15 November, 2010

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും എല്‍.ഡി.എഫിന്റെ പ്രകടനവും

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ രണ്ടു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ്‌ നടക്കുകയുണ്ടായി. അതിന്റെ ഫലങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്‌. ഈ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അമ്പേ പരാജയപ്പെട്ടുപോയെന്നും അതിന്റെ രാഷ്‌ട്രീയ അടിത്തറ തന്നെ ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്നുമുള്ള പ്രചാരവേലകള്‍ വളരെ സംഘടിതമായി നടന്നുകൊണ്ടിരിക്കുകയാണ്‌. ഈ ഘട്ടത്തില്‍ കേരളത്തിന്റെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനങ്ങളും അതിന്‌ അടിസ്ഥാനമായി തീര്‍ന്ന വോട്ടിംഗ്‌ നിലയും പരിശോധിച്ചാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരവേലകള്‍ വസ്‌തുതകളുമായി ബന്ധമില്ലാത്തതാണെന്ന്‌ കാണാം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ പ്രതീക്ഷിച്ച വിജയം നേടിയിട്ടില്ല എന്നത്‌ വസ്‌തുതയാണ്‌. അതിന്റെ കാരണങ്ങളെ സംബന്ധിച്ച്‌ വിശദമായ പരിശോധന പാര്‍ടിയുടെ വിവിധ ഘടകങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ ഈ വിഷയം സ: ഐ.വി. ദാസിന്റെ മരണം കാരണം ചര്‍ച്ച ചെയ്‌ത്‌ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും പ്രാഥമികമായ ചില കാര്യങ്ങള്‍ അതുവരെ ഉണ്ടായിരുന്ന ചര്‍ച്ചകളില്‍ നിന്ന്‌ ഉരുത്തിരിഞ്ഞു വരികയുണ്ടായി.

കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നടന്നത്‌ 2005 ലാണ്‌ ആ തിരഞ്ഞെടുപ്പില്‍ 49.22 ശതമാനം വോട്ടാണ്‌ എല്‍.ഡി.എഫിന്‌ ലഭിച്ചത്‌. ഇത്തവണ (2010) 42.32 ശതമാനം വോട്ടാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇതില്‍നിന്നും 6.90 ശതമാനം വോട്ടിന്റെ കുറവ്‌ ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ ഉണ്ടായി എന്ന്‌ വ്യക്തമാകുന്നുണ്ട്‌. എന്നാല്‍ ആ കുറവിന്‌ മറ്റൊരു കാരണം ഉണ്ട്‌. 2005 ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന ഡി.ഐ.സി, ജനതാദള്‍-എസിലെയും കേരള കോണ്‍ഗ്രസ്‌-ജോസഫിലെയും ഒരു വലിയ വിഭാഗവും ഐ.എന്‍.എല്ലിലെ ഒരു വിഭാഗവും ഇത്തവണ എല്‍.ഡി.എഫിനൊപ്പം ഉണ്ടായിരുന്നില്ല. ഇവര്‍ക്ക്‌ 2005 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട്‌ നില ഇപ്രകാരമാണ്‌.

ഡി.ഐ.സി-4.67, ജനതാദള്‍ (എസ്‌)-2.37, കേരള കോണ്‍ഗ്രസ്‌ (ജോസഫ്‌)- 1.79, ഐ.എന്‍.എല്‍-0.35. ഇവയെല്ലാം ചേര്‍ത്താല്‍ 9.18 ശതമാനം വോട്ട്‌ വരും. ഈ വോട്ട്‌ 2005 ല്‍ കിട്ടിയ വോട്ടില്‍ നിന്ന്‌ കുറച്ചാല്‍ എല്‍.ഡി.എഫിന്റെ വോട്ട്‌ 40.04 ശതമാനമാണ്‌. എന്നാല്‍ ഈ പ്രാവശ്യം ലഭിച്ചതാവട്ടെ 42.32 ശതമാനമാണ്‌. അതായത്‌ 2.28 ശതമാനത്തിന്റെ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. ഇത്‌ കാണിക്കുന്നത്‌ എല്‍.ഡി.എഫിന്റേയോ അതിന്റെ ഘടക കക്ഷികളുടേയോ സ്വാധീനം കേരളത്തില്‍ ദുര്‍ബലപ്പെട്ടിട്ടില്ല എന്നാണ്‌.

