13 February, 2014

ആം ആദ്മി യും നമ്മുടെ ബുദ്ധിജീവി നിലപാടുകളും

ഇന്ത്യയില്‍ ആം ആദ്മി പാര്‍ടിയുടെ ഉദയവും അതിന്റെ സമീപനങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായ ചര്‍ച്ചാവിഷയമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കടന്നുകൂടിയ ഭീമമായ സാമ്പത്തിക അഴിമതികള്‍ക്കെതിരായ ജനരോഷവും അഴിമതിയെ ഇല്ലായ്മചെയ്യുന്നതിനുവേണ്ടിയുള്ള ജന ലോക്പാല്‍ ബില്ലിനുവേണ്ടി ഗാന്ധിയന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെയും സംഘവും നടത്തിയ പ്രതിരോധ സമരങ്ങളുമാണ് ആം ആദ്മി പാര്‍ടിയെ യാഥാര്‍ത്ഥ്യമാക്കിയത്. കഴിഞ്ഞ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ലഭിച്ച വമ്പിച്ച ജനപിന്തുണ കോണ്‍ഗ്രസ്ബിജെപി സര്‍ക്കാരുകളുടെ നവലിബറല്‍ സമീപനങ്ങള്‍ക്കും പ്രത്യേകിച്ച് അത് സൃഷ്ടിച്ച ഭരണരംഗത്തെ ജീര്‍ണതയ്ക്കുമെതിരായ ജനവികാരത്തെ സൂചിപ്പിച്ചു. ഈ ജനവികാരം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ലഭ്യമായ അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നത്.

ആം ആദ്മിയുടെ വരവ് നമ്മുടെ മദ്ധ്യവര്‍ഗ ബുദ്ധിജീവികളില്‍ അനുകൂലമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ഇടതുപക്ഷക്കാരും ഇടതുപക്ഷ സഹയാത്രികരുമാണ്. മറ്റു ചിലര്‍ ഇടതുപക്ഷത്തിന്റെ കടുത്ത വിമര്‍ശകരുമാണ്. ഈ പ്രതികരണങ്ങളുടെ ഭാഗമായി ചിലര്‍ ആം ആദ്മി പാര്‍ടിയില്‍ ചേര്‍ന്നുകഴിഞ്ഞു. മറ്റു ചിലര്‍ ചേരുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി പ്രസ്താവനകളിറക്കുന്നു. വേറെ ചിലര്‍ ആം ആദ്മിയുടെ വരവിന് സൈദ്ധാന്തിക പരിവേഷം നല്‍കുകയും അതിനെ സാമൂഹ്യ വിപ്ലവ പ്രസ്ഥാനങ്ങളുടെ പുത്തന്‍ നാമ്പായി ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു ലേഖനമാണ് ബി രാജീവന്റെ "ആം ആദ്മിയും ഇടതുപക്ഷവും" (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 2,2014) എന്ന ലേഖനം. ദീര്‍ഘകാലം ഇടതുപക്ഷത്തോടൊപ്പം നിന്നയാളും ശക്തമായ വിമര്‍ശനങ്ങളുന്നയിക്കുമ്പോഴും സഹവര്‍ത്തിത്വം നിലനിര്‍ത്തിയ ചിന്തകനുമെന്ന നിലയില്‍ രാജീവന്റെ ലേഖനം സഗൗരവ പരിഗണനയര്‍ഹിക്കുന്നു. പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രകാശ് കാരാട്ടും ഫ്രണ്ട്ലൈനില്‍ പ്രഭാത് പട്നായിക്കും ആംആദ്മി പാര്‍ടിയെക്കുറിച്ചെഴുതിയ ലേഖനങ്ങളോടുള്ള പ്രതികരണങ്ങളെന്ന നിലയിലാണ് രാജീവന്റെ ലേഖനം. ഇന്നത്തെ യുപിഎ സര്‍ക്കാരിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമെന്ന നിലയിലാണ് ആം ആദ്മി പാര്‍ടിയെ കാരാട്ട് വിലയിരുത്തിയത്. അഴിമതിയോടുള്ള പ്രതിരോധമെന്ന നിലയില്‍ അതിന്റെ നിലപാട് വ്യക്തമാക്കിയെങ്കിലും ഭരണകൂട നയങ്ങളോടുള്ള പൊതുസമീപനം എന്താണെന്ന് ആം ആദ്മി പാര്‍ടി ഇനിയും വ്യക്തമാക്കേണ്ടിയിരിക്കുന്നുവെന്നാണ് കാരാട്ട് ചൂണ്ടിക്കാണിച്ചത്. വ്യക്തമായ രാഷ്ട്രീയ നയത്തിന്റെ പരിശോധന കൂടാതെ ഈ പുതിയ പ്രതിഭാസത്തെക്കുറിച്ച് നിലപാട് സ്വീകരിക്കാനാവില്ല. പ്രഭാത് പട്നായിക് ആം ആദ്മിയുടെ സമീപനങ്ങളില്‍ പതിയിരിക്കുന്ന ഇടതുപക്ഷ വിരുദ്ധ സ്വഭാവത്തെയാണ് ചൂണ്ടിക്കാണിച്ചത്. അഴിമതിക്കെതിരായ നിലപാട് അവര്‍ സ്വീകരിച്ചെങ്കിലും അതേ കാലഘട്ടത്തില്‍ അതേ അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും ജന്‍ലോക്പാല്‍ ബില്ലടക്കമുള്ള വിഷയങ്ങളില്‍ സ്വന്തം സമീപനം വിശദീകരിക്കുകയും ചെയ്ത ഇടതുപക്ഷവുമായി ഒരു സംവാദത്തിന് അവര്‍ തയ്യാറായിരുന്നില്ല. അതേ നയംതന്നെയാണ് അവര്‍ തെരഞ്ഞെടുപ്പിലും പിന്തുടര്‍ന്നത്. ആംആദ്മിയോടും അത് ഉണര്‍ത്തിവിട്ട ജനകീയ പ്രതിരോധത്തോടും ക്രിയാത്മകമായി പ്രതികരിക്കാത്തത് ഇടതുപക്ഷമാണെന്ന നിലപാടാണ് രാജീവന്‍ സ്വീകരിക്കുന്നത്. സൈദ്ധാന്തിക ചട്ടക്കൂടുകളുടെ മറ ഉപയോഗിച്ച് ജനകീയ സമരങ്ങളില്‍നിന്ന് പിന്മാറുന്ന അതേ തന്ത്രമാണ് ഇടതുപക്ഷം വീണ്ടും ആവര്‍ത്തിക്കുന്നതത്രെ! ആം ആദ്മിയുടെ വരവ് ഇതുവരെ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ഇടതുപക്ഷ പാര്‍ടികളടക്കമുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള ബദല്‍ രൂപത്തെയാണത്രെ സൂചിപ്പിക്കുന്നത്. സാമ്രാജ്യത്വത്തിനെതിരെ വളര്‍ന്നുവരുന്ന ജനസഞ്ചയത്തിന്റെ രാഷ്ട്രീയമാകണന്നാണ് രാജീവന്‍ പറയുന്നത്. സൈദ്ധാന്തികതലത്തില്‍നിന്നല്ല ഈ രാഷ്ട്രീയം വളര്‍ന്നുവരുന്നത്. സാമ്രാജ്യത്വവും സാമ്രാജ്യം അതിന്റെ നിലനില്‍പിനായി സൃഷ്ടിക്കുന്ന ഭരണകൂടനയങ്ങളും ചവിട്ടി അരയ്ക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ജനതതി സ്വയം സംഘടിക്കുന്ന വിധമാണത്രെ ഇത്. അത് സാമ്രാജ്യത്വത്തിനെതിരായി ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന ജൈവ രാഷ്ട്രീയത്തിന്റെ രൂപമാണെന്നും രാജീവന്‍ പറയുന്നു. ഇറ്റാലിയന്‍ റാഡിക്കല്‍ ചിന്തകനായ അന്റോണിയോ നെഗ്രിയുടെ വാദങ്ങള്‍ ഇവിടെ രാജീവന്‍ അതേപടി പകര്‍ത്തുന്നത് കാണാം. യഥാര്‍ഥത്തില്‍ ലേഖനത്തിലുടനീളം അന്റോണിയോ നെഗ്രി മലയാളത്തില്‍ എഴുതുകയാണെന്നു തോന്നും. അധികാരബന്ധങ്ങളെയും ജൈവരാഷ്ട്രീയത്തെയും പ്രതിരോധത്തെയും സംബന്ധിച്ച മിഷെല്‍ ഫുക്കോയുടെയും ജോര്‍ജിയോ അഗംബെന്റെയും വാദങ്ങളെ മാര്‍ക്സിസ്റ്റ് സാമ്പത്തിക വീക്ഷണവുമായി സമന്വയിപ്പിക്കുകയാണ് നെഗ്രി ചെയ്യുന്നത്.

