08 December, 2010

ലാവ്ലിന്‍ നിയമത്തിന്റെയും രാഷ്ട്രീയത്തിന്റെയും വഴി

എസ്എന്‍സി ലാവ്ലിന്‍ കേസ് നിയമപരിശോധനയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോവുകയാണ്. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലും രാജ്യത്തിന്റെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലും കേസ് നടക്കുന്നു. കോടതിനിര്‍ദേശപ്രകാരമുള്ള തുടരന്വേഷണവും നടക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍, കേസ് നിയമപരമായാണോ അല്ലാതെയാണോ നേരിടേണ്ടത് എന്ന മട്ടിലുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയുമില്ല, പ്രാധാന്യവുമില്ല. ഈ കേസുമായി ബന്ധപ്പെട്ട ഒരു വിഷയംപോലും സിപിഐ എം ചര്‍ച്ചചെയ്യാത്തതായോ നിലപാട് വ്യക്തമാക്കാത്തതായോ അവശേഷിക്കുന്നില്ല. പലകുറി ആവര്‍ത്തിക്കപ്പെട്ട ആ വസ്തുതകള്‍ മനസിലാക്കാത്ത ചില കേന്ദ്രങ്ങളും ഏതാനും മാധ്യമങ്ങളുമാണ് പാതി വെന്ത സംശയങ്ങളും വിവാദവുമായി ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്.

ഈ കേസ് ഉത്ഭവിച്ചതും വളര്‍ന്നുവന്നതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളിലൂടെയാണ്. യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് വിജിലന്‍സ് അനേഷണം നടത്തി. ആ അന്വേഷണത്തെ ആരും എതിര്‍ത്തതുമില്ല, അതുമായി നിസ്സഹകരിച്ചതുമല്ല. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട് എന്തിന് തള്ളിക്കളഞ്ഞു എന്ന് ഉമ്മന്‍ചാണ്ടിയോ യുഡിഎഫോ ഇന്നുവരെ പറഞ്ഞിട്ടില്ല. വിജിലന്‍സ് തുടര്‍നടപടിയുമായി കോടതിയിലെത്തിയപ്പോഴാണ്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം(മാര്‍ച്ച് ഒന്ന്) മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ച് ലാവ്ലിന്‍ കേസന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. വിജിലന്‍സ് അന്വേഷണത്തില്‍ പിണറായി വിജയനെ കുരുക്കാനുള്ള ഒന്നും കണ്ടെത്തിയില്ല എന്ന ഒറ്റക്കാരണമാണ് ഇത്തരമൊരു അസാധാരണ നടപടിയിലേക്ക് യുഡിഎഫ് ഗവണ്‍‌മെന്റിനെ നയിച്ചത്. സിപിഐ എം സംസ്ഥാനസെക്രട്ടറിയെ കേസില്‍പ്പെടുത്തുക; അത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യംമാത്രം മുന്‍നിര്‍ത്തിയുള്ള ഈ നടപടിയാണ് കേസിലെ രാഷ്ട്രീയം.

വിജിലന്‍സ് അന്വേഷിച്ച കേസില്‍ തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നാണ് സിബിഐ തുടക്കത്തില്‍ നിലപാടെടുത്തത്. പിന്നീട് ഒരു സ്വകാര്യവ്യക്തിയുടെ ഹര്‍ജിയെത്തുടര്‍ന്ന് അനേഷണം സിബിഐക്ക് വിട്ടു. കൂലംകഷമായി അന്വേഷിച്ച സിബിഐക്ക് പിണറായി വിജയന്‍ ഒരു നയാപൈസയുടെ അഴിമതി നടത്തി എന്ന് പറയാന്‍ കഴിഞ്ഞില്ല. ജി കാര്‍ത്തികേയനെ കേസില്‍നിന്ന് സിബിഐ ഒഴിവാക്കിയത് ലാവ്ലിന്‍ ഇടപാടിന്റെ തുടക്കക്കാരനായ അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ഉണ്ടായിട്ടില്ല എന്ന് ന്യായീകരിച്ചുകൊണ്ടാണ്. പിണറായി വിജയന്‍ നേട്ടമുണ്ടാക്കി എന്നു സിബിഐ പറഞ്ഞിട്ടില്ല. എന്നിട്ടും രാഷ്ട്രീയ താല്‍പ്പര്യം വച്ച് പിണറായിയെ പ്രതിചേര്‍ത്തു. പിന്നീട് അതേ സിബിഐതന്നെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉറപ്പിച്ചുപറഞ്ഞു, പിണറായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കി എന്നുപറയാനുള്ള ഒരു തെളിവും കിട്ടിയിട്ടില്ല എന്ന്. അങ്ങനെ സംശയിക്കാനുള്ള നേരിയ തുമ്പുപോലും തങ്ങളുടെ കൈയില്‍ ഇല്ല എന്ന്.