2000 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ ലഭിച്ചത്‌ 42.64 ശതമാനം വോട്ടാണ്‌. ഇപ്പോള്‍ ലഭിച്ച 42.32 മായി താരതമ്യപ്പെടുത്തി നോക്കിയാല്‍ എല്‍.ഡി.എഫിന്‌ ഇത്തവണ ഉണ്ടായത്‌ 0.32 ശതമാനത്തിന്റെ കുറവ്‌ മാത്രമാണ്‌. 2000 ലെ മുന്നണി സംവിധാനത്തില്‍ നിന്നും വ്യത്യസ്‌തമായ നിലയിലാണ്‌ ഇന്ന്‌ എല്‍.ഡി.എഫ്‌ നിലകൊള്ളുന്നത്‌ എന്നുകൂടി പരിഗണിക്കുമ്പോള്‍ എല്‍.ഡി.എഫ്‌ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ രാഷ്‌ട്രീയത്തിന്‌ പിന്നില്‍ ഉറച്ച ഒരു അടിത്തറ സൃഷ്‌ടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ എന്നാണ്‌. എല്ലാ തിരഞ്ഞെടുപ്പുകളിലും 42 ശതമാനത്തോളം വോട്ടുകള്‍ എല്‍.ഡി.എഫ്‌ നിലനിര്‍ത്തുന്നുണ്ട്‌ എന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത്‌ അത്തരം വോട്ടിന്റെ സുശക്തമായ അടിത്തറ എല്‍.ഡി.എഫിനുണ്ട്‌. അതുകൊണ്ടാണ്‌ ആ വോട്ടിംഗ്‌ ശതമാനം എല്ലാ കാലത്തും എല്‍.ഡി.എഫിന്‌ നിലനിര്‍ത്താന്‍ കഴിയുന്നത്‌.

എന്നാല്‍ ഇത്തരം ഭദ്രമായ ഒരു അടിത്തറ യു.ഡി.എഫിനുണ്ട്‌ എന്ന്‌ പറഞ്ഞുകൂടാ. 1995 മുതല്‍ ഇതുവരെ നടന്ന 11 തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ എല്‍.ഡി.എഫിന്‌ ഇപ്പോള്‍ ലഭിച്ച വോട്ടിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ യു.ഡി.എഫിന്‌ പല തിരഞ്ഞെടുപ്പുകളിലും ലഭിച്ചതായി കാണാം. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 38.45 ശതമാനമാണ്‌ യു.ഡി.എഫിന്‌ ലഭിച്ച വോട്ട്‌. 2005 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ ലഭിച്ചത്‌ 40.21 ശതമാനം വോട്ടാണ്‌. 2000 ലെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലാവട്ടെ അവരുടെ വോട്ടിംഗ്‌ ശതമാനം 41.48 ശതമാനമാണ്‌. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്‌ എല്‍.ഡി.എഫിന്‌ ഇപ്പോള്‍ ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ യു.ഡി.എഫിന്‌ മൂന്ന്‌ തവണ ലഭിച്ചിട്ടുണ്ട്‌ എന്നുകൂടിയാണ്‌.

യു.ഡി.എഫിന്റെ വോട്ടിംഗ്‌ ശതമാനം 38 ശതമാനം എന്നത്‌ ഇരുമുന്നണികളുടേയും തിരഞ്ഞെടുപ്പ്‌ പ്രകടനത്തിലെ ഏറ്റവും കുറഞ്ഞ ശതമാനമാണ്‌. ഇത്‌ കാണിക്കുന്നത്‌ യു.ഡി.എഫിന്റെ അടിത്തറ എല്‍.ഡി.എഫുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ ദുര്‍ബലമാണ്‌ എന്നതാണ്‌. എല്‍.ഡി.എഫിന്റെ കരുത്തുറ്റ രാഷ്‌ട്രീയ അടിത്തറയെ വെല്ലുവിളിക്കാന്‍ പോകുന്ന രാഷ്‌ട്രീയ പിന്തുണ യു.ഡി.എഫിന്‌ കേരളത്തിലില്ല എന്നാണ്‌. അപ്പോള്‍ യു.ഡി.എഫിന്‌ കൂടുതല്‍ ലഭിക്കുന്ന വോട്ടുകളുടെ അടിത്തറ രാഷ്‌ട്രീയത്തിന്‌ ബാഹ്യമായ ചില ഘടകങ്ങളില്‍ നിന്നാണ്‌ എന്ന്‌ വ്യക്തമാകുന്നത്‌. അത്‌ വര്‍ഗീയ-ഭീകരവാദ സംഘടനകളും അതുപോലുള്ള പിന്തിരപ്പന്‍ സംഘങ്ങളുടേയും ഇടയില്‍ നിന്നാണ്‌ എന്ന്‌ ഇതില്‍ നിന്നും വ്യക്തമാകുന്നു. അതായത്‌ കേരളത്തിലെ പിന്തിരപ്പന്‍ വര്‍ഗീയ ഭീകരവാദ സംഘടനകളെ നിലനിര്‍ത്തുക എന്നത്‌ യു.ഡി.എഫിന്റെ രാഷ്‌ട്രീയ നിലനില്‍പ്പിന്റെ കൂടി ഭാഗമാണ്‌. അതുകൊണ്ടാണ്‌ യു.ഡി.എഫ്‌ അധികാരത്തില്‍ എത്തുന്ന ഘട്ടങ്ങളില്‍ ഇത്തരം സംഘങ്ങള്‍ക്ക്‌ അഴിഞ്ഞാടാന്‍ അവസരം ലഭിക്കുന്നതും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ഭീകരവാദികളുടെ വിളയാട്ടങ്ങള്‍ക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്‌. അതുകൊണ്ട്‌ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ അന്തരീക്ഷം സംശുദ്ധമായി തീരണമെങ്കില്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തെ ശക്തിപ്പെടുത്തിയേ മതിയാകൂ. കേരളത്തിന്റെ ഉജ്ജ്വലമായ നവോത്ഥാന മതേതരത്വ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നതിനും ഈ രാഷ്‌ട്രീയസമീപനം അനിവാര്യമാണെന്ന്‌ കാണാം.

