05 March, 2009

കമ്പോള മൌലികതാ വാദം ജനാധിപത്യവിരുദ്ധം

കമ്പോള മൌലികതാ വാദം ജനാധിപത്യവിരുദ്ധം

എപിജി ട്രേഡ് യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് അതിപ്രധാനമായ ഒരു വിഷയത്തെക്കുറിച്ച്, ധനമേഖലാ പരിഷ്കാരങ്ങള്‍ക്കുള്ള രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച്, സംസാരിക്കാന്‍ ഇങ്ങനെയൊരവസരം കിട്ടിയത് എനിക്കുള്ള ഒരു ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു. ഈയിടെയായി പുതിയ പരിഷ്‌കാരങ്ങളുടെ കാലത്ത്, കമ്മിറ്റികള്‍ നിയോഗിക്കപ്പെടുന്നത് രാജ്യത്തിന് ഉത്തമമായതെന്തെന്ന് നിഷ്പക്ഷമായി കണ്ടെത്താനായല്ല, മറിച്ച് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ശുപാര്‍ശകള്‍ എഴുതിവാങ്ങാനാണ്. പക്ഷേ പലപ്പോഴും ഈ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ രാഷ്ട്രീയ പരിമിതികളാല്‍ സര്‍ക്കാറിന് കഴിയാതെ പോവാറുണ്ട്. അതുകൊണ്ട് ഒരു പക്ഷേ രഘുറാം രാജന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാനായിക്കൊള്ളണമെന്നില്ല. പക്ഷേ അത് നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ടാണ്. ധനകാര്യമേഖലയെ സംബന്ധിച്ചിടത്തോളം നമ്മുടെ നാട് എങ്ങനെ പോവണമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു റോഡ് മാപ്പാണിത്.

തീര്‍ച്ചയായും ഇതൊരു ഗഹനമായ വിഷയമാണ്. ഈ ചെറിയ പ്രഭാഷണത്തിലൂടെ അതിനോട് നീതിപുലര്‍ത്താനാവുകയില്ല. പക്ഷേ അതിന്റെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് എനിക്കു തോന്നുന്ന ചില വശങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ മാത്രമാണ് ഞാനുദ്ദേശിക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ ഏക കടമ വിലനിലവാരം പിടിച്ചു നിര്‍ത്തുക എന്നതാവണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതിനായി ഒരൊറ്റ ഉപകരണമേ ഉപയോഗിക്കാവൂ എന്നും, അത് ഹ്രസ്വകാല പലിശനിരക്കും റെപ്പോ നിരക്കും റിവേഴ്സ് റെപ്പോ നിരക്കും മാത്രമായിരിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഒരൊറ്റ ലക്ഷ്യം, ഒരൊറ്റമാര്‍ഗം; ലക്ഷ്യം വിലക്കയറ്റം തടയല്‍. മാര്‍ഗം ഹ്രസ്വകാല പലിശനിരക്ക്.

വിലനിലവാരം പിടിച്ചു നിര്‍ത്തണമെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും എതിരുനില്‍ക്കാനാവുമോ? പക്ഷേ റിപ്പോര്‍ട്ടിന്റെ വിവക്ഷകള്‍ സൂക്ഷ്മമായി നോക്കിയാല്‍ പലതും വ്യക്തമാകും. റിസര്‍വ് ബാങ്ക് വിലക്കയറ്റം മാത്രം തടഞ്ഞു നിര്‍ത്തുകയും ഹ്രസ്വകാല പലിശ നിരക്ക് വഴി മാത്രം ഇടപെടുകയും ചെയ്താല്‍ വിനിമയ നിരക്കിന്റെ കാര്യമെന്താവും? നിങ്ങള്‍ക്കറിയാം, വിദേശനിക്ഷേപം ഒഴുകി വരുമ്പോഴൊക്കെ, റിസര്‍വ് ബാങ്ക് ഇടപെടാറുണ്ട്. അങ്ങിനെ ഇടപെട്ട് റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന വിനിമയ നിരക്കാണ് രാജ്യത്തെ രൂപയുടെ വിനിമയ നിരക്ക് നിര്‍ണയിക്കുക. സമീപകാലംവരെ, വന്‍തോതിലുള്ള വിദേശനാണ്യം കടന്നുവന്നപ്പോഴൊക്കെ അത് വാങ്ങിക്കൊണ്ട് രൂപ പകരം നല്‍കി റിസര്‍വ് ബാങ്ക് വിനിമയ നിരക്ക് പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. അങ്ങനെയാണ് 320 ബില്യണ്‍ ഡോളര്‍ വിദേശനാണ്യ റിസര്‍വ് നമുക്കുണ്ടായത്.

അങ്ങനെ നോക്കിയാല്‍ എക്സ്ചേഞ്ച് നിരക്ക് മാര്‍ക്കറ്റി ലെ പ്രധാന കളിക്കാരന്‍ റിസര്‍വ് ബാങ്കായിരുന്നു എന്നുകാണാം.

റിസര്‍വ് ബാങ്ക് പണപ്പെരുപ്പം മാത്രം നോക്കിയാല്‍ മതിയെങ്കില്‍, വിനിമയ നിരക്കിന്റെ കാര്യമെന്താവും? അത് കമ്പോളം നിര്‍ണ്ണയിച്ചുകൊള്ളും എന്നാണ് രഘുറാം രാജന്‍ കമ്മിറ്റി പറയുന്നത്. കൂടുതല്‍ വിദേശനാണ്യം കടന്നുവരുമ്പോള്‍ രൂപയുടെ വിനിമയ നിരക്ക് കൂടും. പക്ഷേ അതൊക്കെ മാര്‍ക്കറ്റ് നോക്കിക്കൊള്ളട്ടെ എന്നാണ് രഘുറാം രാജന്‍ പറയുന്നത്.

ധനക്കമ്മി വന്നാല്‍ സര്‍ക്കാരിന് ഇപ്പോള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കാം. റിസര്‍വ് ബാങ്ക് പണപ്പെരുപ്പകാര്യം മാത്രം നോക്കിയാല്‍ മതിയെങ്കില്‍ സര്‍ക്കാറിന്റെ ധനനയമെന്താവും? സര്‍ക്കാറിന് വന്‍തുക ധനക്കമ്മിയുണ്ടെന്ന് കരുതുക. തീര്‍ച്ചയായും അത് പലിശ നിരക്കിനെ ബാധിക്കും. അങ്ങനെ വന്നാല്‍ റിസര്‍വ് ബാങ്കിന് മാത്രമായി പലിശ നിരക്കിനെ നിയന്ത്രിക്കാനാവില്ല. പിന്നെയെന്താണ് പോംവഴി? ധനക്കമ്മി നിയന്ത്രിക്കുക തന്നെ. അതിനര്‍ത്ഥം, ബജറ്റ് അതിന് കണക്കാക്കി ബാലന്‍സ് ചെയ്യാനും ധനകമ്മി 3% മാക്കി ചുരുക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമാകും എന്നുതന്നെ. എന്നു വെച്ചാല്‍ സര്‍ക്കാറിന്റെ ചെലവ് ചുരുക്കല്‍ തന്നെ.

ഇതിന്റെ പ്രത്യാഘാതമോ? സര്‍ക്കാറിന് ആകെ ചെയ്യാനാവുക ബജറ്റിലെ ധനക്കമ്മി മുന്‍കൂട്ടി നിശ്ചയിച്ച നിരക്കിലേക്ക് ചുരുക്കിക്കൊണ്ടുവരിക എന്നതാണ്. വിനിമയ നിരക്ക് സംബന്ധിച്ച് യാതൊരു നയവും കൈക്കൊള്ളേണ്ടതില്ല. കാരണം അതൊക്കെ കമ്പോളത്തിന് വിട്ടുകൊടുക്കുകയാണ്. അതാകട്ടെ, ആ സ്വയംഭരണസ്ഥാപനം പരിപാലിച്ചുപോരുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിലുള്ള ഭരണകൂടത്തിന്റെ പങ്ക് തകര്‍ക്കുക എന്നതാണ് ഇതിന്റെ അര്‍ത്ഥം.

സര്‍ക്കാര്‍ എന്താണ് ചെയ്യുക, കാര്യങ്ങളെല്ലാം കമ്പോളത്തിന് വിട്ടാല്‍? എത്ര നികുതി ചുമത്തണം, എത്ര കാശ് ചെലവാക്കണം, ധനക്കമ്മി എത്രയാവണം, ബജറ്റിലെ കറന്റ് എക്കൌണ്ട് കമ്മി എത്ര എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കാം.

ബഡ്‌ജറ്റ് നയം തന്നെ നിലവിലുള്ള നിയമമനുസരിച്ച് കര്‍ശന നിയന്ത്രണത്തിന് വിധേയമാണ്. സ്വയം അടിച്ചേല്‍പ്പിച്ച ആ നിയന്ത്രണങ്ങള്‍ തന്നെ സര്‍ക്കാര്‍ നിരന്തരമായി ലംഘിക്കുകയാണ്. എന്നാല്‍ ഇനിയിപ്പോള്‍ അതിനും കഴിയാതാവും. കാരണം ധനക്കമ്മി നയത്തില്‍ സര്‍ക്കാറിനുള്ള നിയന്ത്രണം തന്നെ വന്‍തോതില്‍ വെട്ടിച്ചുരുക്കുകയാണ്. സര്‍ക്കാറിന് ഒരിടമില്ല, സ്വയംഭരണാവകാശമില്ല. തന്ത്രപൂര്‍വം ഇടപെടാനുള്ള യാതൊരു സാധ്യതയുമില്ല. പലിശനയം റിസര്‍വ് ബാങ്ക് നോക്കിനടത്തും. എല്ലാ പ്രധാന സാമ്പത്തിക നയങ്ങളിലും സര്‍ക്കാറിന് ഒരു പങ്കുമില്ല. ഇത് ഭരണകൂടത്തിന്റെ പങ്ക് തകര്‍ക്കലാണ്. സ്വയംഭരണാവാകാശമുള്ള റിസര്‍വ് ബാങ്ക് പലിശനിരക്ക് നയം തീരുമാനിക്കുമെങ്കില്‍, അക്കാര്യങ്ങളാകെ തീരുമാനിക്കാനുള്ള സാമ്പത്തിക സാര്‍ ചക്രവര്‍ത്തിയായിരിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. പരിപൂര്‍ണ സ്വതന്ത്രന്‍. സര്‍ക്കാറിന് ഒരു പങ്കും നിറവേറ്റാനാവില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍ക്കാര്‍ ഇടപെടലിനും പുറത്തായിരിക്കും അയാള്‍.

ഒരു ഭാഗത്ത് ഭരണകൂടത്തിന്റെ പങ്ക് തകര്‍ക്കുന്നതും അതിനെ ദുര്‍ബലമാക്കുന്നതുമാണ് ഈ നയം. അതോടൊപ്പം ഇത്തിരി ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുള്ള പണനയത്തിന്റെ കാര്യം തീരുമാനിക്കാന്‍ സാമ്പത്തിക സാറിനായിരിക്കും അധികാരം. ഈ സാറാകട്ടെ ധനകാര്യ സമൂഹത്തിന്റെ മനസ്സിനിണങ്ങിയ ഒരാളായിരിക്കണം താനും. ഇത് തികച്ചും ജനാധിപത്യവിരുദ്ധമാണ്.

ഇങ്ങനെയൊരു പ്രഖ്യാപനം നടത്താന്‍ ആവുന്നതെങ്ങനെ എന്ന കാര്യത്തില്‍ എനിക്ക് അത്ഭുതമുണ്ട്. സര്‍ക്കാറാണ് ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഏക സംവിധാനം. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിലൂടെയാണ് എക്സിക്യൂട്ടീവിന്റെ നേതൃത്വം ഉരുത്തിരിഞ്ഞുവരിക. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. അവര്‍ തെരഞ്ഞെടുക്കുന്ന മന്ത്രിമാര്‍ക്കും. സര്‍ക്കാറിന്റെ എക്കണോമിക് സാറിന് ജനങ്ങളോട് യാതൊരുത്തരവാദിത്തവുമുണ്ടാകില്ല. കാരണം അയാളെ ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ആരോടും ഉത്തരം പറയാനുമില്ല. നേരെ മറിച്ച് രാഷ്ട്രീയമായി ഉത്തരവാദിത്തമുള്ളതും ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥവുമായ സര്‍ക്കാരിന്റെ കാര്യത്തിലാവട്ടെ നയരൂപീകരണ കാര്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയാണ്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്തവരാണ്.

പണപ്പെരുപ്പ നിയന്ത്രണം മാത്രമാണ് റിസര്‍വ് ബാങ്കിന്റെ ഏക ജോലി എന്നാണ് പറയുന്നത്. അതിനുള്ള ഏക ഉപകരണം ഹ്രസ്വകാല പരിശനിരക്കാണ്. ഇപ്പോള്‍ 12 ശതമാനമാണ് നാട്ടിലെ പണപ്പെരുപ്പം. അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളാണ് ഈ പണപ്പെരുപ്പത്തെ നയിക്കുന്നത്. എണ്ണയും, ഭക്ഷ്യധാന്യങ്ങളും. ഇതാകട്ടെ ഇന്ത്യയുടെ മാത്രം കാര്യമല്ലതന്നെ. ലോകമാകെ വ്യാപകമാണീ പ്രവണത. എണ്ണവില വര്‍ധിക്കുന്നു. ഇതിന് ഡോളറിന്റെ തകര്‍ച്ചയുമായി ബന്ധമുണ്ട്. ഡോളറിലുള്ള ധനപരമായ ആസ്തികള്‍ കൈവശം വെക്കുന്നതിലും നല്ലത് എണ്ണയുടെ കാര്യത്തിലുള്ള ഊഹക്കച്ചവടമാണ് എന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.

എന്തുകൊണ്ട് ഡോളര്‍ തകരുന്നു? ഇറാഖിലെ എണ്ണ നിക്ഷേപങ്ങള്‍ അടക്കി വാഴാനായി തുടങ്ങിയ നീക്കം അതിദീര്‍ഘമായ ഒരു യുദ്ധമായി മാറിയതോടെ അതില്‍ നിന്ന് തടിയൂരാനാവാതെ വന്‍ കറന്റ് അക്കൌണ്ട് കമ്മി വരുത്തിവെച്ചതിന്റെ ഫലമാണിത്. അതിന് ആഗോളഘടകങ്ങളുമായി ബന്ധമുണ്ട്. അന്താരാഷ്ട്ര സമ്പദ്‌ വ്യവസ്ഥയിലെ അധികാര ബന്ധങ്ങളുമായി നേരിട്ടു ബന്ധമുണ്ട്. എണ്ണവില ഇങ്ങനെ കുതിച്ചുയരുമ്പോള്‍ അത് നമ്മുടെ സമ്പദ് വ്യവസ്ഥകളിലും പ്രത്യാഘാതങ്ങളുണ്ടാക്കും. ഹ്രസ്വകാല പലിശനിരക്കും റിവേര്‍സ് റെപ്പോ റെയ്റ്റും താഴ്ത്തിക്കൊണ്ട് എങ്ങിനെയാണ് എണ്ണ വില താഴ്ത്തിക്കൊണ്ടുവരാനാവുക എന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും പറയാനാവുമോ? അതസാധ്യമാണ്. ശ്രീമാന്‍ രാജന്‍ തന്റെ വാദങ്ങളാകെ കെട്ടിപ്പൊക്കുന്ന ഇത്തരം ഒരസംബന്ധ അവകാശവാദം പിന്നെങ്ങനെ ഉയര്‍ത്തപ്പെടുന്നു? ഇത് വില കുതിച്ചുയര്‍ത്തുന്ന പണപ്പെരുപ്പത്തിനെ തീരെ കണക്കിലെടുക്കാതെയുള്ള ഒരു സൈദ്ധാന്തിക ഘടനയാണ്.

ഇന്ത്യയില്‍ എണ്ണവില കുതിച്ചുയരുന്നത് ഇവിടെ എണ്ണക്ക് വന്‍തോതിലുള്ള ചോദനം ഉള്ളതുകൊണ്ടല്ല. നമ്മുടെ ഇറക്കുമതിക്ക് മുന്‍കാലത്തേക്കാള്‍ ഉയര്‍ന്ന വിലയാണ് നല്‍കുന്നത്. ഇതിനെയാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ കോസ്റ്റ് പുഷ് ഇന്‍ഫ്ളേഷന്‍ എന്ന് വിശേഷിപ്പിക്കുക. ശ്രീ രഘുറാം രാജനെപ്പോലുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നേയില്ല. ഇതിന്റെ ഫലമായി ഇവര്‍ പറയുന്നതെന്തെന്നോ? പലിശ നിരക്ക് കൂട്ടാന്‍. നിങ്ങള്‍ പലിശനിരക്ക് ഉയര്‍ത്തുക. അങ്ങനെ ചെയ്താല്‍ ചില ചിലവുകളൊക്കെ ചുരുങ്ങും. ചിലവ് ചുരുങ്ങിയാലോ വിലകള്‍ താഴുകയും ചെയ്യും. അവരുടെ അഭിപ്രായത്തി ല്‍ എണ്ണവിലകൂടിയാല്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് റെപ്പോ നിരക്കും റിവേഴ്സ് റെപ്പോ നിരക്കും വെട്ടിച്ചുരുക്കുക മാത്രമാണ്. പക്ഷേ നിങ്ങള്‍ക്കറിയാം ഇതുകൊണ്ടൊന്നും എണ്ണവില ചുരുങ്ങുകയില്ല എന്ന്. ഭക്ഷ്യധാന്യങ്ങളുടെ വിലയുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. ഭക്ഷ്യധാന്യ വിലകള്‍ കുത്തനെ കയറുന്നത് അത് പൂഴ്ത്തിവെപ്പു കാരണമാണെങ്കില്‍ പലിശ നിരക്ക് കൂട്ടിയാല്‍ ഈ ന്യായപ്രകാരം പൂഴ്ത്തിവെപ്പ് കുറയണം.

അത് ഒരു പക്ഷേ വിലകളുടെ മേലുള്ള സമ്മര്‍ദ്ദത്തെ ഒരളവുവരെ കുറച്ചേക്കാം, പക്ഷേ അടിസ്ഥാനപരമായ ഒരു സാഹചര്യം- ഉദാഹരണത്തിന് വേണ്ടത്ര സപ്ലൈ ഇല്ലാതിരിക്കുകയോ ലോക മാര്‍ക്കറ്റില്‍ ആകെ വിലകൂടികൊണ്ടിരിക്കുകയോ പോലുള്ള സാഹചര്യം- ഉണ്ടെങ്കില്‍ സ്ഥിതി വ്യത്യസ്തമാണ്. അങ്ങനെ വന്നാല്‍, നമ്മുടെ ആഭ്യന്തര സമ്പദ് വ്യവസ്ഥയിലും നാണയപ്പെരുപ്പത്തിന്റെ പ്രവണത കാണാം. നമ്മള്‍ അടുത്തിടെ വളരെ നല്ലൊരു കാര്യം ചെയ്തിരിക്കുന്നു- വാസ്തവം പറഞ്ഞാല്‍, അത് നിയോ ലിബറലുകളുടെ തത്വശാസ്ത്രത്തിന് എതിരാണ്- നാം ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഭക്ഷ്യധാന്യ വില വര്‍ധിക്കാതിരിക്കാന്‍ നാം ശ്രമിച്ചാല്‍ അതെല്ലാം നമ്മുടെ കമ്പോളത്തില്‍ നിന്ന് അപ്രത്യക്ഷമായി ലോക മാര്‍ക്കറ്റില്‍ ചെന്നെത്തുമായിരുന്നു. സര്‍ക്കാര്‍ ഭക്ഷ്യധാന്യക്കയറ്റുമതി നിരോധിച്ചത് യഥാര്‍ത്ഥത്തില്‍ വന്‍ സമ്മര്‍ദ്ദ ത്തെ തുടര്‍ന്നാണ്. തീര്‍ച്ചയായും അതൊരു ജനകീയ സമ്മര്‍ദ്ദമായിരുന്നു. നമ്മുടെ ഭക്ഷ്യധാന്യ മാര്‍ക്കറ്റില്‍ ഇടപെടാനും വിലകള്‍ ഇത്രയെങ്കിലും പിടിച്ചു നിര്‍ത്താനും നമുക്ക് കഴിഞ്ഞതിന് കാരണം ഇതാണ്.

എന്നാല്‍ സംഗതികള്‍ അപ്പാടെ കമ്പോളത്തിന് വിട്ടുകൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും ലോക മാര്‍ക്കറ്റിലെ വില വളരെ ഉയര്‍ന്നതാണ്- റെപ്പോ, റിവേഴ്സ് റെപ്പോ നിരക്കുകളുടെ അഴുക്കുതോണ്ടിക്കൊണ്ടൊന്നും നമുക്ക് പണപ്പെരുപ്പം കണക്കാക്കുന്ന വിലക്കയറ്റത്തെ തടഞ്ഞുനിര്‍ത്താനാവില്ല. വാദത്തിനുവേണ്ടി ഒരുകാര്യം സമ്മതിക്കുക. ഈ പലിശനിരക്ക് വ്യത്യാസം പണപ്പെരുപ്പനിരക്ക് കുറയുമെന്ന് സമ്മതിച്ചുകൊടുത്തുകൊണ്ട് രാജന്റെ വാദങ്ങളോട് ഉദാരപൂര്‍വ്വമായ സമീപനം കൈക്കൊള്ളുക. അതങ്ങനെ പണപ്പെരുപ്പ നിരക്ക് കുറക്കുമെങ്കില്‍ അത് അഞ്ചാറുമാസംകൊണ്ടേ കുറയൂ. അല്ലെങ്കില്‍ പത്തുമാസം കൊണ്ട്. അങ്ങനെ വന്ന് വന്ന് പണപ്പെരുപ്പ നിരക്ക് പൂജ്യമായി ചുരുങ്ങിയെന്ന് കരുതുക (അതിപ്പോള്‍ 12 ശതമാനമാണ്). അതിനര്‍ത്ഥം വിലകള്‍ ഏറ്റവും ഉയരെ എത്തിനില്‍ക്കുകയാണെന്നും ഇനിയങ്ങോട്ട് വര്‍ധിക്കാനുമില്ല എന്ന അവസ്ഥയാണെന്നുമാണ്.

ഇന്ത്യയില്‍ നമ്മുടെ തൊഴില്‍ ശക്തിയുടെ 95 ശതമാനത്തിനും കിട്ടുന്നകൂലി വിലക്കയറ്റ സൂചികയുമായി ബന്ധപ്പെട്ടതല്ല. ഇങ്ങനെ വരുമ്പോള്‍, വിലകള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഘട്ടത്തില്‍ 95% പേര്‍ക്കും യഥാര്‍ത്ഥവരുമാനത്തില്‍ 12%ത്തിന്റെ ഇടിവുണ്ടാകും. ഏത് വിലക്കയറ്റവും ഇവരുടെ യഥാര്‍ത്ഥ വരുമാനത്തിന് എതിരായി ബാധിക്കും. പണപ്പെരുപ്പനിരക്ക് പൂജ്യമായി തീരുമ്പോള്‍പോലും (അങ്ങനെ വരുമ്പോള്‍ ആ വില പണപ്പെരുപ്പം ഉയര്‍ന്നു കാണിക്കുന്ന കാലത്തെ വിലയേക്കാള്‍ കൂടുതലായിരിക്കുമല്ലോ? ) അവരുടെ കൂലി ഇന്‍‌ഡക്സ് ചെയ്തിട്ടില്ലാത്തതുകൊണ്ട് പൂജ്യം ശതമാനം പണപ്പെരുപ്പത്തിലും അവരുടെ യഥാര്‍ത്ഥ കൂലി കുറഞ്ഞുകൊണ്ടുതന്നെ ഇരിക്കും.

രാജനെപോലുള്ളവര്‍ വാദിക്കുന്ന തരത്തില്‍ പലിശനിരക്ക് വഴി സര്‍ക്കാര്‍ ഇടപെട്ട് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിജയിച്ചാല്‍ പോലും അത് നിങ്ങളുടെ ജനതയില്‍ മഹാഭൂരിപക്ഷത്തിന്റെയും യഥാര്‍ത്ഥകൂലി ഗണ്യമായി വെട്ടിക്കുറക്കുന്നതിലേക്ക് നയിക്കും. ചിലപ്പോള്‍ ഇത് ക്ഷാമങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഇതാണ് 1943ലെ ബംഗാള്‍ ക്ഷാമകാലത്ത് കണ്ടത്. അങ്ങാടിയില്‍ ഭക്ഷ്യധാന്യങ്ങള്‍ കിട്ടാനുണ്ടായിരുന്നു. പക്ഷേ അതിഭീമമായ വില നല്‍കണമെന്ന് മാത്രം. അത് വാങ്ങാനുള്ള കഴിവ് ജനങ്ങള്‍ക്കില്ലതാനും.