നെഗ്രിയും മൈക്കിള്‍ഹാര്‍ട്ടുംകൂടി എഴുതിയ മൂന്നു പുസ്തകങ്ങളിലൂടെ ധസാമ്രാജ്യം (ഋാുശൃല 1999), ജനസഞ്ചയം (ങൗഹശേേൗറല 2003), പൊതു സമ്പത്ത് (ഇീാാീി ംലമഹവേ 2009) പ ജൈവ രാഷ്ട്രീയപരമായ പ്രതിരോധങ്ങള്‍ക്ക് ഒരു പുതിയ തത്വശാസ്ത്രം വളര്‍ത്തിയെടുക്കുന്നുണ്ട്. ആം ആദ്മി പാര്‍ടിയുടെ കാര്യത്തില്‍ ഈ തത്വശാസ്ത്രം ആവര്‍ത്തിക്കുകയാണ് രാജീവന്‍ ചെയ്യുന്നത്. രാജീവന്‍ അവതരിപ്പിക്കുന്ന തത്വശാസ്ത്രം ഏതാണ്ടിങ്ങനെയാണ്: ഫ്രഞ്ച് വിപ്ലവകാലത്തെ മദ്ധ്യവര്‍ഗ ബുദ്ധിജീവികള്‍ വളര്‍ത്തിക്കൊണ്ടുവന്ന ജേക്കബിനിസ്റ്റ് യുക്തിയാണ് മാര്‍ക്സിസമടക്കമുള്ള വിപ്ലവ സിദ്ധാന്തങ്ങള്‍ക്ക് പ്രേരകമായത്. അന്നു വളര്‍ന്നുവന്ന മുതലാളിത്തം ഒരു പുതിയ ചൂഷണ വ്യവസ്ഥയായി മാറുകയാണെന്നും മുതലാളിത്തത്തിന്റെ ചൂഷണത്തിന് വിധേയരായ തൊഴിലാളിവര്‍ഗം വളര്‍ത്തുന്ന സംഘര്‍ഷങ്ങള്‍ മുതലാളിത്തത്തിന്റെ അന്ത്യത്തിലേക്കും ഒരു പുതിയ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നിര്‍മാണത്തിലേക്കും നയിക്കുമെന്നും അവര്‍ വാദിച്ചു. അതായത് മാര്‍ക്സും മറ്റ് മാര്‍ക്സിസ്റ്റുകളും വളര്‍ത്തിക്കൊണ്ടുവന്ന വര്‍ഗസിദ്ധാന്തം ജേക്കബിനിസ്റ്റുകള്‍ കണ്ട എസ്റ്റേറ്റുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നെന്നര്‍ഥം. എന്നാല്‍ സംഭവിച്ചത് വേറൊന്നാണ്. മാര്‍ക്സിസം ഉയര്‍ത്തിവിട്ട വര്‍ഗസമരങ്ങള്‍ പരാജയപ്പെട്ടു. അവര്‍ നിര്‍മിച്ച ഭരണകൂടങ്ങള്‍ തകരുകയോ പിന്നീട് വളര്‍ന്നുവന്ന ആഗോള ചൂഷണ വ്യവസ്ഥയുടെ ഭാഗമാകുകയോ ചെയ്തു. ഇന്ന് മുതലാളിത്തം ഒരു ആഗോള ചൂഷണ വ്യവസ്ഥയായി ഒരു സാമ്രാജ്യമായി മാറിയിരിക്കുകയാണ്. അതിന്റെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമരുന്നത് തൊഴിലാളികളെപ്പോലെ ഒരു വര്‍ഗമല്ല, തൊഴിലാളികളുള്‍പ്പെട്ട ജനസഞ്ചയമാണ്. സാമ്രാജ്യത്വം അതിന്റെ എല്ലാ ആയുധങ്ങളുമുപയോഗിച്ച് ജനങ്ങളുടെ ശരീരങ്ങളെയും മനസ്സുകളെയും ആക്രമിക്കുന്ന അധികാര ഭീകരതയാണ്. ഈ അധികാര ഭീകരതയ്ക്കെതിരായി വേണ്ടത് ജനസഞ്ചയത്തിന്റെ ജൈവ രാഷ്ട്രീയമാണ്. ജനസഞ്ചയം ആരാണ്? സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങള്‍ക്ക് ഇരകളായ എല്ലാവരും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ്. സാമ്രാജ്യത്വാധിപത്യത്തില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത് വിഭവങ്ങളും ഉല്‍പാദനോപാധികളും മാത്രമല്ല, അവരുടെ ജൈവ ശരീരങ്ങളാണ്. ജൈവശരീരങ്ങളുടെ വീണ്ടെടുപ്പിന് സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധം ആവശ്യമാണ്. ആദിവാസികളും ദളിതരും സ്ത്രീകളും ഭാഷാസാംസ്കാരിക ന്യൂനപക്ഷങ്ങളും തൊഴിലാളികളും കര്‍ഷകരുമെല്ലാം ജനസഞ്ചയത്തില്‍ ഉള്‍ചേരുന്നത് കേവലമായ വര്‍ഗങ്ങളായല്ല, ജൈവ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. അവരോരോ വിഭാഗവും അവരുടെ സ്വത്വങ്ങളെ നഷ്ടപ്പെടുത്തിയല്ല ജനസഞ്ചയത്തിന്റെ ഭാഗമാകുന്നത്. അവരുടെ സ്വത്വങ്ങളെ ഉള്‍പ്പെടുത്തിയാണ്. അതുകൊണ്ടാണ് നാം പ്രതിരോധ രൂപങ്ങളെ വര്‍ഗ ബഹുജനൈക്യം മുതലായ വാക്കുകള്‍ക്കുപകരം ജനസഞ്ചയം എന്ന് വിശേഷിപ്പിക്കുന്നത്. ജനസഞ്ചയം ചിതറിക്കിടക്കുന്ന, പടര്‍ന്നുകിടക്കുന്ന വിഭാഗങ്ങളായതുകൊണ്ട് അവരുടെ പ്രതിരോധങ്ങള്‍ക്ക് ഏകതാനത ഉണ്ടാകില്ല. അതുകൊണ്ട് പുതിയ രൂപങ്ങള്‍ വേണ്ടിവരും. അഭൗതിക ഉല്‍പാദനം എന്ന് ഹാര്‍ട്ടും നെഗ്രിയും വിശേഷിപ്പിക്കുന്ന ആശയ വിനിമയ സാങ്കേതികവിദ്യകള്‍ വലിയ സാധ്യതയാണ്. അത് രാജീവന്‍ ആവര്‍ത്തിക്കുന്നുണ്ട്. ആം ആദ്മി പാര്‍ടി വളര്‍ന്നുവരുന്നതും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയാണല്ലോ. ചുരുക്കത്തില്‍ ഇന്ത്യയിലെ ഭാവി രാഷ്ട്രീത്തിന്റെ ദിശ നിര്‍ണയിക്കാവുന്ന കാതലായ മാറ്റമാണ് ആംആദ്മിയുടെ വരവോടുകൂടി ഉണ്ടായിരിക്കുന്നത് എന്നാണ് രാജീവന്റെ പക്ഷം. രാഷ്ട്രീയ സമീപനം വ്യക്തമാക്കുന്നില്ല എന്ന കാരാട്ടിന്റെ വിമര്‍ശനത്തിന് മറുപടിയെന്നോണം ബിജെപിക്കെതിരായി വ്യക്തമായ നിലപാട് അരവിന്ദ് കേജരിവാള്‍ എടുത്തത് രാജീവന്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ പ്രവണതകളോട് പുറംതിരിഞ്ഞുനില്‍ക്കുന്നതിനുപകരം ആം ആദ്മി പാര്‍ടിയോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത് എന്നാണ് രാജീവന്റെ അഭിപ്രായം. രാജീവന്റെ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്ന ധാരാളം ഇടതുപക്ഷ സഹയാത്രികരും വിമര്‍ശകരും ഉണ്ടാകുമെന്നതിലും സംശയമില്ല. രാജീവന്റെ വാദങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ പ്രധാനമെന്നു തോന്നുന്ന ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രാജീവന്‍ ആവര്‍ത്തിക്കുന്ന നെഗ്രിയുടെ ചിന്തയുടെ സമകാലിക പ്രസക്തി എന്താണ്? ഇതില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയവും ആം ആദ്മി പാര്‍ടിയും തമ്മിലുള്ള ബന്ധം എന്താണ്? ആം ആദ്മി പാര്‍ടി വളര്‍ന്നുവരുന്നതിനുള്ള മറ്റു ഘടകങ്ങ ളുണ്ടോ? നെഗ്രിയുടെ ചിന്തയെ പൂര്‍ണരൂപത്തില്‍ ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. 1991ല്‍ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി പിരിച്ചുവിട്ടതിനുശേഷം ഇറ്റലിയിലെ റാഡിക്കല്‍ ബുദ്ധിജീവികളുടെ ഇടയിലുണ്ടായ ആശയ സംവാദങ്ങളുടെ ഫലങ്ങളില്‍ ഒന്നാണത്. പിന്നീട് ഇറ്റലിയിലുണ്ടായ കമ്യൂണിസ്റ്റ് പുനഃസംഘാടനസമിതി (പി ആര്‍ സി) യുടെ പ്രവര്‍ത്തനങ്ങളില്‍ ഈ സംവാദങ്ങള്‍ക്ക് ഏറെ സ്വാധീനവുമുണ്ടായിട്ടുണ്ട്. മാര്‍ക്സിസവും നവ മാര്‍ക്സിസ്റ്റ്ആധുനികോത്തര വീക്ഷണങ്ങളുമായി ഒരുവശത്തും നവസാമൂഹ്യ പ്രസ്ഥാനങ്ങളുമായി മറുവശത്തും നടത്തിയ ആശയപരമായ സമന്വയത്തിന്റെ ഫലമാണ് നെഗ്രിയുടെ വീക്ഷണമെന്ന് ചുരുക്കത്തില്‍ പറയാം. മുതലാളിത്തത്തിന്റെ അന്ത്യഘട്ടമെന്ന് ലെനിന്‍ വിശേഷിപ്പിച്ച സാമ്രാജ്യത്വം ഇപ്പോള്‍ സാമ്രാജ്യമെന്ന ജൈവാധികാര (യശീുീംലൃ) രൂപമായി മാറിയിരിക്കുകയാണ്. അതിന്റെ കാതല്‍ ഇപ്പോഴും മുതലാളിത്ത ലാഭവ്യവസ്ഥതന്നെയാണ്. എന്നാല്‍ അത് പ്രകൃതിയെ നശിപ്പിക്കുകയും വംശീയവും സാമുദായികവും ലൈംഗികവുമായ രൂപങ്ങളുപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കയും പുറന്തള്ളുകയും അവരുടെ ജീവിതമാര്‍ഗങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ആഗോളാധികാരക്രമമായി മാറിയിരിക്കുന്നു. ഒന്നുകില്‍ തങ്ങളുടെ പാര്‍ശ്വവര്‍ത്തികളായി നില്‍ക്കുക, അല്ലെങ്കില്‍ തകര്‍ക്കപ്പെടുക എന്നതാണ് സാമ്രാജ്യത്വത്തിന്റെ മുദ്രാവാക്യം. അതിനായി ബൂര്‍ഷ്വാ ലിബറല്‍ ജനാധിപത്യക്രമങ്ങളെയും രാഷ്ട്രീയപാര്‍ടികളെയുമെല്ലാം ഉപയോഗിക്കുന്നു. പുറന്തള്ളപ്പെടുന്ന ജനങ്ങളുടെ ഇടയില്‍ ചാരപ്പണിനടത്തി സ്വന്തം പാര്‍ശ്വവര്‍ത്തികളെ സൃഷ്ടിക്കാന്‍ കനത്ത ഫണ്ടിംഗ് നല്‍കി പൗരസമൂഹ സംഘടനകളെ (എന്‍ജിഒഇപ്പോള്‍ സിഎസ്ഒ) ഉപയോഗിക്കുകയും ചെയ്യുന്നു. ഫിനാന്‍സ് മൂലധനവും ബഹുരാഷ്ട്ര കുത്തകകളും സാമ്രാജ്യാധികാരത്തിന്റെ ആയുധങ്ങളാണ്. ഇവ കൂടാതെയാണ് സൈനികമായ അടിച്ചമര്‍ത്തലുകളും ഭീകരതയുടെ സൃഷ്ടിയും. ഇതിനെതിരായി വളര്‍ന്നുവരുന്ന പ്രതിരോധം എപ്പോഴും പ്രാദേശികമായിരിക്കും. അത്തരത്തിലുള്ള സാധ്യതകള്‍ മാത്രമാണ് സാമ്രാജ്യാധികാരത്തിന്റെ വിനിമയത്തിലുള്ളത്. എന്നാല്‍ ഇത്തരം പ്രതിരോധങ്ങളിലൂടെയാണ് ജനസഞ്ചയം (ാൗഹശേേൗറല) ഒന്നിക്കുന്നതും സാമ്രാജ്യത്തിന് പ്രഹരമേല്‍പ്പിക്കുന്ന ജൈവ രാഷ്ട്രീയശക്തിയായി മാറുന്നതും. സാമ്രാജ്യത്വത്തിനെതിരെ വളര്‍ന്നുവന്ന നിരവധി ചെറുതും വലുതുമായ പ്രതിരോധ പ്രസ്ഥാനങ്ങളെ നെഗ്രിയുടെ വാദങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം ഈ വാദങ്ങളുടെ ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നെഗ്രിയുടെ അഭിപ്രായത്തില്‍ ജനസഞ്ചയത്തിന്റെ പ്രതിരോധത്തിന്റെ രൂപവും ലക്ഷ്യവും പൊതുസമ്പത്തിന്റെ രൂപീകരണമാണ്. സാമ്രാജ്യത്വംതന്നെ തുറന്നുതരുന്ന വിവര സാങ്കേതികവിദ്യകള്‍ വഴിയായി അഭൗതിക ഉല്‍പാദനത്തിന്റെ സാധ്യതകളാണ് പൊതു ഇടങ്ങള്‍ സൃഷ്ടിക്കുന്നതും പൊതു സമ്പത്ത് വളര്‍ത്തിക്കൊണ്ടുവരുന്നതും. അതായത് ഭൗതികമായ സമ്പത്ത് എല്ലാം അഭൗതികമായി അതായത് പ്രതീതി മാത്ര (്ശൃേൗമഹ) മൂലധനമായി നിര്‍വചിക്കപ്പെടുന്നതോടെ ജനസഞ്ചയത്തിന് ഭൗതിക സമ്പത്തിന്റെ പൊതുവായ പ്രവേശം ഉണ്ടാവുകയാണ്. അഭൗതിക ഉല്‍പാദനത്തെ നിര്‍ണയിക്കാനുള്ള ശേഷി അവര്‍ ആര്‍ജിച്ചാല്‍ മതി. മാര്‍ക്സിസത്തിന്റെ ഭാഷയില്‍ മൂലധനം എന്ന മായിക യാഥാര്‍ഥ്യത്തെ തകര്‍ക്കാന്‍ അഭൗതിക ഉല്‍പാദനത്തിന് സാധിക്കുകയും ജനങ്ങള്‍ക്ക് സ്വകാര്യസ്വത്തിന്റെ പൊതു സമ്പത്താക്കി മാറ്റാന്‍ കഴിയുകയും ചെയ്യും. പക്ഷേ ഇതു നടക്കുന്ന പ്രക്രിയ എന്താണെന്നും അതിനുവേണ്ടി വരുന്ന സമരരൂപങ്ങള്‍ എന്താകുമെന്നും കൃത്യമായി ആവിഷ്കരിക്കാന്‍ ഹാര്‍ട്ടിനും നെഗ്രിക്കും കഴിയുന്നില്ല. ജനസഞ്ചയത്തിനെ പ്രതിരോധത്തിലൂടെ അത്തരം രൂപങ്ങള്‍ വളര്‍ന്നുവരുമെന്നാണ് അവര്‍ പ്രത്യാശിക്കുന്നത്. ലോക വാണിജ്യ ശക്തികളുടെ സിയാറ്റില്‍ സമ്മേളനത്തിനെതിരായ പ്രതിരോധം മുതല്‍ നടക്കുന്ന പ്രതിരോധങ്ങള്‍ ജനസഞ്ചയത്തിന്റെ വളര്‍ച്ചയുടെ രൂപങ്ങളായിട്ടാണ് ഈ നിലപാടിനെ പിന്തുണയ്ക്കുന്നവര്‍ വിലയിരുത്തുന്നത്. ഇവിടെത്തന്നെയാണ് പ്രതിരോധ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും പുറത്തുവരുന്നത്. നവലിബറല്‍ ക്രമത്തിന്റെ വളര്‍ച്ച മുതലാളിത്തത്തിന് സമ്മാനിച്ചത് തുടര്‍ച്ചയായ പ്രതിസന്ധികളാണ്. 1989 മുതല്‍ 2001 വരെ എഴുപത്തിരണ്ട് സാമ്പത്തികക്കുഴപ്പങ്ങളാണുണ്ടായത്. തുടര്‍ന്നാണ് ലോകവ്യാപാര കേന്ദ്രത്തിന്റെ നേരെയുണ്ടായ ചാവേര്‍ ആക്രമണവും 2003ല്‍ നാറ്റോ ശക്തികളുടെ ഇറാഖ് ആക്രമണവും നടന്നത്. ഇതിനെ തുടര്‍ന്നുണ്ടായ 2007ലെ ബാങ്ക് തകര്‍ച്ചാ മാന്ദ്യത്തില്‍നിന്ന് സാമ്രാജ്യത്വം ഇതുവരെ കരകയറിയിട്ടില്ല. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും നവലിബറല്‍ ക്രമത്തെ ശക്തമായി ന്യായീകരിക്കുകയും അതിന്റെ വലയത്തിലേക്ക് കൂടുതല്‍ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിനുള്ള വിഭവങ്ങള്‍ സാമ്രാജ്യത്വത്തിനുണ്ട്. ജി7 രാജ്യങ്ങള്‍ ജി20 (ഇടക്കാലത്ത് ജി 22) രാഷ്ട്രങ്ങളായി വികസിച്ച് തീരുമാനങ്ങളെടുക്കുന്നതും സ്വന്തം പ്രതിസന്ധി മറികടക്കുന്നതിനായി ആഗോള ഫിനാന്‍സ് മൂലധനത്തെ മുഴുവന്‍ ചലിപ്പിക്കാന്‍ അമേരിക്കയ്ക്കുള്ള കഴിവും ഉദാഹരണമാണ്. ഇതെല്ലാം കാണിക്കുന്നത് സജീവവും സക്രിയവുമായ സാമ്പത്തിക രാഷ്ട്രീയാധികാരങ്ങള്‍ തന്നെയാണ് സാമ്രാജ്യത്വത്തിനുള്ളതെന്നാണ്. അതുതന്നെയാണ് ജനങ്ങളെ ഉള്‍ക്കൊള്ളുന്നതും അടിച്ചമര്‍ത്തുന്നതും. എന്നാല്‍ അതിനോടുള്ള പ്രതിരോധം ഇന്നും ശക്തമല്ല. ഇത് ഏറ്റവും പ്രകടമായി പുറത്തുവന്നത് 2007ലെ മാന്ദ്യത്തിനുശേഷമുണ്ടായ വാള്‍സ്ട്രീറ്റ് കയ്യടക്കല്‍, ഓക്ക്ലാണ്ട് കയ്യടക്കല്‍ മുതലായ പ്രസ്ഥാനങ്ങളിലും സ്പെയിനിലെ ഇന്‍ഡിഗ്നാറ്റോ, ഗ്രീസിലെ സ്റ്റൈറിസാ മുതലായ റാഡിക്കല്‍ പ്രസ്ഥാനങ്ങളിലുമാണ്. ഇവയില്‍ സ്റ്റൈറിസായ്ക്കു മാത്രമാണ് നവലിബറല്‍ ക്രമത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞത്. ഗ്രീസിനെ പൂര്‍ണമായി ഒരു അധമര്‍ണനിലയിലെത്തിച്ച വിദേശവായ്പയ്ക്കെതിരായി സ്റ്റൈറിസയുടെ നിലപാടാണ് അവര്‍ക്ക് പിന്‍തുണ നേടിക്കൊടുത്തത.് സ്റ്റൈറിസയുടെ അനുഭവം കാണിച്ചത് സംഘടിത രൂപങ്ങളുടെ ആവശ്യമാണ്. വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ആഗോളതലത്തില്‍തന്നെ പിന്‍തുണയുണ്ടായിട്ടുപോലും ക്രിയാത്മകമായ പ്രതിരോധ പ്രസ്ഥാനമായി മാറാന്‍ കഴിയാത്തതും സംഘടിത രൂപങ്ങളുടെ അഭാവംകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായ പൊതു സമീപനവും വ്യത്യസ്ത പ്രതിരോധ രൂപങ്ങളെയും പ്രവര്‍ത്തന രീതികളെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള പ്രതിരോധ രാഷ്ട്രീയ പാര്‍ടിയും ആവശ്യമാണെന്ന നിലപാടാണ് വളര്‍ന്നുവരുന്നത്. അതിനോടൊപ്പം പ്രതിരോധത്തിന് വ്യക്തമായ ബദല്‍ സമീപനവും ലക്ഷ്യവുമുണ്ടാകണം. അത് ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യലിസംതന്നെയാണെന്നും കമ്യൂണിസം ലക്ഷ്യമെന്ന നിലയില്‍ പ്രസക്തമാണെന്നുമുള്ള ആശയങ്ങള്‍തന്നെയാണ് നിലനില്‍ക്കുന്നത്. സോഷ്യലിസത്തെയും കമ്യൂണിസത്തെയും കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ അഭിപ്രായഭിന്നതകളുണ്ടെന്നത് നേരാണ്. ഇതുവരെ നിലനിന്ന സോഷ്യലിസത്തെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നടന്ന പരീക്ഷണങ്ങളായി കണ്ട് അവയുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുക എന്ന സമീപനം മുതല്‍ ജൈവസ്വഭാവമുള്ള പുതിയ കമ്യൂണിസ്റ്റ് സങ്കല്‍പം വളര്‍ത്തിയെടുക്കുക എന്ന ആശയംവരെ നിലവിലുണ്ട്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങളെ വിപുലമായ ജനകീയ പ്രക്രിയയുടെ ഭാഗമായാണ് കാണുന്നത്. ഏതാനുംപേര്‍ ചേര്‍ന്ന് സാമൂഹ്യ വിപ്ലവം സൃഷ്ടിക്കാമെന്ന വാന്‍ഗാര്‍ഡിസ്റ്റ് സമീപനത്തെയും മുതലാളിത്തത്തിലെ മാറ്റങ്ങള്‍വഴി സോഷ്യലിസത്തിലേക്കു നീങ്ങാമെന്ന സോഷ്യല്‍ ഡെമോക്രാറ്റിക് സമീപനത്തെയും ഇവര്‍ നിരാകരിക്കുന്നു. നെഗ്രിയുടെ ജനസഞ്ചയത്തിന്റെ പ്രതിരോധം വര്‍ഗസമരങ്ങള്‍ക്ക് ബദലാണെന്ന് കരുതുന്നവര്‍ ഇന്നു കുറവാണ്. നെഗ്രിപോലും വര്‍ഗങ്ങളെ നിഷേധിക്കുന്നില്ല. വര്‍ഗങ്ങളുടെ ഘടനയിലും വര്‍ഗ സമരങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്ന് അംഗീകരിക്കുന്നവരാണ് ഏറെയും. മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ ദശകളില്‍ വളര്‍ന്നുവന്ന മുതലാളി  തൊഴിലാളി വൈരുദ്ധ്യങ്ങള്‍ ഇന്ന് മൂലധനവും അധ്വാനവും തമ്മിലുള്ള സാര്‍വത്രിക വൈരുദ്ധ്യങ്ങളായി മാറുകയാണ്. ജനസഞ്ചയം യഥാര്‍ഥത്തില്‍ ഉഴപ്പാളികളാണ്. തൊഴിലാളിവര്‍ഗത്തെ കൂടാതെ, മുതലാളിത്തം നല്‍കിയ സ്ഥലങ്ങളില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന കാഷ്വല്‍ തൊഴിലാളികളും കൂലിപ്പട്ടാളവുമെല്ലാം അതിന്റെ ഭാഗമാണ്. അവരെ പ്രിക്കേറിയേറ്റ് എന്ന് ചിലര്‍ വിളിക്കുന്നുണ്ട്. ഐടി മേഖലയില്‍ പണിയെടുക്കുന്ന "ജ്ഞാനത്തൊഴിലാളി"കളും ഇതില്‍പെടും. ഇവര്‍ കൂടാതെ ഗ്രാമതലങ്ങളിലെ തൊഴില്‍സേന മുഴുവനും മുതലാളിത്തത്തിനുവേണ്ടി വിടുപണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇവരെ തൊഴില്‍ സേനയാക്കി നിര്‍ത്താനും കൂലിവെട്ടിക്കുറയ്ക്കാനും ജാതി, വംശം, മതം, ലിംഗപദവി തുടങ്ങിയവയെയെല്ലാം ഇന്ന് ഉപയോഗിക്കുന്നുണ്ട്. പണിയെടുക്കുന്നയാളുടെ ദേശീയതയും കൂലി കുറയ്ക്കാനുള്ള ഉപാധിയാണ്. ഫിലിപ്പിനോയും പാക്കിസ്താനിയും ആഫ്രിക്കക്കാരുമെല്ലാം പിച്ചക്കാശിന് പണിയെടുക്കുന്നവരാണ്. ഇത്തരത്തിലുള്ള പ്രാകൃതം മുതല്‍ ഉല്‍ക്കൃഷ്ടംവരെയുള്ള ചൂഷണ രൂപങ്ങളാണ് മൂലധനത്തെ നിലനിര്‍ത്തുന്നത്. ചൂഷിതര്‍ തൊഴിലെടുക്കുന്ന വര്‍ഗമാണ്. അവരുടെ അനുഭവങ്ങള്‍ വ്യത്യസ്തമാകാമെന്നുമാത്രം. നെഗ്രിയുടെ ജനസഞ്ചയത്തിന് വ്യക്തമായ വര്‍ഗതലം ഉണ്ടെന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഗസമരം കാലഹരണപ്പെടുന്നില്ല. അതിനുപകരം മൂലധനത്തിനെതിരായ സാര്‍വത്രിക ചെറുത്തുനില്‍പായി മാറുകയാണ് ചെയ്യുന്നത്. പ്രതിരോധത്തെ സംബന്ധിച്ച ആധുനികോത്തര സമീപനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും ഇതാണ്. സമൂഹവൈരുദ്ധ്യങ്ങളെ അധികാരഘടനയും ചെറുത്തുനില്‍പുമായി മാത്രം കാണുന്ന ഔപചാരിക യുക്തിയുടെ ദൗര്‍ബല്യമാണത്. ഇത്തരം ചര്‍ച്ചകളിലും സംവാദങ്ങളിലും ആംആദ്മി പാര്‍ടി എവിടെയാണ് നില്‍ക്കുന്നത്? മേല്‍ വിവരിച്ചവിധത്തിലുള്ള ജനസഞ്ചയത്തിന്റെ രാഷ്ട്രീയത്തെ ആം ആദ്മി പാര്‍ടി പ്രതിനിധീകരിക്കുന്നുണ്ടോ? ടീം അണ്ണായുടെ (മാധ്യമങ്ങള്‍ അടിച്ചേല്‍പിച്ച മാനേജ്മെന്റ് പല്ലവിയാണിത്) ചെറുത്തുനില്‍പ് "ജനസഞ്ചയ"ത്തിന്റേതായിരുന്നില്ല. അണ്ണാ ഹസാരെ എന്ന വ്യക്തിയുടെ അഴിമതിക്കെതിരായ ഉപവാസത്തിന് മറ്റുള്ളവര്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്. 3ജി സ്പെക്ട്രവും കല്‍ക്കരി കുംഭകോണവും പോലുള്ള അഴിമതികളുടെ തോത് കണ്ട് അന്തംവിട്ട മദ്ധ്യവര്‍ഗം അവരെ പിന്തുണയ്ക്കുകയും മറ്റു പല നഗരങ്ങളിലും രംഗത്തുവരികയും ചെത്തു. ഇവിടെ മാധ്യമങ്ങളുടെയും സാമൂഹ്യ നെറ്റ്വര്‍ക്കുകളുടെയും സ്വാധീനവും പ്രകടമായിരുന്നു. അഴിമതിക്കെതിരായി രംഗത്തുവന്ന മദ്ധ്യവര്‍ഗം നവലിബറല്‍ ക്രമത്തിന്റെ ചവിട്ടേറ്റു പിടയുന്ന ജനസഞ്ചയമായിരുന്നില്ല. ഇന്ത്യയിലെ നവലിബറല്‍ ക്രമത്തിന്റെ ആഘാതത്തില്‍ നല്ലൊരു ഭാഗവുമേല്‍ക്കേണ്ടി വന്നത് ഗ്രാമപ്രദേശങ്ങളിലാണ്. അണ്ണാ ഹസാരെയുടെ ആദര്‍ശ ഗ്രാമമായ റലെഗന്‍ സിദ്ദിയില്‍ നിന്നൊഴികെ മറ്റ് ഗ്രാമങ്ങളില്‍നിന്ന് അധികംപേര്‍ സത്യാഗ്രഹത്തിലുണ്ടായിരുന്നില്ല. എങ്കിലും മദ്ധ്യവര്‍ഗത്തിെന്‍റ പ്രതികരണത്തിന് പ്രസക്തിയുണ്ടായിരുന്നു. പുതിയ സാമ്പത്തികനയങ്ങളുടെ ആഘാതം മദ്ധ്യവര്‍ഗങ്ങളിലേക്കു വ്യാപിക്കുന്നുവെന്നതിെന്‍റ സൂചനയായിരുന്നു അത്. ആ പിന്തുണ ജന്‍ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ലമെന്‍റിലെടുക്കാന്‍ ഭരണകക്ഷിയെ നിര്‍ബന്ധിച്ചു. അവിടെ ഇടതുപക്ഷ കക്ഷികളടക്കമുള്ളവര്‍ സ്വീകരിച്ച ശക്തമായ നിലപാട് അഴിമതിക്കെതിരായ നിയമനിര്‍മാണം യാഥാര്‍ത്ഥ്യമാക്കി. അതിനുശേഷമാണ് അരവിന്ദ് കേജരിവാള്‍ പ്രശാന്ത് ഭൂഷെന്‍റയും മറ്റു ടീം അണ്ണാ പ്രവര്‍ത്തകരുടെയും സഹായത്തോടെ പാര്‍ടിയുണ്ടാക്കാന്‍ തുനിഞ്ഞത്. അതോടെ അണ്ണായുടെ സഹപ്രവര്‍ത്തകര്‍ രണ്ടായി പിളര്‍ന്നു. അവരില്‍ കിരണ്‍ ബേദി ഇപ്പോള്‍ ബിജെപിയെ പിന്തുണച്ചു പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ആം ആദ്മിയുടെ വിജയം അഴിമതിക്കും ഭരണകൂടത്തിെന്‍റ ജീര്‍ണതയ്ക്കുമെതിരായ ജനങ്ങളുടെ, പ്രത്യേകിച്ച് ഡല്‍ഹിയിലെ മദ്ധ്യവര്‍ഗത്തിെന്‍റ പ്രതികരണമായി കണക്കാക്കുന്നതില്‍ തെറ്റില്ല. അതിന് "ജൈവ" സ്വഭാവമുണ്ടെന്നും വേണമെങ്കില്‍ വാദിക്കാം, ഇതിനെക്കാള്‍ ശക്തമായ ജനസഞ്ചയത്തിെന്‍റ ജൈവ പ്രതിരോധം നെഗ്രി പുസ്തകങ്ങളെഴുതുന്നതിനു വളരെ മുമ്പു തന്നെ ഉത്തരേന്ത്യയില്‍ ഉണ്ടായി എന്നോര്‍ക്കുന്നതു നല്ലതാണ്. 1977ല്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ടിയ്ക്കുണ്ടായ വിജയമാണത്. അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനും തിരഞ്ഞെടുപ്പിനും ഇടയിലുള്ള കുറച്ചു നാളുകള്‍കൊണ്ട് തട്ടിക്കൂട്ടിയ പാര്‍ടിയാണ് അന്ന് ദല്‍ഹിയില്‍ ആധിപത്യം സ്ഥാപിച്ചത്. കേജരിവാള്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചത് പുകഴ്ത്തുന്നവര്‍, തോല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട് റായ്ബറേലിയില്‍ മല്‍സരിച്ച രാജ്നാരായണ്‍ ഇന്ദിരാഗാന്ധിയെ അടിയറവു പറയിച്ചതും ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ദിരാഗാന്ധി തോല്‍ക്കണം എന്ന ജനങ്ങളുടെ വിധിയെഴുത്തിനുള്ള നിമിത്തം മാത്രമായിരുന്നു രാജ്നാരായണ്‍. ഇന്ദിരാഗാന്ധി തോറ്റതായി പ്രഖ്യാപനം വന്നപ്പോള്‍ ദല്‍ഹിയിലെ തെരുവുകളില്‍ ആനന്ദനൃത്തം ചെയ്തതും സാധാരണ ജനമായിരുന്നു, "ജനസഞ്ചയ"മായിരുന്നു. ഇതിെന്‍റ മറ്റൊരു വിധത്തിലുള്ള ആവര്‍ത്തനമാണ് ഇപ്പോള്‍ ദല്‍ഹിയില്‍ കണ്ടത്. ഇന്നത്തെ നവലിബറല്‍ വ്യവസ്ഥയ്ക്ക് സ്വന്തം താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് അടിയന്തിരാവസ്ഥ പോലുള്ള അധികാരരൂപങ്ങള്‍ ആവശ്യമില്ല. അടിയന്തിരാവസ്ഥയ്ക്ക് ചെയ്യാന്‍ കഴിയുന്നത് സിഎംഎസ് പോലുള്ള കേന്ദ്രീകൃത ചാരരൂപങ്ങള്‍ വഴിയും ആധാര്‍ കാര്‍ഡ് വഴിയുമൊക്കെ ചെയ്യാന്‍ കഴിയും. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി പ്രതിരോധ ഗ്രൂപ്പുകള്‍ക്കും ധാരാളം ആശയങ്ങള്‍ ലഭിക്കും. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ലോകസമ്പദ്വ്യവസ്ഥയിലും ലോക രാഷ്ട്രീയത്തിലും വന്ന മാറ്റങ്ങളെയും ഇന്ത്യന്‍ സമ്പദ്ഘടനയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും വന്ന മാറ്റങ്ങളെയും സംബന്ധിച്ച് നിരവധി പഠനങ്ങളും അഭിപ്രായങ്ങളും സംവാദങ്ങളും ഇന്നു ലഭ്യമാണ്. ഒരു രാഷ്ട്രീയ പാര്‍ടി രൂപപ്പെടുത്തുന്ന ആളുകള്‍ക്ക് അത്തരത്തിലുള്ള ഒരു നിലപാടുതറ സൃഷ്ടിക്കാന്‍ പ്രയാസമില്ല. അതിനു അത്താണിയായി മാറാന്‍ കഴിയുന്ന നിരവധി ഗവേഷകരും സാങ്കേതിക വിദഗ്ദ്ധരും നിയമജ്ഞരും ആം ആദ്മിയുടെ പക്കല്‍ തന്നെയുണ്ട്. എന്നിട്ടും അത്തരത്തിലുള്ള കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ കഴിയാത്തതെന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നു. ആം ആദ്മിയില്‍ ചേര്‍ന്ന അക്കാദമിക് പണ്ഡിതന്മാരില്‍ ഒരാളായ യോഗേന്ദ്ര യാദവ് പറഞ്ഞത് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തെ (ചമശേീിമഹ അഹഹശമിരല ീള ജലീുഹലെ ങീ്ലാലിേെ ചഅജങ) ആം ആദ്മി പാര്‍ടിയില്‍ കൊണ്ടുവരുമെന്നാണ്. മേധാപട്കറിനെപോലെ എന്‍എപിഎമ്മിെന്‍റ പ്രധാന പ്രവര്‍ത്തകര്‍ ആം ആദ്മിയില്‍ ചേരുമെന്ന വാര്‍ത്തയുണ്ട്. ഇന്ത്യയില്‍ പലയിടങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന പരിസ്ഥിതി  ദളിത്  ആദിവാസി പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഖ്യമാണ് എന്‍എപിഎം. ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അനുഭാവമൊന്നും ഇതുവരെ അവര്‍ പ്രകടിപ്പിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ടികളെ ശക്തമായെതിര്‍ക്കുന്നതില്‍ അവര്‍ മുന്‍പന്തിയിലുണ്ടായിട്ടുമുണ്ട്. അവരില്‍ പലരും അനുവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനാ രാഷ്ട്രീയത്തിലും സ്വത്വരാഷ്ട്രീയത്തിലും ഇടതുപക്ഷം വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. "ഭരണകൂട ഭീകരത"യോടും ബ്രാഹ്മണ  സവര്‍ണാധിപത്യത്തോടും പരിസ്ഥിതി സന്തുലിതമല്ലാത്ത കേവല വികസന തന്ത്രങ്ങളോടുമുള്ള എതിര്‍പ്പല്ലാതെ, ഇത്തരം ജനവിരുദ്ധ പ്രവണതകളുടെ വര്‍ഗപരമായ അടിത്തറ കണ്ടെത്താന്‍ അവര്‍ ശ്രമിച്ചിട്ടില്ല. ചുരുങ്ങിയത്, നവലിബറല്‍ ക്രമത്തിനെതിരായി ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന എതിര്‍പ്പിനോട് അവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുമില്ല. സന്നദ്ധ പ്രസ്ഥാനങ്ങളുടെ ആഗോളവേദിയായ വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ ചിലര്‍ പങ്കെടുത്തിട്ടുണ്ടെന്നു മാത്രം. ഇവയോടുള്ള നിലപാട് എന്താണെന്ന് അരവിന്ദ് കേജരിവാളും കൂട്ടരും വ്യക്തമാക്കിയിട്ടുമില്ല. നവലിബറലിസത്തിനെതിരായി പരസ്യമായ നിലപാടെടുക്കുകയോ ചുരുങ്ങിയത് വേള്‍ഡ് സോഷ്യല്‍ ഫോറം അംഗീകരിക്കുന്ന മറ്റൊരു ലോകം സാധ്യമാണെന്നും അത് സോഷ്യലിസമാണെന്നുമുള്ള നിലപാടിലേക്കെങ്കിലും വരുകയോ ചെയ്യാന്‍ ഇതുവരെ ആം ആദ്മി പാര്‍ടി തയ്യാറായിട്ടില്ല. "വ്യവസ്ഥാപിത  മുഖ്യധാരാ" ഇടതുപക്ഷ പാര്‍ടികളോട് വിയോജിച്ചു കൊണ്ടുതന്നെ ലോകമാസകലമുള്ള നിരവധി പ്രതിരോധ പ്രവര്‍ത്തകര്‍ അംഗീകരിക്കുന്ന വീക്ഷണമാണിത്. അതുപോലും ആം ആദ്മിയുടെ നിലപാടിെന്‍റ ഭാഗമല്ല. ആം ആദ്മി പാര്‍ടിയുടെ വേരുകള്‍ രാജീവന്‍ അഭിമാനപൂര്‍വം വിശദീകരിക്കുന്ന "ജനസഞ്ചയ"ത്തിെന്‍റ രാഷ്ട്രീയത്തിലല്ല, മറ്റു ചില ഇടങ്ങളിലാണ്. നവഗാന്ധിയന്‍ സ്വാധീനമുള്ളതും കമ്യൂണിസ്റ്റ് ഇടതുപക്ഷത്തിെന്‍റ വിപ്ലവ സങ്കല്‍പങ്ങളോടും പ്രവര്‍ത്തന പരിപാടികളോടും സൈദ്ധാന്തികമായി വിയോജിപ്പുള്ളതുമായ ഗ്രൂപ്പുകളും ബുദ്ധിജീവികളും കഴിഞ്ഞ ദശകങ്ങളില്‍ രൂപംകൊണ്ടിട്ടുണ്ട്. വര്‍ഗ സമീപനത്തിനുപകരം നവഗാന്ധിയന്‍ സ്വഭാവമുള്ള ധാര്‍മികതയിലും പരിസ്ഥിതി സന്തുലനം, ലിംഗനീതി, സാമൂഹ്യനീതി തുടങ്ങിയവയിലും അധിഷ്ഠിതമായ സാമൂഹ്യ പ്രവര്‍ത്തനരീതിയാണ് അവരെ സ്വാധീനിച്ചത്. അവരില്‍ ചിലര്‍ ജയപ്രകാശ് നാരായണെന്‍റ സമ്പൂര്‍ണ വിപ്ലവത്തില്‍ ആവേശം കൊണ്ടവരാണെങ്കില്‍ മറ്റുചിലര്‍ ആധുനികോത്തര സ്വഭാവമുള്ള "പൗരസമൂഹ രാഷ്ട്രീയത്തില്‍" നിന്ന് ഊര്‍ജം സംഭരിച്ചവരാണ്. ജെപിയുടെയും ലോഹ്യയുടെയും ആരാധകര്‍ പിന്നോക്ക വിഭാഗങ്ങളുടെ വക്താക്കളാവുകയും രാഷ്ട്രീയ പാര്‍ടികള്‍ (വിവിധ ജനതാദളുകള്‍, ലോകശക്തി) രൂപീകരിക്കുകയും ചെയ്തു. മറ്റു ചിലര്‍ പൗരസമൂഹ സംഘടനകളായി തന്നെ നില്‍ക്കുകയും പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കും നവഗാന്ധിയന്‍ സ്വഭാവമുള്ള പ്രാദേശിക രൂപങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു. ഇവരിലാരും തന്നെ കമ്യൂണിസ്റ്റ് ഇടതുപക്ഷത്തോട് അനുഭാവമുള്ളവരോ ചുരുങ്ങിയത് സമാനമായ ഒരു സോഷ്യലിസ്റ്റ് ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുകയോ ചെയ്തവരായിരുന്നില്ല. താല്‍കാലിക പ്രശ്നങ്ങളുടെ പരിഹാരം മാത്രമായിരുന്നു എല്ലാവരുടെയും മുന്നില്‍. ഇവരില്‍ വിദേശഫണ്ടടക്കമുള്ള ഫണ്ട് വാങ്ങുന്ന സംഘടനകളും അല്ലാത്തവയുമുണ്ടായിരുന്നു. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ അടങ്ങുന്ന സംഘടനകളുടെ വേരുകള്‍ ഇത്തരം പൗരസമൂഹ രൂപങ്ങളില്‍ കാണാം. ഇവരെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് എന്‍എപിഎമ്മില്‍ എത്തിച്ചത്. ആശിശ് നന്ദി മുതല്‍ യോഗേന്ദ്ര യാദവ് വരെയുള്ള ബുദ്ധിജീവികള്‍ ഇത്തരം സംഘടനകളില്‍ പലതിെന്‍റയും ധൈഷണിക സ്രോതസ്സായി മാറുകയും ചെയ്തു. സാമ്രാജ്യത്വത്തെയോ നവലിബറലിസത്തെയോ പരസ്യമായി വിമര്‍ശിക്കുന്നവരില്‍ ഇവരാരും പെടുന്നില്ല. അടിയന്തിരാവസ്ഥയ്ക്കെതിരായ ബഹുജനവികാരം എങ്ങനെ ജനതാപാര്‍ടിയുടെ വിജയത്തിലെത്തിയെന്ന് നാം കണ്ടതാണ്. വന്ധ്യംകരണ ശസ്ത്രക്രിയകളും "നഗരശുദ്ധി"യുടെ പേരില്‍ ചേരിനിവാസികളെ മുഴുവന്‍ കൂട്ടത്തോടെ ഒഴിപ്പിച്ച് യമുനാനദിക്കക്കരെ കടത്തിയതുമാണ് (അടിയന്തിരാവസ്ഥയിലെ ഭീകരതയ്ക്ക് ജനങ്ങള്‍ നല്‍കിയ പേര് സഞ്ജയ്ഗാന്ധി എന്നായിരുന്നു) അന്ന് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഇന്ന് പരസ്യമായ അഴിമതി, ഉള്ളിയുടെയും സമസ്ത വസ്തുക്കളുടെയും വിലക്കയറ്റം, വെള്ളത്തിനുവരെ കരം ചുമത്തുന്ന അവസ്ഥ, പാചകവാതകത്തിനും പെട്രോളിനും കൊടുക്കേണ്ട കനത്ത വില, ജനങ്ങളുടെ സുരക്ഷിതത്വത്തിെന്‍റ തകര്‍ച്ച, നിര്‍ഭയ (ജ്യോതിസിംഗ് പര്‍മാര്‍)യുടെ ക്രൂരമായ ലൈംഗിക പീഡനവും മരണവും, പിന്നീടും നടന്ന തുടര്‍ച്ചയായ പീഡനങ്ങള്‍ തുടങ്ങിയവയാണ് ഇന്ന് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്. ഇത് പ്രധാനമായും ബാധിച്ചത് സര്‍ക്കാര്‍ ജീവനക്കാരും മറ്റു ജീവനക്കാരുമടക്കമുള്ള ഇടത്തരക്കാര്‍ തിങ്ങി നിറഞ്ഞ പ്രദേശങ്ങളിലാണ്. അത്തരം പ്രദേശങ്ങളില്‍നിന്നാണ് ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതും. നവലിബറല്‍ നയങ്ങള്‍ ബാധിച്ച ഇടത്തരക്കാര്‍ തീര്‍ച്ചയായും "ജനസഞ്ചയ"ത്തിെന്‍റ ഭാഗമാണ്. ഇത്തരം, "ജനസഞ്ചയ"ത്തിെന്‍റ നവലിബറല്‍ വിരുദ്ധ വികാരത്തെ കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെ വളര്‍ത്തേണ്ട ബാധ്യത അവിടെ സ്വാധീനശക്തിയുള്ളവര്‍ക്കു തന്നെയാണ്. അതായത്, ജനതാപാര്‍ടിയെക്കാളധികം പുതിയ സാഹചര്യങ്ങളില്‍ പുതിയ മുദ്രാവാക്യങ്ങളുയര്‍ത്തി ജനവികാരത്തെ സംഘടിപ്പിക്കാനുള്ള ബാധ്യത ആം ആദ്മി പാര്‍ടിയ്ക്കുണ്ട്. സംശുദ്ധമായ ഭരണം കൊണ്ടും ഭരണത്തിലുറപ്പു വരുത്തുന്ന സാമൂഹ്യനീതികൊണ്ടും മാത്രം പരിഹരിക്കാവുന്നവയല്ല ജനരോഷത്തിനു കാരണമായ പ്രശ്നങ്ങള്‍. അതു സൃഷ്ടിച്ച മൂലധനത്തിെന്‍റ യുക്തിയുണ്ട്. അതിനെ പ്രയോഗതലത്തില്‍ കൊണ്ടുവന്ന ഭരണകൂട നയങ്ങളുണ്ട്. ജന്‍ലോക്പാല്‍ ഭരണകൂട നയങ്ങള്‍ക്കെതിരായ പ്രതിരോധത്തിെന്‍റ ചെറുഭാഗം മാത്രമാണ്. അഴിമതിയെ തുടച്ചു നീക്കണമെങ്കില്‍ അതു സൃഷ്ടിക്കുന്ന ധനമൂലധനത്തിെന്‍റ പ്രയോഗരൂപങ്ങള്‍ ഇല്ലാതാകണം. പ്രതിരോധ രൂപങ്ങള്‍ മൂലധനത്തെ തന്നെ ഉച്ചാടനം ചെയ്യുന്ന പ്രായോഗിക രൂപങ്ങളിലേക്കു തിരിയണം. ചുരുങ്ങിയത് അത്തരം ഒരു ദിശാബോധമെങ്കിലും വളര്‍ത്തിയെടുക്കാന്‍ കഴിയണം. ആം ആദ്മി പാര്‍ടിയുടെ ഇന്നത്തെ ഘടനയും പ്രവര്‍ത്തനശൈലിയും പരിശോധിക്കുമ്പോള്‍ അത്തരത്തിലുള്ള ദിശാബോധം അവര്‍ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് കരുതുക പ്രയാസമാണ്. തീര്‍ച്ചയായും അവര്‍ ജനാധിപത്യവാദികളും കൂടുതല്‍ ജനവികാരത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നവരുമാണ്. ഇന്നത്തെ ഭരണകൂടനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് അതുമാത്രം പോര, സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളില്‍ ഭരണകൂടനയങ്ങള്‍ക്ക് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും വേണം.

