28 December, 2010

മാപ്പിള കര്‍ഷക കലാപങ്ങള്‍ ദേശീയതക്കും മുമ്പേ

"ഇന്ത്യയിലെ കുലീന ചരിത്ര പാരമ്പര്യം' (elitist historiography) കര്‍ഷക സമരങ്ങളോട് ഒരു താല്‍പ്പര്യവും പുലര്‍ത്തിയിരുന്നില്ല. അത്തരം രചനകളില്‍ ഏതെങ്കിലും കര്‍ഷകസമരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവ കര്‍ഷക ബോധ (peasant consciousness) ത്തിന് ബാഹ്യമായ സംഭവങ്ങളായാണ് പരാമര്‍ശിക്കപ്പെട്ടത്. പരപ്രേരണകൂടാതെ (spontaneous) രൂപപ്പെടുന്ന അത്തരം പ്രതിരോധങ്ങള്‍ കുലീന വ്യവഹാരങ്ങളില്‍നിന്നും തിരസ്കരിക്കപ്പെട്ടു. പരപ്രേരണ കൂടാതെ എന്ന കാരണത്താല്‍ മാത്രമാണ് ഇത്തരം ചെറുത്തുനില്‍പ്പുകള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താതെപോയത്. വ്യക്തിപ്രഭാവമുള്ള നേതാക്കളുടെ ഇടപെടലുകളിലൂടെയോ പരിഷ്കൃതമായ സംഘടനകളിലൂടെയോ മാത്രം സാധ്യമാകുന്ന ഒരു കാര്യമായാണ് കര്‍ഷകരുടെ ധ്രുവീകരണം (polarisation of peasantry) കുലീന ചരിത്രത്തില്‍ വ്യവഹരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ബൂര്‍ഷ്വാ ദേശീയ ചരിത്ര പാരമ്പര്യത്തിന് കര്‍ഷകപ്രസ്ഥാനങ്ങളെ വിശദീകരിക്കുന്നതിനായി മഹാത്മാഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ആഗമനംവരെ കാത്തിരിക്കേണ്ടിവന്നു. ആയതിനാല്‍ ഒന്നാം ലോകയുദ്ധംവരെ നടന്ന ഇത്തരം പ്രധാന സംഭവങ്ങളെല്ലാം തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രാഗ്ചരിത്ര (prehistory) മായാണ് ചിത്രീകരിക്കപ്പെട്ടത്.'' കീഴാള ചരിത്രരചനയുടെ (subaltern historiography) സ്ഥാപകനായ രണജിത് ഗുഹ കര്‍ഷക സമരങ്ങളോട് ഇന്ത്യയിലെ ചരിത്രരചനാപാരമ്പര്യം പുലര്‍ത്തിയ നിസ്സംഗതയെക്കുറിച്ച് സൂചിപ്പിക്കുന്ന ഏതാനും വരികളാണ് മുകളില്‍ ഉദ്ധരിച്ചത്.

ദേശീയ പ്രസ്ഥാനത്തിന് മുമ്പ് ഇന്ത്യന്‍ ജനത നടത്തിയ കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലേക്ക് വെളിച്ചം വീശുന്നതില്‍ കീഴാള പഠനങ്ങള്‍ വഹിച്ച പങ്ക് അവഗണിക്കാവുന്നതല്ല, എന്നാല്‍ അതിന്റെ പൂര്‍ണ അവകാശം അവര്‍ക്ക് മാത്രമണെന്ന അര്‍ഥവുമില്ല. 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19-ാം നൂറ്റാണ്ടിലുമായി മലബാറില്‍ നടന്ന മാപ്പിള കര്‍ഷക പ്രതിരോധസംരംഭങ്ങളുടെ സ്വാഭവത്തെക്കുറിച്ചുള്ള ഒരാലോചന എന്ന നിലയിലാണ് ഈ കുറിപ്പ് തയ്യാറാക്കപ്പെട്ടിരിക്കുന്നുത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിരോധ പദ്ധതികളുമായി എത്രത്തോളം സമാനതയുണ്ടെന്നും മലബാര്‍ മാപ്പിള കലാപങ്ങള്‍ എത്രത്തോളം കീഴാളപരമായിരുന്നുവെന്നും, രണജിത് ഗുഹയുടെ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ അന്വേഷിക്കുന്നതിനാണ് ഇവിടെ ശ്രമിക്കുന്നത്.