12% പണപ്പെരുപ്പത്തിന്റെ കാര്യത്തെക്കുറിച്ച് ഞാന്‍ പറയുകയായിരുന്നല്ലോ. ജനങ്ങളുടെ യഥാര്‍ത്ഥ വരുമാനത്തില്‍ 12 ശതമാനം കുറവു വന്നാല്‍ അത് അവരുടെ വാങ്ങല്‍ കഴിവ് കുറക്കും. അതാകട്ടെ ക്ഷാമത്തിലേക്കാണ് നയിക്കുക. മാര്‍ക്കറ്റുകള്‍ സ്വമേധയാ പ്രവര്‍ത്തിക്കില്ലെന്ന കാര്യം രാജനെ പോലുള്ളവര്‍ മറക്കുകയാണ് പതിവ്. ഇനി അഥവാ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ തന്നെ അതിന് സമയമെടുക്കും. ഈ അന്തരാളകാലഘട്ടത്തിലെ ദുരിതങ്ങള്‍ അതി ഗുരുതരമായിരിക്കും. അവര്‍ക്കത് താങ്ങാനാവുകയില്ല എന്നുള്ളതാണ് വസ്തുത. കണ്‍മുമ്പില്‍ ഇങ്ങനെ ആത്മഹത്യകള്‍ പെരുതിക്കൊണ്ടിരിക്കെ ജനങ്ങളുടെ പോഷകാഹാരലഭ്യത കൂടെകൂടെ കുറഞ്ഞുകൊണ്ടിരിക്കെ, ഇങ്ങനെ കമ്പോളത്തിന് കാര്യങ്ങള്‍ വിട്ടുകൊടുക്കുന്നത്, ഉത്തരവാദിത്യരഹിതമായ നിഗമനമാണ് അര്‍ത്ഥശൂന്യമായ നിലപാടാണ്. ഇതിനകം അത്യാവശ്യസാധനം കിട്ടാതെ ആയിരക്കണക്കിനാളുകള്‍ ചത്തു കഴിഞ്ഞിരിക്കും. നാം നമ്മുടെ കണ്‍മുമ്പില്‍ കേരളത്തില്‍തന്നെ ഇത് കണ്ടതാണ്. കര്‍ഷകാത്മഹത്യകളുടെ രൂപത്തില്‍ . ഇവിടെ ഇപ്പോള്‍ അതിനൊരു വിരാമമായിട്ടുണ്ട്. പക്ഷേ ഇന്ത്യയില്‍ മറ്റിടങ്ങളില്‍ ഇപ്പോഴും കര്‍ഷകാത്മഹത്യകള്‍ പെരുകുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍ (കമ്പോളപ്രവര്‍ത്തനം) കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില ആകെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്, കൃഷി ഇനിയും തുടരാനാവാത്ത തരത്തില്‍. അങ്ങനെ തുടരാനാവാതെ വരുമ്പോള്‍ കര്‍ഷകര്‍ ജീവിതം തുടരേണ്ടെന്നും വെക്കുന്നു.

സ്റ്റേറ്റിന് ഇടപെടാനാവില്ല എന്നും, ഇടപെട്ടുകൂടാ എന്നുമൊക്കെ പറയുന്നത് ഉത്തരവാദിത്വമില്ലായ്മ കാരണമാണ്. ഭരണകൂട ഇടപെടല്‍ എന്നത് പെട്ടെന്ന് പൊട്ടിവീണ ഒരാശയമല്ല. അത്തരം ഇടപെടല്‍ ഒരു നല്ലകാര്യമാണ് എന്ന് ബുദ്ധിയും വിവരവുമുള്ള ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. മഹാമാന്ദ്യത്തിന്റെ കാലത്ത് , അതിന്റെ ഫലമായി ഗണ്യമായ തോതില്‍ ഉയര്‍ന്നുവന്ന ഒന്നാണ് സ്റ്റേറ്റ് ഇടപെടല്‍ എന്ന ആശയം എല്ലായിടത്തും വന്‍തോതിലുള്ള തൊഴിലില്ലായ്മ ആയിരുന്നു അന്ന്. രണ്ടാം ലോക മഹായുദ്ധംവരെ അമേരിക്കയില്‍ ഈ തൊഴിലില്ലായ്മ തുടര്‍ന്നു. യൂറോപ്പിലും സ്ഥിതി സമാനമായിരുന്നു. അക്കാലത്തിലേക്ക് തിരിച്ചു നടക്കാനാവില്ലെന്നാണ് പരക്കെ തോന്നിയത്. യുദ്ധാനന്തരം ലേബര്‍ സര്‍ക്കാര്‍ ബ്രിട്ടനില്‍ അധികാരത്തില്‍ എത്തി, യൂറോപ്പിലാകെ സോഷ്യല്‍ ഡെമോക്രാറ്റുകളും.

ഇന്ത്യയിലും ബ്രിട്ടീഷ് ഗവ ണ്‍മെന്റിന്റെ കാലത്ത് സ്വാതന്ത്ര കമ്പോള വാദമാണ് നിലനിന്നിരുന്നത്, ബംഗാള്‍ക്ഷാമം വരെ. 30 ലക്ഷം പേരാണതില്‍ ചത്തൊടുങ്ങിയത്. യഥാര്‍ത്ഥത്തില്‍ ക്ഷാമത്തിനു ശേഷമാണ് കല്‍ക്കത്തയില്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് നിലവില്‍ വന്നത്. ജനങ്ങളുടെ ജീവിതത്തെ തന്നെ രക്ഷിക്കാനായി കമ്പോളത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെട്ടതിന്റെ ഇത്തരം അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഒരു സുപ്രഭാതത്തില്‍ ഏതാനും പേരുടെ തലയിലുണ്ടായ ബോധോദയമല്ല ഇതിനു പിന്നില്‍. നാം പഠിച്ച പാഠങ്ങളെ മറക്കാന്‍ ശ്രമിക്കുകയാണ്. അതാകട്ടെ അത്യന്തം അപകടകരവുമാണ്.

നമുക്കറിയാം സ്വാതന്ത്ര്യത്തിന് മുന്‍പ് ഇന്ത്യന്‍ ധനമേഖല ആഗോള വ്യവസ്ഥയുമായി ഉദ്ഗ്രഥിതമായിരുന്നു. സ്വാതന്ത്രത്തിനു ശേഷമാണ് ഈ മേഖലയില്‍ നിയന്ത്രണം വേണമെന്ന് നമുക്ക് തോന്നിയത്. ധനമേഖലയെ സര്‍ക്കാര്‍ നിയന്ത്രിക്കാത്തിടത്തോളം കാലം അര്‍ത്ഥ പൂര്‍ണ്ണമായ ഭരണകൂട ഇടപെടല്‍ അസാധ്യമാണ്. ധനമേഖലയെ ആഗോള ഫൈനാന്‍സുമായി ഉദ്ഗ്രഥിതമാക്കുകയാണെങ്കില്‍, നിങ്ങളുടെ ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ സ്വയം എടുക്കാനുള്ള അവകാശം ഇല്ലാതാകും. അങ്ങനെ വന്നാല്‍ ഭരണകൂട ഇടപെടല്‍ എന്നത് സുസ്ഥിരമല്ലാതാവും.

ഉദാഹരണത്തിന്, നാളെ ഭക്ഷ്യ ധാന്യ കമ്പോളത്തില്‍ ഇടപെടാന്‍ നമ്മുടെ സര്‍ക്കാറിന് തീരുമാനിക്കാനാവുമെന്ന് കരുതുക. ഇന്ത്യാഗവണ്‍മെന്റ് ഒരിടതു പക്ഷ ഭരണകൂടമായി മാറുന്നുവെന്നും കരുതുക. ലോകത്താകെയുള്ള ധന മൂലധന നാഥന്മാര്‍ അതോടെ പെട്ടെന്ന് പരിഭ്രാന്തരാവും. അങ്ങനെ ഇടപെടാന്‍ തുടങ്ങിയാല്‍ ഉടനെ തന്നെ മൂലധനം പുറത്തേക്കൊഴുകാന്‍ തുടങ്ങും. അങ്ങനെയൊരു പുറത്തേക്കൊഴുക്ക് എന്നത് സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ കടുത്ത ഭാരമാണുളവാക്കുക. സമ്പദ് ഘടന തന്നെ പാപ്പരാവുകയും ഹ്രസ്വകാലാവശ്യങ്ങള്‍ക്കുള്ള ഫണ്ടു പോലും ഇല്ലാതാവുകയും ചെയ്യും. ഇത് നാം നേരത്തെ കിഴക്കനേഷ്യയില്‍ കണ്ടതാണ്.

നിങ്ങളുടെ ധനമേഖല ആഗോള ഫൈനാന്‍സുമായി ഉദ്ഗ്രഥിതമാണെങ്കില്‍ ആഗോള മൂലധനത്തിന് ഏതു സമയവും കടന്നു വരികയും അതു പോലെ പുറത്തേക്ക് ഒഴുകുകയും ചെയ്യാനാവും. അത്തരമൊരവസ്ഥയ്ക്ക് വേണ്ടിയാണ് മിസ്റ്റര്‍ രഘുറാം രാജന്‍ ആഗ്രഹിക്കുന്നത്. അതോടെ ആഗോള മൂലധന തമ്പ്രാക്കള്‍ക്ക് അഹിതമായതൊന്നും ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാവും. അങ്ങനെ വന്നാല്‍ ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് പെരുമാറാന്‍ സര്‍ക്കാറിന് കഴിയാതെ വരും. ഒരു പ്രത്യേക നയം ജനങ്ങള്‍ക്കിണങ്ങുന്നതാണെങ്കിലും അത് മൂലധന വാതുവെപ്പുകാര്‍ക്കിണങ്ങിയതല്ലെങ്കില്‍ ആ നയം നടപ്പാക്കാനാവില്ല. ചുരുക്കത്തില്‍ സ്വയം ഭരണാവകാശമുള്ള ഒരു ഗവണ്‍മെന്റാവണമെങ്കില്‍, ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്ന് സ്വതന്ത്രമാവണമെന്നര്‍ത്ഥം. ഇതൊരു പുതിയ കാര്യമോ, വിപ്ലവകരമായ കണ്ടെത്തലോ അല്ല. ജോണ്‍ മെയ്നാഡ് കെയിന്‍സ് എന്ന പഴയ ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തന്നെയാണ് ഭരണകൂട ഇടപെടലുകളെക്കുറിച്ചുള്ള തിയറിയുടെ ഉപജ്ഞാതാവ്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഇക്കാര്യം ഒന്നിലേറെത്തവണ ഊന്നിപ്പറയുകയുണ്ടായി. അദ്ദേഹം 1946ല്‍ അന്തരിച്ചു. 62 വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം പറഞ്ഞു, ധനകാര്യം എന്തിലും മീതെ ദേശീയമായിരിക്കണമെന്ന് .... അതിനെ ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്ന് കണ്ണി വിടര്‍ത്തണമെന്ന്.

ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു കാലമായി ഒരു പോരാട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ധനമേഖല ആഗോള ധനമേഖലയുമായി കണ്ണി ചേര്‍ക്കണമെന്നും കണ്ണി വിടര്‍ത്തണമെന്നും ഉള്ള രണ്ടു വാദഗതികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. നമ്മുടെ സമ്പദ് വ്യവസ്ഥ മുമ്പത്തേതിലും ഉദ്ഗ്രഥിതമാണിപ്പോള്‍ എന്നത് നേര്. പക്ഷേ ഇപ്പോഴും നമ്മുടെ മൂലധന അക്കൌണ്ട് "സ്വതന്ത്രമാക്കിയിട്ടില്ല''. ഇതൊരു കടുത്ത പോരട്ടമാണ്. സര്‍ക്കാറിന്റെ നീക്കത്തെ തടയാനായത് ഇടതു പക്ഷത്തിന്റെ ശബ്ദവും ട്രേഡ്‌ യൂനിയനുകളുടെ ശബ്ദവും ധനമേഖലാ ഓഫീസര്‍മാരുടേയും ജീവനക്കാരുടേയും ശബ്ദവും ഇന്ത്യയിലെ ബുദ്ധി ജീവികളുടെ ശബ്ദവും എല്ലാം എല്ലാം “അരുത് ” എന്നു ഒന്നിച്ചുയര്‍ന്നതു കൊണ്ടാണ്. ഞാന്‍ തന്നെ ഒരൊപ്പു ശേഖരണത്തിന് മുന്‍ കൈ എടുത്തതാണ്. സമയ ദൌര്‍ലഭ്യം ഉണ്ടായിരുന്നിട്ടു കൂടി വളരെ പെട്ടെന്ന് 156 സാമ്പത്തിക വിദഗ്ദരുടെ ഒപ്പാണ് അരുതെന്ന് പറഞ്ഞ് സംഘടിപ്പിക്കാനായത്.

ഈയൊരു പോരാട്ടം കുറച്ചു കാലമായി തുടരുകയാണ്. ഇന്ത്യയിലെ ഉല്പാദന സമ്പദ് വ്യവസ്ഥയ്ക്ക്(Productive Economy) സഹായകമായ നിലപാടില്‍ നിന്നു പിന്‍മാറണമോ എന്നതാണ് ചോദ്യം. നമ്മുടെ ധനമേഖല ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന്റെ ഭാഗമായി തുടരണോ എന്നതു തന്നെയാണ് ചോദ്യം. അതോ അന്താരാഷ്ട്ര മേഖലയുമായി ബന്ധപ്പെട്ടു കൊണ്ട് ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങളില്‍ നിന്ന് സ്വയം പറിച്ചെറിയണമോ എന്നാണ് ചോദ്യം. ഈ പോരാട്ടം ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയ കാലം മുതല്‍ നടക്കുന്നതാണ്. ആദ്യഘട്ടത്തിലെ സാമ്പത്തിക പരിഷ്ക്കാരങ്ങളില്‍ നിന്നും വലിയ മാറ്റങ്ങളാണ് ഈ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത്. ഇനി മേല്‍ ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥമല്ലെന്നും അതിന്റേതായ സ്വയം ഭരണാവകാശമുള്ള നയങ്ങളുമായി മുന്നോട്ടു പോവുമെന്നുമാണത് പറയുന്നത്.

ഒരു ചെറിയ കാര്യം. നമ്മുടെ ജീവിതാനുഭവത്തില്‍ നിന്നു തന്നെ ഉദാഹരണമായെടുക്കാം. സ്വാമിനാഥന്‍ കമ്മറ്റി പറഞ്ഞത് കര്‍ഷകര്‍ക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ നല്‍കണമെന്നാണ്. കര്‍ഷകര്‍ക്കു 4 ശതമാനത്തിന് വായ്പ കിട്ടണമെങ്കില്‍ നിങ്ങളുടെ മറ്റു വായ്പകളുടെ പലിശ നിരക്ക് 35% ആവുക വയ്യ. എങ്കില്‍ അതൊരു സബ്സിഡിയായി മാറും. അതാകട്ടെ, ധനകമ്മി വരുത്താനേ പാടില്ലാത്ത ഒരു ലോകത്ത് എവിടെ നടപ്പിലാവാന്‍? പലിശ നിരക്കില്‍ ഇനി നിയന്ത്രണമില്ലെന്നാണ് അതിനര്‍ത്ഥം.

******

പ്രൊ.പ്രഭാത് പട്നായിക്

(എന്‍.സി.ബി.ഇ.-നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എം‌പ്ലോയീസ്- നേതാവ് എ.പി.ഗോപാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ എ.പി.ജി. ട്രേഡ് യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് പ്രഭാത് പട്നായിക് ചെയ്ത പ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം)

പ്രവാസി ക്ഷേമം: കേരളം മാതൃക

പ്രവാസി ക്ഷേമം: കേരളം മാതൃക
മഹാത്മാഗാന്ധി പ്രവാസജീവിതം അവസാനിപ്പിച്ച് ഭാരതത്തില്‍ തിരിച്ചെത്തിയ ദിനമാണ് ജനുവരി ഒമ്പത്. ഈ ദിനം പ്രവാസി ദിനമായി ഇന്ത്യാഗവമെന്റ് പ്രഖ്യാപിക്കുകയും എല്ലാ വര്‍ഷവും ആര്‍ഭാടമായി ആഘോഷിക്കുകയുമാണ്. ഈ ദിനത്തിന്റെ പങ്കാളിത്തം ഒരുപിടി സമ്പന്നരായ പ്രവാസികളുടെ കൂട്ടായ്മയായി മാറ്റുകയും ഭൂരിപക്ഷംവരുന്ന പ്രവാസികളെയും അവരെ പ്രതിനിധാനംചെയ്യുന്ന സംഘങ്ങളെയും ദിനാഘോഷങ്ങളില്‍നിന്നൊക്കെ മാറ്റിനിര്‍ത്തുകയുമാണ് പതിവ്. ലോകമെങ്ങും സാമ്പത്തികക്കുഴപ്പത്തില്‍ അകപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചുനില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണംകൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില്‍ കേരളത്തില്‍നിന്നുള്ള പ്രവാസികളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ വമ്പിച്ച വിദേശനാണയകമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശനാണയത്തിനുവേണ്ടി നമ്മുടെ ഖജനാവ് കരുതല്‍ പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശമാര്‍ക്കറ്റില്‍ ലേലംചെയ്തു വച്ചിട്ടാണ് വിദേശനാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശനാണയ ശേഖരത്തില്‍ കോടികളാണുള്ളത്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴുകളില്‍ വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടിവച്ചാല്‍മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടിവച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതുവര്‍ഷത്തെ പലിശകൂടി ചേര്‍ത്താല്‍ ഏകദേശം 20,000 കോടി രൂപയോളംവരും. ഈ പണമാകട്ടെ നല്ലൊരുശതമാനവും കേരളത്തില്‍നിന്നുപോയ പ്രവാസി മലയാളികളുടേതാണ്. ഈ പണത്തെപ്പറ്റി കേരളത്തില്‍നിന്നുള്ള ഒരു എംപി പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ കേന്ദ്ര പ്രവാസിമന്ത്രിയും മലയാളിയുമായ വയലാര്‍ രവി പറഞ്ഞത് ഫയലുകള്‍ പഠിക്കുകയാണെന്നാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന തികഞ്ഞ അവഗണനയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍നിന്നാണ്. അവര്‍ക്കുവേണ്ടി ഏതെങ്കിലുമൊരു ക്ഷേമപദ്ധതി കൊണ്ടുവരാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടെ വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കേന്ദ്രഗവമെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തുനിന്ന് എവിടെയൊക്കെ ആളുകള്‍ പോയിട്ടുണ്ടെന്നും എങ്ങനെയൊക്കെ പണിയെടുക്കുന്നുവെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതുവരെ ശേഖരിക്കാന്‍പോലും കഴിയാത്ത ഒരു രാജ്യത്തിന് ഇതെല്ലാം പ്രഹസനമാക്കാനേ കഴിയൂവെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. സമകാലിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയിലാദ്യമായി പ്രവാസിക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല്‍ നായനാര്‍ കേരളത്തിലെ മുഖ്യമന്ത്രി ആയപ്പോഴാണ് ഈ വകുപ്പുണ്ടായത്. 995 രൂപ ഒരു പ്രാവശ്യം പ്രീമിയം അടച്ചാല്‍ ലോകത്ത് എവിടെ മരിച്ചാലും പ്രവാസിയുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം കിട്ടുമായിരുന്നു. കൂടാതെ, പ്രവാസി വിദേശത്ത് മരിച്ചാല്‍ മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിയും ഈ വകുപ്പിന്റെ കീഴിലുണ്ടായിരുന്നു. എന്നാല്‍, തുടര്‍ന്ന് 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് ഗവമെന്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ നോര്‍ക്കയിലൂടെ നടപ്പാക്കിയ എല്ലാ ക്ഷേമപദ്ധതിയും റദ്ദുചെയ്യുകയാണുണ്ടായത്. എല്‍ഡിഎഫ് ഗവമെന്റ് പ്രവാസിക്ഷേമത്തിനായി ഉണ്ടാക്കിയ നോര്‍ക്കയെ നോര്‍ക്കാ റൂട്ട്സ് എന്ന കമ്പനിയാക്കുകയും ആ കമ്പനിയില്‍ സര്‍ക്കാരിന്റെ ഷെയര്‍ 26 ശതമാനംമാത്രമാക്കി മാറ്റുകയും 74 ശതമാനം ഷെയര്‍ സ്വകാര്യ മുതലാളിമാര്‍ക്ക് കൊടുത്തുകൊണ്ട് നോര്‍ക്കയെ ഒരു സ്വകാര്യ കമ്പനിയാക്കി മാറ്റുകയുംചെയ്തു. നോര്‍ക്കാ റൂട്ടില്‍ ഡയറക്ടര്‍മാരായി അമേരിക്കയില്‍നിന്നും ഖത്തറില്‍നിന്നും അബുദാബിയില്‍നിന്നുമായി മൂന്ന് വ്യവസായ പ്രമുഖരെ കൊണ്ടുവരികയും അതുവരെ മന്ത്രിയായിരുന്ന എം എം ഹസ്സന്‍ ഇതിന്റെ ചെയര്‍മാനാവുകയുംചെയ്തു. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍വഴി ഏഴുകോടി രൂപ നോര്‍ക്കയില്‍ വരുമാനമുണ്ടായിട്ടും പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യമായൊന്നും നോര്‍ക്കാ റൂട്ട്സ് ചെയ്തിട്ടില്ല. എന്നാല്‍, എല്‍ഡിഎഫ് ഗവമെന്റ് അധികാരത്തില്‍ വന്നപ്പോള്‍ കേരള പ്രവാസി സംഘം നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി ജനപ്രതിനിധികളെയും സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നോര്‍ക്കാ റൂട്ട്സ് പുനഃസംഘടിപ്പിക്കുകയും നോര്‍ക്കയില്‍ സര്‍ക്കാരിന്റെ ഷെയര്‍ 51 ശതമാനം ഉയര്‍ത്തി പബ്ളിക് കമ്പനിയാക്കി മാറ്റാനും സര്‍ക്കാര്‍ തയ്യാറായി. നോര്‍ക്കയിലൂടെ ഒട്ടേറെ ക്ഷേമപദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പ്രവാസി ക്ഷേമപദ്ധതികള്‍ ഓരോന്നായി നടപ്പാക്കി പ്രവാസികളുടെ രക്ഷയ്ക്കെത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍, ലക്ഷക്കണക്കിന് പ്രവാസികളോട് നീതികാട്ടാതെ അവരുടെപേരില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മദ്യം വിളമ്പി ആഘോഷങ്ങള്‍ സംഘടിപ്പിച്ച് തൃപ്തിയടയുകയാണ് കേന്ദ്രസര്‍ക്കാര്‍। ഈ രണ്ട് സര്‍ക്കാരുകളെയും തിരിച്ചറിയാന്‍ പ്രവാസി സമൂഹം തയ്യാറാകേണ്ടിയിരിക്കുന്നു.
*

പയ്യോളി നാരായണന്‍

കൊണ്ടേരന്റെ അച്ഛന്‍

കൊണ്ടേരന്റെ അച്ഛന്‍

അപ്രതീക്ഷിതമായ നിദ്രാഭംഗത്തെക്കുറിച്ച് കൊണ്ടേരന്‍ അത്ഭുതപ്പെട്ടു.

ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പട്ടിണിയില്‍ മുക്തകണ്ഠം മുഴുകുമ്പോഴും എട്ടുമണിക്കൂര്‍ പുല്ലുപോലെയും ശേഷം രണ്ടുമണിക്കൂര്‍ പുല്ലുപായിലും ഉറങ്ങിയ കാലം കൊണ്ടേരന് ഉണ്ടായിരുന്നു. എട്ടുമണിക്കൂറിന് രണ്ടുമണിക്കൂര്‍ ഫ്രീ! പിന്നെ സാങ്കല്‍പ്പികമായ ഉച്ചയുറക്കത്തിനുശേഷം രണ്ടുമണിക്കൂര്‍ വ്യാജ ഉറക്കവും നടിച്ച് പട്ടിണിയെ വെല്ലുവിളിച്ചകാലം!

അങ്ങനെ കൊണ്ടേരനുമുണ്ട് നഷ്ടപ്പെടാന്‍ ഒരു തിളങ്ങുന്ന ഭൂതകാലം!

നഷ്ടസ്മൃതി പങ്കുവെക്കാന്‍ തിരിഞ്ഞുകിടന്നപ്പോള്‍,

ഡിം.

ഭാര്യയെ കാണാനില്ല.

പ്രവാചക.

അവള്‍ ജീവനും കൊണ്ടോടി.

രേഖാചിത്രം പുറത്തിറക്കി സ്വഭാര്യയെ കണ്ടെത്താന്‍ നിവൃത്തിയില്ലാത്തതിനാല്‍ തിരിഞ്ഞുകിടന്ന് താല്‍ക്കാലികാടിസ്ഥാനത്തില്‍ വിഭാര്യനായി തുടര്‍ന്നു. ഉറക്കത്തിനിടയിലെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ച് മുറിഞ്ഞുപോയ ചിന്ത വിളക്കിച്ചേര്‍ത്തു. തീ സ്വല്‍പ്പം കൂടി. ചെറുതായൊന്നു പൊള്ളി. അങ്ങനെ പൊള്ളുന്ന ചിന്തകള്‍ എന്ന ചീത്തപ്പേരും കിട്ടി.

ഇനി പുലരുംവരെ ചിന്തിച്ച് വശാകണം.

കാലം ഒരു തത്വചിന്തകനെ സൃഷ്ടിക്കുകയാണ്- കൊണ്ടേരന് ഉള്‍വിളി. അലമ്പുണ്ടാക്കാതെ കിടന്നാല്‍ മതി. ബാക്കി കാലം നോക്കിക്കോളും.

രാത്രിയില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റു ഉറക്കം കിട്ടാതെ പോയവരാണ് പില്‍ക്കാലത്ത് മഹാതത്വചിന്തകരായതെന്ന് കൊണ്ടേരന്‍ കേട്ടിട്ടുണ്ട്. ഇപ്പോഴും ഉണ്ട് ഇത്തരം. പക്ഷേ അവര്‍ ലേഖനത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഉഗ്രന്‍.

കൊണ്ടേരന് ഐഡിയ!

കണ്ണും മൂക്കും നാക്കും വിടര്‍ന്നു.

ഓണം സീസണ്‍. ഓണപ്പതിപ്പുകള്‍ മൂന്നടി മണ്ണ് ചോദിച്ചുവരുന്ന സീസണ്‍.} ഒരു കഥ തരപ്പെടുത്തണം. കൊണ്ടേരനുമറിയാം കുറെ അക്ഷരങ്ങള്‍.

ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവരുടെ വാര്‍ധക്യകാല വിനോദങ്ങള്‍ കഴിഞ്ഞാലും പേജ് ബാക്കിയുണ്ടാവും. പ്രായമേറിയവര്‍ക്ക് ഇപ്പോള്‍ ഇരിപ്പൂ കൃഷിയാണ്; ഇരുന്നുകൊണ്ടുള്ള കൃഷി.

ഓണപ്പതിപ്പിലൊന്ന്,

വാര്‍ഷികപ്പതിപ്പിലൊന്ന്.

മുതുക്കി എരുമ മുക്കിപ്പെറ്റപോലെ കഥ രണ്ടിലും ഓരോന്ന്. ചികിത്സയാണ് ഇത്. ഇല്ലെങ്കില്‍ പിച്ചുംപേയും പറയും. പിന്നെ നൂറ്റൊന്നു കുടം തണുത്തവെള്ളം ധാരകോരിയാലേ ആശ്വാസം കിട്ടൂ.