കമ്യൂണിസ്റ്റ് ഇടതുപക്ഷം അധികാരം സ്ഥാപിച്ച സ്ഥലങ്ങളില്‍ അത്തരം ബദലുകള്‍ക്കുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അവയെക്കുറിച്ച് ഇതേ ബുദ്ധിജീവികളില്‍നിന്നു തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുമുണ്ട്. സ്വാഭാവികമായും പുതിയ രാഷ്ട്രീയത്തിെന്‍റ വക്താക്കളില്‍നിന്ന് പ്രതീക്ഷിക്കേണ്ടത് സംശുദ്ധഭരണം മാത്രമല്ല, ക്രിയാത്മകമായ ജനകീയ ബദലുകള്‍ കൂടിയാണ്. 'സംശുദ്ധമായി' നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നത് "ജൈവ" രാഷ്ട്രീയമല്ല. നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്താനും അവയ്ക്കു കഴിയണം. അത്തരം ദിശാബോധം ഇതുവരെ ആം ആദ്മി പാര്‍ടിയുടെ വക്താക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പ്രകാശ് കാരാട്ട് തെന്‍റ ലേഖനത്തിലൂടെ സൂചിപ്പിച്ചതും ഇതേ അവ്യക്തതയെയാണ്. ജനസഞ്ചയത്തിെന്‍റ അനുഭവങ്ങളില്‍നിന്നും വികാരങ്ങളില്‍നിന്നും ഉയര്‍ന്ന് പുതിയ സമൂഹത്തിെന്‍റ നിര്‍മിതിക്കുള്ള വിഭവങ്ങളും പ്രായോഗിക രൂപങ്ങളും വളര്‍ത്തിയെടുത്താല്‍ മാത്രമാണ് സാമ്രാജ്യത്വത്തിെന്‍റ തകര്‍ച്ച യാഥാര്‍ഥ്യമാകുക.

