ബോഫോഴ്‌സ് കോഴ ഇടപാടിന്റെ ഉള്ളറകള്‍ തുരന്നെടുത്ത 'ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രവും അരുണ്‍ ഷൂരി, ചിത്രാ സുബ്രഹ്മണ്യം കൂട്ടുകെട്ടും ഇന്ത്യന്‍ മനസ്സില്‍ സൃഷ്ടിച്ച ആന്ദോളനം ചെറുതല്ല.
അടിയന്തരാവസ്ഥയില്‍ പാലിച്ച വിധേയത്വത്തിന്റെയും കുറ്റകരമായ നിസ്സംഗതയുടെയും കളങ്കം മാറ്റിയെഴുതാന്‍ ഇന്ത്യന്‍ മാധ്യമലോകം നടത്തിയ ബോധപൂര്‍വമായ നീക്കംകൂടിയായിരുന്നു അത്. ഫോര്‍ത്ത് എസ്‌റ്റേറ്റില്‍ ഒരു തിരിച്ചൊഴുക്കിന്റെ ശുഭാദ്യമായി അതിനെ പലരും നോക്കിക്കണ്ടു.
എന്നാല്‍, രാജീവ് ഗാന്ധിയുടെ ഉപജാപകവൃന്ദത്തില്‍ ഇടംകണ്ടെത്താന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച പത്രാധിപര്‍ എം.ജെ. അക്ബര്‍ ഉളുപ്പില്ലാതെ മത്സരിക്കുന്നതാണ് നാം പിന്നെ കണ്ടത്. തന്റെ മാധ്യമ കളസം ഊരിവെച്ച അരുണ്‍ ഷൂരി വലതുപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകളിലേക്ക് ഇറങ്ങിനില്‍ക്കുന്നതും വൈകാതെ കണ്ടു. ഒടുവില്‍ മന്ത്രിയായി പൊതുമേഖലാ ഓഹരികള്‍ മുച്ചൂടും മറിച്ചുവിറ്റ് ബി.ജെ.പിയെപ്പോലും കടത്തിവെട്ടിയ ഷൂരിനടനവും മറ്റൊരു ദുരന്തക്കാഴ്ചയായി. 'ഹിന്ദു'വിന്റെ മികച്ച ലേഖകന്‍ ഹരീഷ് ഖരെക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ മാധ്യമ ഉപദേശപട്ടം കെട്ടിയാടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതായും വന്നില്ല.
ഇത് ഒരു വശം. കൂലിത്തല്ലും തലോടലും നടത്തി ഭരിക്കുന്നവന്റെ ഇംഗിതം നടപ്പാക്കി ഒരു വിഭാഗം പട്ടും വളയും നേടിയപ്പോള്‍ മറുഭാഗം പക്ഷേ, തളര്‍ന്നില്ല. അവര്‍ ദൗത്യത്തില്‍ ഉറച്ചുനിന്നു. മാധ്യമപ്രവര്‍ത്തനം എന്നത് ഭരിക്കുന്നവന്റെ വിടുപണിയല്ലെന്ന് ഫീല്‍ഡിലും ഡസ്‌ക്കിലും വാര്‍ത്തകളുടെ ലോകത്തിരുന്ന് ഓരോ ഘട്ടത്തിലും അവര്‍ തെളിയിച്ചു.
