08 December, 2010

മാധ്യമങ്ങളുടെ ലക്ഷ്യബോധവും മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും

വളരെ മുമ്പ് നടന്നൊരു സംഭവമാണ്. കൃത്യമായി പറഞ്ഞാല്‍ 1944 ല്‍. അക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രാങ്ക് മൊറെയ്ഡ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ (അന്നതിനെ സോഷ്യല്‍ സര്‍വീസ് എന്നാണ് വിളിച്ചിരുന്നത്) പ്രഭാഷണത്തിന് ക്ഷണിക്കപ്പെട്ടു. വിഷയം 'മാധ്യമപ്രവര്‍ത്തനം: ഒരു സാമൂഹ്യ സേവനം' എന്നതും. ഇതറിഞ്ഞ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഡി എഫ് കരക ബോംബെ ക്രോണിക്കിളിലെ തന്റെ കോളത്തില്‍ (ഒമഹള ഇീഹൗാി എന്നാണ് അത് അറിയപ്പെട്ടത്) ഇങ്ങനെ എഴുതി. ''മാധ്യമ രംഗത്തെക്കുറിച്ച് സന്തുലിതമായൊരു ചിത്രം നല്‍കണമെങ്കില്‍ മൊറെയ്ഡ് രണ്ടാമതൊരു പ്രഭാഷണം കൂടി നടത്തേണ്ടിവരും-മാധ്യമ പ്രവര്‍ത്തനം: ഏറ്റവും വലിയ തട്ടിപ്പ്.'' ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ കരക പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് സമ്മതിക്കാതെ വയ്യ. സമീപകാലത്ത് വിവാദമായ നീരാ റാഡിയ ടേപ്പിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

മാധ്യമപ്രവര്‍ത്തനത്തിന് വളരെ ശക്തമായൊരു സാമൂഹ്യാടിത്തറയും ചരിത്രവും ഉണ്ടായിരുന്നെന്ന വസ്തുത ഇന്ന് അധികമാര്‍ക്കും അറിയാമെന്ന് തോന്നുന്നില്ല. അഥവാ അറിയാമെങ്കില്‍ത്തന്നെ അത് ആരും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നില്ല. ജന്മിത്വത്തിനും സ്വേച്ഛാധിപത്യത്തിനും എതിരായ ജനകീയ പ്രസ്ഥാനമായാണ് പത്രങ്ങള്‍ രൂപപ്പെട്ടത് തന്നെ. തന്മൂലം, സ്വാഭാവികമായും, ലോകത്തെമ്പാടും അരങ്ങേറിയ അനേകം പുരോഗമന മുന്നേറ്റങ്ങളുടെ നടുവില്‍ അവ നില ഉറപ്പിച്ചുപോന്നു. എന്നാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ ചരിത്രം പരിശോധിച്ചാല്‍ അവയുടെ സാമൂഹ്യ ഇടപെടലിന്റെ തോത് ഗണ്യമായി കുറഞ്ഞുതുടങ്ങിയിരിക്കുന്നു എന്ന് കാണാന്‍ ബുദ്ധിമുട്ടില്ല. മാത്രമല്ല, ഇതിന്റെ വിരുദ്ധ ദിശയില്‍ അത് സഞ്ചരിച്ചും തുടങ്ങിയിരിക്കുന്നു. പത്രപ്രവര്‍ത്തനം പബ്ലിക് റിലേഷന്‍ വര്‍ക്കായും ക്രിയാത്മകമായി, ചിന്തിക്കുന്നവര്‍ക്ക് ചേരാത്ത പണിയായും തരംതാണിരിക്കുന്നു എന്ന് പ്രശസ്ത മലയാളി പത്രപ്രവര്‍ത്തകനായിരുന്ന സി പി രാമചന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍മവരുന്നു. പക്ഷേ നീരാ റാഡിയ ടേപ്പുകള്‍ വെളിപ്പെടുത്തുന്നത്, സി പി ആര്‍ പറഞ്ഞതിനെക്കാള്‍ പരിതാപകരമാണ് ഈ മേഖലയില്‍ കാര്യങ്ങള്‍ എന്നാണ്. ഒരു വിഭാഗം പത്രപ്രവര്‍ത്തകരെങ്കിലും കോര്‍പ്പറേറ്റുകളുടെ പൂന്തോട്ടക്കാരായി തരംതാണിരിക്കുന്നു!

