06 March, 2013

കുത്തക മൂലധനകാലത്തെ വര്‍ഗസമര ചിന്തകള്‍


സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം പഴയ പ്രതാപകാലം അയവിറക്കിക്കൊണ്ട് അഷ്ടിക്ക് ഗതിയില്ലാതെ കഴിഞ്ഞുപോന്ന സംഘടനയായിരുന്നു വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ്. തരാതരം തരപ്പെടുന്ന വിദേശയാത്രകളും സൗജന്യ സമ്മാനങ്ങളുമൊക്കെയായി ഭേദപ്പെട്ട നിലയില്‍ കഴിഞ്ഞുപോന്ന സംഘടന, സ്വന്തമായുണ്ടായിരുന്ന ആസ്ഥാനത്തിന് വാടക കൊടുക്കാനാവാതെ, സ്വന്തം മുഖപത്രം പ്രസിദ്ധപ്പെടുത്താനാവാതെ അന്ധാളിച്ചു നിന്നുപോയിരുന്നു. വര്‍ഗസമരത്തോട് വിട പറഞ്ഞതിനാല്‍ സാധാരണ തൊഴിലാളികളില്‍നിന്ന് അത് അപ്പോഴേക്ക് അകന്നുപോവുകയും ചെയ്തിരുന്നു.



എന്നാല്‍ ലോകമെങ്ങുമുള്ള തൊഴിലാളികള്‍ വന്‍തോതിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയമാവുകയാണ് എന്നു തിരിച്ചറിഞ്ഞ ഒരു വിഭാഗം തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ അതിനെ വീണ്ടും പുതുക്കിപ്പണിയാനുള്ള പരിശ്രമത്തിലായിരുന്നു. അതിനു നേതൃത്വം നല്‍കിയവരില്‍ പ്രഥമഗണനീയനായിരുന്നു ഗ്രീക്ക് പാര്‍ലമെന്റിലെ കമ്യൂണിസ്റ്റു പാര്‍ടി പ്രതിനിധിയായ ജോര്‍ജ് മാവ്റിക്കോസ്. ഇപ്പോള്‍ ഡബ്ല്യുഎഫ്ടിയുവിന്റെ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം എഐബിഇഎ അഖിലേന്ത്യാ സമ്മേളനവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എത്തിയിരുന്നു. മാവ്റിക്കോസുമായി ദേശാഭിമാനിക്ക് വേണ്ടി ഒരഭിമുഖം തയ്യാറാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ എ കെ പത്മനാഭനും ഡബ്ല്യുഎഫ്ടിയു സെക്രട്ടറിയേറ്റംഗമായ സിഐടിയു നേതാവ് ദേവ്റോയിയുമാണ്. ബോള്‍ഗാട്ടിയില്‍ എത്തിച്ചേരുന്ന മാവ്റിക്കോസിനെ അഭിമുഖത്തിനായി റാഞ്ചിയെടുക്കാന്‍ ബിഇഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയായ എസ് എസ് അനിലിനെയാണ് നിയോഗിച്ചത്. ഫെബ്രുവരി 11ന് എത്തിച്ചേര്‍ന്ന് പിറ്റേന്ന് തിരിച്ചുപോവുന്നതാണ് യാത്രാപരിപാടി. അതിനിടക്ക് ബാങ്ക് ജീവനക്കാരെ അഭിമുഖീകരിച്ചുള്ള ഒരു പ്രഭാഷണം, പിറ്റേന്ന് ഡബ്ല്യുഎഫ്ടിയു ഘടകസംഘടനകളുമായുള്ള മുഖാമുഖം, അതിനിടക്ക് ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ നിന്നുള്ളവരുമായുള്ള ചര്‍ച്ച  ഇതിനിടക്ക് ഒരഭിമുഖത്തിന് സമയം കണ്ടെത്താനായത് അനിലിന്റെ സംഘാടനാപാടവംകൊണ്ടു മാത്രമാണ്. രാവിലെ 9.30നാണ് ഒടുക്കം നേരം കണ്ടെത്തിയത്. കൃത്യം 9.15ന് തന്നെ ഡബ്ല്യുഎഫ്ടിയു സെക്രട്ടറിയേറ്റിലെ ശ്രീമതി അന്റ ഹോട്ടലിലെ ലോഞ്ചില്‍ റെഡി. 9.29നു തന്നെ മാവ്റിക്കോസും. ഹൃദ്യമായ പുഞ്ചിരിയോടെ തീര്‍ത്തും അനൗപചാരികവും എന്നാല്‍ അതീവ ഊഷ്മളവുമായ ഒരഭിവാദനം. ആളൊഴിഞ്ഞ കഫറ്റേരിയയുടെ മൂലയില്‍ ചിരപരിചിതരായ സഖാക്കള്‍ തമ്മില്‍ സംസാരിക്കുന്നതുപോലെ തീര്‍ത്തും 'ഇന്‍ഫോര്‍മല്‍' ആയ ഒരഭിമുഖം. ഇത്തിരി പ്രകോപനപരമായ തുടക്കം ആയിക്കൊള്ളട്ടെ എന്നുകരുതി ആദ്യ ചോദ്യമായവതരിപ്പിച്ചത്, ഒരു സൊറ പറച്ചില്‍ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ഡബ്ല്യുഎഫ്ടിയു വര്‍ഗാധിഷ്ഠിതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയതോടെയാണ് ഞങ്ങള്‍ക്ക് അതില്‍ താല്‍പ്പര്യം വന്നു തുടങ്ങിയത് എന്നു പറഞ്ഞുകൊണ്ടാണ്.