ഇന്ത്യന്‍ മാധ്യമലോകത്തിന്റെ ശക്തി ദൗര്‍ബല്യമായിരുന്നു എന്നും ഈ രണ്ട് ധാരകള്‍. വെറും നാലഞ്ചു വര്‍ഷത്തെ 'പത്രപ്രവര്‍ത്തനം'കൊണ്ട് പേരും പെരുമക്കും പുറമെ കോടികളുടെ ബാങ്ക് ബാലന്‍സും ഭൂസ്വത്തുക്കളും സ്വന്തമാക്കിയ ഒരു കൂട്ടര്‍. പതിറ്റാണ്ടുകള്‍ ദല്‍ഹിയില്‍ കഴിഞ്ഞിട്ടും സ്വന്തം കുഞ്ഞിന്റെ ഹോസ്പിറ്റല്‍ ബില്ലടക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കൈനീട്ടേണ്ടി വരുന്ന എരപ്പാളി ഗണത്തില്‍പെടുന്ന മറ്റൊരു കൂട്ടര്‍. പണ്ടു മുതലേ ദല്‍ഹിയില്‍ ഈ രണ്ടു കൂട്ടരെയും കാണുന്നു. അടിക്കടി വിദേശയാത്രകള്‍ നടത്തിയും അധികാരകേന്ദ്രങ്ങളുടെ സല്‍ക്കാരങ്ങളില്‍ സ്ഥിരം ക്ഷണിതാക്കളായും പെരുമ കാണിക്കുന്ന സ്വന്തം വര്‍ഗത്തെ നോക്കി നിവൃത്തിയില്ലാതെയാകാം സി.പി. രാമചന്ദ്രന് ഇങ്ങനെ കുറിക്കേണ്ടി വന്നതും: 'ഇവിടെ ദല്‍ഹിയില്‍ തങ്ങളുടെ വിരല്‍ത്തുമ്പിലാണ് എല്ലാം നടക്കുന്നതെന്ന് ഇവര്‍ അഹങ്കരിക്കുന്നു... സം ഓഫ് ദെം ആര്‍ വെരി അഗ്ലി ഫെലോസ്.'
ആ വരേണ്യവര്‍ഗത്തിന്റെ പുത്തന്‍ 'തിരു'ശേഷിപ്പുകളില്‍ രണ്ടു പേരുടെ മുഖംമൂടിയാണിപ്പോള്‍ അഴിഞ്ഞു വീണിരിക്കുന്നത്. 2ജി സ്‌പെക്ട്രം ഇടപാടിന്റെ മറ്റൊരു വഴിത്തിരിവ്. അധികാരത്തിന്റെ ഇടനിലക്കാര്‍ മാത്രമല്ല, കോര്‍പറേറ്റുകളുടെ കൂട്ടിക്കൊടുപ്പുകാരായും മാറാന്‍ മടിയില്ലെന്ന് അവര്‍ തെളിയിച്ചു. കൂട്ടുകച്ചവടത്തിന്റെയും അശ്ലീല മാധ്യമപ്രവര്‍ത്തനത്തിന്റെയും ആ ലൈവ് രേഖയാണിപ്പോള്‍ 'ഓപണ്‍' മാഗസിനിലൂടെ പുറത്തു വന്നിരിക്കുന്നത്. പകല്‍ കോര്‍പറേറ്റുകള്‍ക്കുള്ള ദാസ്യവേല. രാത്രി പ്രൈംടൈമുകളില്‍ ഇന്ത്യന്‍ നൈതികതയെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും മധ്യവര്‍ഗ മനസ്സിനെ ആവേശംകൊള്ളിക്കുമാറ് ചോദ്യങ്ങളുന്നയിക്കുക. ദേശീയതയുടെ സൂക്ഷിപ്പുകാരായുള്ള സ്വയം വാഴ്ത്തല്‍ വേറെയും. കോഴിക്കോട്ടെ നിറവേദിയില്‍ വിളിച്ചു വരുത്തി ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കി ഇവരെ നാം ആദരിക്കും.
കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ മുഖംമിനുക്കികളായ പി.ആര്‍ സ്ഥാപന നടത്തിപ്പുകാര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് ടെലിഫോണ്‍ ഡീലുകള്‍ ഉറപ്പിക്കുന്നതുമാണ് ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തനം എന്നിവര്‍ തെളിയിക്കുകയായിരുന്നു. നീര റാഡിയ എന്ന കോര്‍പറേറ്റ് ഇടനിലക്കാരി ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍സാങ്‌വി, എന്‍.ഡി.ടി.വി ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ഖദത്ത് എന്നീ രണ്ട് നവീന ഐക്കണുകളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ അസ്സല്‍ പകര്‍പ്പാണ് 2ജി സ്‌പെക്ട്രം ഇടപാടിനത്തിലെ ഇന്ത്യ കണ്ട പുതിയ പകര്‍ന്നാട്ടം.
