23 May, 2011

ജനാധിപത്യത്തിനു മേല്‍ ഭൂതബാധകള്‍

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് വിവിധ മാനങ്ങളിലും വീക്ഷണകോണുകളിലും അത് വിശകലനം ചെയ്യുകയാണ് മാധ്യമങ്ങളും രാഷ്ട്രീയ ചിന്തകരും. കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയാണ് മിക്കവാറും എല്ലാ വന്‍ മാധ്യമങ്ങളും സ്വതന്ത്ര ചിന്തകരും ഉദ്ഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. ഭൂരിപക്ഷ വര്‍ഗീയ ഫാസിസത്തിനും, ആഗോള സാമ്രാജ്യത്വത്തിന്റെ യുദ്ധോത്സുകവും ആക്രാമകവുമായ രാഷ്ട്രീയ-സാമ്പത്തികനയങ്ങള്‍ക്കും എതിരായ മുന്നണി കെട്ടിപ്പടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇന്ത്യന്‍ ഇടതു പക്ഷം. പാര്‍ലമെന്റിലും പുറത്തുമായി ഇടതു പക്ഷ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും കര്‍ഷകസംഘടനകളും സാംസ്ക്കാരിക-യുവജന-വിദ്യാര്‍ത്ഥി-മഹിളാ പ്രസ്ഥാനങ്ങളും നടത്തി വരുന്ന ബഹുമുഖപ്പോരാട്ടത്തെ തീരെ ചെറിയ അളവില്‍ പിന്നോട്ടടിപ്പിക്കാന്‍ ഈ പരാജയത്തിന് സാധിച്ചേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയങ്ങളും പ്രയോഗപദ്ധതികളും രൂപപ്പെടുത്തുന്നതിലൂടെ അതിനെ മറികടക്കാവുന്നതേ ഉള്ളൂ. എന്നാല്‍; ഇടതുപക്ഷത്തിന്റെ പരാജയം, കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ/മുതലാളിത്താനുകൂല സെക്കുലര്‍ ശക്തികള്‍ക്ക് പോലും പ്രയോജനപ്രദമായ രീതിയിലാണ് വിന്യസിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നതെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഈ വിടവിലൂടെ വലതുപക്ഷ തീവ്ര/മൃദു ഹിന്ദുത്വ ശക്തികളും ജനാധിപത്യ വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അരാജകവാദികളും രംഗം കയ്യടക്കാനുള്ള സാധ്യത തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള ശക്തികളുടെ കടന്നുവരവിനെ ചെറുക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനാണെങ്കിലും അത് തിരിച്ചറിഞ്ഞ് അവസരത്തിനൊത്തുയരാന്‍ ആ പാര്‍ടിക്കും അതിനെ നയിക്കുന്നവര്‍ക്കും സാധിക്കുമെന്ന് കരുതുന്നത്; സമീപകാല ചരിത്രമെങ്കിലും ഓര്‍മയുള്ളവര്‍ക്ക് കരണീയമായ കാര്യവുമല്ല.

കോടികളുടെ അഴിമതിയാണ് തമിഴ്നാട്ടിലെ തി മു ക സര്‍ക്കാരും പാര്‍ടിയും നടത്തിപ്പോന്നത്. ടു ജി സ്പെക്ട്രം അഴിമതി മാത്രമല്ല കരുണാനിധിയുടെ പാര്‍ടിയും കുടുംബവും നടത്തിയത്. തമിഴ് സിനിമയും ടെലിവിഷന്‍ ചാനലുകളും കേബിള്‍ ശൃംഖലയും ഡി ടി എച്ചും ഇതിനകം കരുണാനിധിയുടെ കുടുംബം സ്വന്തമാക്കുകയും കുത്തകവത്ക്കരിക്കുകയും ചെയ്തു കഴിഞ്ഞു. സണ്‍ പിക്ച്ചേഴ്സ് കലാനിധി മാരന്‍ വഴങ്കാത്ത (അവതരിപ്പിക്കാത്ത) സിനിമകള്‍ തമിഴിലിറങ്ങുന്നത് ചുരുക്കമാണ്. ഈ കുത്തകകളെ ചോദ്യം ചെയ്യുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ അവരെത്ര വലിയവരായാലും ശരി പീഡിപ്പിക്കുന്ന പ്രവണതയും വ്യാപകമാണ്. ഇളയ ദളപതി എന്ന ഓമനപ്പേരിലറിയപ്പെടുന്ന വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ കാവലന്‍ എന്ന ഹിറ്റ് സിനിമ തിയറ്ററുകളിലെത്താതിരിക്കാന്‍ സണ്‍/മാരന്‍/തി മു ക ശക്തികള്‍ എല്ലാ ശ്രമങ്ങളും നടത്തുകയുണ്ടായി. തമിഴ്നാട്ടിലെ ഒട്ടുമിക്ക സ്വാശ്രയ കോളേജുകളും സ്വകാര്യ സര്‍വകലാശാലകളും ജ്വല്ലറികളും പടുകൂറ്റന്‍ തുണിക്കടകളും ഇതേ കുടുംബത്തിന്റേതാണെന്ന ശ്രുതിയും പ്രബലമാണ്. (ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ ചിലപ്പോള്‍ പാടെ തെറ്റാവാനും സാധ്യതയുണ്ട്. കേരളത്തില്‍, ഏതാനും വര്‍ഷം മുമ്പ് ഏതു കെട്ടിടം കണ്ടാലും അത് മുരളീധരന്റേതാണെന്നായിരുന്നു ശ്രുതി. പിന്നീട്, അതെല്ലാം പി കെ കുഞ്ഞാലിക്കുട്ടിയുടേതായി. അതിനും ശേഷം എല്ലാ കെട്ടിടവും ആശുപത്രിയും സ്ഥലവും പിണറായിയുടേതാണെന്ന പ്രചാരണവും ശക്തമായിരുന്നു. അതുകൊണ്ട്; സ്വാശ്രയ വിദ്യാഭ്യാസമേഖല, ജ്വല്ലറികള്‍, തുണിക്കടകള്‍ എന്നിവയിലെ തിമുക/കരുണാനിധി പിടിമുറുക്കലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വെള്ളം കൂട്ടാതെ വിഴുങ്ങേണ്ടതില്ല!).

എന്താണെങ്കിലും തമിഴ് സ്വാഭിമാന പ്രസ്ഥാനത്തിന്റെയും നിരീശ്വരവാദ ആശയത്തിന്റെയും ബ്രാഹ്മണ/ഹിന്ദി/സംസ്കൃത വിരുദ്ധ മുന്നണിയുടെയും പിന്തുടര്‍ച്ചക്കാരെന്നവകാശപ്പെടുന്ന തി മു കക്ക് ചരിത്രത്തില്‍ കിട്ടാന്‍ പോകുന്ന സ്ഥാനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. കരുണാനിധി സര്‍ക്കാര്‍ നടത്തി വന്ന ക്രൂരമായ ജനാധിപത്യ ധ്വംസനത്തിനെതിരായ ഉജ്വലമായ ജനവിധിയാണ് തമിഴ് ജനത നടത്തിയത്. ഡി എം ഡി കെയുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ, ജയലളിതയും അ തി മു കയും നേടിയ വിജയം തമിഴ്നാട്ടിലെ ജനാധിപത്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍, ആ പ്രതീക്ഷയെ തല്ലിക്കെടുത്തും വിധത്തില്‍ ഒരു വണ്ണം കൂടിയ പഞ്ചനക്ഷത്ര പൂക്കൂട, 'പരിസ്ഥിതി നാശം വരാത്ത' കനമുള്ള സുതാര്യ പ്ളാസ്റിക്ക് കടലാസില്‍ പൊതിഞ്ഞ് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുന്നതും അവരത് നിറഞ്ഞ സന്തോഷത്തോടെ വാങ്ങുന്നതും ബ്ളാക്ക് ആന്റ് വൈറ്റിലാണെങ്കിലും തികഞ്ഞ വര്‍ണധാടിയോടെ ദ ഹിന്ദുവിന്റെ ഉള്‍പേജില്‍ മെയ് 17ന് ചൊവ്വാഴ്ച അച്ചടിച്ചു വന്നത്, സമാധാന/മതേതര/പുരോഗമന വാദികള്‍ക്ക് ഉള്‍ക്കിടിലത്തോടെയല്ലാതെ നോക്കാനാവില്ല. കാരണം, എം ജി ആര്‍/രജനീകാന്ത് സിനിമകളില്‍ കാണാറുള്ളതു പോലെ, ആ പഞ്ചനക്ഷത്ര പൂക്കൂട സ്വയമേവ അവതരിച്ച് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുകയായിരുന്നില്ല. കറുത്തതോ മറ്റോ ആയ നിറത്തില്‍ വരിഞ്ഞു കെട്ടിയ ഒരു ചരടിന്റെ കൂട്ടത്താല്‍ തിരിച്ചറിയപ്പെടുന്ന ഒരു കൈത്തണ്ടയാണ് ആ പൂക്കൂട അമ്മക്ക് സമര്‍പ്പിക്കുന്നത്. ആ കൈത്തണ്ടക്ക് മുകളിലാകട്ടെ നരച്ച താടിയും കണ്ണടയും നരച്ച മുടിയും വാ തുറന്ന ചിരിയുമുള്ള ഒരു മുഖവുമുണ്ട്. അത് മറ്റാരുടേതുമല്ല, സാക്ഷാല്‍ നരേന്ദ്രമോഡിയുടേതു തന്നെ. വികസന രഥയാത്രയുടെയും ഒബാമയുടെ നന്ദി-മറുപടിക്കത്തിന്റെയും എല്ലാ തിരക്കുകളും മാറ്റി വെച്ച് മോഡി, പ്രത്യേക വിമാനം പിടിച്ച് ഗാന്ധി നഗറില്‍ നിന്ന് ചെന്നൈയില്‍ പറന്നെത്തുകയായിരുന്നു. തമിഴ്നാട് അസംബ്ളി ഫലം ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുമുണ്ടായി. ഇതു തന്നെ അത്തരമൊരു പ്രതിഫലനമാണല്ലോ! വോട്ടുബാങ്കുകളിലധിഷ്ഠിതമായ രാഷ്ട്രീയക്കാരുടെ ക്യാമ്പിനു പകരം, വികസനം മുഖ്യ അജണ്ടയായെടുത്ത് അതിനോട് പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തെ ദ്വിമുഖമാക്കിയിരിക്കുന്നുവെന്നാണ്, മോഡി എന്ന തത്വചിന്തകന്‍ തമിഴ്നാട് ഫലത്തെ വിശകലനം ചെയ്യുന്നത്. തന്റെ 'നല്ല സുഹൃത്തി'ന്റെ വിജയമാണ് ജയലളിതയുടെ വിജയത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് മോഡി ആഹ്ളാദിക്കുന്നത്. അഴിമതിക്കും കുടുംബവാഴ്ചക്കുമെതിരായി തമിഴ്നാട് ജനത പ്രതികരിച്ചിരിക്കുന്നുവെന്നും ഇത് രാജ്യത്താകെ ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ അഴിമതിക്കൂടാരത്തിനും സോണിയ ഗാന്ധിയുടെ കുടുംബവാഴ്ചക്കും എതിരായി ഇന്ത്യയില്‍ ഉയര്‍ന്നു വരാന്‍ സാദ്ധ്യതയുള്ള ജനവികാരത്തെ മുതലെടുക്കാനുള്ള തന്ത്രമാണ് മോഡിയുടെ വാക്കുകളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നതെന്ന് പറയേണ്ട ആവശ്യം തന്നെയില്ല.

സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദ്ധന്‍ ഈ നാണം കെട്ട ചടങ്ങില്‍ സാക്ഷിയായെത്തി എന്നത്, ഇന്ത്യന്‍ ഇടതു പക്ഷത്തെ ലജ്ജാകരമായ അവസ്ഥയിലെത്തിക്കുന്നു. 'എല്ലാവരും ഒരേ ഫീല്‍ഡിലുള്ളവരാണ്; പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം; രാഷ്ട്രീയ പരിപാടികള്‍ വ്യത്യാസപ്പെട്ടേക്കാം; മനുഷ്യരെന്ന നിലക്ക് അത് മര്യാദ മാത്രമാണ്.' ഏതായാലും ഒരു കാര്യം ഉറപ്പായി. കാര്യങ്ങള്‍ തുറന്നു പറയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് മോഡി മുതല്‍ ബര്‍ദ്ധന്‍ വരെയുള്ളവര്‍ക്ക് കാവ്യാത്മകവും തത്വചിന്താപരവുമായ ഭാഷയില്‍ സംസാരിക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യയിലെ കവിതയുടെ കൂമ്പടഞ്ഞുവെന്ന് നിരീക്ഷിച്ച നിരൂപകരാരാണ്? അവരെ തിരുത്തുക.

മഞ്ചേശ്വരം, കാസറഗോഡ്, നേമം എന്നീ സീറ്റുകളില്‍ ബി ജെ പി പരാജയപ്പെട്ടത് യു ഡി എഫും എല്‍ ഡി എഫും ക്രോസ് വോട്ട് ചെയ്തിട്ടാണെന്നാണ്, മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ടെത്തല്‍. അത് സത്യം തന്നെയാകട്ടെ. കാരണം, കേരള സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് അവരുടെ പാര്‍ടി നേതാക്ക•ാരേക്കാള്‍ ചരിത്ര ബോധവും രാഷ്ട്രീയ വിവേകവും ജനാധിപത്യ ധാരണയുമുണ്ടെന്നു തന്നെയാണല്ലോ ഇത് തെളിയിക്കുന്നത്. ആ ക്രോസ് വോട്ട് ചെയ്ത വോട്ടര്‍മാരുടെ പേരില്‍ കേരളം അഭിമാനം കൊള്ളുന്നു. എന്നാല്‍, തങ്ങളെ ഇത്തരത്തില്‍ വളരെ കഷ്ടപ്പെട്ട് നിരാകരിക്കുന്ന കേരളീയരോട് നേര്‍ക്കു നേര്‍ അഭിമുഖീകരിക്കാനുള്ള പാകത ബി ജെ പി നേതൃത്വം കാണിക്കുന്നില്ല എന്നതിന്റെ തെളിവാണ്, യു ഡി എഫ് മന്ത്രിസഭാ രൂപീകരണത്തില്‍ അതിഗുരുതരമായ ഇടപെടല്‍ നടത്താനുള്ള അവരുടെ ശ്രമം തെളിയിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ദേശീയ പാര്‍ടി ഏറ്റെടുക്കണമെന്നുള്ള, മതേതര മുഖംമൂടിയണിഞ്ഞതെന്ന വിധത്തിലുള്ള ആഗ്രഹ പ്രകടനം കേരളത്തിന്റെ ജനാധിപത്യ-ഭരണ ചരിത്രത്തെ അങ്ങേയറ്റം അപഹസിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമാണ്. മുസ്ളിംലീഗിനോ കേരളാ കോണ്‍ഗ്രസിനോ വിദ്യാഭ്യാസവകുപ്പ് കൊടുത്താല്‍, അത് കേരള വിദ്യാഭ്യാസ വ്യവസ്ഥയെയും അതുവഴി കേരളസമൂഹത്തെയും തകര്‍ക്കുമെന്നാണല്ലോ ഈ ആവലാതിയുടെ കാതല്‍. ഇന്ത്യന്‍ ഭരണഘടനക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചട്ടങ്ങള്‍ക്കും കടകവിരുദ്ധമായ ഇത്തരമൊരു അഭിപ്രായം തീവ്ര-വലതുപക്ഷ-വര്‍ഗീയ ശക്തികള്‍ ഉന്നയിക്കുമ്പോള്‍ അത് ചെറുക്കുന്നതിനു പകരം അതിനെ ഒളിഞ്ഞും തെളിഞ്ഞും ഓമനിക്കുകയും താലോലിക്കുകയും ചെയ്യുന്ന രീതി, കപട ഇടതുപക്ഷക്കാരും മൃദു ഹിന്ദുത്വക്കാരും തുടങ്ങിക്കഴിഞ്ഞുവെന്ന അത്യന്തം ഹീനമായ വസ്തുതയും നാം കാണാതിരുന്നു കൂടാ. ഇടതു വലതു മുന്നണികളിലായി പല തവണ അധികാരത്തിലെത്തുകയും, പല വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുള്ളവരാണ് മുസ്ളിംലീഗും കേരളാ കോണ്‍ഗ്രസും. അതിന്റെ ഭാഗമായി കേരളം അറബിക്കടലിലൊലിച്ചുപോയിട്ടൊന്നുമില്ല. ഇനിയൊട്ട് ഒലിച്ചു പോകാനും പോകുന്നില്ല. കഴിഞ്ഞതിനു മുമ്പത്തെ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ്; ഇന്ത്യന്‍ ജനതയുടെ പിന്തുണ ഉണ്ടായിട്ടും, സോണിയാ ഗാന്ധിയുടെ ഇന്ത്യന്‍ പൌരത്വം ചോദ്യം ചെയ്യുകയും അവരുടെ പ്രധാനമന്ത്രി പ്രവേശം അസാധ്യമാക്കുകയും ചെയ്ത തരത്തിലുള്ള ഇടപെടലാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തിയത്. ഈ അനുഭവമാണ്, കേരള രാഷ്ട്രീയത്തില്‍ കനത്ത തോതില്‍ നിരാകരണം ഏറ്റുവാങ്ങിയിട്ടും ഇടപെടാനും അതിതീവ്രമായ തരത്തില്‍ വര്‍ഗീയവത്ക്കരിക്കാനുമുള്ള ധൈര്യം അവര്‍ക്ക് പകര്‍ന്നു നല്‍കിയതെന്നു വേണം കരുതാന്‍. എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ ആഘോഷിക്കപ്പെട്ട കൂട്ട ഉണ്ണാവ്രതത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് നിരങ്ങാന്‍ കഴിഞ്ഞതിന്റെ ആവേശം കൂടിയാണ് അവരെ യു ഡി എഫ് രാഷ്ട്രീയത്തെയും അതു വഴി കേരള രാഷ്ട്രീയത്തെയും പിടി കൂടാന്‍ പോകുന്ന ഭൂതബാധയായി പരകായപ്രവേശം നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്നും കരുതാവുന്നതാണ്.

