11 May, 2010

മാധ്യമരംഗം ഇ എം എസിന് മുന്‍പും ശേഷവും

ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മലയാളമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഇഎംഎസ്. വാര്‍ത്തയുടെ മുഖ്യഉറവിടം മാത്രമല്ല, മാധ്യമപ്രവര്‍ത്തകനും മാധ്യമവിമര്‍ശകനുമായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യപൂര്‍വകാലത്തെ ആദര്‍ശപ്രോജ്വല മാധ്യമസരണിയിലെ പത്രാധിപര്‍, സ്വാതന്ത്ര്യാനന്തരകാലത്തെ മാധ്യമ വാണിജ്യവത്കരണത്തില്‍ നിന്ന് വ്യത്യസ്ത സരണി തുറന്ന ബദല്‍ മാധ്യമ പ്രവര്‍ത്തകന്‍, മുഖ്യധാരാ മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരോധത്തിനെതിരെ പ്രതിരോധം തീര്‍ത്ത രാഷ്ട്രീയ നേതാവ്, ബഹുജനങ്ങളുടെ മാധ്യമ സാക്ഷരതയ്ക്കു വേണ്ടി നിരന്തരം തൂലിക ചലിപ്പിച്ച വിമര്‍ശകന്‍ എന്നീ നിലകളിലെല്ലാം ഇഎംഎസിനെ വിലയിരുത്താം.

1920കളുടെ അവസാനം ഉണ്ണി നമ്പൂതിരിയിലൂടെയാണ് ഇഎംഎസ് പൊതുപ്രവര്‍ത്തനം ആരംഭിച്ചതെന്ന് പറയാം. സാമൂഹ്യപരിഷ്കരണത്തില്‍ നിന്ന് ദേശീയപ്രസ്ഥാനത്തിലേക്കും തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും ഇഎംഎസ് വളര്‍ന്നു. പൊതുപ്രവര്‍ത്തനത്തിന്റെ ഈ രണ്ടാംഘട്ടത്തിന്റെ ജിഹ്വയായിരുന്നു 1935ല്‍ ഷൊര്‍ണൂരില്‍ നിന്നും 1938ല്‍ കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ച "പ്രഭാതം'' വാരിക. കോണ്‍ഗ്രസ് സോഷ്യലിസത്തില്‍ നിന്ന് കമ്മ്യൂണിസത്തിലേക്ക് ഇഎംഎസിന്റെ തലമുറ നീങ്ങി. ഇഎംഎസിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഈ മൂന്നാംഘട്ടത്തിന്റെ ജിഹ്വയായിരുന്നു 1942ല്‍ ആദ്യം വാരികയായും പിന്നീട് ദിനപത്രമായും കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ദേശാഭിമാനി.

സ്വദേശാഭിമാനിയില്‍ നിന്ന് കേസരിയിലേക്ക്

മലയാളമാധ്യമപ്രവര്‍ത്തനത്തിന്റെ ആചാര്യസ്ഥാനം സ്വദേശാഭിമാനി രാമകൃഷ്ണപിളളയ്ക്കാണ്. അദ്ദേഹത്തിന്റെ പാതയിലൂടെയാണ് കേസരി ബാലകൃഷ്ണപിളളയും ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. "ആധുനികകേരളത്തില്‍ ഉയര്‍ന്നുവന്ന നിര്‍ഭയരായ ബുദ്ധിജീവികളുടെ ശൃംഖലയില്‍ പ്രധാനപ്പെട്ട രണ്ടുകണ്ണികളാണ് സ്വദേശാഭിമാനിയും കേസരിയും'' എന്നാണ് ഇഎംഎസ് വിശേഷിപ്പിച്ചത് (പത്രപ്രവര്‍ത്തകനും ചിന്തകനുമായ കേസരി - ഇഎംഎസ് സമ്പൂർണ കൃതികള്‍, വാല്യം 86, പേജ് 234 മുതല്‍ 239 വരെ). അധികാരിവര്‍ഗത്തെ നിര്‍ഭയം തുറന്നുകാണിച്ചതിന് സ്വദേശാഭിമാനിക്ക് നല്‍കേണ്ടിവന്ന വില വളരെ കനത്തതായിരുന്നു: നാടുകടത്തപ്പെട്ടു. കേസരിക്ക് ഈ ദുര്‍ഗതി വന്നില്ലെങ്കിലും ഗവണ്മെന്റ് എടുത്ത നടപടികള്‍ മൂലം "പ്രബോധകന്‍'' നിര്‍ത്തേണ്ടി വന്നു. തുടര്‍ന്നാരംഭിച്ച "കേസരി'' ഭരണകര്‍ത്താക്കളുടെ എതിര്‍പ്പും സാമ്പത്തികപ്രയാസവും മൂലം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. സ്വദേശാഭിമാനിയുടെ മരണശേഷം ഒരു പതിറ്റാണ്ടു കഴിഞ്ഞാണ് "കേസരി''യുടെ രംഗപ്രവേശം. ഈ രണ്ടുപത്രാധിപന്മാരുടെയും മാധ്യമപ്രവര്‍ത്തനം ചുരുങ്ങിയ കാലത്തേക്ക് മാത്രമായിരുന്നുവെങ്കിലും അവരുടെ പത്രത്തിന്റെ പേരിനൊപ്പമാണ് അവരെ നാം ഇന്നും ഓര്‍ക്കുന്നത്.

സംഘര്‍ഷഭരിതമായ മാധ്യമജീവിതത്തിനിടയിലും മാര്‍ക്സിനെയും മാര്‍ക്സിസ്റ്റ് ആശയങ്ങളെയും പരിചയപ്പെടുകയും അവരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തവരാണ് സ്വദേശാഭിമാനിയും കേസരിയും. മാര്‍ക്സിന്റെ ലഘുജീവചരിത്രം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് സ്വദേശാഭിമാനിയാണ്. കേസരിയാകട്ടെ, മാര്‍ക്സിസമടക്കം ആഗോളരംഗത്തുളള പുരോഗമന വിപ്ളവസിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുടെ ചരിത്രവും മലയാളികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ തയ്യാറായി. "1930കളുടെ ആദ്യകാലത്ത് തിരുവിതാംകൂറിലടക്കം കേരളത്തില്‍ രൂപംകൊണ്ടിരുന്ന ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഗുണകാംക്ഷിയും ആചാര്യനുമായി'' കേസരി ശോഭിച്ചു. ഇപ്രകാരം കേസരിയുടെ പ്രോത്സാഹനവും ഉപദേശവും നേടി അവയുടെകൂടി അടിസ്ഥാനത്തില്‍ പുതിയൊരു പ്രസ്ഥാനം കേരളത്തില്‍ കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ച തലമുറയുടെ പ്രതിനിധിയായിട്ടാണ് ഒരു ലേഖനത്തില്‍ ഇഎംഎസ് സ്വയം വിശേഷിപ്പിച്ചത് (കേസരി ബാലകൃഷ്ണപിളളയും കേരളത്തിലെ വര്‍ഗസമരവും - ഇ എം എസ് സമ്പൂര്‍ണ്ണ കൃതികള്‍ വാല്യം 86, പേജ് 240 മുതല്‍ 244 വരെ). എന്നാല്‍ ഈ പ്രസ്ഥാനത്തോട് ഐക്യപ്പെടുന്നതിന് കേസരി ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സമരം വ്യക്തിപരമായിരുന്നു. കേസരി നിര്‍ത്തിവെയ്ക്കേണ്ടി വന്നതിന് ശേഷം അദ്ദേഹം പൂര്‍ണമായും അരാഷ്ട്രീയമായ ഗവേഷണനിരൂപണങ്ങളില്‍ മുഴുകി. വളര്‍ന്നുവന്ന സംഘടിതസോഷ്യലിസ്റ്റ് ചിന്താഗതിയോട് പലപ്പോഴും അദ്ദേഹം ഏറ്റുമുട്ടുകയും ചെയ്തു. അങ്ങനെയാണ് ഇഎംഎസ് അദ്ദേഹത്തെ പണ്ഢിതമൂഢന്‍ എന്ന് വിശേഷിപ്പിക്കാന്‍ ഇടയായത്.

ലബ്ധപ്രതിഷ്ഠനായ കേസരിയോടും അതുപോലുളള ബുദ്ധിജീവികളോടും സൌന്ദര്യശാസ്ത്ര സംബന്ധിയായി മാത്രമല്ല, ചരിത്രം, സാമ്പത്തികം, രാഷ്ട്രീയം, ദര്‍ശനം എന്നീ തുറകളിലെല്ലാം ഏറ്റുമുട്ടിക്കൊണ്ടാണ് കേരളത്തിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും വളര്‍ന്നത്. ഇതിന് പാര്‍ട്ടിയെ പ്രാപ്തമാക്കിയതില്‍ സുപ്രധാനമായ പങ്ക് ഇടതുപക്ഷപത്രങ്ങള്‍ക്കുണ്ട്. "പ്രഭാത''ത്തിന്റെയും "ദേശാഭിമാനി''യുടെയും പത്രാധിപസ്ഥാനം ഇഎംഎസിനായിരുന്നു.

പ്രഭാതത്തില്‍ നിന്ന് ദേശാഭിമാനിയിലേക്ക്

1935-ലാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായി പ്രഭാതം എന്ന വാരിക ഷൊര്‍ണൂരില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്. ആലപ്പുഴയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ മുഖപത്രമായ തൊഴിലാളിയും മറ്റുചില ഒറ്റപ്പെട്ട ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നെങ്കിലും അവ ചെലുത്തിയതിനെക്കാള്‍ സ്ഥായിയും ആഴത്തിലുമുളള പ്രത്യാഘാതം പ്രഭാതം സൃഷ്ടിച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംഘാടകനും പ്രക്ഷോഭകനുമായിരുന്നു പ്രഭാതം. ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം കഴിഞ്ഞപ്പോള്‍ ചൊവ്വര പരമേശ്വരന്റെ കവിത അച്ചടിച്ചതിനെച്ചൊല്ലി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടഞ്ഞതിനെ തുടര്‍ന്ന് പ്രഭാതത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെയ്ക്കേണ്ടിവന്നു. സര്‍ക്കാര്‍ കെട്ടിവെയ്ക്കാന്‍ പറഞ്ഞ തുക വാരികയ്ക്ക് താങ്ങാനാവുമായിരുന്നില്ല. എന്നാല്‍ 1937ല്‍ മദിരാശി പ്രവിശ്യയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ വന്നതോടെ ഈ നിരോധനം പിന്‍വലിക്കപ്പെട്ടു. 1938 ആദ്യം മുതല്‍ 1939 ഒക്ടോബര്‍ വരെ കോഴിക്കോട് നിന്ന് പ്രഭാതം വീണ്ടും പുറത്തിറങ്ങി. യുദ്ധം ആരംഭിച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചു. പ്രഭാതവും മുടങ്ങി.

1938 - 39 കാലത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഘടകം രൂപം കൊണ്ടുകഴിഞ്ഞിരുന്നു. രണ്ടാം പ്രഭാതം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുഖപത്രമായിരുന്നു. പ്രഭാതത്തിന്റെ സംഭാവനകളെ ഇഎംഎസ് ഇപ്രകാരമാണ് സംഗ്രഹിക്കുന്നത്.

