30 March, 2011

ഹജ്ജ് കച്ചവടത്തിന്റെ അണിയറ രഹസ്യങ്ങള്‍

സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചാണ് സാധാരണയായി പരാതികളും പരിഭവങ്ങളും ഉയര്‍ന്നുകേള്‍ക്കാറ്. എന്നാല്‍, വിശുദ്ധതീര്‍ഥാടനത്തെ വാണിജ്യവത്കരിക്കുന്നതില്‍ ഒന്നാംസ്ഥാനത്ത് കേന്ദ്ര ഭരണകൂടം തന്നെയാണ് എന്ന കാര്യം പലര്‍ക്കുമറിയില്ല. ഹജ്ജിനെ വന്‍ ബിസിനസായി മാറ്റിയെടുത്തതില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ. അഹമ്മദ് നിസ്സാരമല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് അതിന്റെ നേട്ടങ്ങള്‍ കൊയ്യുന്നത് ജാതിമത വ്യത്യാസമില്ലാതെ വിദേശമന്ത്രാലയ ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളുമാണ് എന്ന വ്യത്യാസമേയുള്ളൂ.
വിദേശകാര്യ വകുപ്പില്‍ മുസ്‌ലിംമന്ത്രി ഉണ്ടായിട്ടും ഹജ്ജ് എസ്.എം. കൃഷ്ണ സ്വന്തമാക്കി വെച്ചിരിക്കയാണ്. വകുപ്പ് സത്യസന്ധമായും സുതാര്യമായും കൈകാര്യം ചെയ്യാന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന് സാധിക്കുകയില്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും സോണിയഗാന്ധിയുടെയും ആശീര്‍വാദത്തോടെയാണ് അഹമ്മദിനെ വകുപ്പില്‍നിന്ന്  അകറ്റിനിര്‍ത്തുന്നതെന്ന ധാരണ പരത്തുന്നതില്‍ കൃഷ്ണയുടെ ആള്‍ക്കാര്‍ വിജയിച്ചിട്ടുമുണ്ട്.  എന്നാല്‍, കൃഷ്ണക്ക് കീഴിലും സ്വജനപക്ഷപാതവും കൊള്ളരുതായ്മകളുമാണ് നടമാടുന്നതെന്നാണ് അരമനരഹസ്യം.
ഗവണ്‍മെന്റ് ക്വോട്ടയുടെ പേരില്‍ മൂന്നു നാല് കൊല്ലമായി 11,000 പേരുടെ അവസരമാണ് വിദേശമന്ത്രാലയം കവര്‍ന്നെടുക്കുന്നത്. ഇ. അഹമ്മദ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന 2009 മുതല്‍ക്കാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി എത്തുന്ന ഹാജിമാരുടെ (ഏകദേശം 1.2 ലക്ഷം) പത്ത് ശതമാനം സീറ്റ് ഗവണ്‍മെന്റ് ക്വോട്ടയായി  മാറ്റിവെക്കാന്‍ തുടങ്ങിയത്. മുമ്പ് ആയിരം സീറ്റ്  മാത്രമേ മാറ്റിവെച്ചിരുന്നുള്ളൂ. ക്വോട്ട, വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് യഥേഷ്ടം വിനിയോഗിക്കാം എന്ന് വരുത്തിത്തീര്‍ത്തിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇക്കാര്യത്തില്‍ നോക്കുകുത്തി മാത്രമാണ്. കച്ചവടവും തിരിമറിയും അരങ്ങേറുന്നത് സൗദി അധികൃതരുമായി ഒപ്പുവെക്കുന്ന കരാറിന്റെ മറവിലാണ്. ഈ പകല്‍ക്കൊള്ളക്കെതിരെ പ്രൈവറ്റ് ടൂര്‍ ഓപറേറ്റര്‍മാരിലൊരാളായ മുഹമ്മദ് തസ്‌നീഫ് ഖാന്‍ കഴിഞ്ഞവര്‍ഷം മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചപ്പോള്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി  സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലൂടെ കണേ്ണാടിച്ചാല്‍ മനസ്സിലാവും പച്ചക്കള്ളം നിരത്തിയാണ് നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതെന്ന്. ഗവണ്‍മെന്റ് ക്വോട്ടയുടെ സാധൂകരണത്തിന്ഡോ. ഹാമിദ് അന്‍സാരി  (ഇപ്പോഴത്തെ ഉപരാഷ്ട്രപതി) ചെയര്‍മാനായുള്ള ഒരു കമ്മിറ്റി വിഷയം പഠിച്ച് 2006 ല്‍ മന്ത്രിസഭ ഉപസമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും അതിന് കാബിനറ്റ് അംഗീകാരം നല്‍കിയതും എടുത്തുപറയുന്നുണ്ട്. തീര്‍ഥാടകരുടെ സേവനത്തിന് അയക്കുന്ന ഉദ്യോഗസ്ഥരുടെയും ഹജ്ജ് കമ്മിറ്റി ഭാരവാഹികളുടെയും മറ്റും ആവശ്യത്തിലേക്കായി ചെറിയൊരു ക്വോട്ട മാറ്റിവെക്കാമെന്നു മാത്രമാണ് സമിതി ശിപാര്‍ശ ചെയ്തിരുന്നത്. അങ്ങനെയാണ് ആയിരം സീറ്റ് വീതം മാറ്റിവെക്കാന്‍ തുടങ്ങിയത്. 2009 ല്‍ സൗദി ഗവണ്‍മെന്റില്‍നിന്ന് അധിക ക്വോട്ടയായി കിട്ടിയ 10,000വും സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കാതെ മന്ത്രി തന്നെ കൈകാര്യം ചെയ്തതോടെയാണ് ഈ വലിയ കച്ചവടത്തിന് സ്ഥായീഭാവം കൈവരുന്നത്. കഴിഞ്ഞ വര്‍ഷം വകുപ്പ് കൈകാര്യം ചെയ്യാന്‍ മന്ത്രിയുണ്ടായിരുന്നില്ലെങ്കിലും ഗവണ്‍മെന്റ് ക്വോട്ടയായി 11,000 നീക്കിവെച്ചു.  45,000 ത്തിന്റെ ക്വോട്ട 583 സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാര്‍ക്ക് വീതിച്ചുകൊടുത്തപ്പോള്‍ പലര്‍ക്കും കിട്ടാതെപോയി. ഗവണ്‍മെന്റ് ക്വോട്ടയില്‍നിന്നെങ്കിലും തങ്ങളുടെ വിഹിതം ലഭിക്കണമെന്ന് ന്യായാസനത്തോട് ചിലര്‍ അഭ്യര്‍ഥിച്ചു. അവരുടെ ആവശ്യം നിരസിക്കുന്നതിന് കോടതി മുമ്പാകെ വിദേശകാര്യ മന്ത്രാലയം കള്ളക്കണക്ക് സമര്‍പ്പിച്ചു. ആ കണക്ക് പ്രകാരം 11,000 സീറ്റ് വീതംവെച്ചിരിക്കുന്നത് ഇപ്രകാരമാണ്: ഖാദിമുല്‍ ഹുജ്ജാജ് (ഓരോ സംസ്ഥാനത്തുനിന്നും ഹാജിമാരെ സേവിക്കുന്നതിന് അയക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍) -300, മഹ്‌റം (സ്ത്രീകളെ അനുഗമിക്കുന്ന പുരുഷന്മാര്‍)- 400, പുണ്യഭൂമിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആളെ അയക്കാന്‍ ഹജ്ജ് കമ്മിറ്റിക്ക് നല്‍കുന്നത് -500, ജമ്മു-കശ്മീരിന്റെ പ്രത്യേകത കണക്കിലെടുത്ത് നല്‍കുന്നത്-1500, ലക്ഷദ്വീപിന് പ്രത്യേകമായി -239, സംസ്ഥാനങ്ങള്‍ക്ക് ഓരോ സ്ഥലത്തെയും മുസ്‌ലിം ജനസംഖ്യക്കും ഹജ്ജ് അപേക്ഷകരുടെ എണ്ണത്തിനും ആനുപാതികമായി നല്‍കുന്നത് -2500, ബോറാ സമുദായത്തിന് പ്രത്യേകമായി നീക്കിവെക്കുന്നത് -2500, ഓരോ പാര്‍ലമെന്റംഗത്തിനും ശരാശരി മുമ്മൂന്ന് വീതം മുഴുവന്‍ പാര്‍ലമെന്റംഗങ്ങള്‍ക്കുമായി വീതിച്ചുകൊടുക്കുന്നത് -3000 (നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടാത്ത വൃദ്ധജനത്തിന് നല്‍കാനാണത്രെ ഇത്് ).