@@


ജി പി രാമചന്ദ്രന്‍

21 May, 2011

പട്ടിണിക്കാര്‍ പെരുകുമ്പോള്‍ സംഭരിച്ച ധാന്യം നശിക്കുന്നു

ലോകത്ത് പട്ടിണി കിടക്കുന്നവരില്‍ മൂന്നിലൊരു ഭാഗം ഇന്ത്യയിലാണ്. 836 ദശലക്ഷം ഇന്ത്യക്കാരുടെ ദിവസവരുമാനം കേവലം 20 രൂപയില്‍ താഴെയാണ്. എന്നിട്ടും ശരാശരി 2.7 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേടായി ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ നശിക്കുന്നു. 40 ദശലക്ഷം ജനങ്ങളുടെ വിശപ്പടക്കാന്‍ ഈ ധാന്യം മതിയാകും. കൂടാതെ ഈ ധാന്യം നശിപ്പിക്കുന്നതിന് സര്‍ക്കാരിന് ചെലവാകുന്ന തുക 2.6 കോടി രൂപയാണ്. ആഗോള പട്ടിണി സൂചിക പ്രകാരം 300 ദശലക്ഷം ഇന്ത്യക്കാര്‍ പട്ടിണി കിടക്കുമ്പോഴാണ് ഈ രീതിയില്‍ ധാന്യങ്ങള്‍ നശിപ്പിച്ചു കളയുന്നത്.

യുണിസെഫ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ മൂന്ന് വയസില്‍ താഴെയുളള 46 ശതമാനം കുട്ടികള്‍ പ്രായത്തിനനുസരിച്ച് വളര്‍ച്ച ഇല്ലാത്തവരാണ്. 47 ശതമാനം കുട്ടികള്‍ ഭാരക്കുറവ് അനുഭവിക്കുന്നു. പോഷകാഹാരക്കുറവ് നിമിത്തം കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 1,22,422 കുട്ടികള്‍ മരിച്ചു.

2010 ജുലായ് മാസത്തില്‍ കൃഷിമന്ത്രി ശരത് പവാര്‍ 6.86 കോടി രൂപ വിലമതിക്കുന്ന 117 ടണ്‍ അരിയും ഗോതമ്പും ഫുഡ് കോര്‍പ്പറേഷന്‍ വെയര്‍ഹൗസുകളില്‍ കേടുവന്ന് നശിച്ചതായി സമ്മതിച്ചു. പത്രങ്ങള്‍ ഇത് പെരുപ്പിച്ചു കാട്ടുന്നതായി മന്ത്രി പരാതിപ്പെടുകയാണുണ്ടായത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടി 10,688 ടണ്‍ ഭക്ഷ്യധാന്യം രാജ്യങ്ങളിലെ വിവിധ ഗോഡൗണുകളില്‍ നശിച്ചു എന്നാണ്. 1997 നും 2007നും ഇടയില്‍ 1.83 ലക്ഷം ടണ്‍ ഗോതമ്പും 6.33 ലക്ഷം ടണ്‍ അരിയും 2.20 ലക്ഷം ടണ്‍ നെല്ലും 111 ലക്ഷം ടണ്‍ ചോളവും വിവിധ ഗോഡൗണുകളില്‍ നശിച്ചു.

ധാന്യങ്ങള്‍ കേടുവന്നു നശിപ്പിക്കുന്നതിനു പകരം പട്ടിണി കിടക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ 2010 ഓഗസ്റ്റ് 12-ാം തീയതി സുപ്രിംകോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സുപ്രിം കോടതിയുടേത് നിര്‍ദേശം മാത്രമാണെന്ന് കൃഷി മന്ത്രി പ്രസ്താവിച്ചപ്പോള്‍ ഓഗസ്റ്റ് 31ന് സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന് കൃത്യമായ ഉത്തരവ് നല്‍കി. പാര്‍ലമെന്റില്‍ ഈ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ പ്രധാനമന്ത്രി നയപരമായ കാര്യത്തില്‍ കോടതി ഇടപെടേണ്ടതില്ല എന്ന് പോലും പ്രസ്താവിച്ചു. ഭക്ഷ്യ ധാന്യങ്ങള്‍ സൗജന്യമായി നല്‍കിയാല്‍ കര്‍ഷകര്‍ ഉല്‍പാദനം കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും വാദം.

നവലിബറല്‍ നയം നടപ്പിലാക്കുമ്പോള്‍ റേഷന്‍ കടകള്‍ അടച്ചുപൂട്ടും പൊതുവിതരണ സമ്പ്രദായം തീരെ ഇല്ലാതാകും. സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിന് സബ്‌സിഡി ഇനത്തില്‍ ചെലവ് വര്‍ധിക്കും. ചെലവ് വര്‍ധിച്ചാല്‍ അത്രയും തുക കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നതില്‍ കുറവ് വരും.

കഴിഞ്ഞകാലങ്ങളില്‍ കുത്തകകള്‍ക്ക് നല്‍കിയ നികുതി സൗജന്യങ്ങള്‍ പരിശോധിച്ചാല്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായതിലും കൂടുതലാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കിലോഗ്രാമിന് മൂന്ന് രൂപാ നിരക്കില്‍ അരിയോ ഗോതമ്പോ നല്‍കാന്‍ 84,399 കോടി രൂപയുടെ സബ്‌സിഡി വേണ്ടിവരുമെന്ന് ധനശാസ്ത്രജ്ഞരായ പ്രവീന്‍ ഝാ, നിലച്ചേല്‍ അഛാന്‍ തുടങ്ങിയവര്‍ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ നികുതി സൗജന്യത്തില്‍ ആറിലൊരു ഭാഗം മാത്രമാണ് ഇത്.

1991 ല്‍ നവലിബറല്‍ നയങ്ങള്‍ ആരംഭിച്ചതോടെ പൊതുവിതരണ സമ്പ്രദായം താറുമാറാക്കാന്‍ ശ്രമം തുടങ്ങി. 1997 ല്‍ സാര്‍വത്രിക പൊതുവിതരണം നിര്‍ത്തലാക്കി. എ പി എല്‍, ബി പി എല്‍ വിഭജനം നടന്നു. ഭക്ഷ്യ സബ്‌സിഡി ബി പി എല്‍ വിഭാഗത്തിനു മാത്രമായി ചുരുക്കി. എ പി എല്‍, ബി പി എല്‍ വിഭജനം ആസൂത്രണ കമ്മിഷനാണ് നടത്തേണ്ടത്. ഗ്രാമപ്രദേശങ്ങളില്‍ മാസവരുമാനം 356 രൂപയായും നഗരങ്ങളില്‍ 539 രൂപയും ആണ് പരിധി നിശ്ചയിക്കപ്പെട്ടത്. ക്രയശേഷിയെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍ എന്ന് ആസൂത്രണ കമ്മിഷന്‍ അവകാശപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 2,400 കലോറിയും പട്ടണങ്ങളില്‍ 2100 കലോറിയും ആണ് നിശ്ചയിച്ചത്. അതായത് ഗ്രാമങ്ങളില്‍ ദിവസവരുമാനം 10 രൂപയില്‍ കൂടുതലും പട്ടണങ്ങളില്‍ 20 രൂപയില്‍ കൂടുതലും ഉള്ളവര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യനിരക്കില്‍ ലഭിക്കുന്നതല്ല എന്ന് സാരം.

1964 ലാണ് ഫുഡ് കോര്‍പപറേഷന്‍ ഓഫ് ഇന്ത്യ രൂപീകരിച്ചത്. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഭക്ഷ്യധാന്യ വിതരണം സുഗമമാക്കാനും ഉദേശിച്ചായിരുന്നു ഈ ദിശയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അക്കാലത്ത് നിലനിന്ന ഭക്ഷ്യക്ഷാമവും കച്ചവടക്കാര്‍ അനുവര്‍ത്തിച്ച ജനവിരുദ്ധ സമീപനവുമാണ് എഫ് സി ഐയുടെ രൂപീകരണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കാലം കടന്നുപോയപ്പോള്‍ നവലിബറല്‍ നയങ്ങള്‍ ഭരണത്തിന്റെ മുഖ്യ അജണ്ടയായി മാറുകയും എഫ് സി ഐയും പൊതുവിതരണവും അവര്‍ക്ക് അലര്‍ജിയായി മാറുകയും ചെയ്തു. ബഹുരാഷ്ട്ര കുത്തകകള്‍ ധാന്യവിതരണം ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ ധാന്യം സംഭരിക്കുന്നത് അവര്‍ക്ക് മാര്‍ഗതടസമാണ്. അതുകൊണ്ട് ധാന്യ സംഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല എന്നാണ് അവരുടെ ആവശ്യം. ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ ധാന്യം സൂക്ഷിക്കാന്‍ പര്യാപ്തമല്ലെന്നും പുതിയ ഗോഡൗണുകള്‍ നിര്‍മിക്കണമെന്നും ആവശ്യം ഉയര്‍ന്നപ്പോള്‍ അതും സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ് യു പി എ സര്‍ക്കാര്‍ ചെയ്തത്. ഒന്നാം യു പി എ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് (2004 മാര്‍ച്ച് 31) സര്‍ക്കാര്‍ ഗോഡൗണുകളിലെ ശേഷി 367 ലക്ഷം മെട്രിക് ടണ്ണും സ്വകാര്യ മേഖലയില്‍ 170 ലക്ഷം മെട്രിക് ടണ്ണും ആയിരുന്നു. ഒന്നാം യു പി എ യുടെ അവസാനകാലത്ത് (2009 മാര്‍ച്ച് 31) സര്‍ക്കാര്‍ ഗോഡൗണുകളിലെ ശേഷി 321 ലക്ഷം മെട്രിക് ടണ്ണും ആയി കുറയുകയും സ്വകാര്യ മേഖലയില്‍ 248 ലക്ഷം മെട്രിക് ടണ്ണും ആയി വര്‍ധിക്കുകയും ചെയ്തു.
സര്‍ക്കാര്‍ ഗോഡൗണുകള്‍ പല പ്രദേശങ്ങളിലും പൂര്‍ണമായി ഉപയോഗിച്ചില്ല എന്നതാണ് വിചിത്രം. തെക്കേ ഇന്ത്യയില്‍ 100 ശതമാനം ഉപയോഗിക്കുമ്പോള്‍ കിഴക്കന്‍ മേഖലയില്‍ 25 ശതമാനവും പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 15 ശതമാനവും ഗോഡൗണും കാലിയായിരുന്നു. ധാന്യ സംഭരണത്തിനുളള ഗോഡൗണുകള്‍ സ്വകാര്യവല്‍ക്കരിക്കുകയും മറുഭാഗത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വര്‍ധിക്കുകയും ചെയ്തു. ആളോഹരി ഭക്ഷ്യലഭ്യത 2007-08 ല്‍ 171.3 കിലോഗ്രാം ആയിരുന്നത് 2009-10ല്‍ 161.9 കിലോഗ്രാം ആയി കുറഞ്ഞു.

ഭക്ഷ്യധാന്യങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങളാണ് കാരണം. ഇതേ നയങ്ങള്‍ തന്നെയാണ് ധാന്യങ്ങള്‍ നശിപ്പിക്കുന്നതും. ഇന്ത്യന്‍ ജനതയ്ക്ക് അവകാശപ്പെട്ട ധാന്യമാണ് ഒരു ഭാഗത്ത് നശിപ്പിക്കപ്പെടുന്നത്. മറുഭാഗത്ത് പട്ടിണി ഉയരുന്നു.
@
കെ ജി സുധാകരന്‍ ജനയുഗം 20 മേയ് 2011

12 May, 2011

അന്തുക്കയുടെ 17ാം വരവ്‌



അന്തുക്കയുടെ കഥ മനസ്സിനെ നൊമ്പരപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഏതൊരു പ്രവാസിയും അനുഭവിക്കുന്ന വേദനയെ അന്തുക്കയും അനുഭവിച്ചിട്ടുള്ളൂ. എന്തായിരുന്നു അന്തുക്കയുടെ പതിനേഴാം വരവ്. 'അന്തുക്കയുടെ പതിനേഴാം വരവെന്ന' തലക്കെട്ടിലുള്ളപ്പോള്‍ ഒരു കഥയായിരിക്കും എന്ന തോന്നലുണ്ടായിരിക്കുക സ്വാഭാവികം. അന്തുക്കയുടെ അഥവാ അബ്ദുള്ളക്കയുടെ ജീവിതം തുടങ്ങുന്നത് പ്രവാസ കുടിയേറ്റത്തിന്റെ തിരക്കിട്ട തള്ളിച്ചയിലെ 33 വര്‍ഷം മുന്‍പ്.

ആരായിരുന്നു അബ്ദുള്ളക്ക എന്ന അന്തുക്ക? കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചൊക്ലിയെന്ന ഗ്രാമത്തിലെ ഒരു നാട്ടുമ്പുറത്തുകാരന്‍. ചൊക്ലി മാപ്പിള സ്‌കൂളിലെ പഠനവും ദാരിദ്ര്യത്തിന്റെ കാഠിന്യവും ഒന്നിച്ച്‌കൊണ്ടു പോകാന്‍ കഴിയാത്തതിന്റെ പേരില്‍ പഠനവും കൗമാരവും ഗ്രാമത്തിന്റെ നന്മയും ഉപേക്ഷിച്ച് കടല്‍ കടന്ന് വന്ന നമ്മുടെ പൂര്‍വ്വികരില്‍ ഒരാള്‍. നൂറുകണക്കിന് തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായ ഈ മണല്‍ക്കാട്ടിലേക്ക് അന്തുക്കയും എത്തിപ്പെട്ടു.