നീര റാഡിയയുടെ ബന്ധങ്ങളുടെ വ്യാപ്തി അന്വേഷിച്ചിറങ്ങിയ ആദായ നികുതി വകുപ്പിന്റെ ചൂണ്ടയില്‍ കുടുങ്ങിയത് മുന്‍ മന്ത്രി രാജ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്തും വീര്‍സാങ്‌വിയും ഉള്‍പ്പെടെ നിരവധി വന്‍ മത്സ്യങ്ങളും. 2009 മേയ് പതിനൊന്നിനും ജൂലൈ പതിനൊന്നിനും ഇടക്കായിരുന്നു ഫോണ്‍ ചോര്‍ത്തല്‍. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ അഭീഷ്ടപ്രകാരം കേന്ദ്ര മന്ത്രിസഭയില്‍ ടെലികോം വകുപ്പ് ഡി.എം.കെക്ക് ഉറപ്പിക്കാന്‍ നടന്ന ആ ഡീലിന്റെ ചെറിയൊരു സാമ്പിള്‍ സംഭാഷണം ഇങ്ങനെ:
നീര റാഡിയ: 'കനിമൊഴി പറയുന്നത്, ഗുലാം നബി ആസാദിനെപ്പോലുള്ള ഉത്തരവാദപ്പെട്ട ആരെങ്കിലും ഇതില്‍ ഇടപെടണം എന്നാണ്.'
ബര്‍ഖ ദത്ത്: 'അതെ, അതെ, അതെ'
റാഡിയ: 'ശരി. സംസാരിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്ന് സന്ദേശം ലഭിച്ചതായി അവര്‍ക്ക്(കനിമൊഴി) പിതാവിനോട് പറയാമായിരുന്നു'
ബര്‍ഖ ദത്ത്: '~ീക് ഹെ. അതൊരു പ്രശ്‌നമല്ല. ഞാന്‍ ഗുലാം നബി ആസാദുമായി സംസാരിക്കാം. ഇപ്പോള്‍ ഞാന്‍ റേസ്‌കോഴ്‌സ് റസിഡന്‍സിലാണ്(പ്രധാനമന്ത്രിയു
അപ്പുറത്ത് ആഹ്ലാദം. അടുത്ത കാള്‍ പോകുന്നത് രാജയിലേക്ക്. ടെലികോം വിവാദ നായകന്‍ സാക്ഷാല്‍ എ. രാജ തന്നെ. അതുകൂടി കേള്‍ക്കൂ:
റാഡിയ: 'ഹലോ.'
രാജ: 'ഞാന്‍ രാജ.'
റാഡിയ: 'ഹൈ. ബര്‍ഖ ദത്തില്‍നിന്ന് ഇപ്പോള്‍ എനിക്കൊരു സന്ദേശം ലഭിച്ചു.'
രാജ: 'വ്ഹാ.'
റാഡിയ: 'ബര്‍ഖദത്ത്.'
രാജ: 'അവള്‍ എന്തു പറഞ്ഞു?'
റാഡിയ: 'അവള്‍ പറഞ്ഞു... പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഇന്നു രാത്രി അവര്‍ വാര്‍ത്ത പിന്തുടരും. സോണിയഗാന്ധി അവിടെ ചെന്ന വിവരം എന്നെ അറിയിച്ചതും ബര്‍ഖയാണ്. പ്രധാനമന്ത്രിക്ക് താങ്കളോട് നീരസമില്ലെന്നും അവള്‍ പറഞ്ഞു. പക്ഷേ, ബാലുവിനോട് എന്തോ ഇഷ്ടക്കേടുണ്ട്.'
രാജ: 'പക്ഷേ, ലീഡറുമായി അദ്ദേഹം ഇക്കാര്യം സംസാരിക്കണം...'