 തീര്‍ത്തും വാസ്തവവിരുദ്ധമായ വിവരങ്ങള്‍ നല്‍കി മന്ത്രാലയം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വിവാഹബന്ധം പാടില്ലാത്തവരുടെ (മഹ്‌റം) കൂടെ നല്‍കിയാലേ അപേക്ഷ സ്വീകരിക്കൂ എന്നിരിക്കെ ആ ഇനത്തില്‍ 400 പേര്‍ക്ക് അവസരം നല്‍കി എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അതുപോലെ ജമ്മു-കശ്മീരിന് പ്രത്യേകമായി ക്വോട്ടയൊന്നും അനുവദിക്കാറില്ല. ഓരോ സംസ്ഥാനത്തെയും മുസ്‌ലിം ജനസംഖ്യയുടെ ആനുപാതികമായാണ് ക്വോട്ട നിര്‍ണയിക്കുന്നത്. ഗവണ്‍മെന്റ് ക്വോട്ട വഴി 2010 ല്‍ ഹജ്ജിനെത്തിയവരുടെ കണക്ക് പരിശോധിച്ചാല്‍ (ടേബ്ള്‍ കാണുക) മനസ്സിലാകും കല്ലുവെച്ച നുണയാണ് മന്ത്രാലയം നിരത്തിയതെന്ന്. കഴിഞ്ഞ വര്‍ഷം കശ്മീരില്‍നിന്ന് ക്വോട്ടയില്‍ 47 പേര്‍ മാത്രമാണ് എത്തിയതെന്ന് ഹജ്ജ് മിഷന്റെ ഔദ്യോഗിക രേഖകള്‍ പറയുന്നു. ഖാദിമുല്‍ ഹുജ്ജാജിനു പുറമെ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ആളുകളെ അയക്കുന്നില്ല. 500 ഉദ്യോഗസ്ഥര്‍ എത്തുന്നത് ഒഫിഷ്യല്‍ വിസയിലാണ്. സൗദി ഭരണകൂടം ഓരോ രാജ്യത്തെയും മുസ്‌ലിം ജനസംഖ്യക്ക് ആനുപാതികമായാണ് ക്വോട്ട നിശ്ചയിക്കുന്നത്. രാജ്യത്തെ ഓരോ വിശ്വാസിയുടെയും അവകാശമാണത്. അതില്‍നിന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വീതിച്ചുകൊടുക്കുന്നത് അനീതിയാണ്. അത് മറച്ചുവെക്കുന്നതിനാണ് പ്രായാധിക്യമുള്ളവര്‍ക്ക് നല്‍കാനാണ് എം.പിമാര്‍ക്ക് മുമ്മൂന്ന് സീറ്റ് അലോട്ട് ചെയ്യുന്നതെന്ന് കള്ളം പറയുന്നത്. ഭൂരിഭാഗം അംഗങ്ങള്‍ക്കും, വിശിഷ്യാ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് സീറ്റ് കിട്ടാറേയില്ലത്രെ. കിട്ടിയവര്‍ തന്നെ ഏതെങ്കിലും രാഷ്ട്രീയക്കാരനോ ട്രാവല്‍ ഏജന്‍സിക്കോ മറിച്ചുകൊടുക്കും.
ഹജ്ജുമായി ബന്ധപ്പെട്ടതെല്ലാം കച്ചവടമായതോടെ തൊട്ടവനെല്ലാം ലാഭം കൊയ്യാന്‍ തുടങ്ങി. അതോടെ, അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാണു. മുസ്‌ലിം മത-രാഷ്ട്രീയ നേതൃത്വത്തിന്റെ അലംഭാവവും ശ്രദ്ധക്കുറവുമാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ക്വോട്ടയില്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ വന്നത് ഗുജറാത്തില്‍നിന്നാണ്- 2021 പേര്‍. അതേസമയം, ഹജ്ജിന് അപേക്ഷിച്ചവരില്‍ പകുതി പേര്‍ക്കും അവസരം ലഭിക്കാത്ത കേരളത്തില്‍നിന്ന് എത്തിയത് 440 പേര്‍ മാത്രം. ഇതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം റെഡി-കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ രാഷ്ട്രീയകാര്യ  ഉപദേഷ്ടാവ് അഹ്മദ്പട്ടേലിന്റെ (ദുഃ)സ്വാധീനം. 20 ശതമാനത്തോളം മുസ്‌ലിം ജനസംഖ്യയുള്ള ആന്ധ്രക്ക് കേവലം 96 സീറ്റ് അനുവദിച്ചപ്പോള്‍ അതിന്റെ പകുതിപോലും മുസ്‌ലിംകളില്ലാത്ത കര്‍ണാടകയില്‍നിന്ന് 854 പേരാണ് സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിനെത്തിയത്. കാരണം? വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ കര്‍ണാടകക്കാരനായതുതന്നെ. മിക്കവാറും കേന്ദ്ര ക്വോട്ട കരിഞ്ചന്തയിലേക്കാണ് പോവുന്നത്. അല്ലെങ്കില്‍ രാഷ്ട്രീയപരിലാളനത്തിന്. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടനാഴിയില്‍ ഇതിനായി ഏജന്റുമാരും ബ്രോക്കര്‍മാരും അലയുന്നുണ്ട്. ഡിമാന്റ് കൂടുമ്പോള്‍ ഒരു 'തസ്‌രീഹിന്' 60000-75000രൂപ വരെ ഈടാക്കാമെന്ന് രാഷ്ട്രീയ കങ്കാണിമാര്‍ മനസ്സിലാക്കിയിട്ടുണ്ട്. 10,000 തസ്‌രീഹ് വഴി കീശയിലെത്തുന്ന വരുമാനത്തെക്കുറിച്ച് ഒന്നു  കണക്കു കൂട്ടി നോക്കൂ!
ഹജ്ജ് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘം എന്നുപറഞ്ഞ് 35 നേതാക്കളും അവരുടെ കുടുംബങ്ങളും രണ്ടാഴ്ചയോളം സുഖവാസത്തിനെത്തുന്നത്. ഇന്ത്യയല്ലാത്ത ഒരു രാജ്യവും ഇത്രയും വലിയ 'ഗുഡ്‌വില്‍ ഡെലിഗേഷനെ' അയക്കാറില്ല. പുണ്യഭൂമിയില്‍ രണ്ടുമാസത്തെ സേവനത്തിന് അയക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തില്‍പോലും രാഷ്ട്രീയ ഇടപെടലുകളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മുമ്പ് സേവനരംഗത്ത് മികവ് പുലര്‍ത്തിയവരെ അയക്കണമെന്ന ഹജ്ജ് മിഷന്റെ അഭ്യര്‍ഥന ചെവിക്കൊള്ളാതെ ഓരോ സംസ്ഥാനത്തുനിന്നും പിന്‍വാതിലിലൂടെ കയറിക്കൂടുന്നവരെയാണ് വിദേശകാര്യ മന്ത്രാലയം നിയോഗിക്കാറ്.
ഈ വര്‍ഷത്തെ ഹജ്ജിന് തയാറെടുപ്പ് തുടങ്ങിയിരിക്കെ, ഈ വിഷയങ്ങളില്‍ പൊതുസംവാദം വേണം. വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യപ്പെടണം. കേന്ദ്ര ക്വോട്ടക്കെതിരെ ആവശ്യമാണെങ്കില്‍ സുപ്രീം കോടതിയെത്തന്നെ സമീപിക്കണം. ഹജ്ജ് പ്രതിനിധി സംഘത്തില്‍ ആരെയൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് മുസ്‌ലിംനേതൃത്വം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തണം.
കഴിഞ്ഞ വര്‍ഷം
ഗവണ്‍മെന്റ് ക്വോട്ടയില്‍
ഹജ്ജിനെത്തിയവര്‍
ആന്ധ്രപ്രദേശ്                                 96
ഛത്തിസ്ഗഢ്                                 64
ദല്‍ഹി                                           410
ഗുജറാത്ത്                                     2021 
ഹരിയാന                                       83  
ജമ്മു-കശ്മീര്‍                                  47
കര്‍ണാടക                                     854   
കേരള                                           440
ലക്ഷദ്വീപ്                                      150
മഹാരാഷ്ട്ര                                    626 
മധ്യപ്രദേശ്                                    244  
പഞ്ചാബ്                                      88
രാജസ്ഥാന്‍                                      473
തമിഴ്‌നാട്                                     393
ഉത്തരഖണ്ഡ്                                    74
ഉത്തര്‍പ്രദേശ്                                  724

