകയും ചെയ്യും. സംസ്ഥാനത്ത് അധികാരം ലഭിക്കുമ്പോള്‍തന്നെ സ്വകാര്യമൂലധനം ഇല്ലായ്മ ചെയ്യുമെന്നു കരുതുന്നവര്‍ സിപിഐ എമ്മിന്റെ പരിപാടിയെങ്കിലും വായിക്കേണ്ടേ? കാള പെറ്റെന്നു കേട്ടു കയറെടുക്കുന്നതാണ് ചില ഇടതുപക്ഷപാര്‍ടികളുടെ നിലപാടും.

മാര്‍ക്സിസത്തിന്റെ ഹൃദയം മൂര്‍ത്ത സാഹചര്യങ്ങളുടെ മൂര്‍ത്ത വിശകലനമാണ്. സാഹചര്യങ്ങളുടെ വസ്തുവിഷ്ഠതയാണ് ഏതു വിശകലനത്തിന്റെയും പ്രധാന ഘടകം - എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ദശകങ്ങള്‍ക്കുമുമ്പ് ലെനിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അനുസരിച്ചുതന്നെയാണ് പാര്‍ടി പരിപാടി ആവിഷ്കരിച്ചതും അതതു കാലത്തിന്റെ അടവുകള്‍ കൈക്കൊള്ളുന്നതും. മുതലാളിത്ത ഭരണകൂടഘടനയ്ക്കകത്ത് പ്രവര്‍ത്തിക്കുകയും അതേസമയം അതിനെ തകര്‍ത്തെറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ വൈരുധ്യാത്മകപ്രയോഗം പാര്‍ടിയെക്കുറിച്ച് അല്‍പ്പജ്ഞാനം എങ്കിലുമില്ലാത്തവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല. '57ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി അതാണ് ചെയ്തത്.

പരിമിതികള്‍ക്കകത്തുനിന്ന് സാധ്യമായ ബദല്‍നയങ്ങള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വര്‍ഗസമരത്തെ ശക്തിപ്പെടുത്താനുള്ള ഉപകരണംകൂടിയാണ്. കാലത്തിന്റെ സവിശേഷതകള്‍ക്ക് അനുസരിച്ച് കാലികമായി ഈ സമീപനം പുതുക്കുകയും ചെയ്യുന്നുണ്ട്. എവിടെയെങ്കിലും കുറച്ചുനാള്‍ അധികാരത്തിലിരുന്നാല്‍ കമ്യൂണിസം തന്നെ സ്ഥാപിക്കണമെന്നു ശഠിക്കാന്‍ പലര്‍ക്കും അവകാശമുണ്ട്. അത് ആത്മനിഷ്ഠാ സമീപനമാണ്; ആത്മീയ കമ്യൂണിസമാണ്. ശാസ്ത്രീയ സോഷ്യലിസ്റ്റ് ധാരണയുള്ളവര്‍ക്ക് ഈ പ്രചാരണം അസംബന്ധമാണെന്നു തിരിച്ചറിയാന്‍ കഴിയും. ഇല്ലാത്ത തര്‍ക്കങ്ങള്‍ യാഥാര്‍ഥ്യമെന്ന രീതിയില്‍ അവതരിപ്പിക്കുന്ന മാധ്യമങ്ങളും നിരീക്ഷകരും ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. 57ല്‍ ഇ എംഎസ് പറഞ്ഞതും ഇപ്പോള്‍ ജ്യോതിബസുവും ബുദ്ധദേവും പറഞ്ഞതും സിപിഐ എമ്മിന്റെ നയങ്ങളും തമ്മില്‍ വ്യത്യാസം ഇല്ലെന്നു തിരിച്ചറിയാന്‍ ചിന്തിക്കുന്ന സമൂഹത്തിനു കഴിയും