കലങ്ങിമറിഞ്ഞ ഇന്നത്തെ ലോകസാഹചര്യത്തില്‍ അത് അതിന്റെ കടമ നിറവേറ്റുന്നുണ്ടോ എന്ന ചോദ്യത്തെ ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം അഭിമുഖീകരിച്ചത്. = സോഷ്യലിസ്റ്റ് ലോകത്തിനേറ്റ പിറകോട്ടടിക്കുശേഷം 2005ല്‍ ഹവാനയില്‍ ചേര്‍ന്നാണ് ഡബ്ല്യുഎഫ്ടിയുവിനെ കൂടുതല്‍ ശക്തമാക്കാനും പുനര്‍നിര്‍മിക്കാനും തീരുമാനിച്ചത്. തീര്‍ച്ചയായും ഇതില്‍ സിഐടിയുവിന്റെ റോള്‍ വളരെ പ്രധാനമായിരുന്നു. വര്‍ഗവീക്ഷണത്തോടെ പ്രശ്നങ്ങളെ നോക്കിക്കാണാനും സാര്‍വദേശീയമായി പോരാടാനും ഡബ്ല്യുഎഫ്ടിയുവിനുള്ള കഴിവ് ഇന്ന് ഏറെ വര്‍ധിച്ചിരിക്കുന്നു. ഡബ്ല്യുഎഫ്ടിയുവിന് ഐക്യരാഷ്ട്രസഭയിലും ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലും ഐഎല്‍ഒയിലും ഇപ്പോള്‍ പ്രാതിനിധ്യമുണ്ട്. ശാക്തിക ബലാബലങ്ങളില്‍ വന്ന മാറ്റത്തെത്തുടര്‍ന്ന് ഇന്ന് തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന് ഒട്ടേറെ തടസ്സങ്ങള്‍ വന്നുപെട്ടിട്ടുണ്ട്. കുത്തക മൂലധനത്തിനും ജനാധിപത്യ വിരുദ്ധശക്തികള്‍ക്കും ഏറെ മേല്‍ക്കൈ നേടാനായിട്ടുണ്ട് എന്നത് നേരാണ്. കുത്തക മുതലാളിമാര്‍ ഐസിടിയു പോലുള്ള സംഘടനകള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നുമുണ്ട്. എങ്കിലും അതിനെ മുറിച്ചുകടക്കാന്‍ പ്രത്യയശാസ്ത്രപരമായി പടച്ചട്ടയണിഞ്ഞ തൊഴിലാളിപ്രസ്ഥാനത്തിന് ആവുക തന്നെ ചെയ്യും. തികഞ്ഞ ആത്മവിശ്വാസത്തോടെ മാവ്റിക്കോസ് അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്‍മ വന്നത് ഡബ്ല്യുഎഫ്ടിയുവിന്റെ 16ാം കോണ്‍ഗ്രസ്സില്‍ അദ്ദേഹം ചെയ്ത പ്രസംഗമാണ്. ഒരുപക്ഷേ കാസ്ട്രോവിനെപ്പോലുള്ള ഒരു നേതാവില്‍ നിന്ന് പ്രസരിക്കുന്ന ഊര്‍ജം, ശുഭാപ്തിവിശ്വാസം, പ്രത്യാശ  അതായിരുന്നു അതില്‍ മുഴങ്ങിയത്. ഇന്നിപ്പോള്‍ ഇവിടെയുമതേ, കൂടുതല്‍ കരുത്തോടെ പൊരുതുന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ അത് സ്വാഭാവികമാണുതാനും. ? ശരിയാണ്, വര്‍ഗാധിഷ്ഠിതമായി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പോരാടുന്നതിലും ഏറെ മുന്നിലാണ് ഡബ്ല്യുഎഫ്ടിയു. പക്ഷേ ഇന്നത്തെ ലോകസാഹചര്യത്തില്‍, വിശേഷിച്ചും ബഹുരാഷ്ട്രക്കുത്തകകളുടെ പിന്തുണയോടെ ഐസിടിയു ഒരു വന്‍ശക്തിയായി ഉയരുന്നില്ലേ? വിശേഷിച്ചും ഐഎല്‍ഓവിലെ പ്രാതിനിധ്യത്തില്‍ ഇതു പ്രകടമല്ലേ = യഥാര്‍ഥത്തില്‍ ഐഎല്‍ഓവിന് അതിന്റെ ശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. അത് ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെടുകയാണ്. എല്ലാ അധികാരവും എല്ലാ ശക്തിയും ഒരുപറ്റം ബഹുരാഷ്ട്രക്കുത്തകക്കമ്പനികളിലാണ്. ഒരുദാഹരണമെടുക്കാം. ആഫ്രിക്കന്‍ റീജ്യണല്‍ യോഗം. അതില്‍ ആഫ്രിക്കയില്‍നിന്നുള്ള 37 രാജ്യങ്ങളുണ്ട്. എന്നാല്‍ ഒന്നിനും പ്രാതിനിധ്യമില്ല. ഞങ്ങള്‍ ആവശ്യപ്പെടുന്നത് മതിയായ, ശരിയായ പ്രാതിനിധ്യവും ജനാധിപത്യപരമായ നടത്തിപ്പുമാണ്. ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും മനസ്സിലാക്കി അതിനൊത്ത് പ്രവര്‍ത്തിക്കുന്നവരെ അവര്‍ തിരിച്ചും സഹായിക്കുന്നതില്‍ അത്ഭുതമില്ല. ? ഐക്യരാഷ്ട്രസഭ എഴുപതുകളില്‍ത്തന്നെ, ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇന്ന് എല്ലാ അന്താരാഷ്ട്ര സ്ഥാപനങ്ങളും അവയ്ക്ക് കീഴ്പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഡബ്ല്യുഎഫ്ടിയു ഈ പ്രശ്നത്തെ എങ്ങനെ നോക്കിക്കാണുന്നു. = ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ പങ്കിനെക്കുറിച്ച്, അവയുടെ ഇന്നത്തെ പ്രവര്‍ത്തനരീതിയെപ്പറ്റി ഞാനൊന്നു പറഞ്ഞോട്ടെ; അവയാണ് ഇന്ന് ലോകത്തെ സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും അടക്കിവാഴുന്നത്. ഒരുദാഹരണം പറയാം. 1994ല്‍ ദക്ഷിണാഫ്രിക്കയില്‍ അപ്പാര്‍ത്തീഡ് ഭരണം അവസാനിച്ചു. പക്ഷേ അവിടത്തെ സാമ്പത്തിക മേധാവിത്വം പൂര്‍ണമായും ഇന്നും ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ക്കാണ്. കൊളോണിയലിസം അവസാനിച്ചുവെങ്കിലും കോളനി രാജ്യങ്ങളില്‍ പഴയ യജമാനന്മാരുടെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ആധിപത്യം ചെലുത്തിപ്പോരുകയാണ്. അന്താരാഷ്ട്ര സ്ഥാപനങ്ങളാകെ അവയുടെ കൈപ്പിടിയിലായിരിക്കുന്നു. മാറിവന്ന ലോകസാഹചര്യങ്ങളില്‍ കാര്യങ്ങള്‍ ഒറ്റയടിക്ക് അത്രയെളുപ്പം മാറ്റിത്തീര്‍ക്കാനാവില്ല. പക്ഷേ ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ, അവയുടെ ചൂഷണത്തിനെതിരെ തൊഴിലാളികളില്‍ വന്‍തോതിലുള്ള ബോധവല്‍ക്കരണം നടന്നുവരുന്നുണ്ട്. അതിനെതിരെ വര്‍ഗാടിസ്ഥാനത്തില്‍ ചെറുത്തുനില്‍പ്പുകളും പ്രക്ഷോഭങ്ങളും വളര്‍ത്തിയെടുക്കാനാണ് ഡബ്ല്യുഎഫ്ടിയു ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