റാഡിയ: 'അതെ, അതെ. അദ്ദേഹം ലീഡറുമായി സംസാരിക്കുകതന്നെ വേണം...'
രാജ: 'രാവിലെതന്നെ അതു സംസാരിക്കണം. എന്തിന്, ആവശ്യമില്ലാതെ കോണ്‍ഗ്രസ്... ബന്ധം മുറിക്കുകയാണ്...'
റാഡിയ: 'അതല്ല. പിന്നെയുള്ള ചോദ്യം അഴഗിരിയാണ്. അല്ലേ?'
രാജ: 'അതെ.'
റാഡിയ: 'അഴഗിരിയുടെ ആളുകള്‍ ചോദിക്കുകയാണ്, മുതിര്‍ന്ന നേതാവായിരിക്കെ, മാരന് ഇനി എന്തിനാണ് കാബിനറ്റ് പദവിയെന്ന്...'
രാജക്കുവേണ്ടി ടെലികോം മന്ത്രാലയം ഒപ്പിക്കാന്‍ ബര്‍ഖ വിയര്‍ക്കുമ്പോള്‍ വീര്‍സാങ്‌വിയെ റാഡിയ ഉപയോഗിക്കുന്നത് എതിര്‍ കോര്‍പറേറ്റ് ഗ്രൂപ്പിനുവേണ്ടി അനില്‍ അംബാനിയെ നാറ്റിക്കാനായിരുന്നു. 'ഹിന്ദുസ്ഥാന്‍ ടൈംസി'ന്റെ ഞായറാഴ്ച കോളത്തില്‍ വാതക വിലനിര്‍ണയ വിവാദവുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്ക് അനുകൂല വിധി പുറപ്പെടുവിച്ച മുംബൈ ഹൈകോടതി തീരുമാനത്തിനെതിരെ എഴുതണമെന്ന് നീര റാഡിയ വീര്‍സാങ്‌വിയോട് ആവശ്യപ്പെടുന്നു.
ദേശീയ താല്‍പര്യത്തിന് എതിരാണെന്ന മട്ടില്‍ കോളം വരണമെന്നാണ് റാഡിയയുടെ അപേക്ഷ. അതിലൂടെ പ്രധാനമന്ത്രിക്കിട്ടൊരു കിഴുക്ക് കൊടുക്കാനും റാഡിയ പറയുന്നു. എല്ലാം അപ്പടി ശരിവെക്കുകയാണ് നമ്മുടെ ധീരവീര വീര്‍സാങ്‌വി.
ആള്‍ മാന്യനാണ്. ഞായറാഴ്ച കോളത്തില്‍ റാഡിയ ടെലിഫോണില്‍ എന്തു പറഞ്ഞോ അതത്രയും വീര്‍സാങ്‌വി എഴുതിപ്പിടിപ്പിച്ചു. 'പതിറ്റാണ്ടുകളായി നാം അഴിമതിയുടെ മാരകഫലം അനുഭവിക്കുന്നു. എന്നാല്‍, അപൂര്‍വ വിഭവങ്ങള്‍ വിറ്റുതുലക്കാനുള്ള നീക്കത്തില്‍ നമുക്ക് നിര്‍വികാരത പാടില്ല. വിലപിടിച്ച വിഭവങ്ങളുടെ അപകടം പ്രധാനമന്ത്രി തിരിച്ചറിയണം.' ജേണലിസം എങ്ങനെ സ്‌റ്റെനോഗ്രഫിയിലേക്ക് തരംതാഴുന്നു എന്നറിയാന്‍ ഈ ശബ്ദരേഖയേക്കാള്‍ നല്ലൊരു ഉദാഹരണം വേറെ കാണില്ല. (സംഭാഷണങ്ങള്‍ ---.-----------്വ---.--- ല്‍ കേള്‍ക്കാം)
പുതുകാലത്ത് എല്ലാവരും ചേര്‍ന്ന് ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ ആണിക്കല്ലിളക്കാന്‍ മത്സരിക്കുകയാണ്. 'പെയ്ഡ് ന്യൂസ്' പത്രമുതലാളിമാരുടെ അടിയറവും താല്‍പര്യവുമായിരുന്നു പുറത്തുകൊണ്ടു വന്നതെങ്കില്‍ ഇവിടെ മാധ്യമപ്രവര്‍ത്തകര്‍തന്നെയാണ് കൂട്ടുകച്ചവടക്കാരുടെ റോള്‍ അടിച്ചു തകര്‍ക്കുന്നത്. കോര്‍പറേറ്റ് കാലത്ത് അവരുടെ സന്ദേശങ്ങള്‍ കൈമാറാന്‍ വിനീത ഹംസങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ഇന്ദ്രപ്രസ്ഥത്തില്‍.
രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പവും അധികാര ഉപശാലകളിലെ വിദഗ്ധരുമായുള്ള ചാര്‍ച്ചയും മാധ്യമപ്രവര്‍ത്തകന്റെ മാര്‍ക്കറ്റ് വില പെട്ടെന്നാണ് ഉയര്‍ത്തിയത്. മറുപക്ഷം ചോദിക്കുന്നതും ന്യായം. എല്ലാവരുമായുള്ള അടുപ്പം ഒരു മാധ്യമപ്രവര്‍ത്തകന് വേണ്ടതല്ലേ? വാര്‍ത്തക്ക് അത് ഗുണം ചെയ്യില്ലേ? സമ്മതിക്കുന്നു. പക്ഷേ, ഒരു മറുചോദ്യം: അവര്‍ക്ക് ഡീലുകളൊപ്പിക്കുന്നതും അതിന്റെ പങ്കുപറ്റുന്നതും മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗംതന്നെയോ?
മാധ്യമസ്ഥാപനങ്ങളെ കോര്‍പറേറ്റുകള്‍ ഹൈജാക് ചെയ്യുന്നതിന്റെ ഉപോല്‍പന്നംകൂടിയാണിത്. എഡിറ്ററുടെ വിവരക്കേടും തിരുമോന്തയും എട്ടു കോളത്തില്‍ കുറയാതെ നിത്യം പത്രത്തില്‍ കൊടുക്കുന്നതാണ് ജേണലിസ്റ്റ് മിടുക്കിന്റെ ആകത്തുകയെന്ന് കരുതുന്ന പുത്തന്‍കൂറ്റുകാരില്‍നിന്ന് ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ശമ്പളം തരുന്ന മുതലാളി നടത്തുന്ന സര്‍വമാന ബിസിനസുകളുടെയും താല്‍പര്യങ്ങള്‍ക്കുവേണ്ടി ഓടുന്നതും തന്റെ ദൗത്യമാണെന്ന് പലരും ഉറപ്പിക്കുന്നു. പുറംചൊറിയലിന്റെയും വൃത്തികെട്ട വാഴ്ത്തിപ്പാടലിന്റെയും എച്ചില്‍ സായുജ്യമാണ് ഇവര്‍ക്ക് മാധ്യമപ്രവര്‍ത്തനം.
എഡിറ്റര്‍ എന്നത് പേരിനുപോലും ഇല്ലാതെ വന്നതോടെ പരസ്യാവരണം അണിയിച്ച് എന്തും പുറത്തിറക്കാമെന്നും അതിന് പത്രം എന്നു പേരിടാമെന്നും തെളിയിച്ചതാണ് ഈ നൂറ്റാണ്ടിന്റെ മാധ്യമദുരന്തം. അതുകൊണ്ട് കാറ്ററിഞ്ഞ് പാറ്റുന്നതില്‍ ആത്മരതിയടയുകയാണ് ഭൂരിഭാഗവും.