ഒന്ന്, "ട്രേഡ് യൂണിയന്‍ - കര്‍ഷക - വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങളുടെ വേലിയേറ്റത്തിന് നടുക്കുവെച്ചാണ് പ്രഭാതം ഉദയം ചെയ്തത്... പ്രബുദ്ധരായ അധ്വാനിക്കുന്ന ജനങ്ങള്‍ സ്വയംസംഘടിക്കുന്നതും പ്രക്ഷോഭം നടത്തുന്നതും എങ്ങനെയാണെന്നതിനെക്കുറിച്ച് പത്രപംക്തികള്‍ വ്യക്തമായ രൂപം നല്‍കി''.

രണ്ട്, "കേരളത്തിലെ മലബാര്‍ മേഖലയില്‍ നിന്നാണ് പ്രഭാതം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതെങ്കിലും കൊച്ചിയിലെയും തിരുവിതാംകൂറിലെയും വിദ്യാര്‍ത്ഥി - യുവജന - ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുമായി മാത്രമല്ല, വളര്‍ന്നുവരുന്ന രാഷ്ട്രീയ പ്രസ്ഥാനവുമായും അതിന് വിപുലമായ ബന്ധങ്ങളുണ്ടായിരുന്നു... ഈ രണ്ടുനാട്ടുരാജ്യങ്ങളിലും ഉശിരന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നതിന് ഇത് സഹായിച്ചു''.

മൂന്ന്, "സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് പ്രചാരം കൊടുക്കുന്നതില്‍ പ്രഭാതം വലിയ പങ്കുവഹിച്ചു''.

നാല്, "കേരളത്തില്‍ മാത്രമല്ല, രാജ്യത്തങ്ങോളമിങ്ങോളം അലയടിച്ച പുതിയ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രശ്നങ്ങളുടെ നേര്‍ക്ക് പ്രഭാതത്തിന് ശ്രദ്ധതിരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല... ഉശിരന്‍ ദേശീയതയുടെ ആധാരമായി മാത്രമല്ല, വര്‍ഗസമരത്തിന്റെ സന്ദേശം അധ്വാനിക്കുന്ന ജനവിഭാഗങ്ങളിലും സാമൂഹികവും സാംസ്ക്കാരികവുമായ ആധുനികവത്കരണത്തിന്റെ സന്ദേശം ബുദ്ധിജീവികളിലുമെത്തിക്കുന്ന മാധ്യമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രഭാതം തെളിയിച്ചു'' (പ്രഭാതം - ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍ - വാല്യം 92, പേജ് 38 മുതല്‍ 41 വരെ).

രണ്ടാംലോക മഹായുദ്ധത്തോടുളള പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിധേയമായി. ഈ സാഹചര്യം ഉപയോഗപ്പെടുത്തി 1942ല്‍ ദേശാഭിമാനി വാരികയായി ആരംഭിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തതുവഴി ദേശീയപ്രസ്ഥാനത്തെ കമ്യൂണിസ്റ്റുകാര്‍ വഞ്ചിച്ചു എന്ന ആരോപണത്തോടുളള പ്രതികരണം കൂടിയായിരുന്നു ദേശാഭിമാനി എന്ന പേര്. 1946ല്‍ ദേശാഭിമാനി വാരിക പത്രമായി. 1948ല്‍ പത്രം നിര്‍ത്തിവെച്ചു. ഒഴുക്കിനെതിരെ നീന്തുന്നതിന് പുതിയ പ്രസിദ്ധീകരണം പാര്‍ട്ടിക്ക് ഏറ്റവും സഹായകരമായി. "പത്രത്തില്‍ ഉള്‍ക്കൊളളിക്കേണ്ട വിവരങ്ങള്‍ ശേഖരിക്കുക, കിട്ടുന്ന വിവരങ്ങള്‍ അടുക്കായും ക്രമീകൃതമായും ശരിപ്പെടുത്തി പത്രം പുറത്തിറക്കുക, പുറത്തിറങ്ങുന്ന മുറയ്ക്ക് അത് എത്തേണ്ടിടത്ത് എത്തിക്കുക, അത് ചെന്നെത്തുന്ന ഓരോ സ്ഥലത്തും ഡസന്‍കണക്കിന് ആളുകളുളള വായനാഗ്രൂപ്പുകള്‍ സംഘടിപ്പിക്കുക - ഇതെല്ലാം സംഘടിതമായി ചെയ്യുന്ന ഒരു സംഘടനാശൃംഖല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായി നിലവില്‍ വന്നു. ലെനിന്റെ ഭാഷയില്‍ പാര്‍ട്ടിയുടെ പ്രചരണമാധ്യമം മാത്രമല്ല, സംഘാടകന്‍ കൂടിയായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമെന്ന നിലയ്ക്ക് പത്രം പ്രവര്‍ത്തിക്കാന്‍ തുടങ്ങി''. (കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ - ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍ - വാല്യം 77, പേജ് 212)

മാതൃഭൂമി, മനോരമ, കേരളകൌമുദി

ഇടതുപക്ഷനിലപാട് ഉയര്‍ത്തിപ്പിടിച്ച പ്രഭാതമോ ദേശാഭിമാനിയോ മുഖ്യധാരാ മാധ്യമങ്ങളായിരുന്നില്ല. ആ സ്ഥാനം മാതൃഭൂമിയ്ക്കും മനോരമയ്ക്കും ദീപികയ്ക്കും കേരളകൌമുദിയ്ക്കും മറ്റുമായിരുന്നു. പക്ഷേ അന്നും ഇന്നും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. അന്ന് പത്രപ്രവര്‍ത്തനം കേവലമായ ലാഭേച്ഛയോടെ ആയിരുന്നില്ല. ചില സാമൂഹ്യ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിക്കൂടിയായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടാണ് മാതൃഭൂമി രൂപം കൊണ്ടത്. കേരളകൌമുദി, ദീപിക പോലുളളവ സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഉണ്ടായത്.

ഇപ്പോഴത്തെ മലയാള പത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് ദീപികയാണ്. ദീപികയുടെ മുന്നോടിയായ നസ്രാണി ദീപിക 1887ല്‍ തുടങ്ങി. 1911ല്‍ സി വി കുഞ്ഞുരാമന്‍ ആരംഭിച്ച കേരളകൌമുദി ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ ജിഹ്വയായിരുന്നു.

1888ല്‍ മലയാളമനോരമ ആരംഭിച്ചു. "മലയാളത്ത് സ്വദേശികളുടെ വകയായി ഒരു നല്ല അച്ചടിശാലയും തിരുവിതാംകോട്ട് ജാതിമതാദി പക്ഷപാതം കൂടാതെയുളള വര്‍ത്തമാനപത്രവും കൂട്ടുകച്ചവടയോഗങ്ങളില്‍ മുതല്‍മുടക്കി ആദായമുണ്ടാക്കുന്ന സംവിധാനവും നടത്തിക്കാണിപ്പാനായി ഈ കമ്പനി കൂട്ടിയിട്ടുളളതും കമ്പനി ആക്ടിന്‍ പ്രകാരം ഓഹരിക്കാരുടെ ബാധ്യത ക്ളിപ്തപ്പെടുത്തി മുറയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുളളതുമാകുന്നു'' എന്നാണ് പത്രത്തെക്കുറിച്ച് സ്ഥാപകനായ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള തന്നെ വ്യക്തമാക്കിയിട്ടുളളത്. നിക്ഷേപം ക്ഷണിച്ചു കൊണ്ട് പത്രത്തില്‍ വന്ന പരസ്യമാണിത്. എന്നാല്‍, മലയാള സാഹിത്യ പോഷണം, സ്റ്റേറ്റ് കോണ്‍ഗ്രസ് രാഷ്ട്രീയം, നിവര്‍ത്തന പ്രക്ഷോഭം, തിരുവിതാംകൂറിലെ സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെയായി മനോരമയ്ക്ക് സജീവമായ ബന്ധമുണ്ടായിരുന്നു.

മാതൃഭൂമി ആരംഭിച്ചത് 1923ലാണ്. ദേശീയ പ്രക്ഷോഭകാരികളുടെ മുഖപത്രമായാണ് പത്രത്തിന്റെ തുടക്കം. സ്വാതന്ത്ര്യസമര സേനാനിയായ കെ പി കേശവമേനോന്‍ ആണ് ആദ്യ പത്രാധിപര്‍. ഒരുലക്ഷം രൂപ മൂലധനത്തില്‍ അഞ്ചുരൂപയുടെ 20000 ഓഹരികള്‍ വിറ്റാണ് മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ പതിനയ്യായിരം രൂപ മാത്രമേ പിരിക്കാനായുളളൂ. ഇങ്ങനെ എളിയ തുടക്കമായിരുന്നു മാതൃഭൂമിയുടേത്. തുടക്കത്തില്‍ മാതൃഭൂമി നഷ്ടത്തിലായിരുന്നു. കോണ്‍ഗ്രസ് ഫണ്ടില്‍ നിന്ന് പണം നല്‍കി മാതൃഭൂമി അടച്ചുപോകാതെ നോക്കേണ്ടിവന്ന ചരിത്രം പോലുമുണ്ട്.

ആദ്യകാലത്തെ മലയാള പത്രപ്രവര്‍ത്തനത്തില്‍ പല ധാരകളും ഉണ്ടായിരുന്നു. നാട്ടു രാജാക്കന്മാര്‍ക്കും ബ്രിട്ടീഷ് രാജിനും ജയജയ പാടിയ പത്രങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷം പത്രങ്ങളും വളരുന്ന ദേശീയപ്രസ്ഥാനത്തിന്റെയും സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളുടെയും പക്ഷത്തായിരുന്നു. ഈ അര്‍ത്ഥത്തില്‍ ഒരു വിശാല ദേശീയമുന്നണിയുടെ ഭാഗമായിരുന്നു ഈ മാധ്യമങ്ങള്‍. മാതൃഭൂമി വലതുപക്ഷ കോണ്‍ഗ്രസിന്റെ സ്വാധീനത്തിലായിരുന്നുവെങ്കിലും ഇടതുപക്ഷ നേതാക്കള്‍ക്കും ഇടംനല്‍കിയിരുന്നു. കെപിസിസി തന്നെ രണ്ടുവട്ടം ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇടതുപക്ഷ കെപിസിസിയെ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം പിരിച്ചുവിട്ടതോടെ ഈ നിലയില്‍ മാറ്റം വന്നു. ജനകീയ യുദ്ധകാലത്ത് അകല്‍ച്ച വര്‍ദ്ധിച്ചു. എങ്കിലും കൃഷ്ണപിളള, എകെജി, ഇഎംഎസ് എന്നിവരെ മാറ്റിനിര്‍ത്തി കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. മലബാറിലെങ്കിലും ഇതായിരുന്നു നില.