? ലോക ബാങ്കിനെയും ഐഎംഎഫിനെയും ജനാധിപത്യവല്‍ക്കരിക്കുക എന്ന മുദ്രാവാക്യം ഉയരുന്നുണ്ടല്ലോ. വാള്‍ഡന്‍ ബെല്ലോവിനെപ്പോലുള്ളവര്‍ അതിശക്തമായി ഉന്നയിക്കുന്ന ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുന്നു = ഈ അന്താരാഷ്ട്ര സ്ഥാപനങ്ങളെ ജനാധിപത്യവല്‍ക്കരിക്കുക എന്ന കാര്യം തീര്‍ത്തും അസാധ്യമാണ്. മുതലാളിത്തശക്തികളുടെ കൈയിലുള്ള ശക്തിയേറിയ ഉപകരണങ്ങളാണവ. ഈ സ്ഥാപനങ്ങളെ ജനാധിപത്യവല്‍ക്കരിക്കാം എന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ ഒന്നുകില്‍ അവര്‍ വിഡ്ഢികളാണ്. അല്ലെങ്കില്‍ ബോധപൂര്‍വം കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നുപറയാന്‍ എന്നെ അനുവദിക്കുക. ചില സര്‍ക്കാരിതര സംഘടനകള്‍ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നുണ്ടാവാം. പക്ഷേ ഇവയില്‍ പലതും സര്‍ക്കാരിതരമല്ല, സര്‍ക്കാര്‍ തന്നെ വളര്‍ത്തുന്നവയാണ് എന്നതാണ് സത്യം. അമേരിക്കയിലെ കാര്യം ജെയിംസ് പെട്രാസ് പറഞ്ഞിട്ടുണ്ട്. 65,000 എന്‍ജിഒ കളാണ് അവിടെ. അവയില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നവയാണ്. ഡബ്ല്യുഎഫ്ടിയു ആസ്ഥാനമായ ഗ്രീസിലും എന്‍ജിഒ കള്‍ ശക്തമാണ്. പ്രത്യയശാസ്ത്രപരമായി വൃത്തികെട്ട കളികളാണവ കളിക്കുന്നത്. അവര്‍ ആഫ്രിക്കയെ സഹായിക്കാനായി സര്‍ക്കാരിതര സംഘടനയുണ്ടാക്കുന്നു. അതിന്റെ രാഷ്ട്രീയം ഊറ്റിക്കളഞ്ഞുകൊണ്ട് കേവലമായ ഒരാവശ്യമായാണ് ഇക്കൂട്ടര്‍ പ്രശ്നമുന്നയിക്കുക. ഇത്തരം സംഘടനകളുടെ നേതാക്കള്‍ സദാ ബിസിനസ് ക്ലാസുകളില്‍ വിമാനയാത്ര നടത്തും. ലോകം ചുറ്റിക്കറങ്ങും. വന്‍കിട പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കും. തൊഴിലാളിവര്‍ഗത്തിന് നിര്‍വഹിക്കാനുള്ള തന്ത്രപരമായ കടമയില്‍നിന്ന് ആശയപരമായി അകറ്റുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ഈ സംഘടനകള്‍. അതുകൊണ്ടുതന്നെ അത്തരം സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ഈ തലതിരിഞ്ഞ ആശയങ്ങളെ തിരിച്ചറിഞ്ഞേ പറ്റൂ.