ഇക്കഴിഞ്ഞ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എല്‍.ഡി.എഫ്‌ കൂടൂതല്‍ കരുത്താര്‍ജ്ജിച്ച്‌ വരുന്നതായി കാണാം. കഴിഞ്ഞ പാര്‍ലമെന്റ്‌ വോട്ടില്‍ എല്‍.ഡി.എഫിന്‌ ലഭിച്ചത്‌ 67,17,438 ആണ്‌. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ തിരഞ്ഞെടുപ്പ്‌ നടന്നപ്പോള്‍ എല്‍.ഡി.എഫിന്‌ ലഭിച്ച വോട്ടുകളുടെ എണ്ണം 77,81,671 ആണ്‌. അതായത്‌ 10,64,233 വോട്ടുകളുടെ വര്‍ദ്ധന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ ഉണ്ടായി എന്നര്‍ത്ഥം. എല്ലാ ജില്ലകളിലും എല്‍.ഡി.എഫിന്‌ പാര്‍ലമെന്റിനെ അപേക്ഷിച്ച്‌ വോട്ട്‌ വര്‍ദ്ധിച്ചു. അതിന്റെ കണക്ക്‌ ഇപ്രകാരമാണ്‌. തിരുവനന്തപുരം-1,65,523, കൊല്ലം-1,25,653, പത്തനംതിട്ട-51,632, ആലപ്പുഴ-72,795, കോട്ടയം-50,488, ഇടുക്കി-21,342, എറണാകുളം-94,049, തൃശൂര്‍- 89,176, പാലക്കാട്‌ -84,288, മലപ്പുറം - 23,813, കോഴിക്കോട്‌ - 1,19,101, വയനാട്‌ - 63,421, കണ്ണൂര്‍ - 85,504, കാസര്‍ഗോഡ്‌ - 17,447 ഈ വര്‍ദ്ധനവ്‌ എല്‍.ഡി.എഫ്‌ നിലനിര്‍ത്തുമ്പോള്‍ യു.ഡി.എഫിന്‌ കണ്ണൂരും ആലപ്പുഴയും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട്‌ കുറയുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്‌.
വര്‍ഗീയ സംഘടനകളുമായി തുറന്ന സംഖ്യത്തിന്‌ യു.ഡി.എഫ്‌ തയ്യാറായതിന്റെ നിരവധി തെളിവുകള്‍ കേരളത്തില്‍ ഉടനീളം ദൃശ്യമാണ്‌. മനുഷ്യസ്‌നേഹികള്‍ ആകമാനം എതിര്‍ത്ത സംഭവമായിരുന്നല്ലോ ന്യൂമെന്‍സ്‌ കോളേജ്‌ അധ്യാപകന്റെ കൈപത്തി വെട്ടി മാറ്റിയ സംഭവം. ഈ സംഭവത്തിലെ പ്രതിയായ അനസിനെ വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട്‌ ഡിവിഷനില്‍ നിന്ന്‌ വിജയിപ്പിക്കുന്നതിന്‌ വോട്ട്‌ മറിക്കാന്‍ യു.ഡി.എഫ്‌ തയ്യാറായി. വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട്‌ ഡിവിഷന്‌ കീഴില്‍ എട്ട്‌ വാര്‍ഡുകളാണ്‌ ഉള്ളത്‌. ഇതില്‍ ഏഴ്‌ വാര്‍ഡും വിജയിച്ചത്‌ യു.ഡി.എഫാണ്‌. ഒരു വാര്‍ഡില്‍ മാത്രമാണ്‌ എല്‍.ഡി.എഫിന്‌ വിജയിക്കാനായത്‌. അതാവട്ടെ മൂന്ന്‌ വോട്ടുകള്‍ക്ക്‌. ഈ ബ്ലോക്ക്‌ ഡിവിഷനിലെ ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകളില്‍ യു.ഡി.എഫിന്‌ 4209 വോട്ടുകള്‍ ഉണ്ട്‌. എന്നാല്‍ ബ്ലോക്കിലേക്ക്‌ വരുമ്പോള്‍ യു.ഡി.എഫിന്റെ വോട്ട്‌ 2089 ആയി കുറഞ്ഞു. എസ്‌.ഡി.പി.ഐയുടെ വോട്ട്‌ 3992 ആയി വര്‍ദ്ധിച്ചു. കൈവെട്ട്‌ കേസിലെ പ്രതികളെ പോലും ഇത്തരത്തില്‍ വിജയിപ്പിക്കുന്നതിന്‌ യു.ഡി.