പലതൊഴിലും ചെയ്തു. അവസാനം എത്തിയത് ഒരു യമനിയുടെ ഹോട്ടലില്‍. പത്തിരിയും ഇറച്ചിയും പുട്ടും കടലയും ചോറും മത്തിക്കറിയും തിന്നറിവ് മാത്രമുള്ള അന്തുക്ക മന്ദബൂസും ഖബ്‌സയും അലീസയും മന്തിയും പാകപ്പെടുത്താന്‍ ശീലിച്ചു. അങ്ങനെ കാലാന്തരത്തില്‍ യമനിയുടെ കിച്ചനില്‍ അന്തുക്ക ഉസ്താദായി. അറബികളുടെ ഭക്ഷണ രീതിയുടെ രസക്കൂട്ടുകള്‍ പഠിച്ച് അന്തുക്ക ഒന്നാം നമ്പര്‍ പാചകക്കാരനായി. ഏതൊരു പ്രവാസിയും 'പഠിച്ചെടുത്ത് നിലനില്‍ക്കുക' എന്ന മുദ്രാവാക്യം മുറുകെ പിടിച്ചത് കൊണ്ടാണല്ലോ നാം ഇവിടെ വരെ എത്തിയത്. ആ ഒരു കഴിവിനെ നമുക്ക് മാത്രം കൈമുതലായിത്തന്നത് പ്രതികൂല കാലാവസ്ഥയില്‍ പിടിച്ച് നില്‍ക്കാന്‍ മലയാളിക്ക് ദൈവം നല്‍കിയ കഴിവായിരിക്കും. ദാരിദ്ര്യത്തില്‍ നിന്ന് അന്തുക്കയുടെ ജീവിതം പച്ചപിടിക്കാന്‍ തുടങ്ങി. യമനിയായ മുതലാളി അന്തുക്കയുടെ കാര്യത്തില്‍ നല്ല തീരുമാനങ്ങള്‍ മാത്രമേ എടുക്കാറുള്ളൂ. ഹോട്ടലിലെ പാചകപ്പുരയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഷ്ടപ്പാട് നിറഞ്ഞതാണെങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും അന്തുക്ക 32 വര്‍ഷം പിന്നിട്ടു. അതിനിടയില്‍ ഹോട്ടലിന്റെ രൂപവും ഭാവവും മാറി. യമനിയായ മുതലാളി മരിച്ചു. മകന്‍ ഏറ്റെടുത്തു. മാതാപിതാക്കളോടൊത്ത് കൈക്കുഞ്ഞുമായി ഹോട്ടലിലെത്തിയ അറബിക്കുട്ടികള്‍ വളര്‍ന്ന് വലുതായി. നിയമങ്ങളും ചിട്ടകളും മാറി വന്നു. അപ്പോഴും അന്തുക്ക മാറ്റമില്ലാതെ ഉസ്താദായി തുടര്‍ന്നു.

എല്ലാ പ്രവാസിയും ഒരു തിരിച്ചുപോക്കിന്റെ ചിന്ത തുടങ്ങുന്നത് പോലെ അന്തുക്കയും ഒരു തീരുമാനമെടുത്തു. 'വയ്യ ഞാന്‍ പോകുകയാണ്' അങ്ങനെ ഒരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ ഇങ്ങനെ ചോദിക്കും 'നാട്ടിലെത്തിയിട്ട് എന്ത് ചെയ്യാനാണ്' എന്തെങ്കിലും ചെയ്താലെ ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ ഉടലെടുക്കുക സ്വാഭാവികം. കാരണം നീക്കിയിരിപ്പോ, സമ്പാദ്യമൊ ഒന്നുമില്ലാതെ നാട്ടിലെങ്ങനെ ശിഷ്ടകാലം ജീവിക്കും. ഒരു റിട്ടേയര്‍മെന്റ് പോലും ഇല്ലാതെ, ഒരു പെന്‍ഷന്‍ പോലുമില്ലാതെ, ഇന്‍ഷ്വറന്‍സ് പരിരക്ഷപോലുമില്ലാതെ, റേഷന്‍കാര്‍ഡില്‍ പേരില്ലാതെ ബാക്കിയെന്തുകാലം. പേടിപ്പെടുത്തുന്ന നൊമ്പരമായി പലരുടെയും മനസ്സില്‍ വിങ്ങലായി ഒരു ഞെട്ടിക്കുന്ന സത്യമായി അവശേഷിക്കുന്നു.

പക്ഷേ, അന്തുക്കയെ സംബന്ധിച്ചടത്തോളം പ്രയാസങ്ങള്‍ ഏറെയില്ല. മൂന്ന് മക്കളില്‍ രണ്ട് പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു. ഒരു മകന്‍ കോളേജില്‍ പഠിക്കുന്നു. ഒരു ചെറിയ വീടും സ്ഥലവും ഉണ്ട്. ചെറിയ വരുമാന ശ്രോതസ്സ് വാടകയിനത്തില്‍ രണ്ട് പീടകമുറിയില്‍ നിന്ന് കിട്ടുന്നുണ്ട്. ചെറിയ ബാങ്ക് ബാലന്‍സും ഉണ്ട്. അന്തുക്കാന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'അതുമതി അല്ലാതെ ഇപ്പോ എന്താ ചെയ്യാ.. കാലാകാലം ഇവിടെ കഴിയാന്‍ കഴിയോ? വയ്യാണ്ടായി.. പോവാണ്'

അന്തുക്കയുടെ പരിചയക്കാര്‍ കൂടുതലും അറബികളാണ്. ഭക്ഷണം ഇഷ്ടപ്പെട്ടാല്‍ ഭക്ഷണം ഉണ്ടാക്കിയ ആളെ പ്രകീര്‍ത്തിക്കാനും ചെറിയ പാരിതോഷികങ്ങള്‍ നല്‍കാനും മഹാമനസ്‌കരാണ് അറബികള്‍. പിന്നെ അടുപ്പമുള്ളത് എന്റെ വീടുമായിട്ടാണ്. എന്റെ ഭര്‍ത്താവിന്റെ നാട്ടുകാരനാണ് അന്തുക്ക. അങ്ങനെയാണ് ഞാന്‍ അന്തുക്കയെ അറിയുന്നത്. സ്വന്തം നാട്ടുകാരോട് വല്ലാത്ത ഒരടുപ്പം എന്റെ കെട്ടിയവന്‍ കാണിക്കാറുണ്ട്. എന്റെ നാട്ടുകാരോടും കുടുംബക്കാരോടും അത് കാണിക്കാറുമില്ല. (എന്റെ ഭാഗത്ത് നിന്ന് ആരെങ്കിലും അതിഥിയായി എത്തിയെങ്കില്‍ അന്ന് റോഡ് ബ്ലോക്കായും ഓഫീസില്‍ തിരക്കായും എയര്‍പോര്‍ട്ട് യാത്രയപ്പും ഇല്ലാതിരിക്കില്ല).

നാട്ടുകാരുടെ കൂട്ടത്തില്‍ അന്തുക്ക ഒരു പാവമായിട്ടാണ് എനിക്ക് തോന്നിയത്. വരുമ്പോള്‍ എന്റെ കൊച്ചു മകള്‍ക്ക് ഒരു ചോക്ലേറ്റുമായിട്ടേ വരൂ. ഒരുപാട് സംസാരിക്കാത്ത സോഫയില്‍ അമര്‍ന്നിരിക്കാതെ ഒരു പരിഭവവും പ്രകടിപ്പിക്കാതെ ചെറിയ ചിരിയുമായി എല്ലാം മൂളികേള്‍ക്കാറുള്ള അന്തുക്ക പ്രവാസികളുടെ ഒരു പരിഛേദമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ആ അന്തുക്കയാണ് ഗള്‍ഫ് വിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നത്. യാത്രയപ്പിലാണ് അന്തുക്ക പറഞ്ഞത്. 'ഇതന്റെ 16ാമത്തെ യാത്രയാണ്. 30 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 15 തവണ നാട്ടില്‍ പോയി. ഇത് അവസാനത്തേതും' വേര്‍പാടിന്റെ നൊമ്പരം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. എന്നാലും ശിഷ്ടകാലം ഭാര്യയോടും മക്കളോടുമൊത്ത് നാട്ടിലെ വായുവും വെള്ളവും, ശ്വിസിച്ചും കുടിച്ചും ജീവിക്കാമല്ലോ അലാറത്തന്റെ അലാറമില്ലാതെ ഉറങ്ങുകയും ഉണരുകയും ചെയ്യാമല്ലോ.

യാത്രയപ്പിന് അറബിയുടെ മകന്‍ യമന്‍കാരന്‍ അബ്ദുള്ളയും ഉണ്ടായിരുന്നു. 'ബാപ്പ മരിച്ചപ്പോള്‍ ബാപ്പയുടെ സ്ഥാനത്ത് കണ്ടതാണ് അന്തുക്കയെ. ബാപ്പ നാട്ടില്‍ വന്നാല്‍ അന്തുക്കയുടെ കാര്യം വീട്ടില്‍ പറയാറുണ്ട്. തെറ്റെന്തെങ്കിലും വന്നുപോയിട്ടുണ്ടെങ്കില്‍ പൊറുക്കണം. എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കണം. എന്ന് പറഞ്ഞ് യമന്‍കാരന്‍ അന്തുക്കയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ കണ്ട് നിന്നവര്‍ക്കും കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ആത്മബന്ധത്തിന്റെ ഈ അടുപ്പം ഇത്രത്തോളമുണ്ടെന്നറിയാമായിരുന്നു അത്. ഓരോ മലയാളിയും കാത്ത് സൂക്ഷിച്ച വ്യക്തി ബന്ധത്തിന്റെ കെട്ടുറുപ്പാണ് കാണുന്നത്. പ്രതികൂല കാലാവസ്ഥയിലും നമുക്ക് ഇവിടെ പിടിച്ച് നില്‍ക്കാന്‍ കെല്‍പ്പേകുന്നത് ഈ ഹൃദയബന്ധമാണ്. സ്‌നേഹത്തന്റെ നേരറിവാണ്.

അവിടെയെത്തി വിളിക്കാം എന്ന പല്ലവി പോലെ അന്തുക്ക യാത്രയായി.

ഓര്‍മ്മയില്‍ നിന്ന് അന്തുക്കമാഞ്ഞ് പോയി . എഴ് മാസത്തോളമായി അദ്ദേഹം പോയിട്ട്.

വെള്ളിയാഴ്ചയായിരുന്നു ഒരു ഫോണ്‍ കോള്‍ എന്റെ ഭര്‍ത്താവിനെ് കിട്ടിയത് മറുതലക്കല്‍ അന്തുക്കയാണ്.പോയിട്ട് ഇതുവരെ വിളിക്കാത്തിന്റെ പരിഭവവുമായി സംസാരിക്കവെയാണ് അന്തുക്ക കാര്യം പറഞ്ഞത്. നാളെ രാത്രിക്കുള്ള ഫ്ലൈറ്റിന് അങ്ങോട്ട് വരികയാണ്. മോന് പറ്റുമെങ്കില്‍ എയര്‍പോര്‍ട്ടില്‍ വരിക. ഫോണ്‍ കട്ടായി. ഞങ്ങള്‍ തരിച്ചിരിക്കുകയായിരുന്നു. എന്തായിരിക്കും അന്തുക്കയുടെ വരവിന്റെ ഉദ്ദേശം. അറിയില്ല. ഈ പ്രായത്തില്‍ വീണ്ടുമൊരു തിരിച്ചുവരവ് എന്തിനായിരിക്കും. കാര്യമറിയണമെങ്കില്‍ നാളെ രാത്രി വരെ കാത്തിരിക്കണം.

എയര്‍പോര്‍ട്ടില്‍ നിന്ന് അന്തുക്കയെ എന്റെ ഫ്ലാറ്റിലേക്കാണ് കൂട്ടിക്കൊണ്ടുവന്നത്. അന്ന് യാത്ര പറഞ്ഞ് പോയതിനേക്കാള്‍ ക്ഷീണമുണ്ട്. തീരെ വയ്യാതായിരിക്കുന്നു.

അല്‍പം ക്ഷീണം മാറിയപ്പോഴാണ് തിരിച്ച് വന്ന കാര്യം ചോദിച്ചത്. 'ഒന്നുമില്ലടാ നമുക്കൊന്നും നാട്ടില്‍ ശരിയാവില്ല.. ഇവിടെയാ സുഖം..' ശരിയായി കാര്യങ്ങളിലേക്ക് കടക്കാന്‍ കുറെ സമയമെടുത്തു. എന്റെ സാന്നിദ്ധ്യത്തില്‍ പറയാന്‍ മടിയുള്ളതുപോലെ.

അന്തുക്ക കൃത്യമായി മാസാമാസം ഒരു തുക നാട്ടിലേക്കയക്കും. ഈ മുപ്പത് വര്‍ഷത്തിനിടയില്‍ ഒരിക്കലും പതിവ് തെറ്റിച്ചിട്ടില്ല. കല്ല്യണവും പഠിത്തവും വീടുപണിയും എന്നിവയ്‌ക്കൊക്കെ വേറെയും അയക്കും. ഈ മാസമാസം കിട്ടുന്ന വരുമാനം ഭാര്യക്ക് കിട്ടാതെ വരിക. അവര്‍ അവരുടെ ഇഷ്ടനിഷ്ടങ്ങള്‍ക്കൊക്കെ ചിലവഴിച്ചത്. ഒരു സുപ്രഭാതത്തില്‍ നഷ്ടമാവുക. ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ പിന്നെ ചെലവൊക്കെ ഭര്‍ത്താവ് നോക്കും. മീന്‍ മേടിക്കാനും പഴങ്ങള്‍ മേടിക്കാനും പലചരക്ക് വാങ്ങിക്കാനും, കാശ് ചോദിക്കേണ്ടി വരിക, ചോദിക്കുന്ന കാശിന്റെ കണക്ക് ചോദിക്കുക. മീന്‍ എന്തിന് ഇത്ര വാങ്ങിച്ചു. പലചരക്ക് കടയില്‍ ഇത്ര ബില്ല് എങ്ങിനെവന്നു എന്ന് ചോദിക്കുക. ഇത്‌വരെയില്ലാത്ത നിയന്ത്രണം. ഭാര്യക്ക് അനുഭവപ്പെടുക. പുറത്ത് പോവുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുമ്പോള്‍, മകന്‍ ലേറ്റായി വരുമ്പോള്‍, പെട്രോള്‍ അടിക്കാന്‍ കാശ് ചോദിക്കുമ്പോള്‍, ടി.വിയുടെ വോള്യം കൂടിയാല്‍, ബാങ്ക് വിളി കേട്ടാല്‍ നിസ്‌കരിച്ചില്ലെങ്കില്‍, കല്ല്യാണത്തിന് പോകുമ്പോള്‍ എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യപ്പെടുക. അഭിപ്രായം ആരായേണ്ടിവരിക. കൈകളില്‍ കാശില്ലാതെ ഭര്‍ത്താവിനോട് ചോദിക്കേണ്ടി വരിക. ഈ അവസ്ഥ ഇവരെ സംബന്ധിച്ചടത്തോളം വല്ലാത്ത വീര്‍പ്പുമുട്ടലുണ്ടാക്കിയിരിക്കാം.

അന്തുക്ക പ്രതീക്ഷിച്ചത്‌പോലെയുള്ള ഒരു ശിഷ്ടകാല ജീവിതമല്ല അവിടെ കണ്ടത്. അവര്‍ക്കാവശ്യം മാസാമാസം ചെലവിന് കൊടുക്കുന്ന രണ്ട് വര്‍ഷത്തിലൊരിക്കല്‍ രണ്ട് മാസം വിരുന്നുകാരനായി വരുന്ന ഒരാളെയായിരുന്നു. രാവിലെ മുതല്‍ രാത്രി വരെ കോലായിലെ ചാരുകസേരയില്‍ ഇരുന്ന് എല്ലാത്തിന്റേയും കാര്യകാരണങ്ങള്‍ അന്വേഷിക്കുന്ന ഒരു വയസ്സനെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അവര്‍ ശീലിച്ച ശീലങ്ങള്‍ ഒരു സുപ്രഭാതത്തില്‍ മാറ്റപ്പെടുമ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയാതെ വരുന്നത് സ്വാഭാവികം.

മകന്‍ ലേറ്റായി വരുന്നതിന്റെ കാരണമന്വേഷിക്കുന്ന ഒരാള്‍. 500 രൂപയുടെ പെട്രോള്‍ കൊണ്ട് നീ എന്താണ് ചെയ്യുന്നത് എന്ന ചോദിക്കുന്ന ഒരാള്‍. ഫോണ്‍ ബില്ല് കൂടിയത് ചോദ്യം ചെയ്യുന്ന ഒരാള്‍, വീട്ട് പണിയെടുക്കാന്‍ ഒരാളെ എന്തിന് വെച്ചു, ഒട്ടോറിക്ഷയില്‍ പോകുന്നതിന് പകരം ബസ്സില്‍ പോയികൂടെ എന്ന് പറയുന്ന ഒരാള്‍. അങ്ങിനെ ഒരാള്‍ പൊടുന്നനെ വന്ന് സര്‍വ്വനിയന്ത്രണവും ഏറ്റെടുത്താല്‍ അങ്ങനെയൊരവസ്ഥയായിരുന്നു അന്തുക്കയുടേത്.