? 2011ല്‍ ഡബ്ല്യുഎഫ്ടിയു മുന്നോട്ടുവച്ച മുദ്രാവാക്യം ലോകത്തെങ്ങുമുള്ള തൊഴിലാളികളുടെ ഭാവനയെ സ്പര്‍ശിച്ച ഒന്നാണ്. ഉല്‍പ്പാദനക്ഷമത വര്‍ധിച്ചുവരുന്ന ലോകസാഹചര്യത്തില്‍ അതിന്റെ നേട്ടം തൊഴിലാളികള്‍ക്ക് കൂടി അര്‍ഹതപ്പെട്ടതാണെന്ന പ്രഖ്യാപനമാണ് 2011 ഒക്ടോബര്‍ 3ന് നടന്നത്. തൊഴില്‍സമയം ആഴ്ചയില്‍ 35 മണിക്കൂറാക്കണം (5 ഃ 7) എന്ന ശരിയും ശാസ്ത്രീയവുമായ ആ മുദ്രാവാക്യത്തോട് ലോകതൊഴിലാളികള്‍ എങ്ങനെയാണ് പ്രതികരിച്ചത്. = അന്താരാഷ്ട്ര ദിനാചരണം ഡബ്ല്യുഎഫ്ടിയുവിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. 1945 ഒക്ടോബര്‍ 3നാണ് ഈ സംഘടന പിറവികൊണ്ടത്. തൊഴിലാളികളുെ ട ദൈനംദിനാവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുന്നതോടൊപ്പം അവരുടെ ബോധനിലവാരം ഉയര്‍ത്തേണ്ടതും ഏറെ പ്രധാനമാണ്. പുതിയ സാങ്കേതികവിദ്യാ വികാസത്തോടെ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത പലമടങ്ങ് വര്‍ധിച്ചിട്ടുണ്ട്. മുതലാളിമാരുടെ ലാഭം അനേകമടങ്ങ് പെരുകുന്നുമുണ്ട്. പക്ഷേ ഇതിന്റെ നേട്ടം ഉടമകള്‍ക്കു മാത്രമായി വിട്ടുകൊടുത്തുകൂടാ. മുഴുവന്‍ മിച്ചമൂല്യവും തട്ടിയെടുക്കുന്ന മുതലാളിമാരോട് അതുകൊണ്ടുതന്നെ കണക്കുപറയുകയാണ് തൊഴിലാളികള്‍ ഈ ഡിമാന്റിലൂടെ. ഒരാഴ്ചയില്‍ 35 മണിക്കൂര്‍ തൊഴില്‍സമയം എന്നത് ഗ്രീസില്‍ തൊഴിലാളികള്‍ മുമ്പേ പൊരുതി നേടിയതാണ്. നിര്‍മാണമേഖലയിലും മറ്റും ഇത് നടപ്പായിക്കഴിഞ്ഞതുമാണ്. ത്യാഗപൂര്‍വമായ സമരങ്ങളിലൂടെ നേടിയെടുക്കാനായ ഈ അവകാശം 2008ലെ മുതലാളിത്തക്കുഴപ്പത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷാപദ്ധതികള്‍ അടക്കം പല അവകാശങ്ങളും മുതലാളിമാര്‍ കവര്‍ന്നെടുക്കുകയാണ്. യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളിലും 35 മണിക്കൂര്‍ ജോലിസമയം നിലവിലുണ്ട്. മാറിയ ലോകസാഹചര്യത്തില്‍ ഇത് തിരിച്ചുപിടിക്കാനും അതിന്റെ വ്യാപ്തി വികസിപ്പിക്കാനും തൊഴിലാളിവര്‍ഗത്തെ പ്രാപ്തമാക്കാനായാണ് സാര്‍വദേശീയ ദിനാചരണത്തിന് ഇത് വിഷയമാക്കിയത്. ലോകത്ത് പല വന്‍കരകളിലും ഈ ആശയത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ആഫ്രിക്കയിലും ലത്തീന്‍ അമേരിക്കയിലുമൊക്കെ ആവേശപൂര്‍വമാണ് തൊഴിലാളികള്‍ ഈ വിഷയം ഏറ്റെടുത്തത്.