കാത്ലീന്‍ ഗഫ് (1976), ആര്‍ എ ഹാര്‍ഗ്രേവ് (1977) ഡി എന്‍ ധനാഗരെ (1977), സ്റ്റീന്‍ എഫ് ഡേല്‍ (1980) കോണ്‍റാഡ് വുഡ് (1987), കെ എന്‍ പണിക്കര്‍ (1989), എം ഗംഗാധരന്‍ എന്നീ ചരിത്രകാരന്മാരെല്ലാംതന്നെ മലബാറിലെ മാപ്പിള കര്‍ഷകകലാപങ്ങളുടെ വിവിധ വശങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ടെങ്കിലും 1921 ന് മുമ്പ് നടന്ന ചെറുത്തുനില്‍പ്പുകള്‍ പൊതുസമൂഹത്തില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. ദേശീയതക്കും ദേശീയ പ്രസ്ഥാനത്തിനും ഏറെ മുമ്പുനടന്ന ഈ സമരങ്ങള്‍ കേരളചരിത്രത്തില്‍ സമാനതകളില്ലാത്ത സമരങ്ങളാണ്.

അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരായി നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഒരു മഹത്തായ പാരമ്പര്യം മാപ്പിളമാര്‍ക്ക് അവകാശപ്പെടാനുണ്ട്. ബാര്‍ബോസ നിരീക്ഷിക്കുന്നതുപോലെ "പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ധര്‍മടത്തിന് വടക്കുള്ള മാപ്പിളമാര്‍ തങ്ങള്‍ക്ക് അപകടകരമാവുന്ന എന്തിനെതിരെയും നേരിട്ടെതിര്‍ക്കുക പതിവായിരുന്നു. മാത്രമല്ല, അവരെ നിയന്ത്രണവിധേയമാക്കാന്‍ രാജാവായ കോലത്തിരിക്ക് ഭീഷണിപ്പെടുത്തുകയോ അനുനയിപ്പിക്കുകയോ വേണ്ടിയിരുന്നു.''

ഇതിന് സമാനമായി 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന കൃതിയുടെ കര്‍ത്താവുകൂടിയായ ഷെയ്ഖ് സെയ്നുദ്ദീന്‍ മഖ്ദൂം (16ാം നൂറ്റാണ്ട്) മാപ്പിളമാര്‍ക്കെതിരെ അക്രമം നടത്തുന്ന പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പട നയിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. 15,16 നൂറ്റാണ്ടുകളിലായി രചിക്കപ്പെട്ട വലിയൊരു അധിനിവേശ വിരുദ്ധസാഹിത്യശേഖരംതന്നെ കേരള മുസ്ളിംകള്‍ക്ക് സ്വന്തമായുണ്ട്. 16-ാം നൂറ്റാണ്ടില്‍ കണ്ണൂരിലെ മമ്മാലികള്‍ എന്ന രാജവംശം (ആലിരാജ) തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. 18-ാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്‍ നടപ്പാക്കിയ കര്‍ശനമായ നികുതിനയങ്ങളോട് മഞ്ചേരിയിലെ അത്തന്‍ഗുരുക്കള്‍ കലാപമുയര്‍ത്തിയിരുന്നു. (1786). മലപ്പുറത്തെ നാടുവാഴിയായിരുന്ന പറനമ്പിക്കെതിരെയും മുസ്ളിംകള്‍ പടനയിച്ചിരുന്നു. (ഈ യുദ്ധത്തില്‍ മരിച്ച ശുഹദാക്കളെ സ്മരിക്കുന്നതാണ് മലപ്പുറം നേര്‍ച്ച). ടിപ്പുവിനെതിരെ കുടകന്മാരും സാമൂതിരി കോവിലകത്തെ രവിവര്‍മയും നടത്തിയ ചെറുത്തുനില്‍പ്പുകളില്‍ (1788) മാപ്പിളമാര്‍ അകമഴിഞ്ഞു സഹായിച്ചിരുന്നതായി കാണാം.

പഴശ്ശി സമരങ്ങളിലും മാപ്പിളമാര്‍ സജീവപങ്കാളിത്തം വഹിച്ചിരുന്നു. ഇത് വേണ്ടത്ര പഠിക്കപ്പെടാത്ത ഒരു മേഖലയാണ്. ചാലാടി തങ്ങള്‍, എലമ്പിലാശ്ശേരി ഉണ്ണിമൂത്തമൂപ്പന്‍, അത്തന്‍ഗുരുക്കള്‍, ചെമ്പന്‍ പോക്കര്‍ എന്നീ ആദ്യകാല റിബലുകള്‍ പഴശ്ശി രാജാവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ ചാലാടിതങ്ങള്‍ ഒഴികെയുള്ളവര്‍ ഏറനാട്, വള്ളുവനാട് മേഖലകളില്‍ ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ചു. ബ്രിട്ടീഷ് സ്വാധീനം ശക്തമാകുന്നതിന് തൊട്ടുമുമ്പും പിമ്പുമുള്ള വര്‍ഷങ്ങളില്‍ ഉണ്ണിമൂത്തമൂപ്പന്‍ കിഴക്കന്‍ വള്ളുവനാട്ടില്‍ തന്റെ പൂര്‍ണ അധികാരം അവകാശപ്പെട്ടിരുന്നു. തന്റെ പേരില്‍ 'നകാര'മടിക്കുകയും പള്ളിയില്‍ പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തിരുന്നു. (എം ഗംഗാധരന്‍: മാപ്പിളപഠനങ്ങള്‍, പു. 49)