ഒരുപാഴ്‌വസ്തുവാണെന്നും എന്നെ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാവില്ലയെന്ന് തോന്നി തുടങ്ങിയപ്പോഴാണ് അറബിയുടെ മകനെ വിളിച്ച് ഒരു വിസ ഏര്‍പ്പാടാക്കിയത്.

'അവിടെത്തന്നെ നിന്നാല്‍ ഒരു കുടുംബം എന്ന നിലയില്‍ വളര്‍ത്തി വലുതാക്കി ഒരു കരയ്‌ക്കെത്തിച്ചവരെയൊക്കെ വെറുക്കേണ്ടി വരും. ഇവിടെയാവുമ്പോള്‍ അവര്‍ക്കൊക്കെ എന്നെ പെരുത്ത് ഇഷ്ടമായിരിക്കും എന്ന തോന്നലില്‍ ജീവിക്കാമല്ലോ.' ആ തോന്നലിന്റെ പിന്‍ബലത്തില്‍ മാത്രം ജീവിക്കേണ്ടി തരുന്ന നൂറുകണക്കിന് പ്രവാസികളുണ്ടിവിടെ. ഇതൊരു അന്തുക്കയുടെ മാത്രം ജീവിത കഥയല്ല. ഇവിടെ പകര്‍ത്തിയെഴുതിയത്. ഇത് പോലുള്ള അന്തുക്കമാര്‍ ഒരുപാട് ഉണ്ടിവിടെ. സാധ്യതയുടെ വീടിന്റെ കെട്ടിച്ചയക്കലിന്റെ കടത്തിന്റെ ഇല്ലാ കഥകളും പറഞ്ഞ് വയ്യാതായിട്ടും നാട്ടിലേക്ക് പോകാന്‍ ധൈര്യമില്ലാതെ എങ്ങനെ സ്വീകരിക്കുമെന്ന് ഒരുറപ്പുമില്ലാതെ ഇവിടെ ജീവിക്കുന്ന അന്തുക്കമാര്‍ എത്ര?

ഇനി അവരുടെ ഭാര്യയുടെയും മക്കളുടെയും ഭാഗത്ത് നിന്ന് നോക്കിയാല്‍ ശരിയുമാണ്. യൗവനവും കൗമാരവും നല്ല ആരോഗ്യവും ഇവിടെ നഷ്ടപ്പെടുത്തിയിട്ട് ഭാര്യയെന്ന സ്ത്രീയോട് കാണിക്കേണ്ട കടമയും കര്‍ത്തവ്യവും യഥാസമയം നിര്‍വ്വഹിക്കാതെ ഒന്നിനും വയ്യാത്ത പ്രായത്തില്‍ തിരിച്ച് ചെന്നിട്ട് എന്നെ ഇനിയുള്ള കാലം പൊന്നുപോലെ നോക്കൂ എന്ന് പറയുന്നതിന്റെ അര്‍ത്ഥ ശൂന്യത അവര്‍ മനസിലാക്കിയിട്ടുണ്ടാവും. അതിനുള്ള ശിക്ഷയായിരിക്കും ഈ അന്തുക്കയുടെ പതിനേഴാം വരവ്.
@@
ഫസീല റഫീഖ്‌ 
കടപ്പാട്: മാതൃഭൂമി

11 May, 2011

കീടനാശിനിയേക്കാള്‍ മാരകം ഈ മാധ്യമ രാഷ്ട്രീയം

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ച നിലപാട് ദേശീയതലത്തില്‍തന്നെ വിമര്‍ശനവിധേയമായതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സമനിലതെറ്റിയിരിക്കുന്നു. അവര്‍ പറയുന്നതും ചെയ്യുന്നതും എന്താണെന്ന് അവര്‍ക്കുതന്നെ അറിയില്ല എന്നതുകൊണ്ടുമാത്രം കേരളസമൂഹം അവരോട് ക്ഷമിക്കുമെന്ന് തോന്നുന്നില്ല. ആഗോള കുത്തകകള്‍ക്കുവേണ്ടി സ്വന്തം നാട്ടിലെ നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ നിത്യരോഗികളാക്കുവാന്‍പോലും മടിയില്ലെന്ന് തെളിയിച്ച കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കുവാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അപഹാസ്യമായ ഉദ്യമങ്ങളെ ന്യായീകരിക്കുവാന്‍ മലയാളത്തിലെ മുന്‍നിര കോണ്‍ഗ്രസ്പക്ഷ മാധ്യമങ്ങള്‍ക്കുപോലും കഴിഞ്ഞില്ല. ടെലിവിഷന്‍ ചാനലുകളുടെ വരവോടെ വിരലിലെണ്ണാവുന്ന മുഖ്യധാരാപത്രങ്ങള്‍ പിടിച്ചുവെച്ചിരുന്ന വാര്‍ത്തകളുടെ മേലുള്ള കുത്തകാവകാശം ഇല്ലാതായെന്ന് അവരും അറിഞ്ഞുകഴിഞ്ഞു. കേരളസമൂഹം ഒറ്റമനസ്സോടെ തിരസ്‌കരിച്ച എന്‍ഡോസള്‍ഫാനുവേണ്ടി പരസ്യനിലപാടെടുത്താല്‍ ജനങ്ങളുടെ തിരസ്‌കാരം ഏറ്റുവാങ്ങേണ്ടിവരുമെന്ന ഭയംകലര്‍ന്ന കച്ചവടസൂത്രത്തിന്റെ ‘ഭാഗമായി എന്‍ഡോസള്‍ഫാന്‍ വിരോധികളായി അഭിനയിക്കുവാന്‍ ഭരണകൂടാനുകൂലമാധ്യമങ്ങള്‍ പോലും നിര്‍ബന്ധിതമായി എന്നതാണ് വാസ്തവം.
എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണെന്നു വിശ്വസിക്കുന്ന മാതൃഭൂമി’സ്വന്തംനിലയ്ക്കുതന്നെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കാമ്പെയ്ന്‍ നടത്തുന്നുണ്ട്. അത്രത്തോളം പോയില്ലെങ്കിലും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങളുടെ വാര്‍ത്തകള്‍ മുഴുവന്‍ മൂടിവെയ്ക്കാതിരിക്കുവാന്‍ ‘മലയാള മനോരമയും ശ്രദ്ധിച്ചു. മനോരമയുടെ ടെലിവിഷന്‍ ചാനലിലെ അവതാരകര്‍ അവരുടെ പതിവ് ജേണലിസ്റ്റിക് അതിസാമര്‍ഥ്യവും നിഷ്പക്ഷതാനാട്യവും മറന്ന് ഇക്കാര്യത്തില്‍ ഒരു ജനപക്ഷ നിലപാടെടുത്തു എന്നതും കാണാതിരുന്നുകൂടാ. എന്നാല്‍ മലയാളത്തിലെ രണ്ട് മുന്‍നിര പത്രങ്ങളും ഒരേദിവസം പ്രസിദ്ധീകരിച്ച സമാനമായ ഒരു വാര്‍ത്ത അവരുടെ ആത്മാര്‍ഥതയില്‍ സംശയം ജനിപ്പിക്കുന്നതാണ്്. എന്നുമല്ല; അത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക സാക്ഷരതയെക്കുറിച്ച് ഉല്‍ക്കണ്ഠയുളവാക്കുന്നതുമാണ്.

ജനീവ സമ്മേളനത്തില്‍ സ്വതന്ത്ര നിരീക്ഷകനായി പങ്കെടുത്ത മലയാളി ഡോക്ടറെക്കുറിച്ച് പ്രത്യക്ഷപ്പെട്ട ഈ രണ്ടു പത്രങ്ങളിലെയും വാര്‍ത്തകള്‍ ഒരാള്‍തന്നെ എഴുതിയതാണോ എന്ന സംശയം ജനിപ്പിക്കുംവിധം അത്ഭുതകരമായ സാദൃശ്യമുള്ളവയാണ്. വാര്‍ത്തയില്‍ മാത്രമല്ല; വാര്‍ത്തയ്ക്കു പിന്നിലെ അജണ്ടയിലുമുണ്ട് കൗതുകകരമായ സാദൃശ്യം. അതുകൊണ്ട് ആ രണ്ട് കൗതുകവാര്‍ത്തകളും ഉദ്ധാരണയോഗ്യമാണ്. വിസ്തരഭയത്താല്‍ ഒന്നുമാത്രം ഉദ്ധരിക്കാം. “എന്‍ഡോസള്‍ഫാന്‍:സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷകനെ അയച്ചത് വിവാദമാകുന്നു” എന്ന ‘മാതൃഭൂമി’ വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍ (ഏപ്രില്‍ 29) ഇങ്ങനെ:

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികളുടെ ഭാവി തീരുമാനിക്കുന്ന സ്റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ സ്വതന്ത്ര നിരീക്ഷകനെന്ന പേരില്‍ ആളെ അയച്ചത് വിവാദമാകുന്നു. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം മാനേജറും എന്‍ഡോസള്‍ഫാന്‍ നോഡല്‍ ഓഫീസറുമായ ഡോ.മുഹമദ് അഷീലിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ജനീവയിലേക്ക് അയച്ചിരിക്കുന്നത്. ഗ്രാമീണ ആരോഗ്യമിഷന്‍ പൂര്‍ണമായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്... യാത്രയുടേത് അടക്കമുള്ള അദ്ദേഹത്തിന്റെ ചെലവുകള്‍ ദേശീയ ആരോഗ്യ മിഷനാണ് വഹിക്കുക...ജനീവയിലെ സ്റ്റോക്‌ഹോമില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സ്വതന്ത്രനിരീക്ഷകന്‍ എന്ന നിലയിലാണ് ഡോ.മുഹമദ് അഷീല്‍ പങ്കെടുക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നടത്തിയ നിരാഹാരസമരം വെബ്കാസ്റ്റ് ചെയ്ത് കണ്‍വന്‍ഷന്‍ നടക്കുന്ന പ്രധാനവേദിക്ക് പുറത്ത് പ്രദര്‍ശിപ്പിച്ചതില്‍ അദ്ദേഹവും പങ്കാളിയായിരുന്നു.... കേന്ദ്രസര്‍ക്കാര്‍ കണ്‍വന്‍ഷനില്‍ സ്വീകരിക്കുന്ന നിലപാടുകളും മറ്റും അപ്പപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നുണ്ട്. കേന്ദ്രം സ്വീകരിക്കുന്ന എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഏറെ പ്രചാരം കിട്ടുന്നുമുണ്ട്...”

സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷകനെ അയച്ചത് വിവാദമാകുന്നു എന്നു പറയുന്ന മേലുദ്ധരിച്ച വാര്‍ത്തയില്‍ ആ വിവാദത്തെക്കുറിച്ചൊരു സൂചനയുമില്ല. ആരാണ് വിവാദം ഉണ്ടാക്കിയതെന്നോ എന്താണ് വിവാദമെന്നോ പറയുന്നില്ല. ഇതൊരു വിവാദമാക്കാന്‍ ആഗ്രഹിക്കുന്ന ലേഖകന്‍ ഡോക്ടര്‍ക്കെതിരെ സ്വയം നിരത്തുന്ന തെളിവുകളും വാദങ്ങളുമാണ് ഈ വാര്‍ത്തയിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന്‍ കേരള സര്‍ക്കാരിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചു എന്ന് പരോക്ഷമായി സ്ഥാപിക്കുകയാണ് ഈ വാര്‍ത്തയുടെ ഏക താല്‍പര്യം. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്നതോടെ ഈ വാര്‍ത്തയുടെ അവലംബത്തില്‍ ഇയാളുടെ കസേര തെറിക്കുമെന്ന സ്വകാര്യമോഹവും അതുവഴി താനൊരു സമര്‍ഥനായ പത്രപ്രവര്‍ത്തകനാണെന്ന് സ്ഥാപിക്കാമെന്ന അത്യാഗ്രഹവും ഒളിച്ചുവെച്ച അപൂര്‍വമായൊരു വാര്‍ത്തയാണിത്. ഒരു വലിയ കണ്ടുപിടുത്തം നടത്തിയെന്ന മട്ടില്‍ അമ്പട ഞാനേ എന്നു ഭാവിക്കുന്ന ഈ ലേഖകന് അര്‍ഹിക്കുന്ന പ്രതിഫലം ഭാവിയില്‍ യു ഡി എഫ് നല്‍കാതിരിക്കുമോ? അതാണ് വാര്‍ത്തയുടെ ഉദ്ദിഷ്ട ഫലപ്രാപ്തിയെന്ന് ഈ ലേഖകന്റെ സാക്ഷരതാ നിലവാരത്തിലുള്ള വായനക്കാരനുപോലും മനസ്സിലാകുമെന്നതാണ് ആ വാര്‍ത്തയുടെ പരാധീനതയും.

സ്വതന്ത്ര നിരീക്ഷകന്റെ ചെലവ് കേരള സര്‍ക്കാര്‍ വഹിച്ചുവെന്ന മറ്റൊരു ആക്ഷേപവും മാതൃഭൂമി’ലേഖകനുണ്ട്. കേന്ദ്രത്തിന്റെ ഉപ്പും ചോറും തിന്ന് നന്ദികേടു കാട്ടിയ ഡോക്ടറെയും അയാളെ സ്‌പോണ്‍സര്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് ഈ പത്രലേഖകന്‍. മാതൃഭൂമി ലേഖകന്റെ ഈ ധാര്‍മ്മികരോഷത്തിന്റെ സ്രോതസ്സ് അറിയുവാന്‍ മനോരമ’ലേഖകന്റെ വാര്‍ത്ത വായിക്കണമെന്നതാണ് രസകരമായ സംഗതി. മാതൃഭൂമി ലേഖകന്‍ പറഞ്ഞ അതേ കാര്യങ്ങള്‍ നിരത്തിക്കൊണ്ട് മനോരമ’ ലേഖകന്‍ വാര്‍ത്തയ്‌ക്കൊടുവില്‍ പ്രതിപക്ഷനേതാവിനെക്കൂടി ഉദ്ധരിക്കുന്നുണ്ട്. സ്വതന്ത്ര നിരീക്ഷകനെന്നപേരില്‍’സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ചെലവില്‍ ജനീവയിലേക്കയച്ചത് കുറ്റകരമായ നടപടിയാണെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയോടെയാണ് മനോരമ’വാര്‍ത്ത ഉപസംഹരിക്കുന്നത്. അപ്പോള്‍ അതാണ് കാര്യം.

പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍നിന്ന് കിട്ടിയ പ്രസ്താവനയുടെ ആദ്യ‘ഭാഗമെടുത്ത് മാതൃഭൂമി’ലേഖകന്‍ സ്വന്തമായൊരു വിവാദവാര്‍ത്ത’ഉണ്ടാക്കുകയായിരുന്നു. മനോരമ’ലേഖകനാവട്ടെ, ആ പ്രസ്താവനയെ സ്വന്തം വാര്‍ത്തയാക്കിയതോടൊപ്പം അതിന് സാധൂകണവും വിശ്വാസ്യതയും ഉണ്ടാക്കുവാന്‍ പ്രതിപക്ഷനേതാവിന്റെ പ്രതിഷേധം അതോടൊപ്പംതന്നെ കൂട്ടിച്ചേര്‍ക്കുകയുമാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളെ വാര്‍ത്തയാക്കി മാറ്റിയെടുക്കുന്നതില്‍ രണ്ട് പ്രമുഖ പത്രങ്ങളുടെ സ്വന്തം ലേഖകന്മാര്‍ പ്രകടിപ്പിച്ച വിരുത്’ജേണലിസം വിദ്യാര്‍ഥികള്‍ക്കൊരു നിഷേധപാഠവും വായനക്കാര്‍ക്ക് നല്ലൊരു ഫലിതവുമായി പരിണമിച്ചിരിക്കുന്നു.