? കഴിഞ്ഞ ഒക്ടോബര്‍ 3 ദിനാചരണം ഇന്ത്യയില്‍ നല്ല നിലയിലാണ് തൊഴിലാളികള്‍ ഏറ്റെടുത്തത്. അവസരോചിതവും ഭാവനാപൂര്‍ണവുമായി ഉയര്‍ത്തിയ ആ അഞ്ച് ഡിമാന്റുകള്‍, വളരെ സങ്കീര്‍ണമായ ലോകസാഹചര്യത്തില്‍ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനാവാത്തത് ബഹുരാഷ്ട്രക്കുത്തകകളുടെ ഇടപെടല്‍ കൊണ്ടാണെന്ന് തൊഴിലാളികളെ പഠിപ്പിച്ചു. ഇന്ത്യയില്‍ നന്നായി സ്വീകരിക്കപ്പെട്ട ആ മുദ്രാവാക്യം എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും മരുന്ന്, എല്ലാവര്‍ക്കും വിദ്യാഭ്യാസം, എല്ലാവര്‍ക്കും പാര്‍പ്പിടം  എങ്ങനെയാണ് ലോകതൊഴിലാളികള്‍ സ്വീകരിച്ചത്. = എന്തുകൊണ്ടാണ് ഈ അടിസ്ഥാനാവശ്യങ്ങള്‍ നിരാകരിക്കപ്പെടുന്നത് എന്ന് ലോകത്തെങ്ങുമുള്ള തൊഴിലാളികളെ പഠിപ്പിക്കാനായി എന്നതുതന്നെ ഏറ്റവും വലിയ നേട്ടം. ഇത്തരം ദിനാചരണങ്ങള്‍ക്ക് ഏതു വിഷയം തെരഞ്ഞെടുക്കണം എന്നത് ഏതെങ്കിലുമൊരാളുടെ തലയില്‍ പൊട്ടിമുളയ്ക്കുന്നതല്ല. ലോകത്തെ 45 രാജ്യങ്ങളില്‍നിന്ന് പ്രതിനിധികളുള്ള പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലാണ് ജനാധിപത്യപരമായ കൂടിയാലോചനകളിലൂടെ വിഷയങ്ങള്‍ നിര്‍ണയിക്കുക. ഈ വരുന്ന മാര്‍ച്ച് 6, 7 തീയതികളില്‍ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ വച്ചാണ് അടുത്ത പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ യോഗം. 2013 ഒക്ടോബര്‍ ദിനാചരണത്തിന്റെ വിഷയം നിര്‍ണയിക്കുക ആ യോഗമാണ്. പക്ഷേ എനിക്ക് വ്യക്തിപരമായി തോന്നുന്നത് കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയ അതേ ഡിമാന്റുകള്‍ തന്നെ ഊന്നിപ്പറയേണ്ടതുണ്ട് എന്നാണ്. കഴിഞ്ഞ ദിനാചരണത്തിന്റെയും പ്രക്ഷോഭത്തിന്റെയും ഫലമായി ബൊളീവിയയിലും ഇക്വഡോറിലും നിക്വരാഗ്വയിലുമൊക്കെ സര്‍ക്കാരുകള്‍ പല കാര്യങ്ങളും നടപ്പാക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. പക്ഷേ സ്ഥിതി ഗുരുതരമായി തുടരുകയാണ് ലോകത്താകെ. എച്ച്ഐവി പെരുകിവരുന്നു. ഒരിക്കല്‍ അപ്രത്യക്ഷമായിരുന്ന ക്ഷയം, മലമ്പനി മുതലായ രോഗങ്ങള്‍ തിരിച്ചുവരുന്നു. ഓരോ വര്‍ഷവും ആഫ്രിക്കയില്‍ മരണമടയുന്ന ശിശുക്കളുടെ എണ്ണം 30 ലക്ഷമാണ്. അതുകൊണ്ടുതന്നെ ആരോഗ്യമേഖലയിലെ ബഹുരാഷ്ട്രക്കുത്തകകളുടെ പിടിമുറുക്കലിനെതിരെ ഇനിയും ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പാര്‍പ്പിടത്തിന്റെയുമൊക്കെ മേഖലകളില്‍ തൊഴിലാളികളും സാധാരണ മനുഷ്യരും പിന്‍തള്ളപ്പെടുന്നതിനു പിറകില്‍ വന്‍കിട ബഹുരാഷ്ട്ര കോര്‍പറേഷനുകളാണ്, അവയുടെ ലാഭതാല്‍പ്പര്യമാണ്. അതുകൊണ്ടുതന്നെ ഈ പ്രക്ഷോഭവും പ്രചാരണവും ഇനിയും തുടരേണ്ടതുണ്ട്. ? സാര്‍വദേശീയ തൊഴില്‍ സംഘടനയായ ഐഎല്‍ഒവിലും ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യമാണല്ലോ പ്രകടമാകുന്നത്. ഇതിനെതിരെയുള്ള പ്രതികരണങ്ങള്‍. = ഐഎല്‍ഒവിന്റെ ഗവേണിങ് ബോഡിയില്‍ 31 അംഗങ്ങളാണുള്ളത്. അതില്‍ ഡബ്ല്യുഎഫ്ടിയുവില്‍നിന്ന് ഒരാള്‍ പോലുമുണ്ടായിരുന്നില്ല. 120 രാജ്യങ്ങളില്‍നിന്നായി 82 ദശലക്ഷം അംഗങ്ങളുണ്ട് ഞങ്ങള്‍ക്ക്. ഇതെന്ത് ജനാധിപത്യമാണ് എന്ന് ഐഎല്‍ഒ ഡയറക്ടര്‍ ജനറലോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, ഉന്നയിച്ച പ്രശ്നം വളരെ ശരിയാണ് എന്നായിരുന്നു. പിന്നെ കുറേ ബ്ലാ ബ്ലാ വാചകങ്ങളാണ് അദ്ദേഹം ഉരുവിട്ടത്. ഡബ്ല്യുഎഫ്ടിയു സമ്മര്‍ദം തുടര്‍ന്നു. അവസാനം ഒരു സ്ഥാനം കല്‍പ്പിച്ചുതരാന്‍ അവര്‍ നിര്‍ബന്ധിതരായി. കോടിക്കണക്കിന് അംഗങ്ങളുള്ള ഓള്‍ ചൈനാ ഫെഡറേഷന്‍ മുഖേന. 2000 അംഗങ്ങളുള്ള സംഘടനകള്‍ക്ക് അവര്‍ സ്ഥാനം നല്‍കിപ്പോരുമ്പോഴാണിത്. അവര്‍ക്ക് വേണ്ടത് ആമാസ്വാമിമാരുടെ കൂട്ടത്തെയാണ്. ഇതാണ് സാഹചര്യം. പക്ഷേ ഞങ്ങള്‍ പോരാട്ടം തുടരുകതന്നെ ചെയ്യും.