വിജിലന്‍സ് അന്വേഷിച്ചു കണ്ടെത്തിയതുമാത്രമേ സിബിഐക്കും കാണാനായിട്ടുള്ളൂ. അവര്‍ചെയ്ത അധിക കാര്യം, തങ്ങളുടെ പക്കല്‍ ഒരു തുമ്പുമില്ലാതിരുന്നിട്ടുകൂടി, പിണറായി വിജയന്റെ പേര് കേസില്‍ ഉള്‍പ്പെടുത്തി എന്നതാണ്. വിദേശകമ്പനി ഉള്‍പ്പെട്ട കേസായതുകൊണ്ടാണ് സിബിഐ അന്വേഷണം വേണ്ടത് എന്ന് വാദിച്ചവരുണ്ടായിരുന്നു. അത്തരത്തിലൊരു വിദേശ അന്വേഷണമൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. കേരളത്തിലെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമായി ലാവ്ലിന്‍ കേസ് മാറിയത് രാഷ്ട്രീയ ഗൂഢാലോചനയിലൂടെ മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി ഉപയോഗിക്കാനാണ് വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ് പൊടുന്നനെ സിബിഐക്ക് വിട്ടത്. അക്കാര്യം കേസ് കൈയില്‍ കിട്ടിയ ഉടനെ സിബിഐ പ്രത്യേക കോടതി നടത്തിയ പരാമര്‍ശത്തില്‍ തെളിയുന്നുണ്ട്. ഗൂഢാലോചനയുടെ തുടക്കക്കാരന്‍ എന്ന് കാര്‍ത്തികേയനെക്കുറിച്ച് എഴുതിവച്ചവര്‍ എന്തുകൊണ്ട് കാര്‍ത്തികേയനെ പ്രതിചേര്‍ത്തില്ല എന്നാണ് കോടതി സംശയിച്ചത്. കാര്‍ത്തികേയന്റെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. പിണറായിയെ ഉള്‍പ്പെടുത്തിയും കാര്‍ത്തികേയനെ ഒഴിവാക്കിയും സിബിഐ കളിച്ച(അവരെക്കൊണ്ട് കളിപ്പിച്ച) കളിയിലാണ് രാഷ്ട്രീയം.

ലാവ്ലിന്‍ ഇടപാടില്‍ ആകെ ഉണ്ടായ പ്രശ്നം, മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി സ്വരൂപിച്ച് നല്‍കാമെന്നേറ്റ തുക നേടിയെടുക്കാനായില്ല എന്നതാണ്. ലാവ്ലിന്‍ കമ്പനിക്ക് ഒഴിഞ്ഞുമാറാനുള്ള സൌകര്യം ആര് ചെയ്തുകൊടുത്തു എന്നതാണ് ചോദ്യം. ക്യാന്‍സര്‍ സെന്ററിനുവേണ്ടി ലാവ്ലിനുമായുണ്ടാക്കിയ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ് ഉത്തരവാദികള്‍; ധാരണാ പത്രത്തിനുപകരം കരാര്‍ ഒപ്പിടാന്‍ കൂട്ടാക്കാത്തവരാണ് പ്രതികള്‍. അത് 2000ല്‍ വന്ന യുഡിഎഫ് സര്‍ക്കാരാണ്-അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണ്. നിലവിലുള്ള കേസ് ഇവിടെ അവസാനിപ്പിച്ച്, മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം മുടക്കിയവര്‍ക്കെതിരായ കേസാണ് ഇനി തുടങ്ങേണ്ടത്. അത്തരത്തിലൊരു ചര്‍ച്ചയാണ് ഈ പ്രശ്നത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നവര്‍ ഉയര്‍ത്തിക്കൊണ്ടുവരിക.

