പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നാന്തെ പ്രവിശ്യയിലെ സര്‍ക്കാര്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഓഫീസിനുമുന്നില്‍ ഫെബ്രുവരി 13ന് പട്ടാപ്പകല്‍ ഒരു ആത്മാഹുതി നടന്നു. ജമാല്‍ ചാബ് എന്ന 43 വയസുള്ള, അള്‍ജീരിയന്‍ വംശജനായ, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളിയാണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരണംവരിച്ചത്. തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കുള്ള തൊഴിലില്ലായ്മാ ആനുകൂല്യം അയാള്‍ക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയാണ,് സര്‍ക്കാര്‍ നടപടിയിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് പരസ്യമായി ആത്മഹത്യചെയ്തത്. ഫ്രാന്‍സിലെ നിയമപ്രകാരം 610 മണിക്കൂര്‍ തൊഴില്‍ ലഭിച്ച ഒരാള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ വീണ്ടും ഒരു തൊഴില്‍ ലഭിക്കുന്നതുവരെയുള്ള കാലത്ത് അയാള്‍ക്ക് തൊഴിലില്ലായ്മാ ആനുകൂല്യം ലഭിച്ചിരുന്നു. ജമാല്‍ ചാബ് 720 മണിക്കൂര്‍ ജോലി ചെയ്തശേഷം തൊഴില്‍ നഷ്ടപ്പെട്ടയാളാണ്. എന്നിട്ടും എംപ്ലോയ്മെന്റ് ഏജന്‍സി അയാള്‍ക്ക് ന്യായമായും ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കുകയാണുണ്ടായത്. മുന്‍കൂട്ടി അധികാരികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടാണ് അയാള്‍ സ്വയം ജീവനൊടുക്കിയത്.
ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടുചെയ്യുന്നത്, എംപ്ലോയ്മെന്റ് ഏജന്‍സി ഉദ്യോഗസ്ഥര്‍ ബദല്‍ പരിഹാര മാര്‍ഗ്ഗങ്ങളുമായി അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് അധികാരികളുടെ ഭാഷ്യം എന്നത്രെ! ഈ ദുരന്തം തടയാന്‍ തങ്ങള്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചിരുന്നെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ ഴാങ് ബസേര്‍ എഎഫ്പിയോട് പറഞ്ഞത്. ഈ ദാരുണ സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം, ഫെബ്രുവരി 15ന്, ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിനടുത്തുള്ള സിന്‍ദെനിസ് എന്ന സ്ഥലത്തെ ഒരു പ്രൈമറി സ്കൂളിനുമുന്നിലെ റോഡില്‍ തൊഴില്‍ നഷ്ടപ്പെട്ട 40 കാരനായ മറ്റൊരു തൊഴിലാളി സ്വയം തീകൊളുത്തി മരണംവരിക്കാന്‍ ശ്രമിച്ചു; അയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ് എന്നും എഎഫ്പിയുടെ റിപ്പോര്‍ട്ടില്‍ കാണുന്നു. ഇതിനുമുമ്പ്, 2012 ആഗസ്റ്റില്‍ പാരീസിനടുത്തുള്ള മാന്തേലാ ജോള്‍ എന്ന സ്ഥലത്തും തൊഴില്‍രഹിതര്‍ക്കുള്ള ക്ഷേമാനുകൂല്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യയില്‍ അഭയംതേടിയിരുന്നു. യൂറോപ്യന്‍ യൂണിയന്റെ കര്‍ക്കശമായ ചെലവുചുരുക്കല്‍ പദ്ധതി നടപ്പാക്കപ്പെട്ടതിനെതുടര്‍ന്ന് തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതും ക്ഷേമാനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെട്ടതുംമൂലമാണ് ഇത്തരം സംഭവവികാസങ്ങള്‍ അടിക്കടി ഫ്രാന്‍സില്‍ മാത്രമല്ല, മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിക്കുന്നത്. പ്രതിഷേധ പ്രക്ഷോഭങ്ങളും പണിമുടക്കുകളും വ്യാപകമാകുന്നു.
