11 May, 2011

തപാലാപ്പീസുകള്‍ പൂട്ടുമ്പോള്‍

ഗ്രാമീണ തപാലാപ്പീസുകള്‍ വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. തപാല്‍പെട്ടികള്‍ ഓരോന്നായി അപ്രത്യക്ഷമായതിനു പിന്നാലെ പോസ്റ്റോഫീസുകളും ഇല്ലാതാവുന്നു.
കൊറിയര്‍കമ്പനികള്‍ക്ക് കൊയ്ത്തുകാലം. പന്ത്രണ്ട് രൂപയില്‍ നിന്ന് ഒറ്റയടിയ്ക്ക് ഇരുപതും ഇരുപത്തിയഞ്ചുമായി കൊറിയര്‍ മിനിമം ചാര്‍ജ്ജ് വര്‍ധിച്ചു. ആര്‍ക്കും പരാതിയില്ല. ഇപ്പോഴും 50 പൈസയ്ക്ക് പോസ്റ്റ് കാര്‍ഡില്‍ കത്തെഴുതാനുള്ള സൗകര്യമുള്ളത് പോസ്റ്റല്‍ സര്‍വീസില്‍ മാത്രം. വൈകാതെ അതും ഇല്ലാതായേക്കും. അപ്പോഴും കേരളത്തിലെ മധ്യവര്‍ഗസമൂഹത്തിന് പരാതിയുണ്ടാവണമെന്നില്ല. അവര്‍ പോസ്റ്റുകാര്‍ഡ് സംസ്‌കാരത്തില്‍ നിന്നൊക്കെ വളരെ ഉയരെയാണ്; ത്രീ ജി മൊബൈല്‍ ഫോണുകളുടെയും വീഡിയോ കോണ്‍ഫറന്‍സുകളുടെയും ലോകത്ത്.

എന്റെ മനസ്സില്‍ പക്ഷേ, പഴയ തപാല്‍കാര്‍ഡുകള്‍ ഗൃഹാതുരത്വം നിറഞ്ഞ കുറേ പഴയ സ്‌നേഹസൗഹൃദങ്ങളുടെ ഓര്‍മ്മയും കൊണ്ട് പറന്നെത്തുന്നു.
എത്രയെത്ര കാര്‍ഡുകളാണ് കൗമാരകാലത്തും യൗവനാരംഭകാലത്തും സ്വപ്‌നങ്ങളുടെ വിനിമയങ്ങളുമായി തപാല്‍പെട്ടികളിലിട്ടത്. അന്ന് പോസ്റ്റ് കാര്‍ഡിന് വില പത്തുപൈസയോ പതിനഞ്ചുപൈസയോ...?

മഞ്ഞ പ്രതലത്തില്‍ നീലയും കറുപ്പും നിറത്തില്‍ കുനുകുനെ, നിറഞ്ഞ വര്‍ത്തമാനങ്ങളുമായി ഊഷ്മള സൗഹൃദങ്ങള്‍ വന്നു. കഥ, കവിത, സാഹിത്യസംവാദം, രാഷ്ട്രീയ ചര്‍ച്ചകള്‍, കേവല സൗഹൃദങ്ങള്‍, എന്തിന് പ്രണയവിനിമയങ്ങള്‍ വരെ പോസ്റ്റുകാര്‍ഡിലായിരുന്ന കാലം.

കുറച്ചുകൂടി ആര്‍ഭാടമായാല്‍ ഇന്‍ലന്‍ഡ്. 'ലക്കോട്ട്' എന്നു വിളിച്ചിരുന്ന പോസ്റ്റ്കവര്‍ വലിയ ആര്‍ഭാടമായിരുന്നു അന്ന്.

കഥകളും കവിതകളും അയയ്ക്കാനായിരുന്നു എനിക്ക് ലക്കോട്ടുകള്‍. ആദ്യകാലത്തൊക്കെ കവിതകളയയ്ക്കുമ്പോള്‍ ഇരുപതുപൈസയേയുള്ളൂ പോസ്റ്റല്‍ കവറിന്. മാറ്റര്‍ തിരിച്ചയച്ചു കിട്ടുവാന്‍ ഇരുപതുപൈസയുടെ കവര്‍ കൂടി ഉള്ളില്‍ മടക്കിവയ്ക്കണം. നാല്‍പതുപൈസയുണ്ടാക്കുക എന്നത് അക്കാലത്ത് വലിയൊരു സാഹസമായിരുന്നു. എഴുതിയ കവിതകള്‍ പലതും നാല്‍പ്പതുപൈസയില്ലാത്തതുകൊണ്ട് അനാഥമായി കിടന്നു. ക്ലേശിച്ച് പണമുണ്ടാക്കി 'മാതൃഭൂമി'യുടെ ബാലപംക്തിയ്ക്കും മറ്റും അയച്ചത് കുട്ടേട്ടന്റെ അടിവരകളും കുറിപ്പുമായി പോയതുപോലെ മടങ്ങിവന്നു.