കുറേക്കൂടി പ്രായമായാല്‍ നടന്ന വഴി, ചാടിയ വേലി, ചുറ്റിയ വള്ളി എന്നൊക്കെ പറഞ്ഞ് നിന്നുകൊടുത്താല്‍ മതി. ബാക്കി ഇറച്ചി ഫീച്ചറെഴുത്തുകാരന്‍ വെട്ടിയെടുത്തോളും. നല്ല വിലകിട്ടും. വേലിയേല്‍ കിടക്കുന്നതിന്റെ ഫോട്ടോ കൂടിയെടുത്ത് പേജില്‍ വെക്കുന്നതോടെ സീരിയല്‍നടന്റെ ഗ്ളാമറും കിട്ടും. പിന്നെ ഇഷ്ടപ്പെട്ട കറി, ഇഷ്ടപ്പെട്ട ഡോക്ടര്‍, ഇഷ്ടപ്പെട്ട മരുന്ന്, ഇഷ്ടപ്പെട്ട ഹാര്‍ട് അറ്റാക്ക് എന്നീ ഇഷ്ടങ്ങളിലൂടെ ഓട്ടപ്രദക്ഷിണവും നടത്തി, തരംകിട്ടിയാല്‍ ലിംഗമാറ്റ ശസ്ത്രക്രിയയും നടത്തി സുന്ദരിയായി തിരിച്ചുവന്ന് നായകനടന്റെ ആലിംഗനത്തിലമര്‍ന്നാല്‍ പിന്നേം തിന്നാന്‍ ഓണം ബാക്കി.

ഹന്ത കേരളമേ നിന്റെ ഭാഗ്യം! അന്തോം കുന്തോമില്ലാതെ!

കൊണ്ടേരന്‍ കോരിത്തരിച്ചു.

മുഖത്തു തപ്പി. ഒരു കുരു മുളച്ചോന്ന് ശങ്ക!

സാംസ്കാരിക കേരളം കൊണ്ടേരനെ വിളിക്കുന്നു.

"വാ.. മോനേ..വാ..''

കൊണ്ടേരന്‍ തനിക്കറിയാവുന്നവിധം ഒരു കഥയെക്കുറിച്ച് ചിന്തിച്ചു. അബദ്ധം! എഴുതിക്കഴിഞ്ഞാണല്ലൊ ചിന്ത വേണ്ടതെന്ന് പിന്നീടാണ് ചിന്തിച്ചത്.

പുറത്ത് ഒരു കാറിന്റെ ഹോണടി.

കൊണ്ടേരന്‍ ഭയന്നു.

"ജപ്തിചെയ്യാന്‍ വന്നതാവും.''

ചെറിയചെറിയ വായ്പകള്‍ ധാരാളം. തിരിച്ചടച്ച് അതൊന്നും ഇല്ലായ്മ ചെയ്തിട്ടില്ല. മനഃപൂര്‍വമല്ല.

ഭാര്യ വിളിച്ചു.

"ദേ... ആരോ വരുന്നു.''

"ആര്‍ക്കും വരാം. ഈ വീടിന്റെ വാതില്‍ ആരുടെ മുന്നിലും അടച്ചിട്ടില്ല. ഇതൊരു തുറന്ന പുസ്തകമാണ്.''

അവള്‍ സമ്മതിച്ചു.

"അരിപ്പെട്ടി അടച്ചിട്ട് ഇന്നേക്ക് രണ്ടാഴ്ച തികയുന്നു. ചായപ്പൊടി, പഞ്ചസാര തുടങ്ങിയ ഭക്തന്മാര്‍ ശബരിമലക്ക് പോയിട്ട് ഇതുവരെ വന്നിട്ടില്ല. മുന്‍വശംപോലെ തന്നെ പുറകുവശവും. രണ്ടും തുറന്നുകിടക്കുന്നു. വരുന്നവര്‍ക്ക് വന്ന വഴി തന്നെ തിരിച്ചുപോകണമെന്നില്ല. അതിഥികള്‍ക്ക് സഞ്ചാരം ബോറടിയാവില്ല. പുതിയ കാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍. ഹൃദ്യമാകും സന്ദര്‍ശനം. അഭിവാദ്യങ്ങള്‍.''

ഭാര്യയുടെ ഫലിതബോധമോര്‍ത്ത് കനത്ത സമ്മര്‍ദത്തിന്റെ കൊടുമുടിയില്‍നിന്നും കൊണ്ടേരന്‍ പൊട്ടിച്ചിരിച്ചു.

നവാതിഥി പുറത്തുനിന്ന് ചില ശബ്ദങ്ങള്‍ ഉണ്ടാക്കി. വൈദ്യുതി പാഴാക്കരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ കൊണ്ടേരന്‍ ഇതുവരെ വീട് വൈദ്യുതീകരിച്ചിട്ടില്ല. കോളിങ് ബെല്ലുകള്‍ കൊണ്ടുവരേണ്ടതാണെന്ന് കൊണ്ടേരന്‍ അതിഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിഥിയുടെ രണ്ടാമത്തെ ശബ്ദവും കൊണ്ടേരന്‍ അവഗണിച്ചു. പക്ഷേ മൂന്നാമത്തെ ശബ്ദം അവഗണിക്കാനായില്ല. അതൊരു കരള്‍ പിളര്‍ക്കുന്ന നിലവിളിയായിരുന്നു.

കൊണ്ടേരന്‍ വന്നു.

അതിഥി ചിരിച്ചു; മൊഴിഞ്ഞു.

"ഗുഡ് മോണിങ് കൊണ്ടേരന്‍.''

കെണ്ടേരന്‍ തിരിച്ചടിച്ചു.

"താങ്ക്യു. പ്ളീസ് ടേക് യുവര്‍ സീറ്റ്.''

അതിഥി തിരിഞ്ഞുനോക്കി.

സമീപകാലത്തെങ്ങും കസേര കിടന്നതിന്റെ ലക്ഷണമില്ല.

അതിഥി ചമ്മി.

കൊണ്ടേരന്‍ ചിരിച്ചു.

സ്വന്തം ദാരിദ്ര്യത്തില്‍ അഭിമാനം കൊണ്ടു.

അതിഥിയെ സൂക്ഷിച്ചു നോക്കി.

"ഇങ്ങനെ ഒരാളോട് കടം വാങ്ങിയതായി ഓര്‍മയില്ല.''

എങ്കിലും ഭവ്യതയില്‍ ഭംഗം വരുത്തിയില്ല.

ഇതോടെ അതിഥി സ്വയം വാഴ്ത്തിപ്പാടി.

"ഞാന്‍.. പത്രാധിപരാണ്.''

ങ്ാവൂ! കൊണ്ടേരന് ആശ്വാസമായി. ഒരു ശത്രുവിനെ കിട്ടിയ ആഹ്ളാദത്തോടെ മുണ്ട് കഴിയുന്നത്ര ഉയര്‍ത്തിക്കുത്തി.

എത്രവരെ?

ഇനിയും പൊക്കിയാല്‍ തമിഴ്‌നാട് ഇടപെടും എന്നതുവരെ.

"ന്താ.. കാര്യം....?''

"ഇത്തവണത്തെ ഓണപ്പതിപ്പിന് അങ്ങയുടെ ഒരു സൃഷ്ടി വേണം.''

അകത്തുനിന്ന് ഭാര്യ 'എന്റമ്മേ' എന്നലറുന്നത് കേട്ട് കൊണ്ടേരന്‍ ഓടിച്ചെന്നു. സൃഷ്ടി എന്നതിന്റെ സാഹിത്യപരമായ അര്‍ഥം വിശദീകരിച്ചുകൊടുത്തതോടെ കരച്ചിലടങ്ങി.

തിരിച്ചുവന്ന് കൊണ്ടേരന്‍ പത്രാധിപരെ ആശ്വസിപ്പിച്ചു.

"വായന കൊറവാ.''

സമൂഹം പുതിയ ഭാഷ ഉള്‍ക്കൊള്ളുന്നതെങ്ങനെ എന്ന ലേഖനം അടുത്ത വിഷയത്തില്‍ കാച്ചാന്‍ ഉറപ്പിച്ച് പത്രാധിപര്‍ കൊണ്ടേരന്റെ കാലിനടുത്തേക്ക് നീങ്ങി.

"കൊണ്ടേരന്‍ എതിര് പറയരുത്... സൃഷ്ടി നടത്തണം.''

"എന്തിലാണ് സൃഷ്ടി....?''

"ഒരു ലേഖനം വേണം...''

'വിഷയമുണ്ടോ..''

"ഉണ്ട്.''

"പറയൂ.''

"അച്ഛനെക്കുറിച്ചാണ്...''

കൊണ്ടേരന്‍ ഞെട്ടി.

"തന്തക്ക് പറയണംന്ന് ! അല്ലേ..''

പത്രാധിപര്‍ വിചാരിച്ചതിനേക്കാള്‍ കനമുണ്ടായിരുന്നു ശബ്ദത്തിന്്.

പത്രാധിപര്‍ക്ക് മുന്നില്‍ കൊണ്ടേരന്‍ വിലങ്ങനെ നടന്നു. തമിഴ് നാടകത്തിലെ വീരപാണ്ഡ്യകട്ടബൊമ്മനെ കാണുകയാണെന്ന് പത്രാധിപര്‍ക്ക് വെറുതെ തോന്നി.

കൊണ്ടേരന്റെ മനസ്സില്‍ അച്ഛന്‍!

ഒന്നാന്തരം കൃഷിക്കാരന്‍. നൂറുപറക്കണ്ടം ഒറ്റക്ക് ഉഴുകുന്നവന്‍. കൊയ്ത്തിന്റെ കാലന്‍. മെതിയുടെ മാന്‍ ഓഫ് ദ മാച്ച്. ഒന്നരക്കുപ്പി കള്ള് അകമ്പടിയില്ലാതെ, മറ്റൊന്നരക്കുപ്പി ഒറ്റ കാന്താരിമുളകില്‍. പിന്നെ ചൂട്ടുകറ്റയും ആഞ്ഞുവീശി ഇടവഴിയിലെ ഇരുട്ടിനെ അകറ്റി തലയെടുപ്പോടെ വീട്ടിലേക്ക്. അപ്പോള്‍ തൊണ്ടതുറന്ന് ഒരു പാട്ട്.

"ഏനിന്നലെയൊരു തൊപ്പനം കണ്ടേ...
പാള പയ്ത്ത് തണുങ്കോടെ വീണേ...''

കൊണ്ടേരന്റെ മനസ്സില്‍ ചിത്രങ്ങള്‍ മാറിമറിഞ്ഞു.

"ഇതെന്റെ അച്ഛനാണ്. നിനക്ക് തിന്നാനുള്ളതല്ല.''

കൊണ്ടേരന്‍ പത്രാധിപരുടെ മുഖത്ത് വിരല്‍ ചൂണ്ടി.

"എടാ... ഈ വീട്ടില്‍ പട്ടിണി സൂപ്പര്‍ഹിറ്റാണ്. എന്നാലും തന്തയെ വിറ്റ് തിന്നില്ലടാ....''

പത്രാധിപര്‍ അവസാനത്തെ അടവെടുത്തു.

"നിങ്ങള്‍ക്കൊരു മീഡിയാ അറ്റന്‍ഷന്‍. ലക്ഷങ്ങളാണ് കോപ്പി..''

പിന്നെ കൊണ്ടേരന്‍ അങ്ട് ആടി.

"കടക്കെടാ പുറത്ത്'' എന്നല്ല; പത്രാധിപര്‍ കേട്ടത് മറ്റെന്തോ ഭാഷയാണ്.

നിര്‍ത്താതെ ഹോണടിച്ച് കാറ് ആംബുലന്‍സുപോലെ പാഞ്ഞു.

**** **** ****

പക്ഷേ, ചിലര്‍ തന്തയെ വിറ്റ് ഇക്കുറി സമൃദ്ധമായി ഓണമാഘോഷിച്ചതായി റിപ്പോര്‍ടുണ്ട്.

*
എം എം പൌലോസ്, കടപ്പാട്: ദേശാഭിമാനി

04 March, 2009

കേരളത്തിന്റെ മണ്ണ് പിടയുന്നു...രണ്ടാം ഭാഗം

കേരളത്തിന്റെ മണ്ണ് പിടയുന്നു...രണ്ടാം ഭാഗം

കേരള പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. കെ.എന്‍. ഹരിലാലുമായി പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തിന്റെ രണ്ടാം ഭാഗം. ആദ്യ ഭാഗം ഇവിടെ

4

ഊഹമൂലധനത്തിന് സാമൂഹ്യനിയന്ത്രണം വേണം

ഭൂമി ഒരു ഉപഭോഗവസ്തുവല്ല


സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മൂലധനത്തിന്റെ സ്വൈരവിഹാരത്തിന് എറിഞ്ഞുകൊടുക്കാതെ സാമൂഹികനിയന്ത്രണത്തിനു വിധേയമാക്കേണ്ടതുണ്ടെന്ന പൊതുതത്ത്വം ഏതാണ്ട് എല്ലാ വിപണികള്‍ക്കും ബാധകമാണ്, എന്നാല്‍, കൂട്ടായ ഇടപെടലും നിയന്ത്രണവും ഏറെ ആവശ്യമായി വരുന്നത് കമ്പോളം പരാജയപ്പെടാനുളള സാധ്യത കൂടുതലുളള വിപണികളുടെ കാര്യത്തിലാണ്. ഭൂവിപണി അത്തരം ഒന്നാണ്. വിഭവങ്ങളുടെ കാര്യക്ഷമമായ വിതരണമാണ് വിപണികളുടെ മുഖ്യധര്‍മ്മം. വിവിധ ഭൂവിനിയോഗ ആവശ്യങ്ങള്‍ക്കിടയിലുളള ഭൂമിയുടെ ഏറ്റവും കാര്യക്ഷമമായ വിതരണം അനിവാര്യവുമാണ്. ഭൂവിപണിക്ക് അതിനു കഴിയുമോ എന്നതാണ് ചോദ്യം. ഭൂവിപണി സ്വതന്ത്രമായി പ്രവര്‍ത്തിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വില നല്‍കാന്‍ കഴിയുന്നവരിലേക്കായിരിക്കും ഭൂമിയുടെ കേന്ദ്രീകരണം നടക്കുക.

ഏറ്റവും ആദായകരമായ കാര്യങ്ങള്‍ക്കു ഭൂമി ഉപയോഗിക്കുന്നവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വില നല്‍കാന്‍ കഴിയുക. ചുരുക്കിപ്പറഞ്ഞാല്‍ ആദായത്തിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് വിവിധ ഭൂവിനിയോഗങ്ങള്‍ക്കിടയില്‍ ലഭ്യമായ ഭൂമി വിതരണം ചെയ്യപ്പെടും. ആദ്യ വിശകലനത്തില്‍ ഭൂമിയുടെ വിതരണം രമ്യമായും കാര്യക്ഷമമായും പരിഹരിക്കുന്നതില്‍ സ്വതന്ത്രവിപണി വിജയിക്കും എന്നാണ് തോന്നുക. പക്ഷേ, വിപണിയുടെ പ്രവര്‍ത്തനത്തില്‍ സ്വകാര്യനേട്ടങ്ങളും സ്വകാര്യകോട്ടങ്ങളും മാത്രമേ പരിഗണിക്കപ്പെടുകയുളളൂ എന്നതാണ് പ്രശ്നം. സ്വകാര്യവ്യക്തികളുടെ കണക്കുകൂട്ടലുകളില്‍ പ്രത്യക്ഷപ്പെടാത്ത സാമൂഹികനേട്ടങ്ങളും കോട്ടങ്ങളും കമ്പോളത്തിന്റെ പരിഗണനയില്‍ വരില്ല.

വികസിതരാഷ്ട്രങ്ങള്‍ ഭൂമിയെ കമ്പോളവസ്തുവായി കാണുന്നില്ല

നെല്‍കൃഷി നിലനില്‍ക്കുന്നതുകൊണ്ട് സമൂഹത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ (പാരിസ്ഥിതിക നേട്ടങ്ങള്‍ ഉള്‍പ്പെടെ) കര്‍ഷകന് അനുഭവവേദ്യമാകുന്ന നേട്ടത്തേക്കാള്‍ എത്രയോ അധികമാണ്. കാടും, കായലും, പുഴയോരങ്ങളും, കടല്‍ത്തീരങ്ങളും കൈയേറി ഏറെ ആദായകരമായ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉത്സാഹിക്കുന്ന വ്യക്തികളുടെ സ്വകാര്യ കണക്കുപുസ്തകത്തില്‍ അതുകൊണ്ട് നഷ്ടമാവുന്ന സാമൂഹികനന്മയുടെ കണക്ക് പ്രത്യക്ഷപ്പെടില്ല. സ്വകാര്യ നേട്ടകോട്ടങ്ങള്‍ വ്യത്യസ്തമാകുന്നതാണ് കമ്പോളം പരാജയപ്പെടാനുളള അടിസ്ഥാന കാരണം.

ഈ വ്യത്യാസം ഏറെ പ്രശ്നം സൃഷ്ടിക്കുന്ന രംഗമാണ് ഭൂവിനിയോഗം. അതുകൊണ്ടുതന്നെ മിക്കപരിഷ്കൃത സമൂഹങ്ങളും ഭൂവിനിയോഗത്തെ കടുത്ത സാമൂഹികനിയന്ത്രണത്തിനു വിധേയമാക്കുന്നു. മുതലാളിത്തപറുദീസയായി അറിയപ്പെടുന്ന രാജ്യങ്ങള്‍പോലും പ്രകൃതിയെ മൂലധനത്തിന്റെ അത്യാര്‍ത്തിക്കും പ്രാകൃത മൂലധനസഞ്ചയനത്തിനും വിട്ടുകൊടുക്കാന്‍ തയാറാവുന്നില്ല. ലോകത്ത് ഏറ്റവും ഉയര്‍ന്ന ഭൂവിലകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ജപ്പാനിലെ വന്‍നഗരങ്ങളുടെ നടക്കും സമീപത്തും നെല്‍വയലുകളും കാടും സംരക്ഷിക്കപ്പെടുന്നതിന്റെ രഹസ്യം മറ്റൊന്നല്ല. യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും ഇത്തരം ഭരണകൂട ഇടപെടലുകള്‍ സ്വാതന്ത്ര്യത്തിനും സംരംഭകത്വത്തിനും എതിരായ നീക്കമായ വ്യാഖ്യാനിക്കപ്പെടുന്നില്ല. മറ്റെല്ലാ പരിഗണനകളെയും താല്‍പര്യങ്ങളെയും മൂലധനത്തിന്റെ വിശുദ്ധതാല്‍പര്യങ്ങള്‍ക്ക് കീഴ്പ്പെടുത്തിക്കൊളളണമെന്ന നിയോലിബറല്‍ പ്രത്യയശാസ്ത്രം അവികസിത രാജ്യങ്ങളെ മാത്രം ഉദ്ദേശിച്ചു തയ്യാര്‍ ചെയ്യപ്പെട്ടിട്ടുളളതാണ്.

പരിസ്ഥിതിയുടെയും ചരിത്രസ്മാരകങ്ങളുടെയും സംരക്ഷണം, പാര്‍പ്പിട വികസനത്തിലെ സാമൂഹികനീതി, പശ്ചാത്തല സൌകര്യങ്ങളുടെയും പൊതുസേവനങ്ങളുടെയും വികസനം തുടങ്ങിയ പൊതുലക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ തയാറാക്കുന്ന വികസന പദ്ധതികളുടെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്നുകൊണ്ടാണ് ഏതാണ്ട് എല്ലാ വികസിതരാജ്യങ്ങളിലും ഭൂവിനിയോഗം അനുവദിക്കുന്നത് . ഇക്കാര്യത്തില്‍ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങളെ സമഷ്ടിയുടെ താല്‍പര്യങ്ങള്‍ക്കു മുകളില്‍ പ്രതിഷ്ഠിക്കാന്‍ വികസിതരാജ്യങ്ങള്‍ തയാറാവുന്നില്ല. ഏതാണ്ട് ഇതുതന്നെയാണ് വികസിത രാജ്യങ്ങളുടെ ശ്രേണിയിലേക്ക് പരിണമിച്ചു കൊണ്ടിരിക്കുന്ന വികസ്വരരാജ്യങ്ങളുടെയും സ്ഥിതി.

അവികസിത രാജ്യങ്ങള്‍ക്ക് മാതൃകമായി എപ്പോഴും അവതരിപ്പിക്കപ്പെടുന്ന സിങ്കപ്പൂരിന്റെ അനുഭവം നമ്മുടെ നാട്ടിലെ നവ ഉദാരീകരണവാദികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഭൂമിയുടെ മേലുളള ഭരണകൂടത്തിന്റെ ആധിപത്യത്തെയും സമഗ്രമായ ഭൂവിനിയോഗാസൂത്രണത്തെയും വികസനത്തിന്റെ രാസത്വരകമാക്കിയ അനുഭവമാണ് സിങ്കപ്പൂരിന്റേത്. കാലാകാലങ്ങളില്‍ പുതുക്കിക്കൊണ്ടിരിക്കുന്ന 'കണ്‍സെപ്റ്റ്പ്ളാനി'നു വിരുദ്ധമായി സിങ്കപ്പൂരില്‍ ഒരു സെന്റു ഭൂമിപോലും ഉപയോഗിക്കാനാവില്ല. ഭൂമിയുടെ ആത്യന്തിക ഉടമസ്ഥത സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. സ്വകാര്യ ഉടമസ്ഥതയിലുളള പരിമിത ഭൂമി ഏതാണ്ട് പൂര്‍ണ്ണമായും ദീര്‍കാല പാട്ടത്തില്‍ അനുവദിക്കപ്പെട്ടതാണ്. മറ്റു മൂന്നാംലോക നഗരങ്ങളെപ്പോലെ ഒരു കാലത്ത് ചേരികളുടെ നഗരമായിരുന്ന സിങ്കപ്പൂരിലെ പൌരന്മാരില്‍ 90 ശതമാനം പേരും ഇന്ന് സ്വന്തമായി വീടുളളവരാണ്. പൊതുമേഖലാ സ്ഥാപനങ്ങളാണ് ഈ വീടുകളില്‍ സിംഹഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്. വീടുകള്‍ എല്ലാത്തരം സേവന- പശ്ചാത്തല സൌകര്യങ്ങളുമുളള പരിസരങ്ങളിലും ടൌണ്‍ഷിപ്പുകളിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഓരോ വര്‍ഷവും വ്യവസായ -വാണിജ്യ ആവശ്യങ്ങള്‍ക്കായി അനുവദിക്കുന്ന ഭൂമിയുടെ അളവും സ്ഥാനവും സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കും. പൂര്‍ണമായും സുതാര്യമായ വ്യവസ്ഥകളോടെയാണ് അത്തരം സ്ഥലം മറ്റു ഏജന്‍സികള്‍ക്കു കൈമാറുന്നത്. സിങ്കപ്പൂരിലെ ഭൂനയത്തിന്റെ കേന്ദ്ര സവിശേഷതകളിലൊന്ന് ഭൂമിയുടെ മേലുളള ഊഹക്കച്ചവടത്തെ ഒരു കാരണവശാലും ആ രാജ്യം അനുവദിക്കില്ല എന്നതാണ്. അതുകൊണ്ടാണ് സര്‍ക്കാരിനു ന്യായമായ വിലയ്ക്ക് ഭൂമി വ്യവസായത്തിനും മറ്റു വികസന ആവശ്യങ്ങള്‍ക്കും ലഭ്യമാക്കാന്‍ കഴിയുന്നത്. സിങ്കപ്പൂരിന്റെ സമ്പദ്ഘടനയെ മത്സരക്ഷമമായി നിലനിര്‍ത്തുന്നതില്‍ ഊഹക്കച്ചവടത്തെ മുളയിലേ നുളളുന്ന ഈ ഭൂനയത്തിനും സ്ഥലപരമായ ആസൂത്രണത്തിനും അതുല്യമായ പ്രാധാന്യമാണുളളത്. കേരളത്തിലെ ഭൂപ്രശ്നത്തിന്റെ കാതല്‍ ഉല്‍പ്പാദന- വികസന ആവശ്യങ്ങള്‍ക്ക് ഭൂമിന്യായമായ വിലയ്ക്ക് ലഭ്യമല്ലാത്തതാണ് എന്നു നാം കണ്ടു. സിങ്കപ്പൂരിലെ ഭൂനയത്തിന്റെ വിജയം ഉല്‍പ്പാദന- വികസന ആവശ്യങ്ങള്‍ക്ക് ന്യായമായവിലയ്ക്കും വേണ്ടത്ര അളവിലും ഭൂമിയുടെ ലഭ്യത ഉറപ്പാക്കാന്‍ ഭരണകൂടത്തിനു കഴിയുന്നു എന്നുളളതാണ്. ഭൂമിയെ ഊഹക്കച്ചവടത്തിനുളള ഉപാധിയായി മാറ്റാതെ ഉല്‍പ്പാദനോപാധിയായി നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ട ഓരോ സര്‍ക്കാറും ഇതുതന്നെയാണ് ചെയ്യേണ്ടത്.

ഭൂമി പിടിച്ചടക്കുന്നതിനായുളള മഹായുദ്ധമാണ് നടക്കുന്നത്...

കാലത്തെ അതിജീവിക്കാന്‍ പ്രാപ്തമായ ഒരു ഭൂവിനിയോഗക്രമം രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും കേരളത്തിലെ ഭരണകൂടങ്ങള്‍ കാലാകാലങ്ങളായി പരാജയമാണ്. ശത്രുക്കള്‍പ്പോലും ചെയ്യാന്‍ അറയ്ക്കുന്നത്ര ക്രൂരവും വ്യാപകവും സംഘടിതവുമാണ് കടന്നാക്രമണം ! കേരളത്തിനെതിരായ ഈ മഹായുദ്ധത്തിന്റെ മുന്‍നിരയില്‍ അണിനിരക്കുന്നത് നൂറുകണക്കിനു ജെ.സി.ബി.കളാണ്. അവ രാപ്പകലന്യേ കുന്നുകളായ കുന്നുകളെല്ലാം ഇടിച്ചുനിരത്തി മുന്നേറുന്നു. രണ്ടാം നിരയില്‍ ആയിരക്കണക്കിനു ലോറികള്‍ ദിനംതോറും പതിനായിരക്കണക്കിനു ലോഡ് ചെമ്മണ്ണും പേറി ഉയരങ്ങളില്‍ നിന്നും താണസ്ഥലങ്ങളിലേക്ക് എത്തി തണ്ണീര്‍തടങ്ങളും വയലുകളും മണ്ണിട്ടുനികത്തുന്നു വേറൊരു കൂട്ടര്‍ അവിശ്രമം അധ്വാനിച്ചു മണ്ണും മണലും ഊറ്റിയെടുത്തു പുഴകളും അരുവികളും വയലുകളും അഗാധഗര്‍ത്തങ്ങളാക്കി മാറ്റുന്നു.