കമ്യൂണിസ്റ്റ് പത്രം - സംഘാടനവും ശൈലിയും

സ്വദേശാഭിമാനി രാമകൃഷ്ണപിളള മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ ആചാര്യനാകുന്നത് സ്വദേശാഭിമാനി പത്രം നടത്തിയതുകൊണ്ട് മാത്രമല്ല. അദ്ദേഹമെഴുതിയ "വൃത്താന്തപത്രപ്രവര്‍ത്തനം'' മലയാളത്തിലെ പ്രഥമ മാധ്യമപാഠപുസ്തകം കൂടി ആയതുകൊണ്ടാണ്. എന്നാല്‍ പത്രപ്രവര്‍ത്തനശൈലി സനാതനമായിട്ടുളള ഒന്നല്ല. സാങ്കേതികവിദ്യ, സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍, ഉദ്ദേശലക്ഷ്യങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി പത്രപ്രവര്‍ത്തനശൈലിയിലും മാറ്റങ്ങള്‍ ഉണ്ടായേ തീരൂ. ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകര്‍ മലയാള മാധ്യമപ്രവര്‍ത്തനത്തിന് തനതായ സംഭാവനകള്‍നല്‍കിയിട്ടുണ്ട്.

പ്രഭാതത്തിന്റെ കാലത്തും ദേശാഭിമാനിയുടെ ആദ്യവര്‍ഷങ്ങളിലും ആവേശപ്രചോദിതമായ രാഷ്ട്രീയപ്രവര്‍ത്തനമായി മാത്രമാണ് പത്രത്തെ കണ്ടിരുന്നത്. ഇത്തരമൊരു സമീപനത്തിന്റെ പരിമിതി വളരെ വ്യക്തമായിരുന്നു. "പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് സാഹിത്യവിതരണത്തില്‍ ആദ്യകാലത്തുണ്ടായിരുന്ന ആവേശവും ഉത്സാഹവും നിലനിര്‍ത്തിക്കൊണ്ടു തന്നെ സാഹിത്യവിതരണത്തിന്റെ വ്യാപാരപരമായ ചിട്ടയും നിയമവും പാലിക്കണമെന്ന'' നിലപാടായിരുന്നു ഇഎംഎസിനുണ്ടായിരുന്നത് (കേരള പാര്‍ട്ടിയുടെ ഇന്നത്തെ കടമകള്‍ - ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍ - വാല്യം 5, പേജ് 354). സ്ഥിരമായി പ്രവര്‍ത്തിക്കുന്ന പത്രാധിപസമിതി, അവരുടെ കീഴില്‍ റിപ്പോര്‍ട്ടിംഗ് മാത്രം തൊഴിലായുളള പത്രപ്രവര്‍ത്തകര്‍ ഒരുവശത്തും തങ്ങളുടെ അനുഭവങ്ങള്‍ റിപ്പോര്‍ട്ടും കുറിപ്പുകളുമാക്കി പത്രത്തിന് നല്‍കുന്ന നേതാക്കന്മാര്‍ മറുവശത്തുമുളള ഒരു പുതിയ പ്രവര്‍ത്തനരീതിയാണ് ദേശാഭിമാനിക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്.

പ്രഭാതമായാലും ദേശാഭിമാനിയായാലും ജനങ്ങളില്‍ നിന്ന് പണം പിരിച്ചാണ് സ്ഥാപിച്ചതും നടത്തിയതും. സിലോണ്‍, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളില്‍ പോലും എകെജി പര്യടനം നടത്തിയാണ് പ്രഭാതത്തിനുളള പണം സമാഹരിച്ചത്. ദേശാഭിമാനി ആരംഭിക്കുന്നതിന് ഇഎംഎസ് തന്റെ സ്വത്ത് സംഭാവന നല്‍കിയത് പ്രസിദ്ധമാണ്. എന്നാല്‍ ഇതിനെക്കാളേറെ പ്രധാനം ബഹുജനങ്ങള്‍ നല്‍കിയ സംഭാവനകളായിരുന്നു. ഇതിന് തുടക്കം കുറിച്ചത് പി കൃഷ്ണപിളളയായിരുന്നു. 1942ല്‍ ആലപ്പുഴയിലേക്ക് പോയ കൃഷ്ണപിളള തൊഴിലാളികളില്‍ നിന്ന് പത്രഫണ്ട് പിരിക്കുന്നതിന് പ്രചരണം തുടങ്ങി. ആലപ്പുഴയില്‍ നിന്ന് കൃഷ്ണപിള്ള മറ്റോരോ വ്യവസായ കേന്ദ്രങ്ങളിലേക്കും പിന്നീട് ഗ്രാമപ്രദേശങ്ങളിലേക്കും നീങ്ങിയെന്ന് ഇഎംഎസ് അനുസ്മരിക്കുന്നു. ഈ കാമ്പയിന്റെ ഭാഗമായിട്ടാണ് വടക്കേമലബാറിലെ വൃദ്ധയായ കര്‍ഷകവിധവ അവരുടെ ഏകസ്വത്തായ പശുവിനെ പാര്‍ട്ടിക്ക് ദാനം ചെയ്തത്. കേന്ദ്രക്കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വന്ന ഈ സംഭവത്തിന് ദേശവ്യാപകമായ പ്രചരണം ലഭിച്ചു.

പത്രം ഒരു കമ്യൂണിസ്റ്റ് ഗസറ്റായാല്‍ പോര. നാട്ടുകാരുടെ ജീവിതവും അഭിപ്രായഗതികളും പ്രതിഫലിപ്പിക്കുന്ന പത്രമാകണം എന്ന നിലപാടാണ്, കേരളത്തിലെ പാര്‍ട്ടിയുടെ ഇന്നത്തെ കടമകള്‍ നിര്‍വചിച്ചുകൊണ്ട് ഇഎംഎസ് മുന്നോട്ടുവെച്ച സമീപനം. അദ്ദേഹത്തിന്റെ വാക്കുകളില്‍ "കേരളത്തിന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വേണ്ടതുപോലെ പ്രതിഫലിപ്പിക്കുന്ന പത്രമായിട്ടുണ്ട് ദേശാഭിമാനി എന്ന് പറയാന്‍ വയ്യ. പട്ടിണിയെയും പകര്‍ച്ചവ്യാധിയെയും മറ്റും സ്പര്‍ശിക്കുന്ന ചുരുക്കം ചില റിപ്പോര്‍ട്ടുകള്‍ ദേശാഭിമാനിയില്‍ വരാറുണ്ടെന്നുളളത് ശരി തന്നെ. പക്ഷേ, കേരളത്തിലെ കുടുംബങ്ങള്‍ക്കുളളില്‍ നടക്കുന്നതെന്ത്, പട്ടാളത്തിലും അസമിലും പോയ നാലഞ്ചുലക്ഷം മലയാളികളുടെ കുടുംബങ്ങള്‍ ഇന്നെന്തു ചെയ്യുന്നു, റേഷന്‍ മുഴുവന്‍ വാങ്ങാന്‍ കഴിവില്ലാത്ത കുടുംബങ്ങള്‍ എങ്ങനെ ജീവിക്കുന്നു, ഫാക്ടറികളിലും സ്കൂളുകളിലും എസ്‌റ്റേറ്റുകളിലും മറ്റും നടക്കുന്നതെന്ത് മുതലായ സംഗതികളൊന്നും ദേശാഭിമാനി വായിച്ചാല്‍ കാണുകയില്ല. കമ്യൂണിസ്റ്റുകാര്‍ എന്തു പറയുന്നുവെന്നല്ലാതെ നാട്ടുകാര്‍ എന്തു പറയുന്നു, അവര്‍ എന്തുവിചാരിക്കുന്നു എന്ന് കാണാന്‍ ദേശാഭിമാനി പ്രയോജനപ്പെടുന്നില്ല... നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ കാണാന്‍ നമ്മെപ്പോലെ മറ്റൊരു പത്രമില്ല. എന്നിരുന്നാലും നാം ആ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നില്ല. നാട്ടുകാരുമായി ഇടപഴകി അവരുടെ നിത്യജീവിതത്തില്‍ പങ്കുകൊണ്ട് അവരുടെ സജീവപ്രശ്നങ്ങളുമായി ഏറ്റുമുട്ടുന്ന എത്രയോ പ്രവര്‍ത്തകന്മാര്‍ നമുക്കുണ്ട്. അവരെല്ലാം ദിവസേനെ കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും ചുരുങ്ങിയ തോതിലൊന്ന് പ്രതിഫലിപ്പിക്കുകമാത്രം ചെയ്താല്‍ കേരളത്തിലെ മറ്റൊരുപത്രത്തിനും കഴിയാത്തത്ര കേരളീയജീവിതത്തിന്റെ കണ്ണാടിയാകാന്‍ ദേശാഭിമാനിക്ക് കഴിയും'' (കേരള പാര്‍ട്ടിയുടെ ഇന്നത്തെ കടമകള്‍ -ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍ - വാല്യം 5, പേജ് 354, 356).

ഉളളടക്കത്തില്‍ മാത്രമല്ല, ശൈലിയിലും മാറ്റം വേണ്ടതുണ്ടെന്ന് ഇഎംഎസ് നിര്‍ദ്ദേശിച്ചു. "എന്തുകാര്യവും പാര്‍ട്ടിക്കു മാത്രമായുളള ഭാഷയില്‍ പറയുകയെന്ന പതിവ് മാറ്റി സംഭവങ്ങളും യാഥാര്‍ത്ഥ്യങ്ങളും ലളിതമായി നേരെയങ്ങ് പറയുന്ന ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയിട്ടുണ്ട്'' (കേരള പാര്‍ട്ടിയുടെ ഇന്നത്തെ കടമകള്‍ - വാല്യം 5, പേജ് 354). ഈ ശൈലി മുന്നോട്ടുകൊണ്ടുപോകണം എന്നതായിരുന്നു ഇഎംഎസിന്റെ പക്ഷം.

"പത്രത്തില്‍ ഉപയോഗിക്കുന്ന ഭാഷാശൈലി മുതലായവയെക്കുറിച്ചും ഒരുവാക്ക്. ഒരു വ്യാഴവട്ടത്തിലധികം കാലമായി നിരന്തരം നടന്നുപോന്ന പ്രവര്‍ത്തനം പാര്‍ട്ടിയെ സാധാരണ ജനങ്ങളുമായി വളരെയേറെ അടുപ്പിച്ചിരുന്നു. തൊഴിലാളികളും കൃഷിക്കാരും മറ്റു പാവപ്പെട്ടവരും വന്‍തോതില്‍ പാര്‍ടിയുടെ അണികളിലേക്ക് കടന്നുവന്നിരുന്നു. പത്രത്തില്‍ ഉപയോഗിച്ച ഭാഷയിലും അത് പ്രതിഫലിക്കാന്‍ തുടങ്ങി. ഗ്രാമ്യം എന്ന പേരില്‍ അടുത്തകാലം വരെ വര്‍ജിച്ചിരുന്ന ഒട്ടേറെ മലയാളപദങ്ങള്‍ ഉപയോഗത്തില്‍ വരുത്താന്‍ ബോധപൂര്‍വമായിത്തന്നെ ദേശാഭിമാനി പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു. അഭ്യസ്തവിദ്യരായ എഴുത്തുകാരുടെ പാണ്ഡിത്യം പകടിപ്പിക്കാനല്ല, സാധാരണക്കാര്‍ക്ക് ഗ്രഹിക്കത്തക്കവിധത്തില്‍ ലളിതമായി എഴുതാനാണ്, തൊഴിലാളിവര്‍ഗത്തിന്റെ പത്രം ശ്രദ്ധിക്കേണ്ടതെന്ന് ദേശാഭിമാനി പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു.