ആലങ്കോട് തപാലാപ്പീസ് പെട്ടിയില്‍ ഒരു കവര്‍ കൊണ്ടുപോയി ഇട്ടാല്‍ പിന്നെ പോസ്റ്റുമാന്‍ ഗോവിന്ദേട്ടനേയും കാത്ത് വഴിക്കണ്ണുമായി ഇരിപ്പാണ്. മിക്കവാറും നാലാം ദിവസം മടക്കിക്കിട്ടും. തിരിച്ചുവാങ്ങുമ്പോള്‍ മുഖത്തെ വാട്ടം കണ്ട് ഗോവിന്ദേട്ടന്‍ ചോദിക്കും: ''എന്താ മോനേ, കത്ത് വായിക്കും മുമ്പൊരു സങ്കടം?''.

പിന്നെപ്പിന്നെ ഗോവിന്ദേട്ടനും മനസ്സിലായി. കാര്യമുള്ള കത്തിടപാടൊന്നുമല്ല, അയച്ച കവിതകള്‍ മടങ്ങിവരുന്നതാണ്.

അങ്ങനെയിരിക്കെ ഒരു സന്ധ്യയ്ക്ക് ഗോവിന്ദേട്ടന്‍ വന്നത് റാപ്പറിട്ട് മടക്കിയ ഒരു പുസ്തകവും കൊണ്ടാണ്. നെഞ്ചിടിപ്പോടെയാണ് റാപ്പര്‍ പൊട്ടിച്ച് പുസ്തകം നിവര്‍ത്തിയത്. അത് 'തളിര്' എന്ന ദൈ്വവാരികയായിരുന്നു. അതില്‍ എന്റെ ഒരു കവിത വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരിക്കുന്നു.

ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ്. ആ 'തളിരും' കൊണ്ട് ആലങ്കോട് മുഴുവന്‍ ഓടി നടന്നത് ഓര്‍ക്കുന്നു. എനിക്ക് തോന്നിയ ആഹ്ലാദം പക്ഷേ, ആര്‍ക്കും തോന്നിയില്ല. ഒരു കവിത അച്ചടിക്കുന്നത് അത്ര വലിയ കാര്യമായി എന്റെ ഗ്രാമീണര്‍ക്കാര്‍ക്കും മനസ്സില്‍ കയറിയതേയില്ല.

എന്നാലും പോസ്റ്റുമാന്‍ ഗോവിന്ദേട്ടന് സന്തോഷമായി. എന്റെ മുഖമൊന്ന് തെളിഞ്ഞ് കണ്ടല്ലോ. തപാലാപ്പീസുകള്‍ അടച്ചുപൂട്ടുന്ന വാര്‍ത്ത വായിക്കുമ്പോഴെല്ലാം പോസ്റ്റുമാന്‍ ഗോവിന്ദേട്ടനെ കാത്തിരുന്ന അക്കാലമാണ് എന്റെ മനസ്സില്‍. 'ശിപായി ഗോവിന്ദേട്ടന്‍' എന്നാണ് എല്ലാവരും പോസ്റ്റുമാനെ വിളിച്ചിരുന്നത്. 'പോസ്റ്റുമാനെ കാണാനില്ല' എന്ന സിനിമ അക്കാലത്താണ് വന്നത്. അത് ഗോവിന്ദേട്ടനെക്കുറിച്ചാണെന്ന് ഞങ്ങള്‍ അന്നൊക്കെ തമാശ പറഞ്ഞിരുന്നു.

ഗോവിന്ദേട്ടന്റെ സഞ്ചി നിറയെ കത്തുണ്ടായിരുന്ന കാലമായിരുന്നു അത്. പരിഭവങ്ങളും ദുഃഖങ്ങളും പ്രണയവും കലഹവും ദുരന്തവും ആഹ്ലാദങ്ങളും നിറഞ്ഞ കത്തുകളും കൊണ്ട് ഗോവിന്ദേട്ടന്‍ നാട്ടുവഴികളിലൂടെ നടന്നു. ഒരു കാലന്‍ കുടയുണ്ടായിരുന്നു എന്നും ഗോവിന്ദേട്ടന്റെ കൈയില്‍. അതിന്റെ വില്ല് താമരവില്ലാണ് എന്ന് പറഞ്ഞത് എന്റെ കൂട്ടുകാരന്‍ 'ബണ്ടല്‍ ബാലനാ'ണ്. ഗോവിന്ദേട്ടന്‍ മിക്കപ്പോഴും കുട നിവര്‍ത്തുകയില്ല. കാക്കിഷര്‍ട്ടിന്റെ കോളറില്‍ കൊളുത്തില്‍ പിറകില്‍ തൂക്കിയിടുകയേയുള്ളൂ. ബാലന്‍ പറഞ്ഞത് ശരിയാണോ എന്നറിയാന്‍ ഗോവിന്ദേട്ടന്‍ കുട നിവര്‍ത്തുന്നതും നോക്കിപിന്നാലെ ഒരുപാടു നടന്നിട്ടുണ്ട്.