സര്‍വ്വോത്മുഖമായ ഈ പ്രകൃതി നാശത്തിനെതിരെ പൊരുതുന്നതില്‍ ചെറുസംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും മാധ്യമങ്ങള്‍ക്കും പരിമിതിയുണ്ട്. വിപുലമായ ജനകീയ മുന്നേറ്റങ്ങളുടെ ഉയര്‍ന്ന ഊഷ്മാവില്‍ മാത്രമേ പുതിയതും സന്തുലിതവുമായ ഒരു ഭൂവിനിയോഗക്രമം സ്ഥാപിച്ചെടുക്കാന്‍ കഴിയുകയുളളൂ. അതിനാകട്ടെ, സി.പി. എം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങിയേ മതിയാവൂ. എങ്കില്‍ മാത്രമേ ഈ രംഗത്തെ ഭരണകൂടത്തിന്റെ ഇതപര്യന്തമുളള പരാജയത്തിനു പരിഹാരം കാണാനുളള പുതിയ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിജയം കാണൂ.

ഭരണകൂടത്തിന്റെ പരാജയം സാമൂഹികനീതിയുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വശം അത് തോട്ടങ്ങള്‍ ഒഴിച്ചുളള ഭൂമിയുടെ ഉടമസ്ഥതക്കു പരിധി ഏര്‍പ്പെടുത്തി എന്നതാണ്. സാമൂഹിക നീതിയുടെ കാഴ്ചപ്പാടില്‍ തികച്ചും ഉജ്വലമായ ഒരു കാല്‍വെപ്പായിരുന്നു അത്. എന്നാല്‍ ഭൂപരിധി നിയമം ഉണ്ടായിട്ടും ഭൂരഹിതരുടെയും ജീവിതം പുലര്‍ത്താനാവശ്യമായ ഭൂമി സ്വന്തമായി ഇല്ലാത്ത കൃഷിക്കാരുടെയും എണ്ണം പെരുകുന്നതായി നാം കണ്ടു. ഭൂപരിധികൂടി എടുത്തു കളഞ്ഞാലത്തെ സ്ഥിതി എന്താവും എന്നു ഊഹിക്കാവുന്നതേയുളളൂ.

കേരളത്തിലെ ഭൂമി മുഴുവന്‍ ഒരു പറ്റം കുത്തക ഉടമകളിലേക്കു കേന്ദ്രീകരിക്കാന്‍ അധികസമയമൊന്നും വേണ്ടിവരില്ല. ഭൂരഹിതരുടെയും നാമമാത്ര ഭൂഉടമസ്ഥരുടെയും എണ്ണവും അനുപാതവും ഇനിയുമേറെ വര്‍ദ്ധിക്കും. സാമൂഹികനീതിയുടെ നെല്ലിപ്പലക അറബിക്കടലില്‍ പതിക്കും. എന്തോ ആവട്ടെ, ഉല്‍പ്പാദന വര്‍ദ്ധനയും വളര്‍ച്ചയും ഉണ്ടായാല്‍ മതി എന്ന സങ്കുചിതത്വവും ഫലിക്കാന്‍ പോകുന്നില്ല. കേരളത്തിലെ ഭൂമി ഇപ്പോള്‍ തന്നെ ഊഹക്കച്ചവടത്തിന്റെ ഉപാധിയായി മാറിയിരിക്കുന്നു. ഭൂവിപണിയിലേക്കുളള മൂലധനപ്രവാഹത്തിന് അവശേഷിക്കുന്ന നിയന്ത്രണം കൂടി നീക്കം ചെയ്താല്‍ ഊഹക്കച്ചവടം പൊടിപൊടിക്കും. കൃഷിക്കും വ്യവസായത്തിനും മറ്റ് ഉല്‍പ്പാദനാവശ്യങ്ങള്‍ക്കും ഇപ്പോഴുളളത്രപോലും ഭൂമി ലഭ്യമല്ലാതാവും! ഉല്‍പ്പാദനം നിലയ്ക്കും.

5

ഇനി പിറക്കാനിരിക്കുന്നവര്‍ക്കും ഈ ഭൂമി അവകാശപ്പെട്ടതാണ്

കാര്യക്ഷമമായ ഭൂഭരണ വ്യവസ്ഥയാണ് ആദ്യം വേണ്ടത്


ഭൂമിയെയും ഉടമസ്ഥതയെയും സംബന്ധിച്ച വ്യക്തതയും കൃത്യതയുമുളള രേഖകളും സ്ഥിതിവിവരകണക്കുകളുമാണ് ആദ്യം വേണ്ടത്. തികഞ്ഞ അരാജകത്വമാണ് ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് ഇടുക്കി ജില്ലയിലെ ഒരു വില്ലേജ് ഓഫീസിന്റെ അതിര്‍ത്തിയില്‍ മൂന്നിലൊന്നോളം വ്യാജപട്ടയങ്ങളാണ് എന്ന് അടുത്തകാലത്ത് അധികാരികള്‍ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സ്ഥിതിയല്ല. സ്വകാര്യ ഭൂവുടമസ്ഥതയുടെ രേഖകളില്‍ മാത്രമല്ല. പുറമ്പോക്കു സംബന്ധിച്ചും റവന്യൂ ഭൂമി സംബന്ധിച്ചും കൈയും കണക്കുമില്ലാത്ത സ്ഥിതിയാണ് ഭൂവുടമസ്ഥത സംബന്ധിച്ച റെക്കോര്‍ഡുകള്‍ ക്രമീകരിക്കുന്നതിലും റവന്യൂഭരണം കാര്യക്ഷമമാക്കുന്നതിലും ഇനിയും കാലതാമസം പാടില്ല.

ഭൂഭരണവ്യവസ്ഥയെ പുനക്രമീകരിക്കാന്‍ വേണ്ട രണ്ടാമത്തെ കാര്യം ഭൂമിയുടെ മേലുലള്ള ഭരണകൂടത്തിന്റെ അധീശത്വവും അധികാരവും ഉറപ്പിക്കുകയാണ്. പല മൂന്നാംലോകരാജ്യങ്ങളിലും ഈ അധികാരം പ്രയോഗിക്കാന്‍ ഭരണകൂടത്തിന് കഴിയാത്തത് അവയുടെ വികസനശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നുണ്ട് . ചരിത്രപരമായ കാരണങ്ങളാല്‍ ഇക്കാര്യത്തില്‍ കേരളം ഭേദമാണ്. വലിയ സാമൂഹികഎതിര്‍പ്പുകളെ അതിജീവിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ ഈ അധികാരങ്ങള്‍ ഒന്നും നഷ്ടപ്പെടാനിടയാവരുത്. കാടും കായലും പുഴകളും ചതുപ്പുകളും കടല്‍ത്തീരവുമൊക്കെയായി സംസ്ഥാനത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ മൂന്നിലൊന്നോളം വരുന്ന പൊതുവിഭവസ്രോതസ്സുകളെ സംരക്ഷിക്കാനുളള എല്ലാ അധികാരവും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഈ അധികാരത്തെ സ്വകാര്യ താല്‍പര്യത്തിനു വഴങ്ങി ഉദാരമായി വ്യാഖ്യാനിക്കുന്നത് നിര്‍ത്തി പൊതുതാല്‍പര്യം കര്‍ശനമായി പാലിക്കുന്ന സംസ്കാരം പുന:സൃഷ്ടിക്കണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വമ്പിച്ച വികസന സാധ്യതയുളള പതിനായിരക്കണക്കിന് ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാറിന്റെ ഉടമസ്ഥതയിലുണ്ട്. അവയുടെ അതിര്‍ത്തിയും സുരക്ഷയും ഉറപ്പിച്ച് വികസന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനുപുറമേ ആവശ്യമെങ്കില്‍ സ്വകാര്യഭൂമി ഏറ്റെടുക്കാനും സര്‍ക്കാരിനു വേണ്ടത്ര അധികാരമുണ്ട്. രാജഭരണകാലത്ത് ലീസായും ഗ്രാന്റായും നല്‍കിയ വിശാല ഭൂപ്രദേശങ്ങളുടെമേലുളള കേരള സര്‍ക്കാരിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും പൊതുനന്മയെ ലാക്കാക്കി ഉപയോഗിക്കാവുന്നതാണ്. ഈ ഭൂമി കേരളത്തിലെ ഓരോ പൌരനും അവകാശപ്പെട്ടതാണ്. ലീസിന്റെയും ഗ്രാന്റിന്റെയും ബലത്തില്‍ ഭൂമി കൈവശംവെച്ചിരിക്കുന്നവര്‍ക്ക് അനുകൂലമായി നിയമത്തെ വ്യാഖ്യാനിച്ച് അവര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ശരിയല്ല. മൂന്നാര്‍പോലുളള ഇത്തരം മേഖലകളില്‍ പൊതുസൌകര്യങ്ങളുടെ വികസനത്തിനുപോലും ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നില്ല എന്നത് അപമാനകരമണ്.

കരവും പാട്ടവും കാലോചിതമായി പുതുക്കിയും ഭൂമി മുറിച്ചുവില്‍ക്കന്നത് തടഞ്ഞും വികസന ആവശ്യങ്ങള്‍ക്കുവേണ്ടി വേണ്ടുവോളം ഭൂമി തിരിച്ചെടുത്തുപയോഗിച്ചും ഇവിടങ്ങളിലെ ഭൂഭരണം കാര്യക്ഷമമാക്കണം. അതിനാവശ്യമായ മാസ്റ്റര്‍ പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മുന്‍ഗണനാക്രമമനുസരിച്ച് ഇത്തരം ഭൂമി ഉപയോഗിക്കാന്‍ തയാറാവുന്ന ലീസുടമകളെ അഥവാ ഗ്രാന്റുടമകളെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ല. ഇത് പൊതുസ്വത്താണെന്നും അതിന്റെ ഉപയോഗത്തിനുമേല്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അംഗീകരിച്ചുകൊണ്ടുളള സമീപനമാണ് ആവശ്യം.

കേരളത്തിലെ ഭൂമിയുടെമേല്‍ പൊതുസമൂഹത്തിനുളള അധികാരത്തിന്റെ മറ്റൊരു വശമാണ് ഭൂപരിധിവ്യവസ്ഥകള്‍. ചെറുകിടഉടമസ്ഥരില്‍ നിന്നും ഭൂമി വാങ്ങിക്കൂട്ടി കേന്ദ്രീകരിച്ച് ഉപയോഗിക്കാനുളള അധികാരം ഇപ്പോള്‍ സര്‍ക്കാറിനു മാത്രമേയുളളൂ. സ്വകാര്യസംരംഭകര്‍ക്കും കമ്പനികള്‍ക്കും കൂടി ഭൂമിവാങ്ങി സ്വരുക്കൂട്ടാനുളള ഈ അധികാരം നല്‍കണം എന്ന മുറവിളിയാണ് ഇപ്പോള്‍ ഉയരുന്നത്. രഹസ്യമായി കുറഞ്ഞ വിലക്ക് ഭൂമി വാങ്ങിക്കൂട്ടിയ പല സംഘങ്ങളും തങ്ങളുടെ നടപടി നിയമവിധേയമാക്കാനും ഈ ആവശ്യം ഉയര്‍ത്തുന്നുണ്ട്. വികസന ആവശ്യങ്ങള്‍ക്കുവേണ്ടി ചെറുകിടക്കാരില്‍ നിന്നും ഭൂമി കേന്ദ്രീകരിച്ചെടുക്കേണ്ട സന്ദര്‍ഭങ്ങള്‍ എപ്പോഴും ഉണ്ടാവാം. ഏറെ പ്രാധാന്യമുളള ഈ സാമ്പത്തിക ധര്‍മം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ നേരിട്ടോ, സര്‍ക്കാറിന്റെ നിയന്ത്രണത്തിലുളള മറ്റ് ഏജന്‍സികളോ മുന്നോട്ടുവരണം. ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം അസ്വീകാര്യമാണ്. വികസനകാര്യങ്ങള്‍ക്ക് ഭൂമി സ്വരുക്കൂട്ടി ധര്‍മം നിര്‍വഹിക്കാനാവശ്യമായ സംവിധാനം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഭൂമി സ്വരുക്കൂട്ടി കേന്ദ്രീകരിച്ച് ഉപയോഗിക്കേണ്ട സംരംഭങ്ങള്‍ ആര്‍ക്കും ആരംഭിക്കാന്‍ കഴിയാതെ വരും. ലാന്‍ഡ് ബാങ്ക് പോലുളള സംവിധാനങ്ങള്‍ സൃഷ്ടിച്ച് വികസനാവശ്യങ്ങള്‍ക്ക് ഭൂമി കേന്ദ്രീകരിച്ചു നല്‍കുന്ന സമ്പ്രദായം ഉണ്ടാവണം.

പ്ലാന്റേഷനുകളെ പ്ലാന്റേഷന്‍ ആവശ്യം വിട്ടുളള കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാലും ഭൂപരിധി വ്യവസ്ഥ ബാധകമാക്കരുത് എന്ന തോട്ടം ഉടമസ്ഥരുടെ വാദം ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ല. സമതലങ്ങളില്‍ (പ്ലാന്റേഷന്‍ ഇതര മേഖലയില്‍) പതിനഞ്ചേക്കറില്‍ കൂടുതലുളള ഭൂമി മിച്ചഭൂമിയായി കണ്ടുപിടിച്ചെടുത്ത ഭരണകൂടമാണ് കേരളത്തിലേത് എന്ന് ഓര്‍ക്കണം. സമതലങ്ങളില്‍ തോട്ടത്തിനാണെങ്കിലും അല്ലെങ്കിലും ഭൂപരിധിയുണ്ട്. എന്നാല്‍ അവയ്ക്ക് ഭൂപരിധി ബാധകമല്ല എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തോട്ടം നടത്തുന്നിടത്തോളം തോട്ട ഉടമകള്‍ക്ക് ഭൂപരിധി വ്യവസ്ഥയില്‍ നിന്ന് ഒഴിവു കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. തോട്ടം നിര്‍ത്തിയാല്‍ മിച്ചഭൂമി സര്‍ക്കാറില്‍ നിക്ഷിപ്തമാവണം. അത്തരം മിച്ചഭൂമി പുതിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുകയാണെങ്കില്‍, ഒരുപക്ഷേ, പഴയ ഉടമകള്‍ക്ക് മുന്‍ഗണന നല്‍കാവുന്നതാണ്. പക്ഷേ, അത് മിച്ചഭൂമിയാണെന്നും അതിന്റെമേല്‍ ഭൂരഹിതര്‍ ഉള്‍പ്പെടുന്ന പൊതുസമൂഹത്തിനാണ് അവകാശമെന്നുമുളള അടിസ്ഥാനതത്ത്വം അംഗീകരിക്കപ്പെടണം. വന്‍‌കിട തോട്ടങ്ങളില്‍ ഏറിയകൂറും കേരളത്തിന്റെ വിലപ്പെട്ട സമ്പത്തും സാമൂഹിക മിച്ചവും ഇവിടെ നിക്ഷേപിക്കാന്‍ തയ്യാറാവാതെ ഊറ്റിയെടുത്ത് പുറത്തേയ്‌ക്ക് കൊണ്ടുപോകുകയായിരുന്നു എന്നത് സ്‌മരണീയമാണ്.

6

പാര്‍പ്പിടം, കൃഷി, വ്യവസായം - ഭൂവിനിയോഗം എങ്ങനെ....?


ഭൂമിയുടെ മേലുളള അധികാരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ തികച്ചും സമ്പന്നമാണ്. അധികാരം പൊതുനന്മ മുന്‍നിര്‍ത്തി ഉപയോഗിക്കാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നുമാത്രം. ഭൂഭരണ വ്യവസ്ഥയുടെ പ്രധാനലക്ഷ്യങ്ങളില്‍ പ്രഥമം സാമൂഹികനീതി തന്നെ. എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തം ഉടമസ്ഥതയിലുളള വീടുകള്‍ ഉണ്ടാവുക എന്നത് ഒരു ഉപലക്ഷ്യമാകാവുന്നതാണ്. പാര്‍പ്പിടനിര്‍മ്മിതിയില്‍ ഇപ്പോള്‍ ആസൂത്രണമേ ഇല്ല. പശ്ചാത്തലസൌകര്യങ്ങളും പൊതുസേവനങ്ങളും വിശ്രമസ്ഥലങ്ങളും ഒത്തിണങ്ങിയ പാര്‍പ്പിടകേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് ഭരണകൂടം മുന്‍കൈയെടുക്കണം. ഭൂദരിദ്രമായ കേരളത്തില്‍ ഒറ്റതിരിഞ്ഞ വീടുകളുടെ സ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും ബഹുനില കെട്ടിങ്ങള്‍ക്കും പ്രാധാന്യം നല്‍കി സ്ഥലം ലാഭിക്കാം. നഗരപ്രാന്തങ്ങളിലും മറ്റും ചിതറിക്കിടക്കുന്ന വീടുകളെയും അവയുടെ വസ്തുവകകളേയും ഒന്നിച്ചുചേര്‍ത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ ഉണ്ടാക്കുകയും മിച്ചംവരുന്ന ഭൂമി അവരുടെ തന്നെ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം. ഇത്തരം പാര്‍പ്പിടകേന്ദ്രങ്ങളും ടൌണ്‍ഷിപ്പുകളും വികസിപ്പിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു തന്നെ മുന്‍കൈയെടുക്കാം.

ഭൂഭരണവ്യവസ്ഥയുടെ മറ്റൊരു ലക്ഷ്യം ചെറുകിടഉല്‍പാദകരുടെ സംരക്ഷണമായിരിക്കണം. ചെറുകിടഉല്‍പാദകര്‍ക്ക് ഭൂമി ഉല്‍പ്പാദനോപാധിയും ജീവനോപാധിയുമാണ്. അര്‍ഹമായ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും മറ്റു ചെറുകിട ഉല്‍പാദകര്‍ക്കും സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി വിതരണം ചെയ്യാന്‍ നടപടി ഉണ്ടാവണം. ചെറുകിടഉല്‍പാദകര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതോടൊപ്പം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനും ഭരണകൂടം ഇടപെടണം. അസംസ്‌കൃതപദാര്‍ത്ഥങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വായ്പയുടെയും കമ്പോളത്തില്‍ അവര്‍ മത്സരിക്കേണ്ടിവരിക കുത്തകകളോടാണ് . ചെറുകിടഉല്‍പാദകര്‍ക്കിടയിലെ കൂട്ടായ്‌മകളെ പ്രോത്സാഹിപ്പിച്ചും ഭരണകൂടത്തിന്റെ പിന്തുണ ഉറപ്പാക്കിയും അവരെ സംരക്ഷിക്കേണ്ടതുണ്ട്. ഭൂവിനിയോഗക്രമത്തിന്മേലുളള നിയന്ത്രണവും ചെറുകിടഉല്‍പാദകരെ അവരുടെ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ചെറുകിടഉല്‍പാദകര്‍ക്ക് അവരുടെ ജീവനോപാധി നഷ്ടമാവാതിരിക്കാന്‍ ഭൂപരിഷ്കരണനിയമത്തിലെ ഭൂപരിധിവ്യവസ്ഥയെ അതീവജാഗ്രതയോടെ സംരക്ഷിക്കേണ്ടതുമുണ്ട്. ഒപ്പം തരിശിടുന്ന ഭൂമിയില്‍ കൃഷി നടത്താന്‍ സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും മധ്യസ്ഥതയില്‍ കൃഷിക്കാരുടെ കൂട്ടായ്‌മകളെയോ സ്വയം സഹായസംഘങ്ങളെയോ ഏല്‍പ്പിക്കുന്ന സമ്പ്രദായം കൂടുതല്‍ വ്യാപകമാക്കാവുന്നതാണ്.

ഭൂഭരണത്തിന്റെ മറ്റൊരു അടിസ്ഥാനലക്ഷ്യം കൃഷിക്കും വ്യവസായത്തിനും മറ്റു ഉല്‍പാദനമേഖലകള്‍ക്കും ആവശ്യമായ ഭൂമിയും ഭൂവിഭവങ്ങളും ന്യായമായ വിലക്ക് ലഭ്യമാക്കുകയാണ്. ആഗോളീകരണ കാലത്ത് ആഭ്യന്തര വിപണിയിലും പുറം വിപണിയിലും അരങ്ങേറുന്ന മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇത് അനിവാര്യമാണ്. ഭൂവിലകള്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഇത് സാക്ഷാത്കരിക്കുക ഏറെ പ്രയാസകരമാണ് അതുകൊണ്ടു തന്നെ ഇത് സാമ്പത്തികരംഗത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഊഹക്കച്ചവടക്കാരെ ഭൂവിപണിയില്‍ നിന്നും മാറ്റിനിര്‍ത്തിക്കൊണ്ടു മാത്രമേ ഈ ലക്ഷ്യം നിറവേറ്റാനാകൂ. മുന്‍ഗണനാമേഖലകള്‍ നിശ്ചയിക്കുകയും അവയില്‍ മുതല്‍മുടക്കാന്‍ തയാറാവുന്ന കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സംയുക്തസംരംഭങ്ങള്‍, തദ്ദേശീയരായ സംരംഭകര്‍ എന്നുവേണ്ട വിദേശ കമ്പനികള്‍ക്കു പോലും വ്യക്തമായ വ്യവസ്ഥകളുടെയും കരാറിന്റെയും അടിസ്ഥാനത്തില്‍ കമ്പോളവിലയിലും കുറഞ്ഞ നിരക്കില്‍ ഭൂമിയോ നിര്‍മാണസ്ഥലമോ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. എന്നുമാത്രമല്ല ഇങ്ങനെ മൂലധന നിക്ഷേപം ആകര്‍ഷിക്കാന്‍ തെരഞ്ഞെടുക്കുന്ന വികസന മേഖലകള്‍ക്ക് ആവശ്യമായിവരുന്ന എല്ലാ പശ്ചാത്തല പൊതുസേവന സൌകര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിലെ ഭൂബന്ധങ്ങളുടെയും ഭൂവിപണിയുടെയും സവിശേഷതകള്‍ കാരണം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭൂവിലകളുടെ ശാപത്തില്‍ നിന്നും ഉല്‍പാദനത്തുറകളെ രക്ഷിക്കുന്നതിനുളള ആസൂത്രിത നീക്കമാണ് ഉണ്ടാവേണ്ടത്.

മറ്റൊരു പ്രധാന ലക്ഷ്യം പാരിസ്ഥിതിക നീതി ഉറപ്പുവരുത്തുന്ന ഭൂവിനിയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഭൂവിനിയോഗത്തില്‍ പഴയ കാലത്തേക്കുളള തിരിച്ചുപോക്ക് അസാധ്യമാണ്. സര്‍ക്കാരിന്റെ ഇടപെടല്‍ ഭൂവിനിയോഗത്തില്‍ വരുന്ന മാറ്റത്തെ കേന്ദ്രീകരിച്ചുകൊണ്ടാവുന്നതാണ് പ്രായോഗികം. അസ്വീകാര്യമായ മാറ്റങ്ങളെ നിയമം മൂലം നിരോധിക്കുകയും ഏറ്റവും കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്തുകൊണ്ട് തടയുകയും ചെയ്യണം. ഏറ്റവും സാമൂഹിക നേട്ടമുളള ഭൂവിനിയോഗം നിലനിര്‍ത്തുന്നവര്‍ക്ക് ഉദാരമായ നഷ്ടപരിഹാരം നല്‍കണം. നെല്‍വയലും, ചതുപ്പും, മറ്റു തണ്ണീര്‍തടങ്ങളും കുളങ്ങളും ചിറകളും കാവുകളും കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ഭൂനികുതിയില്‍ നിന്നും ഒഴിവുനല്‍കുകയും പണം അങ്ങോട്ട് നല്‍കുകയും വേണം. വയല്‍, ചതുപ്പുതണ്ണീര്‍തടങ്ങള്‍, കുളം, ചിറ, കാവ് തുടങ്ങിയ വിലപ്പെട്ട 'സാമൂഹികആസ്തി'കള്‍ നശിപ്പിച്ചുണ്ടാക്കിയ വസ്തുവകകള്‍ക്ക് ഉയര്‍ന്ന കരം ഏര്‍പ്പെടുത്തണം. സമൂഹത്തിന് അനഭികാമ്യമായ ഭൂവിനിയോഗം നടത്തുന്നവരില്‍ നിന്ന് ശേഖരിക്കുന്ന കരം സമൂഹത്തിന് അഭികാമ്യമായ ഭൂവിനിയോഗം നിലനിര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കണം.

ഭൂബന്ധങ്ങളിലും ഭൂവിപണിയിലും അടിസ്ഥാന സ്വഭാവമുളള അഴിച്ചുപണികള്‍ നടത്തിക്കൊണ്ടുമാത്രമേ കേരളത്തിന് ഇന്നത്തെ പ്രതിസന്ധിയില്‍ നിന്നു കരകയറാനാവൂ. പക്ഷേ ഇത് കേവലം സര്‍ക്കാര്‍ നടപടികളിലൂടെ സാധിക്കാവുന്ന കാര്യമല്ല. കേരള സമൂഹം വിശേഷിച്ചും കേരളത്തിന്റെ നേതൃത്വം ഒന്നടങ്കം ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ സംസ്ഥാനത്തിന്റെ ഉല്‍പാദനമേഖലകളെ ഭൂബന്ധത്തിന്റെ കുരുക്കുകളില്‍ നിന്ന് മോചിപ്പിക്കാനാവൂ.

*
അഭിമുഖം തയ്യാറാക്കിയത്: ശ്രീ അജയഘോഷ്
കടപ്പാട്: പി എ ജി ബുള്ളറ്റിന്‍ നമ്പര്‍ 66

കേരളത്തിന്റെ മണ്ണ് പിടയുന്നു...