എഫ്‌ വോട്ട്‌ മറിച്ച്‌ നല്‍കി എന്നത്‌ സാംസ്‌കാരിക കേരളത്തിന്‌ തന്നെ അപമാനകരമായ സംഭവമാണെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌. ദുര്‍ബലമായ തങ്ങളുടെ രാഷ്‌ട്രീയ അടിത്തറയെ ശക്തിപ്പെടുത്തുന്നതിന്‌ ആരുമായും കൂട്ടുകെട്ടുണ്ടാക്കുന്ന യു.ഡി.എഫിന്റെ ശൈലിയുടെ മികച്ച ഉദാഹരണമാണ്‌ ഈ സംഭവം. ഈ വസ്‌തുത മതേതര കേരളം തിരിച്ചറിഞ്ഞ്‌ ഭാവിയില്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കൈവെട്ട്‌ കേസിലെ പ്രതിയെ വിജയിപ്പിച്ച യു.ഡി.എഫ്‌ കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഒരു വാര്‍ഡില്‍ എസ്‌.ഡി.പി.ഐയ്‌ക്കുണ്ടായ വിജയത്തിന്‌ കാരണം എല്‍.ഡി.എഫ്‌ വോട്ട്‌ നല്‍കിയതാണ്‌ എന്ന പ്രചരണവും അഴിച്ചുവിടുകയാണ്‌. എന്നാല്‍ ഈ പ്രചരണം തങ്ങളുടെ കൂട്ടുകെട്ട്‌ മറച്ചു വെക്കാനുള്ള പ്രചരണത്തിന്റെ ഭാഗമാണ്‌ എന്ന്‌ ആ വാര്‍ഡിലെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്‌. 2005 ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി അന്ന്‌ മത്സരിച്ചത്‌ അവിടെ ഐ.എന്‍.എല്‍ ആയിരുന്നു. അന്ന്‌ 560 വോട്ട്‌ ലഭിക്കുകയും ഉണ്ടായി. എന്നാല്‍ 2009 ലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ 140 വോട്ടാണ്‌ എല്‍.ഡി.എഫിന്‌ ഇവിടെ നിന്ന്‌ ലഭിച്ചത്‌. അസംബ്ലി ഉപതെരഞ്ഞെടുപ്പില്‍ അതാവട്ടെ 133 ആയി. ഇപ്പോള്‍ നടന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ അത്‌ 169 ആയും വര്‍ദ്ധിച്ചു. ഇത്‌ കാണിക്കുന്നത്‌ എല്‍.ഡി.എഫിന്റെ വോട്ടുകള്‍ മറിച്ച്‌ നല്‍കിയില്ല എന്നതാണ്‌. മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട്‌ വര്‍ദ്ധിക്കുകയാണ്‌ ചെയ്‌തത്‌. എന്നാല്‍ യു.ഡി.എഫിന്റെ വോട്ടില്‍ കുറവുണ്ടായി. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ 459 വോട്ടായിരുന്നു യു.ഡി.എഫിന്‌ ലഭിച്ചത്‌. ഉപതെരഞ്ഞെടുപ്പില്‍ അത്‌ 381 ആയി. ഈ തിരഞ്ഞെടുപ്പില്‍ അത്‌ 290 ആയി കുറയുകയുകയും ചെയ്‌തു. ഇവിടെയാണ്‌ 325 വോട്ട്‌ നേടി എസ്‌.ഡി.പി.ഐ വിജയിച്ചത്‌. ഇവിടെ നമുക്ക്‌ കാണാവുന്ന വസ്‌തുത എസ്‌.ഡി.പി.ഐയെ വിജയിപ്പിക്കുന്നതിന്‌ യു.ഡി.എഫ്‌ വ്യഗ്രത കാണിച്ചു എന്നതാണ്‌. ഇത്തരം ഒരു രാഷ്‌ട്രീയം മുന്നോട്ട്‌ വെക്കുക എന്നത്‌ യു.ഡി.എഫിന്റെ നിലനില്‍പിന്റെ കൂടി ഭാഗമാണ്‌ എന്ന്‌ കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പിണറായി വിജയന്‍

No comments:

Post a Comment

Visit: http://sardram.blogspot.com