ടേപ്പുകളിലെ വെളിപ്പെടുത്തലുകളെ ലളിതവല്‍ക്കരിക്കുന്നത് അപകടകരമാണ്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഏറിയ പങ്കും വിഷയം തമസ്‌കരിച്ചതും, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുത്ത പത്രപ്രവര്‍ത്തകരില്‍ ഒരു വിഭാഗം വിവാദത്തില്‍ ഉള്‍പ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകരെ ന്യായീകരിച്ചതും പ്രശ്‌നത്തിന്റെ ഗൗരവത്തെ ലഘൂകരിക്കാനുള്ള ശ്രമമാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം നീരാ റാഡിയ എന്ന കോര്‍പ്പറേറ്റ് ഇടനിലക്കാരി വാര്‍ത്തകളുടെ ഒരു സുപ്രധാന ഉറവിടം മാത്രമാണ്. തന്‍മൂലം അവരില്‍ നിന്ന് ചൂടുള്ള വാര്‍ത്തകള്‍ പരമാവധി ശേഖരിക്കാനാവശ്യമായ ചില 'സുഖിപ്പിക്കല്‍ വര്‍ത്തമാനം' ബന്ധപ്പെട്ട പത്രപ്രവര്‍ത്തകര്‍ നടത്തിയെന്നേ ഉള്ളൂ. ഇതിനപ്പുറം മാധ്യമ സദാചാരവുമായി ബന്ധപ്പെട്ട ഒന്നും പ്രശ്‌നത്തില്‍ ഇല്ലെന്നാണ് ഇവരുടെ പക്ഷം. ഇത് വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍പോലും ഒരു സുപ്രധാന ചോദ്യത്തിന് ഇവര്‍ മറുപടി പറയേണ്ടിവരും. നീരാ റാഡിയയുമായുള്ള സംഭാഷണത്തില്‍ നിന്ന് ലഭിച്ച ഏറ്റവും ചൂടുള്ള വാര്‍ത്ത - ഒരുപക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിമുടി പിടിച്ച് കുലുക്കിയേക്കാവുന്ന ഒന്ന് - ബന്ധപ്പെട്ടവര്‍ എന്തുകൊണ്ട് തങ്ങളുടെ മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല?

ഉള്‍ക്കാഴ്ചയുള്ള ജേണലിസ്റ്റിനെ സംബന്ധിച്ചിടത്തോളം ടേപ്പിലെ വെളിപ്പെടുത്തലുകളില്‍ രണ്ട് കാര്യങ്ങളാണ് വാര്‍ത്താ മൂല്യമായുള്ളത്. ഇതില്‍ ആദ്യത്തേത്, ഒരു കോര്‍പ്പറേറ്റ് ഇടനിലക്കാരിക്ക് തന്നെ തീറ്റിപ്പോറ്റുന്നവര്‍ക്കുവേണ്ടി ഏതുവിധം ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ കഴിയുന്നു എന്നതാണ്. മറ്റതാകട്ടെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് നല്‍കാന്‍ തീരുമാനിച്ച വന്‍ കരം ഇളവും. സാമ്പത്തിക ഉദാരവല്‍ക്കരണകാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം ഏത് ദിശയില്‍ സഞ്ചരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് രണ്ടും.