Courtesy: Madhyamam daily 29.03.2011

26 March, 2011

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

വിക്കിലീക്സ് വെളിപ്പെടുത്തലുകളുടെ സ്ഫോടനശേഷി ടുണീഷ്യയിലും ഈജിപ്തിലും തെളിഞ്ഞതാണ്. ഈ രണ്ട് രാജ്യത്തും ജനകീയപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന് തീര്ച്ചയായും രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ കാരണങ്ങളുണ്ടായിരുന്നു. എന്നാല്, ജനരോഷം ഉയരാന് രാസത്വരകമായി പ്രവര്ത്തിച്ചത് ഭരണാധികാരികളുടെ അഴിമതിയും സമ്പത്തിന്റെ കുന്നുകൂട്ടലും സംബന്ധിച്ച് വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകളാണ്. ടുണീഷ്യയിലെ സമ്പത്തിന്റെ ഭൂരിഭാഗവും ബിന് അലി കുടുംബത്തിന്റെ അധീനതയിലാണെന്ന് സ്ഥിരീകരിച്ച് അമേരിക്കന് നയതന്ത്രജ്ഞര് വാഷിങ്ടണിലേക്ക് അയച്ച സന്ദേശങ്ങള് വിക്കിലീക്സ് വെളിപ്പെടുത്തി. ഈജിപ്തില് ഹൊസ്നി മുബാറക് കൊള്ളയടിച്ച ഭീമമായ സ്വത്തിന്റെ വിവരങ്ങളും വിക്കിലീക്സ് ജനങ്ങളുടെ മുന്നില് കൊണ്ടുവന്നു. ദാരിദ്ര്യം കൊടികുത്തി വാഴുന്ന രാജ്യങ്ങളില് ഭരണാധികാരികള് നടത്തുന്ന കൊള്ളയും ഇവരുടെ സാമ്രാജ്യത്വദാസ്യവും സ്വാഭാവികമായും ജനങ്ങളെ ചൊടിപ്പിച്ചു. വന്പ്രക്ഷോഭത്തിന്റെ ഫലമായി ഇരുഭരണാധികാരികളും സ്ഥാനഭ്രഷ്ടരാകുകയും ചെയ്തു.