വര്‍ഗസമരം എന്നു പറയുന്നതും ഈ പോരാട്ടത്തെയാണ്. അത് തീര്‍ച്ചയായും ജൈവമായ രാഷ്ട്രീയ പ്രവര്‍ത്തനവുമാണ്. രൂപംകൊണ്ട് മാസങ്ങള്‍ മാത്രമായ ഒരു പാര്‍ടിയില്‍നിന്ന് ഇത്രയും പ്രതീക്ഷിക്കുക സാധ്യമല്ല. അത്തരം ഒരു ഭാവി വിഭാവനം ചെയ്യാന്‍ കെല്‍പുള്ള ധാരാളം ബുദ്ധിജീവികള്‍ കേരളത്തിലടക്കം ഇത്തരം സംവിധാനത്തിന് പിന്തുണ നല്‍കുകയോ ചേരുകയോ ചെയ്യുന്നുണ്ട്. അവരില്‍നിന്ന് വ്യക്തമായ ഒരു സമീപനരേഖയെങ്കിലും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതില്ലെങ്കില്‍ അത് മറ്റൊരു ബൂര്‍ഷ്വാ ലിബറല്‍ സംവിധാനമാവുകയും ചെയ്യും. അതുകൊണ്ട് വ്യക്തമായ നയപരിപ്രേക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലല്ലേ നാം ആം ആദ്മി പാര്‍ടിയുടെ വിധി നിര്‍ണയിക്കേണ്ടത്? അതിനുമുമ്പു തന്നെ നെഗ്രിയുടെ ഭാഷയില്‍ എഴുതുകയും ആം ആദ്മി പാര്‍ടിക്കും ഇടതുപക്ഷത്തിനും ബുദ്ധിയുപദേശിക്കുകയും ചെയ്യുന്നത് ഒരുതരം അമിതാവേശ പ്രകടനമല്ലേ? നമ്മുടെ ബുദ്ധിജീവികളുടെ മദ്ധ്യവര്‍ഗ സ്വഭാവമല്ലേ അതു കാണിക്കുന്നത്?