നമ്മുടെ കേരളത്തില്‍ ഭൂമിയുടെ വില കുതിച്ചുയരുന്നത് ബ്ലേഡ് നിക്ഷേപ നിരക്കിനെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലാണ്... കുന്നും മലയും, കുളവും കായലും, വയലും പുഴയുമൊക്കെ ഊഹമൂലധനത്തിന്റെ ലാഭസഞ്ചയത്തിലേക്ക് അതിവേഗം വരവുവെച്ചുകൊണ്ടിരിക്കുകയാണ്.. സാമൂഹ്യദുരന്തവും, സംഘര്‍ഷവും വിളയുന്ന മണ്ണായി കേരളം പരിവര്‍ത്തനപ്പെടുമ്പോള്‍ മൌനമായി ഇരിക്കുന്നതിന് നാം കടുത്ത വില നല്‍കേണ്ടിവരും... പ്രഗല്‍ഭ സാമ്പത്തികശാസ്ത്ര അധ്യാപകനും കേരള പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. കെ.എന്‍. ഹരിലാലുമായി പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തില്‍ കേരളം നേരിടുന്ന ഈ സാമൂഹിക സംഘര്‍ഷങ്ങളുടെ അകവും പുറവും, ആഴവും പരപ്പും അന്വേഷിക്കുകയാണ്....

ചെങ്ങറയിലും, മൂലമ്പള്ളിയിലും അതു പോലെ മറ്റിടങ്ങളിലും മണ്ണ് സംഘര്‍ഷഭൂമിയാകുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ഭൂപ്രശ്നത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്ന ഈ അഭിമുഖം രണ്ട് ഭാഗങ്ങളായി വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിക്കുന്നു.

1

മൂലധനം മണ്ണില്‍ ഇടപെടുമ്പോള്‍ സംഘര്‍ഷം വിളയുന്നു.....

മൂലധനത്തിന്റെ സുഭിക്ഷമായ ലഭ്യതയും ഭൂമിയുടെ ദൌര്‍ലഭ്യതയും തമ്മിലുള്ള വൈരുദ്ധ്യമാണ് കേരളത്തിലെ വര്‍ത്തമാനകാല സാമൂഹികസംഘര്‍ഷങ്ങളുടെ ഒരു പ്രധാനകാരണം. കഴിഞ്ഞ മൂന്നു-മൂന്നര പതിറ്റാണ്ടുകാലത്ത് കേരളത്തില്‍ നിന്ന് പണിയന്വേഷിച്ചും ചെറുകിട വ്യാപാരം നടത്താനുമൊക്കെയായി ഗള്‍ഫ് നാടുകളിലേക്കും മറ്റു പുറം രാജ്യങ്ങളിലേക്കും പോയ മലയാളികളില്‍ കുറേപ്പേര്‍ മൂലധനശേഷി സമാഹരിച്ച് ഇപ്പോള്‍ സംരംഭകരായി മാറിയിരിക്കുന്നു. ഇവരില്‍ ചെറുകിടസംരംഭകരും അറിയപ്പെടുന്ന വന്‍കിടക്കാരുമുണ്ട്. ഇതിനുപുറമെ പുറംനാടുകളില്‍ നിന്നുള്ള വ്യക്തികളും കമ്പനികളും പൊതുമേഖലാസ്ഥാപനങ്ങളും ഒക്കെ കേരളത്തില്‍ മുതല്‍മുടക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നു. സര്‍വ്വശക്തിയും സമാഹരിച്ച് മുന്നോട്ടു കുതികൊള്ളുന്ന ഈ മൂലധനപ്രവാഹത്തിന് തടസ്സമുണ്ടാവുമ്പോള്‍ സംഘര്‍ഷം ഉണ്ടാവുക സ്വാഭാവികമാണ്. മൂലധനം എപ്പോഴും ആഗ്രഹിക്കുക അതിനു 'ഇഷ്ടപ്പെട്ട വഴി'കളിലൂടെ മുന്നേറാനുള്ള സ്വാതന്ത്ര്യമാണ്. എന്നാല്‍, ഉപഭോക്താക്കള്‍ക്കും തൊഴിലാളികള്‍ക്കും പരിസ്ഥിതിക്കും മറ്റു മൂലധനേതരതാല്‍പര്യങ്ങള്‍ക്കും മാറാമുറിവുകള്‍ ഉണ്ടാകാതെ നോക്കേണ്ടത് സമൂഹത്തിന്റെ നിലനില്‍പിനുതന്നെ അനിവാര്യമാണ്.

ആരാണ് മൂലധന ഉടമകള്‍...?

കേരളത്തില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടു വരുന്ന സംരംഭകരുടെ കൂട്ടത്തില്‍ ശരിയായ മാര്‍ഗത്തില്‍ മൂലധനം സ്വരുക്കൂട്ടിയവരും അത്ര ശരിയല്ലാത്ത മാര്‍ഗത്തില്‍ പണം സമ്പാദിച്ചവരുമുണ്ട്. പക്ഷേ, ഏത് കൂട്ടരാണെങ്കിലും മൂലധനനിക്ഷേപം നടത്താന്‍ പുതിയ പുതിയ അവസരങ്ങള്‍ ലഭിക്കുക എന്നതും ആദായനിരക്ക് ആകര്‍ഷകമായിരിക്കുക എന്നതും പ്രധാനമാണ്. ഇന്നത്തെ നിലയ്ക്ക് ക്യഷി അനുബന്ധമേഖലകളും പഴയ വ്യവസായത്തുറകളും ഒട്ടും ആകര്‍ഷകമല്ല. അതുകൊണ്ട് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന മൂലധനത്തിന് ബദല്‍ നിക്ഷേപത്തുറകളും സാധ്യതകളും കണ്ടെത്തിയേ മതിയാവൂ. വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ഭൂമി കച്ചവടം, സ്വര്‍ണവ്യാപാരം, വാട്ടര്‍ തീംപാര്‍ക്കുകള്‍, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍, ആയുര്‍വേദ മരുന്നു നിര്‍മ്മാണവും സുഖചികില്‍സകളും, അണ്‍ എയ്‌ഡഡ് സ്കൂളുകള്‍, സ്വാശ്രയ പ്രൊഫഷനല്‍കോളേജുകള്‍, ആട്, മാഞ്ചിയം, തേക്ക്, ഭാഗ്യക്കുറി തുടങ്ങിയവയെ ആധാരമാക്കിയുള്ള പൊതുജന നിക്ഷേപപരിപാടികള്‍ മുതല്‍ വ്യാജമദ്യം, കഞ്ചാവ് ക്യഷി, മയക്കുമരുന്ന്, ഹവാല, ചിട്ടി, ബ്ലേഡ്, കുഴല്‍പണം, നോട്ടിരട്ടിപ്പ്, കള്ളക്കടത്ത് തുടങ്ങി ഏറെ വൈവിധ്യമാര്‍ന്ന മേഖലകളാണ് അവരവരുടെ അഭിരുചിക്കും, പാരമ്പര്യത്തിനും മൂല്യബോധത്തിനും അനുസരിച്ച് പുതിയ മൂലധന ഉടമകള്‍ തെരഞ്ഞെടുക്കുന്നത്.

ക്രിമിനല്‍ മൂലധനം സാമൂഹ്യസംഘര്‍ഷമുണ്ടാക്കുന്നു...!

പുതുമൂലധനം പുളയ്ക്കുന്ന ഈ പുതിയ നിക്ഷേപത്തുറകളില്‍ പലതും പ്രത്യക്ഷത്തില്‍ തന്നെ നിയമവിരുദ്ധവും ധര്‍മവിരുദ്ധവുമായ മേഖലകളാണ്. പുതിയ നിക്ഷേപത്തുറകളില്‍ താരതമ്യേന സ്വീകാര്യം എന്ന് കരുതാവുന്ന മേഖലകളുടെ കാര്യത്തില്‍പോലും സാമൂഹിക നിയന്ത്രണത്തിന്റെ ചട്ടക്കൂട് ഇനിയും രൂപപ്പെട്ടിട്ടില്ല. എന്താണ് നിയമവിധേയം, എന്താണ് നിയമവിരുദ്ധം എന്ന് സര്‍ക്കാറിനോ, കോടതിക്കുപോലുമോ ക്യത്യമായി പറയാന്‍ കഴിയാത്ത അവ്യക്തത ഈ മേഖലകളുടെ പൊതുസ്വഭാവമാണ്. സംഘര്‍ഷം ഉണ്ടാവുന്നതിന് നിയമത്തിലും ഭരണത്തിലുമുള്ള അവ്യക്തതകള്‍ കാരണമാവുന്നുണ്ട്. എന്നാല്‍, അതു മാത്രമല്ല നവ വളര്‍ച്ചാമേഖലകള്‍ സംഘര്‍ഷഭരിതമാവാന്‍ കാരണം. മൂലധനഉടമകളുടെയും സമൂഹത്തിലെ ഇതരവിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ തമ്മിലുള്ള വൈരുധ്യവും സംഘട്ടനവുമാണ് കൂടുതല്‍ അടിസ്ഥാനസ്വഭാവമുള്ള കാരണം. മയക്കുമരുന്നുവ്യാപാരം, നോട്ടിരട്ടിപ്പ്, കള്ളക്കടത്ത് നിയമവിധേയമല്ലാത്ത പൊതുജന നിക്ഷേപപരിപാടികള്‍ എന്നിവയൊക്കെ നിയമവിരുദ്ധവും സമൂഹവിരുദ്ധവും, സംഘര്‍ഷജനകവുമാണ്. നിര്‍മ്മാണം, റിയല്‍എസ്റ്റേറ്റ്, വസ്തുക്കച്ചവടം തുടങ്ങിയ കാര്യത്തില്‍ ഭൂമിയുടെ ദൌര്‍ലഭ്യവും, വിലക്കയറ്റവും ക്യഷിക്കും വ്യവസായത്തിനും വിനയാണെങ്കില്‍ വസ്തുവിലക്കയറ്റത്തെത്തന്നെ ബിസിനസാക്കി മാറ്റാനാണ് ഇവിടെ സംരംഭകര്‍ ശ്രമിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് വസ്തുവാങ്ങി വിലകയറ്റി അഥവാ വില കയറുമ്പോള്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. ഊഹക്കച്ചവടമൂലധനത്തിന്റെ ഭൂവിപണിയിലേക്കുള്ള തള്ളിക്കയറ്റം ക്യഷിയെയും വ്യവസായത്തെയും കൂടുതല്‍ അനാകര്‍ഷകമാക്കുന്നതോടൊപ്പം ധാരാളം ചെറുകിടഉല്‍പാദകരുടെ ജീവനോപാധി കവരുകയും ചെയ്യുന്നു. സ്വന്തമായി സ്ഥലം വാങ്ങി വീടുവെക്കുക എന്ന സാധാരണക്കാരുടെ സ്വപ്നം യാഥാര്‍ഥ്യമാകാതെ പൊലിഞ്ഞുപോവുന്നതിനും ഇത് കാരണമാവുന്നു. സ്വന്തം സ്ഥലം വിറ്റ് വിദൂര നഗരപ്രാന്തങ്ങളിലേക്ക് കൂടുമാറേണ്ടിവരുന്ന നഗരങ്ങളിലെ തൊഴിലാളികളുടെ ചിത്രവും ഇവിടെ സ്മരണീയമാണ്. തൊഴിലിനും വിദ്യാഭ്യാസത്തിനും രോഗശുശ്രൂഷയ്ക്കും മറ്റും നഗരത്തെ ആശ്രയിക്കേണ്ടിവരുന്ന ഈ തൊഴിലാളികുടുംബങ്ങളുടെ മൊത്തം ചെലവിന്റെയും സമയത്തിന്റെയും സിംഹഭാഗവും 'യാത്ര'ക്കായി നീക്കിവെക്കേണ്ടിവരുന്നുവെന്ന് കാണാം.

മനസ്സ് മുതല്‍ മണ്ണ് വരെ മൂലധനത്തിന് വിട്ടുകൊടുത്തവര്‍...

നിര്‍മ്മാണ മുതലാളിമാരും റിയല്‍എസ്റ്റേറ്റുകാരും മറ്റു പുതു മൂലധനഉടമകളും അഭിരമിക്കുന്ന മറ്റൊരു സുപ്രധാന പ്രവര്‍ത്തനമേഖല ഭൂമി കൈയ്യേറ്റത്തിന്റേതാണ്. കേരളത്തിലങ്ങോളമിങ്ങോളം ഭൂമിത്തര്‍ക്കങ്ങളും കേസുകളും ഉയര്‍ന്നു വന്നിരിക്കുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്. കൈയൂക്കും സ്വാധീനവും നിയമത്തിലെ പഴുതുകളും നീതിന്യായ വ്യവസ്ഥയുടെ ജീര്‍ണതയും സര്‍വോപരി അളവറ്റ അന്തസ്സില്ലായ്മയും ഉപയോഗ പ്പെടുത്തി നടത്തുന്ന ഏറെ ആദായകരമായ ഈ ബിസിനസ്സിന്റെ ഒരുവശം സര്‍ക്കാര്‍ ഭൂമിയുടെയും പുറമ്പോക്കിന്റെയും കൈയേറ്റമാണ്. രണ്ടാമത്തേത് കാടും കായലും കടല്‍ത്തീരങ്ങളും പുഴയോരങ്ങളും ചെറുതോടുകളും ഭൂഗര്‍ഭജലവും മറ്റു പൊതുവിഭവസ്രോതസ്സുകളെല്ലാം സ്വകാര്യ സ്വത്താക്കിമാറ്റുകയാണ് എന്നതാണ്.

പൊതുഭൂമി കൈയേറുന്ന ഊഹമൂലധനം

കേരളത്തിലെ സമകാലീന ഭൂപ്രശ്നത്തിന്റെ ഏറ്റവും അപകടകരമായ ഒരു മുഖം പൊതുവിഭവ സ്രോതസ്സുകളുടെ കൈയേറ്റമാണ്. പൊതുവിഭവസ്രോതസ്സുകളുടെ കാര്യത്തില്‍ സര്‍ക്കാറിനുപോലും അപരിമിതമായ സ്വത്തവകാശമില്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ കേരളത്തിലെ പൊതുവിഭവസ്രോതസ്സുകളുടെ മേല്‍ പരിമിതികളില്ലാത്ത സ്വകാര്യസ്വത്തവകാശം സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കടല്‍ത്തീരവും കായലും മറ്റും വളഞ്ഞുകെട്ടി സ്വകാര്യ സ്വത്താക്കുകയും പൊതുജനത്തിനും സര്‍ക്കാറിനുമുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നത് സര്‍വ്വസാധാരണമാവുകയാണ്. പൊതു വിഭവസ്രോതസ്സുകളുടെ അര്‍ഥശാസ്ത്രം വെളിവാക്കുന്ന ഒരു പഴഞ്ചൊല്ല് മലയാളത്തിലുണ്ട്. 'കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി' എന്നതാണത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതി മുതലെടുത്ത് പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമിയും കടത്തീരവും കായല്‍പ്പരപ്പും പുതുമടിശീലക്കാര്‍ സ്വന്തമാക്കിയിരിക്കയാണ്. ഇതിനെതിരെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച ധീരമായ നടപടി ഇനിയും ബഹുദൂരം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.

സമൂഹത്തിനെതിരെ യുദ്ധം ചെയ്യുന്ന ക്രിമിനല്‍ മൂലധനം

പൊതുവിഭവസ്രോതസ്സുകള്‍ സ്വകാര്യസ്വത്താക്കപ്പെടുന്നതിന്റെയും നശിപ്പിക്കപ്പെടുന്നതിന്റെയും ആഘാതം പേറേണ്ടിവരിക സാധാരണ ജനങ്ങളാണ്. തെക്കന്‍ കേരളത്തില്‍ റിസോര്‍ട്ട് ഉടമകള്‍ കടല്‍ത്തീരം വളഞ്ഞുകെട്ടി പൊതു ജനങ്ങള്‍ക്ക് വഴിനടക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നുണ്ട്. ഭൂഗര്‍ഭജലത്തിന്റെ അമിതചൂഷണം കുത്തകകളെ കൊഴുപ്പിക്കുമ്പോള്‍ ജനങ്ങളുടെ വെള്ളം കുടി മുട്ടിക്കുകയും അവര്‍ കൂടുതല്‍ ദരിദ്രരാക്കപ്പെടുകയും ചെയ്യും. വേമ്പനാട്ടു കായല്‍ റിസോര്‍ട്ടുകളെ കൊണ്ടും ഹൌസ് ബോട്ടുകളെകൊണ്ടും നിറയുമ്പോള്‍ കായല്‍ വ്യവസ്ഥയെ ആശ്രയിച്ചു കഴിഞ്ഞിരുന്നവരുടെ ജീവിതം വഴിമുട്ടും! കാട് നശിച്ചാലും ജലസ്രോതസ്സുകള്‍ വറ്റിവരണ്ടാലും പരിസരവും വായുവും, ജലവും മലിനപ്പെട്ടാലും പണക്കാര്‍ പിടിച്ചുനില്‍ക്കും. പണംകൊണ്ട് ഓട്ടയടക്കാന്‍ അവര്‍ക്ക് ഒട്ടേറെ വഴികളുണ്ട്.അതുമല്ലെങ്കില്‍ തങ്ങള്‍തന്നെ അഴിമതിയിലൂടെ കുളം തോണ്ടിയ റോഡുകളെയും മലിനമാക്കിയ ജലസ്രോതസ്സുകളെയും വ്യത്തിഹീനമാക്കിയ പരിസരങ്ങളെയും ചൂണ്ടിക്കാണിച്ച് നാടിനെയും നാട്ടുകാരെയും പഴിപറഞ്ഞ് മൂലധനത്തിന്റെ സ്വന്തം നാടായ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാം. തൊഴിലാളികളെയും മറ്റു അദ്ധ്യാനിക്കുന്ന ജനവിഭാഗങ്ങളെയും സംബന്ധിച്ചിടത്തോളം പൊതു വിഭവസ്രോതസ്സുകളെ സംരക്ഷിച്ചുകൊണ്ടല്ലാതെ നിലനില്‍പ്പില്ല. പൊതുവിഭവസ്രോതസ്സുകളെ പരിരക്ഷിയ്ക്കാന്‍ വേണ്ടി ജനങ്ങള്‍ നടത്തുന്ന സമരം യഥാര്‍ത്ഥത്തില്‍ നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ്.

2

ഭൂപരിഷ്കരണനിയമം ആരാണ് അട്ടിമറിക്കുന്നത്...?

അവര്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരികള്‍....

കേരളത്തിലെ ഭൂപ്രശ്നത്തിന്റെ മറ്റൊരു മുഖം ഭൂപരിഷ്കരണനിയമത്തിന്റെ ലംഘനമാണ്. നിയമം അനുശാസിക്കുന്ന പരിധിക്കപ്പുറം ഭൂമി സ്വരുക്കൂട്ടാന്‍ വ്യക്തികള്‍ക്കോ, കുടുംബങ്ങള്‍ക്കോ അധികാരമില്ല. എന്നാല്‍, റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ ഒരു നിയന്ത്രണവും ഇല്ലാതെ ഭൂമി വാങ്ങിക്കൂട്ടുന്നു. വിവിധ ട്രസ്റ്റുകളുടെ പേരിലും കള്ളപ്പേരിലും മറ്റും ചെറുകിട ഉടമസ്ഥന്‍മാരില്‍നിന്ന് ഭൂമി വാങ്ങി ഒന്നിച്ചുചേര്‍ക്കുന്നു നിയമത്തിലെ പഴുതുകള്‍ കണ്ടുപിടിച്ച് ഉപയോഗിക്കാനും വേണ്ടിവന്നാല്‍ നിയമം ലംഘിക്കാനും, നിയമലംഘനത്തിന് മറയിടാന്‍ വില്ലേജ് ഓഫീസര്‍ മുതല്‍ ന്യായാധിപന്‍മാര്‍വരെയുള്ളവരെ സ്വാധീനിക്കാനുമുള്ള ഉളുപ്പില്ലായ്മയാണ് ഈ രംഗത്തെ സംരംഭകരുടെ പ്രധാന മൂലധനം. എന്നാല്‍ ഇക്കൂട്ടര്‍ ഒരു സുപ്രധാന ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നുണ്ട്. ചെറുതുണ്ടുകളായി ചിതറക്കിടക്കുന്ന ഭൂമി സ്വരുക്കൂട്ടി വികസനനിക്ഷേപത്തിന് കളമൊരുക്കുന്നു എന്നതാണ് അത്. പക്ഷേ, സാമൂഹിക നിയന്ത്രണത്തിനു വിധേയമല്ലാതെ നടക്കുന്ന ഭൂമിയുടെ ഇത്തരം കേന്ദ്രീകരണവും, ഊഹക്കച്ചവടവും മിക്കപ്പോഴും അമിതമായ വസ്തുവിലക്കയറ്റത്തിലേക്കും അതുവഴി വികസന നിക്ഷേപത്തിനു തികച്ചും വിപരീതമായ സാഹചര്യങ്ങളിലേക്കും നയിക്കും. പരമ പ്രധാനമായ കാര്യം ആധുനികകേരളത്തിന്റെ നിര്‍മ്മാണത്തിന് അടിസ്ഥാനമായ ഭൂപരിധിനിയമത്തിന്റെ ലംഘനവും അത് ഉണ്ടാക്കുന്ന സാമൂഹികസംഘര്‍ഷവുമാണ്.

അവര്‍ വന്‍കിട തോട്ടം ഉടമകള്‍

ഭൂപരിഷ്കരണനിയമം ലംഘിക്കപ്പെടുന്ന മറ്റൊരുരീതി തോട്ടങ്ങളുമായി ബന്ധപ്പെട്ടാണ്. തേയില, കാപ്പി, ഏലം, റബര്‍ എന്നിങ്ങനെ നാലുതരം തോട്ടങ്ങളെ ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. തോട്ടങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, തോട്ടമാണെന്ന ഒറ്റക്കാരണം പറഞ്ഞ് നേരത്തെ ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവുനേടിയ വന്‍കിട തോട്ടമുടമസ്ഥര്‍ ഇപ്പോള്‍ ഭൂമി തുണ്ടുതുണ്ടാക്കി വിറ്റുകൊണ്ടിരിക്കുകയാണ്. 76,000ത്തോളം ഏക്കര്‍ ഭൂമി കൈവശം വെച്ച ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് മുതല്‍ ചെറുകിട-ഇടത്തരം തോട്ടമുടമകള്‍ വരെ തോട്ടങ്ങള്‍ മുറിച്ചുവില്‍ക്കുന്നുണ്ട്. ഒരേ പന്തിയിലെ രണ്ടുതരം വിളമ്പല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവും ! കേരളത്തിന്റെ മലനിരകളിലും ചരിവുകളിലുമായി ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പഴയ കാലത്ത് രാജാക്കന്മാര്‍ ഗ്രാന്റായും ലീസായും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയിട്ടുണ്ട്. കേരളീയരുടെ ഈ പൊതുസ്വത്തില്‍നിന്ന് ഖജനാവിലേക്ക് ന്യായമായും കിട്ടേണ്ട കരവും പാട്ടവും മറ്റും കാലോചിതമായി കൂട്ടാനും ക്യത്യമായി പിരിക്കാനും കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്.

അവര്‍ 'സേവനം' ചെയ്യുന്ന മൂലധന ഉടമകള്‍

സാമൂഹികനിയന്ത്രണങ്ങളുടെ ചട്ടക്കൂടിനു പുറത്ത് വ്യവസ്ഥയിലെ അവ്യക്തതകളുടെ തണലില്‍ നിന്ന് വളരാനുളള പുതുമൂലധനശക്തികളുടെ ശ്രമം നീറിപ്പുകയുന്ന സാമൂഹികസംഘര്‍ഷങ്ങള്‍ക്കും അസ്വാസ്ഥ്യങ്ങള്‍ക്കും വഴിവെക്കുന്നു. ആഴമേറിയതും അടിസ്ഥാനസ്വഭാവമുളളതുമായ ഈ പ്രതിസന്ധിക്ക് എന്താണ് പരിഹാരം? മുമ്പ് ഇന്നത്തേതിനു സമാനമായ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ജനകീയമുന്നേറ്റങ്ങളും കൂട്ടായ ഇടപെടലുകളുമാണ് കേരളത്തിന് തുണയായത് . നോബല്‍ ജേതാവ് അമര്‍ത്യ സെന്നിന്റെ രചനകളിലൂടെ ലോകപ്രശസ്തമായ 'കൂട്ടായഇടപെടലി'ന്റെ ആ തനതു മാതൃകയ്ക്ക് ഇന്നത്തെ കേരളത്തില്‍ പ്രസക്തിയുണ്ടോ? യഥാര്‍ത്ഥത്തില്‍ ഈ ചോദ്യം കേരളസമൂഹത്തെ ഒരു രാഷ്ട്രീയ ധ്രുവീകരണത്തിന് വിധേയമാക്കുകയാണ് . ഇരുപക്ഷത്തിന്റെയും സ്വഭാവത്തിലും ഘടനയിലും നിസ്സാരമല്ലാത്ത ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഈ ചോദ്യവുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്ന വിപരീതധ്രുവങ്ങളെ ഇടതുവലതു ക്യാമ്പുകളായി കാണുന്നതില്‍ തെറ്റില്ല. പുതിയ വലതുപക്ഷം 'കൂട്ടായഇടപെടലി'ന്റെ പ്രസക്തി ഏതാണ്ട് പൂര്‍ണമായും നിഷേധിക്കുന്ന സമീപനമാണ് എടുക്കുന്നത്.

അവര്‍ നവ ഉദാരവല്‍ക്കരണ രാഷ്ട്രീയക്കാര്‍....!

ദേശീയ - അന്തര്‍ദേശീയ തലത്തില്‍ നവ ഉദാരീകരണവാദികള്‍ എന്നറിയപ്പെടുന്നവരുടെ ഗണത്തില്‍ തന്നെയാണ് കേരളത്തിലെ നവ വലതുപക്ഷത്തിന്റെയും സ്ഥാനം. അവര്‍ കമ്പോള മൌലികവാദികളാണ്. സ്വതന്ത്രകമ്പോളം സാമ്പത്തികപ്രവര്‍ത്തനങ്ങളെ ശരിയായ മാര്‍ഗത്തില്‍ നയിച്ചുകൊളളുമെന്നും അത് തെറ്റുകള്‍ക്ക് അതീതമാണെന്നും അവര്‍ വിശ്വസിക്കുന്നു. സമരങ്ങളുടെയും വിവാദങ്ങളുടെയും ഭരണകൂട ഇടപെടലുകളുടെയും ശല്യമില്ലാതെ മൂലധനത്തെ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ വിടുന്ന നിക്ഷേപസൌഹൃദകേരളമാണ് അവരുടെ സ്വപ്നം!