ന്യൂഡല്ഹിയില്നിന്ന് അമേരിക്കന് നയതന്ത്രജ്ഞര് വാഷിങ്ടണിലേക്ക് അയച്ച സന്ദേശങ്ങളിലും നമ്മുടെ രാജ്യത്തെ ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ വിവരണങ്ങളാണ്. ഒപ്പം ഭരണവര്ഗം നടത്തുന്ന അമേരിക്കന്പ്രീണനത്തിന്റെ ലജ്ജിപ്പിക്കുന്ന കഥകളും. ഇടതുപക്ഷ പാര്ടികള് ചൂണ്ടിക്കാട്ടിവന്ന കാര്യങ്ങള് നൂറുശതമാനവും ശരിയാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. ആണവകരാര് നടപ്പാക്കാന് മന്മോഹന്സിങ്ങും സോണിയ ഗാന്ധിയും രാഹുലും കാട്ടുന്ന വ്യഗ്രത, ഇടതുപക്ഷം പിന്തുണ പിന്വലിച്ചതിനെത്തുടര്ന്ന് 2008ല് പാര്ലമെന്റില് നടന്ന വിശ്വാസവോട്ട് അതിജീവിക്കാന് എംപിമാരെ വിലയ്ക്കെടുത്തത്, ഇറാന്വാതകപൈപ്പ്ലൈന് പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച മണിശങ്കര് അയ്യരെ പെട്രോളിയംമന്ത്രാലയത്തില്നിന്ന് പുറത്താക്കിയത്- ഇങ്ങനെ മുമ്പ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപ്രചാരണമെന്ന പേരില് കോണ്ഗ്രസ് നിഷേധിച്ച സര്വസംഗതികളും വസ്തുതയാണെന്ന് തെളിഞ്ഞു.

കേരളരാഷ്ട്രീയത്തില് അമേരിക്കന് ചാരസംഘടന സിഐഎ പുലര്ത്തുന്ന താല്പ്പര്യവും നടത്തിയ ഇടപെടലുകളും ഇടതുപക്ഷം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ പല മാധ്യമങ്ങളും ഇക്കാര്യത്തില് സിപിഐ എം നേതാക്കളെ പരിഹസിക്കാനാണ് മുതിര്ന്നിട്ടുള്ളത്. കേരളത്തില് എന്തു നടന്നാലും അമേരിക്കയ്ക്ക് എന്താണ് പ്രശ്നമെന്നാണ് ഇവര് ചോദിച്ചിരുന്നത്. എന്നാല്, ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങള് അമേരിക്ക സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരികയാണെന്ന് നയതന്ത്രജ്ഞരുടെ സന്ദേശങ്ങള് വെളിപ്പെടുത്തുന്നു. പത്രറിപ്പോര്ട്ടര്മാര് പ്രവര്ത്തിക്കുന്നതുപോലെയാണ് അമേരിക്കന് ഉദ്യോഗസ്ഥര് ഓരോ സംഭവത്തിലും വാഷിങ്ടണിലേക്ക് റിപ്പോര്ട്ട് നല്കുന്നത്. ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പുകള്, രാഷ്ട്രീയപാര്ടികള്, അവരുടെ നയങ്ങള്, നേതാക്കളുടെ വ്യക്തിപരമായ താല്പ്പര്യങ്ങള്-ഇവയെല്ലാം അമേരിക്ക വിലയിരുത്തുന്നു.

പൊതുവെ കോണ്ഗ്രസ് ഭരണത്തോട് അമേരിക്കയ്ക്ക് താല്പ്പര്യമുണ്ടെങ്കിലും അതില്തന്നെ വ്യക്തിപരമായ വിവേചനങ്ങളുണ്ട്. രണ്ടാം യുപിഎ സര്ക്കാരില് പ്രണബ് മുഖര്ജിക്ക് ധനവകുപ്പ് നല്കിയപ്പോള് അമേരിക്കയുടെ നെറ്റി ചുളിഞ്ഞു. ഉദാരവല്ക്കരണത്തിന്റെ തീവ്രഅപ്പോസ്തലനായ ആസൂത്രണ കമീഷന് ഉപാധ്യഷന് മൊണ്ടേക്സിങ് അലുവാലിയക്കോ കോര്പറേറ്റുകളുടെ കളിത്തോഴനായ പി ചിദംബരത്തിനോ ധനമന്ത്രാലയത്തിന്റെ ചുമതല ലഭിക്കണമെന്നാണ് അമേരിക്ക ആഗ്രഹിച്ചത്. എന്നാല്, മുന്നണി രാഷ്ട്രീയത്തിന്റെ സമ്മര്ദങ്ങള് നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രണബ് മുഖര്ജിക്ക് ധനമന്ത്രാലയം നല്കാനാണ് യുപിഎ തീരുമാനിച്ചത്. ഇതില് അസ്വസ്ഥരായ അമേരിക്കന്നേതൃത്വം പ്രണബിന്റെ സമീപനങ്ങളും താല്പ്പര്യങ്ങളും ആരാഞ്ഞ് ന്യൂഡല്ഹി എംബസിയിലേക്ക് അയച്ച സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇതില് അമേരിക്കന് വിദേശസെക്രട്ടറി ഹിലരി ക്ളിന്റ ഉന്നയിച്ച ഓരോ ചോദ്യവും ഏത് ഇന്ത്യക്കാരനെയും ശരിക്കും പരിഹസിക്കുന്നതാണ്. ഏത് വ്യവസായ-ബിസിനസ് ഗ്രൂപ്പിനോടാണ് പ്രണബ് കൂറ് പുലര്ത്തുന്നതെന്നും അദ്ദേഹത്തിന്റെ നയങ്ങള് ആര്ക്കാണ് ഗുണകരമാവുകയെന്നും ഹിലരി ആരാഞ്ഞു. അടുത്ത ബജറ്റില് പ്രണബ് മുന്ഗണന നല്കാനിടയുള്ള മേഖലകളെക്കുറിച്ച് വിവരം നല്കണമെന്നും ഇന്ത്യയിലെ നയതന്ത്രജ്ഞരോട് ഹിലരി ആവശ്യപ്പെടുകയുണ്ടായി.