1792 മുതല്‍ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറിനെ 1800ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമാക്കുന്നതായി കാണാം. ഭരണസൌകര്യം എന്ന കാരണമായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും പഴശ്ശിരാജയുടെയും മാപ്പിളറിബലുകളുടെയും കലാപങ്ങളായിരുന്നു യഥാര്‍ഥ കാരണം. 1805ല്‍ പഴശ്ശിയുടെ ഭീഷണി അവസാനിക്കുകയും ക്രമസമാധാനം 'നിയന്ത്രണവിധേയമാക്കുകയും' ചെയ്തതോടെ ബ്രിട്ടീഷുകാര്‍ പുതിയ നികുതിവ്യവസ്ഥ നടപ്പാക്കാന്‍ തുടങ്ങി. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങള്‍ വിനാശകരമായിരുന്നു. തെക്കന്‍ മലബാറില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ദാരിദ്ര്യവും പട്ടിണിയും മൂര്‍ച്ഛിക്കുന്നതിന് ഈ പുതിയ നികുതിനയം കാരണമായി.

വില്യം ലോഗനെ സംബന്ധിച്ചിടത്തോളം കര്‍ഷകരുടെ ദാരിദ്ര്യത്തിന് കാരണം കൊളോണിയല്‍ കാര്‍ഷിക വ്യവസ്ഥയായിരുന്നു. അത് അവര്‍ക്ക് പാട്ടക്കാലാവധിയുടെ നിശ്ചിതത്വവും ന്യായമായ പാട്ടവും കുടിയാന് സുഗമമായി ഭൂമി ലഭിക്കുന്നതും നിഷേധിച്ചു. ചെറുകിടക്കാരനായ പാട്ടക്കുടിയാന്മാര്‍ ദരിദ്രവല്‍ക്കരിക്കപ്പെട്ടു; അഥവാ അവര്‍ക്ക് ഉല്‍പ്പാദന ഉപാധികള്‍ നഷ്ടമായി. ഭൂമിയും മതവിശ്വാസവും സ്വത്വവും മാപ്പിളമാര്‍ക്ക് മുമ്പില്‍ വെല്ലുവിളിയായി മാറുകയായിരുന്നു.

ഇത്തരമൊരു സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലത്തെ കൊളോണിയല്‍ വിരുദ്ധ സമരജ്വാലയാക്കാന്‍ ശ്രമിച്ച ബൌദ്ധിക സ്രോതസ്സുകളായിരുന്നു വെളിയംകോട് ഉമര്‍ ഖാളിയും മമ്പുറം തങ്ങന്മാരും. ഉമര്‍ഖാളി ബ്രിട്ടീഷ് നികുതി വ്യവസ്ഥക്കെതിരായി ഒരു ഫത്വ തന്നെ പുറപ്പെടുവിക്കുകയുണ്ടായി. നികുതി നിഷേധം നടത്താനുള്ള ഒരാഹ്വാനമായിരുന്നു അത്. 'സെയ്ഫുല്‍ ബതര്‍' എന്ന കൃതിയുടെ കാര്‍ത്താവായ സയിദ് അലവി തങ്ങള്‍ അന്ത്യംവരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യാന്‍ ആഹ്വാനംചെയ്തു. 1801 ലും 1817ലുമായി നടന്ന ആദ്യകാല കലാപങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളുണ്ടായതായി സംശയിക്കപ്പെടുന്നു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ 'മതഭ്രാന്തന്‍' (religious fanatic) എന്ന് മുദ്രകുത്തി.

സയ്യിദ് ഫസല്‍ തങ്ങള്‍ ജാതീയതയുടെ ഉച്ചനീചത്വങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മുസ്ളിംകളുള്‍പ്പെടെ താഴ്ന്ന ജാതിക്കാര്‍ നായന്മാരെയും മറ്റും ആദരസൂചകമായി 'നിങ്ങള്‍ ' എന്നു വിളിക്കരുതെന്നും 'നീ' എന്ന് മാത്രമേ സംബോധന ചെയ്യാവൂ എന്നും ഉദ്ബോധിപ്പിച്ചു.

കലാപകാരികളുടെ പ്രചോദന കേന്ദ്രങ്ങളായ ബുദ്ധിജീവികളെ ഇല്ലായ്മ ചെയ്യുകയെന്നത് ബ്രിട്ടീഷുകാരുടെ ആവശ്യവുമായിരുന്നു. മമ്പുറം തങ്ങന്മാരെ ബ്രിട്ടീഷുകാര്‍ നാടുകടത്തുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. പക്ഷേ ഇതിനെല്ലാം ബ്രിട്ടീഷുകാര്‍ വലിയ വില നല്‍കേണ്ടിവന്നു. മലബാര്‍ മജിസ്ട്രേറ്റും കലക്ടറുമായിരുന്ന എച്ച് വി കൊണോലി കോഴിക്കോട്ട് തന്റെ ബംഗ്ളാവില്‍വെച്ച് വെട്ടേറ്റ് മരിക്കുകയുണ്ടായി (1855). മമ്പുറം തങ്ങളെ നാടുകടത്തിയതിന്റെ സൂത്രധാരന്‍ കൊണോലിയാണെന്ന വിശ്വാസത്തിലാണ് കലാപകാരികള്‍ അദ്ദേഹത്തെ വധിച്ചത്. അതേപോലെ പിന്നീട് മലബാര്‍ കലക്ടറായിരുന്ന ഇന്നസും (1915) ആക്രമിക്കപ്പെട്ടു.

1840ല്‍ കൊണോലി നിരീക്ഷിച്ചതുപോലെ 'നാം മലബാറില്‍ രാഷ്ട്രീയമായ മേല്‍ക്കൈ നേടിയെടുത്തതു മുതല്‍ കലാപമില്ലാത്ത ഒരൊറ്റ വര്‍ഷവും കടന്നുപോയിട്ടില്ല.' ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം കലാപങ്ങളെല്ലാം കേവലം വഴക്കാളികളുടെ ലഹള മാത്രമായിരുന്നില്ല; മറിച്ച് രാജ്ഞിയുടെ അധീനതയിലുള്ള ഒരു രാജ്യത്തും നടക്കാത്തത്ര നിഷ്ഠുരമായ ആക്രമമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന കലാപങ്ങളുടെ ഒരു പ്രധാന സവിശേഷത അത് പൂര്‍ണമായും ചൂഷിതരായ ജന്മിമാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നതും അന്ത്യംവരെ പോരാടി രക്തസാക്ഷിത്വം വരിക്കുക എന്നതുമായിരുന്നു.

കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാനായി ബ്രിട്ടീഷ് അധികാരികള്‍ നിയോഗിച്ച ടി എല്‍ സ്ട്രേന്‍ജിന്റെ റിപ്പോര്‍ട് (1852) പ്രകാരം 1836 ല്‍ പന്തല്ലൂരിലാണ് ആദ്യത്തെ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതില്‍ ഒരു ഹിന്ദു ജ്യോത്സ്യന്‍ കുത്തേറ്റുമരിക്കുകയും മറ്റു മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. 1836 മുതല്‍ 1919 വരെയുള്ള 31 പ്രധാന കലാപങ്ങളില്‍ 336 പേരാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ടവര്‍ (എല്ലാവരും മരിച്ചിട്ടില്ല) 78 പേരും മരണപ്പെട്ടു. കലാപങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കിയ സ്ട്രേന്‍ജ് കണ്ടെത്തിയ വസ്തുത, കലാപങ്ങള്‍ക്ക് പ്രധാന കാരണമായി വര്‍ത്തിച്ചത് മാപ്പിളമാരുടെ മതഭ്രാന്തായിരുന്നുവെന്നാണ്. ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് കലാപത്തിന്റെ തീച്ചൂളയിലേക്കെടുത്തു ചാടിയതെങ്കിലും ബ്രിട്ടീഷുകാര്‍ കൂട്ടമായിട്ട് പിഴ ചുമത്തുകയും തുറങ്കിലടയ്ക്കുകയും ചെയ്തിരുന്നു. (1854ലെ Mappila outrages Act പ്രകാരം)