2012ല്‍ ഫ്രാന്‍സിന്റെ സാമ്പത്തികവളര്‍ച്ച പൂജ്യമായിരുന്നു; തൊഴിലില്ലായ്മ 10.5 ശതമാനമായി വര്‍ധിച്ചു. അതായത് 31.3 ലക്ഷം തൊഴില്‍രഹിതര്‍; ഭാഗികമായി മാത്രം തൊഴിലുള്ളവരുടെ എണ്ണവുംകൂടി കൂട്ടിചേര്‍ത്താല്‍ തൊഴില്‍രഹിതര്‍ 46 ലക്ഷമാണ്. യൂറോമേഖലയില്‍ വരുന്ന 17 രാജ്യങ്ങളുടെ സമ്പദ്ഘടന 2012 അവസാന മൂന്നുമാസം (ഒക്ടോബര്‍ഡിസംബര്‍) 0.6 ശതമാനത്തോളം ചുരുക്കം (വളര്‍ച്ചയ്ക്കുപകരം തകര്‍ച്ച) അനുഭവപ്പെട്ടതായാണ് ഔദ്യോഗികമായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്.ജപ്പാനില്‍ ഇതേ ഘട്ടത്തില്‍ 0.1 ശതമാനവും ബ്രിട്ടനില്‍ 0.3 ശതമാനവും അമേരിക്കയില്‍ 0.1 ശതമാനവും സാമ്പത്തിക ചുരുക്കം ഉണ്ടായതായും അതാത് ഗവണ്‍മെന്റുകളുടെ ഔദ്യോഗിക ഏജന്‍സികളെ ഉദ്ധരിച്ച് "ഫൈനാന്‍ഷ്യല്‍ ടൈംസ്" ഫെബ്രുവരി 14ന്റിപ്പോര്‍ട്ടുചെയ്തു. യൂറോ മേഖലയില്‍ 2012ലെ നാല് പാദത്തിലും ഒരേപോലെ സാമ്പത്തികചുരുക്കം ആയിരുന്നു2012ലെ ശരാശരി സാമ്പത്തികചുരുക്കം 0.5 ശതമാനം. 1995നുശേഷം ആദ്യമായാണ് യൂറോമേഖലയില്‍ ഒരു വര്‍ഷം ഒരു പാദത്തില്‍പോലും സാമ്പത്തിക വളര്‍ച്ച ഉണ്ടാകാതിരുന്നത്. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ പൊതു സ്ഥിതിയും ഏറെക്കുറെ സമാനമാണ്.
2012 അവസാനപാദത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സമ്പദ്ഘടനയിലും 0.5 ശതമാനം ചുരുക്കം ഉണ്ടായതായാണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. ഗ്രീസിന്റെ സമ്പദ്ഘടനയില്‍ ഈ ഘട്ടത്തില്‍ 6 ശതമാനവും ഇറ്റലിയില്‍ 2.7 ശതമാനവും പോര്‍ചുഗലില്‍ 3.8 ശതമാനവും സാമ്പത്തിക ചുരുക്കം ഉണ്ടായതായാണ് "ഫൈനാന്‍ഷ്യല്‍ ടൈംസ്" റിപ്പോര്‍ട്ടുചെയ്യുന്നത്. യൂറോമേഖലയിലെ വലിയ സമ്പദ്ഘടനയായ ജര്‍മ്മനിയുടെ ജിഡിപിയില്‍ 0.6 ശതമാനം ചുരുക്കം ഉണ്ടായപ്പോള്‍ ഫ്രാന്‍സില്‍ അത് 0.3 ശതമാനമായിരുന്നു. ഈ സാമ്പത്തികചുരുക്കത്തിന്റെ ഫലമായി സ്വകാര്യ വ്യവസായരംഗത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടുന്നതായും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. കഴിഞ്ഞ മാസം ഫ്രഞ്ച് ആട്ടോമൊബൈല്‍ കമ്പനി റിനൗള്‍ട് 2016നകം 7500 തസ്തികകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുകയുണ്ടായിഅതായത് 44000 തൊഴിലാളികള്‍ ഇപ്പോള്‍ പണിയെടുക്കുന്നതില്‍ 14 ശതമാനം കുറയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ കമ്പനി 4,000 തസ്തികകള്‍ വെട്ടിക്കുറച്ച് തൊഴിലാളികളെ പുറത്തേക്ക് തള്ളിയതിനു പുറമെയാണ് ഈ പുതിയ നീക്കം. ജനറല്‍ മോട്ടോഴ്സ് ജര്‍മ്മനിയിലെ ബോഷുമിലുള്ള കാര്‍ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടും അധികകാലമായില്ല. രണ്ടാംലോക യുദ്ധാനന്തരം ആദ്യമായാണ് ജര്‍മ്മനിയില്‍ ഒരു ആട്ടോമൊബൈല്‍ സ്ഥാപനം അടച്ചുപൂട്ടുന്നത്. ജനറല്‍ മോട്ടോഴ്സിന്റെ ജര്‍മ്മനിയിലെ മറ്റു യൂണിറ്റുകളില്‍ പണിയെടുക്കുന്ന 20,000 തൊഴിലാളികളുടെ വേതനം മരവിപ്പിക്കാനും മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നു. ഇത് പൊതു സ്ഥിതിയായിരിക്കെ, ചെലവുചുരുക്കല്‍ പരിപാടിയുടെ പരീക്ഷണശാലയായി അന്താരാഷ്ട്ര ധനമൂലധനം മാറ്റിയിരിക്കുന്ന