ഹിലരിയുടെ ചോദ്യങ്ങള് ഇങ്ങനെ തുടര്ന്നു: തന്റെ പദവിയില് തുടരുന്നതിനെക്കുറിച്ച് അലുവാലിയയുടെ മനോവികാരം എന്താണ്? പ്രത്യേകിച്ച് ഏതെങ്കിലും അജന്ഡ നടപ്പാക്കാന് അദ്ദേഹം ശ്രമിക്കുന്നുണ്ടോ? പ്രധാനമന്ത്രിയുമായി അദ്ദേഹം നല്ല ബന്ധത്തിലാണോ? റിസര്വ് ബാങ്ക് ഗവര്ണര് ഡി വി സുബ്ബറാവുവുമായി പ്രണബ് മുഖര്ജിയുടെ ബന്ധം എങ്ങനെയാണ്? ചിദംബരത്തെ ധനമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതിനെ സുബ്ബറാവു എങ്ങനെ കാണുന്നു? ഈ മാറ്റം ധനമന്ത്രാലയവും റിസര്വ്ബാങ്കും തമ്മിലുള്ള ബന്ധത്തെ എതു രീതിയില് ബാധിക്കും?

കമല്നാഥിനെ എന്തുകൊണ്ടാണ് വാണിജ്യവകുപ്പില്നിന്ന് ഒഴിവാക്കിയതെന്നും ആനന്ദ്ശര്മയെ ഈ വകുപ്പിലേക്ക് നിയോഗിച്ചത് എന്തിനാണെന്നും ഹിലരി സംശയം ഉന്നയിച്ചു. ശര്മയുടെ പൊതുവീക്ഷണങ്ങള്, ലോകവ്യാപാരസംഘടനയോടുള്ള സമീപനം, പ്രത്യക്ഷവിദേശനിക്ഷേപം സംബന്ധിച്ചുള്ള നിലപാട് എന്നിവയും ആരാഞ്ഞു. പുതിയ സര്ക്കാരിന്റെ പ്രവര്ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സമയത്തിനും വിഭവങ്ങള്ക്കും അനുസൃതമായ വിവരങ്ങള് അറിയിക്കാമെന്നും ഹിലരിക്ക് എംബസിയില്നിന്ന് ഉടന്തന്നെ മറുപടി നല്കി.

ആണവകരാര്വിഷയത്തില് ഇടതുപക്ഷം പിന്തുണ പിന്വലിച്ചതിനെത്തുടര്ന്ന് കോടിക്കണക്കിന് രൂപ ഒഴുക്കിയാണ് മന്മോഹന്സിങ് സര്ക്കാര് അധികാരം നിലനിര്ത്തിയതെന്നും പുറത്തുവന്ന രേഖകള് വ്യക്തമാക്കുന്നു. സോണിയകുടുംബത്തിന്റെ വിശ്വസ്തനായ കോണ്ഗ്രസ് നേതാവ് സതീശ് ശര്മ ഇതുസംബന്ധിച്ച് അമേരിക്കന് നയതന്ത്രജ്ഞനോട് നടത്തിയ സംഭാഷണമാണ് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നത്. സതീശ്ശര്മയെ ഉദ്ധരിച്ച് അമേരിക്കന് നയതന്ത്രജ്ഞന് സ്റീഫന് വൈറ്റ് വാഷിങ്ടണിലേക്ക് അയച്ച സന്ദേശം വിക്കിലീക്സ് ചോര്ത്തിയതാണ് കുറെക്കാലമായി നിലനില്ക്കുന്ന ആരോപണത്തിന്റെ സ്ഥിരീകരണത്തിന് വഴിയൊരുക്കിയത്. അകാലിദളിന്റെ എട്ടു എംപിമാരെ സ്വാധീനിക്കാന് പ്രധാനമന്ത്രി മന്മോഹന്സിങ്ങും ശ്രമിച്ചു.

എംപിമാരെ വിലയ്ക്കെടുക്കാന് സതീശ് ശര്മയുടെ വീട്ടില് സൂക്ഷിച്ച 60 കോടിയോളം രൂപയുടെ ഒരുഭാഗം അടങ്ങിയ ബാഗുകള് അദ്ദേഹത്തിന്റെ അനുയായി നചികേത കപൂര് അമേരിക്കന് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനെ കാണിക്കുകയുമുണ്ടായി. പാര്ലമെന്റില് വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് അഞ്ചുദിവസം മുമ്പ്, 2008 ജൂലൈ 16ന് ആയിരുന്നു ഈ സംഭവം. വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാന് അജിത്സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളിന്റെ നാല് എംപിമാര്ക്ക് പത്തുകോടിരൂപ വീതം ഇതിനകം നല്കിയതായും നചികേത കപൂര് അമേരിക്കന് ഉദ്യോഗസ്ഥനോടു പറഞ്ഞു. പണം എത്ര കൊടുക്കാനും തയ്യാറാണെന്നും എംപിമാരുടെ പിന്തുണ ഉറപ്പാക്കുകയെന്നതാണ് പ്രധാനമെന്നും കപൂര് തുടര്ന്നു.