എന്നാല്‍ ഇത് വെറും തമാശയല്ല. തമാശയ്ക്കപ്പുറം വലിയൊരു സാമൂഹികവിരുദ്ധത ഇതിലൊളിച്ചിരിക്കുന്നു. തന്റെ പാര്‍ട്ടിയെ നാണക്കേടില്‍നിന്ന് രക്ഷിക്കുവാന്‍ പ്രതിപക്ഷനേതാവ് മലക്കംമറിയുന്നതും ഏത് കച്ചിത്തുരുമ്പില്‍ പിടികൂടുന്നതും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ താല്‍പര്യങ്ങളെ വാര്‍ത്തകളെന്ന വ്യാജേന പത്രലേഖകന്‍ വായനക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ തുനിയുന്നത് മിതമായഭാഷയില്‍പ്പറഞ്ഞാല്‍ പൈമ്പികവൃത്തിയേക്കാള്‍ മ്ലേച്ഛമാണ്. മേല്‍പ്പറഞ്ഞ ലേഖകന്മാര്‍ ഈ ഹീനവൃത്തിയിലൂടെ അവരുടെ പത്രങ്ങള്‍ക്കുതന്നെ ചീത്തപ്പേരുണ്ടാക്കിയിരിക്കയാണ്. ഇത് തൊഴില്‍ സാമര്‍ത്ഥ്യമോ മാധ്യമ നിരക്ഷരതയോ അല്ല; കേവലമായ സാമൂഹികവിരുദ്ധതയാണ്. പ്രശസ്ത പത്രസ്ഥാപനങ്ങളുടെ മേല്‍വിലാസം പലപ്പോഴും ഇത്തരം മ്ലേച്ഛമനസ്സുകള്‍ക്ക് സുരക്ഷിതകവചമാകാറുണ്ട് എന്നതും വാസ്തവമാണ്.

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനു പിന്നിലെ ജനവിരുദ്ധതയും അഴിമതിയും അങ്ങാടിപ്പാട്ടായപ്പോള്‍ ഏതുവിധത്തിലും അതിനെ വെള്ളപൂശാന്‍ ശ്രമിക്കുകയായിരുന്നു, കേരളത്തിലെ വി എം സുധീരനൊഴിച്ചുള്ള കോണ്‍ഗ്രസ് നേതാക്കള്‍. അതവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നവുമാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഇവരുടെ താല്‍ക്കാലികതന്ത്രങ്ങള്‍ക്കുപരിയായ വിവേകവും നിലപാടുകളും ആവശ്യമുണ്ട്. ഡോ.മുഹമദ് അഷീല്‍ സ്വതന്ത്ര നിരീക്ഷകനായാണ് ജനീവ കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. സ്വതന്ത്ര നിരീക്ഷകനെന്നത് കേരള സര്‍ക്കാര്‍ നല്‍കുന്ന വിശേഷണമല്ല. പല മേഖലകളില്‍നിന്നുള്ള ക്ഷണിതാക്കളിലൊരാളായ ഇയാള്‍ കേരള സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിച്ചു എന്നത് കുറ്റമായി കാണുന്ന ഉമ്മന്‍ ചാണ്ടിയും ഉമ്മന്‍ചാണ്ടിക്കുവേണ്ടി വ്യാജവാര്‍ത്തയെഴുതിയ മനോരമയുടെയും മാതൃഭൂമിയുടെയും ലേഖകന്മാരും ആരുടെ പക്ഷത്താണ്? എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടി ഈ വാര്‍ത്തയെഴുതിയ ലേഖകന്മാരുടെ പക്ഷത്തുതന്നെയാണോ അവരുടെ പത്രങ്ങളും? അല്ലെങ്കില്‍ ഈ ലേഖകന്മാര്‍ക്കുനല്‍കാവുന്ന ന്യായമായ ശിക്ഷ അവരുടെ പേര് വെളിപ്പെടുത്തുകയാണ്. ഇത്തരം ജനവിരുദ്ധ നിലപാടെടുക്കുന്നവര്‍ എന്തുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല?

എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്ടുണ്ടാക്കിയ വിവരണാതീതമായ ദുരന്തം ഇന്ന് ലോകമെങ്ങും പരിചിതമാണ്. ഉത്തരവാദിത്വബോധമുള്ള കേരളത്തിലെ ഒരുവിഭാഗം മാധ്യമങ്ങളുടെകൂടി സഹായത്തോടെയാണ് ഈ മാരക കീടനാശിനിക്കെതിരായ പൊതുജനാഭിപ്രായവും ആഗോള നിയമനടപടികളും ഉണ്ടായത്. എന്നാല്‍ മേല്‍പ്പറഞ്ഞതരം പിതൃരഹിതവാര്‍ത്തകള്‍ (ആ വാര്‍ത്തകളില്‍ ലേഖകരുടെ ബൈലൈനില്ല എന്ന അര്‍ഥത്തില്‍) നമ്മുടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നത് മലയാളികള്‍ക്കാകെ ലജ്ജാകരമാണ്. തങ്ങള്‍ ജോലിചെയ്യുന്ന പത്രസ്ഥാപനങ്ങള്‍തന്നെ എന്‍ഡോസള്‍ഫാനെതിരായ നിലപാടെടുക്കുമ്പോള്‍, ജനങ്ങള്‍ക്കുവേണ്ടി നിലക്കൊണ്ട ഒരു ഡോക്ടറെ വലയിലകപ്പെടുത്താനായി വ്യാജവാര്‍ത്തയെഴുതിയ ഹീനമനസ്‌കരായ ആ രണ്ട് പത്രോപജീവികളും സഹതാപം മാത്രമാണ് അര്‍ഹിക്കുന്നത്. സാമൂഹികബോധമില്ലാത്ത വെറും കരിയറിസ്റ്റുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല ഉള്ളതെന്ന് ആശ്വസിക്കുകയേ നിര്‍വാഹമുള്ളൂ.

ഡോ.മുഹമദ് അഷീലിനെ അയാള്‍ ചെയ്ത പാതകങ്ങളുടെ പേരില്‍ വിചാരണചെയ്ത് ശിക്ഷിക്കുവാന്‍ ഉമ്മന്‍ചാണ്ടിയോടും ഇപ്പറഞ്ഞ പത്രോപജീവികളോടുമൊപ്പം അന്നം കഴിക്കുന്ന ഒരു മലയാളിയുമുണ്ടാവില്ല. വലിയ പത്രങ്ങളുടെ തോളിലിരുന്ന് മലയാളികളെ കൊഞ്ഞനംകുത്തുന്ന അധമമനസ്‌കര്‍ രാഷ്ടീയ നേതാവിന്റെ പ്രസ്താവനകൊണ്ട് വാര്‍ത്തയുണ്ടാക്കുന്ന സൂത്രവിദ്യയുമായി പ്രസ് അക്കാദമി ചെയര്‍മാനായും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായും വിരാജിക്കുന്നതുകാണാന്‍ മലയാളികള്‍ കാത്തിരിക്കുന്നു.

@@
ഒ കെ ജോണി, ജനയുഗം

തപാലാപ്പീസുകള്‍ പൂട്ടുമ്പോള്‍

ഗ്രാമീണ തപാലാപ്പീസുകള്‍ വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. തപാല്‍പെട്ടികള്‍ ഓരോന്നായി അപ്രത്യക്ഷമായതിനു പിന്നാലെ പോസ്റ്റോഫീസുകളും ഇല്ലാതാവുന്നു.
കൊറിയര്‍കമ്പനികള്‍ക്ക് കൊയ്ത്തുകാലം. പന്ത്രണ്ട് രൂപയില്‍ നിന്ന് ഒറ്റയടിയ്ക്ക് ഇരുപതും ഇരുപത്തിയഞ്ചുമായി കൊറിയര്‍ മിനിമം ചാര്‍ജ്ജ് വര്‍ധിച്ചു. ആര്‍ക്കും പരാതിയില്ല. ഇപ്പോഴും 50 പൈസയ്ക്ക് പോസ്റ്റ് കാര്‍ഡില്‍ കത്തെഴുതാനുള്ള സൗകര്യമുള്ളത് പോസ്റ്റല്‍ സര്‍വീസില്‍ മാത്രം. വൈകാതെ അതും ഇല്ലാതായേക്കും. അപ്പോഴും കേരളത്തിലെ മധ്യവര്‍ഗസമൂഹത്തിന് പരാതിയുണ്ടാവണമെന്നില്ല. അവര്‍ പോസ്റ്റുകാര്‍ഡ് സംസ്‌കാരത്തില്‍ നിന്നൊക്കെ വളരെ ഉയരെയാണ്; ത്രീ ജി മൊബൈല്‍ ഫോണുകളുടെയും വീഡിയോ കോണ്‍ഫറന്‍സുകളുടെയും ലോകത്ത്.

എന്റെ മനസ്സില്‍ പക്ഷേ, പഴയ തപാല്‍കാര്‍ഡുകള്‍ ഗൃഹാതുരത്വം നിറഞ്ഞ കുറേ പഴയ സ്‌നേഹസൗഹൃദങ്ങളുടെ ഓര്‍മ്മയും കൊണ്ട് പറന്നെത്തുന്നു.
എത്രയെത്ര കാര്‍ഡുകളാണ് കൗമാരകാലത്തും യൗവനാരംഭകാലത്തും സ്വപ്‌നങ്ങളുടെ വിനിമയങ്ങളുമായി തപാല്‍പെട്ടികളിലിട്ടത്. അന്ന് പോസ്റ്റ് കാര്‍ഡിന് വില പത്തുപൈസയോ പതിനഞ്ചുപൈസയോ...?

മഞ്ഞ പ്രതലത്തില്‍ നീലയും കറുപ്പും നിറത്തില്‍ കുനുകുനെ, നിറഞ്ഞ വര്‍ത്തമാനങ്ങളുമായി ഊഷ്മള സൗഹൃദങ്ങള്‍ വന്നു. കഥ, കവിത, സാഹിത്യസംവാദം, രാഷ്ട്രീയ ചര്‍ച്ചകള്‍, കേവല സൗഹൃദങ്ങള്‍, എന്തിന് പ്രണയവിനിമയങ്ങള്‍ വരെ പോസ്റ്റുകാര്‍ഡിലായിരുന്ന കാലം.

കുറച്ചുകൂടി ആര്‍ഭാടമായാല്‍ ഇന്‍ലന്‍ഡ്. 'ലക്കോട്ട്' എന്നു വിളിച്ചിരുന്ന പോസ്റ്റ്കവര്‍ വലിയ ആര്‍ഭാടമായിരുന്നു അന്ന്.

കഥകളും കവിതകളും അയയ്ക്കാനായിരുന്നു എനിക്ക് ലക്കോട്ടുകള്‍. ആദ്യകാലത്തൊക്കെ കവിതകളയയ്ക്കുമ്പോള്‍ ഇരുപതുപൈസയേയുള്ളൂ പോസ്റ്റല്‍ കവറിന്. മാറ്റര്‍ തിരിച്ചയച്ചു കിട്ടുവാന്‍ ഇരുപതുപൈസയുടെ കവര്‍ കൂടി ഉള്ളില്‍ മടക്കിവയ്ക്കണം. നാല്‍പതുപൈസയുണ്ടാക്കുക എന്നത് അക്കാലത്ത് വലിയൊരു സാഹസമായിരുന്നു. എഴുതിയ കവിതകള്‍ പലതും നാല്‍പ്പതുപൈസയില്ലാത്തതുകൊണ്ട് അനാഥമായി കിടന്നു. ക്ലേശിച്ച് പണമുണ്ടാക്കി 'മാതൃഭൂമി'യുടെ ബാലപംക്തിയ്ക്കും മറ്റും അയച്ചത് കുട്ടേട്ടന്റെ അടിവരകളും കുറിപ്പുമായി പോയതുപോലെ മടങ്ങിവന്നു.

ആലങ്കോട് തപാലാപ്പീസ് പെട്ടിയില്‍ ഒരു കവര്‍ കൊണ്ടുപോയി ഇട്ടാല്‍ പിന്നെ പോസ്റ്റുമാന്‍ ഗോവിന്ദേട്ടനേയും കാത്ത് വഴിക്കണ്ണുമായി ഇരിപ്പാണ്. മിക്കവാറും നാലാം ദിവസം മടക്കിക്കിട്ടും. തിരിച്ചുവാങ്ങുമ്പോള്‍ മുഖത്തെ വാട്ടം കണ്ട് ഗോവിന്ദേട്ടന്‍ ചോദിക്കും: ''എന്താ മോനേ, കത്ത് വായിക്കും മുമ്പൊരു സങ്കടം?''.

പിന്നെപ്പിന്നെ ഗോവിന്ദേട്ടനും മനസ്സിലായി. കാര്യമുള്ള കത്തിടപാടൊന്നുമല്ല, അയച്ച കവിതകള്‍ മടങ്ങിവരുന്നതാണ്.

അങ്ങനെയിരിക്കെ ഒരു സന്ധ്യയ്ക്ക് ഗോവിന്ദേട്ടന്‍ വന്നത് റാപ്പറിട്ട് മടക്കിയ ഒരു പുസ്തകവും കൊണ്ടാണ്. നെഞ്ചിടിപ്പോടെയാണ് റാപ്പര്‍ പൊട്ടിച്ച് പുസ്തകം നിവര്‍ത്തിയത്. അത് 'തളിര്' എന്ന ദൈ്വവാരികയായിരുന്നു. അതില്‍ എന്റെ ഒരു കവിത വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരിക്കുന്നു.

ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ്. ആ 'തളിരും' കൊണ്ട് ആലങ്കോട് മുഴുവന്‍ ഓടി നടന്നത് ഓര്‍ക്കുന്നു. എനിക്ക് തോന്നിയ ആഹ്ലാദം പക്ഷേ, ആര്‍ക്കും തോന്നിയില്ല. ഒരു കവിത അച്ചടിക്കുന്നത് അത്ര വലിയ കാര്യമായി എന്റെ ഗ്രാമീണര്‍ക്കാര്‍ക്കും മനസ്സില്‍ കയറിയതേയില്ല.

എന്നാലും പോസ്റ്റുമാന്‍ ഗോവിന്ദേട്ടന് സന്തോഷമായി. എന്റെ മുഖമൊന്ന് തെളിഞ്ഞ് കണ്ടല്ലോ. തപാലാപ്പീസുകള്‍ അടച്ചുപൂട്ടുന്ന വാര്‍ത്ത വായിക്കുമ്പോഴെല്ലാം പോസ്റ്റുമാന്‍ ഗോവിന്ദേട്ടനെ കാത്തിരുന്ന അക്കാലമാണ് എന്റെ മനസ്സില്‍. 'ശിപായി ഗോവിന്ദേട്ടന്‍' എന്നാണ് എല്ലാവരും പോസ്റ്റുമാനെ വിളിച്ചിരുന്നത്. 'പോസ്റ്റുമാനെ കാണാനില്ല' എന്ന സിനിമ അക്കാലത്താണ് വന്നത്. അത് ഗോവിന്ദേട്ടനെക്കുറിച്ചാണെന്ന് ഞങ്ങള്‍ അന്നൊക്കെ തമാശ പറഞ്ഞിരുന്നു.

ഗോവിന്ദേട്ടന്റെ സഞ്ചി നിറയെ കത്തുണ്ടായിരുന്ന കാലമായിരുന്നു അത്. പരിഭവങ്ങളും ദുഃഖങ്ങളും പ്രണയവും കലഹവും ദുരന്തവും ആഹ്ലാദങ്ങളും നിറഞ്ഞ കത്തുകളും കൊണ്ട് ഗോവിന്ദേട്ടന്‍ നാട്ടുവഴികളിലൂടെ നടന്നു. ഒരു കാലന്‍ കുടയുണ്ടായിരുന്നു എന്നും ഗോവിന്ദേട്ടന്റെ കൈയില്‍. അതിന്റെ വില്ല് താമരവില്ലാണ് എന്ന് പറഞ്ഞത് എന്റെ കൂട്ടുകാരന്‍ 'ബണ്ടല്‍ ബാലനാ'ണ്. ഗോവിന്ദേട്ടന്‍ മിക്കപ്പോഴും കുട നിവര്‍ത്തുകയില്ല. കാക്കിഷര്‍ട്ടിന്റെ കോളറില്‍ കൊളുത്തില്‍ പിറകില്‍ തൂക്കിയിടുകയേയുള്ളൂ. ബാലന്‍ പറഞ്ഞത് ശരിയാണോ എന്നറിയാന്‍ ഗോവിന്ദേട്ടന്‍ കുട നിവര്‍ത്തുന്നതും നോക്കിപിന്നാലെ ഒരുപാടു നടന്നിട്ടുണ്ട്.

വല്ലപ്പോഴും വരുന്ന അച്ഛന്റെ മണിയോര്‍ഡറുകള്‍ കൊണ്ടുവന്നിരുന്നതും ഗോവിന്ദേട്ടനാണ്. പത്തുറുപ്പിക മണിയോര്‍ഡര്‍ വന്നാലും അമ്മ ഒരുറുപ്പിക ഗോവിന്ദേട്ടന് സമ്മാനമായി കൊടുക്കും. എന്റെയൊക്കെ മനസ്സില്‍ അച്ഛനയയ്ക്കുന്ന പണമായിട്ടല്ല, പോസ്റ്റുമാന്‍ ഗോവിന്ദേട്ടന്‍ ഞങ്ങള്‍ക്കു തരുന്ന പണമായിട്ടാണ് ആ മണിയോഡറുകള്‍ അനുഭവപ്പെട്ടിരുന്നത്.