? ആഗോള മുതലാളിത്ത പ്രതിസന്ധിക്കുശേഷം ലോകത്താകെ ഒരിടതുപക്ഷ ആഭിമുഖ്യം വളര്‍ന്നിട്ടുണ്ട് എന്നത് ശരിയാണ്. മുതലാളിത്തത്തിന് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല, അത് സങ്കീര്‍ണമാക്കുകയേ ഉള്ളൂ എന്ന തോന്നല്‍ വളരുന്നുണ്ട്.

പക്ഷേ അതേസമയം പ്രതിസന്ധി ഫാസിസത്തിന് അനുകൂലമായ മണ്ണ് ഒരുക്കിക്കൊടുക്കുന്നില്ലേ? ഒന്നുകില്‍ യുദ്ധം, അല്ലെങ്കില്‍ ഫാസിസം  അതാണല്ലോ പ്രതിസന്ധി മറികടക്കാനുള്ള മുതലാളിത്ത തന്ത്രം. അത്തരമൊരു സാഹചര്യത്തില്‍ ഡബ്ല്യുഎഫ്ടിയുവിന്റെ ഇടപെടല്‍ കൂടുതല്‍ സാര്‍ഥകമാകുന്നത് എങ്ങനെ. = വളരെ ശരിയാണ്. പ്രതിസന്ധി സാഹചര്യങ്ങളെ വളരെയേറെ സങ്കീര്‍ണമാക്കിയിരിക്കുന്നു. അത്യന്തം അപകടകരമാണ് സ്ഥിതി. ഗ്രീക്ക് പാര്‍ലമെന്റിന്റെ തന്നെ കാര്യമെടുക്കാം. 1936നുശേഷം ഇതാദ്യമായാണ് ഫാസിസ്റ്റുകള്‍ ഇത്രയേറെ സീറ്റുകള്‍ നേടുന്നത് 21. അവര്‍ തൊഴിലില്ലായ്മയെ ആയുധമാക്കുന്നു. കുടിയേറ്റത്തൊഴിലാളികളാണ് തങ്ങളുടെ തൊഴില്‍ തട്ടിപ്പറിക്കുന്നത് എന്ന് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു. ചെറുപ്പക്കാരെ വല വീശിപ്പിടിക്കുന്നു  ലോകത്തെങ്ങും.