ഇതിനുമുമ്പ് ചിലപ്പോള്‍ ഈ ലേഖകന്‍ ചൂണ്ടിക്കാണിച്ചതുപോലെ, അനുകരണീയമായ ആ മാതൃകയില്‍ നിന്ന് തിരിച്ചുപോയി പത്രത്തെ അഭ്യസ്തവിദ്യരുടെ കുത്തകയാക്കുന്ന പ്രക്രിയയില്‍ മറ്റു മലയാള പത്രങ്ങളെയെന്നപോലെ ദേശാഭിമാനി അടക്കമുളള പാര്‍ട്ടിപത്രങ്ങളും പിന്നീടുളള കാലത്ത് പങ്കാളിയായിട്ടില്ലേ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു''(ദേശാഭിമാനി- ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍- വാല്യം 77, പേജ് 213, 214).

കമ്യൂണിസ്റ്റ് വിരോധവും മുഖ്യധാരാമാധ്യമങ്ങളും


മാതൃഭൂമിയോ മനോരമയോ ഒരുകാലത്തും കമ്യൂണിസ്റ്റ് അനുകൂലനിലപാട് സ്വീകരിച്ചില്ലെങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമെന്ന പരിഗണന ഇടതുപക്ഷത്തിന് നല്‍കിവന്നിരുന്നു എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ സ്വാതന്ത്ര്യസമ്പാദനത്തോടെ മുഖ്യരാഷ്ട്രീയസമരം കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുളള പ്രതിപക്ഷവും തമ്മിലായിത്തീര്‍ന്നു. ഇത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലും പ്രതിഫലിച്ചു. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തിയുടെ വളര്‍ച്ച പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രൂപീകരണത്തിലേക്ക് എത്തിയതോടെ മുഖ്യധാരാ മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരോധം ഉച്ചസ്ഥായിയിലെത്തി.

വിമോചനസമര മാസങ്ങളില്‍ കൊടുമ്പിരിക്കൊണ്ട കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണം മലയാളിയുടെ സാമുഹ്യമനസ്സില്‍ ഒരു മസ്തിഷ്ക പ്രക്ഷാളനം തന്നെ നടത്തുന്നതിന് പര്യാപ്തമായിരിന്നു. വിമോചനസമരാഭാസത്തിന് അനുകൂലമായ പൊതുസമ്മതി സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ ഏറ്റവും നിര്‍ണായകമായ പങ്കു വഹിച്ചത് പത്രങ്ങളായിരുന്നു. കേരളത്തിലെ 30 പത്രങ്ങളില്‍ 26 എണ്ണവും കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ് ധേബറിന്റെ ഒരു പ്രധാന അവകാശവാദം. വേറിട്ടുനിന്ന ബാക്കി നാല് പത്രങ്ങള്‍ കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ളവയായിരുന്നു. 1957-ല്‍ 19 പത്രങ്ങള്‍ക്ക് രണ്ടര ലക്ഷം കോപ്പി പ്രചാരമാണുണ്ടായിരുന്നത്. 1959 ആകുമ്പോഴേക്ക് ഇത് 30 പത്രങ്ങളും ഏതാണ്ട് ആറു ലക്ഷം പ്രചാരവുമായി വര്‍ധിച്ചു. പത്രപ്രചാരണത്തില്‍ വന്ന ഈ എടുത്തു ചാട്ടം കമ്യൂണിസ്റ്റ് ഭരണാരോഹണവും നടപ്പിലാക്കിയ പരിഷ്കാരങ്ങളും അവയ്ക്കെതിരായ പ്രക്ഷോഭവുമെല്ലാം ജനങ്ങളില്‍ സൃഷ്ടിച്ച വാര്‍ത്താതല്പരത സംബന്ധിച്ച ചൂണ്ടുപലകയാണ്. മനോരമ അടിമുടി കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ മാതൃഭൂമിയാകട്ടെ കമ്യൂണിസ്റ്റ് ഭരണത്തെ കൂടുതല്‍ സഹിഷ്ണുതയോടെയാണ് കണ്ടിരുന്നത്. വിദ്യാഭ്യാസബില്‍ വിരുദ്ധ പ്രക്ഷോഭം, കാര്‍ഷികനിയമത്തോടുള്ള എതിര്‍പ്പ് തുടങ്ങിയ കാര്യങ്ങളിലെന്ന പോലെ പ്രത്യക്ഷസമരത്തോടും നെഹ്റുവും മലബാറിലെ കോണ്‍ഗ്രസ് നേതൃത്വവുമെടുത്തുവന്ന സമീപനത്തോടായിരുന്നു മാതൃഭൂമിക്ക് കൂടുതല്‍ യോജിപ്പ്. എന്നാല്‍ പ്രത്യക്ഷ സമരത്തിന് ഇന്ദിരാഗാന്ധിയുടെ പച്ചക്കൊടി കിട്ടിയതോടെ മാതൃഭൂമി വേഗത്തില്‍ നിലപാട് തിരുത്തി. വിമോചനസമരം തുടങ്ങിയതോടെ മലബാറിലെ സമരത്തിന്റെ ജിഹ്വയായിട്ടു തന്നെ അത് മാറി.

ബാക്കിയുള്ള ഏതാണ്ട് എല്ലാ പത്രങ്ങളും ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെയോ പാര്‍ട്ടിയുടെയോ മുഖപത്രങ്ങളായിരുന്നു. ദീപിക പത്രം പൊതുവെ സിറിയന്‍ കത്തോലിക്കരുടെ വക്താവായിരുന്നു. ലത്തീന്‍ കത്തോലിക്കാ സഭയുടെ കേരളാ ടൈംസ്, തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരള ജനത, ആര്‍ എസ് പിയുടെ മുഖപത്രമായിരുന്ന കൌമുദി, കെ കാര്‍ത്തികേയന്റെ പത്രാധിപത്യത്തിലുള്ള പൊതുജനം, കെ ജി ശങ്കര്‍ ആരംഭിച്ച മലയാളരാജ്യം തങ്ങള്‍കുഞ്ഞ് മുസലിയാര്‍ ആരംഭിച്ച പ്രഭാതം, ആര്‍ ശങ്കര്‍ ആരംഭിച്ച ദിനമണി, എ വി ജോര്‍ജ് നടത്തിയ കേരളഭൂഷണം, എന്‍എസ്എസിന്റെ മുഖപത്രമായ ദേശബന്ധു, കരുണാകരന്‍ നമ്പ്യാര്‍ പത്രാധിപരായിട്ടുള്ള എക്സ്പ്രസ്, ഫാ. വടക്കന്റെ തൊഴിലാളി, മുസ്ളിംലീഗിന്റെ മുഖപത്രമായ ചന്ദ്രിക, സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തിലുണ്ടായിരുന്ന ദിനപ്രഭ എന്നിങ്ങനെയുളള പത്രങ്ങളെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടായിരുന്നു സ്വീകരിച്ചത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രങ്ങളായ ജനയുഗത്തിനും ദേശാഭിമാനിക്കും പുറമെ തൃശൂരില്‍ നിന്നുള്ള മുണ്ടശേരിയുടെ നവജീവനും കമ്യൂണിസ്റ്റ് അനുഭാവം പുലര്‍ത്തി. കേരളകൌമുദിക്കും താരതമ്യേനെ സര്‍ക്കാരിനോട് അനൂകൂലമനോഭാവമായിരുന്നു. ഈഴവ സമുദായത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ വലിയ ബഹുജനപിന്തുണയില്‍ നിന്ന് മാറി നില്‍ക്കുന്നതിന് കേരളകൌമുദിക്ക് കഴിയുമായിരുന്നില്ല. സംവരണം പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനെ ശക്തമായി എതിര്‍ത്തെങ്കിലും വിമോചനസമരത്തില്‍ പങ്കാളികളാകാന്‍ കേരളകൌമുദി വിസമ്മതിച്ചു. സര്‍ക്കുലേഷനില്‍ അന്ന് മൂന്നാം സ്ഥാനത്ത് കേരളകൌമുദി ആയിരുന്നു.

തികഞ്ഞ രാഷ്ട്രീയലക്ഷ്യത്തോടെ പത്രങ്ങള്‍ നടത്തിയ വിഷലിപ്തമായ പ്രചരണം സര്‍ക്കാരും മാധ്യമങ്ങളും തമ്മിലുളള ബന്ധം വഷളാക്കി. 1959 മെയ് രണ്ടിന് തിരുവനന്തപുരത്തു ചേര്‍ന്ന അഖിലേന്ത്യാ പത്രാധിപ സംഘടനയുടെ സമ്മേളനത്തില്‍ ആ സംഘര്‍ഷം പ്രതിഫലിച്ചു. സമ്മേളനത്തിന് സ്വാഗതം പറഞ്ഞ കെ എം ചെറിയാന്‍ 'കേരളത്തിലെ പത്രങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള ബന്ധത്തില്‍ അല്‍പം മുറുക്കമുണ്ട് ' എന്ന് തുറന്നു പ്രസ്താവിച്ചു. ഇതിനോട് പ്രതികരിച്ചു കൊണ്ട് "ഒരുവിഭാഗം പത്രക്കാര്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒരു യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കുവാന്‍ തയ്യാറല്ല... ഈ ഗവണ്‍മെന്റിനെ നിഷ്കാസനം ചെയ്യാന്‍ ഭരണഘടനാ വിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പത്രമിവിടെയില്ലേ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഉദാഹരണമായി കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് അക്രമത്തിന്റെ ഭാഷയല്ലാതെ മറ്റൊന്നും മനസ്സിലാവില്ല എന്ന് ഒരു പത്രം പച്ചയായി മുഖപ്രസംഗം എഴുതിയിരിക്കുന്നു... ഒരു പത്രപ്രവര്‍ത്തന കോഡുണ്ട്. ഈ കോഡില്‍ ഒരു വകുപ്പുണ്ട്. വസ്തുതകള്‍ വളച്ചൊടിക്കരുത്. പക്ഷേ കേരളത്തിലെ പത്രങ്ങളില്‍ 25 ശതമാനമെങ്കിലും ആ കോഡ് സ്വീകരിച്ച് ഉറച്ചു നില്‍ക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്... വസ്തുതകള്‍ വളച്ചൊടിക്കുക മാത്രമല്ല വസ്തുതകള്‍ ഉല്പാദിപ്പിക്കുകയാണ് നമ്മുടെ പല പത്രങ്ങളും ചെയ്യുന്നതെന്നു കാണാം.... അത് പത്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ അത് തിരുത്തണമെന്നുണ്ട്. ഇവിടെ ഞാനൊരു ഉദാഹരണം പറയാം. ധനകാര്യമന്ത്രിയുടെ ശേഷക്കാരിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു എന്നൊരു പത്രം ഒരു വാര്‍ത്ത പ്രസിദ്ധപ്പെടുത്തി. അവരുടെ പേരും വയസുമെല്ലാം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നതിന് അത്തരത്തില്‍ പേരും വയസുമുളള ഒരു അനന്തിരവള്‍ തനിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ധനകാര്യമന്ത്രി ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയ പത്രത്തിന്റെ ഏറ്റവും പ്രാഥമികമായ ഒരു കടമയായിരുന്നു, ഈ തെറ്റ് അംഗീകരിച്ച് തിരുത്തുക എന്നത്. എന്നാല്‍ ധനകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്കു ശേഷവും ചില പത്രങ്ങള്‍ ഈ തെറ്റായ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി എന്ന് വിചാരിക്കുക. അവര്‍ക്ക് നല്‍കാന്‍ തെളിവൊന്നുമില്ല. എങ്കിലും അവര്‍ കളളക്കഥ ആവര്‍ത്തിക്കും. ... ധര്‍മ്മപ്രമാണങ്ങള്‍ നിര്‍ബന്ധമാക്കുന്ന പ്രശ്നം പൂര്‍ണമായും പത്രാധിപന്മാര്‍ക്കു തന്നെ വിട്ടുകൊടുക്കണമെന്നുള്ളതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. എന്നാല്‍ പത്രാധിപന്മാര്‍ അത് ചെയ്തില്ലെങ്കിലോ? എന്താണ് പിന്നീട് ചെയ്യേണ്ടത്?'' എന്ന് പത്രാധിപസമ്മേളനത്തില്‍ ഇ എം എസ് തുറന്നടിച്ചു.

കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന ഗ്രന്ഥത്തില്‍ ഈ കാലത്തെ ഇഎംഎസ് ഇപ്രകാരമാണ് നിരീക്ഷിച്ചത്: "മുപ്പതില്‍പ്പരം വരുന്ന ഭാഷാപത്രങ്ങളില്‍ ഭൂരിപക്ഷവും മന്ത്രിസഭയെ മൊത്തത്തിലും അതുപോലെതന്നെ മന്ത്രിമാരെ വ്യക്തിപരമായും അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടു കൂടി വസ്തുതകള്‍ വളച്ചൊടിക്കുകയും നുണകള്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്യുക എന്ന നയത്തിലേയ്ക്ക് നീങ്ങി. 'കൈയില്‍ വരുന്ന ഓരോ അവസരവും ഓരോ പ്രത്യേക പ്രശ്നവും അവരെ ചെളിവാരിയെറിയാന്‍ ഉപയോഗിക്കുക; അവസരങ്ങളും പ്രശ്നങ്ങളുമൊന്നും കിട്ടുന്നില്ലെങ്കില്‍ അവ സൃഷ്ടിക്കുക' - കമ്മ്യൂണിസ്റ്റ് വിരുദ്ധപത്രങ്ങളുടെയും പ്രക്ഷോഭകരുടെയും കേന്ദ്രലക്ഷ്യം ഇതായി തീര്‍ന്നു''.

സര്‍ക്കാരിനെ കടന്നാക്രമിക്കുന്നതിനും മന്ത്രിമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഏറ്റവും വഷളായ ഒരു മലയാള ശൈലി തന്നെ വിമോചനസമരകാലത്ത് പത്രങ്ങള്‍ വാര്‍ത്തെടുത്തു. നിയമമന്ത്രിയായ കൃഷ്ണയ്യര്‍ക്ക് ശക്തമായി ഇതിനെതിരെ പ്രതികരിക്കേണ്ടി വന്നു: "മനുഷ്യന്മാരെ കല്പിച്ചുകൂട്ടി അപകീര്‍ത്തിപ്പെടുത്തുന്നവര്‍, അവരെത്ര വലിയ ആളായാലും ശരി, കോടതികളുടെ മുമ്പാകെ ഉത്തരം പറയേണ്ടി വരും. അതു പറയിപ്പിക്കുക തന്നെ ചെയ്യും. പത്രസ്വാതന്ത്ര്യത്തിന്റെ പതാകാവാഹകന്മാരായി ഇവിടെ അഭിനയിക്കുന്നവര്‍ പത്രമുടമകളെ ഇക്കാര്യം അറിയിക്കുന്നത് നന്ന്. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നത് അഭിമാനകരമായ ഒരു ജോലി അല്ല. നിയമത്തേയും നീതിന്യായാസനങ്ങളെയും നാവു കൊണ്ടുമാത്രം സേവിച്ച് മന്ത്രിമാരെപ്പറ്റി സഭ്യേതരങ്ങളും അപമാനകരങ്ങളും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ നടത്തുന്നവര്‍ നിയമത്തിന്റെ കൈയില്‍ നിന്നും രക്ഷപ്പെടുമെന്ന് വ്യാമോഹിക്കേണ്ടതില്ല''.

വി ആര്‍ കൃഷ്ണയ്യര്‍ ദിനമണി, പൊതുജനം, മലയാള മനോരമ എന്നീ പത്രങ്ങള്‍ക്കെതിരായും എം എന്‍ ഗോവിന്ദന്‍ നായര്‍ കേരളഭൂഷണത്തിനെതിരായും ടി വി തോമസ് എക്സ്പ്രസിനെതിരായും മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തു. ദീപിക പത്രാധിപര്‍ക്കെതിരെ സര്‍ക്കാര്‍ ക്രിമിനല്‍ കേസും ചാര്‍ജ് ചെയ്തു.

മാധ്യമങ്ങളെ വിമോചനസമരക്കാര്‍ സമര്‍ത്ഥമായി ദുരുപയോഗം ചെയ്തു. പൊതുജനങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയും നിര്‍വീര്യരാക്കുകയും ചെയ്തുകൊണ്ട് പത്രങ്ങളടക്കമുള്ള ആശയപ്രചരണോപകരണങ്ങളുടെ ഉടമസ്ഥരുടെയും മതമടക്കമുള്ള സാമൂഹ്യസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നവരുടെയും സ്ഥാപിതതാല്‍പര്യങ്ങള്‍ക്ക് സമൂഹത്തില്‍ പത്രങ്ങള്‍ മേല്‍ക്കൈ സൃഷ്ടിച്ചു.

1957-ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതിന് അന്തര്‍ദ്ദേശീയ വാര്‍ത്താ പ്രാധാന്യമുണ്ടായിരുന്നു. 'കേരളത്തിലെ സംഭവ വികാസങ്ങളുടെ അന്തര്‍ദേശീയ പ്രാധാന്യം മനസ്സിലാക്കണമെങ്കില്‍ 57-59 കാലത്തെ ന്യൂയോര്‍ക്ക് ടൈംസിലെ 'കേരളത്തിലെ ചുവപ്പന്‍മാരെ' കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മതി.

1957 ഓഗസ്റ്റ് 25-ന് ലണ്ടന്‍ ഒബ്സര്‍വറിന്റെ വാര്‍ത്താ ലേഖകന്‍ വില്യം ക്ളര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് തുടങ്ങിയത് ഇപ്രകാരമായിരുന്നു, 'സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നു എന്നതിനാലാണ് കേരളം പുറംലോകത്തിന് പ്രധാനപ്പെട്ടതായിത്തീരുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഇത് പ്രധാനപ്പെട്ട ഒരു സംഭവവികാസമാണ്. കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണമില്ലാത്ത ഏക സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയില്‍ ഏതാണ്ട് ഒറ്റ അച്ചില്‍ വാര്‍ത്ത ഇന്ത്യന്‍ ഭരണ സംവിധാനത്തിന് ഏക പ്രായോഗിക ബദല്‍ സംവിധാനം ഇതായിരിക്കും. അങ്ങനെ കേരളത്തിലെ ഭരണം വിജയിപ്പിക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞാല്‍ ഇന്ത്യയിലെ ഔദ്യോഗിക പ്രതിപക്ഷം എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യശസ്സ് ഉയരും.' ഇന്ത്യ ഇടത്തോട്ട് നീങ്ങുന്നതിന്റെ സൂചനയാണോ കേരളം എന്ന ആകാംക്ഷയായിരുന്നു പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ടായിരുന്നത്.

മാധ്യമരംഗം ഇ എം എസിന് ശേഷം

വിമോചന സമരത്തോടെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രത്യയശാസ്ത്രം കമ്യൂണിസ്റ്റ് വിരോധമായിത്തീര്‍ന്നു. ഇതോടൊപ്പം എഴുപതുകളോടെ മറ്റൊരു മാറ്റവും കൂടി വന്നുചേര്‍ന്നു. അതാണ് മാധ്യമങ്ങളുടെ വാണിജ്യവത്കരണം. പത്രത്തിന്റെ മുഖ്യ ലക്ഷ്യം ഉടമസ്ഥന്റെ ലാഭമായിത്തീര്‍ന്നു. ലാഭമാകട്ടെ, പരസ്യത്തെയും പ്രചാരത്തെയും ആശ്രയിച്ചു നില്‍ക്കുന്ന ഒന്നായതോടെ പ്രചാരം വര്‍ദ്ധിപ്പിക്കാനുളള കടുത്ത വാണിജ്യമത്സരങ്ങളുടെ കാലം തുറന്നു.

കേരള സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ പത്രങ്ങളുടെ മൊത്തം സര്‍ക്കുലേഷന്‍ 2.5 ലക്ഷം ആയിരുന്നു. അതാണിപ്പോള്‍ ഏതാണ്ട് 40 ലക്ഷമായി ഉയര്‍ന്നിരിക്കുന്നത്. രണ്ടരലക്ഷത്തില്‍ നിന്ന് 40 ലക്ഷത്തിലേക്കുളള ഏതാണ്ട് അരനൂറ്റാണ്ടുകൊണ്ടുളള വളര്‍ച്ച അനുക്രമമായി ഉണ്ടായതല്ല. രാഷ്ട്രീയ കോളിളക്കങ്ങള്‍ ഉണ്ടായ വര്‍ഷങ്ങളിലാണ് പത്രസര്‍ക്കുലേഷന്‍ കുത്തനെ ഉയര്‍ന്നത്. പിന്നീട് വളര്‍ച്ച മന്ദഗതിയിലായി. 1950കളുടെ അവസാനം, 60കളുടെ അവസാനം, അടിയന്തരാവസ്ഥയെ തുടര്‍ന്നുളള കാലം എന്നിവ ഇപ്രകാരം പത്രപ്രചാരണത്തില്‍ കുത്തനെ വളര്‍ച്ചയുണ്ടായ വര്‍ഷങ്ങളാണ്. ഈ ഗതിസ്വഭാവത്തിന് 1990കളില്‍ ഒരടിസ്ഥാനമാറ്റം വന്നു. രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിന്നും അതുളവാക്കുന്ന വാര്‍ത്താതാല്‍പര്യഗതിയില്‍ നിന്നും സ്വതന്ത്രമായി പത്രങ്ങളുടെ സര്‍ക്കുലേഷന്‍ ഉയരാന്‍ തുടങ്ങി. ഏതാണ്ട് പത്തുലക്ഷത്തിലധികം കോപ്പികളാണ് ഈ ദശാബ്ദത്തില്‍ വര്‍ധനവുണ്ടായത്. ഏതാണ്ട് അനുക്രമമായ വളര്‍ച്ചയാണുണ്ടായത്. ഇതിന്റെ പിന്നില്‍ പത്രങ്ങള്‍ സ്വയം മുന്‍കൈ എടുത്ത് നടപ്പാക്കിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ്. പത്രത്തിന്റെ വരിക്കാരാവുന്നതിന് ഉപഭോക്താക്കള്‍ക്ക് നാനാവിധ ആനുകൂല്യങ്ങള്‍ നല്‍കുകയും പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. വായനക്കാരുടെ താല്‍പര്യം പിടിച്ചു നിര്‍ത്തുന്നതിനാവശ്യമായ നാടകീയ പൈങ്കിളിശൈലി പത്രങ്ങള്‍ ആവിഷ്കരിച്ചു. ഒരു അര്‍ദ്ധ ടാബ്ളോയിഡ് നിലവാരത്തിലേയ്ക്ക് മാതൃഭൂമിയും മനോരമയും പലപ്പോഴും താഴ്ന്നു.

കടുത്ത കമ്പോളമത്സരം പത്രപ്രവര്‍ത്തനശൈലിയെ ഗാഢമായി സ്വാധീനിച്ചു. വായനക്കാരില്‍ കേവലകൌതുകം ജനിപ്പിക്കുന്നതിന് സംഭവങ്ങളെ സംഭ്രമജനകങ്ങളായോ പൈങ്കിളിവത്കരിച്ചോ അവതരിപ്പിക്കുന്ന രചനാശൈലിയിലേക്ക് പത്രങ്ങള്‍ ഒന്നടങ്കം പതിച്ചു. വാര്‍ത്തകള്‍ അനുനിമിഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഇരുപത്തിനാല് മണിക്കൂര്‍ ന്യൂസ് ചാനലുകളുടെ രംഗപ്രവേശത്തോടെ ടെലിവിഷന്‍ സ്ക്രീനിനെ കവച്ചുവെയ്ക്കുന്ന വര്‍ണപ്പൊലിമ സ്വായത്തമാക്കേണ്ടത് പത്രത്താളുകളുടെ അനിവാര്യതയായി മാറി. അതിനുവേണ്ടിയുളള നെട്ടോട്ടത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ വിസ്മരിക്കപ്പെട്ടു. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനും നിലനിര്‍ത്താനും വേണ്ടി സംഭവങ്ങളെ ടെലിവിഷനുകള്‍ പരമാവധി വക്രീകരിച്ചപ്പോള്‍, അവതരണത്തിനും വിശകലനത്തിനും അതിനപ്പുറമുളള വക്രീകരണസാധ്യതകള്‍ പത്രങ്ങള്‍ തേടി. സംഭവങ്ങളെയും വസ്തുതളെയും അപഗ്രഥിക്കാനുളള മത്സരമല്ല, മറിച്ച് പരമാവധി വക്രീകരിച്ച് സംഭ്രമവും വിഭ്രമവും സൃഷ്ടിക്കുന്നതിനുളള മത്സരമാണ് പത്രങ്ങളും ടെലിവിഷനും തമ്മില്‍ നടന്നത്. അങ്ങനെ വാര്‍ത്തകള്‍ക്ക് പകരം വാര്‍ത്താലേഖകരുടെയും വാര്‍ത്താനിയന്ത്രകരുടെയും വീക്ഷണങ്ങളും മുന്‍വിധികളും അനിഷ്ടങ്ങളും പക്ഷപാതങ്ങളും ജനമസ്തിഷ്കത്തിലേക്കൊഴുകി.

ടെലിവിഷന്‍ ചാനലുകള്‍ ശക്തമായതോടെയാണ് മാധ്യമ മൂലധനത്തിന്റെ പ്രശ്നങ്ങള്‍ കൂടുതല്‍ തീവ്രമായത്. ബഹുകോടികളുടെ മൂലധനമുടക്കും കടുത്ത മത്സരവുമുള്ള ടെലിവിഷന്‍ മേഖലയില്‍ ഉളളടക്കത്തിന്റെ കച്ചവടവത്കരണവും കുത്തകകളുടെ കടന്നുവരവവും അനായാസം സംഭവിക്കുന്നു.

അമേരിക്കയുടെ അക്രമാസക്തമായ വിദേശനയത്തിന്റെ ഏറ്റവും വലിയ പതാകാവാഹകനായ മര്‍ഡോക്കിന്റെ വ്യാപാരക്കണ്ണുകള്‍ കേരളത്തിലേക്കും നീണ്ടതെന്തിന് എന്ന ചോദ്യത്തില്‍ മാധ്യമരംഗത്തെ മൂലധന അധിനിവേശത്തിന്റെ ഉത്തരമുണ്ട്. മാതൃഭൂമിയെ ബെനറ്റ് കോള്‍മാന്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ സാംസ്കാരിക കോളിളക്കം മര്‍ഡോക്ക് ഏഷ്യാനെറ്റ് കയ്യടക്കുമ്പോള്‍ ഉണ്ടായില്ല. ആ സാംസ്ക്കാരിക നിര്‍വീര്യകരണമാണ് ആഗോളവത്കരണവും മൂലധനശക്തികളും ലക്ഷ്യമിടുന്നത്. പണമുളളവര്‍ തമ്മിലുളള കച്ചവടത്തില്‍ നമുക്കെന്ത് കാര്യം എന്ന സമ്പൂര്‍ണ നിസ്സംഗതയിലേക്ക് കേരളത്തിലേതുപോലെ രാഷ്ട്രീയ പ്രബുദ്ധമായ ഒരു ജനതയെ മയക്കിവീഴ്ത്താന്‍ പോന്നവിധം വീര്യമേറിയതാണ് ആഗോളവ്തകരണത്തിന്റെ ലഹരി. നമ്മുടെ സാമൂഹ്യ - രാഷ്ട്രീയ - സാംസ്ക്കാരികപഥങ്ങളില്‍, നോംചോംസ്കി പ്രതിപാദിച്ചതു പോലെ, "നിര്‍മ്മിക്കപ്പെടുന്ന സമ്മതി'' ഉണ്ടായിക്കാണാനുളള പശ്ചാത്യരാജ്യങ്ങളുടെ മോഹം ഒരിക്കലും രഹസ്യമായിരുന്നില്ല.

ബദല്‍ മാധ്യമത്തിനു വേണ്ടി

ബൂര്‍ഷ്വാ മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തെ ചെറുത്തുകൊണ്ടും തൊഴിലാളിവര്‍ഗനിലപാട് ജനങ്ങളിലെത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടും മാത്രമേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നോട്ടു പോകാന്‍ കഴിയൂ. ആശയപ്രചരണത്തിന്റെ പ്രാധാന്യത്തില്‍ ഇഎംഎസ് എക്കാലത്തും ഊന്നിയിരുന്നു. ദേശാഭിമാനിയുടെയും ചിന്തയുടെയും പ്രചരണത്തില്‍ ഇത്രയേറെ പ്രാധാന്യം നല്‍കി വന്ന മറ്റൊരു നേതാവിനെ കാണാനാവില്ല. ദേശാഭിമാനിയുടെ പുതിയ പ്രസ്സുകളുടെയും എഡിഷനുകളുടെയും ഉദ്ഘാടനം തുടങ്ങിയ വേളകളില്‍ താന്‍ ചടങ്ങിന്റെ ആതിഥേയനാണ് എന്ന പരാമര്‍ശം സാധാരണമാണ്. പാര്‍ട്ടി മാധ്യമങ്ങളോട് അത്രയേറെ ഒരു വൈകാരിക ബന്ധം സ്ഥാപക പത്രാധിപര്‍ക്ക് എക്കാലവും ഉണ്ടായിരുന്നു.

"ലക്ഷക്കണക്കിന് കോപ്പി പ്രചാരമുളള ബൂര്‍ഷ്വാ കുത്തകപത്രങ്ങള്‍ക്കിടയ്ക്കാണ് ദേശാഭിമാനിയെന്ന ഇടതുപക്ഷ ദിനപത്രത്തിന് അതിന്റെ ജോലി ചെയ്യാനുളളത്. പൂര്‍ണമായില്ലെങ്കില്‍ ഭാഗികമായെങ്കിലും ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കുന്ന ചില മാധ്യമങ്ങളുണ്ടെങ്കിലും, കുത്തകപ്പത്രങ്ങളുടെ രാഷ്ട്രീയാക്രമണം മുഖ്യമായും നേരിടേണ്ടത് ദേശാഭിമാനിയാണ്.

ഇവിടെ ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ വെച്ച് ഏറ്റവുമധികം ജനപിന്തുണയുളള പാര്‍ട്ടിയുടെ മുഖപത്രമാണ് ദേശാഭിമാനി. ആ നിലയ്ക്ക് പ്രചാരത്തിന്റെ കാര്യത്തില്‍ ആ പത്രം മുന്‍നില്‍ക്കേണ്ടതായിരുന്നു. കുത്തകപത്രങ്ങള്‍ക്കുളള പണക്കൊഴുപ്പും അധികാരശക്തിയുമില്ലാത്തതിനാലാണ് ദേശാഭിമാനിയുടെ പ്രചാരം താരതമ്യേന പുറകില്‍ നില്‍ക്കുന്നത്'(ഇടതുപക്ഷ മാധ്യമങ്ങളുടെ ഇന്നത്തെ പ്രസക്തി, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 89, പേജ് 314)

ഇതിനുളള പ്രതിവിധി ദേശാഭിമാനിയുടെ പ്രചരണത്തിനായുളള കാമ്പയിനുകളായിരുന്നു. പത്രപ്രചാരണം മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് മുഖ്യകടമകളിലൊന്നാണെന്ന് ഇഎംഎസ് കണ്ടു. 'മാസികയായാലും വാരികയായാലും ദിനപത്രമായാലും ഒരു മുഖപത്രമില്ലാതെ പാര്‍ട്ടിക്ക് വളരാന്‍ കഴിയില്ല. മാര്‍ക്സിസം - ലെനിനിസത്തിന്റെ സംഘടനാ തത്ത്വങ്ങളില്‍ അതിപ്രധാനമായ ഒന്നാണിത്'. ദേശാഭിമാനിയുടെ പ്രചരണം പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ അഭേദ്യഭാഗമാണെന്ന ബോധ്യം പാര്‍ട്ടി മെമ്പര്‍മാര്‍ക്കും അനുഭാവികള്‍ക്കും ഉണ്ടാക്കിക്കൊടുക്കണം.