*** കെ എന്‍ ഗണേശ്

എസ്ഡിപിഐലീഗ് ഭീകരത തുറന്നുകാട്ടപ്പെടുന്നു

എസ്ഡിപിഐ  ലീഗ് ഭീകരതയുടെ നഗ്നമുഖമാണ് 2014 ജനുവരി 28ന് പട്ടാപ്പകല്‍, തിരൂരില്‍ മംഗലത്തു നടന്ന "സിനിമാ സ്റ്റൈല്‍" ആക്രമണത്തിലൂടെ അനാവരണം ചെയ്യപ്പെട്ടത്. അടുത്തകാലത്തായി ലീഗ് എടുത്തണിയാന്‍ ശ്രമിക്കുന്ന പരിസ്ഥിതി പ്രേമത്തിന്റേയും മനുഷ്യകാരുണ്യ പ്രവര്‍ത്തനത്തിന്റേയും, അന്യമത സൗഹാര്‍ദത്തിന്റേയും പ്രച്ഛന്നമുഖമാണ് അതുവഴി തുറന്നുകാട്ടപ്പെട്ടത്. ലീഗിന്റെ യുവനേതാക്കള്‍, കെ എം ഷാജി എംഎല്‍എയും സാദിക്കുമൊക്കെ, ആയിരം നാവുള്ള അനന്തനെപ്പോലെ ആയിരം തവണ ആവര്‍ത്തിച്ചുപറഞ്ഞാലും, തങ്ങളുടെ നഗ്ന നേത്രങ്ങള്‍കൊണ്ട് കേരളം കണ്ട നേര്‍കാഴ്ചയ്ക്ക്, വേറെ വ്യാഖ്യാനമൊന്നും ആവശ്യമില്ല. തങ്ങള്‍ക്കതില്‍ പങ്കില്ല; എല്ലാം എസ്ഡിപിഐ നടത്തിയ തേര്‍വാഴ്ചയാണ് എന്ന് ലീഗ് ഇപ്പോള്‍ പറയുന്നു. എസ്ഡിപിഐ നേതാവ് ഇഖ്റാമുല്‍ഹഖും അക്രമത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുകയും "അത് ഞമ്മളാണ്" എന്ന് ഏറ്റുപറയുകയും ചെയ്യുന്നു.

പരസ്യമായി പട്ടാപ്പകല്‍, ആയുധവുമായി ഓര്‍ക്കാപ്പുറത്ത് കടന്നുവന്ന്, ബോംബെറിഞ്ഞും കത്തിവീശിയും ആളുകളെ ഭയപ്പെടുത്തി അകറ്റിനിര്‍ത്തി, ഇരകളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്ന ആര്‍എസ്എസ് സ്റ്റൈല്‍ ആക്രമണംതന്നെയാണ് എന്‍ഡിഎഫ്/എസ്ഡിപിഐ ഭീകരരും ചെയ്തുവരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ക്കതില്‍ അഭിമാനമേയുള്ളുവെന്നും അറിയാത്തവരല്ല കേരളീയര്‍. പട്ടികളെ ഓടിച്ചിട്ട്, പായുമ്പോള്‍ കഴുത്തുവെട്ടി പരിശീലനംതേടുന്ന എസ്ഡിപിഐക്കാര്‍ കയ്യറപ്പുതീര്‍ന്നവരാണ് എന്നും ചാനലുകള്‍ പുറത്തുവിട്ട അതിഭീകരമായ ആ കൊടും വെട്ടും വെട്ടേറ്റുവീണവന്റെ മുഖത്തു ചവിട്ടുന്നതും കൂസലില്ലായ്മയും കണ്ടാല്‍ എല്ലാവര്‍ക്കും മനസ്സിലാകും. അതിനാല്‍ ഇഖ്റാമുല്‍ഹഖിന്റെ പ്രസ്താവനയില്‍ ആര്‍ക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല. എന്നാല്‍ അതുവഴി സ്വയം രക്ഷതേടാന്‍ ശ്രമിക്കുന്ന ലീഗിന്റെ കാപട്യം അത്രവേഗം ഉള്‍ക്കൊള്ളാനാകില്ല. ഏതോ ഉപകാരസ്മരണയില്‍, തല്‍ക്കാലം കുറ്റമേറ്റെടുത്തുവെങ്കിലും ലീഗുകാര്‍ പഴയ താത്രിക്കുട്ടിയുടെ കഥയോര്‍ക്കുന്നത് നന്ന്. ഒരുനാള്‍ "ഇനിയും എന്നെക്കൊണ്ടു പറയിക്കണോ?" എന്ന് നാടുവാഴിയോട് താത്രിക്കുട്ടി ചോദിച്ചപ്പോള്‍, പറയാതെ തന്നെ, പറയാതെ വിട്ടതെന്തെന്ന് മാലോകരെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു. ഇവിടെ ഏറെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. മംഗലം പഞ്ചായത്തില്‍ നടന്ന 3 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടാല്‍, എസ്ഡിപിഐ എന്തിന് സിപിഐ എമ്മിന്റെ ആഹ്ലാദപ്രകടനം കലക്കാന്‍ ശ്രമിക്കണം? അതിനിടയില്‍ ഉണ്ടായ ചെറിയ സംഘര്‍ഷത്തിനു പകരം ചോദിക്കാന്‍ എങ്ങനെയാണ് അത്ര പെട്ടെന്ന്, ഒരു ഗറില്ലാ സംഘം ആയുധധാരികളായി കടന്നു വരുന്നത്? ലീഗിന്റെ പരാജയം ആഘോഷിക്കുന്ന സിപിഐ എമ്മുകാര്‍ക്ക് അകമ്പടി സേവിക്കാന്‍ എന്ന നാട്യത്തോടെ മുമ്പിലും പിന്നിലും കൂടെ നടന്ന പൊലീസുകാര്‍, ഇടപെടില്ല എന്ന ഉത്തമ ബോധ്യമില്ലെങ്കില്‍ എങ്ങനെ എസ്ഡിപിഐക്കാര്‍ക്ക് ഇങ്ങനെ അക്രമം നടത്തി രക്ഷപ്പെടാന്‍ കഴിയും? സംഭവം നടക്കുകയും ആ ഭീകരദൃശ്യം ചാനലായ ചാനലുകളൊക്കെ തുടര്‍ച്ചയായി മണിക്കൂറുകളോളം പ്രേക്ഷകരെ കാണിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടും പൊലീസാഫീസര്‍മാര്‍ക്ക് ചിലരെയെങ്കിലും പെട്ടെന്നുതന്നെ അറസ്റ്റുചെയ്യാന്‍ സാധിക്കാതെപോയതും എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ ഉത്തരമേയുള്ളു.

