13 February, 2014

എന്‍ഡിഎഫിന്റെ താലിബാനിസവും മുസ്ലിംലീഗും

മത രാഷ്ട്രവാദത്തിന്റെ ഏറ്റവും വലിയ രൂപമാണ് താലിബാനിസം. ഇസ്ലാമിക സ്വേച്ഛാധിപത്യമാണ് ലോകത്തെ ഈ ഏറ്റവും വലിയ ഭീകര സംഘടനയുടെ പരമ ലക്ഷ്യം. സോഷ്യലിസ്റ്റ് ചേരിയെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം താലിബാന്‍ നേതാവ് ബിന്‍ ലാദന്‍ വഴി ഇസ്ലാമിക ഭീകര സംഘടനകളെ ഏകോപിപ്പിച്ചുവെന്നത് ചരിത്രം. അഫ്ഗാനിസ്താനില്‍ നജീബുള്ളയെ സ്ഥാനഭ്രഷ്ടനാക്കി ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാന്‍ ലാദന്‍ നടത്തിയ ക്രൂരത ഇനിയും മറക്കാനായിട്ടില്ല. ഈ താലിബാന്‍ ട്യൂമറിന്റെ മാതൃകയില്‍ ചെറുതും വലുതുമായ ഒട്ടേറെ തീവ്രവാദ സംഘടനകള്‍ ലോകമാകെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ പരിശീലനവും യഥേഷ്ടം ഫണ്ടും ലഭിക്കുന്ന ഈ ഗ്രൂപ്പിനെ ഇന്ത്യയില്‍ നയിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. താലിബാനിസത്തിന്റെ ഇന്ത്യന്‍ രൂപമാണ് പോപ്പുലര്‍ഫ്രണ്ട് എന്നു പറഞ്ഞാല്‍ തെറ്റില്ല.

കേരളത്തിലെ എന്‍ഡിഎഫ്, തമിഴ്നാട്ടിലെ മനിതൈ പാശറൈ, കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവന്ന സംഘടനകള്‍ ഏകോപിപ്പിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിച്ചത്. പിന്നീട് ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) എന്ന രാഷ്ട്രീയ പാര്‍ടിയും രൂപീകരിച്ചു. ആര്‍എസ്എസും ബിജെപിയുംപോലെ വേര്‍തിരിക്കാനാകാത്ത സംഘടനകളാണിവ രണ്ടും. ഒരേ നേതാക്കള്‍, ഒരേ ഓഫീസ്. ഈ രണ്ട് സംഘടനകളും കേരളത്തില്‍ തങ്ങളുടെ വരവറിയിക്കാന്‍ നടത്തിയ അക്രമങ്ങള്‍ക്ക് കണക്കില്ല. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് തിരൂരില്‍ സിപിഐ എം നേതാക്കളെ വെട്ടിനുറുക്കിയ സംഭവം.

തിരൂര്‍ മംഗലത്ത് പഞ്ചായത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ കുത്തകസീറ്റായ മൂന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ലീഗ് തട്ടകത്തിലെ ഈ അട്ടിമറിജയമാണ് എന്‍ഡിഎഫ് തീവ്രാവാദികളെ പ്രകോപിപ്പിച്ചത്. എക്കാലവും മുസ്ലിംലീഗിനൊപ്പം നിന്ന വലിയൊരു ജനത സിപിഐ എമ്മുമായി അടുത്തത് തെല്ലൊന്നുമല്ല മുസ്ലിലീഗിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന എന്‍ഡിഎഫിനെ പ്രകോപിപ്പിച്ചത്. ആദ്യം ആഹ്ലാദ പ്രകടനത്തിലേക്ക് ബൈക്ക് കയറ്റുക. അതിന്റെ മറവില്‍ ഭീകരാക്രമണം നടത്തുക. ഇതായിരുന്ന മലപ്പുറം ജില്ലയിലെ തീരദേശത്ത് മുസ്ലലിംലീഗിനുവേണ്ടി അക്രമം നടത്തുന്ന എന്‍ഡിഎഫ് ഭീകരവാദികള്‍ ആസുത്രണംചെയ്തത്. ഇവ ഭംഗിയായി അവര്‍ നടത്തുകയും ചെയ്തു. അതെത്ര ക്രൂരമായിരുന്നെന്ന് ലോകം ചാനലുകളിലൂടെ കണ്ടു. ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ കള്ളക്കഥകള്‍ പടയ്ക്കാന്‍ മത്സരിക്കുന്ന ചാനലുകള്‍ ആദ്യം ദൃശ്യങ്ങള്‍ പെട്ടിയിലിട്ട് പൂട്ടിയെങ്കിലും നടുറോഡിലിട്ട് സിപിഐ എം നേതാവിനെയും പ്രവര്‍ത്തകനേയും വടിവാളുകൊണ്ട് വെട്ടുന്ന ദൃശ്യങ്ങള്‍ കൈരളി പീപ്പിളും റിപ്പോര്‍ട്ടറും പുറത്തുവിട്ടതോടെ നില്‍ക്കക്കള്ളിയില്ലാതെ മറ്റു ചാനലുകള്‍ക്കും തിരൂരിലെ താലിബാന്‍ മോഡല്‍ ആക്രമണം സംപ്രേക്ഷണം ചെയ്യേണ്ടിവന്നു. ജനുവരി 29നാണ് എന്‍ഡിഎഫ് സംഘം ലീഗ് പൊലീസ് തണലില്‍ സിപിഐ എം നേതാക്കളെ അരിഞ്ഞുവീഴ്ത്തിയത്. പട്ടാപ്പകല്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഐ എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ കെ മജീദ്, കാര്‍ ഓടിച്ച ഇര്‍ഷാദ് എന്നിവരെയാണ് വെട്ടിയത്. പത്തോളം വരുന്ന ആയുധധാരികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഇരുവരേയും പിടിച്ചിറക്കി തുരുതുരാ വെട്ടുകയായിരുന്നു. മുഖം മറയ്ക്കാതെയെത്തിയ ക്രിമിനലുകളുടെ വെട്ടേറ്റ് നിലത്തുവീണവര്‍ അള്ളാ അള്ളാ എന്നു വിളിച്ചു കരഞ്ഞിട്ടും അല്‍പ്പംപോലും ദയതോന്നാതെ വാളുകൊണ്ട് പിന്നെയും പിന്നെയും വെട്ടി. എന്നിട്ടും അരിശം തീരാത്ത കാടന്‍മാര്‍ വെട്ടേറ്റ് നിലത്തുവീണ ഇരുവരേയും ചവിട്ടുകയും പട്ടികകൊണ്ട് തല്ലുകയും ചെയ്തു. ആക്രമണം കണ്ടുനിന്ന ആരോ ഇതെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ അതിക്രൂരവും ഭീകരവുമായ ആക്രമണത്തിന്റെ ദൃശ്യം കണ്ട ലോകം നടുങ്ങി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ അടുത്തായി നായകള്‍ക്ക് വെട്ടേല്‍ക്കല്‍ പതിവായിരുന്നു. എന്‍ഡിഎഫുകാര്‍ മനുഷ്യനെ വെട്ടാന്‍ പരിശീലിച്ചത് നായയെ വെട്ടിയായിരുന്നെന്ന് അന്നുതന്നെ വ്യാപകമായ സംശയം ഉയര്‍ന്നിരുന്നു. സമാനരീതിയിലായിരുന്നു മിക്ക നായകള്‍ക്കും വെട്ടേറ്റത്. എന്നാല്‍ തിരുവഞ്ചൂരിന്റെ പൊലീസ് ആ കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാതെ നിസ്സാരമായി തള്ളി.

തിരൂരില്‍ എന്‍ഡിഎഫുകാരുടെ വെട്ട് കണ്ടാല്‍ കൃത്യമായ പരിശീലനം നേടിയിട്ടുണ്ടെന്ന് വ്യക്തമാണ്. തിരൂരില്‍ ഇത് ആദ്യ സംഭവമല്ല. ഏതാനും വര്‍ഷം മുമ്പ് പുതിയങ്ങാടിയിലെ നേര്‍ച്ചയുടെ മറവില്‍ തിരൂരിലും പരിസരത്തും അരങ്ങേറിയ അരുംകൊലകള്‍ ആരും മറന്നിട്ടില്ല. എന്‍ഡിഎഫും ആര്‍എസ്എസും ആയുധമെടുത്ത് പോരടിച്ചപ്പോള്‍ അഞ്ച് പേരാണ് മരിച്ചത്. 2006 മാര്‍ച്ച് നാലിന് സിപിഐ എം തിരൂര്‍ എരിയാ കമ്മിറ്റി അംഗവും മല്‍സ്യത്തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന ബാപ്പുട്ടിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. പട്ടാപ്പകല്‍ നടന്ന ആക്രമണത്തില്‍ കഷ്ടിച്ചാണ് ബാപ്പുട്ടിക്ക് ജീവന്‍ തിരികെ കിട്ടിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തിരൂര്‍താനൂര്‍ തീരമേഖലയില്‍ സിപിഐ എമ്മിനെതിരായി ലീഗ് നടത്തുന്ന ആക്രമണങ്ങള്‍ക്കെല്ലാം പിറകില്‍ എന്‍ഡിഎഫ് ആണ്. 2012ല്‍ പെരുന്നാള്‍ ദിനത്തില്‍ തിരൂര്‍ വാടിക്കല്‍ തൂക്കു പാലത്തിന് സമീപം സിപിഐ എം പ്രവര്‍ത്തകരെ എന്‍ഡിഎഫുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ആരും മറന്നിട്ടുണ്ടാകില്ല. മംഗലത്ത് ലീഗ് തോറ്റതില്‍ എന്‍ഡിഎഫിനെന്ത് കാര്യം എന്ന് ചോദിക്കുന്നവരുണ്ട്. ലീഗും എന്‍ഡിഎഫും തമ്മിലുള്ള അഗാധമായ ബന്ധം അറിയാത്തവര്‍ക്കേ അത്തരം സംശയമുണ്ടാകൂ. തങ്ങള്‍ അക്രമങ്ങള്‍ക്കെതിരാണെന്ന് പറയുന്ന ലീഗിന്റെ ഇരുണ്ട മുഖമാണ് ഇവിടെ ദൃശ്യമാകുന്നത്. ചോരപുരണ്ട ആയുധങ്ങളും ബോംബുകളും തങ്ങള്‍ക്ക് നിഷിദ്ധമല്ലെന്ന് നാദാപുരത്തെ ലീഗ് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ. തങ്ങളുടെ ചിറകിനടിയില്‍ ഒളിപ്പിച്ച് ചൂടും ചൂരും നല്‍കിയാണ് ലീഗ് എന്‍ഡിഎഫ് എന്ന ഭീകര സംഘടനയെ വളര്‍ത്തുന്നത്. നാദാപുരത്ത് ഇല്ലാത്ത ബലാത്സംഗ കഥയുണ്ടാക്കി അതിന്റെ മറവില്‍ സിപിഐ എം പ്രവര്‍ത്തകന്‍ ഈന്തുള്ളതില്‍ ബിനുവിനെ കൊന്ന എന്‍ഡിഎഫുകാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കിയത് ലീഗായിരുന്നു. അന്നു തുടങ്ങിയതാണ് ഈ 'ഭായ് ഭായ്' ബന്ധം.