? പക്ഷേ ഗ്രീസിലെ യുവജനങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ നേരില്‍ കണ്ടതാണല്ലോ. ഏഥന്‍സ് കോണ്‍ഗ്രസ്സില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച യങ് കമ്യൂണിസ്റ്റു വളണ്ടിയര്‍മാരില്‍നിന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്, അവര്‍ ശരിയായ തൊഴിലാളിവര്‍ഗ വീക്ഷണത്തോടെയാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത് എന്നാണല്ലോ. = അതേ, താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ യൂറോപ്പ് എല്ലാം ഗ്രീസ് പോലെയല്ലല്ലോ. എന്തായാലും ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. തൊഴിലാളികളുടെ ബോധനിലവാരം ഉയര്‍ത്തിയും യുവാക്കളെ ശരിയായ ദിശയില്‍ നയിച്ചും മാത്രമേ ഇതിനെ അതിജീവിക്കാനാവൂ.

? ഡബ്ല്യുഎഫ്ടിയു സാര്‍വദേശീയ ദിനാചരണങ്ങള്‍ നടത്തുന്നുണ്ട്, അതുവഴി തൊഴിലാളികളെ കുറേക്കൂടി ഉദ്ബുദ്ധരാക്കുന്നുണ്ട്. ഇസ്രയേലിലേക്കുള്ള കപ്പലുകള്‍ ബഹിഷ്കരിച്ചതുപോലുള്ള ഉശിരന്‍ ചെറുത്തുനില്‍പ്പുകള്‍ നടത്തിയിട്ടുമുണ്ട്. പക്ഷേ സമീപകാലത്തെപ്പോഴെങ്കിലും ലോകത്താകെയുള്ള തൊഴിലാളികള്‍ ഒരു ദിവസം ഒന്നിച്ച് പണിമുടക്കുന്ന ഒരു സാഹചര്യം വന്നുചേരുമോ. = വളരെ പ്രധാനപ്പെട്ട ഒരാശയമാണ് താങ്കള്‍ ഉന്നയിച്ചത്. ഞാന്‍ യോജിക്കുന്നു. പ്രക്ഷോഭം ലോകം മുഴുവന്‍ എത്തിക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലെയല്ല ലോകത്തെ ഒട്ടനവധി രാജ്യങ്ങള്‍. ട്രേഡ് യൂണിയനുകള്‍ തന്നെ നിലവിലില്ലാത്ത രാജ്യങ്ങള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ ലോകത്താകെ ഒരുദിവസ പണിമുടക്കം ഉടന്‍ നടപ്പിലാക്കാനാവുന്ന കാര്യമല്ല എന്നാണ് പറയാനുള്ളത്. കാര്യങ്ങളില്‍ നമ്മള്‍ക്ക് തുറന്ന മനസ്സുണ്ടാവണം. നമ്മുടെ ആഗ്രഹങ്ങള്‍ ചരിത്രത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലല്ലോ. ? ഐടിയുസി ഇപ്പോഴും ഒരു വലിയ വിഭാഗം തൊഴിലാളികളെ ആകര്‍ഷിക്കുന്ന അന്താരാഷ്ട്രവേദിയാണല്ലോ. അവരുമായി കൂടിച്ചേര്‍ന്നുകൊണ്ടുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? = വളരെ പ്രയാസകരമായ കാര്യമാണത്. ലോകത്തെല്ലായിടത്തും അവര്‍ സാമ്രാജ്യത്വശക്തികളെയാണ് പിന്തുണയ്ക്കുന്നത്. വടക്കനാഫ്രിക്കയില്‍ അവര്‍ ബഹുരാഷ്ട്രക്കുത്തകകളുടെ സംരക്ഷണത്തിനായി സാമ്രാജ്യത്വശക്തികള്‍ക്കൊപ്പമാണ്. മാലിയില്‍ അവര്‍ ഫ്രഞ്ച് അധിനിവേശത്തെ പിന്തുണയ്ക്കുന്നു. സിറിയയില്‍ ജനാധിപത്യ പുനഃസ്ഥാപനത്തെപ്പറ്റി വായിട്ടലയ്ക്കുന്നു. ഇറാഖില്‍ അവര്‍ കൂട്ടക്കൊലക്കുള്ള മാരകായുധങ്ങള്‍ക്കെതിരെ സംസാരിച്ചുകൊണ്ട് സാമ്രാജ്യത്വത്തിനൊപ്പം നിന്നു. കാര്യങ്ങള്‍ അറിയാത്തതുകൊണ്ടല്ല, സാമര്‍ഥ്യം കൊണ്ടാണിത്. അവരുടെ നേതൃത്വം അതുകൊണ്ടുതന്നെ പ്രഭുസമാനമായ രീതിയിലാണ് കഴിഞ്ഞുകൂടുന്നത്. അവര്‍ ബഹുരാഷ്ട്ര കുത്തകകളുടെ സമാന്തരങ്ങളാണ്. നമുക്കാണെങ്കില്‍ സംഘടിപ്പിക്കാനുള്ളത് സാധാരണ തൊഴിലാളികളെയാണ്. അക്കാര്യത്തിലാകട്ടെ, ഡബ്ല്യുഎഫ്ടിയു വളരെ മുന്നേറുന്നതാണ് സമീപകാലാനുഭവങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ വലിയൊരു ഫെഡറേഷനായ കൊസാട്ടോ വീണ്ടും ഡബ്ല്യുഎഫ്ടിയുവില്‍ അംഗത്വം തേടുകയാണ്. അവരുടെ കഴിഞ്ഞ കോണ്‍ഗ്രസില്‍ മഹാഭൂരിപക്ഷത്തോടെ ജനാധിപത്യപരമായെടുത്ത ആ തീരുമാനം നടപ്പിലാക്കുന്നത് വൈകിക്കാനാണ് ഐസിടിയു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ബഹുരാഷ്ട്രക്കുത്തകകളുടെ താല്‍പ്പര്യസംരക്ഷകരുമായി യോജിപ്പ് എന്ന കാര്യം ഒട്ടും പ്രായോഗികമല്ല. താല്‍പ്പര്യങ്ങളുടെ സംഘട്ടനം തന്നെ പ്രധാനം.