'ദല്ലാള്‍ രാഷ്ട്രീയം' എങ്ങനെ നമ്മുടെ ജനാധിപത്യത്തെ കാര്‍ന്ന് തിന്നുന്നു എന്നാണ് നീരാ റാഡിയ നമ്മെ ബോധ്യപ്പെടുത്തുന്നത്. മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം, അവര്‍ക്ക് ഏത് വകുപ്പുകള്‍ നല്‍കണം എന്ന് തുടങ്ങി ഭരണകക്ഷികളുടെ ഉള്ളറ രഹസ്യങ്ങള്‍വരെ ടേപ്പുകള്‍ അനാവരണം ചെയ്യുന്നു. മറുവശത്ത്, 2009 ലെ കേന്ദ്ര ബജറ്റില്‍ ഗ്യാസ് ഉല്‍പ്പാദനമേഖലയ്ക്ക് മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ച ടാക്‌സ് ഇളവ് മൂലം മുകേഷ് അംബാനിക്ക് ലഭിച്ചേക്കാവുന്ന 81,000 കോടി രൂപയുടെ ലാഭത്തെക്കുറിച്ച് ജനതാദള്‍ (യു) അംഗം എന്‍ കെ സിംഗ് റാഡിയയോട് സംസാരിക്കുന്ന ഭാഗവും ടേപ്പുകള്‍ വെളിപ്പെടുത്തുന്നുണ്ട്. സംഭാഷണത്തിനിടയില്‍ സിംഗ് പ്രകടിപ്പിക്കുന്ന ഏറ്റവും വലിയ ആശങ്ക പാര്‍ലമെന്റ് ബജറ്റ് ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ പ്രതിപക്ഷം വലിയ ഒച്ചപ്പാട് ഉണ്ടാക്കുമോ എന്നതാണ്. ഇക്കാര്യത്തില്‍ രസകരമായ മറ്റൊന്നുകൂടി അദ്ദേഹം വെളിപ്പെടുത്തുന്നു - അടുത്തദിവസം നടക്കുന്ന ചര്‍ച്ചയില്‍ ബി ജെ പിയുടെ ഭാഗത്ത് നിന്ന് അരുണ്‍ ഷൂരിക്ക് പകരം (അനില്‍ അംബാനി പക്ഷക്കാരന്‍) വെങ്കയ്യനായിഡുവിനെ മുഖ്യ പ്രസംഗകനാക്കാന്‍ അദ്ദേഹം കൈവരിച്ച വിജയത്തെക്കുറിച്ച്! എന്നാല്‍ ഇതൊന്നും തന്നെ വാര്‍ത്താ മൂല്യമുള്ളതായി വിവാദത്തില്‍ ഉള്‍പ്പെട്ട പ്രമുഖ പത്രാധിപന്‍മാര്‍ക്ക് തോന്നിയില്ലെന്നിടത്താണ് ഇന്ത്യന്‍ മാധ്യമരംഗത്തിന് പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടിവരുന്നത്. ഔട്ട്‌ലുക്കിന്റെ പത്രാധിപര്‍ വിനോദ് മേത്ത പറയുന്നതുപോലെ 'തങ്ങള്‍ ആരോട് എന്താണ്, സംസാരിക്കുന്നതെന്ന് ഓരോ മാധ്യമ പ്രവര്‍ത്തകനും തിരിച്ചറിവ് ഉണ്ടാകണം'. ഈ തിരിച്ചറിവാണ് ഇന്ത്യന്‍ മാധ്യമരംഗത്തെ പ്രമുഖരായ പ്രഭു ചാവ്‌ല മുതല്‍ വീര്‍ സിംഗ്‌വി വരെയുള്ളവര്‍ ബോധപൂര്‍വം പണയപ്പെടുത്തിയത്.