ലാവ്ലിന്‍ കരാര്‍ വിവിധ തലത്തില്‍ പരിശോധിച്ചുകഴിഞ്ഞു. സിഎജി, വിജിലന്‍സ്, സിബിഐ. ഈ പരിശോധനകളിലൊന്നും ഒരു നയാപെസയുടെ അഴിമതി കണ്ടെത്തിയില്ല. സിബിഐ പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് ഭരണകക്ഷിയായ കോണ്‍ഗ്രസിനുവേണ്ടിയാണെന്നും അത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടു. ഒടുവില്‍ എല്ലാം പൂര്‍ത്തിയാക്കിയ സിബിഐക്ക് പറയേണ്ടിവന്നു, പിണറായി അഴിമതി നടത്തിയിട്ടില്ല എന്ന്. അന്നുതന്നെ ഇക്കാര്യം സമ്മതിച്ചിരുന്നുവെങ്കില്‍ ലാവ്ലിന്‍ കേസ് ഉണ്ടാകുമായിരുന്നില്ല.

സിപിഐ എം നിയമപരമായ ഒരു പരിശോധനയ്ക്കും എതിരുനിന്നിട്ടില്ല. സിബിഐ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചു. പിണറായി വിജയന്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. എല്‍ഡിഎഫ് ഗവണ്‍‌മെന്റ് ഈ കേസ് കൈകാര്യംചെയ്തതും നൂറുശതമാനം നിയമത്തിന്റെ വഴിയിലൂടെയാണ്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയപ്പോള്‍, ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറലിന്റെ പരിഗണനയ്ക്ക് ആ വിഷയം വിട്ടു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പരിശോധിച്ച് മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്തു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍‌മെന്റ് നല്‍കിയ ശുപാര്‍ശ അംഗീകരിക്കുന്നതിനുപകരം, സ്വേച്ഛാനുസൃതം ഒരു മുന്‍ജഡ്ജിയെക്കൊണ്ട് തനിക്കു താല്‍പ്പര്യപ്പെട്ട 'നിയമോപദേശം' എഴുതിവാങ്ങി അതിന്റെ മറവില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുകയാണ് ഗവര്‍ണര്‍ ചെയ്തത്. നിയമോപദേശം നല്‍കാന്‍ ചുമതലപ്പെട്ട അറ്റോര്‍ണി ജനറലിനെ സമീപിക്കാതെ സ്വകാര്യ പ്രാക്ടീസില്‍ അഭയം തേടിയ ഗവര്‍ണര്‍ തികഞ്ഞ രാഷ്ട്രീയക്കളിയാണ് കളിച്ചത്. അത് ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സുപ്രീംകോടതിയെ സമീപിച്ചു. പരമോന്നത കോടതിയെ സമീപിക്കുന്നത് നിയമപരമായ വഴി അല്ലാതാകുമോ? പിണറായി വിജയന് നിയമപരമായി നിരപരാധിത്വം തെളിയിക്കാനും കേസിന്റെ വ്യര്‍ഥത ചൂണ്ടിക്കാണിക്കാനുമുള്ള അവകാശം നിഷേധിക്കുന്നതാണോ നിയമത്തിന്റെ വഴി?

കേസിന്റെ നാനാവശങ്ങളും പരിശോധിച്ചശേഷമാണ് സിപിഐ എം പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തീരുമാനിച്ചത്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസിന്റെ ആ വശം കാണാതെ ശുദ്ധനിയമവാദികള്‍ വിവാദങ്ങളുയര്‍ത്തുകയും ഏതാനും മാധ്യമങ്ങള്‍ അതിന്റെ പിന്നാലെ പോവുകയും ചെയ്യുന്നത് ജുഗുപ്സാവഹമാണ്. നിയമത്തിന്റെ പരിശോധനകള്‍ പ്രത്യേക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍, നിയമപരമായിത്തന്നെ നേരിടണം എന്ന വാദമുയര്‍ത്തുന്നത് പരിഹാസ്യമാണ്.

കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍പ്പാണ്. ഒന്നേമുക്കാല്‍ ലക്ഷം കോടി കൊള്ളയടിച്ച 2 ജി സ്പെക്ട്രം അഴിമതി കോണ്‍ഗ്രസിനെയും ആ പാര്‍ടി നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിനെയും ജനങ്ങളുടെ കടുത്ത രോഷത്തിനിരയാക്കിയിരിക്കുന്നു. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തുക മാത്രമല്ല, അതിനുത്തരവാദികളാരെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട് സിഎജി. അതിന്റെ ഗൌരവം കുറയ്ക്കാന്‍ കോണ്‍ഗ്രസനുകൂലികള്‍ നിരത്തുന്ന വാദങ്ങളിലൊന്ന് ലാവ്ലിന്‍ കേസും സിഎജിയുടെ കണ്ടുപിടിത്തമായിരുന്നു എന്നാണ്. ലാവ്ലിന്‍ പ്രശ്നത്തില്‍ 'ചെലവിട്ട തുകയ്ക്ക് തുല്യമായ പ്രയോജനം ഉണ്ടായിട്ടില്ല' എന്നതാണ് സിഎജി അന്തിമറിപ്പോര്‍ട്ടില്‍ പറഞ്ഞ ഏക കാര്യം. അത്തരമൊരു വാദം ശരിയല്ല എന്ന് തെളിയിക്കുന്ന കണക്കുകള്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ചെലവിട്ട തുകയ്ക്ക് തുല്യമായതുമാത്രമല്ല, അതിന്റെ പലമടങ്ങ് പ്രയോജനമുണ്ടായി എന്ന് വ്യക്തമാക്കുന്ന ആ കണക്കുകള്‍ ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് വൈദ്യുതി ബോര്‍ഡ് സിഎജിക്ക് നല്‍കിയത്. 2ജി സ്പെക്ട്രം അഴിമതിയെ വെള്ളപൂശാന്‍ ലാവ്ലിനില്‍ കയറിപ്പിടിക്കുന്നവര്‍ക്കുള്ള മറുപടി ആ കണക്കുതന്നെയാണ്. വിജിലന്‍സും സിബിഐയും അന്വേഷിച്ചിട്ടും ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തി എന്ന് പറഞ്ഞിട്ടില്ല എന്നത് മറ്റൊരു കാര്യം.

ഇതെല്ലാം അറിഞ്ഞിട്ടും അജ്ഞത ഭാവിച്ചോ, വേണ്ടവിധം മനസിലാക്കാതെയോ വിവാദമുയര്‍ത്തുന്നത് നല്ല കീഴ്വഴക്കമല്ലതന്നെ. ലാവ്ലിന്‍ കേസില്‍ സിപിഐ എമ്മിന്റെ നിലപാടില്‍ ഒരുതരത്തിലുള്ള അവ്യക്തതയും ഇല്ല എന്നും നിയമത്തിന്റെ വഴിയില്‍തന്നെയാണ് കേസ് നേരിടുന്നതെന്നും, എന്നാല്‍, കേസിലെ രാഷ്ട്രീയ ഗൂഢാലോചനയും കുതന്ത്രങ്ങളും തുറന്നുകാട്ടുന്നതില്‍നിന്ന് ഒരിഞ്ചു പുറകോട്ട് പോകാന്‍ സിപിഐ എം തയ്യാറല്ല എന്നും ആവര്‍ത്തിച്ച് വ്യക്തമാക്കേണ്ടിവരുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. വിവാദ സ്രഷ്ടാക്കള്‍ അവധാനതയോടെ ഈ പ്രശ്നം പഠിക്കാന്‍ തയ്യാറാകേണ്ടതുണ്ട്.

*
വി വി ദക്ഷിണാമൂര്‍ത്തി

No comments:

Post a Comment

Visit: http://sardram.blogspot.com