വല്ലപ്പോഴും വരുന്ന അച്ഛന്റെ മണിയോര്‍ഡറുകള്‍ കൊണ്ടുവന്നിരുന്നതും ഗോവിന്ദേട്ടനാണ്. പത്തുറുപ്പിക മണിയോര്‍ഡര്‍ വന്നാലും അമ്മ ഒരുറുപ്പിക ഗോവിന്ദേട്ടന് സമ്മാനമായി കൊടുക്കും. എന്റെയൊക്കെ മനസ്സില്‍ അച്ഛനയയ്ക്കുന്ന പണമായിട്ടല്ല, പോസ്റ്റുമാന്‍ ഗോവിന്ദേട്ടന്‍ ഞങ്ങള്‍ക്കു തരുന്ന പണമായിട്ടാണ് ആ മണിയോഡറുകള്‍ അനുഭവപ്പെട്ടിരുന്നത്.

മുതിര്‍ന്നശേഷം ഒരു കഥ കേട്ടിട്ടുണ്ട്. പട്ടാളത്തില്‍ ജോലിയുള്ള ഭര്‍ത്താവയയ്ക്കുന്ന കത്തുകളുമായി വീട്ടില്‍ വരാറുള്ള പോസ്റ്റുമാന്റെ കൂടെ ചെറുപ്പക്കാരിയായ ഭാര്യ ഒളിച്ചോടിപ്പോയ കഥ.

ഭര്‍ത്താവെഴുതുന്ന പ്രണയമത്രയും ആ പോസ്റ്റുമാന്‍ തരുന്നതാണെന്ന് പാവം പ്രണയിനിയായ ഭാര്യക്ക് തോന്നി എന്നാണ് കഥയുടെ സ്വാരസ്യം.

അത്രമാത്രം നമ്മുടെ ജീവിതത്തിന്റെ ഹൃദയസ്ഥാനത്തായിരുന്നു അന്ന് പോസ്റ്റ് ഓഫീസും പോസ്റ്റുമാനും കാര്‍ഡുകളും ഇന്‍ലന്‍ഡുകളും കവറുകളും.

അഞ്ചലോട്ടക്കാരുടെ കാലം മുതല്‍ നമ്മുടെ നാട് തപാല്‍ സംവിധാനത്തെ ഏറ്റവും പ്രിയപ്പെട്ട ഒരനുഭവമായി നെഞ്ചോടുചേര്‍ത്തു പിടിച്ചതാണ്. ഗ്രാമീണ തപാലാഫീസുകളും ചുവപ്പു ചായമടിച്ച തപാല്‍പെട്ടികളും അത്രയേറെ നമ്മുടെ ഹൃദയത്തിന്റെ അടുത്തായിരുന്നു. നമ്മുടെ സാംസ്‌കാരിക ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സന്ദേശവാഹകരായിരുന്നു നമുക്ക് തപാല്‍ ജീവനക്കാര്‍.

ഗ്രാമത്തിലെ തപാലാപ്പീസുകള്‍ ഇല്ലാതാവുന്നത് ഓര്‍ക്കുമ്പോള്‍ അതുകൊണ്ടു തന്നെ നെഞ്ചുകെട്ടുന്ന ഒരു സങ്കടം. ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന രണ്ട് വലിയ ജനകീയ സംവിധാനങ്ങളാണ് തപാല്‍വകുപ്പും റയില്‍വേവകുപ്പും. സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായവും പ്രയോജനവുമെത്തിക്കുന്ന, കഴിവതും കുറ്റമറ്റ സംവിധാനങ്ങള്‍. ഏത് ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും പേരിലായാലും തപാലാപ്പീസുകള്‍ അടച്ചുപൂട്ടുന്നത് കടുത്ത ജനവിരുദ്ധ പ്രവൃത്തിയാണ്. സ്വകാര്യ കൊറിയര്‍ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ മാത്രം സഹായിക്കുന്ന ഈ നീക്കം നമ്മുടെ നാട്ടിലെ ദരിദ്രജനകോടികളുടെ സ്വപ്‌നങ്ങളും ഹൃദയ വിനിമയങ്ങളും കണ്ടുകെട്ടുന്നതിനു സമമാണ്.

ഇന്ത്യ എന്ന രാജ്യത്തെ മുഴുവന്‍ ഹൃദയംകൊണ്ട് ഒന്നിപ്പിച്ച ഒരു മഹാ സ്‌നേഹ വിനിമയത്തിന്റെ ശൃംഖല തകര്‍ക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തപാല്‍വകുപ്പ് പിന്‍മാറണം എന്നു മാത്രം വിനയത്തോടെ കുറിക്കട്ടെ.

@@
 
ആലങ്കോട് ലീലാകൃഷ്ണന്‍

No comments:

Post a Comment

Visit: http://sardram.blogspot.com