ഗ്രീസില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയാണ്; തൊഴിലാളികളുടെ ചെറുത്തുനില്‍പ് ശക്തിപ്പെടുകയുമാണ്. ഇതിനകം, ഐഎംഎഫിന്റെയും യൂറോപ്യന്‍ യൂണിയന്റെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നിര്‍ദ്ദേശാനുസരണം നാലുതവണ ചെലവുചുരുക്കല്‍ പരിപാടികള്‍ (അൗെലേൃശേ്യ ജൃീഴൃമാാല) നടപ്പാക്കിയ ഗ്രീസ് അഞ്ചാംഘട്ട ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ ഫെബ്രുവരി 20ന് (ഇന്ത്യയില്‍ തൊഴിലാളിവര്‍ഗ്ഗം നവലിബറല്‍ നയങ്ങള്‍ക്കെതിരെ ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിക്കുന്ന അതേ ദിവസം) വീണ്ടും പൊതു പണിമുടക്ക് നടത്തുകയാണ്. ഫെബ്രുവരി 14ന് ഗ്രീസിലെ ഗവണ്‍മെന്റിന്റെ സ്ഥിതിവിവരകണക്ക് വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുപ്രകാരം 2012 നവംബര്‍ അവസാനം തൊഴിലില്ലായ്മാനിരക്ക് 27 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 2011 നവംബറില്‍ ഇത് 20.8 ശതമാനമായിരുന്നു. 2012 ഒക്ടോബറില്‍ 26.6 ശതമാനമായിരുന്നതാണ് 27 ശതമാനമായി നവംബറില്‍ വര്‍ധിച്ചത്. അതായത് ഒരു മാസത്തിനകം 30,000 തൊഴിലാളികള്‍ക്കുകൂടി തൊഴില്‍ ഇല്ലാതായി.
യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയാണ് ഏറ്റവും രൂക്ഷമായിരിക്കുന്നത്24 വയസ്സിനു താഴെ പ്രായമുള്ള തൊഴിലന്വേഷകരുടെ ശതമാനം 61.7 കവിഞ്ഞിരിക്കുന്നു. 110 ലക്ഷം ജനസംഖ്യയുള്ള ഗ്രീസില്‍ 39 ലക്ഷം ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ് ജീവിക്കുന്നത്. ഗ്രീസില്‍ ഔദ്യോഗിക ദാരിദ്ര്യരേഖയുടെ വരുമാനപരിധി ഒരാള്‍ക്ക് പ്രതിവര്‍ഷം 7,200 യൂറോ (9,700 ഡോളര്‍) ആണ്. പുതിയ ചെലവ്ചുരുക്കല്‍ പദ്ധതി നടപ്പാക്കുന്നതോടെ കൂടുതല്‍പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും തൊഴിലുള്ളവരുടെ കൂലി കുറയ്ക്കപ്പെടുകയും ക്ഷേമ പദ്ധതികള്‍ ഏറെക്കുറെ പാടേ ഉപേക്ഷിക്കുകയും ചെയ്യുന്നതോടെ സ്ഥിതിഗതികള്‍ പിന്നെയും വഷളാകും എന്നുറപ്പാണ്. രണ്ടുവര്‍ഷത്തിനകം ശമ്പളത്തില്‍ 60 ശതമാനത്തിന്റെ വെട്ടിക്കുറവാണ് അവിടെ വരുത്തിയത്. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി നിരവധി പണിമുടക്ക് പരമ്പരകള്‍ക്കും മറ്റു പ്രക്ഷോഭങ്ങള്‍ക്കും സാക്ഷ്യംവഹിച്ച ഗ്രീസില്‍ വീണ്ടും പൊതുപണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി 15ന് അംഗവൈകല്യം ബാധിച്ചവര്‍ തങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിലും അവരില്‍ തൊഴിലുള്ളവര്‍ക്ക് ലഭിച്ചിരുന്ന ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കുന്നതിലും പ്രതിഷേധിച്ച് പ്രകടനം നടത്തുകയുണ്ടായി. നൂറുകണക്കിനാളുകള്‍ വീല്‍ചെയറുകളില്‍ എത്തി പ്രകടനത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 11ന് മാധ്യമ പ്രവര്‍ത്തകര്‍ ശമ്പളം കുറയ്ക്കുന്നതിനും പിരിച്ചുവിടലുകള്‍ക്കുമെതിരെ പണിമുടക്കി പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തുകയുണ്ടായി. അച്ചടി മാധ്യമങ്ങളിലെയും റേഡിയോസ്റ്റേഷനുകളിലെയും ടിവി ചാനലുകളിലെയും മാധ്യമപ്രവര്‍ത്തകരും ഇതര ജീവനക്കാരുമാണ് ഈ പണിമുടക്കിലും പ്രകടനത്തിലും അണിനിരന്നത്. ഇവരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിവിധ വിഭാഗം തൊഴിലാളികളും ജീവനക്കാരും പ്രകടനത്തില്‍ പങ്കെടുക്കുകയുണ്ടായി.