അമേരിക്കന് സ്ഥാനപതികാര്യാലയത്തിലെ രാഷ്ട്രീയവിഭാഗം ചുമതലക്കാരനായ സ്റീഫന് വൈറ്റ് ജൂലൈ 17നുതന്നെ ഇക്കാര്യങ്ങള് വിശദീകരിച്ച് വാഷിങ്ടണിലെ വിദേശവകുപ്പ് ആസ്ഥാനത്തേക്ക് സന്ദേശം അയച്ചു. യുപിഎ സര്ക്കാര് നിലനില്ക്കണമെന്ന കാര്യത്തില് അമേരിക്കന് ഭരണകൂടത്തിനുള്ള വ്യഗ്രതയുടെ തെളിവാണിത്. സ്റീഫന് വൈറ്റ് ജൂലൈ 16ന് സതീശ്ശര്മയെ സന്ദര്ശിച്ചപ്പോഴാണ് സര്ക്കാരിനെ സംരക്ഷിക്കാന് യുപിഎ നേതൃത്വം നടത്തുന്ന ഇടപാടുകളുടെ വിവരം ലഭിച്ചത്. യുപിഎ സര്ക്കാര് നിലനില്ക്കണമെന്ന കാര്യത്തില് അമേരിക്കയും അമേരിക്കയുടെ താല്പ്പര്യം സംരക്ഷിക്കാന് യുപിഎ നേതൃത്വവും പ്രകടിപ്പിക്കുന്ന വ്യഗ്രതയാണ് ഇവിടെ ശ്രദ്ധേയം.
പ്രധാനമന്ത്രിയുടെ വിമാനവും അമേരിക്ക പരിശോധിക്കുന്നു

പ്രധാനമന്ത്രി ഉള്പ്പടെയുള്ള പ്രമുഖര്ക്ക് സഞ്ചരിക്കാന് വാങ്ങിയ ബോയിങ് വിമാനത്തിന്റെ കരാറില് ഏകപക്ഷീയ നിബന്ധനകള് അടിച്ചേല്പ്പിച്ച് അമേരിക്ക ഇന്ത്യയെ വഞ്ചിച്ചു. വിമാനത്തിലെ ആക്രമണ-പ്രതിരോധസംവിധാനം അമേരിക്കന് ഉദ്യോഗസ്ഥര് ഓരോവര്ഷവും ഇവിടെയെത്തി പരിശോധിക്കുമെന്ന വ്യവസ്ഥയാണ് അടിച്ചേല്പ്പിച്ചത്. വിമാനം വാങ്ങാന് ധാരണാപത്രം ഒപ്പിട്ട് മൂന്നുവര്ഷത്തിനുശേഷമാണ് പുതിയ നിബന്ധന എഴുതിച്ചേര്ത്തത്. അമേരിക്കന് ഉദ്യോഗസ്ഥര് ഇന്ത്യയിലെത്തി നടത്തുന്ന പരിശോധന രാഷ്ട്രീയപ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഭയന്ന് മന്മോഹന്സിങ് സര്ക്കാര് ഇത് ചെറുക്കാന് ശ്രമിച്ചതായും ഒടുവില് അമേരിക്കന് സമ്മര്ദത്തിന് വഴങ്ങിയെന്നും വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകള് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിക്കും സംഘത്തിനും മറ്റും സഞ്ചരിക്കാന് ഇന്ഫ്രാറെഡ് രശ്മികള് ഉപയോഗിച്ചുള്ള ആക്രമണ-പ്രതിരോധ സംവിധാനമുള്ള മൂന്ന് ബോയിങ് 737-7എച്ച്1 (ബിബിജെ) വിമാനം വാങ്ങാന് 2005 സെപ്തംബറിലാണ് മന്ത്രിസഭയുടെ സുരക്ഷാസമിതി അനുമതി നല്കിയത്. അന്ന് ഒപ്പിട്ട ധാരണപത്രത്തില് വിമാനത്തില് വര്ഷംതോറും എന്ഡ്യൂസ് മോണിറ്ററിങ് പരിശോധന നടത്താന് വ്യവസ്ഥ ചെയ്തിരുന്നില്ല. എന്നാല്, മൂന്നുവര്ഷത്തിനുശേഷം, 2008 മേയില് അമേരിക്ക ഈ ധാരണപത്രം ഏകപക്ഷീയമായി തിരുത്തി. യാത്രാമധ്യേ വിമാനം ആക്രമിക്കപ്പെട്ടാല് പ്രതിരോധനടപടി സ്വീകരിക്കാന് പൈലറ്റിനെ അനുവദിക്കുന്ന സംവിധാനത്തിന്റെ പ്രവര്ത്തനം വര്ഷംതോറും പരിശോധിക്കാന് അമേരിക്കയ്ക്ക് അനുമതി നല്കുന്നതാണ് പ്രധാന ഭേദഗതി.

ഇക്കാര്യം പുറത്തുവന്നാല് കനത്ത രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്ന് മന്മോഹന്സിങ് സര്ക്കാരിന് ബോധ്യമുണ്ടായിരുന്നു. ഉടന്തന്നെ വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഗെയ്ത്രി കുമാര് അമേരിക്കന് എംബസിയിലെത്തി. ഇദ്ദേഹം അമേരിക്കന് പ്രതിരോധ അണ്ടര് സെക്രട്ടറി ജെയിംസ് ഗ്ളാഡുമായി നടത്തിയ ചര്ച്ചയില് മന്മോഹന്സിങ് സര്ക്കാരിന്റെ ആശങ്ക പങ്കിട്ടു. ഇതേത്തുടര്ന്ന് മെയ് അഞ്ചിന് അമേരിക്കന് എംബസിയില്നിന്ന് വാഷിങ്ടണിലേക്ക് പോയ സന്ദേശത്തില് പറയുന്നു: "ബോയിങ് വിമാനത്തിലെ പ്രതിരോധസംവിധാനം പുനഃപരിശോധിക്കാനുള്ള കരാര്ഭേദഗതിയില് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. കരാറില് സാമ്പത്തികവും സാങ്കേതികവുമായ ചില മാറ്റങ്ങള് വരുത്താന് ഇന്ത്യ സന്നദ്ധമാണ്. പക്ഷേ, എന്ഡ്യൂസ് മോണിറ്ററിങ് പരിശോധനയ്ക്ക് അവസരം നല്കുന്ന ഭേദഗതി പ്രശ്നങ്ങള് സൃഷ്ടിക്കുമെന്ന് അവര് കരുതുന്നു.'' പ്രതിപക്ഷം സര്ക്കാരിനെതിരെ പ്രചാരണം നടത്തുമെന്ന ആശങ്കയാണ് കോണ്ഗ്രസ് നേതൃത്വത്തെ അലട്ടിയത്. രാജ്യതാല്പ്പര്യം അവര്ക്ക് പ്രശ്നമായിരുന്നില്ല.

