08 November, 2010

കന്യാചര്‍മ്മപരിശോധന

തെക്കേ ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ഒരു ഗോത്രത്തില്‍ വിവാഹം കഴിക്കാന്‍ പുരുഷന്‍ വധുവിന്റെ കുടുംബത്തിനു് പ്രതിഫലം നല്‍കണം. അതു് പത്തോ പതിനൊന്നോ പശുക്കള്‍ വരെ ആവാം. വധുവിന്റെ വില വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാനഘടകമാണു് അവളുടെ കന്യകാത്വം. കന്യകാത്വത്തിന്റെ വ്യക്തമായ ഒരു തെളിവു് ഊനം തട്ടാത്ത കന്യാചര്‍മ്മമാണെന്നതിനാല്‍ പെണ്‍കുട്ടികള്‍ അവരുടെ കന്യാചര്‍മ്മം പരിശോധിപ്പിച്ചു് സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ ശ്രമിക്കുന്നു. ഇത്രയേറെ പശുക്കളെ സമ്പാദിക്കുക എന്നതു് അവരുടെയിടയിലെ ആണൊരുത്തനു് അത്ര എളുപ്പം സാധിക്കാവുന്ന ഒരു കാര്യമല്ല എന്നതിനാല്‍ വിവാഹവും പലപ്പോഴും താമസിച്ചേ നടത്താനാവൂ. അതിനാല്‍ ഒരു പെണ്‍കുട്ടി ‘കന്യകാത്വം-കം-കന്യാചര്‍മ്മ-യഥാസ്ഥാന-ഊനമില്ലായ്മ-സര്‍ട്ടിഫിക്കറ്റ്‌’ വാങ്ങി ട്രങ്കില്‍ സൂക്ഷിച്ചാലും, ഒരുത്തന്‍ ഒരുദശം പശുക്കളുമായി അവളെത്തേടി എത്തുമ്പോഴേക്കും ഏതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു് കഴിഞ്ഞിരിക്കാമെന്നതും സാധാരണമാണു്. ഈ കാലഘട്ടത്തില്‍ കന്യാചര്‍മ്മത്തിനു് ഭംഗം സംഭവിച്ചുകൂടെന്നില്ലല്ലോ എന്ന ചോദ്യം അധികപ്രസംഗമാണു്. അധികപ്രസംഗം ആഫ്രിക്കക്കാരുടെ ഇടയില്‍ മര്യാദയല്ലാത്തതിനാല്‍ ഈ ചോദ്യം ആരും ചോദിക്കുന്ന പതിവില്ല. ആ ഒറ്റക്കാരണത്തിന്റെ പേരിലാണു് അവരുടെ ഇടയില്‍ കേരളത്തിലേതുപോലെ hymen restoration surgery എന്നൊരു ഏര്‍പ്പാടു് നിലവിലില്ലാത്തതു്. പരാതിയില്ലാത്തിടത്തു് കോടതി എന്തിനു്? പക്ഷേ, പരാതിയുള്ളിടത്തു് ജഡ്ജി നിഷ്പക്ഷനല്ലെങ്കില്‍ കോടതി ഉള്ളതിനേക്കാള്‍ ഭേദം ഇല്ലാത്തതുതന്നെയാവും! നീതിന്യായവ്യവസ്ഥ നിലനിര്‍ത്താന്‍ ജനങ്ങള്‍ നികുതിപ്പണം നല്‍കി നിയമജ്ഞരെ നിയമിക്കുന്നതു് അനീതി കൊയ്യാനാണെങ്കില്‍ അത്തരം ഒരേര്‍പ്പാടു് അസംബന്ധം എന്നേ വരൂ!

1. കന്യാചര്‍മ്മപരിശോധനക്കായി പെണ്‍കുട്ടികള്‍ ക്യൂ നില്‍ക്കുന്നു.

2. ഇതാണു് ഞങ്ങളുടെ നാട്ടുനടപ്പു്. എന്തിനു് എതിര്‍ക്കണം എന്നറിയില്ല. ഗോത്രത്തിന്റെ ചിട്ടകളെ എതിര്‍ക്കാന്‍ ഞങ്ങളാരു്?

3. കന്യാചര്‍മ്മ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഒരു തെളിവാണു് നെറ്റിയിലെ വെളുത്ത അടയാളം.