മാപ്പിളമാരുടെ മതവികാരങ്ങളും സ്വത്വ പ്രതിസന്ധിയും കലാപങ്ങളുടെ പ്രധാന കാരണമായിരുന്നെങ്കിലും അവ വര്‍ഗീയമായിരുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. കലാപകാരികള്‍ ഹിന്ദുക്കളായ ജന്മിമാരെ ആക്രമിച്ചു എന്നത് വസ്തുതയാണ്. അങ്ങനെ ചെയ്തത് അവര്‍ ഹിന്ദുക്കളായതുകൊണ്ടല്ല, മറിച്ച് ചൂഷകരായ ജന്മിമാരോ അവരുടെ സഹായികളോ ആയതുകൊണ്ടാണ്. മറ്റൊരു പ്രധാനകാര്യം കലാപകാരികള്‍ മറ്റുള്ള ഹിന്ദു വിഭാഗങ്ങളെ വിശിഷ്യാ കീഴ്ജാതിയില്‍പെട്ടവരെ ആക്രമിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിരുന്നില്ല എന്നതാണ്. കലാപ പ്രദേശങ്ങളിലെ കര്‍ഷക സമുദായങ്ങള്‍ മാത്രമായിരുന്നു പങ്കെടുത്തുകൊണ്ടിരുന്നത്.

1849 ല്‍ മഞ്ചേരിയില്‍ നടന്ന ഒരു കലാപത്തില്‍ പങ്കെടുത്തവരുടെ പട്ടിക പരിശോധിച്ചാല്‍ കലാപകാരികളുടെ സാമൂഹ്യഘടന മനസ്സിലാക്കാവുന്നതാണ്. മഞ്ചേരി അത്തന്‍ മോയന്‍ ഗുരുക്കള്‍ നയിച്ച പ്രസ്തുത കലാപത്തില്‍ 65 മാപ്പിളമാരാണ് പങ്കെടുത്തത്. ഇതില്‍ 9 കുടിയാന്മാര്‍, 33 തൊഴിലാളികള്‍, ഒരു തങ്ങള്‍, ദരിദ്രനാക്കപ്പെട്ട ഒരു കുടിയാന്റെ(മാപ്പിള) രണ്ട് മക്കള്‍, കരിയുണ്ടാക്കുന്ന രണ്ടുപേര്‍, ഒരു തട്ടാന്‍, ഒരു ക്ഷുരകന്‍, ഒരു കുഷ്ഠരോഗി എന്നിവരും തിരിച്ചറിയപ്പെടാത്ത 14 പേരുമായിരുന്നു. (K K N Kurup, 'The Early Mappila Uprising' in the Legacy of Islam in Kerala , 2006, P.63) കലാപങ്ങളില്‍ ഒരേ വര്‍ഗഘടനയില്‍പ്പെട്ടവരാണ് പങ്കെടുത്തത് എന്നും ഇതില്‍ ദരിദ്രരായിരുന്നു ഭൂരിഭാഗം പേരുമെന്നതും കലാപങ്ങളുടെ പ്രത്യേകതയാണ്.

'കീഴാള പഠന'ങ്ങളുടെ സ്ഥാപക എഡിറ്ററായ രണജിത് ഗുഹ കീഴാളരുടെ പ്രതിരോധ ബോധത്തെ അടയാളപ്പെടുത്തുകയും നിര്‍വചിക്കുകയും ചെയ്തത് നിഷേധം (negation) സന്ദിഗ്ധത (ambiguity) ഐക്യദാര്‍ഢ്യം (Solidarity), ദേശപരത (territoriality)എന്നീ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ്. കീഴാളവിഭാഗങ്ങളെ അവരുടെതന്നെ ചരിത്രത്തിന്റെ കര്‍ത്താക്കളായി മനസ്സിലാക്കുന്നതിന്റെ ഭാഗമായി കീഴാള ചരിത്രകാരന്മാര്‍ കലാപങ്ങള്‍ക്ക് കേന്ദ്രസ്ഥാനമാണ് കല്‍പ്പിച്ചുനല്‍കുന്നത്. എന്നാല്‍ കലാപത്തിലൂടെ മാത്രമല്ല കര്‍ഷകന്‍ തന്റെ സ്വത്വത്തെക്കുറിച്ച് ബോധവാനാകുന്നതെന്നും ഗുഹ പ്രസ്താവിക്കുന്നു.