മുതിര്‍ന്നശേഷം ഒരു കഥ കേട്ടിട്ടുണ്ട്. പട്ടാളത്തില്‍ ജോലിയുള്ള ഭര്‍ത്താവയയ്ക്കുന്ന കത്തുകളുമായി വീട്ടില്‍ വരാറുള്ള പോസ്റ്റുമാന്റെ കൂടെ ചെറുപ്പക്കാരിയായ ഭാര്യ ഒളിച്ചോടിപ്പോയ കഥ.

ഭര്‍ത്താവെഴുതുന്ന പ്രണയമത്രയും ആ പോസ്റ്റുമാന്‍ തരുന്നതാണെന്ന് പാവം പ്രണയിനിയായ ഭാര്യക്ക് തോന്നി എന്നാണ് കഥയുടെ സ്വാരസ്യം.

അത്രമാത്രം നമ്മുടെ ജീവിതത്തിന്റെ ഹൃദയസ്ഥാനത്തായിരുന്നു അന്ന് പോസ്റ്റ് ഓഫീസും പോസ്റ്റുമാനും കാര്‍ഡുകളും ഇന്‍ലന്‍ഡുകളും കവറുകളും.

അഞ്ചലോട്ടക്കാരുടെ കാലം മുതല്‍ നമ്മുടെ നാട് തപാല്‍ സംവിധാനത്തെ ഏറ്റവും പ്രിയപ്പെട്ട ഒരനുഭവമായി നെഞ്ചോടുചേര്‍ത്തു പിടിച്ചതാണ്. ഗ്രാമീണ തപാലാഫീസുകളും ചുവപ്പു ചായമടിച്ച തപാല്‍പെട്ടികളും അത്രയേറെ നമ്മുടെ ഹൃദയത്തിന്റെ അടുത്തായിരുന്നു. നമ്മുടെ സാംസ്‌കാരിക ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സന്ദേശവാഹകരായിരുന്നു നമുക്ക് തപാല്‍ ജീവനക്കാര്‍.

ഗ്രാമത്തിലെ തപാലാപ്പീസുകള്‍ ഇല്ലാതാവുന്നത് ഓര്‍ക്കുമ്പോള്‍ അതുകൊണ്ടു തന്നെ നെഞ്ചുകെട്ടുന്ന ഒരു സങ്കടം. ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന രണ്ട് വലിയ ജനകീയ സംവിധാനങ്ങളാണ് തപാല്‍വകുപ്പും റയില്‍വേവകുപ്പും. സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായവും പ്രയോജനവുമെത്തിക്കുന്ന, കഴിവതും കുറ്റമറ്റ സംവിധാനങ്ങള്‍. ഏത് ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും പേരിലായാലും തപാലാപ്പീസുകള്‍ അടച്ചുപൂട്ടുന്നത് കടുത്ത ജനവിരുദ്ധ പ്രവൃത്തിയാണ്. സ്വകാര്യ കൊറിയര്‍ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ മാത്രം സഹായിക്കുന്ന ഈ നീക്കം നമ്മുടെ നാട്ടിലെ ദരിദ്രജനകോടികളുടെ സ്വപ്‌നങ്ങളും ഹൃദയ വിനിമയങ്ങളും കണ്ടുകെട്ടുന്നതിനു സമമാണ്.

ഇന്ത്യ എന്ന രാജ്യത്തെ മുഴുവന്‍ ഹൃദയംകൊണ്ട് ഒന്നിപ്പിച്ച ഒരു മഹാ സ്‌നേഹ വിനിമയത്തിന്റെ ശൃംഖല തകര്‍ക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തപാല്‍വകുപ്പ് പിന്‍മാറണം എന്നു മാത്രം വിനയത്തോടെ കുറിക്കട്ടെ.

@@
 
ആലങ്കോട് ലീലാകൃഷ്ണന്‍

02 May, 2011

ഹിന്ദുവിന് കുടിവെള്ളം കൊടുക്കുന്ന മുസല്‍മാന്‍

തെരഞ്ഞെടുപ്പു ദിവസം ഞാന്‍ ഊരു ചുറ്റുകയായിരുന്നു. എനിയ്ക്ക് വോട്ടില്ല എന്നതായിരുന്നു കാരണം. വോട്ട് ഡല്‍ഹിയിലായിപ്പോയതില്‍ ദുഃഖിച്ച ദിവസമായിരുന്നു അത്. വോട്ടുചെയ്യുക എന്നത് ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കുക എന്നതു മാത്രമല്ല. അത് രാഷ്ട്രീയമായ തന്റെ നിലപാട് രേഖപ്പെടുത്തുക എന്നതുകൂടിയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍മാത്രം ലഭിയ്ക്കുന്ന ഒരപൂര്‍വ സന്ദര്‍ഭം.

ഞാന്‍ പോയത് പയ്യന്നൂരിലായിരുന്നു. കൂടെ കൈരളി ചാനലിന്റെ ഗള്‍ഫ് അസോസിയേറ്റ് എഡിറ്റര്‍ ഇ എം അഷ്റഫുമുണ്ടായിരുന്നു. ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഒരേ ഒരു ജീവിതം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് നിര്‍വഹിക്കുവാനായിരുന്നു ആ യാത്ര. ഒരേ ഒരു ജീവിതം സ്വാമി ആനന്ദതീര്‍ഥരുടെ ജീവചരിത്രമാണ്. തെരഞ്ഞെടുപ്പ് എന്ന ചരിത്രസന്ധിയില്‍ ഒരു മലയാളിയ്ക്ക് അനുസ്മരിക്കാന്‍ പറ്റിയ വിഷയം തന്നെയല്ലേ ഇത്?

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത് അതിന്റെ പോരാട്ടങ്ങളുടെ ചരിത്രമാണ്. ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതേയാക്കുമെന്ന കുപ്രചാരണം ചുറ്റും നടക്കുമ്പോഴെല്ലാം നമ്മുടെ നവോത്ഥാനങ്ങളുടെയും സാമൂഹ്യ വിപ്ലവങ്ങളുടെയും ചരിത്രത്തിലേക്ക് നിശ്ശബ്ദം തിരിഞ്ഞുനോക്കുകയാണ് ഞാന്‍ ചെയ്തത്. അങ്ങനെ അവസാനിക്കുന്നതല്ല പുരോഗമന പ്രസ്ഥാനം എന്ന് ആ തിരിഞ്ഞുനോട്ടങ്ങള്‍ പറയുന്നുണ്ടായിരുന്നു.

സ്വാമി ആനന്ദതീര്‍ഥരുടെ ആശ്രമത്തില്‍വച്ചായിരുന്നു ചടങ്ങ്. സാധാരണഗതിയില്‍ ഒരു ആശ്രമത്തില്‍ കാല്‍ സ്പര്‍ശിക്കുമ്പോള്‍ ആത്മശാന്തിയാണ് അനുഭവപ്പെടുക. എന്നാല്‍ ആനന്ദതീര്‍ഥരുടെ ആശ്രമത്തില്‍ കാല്‍ കുത്തുമ്പോള്‍ ചോര തിളയ്ക്കുകയാണ് ചെയ്യുന്നത്. ആശ്രമത്തെ ഒരു സമരഭൂവാക്കി മാറ്റിയ മഹദ് വ്യക്തിയാണ് ആനന്ദതീര്‍ത്ഥര്‍ അല്ലെങ്കില്‍ അനന്തഷേണായി. പുലയരെപ്പോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലെ അധഃകൃത വര്‍ഗങ്ങളുടെ വിമോചനത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത ആനന്ദതീര്‍ഥരെ, ശ്രീനാരായണഗുരുവിനെയോ അയ്യങ്കാളിയെയോ അറിയുന്നതുപോലെ നമുക്കറിയില്ലെന്നു തോന്നുന്നു.

കീഴ്ജാതിക്കാരുടെ ഉന്നമനത്തിനായി ഐതിഹാസികമായ സമരങ്ങള്‍ നയിച്ച പലരും കീഴ്ജാതിക്കാര്‍ തന്നെയായിരുന്നു. സവര്‍ണനായി ജന്മംകൊണ്ടിട്ടുംഅവര്‍ണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നത് കമ്യൂണിസ്റ്റു പാര്‍ടിയുടെ പാരമ്പര്യമാണ്. അങ്ങനെയൊരാളായിരുന്നല്ലോ ഇ എം എസ്. ആ പാരമ്പര്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഒരാളാണ് ആനന്ദതീര്‍ത്ഥര്‍. ഗൗഡ സാരസ്വത ബ്രാഹ്മണനായി ജനിച്ചിട്ടും ഹരിജനങ്ങള്‍ക്കു വേണ്ടി ത്യാഗപൂര്‍ണമായ ജീവിതം നയിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്റെ ഗര്‍ഭത്തില്‍ ഇങ്ങനെ ഒരു പുലയച്ചെറുക്കന്‍ എങ്ങനെയുണ്ടായി എന്ന് അമ്മ ദേവി അമ്മാള്‍ അത്ഭുതപ്പെട്ടിരുന്നു. കാരണം അനന്തഷേണായി എപ്പോഴും കൂട്ടുകൂടി നടന്നത് പുലയച്ചെറുക്കരുമായായിരുന്നു.

അനന്തഷേണായിയുടെ ജ്യേഷ്ഠ സഹോദരന്മാരില്‍ ഒരാള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അറ്റകുറ്റ പ്പണികള്‍ക്ക് മേല്‍നോട്ടം വഹിച്ച എന്‍ജിനിയറായിരുന്നു. അനന്തഷേണായിക്കും അതുപോലൊരു വഴിയില്‍ സഞ്ചരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം ചെറുപ്രായത്തില്‍തന്നെ യാത്ര പുറപ്പെട്ടത് മറ്റൊരു ദിശയിലേയ്ക്കായിരുന്നു. യാത്രകളിലൂടെയാണ് തന്റെ സമൂഹത്തെ അനന്തഷേണായി അറിഞ്ഞത്. ഗ്രാമപ്രദേശത്തുകൂടി ചുറ്റിനടക്കുമ്പോഴാണ് സവര്‍ണ ഹിന്ദുക്കളില്‍നിന്ന് ഹരിജനങ്ങള്‍ക്കനുഭവിക്കേണ്ടി വരുന്ന നിരവധി കഷ്ടപ്പാടുകള്‍ നേരിട്ടറിയാന്‍ കഴിഞ്ഞത്. ഹിന്ദുത്വത്തിന്റെ പേരില്‍ നടക്കുന്ന ഈ നീചകൃത്യങ്ങളെ ശാശ്വതമായി അവസാനിപ്പിക്കുന്നതിനുവേണ്ടി ഞാനെന്റെ ജീവിതം സമര്‍പ്പിക്കുന്നു-1941ല്‍ അദ്ദേഹം പറഞ്ഞു.

സ്വാഭാവികമായും ശ്രീനാരായണഗുരു ദര്‍ശനങ്ങളില്‍ ആനന്ദതീര്‍ഥര്‍ ആകൃഷ്ടനായി. ഗ്രന്ഥകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, പുഴ കടലില്‍ ചെന്നെത്തിയതുപോലെയായിരുന്നു ആനന്ദതീര്‍ഥര്‍ ഗുരുദേവനിലെത്തിയതും. എട്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഹരിജന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആനന്ദതീര്‍ഥര്‍ ആരംഭിച്ച ശ്രീനാരായണ വിദ്യാലയത്തിലെ ഹരിജന്‍ വിദ്യാര്‍ഥികളുമായി ഞാന്‍ സംസാരിച്ചു. അവര്‍ ഞങ്ങള്‍ക്ക് ചുടുചായ ഉണ്ടാക്കിത്തന്നു. അതിഥികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ആ ചായ മൊത്തിക്കുടിച്ചു. അപ്പോള്‍ ഞാനാലോചിച്ചുപോയി; അധഃകൃത വര്‍ഗത്തിന്റെ ജീവിതം ഇന്ന് എത്രമാത്രം മാറിയിരിക്കുന്നു. അവരുണ്ടാക്കിത്തന്ന ചായ കുടിച്ച ഞങ്ങള്‍ക്കിടയില്‍ സവര്‍ണരും അവര്‍ണരും മുസ്ലിങ്ങളും ഉണ്ടായിരുന്നു. ഞങ്ങളാരുടെയും മനസ്സില്‍ ജാതി മത ചിന്തകളുണ്ടായിരുന്നില്ല. പക്ഷേ ഒരുകാലത്ത് എങ്ങനെയായിരുന്നു കീഴ്ജാതിക്കാരുടെ ജീവിതം?

പശുക്കളെ അടിച്ചെന്നാല്‍ ഉടമസ്ഥന്‍ തടുത്തീടും
പുലയരെ അടിച്ചെന്നാല്‍ ഒരുവരില്ല.
റോട്ടിലെങ്ങാനും നടന്നാല്‍ ആട്ടുകൊള്ളും.
തോട്ടിലേയ്ക്കൊന്നിറങ്ങിയാല്‍ കല്ലേറുകൊള്ളും.

(സമസ്ത കൊച്ചി പുലയ മഹാസഭയുടെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ കേട്ടത്). അങ്ങനെയായിരുന്നു അന്ന് അവര്‍ ജീവിച്ചത്.

ആനന്ദതീര്‍ഥര്‍ സമാധിയായ കട്ടിലും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും സംരക്ഷിച്ചുവച്ചിട്ടുണ്ട്. അദ്ദേഹം തന്റെ നിരവധി യാത്രകളില്‍ കൂടെ കൊണ്ടുപോയ വിലകുറഞ്ഞ ചെറിയ ബാഗും ചെരിപ്പും അവിടെ കണ്ടു. ആ മുറിയില്‍ നിശ്ശബ്ദനായി നില്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു പിടച്ചില്‍ അറിഞ്ഞു. എന്തുകൊണ്ടാണ് ഇന്ന് നമുക്ക് വലിയ ജീവിതങ്ങള്‍ ജീവിക്കുവാന്‍ കഴിയാതെ പോകുന്നത്? എന്തുകൊണ്ടാണ് ആനന്ദതീര്‍ത്ഥരെപ്പോലെയോ അയ്യങ്കാളിയെ പ്പോലെയോ ഉള്ള വലിയ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഇല്ലാതിരിക്കുന്നത്? ഒരുപക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചെറിയ മനുഷ്യരുടെ നൂറ്റാണ്ടായിരിക്കാം. എങ്കിലെന്ത്? ചെറിയവനായാലും വലിയവനായാലും ശരി, ഉള്ളില്‍ നന്മയുണ്ടായാല്‍ മതി, അല്ലേ? ആനന്ദതീര്‍ത്ഥരുടെ മരണശയ്യയുടെ മുമ്പില്‍ നിന്നുകൊണ്ട് അങ്ങനെയൊക്കെ ഞാന്‍ ആലോചിച്ചുപോയി

ഇ എം അഷ്റഫിന്റെ പുസ്തകത്തില്‍നിന്നും ആശ്രമത്തിന്റെ പ്രസിഡന്റ് വസുമിത്രനില്‍നിന്നും സ്വാമി ആനന്ദതീര്‍ത്ഥരുടെ ജീവിതത്തെക്കുറിച്ച് കുറേ അറിവുകള്‍ പകര്‍ന്നുകിട്ടി. നേരത്തെ സ്വാമിജിയെക്കുറിച്ച് ഞാന്‍ കൈവരിച്ച അറിവുകളില്‍ ധാരാളം വിടവുകളുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം ചേര്‍ത്തുവച്ച് നോക്കിയപ്പോള്‍ ആനന്ദതീര്‍ഥരെ എനിയ്ക്ക് മനസ്സിലാകുന്നുണ്ട് എന്നുതോന്നി. ഇ എം എസ് തന്റെ കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങളും മറ്റു സ്വത്തുക്കളും ദാനം ചെയ്തതുപോലെ സ്വാമി ആനന്ദതീര്‍ഥരും സര്‍വവും ശ്രീനാരായണ വിദ്യാലയത്തിനുവേണ്ടി ദാനംചെയ്തു. ഒരു ജോടി കാവിവസ്ത്രം മാത്രമായിരുന്നു പിന്നീട് സ്വാമിജിയുടെ സ്വത്ത്.