മന്മോഹന്സിങ് സര്ക്കാരിന്റെ ആശങ്ക പരിഹരിക്കാന് അമേരിക്ക കണ്ടെത്തിയ വഴി 'പരിശോധന' എന്നതിനുപകരം 'അവലോകനം' എന്ന് കരാറില് വാക്ക് മാറ്റുകയായിരുന്നു. രാഷ്ട്രീയ സ്ഫോടനത്തിന് ഇടവരുത്തുന്ന പ്രശ്നം ഇത്തരത്തില് പരിഹരിക്കാന് കഴിഞ്ഞതായി ദേശീയസുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന് ആശ്വാസം പ്രകടിപ്പിച്ചതായും അമേരിക്കന് നയതന്ത്രരേഖകള് വെളിപ്പെടുത്തുന്നു. മെയ് 29ന് എംബസിയില്നിന്ന് വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തിലാണ് നാരായണന്റെ ആശ്വാസപ്രകടനം വിവരിക്കുന്നത്: "സ്ഥലത്തെത്തിയുള്ള പരിശോധന എന്നതിനുപകരം സ്ഥലത്തെത്തിയുള്ള അവലോകനം എന്ന തരത്തില് കരാറിലെ വാക്കുകള് മാറ്റി പ്രശ്നം തീര്ത്തതില് എം കെ നാരായണന് അഭിനന്ദനം അറിയിച്ചു. രാഷ്ട്രീയമായ പ്രതികരണം ഭയന്നാണ് ഇന്ത്യ സര്ക്കാര് ഇത്തരത്തില് പെരുമാറുന്നത്''.

അതേസമയം, കരാറിലെ വ്യവസ്ഥകള് രഹസ്യമായി സൂക്ഷിക്കാന് ഇരുകൂട്ടരും തീരുമാനിച്ചു. ഇക്കാര്യത്തില് അമേരിക്കന് സ്ഥാനപതി ഡേവിഡ് മുള്ഫോര്ഡും എം കെ നാരായണനും തമ്മില് നടത്തിയ ചര്ച്ചകളുടെ വിശദാംശങ്ങളും വിക്കിലീക്സ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
--സാജന്‍ എവുജിന്‍--

08 March, 2011

കള്ളപ്പണക്കാരുടെ സാമ്രാജ്യമോ?