കീഴാള ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം നിഷേധം എന്നാല്‍ ഗ്രാംഷിയുടെ ആശയമായ ഋണാത്മകബോധമാണ് (negative consciousness). നിഷേധങ്ങളുടെ ഒരു പരമ്പരയിലൂടെ മാത്രമേ അടിയാളവര്‍ഗങ്ങള്‍ക്ക് സ്വയം ബോധം നേടാന്‍ സാധിക്കുകയുള്ളൂ. കൊളോണിയല്‍ കാലഘട്ടത്തിലെ കലാപങ്ങളെ സ്വഭാവവല്‍ക്കരിക്കുന്ന നിഷേധങ്ങള്‍ രണ്ട് തത്വങ്ങളിലധിഷ്ഠിതമായിരുന്നുവെന്ന് ഗുഹ വാദിക്കുന്നു. വിവേചനം എന്നു വിളിക്കപ്പെടുന്ന ആദ്യത്തേത് ചില പ്രത്യേക ലക്ഷ്യങ്ങള്‍ ഉന്നംവെച്ച് (ജന്മികളിലേക്കും മറ്റും) നടത്തുന്ന അക്രമങ്ങളിലൂടെയാണ് പ്രകടമാവുന്നത്. ഇത്തരം ആക്രമണങ്ങളുടെ മാതൃകകള്‍ (patterns) വ്യക്തമാക്കുന്ന പ്രധാന കാര്യം കലാപകാരികള്‍ക്ക് ഒന്നോ രണ്ടോ പ്രധാന ശത്രുക്കളെ മാത്രമാണ് നേരിടേണ്ടിയിരുന്നത് എന്നതാണ്. നിഷേധത്തിന്റെ രണ്ടാമത്തെ പ്രരൂപം അധികാരരൂപങ്ങളെയും അതിന്റെ ചിഹ്നങ്ങളെയും നശിപ്പിക്കുന്നതിനോ അവ കൈയടക്കുന്നതിനോ നടത്തുന്ന ശ്രമങ്ങളാണ്.

ഗുഹയെ സംബന്ധിച്ചിടത്തോളം നിഷേധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രൂപം ഫ്യൂഡല്‍ അഥവാ അര്‍ധഫ്യൂഡല്‍ സമൂഹങ്ങളിലെ അധികാരിവര്‍ഗത്തെ കീഴാള വിഭാഗം അഭിസംബോധന ചെയ്യുന്ന ബഹുമാന സൂചകങ്ങളായ അഭിവാദ്യരൂപങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ആ വര്‍ഗത്തോട് നടത്തുന്ന വെല്ലുവിളിയാണ്. മലബാറിലെ മാപ്പിള കര്‍ഷക കലാപങ്ങളില്‍ ഇത്തരം നിഷേധങ്ങളുടെ ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. മലബാറിലെ മാപ്പിളമാരെ കലാപത്തിന് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി മമ്പുറം ഫസല്‍ തങ്ങള്‍ 1852ല്‍ തന്റെ അനുയായികള്‍ക്കായി നിര്‍ദേശങ്ങളുടെ പരമ്പരതന്നെ പുറത്തിറക്കുകയുണ്ടായി. അതിലൊന്ന്, തന്റെ അനുയായികള്‍ അവരുടെ ജന്മിമാരെ ആദരസൂചകമായി 'നിങ്ങള്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണമെന്നതായിരുന്നു. ബംഗാളില്‍ കലാപം നടത്തിയ കര്‍ഷകരും സമാനമായ നിഷേധരൂപങ്ങള്‍ പിന്തുടര്‍ന്നതായി ഗുഹ രേഖപ്പെടുത്തുന്നുണ്ട്.

ക്ഷേത്രധ്വംസനവും വിഗ്രഹഭഞ്ജനവുമായിരുന്നു മുണ്ടാ (ഗോത്രവര്‍ഗം) കലാപത്തിലെ നിഷേധത്തിന്റെ സ്വഭാവം. മലബാറില്‍ ബ്രാഹ്മണരുടെ അധികാരം, അവരുടെ ഭൂസ്വത്തിലുള്ള കുത്തകാവകാശത്തില്‍നിന്നുമാത്രം രൂപംകൊണ്ടതായിരുന്നില്ല, ക്ഷേത്രങ്ങളുടെ ഊരാളന്മാരെന്നനിലയിലുള്ള അവരുടെ പദവികൊണ്ടുകൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം നടന്ന മാപ്പിള കലാപങ്ങളിലെ ക്ഷേത്ര ധ്വംസനം ഇത്തരത്തിലുള്ള നിഷേധരൂപമായാണ് കാണേണ്ടത്. കൂടാതെ, ബ്രിട്ടീഷ് നികുതി വ്യവസ്ഥക്കെതിരായ ഉമര്‍ഖാളിയുടെ ഫത്വയും ബ്രിട്ടീഷ് ഭരണത്തിനെതിരെ യുദ്ധംചെയ്യാനുള്ള സയ്യിദ് അലവി തങ്ങളുടെ ആഹ്വാനവുമെല്ലാം നിഷേധത്തിന്റെ രൂപങ്ങള്‍ തന്നെ.