സാരസ്വത ബ്രാഹ്മണനും വിദ്യാസമ്പന്നനും (മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംഎ ബിരുദം നേടിയത്) തറവാട്ടുകാരനും ധനികനുമായ അനന്തഷേണായി തന്റെ ജീവിതം മുഴുവന്‍ ഹരിജനങ്ങളുടെ ഉന്നമനത്തിനായി അര്‍പ്പണം ചെയ്തു. അതൊരു ദുര്‍ഘടമായ യാത്രയായിരുന്നു. ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിനുവേണ്ടി തലശേരി ജഗന്നാഥ ക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലുമെല്ലാം അദ്ദേഹം സമരംചെയ്തു. ഹരിജനങ്ങള്‍ക്കു മാത്രമല്ല അഹിന്ദുക്കള്‍ക്കും ഹൈന്ദവ ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്റെ കുട്ടിക്കാലം മുതല്‍തന്നെ തലശേരി ജഗന്നാഥക്ഷേത്ര ഉത്സവത്തിന് മുസ്ലിങ്ങള്‍ വരുന്നത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അത് സ്വാമി ആനന്ദതീര്‍ത്ഥരുടെ പരിശ്രമഫലമായിരുന്നു എന്ന് അന്നെനിയ്ക്ക് അറിയില്ലായിരുന്നു. കീഴ്ജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വര്‍ഗക്കാര്‍ക്കും മാത്രമല്ല അഹിന്ദുക്കള്‍ക്കും ദൈവാരാധന നടത്തുവാനും വിദ്യാഭ്യാസം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആനന്ദതീര്‍ഥര്‍ തുടര്‍ന്നപ്പോള്‍ അധിക്ഷേപങ്ങളും അവഹേളനങ്ങളും സ്വാമിജിയെ പിന്തുടര്‍ന്നു. പിന്നീട് അത് ശാരീരികമായ ആക്രമണങ്ങളായി മാറി. പലതവണ അദ്ദേഹത്തിന് മര്‍ദനമേറ്റു. 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇ എം എസ് സ്വാമിജിയുടെ സുരക്ഷയ്ക്കായി ഒരു സ്ക്വാഡിനെ നിയമിച്ചിരുന്നു.

കീഴ്ജാതിക്കാര്‍ക്കുവേണ്ടിയാണ് ആനന്ദതീര്‍ഥര്‍ ജീവിച്ചതും മരിച്ചതും. എന്നിട്ട് കീഴ്ജാതിക്കാരില്‍നിന്നും അദ്ദേഹത്തിന് അവഹേളനം ഏല്‍ക്കേണ്ടിവരികയുണ്ടായി. സബര്‍മതിയിലേക്കുള്ള നീണ്ട കാല്‍നട യാത്രയ്ക്കിടയില്‍ രത്നഗിരിയില്‍വച്ച് അദ്ദേഹത്തിന് കഠിനമായ ദാഹം അനുഭവപ്പെട്ടു. അവിടെ കണ്ട ഹരിജന്‍കുടിലില്‍ കയറി സ്വാമിജി കുടിക്കാന്‍ വെള്ളം ചോദിച്ചു. അദ്ദേഹം സവര്‍ണനാണെന്ന് മനസ്സിലാക്കിയ ഹരിജന്‍ കുടുംബം വെള്ളം നിഷേധിച്ചു. തുടര്‍ന്ന് ഒരു സവര്‍ണന്റെ വീട്ടില്‍ ചെന്ന് വെള്ളം ചോദിച്ചു. ഹരിജന്റെ കുടിലില്‍നിന്ന് സ്വാമി ഇറങ്ങിവരുന്നതുകണ്ട സവര്‍ണ കുടുംബവും അദ്ദേഹത്തിന് കുടിവെള്ളം കൊടുത്തില്ല. ദാഹംകൊണ്ട് തൊണ്ടപൊട്ടിയ സ്വാമിയ്ക്ക് അവസാനം കുടിനീര്‍ നല്‍കിയത് ഒരു മുസ്ലിമായിരുന്നു.

എല്ലാ മുസ്ലിങ്ങളെയും തീവ്രവാദികളായി കാണുന്ന പ്രവണത നമ്മുടെ ഇടയില്‍ വളര്‍ന്നുവരികയാണ്. എന്നാല്‍ അയിത്തോച്ചാടനത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനുംവേണ്ടി സമരങ്ങളും സത്യഗ്രഹങ്ങളും ചെയ്ത ആനന്ദതീര്‍ഥര്‍ക്ക് ദാഹിച്ചപ്പോള്‍ കുടിവെള്ളം നല്‍കിയത് ഒരു മുസ്ലിമാണ്. മാത്രമല്ല, സവര്‍ണര്‍ സ്വാമിജിയെ മര്‍ദിച്ചവശനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ രക്ഷയ്ക്കായി ഓടിയെത്തിയത് മുസ്ലിങ്ങളായിരുന്നു. ഇതൊക്കെ ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഓര്‍ക്കണം. അതിന് ഇ എം അഷ്റഫിന്റെ പുസ്തകം സഹായിക്കും.