"പക്ഷേ, ഈ കടമ നിറവേറ്റാന്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടികളുടെ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരെക്കൊണ്ടുമാത്രം കഴിയുകയില്ല, പത്രവായനക്കാരുടെ ബോധമണ്ഡലവും ഇതിന് സഹായകരമായിരിക്കണം. ഭരണവര്‍ഗങ്ങളുടെ ജിഹ്വയായി പ്രവര്‍ത്തിക്കുന്ന പത്രങ്ങളും തൊഴിലാളി വര്‍ഗത്തിന്റെ മുഖപത്രവും തമ്മിലുളള വ്യത്യാസവും വായനക്കാരായ ബഹുജനങ്ങളാകെ മനസ്സിലാക്കണം. ബൂര്‍ഷ്വാ മാധ്യമങ്ങള്‍, വാര്‍ത്താ ഏജന്‍സികള്‍ എന്നിവ പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍ തുറന്നുകാട്ടി സത്യം പുറത്തുകൊണ്ടുവരാന്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രചരണമാധ്യമങ്ങള്‍ക്കുളള കടമ ജനങ്ങളാകെ മനസ്സിലാക്കണം. ഇല്ലെങ്കില്‍ തൊഴിലാളിവര്‍ഗ താല്‍പര്യം സംരക്ഷിക്കുകയെന്ന സദുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരും പത്രവായനക്കാരായ ബഹുജനങ്ങളും തമ്മില്‍ നികത്താന്‍ വയ്യാത്ത വിടവുണ്ടാകും'' (ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 89 - പാര്‍ട്ടിയുടെ ദിനപത്രം നാല്‍പത് വര്‍ഷത്തിന് മുമ്പും ഇന്നും, - പേജ് 312)

വര്‍ഗസംഘടനകളും വര്‍ഗസമരവും സൃഷ്ടിക്കുന്ന ജനകീയ കൂട്ടായ്മയ്ക്ക് മാധ്യമ പ്രചാരവേലയെ വലിയൊരളവില്‍ പ്രതിരോധിക്കാനാവും എന്നതാണ് ആദ്യത്തേത്. ജെയിംസ് പെട്രാസിനെപ്പോലുളള പണ്ഡിതര്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും മാധ്യമ പ്രചാരവേലയെ ഇപ്രകാരം ഫലപ്രദമായി ചെറുത്തതിന്റെ അനുഭവങ്ങളുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് അലെന്‍ഡയുടെ ചിലിയിലും മറ്റും പിന്തിരിപ്പന്മാര്‍ക്ക് പട്ടാള അട്ടിമറികള്‍ സ്വീകരിക്കേണ്ടി വന്നത്. രണ്ടാമത്തെ കൂട്ടിച്ചേര്‍ക്കല്‍, മാധ്യമ മേഖലയിലെ ജനാധിപത്യപരമായ ഇടവും അതു വിപുലീകരിക്കുന്നതിനു വേണ്ടിയുളള സമരവുമാണ്. ഇതിനെക്കുറിച്ചാണ്, ഉപസംഹാരമായി വിശദീകരിക്കാനുദ്ദേശിക്കുന്നത്.

പാര്‍ട്ടി പത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും വ്യക്തമായ ധാരണ ഇഎംഎസിന് ഉണ്ടായിരുന്നു. പാര്‍ട്ടിക്കും പാര്‍ട്ടിയുടെ ബന്ധുക്കള്‍ക്കും നേരിടേണ്ടി വരുന്ന താത്ത്വികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ നിരന്തരം കൈകാര്യം ചെയ്തുകൊണ്ടല്ലാതെ പാര്‍ട്ടി മുഖപത്രത്തിന് അതിന്റെ കടമ നിറവേറ്റാന്‍ കഴിയില്ല. എന്നാല്‍ 'ദിനപത്രത്തിന്റെ മൌലികമായ ജോലി ഇതല്ല. അതിന്റെ വായനക്കാര്‍ പാര്‍ട്ടിയുടെയും മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെയും വൃത്തത്തെക്കാള്‍ എത്രയോ വിശാലമായ ബഹുജനങ്ങളാണ്. സാധാരണ ദിനപത്രങ്ങളിലെന്ന പോലെ പാര്‍ട്ടി പത്രത്തിലും വായനക്കാര്‍ പ്രതീക്ഷിക്കുന്നത് വാര്‍ത്തകളാണ്. മറ്റൊരു പത്രവും വായിക്കാതെ പാര്‍ട്ടിയുടെ ദിനപത്രം മാത്രം വായിക്കുന്ന ഒരു സാധാരണ വായനക്കാരന് ദൈനംദിനം നടക്കുന്ന സംഭവങ്ങളെ സംബന്ധിച്ച് പൊതുവെ വിവരം കിട്ടാന്‍ വേണ്ട എല്ലാത്തരം വാര്‍ത്തകളും പാര്‍ട്ടിയുടെ ദിനപത്രം കൊടുക്കണം. പാര്‍ട്ടിയുടെ ആശയപരവും രാഷ്ട്രീയവുമായ നിലപാടുകള്‍ വിശദീകരിക്കുന്നതിന് തന്നെ ഇതാവശ്യമാണ്.

"കൂടാതെ മറ്റുപത്രങ്ങളിലുളളതു പോലെ ഫീച്ചര്‍ എന്നപേരില്‍ അറിയപ്പെടുന്നതും വിവിധ ജനവിഭാഗങ്ങള്‍ക്ക് താല്‍പര്യമുളളതുമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പംക്തികള്‍ പാര്‍ട്ടിയുടെ ദിനപത്രത്തിലും ഉണ്ടാകണം. കളികളും കായികമത്സരങ്ങളും സിനിമ, കമ്പോള നിരക്കുകള്‍, പുസ്തകാഭിപ്രായങ്ങള്‍, ശാസ്ത്രരംഗം മുതലായ ഇനങ്ങള്‍ ഏത് ദിനപത്രത്തിനും ഒഴിച്ചുകൂടാത്തതാണ്. ചുരുക്കത്തില്‍ പാര്‍ട്ടിയുടെ വര്‍ഗശത്രുക്കള്‍ നടത്തുന്ന ഏത് ദിനപത്രവും പോലെ പാര്‍ട്ടിയുടേതും ഭിന്നരുചിക്കാരായ വായനക്കാര്‍ക്ക് ഇഷ്ടപ്പെടുകയും പ്രയോജനകരമാവുകയും വേണം. എന്നാല്‍ മറ്റുദിനപത്രങ്ങളെ അനുകരിക്കുക മാത്രം ചെയ്യുന്ന ഒരു ദിനപത്രത്തിന് പാര്‍ട്ടിയുടെ ജിഹ്വയാകാന്‍ വയ്യ'''(പാര്‍ട്ടിയുടെ ദിനപത്രം - നാല്‍പതു വര്‍ഷത്തിന് മുമ്പും ഇന്നും, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 89, പേജ് 309-310).

മേല്‍പറഞ്ഞ വീക്ഷണം പ്രാവര്‍ത്തികമായപ്പോള്‍ ചില താത്ത്വികവും പ്രായോഗികവുമായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. അതിലൊന്നാമത്തേത്, ബഹുജനപത്രമെന്ന നിലയില്‍ വിരുദ്ധാഭിപ്രായങ്ങള്‍ കൂടി പത്രത്തില്‍ പ്രസിദ്ധീകരിക്കണം, അല്ലാത്ത പക്ഷം അത് മാര്‍ക്സിസ്റ്റുകാരുടെ അസഹിഷ്ണുതയായി കരുതും എന്ന വാദം. ഡോ. രാജിന്റെയും പവനന്റെയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതിനെക്കുറിച്ചായിരുന്നു ഈ ചോദ്യം ഉയര്‍ന്നത്. അതിന് ഇഎംഎസ് നല്‍കിയ മറുപടി ഇതാണ്:

"പവനന്റെയും രാജിന്റെയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഗവണ്മെന്റിന്റെ വിലക്കുണ്ടായാല്‍ - ഭാഗ്യവശാല്‍ ഇന്നില്ല - അതിനെ എതിര്‍ക്കുന്നതില്‍ പാര്‍ട്ടി പത്രങ്ങളുണ്ടാകും. എന്നാല്‍ മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെ അവരിറക്കുന്ന വിരുദ്ധാഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ ഉപയോഗപ്പെടുത്തും. അവയ്ക്ക് മറുപടി പറയാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും അവര്‍ക്ക് സ്വന്തം പ്രസിദ്ധീകരണങ്ങളിലൂടെയോ മറ്റു വഴിക്കോ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അവ പാര്‍ട്ടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെടാന്‍ ഒരാള്‍ക്കും അവകാശമില്ല''. (പത്രധര്‍മ്മവും വാക്കിലെ ലേഖനവും - ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 53, പേജ് 288, 289)

മതവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുളള സപ്ളിമെന്റുകള്‍ ദേശാഭിമാനി ഇറക്കുന്നതിനെതിരെയും ഇഎംഎസിനോട് ചോദ്യം ഉയര്‍ന്നു. ഇതിനോടുളള ഇഎംഎസിന്റെ പ്രതികരണം ഇതായിരുന്നു: " ദേശാഭിമാനിയെപ്പോലുളള കമ്യൂണിസ്റ്റ് പത്രങ്ങള്‍ മതവിശ്വാസികളുടെ വീക്ഷണം മനസ്സിലാക്കിക്കൊണ്ട് ദൈനംദിന വര്‍ഗസമരത്തില്‍ അവരെ അണിനിരത്താന്‍ ശ്രമിക്കുകയാണ്. അതിന് ജനങ്ങളില്‍ ഭൂരിപക്ഷത്തിന് ഇന്നുളള മതവിശ്വാസം യാഥാര്‍ത്ഥ്യമായി അംഗീകരിക്കണം. അതനുസരിച്ചുളള ആചാരാനുഷ്ഠാനങ്ങള്‍ വര്‍ഗസമരത്തില്‍ പങ്കാളികളാവുന്ന തൊഴിലാളിവര്‍ഗത്തിന്റെ ദൈനംദിന ജീവിതത്തിന്റെ അഭേദ്യഭാഗങ്ങളാണെന്ന് കാണണം. സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളില്‍ നടക്കുന്ന വര്‍ഗസമരവും മതവിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളും തമ്മിലുളള ബന്ധത്തെത്തന്നെ വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ അടിസ്ഥാനത്തില്‍ വേണം കാണാന്‍. മതവിശ്വാസികളും മാര്‍ക്സിസ്റുകാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വര്‍ഗസമരങ്ങളിലൂടെയാണ് മതവിശ്വാസികളുടെ പ്രപഞ്ചവീക്ഷണത്തില്‍ മാറ്റം വരുത്തേണ്ടത്.... വെറും ഭൌതികവാദ പ്രചാരണത്തിലൂടെയല്ല, ദൈനംദിന വര്‍ഗസമരത്തില്‍ മാര്‍ക്സിസ്റുകാരും മതവിശ്വാസികളും തമ്മിലുണ്ടാക്കുന്ന കൂട്ടുകെട്ടിലൂടെയാണ് ബഹുഭൂരിപക്ഷം ജനങ്ങളിലുളള മതവിശ്വാസത്തിനെതിരായി സമരം നടത്തേണ്ടത്'' (ആശയസമരത്തില്‍ ദേശാഭിമാനിയുടെ പങ്ക്, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍, വാല്യം 3, പേജ് 276).