ധനശക്തിയാണ് രാജ്യത്തിന്റെ സമുന്നത ഭരണതലത്തില്‍ ആധിപത്യം വഹിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാനും അതിനായി വോട്ടര്‍മാരെ പാട്ടിലാക്കാനും മാധ്യമങ്ങളെ സ്വാധീനിക്കാനും പാര്‍ലമെന്റില്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാനും നോട്ടുകൂമ്പാരങ്ങള്‍ വിനിയോഗിക്കപ്പെടുന്ന അവസ്ഥയെ ജനാധിപത്യമെന്ന് വിളിക്കാനാവില്ല. ഇന്ത്യാ രാജ്യത്ത് ഇന്ന് തെരഞ്ഞെടുപ്പുകളിലും മന്ത്രിസഭാ രൂപീകരണത്തിലും നയനിര്‍മാണത്തിലും ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നതിലും മാധ്യമങ്ങളുടെ അഭിപ്രായ രൂപീകരണത്തിലുമെല്ലാം പണമാണ് ആധിപത്യശക്തി എന്നത് സംശയത്തിനിടയില്ലാത്തവിധം തെളിയിക്കപ്പെട്ട കാലമാണിത്. അതിന്റെ മറുവശമാണ് സങ്കല്‍പ്പിക്കാനാവാത്ത വിധം പടര്‍ന്നുപന്തലിക്കുന്ന അഴിമതി. കള്ളപ്പണത്തിന്റെ വ്യാപനം എത്ര വലുതാണെന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവാത്ത സ്ഥിതിയാണ്്. ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ച് പല കണക്കുകളും വന്നിട്ടുണ്ട്. എന്തായാലും ഇന്നാട്ടിലെ പട്ടിണിയും ദാരിദ്യ്രവും തൊഴിലില്ലായ്മയും പാര്‍പ്പിട പ്രശ്നവും പരിഹരിക്കാന്‍ പറ്റുന്നത്രയും തുക സ്വിസ് ബാങ്കുകളുള്‍പ്പെടെ വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ അനധികൃതമായി നിക്ഷേപിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരെ കസ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ ആരാണ് തടസ്സമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചോദിച്ചത്. പുണെയിലെ പന്തയക്കുതിരക്കച്ചവടക്കാരന്‍ ഹസന്‍ അലി ഖാനടക്കമുള്ളവരെ പിടികൂടാതെ യഥേഷ്ടം മേയാന്‍ വിടുന്ന കേന്ദ്രസര്‍ക്കാരിനെ നോക്കിയാണ് പരമോന്നത കോടതി ഈ ചോദ്യമുന്നയിച്ചത്. ഹസന്‍ അലിക്ക് വിദേശ ബാങ്കുകളില്‍ 40,000 കോടിയോളം രൂപയുടെ കള്ളപ്പണ നിക്ഷേപമുള്ളതായാണ് കണ്ടെത്തിയത്. 50,000 കോടി രൂപയുടെ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് അയാള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് നാല്‍പ്പതിനായിരം കോടി രൂപ പിഴ ചുമത്തിയതായും വാര്‍ത്ത വന്നു. മിന്നല്‍വേഗത്തില്‍ ശതകോടീശ്വരനായി മാറിയ ഈ ദുരൂഹബിസിനസുകാരനെ ചുറ്റിപ്പറ്റി അനധികൃത പാസ്പോര്‍ട്ട് കൈവശം വച്ചതുള്‍പ്പെടെ നിരവധി ആരോപണങ്ങളാണുയര്‍ന്നത്. എന്നാല്‍, ഭരണത്തിന്റെ തണലില്‍ അയാളെ സുരക്ഷിതമായി ഒളിപ്പിക്കാനാണ് യുപിഎ സര്‍ക്കാര്‍ തയ്യാറായത്. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഏറ്റവുമൊടുവില്‍ ഹസന്‍ അലിയെ കസ്റഡിയിലെടുത്ത വാര്‍ത്ത വന്നിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയും വിദേശശക്തികളുടെ സഹായത്തോടെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കുന്നു എന്ന് കരുതുന്നയാളുമായ ഹസനെ എന്തിന് ഇത്രകാലം സ്വച്ഛന്ദം വിഹരിക്കാന്‍ വിട്ടു എന്നതിന് യുപിഎ നേതൃത്വം ഉത്തരം നല്‍കിയേ മതിയാകൂ. എത്ര മോശപ്പെട്ട കാര്യങ്ങളാണ് ഈ രാജ്യത്ത് നടക്കുന്നതെന്നാണ് സുപ്രീംകോടതി ചോദിച്ചിരുന്നത്. ചെറിയ കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമ്പോഴും വന്‍കിടക്കാര്‍ക്കെതിരെ ഒരുനടപടിയും സ്വീകരിക്കാത്തതിലെ നൈരാശ്യവും മറച്ചുവച്ചില്ല. ഹസന്‍ അലി ഖാന്‍ ഇന്ത്യയില്‍തന്നെ ഉണ്ടെന്നും കേന്ദ്രം ആവശ്യമായ നടപടി എടുത്തുവരികയാണെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത് പരിഹാസത്തോടെയാണ് കോടതി കണ്ടത്. വിദേശ ബാങ്കുകളിലുള്ള ലക്ഷക്കണക്കിന് കോടികളുടെ കള്ളപ്പണ നിക്ഷേപം തിരിച്ചുപിടിക്കണമെന്ന ആവശ്യത്തോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന; ആരൊക്കെയാണ് നിക്ഷേപകര്‍ എന്ന് കണ്ടുപിടിക്കാന്‍ വിമുഖത കാട്ടുന്ന യുപിഎ സര്‍ക്കാരില്‍നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഹസന്‍ അലിയെപ്പോലുള്ള കള്ളപ്പണ-ഹവാലക്കാരും മണികുമാര്‍ സുബ്ബയെപ്പോലുള്ള ലോട്ടറി രാജാക്കന്മാരും വന്‍കിടനികുതിവെട്ടിപ്പുകാരുമാണ് യുപിഎയുടെ അഴിമതിരാജിന്റെ സ്വാഭാവിക സഖ്യശക്തികള്‍. ഉയര്‍ന്ന തോതില്‍ നികുതി അടയ്ക്കാന്‍ ശേഷിയുള്ള ധനികരെയും സമ്പന്ന വിഭാഗങ്ങളെയും ഒഴിവാക്കി ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിനുമേലും പരോക്ഷനികുതികള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് യുപിഎയുടെ നയം. ഇന്നുള്ള മൊത്തം നികുതിവരുമാനത്തിന്റെ 86 ശതമാനവും അതാണ്. പ്രത്യക്ഷ-കോര്‍പറേറ്റ് നികുതിയിനങ്ങളില്‍മാത്രം രണ്ടു ലക്ഷം കോടിയിലേറെ രൂപ പിരിച്ചെടുക്കാനുണ്ട്. കോര്‍പറേറ്റുകളും ബിസിനസ് ഹൌസുകളും കുടിശ്ശികയാക്കിയിട്ടുള്ള ബാങ്കിങ് സംവിധാനത്തിലെ കിട്ടാക്കടം മറ്റൊരു ഹിമാലയന്‍ തട്ടിപ്പാണ്. എല്ലാംകൊണ്ടും നികുതിവെട്ടിപ്പുകാരുടെയും കുഴല്‍പ്പണക്കാരുടെയും അഴിമതിക്കാരുടെയും ലോട്ടറിത്തട്ടിപ്പുകാരുടെയും ഫെഡറേഷനായി കേന്ദ്രഭരണ സംവിധാനത്തെ യുപിഎ മാറ്റിയിരിക്കുന്നു. കള്ളപ്പണത്തിനെതിരെ ഇക്കൊല്ലത്തെ ബജറ്റില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് വീമ്പിളക്കിയിരുന്നുവെങ്കിലും നാമമാത്രവും നിഷ്പ്രയോജനകരവുമായ പ്രഖ്യാപനമേ ഉണ്ടായുള്ളൂ. നികുതി കുറച്ചുമാത്രം ഈടാക്കുന്ന വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള കണക്കില്‍പ്പെടാത്ത ഭീമന്‍ തുകകള്‍ ഉള്‍പ്പെടെ സമ്പദ്ഘടനയിലെ വമ്പിച്ച കള്ളപ്പണശേഖരത്തെ പുറത്തുകൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുതന്നെ ആകണം. നിയമവിരുദ്ധമായി വിദേശത്തേക്ക് ഒഴുക്കിയ ഈ നാടിന്റെ പണം തിരികെ എത്തിക്കണം. രാജ്യത്തിന്റെ വിദേശ കടബാധ്യതയായ 23,000 കോടി ഡോളറിന്റെ രണ്ടിരട്ടിയിലധികമുണ്ടാകും ഈ തുക എന്നാണ് കണക്കാക്കപ്പെടുന്നത്. നിയമ സംവിധാനങ്ങളുടെ മൂക്കിന്‍തുമ്പില്‍ കള്ളപ്പണ സാമ്രാജ്യം കെട്ടിപ്പൊക്കിയ ഹസന്‍ അലിയെ ഒന്നുതൊടാന്‍പോലും സുപ്രീം കോടതിയുടെ ഉഗ്രശാസനം വേണ്ടിവന്നുവെങ്കില്‍, കള്ളപ്പണക്കാരെയും ഹവാലക്കാരെയും നികുതിവെട്ടിപ്പുകാരെയും യുപിഎ സര്‍ക്കാര്‍ സ്വമേധയാ നിയന്ത്രിക്കുമെന്ന് കരുതാനാവില്ല. അതിനായി ജനകീയ പ്രക്ഷോഭം ഉയരേണ്ടതുണ്ട്.
കടപ്പാട്‌ : ദേശാഭിമാനി