കേരളം ഭരിക്കുന്ന മന്ത്രിസഭയെ വരച്ചവരയില്‍ നിര്‍ത്താന്‍ കെല്‍പുള്ള മുഖ്യ ഭരണകക്ഷി, മുസ്ലീം ലീഗിന്റെ പിന്‍ബലമുള്ളവരാണ് അക്രമികള്‍പിന്നെ മേലാവില്‍നിന്നും അനുമതിയില്ലാതെ അവരെ എങ്ങനെ തൊടാനാകും? എസ്ഡിപിഐയും ലീഗും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ പെട്ടെന്നുണ്ടായതല്ല. ലീഗുകാര്‍ എന്തുതന്നെ പറഞ്ഞാലും ലീഗിനകത്ത് നുഴഞ്ഞുകയറുന്ന എന്‍ഡിഎഫുകാരെ ചൂണ്ടിക്കാട്ടി, ഇതപകടമാണ് എന്ന് രാജ്യസ്നേഹികളായ നല്ല മനുഷ്യര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. സാധാരണ കച്ചവട താല്‍പര്യം മാത്രം മുന്‍നിര്‍ത്തി മതമുപയോഗിച്ച് രാഷ്ട്രീയം കളിച്ചിരുന്ന ലീഗ് പതുക്കെപതുക്കെ മത തീവ്രവാദത്തിലേക്ക് മാറുന്നതും അതിന് തീവ്രവാദമുഖം കൈവരുന്നതുമാണ് 2004 നവംബര്‍ 1ന് കേരളം കണ്ടത്. അന്നാണ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപിതനായ പി കെ കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞു കരിപ്പൂരില്‍ തിരിച്ചെത്തിയത്. തങ്ങളുടെ നേതാവായ ആ വീരപുരുഷന് നല്ലനിലയില്‍ സ്വീകരണം നല്‍കാന്‍ ലീഗുകാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതിന്റെപേരില്‍ അവര്‍ കാട്ടിക്കൂട്ടിയ ഗോഷ്ടികള്‍ എന്തെല്ലാമാണ്? കരിപ്പൂര്‍ വിമാനത്താവളംതന്നെ പിടിച്ചടക്കിയപോലെ തന്ത്രപ്രധാനമായ വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ കേറി ലീഗിന്റെ കൊടികെട്ടി. മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിച്ചു പരിക്കേല്‍പിച്ചു. 2012 ജനുവരി 5ന് ആ കേസിലെ പ്രതികളായ 15 ലീഗുകാര്‍ക്ക് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഒരു വര്‍ഷത്തെ തടവും 3500 രൂപ വീതം പിഴയും വിധിച്ചു. യൂണിയന്‍ ലീഗിന്റെ പുതിയ പ്രസിഡണ്ട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് കാസര്‍കോട്ടുവെച്ച് നല്‍കിയ സ്വീകരണത്തില്‍ ഒരു സംഘം തീവ്രവാദികള്‍ അഴിഞ്ഞാടിയത് പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലാണ്. ഭീകരമായ ഒരു വര്‍ഗീയ കലാപത്തിന്റെ വക്കോളമെത്തിയ ആ സംഭവം ലീഗ്  എന്‍ഡിഎഫ് ബന്ധത്തിന്റെ ജീവനുള്ള ദൃഷ്ടാന്തമാണ്. ആ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന നിസ്സാര്‍ കമ്മീഷന്‍, റിപ്പോര്‍ട്ടുസമര്‍പ്പിക്കുംമുമ്പ് പിരിച്ചുവിട്ടതുകൊണ്ടുമാത്രമാണ് ഒരു സംഘം ലീഗുകാര്‍ ശിക്ഷയില്‍നിന്നും രക്ഷപ്പെട്ടത്. മാറാട് കലാപത്തെക്കുറിച്ചന്വേഷിച്ച കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കേസില്‍ ശിക്ഷവിധിച്ച ന്യായാധിപന്റെ വിധിതീര്‍പ്പിലും ലീഗിന്റെ പുതിയ മുഖം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. കുപ്രസിദ്ധമായ അരിക്കോട്ടു കുനി ഇരട്ടക്കൊലക്കേസില്‍, അധികാരത്തിന്റെ തിണ്ണബലംകൊണ്ടു മാത്രമാണ് എംഎല്‍എ പി കെ ബഷീര്‍ രക്ഷപ്പെട്ടത്. മുസ്ലീംലീഗ് ഏറനാടു മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദുകുട്ടിയടക്കം നിരവധി ലീഗുകാര്‍ ജയിലിലാണ്. അത്തീഖ് റഹ്മാന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ ലീഗ് പ്രവര്‍ത്തകന്‍ മുജീബിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവനതിനു കഴിയട്ടെ എന്നും അഹമ്മദുകുട്ടി പ്രസംഗിച്ചത് 2012 ഫെബ്രുവരി 20നാണ്. എംഎല്‍എ പി കെ ബഷീറും അതേ ഭാഷയിലാണ് പ്രസംഗിച്ചത്. പിന്നീടാണ് അതി ക്രൂരമായ ഇരട്ടക്കൊല നടന്നത്. ചത്തത് കീചകനെങ്കില്‍ കൊന്നതാര് എന്ന് പിന്നെ ചോദിക്കേണ്ടതുണ്ടോ? ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വാലില്ലാപുഴ എംഎഎല്‍പിഎസ് പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ ചവിട്ടിക്കൊന്നതും ലീഗ്കാരാണ്. ആ കേസില്‍ ആരെങ്കിലും സാക്ഷിപറഞ്ഞാല്‍ അവരെ വെട്ടിക്കൊല്ലുമെന്ന് പ്രസംഗിച്ചതും ഈ ലീഗ് എംഎല്‍എയാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആഡിയോ ടേപ്പ് കേരളമാകെ പ്രചരിച്ചതാണ്. ലീഗിന്റെ മാറിവന്ന ക്രൂരമുഖമാണ് ഈ സംഭവങ്ങളിലൂടെയെല്ലാം ചുരുളഴിഞ്ഞത്. ലീഗ് നേതാവ് "മംഗലം" സംഭവത്തെക്കുറിച്ചിറക്കിയ പ്രസ്താവനയില്‍ സിപിഐ എമ്മും എന്‍ഡിഎഫ്/എസ്ഡിപിഐയുമായി നിലനില്‍ക്കുന്ന വൈരത്തെക്കുറിച്ചും സംഘര്‍ഷത്തെക്കുറിച്ചും പറയുകയുണ്ടായി. അത് സത്യവുമാണ്. എന്‍ഡിഎഫ്/എസ്ഡിപിഐ ഭീകര സംഘടനകളുമായി മാത്രമല്ല ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്തണമെന്നു പറയുന്ന ആര്‍എസ്എസിനോടും പാര്‍ടിക്ക് ശത്രുതയുണ്ട്. സോഷ്യലിസവും മതേതരത്വവും സ്വന്തം ജീവനോളംതന്നെ പ്രധാനമാണ് എന്ന് കരുതുന്ന കമ്യൂണിസ്റ്റുകാര്‍, ജീവന്‍കൊടുത്തും ഹൈന്ദവരാഷ്ട്രവാദക്കാരെയും ഇസ്ലാമിക രാഷ്ട്രവാദികളേയും ചെറുക്കുകതന്നെ ചെയ്യും. അതുകൊണ്ടാണ് എന്‍ഡിഎഫുകാര്‍ മുമ്പ് മഞ്ചേരിയിലെ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. മറ്റൊരുഘട്ടത്തില്‍ തിരൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ ബാപ്പുട്ടിയെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഭീകരമായി പരുക്കേല്‍പിച്ചു. അന്ന് എംഎല്‍എ ആയിരുന്ന ഇ ടി മുഹമ്മദ്ബഷീര്‍ പറഞ്ഞത് ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നാണ്; വെറുതെയല്ല ആര്യാടന്‍ മുഹമ്മദ് ബഷീറിനെ നല്ല "ഒന്നാംതരം വര്‍ഗീയവാദി" എന്നു വിളിച്ചത്. ആ തലയ്ക്ക് ആ തൊപ്പി നന്നായി ചേരുമെന്ന് കൂടെ കഴിയുന്ന ആര്യാടന് നന്നായി അറിയും. ഏതെങ്കിലും ഒരു കെ എം ഷാജിയോ, സാദിക്കോ ചേര്‍ന്നാല്‍ ലീഗാകില്ല. സാധാരണ പറയാറുണ്ട്. "ഒറ്റ മരം കാടാകില്ല" എന്ന്. തീരപ്രദേശമാകെ എന്‍ഡിഎഫ്/എസ്ഡിപിഐ തീവ്രവാദികള്‍ കയ്യടക്കുകയാണ് എന്നും അവരെ നേരിടാന്‍ എല്ലാ ജനാധിപത്യവാദികളും കൈകോര്‍ക്കണമെന്നും അവര്‍ പറയുമ്പോള്‍ അതില്‍ കാര്യമുണ്ട്. എന്നാല്‍ അത്, അവരല്ല "പറയേണ്ടവര്‍" പറയണം. ഞങ്ങള്‍ എന്‍ഡിഎഫ്/എസ്ഡിപിഐക്കാരുമായി മാത്രമല്ല ആര്‍എസ്എസുകാരുമായും നേരിട്ടേറ്റുമുട്ടുകയാണ്. അത് അങ്ങോട്ടുപോയി ആക്രമിച്ചിട്ടല്ല. സിപിഐ എം കൈകാര്യംചെയ്യുന്ന രാഷ്ട്രീയത്തോടുള്ള അവരുടെ പകയാണ് സിപിഐ എമ്മിനെ ആക്രമിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. തിരൂരങ്ങാടിയിലെ അരിയല്ലൂരില്‍ സിപിഐ എം സ്ഥാപിച്ച സ്തൂപങ്ങളും കൊടിമരവും തകര്‍ത്തുകൊണ്ടാണ് ആര്‍എസ്എസുകാര്‍ സംഘര്‍ഷമുണ്ടാക്കിയത്. പൊലീസ് എസ്ഐക്കുനേരെപോലും വടിവാള്‍ വീശാന്‍ ആര്‍എസ്എസുകാര്‍ ധൈര്യം കാണിച്ചു. സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാനാണ് അവര്‍ ശ്രമിച്ചത്. നവംബര്‍ മാസത്തില്‍ വള്ളിക്കുന്നിലെ അത്താണിക്കല്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ സിപിഐ എം വ്രര്‍ത്തകര്‍ക്കു പരിക്കുപറ്റി. കടകളും ബസ്സ്റ്റോപ്പും അവര്‍ തകര്‍ത്തു. ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കെതിരെ ആര്‍എസ്എസ് നടത്തിയ അക്രമത്തില്‍ "അസംബ്ലി ഓഫ് ഗോഡ്" എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. പാര്‍ടിയുടെ തിരൂര്‍ ഏര്യാകമ്മിറ്റി മെമ്പര്‍ ആയ ബാലകൃഷ്ണനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഭാഗ്യത്തിനാണ് ആ സഖാവ് രക്ഷപ്പെട്ടത്. തലയ്ക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് നിരവധി ആഴ്ചകള്‍ അദ്ദേഹം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അതിശയകരമെന്നു പറയട്ടെ, എന്താണ് മുസ്ലീംലീഗും ആര്‍എസ്എസും തമ്മിലുള്ള ബന്ധം? രാഷ്ട്രീയ ലാഭം കണ്ടാല്‍ അവര്‍ ആര്‍എസ്എസ്കാരായ മാധവന്‍കുട്ടിയേയും രത്നസിംഗിനേയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കേരളീയര്‍ മുമ്പേ കണ്ടതാണ്. ആ കള്ളക്കളി ഇപ്പോഴും തുടരുകയാണ്. പാവപ്പെട്ട മുസ്ലീം സഹോദരന്മാരെ തെറ്റിദ്ധരിപ്പിച്ച് മതത്തിനുവേണ്ടി, ദൈവത്തിനുവേണ്ടി എന്നെല്ലാം പറഞ്ഞ് വോട്ടു ബാങ്കാക്കി നിലനിര്‍ത്തുക മാത്രമാണ് ലീഗിന്റെ ലക്ഷ്യം. മുസ്ലീം ന്യൂനപക്ഷത്തെ ശത്രുവായി പ്രഖ്യാപിക്കുകയും ഇന്ത്യയില്‍ അവര്‍ക്കിടമില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആര്‍എസ്എസിനോട് അവര്‍ക്ക് ഒരു വിരോധവുമില്ല. ഗുജറാത്തിലെ നരഹത്യയെപ്പറ്റിയും നരേന്ദ്രമോഡിയെപ്പറ്റിയും ഒക്കെ ചൂണ്ടിക്കാട്ടി മുസ്ലീം സഹോദരങ്ങളെ ഭയപ്പെടുത്തുന്നത്; കോണ്‍ഗ്രസ് അധികാരത്തില്‍വന്നാലെ ലീഗിന് രക്ഷയുള്ളുഅധികാരമുള്ളൂഭരണമുള്ളു എന്ന് ലീഗുകാര്‍ക്കറിയാം. അതുകൊണ്ടാണ്. ഈ ജനുവരി 28ന് മലപ്പുറം ജില്ലയിലെ കുറുവപഞ്ചായത്തിലെ "തോറാ" വാര്‍ഡില്‍ ലീഗിനും യുഡിഎഫിനും സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. അവര്‍ പിന്തുണച്ചത് 2010ല്‍ അതേ വാര്‍ഡില്‍ താമര അടയാളത്തില്‍ മത്സരിച്ച് അന്ന് 2ാം സ്ഥാനത്തുവന്ന ആര്‍എസ്എസുകാരനായ ജനാര്‍ദ്ദനനെത്തന്നെയാണ്. സിപിഐ എം സ്ഥാനാര്‍ഥി അപ്പുക്കുട്ടനെ തോല്‍പിക്കാനാണ് അവര്‍ സ്വന്തം സ്ഥാനാര്‍ഥി വേണ്ടെന്നുവെച്ച് ആര്‍എസ്എസുകാരനെ സ്വതന്ത്ര ചിഹ്നത്തില്‍ നിര്‍ത്തി പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും 2010ല്‍ ഒന്നും രണ്ടും സ്ഥാനക്കാരായിരുന്ന യുഡിഎഫും ബിജെപിയും ഒന്നിച്ചു നിന്നിട്ടും, അവര്‍ക്ക് ജയിക്കാന്‍ ഭാഗ്യം തുണയ്ക്കേണ്ടിവന്നു. കാരണം എല്‍ഡിഎഫിനും സ്വതന്ത്രനും കിട്ടിയത് 474 വോട്ടുവീതമാണ്. ആ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അവര്‍ക്കൊപ്പം മുമ്പ് നിന്നിരുന്നവര്‍തന്നെ വോട്ടുചെയ്തുവെന്നാണ് അതിനര്‍ഥം. 2014 ജനുവരിയില്‍ ജില്ലയിലുണ്ടായ തിരഞ്ഞെടുപ്പുകളില്‍ 5ല്‍ 4ഉം എല്‍ഡിഎഫ് പിടിച്ചടക്കി. 5ാമത്തേത് നഷ്ടപ്പെട്ടതു കേവലം ഭാഗ്യദോഷംകൊണ്ടുമാത്രം2014ല്‍ 2004 ആവര്‍ത്തിക്കുമെന്നതിന്റെ സൂചനയാണിത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ലീഗിന്റെ കൊലകൊമ്പന്‍ നേതാക്കന്മാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, ഇ ടി മുഹമ്മദുബഷീര്‍ എന്നിവരെ, അവരുടെ കോട്ടകൊത്തളങ്ങളില്‍തന്നെ മലര്‍ത്തിയടിച്ചവരാണ് മലപ്പുറം ജില്ലയിലെ വോട്ടര്‍മാര്‍. ആ പരാജയത്തിന്റെ ഓര്‍മ അവരുടെ ഉറക്കംകെടുത്തുകയാണ്. അതുകൊണ്ടാണ് 2009ലും 2011ലും അവര്‍ സ്വീകരിച്ച അതേ അടവ്മതം പറഞ്ഞും മത നേതാക്കന്മാരെ ഉപയോഗിച്ചും എല്ലാ മുസ്ലീം സംഘടനകളേയും തങ്ങളുടെ ചിറകിനടിയില്‍ കൊണ്ടുവന്ന്, ജയംതേടുക എന്ന "സൃഗാലതന്ത്രം" നടപ്പാക്കാന്‍ ശ്രമിക്കുന്നത്. തിരൂരിലെ "മംഗലം" പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലീഗുമായി തെറ്റി പുറത്തുവന്നവര്‍, ഉള്‍പ്പെടെ രൂപീകരിച്ച വിശാല മുന്നണിയും സിപിഐ എമ്മുമാണ് ലീഗിനെ തോല്‍പിച്ചത്. ഒന്നാംവാര്‍ഡില്‍ തെറിയത്തുവീട്ടില്‍ ഹംസയുടെ മകന്‍ റിയാസ് എസ്ഡിപിഐക്കു വേണ്ടി നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നു. എന്നാല്‍ എസ്ഡിപിഐ നേതൃത്വം ഇടപെട്ട് പ്രചരണം തുടങ്ങിയിരുന്ന ഇയാളെ തടഞ്ഞു. അത് ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടിയായിരുന്നു. ലീഗും എസ്ഡിപിഐയും ഒന്നിച്ചാണ് ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുപിടിച്ചത്. ഏനീന്റെ പുരയ്ക്കല്‍ മജീദ്, തണ്ടലം വളപ്പില്‍ അന്‍വര്‍, തണ്ടലം വളപ്പില്‍ അലി അക്ബര്‍, തലേക്കരവീട്ടില്‍ ഇഫൈല്‍ െ/ീ മുഹമ്മദാലി, കളരിക്കല്‍ അസ്കര്‍, െ/ീ ഇസ്മായില്‍ എ കെ റമീസ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒന്നാം വാര്‍ഡിലും. മൂസാന്റെ പുരയ്ക്കല്‍ റാഫി െ/ീ അബുബക്കര്‍, മൂസാന്റെ പുരയ്ക്കല്‍ ഷൌക്കത്ത് െ/ീ അബുബക്കര്‍, പട്ടണം ഇസ്മായില്‍ െ/ീ ബാപ്പുട്ടി, ഔളാന്റെ പുരയ്ക്കല്‍ അസൈനാര്‍ െ/ീ ഹംസക്കോയ എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ 20ാം വാര്‍ഡിലും അസനാര്‍ പുരയ്ക്കല്‍ മനാഫ്, െ/ീ ചെറിയ റസാഖ് 18ാം വാര്‍ഡിലും സജീവമായി വോട്ടുപിടിക്കാനുണ്ടായിരുന്നു. അങ്ങനെ പരസ്യമായി ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ച എസ്ഡിപിഐക്കും ലീഗിന്റെ തോല്‍വി ഉള്‍ക്കൊള്ളാനായില്ല. പരാജയത്തിന്റെ ജാള്യത മറയ്ക്കാനും തങ്ങളെ തോല്‍പിച്ചതിന്റെ വിരോധം തീര്‍ക്കാനുമാണ് ഗൂഢാലോചന നടത്തി എസ്ഡിപിഐക്കാരനായ കെ ടി ലത്തീഫ്, ആഹ്ലാദ പ്രകടനം നടത്തുന്ന സിപിഐ എം ജാഥയ്ക്കിടയിലേക്ക് വണ്ടിയോടിച്ചു കേറ്റിയതും പ്രശ്നമുണ്ടാക്കിയതും. തികഞ്ഞ ആസൂത്രണത്തോടെ തയ്യാറെടുത്തുനിന്ന എസ്ഡിപിഐ അക്രമിസംഘമാണ് പകരംവീട്ടാന്‍ സിപിഐ എം പ്രവര്‍ത്തകരായ എ കെ മജീദിനേയും ഇഷ്പാടത്ത് ഹര്‍ഷാദിനേയും വെട്ടിവീഴ്ത്തിയത്. നാടിനെ നടുക്കിയ ഈ താലിബാന്‍ മോഡല്‍ തീവ്രവാദി ആക്രമണം, തിരിഞ്ഞു കുത്തുന്നുവെന്ന് കണ്ടപ്പോഴാണ് ലീഗ് പീലാത്തോസിനെപ്പോലെ കൈകഴുകാന്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് കണ്ടാല്‍ ലീഗുകാര്‍ എന്തും ചെയ്യും.

2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നു കണ്ടപ്പോഴാണ് അവര്‍ സിപിഐ എം പ്രവര്‍ത്തകനായ പാവം സുബ്രഹ്മണ്യനെ കുത്തിവീഴ്ത്തിയത്. ഒരു പാവപ്പെട്ട പട്ടികജാതി കുടുംബത്തിന്റെ, ഏക ആശ്രയമായ ഗൃഹനാഥനെയാണ് അന്നവര്‍ കുത്തിക്കൊന്നത്. പ്രബുദ്ധരായ കേരളീയര്‍ ഇതെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ലീഗുകാര്‍ അറിയണം. എന്തായാലും ചില നേതാക്കന്മാരെങ്കിലും, തങ്ങളുടെ കാലിന്നടിയിലെ മണ്ണ്, ഒഴുകിപ്പോകുന്നത് കാണുന്നുണ്ട് എന്നാണ് താഴെ എഴുതിയവരികള്‍ വിളിച്ചുപറയുന്നത്. "മുസ്ലീംലീഗ് പാര്‍ടിയെ കടന്നാക്രമിക്കുവാന്‍ കാര്യവും കാരണവും ഒന്നും വേണമെന്നില്ല. വസ്തുതകള്‍ പരിശോധിക്കുകയോ സമയവും സന്ദര്‍ഭവും നോക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. ഒരു വിഭാഗം യുവജന സംഘടനകള്‍, മഹിളാ സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, ചാനലുകള്‍, പത്രങ്ങള്‍ തുടങ്ങിയ സകലരും ഈ ലീഗ് വിരുദ്ധ ജാഥയില്‍ അണിചേര്‍ന്നുകൊണ്ടിരിക്കയാണ്.