@@
എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി വാരിക

അഴിമതിയാരോപണങ്ങളും ഹസാരേ സുനാമിയും

2011 ഫെബ്രുവരി 23ാം തീയതി ഡല്‍ഹിയിലെ ജന്തര്‍മന്ദിര്‍ പരിസരത്തുനിന്നും ഏകദേശം രണ്ടുലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ പാര്‍ലമെന്‍റിലേക്ക് ഒരു പ്രകടനം നടത്തി. ചില ഇടതുപക്ഷ മാധ്യമങ്ങളൊഴികെ ദേശീയ മാധ്യമങ്ങളൊന്നും അതേപ്പറ്റിയുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന സാമ്പത്തിക നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു തൊഴിലാളികള്‍ പ്രകടനം നടത്തിയത്. അതിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടാതെ പോയതിനുകാരണം മാധ്യമങ്ങളുടെ വര്‍ഗ്ഗ താല്‍പര്യംതന്നെയാണ്. ഏപ്രില്‍ അഞ്ചാംതീയതി അതേ ജന്തര്‍മന്ദിറിനു മുന്നിലാണ് അണ്ണാഹസാരേ തെന്‍റ നിരാഹാരസമരം ആരംഭിക്കുന്നത്. അഴിമതി നിരോധിക്കുന്നതിനാവശ്യമായ ലോകപാല്‍ ബില്‍തയ്യാറാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയായിരുന്നു ഈ സമരം റിപ്പോര്‍ട്ടുചെയ്തത്. ടി വി ചാനലുകള്‍ തത്സമയ സംപ്രേഷണം ആരംഭിച്ചു. നിരവധി സന്നദ്ധ സംഘടനകള്‍ (എന്‍ജിഒ) സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. മതസംഘടനകളും വര്‍ഗീയ സംഘടനകളും സമരത്തെ അനുകൂലിച്ചു. നിരവധി പ്രമുഖ വ്യക്തികള്‍ സമരത്തോടനുഭാവം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇന്ത്യയ്ക്കകത്തെ നിരവധി പട്ടണങ്ങളിലും വിദേശരാജ്യങ്ങളിലും സമരത്തിനനുകൂലമായ പ്രകടനങ്ങള്‍ നടന്നു. ഇന്‍റര്‍നെറ്റുവഴി സന്ദേശ പ്രവാഹമായിരുന്നു. വിവര വിനിമയരംഗത്തെ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും സമരത്തിനനുകൂലമായി ഉപയോഗപ്പെടുത്തി. മാധ്യമലോകം ലക്ഷ്യംവയ്ക്കുന്ന മദ്ധ്യവര്‍ഗ്ഗം പൊടുന്നനെ അഴിമതി വിരുദ്ധരായി സമരകാഹളം മുഴക്കി. ഇന്ത്യയാകെ കുലുങ്ങുകയാണെന്ന പ്രതീതിയുണ്ടാക്കി. ഹസാരെയുടെ നിരാഹാരവ്രതം ഒരു സുനാമിയുടെ പ്രതീതിയുണ്ടാക്കി. യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിക്കൊണ്ടിരുന്ന അഴിമതിയാരോപണങ്ങള്‍ ഹസാരെ സുനാമിയില്‍ ഒലിച്ചുപോയി. കോമണ്‍വെല്‍ത്ത് ഗെയിംസ്, 2 ജി സ്പെക്ട്രം, എസ്ബാന്‍ഡ്, ആദര്‍ശ് ഫ്ളാറ്റ് തുടങ്ങിയവുമായി ബന്ധപ്പെട്ട അനേകായിരം കോടി രൂപയുടെ അഴിമതിയാരോപണങ്ങളാണ് ഒറ്റയടിക്ക് ജനങ്ങളുടെ ശ്രദ്ധയില്‍നിന്നും അടര്‍ത്തിമാറ്റിയത്. കൃഷ്ണെന്‍റ ദ്വാരകയെ കടലെടുത്തശേഷം ഒന്നുമറിയാത്തപോലെ ശാന്തമായിക്കിടന്ന കടലുപോലെ മന്‍മോഹന്‍ മന്ത്രിസഭയ്ക്കെതിരെയുയര്‍ന്ന അഴിമതിയാരോപണങ്ങളെല്ലാം മാധ്യമങ്ങളുടെ ഓര്‍മ്മയില്‍ നിന്നുപോലും മാഞ്ഞുപോയി. 'ആരവം" എന്ന സിനിമയില്‍ നെടുമുടിവേണു അവതരിപ്പിച്ച മരുത് എന്ന വേട്ടക്കാരനായ കഥാപാത്രത്തിെന്‍റ സഹചാരിയായ നായയുടെ വാലില്‍ മാലപ്പടക്കം കെട്ടി കത്തിച്ച് സര്‍ക്കസ് കൂടാരത്തില്‍ കയറ്റിവിട്ട് എല്ലാം ചുട്ട് ചാമ്പലാക്കിയശേഷം അതിനു കാരണക്കാരനായ നായയുടെ പിന്നാലെ സര്‍ക്കസുകാരും ഗ്രാമവാസികളും ഒരു ഘോഷയാത്രപോലെ ഓടുന്ന രംഗമുണ്ട്. സര്‍ക്കസ് കൂടാരം കത്തിപ്പോയത് മറന്നിട്ടാണ് എല്ലാവരും നായയുടെ പിന്നാലെ ഓടിയത്. ഉടമസ്ഥന്‍പോലും തെന്‍റ നഷ്ടം മറന്നുപോയി. അഴിമതിക്കെതിരായ മദ്ധ്യവര്‍ഗ്ഗ പ്രേരിതമായ കപടരോഷ സമരാഗ്നി 'ആരവ"ത്തിലെ ഈ രംഗത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അഴിമതിയാരോപണ സുനാമിയില്‍നിന്നും മന്‍മോഹന്‍ സര്‍ക്കാരിനെ ഹസാരെ സുനാമി രക്ഷപ്പെടുത്തി. യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കുകയും അവമതിക്കിരയാക്കുകയും ചെയ്ത സന്ദര്‍ഭമെന്തായിരുന്നു? കേരളം, തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം. മാര്‍ച്ചുമാസത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം യുപിഎ സര്‍ക്കാരിെന്‍റ അഴിമതിയായിരിക്കുമെന്നുള്ളത് വ്യക്തം. അഴിമതിയുടെ നേതാവായ ടെലികോം മന്ത്രി രാജ തിഹാര്‍ ജയിലിലായി. കോണ്‍ഗ്രസ് നേതാക്കള്‍ പലരും ആരോപണ വിധേയരായി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നേവരെ കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ക്കൊന്നും ഇത്രയധികം അഴിമതിയാരോപണങ്ങള്‍ ഒരുമിച്ചു നേരിടേണ്ടിവന്നിട്ടില്ല. കേന്ദ്രസര്‍ക്കാരിെന്‍റ അന്തസ്സ് പാതാളത്തിലെത്തി. ഈ സന്ദര്‍ഭത്തിലാണ് അണ്ണാ ഹസാരെ സമരം ആരംഭിക്കുന്നത്. ഏപ്രില്‍ അഞ്ചാംതീയതിയാണ് നിരാഹാരം തുടങ്ങുന്നത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ആസാമില്‍ ആദ്യഘട്ട വോട്ടെടുപ്പു നടക്കും. തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും തോറ്റുപോകുന്നതു മാത്രമല്ല പ്രശ്നം. അത് കേന്ദ്ര ഭരണത്തെ ബാധിക്കുകയില്ല. അധികം വൈകാതെ രാജ്യസഭയിലേക്കു വരുന്ന ഒഴിവുകള്‍ നികത്തേണ്ടിവരുമ്പോള്‍ അവിടെ പ്രതിപക്ഷ അംഗങ്ങളാകും തെരഞ്ഞെടുക്കപ്പെടുന്നത്. അത് പാര്‍ലമെന്‍റിനകത്തെ സമരം രൂക്ഷമാക്കും. മുന്നണിയിലെ ഘടകകക്ഷികള്‍ ചിലപ്പോള്‍ കൊഴിഞ്ഞുപോയേക്കാം. അങ്ങനെയെങ്കില്‍ ഭരണം നഷ്ടപ്പെടും. അങ്ങനെ ഭരണം നഷ്ടപ്പെട്ടാല്‍ അമേരിക്കന്‍ ഭരണകൂടത്തിനും ബഹുരാഷ്ട്ര കുത്തകകള്‍ക്കും സ്വീകാര്യനായ മന്‍മോഹന്‍സിംഗ് സ്ഥാനഭ്രഷ്ടനാകും. നിര്‍ഗുണനാണെന്ന് തെളിയിച്ചിട്ടും രണ്ടാമതും മന്‍മോഹന്‍ പ്രധാനമന്ത്രിയായത് ഇക്കൂട്ടര്‍ക്ക് സ്വീകാര്യനായതുകൊണ്ടാണല്ലോ. അപ്പോള്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കേണ്ടത് ആരുടെ താല്‍പര്യമാണ്? ആ താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള ഉപകരണമാണ് അണ്ണാഹസാരേ. ഒരു സേഫ്റ്റിവാല്‍വ്. 'ഇന്ത്യ അഴിമതിക്കെതിരെ' ഇതാണ് ഹസാരെയുടെ സമരത്തിനുള്ള ഇന്‍റര്‍നെറ്റ് നാമം. ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരു പൗരസമൂഹത്തിെന്‍റ നേതൃത്വത്തിലാണ് സമരം അരങ്ങേറിയത്. കഴിഞ്ഞ നവംബര്‍ മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനമാണത്രേ ഐഎസി. ഈ സംഘടനയും വ്യാജ പൗരസമൂഹവും രാഷ്ട്രീയക്കാരെ പുലഭ്യം പറയുന്നു. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരും അധാര്‍മ്മികരുമാണെന്ന് പ്രചരിപ്പിക്കുന്നു. രാഷ്ട്രീയക്കാരേയും രാഷ്ട്രീയത്തേയും വര്‍ജിക്കേണ്ടതാണെന്ന് മാധ്യമങ്ങളിലൂടെ ഓരിയിടുന്നു. അരാഷ്ട്രീയ സന്നദ്ധ സംഘടനകളിലൂടെ മാത്രമേ അഴിമതിയില്‍നിന്നും രാജ്യത്തെ രക്ഷിക്കാനാകൂ എന്ന് സമര്‍ത്ഥിക്കുന്നു. മുന്‍ സൈനികനും സ്വയം പ്രഖ്യാപിത ഗാന്ധിയനുമായ അണ്ണാ ഹസാരേ മഹാരാഷ്ട്രയിലെ തന്റെ ഗ്രാമത്തില്‍ നടപ്പാക്കിയ അരാഷ്ട്രീയ സേവനം രാജ്യത്തിനു മാതൃകയാണെന്ന് അവതരിപ്പിക്കപ്പെടുന്നു. അതിനാല്‍ അഴിമതി വിരുദ്ധ സമരത്തിലും രാഷ്ട്രീയക്കാരെ ഒഴിവാക്കുന്നു. വാസ്തവത്തില്‍ ഹസാരെയുടെ സമരം മാധ്യമങ്ങളുടെ മുന്‍കയ്യാല്‍ നടന്ന സമരമാണ്. സമരമവസാനിപ്പിക്കാന്‍ മദ്ധ്യസ്ഥന്മാര്‍ രംഗത്തെത്തുന്നു. സര്‍ക്കാരുമായി ചര്‍ച്ചനടത്തുന്നു. പിണങ്ങുന്നു. പിന്നെ ഇണങ്ങുന്നു. പൗര സമൂഹത്തിനും സര്‍ക്കാരിനും തുല്യ പങ്കാളിത്തമുള്ള ഒരു പത്തംഗസമിതി രൂപീകരിക്കാന്‍ തീരുമാനിക്കുന്നു. പൗരസമൂഹത്തിെന്‍റ പ്രതിനിധികളായ അഞ്ചുപേര്‍ ഹസാരേ നിര്‍ദ്ദേശിക്കുന്നവരായിരിക്കുമെന്നും സമ്മതിക്കുന്നു. ഏപ്രില്‍ ഒന്‍പതിന് ഹസാരേ സമരം അവസാനിപ്പിക്കുന്നു. ഹസാരേയുടെയും പൗരസമൂഹത്തിേന്‍റയും നിശ്ചയദാര്‍ഢ്യവും സര്‍ക്കാരിെന്‍റ സദുദ്ദേശവും ശ്ലാഘിക്കപ്പെടുന്നു. പാര്‍ലമെന്റിനുള്ളിലെ പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം ആഴ്ചകളോളം സഭ സ്തംഭിപ്പിച്ചിട്ടും കുലുങ്ങാത്ത സര്‍ക്കാര്‍, അഞ്ചുദിവസത്തെ നിരാഹാര സമരത്തിെന്‍റ ഫലമായി കിടുകിടെ വിറയ്ക്കുകയും സമരം അവസാനിപ്പിക്കുകയും ചെയ്യുന്നു. ആന്ധ്രാ സംസ്ഥാന രൂപീകരണത്തിനുവേണ്ടി 1953ല്‍ പോട്ടി ശ്രീരാമലു എന്ന ഗാന്ധിയന്‍ നിരാഹാരമനുഷ്ഠിച്ച് ജീവത്യാഗം ചെയ്തിട്ടും കുലുങ്ങാത്ത നെഹ്റുവിെന്‍റ കോണ്‍ഗ്രസ് ഹസാരേയുടെ പഞ്ചദിന നിരാഹാരം കണ്ട് ഭയചകിതരായി സമരം ഒത്തുതീര്‍പ്പാക്കി. എന്തൊരാത്മാര്‍ത്ഥത! ജന്‍ലോക്പാല്‍ ബില്‍ തയ്യാറാക്കുന്നതിനുള്ള പത്തംഗ സമിതിയില്‍ ഹസാരെയുടെ പ്രതിനിധികളായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അഞ്ചുപേരില്‍ രണ്ടുപേര്‍ പ്രശസ്തരായ അഭിഭാഷകന്മാരാണ്. നമുക്കവരെ ഭൂഷണന്മാര്‍ എന്നു വിളിക്കാം. ഭൂഷണന്മാരെ ഉള്‍പ്പെടുത്തിയതാണ് അടുത്ത വിവാദത്തിന് ഇടയാക്കിയത്. അവര്‍ക്കെതിരെയുള്ള ആക്ഷേപങ്ങളാണ് മാധ്യമങ്ങളുടെ ഇപ്പോഴത്തെ ഇഷ്ട വിഷയം. പത്തംഗസമിതിയുടെ ദൗത്യമോ എത്രയുംവേഗം ലോക്പാല്‍ വരേണ്ടതിെന്‍റ ആവശ്യകതയോ ഒന്നുമല്ല ഇപ്പോഴത്തെ പ്രശ്നം. ഭൂഷണന്മാരെപ്പറ്റിയുള്ള ഗുണവിചാരമാണ് മാധ്യമങ്ങളുടെ എക്സ്ക്ലൂസീവ് ചര്‍ച്ചകള്‍. അഴിമതിയാരോപണങ്ങളുടെ പിന്നാലെ ലോക്പാല്‍ബില്ലും മറവിയുടെ പാതാളത്തിലേക്ക്. കഴിഞ്ഞ നവംബറില്‍ ശ്രീമതി സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ഉപദേശകസമിതി യോഗം ലോക്പാല്‍ ബില്ലിന് രൂപം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ആ സമിതിയുടെ കരട് റിപ്പോര്‍ട്ട് ഉടനെ പ്രസിദ്ധീകരിക്കാനിരുന്നതാണ്. ആ റിപ്പോര്‍ട്ടുവരുന്നതുവരെ സമരമാരംഭിക്കരുതെന്ന് ഹസാരെയെ തോഴന്മാര്‍ ഉപദേശിച്ചതുമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് അദ്ദേഹം നിരാഹാരസമരം ആരംഭിച്ചത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയിലെ ഓരോ രംഗവും കൃത്യമായി ചിത്രീകരിക്കപ്പെട്ടു. ഒന്‍പതിന് സമരം അവസാനിപ്പിച്ചു. തൊട്ടടുത്ത ദിവസങ്ങളില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നു. ലോക്പാല്‍ ബില്‍ വരാത്തതിെന്‍റപേരില്‍ സമ്മതിദായകര്‍ ധാര്‍മ്മികരോഷംപൂണ്ട് പ്രതിപക്ഷകക്ഷികള്‍ക്ക് ഇനി എന്തിന് വോട്ടുചെയ്യണം. ഇതിനുമുമ്പ് എട്ടുതവണ അലസിപ്പോയതാണ് ലോക്പാല്‍ ബില്‍. പാര്‍ലമെന്‍റില്‍ ഇതാദ്യം അവതരിപ്പിക്കുന്നത് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് 1968ലാണ്. ബില്‍ പാസാകുന്നതിനുമുമ്പേ ലോക്സഭ പിരിച്ചുവിടപ്പെട്ടു. തുടര്‍ന്ന് 1971, 1977, 1985, 1989, 1996, 1998, 2001 എന്നീ വര്‍ഷങ്ങളിലും ബില്‍ അവതരിപ്പിക്കപ്പെട്ടു. 1985ല്‍ മാത്രമാണ് ബില്‍ പിന്‍വലിക്കപ്പെട്ടത്. ബാക്കി എല്ലാ സന്ദര്‍ഭങ്ങളിലും ബില്‍ കാലഹരണപ്പെടുകയായിരുന്നു. ഇത്തരത്തില്‍ അലസല്‍ ചരിത്രമുള്ള ഒരു ബില്ലാണ് ഏതാനും ദിവസത്തെ ഉണ്ണാവ്രതംകൊണ്ട് പുനര്‍ജനിക്കുമെന്ന് വിശ്വസിപ്പിക്കപ്പെട്ടത്. സമരത്തെതുടര്‍ന്ന് രൂപീകൃതമായ സമിതിയുടെ അരാഷ്ട്രീയ സ്വഭാവം വ്യക്തമാണ്. സര്‍ക്കാര്‍ പ്രതിനിധികള്‍ അഞ്ചുപേരും കോണ്‍ഗ്രസ് പാര്‍ടിയെ പ്രതിനിധീകരിക്കുന്നു. ഹസാരേയുടെ പ്രതിനിധികളില്‍ ആരുംതന്നെ രാഷ്ട്രീയക്കാരില്ല. പാര്‍ലമെന്‍റില്‍ പ്രാതിനിധ്യമുള്ള മറ്റൊരു രാഷ്ട്രീയ കക്ഷിയേയും പത്തംഗസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തികച്ചും ജനാധിപത്യവിരുദ്ധമാണ് സര്‍ക്കാരിേന്‍റയും ഹസാരെയുടേയും നിലപാട്. അഴിമതി അവസാനിപ്പിക്കാന്‍വേണ്ടി ഹസാരെ നയിച്ച സമരം പ്രസക്തംതന്നെയാണ്. ഹസാരെയുടെ മുന്‍ ചെയ്തികളെ ചോദ്യംചെയ്യുന്നുമില്ല. എന്നാല്‍ സമരം തുടങ്ങിയ സന്ദര്‍ഭവും ഒത്തുതീര്‍പ്പുണ്ടാക്കിയ രീതിയും സംശയാസ്പദമാണ്. ബൂര്‍ഷ്വാഭരണ വ്യവസ്ഥയില്‍ അഴിമതി അനിവാര്യമാണ്. വിദേശീയരും സ്വദേശീയരുമായ മുതലാളിമാര്‍ രാഷ്ട്രീയക്കാരേയും ഉന്നതോദ്യോഗസ്ഥരേയും സ്വാധീനിച്ച് കോഴകൊടുത്ത് തങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നു. രാഷ്ട്രഗാത്രത്തെ ആഴത്തില്‍ ബാധിച്ചിരിക്കുന്ന ഈ രോഗാണുവിനെ ഒരു നിയമനിര്‍മ്മാണത്തിലൂടെ നിഗ്രഹിച്ചുകളയാമെന്നുള്ളത് വ്യാമോഹമാണ്. വ്യവസ്ഥിതിയുടെ സന്തതിയാണ് അഴിമതി. വ്യവസ്ഥിതി മാറാതെ ഈ രോഗം മാറുകയുമില്ല. നെഹ്റുവിയന്‍ കാലഘട്ടത്തിലും അതിെന്‍റ ഹാങ് ഓവര്‍ കാലഘട്ടമായ 1991വരെയും ഇന്ത്യയിലെ അഴിമതികള്‍ കുടുതലും ആഭ്യന്തരമായിട്ടുള്ളതായിരുന്നു. രാജീവ്ഗാന്ധിയുടെ കാലത്ത് നടന്ന ബൊഫോഴ്സ് തോക്കിടപാടില്‍ മാത്രമാണ് വിദേശ ദല്ലാളന്മാര്‍ മുഖേന അഴിമതിക്ക് അവസരമൊരുങ്ങുന്നത്. 1991വരെ പൊതുമേഖലയും ഇന്ത്യയ്ക്കകത്തെ സ്വകാര്യമേഖലയും തമ്മിലായിരുന്നു പ്രധാന മത്സരം. ഇതില്‍ സ്വകാര്യമേഖലയ്ക്കനുകൂലമായ തീരുമാനമെടുപ്പിക്കുന്നതിനുവേണ്ടിയാണ് മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥ പ്രമുഖരെയും സ്വാധീനിക്കാന്‍ കോഴപ്പണം ഒഴുക്കിയിരുന്നത്. എന്നാല്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്കു തുടക്കംകുറിക്കുന്ന 1991 മുതല്‍ അഴിമതിക്ക് ആഗോള സ്വഭാവം കൈവന്നു. ബാങ്ക്, ഇന്‍ഷുറന്‍സ്, വ്യവസായം, സൈനികോപകരണങ്ങള്‍, വാര്‍ത്താവിനിമയം തുടങ്ങിയ നിരവധി മേഖലകളില്‍ വിദേശ കുത്തകകള്‍ കടന്നുവന്നു. അവരുടെ ആഗമനത്തിന് വേദിയൊരുക്കാന്‍വേണ്ടി രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും സ്വാധീനിക്കാന്‍ ശ്രമിക്കും. അങ്ങനെ മുമ്പ് ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിെന്‍റ കാര്‍മികത്വത്തില്‍ തുടങ്ങിയ അഴിമതിയുടെ ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും ഇന്ന് പ്രധാനമന്ത്രിയായ മന്‍മോഹെന്‍റ കീഴില്‍ അരങ്ങു വാഴുന്നു. ഇത് മന്‍മോഹന്‍സിംഗിനോ കോണ്‍ഗ്രസിനോ അവസാനിപ്പിക്കാന്‍ കഴിയുകയില്ല. കാരണം ഇവരെ നിയന്ത്രിക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വവും ആഗോള കുത്തകകളുമാണ്. അഴിമതിയുടെ ക്ലാവുപിടിച്ച ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തെ ഈയംപൂശി മിനുക്കി നിറുത്തേണ്ടത് കുത്തകകളുടെ ആവശ്യമാണ്. അതാണ് ഹസാരെ സമരത്തിലൂടെ ലക്ഷ്യം കണ്ടത്. ഭരണകൂടത്തേയും പൗരസമൂഹത്തേയും അരാഷ്ട്രീയവല്‍ക്കരിക്കേണ്ടതും ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തേണ്ടതും ആഗോള കുത്തകകളുടെ ആവശ്യമാണ്. അതിനവര്‍ ചെയ്യുന്നത് രാഷ്ട്രീയത്തിലധിഷ്ഠിതമായ ജനാധിപത്യത്തെ അപഹസിക്കുകയെന്നതാണ്. ജനാധിപത്യം കഴിവുകെട്ടവരുടെ ഭരണമാണ് എന്നും ഇനി വരേണ്ടത് ഗുണാധിപത്യം ആണെന്നും സിദ്ധാന്തിക്കുന്നു. ജനാധിപത്യം നിലനില്‍ക്കുന്നത് കാലാകാലങ്ങളായുള്ള തെരഞ്ഞെടുപ്പിലൂടെയാണ്. തെരഞ്ഞെടുപ്പ് നടക്കുന്നത് രാഷ്ട്രീയ പാര്‍ടികളെ മുന്‍നിറുത്തിയാണ്. ജനാധിപത്യം അനാവശ്യമെന്ന് സ്ഥാപിക്കപ്പെട്ടാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയവും വേണ്ട. അരാഷ്ട്രീയവാദത്തിെന്‍റ പൊരുള്‍ ഇതാണ്. അരാഷ്ട്രീയക്കാരായ ഗുണവാന്മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒ) ജനാധിപത്യത്തിെന്‍റ വക്താക്കളായി രംഗത്തെത്തുന്നു. നാട്ടില്‍ വികസനം വഴിമുട്ടുന്നതും അഴിമതി നടമാടുന്നതും രാഷ്ട്രീയക്കാര്‍ ഭരിക്കുന്നതുകൊണ്ടാണെന്ന് സമര്‍ത്ഥിക്കുന്നു. രാഷ്ട്രീയാഭിരുചി വളര്‍ന്നുതുടങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ തൊഴില്‍ശാലകള്‍വരെ അരാഷ്ട്രീയവല്‍ക്കരണ യജ്ഞം നടക്കുന്നു. മദ്ധ്യവര്‍ഗ്ഗ ബുദ്ധിജീവികളും മാധ്യമങ്ങളും എന്‍ജിഒകളും ഇതിെന്‍റ വക്താക്കളാകുന്നു. അഴിമതിവിരുദ്ധ സമരം, പരിസ്ഥിതിപ്രശ്നം, ആരോഗ്യപ്രശ്നം മുതലായ കാര്യങ്ങളില്‍ ഇടപെട്ട് അരാഷ്ട്രീയ രാഷ്ട്രീയം വിദഗ്ധമായി നടപ്പാക്കുന്നു. പാശ്ചാത്യ ഗ്രന്ഥകാരന്മാരായ ഏണസ്റ്റ് മാന്‍ഡലും (ഋമൃിലെേ ങമിറലഹഘമലേ ഇമുശമേഹശൊ) ലെസ്റ്റര്‍ സി തോറോയും (ഘലെലേൃ ഇ ഠവീൃമൗഒശെേീൃ്യ ീള രമുശമേഹശൊ) ഇത് വളരെ മുമ്പുതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യയിലിന്ന് ശക്തി പ്രാപിച്ചുവരുന്ന അഴിമതിവിരുദ്ധ സമരത്തിലും പരിസ്ഥിതി സമരങ്ങളിലും സര്‍ക്കാരിതര അരാഷ്ട്രീയ സംഘടനകള്‍ താല്‍പര്യം കാണിക്കുന്നതിനെ വെറുതേ വിഴുങ്ങാന്‍ രാഷ്ട്രീയത്തിലധിഷ്ഠിതമായ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കു കഴിയുകയില്ല. അരാഷ്ട്രീയ ബുദ്ധിജീവിയായ മന്‍മോഹന്‍സിംഗ് അധികാരത്തില്‍ തുടര്‍ന്നുകൊണ്ട് സംരക്ഷിക്കുന്നത് ആരുടെ താല്‍പര്യമെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ അരാഷ്ട്രീയക്കാരനെ സംരക്ഷിക്കാന്‍ സമരകാഹളവുമായി രംഗത്തെത്തുന്ന പൗരസമൂഹമെന്ന വ്യാജനും ആ വ്യാജന്‍ മുന്നില്‍ നിറുത്തുന്ന ഹസാരെയെന്ന ശിഖണ്ഡിയും അഴിമതി അവസാനിപ്പിക്കുകയല്ല അഴിമതിക്കാരെ രക്ഷിക്കുകയാണ് ചെയ്യുന്നത്.
@@
പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