'സന്ദിഗ്ധത' എന്ന ആശയത്തിലൂടെ അര്‍ഥമാക്കുന്നത് കലാപത്തെക്കുറിച്ച് പൊതുവില്‍ നിലനില്‍ക്കുന്ന ധാരണയാണ്. കലാപം ഒരു ക്രിമിനല്‍ കുറ്റം ആണെന്ന ധാരണ പരക്കെ നിലനിന്നിരുന്നു. തീര്‍ച്ചയായും കര്‍ഷക കലാപങ്ങള്‍ കൊള്ള, കൊള്ളിവെയ്പ്, കൊലപാതകങ്ങള്‍ എന്നീ കുറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പക്ഷേ ഇവയെല്ലാം സാധാരണ ക്രിമിനല്‍ കുറ്റങ്ങളായാണ് പരിഗണിക്കപ്പെട്ടത്. ബംഗാളില്‍ 1854 ല്‍ നടന്ന കൊള്ളകളെല്ലാം കൊള്ളപ്പലിശക്കാരെ ഉന്നംവെച്ചായിരുന്നു. മാപ്പിള കലാപകാരികളും സമാനമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഭൂനികുതിയുമായി ബന്ധപ്പെട്ട രേഖകളും പണം പലിശക്ക്കൊടുക്കുന്നവരുടെ രേഖകളും നശിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്രിമിനല്‍ കുറ്റത്തിന്റെ ഈ ഘടകം ഒരു പ്രത്യേകതരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കി. ടി എല്‍ സ്ട്രേന്‍ജ് തന്റെ റിപ്പോര്‍ടില്‍ മാപ്പിള കലാപങ്ങളെ കര്‍ഷക പ്രതിരോധം എന്നതിന്പകരം വര്‍ഗീയ കലാപം എന്ന് രേഖപ്പെടുത്തുക വഴി ഈ ആശയക്കുഴപ്പത്തെ ശക്തമാക്കുകയായിരുന്നു.

കലാപങ്ങളുടെ മറ്റൊരു പ്രധാന വശമായിരുന്ന ഐക്യദാര്‍ഢ്യം മലബാര്‍ കര്‍ഷക കലാപങ്ങളുടെ ശക്തിയായിരുന്നു. ജന്മിമാര്‍ക്കെതിരെ വര്‍ധിച്ചുവന്ന മാപ്പിള കലാപങ്ങളും (1836 മുതല്‍ 1854 വരെയുള്ള 18 വര്‍ഷത്തിനുള്ളില്‍ 24 കലാപങ്ങള്‍) അവയുടെ പ്രകടമായ മതകീയ/സാമുദായിക സ്വഭാവവും പള്ളിയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിനും (1831ല്‍ 637 പള്ളികള്‍; 1851ല്‍ 1808 പള്ളികള്‍ സ്ഥാപിച്ചു), അത്രയൊന്നും പ്രബലമല്ലാതിരുന്ന തങ്ങള്‍മാരുടെ സമൂഹത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് വരുന്നതിനും കാരണമായി. പള്ളികളുടെയും തങ്ങള്‍മാരുടെയും ഈ മാധ്യസ്ഥത്തിന്റെ അനന്തര ഫലമായി ദരിദ്രമാപ്പിളമാരും താരതമ്യേന സമ്പന്നരായ സ്വമതക്കാരും തമ്മില്‍ ഒരു ഐക്യപ്പെടല്‍ സാധ്യമായി. 1873 ല്‍ നടന്ന പബ്ന കലാപത്തിലും മുസ്ളിംകള്‍ സമാനമായ ഒരു ഐക്യദാര്‍ഢ്യം രൂപീകരിച്ചിരുന്നു.