നിലവിലുള്ള ഇടതു രാഷ്ട്രീയ കക്ഷികളും തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളും പറഞ്ഞതുപോരാഞ്ഞിട്ട് പുതിയ രാഷ്ട്രീയ കക്ഷിക്കാര്‍തന്നെയും രൂപീകരിക്കാന്‍ ചിലര്‍ ശ്രമിച്ചുവരുന്നു. എന്തായാലും പ്രമേയങ്ങളായും പത്രസമ്മേളനങ്ങളായും, ചാനല്‍ ചര്‍ച്ചകളായും "ലീഗ് വിഷയം" പൊടിപൊടിക്കുകയാണ്". കെഎന്‍എ ഖാദര്‍ചന്ദ്രിക (18712) "ഇരിക്കുന്ന കൊമ്പു മുറിക്കരുത്". ശരിയാണുസാര്‍, "ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും" എന്നല്ലാതെ എന്തുപറയാന്‍. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയില്‍ പൊതുസമൂഹത്തില്‍നിന്നും മുസ്ലീം ന്യൂനപക്ഷത്തെ വേര്‍തിരിച്ച്, ഒറ്റയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതാണ് ലീഗ് ചെയ്യുന്ന തെറ്റ്. അത് ഹിന്ദുരാഷ്ട്രവാദികളായ ആര്‍എസ്എസുകാരുടെ നിലപാടുകള്‍ ന്യായീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്. വോട്ടുബാങ്കാണ് ലീഗിന്റെ ലക്ഷ്യമെങ്കില്‍ ഒരുപിടി തീവ്രവാദികളെ സൃഷ്ടിച്ച് ജനജീവിതം ദുരിതപൂര്‍ണമാക്കുകയാണ് എന്‍ഡിഎഫ്/എസ്ഡിപിഐ തീവ്രവാദികളുടെ ലക്ഷ്യം. "അങ്ങനെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കലും".
*** പി പി വാസുദേവന്‍

എന്‍ഡിഎഫിന്റെ താലിബാനിസവും മുസ്ലിംലീഗും

മത രാഷ്ട്രവാദത്തിന്റെ ഏറ്റവും വലിയ രൂപമാണ് താലിബാനിസം. ഇസ്ലാമിക സ്വേച്ഛാധിപത്യമാണ് ലോകത്തെ ഈ ഏറ്റവും വലിയ ഭീകര സംഘടനയുടെ പരമ ലക്ഷ്യം. സോഷ്യലിസ്റ്റ് ചേരിയെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം താലിബാന്‍ നേതാവ് ബിന്‍ ലാദന്‍ വഴി ഇസ്ലാമിക ഭീകര സംഘടനകളെ ഏകോപിപ്പിച്ചുവെന്നത് ചരിത്രം. അഫ്ഗാനിസ്താനില്‍ നജീബുള്ളയെ സ്ഥാനഭ്രഷ്ടനാക്കി ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാന്‍ ലാദന്‍ നടത്തിയ ക്രൂരത ഇനിയും മറക്കാനായിട്ടില്ല. ഈ താലിബാന്‍ ട്യൂമറിന്റെ മാതൃകയില്‍ ചെറുതും വലുതുമായ ഒട്ടേറെ തീവ്രവാദ സംഘടനകള്‍ ലോകമാകെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ പരിശീലനവും യഥേഷ്ടം ഫണ്ടും ലഭിക്കുന്ന ഈ ഗ്രൂപ്പിനെ ഇന്ത്യയില്‍ നയിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. താലിബാനിസത്തിന്റെ ഇന്ത്യന്‍ രൂപമാണ് പോപ്പുലര്‍ഫ്രണ്ട് എന്നു പറഞ്ഞാല്‍ തെറ്റില്ല.

കേരളത്തിലെ എന്‍ഡിഎഫ്, തമിഴ്നാട്ടിലെ മനിതൈ പാശറൈ, കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവന്ന സംഘടനകള്‍ ഏകോപിപ്പിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിച്ചത്. പിന്നീട് ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) എന്ന രാഷ്ട്രീയ പാര്‍ടിയും രൂപീകരിച്ചു. ആര്‍എസ്എസും ബിജെപിയുംപോലെ വേര്‍തിരിക്കാനാകാത്ത സംഘടനകളാണിവ രണ്ടും. ഒരേ നേതാക്കള്‍, ഒരേ ഓഫീസ്. ഈ രണ്ട് സംഘടനകളും കേരളത്തില്‍ തങ്ങളുടെ വരവറിയിക്കാന്‍ നടത്തിയ അക്രമങ്ങള്‍ക്ക് കണക്കില്ല. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് തിരൂരില്‍ സിപിഐ എം നേതാക്കളെ വെട്ടിനുറുക്കിയ സംഭവം.

തിരൂര്‍ മംഗലത്ത് പഞ്ചായത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ കുത്തകസീറ്റായ മൂന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ലീഗ് തട്ടകത്തിലെ ഈ അട്ടിമറിജയമാണ് എന്‍ഡിഎഫ് തീവ്രാവാദികളെ പ്രകോപിപ്പിച്ചത്. എക്കാലവും മുസ്ലിംലീഗിനൊപ്പം നിന്ന വലിയൊരു ജനത സിപിഐ എമ്മുമായി അടുത്തത് തെല്ലൊന്നുമല്ല മുസ്ലിലീഗിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന എന്‍ഡിഎഫിനെ പ്രകോപിപ്പിച്ചത്. ആദ്യം ആഹ്ലാദ പ്രകടനത്തിലേക്ക് ബൈക്ക് കയറ്റുക. അതിന്റെ മറവില്‍ ഭീകരാക്രമണം നടത്തുക. ഇതായിരുന്ന മലപ്പുറം ജില്ലയിലെ തീരദേശത്ത് മുസ്ലലിംലീഗിനുവേണ്ടി അക്രമം നടത്തുന്ന എന്‍ഡിഎഫ് ഭീകരവാദികള്‍ ആസുത്രണംചെയ്തത്. ഇവ ഭംഗിയായി അവര്‍ നടത്തുകയും ചെയ്തു. അതെത്ര ക്രൂരമായിരുന്നെന്ന് ലോകം ചാനലുകളിലൂടെ കണ്ടു. ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ കള്ളക്കഥകള്‍ പടയ്ക്കാന്‍ മത്സരിക്കുന്ന ചാനലുകള്‍ ആദ്യം ദൃശ്യങ്ങള്‍ പെട്ടിയിലിട്ട് പൂട്ടിയെങ്കിലും നടുറോഡിലിട്ട് സിപിഐ എം നേതാവിനെയും പ്രവര്‍ത്തകനേയും വടിവാളുകൊണ്ട് വെട്ടുന്ന ദൃശ്യങ്ങള്‍ കൈരളി പീപ്പിളും റിപ്പോര്‍ട്ടറും പുറത്തുവിട്ടതോടെ നില്‍ക്കക്കള്ളിയില്ലാതെ മറ്റു ചാനലുകള്‍ക്കും തിരൂരിലെ താലിബാന്‍ മോഡല്‍ ആക്രമണം സംപ്രേക്ഷണം ചെയ്യേണ്ടിവന്നു. ജനുവരി 29നാണ് എന്‍ഡിഎഫ് സംഘം ലീഗ് പൊലീസ് തണലില്‍ സിപിഐ എം നേതാക്കളെ അരിഞ്ഞുവീഴ്ത്തിയത്. പട്ടാപ്പകല്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഐ എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ കെ മജീദ്, കാര്‍ ഓടിച്ച ഇര്‍ഷാദ് എന്നിവരെയാണ് വെട്ടിയത്. പത്തോളം വരുന്ന ആയുധധാരികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഇരുവരേയും പിടിച്ചിറക്കി തുരുതുരാ വെട്ടുകയായിരുന്നു. മുഖം മറയ്ക്കാതെയെത്തിയ ക്രിമിനലുകളുടെ വെട്ടേറ്റ് നിലത്തുവീണവര്‍ അള്ളാ അള്ളാ എന്നു വിളിച്ചു കരഞ്ഞിട്ടും അല്‍പ്പംപോലും ദയതോന്നാതെ വാളുകൊണ്ട് പിന്നെയും പിന്നെയും വെട്ടി. എന്നിട്ടും അരിശം തീരാത്ത കാടന്‍മാര്‍ വെട്ടേറ്റ് നിലത്തുവീണ ഇരുവരേയും ചവിട്ടുകയും പട്ടികകൊണ്ട് തല്ലുകയും ചെയ്തു. ആക്രമണം കണ്ടുനിന്ന ആരോ ഇതെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ അതിക്രൂരവും ഭീകരവുമായ ആക്രമണത്തിന്റെ ദൃശ്യം കണ്ട ലോകം നടുങ്ങി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ അടുത്തായി നായകള്‍ക്ക് വെട്ടേല്‍ക്കല്‍ പതിവായിരുന്നു. എന്‍ഡിഎഫുകാര്‍ മനുഷ്യനെ വെട്ടാന്‍ പരിശീലിച്ചത് നായയെ വെട്ടിയായിരുന്നെന്ന് അന്നുതന്നെ വ്യാപകമായ സംശയം ഉയര്‍ന്നിരുന്നു. സമാനരീതിയിലായിരുന്നു മിക്ക നായകള്‍ക്കും വെട്ടേറ്റത്. എന്നാല്‍ തിരുവഞ്ചൂരിന്റെ പൊലീസ് ആ കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാതെ നിസ്സാരമായി തള്ളി.

തിരൂരില്‍ എന്‍ഡിഎഫുകാരുടെ വെട്ട് കണ്ടാല്‍ കൃത്യമായ പരിശീലനം നേടിയിട്ടുണ്ടെന്ന് വ്യക്തമാണ്. തിരൂരില്‍ ഇത് ആദ്യ സംഭവമല്ല. ഏതാനും വര്‍ഷം മുമ്പ് പുതിയങ്ങാടിയിലെ നേര്‍ച്ചയുടെ മറവില്‍ തിരൂരിലും പരിസരത്തും അരങ്ങേറിയ അരുംകൊലകള്‍ ആരും മറന്നിട്ടില്ല. എന്‍ഡിഎഫും ആര്‍എസ്എസും ആയുധമെടുത്ത് പോരടിച്ചപ്പോള്‍ അഞ്ച് പേരാണ് മരിച്ചത്. 2006 മാര്‍ച്ച് നാലിന് സിപിഐ എം തിരൂര്‍ എരിയാ കമ്മിറ്റി അംഗവും മല്‍സ്യത്തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന ബാപ്പുട്ടിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. പട്ടാപ്പകല്‍ നടന്ന ആക്രമണത്തില്‍ കഷ്ടിച്ചാണ് ബാപ്പുട്ടിക്ക് ജീവന്‍ തിരികെ കിട്ടിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തിരൂര്‍താനൂര്‍ തീരമേഖലയില്‍ സിപിഐ എമ്മിനെതിരായി ലീഗ് നടത്തുന്ന ആക്രമണങ്ങള്‍ക്കെല്ലാം പിറകില്‍ എന്‍ഡിഎഫ് ആണ്. 2012ല്‍ പെരുന്നാള്‍ ദിനത്തില്‍ തിരൂര്‍ വാടിക്കല്‍ തൂക്കു പാലത്തിന് സമീപം സിപിഐ എം പ്രവര്‍ത്തകരെ എന്‍ഡിഎഫുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ആരും മറന്നിട്ടുണ്ടാകില്ല. മംഗലത്ത് ലീഗ് തോറ്റതില്‍ എന്‍ഡിഎഫിനെന്ത് കാര്യം എന്ന് ചോദിക്കുന്നവരുണ്ട്. ലീഗും എന്‍ഡിഎഫും തമ്മിലുള്ള അഗാധമായ ബന്ധം അറിയാത്തവര്‍ക്കേ അത്തരം സംശയമുണ്ടാകൂ. തങ്ങള്‍ അക്രമങ്ങള്‍ക്കെതിരാണെന്ന് പറയുന്ന ലീഗിന്റെ ഇരുണ്ട മുഖമാണ് ഇവിടെ ദൃശ്യമാകുന്നത്. ചോരപുരണ്ട ആയുധങ്ങളും ബോംബുകളും തങ്ങള്‍ക്ക് നിഷിദ്ധമല്ലെന്ന് നാദാപുരത്തെ ലീഗ് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ. തങ്ങളുടെ ചിറകിനടിയില്‍ ഒളിപ്പിച്ച് ചൂടും ചൂരും നല്‍കിയാണ് ലീഗ് എന്‍ഡിഎഫ് എന്ന ഭീകര സംഘടനയെ വളര്‍ത്തുന്നത്. നാദാപുരത്ത് ഇല്ലാത്ത ബലാത്സംഗ കഥയുണ്ടാക്കി അതിന്റെ മറവില്‍ സിപിഐ എം പ്രവര്‍ത്തകന്‍ ഈന്തുള്ളതില്‍ ബിനുവിനെ കൊന്ന എന്‍ഡിഎഫുകാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കിയത് ലീഗായിരുന്നു. അന്നു തുടങ്ങിയതാണ് ഈ 'ഭായ് ഭായ്' ബന്ധം.

മലപ്പുറം ജില്ലയില്‍ എന്‍ഡിഎഫ് നടത്തിയ എല്ലാ ആക്രമണങ്ങള്‍ക്കും മുസ്ലിംലീഗിന്റെ പിന്തുണയുണ്ടായിരുന്നു. ലീഗിനുവേണ്ടിയായിരുന്നു എന്‍ഡിഎഫ് അക്രമം നടത്തിയതെന്ന് പറയുന്നതാകും ശരി. ഇതിന് പ്രത്യുപകാരമായി എന്‍ഡിഎഫിനെ ഭരണ സ്വാധീനവും പണവും ഉപയോഗിച്ച് ലീഗ് സംരക്ഷിച്ചു. കൊണ്ടോട്ടിക്കടുത്ത അരിമ്പ്രയില്‍ കോണ്‍ഗ്രസുകാരെ ആക്രമിച്ച കേസിലെ പ്രതികളായ എന്‍ഡിഎഫുകാര്‍ക്കെതിരായ കേസ് 2001ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചത് വിവാദമായിരുന്നു. കൊണ്ടോട്ടി എംഎല്‍എ ആയിരുന്ന കെഎന്‍എ ഖാദറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു കേസ്പിന്‍വലിച്ചത്. പിന്നീട് മഞ്ചേരയില്‍ സിഐടിയു നേതാവ് ഷംസു പുന്നക്കലിനെയും തിരൂരിലെ മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവ് ബാപ്പുട്ടിയേയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളേയും സംരക്ഷിച്ചത് ലീഗാണ്. മലപ്പുറം ജില്ലയില്‍ പുതിയ തലമുറയിലെ മുസ്ലിം യുവാക്കള്‍ സിപിഐ എമ്മിനോട് അടുക്കുന്നതില്‍ വിറളിപൂണ്ടാണ് എന്‍ഡിഎഫിനെ ഇറക്കി ലീഗ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.