പത്രപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താ സ്രോതസുകളെ ഉപയോഗിക്കാം. തിരിച്ചാവുകയും അരുത്. പക്ഷേ ഇവിടെ സംഭവിച്ചത് രണ്ടാമത് സൂചിപ്പിച്ചതാണ്. നീരാ റാഡിയയുടെയും അവരുടെ പിന്നില്‍ നില്‍ക്കുന്ന ടാറ്റായും അംബാനിക്കും വേണ്ടി വിടുപണി ചെയ്യുവാന്‍ മാധ്യമ മുഖ്യന്‍മാര്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുന്നു. പണവും സ്വാധീനവും ഉണ്ടെങ്കില്‍ ഏത് വാര്‍ത്തയും, പത്രത്തിന്റെ ഏത് സ്ഥാനത്തും ഏത് തലവാചകത്തോടെയും അച്ചടിപ്പിക്കാം എന്നാണ് സ്‌പെക്ട്രം കുംഭകോണത്തിലെ അണിയറ സംഭവങ്ങള്‍ നല്‍കുന്ന പാഠം. ഇന്ത്യന്‍ മാധ്യമങ്ങളുടെ ഈ തകര്‍ച്ചയില്‍ സാമ്പത്തിക ഉദാരവല്‍ക്കരണം വഹിക്കുന്ന പങ്കും നിസ്തുലമാണ്. ഏതാണ്ട് തൊണ്ണൂറുകള്‍ മുതല്‍ക്കാണല്ലോ മാധ്യമങ്ങള്‍ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പൊതുവേദി അല്ലാതായിതീര്‍ന്നത്. വ്യവസായ ഗ്രൂപ്പുകള്‍ വന്‍തോതില്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതും അവയുടെ ഉടമസ്ഥത കേന്ദ്രീകരിച്ചു തുടങ്ങിയതും ഇത് മുതല്‍ക്കാണ്. ദേശീയ മാധ്യമരംഗം കയ്യടക്കിയിരിക്കുന്നത് ഇന്നിപ്പോള്‍ കേവലം ഏഴ് പ്രമുഖ കമ്പനികളാണ്. ഇവരാണ് നാം എന്ത് കാണണമെന്നും വായിക്കണമെന്നും തീരുമാനിക്കുന്നത്. മറ്റേതിനെയും പോലെ പത്രപ്രവര്‍ത്തനവും ഒരു വ്യവസായമായി മാറിയിരിക്കുന്നു.

വിപണിയുടെ ഭാഗം അല്ലാത്തതൊന്നും ഇന്ന് മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭരണകൂട ഭീകരതയും സാമൂഹ്യനീതിയുമൊക്കെ പുട്ടിലെ പീരപോലെ പരസ്യങ്ങള്‍ക്കും പ്രമുഖരുടെ (ഗിരി) പ്രഭാഷണങ്ങള്‍ക്കും ഇടയിലെ സ്ഥലം നിറയ്ക്കാനുള്ള ചപ്പുചവറുകള്‍ മാത്രം. 'മാസ് മീഡിയ'യില്‍ 'മാസസ്' (ജനങ്ങള്‍) ഇല്ലാത്ത അവസ്ഥ. ഇത്തരമൊരു സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പലപ്പോഴും മുതലാളിയുടെയും അദ്ദേഹത്തിന്റെ പങ്കുകച്ചവടക്കാരുടെയും പേന ഉന്തുകാരായി മാറേണ്ടിവരും. ഷൂസരമാഗോയുടെ ഒരു നോവലില്‍ - The Gospel According to Jesus Christ - ദൈവം മനുഷ്യനെക്കുറിച്ച് പറയുന്നൊരു വാചകമുണ്ട് - ''ജനനം മുതല്‍ മരണംവരെ എന്തിനും ഏതിനും ഉപയോഗിക്കാവുന്ന തടിക്കഷണമാണ് മനുഷ്യന്‍''. മാധ്യമപ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഈ വിധം തടിക്കഷണങ്ങളായി മാറിയിരിക്കുന്നു എന്നാണ് നീരാ റാഡിയ സംഭവം വെളിപ്പെടുത്തുന്നത്. വണിക്കുകളില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും കൃത്യമായ അകലം പാലിക്കുവാനും ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുവാന്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്താല്‍ മാത്രമേ മാധ്യമരംഗത്തിന് അതിന്റെ സാമൂഹ്യപ്രസക്തി തെളിയിക്കാനാവൂ. ഇന്നത്തെ അവസ്ഥയില്‍ ഇത് മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.

*
ഡോ. ജെ പ്രഭാഷ്

No comments:

Post a Comment

Visit: http://sardram.blogspot.com