മുന്‍ യു.ഡി.എഫ്, സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ജിമ്മിന്റെ (Global Investors' Meet) പശ്ചാത്തലത്തില്‍ ഏറെ വിശദമായി നിര്‍വചിക്കപ്പെട്ട ഒരു സമീപനമാണ് കേരളത്തിലെ നവ വലതുപക്ഷം ഇപ്പോള്‍ ഏതാണ്ട് എല്ലാ വികസനമേഖല സംബന്ധിച്ചും മുന്നോട്ടുവെക്കുന്നത്. മൂലധനേതരമായ എല്ലാ താല്‍പര്യങ്ങളെയും മൂലധനത്തിന്റെ വിശുദ്ധതാല്‍പര്യങ്ങള്‍ക്ക് കീഴ്പ്പെടുത്തണം എന്നതാണ് ഈ കാഴ്ചപ്പാടിന്റെ അന്ത:സത്ത. ഇല്ലെങ്കിലോ? മെച്ചപ്പെട്ട പരിഗണന ലഭിക്കുന്ന മറ്റു പ്രദേശങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ മൂലധനം 'പൊയ്ക്കളയും' എന്ന ഭീഷണിയുമുണ്ട്.

സ്വാഭാവികമായും മറ്റു വിപണികളുടെ കാര്യത്തില്‍ എന്നപോലെ ഭൂവിപണിയും മൂലധനത്തിന്റെ സ്വൈരവിഹാരത്തിനു വിട്ടുകൊടുക്കണം എന്നാണ് പുത്തന്‍ വലതുപക്ഷത്തിന്റെ നിലപാട്. ഭൂപരിഷ്കരണനിയമം കാലഹരണപ്പെട്ടു എന്നവാദം ഉണ്ടാവുന്നത് ഈ പശ്ചാത്തലത്തിലാണ് . കേരളത്തിലെ പഴയ വലതുപക്ഷക്കാര്‍ ഒന്നടങ്കം നവ ഉദാരീകരണവാദികളായി പരിവര്‍ത്തിക്കപ്പെട്ടു എന്ന വിവക്ഷ ഇവിടെയില്ല. തീര്‍ച്ചയായും വലതുപക്ഷത്തിനുളളില്‍ തന്നെ വിപണിശക്തികളെ സാമൂഹികനിയന്ത്രണത്തിനു വിധേയമാക്കണം എന്നുവാദിക്കുന്നവരുമുണ്ട്. വി.എം. സുധീരനെയും വയലാര്‍ രവിയെയും പോലെയുളള കോണ്‍ഗ്രസ് യു.ഡി.എഫ്. നേതാക്കന്മാര്‍ ഭൂപരിഷ്കരണ നിയമത്തെ പ്രതിരോധിക്കാന്‍ രംഗത്തുവന്നു എന്നത് സ്മരണീയമാണ്. നിയോ ലിബറലുകളും കമ്പോളത്തിന്റെ അപ്രമാദിത്വത്തില്‍ വിശ്വസിക്കാത്തവരും തമ്മിലുളള സംഘര്‍ഷം വലതുപക്ഷത്തിനുളളിലും ഉണ്ടെന്നു സാരം.

3

കൃഷിയും കൃഷിക്കാരും പുറത്താക്കപ്പെടുമ്പോള്‍.....?

ഭൂമി വിവാദങ്ങളുണ്ടാക്കുന്നു... പക്ഷെ സൃഷ്ടിപരമല്ല

19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയും കേരളീയ സാമൂഹികജീവിതം അങ്ങേയറ്റം സംഘര്‍ഷഭരിതമായിരുന്നു. മാറ്റങ്ങള്‍ക്കു ശബ്ദമുയര്‍ത്തിയവരും അവയെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചവരും തമ്മിലുളള ഏറ്റുമുട്ടലിന്റെ അന്തരീക്ഷം ജീവിതത്തിന്റെ നാനാ തുറകളെയും ബാധിച്ചു. ജാതി- ജന്മി നാടുവാഴിത്തവ്യവസ്ഥയും വിദേശവാഴ്‌ചയും പ്രതിനിധാനം ചെയ്യുന്ന ഉല്‍പ്പാദനബന്ധങ്ങളും സാമൂഹ്യഘടനയും കേരളത്തിന്റെ പുരോഗതിയെ തടഞ്ഞു വീര്‍പ്പുമുട്ടിച്ചതാണ് അന്നത്തെ സംഘര്‍ഷങ്ങളുടെ അടിസ്ഥാനകാരണം. ജാതിയ്ക്കും ജന്മിത്വത്തിനും നാടുവാഴിത്വത്തിനും വിദേശാധിപത്യത്തിനും എതിരായി തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ഗോകര്‍ണം വരെ അലയടിച്ചുയര്‍ന്ന സാമൂഹികമുന്നേറ്റങ്ങളാണ് ഈ ദുസ്ഥിതിക്ക് അറുതിവരുത്തിയതും ആധുനികകേരളത്തിന് ജന്മം നല്‍കിയതും.

ഇന്ന് കേരളം വീണ്ടും സംഘര്‍ഷങ്ങളുടെ വിളഭൂമിയായി മാറുകയാണ്. ഉല്‍പ്പാദനബന്ധങ്ങളും ഉല്‍പ്പാദനശക്തികളുടെ വളര്‍ച്ചയും തമ്മിലുളള വൈരുദ്ധ്യമാണ് പണ്ടെന്നപോലെ ഇന്നും സാമൂഹികഅസ്വാസ്ഥ്യങ്ങളുടെ കേന്ദ്രകാരണം. സാമൂഹിക ഘടനയും ഉല്‍പ്പാദനബന്ധങ്ങളും വളര്‍ച്ചയെ തടയുകയും അസമത്വം വര്‍ദ്ധിപ്പിക്കുകയും ഒരു വലിയ വിഭാഗം ജനങ്ങളെ പാപ്പരീകരിക്കുകയും ചെയ്യുന്നു. സാമൂഹികഘടനയിലും ഉല്‍പ്പാദനബന്ധങ്ങളിലും വേണ്ട മാറ്റം വരുത്തി ഉല്‍പ്പാദനവളര്‍ച്ചക്ക് കളമൊരുക്കുകയും അസമത്വം പെരുകുന്നതു തടയുകയും ചെയ്താലല്ലാതെ സ്വസ്ഥതയും സമാധാനവും പുലരുമെന്ന് കരുതാനാവില്ല. പണ്ടെന്നപോലെ ഇന്നും കേരളത്തിലെ പ്രതിസന്ധിയുടെ കേന്ദ്രസ്ഥാനത്ത് ഭൂബന്ധങ്ങളാണ്. അതിന് ഇന്നത്തെ കോലാഹലങ്ങള്‍ ആശയവ്യക്തതയുളള ചര്‍ച്ചകളായും - പഠനങ്ങളായും - ലക്ഷ്യബോധമുളള രാഷ്ട്രീയ പരിപാടികളായും - ലക്ഷ്യവേധിയായ മുദ്രാവാക്യങ്ങളായും - ജനമുന്നേറ്റങ്ങളായും - ഭരണത്തിലും നിയമങ്ങളിലും ചട്ടങ്ങളിലുമുളള മാറ്റങ്ങളായും പരിണമിക്കേണ്ടതുണ്ട്. അതിന് ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് സമാനമായ സാഹചര്യത്തില്‍ കേരളത്തിന്റെ നേതൃത്വം കാലത്തിന്റെ വെല്ലുവിളിക്കൊത്ത് ഉയര്‍ന്നതുപോലെ വീണ്ടും ഉണര്‍ന്നെഴുന്നേല്‍ക്കേണ്ടതുണ്ട്.

ഭൂമി വീതിച്ചുനല്‍കി... പക്ഷെ കൃഷി നടന്നില്ല

ജാതി-ജന്മി നാടുവാഴിത്തവാഴ്ചയുടെ കാലത്ത് യഥാര്‍ഥ ഉല്‍പാദകര്‍ക്ക് ഭൂമിയുടെ മേല്‍ ഉടമസ്ഥാധികാരം ഉണ്ടായിരുന്നില്ല. ഭൂമിയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ഉല്‍പ്പാദനം വളര്‍ത്താനും ഇതു തടസ്സമായി . ഏറെ പരിമിതികളോടുകൂടിയാണെങ്കിലും ഭൂപരിഷ്കരണം ഈ സ്ഥിതിക്ക് വലിയ ഒരളവുവരെ പരിഹാരമായി. എന്നാല്‍ ഇന്ന് വീണ്ടും യഥാര്‍ത്ഥ ഉല്‍പാദകര്‍ക്ക് ഭൂമി അന്യമാവുകയുമാണ്. ഭൂമിയുടെ ദൌര്‍ലഭ്യവും വിലക്കയറ്റവും ഉല്‍പാദനോപാധി എന്ന നിലയിലുളള അതിന്റെ ഉപയോഗം ഏറെക്കുറെ അസാധ്യമാക്കിയിരിക്കുന്നു. കാര്‍ഷിക-അനുബന്ധമേഖലകളെയും വ്യവസായമേഖലയെയും ഇത് ഏറെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു.

ഭൂമി ഊഹക്കച്ചവടക്കാരിലേക്ക്...

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുളള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2001 ലെ ജനസംഖ്യ കണക്കുപ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 324 ആള്‍ക്കാരായിരുന്നെങ്കില്‍ കേരളത്തിലത് 819 ആയിരുന്നു. ജനസംഖ്യാവര്‍ദ്ധനക്കൊപ്പം സാമ്പത്തികവളര്‍ച്ചയും, ഭൂമിയുടെ ഡിമാന്റും അതിന്‍മേലുളള സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നുണ്ട്. സാമ്പത്തിക വളര്‍ച്ചയ്ക്ക് ആനുപാതികമായി ഭൂമിയുടെ ഉപയോഗവും ആവശ്യകതയും വര്‍ദ്ധിക്കുകയാണ്. എന്നാല്‍ കേരളത്തിന്റെ ആഭ്യന്തരഉല്‍പ്പാദനവുമായി ഒരു ബന്ധവുമില്ലാതെയും ഭൂമിയുടെ ഡിമാന്റ് വര്‍ദ്ധിക്കുന്നുണ്ട്.

ഗള്‍ഫ് മേഖലയടക്കം വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അയക്കുന്ന ഭീമമായ സംഖ്യയാണ് ഇതിനു ഒരു കാരണം. വിദേശമലയാളികള്‍ അയക്കുന്ന പണം പ്രതിവര്‍ഷം ഏകദേശം 18000 കോടി വരുമെന്നാണ് മതിപ്പ് കണക്ക്. ഇത് കേരളത്തിന്റെ ആഭ്യന്തരഉല്‍പ്പാദനത്തിന്റെ 22 ശതമാനത്തോളം വരും. ഇതിന് പുറമെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് നിയമവിരുദ്ധചാനലുകളിലൂടെ പ്രവഹിക്കുന്ന കളളപ്പണം. ഇതിന്റെ കണക്കുകള്‍ ലഭ്യമല്ലെങ്കിലും അപൂര്‍വ്വമായി നടക്കുന്ന റെയിഡുകളും മറ്റു സാഹചര്യത്തെളിവുകളും വിരല്‍ചൂണ്ടുന്നത് വലിയ അപകടത്തിലേക്കാണ്. ആഭ്യന്തര ഉല്‍പാദനവുമായി ഒരു ബന്ധവുമില്ലാതെ ഇത്രയധികം പുറംപണം ഒഴുകിയെത്തുന്നത് സമ്പദ്ഘടനയുടെയും ജനജീവിതത്തിന്റെയും താളം തെറ്റിക്കുകയുമാണ്.

ജനപ്പെരുപ്പവും ആഭ്യന്തരഉല്‍പ്പാദനത്തിലെ വളര്‍ച്ചയും വിദേശ പണത്തിന്റെവരവും ഭൂമിയുടെ ഡിമാന്റ് ക്രമാതീതമായി വര്‍ദ്ധിപ്പിയ്ക്കുന്നു. ഭൂലഭ്യതയാകട്ടെ വര്‍ദ്ധിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ വസ്തുവില കുതിച്ചുയരുന്നതില്‍ അത്ഭുതമില്ല. വസ്തുവില തുടര്‍ച്ചയായും സ്ഥായിയായും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഉല്‍പ്പാദനോപാധി എന്നതിലുപരി 'സമ്പാദ്യം സൂക്ഷിക്കാനുളള ആകര്‍ഷകമായ ആസ്തി' എന്ന പദവികൂടി നേടിക്കൊടുത്തിരിക്കുകയാണ്. സ്വര്‍ണം, ബാങ്ക് നിക്ഷേപം, ഓഹരികള്‍, കടപ്പത്രങ്ങള്‍ എന്നിവയോട് കിടപിടിക്കുന്ന ആകര്‍ഷണീയത ആസ്തി എന്ന നിലയില്‍ ഭൂമിക്കുണ്ട്. സമ്പാദ്യം സൂക്ഷിക്കാന്‍ മാത്രമല്ല ഊഹക്കച്ചവടത്തിനും പറ്റിയ ആസ്തിയായി ഭൂമി മാറിയിട്ടുണ്ട്. മറ്റു ആസ്തികള്‍ വിറ്റ് ഭൂമി വാങ്ങിക്കൂട്ടി ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുന്ന ചെറുകിട, വന്‍കിട നിക്ഷേപകര്‍ ഇന്ന് ധാരാളമാണ്. ചുരുക്കത്തില്‍ കേരളത്തിലെ ഭൂവിപണി ഒരു വിഷമവൃത്തത്തില്‍ അകപ്പെട്ടിരിക്കുകയാണ്. വസ്തുവിലക്കയറ്റം ഊഹക്കച്ചവടത്തിലേക്കും ഊഹക്കച്ചവടം വീണ്ടും വസ്തുവിലക്കയറ്റത്തിലേക്കും അത് കൂടുതല്‍ ഊഹക്കച്ചവടത്തിലേക്കും കേരളത്തെ നയിക്കുകയാണ്. കൈയും കണക്കുമില്ലാതെ പുറം പണവും കളളപ്പണവും ഒഴുകിയെത്തുന്നിടത്തോളം കാലം ഭൂവിപണിയെ ബാധിച്ച ഈ അര്‍ബുദ സമാന വളര്‍ച്ചാവൈകല്യം തുടരാനാണ് സാധ്യത.

കര്‍ഷകര്‍ കൂലിക്കാരാവുന്നു

ലഭ്യമായ സ്ഥിതിവിവരകണക്കുകള്‍ ഇത്തരമൊരു പതനത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. നിരോധിക്കപ്പെട്ട പാട്ടവ്യവസ്ഥയുടെ തിരിച്ചുവരവാണ് ഒരു പ്രധാന തെളിവ്. പാട്ടവ്യവസ്ഥ നിരോധിക്കപ്പെട്ട കേരളത്തില്‍ നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ 2003 ലെ കണക്ക് പ്രകാരം ഏകദേശം ഏഴുശതമാനം ഗ്രാമീണകുടുംബങ്ങള്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ്. പാട്ടനിയന്ത്രണം വ്യാപകമല്ലെങ്കിലും ദേശീയതലത്തില്‍ ഇപ്രകാരം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഗ്രാമീണകുടുംബങ്ങളുടെ അനുപാതം11.5 ശതമാനം മാത്രമാണ്.

ഉയര്‍ന്ന പാട്ടനിരക്ക് കേരളത്തിലെ പാട്ട കൃഷിക്കാരെ ഏറെ കഷ്ടപ്പെടുത്തുന്നുണ്ട്. അടുത്തകാലത്ത് കേരളത്തില്‍ ആത്മഹത്യ ചെയ്ത കൃഷിക്കാരില്‍ നല്ലൊരു പങ്ക് ഇങ്ങനെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയവരാണ്. ഇതിന്റെ പ്രസക്തമായ തെളിവ് വയനാട്, പാലക്കാട് ജില്ലകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ അതിശയിപ്പിക്കുന്ന എണ്ണമാണ്. ഈ പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച യോഗങ്ങളില്‍ ഇത്തരം കൂലിപ്പണിക്ക് ആളെ കിട്ടില്ല എന്ന വാദമാണ് ആദ്യം ഏറെ ഉയര്‍ന്നുകേട്ടത്. പക്ഷേ, പാലക്കാട്ട് ഒന്നര ലക്ഷം പേരും വയനാട്ടില്‍ ഒരു ലക്ഷം പേരും രജിസ്റ്റര്‍ ചെയ്തതും, അവര്‍ പണിക്ക് കൃത്യമായി ഹാജരാകുന്നതും കൃഷി അനുബന്ധ മേഖലകളിലെ തൊഴിലില്ലായ്മയെക്കുറിച്ചും ഗ്രാമീണദാരിദ്ര്യത്തെക്കുറിച്ചും വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. സ്വകാര്യ കൃഷിയിടങ്ങളില്‍ കൂലിപ്പണിക്ക് പോകാന്‍ വിസമ്മതിക്കുന്ന കര്‍ഷക കുടുംബാംഗങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നതും എടുത്തു പറയേണ്ടതുണ്ട്.

ഗ്രാമീണ ഉടമസ്ഥത സംബന്ധിച്ച നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുകള്‍ കേരളത്തിലെ നാട്ടുമ്പുറങ്ങളില്‍ നടക്കുന്ന വര്‍ഗധ്രുവീകരണത്തിന്റെ കൂടുതല്‍ വ്യക്തമായ ചിത്രം വരച്ചു കാണിക്കുന്നുണ്ട്. 1992ലെ കണക്കുകള്‍ പ്രകാരം കൃഷിപ്പണി നടക്കുന്ന ഭൂമി (ഓപറേഷന്‍ ഹോള്‍ഡിംഗ്‌സ്) കൈവശമില്ലാത്ത കുടുംബങ്ങള്‍ മൊത്തം ഗ്രാമീണ കുടുംബങ്ങളുടെ 5.9 ശതമാനമായിരുന്നു. 2003 ലെ കണക്കെടുപ്പില്‍ ഇത് 38.6 ശതമാനമായി ഉയര്‍ന്നു. ഒരു ദശാബ്ദത്തിനിടക്ക് വന്ന ഈ മാറ്റം ഞെട്ടിപ്പിക്കുന്നതാണ്. 1992 ല്‍ ഗ്രാമീണ കുടുംബങ്ങളില്‍ 70.6 ശതമാനം 0.4 ഹെക്ടറില്‍ താഴെ ഭൂമിയില്‍ കൃഷി നടത്തുന്നവരായിരുന്നു. 2003 ലെ കണക്കില്‍ ഈ ചെറുകിട നാമമാത്ര കൃഷിക്കാരില്‍ ഒരു വലിയ വിഭാഗം കൃഷിഭൂമി നഷ്ടം വന്ന് ഭൂരഹിതരായി മാറിയിരിക്കുന്നു. ഇതിന്റെ മറുവശം എന്ന നിലക്ക് ചെറുകിട നാമമാത്ര കര്‍ഷകരില്‍ ഒരു വിഭാഗത്തിന് കൂടുതല്‍ ഭൂമി സമ്പാദിക്കാനും 0.4 ഹെക്ടറില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കാനും സാധിച്ചിരിക്കുന്നു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കന്നുകാലി സമ്പത്തും നഷ്ടമാവുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

മറുവശത്ത് 0.4 ഹെക്ടറില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കുന്ന ഗ്രാമീണ കുടുംബങ്ങളുടെ സാന്നിധ്യം 1992 ല്‍ 23.5 ശതമാനം ആയിരുന്നത് 2003ല്‍ 52.9 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു, അത്ഭുതപ്പെടുത്തുന്ന വേഗത്തിലുളള ഈ ധ്രുവീകരണം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കൃഷിഭൂമിയും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ട് അതിദ്രുതം പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ ആരാണ്? അവരുടെ ജാതിയും മതവും കുലവും ഏതാണ്? ഈ കൃഷിക്കാരില്‍ സര്‍വജാതിമതസ്ഥരുളളതുകൊണ്ടാണോ അവരെ സംഘടിപ്പിക്കാന്‍ ആളെ കിട്ടാത്തതിനു കാരണം? എന്തായാലും തങ്ങള്‍ തങ്ങളാണ് എന്നു തിരിച്ചറിയാത്ത, അസ്തിത്വം ഉറയ്ക്കാത്ത ഗണമായി അവര്‍ അദൃശ്യരാവുകയാണ്. അവര്‍ ഗതികിട്ടാപ്രേതങ്ങളായി സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നു. ജീവിതോപാധികളായ ഭൂമിയും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെടുന്ന ഗ്രാമീണ ജനതയ്ക്ക് എന്ത് സംഭവിക്കുന്നു എന്ന ചോദ്യത്തേക്കാള്‍ ഇന്നത്തെ സാമൂഹികശാസ്ത്രജ്ഞര്‍ക്ക് പഥ്യം അതുമൂലം ഉല്‍പാദനത്തിന് എന്തു സംഭവിക്കും എന്ന പ്രശ്നമാണ്.

കൃഷിയെ ജീവിതോപാധിയായി കണ്ടവര്‍ക്കാണ് ഭൂമി നഷ്ടമായിരിക്കുന്നത്. ഭൂമി ഭാഗ്യം കൈവന്നിട്ടുളളതാകട്ടെ, പ്രധാനമായും അധികസമ്പാദ്യം സൂക്ഷിക്കുന്നതിനുളള ആസ്തിയായി ഭൂമിയെ കാണുന്നവര്‍ക്കാണ്. ഭൂവിതരണത്തില്‍ ഈ മാറ്റം സംഭവിച്ച അതേ കാലയളവില്‍ കേരളത്തിലെ കാര്‍ഷികോല്പാദനം വലിയ തിരിച്ചടി നേരിട്ടു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തില്‍ കൃഷിയും അനുബന്ധ മേഖലകളും ഉള്‍പ്പെടുന്ന പ്രാഥമികമേഖലയുടെ ഓഹരി 32.5 ശതമാനമായിരുന്നു. 2005-06 ല്‍ പ്രാഥമികമേഖലയുടെ പങ്ക് 15.6 ശതമാനമായി കുറഞ്ഞു. കൃഷിയും കൃഷിക്കാരും വളരെ വേഗം പാര്‍ശ്വവത്കരിക്കപ്പെടുകയാണ് എന്നതിന് ഇതിലപ്പുറം തെളിവ് ആവശ്യമില്ല. 1990-91 ല്‍ 5.59 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് കേവലം 2.8 ലക്ഷമായി കുറഞ്ഞിരിക്കുന്നു. നെല്ലിന്റെ ഉല്‍പാദനം 1991 ല്‍ 11 ലക്ഷത്തോളം ടണ്ണായിരുന്നെങ്കില്‍ ഇപ്പോള്‍ ഏകദേശം ആറു ലക്ഷമായി കുറഞ്ഞിരിക്കുന്നു ഇതേ കാലയളവില്‍ വിശേഷിച്ച് 2000 നുശേഷം കന്നുകാലികളുടെയും മറ്റു വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം വന്‍തോതില്‍ കുറഞ്ഞു. ഇതിന്റെ ഫലമായി പാലിന്റെയും ഇറച്ചിയുടെയും മുട്ടയുടെയും ഉല്‍പാദനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. ചുരുക്കത്തില്‍ ഭൂബന്ധങ്ങളിലെ വൈതരണി കൃഷി അനുബന്ധമേഖലകളെ ദീര്‍ഘകാല ഉല്‍പ്പാദനബന്ധങ്ങളുടെ പ്രത്യേകതകള്‍മൂലം ഉപയോഗരഹിതമാക്കി നാശോന്മുഖമാക്കുകയാണ് ! ഉല്‍പാദന ബന്ധങ്ങളുടെ കെട്ടഴിച്ചുവിട്ട് ഭൂമിയെ കൃഷിക്ക് ലഭ്യമാക്കുകയല്ലാതെ ഈ പ്രതിസന്ധിക്ക് പരിഹാരമില്ല.

പൊള്ളുന്ന ഭൂമിവില... കാര്‍ഷിക വ്യവസായത്തളര്‍ച്ചയുണ്ടാക്കുന്നു

ഭൂബന്ധങ്ങളെയും ഭൂപരിഷ്കരണത്തെയും കുറിച്ചുളള ചര്‍ച്ചകള്‍ കാലഹരണപ്പെട്ടതാണെന്ന് കരുതുന്നവര്‍ കുറവല്ല. ഭൂമിക്ക് കൃഷിയിലുളള പ്രാധാന്യം വ്യവസായത്തുറകളിലും സേവനമേഖലയിലും ഇല്ല എന്നതുകൊണ്ടാവണം പലരും ഇങ്ങനെ കരുതുന്നത്. ഭൂമിക്ക് കൃഷിയിലുളളത്ര പ്രാധാന്യം കാര്‍ഷികേതരമേഖലകളില്‍ ഇല്ല എന്നതു വാസ്തവം തന്നെ. എങ്കിലും ഭൂമിയുടെയും അതില്‍ നിന്നുളള വിഭവങ്ങളുടെയും ന്യായമായ വിലക്കുളള ലഭ്യത അവയുടെ വളര്‍ച്ചയെ നിര്‍ണയിക്കുന്ന സുപ്രധാനഘടകമാണ്.