പകല്‍ ലീഗും രാത്രി എന്‍ഡിഎഫുമായി നടക്കുന്ന നിരവധി യുവാക്കളെ ഇവിടെ കാണാം. എന്നാല്‍ ഈ സത്യം മറച്ച് തങ്ങള്‍ക്ക് എന്‍ഡിഎഫുമായി ഒരു ബന്ധവുമില്ലെന്ന് ലീഗ് നേതാക്കള്‍ ഗീര്‍വാണമടിക്കുമ്പോള്‍ ചിരിക്കുകയല്ലാതെ നിവൃത്തിയില്ല. ആര്‍എസ്എസിന്റെ മുസ്ലിം ആക്രമണങ്ങളെ പ്രതിരോധിക്കാനെന്ന പേരിലാണ് എന്‍ഡിഎഫ് മുസ്ലിം യുവാക്കള്‍ക്കിടയില്‍ വേരൂന്നിയത്. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കും ഗുജറാത്ത് കലാപത്തിനും ശേഷമുണ്ടായ അരക്ഷിതാവസ്ഥയില്‍ എരിവ് പകര്‍ന്നാണ് എന്‍ഡിഎഫ് ഈ അജന്‍ഡ നടപ്പാക്കുന്നത്. എന്നാല്‍ കേരളത്തില്‍ എന്‍എഡിഎഫ് ആയുധമണിയുന്നത് സിപിഐ എം പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനാണ്. കൊല്ലം പുനലൂരിലെ അഷ്റഫ് വധവും നാദാപുരത്തെ ബിനുവധവും ഇപ്പോള്‍ തിരൂരില്‍ നടന്ന താലിബാന്‍ മോഡല്‍ വധശ്രമവും തെളിയിക്കുന്നത് ഇതാണ്. ഈ കിരാതവാഴ്ചക്ക് എന്‍ഡിഎഫിന്റെ പിന്തുണയില്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരും മുസ്ലിംലീഗും എല്ലാ പിന്തുണയും നല്‍കുന്നത് നാം തിരിച്ചറിയാതെപോകരുത്.

** റഷീദ് ആനപ്പുറം

സിബിഐ അന്വേഷണം: പ്രീതിപ്പെടുത്തേണ്ടത് ആരെ?

മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞചെയ്യുന്നത് ഭീതിയോ പ്രീതിയോ കൂടാതെ ഭരണഘടനാചുമതല നിറവേറ്റും എന്നാണ്. ഈ സത്യവാചകത്തിന് നേര്‍വിരുദ്ധമായ നിലയിലാണ് കേരളത്തിലെ യുഡിഎഫ് മന്ത്രിസഭ ഇപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ടി പി ചന്ദ്രശേഖരന്‍ കേസിലെ ഇപ്പോഴത്തെ നീക്കങ്ങള്‍.

ആരെങ്കിലും നിരാഹാരം കിടന്നാല്‍ അതിന്റെ പേരില്‍ നടത്താനുള്ളതാണോ സിബിഐ അന്വേഷണം? കേരളത്തില്‍ ഒട്ടനവധിവധക്കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഓരോന്നിന്റെയുംപേരില്‍ ഓരോകൂട്ടര്‍ വന്ന് സെക്രട്ടറിയറ്റിനുമുമ്പില്‍ നിരാഹാരം കിടക്കുന്നുവെന്നുവയ്ക്കുക. എല്ലാ കേസുകളും സിബിഐക്കു വിടുമോ? ഈ ഒരു കേസില്‍മാത്രം എന്തുകൊണ്ടാണ് യുഡിഎഫ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇത്രയേറെ താല്‍പ്പര്യം? ഭയമോ പ്രീതിയോ മാനദണ്ഡമാക്കാതെ ഭരണം നിര്‍വഹിക്കുമെന്ന് പ്രതിജ്ഞചെയ്തവര്‍ ഭയക്കുകയും ഭയപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്; പ്രീതിനേടാനും പ്രീതിപ്പെടുത്താനും ശ്രമിക്കുകയുമാണ്. ഭയക്കുന്നത് തങ്ങളുടെ ഭരണ ദുഷ്ചെയ്തികള്‍ക്കെതിരെ ഉയരുന്ന ജനരോഷത്തെ. ആ ഭയത്തില്‍നിന്നാണ് ഭയപ്പെടുത്താനുള്ള നീക്കമുണ്ടാവുന്നത്. ഭയപ്പെടുത്താന്‍ നോക്കുന്നത് ആ ജനരോഷത്തിന്റെ ചാമ്പ്യന്മാരായി നില്‍ക്കുന്ന പ്രതിപക്ഷത്തെ, പ്രത്യേകിച്ച് ഇടതുപക്ഷത്തെ നേതാക്കളെ. പ്രീതിപ്പെടുത്താന്‍ നോക്കുന്നത് സിപിഐഎമ്മിനെ ഏത് വിധേനയും തകര്‍ക്കണമെന്ന ആഗ്രഹത്തില്‍ കവിഞ്ഞ ഒരു രാഷ്ട്രീയവും ഇല്ലാത്ത ഒഞ്ചിയത്തെ ഒരു സംഘത്തെ. അവരെ പ്രീതിപ്പെടുത്തി രാഷ്ട്രീയമായി കേരളത്തിലാകെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന് ഇവര്‍ ധരിക്കുന്നു. അധികാരത്തെ ഇതിനുള്ള ഉപകരണമായി മാറ്റുന്നു. ഭരണഘടനയ്ക്കുമുമ്പിലെന്നല്ല, ജനവികാരത്തിനുമുമ്പിലും ഈ കാപട്യം വിലപ്പോവില്ല.

ടി പി ചന്ദ്രശേഖരന്‍വധം ഇവരുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന പൊലീസിനെക്കൊണ്ടുതന്നെ അന്വേഷിപ്പിച്ചതാണ്. രാഷ്ട്രീയമായ ഇടപെടലില്‍ ഏതാണ്ട് നൂറോളംപേരെ ഈ കേസില്‍ കുരുക്കിയിടുന്നതരത്തിലുള്ള ഒരു ചാര്‍ജ്ഷീറ്റ് പൊലീസ് തയ്യാറാക്കി. വിചാരണ നടന്നു. പൊലീസ് കുരുക്കിയ മഹാഭൂരിപക്ഷംപേരെയും കോടതി നിരപരാധികളെന്നുകണ്ട് വിട്ടയച്ചു. അന്വേഷണപ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണത്തില്‍ അപര്യാപ്തതയുണ്ടെന്നു തോന്നിയിരുന്നെങ്കില്‍ ഇവര്‍ക്കിത് സിബിഐക്ക് വിടാമായിരുന്നു. എന്നാല്‍, അപ്പോഴൊക്കെ ആഭ്യന്തരമന്ത്രിയും സര്‍ക്കാരും പറഞ്ഞുകൊണ്ടിരുന്നത് അന്വേഷണം തൃപ്തികരമായി പൂര്‍ത്തിയാവുന്നു എന്നാണ്. പൂര്‍ത്തിയായശേഷമോ കുറ്റപത്രം സമര്‍പ്പിച്ചവേളയിലോ ഇവര്‍ക്ക് അതൃപ്തി തോന്നിയില്ല. സിബിഐ അന്വേഷണം നടത്തേണ്ടതുണ്ടെന്നു തോന്നിയില്ല. പിന്നീട് എപ്പോഴാണിത് തോന്നിയത്? രാഷ്ട്രീയ വൈരനിര്യാതനബുദ്ധിയോടെ പൊലീസിനെക്കൊണ്ട് ഒട്ടേറെ സിപിഐ എം നേതാക്കളെ കെണിയിലാക്കിച്ച കാപട്യം കോടതിവിധിയിലൂടെ പൊളിഞ്ഞപ്പോള്‍. കെട്ടിപ്പൊക്കിയ കള്ളക്കഥ ചീട്ടുകൊട്ടാരംപോലെ കോടതി മുമ്പാകെ തകര്‍ന്നുവീണ് സിപിഐ എം കുറ്റവിമുക്തമായപ്പോള്‍. അപ്പോഴാണ് വിധിവരെ വന്നുകഴിഞ്ഞ കേസ് സിബിഐക്ക് വിടാമെന്ന ആലോചനയിലേക്ക് കെ കെ രമയും കോണ്‍ഗ്രസ് നേതാക്കളും കടന്നത്.

വിധിവന്ന കേസ് ഇനി സിബിഐക്കു വിടുന്നത് നിയമപരമായി സാധുവായ കാര്യമല്ല. അതിനപ്പുറം വിലപ്പെട്ട സമയം ഇതിനായി നീക്കിവച്ച കോടതിയെയും വിധി പറഞ്ഞ ജഡ്ജിയെയും അപഹസിക്കലാണുതാനും. സിബിഐക്ക് വിടേണ്ടതാണീ കേസ് എന്നുതോന്നിയിരുന്നെങ്കില്‍ എന്തിന് കോടതിയെയും ജഡ്ജിയെയുംകൊണ്ട് ഇങ്ങനെയൊരു വിഡ്ഢിവേഷം കെട്ടിച്ചു? ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ചോര്‍ത്തിക്കളയാന്‍ ഭരണഘടനതൊട്ട് സത്യപ്രതിജ്ഞയെടുത്തിട്ടുള്ളവര്‍തന്നെ ശ്രമിക്കുന്നു എന്നല്ലേ ഇതില്‍നിന്ന് മനസിലാക്കേണ്ടത്. കോടതി തങ്ങള്‍ കല്‍പ്പിക്കുംപോലെ വിധി പറഞ്ഞാല്‍ കോടതി വിധിയെ മാനിക്കും. തങ്ങളുടെ കല്‍പ്പനപ്രകാരമല്ല വിധിയെങ്കില്‍ കേന്ദ്ര പൊലീസിനെക്കൊണ്ട് ആ വിധി അസ്ഥിരപ്പെടുത്താന്‍ നോക്കും. ഇതല്ലേ നിലപാട്? കോടതിക്കുമേലെയാണോ സിബിഐ?

വഴിവിട്ട് എന്തെല്ലാം കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്? ഏറെ വൈകി രമയില്‍നിന്ന് ഒരു പരാതി എഴുതി വാങ്ങി മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുക. സിബിഐക്കു കേസ് റഫര്‍ ചെയ്യാനുള്ള ക്യാബിനറ്റ് നോട്ട് ആദ്യമേ തയ്യാറാക്കിവയ്ക്കുക. അക്കാര്യം രമയെ അറിയിച്ച് ക്യാബിനറ്റിന്റെ യോഗത്തിന് രണ്ടുനാള്‍മുമ്പ് അവരെക്കൊണ്ട് നിരാഹാരം അനുഷ്ഠിപ്പിക്കുക. ഇങ്ങനെ തിരക്കഥ പുരോഗമിക്കുമ്പോഴാണ് ഒരു നിയമസാങ്കേതിക പ്രശ്നം മുമ്പില്‍ വരുന്നത്. കോടതി വിധി പറഞ്ഞ കേസുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് ഉണ്ടാക്കിയാല്‍തന്നെ പ്രാഥമിക അന്വേഷണമെങ്കിലും ഇവിടത്തെ പൊലീസ് നടത്തിയതിന്റെ റിപ്പോര്‍ട്ടുണ്ടായാലേ സിബിഐ പരിഗണനയ്ക്കുപോലും എടുക്കാനിടയുള്ളൂ എന്നതാണത്. ഉടനെ, ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക ടീമിനെ വളരെ വൈകി നിയോഗിച്ചു. എന്താണ് ഈ ടീമിന്റെ പണി? സിബിഐ അന്വേഷിക്കാന്‍മാത്രം കഴമ്പുള്ളതാണ് ഈ കേസ് എന്നു വരുത്തുന്ന ഒരു അടിത്തറ കൃത്രിമമായി ഉണ്ടാക്കുക എന്നതുതന്നെ.

പ്രത്യേക ടീം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അതിന്റെ അടിസ്ഥാനത്തില്‍ സിബിഐക്ക് വിടുകയല്ല, മറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ രാഷ്ട്രീയമായി തീരുമാനിച്ചിട്ട് അതിനുതക്കവിധത്തിലുള്ള ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിത്തരാന്‍ പ്രത്യേക പൊലീസ് ടീമിനോട് ആവശ്യപ്പെടുക. കാളയ്ക്കുമുമ്പില്‍ വണ്ടിയെ കെട്ടുക എന്ന രീതി! സിപിഐ എമ്മിന്റെ കുറെ നേതാക്കളെക്കൂടി കുരുക്കിയിട്ട് കേസ് തീര്‍ന്നുപോകാതെ കത്തിച്ചുനിര്‍ത്തി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കലാണിത്. പൊലീസിനെ ഇതുപോലെ നികൃഷ്ടമായി രാഷ്ട്രീയ വൈരനിര്യാതനത്തിനുപയോഗിച്ച ദൃഷ്ടാന്തങ്ങള്‍ അധികമില്ല. ഈ പ്രക്രിയയില്‍ എന്തെല്ലാം കോമാളിവേഷങ്ങളാണ് യുഡിഎഫും അതിന്റെ മന്ത്രിമാരും എടുത്തണിയുന്നത്? രാഷ്ട്രീയമായി യുഡിഎഫിന് വേണ്ടിതന്നെയുള്ളതാണെങ്കിലും സാങ്കേതികമായി നോക്കിയാല്‍ സര്‍ക്കാരില്‍നിന്ന് നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് രമയുടെ സമരം. ആ സമരത്തെ സമരപ്പന്തലില്‍ചെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തന്നെ അഭിവാദ്യംചെയ്യുന്നത് കേരളം കണ്ടു. ഒരു കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുമ്പോള്‍ കേരളപൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല എന്നു കൂടിയാണല്ലോ അര്‍ഥമാക്കുന്നത്. കേരള പൊലീസ് ഈ കേസ് അന്വേഷിച്ചപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചയാളാണു തിരുവഞ്ചൂര്‍. അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തെ അഭിവാദ്യംചെയ്യുന്നു എന്നു പറഞ്ഞാല്‍, തന്റെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തനിക്കുതന്നെ വിശ്വാസമില്ല എന്നു പ്രഖ്യാപിക്കലല്ലേ അത്? ഇതില്‍ കവിഞ്ഞ ഒരു കോമാളിവേഷം കേരളത്തില്‍ അരങ്ങേറിയിട്ടുണ്ടോ?

ആര്‍എംപി എന്നു സ്വയം വിളിക്കുന്ന ചിലയാളുകള്‍ ഒരു ആവശ്യം ഉന്നയിക്കുന്നു. ആ ആവശ്യം വരുമ്പോള്‍ അതുയര്‍ത്തുന്ന സാങ്കേതിക പ്രശ്നം മുന്‍നിര്‍ത്തി മന്ത്രിസഭായോഗംപോലും യുഡിഎഫ് മാറ്റിവയ്ക്കുന്നു. മന്ത്രിസഭയ്ക്ക് മുന്നില്‍ വേറെയും അജന്‍ഡകളില്ലേ? അതൊന്നും പരിഗണിക്കേണ്ടതില്ലേ? അതോ മന്ത്രിസഭയ്ക്ക് സിബിഐ പ്രശ്നം മാത്രമേ ചര്‍ച്ചചെയ്യാനുള്ളോ? ആ പ്രശ്നം ചര്‍ച്ചയ്ക്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ മന്ത്രിസഭായോഗമേ വേണ്ട എന്ന നിലയിലായോ?- കോമാളിത്തത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണിത്. ഏതായാലും ഒരു കാര്യം പറയട്ടെ, രാഷ്ട്രീയവൈരനിര്യാതനത്തിനുള്ള ആയുധമായി അധികാരത്തെ ദുരുപയോഗിക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാവും ഒടുവില്‍ ചെന്നുവീഴുക. ചരിത്രം എത്രയോ തവണ അക്കാര്യം തെളിയിച്ചിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം