13 February, 2014

എസ്ഡിപിഐലീഗ് ഭീകരത തുറന്നുകാട്ടപ്പെടുന്നു

എസ്ഡിപിഐ  ലീഗ് ഭീകരതയുടെ നഗ്നമുഖമാണ് 2014 ജനുവരി 28ന് പട്ടാപ്പകല്‍, തിരൂരില്‍ മംഗലത്തു നടന്ന "സിനിമാ സ്റ്റൈല്‍" ആക്രമണത്തിലൂടെ അനാവരണം ചെയ്യപ്പെട്ടത്. അടുത്തകാലത്തായി ലീഗ് എടുത്തണിയാന്‍ ശ്രമിക്കുന്ന പരിസ്ഥിതി പ്രേമത്തിന്റേയും മനുഷ്യകാരുണ്യ പ്രവര്‍ത്തനത്തിന്റേയും, അന്യമത സൗഹാര്‍ദത്തിന്റേയും പ്രച്ഛന്നമുഖമാണ് അതുവഴി തുറന്നുകാട്ടപ്പെട്ടത്. ലീഗിന്റെ യുവനേതാക്കള്‍, കെ എം ഷാജി എംഎല്‍എയും സാദിക്കുമൊക്കെ, ആയിരം നാവുള്ള അനന്തനെപ്പോലെ ആയിരം തവണ ആവര്‍ത്തിച്ചുപറഞ്ഞാലും, തങ്ങളുടെ നഗ്ന നേത്രങ്ങള്‍കൊണ്ട് കേരളം കണ്ട നേര്‍കാഴ്ചയ്ക്ക്, വേറെ വ്യാഖ്യാനമൊന്നും ആവശ്യമില്ല. തങ്ങള്‍ക്കതില്‍ പങ്കില്ല; എല്ലാം എസ്ഡിപിഐ നടത്തിയ തേര്‍വാഴ്ചയാണ് എന്ന് ലീഗ് ഇപ്പോള്‍ പറയുന്നു. എസ്ഡിപിഐ നേതാവ് ഇഖ്റാമുല്‍ഹഖും അക്രമത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുകയും "അത് ഞമ്മളാണ്" എന്ന് ഏറ്റുപറയുകയും ചെയ്യുന്നു.

പരസ്യമായി പട്ടാപ്പകല്‍, ആയുധവുമായി ഓര്‍ക്കാപ്പുറത്ത് കടന്നുവന്ന്, ബോംബെറിഞ്ഞും കത്തിവീശിയും ആളുകളെ ഭയപ്പെടുത്തി അകറ്റിനിര്‍ത്തി, ഇരകളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്ന ആര്‍എസ്എസ് സ്റ്റൈല്‍ ആക്രമണംതന്നെയാണ് എന്‍ഡിഎഫ്/എസ്ഡിപിഐ ഭീകരരും ചെയ്തുവരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ക്കതില്‍ അഭിമാനമേയുള്ളുവെന്നും അറിയാത്തവരല്ല കേരളീയര്‍. പട്ടികളെ ഓടിച്ചിട്ട്, പായുമ്പോള്‍ കഴുത്തുവെട്ടി പരിശീലനംതേടുന്ന എസ്ഡിപിഐക്കാര്‍ കയ്യറപ്പുതീര്‍ന്നവരാണ് എന്നും ചാനലുകള്‍ പുറത്തുവിട്ട അതിഭീകരമായ ആ കൊടും വെട്ടും വെട്ടേറ്റുവീണവന്റെ മുഖത്തു ചവിട്ടുന്നതും കൂസലില്ലായ്മയും കണ്ടാല്‍ എല്ലാവര്‍ക്കും മനസ്സിലാകും. അതിനാല്‍ ഇഖ്റാമുല്‍ഹഖിന്റെ പ്രസ്താവനയില്‍ ആര്‍ക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല. എന്നാല്‍ അതുവഴി സ്വയം രക്ഷതേടാന്‍ ശ്രമിക്കുന്ന ലീഗിന്റെ കാപട്യം അത്രവേഗം ഉള്‍ക്കൊള്ളാനാകില്ല. ഏതോ ഉപകാരസ്മരണയില്‍, തല്‍ക്കാലം കുറ്റമേറ്റെടുത്തുവെങ്കിലും ലീഗുകാര്‍ പഴയ താത്രിക്കുട്ടിയുടെ കഥയോര്‍ക്കുന്നത് നന്ന്. ഒരുനാള്‍ "ഇനിയും എന്നെക്കൊണ്ടു പറയിക്കണോ?" എന്ന് നാടുവാഴിയോട് താത്രിക്കുട്ടി ചോദിച്ചപ്പോള്‍, പറയാതെ തന്നെ, പറയാതെ വിട്ടതെന്തെന്ന് മാലോകരെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു. ഇവിടെ ഏറെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. മംഗലം പഞ്ചായത്തില്‍ നടന്ന 3 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടാല്‍, എസ്ഡിപിഐ എന്തിന് സിപിഐ എമ്മിന്റെ ആഹ്ലാദപ്രകടനം കലക്കാന്‍ ശ്രമിക്കണം? അതിനിടയില്‍ ഉണ്ടായ ചെറിയ സംഘര്‍ഷത്തിനു പകരം ചോദിക്കാന്‍ എങ്ങനെയാണ് അത്ര പെട്ടെന്ന്, ഒരു ഗറില്ലാ സംഘം ആയുധധാരികളായി കടന്നു വരുന്നത്? ലീഗിന്റെ പരാജയം ആഘോഷിക്കുന്ന സിപിഐ എമ്മുകാര്‍ക്ക് അകമ്പടി സേവിക്കാന്‍ എന്ന നാട്യത്തോടെ മുമ്പിലും പിന്നിലും കൂടെ നടന്ന പൊലീസുകാര്‍, ഇടപെടില്ല എന്ന ഉത്തമ ബോധ്യമില്ലെങ്കില്‍ എങ്ങനെ എസ്ഡിപിഐക്കാര്‍ക്ക് ഇങ്ങനെ അക്രമം നടത്തി രക്ഷപ്പെടാന്‍ കഴിയും? സംഭവം നടക്കുകയും ആ ഭീകരദൃശ്യം ചാനലായ ചാനലുകളൊക്കെ തുടര്‍ച്ചയായി മണിക്കൂറുകളോളം പ്രേക്ഷകരെ കാണിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടും പൊലീസാഫീസര്‍മാര്‍ക്ക് ചിലരെയെങ്കിലും പെട്ടെന്നുതന്നെ അറസ്റ്റുചെയ്യാന്‍ സാധിക്കാതെപോയതും എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ ഉത്തരമേയുള്ളു.

കേരളം ഭരിക്കുന്ന മന്ത്രിസഭയെ വരച്ചവരയില്‍ നിര്‍ത്താന്‍ കെല്‍പുള്ള മുഖ്യ ഭരണകക്ഷി, മുസ്ലീം ലീഗിന്റെ പിന്‍ബലമുള്ളവരാണ് അക്രമികള്‍പിന്നെ മേലാവില്‍നിന്നും അനുമതിയില്ലാതെ അവരെ എങ്ങനെ തൊടാനാകും? എസ്ഡിപിഐയും ലീഗും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ പെട്ടെന്നുണ്ടായതല്ല. ലീഗുകാര്‍ എന്തുതന്നെ പറഞ്ഞാലും ലീഗിനകത്ത് നുഴഞ്ഞുകയറുന്ന എന്‍ഡിഎഫുകാരെ ചൂണ്ടിക്കാട്ടി, ഇതപകടമാണ് എന്ന് രാജ്യസ്നേഹികളായ നല്ല മനുഷ്യര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. സാധാരണ കച്ചവട താല്‍പര്യം മാത്രം മുന്‍നിര്‍ത്തി മതമുപയോഗിച്ച് രാഷ്ട്രീയം കളിച്ചിരുന്ന ലീഗ് പതുക്കെപതുക്കെ മത തീവ്രവാദത്തിലേക്ക് മാറുന്നതും അതിന് തീവ്രവാദമുഖം കൈവരുന്നതുമാണ് 2004 നവംബര്‍ 1ന് കേരളം കണ്ടത്. അന്നാണ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപിതനായ പി കെ കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞു കരിപ്പൂരില്‍ തിരിച്ചെത്തിയത്. തങ്ങളുടെ നേതാവായ ആ വീരപുരുഷന് നല്ലനിലയില്‍ സ്വീകരണം നല്‍കാന്‍ ലീഗുകാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതിന്റെപേരില്‍ അവര്‍ കാട്ടിക്കൂട്ടിയ ഗോഷ്ടികള്‍ എന്തെല്ലാമാണ്? കരിപ്പൂര്‍ വിമാനത്താവളംതന്നെ പിടിച്ചടക്കിയപോലെ തന്ത്രപ്രധാനമായ വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ കേറി ലീഗിന്റെ കൊടികെട്ടി. മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിച്ചു പരിക്കേല്‍പിച്ചു. 2012 ജനുവരി 5ന് ആ കേസിലെ പ്രതികളായ 15 ലീഗുകാര്‍ക്ക് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഒരു വര്‍ഷത്തെ തടവും 3500 രൂപ വീതം പിഴയും വിധിച്ചു. യൂണിയന്‍ ലീഗിന്റെ പുതിയ പ്രസിഡണ്ട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് കാസര്‍കോട്ടുവെച്ച് നല്‍കിയ സ്വീകരണത്തില്‍ ഒരു സംഘം തീവ്രവാദികള്‍ അഴിഞ്ഞാടിയത് പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലാണ്. ഭീകരമായ ഒരു വര്‍ഗീയ കലാപത്തിന്റെ വക്കോളമെത്തിയ ആ സംഭവം ലീഗ്  എന്‍ഡിഎഫ് ബന്ധത്തിന്റെ ജീവനുള്ള ദൃഷ്ടാന്തമാണ്. ആ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന നിസ്സാര്‍ കമ്മീഷന്‍, റിപ്പോര്‍ട്ടുസമര്‍പ്പിക്കുംമുമ്പ് പിരിച്ചുവിട്ടതുകൊണ്ടുമാത്രമാണ് ഒരു സംഘം ലീഗുകാര്‍ ശിക്ഷയില്‍നിന്നും രക്ഷപ്പെട്ടത്. മാറാട് കലാപത്തെക്കുറിച്ചന്വേഷിച്ച കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കേസില്‍ ശിക്ഷവിധിച്ച ന്യായാധിപന്റെ വിധിതീര്‍പ്പിലും ലീഗിന്റെ പുതിയ മുഖം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. കുപ്രസിദ്ധമായ അരിക്കോട്ടു കുനി ഇരട്ടക്കൊലക്കേസില്‍, അധികാരത്തിന്റെ തിണ്ണബലംകൊണ്ടു മാത്രമാണ് എംഎല്‍എ പി കെ ബഷീര്‍ രക്ഷപ്പെട്ടത്. മുസ്ലീംലീഗ് ഏറനാടു മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദുകുട്ടിയടക്കം നിരവധി ലീഗുകാര്‍ ജയിലിലാണ്. അത്തീഖ് റഹ്മാന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ ലീഗ് പ്രവര്‍ത്തകന്‍ മുജീബിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവനതിനു കഴിയട്ടെ എന്നും അഹമ്മദുകുട്ടി പ്രസംഗിച്ചത് 2012 ഫെബ്രുവരി 20നാണ്. എംഎല്‍എ പി കെ ബഷീറും അതേ ഭാഷയിലാണ് പ്രസംഗിച്ചത്. പിന്നീടാണ് അതി ക്രൂരമായ ഇരട്ടക്കൊല നടന്നത്. ചത്തത് കീചകനെങ്കില്‍ കൊന്നതാര് എന്ന് പിന്നെ ചോദിക്കേണ്ടതുണ്ടോ? ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വാലില്ലാപുഴ എംഎഎല്‍പിഎസ് പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ ചവിട്ടിക്കൊന്നതും ലീഗ്കാരാണ്. ആ കേസില്‍ ആരെങ്കിലും സാക്ഷിപറഞ്ഞാല്‍ അവരെ വെട്ടിക്കൊല്ലുമെന്ന് പ്രസംഗിച്ചതും ഈ ലീഗ് എംഎല്‍എയാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആഡിയോ ടേപ്പ് കേരളമാകെ പ്രചരിച്ചതാണ്. ലീഗിന്റെ മാറിവന്ന ക്രൂരമുഖമാണ് ഈ സംഭവങ്ങളിലൂടെയെല്ലാം ചുരുളഴിഞ്ഞത്. ലീഗ് നേതാവ് "മംഗലം" സംഭവത്തെക്കുറിച്ചിറക്കിയ പ്രസ്താവനയില്‍ സിപിഐ എമ്മും എന്‍ഡിഎഫ്/എസ്ഡിപിഐയുമായി നിലനില്‍ക്കുന്ന വൈരത്തെക്കുറിച്ചും സംഘര്‍ഷത്തെക്കുറിച്ചും പറയുകയുണ്ടായി. അത് സത്യവുമാണ്. എന്‍ഡിഎഫ്/എസ്ഡിപിഐ ഭീകര സംഘടനകളുമായി മാത്രമല്ല ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്തണമെന്നു പറയുന്ന ആര്‍എസ്എസിനോടും പാര്‍ടിക്ക് ശത്രുതയുണ്ട്. സോഷ്യലിസവും മതേതരത്വവും സ്വന്തം ജീവനോളംതന്നെ പ്രധാനമാണ് എന്ന് കരുതുന്ന കമ്യൂണിസ്റ്റുകാര്‍, ജീവന്‍കൊടുത്തും ഹൈന്ദവരാഷ്ട്രവാദക്കാരെയും ഇസ്ലാമിക രാഷ്ട്രവാദികളേയും ചെറുക്കുകതന്നെ ചെയ്യും. അതുകൊണ്ടാണ് എന്‍ഡിഎഫുകാര്‍ മുമ്പ് മഞ്ചേരിയിലെ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. മറ്റൊരുഘട്ടത്തില്‍ തിരൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ ബാപ്പുട്ടിയെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഭീകരമായി പരുക്കേല്‍പിച്ചു. അന്ന് എംഎല്‍എ ആയിരുന്ന ഇ ടി മുഹമ്മദ്ബഷീര്‍ പറഞ്ഞത് ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നാണ്; വെറുതെയല്ല ആര്യാടന്‍ മുഹമ്മദ് ബഷീറിനെ നല്ല "ഒന്നാംതരം വര്‍ഗീയവാദി" എന്നു വിളിച്ചത്. ആ തലയ്ക്ക് ആ തൊപ്പി നന്നായി ചേരുമെന്ന് കൂടെ കഴിയുന്ന ആര്യാടന് നന്നായി അറിയും. ഏതെങ്കിലും ഒരു കെ എം ഷാജിയോ, സാദിക്കോ ചേര്‍ന്നാല്‍ ലീഗാകില്ല. സാധാരണ പറയാറുണ്ട്. "ഒറ്റ മരം കാടാകില്ല" എന്ന്. തീരപ്രദേശമാകെ എന്‍ഡിഎഫ്/എസ്ഡിപിഐ തീവ്രവാദികള്‍ കയ്യടക്കുകയാണ് എന്നും അവരെ നേരിടാന്‍ എല്ലാ ജനാധിപത്യവാദികളും കൈകോര്‍ക്കണമെന്നും അവര്‍ പറയുമ്പോള്‍ അതില്‍ കാര്യമുണ്ട്. എന്നാല്‍ അത്, അവരല്ല "പറയേണ്ടവര്‍" പറയണം. ഞങ്ങള്‍ എന്‍ഡിഎഫ്/എസ്ഡിപിഐക്കാരുമായി മാത്രമല്ല ആര്‍എസ്എസുകാരുമായും നേരിട്ടേറ്റുമുട്ടുകയാണ്. അത് അങ്ങോട്ടുപോയി ആക്രമിച്ചിട്ടല്ല. സിപിഐ എം കൈകാര്യംചെയ്യുന്ന രാഷ്ട്രീയത്തോടുള്ള അവരുടെ പകയാണ് സിപിഐ എമ്മിനെ ആക്രമിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. തിരൂരങ്ങാടിയിലെ അരിയല്ലൂരില്‍ സിപിഐ എം സ്ഥാപിച്ച സ്തൂപങ്ങളും കൊടിമരവും തകര്‍ത്തുകൊണ്ടാണ് ആര്‍എസ്എസുകാര്‍ സംഘര്‍ഷമുണ്ടാക്കിയത്. പൊലീസ് എസ്ഐക്കുനേരെപോലും വടിവാള്‍ വീശാന്‍ ആര്‍എസ്എസുകാര്‍ ധൈര്യം കാണിച്ചു. സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാനാണ് അവര്‍ ശ്രമിച്ചത്. നവംബര്‍ മാസത്തില്‍ വള്ളിക്കുന്നിലെ അത്താണിക്കല്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ സിപിഐ എം വ്രര്‍ത്തകര്‍ക്കു പരിക്കുപറ്റി. കടകളും ബസ്സ്റ്റോപ്പും അവര്‍ തകര്‍ത്തു. ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കെതിരെ ആര്‍എസ്എസ് നടത്തിയ അക്രമത്തില്‍ "അസംബ്ലി ഓഫ് ഗോഡ്" എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. പാര്‍ടിയുടെ തിരൂര്‍ ഏര്യാകമ്മിറ്റി മെമ്പര്‍ ആയ ബാലകൃഷ്ണനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഭാഗ്യത്തിനാണ് ആ സഖാവ് രക്ഷപ്പെട്ടത്. തലയ്ക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് നിരവധി ആഴ്ചകള്‍ അദ്ദേഹം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അതിശയകരമെന്നു പറയട്ടെ, എന്താണ് മുസ്ലീംലീഗും ആര്‍എസ്എസും തമ്മിലുള്ള ബന്ധം? രാഷ്ട്രീയ ലാഭം കണ്ടാല്‍ അവര്‍ ആര്‍എസ്എസ്കാരായ മാധവന്‍കുട്ടിയേയും രത്നസിംഗിനേയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കേരളീയര്‍ മുമ്പേ കണ്ടതാണ്. ആ കള്ളക്കളി ഇപ്പോഴും തുടരുകയാണ്. പാവപ്പെട്ട മുസ്ലീം സഹോദരന്മാരെ തെറ്റിദ്ധരിപ്പിച്ച് മതത്തിനുവേണ്ടി, ദൈവത്തിനുവേണ്ടി എന്നെല്ലാം പറഞ്ഞ് വോട്ടു ബാങ്കാക്കി നിലനിര്‍ത്തുക മാത്രമാണ് ലീഗിന്റെ ലക്ഷ്യം. മുസ്ലീം ന്യൂനപക്ഷത്തെ ശത്രുവായി പ്രഖ്യാപിക്കുകയും ഇന്ത്യയില്‍ അവര്‍ക്കിടമില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആര്‍എസ്എസിനോട് അവര്‍ക്ക് ഒരു വിരോധവുമില്ല. ഗുജറാത്തിലെ നരഹത്യയെപ്പറ്റിയും നരേന്ദ്രമോഡിയെപ്പറ്റിയും ഒക്കെ ചൂണ്ടിക്കാട്ടി മുസ്ലീം സഹോദരങ്ങളെ ഭയപ്പെടുത്തുന്നത്; കോണ്‍ഗ്രസ് അധികാരത്തില്‍വന്നാലെ ലീഗിന് രക്ഷയുള്ളുഅധികാരമുള്ളൂഭരണമുള്ളു എന്ന് ലീഗുകാര്‍ക്കറിയാം. അതുകൊണ്ടാണ്. ഈ ജനുവരി 28ന് മലപ്പുറം ജില്ലയിലെ കുറുവപഞ്ചായത്തിലെ "തോറാ" വാര്‍ഡില്‍ ലീഗിനും യുഡിഎഫിനും സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. അവര്‍ പിന്തുണച്ചത് 2010ല്‍ അതേ വാര്‍ഡില്‍ താമര അടയാളത്തില്‍ മത്സരിച്ച് അന്ന് 2ാം സ്ഥാനത്തുവന്ന ആര്‍എസ്എസുകാരനായ ജനാര്‍ദ്ദനനെത്തന്നെയാണ്. സിപിഐ എം സ്ഥാനാര്‍ഥി അപ്പുക്കുട്ടനെ തോല്‍പിക്കാനാണ് അവര്‍ സ്വന്തം സ്ഥാനാര്‍ഥി വേണ്ടെന്നുവെച്ച് ആര്‍എസ്എസുകാരനെ സ്വതന്ത്ര ചിഹ്നത്തില്‍ നിര്‍ത്തി പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും 2010ല്‍ ഒന്നും രണ്ടും സ്ഥാനക്കാരായിരുന്ന യുഡിഎഫും ബിജെപിയും ഒന്നിച്ചു നിന്നിട്ടും, അവര്‍ക്ക് ജയിക്കാന്‍ ഭാഗ്യം തുണയ്ക്കേണ്ടിവന്നു. കാരണം എല്‍ഡിഎഫിനും സ്വതന്ത്രനും കിട്ടിയത് 474 വോട്ടുവീതമാണ്. ആ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അവര്‍ക്കൊപ്പം മുമ്പ് നിന്നിരുന്നവര്‍തന്നെ വോട്ടുചെയ്തുവെന്നാണ് അതിനര്‍ഥം. 2014 ജനുവരിയില്‍ ജില്ലയിലുണ്ടായ തിരഞ്ഞെടുപ്പുകളില്‍ 5ല്‍ 4ഉം എല്‍ഡിഎഫ് പിടിച്ചടക്കി. 5ാമത്തേത് നഷ്ടപ്പെട്ടതു കേവലം ഭാഗ്യദോഷംകൊണ്ടുമാത്രം2014ല്‍ 2004 ആവര്‍ത്തിക്കുമെന്നതിന്റെ സൂചനയാണിത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ലീഗിന്റെ കൊലകൊമ്പന്‍ നേതാക്കന്മാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, ഇ ടി മുഹമ്മദുബഷീര്‍ എന്നിവരെ, അവരുടെ കോട്ടകൊത്തളങ്ങളില്‍തന്നെ മലര്‍ത്തിയടിച്ചവരാണ് മലപ്പുറം ജില്ലയിലെ വോട്ടര്‍മാര്‍. ആ പരാജയത്തിന്റെ ഓര്‍മ അവരുടെ ഉറക്കംകെടുത്തുകയാണ്. അതുകൊണ്ടാണ് 2009ലും 2011ലും അവര്‍ സ്വീകരിച്ച അതേ അടവ്മതം പറഞ്ഞും മത നേതാക്കന്മാരെ ഉപയോഗിച്ചും എല്ലാ മുസ്ലീം സംഘടനകളേയും തങ്ങളുടെ ചിറകിനടിയില്‍ കൊണ്ടുവന്ന്, ജയംതേടുക എന്ന "സൃഗാലതന്ത്രം" നടപ്പാക്കാന്‍ ശ്രമിക്കുന്നത്. തിരൂരിലെ "മംഗലം" പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലീഗുമായി തെറ്റി പുറത്തുവന്നവര്‍, ഉള്‍പ്പെടെ രൂപീകരിച്ച വിശാല മുന്നണിയും സിപിഐ എമ്മുമാണ് ലീഗിനെ തോല്‍പിച്ചത്. ഒന്നാംവാര്‍ഡില്‍ തെറിയത്തുവീട്ടില്‍ ഹംസയുടെ മകന്‍ റിയാസ് എസ്ഡിപിഐക്കു വേണ്ടി നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നു. എന്നാല്‍ എസ്ഡിപിഐ നേതൃത്വം ഇടപെട്ട് പ്രചരണം തുടങ്ങിയിരുന്ന ഇയാളെ തടഞ്ഞു. അത് ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടിയായിരുന്നു. ലീഗും എസ്ഡിപിഐയും ഒന്നിച്ചാണ് ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുപിടിച്ചത്. ഏനീന്റെ പുരയ്ക്കല്‍ മജീദ്, തണ്ടലം വളപ്പില്‍ അന്‍വര്‍, തണ്ടലം വളപ്പില്‍ അലി അക്ബര്‍, തലേക്കരവീട്ടില്‍ ഇഫൈല്‍ െ/ീ മുഹമ്മദാലി, കളരിക്കല്‍ അസ്കര്‍, െ/ീ ഇസ്മായില്‍ എ കെ റമീസ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒന്നാം വാര്‍ഡിലും. മൂസാന്റെ പുരയ്ക്കല്‍ റാഫി െ/ീ അബുബക്കര്‍, മൂസാന്റെ പുരയ്ക്കല്‍ ഷൌക്കത്ത് െ/ീ അബുബക്കര്‍, പട്ടണം ഇസ്മായില്‍ െ/ീ ബാപ്പുട്ടി, ഔളാന്റെ പുരയ്ക്കല്‍ അസൈനാര്‍ െ/ീ ഹംസക്കോയ എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ 20ാം വാര്‍ഡിലും അസനാര്‍ പുരയ്ക്കല്‍ മനാഫ്, െ/ീ ചെറിയ റസാഖ് 18ാം വാര്‍ഡിലും സജീവമായി വോട്ടുപിടിക്കാനുണ്ടായിരുന്നു. അങ്ങനെ പരസ്യമായി ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ച എസ്ഡിപിഐക്കും ലീഗിന്റെ തോല്‍വി ഉള്‍ക്കൊള്ളാനായില്ല. പരാജയത്തിന്റെ ജാള്യത മറയ്ക്കാനും തങ്ങളെ തോല്‍പിച്ചതിന്റെ വിരോധം തീര്‍ക്കാനുമാണ് ഗൂഢാലോചന നടത്തി എസ്ഡിപിഐക്കാരനായ കെ ടി ലത്തീഫ്, ആഹ്ലാദ പ്രകടനം നടത്തുന്ന സിപിഐ എം ജാഥയ്ക്കിടയിലേക്ക് വണ്ടിയോടിച്ചു കേറ്റിയതും പ്രശ്നമുണ്ടാക്കിയതും. തികഞ്ഞ ആസൂത്രണത്തോടെ തയ്യാറെടുത്തുനിന്ന എസ്ഡിപിഐ അക്രമിസംഘമാണ് പകരംവീട്ടാന്‍ സിപിഐ എം പ്രവര്‍ത്തകരായ എ കെ മജീദിനേയും ഇഷ്പാടത്ത് ഹര്‍ഷാദിനേയും വെട്ടിവീഴ്ത്തിയത്. നാടിനെ നടുക്കിയ ഈ താലിബാന്‍ മോഡല്‍ തീവ്രവാദി ആക്രമണം, തിരിഞ്ഞു കുത്തുന്നുവെന്ന് കണ്ടപ്പോഴാണ് ലീഗ് പീലാത്തോസിനെപ്പോലെ കൈകഴുകാന്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് കണ്ടാല്‍ ലീഗുകാര്‍ എന്തും ചെയ്യും.

2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നു കണ്ടപ്പോഴാണ് അവര്‍ സിപിഐ എം പ്രവര്‍ത്തകനായ പാവം സുബ്രഹ്മണ്യനെ കുത്തിവീഴ്ത്തിയത്. ഒരു പാവപ്പെട്ട പട്ടികജാതി കുടുംബത്തിന്റെ, ഏക ആശ്രയമായ ഗൃഹനാഥനെയാണ് അന്നവര്‍ കുത്തിക്കൊന്നത്. പ്രബുദ്ധരായ കേരളീയര്‍ ഇതെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ലീഗുകാര്‍ അറിയണം. എന്തായാലും ചില നേതാക്കന്മാരെങ്കിലും, തങ്ങളുടെ കാലിന്നടിയിലെ മണ്ണ്, ഒഴുകിപ്പോകുന്നത് കാണുന്നുണ്ട് എന്നാണ് താഴെ എഴുതിയവരികള്‍ വിളിച്ചുപറയുന്നത്. "മുസ്ലീംലീഗ് പാര്‍ടിയെ കടന്നാക്രമിക്കുവാന്‍ കാര്യവും കാരണവും ഒന്നും വേണമെന്നില്ല. വസ്തുതകള്‍ പരിശോധിക്കുകയോ സമയവും സന്ദര്‍ഭവും നോക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. ഒരു വിഭാഗം യുവജന സംഘടനകള്‍, മഹിളാ സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, ചാനലുകള്‍, പത്രങ്ങള്‍ തുടങ്ങിയ സകലരും ഈ ലീഗ് വിരുദ്ധ ജാഥയില്‍ അണിചേര്‍ന്നുകൊണ്ടിരിക്കയാണ്.

നിലവിലുള്ള ഇടതു രാഷ്ട്രീയ കക്ഷികളും തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളും പറഞ്ഞതുപോരാഞ്ഞിട്ട് പുതിയ രാഷ്ട്രീയ കക്ഷിക്കാര്‍തന്നെയും രൂപീകരിക്കാന്‍ ചിലര്‍ ശ്രമിച്ചുവരുന്നു. എന്തായാലും പ്രമേയങ്ങളായും പത്രസമ്മേളനങ്ങളായും, ചാനല്‍ ചര്‍ച്ചകളായും "ലീഗ് വിഷയം" പൊടിപൊടിക്കുകയാണ്". കെഎന്‍എ ഖാദര്‍ചന്ദ്രിക (18712) "ഇരിക്കുന്ന കൊമ്പു മുറിക്കരുത്". ശരിയാണുസാര്‍, "ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും" എന്നല്ലാതെ എന്തുപറയാന്‍. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയില്‍ പൊതുസമൂഹത്തില്‍നിന്നും മുസ്ലീം ന്യൂനപക്ഷത്തെ വേര്‍തിരിച്ച്, ഒറ്റയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതാണ് ലീഗ് ചെയ്യുന്ന തെറ്റ്. അത് ഹിന്ദുരാഷ്ട്രവാദികളായ ആര്‍എസ്എസുകാരുടെ നിലപാടുകള്‍ ന്യായീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്. വോട്ടുബാങ്കാണ് ലീഗിന്റെ ലക്ഷ്യമെങ്കില്‍ ഒരുപിടി തീവ്രവാദികളെ സൃഷ്ടിച്ച് ജനജീവിതം ദുരിതപൂര്‍ണമാക്കുകയാണ് എന്‍ഡിഎഫ്/എസ്ഡിപിഐ തീവ്രവാദികളുടെ ലക്ഷ്യം. "അങ്ങനെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കലും".
*** പി പി വാസുദേവന്‍

No comments:

Post a Comment

Visit: http://sardram.blogspot.com