മലപ്പുറം ജില്ലയില്‍ എന്‍ഡിഎഫ് നടത്തിയ എല്ലാ ആക്രമണങ്ങള്‍ക്കും മുസ്ലിംലീഗിന്റെ പിന്തുണയുണ്ടായിരുന്നു. ലീഗിനുവേണ്ടിയായിരുന്നു എന്‍ഡിഎഫ് അക്രമം നടത്തിയതെന്ന് പറയുന്നതാകും ശരി. ഇതിന് പ്രത്യുപകാരമായി എന്‍ഡിഎഫിനെ ഭരണ സ്വാധീനവും പണവും ഉപയോഗിച്ച് ലീഗ് സംരക്ഷിച്ചു. കൊണ്ടോട്ടിക്കടുത്ത അരിമ്പ്രയില്‍ കോണ്‍ഗ്രസുകാരെ ആക്രമിച്ച കേസിലെ പ്രതികളായ എന്‍ഡിഎഫുകാര്‍ക്കെതിരായ കേസ് 2001ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചത് വിവാദമായിരുന്നു. കൊണ്ടോട്ടി എംഎല്‍എ ആയിരുന്ന കെഎന്‍എ ഖാദറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു കേസ്പിന്‍വലിച്ചത്. പിന്നീട് മഞ്ചേരയില്‍ സിഐടിയു നേതാവ് ഷംസു പുന്നക്കലിനെയും തിരൂരിലെ മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവ് ബാപ്പുട്ടിയേയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളേയും സംരക്ഷിച്ചത് ലീഗാണ്. മലപ്പുറം ജില്ലയില്‍ പുതിയ തലമുറയിലെ മുസ്ലിം യുവാക്കള്‍ സിപിഐ എമ്മിനോട് അടുക്കുന്നതില്‍ വിറളിപൂണ്ടാണ് എന്‍ഡിഎഫിനെ ഇറക്കി ലീഗ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.

പകല്‍ ലീഗും രാത്രി എന്‍ഡിഎഫുമായി നടക്കുന്ന നിരവധി യുവാക്കളെ ഇവിടെ കാണാം. എന്നാല്‍ ഈ സത്യം മറച്ച് തങ്ങള്‍ക്ക് എന്‍ഡിഎഫുമായി ഒരു ബന്ധവുമില്ലെന്ന് ലീഗ് നേതാക്കള്‍ ഗീര്‍വാണമടിക്കുമ്പോള്‍ ചിരിക്കുകയല്ലാതെ നിവൃത്തിയില്ല. ആര്‍എസ്എസിന്റെ മുസ്ലിം ആക്രമണങ്ങളെ പ്രതിരോധിക്കാനെന്ന പേരിലാണ് എന്‍ഡിഎഫ് മുസ്ലിം യുവാക്കള്‍ക്കിടയില്‍ വേരൂന്നിയത്. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കും ഗുജറാത്ത് കലാപത്തിനും ശേഷമുണ്ടായ അരക്ഷിതാവസ്ഥയില്‍ എരിവ് പകര്‍ന്നാണ് എന്‍ഡിഎഫ് ഈ അജന്‍ഡ നടപ്പാക്കുന്നത്. എന്നാല്‍ കേരളത്തില്‍ എന്‍എഡിഎഫ് ആയുധമണിയുന്നത് സിപിഐ എം പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനാണ്. കൊല്ലം പുനലൂരിലെ അഷ്റഫ് വധവും നാദാപുരത്തെ ബിനുവധവും ഇപ്പോള്‍ തിരൂരില്‍ നടന്ന താലിബാന്‍ മോഡല്‍ വധശ്രമവും തെളിയിക്കുന്നത് ഇതാണ്. ഈ കിരാതവാഴ്ചക്ക് എന്‍ഡിഎഫിന്റെ പിന്തുണയില്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരും മുസ്ലിംലീഗും എല്ലാ പിന്തുണയും നല്‍കുന്നത് നാം തിരിച്ചറിയാതെപോകരുത്.

** റഷീദ് ആനപ്പുറം

No comments:

Post a Comment

Visit: http://sardram.blogspot.com