കാര്‍ഷികേതരമേഖലകളിലെ സംരംഭങ്ങള്‍ക്കും ഭൂമി അവശ്യഘടകമാണ്. പല വ്യവസായങ്ങളും സ്ഥാപിക്കാന്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി വേണം. മിക്ക സേവനദാതാക്കള്‍ക്കും ജനങ്ങള്‍ക്കും ഏറെ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന വിലക്കോ വാടകക്കോ ഓഫീസ് അഥവാ വില്‍പന സൌകര്യം ഏര്‍പ്പെടുത്തിയെടുക്കണം. പക്ഷേ സേവനമേഖലയിലെ തദ്ദേശീയരായ സംരംഭകള്‍ക്ക് ഉയര്‍ന്ന ഭൂവിലയും വാടകയും വലിയ തലവേദനയാകണമെന്നില്ല. കേരളത്തിന് പുറത്തുനിന്നുളള സേവനദാതാക്കള്‍ക്കും കേരളത്തില്‍ മത്സരിക്കണമെങ്കില്‍ ഉയര്‍ന്ന ഭൂവിലയും വാടകയും നല്‍കി ഇവിടെ സൌകര്യം ഒരുക്കേണ്ടതുണ്ട്. പുറത്ത് ഉല്‍പ്പാദിപ്പിച്ച് കേരളത്തിനകത്തേക്ക് കടത്തിക്കൊണ്ടുവരാന്‍ പറ്റിയ ചരക്കല്ല പല സേവനങ്ങളും എന്നതാണ് ഇതിന് കാരണം.

വ്യവസായത്തിന്റെ സ്ഥിതി അതല്ല. കേരളത്തിലെ വ്യവസായങ്ങള്‍ക്ക് പുറത്തുനിന്ന് കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങളോട് മത്സരിക്കേണ്ടതുണ്ട്. അതുകൊണ്ട് കേരളത്തിലെ വസ്തുവിലക്കയറ്റവും ഉയര്‍ന്ന വാടകയും വ്യവസായവത്കരണത്തിന് തടസ്സമാണ്. വസ്തുവിലയുടെ ഇന്നത്തെ അവസ്ഥയില്‍ ഏറെ ഭൂമി ആവശ്യമായ വ്യവസായങ്ങള്‍ കേരളത്തിന് പറ്റിയതല്ല എന്ന് കണ്ണടച്ച് പറയാന്‍ കഴിയും. വ്യവസായം എവിടെ സ്ഥാപിക്കണം എന്നതിനെക്കുറിച്ചുളള പ്രാഥമിക പഠനങ്ങളുടെയും സാധ്യതാ റിപ്പോര്‍ട്ടുകളുടെയും ഘട്ടത്തില്‍ തന്നെ ഭൂവിലയുടെയും അമിതമായ ഭാരം കാരണം കേരളം പുറന്തളളപ്പെടും. സ്ഥിരമൂലധനനിക്ഷേപത്തില്‍ വസ്തു വാങ്ങാനുളള ചെലവിന്റെ അനുപാതം കേരളത്തില്‍ മറ്റു സമീപ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കും. ഇത് പിന്നീട് പലിശച്ചെലവായും വായ്പ തിരിച്ചടവായും ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവായും കമ്പോളത്തില്‍ മത്സരിക്കാന്‍ കഴിയാത്തത്ര ഉയര്‍ന്ന വിലയായും ഒക്കെ രൂപാന്തരപ്പെടും. ചുരുക്കത്തില്‍ ഭൂപ്രശ്നം കൃഷിക്ക് മാത്രമല്ല, വ്യവസായത്തിനും പ്രതിബന്ധം സൃഷ്ടിക്കുകയാണ്.

.....തുടരും......

അഭിമുഖം തയ്യാറാക്കിയത്: ശ്രീ അജയഘോഷ്
കടപ്പാട്: പി എ ജി ബുള്ളറ്റിന്‍ നമ്പര്‍ 66

വ്രതം മഹത്വപൂര്‍ണ്ണമാകുന്നത് ഇങ്ങനെ....

വിശ്വാസങ്ങളൊക്കെയും സ്വയംബോധ്യത്തിന്റെ അഗാധതകളില്‍നിന്ന്‌ ഒരരുവിപോലെ വിശുദ്ധമായി ഒഴുകിവരേണ്ടതാണ്‌. ആക്രോശങ്ങളല്ല, ആര്‍ദ്രതകളാണതില്‍നിന്നും മനുഷ്യരാശി പ്രതീക്ഷിക്കുന്നത്‌. ഞങ്ങളില്‍ പെടാത്തവരൊക്കെയും തുലഞ്ഞുപോകട്ടെ എന്നത്‌ ഒരു ശാപമാണ്‌. അതിനൊരിക്കലും ഒരു പ്രാര്‍ഥനയായി സുഗന്ധം പരത്താനാവില്ല.

ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്നത്‌ 'അനുഗ്രഹം' എന്നര്‍ഥമുള്ള 'റഹ്‌മത്ത്‌' എന്ന പദമാണ്‌. ഖുര്‍ആന്‍ കടുത്തഭാഷയില്‍ അവിശ്വാസികളേക്കാളധികം വിമര്‍ശിക്കുന്നത്‌ 'മുനാഫിഖുകള്‍' എന്ന കപടവിശ്വാസികളെയാണ്‌. വിശ്വാസത്തിന്റെ തീ ഉള്ളിന്റെയുള്ളില്‍ എന്നോ കെട്ടുപോയ അവര്‍ 'കാട്ടിക്കൂട്ടലില്‍' മാത്രം കോള്‍മയിര്‍ കൊള്ളുന്നവരാണ്‌. ദൈവത്തിലല്ല, ചുറ്റുമുള്ള മനുഷ്യരിലാണവരുടെ 'കുറുക്കന്‍ശ്രദ്ധ' കറങ്ങുന്നത്‌.

മതത്തില്‍ ബലപ്രയോഗം പാടില്ലെന്ന 'മതവിലക്കുകള്‍' പലപ്പോഴും മറിച്ചിടുന്നതില്‍ മുന്നില്‍നില്‍ക്കുന്നത്‌, അഗാധ മതബോധ്യമില്ലാത്ത 'കപട മതവിശ്വാസികള്‍' എന്ന മുനാഫിഖുകളാണ്‌. ദൈവം വിധിക്കേണ്ട ശിക്ഷ, സ്വയം ഏറ്റെടുത്തു നടപ്പിലാക്കാന്‍ വ്യഗ്രതകൊള്ളുന്ന ഇവര്‍ സാക്ഷാല്‍ ദൈവാധികാരത്തെത്തന്നെയാണു വെല്ലുവിളിക്കുന്നത്‌. ദൈവത്തിന്റെ സ്വയമവരോധിത പോലീസും പട്ടാളവുമായി മാറി സങ്കുചിതസമീപനങ്ങള്‍ മതത്തിന്റെ മറവില്‍ അടിച്ചേല്‍പ്പിക്കുന്നവരാണ്‌, മതേതരത്വത്തിനെന്നപോലെ, മതതത്വങ്ങള്‍ക്കും മുറിവേല്‍പിക്കുന്നത്‌. 'ജനാധിപത്യമൂല്യത്തിന്റെ മഹത്വം' ഇവരില്‍ പലര്‍ക്കും ഇനിയും മനസിലായിട്ടില്ല. 'അപരരുടെ' അഭിരുചികളെ ആദരിക്കാന്‍ അവരിനിയും പഠിച്ചില്ല. ഒച്ചവച്ചും ഭീഷണിപ്പെടുത്തിയും ഭ്രഷ്‌ടു കല്‍പിച്ചും മനുഷ്യരെ സ്വന്തംവരുതിയില്‍ എന്നെന്നേക്കുമായി തളച്ചിടാന്‍ കഴിയുമെന്ന വ്യാമോഹം ഇനിയുമവര്‍ തോട്ടിലേക്കു വലിച്ചെറിഞ്ഞിട്ടില്ല.

ആധിപത്യത്തിന്റെയും വിധേയത്വത്തിന്റെയും വലിഞ്ഞുമുറുകുന്ന വലക്കെട്ടുകള്‍ക്കിടയില്‍ വിങ്ങിനില്‍ക്കുന്ന ഒരു വിശ്വാസത്തിനും വിശ്വത്തോളം വളരാന്‍ കഴിയില്ല. ആചാരങ്ങളുടെ ഇത്തിരിവട്ടങ്ങളില്‍ കറങ്ങാനല്ലാതെ, അതിനൊരിക്കലും അന്വേഷണങ്ങളുടെ അശാന്തമായ ലോകത്തിലേക്കു കുതിക്കാനാവില്ല.

വിശ്വാസം വെല്ലുവിളികളില്‍വച്ചല്ല, അഗാധമായ വിനയത്തില്‍ വച്ചാണു വിശുദ്ധമാകുന്നത്‌. സ്വയം പ്രയാസപ്പെട്ടും മറ്റുള്ളവരുടെ ജീവിതം എളുപ്പമാക്കാനാണത്‌ ഉത്സാഹിക്കേണ്ടത്‌. നെറ്റിയില്‍ കൊമ്പുമായിട്ടല്ല, ശരീരമാസകലം പൂക്കളുമായിട്ടാണതു പ്രത്യക്ഷപ്പെടേണ്ടത്‌. എന്നാലിന്ന്‌, മറ്റെല്ലാമെന്നപോലെ, 'വിശ്വാസവും' കണ്ണുരുട്ടിയും മസിലുപിടിച്ചുമാണു നില്‍ക്കുന്നത്‌. അനുഗ്രഹം നല്‍കേണ്ട കൈകളില്‍നിന്നും ത്രിശൂലങ്ങളാണ്‌ ഉയരുന്നത്‌. സ്വന്തം വിശ്വാസം ശരിയായി പാലിക്കുന്നതില്‍ തങ്ങളോടുതന്നെ മത്സരിക്കുന്നതിനുപകരം, വിശ്വാസമില്ലാത്തവരെ മലര്‍ത്തിയടിക്കാനാണു വിശ്വാസികളിലൊരുവിഭാഗം ഇപ്പോള്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌.

മത്സരങ്ങളൊക്കെയും സത്യത്തില്‍ മാനുഷികമാകുന്നത്‌, മെച്ചപ്പെടാനുള്ള ഒരു സാഹസികശ്രമമായി അതു സ്വയംമാറുമ്പോഴാണ്‌. എന്നാല്‍, പ്രദര്‍ശനങ്ങളില്‍ മാത്രമായി വിശ്വാസത്തെ പരിമിതപ്പെടുത്തുന്നവര്‍ക്കാണു പൊങ്ങച്ചങ്ങളും വിശ്വാസസംരക്ഷണമെന്ന വ്യാജേനയുള്ള ആക്രമണങ്ങളും ആവശ്യമായിത്തീരുന്നത്‌. പുറത്തു മതത്തിന്റെ പേരില്‍ അമിത ബഹളം വയ്‌ക്കുന്നവര്‍, സൂക്ഷ്‌മാര്‍ഥത്തില്‍ അകത്തില്ലാത്ത അഗാധവിശ്വാസത്തിനു കൃത്രിമ നഷ്‌ടപരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ്‌. അത്തരക്കാരാണ്‌, വ്രതകാലത്തു തുറന്നുപ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടിച്ചുപൊളിക്കാന്‍ വടിയുമേന്തി മുമ്പിറങ്ങി പുറപ്പെട്ടത്‌. ഇപ്പോള്‍ അത്തരം അതിക്രമങ്ങള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നതായി തോന്നുന്നു. മുമ്പൊക്കെ തുറന്നുവച്ച ഹോട്ടലിലേക്കുപോലും വ്രതമനുഷ്‌ഠിക്കാത്ത മുസ്ലീങ്ങള്‍ കയറിയിരുന്നതു പിറകിലൂടെയായിരുന്നു. നോമ്പുകാലത്ത്‌, നോമ്പെടുക്കാത്ത മുസ്ലീങ്ങള്‍ക്കുവേണ്ടി പ്രത്യേകം തയാറാക്കിയ കടകള്‍വരെ ഉണ്ടായിരുന്നു.

എന്നാലിപ്പോള്‍ അതൊക്കെ ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞിരിക്കുന്നു. നോമ്പുള്ളവര്‍ക്കു നോമ്പ്‌, നോമ്പില്ലാത്തവര്‍ക്കും നോമ്പുതുറയില്‍ പങ്കെടുക്കാം എന്നുള്ളിടത്തോളം ഇന്നു കേരളീയസമൂഹം വളര്‍ന്നിരിക്കുന്നു. എന്നാല്‍ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളില്‍ 'ചായക്കടകള്‍' പൂര്‍ണമായും ഒരുമാസം മുഴുവനും അടച്ചിടുന്ന പ്രവണത അവസാനിച്ചിട്ടില്ല.

ഇതു നോമ്പുകാലത്തു കട നടത്തുന്ന മുസ്ലീങ്ങള്‍ നിര്‍ബന്ധമായും അനുഷ്‌ഠിക്കേണ്ട പവിത്രകര്‍മമാണെന്ന ഒട്ടും ശരിയല്ലാത്ത സമീപനം ചിലരെങ്കിലും ഇപ്പോഴും വച്ചുപുലര്‍ത്തുന്നു. ഇന്നസ്‌ഥലത്തുവച്ചു കുടിക്കാന്‍ ഒരു തുള്ളി വെള്ളംപോലും കിട്ടിയില്ല എന്നൊരാള്‍ പറയേണ്ടിവരുന്നത്‌ ഒരു മതത്തിനും അഭിമാനകരമല്ല. ഒരുകട ഒരു വ്യക്‌തിയുടേതായിരിക്കെത്തന്നെ, അതു നടത്തുന്നവര്‍ക്കു സാമൂഹ്യമായ ചില കടമകളുമുണ്ട്‌. തങ്ങള്‍ വ്രതമെടുത്തതുകൊണ്ടു മറ്റെല്ലാവരും പട്ടിണികിടന്നോട്ടെ എന്ന കാഴ്‌ചപ്പാട്‌ വ്രതത്തിന്റെ തന്നെ മൂല്യബോധത്തിന്‌ എതിരാണ്‌.

ഇസ്ലാംമതം, വ്രതം ഇസ്ലാംമതവിശ്വാസികളുടെ മേല്‍പോലും 'റംസാന്‍' മാസം കേവലാര്‍ഥത്തില്‍ നിര്‍ബന്ധമാക്കിയിട്ടില്ല. യാത്രക്കാര്‍, രോഗികള്‍, കുട്ടികള്‍ എന്നിവരെ വ്രതത്തില്‍നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു. മറ്റു മതസ്‌ഥര്‍ക്കും മതരഹിതര്‍ക്കും നോമ്പ്‌ പണ്ടേ ബാധകവുമല്ല. അങ്ങനെയിരിക്കെ വ്രതകാലത്ത്‌ 'കടകള്‍', സ്വമേധയാ അടച്ചിടുന്നതുപോലും നീതിയല്ല. ഞങ്ങള്‍ തിന്നുന്നില്ല, അതുകൊണ്ടു നിങ്ങളും തിന്നണ്ട എന്ന കടുംപിടിത്തം ഉപേക്ഷിക്കുമ്പോഴാണു വ്രതാനുഷ്‌ഠാനം മഹത്വപൂര്‍ണമായി മാറുന്നത്‌. ഞങ്ങള്‍ തിന്നുകയില്ല, എന്നാല്‍ തിന്നാനുള്ള നിങ്ങളുടെ അവസരം ഒരുവിധത്തിലും ഞങ്ങള്‍ തടയുകയില്ല എന്ന സ്‌നേഹസന്ദേശമാണ്‌ 'വിശുദ്ധവ്രതമാസത്തില്‍' തളിര്‍ക്കേണ്ടത്‌.

***

കെ ഇ എന്‍ , കടപ്പാട് : മംഗളം

03 March, 2009

സാമ്പത്തിക പ്രതിസന്ധിയും അത് സൃഷ്‌ടിക്കുന്ന അവസരങ്ങളും

ലോക ബാങ്കിന്റെ ഡയറൿടര്‍ ജനറലും അതിന്റെ കീഴിലുള്ള സ്വതന്ത്ര വിലയിരുത്തല്‍ ( Independent Evaluation Group ) ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റുമായ വിനോദ് തോമസ് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച അവസരത്തില്‍ ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ഇപ്പോഴത്തെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വ്യാപ്തി എത്രത്തോളമായിരിക്കും?

ഇത് കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ്. അമേരിക്കയിലെ പണയ (mortgage crisis ) പ്രതിസന്ധിയും തുടര്‍ന്നുണ്ടായ മുരടിപ്പുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ പ്രതിസന്ധി വളരെ പെട്ടെന്നുതന്നെ മറ്റ് വികസ്വര രാജ്യങ്ങളിലേക്കും ഇന്ത്യ പോലുള്ള അതിവേഗം വികസിച്ചുവരുന്ന രാജ്യങ്ങളിലേക്കും എന്തിന് ദരിദ്രരാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. 2008-ന്റെ അവസാനത്തെ മൂന്നു മാസങ്ങളെ വീക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ചുവരെഴുത്ത് വ്യക്തമാകും. ഈ കാലഘട്ടത്തില്‍ അമേരിക്കയിലെ ഉല്‍പ്പാദനനിരക്ക് തൊട്ടുമുമ്പുള്ള മൂന്നു മാസങ്ങളിലേതിനേക്കാള്‍ 3 ശതമാനമെങ്കിലും കീഴ്‌പോട്ടുപോയി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയേയും ചൈനയേയും പോലുള്ള വലിയ വികസ്വര സമ്പദ് ഘടനകള്‍ ഉല്‍പ്പാദനത്തിലെ ഇടിവിനെ നേരിടുന്നില്ല. എങ്കില്‍പ്പോലും ഇവിടങ്ങളിലെ വളര്‍ച്ചാനിരക്കില്‍ ഗണ്യമായ മുരടിപ്പ് അനുഭവപ്പെടുകയാണ്. ആഗോള സമ്പദ്ഘടനയുടെ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിവരുന്ന കേന്ദ്രങ്ങളെയെല്ലാം ഒരേസമയം മുരടിപ്പ് ബാധിക്കുന്നത് ആദ്യമായാണ്. അതുകൊണ്ട് 2008-ലെ സാമ്പത്തിക വളര്‍ച്ച നേരത്തേ കണക്കുകൂട്ടിയതിനേക്കാള്‍ എത്രയോ കുറഞ്ഞതായിരിക്കും. 2009-ലെ ആഗോള ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയും നാമമാത്രമായിരിക്കും. അതേസമയം വരുമാനത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന സ്ഥിതി കൈവരിച്ചു കഴിഞ്ഞ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരിക്കും വികസ്വരരാജ്യങ്ങളിലെ വളര്‍ച്ചാനിരക്ക്. ഇന്ത്യയിലും ചൈനയിലും തീര്‍ച്ചയായും സാമ്പത്തികവളര്‍ച്ചയുണ്ടാകും. എന്നാല്‍ അത് എത്രത്തോളമായിരിക്കും എന്നത് ഒരു ചോദ്യമായി നിലനില്‍ക്കുകയാണ്.

ഇപ്പോഴത്തെ പ്രതിസന്ധി എത്രകാലം നീണ്ടുനില്‍ക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു?

സാധാരണഗതിയില്‍ ആറുമാസം മുതല്‍ മൂന്നുവര്‍ഷംവരെ നീണ്ടുനില്‍ക്കുന്നതാണ് ഒരു മാന്ദ്യത്തിന്റെ സമയപരിധി. ശരാശരി സമയപരിധിയാകട്ടെ 18 മാസവും. അമേരിക്കയിലെ ഇപ്പോഴത്തെ മാന്ദ്യം 2007 ഡിസംബറില്‍ ആരംഭിച്ചു എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മാന്ദ്യത്തിന്റെ ദൈര്‍ഘ്യം ശരാശരി 18 മാസങ്ങളാണ് എന്ന് അനുമാനിക്കുകയാണെങ്കില്‍ ആഗോള സമ്പദ് ഘടന 2009-ന്റെ മധ്യത്തോടുകൂടി ഇപ്പോഴത്തെ മുരടിപ്പിന്റെ പിടിയില്‍ നിന്നും വിമുക്തമാകാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇത് അമിതമായ ശുഭാപ്‌തി വിശ്വാസത്തില്‍നിന്നും ഉണ്ടാകുന്ന ഒരു പ്രതീക്ഷയാകാം, പ്രത്യേകിച്ച് അമേരിക്കന്‍ സമ്പദ് ഘടനയുടെ 2008-ലെ അവസാനത്തെ മൂന്നു മാസത്തേക്കുള്ള കണക്കുകള്‍ ആശാവഹമല്ലാത്ത ഒരു ചിത്രം വരച്ചുകാട്ടുന്ന സാഹചര്യത്തില്‍. ഈ കാലഘട്ടത്തില്‍ അമേരിക്കയില്‍ 1.5 ദശലക്ഷം തൊഴിലുകളാണ് നഷ്‌ടമായത്. മെച്ചപ്പെട്ട വളര്‍ച്ചാനിരക്ക് കൈവരിക്കുന്നതിലും തൊഴിലും നിക്ഷേപവും സൃഷ്‌ടിക്കുന്നതിലും ഉപഭോക്താക്കളുടെ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിലും വന്നിട്ടുള്ള ഇടിവ് മാന്ദ്യം 2010 വരെ നീണ്ടുപോകുന്നതിന് കാരണമായേക്കാം. വരുന്ന രണ്ടുവര്‍ഷങ്ങള്‍ കൂടുതല്‍ പ്രയാസങ്ങള്‍ നിറഞ്ഞതായിരിക്കും. ഈ ദശകത്തിന്റെ ആദ്യപാദത്തില്‍ ലോക സമ്പദ്ഘടന കൈവരിച്ച മികച്ച വളര്‍ച്ചാനിരക്കിന്റെ പ്രധാന ഗുണഭോക്താക്കളായിരുന്ന ഇന്ത്യയേയും ചൈനയേയും പോലുള്ള രാജ്യങ്ങളെ വരുന്ന രണ്ടു കൊല്ലങ്ങളിലെ മാന്ദ്യം തീര്‍ച്ചയായും പ്രതികൂലമായി ബാധിക്കും. അതേസമയം ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതത്തെ ഭാഗികമായിട്ടെങ്കിലും ചെറുത്തുനില്‍ക്കാനുള്ള നിരവധി പോംവഴികള്‍ ഈ രണ്ട് വലിയ സമ്പദ് ഘടനകള്‍ക്കുമുണ്ട്. പ്രത്യുല്‍പ്പാദനപരമല്ലാത്ത സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കുന്നത് പോലെയുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലൂടെ രാജ്യത്തിനകത്ത് വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുക എന്നതാണ് ഒരു മാര്‍ഗം. കൂടാതെ ഇന്ത്യയേയും ചൈനയേയും പോലുള്ള വലിയ സമ്പദ് ഘടനകള്‍ക്ക് തദ്ദേശീയമായ പ്രതികരണങ്ങളിലൂടെ പ്രതിസന്ധിയെ നേരിടാനുള്ള കഴിവുമുണ്ട്. ആഗോള സാഹചര്യങ്ങളെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന ചെറിയ സമ്പദ് ഘടനകള്‍ക്ക് ഇത്തരമൊരു അവസരം ലഭ്യമല്ല.

പ്രതിസന്ധിയുടെ ആഘാതത്തെ ലഘൂകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് എടുക്കേണ്ടത് ?

ഇത് ഒരു ധനപ്രതിസന്ധിയായാണ് (financial crisis )ആരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു സാമ്പത്തിക പ്രതിസന്ധി(economic crisis)യായും പിന്നീട് ഒരു തൊഴില്‍ (employment crisis )പ്രതിസന്ധിയായും മാറുകയാണുണ്ടായത്. അടിയന്തിരമായ നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊണ്ടില്ലെങ്കില്‍ ഇത് ഒരു സാമൂഹിക പ്രതിസന്ധിയായും മാനുഷിക പ്രതിസന്ധിയായും (social and human crisis )രൂപം പ്രാപിച്ചേക്കും. വീണ്ടും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കുന്നത് മാത്രം ലക്ഷ്യമാക്കുന്ന നടപടികള്‍ എടുത്തുകൊണ്ട് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയില്ല. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളും എടുക്കണം. ലോകത്താകെ തന്നെ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട വിഷയങ്ങളായി നിലനില്‍ക്കുന്ന സാമൂഹിക ഉള്‍ച്ചേര്‍ക്കല്‍ (social inclusion ) തൊഴില്‍ സൃഷ്ടിക്കല്‍ (employment generation ) തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഗുണകരമായ തീരുമാനങ്ങളെടുക്കാനും ഈ സന്ദര്‍ഭത്തെ ഉപയോഗിക്കണം. അതുകൊണ്ട് പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള നടപടികളെപ്പറ്റി ചിന്തിക്കുമ്പോള്‍ സാമ്പത്തിക മേഖലയിലെയും സാമൂഹിക മേഖലയിലെയും ലഭ്യമായ അവസരങ്ങളെയെല്ലാം പരിഗണിക്കണം.

പ്രതിസന്ധിയുടെ സാമ്പത്തികവും സാമൂഹികവും ആയ വശങ്ങളെപ്പോലെ തന്നെ നാം വളരെ ഗൌരവമായി കാണേണ്ട മറ്റൊരു വശമാണ് ആഗോള താപീകരണവും കാലാവസ്ഥാ വ്യതിയാനവും (global warming and climate change). സാമ്പത്തിക പ്രതിസന്ധിയുടെ തീവ്രതയില്‍ ആഗോള താപീകരണവും കാലാവസ്ഥാ വ്യതിയാനവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. അന്തരീക്ഷത്തെ കാര്‍ബണിന്റെ സാന്ദ്രത ഇപ്പോള്‍ 385 parts per million (ppm) ആണ്. ഇത് വളരെ യാഥാസ്ഥിതികരായ വിദഗ്ധര്‍ പോലും അനുവദിക്കുന്ന കാര്‍ബണ്‍ സാന്ദ്രതയുടെ പരമാവധി അളവായ 450 ppm നു വളരെ അടുത്താണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അതിഭയങ്കരമായ പ്രകൃതി ദുരന്തങ്ങള്‍ക്ക് നാം ഇതിനകം തന്നെ സാക്ഷിയായി കഴിഞ്ഞിരിക്കുകയാണ്.

അമേരിക്കയിലെ രാഷ്‌ട്രീയമാറ്റത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളെ താങ്കള്‍ എങ്ങനെ വീക്ഷിക്കുന്നു?