കോര്‍പറേറ്റ് ലോബിയുടെ ഇത്തരം ഉപകരണങ്ങള്‍ പി.ഐ.ബി ലോഞ്ച് മുതല്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ വരെ പിടിമുറുക്കിയിരിക്കുകയാണ്. മാധ്യമവര്‍ഗത്തിന്റെ ദാസ്യമനോഭാവം സ്വാനുഭവത്തില്‍ ബോധ്യപ്പെട്ടതുകൊണ്ടാകും സ്‌പെക്ട്രം ഇടപാടിനെതിരെ എഴുതിയ മലയാളി മാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തി ഒരുളുപ്പും കൂടാതെ കാല്‍കുലേറ്റര്‍ കൈയിലെടുത്ത് രാജ ഇങ്ങനെ പറഞ്ഞത്: 'ഇരുപത് കൊല്ലംകൊണ്ട് നിനക്ക് കിട്ടാന്‍ പോകുന്ന ശമ്പളത്തെ പിന്നെയും ഇരുപതുകൊണ്ട് ഗുണിച്ചു നോക്കൂ. തിരുവനന്തപുരത്തോ മുംബൈയിലോ ദല്‍ഹിയിലോ എവിടെ വേണേലും ആഡംബര ഫഌറ്റിന്റെ താക്കോല്‍ വാങ്ങിച്ചോ. തരം പോലെ ചീറിപ്പായാന്‍ നല്ലൊരു കാറും ഇതാ പിടിച്ചോ. അതും പോരേല്‍ നീയും എഡിറ്ററും പറ, ഇനി ഞാന്‍ എന്തു വേണമെന്ന്...'
2ജി സ്‌പെക്ട്രംകൊണ്ട് പല ഗുണങ്ങളുമുണ്ടായി. മനസ്സില്‍ ആരാധിച്ച നിരവധി വിഗ്രഹങ്ങളാണ് പെരുവഴിയില്‍ വീണുടഞ്ഞത്. സ്റ്റുഡിയോക്കുള്ളിലെ ലാവണ്യശീതളിമ വിട്ട് പലരുടെയും തല്‍സ്വരൂപങ്ങള്‍ പുറത്തുവന്നു. ഭരണനിര്‍വഹണവും നീതിന്യായ സംവിധാനങ്ങളും വരെ ദുഷിച്ചപ്പോഴും ആരോ കരുതിയിരുന്നു, ഫോര്‍ത്ത് എസ്‌റ്റേറ്റ് അത്രപെട്ടെന്നൊന്നും മലിനമാകില്ലെന്ന്.
ഹര്‍ഷദ് മേത്തയുടെ കുംഭകോണത്തെക്കുറിച്ച് ജെ.പി.സി അന്വേഷിച്ചപ്പോള്‍ കണ്ടതാണ് പല കിടിലന്‍ മാധ്യമപ്രവര്‍ത്തകരുടെ പേരിലുമുള്ള ഇക്വിറ്റി ട്രാന്‍സ്ഫറുകള്‍. രാജയോ റാണിയോ ആരു കേന്ദ്രമന്ത്രിയാകണം എന്ന കാര്യം ഇവര്‍ ഏറ്റെടുക്കും. സ്വന്തം പദവി ദുരുപയോഗം ചെയ്യുന്നവനെ നേരിടാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കോ മറ്റു വാച്ച്‌ഡോഗുകള്‍ക്കോ പാങ്ങില്ലാത്ത കാലത്തോളം ഇതൊക്കെ തുടരും.
സര്‍ക്കാര്‍ ഭവനങ്ങളുടെ വീതംവെപ്പില്‍ തുടങ്ങി പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും വിദേശ സര്‍വകലാശാലകളുടെയും ഉപദേശക ബോര്‍ഡുകളില്‍ വരെ സ്ഥിരം ഇരിപ്പിടം ലഭിക്കുന്ന 'മുതിര്‍ന്ന' മാധ്യമപ്രവര്‍ത്തകര്‍ ഏതൊക്കെ ഡീലുകളുടെ ബാക്കിപത്രമാകും കൊണ്ടാടുന്നത്?
*എം.സി.എ. നാസര്‍
No comments:
Post a Comment
Visit: http://sardram.blogspot.com