ജനുവരി 31ന് ആരോഗ്യമേഖലയിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും പണിമുടക്കി ആതന്‍സിലെ സിന്റാഗ്മ സ്ക്വയറില്‍ പ്രതിഷേധ റാലി നടത്തുകയുണ്ടായി. സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരും ക്ലിനിക്കല്‍ സ്റ്റാഫും ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിപ്രകാരം ലഭിക്കുന്ന ഫീസില്‍ 20 ശതമാനം കുറവ് വരുത്തിയതിനാലാണ് സ്വകാര്യമേഖലയിലുള്ളവര്‍ പണിമുടക്കിയതെങ്കില്‍, ചെലവ്ചുരുക്കല്‍ പരിപാടിമൂലം തകര്‍ന്നുകഴിഞ്ഞ പൊതു ആരോഗ്യമേഖലയില്‍ 150 കോടി യൂറോയുടെ വെട്ടിക്കുറവുകൂടി വരുത്തുമെന്ന പ്രഖ്യാപനത്തിനെതിരെയാണ് സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പണിമുടക്കി തെരുവിലിറങ്ങിയിരിക്കുന്നത്.
ആതന്‍സ് മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം 4000ത്തില്‍ അധികം ഡോക്ടര്‍മാര്‍ രാജ്യം വിട്ടതായാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രക്ഷോഭമാണ് തങ്ങള്‍ നടത്തുന്നത് എന്നാണ് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ പറയുന്നത്. കൂലി കുറയ്ക്കുന്നതിനും തൊഴില്‍ നഷ്ടപ്പെടുന്നതിനും എതിരെ മാത്രമല്ല, ചെലവുചുരുക്കലിന്റെ ഭാഗമായി നടപ്പാക്കപ്പെടുന്ന ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെയും കൂടിയാണ് പ്രക്ഷോഭം എന്നാണ് അവര്‍ പ്രസ്താവിക്കുന്നത്. 6,000 ഡോക്ടര്‍മാരെയും 20,000 നേഴ്സുമാരെയും കൂടുതലായി നിയമിക്കണമെന്നും ചികിത്സാ ഉപകരണങ്ങളും മരുന്നും ആവശ്യാനുസരണം ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു.
ഈ പ്രക്ഷോഭത്തിലും ഗ്രീസിലെ ഇതര തൊഴിലാളികളും അണിനിരക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ തൊഴിലാളികളും 4 മണിക്കൂര്‍ പണിമുടക്കി പ്രകടനം നടത്തുകയുമുണ്ടായി. മുനിസിപ്പല്‍ തൊഴിലാളികള്‍, ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ തൊഴിലാളികള്‍, വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം വിവിധതരത്തില്‍ പ്രക്ഷോഭരംഗത്താണ്. നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കര്‍ഷകരും പ്രകടനങ്ങളും വഴിതടയല്‍പോലുള്ള പ്രക്ഷോഭങ്ങളും നടത്തുകയാണ്. കടുത്ത അടിച്ചമര്‍ത്തലുകള്‍ അതിജീവിച്ചാണ് ഗ്രീസില്‍ അധ്വാനിക്കുന്ന വിവിധ വിഭാഗം ജനങ്ങള്‍ പ്രക്ഷോഭരംഗത്ത് അണിനിരക്കുന്നത്. പണിമുടക്ക് നിരോധനംപോലെയുള്ള ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങളുപയോഗിച്ചും കലാപ പൊലീസിനെ പ്രകടനങ്ങള്‍ക്കുനേരെ അഴിച്ചുവിട്ടുമാണ് ഭരണാധികാരികള്‍ ഈ പ്രക്ഷോഭ കൊടുങ്കാറ്റിനെ തടയാന്‍ വൃഥാ ശ്രമിക്കുന്നത്.
ജി വിജയകുമാര്‍
No comments:
Post a Comment
Visit: http://sardram.blogspot.com