4. ‘കന്യകാത്വം-കം-കന്യാചര്‍മ്മ-യഥാസ്ഥാന-ഊനമില്ലായ്മ-സര്‍ട്ടിഫിക്കറ്റ്‌’! കേരളത്തിലെ മണവാളന്റെ ബിരുദവും മണവാട്ടിയുടെ കുടുംബം നല്‍കേണ്ട സ്ത്രീധനവുമായി ഈ ഏര്‍പ്പാടിനു് സാമാന്യത്തിലധികമായ സാമ്യമുണ്ടു്. ഈ രണ്ടു് ഏര്‍പ്പാടുകളിലും ആണിനെയും പെണ്ണിനെയും സ്ഥാനം മാറ്റി പ്രതിഷ്ഠിക്കണം എന്നേയുള്ളു. രണ്ടു് ബിരുദങ്ങളുടെയും ഫാക്കള്‍ട്ടികള്‍ തമ്മില്‍ അല്ലറ ചില്ലറ വ്യത്യാസമുണ്ടാവാമെങ്കിലും അതത്ര കാര്യമാക്കേണ്ട കാര്യമല്ല. ഏതു് ഫാക്കള്‍ട്ടികളിലൊക്കെയാണു് തങ്ങള്‍ ബിരുദമെടുത്തിരിക്കുന്നതെന്നും, അവയുടെ ഒക്കെ അര്‍ത്ഥമെന്തെന്നും ഇക്കാലത്തു് മഹാപുരോഹിതന്മാര്‍ക്കുപോലും അറിയില്ല. പിന്നെയാണു് കേരളത്തിലെ സാദാ ബിരുദധാരികളും ആഫ്രിക്കയിലെ അക്ഷരാഭ്യാസമില്ലാത്ത മണവാട്ടികളും! കേരളമെന്താ ചോദിക്കാനും പറയാനും ആരുമില്ലാത്ത ബനാന റിപ്പബ്ലിക്കോ?
പശുക്കളുടെ എണ്ണം ഒപ്പിക്കുവാന്‍ പുരുഷന്മാര്‍ പട്ടണങ്ങളില്‍ എന്തെങ്കിലുമൊക്കെ ജോലിക്കു് പോകുന്നു. അവരില്‍ നല്ലൊരു പങ്കു് – എട്ടുപത്തു് പശുക്കളെ കൊടുത്താല്‍ ഭാവിയില്‍ കിട്ടുന്നതു് എന്താണെന്നു് മുന്‍കൂട്ടി അറിയാനാവാം – പലപ്പോഴും താരതമ്യേന പശുക്കളേക്കാള്‍ വിലക്കുറവുള്ള വേശ്യകളെ സമീപിക്കുന്നു. ‘വില തുച്ഛം, മണം മെച്ചം!’ ഒരു തോട്ടി വാങ്ങിയാല്‍ ഒരാന സൗജന്യം എന്നപോലെ ‘പത്തുരൂപ’ മുടക്കി ഏതിനെ എടുത്താലും, സൗജന്യമായി ലഭിക്കുന്ന AIDS-മായി അവന്‍ സ്വന്തം ഗ്രാമത്തിലെത്തി പെണ്ണുകെട്ടുമ്പോള്‍ പശുക്കളെ മാത്രമല്ല, എയ്ഡ്സും അവള്‍ക്കു് നല്‍കുന്നു. അവര്‍ രണ്ടുപേരും ഇഹലോകത്തോടു് വിടപറയുന്നതു് എന്നാണെന്നറിയാന്‍ പിന്നെ ദിവസങ്ങള്‍ എണ്ണിയാല്‍ മതി. ലൈംഗികരോഗങ്ങളെപ്പറ്റി സംസാരിക്കുന്നതു് അതുപോലുള്ള മനുഷ്യരുടെ ഇടയില്‍ റ്റബൂ ആയതിനാല്‍ ഈ പ്രശ്നത്തിന്റെ പരിഹാരവും അത്ര എളുപ്പമായ കാര്യമല്ല.
“പ്രകൃതിയിലുള്ള എല്ലാ വസ്തുക്കള്‍ക്കും ഓരോ നിയമം കര്‍ത്താവ്‌ കൊടുത്തിട്ടുണ്ട്‌.” ആ നിയമം അനുസരിച്ച്‌ ജീവിക്കുമ്പോള്‍ ചിലര്‍ AIDS പിടിച്ചു് ചാവുന്നു. ചിലരെ മനുഷ്യര്‍ ചുമ്മാ തല്ലിക്കൊല്ലുന്നു. ചിലര്‍ തല്ലിക്കൊന്നവരെ സംരക്ഷിക്കാന്‍ നോക്കുന്നു. അവരെ സംരക്ഷിക്കാന്‍ മറ്റുചിലര്‍ “വിധി വിധിയോ വിധി വിധി” എന്നു് വിളിച്ചുകൂവിക്കൊണ്ടു് കൊടിയോ, വടിയോ, കാവടിയോ, കൊട്ടുവടിയോ അല്ലെങ്കില്‍ കയ്യില്‍ കിട്ടുന്നതും, എടുത്താല്‍ പൊങ്ങുന്നതുമായ മറ്റേതെങ്കിലും വീട്ടുപകരണങ്ങളോ വലിച്ചുചുമന്നു് വട്ടത്തിലും നീളത്തിലും ച‍തുരത്തിലും നെട്ടോട്ടം ഓടുന്നു.

സീ കെ ബീ

No comments:

Post a Comment

Visit: http://sardram.blogspot.com