? അവസാനമായി ഒരു ചോദ്യം, ഇന്ത്യയില്‍ പണിയെടുക്കുന്നവരാകെ, ഒന്നിച്ച്, ഈ വരുന്ന ഫെബ്രുവരി 20, 21 തീയതികളില്‍ പണിമുടക്കുകയാണ്. എന്താണ് താങ്കളുടെ പ്രതികരണം? ധദേശീയ പണിമുടക്കിന് മുമ്പാണ് ഈ അഭിമുഖം തയ്യാറാക്കിയത്  എഡിറ്റര്‍പ = ഇത്തരം പ്രക്ഷോഭങ്ങള്‍ക്കൊപ്പമാണ് എന്നും ഡബ്ല്യുഎഫ്ടിയു നിലയുറപ്പിച്ചിട്ടുള്ളത്. വര്‍ഗപരമായ ഒരുയര്‍ത്തെഴുന്നേല്‍പ്പാണിത്  ജാതിമത കക്ഷി രാഷ്ട്രീയ ഭാഷാഭേദമെന്യേ തൊഴിലാളികള്‍ ഒന്നിക്കുകയാണ്. ലോകത്തെ ഇതര മേഖലകളില്‍ ഈ വന്‍ പണിമുടക്കം ആവേശമുയര്‍ത്തുക തന്നെ ചെയ്യും. വര്‍ഗൈക്യം വിപുലീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ശരിയായ ദിശയിലാണ് നീങ്ങുന്നത്. തികച്ചും ന്യായമായ ആവശ്യങ്ങളാണുന്നയിച്ചത്. ഇന്ത്യയിലെ പണിയെടുക്കുന്നവരെയാകെ ഡബ്ല്യുഎഫ്ടിയു അനുമോദിക്കുകയാണ്. ഇന്ത്യന്‍ തൊഴിലാളികളുടെ സമരശബ്ദത്തിനോടൊപ്പം ഞങ്ങളുടെ ശബ്ദവും ചേര്‍ത്തുവയ്ക്കുന്നു. "ടവര്‍ ഓഫ് കോണ്‍ഫിഡന്‍സ്"  അഭിമുഖം അവസാനിപ്പിച്ചു പുറത്തിറങ്ങുമ്പോള്‍ അനില്‍ പറഞ്ഞു. അതേ, ഈ ആത്മവിശ്വാസം ലോകത്താകെയുള്ള തൊഴിലാളികളിലേക്ക് പ്രസരിക്കേണ്ടതുണ്ട്. ഡബ്ല്യുഎഫ്ടിയുവിന് ഇനിയും കൂടുതല്‍ വലിയ കടമകള്‍ നിറവേറ്റാനായുണ്ട്. മുഴുവന്‍ സാധാരണ മനുഷ്യരുടെയും മോചകസ്ഥാനത്തേക്ക് തൊഴിലാളിവര്‍ഗം സ്വയം ഉയരുകയാണ്. കൂടുതല്‍ ശുഭാപ്തിവിശ്വാസത്തോടെ, കര്‍മധീരതയോടെ, ത്യാഗസന്നദ്ധതയോടെ ലോകതൊഴിലാളി പ്രസ്ഥാനം മുന്നോട്ടുതന്നെയാണ്.

ജോര്‍ജ് മാവ്റിക്കോസ് / എ കെ രമേശ്

No comments:

Post a Comment

Visit: http://sardram.blogspot.com