കര്‍ഷക കലാപങ്ങളുടെ മറ്റൊരു പ്രധാനവശം ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളിലൂടെയുള്ള ആശയ വിനിമയമാണ്. ഇന്ത്യയിലെ വിവിധ കീഴാള വിഭാഗങ്ങള്‍ ഡ്രം, ഓടക്കുഴല്‍, കൊമ്പ് എന്നീ ഉപകരണങ്ങളിലൂടെയും അമ്പ്, ചപ്പാത്തി സാല്‍ ചെടിയുടെ കൊമ്പുകള്‍ എന്നിവ ഉപയോഗിച്ചും ആശയങ്ങള്‍ കൈമാറി. ഊഹാപോഹങ്ങളും (rumours) കലാപത്തിന്റെ വാര്‍ത്തയെത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഗുഹയുടെ അഭിപ്രായത്തില്‍ മലബാര്‍ കര്‍ഷകകലാപങ്ങളിലെ 'ഒരുക്കങ്ങള്‍' (preparations) തന്നെ ഒരു ആശയവിനിമയ രീതിയായിരുന്നു. കലാപകാരികളുടെ പടയൊരുക്കത്തെക്കുറിച്ച് കോണ്‍റാഡ് വുഡ് നല്‍കുന്ന വിവരണം ഇങ്ങനെ നീളുന്നു. "കലാപത്തിന് സജ്ജനായ ഒരു വ്യക്തി വെള്ള വസ്ത്രം ധരിക്കുകയും ഭാര്യയെ വിവാഹമോചനം നടത്തുകയും ചെയ്യുന്നു; താന്‍ ആരോടെങ്കിലും അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നു; തന്റെ പ്രവര്‍ത്തനത്തില്‍ വിജയം കാംക്ഷിച്ച് ഒരു തങ്ങളുടെയോ പുരോഹിതന്റെയോ അനുഗ്രഹം തേടിപ്പോകുന്നു. പോര്‍വിളിയായി കലാപകാരികള്‍ 'തക്ബീര്‍' (അല്ലാഹു അക്ബര്‍) മുഴക്കുകയും മുമ്പുനടന്ന കലാപങ്ങളെ ഓര്‍മിപ്പിക്കുന്ന പാട്ടുകള്‍ പാടുകയും ചെയ്തിരുന്നു.'' പൊലീസുമായോ സൈന്യവുമായോ ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിക്കുന്നത് മാപ്പിളമാരുടെ വീര്യവും ഊര്‍ജവും വര്‍ധിപ്പിക്കുന്നതിനുള്ള രൂപകങ്ങളായി മാറ്റുകയായിരുന്നു.

19-ാം നൂറ്റാണ്ടിലെ കലാപകാലത്ത് മാപ്പിളമാര്‍ ഒരു പ്രത്യേക ജനുസില്‍പ്പെട്ട പാട്ടുകള്‍ -പടപ്പാട്ടുകള്‍ കെട്ടിപ്പാടുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മലപ്പുറം പടപ്പാട്ട്, ചേറൂര്‍ പടപ്പാട്ട് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. കലാപകാരികളെ സ്തുതിക്കലും യുദ്ധവിവരണവുമായിരുന്നു ഇവയുടെ ഉള്ളടക്കം. ഇത്തരം പാട്ടുകള്‍ 1921 ലെ മലബാര്‍ കലാപത്തെ സ്വാധീനിച്ചിരുന്നു.

ഒരു പ്രത്യേക ഭൂമിശാസ്ത്ര പരിധിക്കകത്ത് ഒതുങ്ങി നില്‍ക്കുക (territoriality) എന്ന കര്‍ഷകകലാപത്തിന്റെ പൊതുസ്വഭാവം മാപ്പിള കര്‍ഷക കലാപങ്ങളുടെ കാര്യത്തിലും കാണാവുന്നതാണ്. ഗുഹ അഭിപ്രായപ്പെടുന്നതുപോലെ ഒരു കര്‍ഷക കലാപം സാധാരണയായി ഒരു പ്രത്യേക പ്രദേശത്തിന് പുറത്തേക്ക് വ്യാപിക്കാറില്ല. ഒരു ദേശം സവിശേഷമായ ഒരു സാംസ്കാരിക ഭൂമിശാസ്ത്രസൂചകം കൂടിയാണെന്ന കാരണത്താലാവാം, മാപ്പിള കര്‍ഷകകലാപങ്ങള്‍ ദക്ഷിണ മലബാറില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയായിരുന്നു.

കര്‍ഷക കലാപങ്ങള്‍ പൊതുവെ അക്രത്തിലൂടെയാണ് അതിന്റെ സ്വരൂപം (identity)സ്ഥാപിച്ചെടുക്കുന്നത്. അവ പൊതുവായതും കൂട്ടായതും നശീകരണാത്മകവുമാണ്. ഇന്ത്യയിലെ മറ്റേതൊരു കര്‍ഷക കലാപംപോലെയും മാപ്പിള കലാപങ്ങള്‍ നശീകരണാത്മകമായി മാറി. 1875 ല്‍ പുണെയിലെയും അഹമ്മദ് നഗറിലെയും കുന്‍ബികള്‍ (kunbis) മാര്‍വാഡി പലിശക്കാരുടെ ബോണ്ടുകള്‍, കടകള്‍, വീടുകള്‍, കാലിത്തീറ്റകള്‍ എന്നിവ കലാപങ്ങള്‍ക്കിടെ അഗ്നിക്കിരയാക്കിയത് ഉദാഹരണമാണ്. മാപ്പിളമാര്‍ കലാപത്തിനിടെ ജന്മിമാരുടെ വീടുകളും ക്ഷേത്രങ്ങളും മറ്റും നശിപ്പിച്ചത് സമാനമായ സംഭവങ്ങളാണ്.

*
എം പി മുജീബു റഹ്മാന്‍

No comments:

Post a Comment

Visit: http://sardram.blogspot.com