കുറച്ചുകൂടി സ്ഥായിയായ ഒരു സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക വികസനത്തിന് എതിരായ പ്രവര്‍ത്തിച്ച സമീപവര്‍ഷങ്ങളിലെ നയസ്രഷ്‌ടാക്കളെ കുറിച്ചുള്ള ഗൌരവമായ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് എല്ലാവര്‍ക്കും ഒരു വെല്ലുവിളി തന്നെയാണ്. ഇപ്പോഴത്തെ പ്രതിസന്ധി, അഥവാ മൂന്നു തരത്തിലുള്ള അപകടം സൃഷ്‌ടിക്കപ്പെട്ടതില്‍ വ്യത്യസ്ത തോതിലുള്ള പങ്കാണ് വിവിധ രാജ്യങ്ങള്‍ക്ക് ഉള്ളതെങ്കിലും പ്രതിസന്ധിയുടെ ആഘാതം എല്ലാ രാജ്യങ്ങളെയും വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ബാധിച്ചിരിക്കുകയാണ്. എല്ലാ കുഴപ്പങ്ങളെയും പരിഹരിക്കുന്നതിനുള്ള സമയമോ വിഭവങ്ങളോ നമ്മുടെ പക്കലില്ലാത്ത സാഹചര്യത്തില്‍ ഏതു കുഴപ്പത്തെ പരിഹരിക്കുന്നതിനാണ് നാം മുന്‍ഗണന നല്‍കേണ്ടത് എന്ന പ്രസക്തമായ ചോദ്യം നമ്മുടെ മുന്നിലുണ്ട്. അതേസമയം ഈ മൂന്ന് പ്രശ്‌നങ്ങളും പരസ്‌പരം വളരേയേറെ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ മറ്റുള്ളവയെ അവഗണിച്ചുകൊണ്ട് ഇവയില്‍ ഒന്നിനെമാത്രം പരിഹരിക്കുവാന്‍ ശ്രമിക്കുന്നത് ഉദ്ദേശിക്കുന്ന ഗുണം ചെയ്യുകയുമില്ല.

പ്രതിസന്ധി മറികടക്കുന്നതിനായി ജി.ഡി.പിയുടെ 2 ശതമാനം വരുന്ന തുക സമ്പദ് ഘടനയെ പുനര്‍ജ്ജീവിപ്പിക്കുന്നതിനു വേണ്ടി അധികമായി വിനിയോഗിക്കണമെന്ന കാര്യത്തില്‍ ഇപ്പോള്‍ മിക്ക രാജ്യങ്ങളും ഏകാഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒരു അസാധാരണമായ ഘട്ടമാണ്. വികസനത്തിനായി സര്‍ക്കാര്‍ പണം മുടക്കുന്നത് നാണയപ്പെരുപ്പം ഉണ്ടാക്കുമെന്നതിനാല്‍ ഇതിനെ ഭയപ്പാടോടുകൂടിയാണ് പല സാമ്പത്തികവിദഗ്ധരും കണ്ടിരുന്നത്. എന്നാല്‍ ഇന്ന് നാം നേരിടുന്ന മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത മാന്ദ്യത്തിന്റെ കാലഘട്ടമെന്ന പ്രത്യേകമായ സാഹചര്യത്തില്‍ സമ്പദ് ഘടനയുടെ പുനരുദ്ധാരണത്തിനു വേണ്ടിയുള്ള വികസനത്തിനായി സര്‍ക്കാര്‍ പണമിറക്കുന്നതിനെ അനുകൂലിക്കുന്ന ചിന്താഗതിയാണ് പൊതുവില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ എല്ലാ രാജ്യങ്ങള്‍ക്കും, പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങള്‍ക്ക്, ജി.ഡി.പിയുടെ 2 ശതമാനം തുക അധികമായി വികസനത്തിനുവേണ്ടി ചിലവാക്കാനാകുമോ, ഇത്തരത്തില്‍ ചിലവാക്കപ്പെടുന്ന തുക ഏറ്റവും പ്രത്യുല്‍പ്പാദനപരവും കാര്യക്ഷമവും ആയ രീതിയില്‍ വിനിയോഗിക്കപ്പെടുമോ എന്നുള്ള ചോദ്യങ്ങളും പ്രസക്തമാണ്.

അടിസ്ഥാനസൌകര്യങ്ങള്‍, വിദ്യാഭ്യാസം, സാമൂഹ്യപദ്ധതികള്‍, പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത വികസനം നടപ്പിലാക്കുന്നതിന് സഹായകരമായ സാങ്കേതികവിദ്യ എന്നിവയുടെ വികസനത്തിനായി പണം മുടക്കുന്നതായിരിക്കും ഏറ്റവും ഗുണകരം. പഴയ രീതികള്‍ കൈ വിട്ട് ഇത്തരത്തിലുള്ള നവീന മാര്‍ഗങ്ങളില്‍ പണം ചെലവാക്കേണ്ടത് അനിവാര്യമാണ്. ഇതാകട്ടെ എല്ലാ രാജ്യങ്ങളും ഒന്നിച്ച് ചെയ്യുകയും വേണം. വികസനത്തിന്റെ ദിശാമാറ്റം ഒരു രാജ്യത്തില്‍ മാത്രം സംഭവിച്ചാല്‍ പോരാ. എല്ലാ രാജ്യങ്ങളും അതേ ദിശയില്‍ സഞ്ചരിക്കണം.
*
ശ്രീ വിനോദ് തോമസ് ഹിന്ദു പത്രത്തിനു നൽകിയ അഭിമുഖം Of a crisis and an opportunity ഇവിടെ വായിക്കാം
*
കടപ്പാട് : സി ഐ ടി യു സന്ദേശം

01 March, 2009

ആഗോള വേതന റിപ്പോര്‍ട്ട് 2008-09

ദുരിതം നിറഞ്ഞ കാലമാണെന്നാണ് ഐഎല്‍ഒ ആദ്യമായി തയ്യാറാക്കിയ ആഗോള വേതന റിപ്പോര്‍ട്ട് (Global Wage Report) പ്രവചിച്ചിരിക്കുന്നത്. മന്ദഗതിയിലുള്ളതോ ഋണാത്മകമോ ആയ സാമ്പത്തിക വളര്‍ച്ചയോടൊപ്പം കുതിച്ചുയരുന്ന വിലകളും കൂടിച്ചേര്‍ന്ന് ഒട്ടേറെ തൊഴിലാളികളുടെ, പ്രത്യേകിച്ച് കുറഞ്ഞ കൂലി ലഭിക്കുന്നവരുടെയും ദരിദ്രരുടെയും, യഥാര്‍ഥ വേതനത്തില്‍ ഇടിവുണ്ടാക്കുന്നു. പല രാജ്യങ്ങളിലും ഇടത്തരം വര്‍ഗങ്ങളെയും ഇത് ഗുരുതരമായി ബാധിക്കാനിടയുണ്ട്. വേതനത്തെ സംബന്ധിച്ച തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും വര്‍ധിക്കാനും സാധ്യതയുണ്ട്. വേതനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണം തൊഴിലിടങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകും. ഐഎംഎഫിന്റെ കണക്കുകളെയും 2008 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനത്തെയും ആധാരമാക്കിയും സാമ്പത്തികവളര്‍ച്ചയും വേതനവും തമ്മിലുള്ള കഴിഞ്ഞ കാലത്തെ സ്ഥിതിവിവര ബന്ധങ്ങള്‍ കണക്കിലെടുത്തും റിപ്പോര്‍ട്ട് വിലയിരുത്തുന്നത് 2009-ലെ വേതനത്തില്‍ വ്യാവസായിക രാജ്യങ്ങളില്‍ പരമാവധി 0.1 ശതമാനം വളര്‍ച്ചയും ആഗോളാടിസ്ഥാനത്തില്‍ 1.7 ശതമാനം വളര്‍ച്ചയും മാത്രമേ ഉണ്ടാകൂ എന്നാണ്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം പ്രസിദ്ധീകരിച്ച പുതുക്കിയ കണക്കുകള്‍ പ്രകാരം 2009-ല്‍ യഥാര്‍ഥത്തില്‍ വ്യാവസായിക രാജ്യങ്ങളില്‍ വേതനത്തില്‍ 0.5 ശതമാനം കുറവുണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ വേതനത്തിലെ വര്‍ധന 1.1 ശതമാനത്തില്‍ അധികമാകില്ലെന്നും സൂചിപ്പിക്കുന്നു.

തൊഴില്‍കമ്പോള സ്ഥാപനങ്ങളുടെ പ്രസക്തി

ഇപ്പോഴത്തെ ഘട്ടത്തില്‍, സര്‍ക്കാരുകള്‍ തങ്ങളുടെ ജനതയുടെ വാങ്ങല്‍കഴിവ് സംരക്ഷിക്കാനും അങ്ങനെ ആഭ്യന്തര ഉപഭോഗം ഉത്തേജിപ്പിക്കാനും ശക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ആദ്യമായി വേണ്ടത്, ജിഡിപിയില്‍ ലാഭത്തിന്റെ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേതനത്തിന്റെ വിഹിതത്തില്‍ കൂടുതല്‍ ഇടിവ് ഉണ്ടാകുന്നത് തടയാന്‍ വേണ്ട അനുരഞ്ജനങ്ങള്‍ക്ക് സാമൂഹിക പങ്കാളികളെ പ്രോത്സാഹിപ്പിക്കലാണ്. രണ്ടാമതായി വേണ്ടത്, ഏറ്റവും ശോചനീയാവസ്ഥയിലുള്ള തൊഴിലാളികളുടെ വാങ്ങല്‍കഴിവ് സംരക്ഷിക്കുന്നതിനായി സാധ്യമാകുന്നിടത്തെല്ലാം മിനിമം വേതനത്തിന്റെ നിലവാരം വര്‍ധിപ്പിക്കലാണ്. മൂന്നാമതായി വേണ്ടത്, മിനിമം വേതനവും വേതനത്തിനായുള്ള വിലപേശലും വരുമാന പിന്തുണ നടപടികള്‍ പോലെയുള്ള പൊതു ഇടപെടലുകളുടെ പിന്തുണയോടെ ഉറപ്പാക്കണമെന്നതാണ്. സര്‍വോപരി, തൊഴില്‍വിപണിസ്ഥാപനങ്ങളുടെ മൂല്യത്തെ ആവര്‍ത്തിച്ചുറപ്പാക്കേണ്ടത് ആവശ്യമാണെന്ന വീക്ഷണത്തെ റിപ്പോര്‍ട്ട് പിന്താങ്ങുന്നു.

വേതനത്തിലെ മുഖ്യപ്രവണതകള്‍

1995-2007 കാലഘട്ടത്തില്‍ മഹാഭൂരിപക്ഷം രാജ്യങ്ങളിലും ചെറിയ തോതിലുള്ള വേതന വളര്‍ച്ചയുണ്ട്. ആഗോളാടിസ്ഥാനത്തില്‍, വേതന തൊഴില്‍ കണക്കുകള്‍ മൊത്തം തൊഴിലവസരങ്ങളുടെ ഏകദേശം പകുതിയോളം വരും. എല്ലായിടത്തും സ്ത്രീകളുടെയും പുരുഷന്മാരുടെയും കാര്യത്തില്‍ ഈ വിഹിതം ഒരേപോലെ വര്‍ധിക്കുകയാണ്. 2001-07 കാലഘട്ടത്തില്‍ ഏകദേശം പകുതിയോളം രാജ്യങ്ങളില്‍ യഥാര്‍ഥ ശരാശരി വേതനം 1.9 ശതമാനം നിരക്കില്‍ പ്രതിവര്‍ഷ വളര്‍ച്ച ഉണ്ടായതായി ഈ റിപ്പോര്‍ട്ട് കണക്കാക്കുന്നു. എന്നാല്‍, പ്രാദേശികമായ അന്തരം വളരെയധികമാണ്. വികസിത രാജ്യങ്ങളുടെ കൂട്ടത്തില്‍, ഇടത്തരം രാജ്യങ്ങളിലെ വേതനം പ്രതിവര്‍ഷം ഏകദേശം 0.9 ശതമാനമാണ് വര്‍ധിച്ചത്. ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ മേഖലയിലും ഇത് 0.3 ശതമാനവും ഏഷ്യയില്‍ 1.7 ശതമാനവും സ്വതന്ത്ര രാഷ്ട്രങ്ങളുടെ കോണ്‍ഫെഡറേഷനിലും യൂറോപ്യന്‍ യൂണിയന്‍ ഇതര മധ്യ-ദക്ഷിണ പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലും 14.4 ശതമാനവുമാണ്. 1990-കളില്‍ സാമ്പത്തിക വ്യവസ്ഥിതിയുടെ പരിവര്‍ത്തനത്തെ തുടര്‍ന്നുള്ള ആദ്യഘട്ടത്തില്‍ കടുത്ത വേതനചോര്‍ച്ച സംഭവിച്ച ഈ രാജ്യങ്ങള്‍ ഇപ്പോള്‍ അതില്‍നിന്ന് കരകയറുന്നതിനാലാണ് ഈ ഉയര്‍ന്ന നിരക്ക്. ഓരോ രാജ്യമായെടുത്താലും ഈ അന്തരം കാണാന്‍ കഴിയും. ഉദാഹരണത്തിന്, ജപ്പാന്‍, സ്പെയിന്‍, അമേരിക്ക എന്നിവിടങ്ങളില്‍ യഥാര്‍ഥ വേതനത്തിലെ വളര്‍ച്ച 0 ശതമാനമാണ്. എന്നാല്‍ ചൈന, റഷ്യ, ഉക്രെയിന്‍ എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം 10 ശതമാനമോ അതിലേറെയോ ആണ്. ഇന്ത്യ, മെക്സിക്കോ, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ വേതനത്തിലെ വളര്‍ച്ച പ്രതിവര്‍ഷം ഏകദേശം 2 ശതമാനത്തോളമാണ്.

വേതനം പ്രതിശീര്‍ഷ ജിഡിപിയുടെ പിന്നില്‍

1995 മുതല്‍ 2007 വരെയുള്ള മൊത്തം കാലഘട്ടത്തില്‍, പ്രതിശീര്‍ഷ ജിഡിപി ഒരു ശതമാനം പോയിന്റില്‍ അധികമായി വളര്‍ന്നപ്പോള്‍ ശരാശരി വേതനത്തില്‍ 0.75 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 0.75 ശതമാനം 'വേതന ഇലാസ്റ്റികത' എന്ന് വിളിക്കപ്പെടുന്ന ഇത് വേതനവളര്‍ച്ച പ്രതിശീര്‍ഷ ജിഡിപിയുടെ പിന്നിലാണെന്ന് സ്ഥിരീകരിക്കുന്നു. യഥാര്‍ഥ വേതനത്തിലെ വളര്‍ച്ച ഉല്‍പ്പാദന വളര്‍ച്ചയുടെ പിന്നിലാണെന്ന് ഇത് വ്യക്തമാക്കുന്നു. കാലം കഴിയുന്നതോടെ ഈ ഇലാസ്റ്റികത കുറഞ്ഞുവരികയാണ്. 1995-2000-ല്‍ 0.80 ശതമാനമായിരുന്നത് 2001 മുതല്‍ 0.72 ശതമാനമായി കുറഞ്ഞു. ഏകദേശം നാലില്‍ മൂന്ന് ഭാഗം രാജ്യങ്ങളിലും, ലാഭവും മറ്റു തരത്തിലുള്ള വരുമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേതനമായി വിതരണം ചെയ്യുന്ന ജിഡിപി വിഹിതം കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. സാമ്പത്തിക വികാസത്തിന്റെ ഘട്ടത്തില്‍ വേതനം കൃത്യമായും അതിനോട് ചേര്‍ച്ച കുറഞ്ഞതായിരിക്കും. എന്നാല്‍ സാമ്പത്തിക തകര്‍ച്ചയുടെ ഘട്ടത്തില്‍ അതിനോട് അമിതമായ ചേര്‍ച്ചയായിരിക്കും വേതനത്തിന്റെ കാര്യത്തിലുണ്ടാവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പ്രതിശീര്‍ഷ ജിഡിപിയില്‍ ഒരു ശതമാനത്തിന്റെ തകര്‍ച്ച ഉണ്ടാകുമ്പോള്‍ വേതനത്തില്‍ 1.55 ശതമാനത്തിന്റെ ഇടിവ് ഉണ്ടാകുന്നതായാണ് കാണുന്നത്.

വേതന അസമത്വങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു

സ്ഥിതിവിവര കണക്കുകള്‍ ലഭ്യമായ രാജ്യങ്ങളുടെ മൂന്നില്‍ രണ്ടിലും 1995 മുതല്‍ ഉയര്‍ന്ന വേതനവും താഴ്ന്ന വേതനവും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണ്. വികസിത രാജ്യങ്ങളില്‍ ജര്‍മ്മനി, പോളണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഉയര്‍ന്ന വേതനവും താഴ്ന്ന വേതനവും തമ്മിലുള്ള അന്തരം കുത്തനെ വര്‍ധിക്കുന്നത്. മറ്റു പ്രദേശങ്ങളിലും പ്രത്യേകിച്ച് അര്‍ജന്റീന, ചൈന, തായ്‌ലന്റ് എന്നിവിടങ്ങളില്‍, അസമത്വം രൂക്ഷമായി വര്‍ധിച്ചുവരികയാണ്. വേതനത്തിലെ അസന്തുലിതാവസ്ഥ കുറച്ചുകൊണ്ടുവരുന്നതില്‍ വിജയിച്ച രാജ്യങ്ങളില്‍ ഫ്രാന്‍സും സ്പെയിനും കൂടാതെ ബ്രസീല്‍, ഇന്‍ഡോനേഷ്യ എന്നിവയും ഉള്‍പ്പെടുന്നു. ഇവയില്‍ ബ്രസീലിലും ഇന്‍ഡോനേഷ്യയിലും അസമത്വം വളരെ ഉയര്‍ന്ന നിലയിലാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതനത്തിലെ അന്തരം വളരെ വലുതാണ്; വളരെ മന്ദഗതിയില്‍ മാത്രമാണ് അത് അടുത്തുവരുന്നത്. സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമായവയില്‍ 80 ശതമാനത്തോളം രാജ്യങ്ങളില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതനത്തിലെ അനുപാതത്തിലെ വര്‍ധനവിലെ മാറ്റത്തിന്റെ വലിപ്പം വളരെ തുച്ഛമായതോ അവഗണിക്കത്തക്കതോ ആണ്. മഹാഭൂരിപക്ഷം രാജ്യങ്ങളിലും പുരുഷന്മാരുടെ വേതനത്തിന്റെ ശരാശരി 70 ശതമാനത്തിനും 90 ശതമാനത്തിനും ഇടയ്ക്ക് മാത്രമാണ് സ്ത്രീകളുടെ വേതനം. എന്നാല്‍, ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഏഷ്യയില്‍, ഇതിലും താഴ്ന്ന അനുപാതം കണ്ടെത്തുന്നത് അസാധാരണമല്ല.

മിനിമം വേതനവും കൂട്ടായ വിലപേശലും

നിരവധി രാജ്യങ്ങളുടെ സാമൂഹിക അജണ്ടയില്‍ മിനിമം വേതനം തിരികെ എത്തുന്നു. അടുത്ത കാലത്തായി തൊഴില്‍ വിപണിയിലെ താഴ്ന്ന വിഭാഗത്തിലെ അസമത്വം വര്‍ധിച്ചവരുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സാമൂഹിക സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനായി മിനിമം വേതനം വീണ്ടും യാഥാര്‍ഥ്യമാക്കാന്‍ നോക്കുകയാണ്. ആഗോളാടിസ്ഥാനത്തില്‍, 2001-2007 കാലഘട്ടത്തില്‍ പ്രതിവര്‍ഷം മിനിമം വേതനം ശരാശരി 5.7 ശതമാനം വീതം വര്‍ധിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി മിനിമം വേതനത്തിന്റെ യഥാര്‍ഥ മൂല്യം കുറഞ്ഞിരിക്കുകയാണ്. മിനിമം വേതനം ലഭിക്കുന്നവരെ സംബന്ധിച്ചിടത്തോളമുള്ള യഥാര്‍ഥ നേട്ടം വികസിത രാജ്യങ്ങളിലും യൂറോപ്യന്‍ യൂണിയനിലും (+3.8%) വികസ്വരരാജ്യങ്ങളിലും (+6.5%) ഒരേപോലെ ഗണ്യമായ വിധമാണ്. ശരാശരി വേതനവുമായി താരതമ്യപ്പെടുത്തുമ്പോഴും മിനിമം വേതനം വര്‍ധിച്ചിരിക്കുകയാണ്. 2000-2002-ല്‍ 37 ശതമാനമായിരുന്നത് 2004-07-ല്‍ 39 ശതമാനമായി വര്‍ധിച്ചു.

കൂട്ടായ വിലപേശല്‍ പൊതുവെ കുറഞ്ഞു

എന്നാല്‍ ചില രാജ്യങ്ങളില്‍ ഉയര്‍ന്ന തോതില്‍ നിലനില്‍ക്കുന്നുണ്ട്. കൂട്ടായ വിലപേശലിലെ വ്യാപ്തിയുടെ വളര്‍ച്ച ലോകമാകെ ചുരുങ്ങിവരികയാണ്. പല രാജ്യങ്ങളിലും കൂട്ടായ വിലപേശല്‍ വളരെ കുറവാണ്. വ്യത്യസ്ത ലോകങ്ങളില്‍ അത് കുറഞ്ഞുവരികയാണ്. ചെറുകിട സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതും മാതൃകാപരമല്ലാത്ത കരാറുകളും ഈ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. അതേസമയംതന്നെ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, പോര്‍ട്ടുഗല്‍, സ്ളൊവേനിയ, സ്പെയിന്‍, സ്വീഡന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ മറ്റു ചില മേഖലകളിലെ നിരവധി രാജ്യങ്ങളിലും കൂട്ടായ വിലപേശലിന്റെ വ്യാപ്തി വളരെ ഉയര്‍ന്ന തോതിലാണ്. അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കൂട്ടായ വിലപേശല്‍ ശക്തിപ്പെടുത്തുന്നതില്‍ വിജയം വരിച്ചിരിക്കുകയുണാണ്.

കൂട്ടായ വിലപേശലും മിനിമം വേതനവും

കൂട്ടായ വിലപേശലും മിനിമം വേതനവും വേതനത്തിന്റെ അനന്തരഫലത്തെ അഭിവൃദ്ധിപ്പെടുത്തും. കൂട്ടായ വിലപേശലിന്റെ വ്യാപ്തി വര്‍ധിക്കുന്നത് സാമ്പത്തിക വളര്‍ച്ചയുമായി വേതനം കൂടുതല്‍ ചേര്‍ച്ചയുള്ളതായിരിക്കുമെന്ന് ഉറപ്പാക്കുന്നു; വേതനത്തിലെ അസമത്വം കുറവായിരിക്കാനും അത് ഇടയാക്കുന്നു. "ഉയര്‍ന്ന വ്യാപ്തി''യുള്ള രാജ്യങ്ങളില്‍ (ജീവനക്കാരില്‍ 30 ശതമാനത്തിലേറെ കൂട്ടായ വിലപേശലില്‍ ഉള്‍പ്പെടുന്നത്) വേതന ഇലാസ്റ്റികത 0.27 ശതമാനമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പ്രതിശീര്‍ഷ ജിഡിപിയില്‍ ഒരു ശതമാനം വര്‍ധന ഉണ്ടാകുമ്പോള്‍ ശരാശരി വേതനത്തില്‍ 0.87 ശതമാനം പോയിന്റ് കൂടി വര്‍ധിക്കും. കൂട്ടായ വിലപേശലിന്റെ വ്യാപ്തി കുറഞ്ഞ രാജ്യങ്ങളിലെ 0.65% എന്ന കുറഞ്ഞ വേതന ഇലാസ്റികതയുമായി ഇതിനെ താരതമ്യപ്പെടുത്താം. അതേസമയം തന്നെ, ഉയര്‍ന്ന മിനിമം വേതനം വേതനത്തിലെ അസമത്വത്തെ താഴ്ത്തുകയും വേതനത്തിലെ സ്ത്രീപുരുഷ അന്തരം കുറയ്ക്കുകയും ചെ യ്യും.

ന്യായമായ നയാവിഷ്കരണം അനിവാര്യം

പരസ്പര പൂരകവും ന്യായയുക്തവുമായ മിനിമം വേതനം പദ്ധതിയുമായും കൂട്ടായ വിലപേശല്‍ നയങ്ങളുമായും ബന്ധപ്പെട്ട നല്ല നടപടികള്‍ ചുവടെ ചേര്‍ക്കുന്നു.

• കൂട്ടായ വിലപേശലിന് പകരമായി മിനിമം വേതനം ഉപയോഗിക്കുന്നത് ഒഴിവാക്കല്‍.
•മിനിമം വേതന നിര്‍ണയ സംവിധാനം സാധ്യമായേടത്തോളം ലളിതവും കൈകാര്യം ചെയ്യാവുന്ന വിധത്തിലുള്ളതുമായി നിലനിര്‍ത്തുക.
•കഴിയാവുന്നതിടത്തെല്ലാം സാമൂഹിക ആനുകൂല്യങ്ങള്‍ മിനിമം വേതന നിലവാരത്തില്‍ നിന്നും വേറിട്ടതായിരിക്കുമെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കല്‍ - സാമൂഹിക സുരക്ഷാ ബജറ്റിനുമേല്‍ പ്രതികൂലമായ പ്രത്യാഘാതം ഉണ്ടാകുമെന്ന ആശങ്കയില്‍ മിനിമം വേതനം വര്‍ധിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന നടപടിയായതിനാലാണ് ഇത്.
•മിനിമം വേതനം നിശ്ചയിക്കുന്നതോടൊപ്പം അത് ശരിയായ വിധം നടപ്പിലാക്കാനുള്ള സംവിധാനം - ലേബര്‍ ഇന്‍സ്പെക്ടര്‍മാരും അവരോടൊപ്പം സാമൂഹിക പങ്കാളികളും ഉള്‍പ്പെടുന്നതായിരിക്കണം ഈ സംവിധാനം.
•പലപ്പോഴും മിനിമം വേതന നിയമത്തിന്റെ സംരക്ഷണത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്ന വീട്ടുവേലക്കാരെ പോലുള്ള അസംരക്ഷിതരായ വിഭാഗങ്ങള്‍ക്കും ഇത് ബാധകമാക്കണം. മിനിമം വേതനത്തില്‍ ലിംഗ തുല്യതയുടെ പ്രത്യാഘാതം പരമാവധിയാക്കാന്‍ ഇത് ഏറെ പ്രധാനമാണ്.

*
കടപ്പാട്: സി.ഐ.ടി.യു സന്ദേശം