ഇതുപോലെ ദേശാഭിമാനി നടത്തിപ്പ് സംബന്ധിച്ച് ഉയര്‍ന്നുവന്ന മറ്റൊരു വിമര്‍ശനമായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ മറച്ചുവെച്ചുകൊണ്ട് ഭരണനേട്ടങ്ങള്‍ പ്രകീര്‍ത്തിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന കാര്യം. ഇതിനുളള ഇഎംഎസിന്റെ മറുപടി ഇപ്രകാരമായിരുന്നു:

"പരസ്യങ്ങളില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളെ ഖണ്ഡിക്കാന്‍ ദേശാഭിമാനിക്കുള്ള അധികാരം നിലനിര്‍ത്തിക്കൊണ്ടാണ്, ആ അധികാരം സദാ ഉപയോഗിച്ചുകൊണ്ടാണ് ഗവണ്മെന്റ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും അതിന് പരസ്യക്കൂലി വാങ്ങുന്നതും. ചോദ്യകര്‍ത്താവ് നിര്‍ദ്ദേശിക്കുന്നതു പോലെ പാര്‍ട്ടിയുടെ നയത്തിനെതിരായി വരുന്ന ഒരുകാര്യവും പരസ്യമായി കൊടുക്കരുതെന്നും അതിനു കിട്ടുന്ന കൂലി വാങ്ങരുതെന്നും തീരുമാനിക്കുകയാണെങ്കില്‍, ഒന്നുകില്‍ പത്രം നിര്‍ത്തേണ്ടി വരും, അല്ലെങ്കില്‍ പത്രം നടത്തിപ്പിലുണ്ടാകുന്ന നഷ്ടം നികത്താന്‍ ജനങ്ങളില്‍ നിന്ന് സംഭാവന വാങ്ങേണ്ടി വരും. പാര്‍ട്ടി നയത്തിനെതിരായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച് പരസ്യക്കൂലി വാങ്ങിയിട്ടായാലും പത്രം നിലനിര്‍ത്തണം. പരസ്യമൊഴിച്ചുളള മറ്റ് പത്രസ്ഥലം മുഴുവന്‍ പാര്‍ട്ടിയുടെ സ്വതന്ത്രപ്രചാരവേലയ്ക്ക് ഉപയോഗിക്കണമെന്ന കാഴ്ചപ്പാടാണ് പാര്‍ട്ടിക്കുളളത്'(സര്‍ക്കാര്‍ പരസ്യവും ദേശാഭിമാനിയും, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 59, പേജ് 269). സര്‍ക്കാര്‍ നിലപാടുകള്‍ ഖണ്ഡിക്കാനുളള അവകാശം ദേശാഭിമാനിക്കില്ലാതിരുന്ന കാലത്ത് സര്‍ക്കാര്‍ പരസ്യങ്ങള്‍ വേണ്ടെന്നു വെച്ച കാര്യവും ഇഎംഎസ് അനുസ്മരിക്കുന്നുണ്ട്.

"ഇങ്ങനെ അധികമധികം ആളുകളുടെ അടുത്തേയ്ക്ക് പാര്‍ട്ടിയുടെ സന്ദേശമെത്തിക്കുകയും മറ്റു രംഗങ്ങളിലെന്നപോലെ വാര്‍ത്താവിനിമയരംഗത്തും, ഭരണവര്‍ഗങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു പത്രമാണ് ദേശാഭിമാനി എങ്കില്‍ - അങ്ങനെയാകാനാണ് പാര്‍ട്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നത് - ഗവണ്മെന്റിന്റെയും കുത്തകമുതലാളിമാരുടെയും അടക്കം പരസ്യം സ്വീകരിക്കാന്‍ പത്രം തയ്യാറാവണം. പരസ്യത്തില്‍ കൊടുക്കുന്ന അഭിപ്രായം പാര്‍ട്ടിയുടെയോ പാര്‍ട്ടി മുഖപത്രത്തിന്റെയോ അല്ല, അത് പരസ്യമാണ് എന്ന് പാര്‍ട്ടി മെമ്പര്‍മാരടക്കമുളള വായനക്കാര്‍ മനസ്സിലാക്കണം. അത് മനസ്സിലാക്കിക്കുന്നതിനുളള പ്രവര്‍ത്തനത്തിലാണ് ചോദ്യകര്‍ത്താവിനെപ്പോലുളളവര്‍ ഏര്‍പ്പെടേണ്ടത്. (പരസ്യങ്ങളിലെ ആശയാഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെയോ പത്രത്തിന്റേതോ അല്ല. സര്‍ക്കാര്‍ പരസ്യവും ദേശാഭിമാനിയും, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍, വാല്യം 57, പേജ് നമ്പര്‍ 262, 263)

മുഖ്യധാരാ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തല്‍

കേരളത്തിലും കോര്‍പറേറ്റ് മാധ്യമങ്ങളുടെ മേല്ക്കോയ്മയെ വെല്ലുവിളിക്കുന്ന ബദല്‍ മാധ്യമങ്ങളുടെ ഒരു ചേരിയുണ്ട്. ദേശാഭിമാനി, ജനയുഗം പത്രങ്ങളും കൈരളി, പീപ്പിള്‍ ചാനലുകളും അവയുടെ മുന്‍നിരയിലുണ്ട്. ഇതിനു പുറമേ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ മുഖപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വെബ്സൈറ്റുകളും ബ്ളോഗുകളും ബദല്‍ മാധ്യമ ദൌത്യം നിറവേറ്റുന്നുണ്ട്. പൊതുമണ്ഡലം ക്ഷീണിക്കുന്നു എന്ന നിരീക്ഷണം കേരളത്തിലും പ്രസക്തമാണെങ്കിലും പുരോഗമനചേരിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ പരമ്പരകള്‍ ബദല്‍ പ്രചരണത്തിന്റെ ദൌത്യം കൈയാളുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ നയിക്കുന്ന വലതുപക്ഷ ആശയ വിതരണം കേരളത്തില്‍ വിതയ്ക്കുന്ന കമ്യൂണിസ്റ്റ് വിരോധത്തിന്റെ വിഷവിത്തുകള്‍ മുഴുവന്‍ മുളച്ച് പടര്‍ന്നു പന്തലിച്ചു കായ്ക്കാത്തത് ബദല്‍ മാധ്യമങ്ങളുടെ ഈ പ്രതിപക്ഷ സാന്നിധ്യം കൊണ്ടു കൂടിയാണ്.

എന്നാല്‍, അവയുടെ പരിമിതികള്‍ കാണാതിരുന്നുകൂടാ. ഇടതുപക്ഷ വിശ്വാസികളിലേക്കേ ബദല്‍ മാധ്യമങ്ങള്‍ എത്തുന്നുള്ളൂ. ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കപ്പെടേണ്ട വലിയൊരു ജനവിഭാഗം മുഖ്യധാരാ മാധ്യമങ്ങളുടെ പിടിയിലാണ്. ബദല്‍ മാധ്യമങ്ങളുടെ പ്രചാരം എതിര്‍പക്ഷത്തെ മുഖ്യധാരാമാധ്യമങ്ങളുടെ കരുത്തുമായി തുലനം ചെയ്യുമ്പോള്‍ നിസ്സാരവുമാണ്. പ്രതിബോധത്തിന് എത്ര കുറഞ്ഞ പ്രചരണമാണ് കിട്ടുന്നത്! പൊതുമാധ്യമങ്ങളിലെ ജനാധിപത്യപരമായ ഇടം വിപുലമാക്കേണ്ടതിന്റെയും പുരോഗമന പക്ഷം അത് ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകതയിലേയ്ക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.

മാധ്യമ രംഗത്തിന് പരിമിതമായ താരതമ്യ സ്വാതന്ത്ര്യം ഉണ്ടെന്നതില്‍ തര്‍ക്കമില്ല. ഉടമസ്ഥതയും സാമ്പത്തിക താല്പര്യങ്ങളും എന്തുതന്നെയായാലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിമിതമെങ്കിലും സ്വന്തമായ ഇടം ഉണ്ടായിരിക്കും. നിശ്ചിതമായ ഒരു സ്വയം നിര്‍ണയാവകാശവും അവര്‍ക്കുണ്ടാകും. ഒപ്പം, മാധ്യമങ്ങള്‍ക്കു മേല്‍ സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കും സ്വാധീനമുണ്ടാകും. ബദല്‍ മാധ്യമങ്ങളില്‍ നിന്നുളള സമ്മര്‍ദ്ദം ഇതിന് ആക്കം കൂട്ടും. അതുവഴി, താല്പര്യങ്ങള്‍ ഏറ്റുമുട്ടുന്ന വേദികള്‍ കൂടിയാകും മാധ്യമങ്ങള്‍. അതുകൊണ്ട്, ബദല്‍ മാധ്യമങ്ങളിലൂടെയും ബഹുജന സംഘടനകളുടെ വിവരവിനിമയ സങ്കേതങ്ങളിലൂടെയും മാധ്യമങ്ങളുടെ പ്രചാരവേലയെ നേരിടാനാവും. അന്തോണിയോ ഗ്രാംഷി നിരീക്ഷിച്ചതു പോലെ മാധ്യമങ്ങള്‍ സമര വേദികള്‍ കൂടിയാണ്.

മറ്റു മാധ്യമങ്ങളില്‍ ഇഎംഎസ് എഴുതുന്നതിനെതിരായ വാദത്തെ അദ്ദേഹം തളളിക്കളഞ്ഞിരുന്നു. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കിട്ടാവുന്ന ഇടങ്ങളെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തി. ദൈനംദിന രാഷ്ട്രീയസംഭവവികാസങ്ങളെക്കുറിച്ചുളള ഇഎംഎസിന്റെ ഇടപെടലുകള്‍ മുഖ്യധാരാ മാധ്യമങ്ങളെക്കൂടി ഉന്നംവെച്ചുകൊണ്ടുളളവയായിരുന്നു. നാല്‍പതുകളില്‍ മാതൃഭൂമിയിലും മറ്റും പത്രാധിപര്‍ക്കുളള കത്തുകളിലൂടെയും അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

ഇത്തരത്തിലുളള ജനാധിപത്യ ഇടപെടല്‍ സാധ്യതകളോട് ബന്ധപ്പെടുത്തിയാണ് മാധ്യമമേഖലയിലെ കുത്തകയുടെ പ്രശ്നം ഇഎംഎസ് കൈകാര്യം ചെയ്തത്. "മാതൃഭൂമി പ്രശ്നത്തില്‍ പാര്‍ട്ടിയുടെ സമീപനം'' എന്ന തലക്കെട്ടില്‍ ഒരു ചോദ്യത്തിന്റെ ഉത്തരമായി ഇഎംഎസ് ഇപ്രകാരം വിശദീകരിച്ചു, "'ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിലവില്‍വന്ന, ആ പ്രസ്ഥാനത്തില്‍ സജീവമായി പങ്കുവഹിച്ച ഒരു പത്രം ദേശീയ സമരകാലത്ത് മുഴുവന്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലായിരുന്ന ഒരു കുത്തകപത്രത്തിന്റെ ഉപഗ്രഹമായി മാറുന്നുവെന്നതു കൂടിയാണ് പ്രശ്നം''. ഇതാണ് ബഹുജനവികാരം ഇളക്കിവിടാന്‍ സഹായിച്ച വസ്തുത.

"മാതൃഭൂമിയുടെ ആദ്യകാലത്തുണ്ടായിരുന്ന ദേശീയതാ പാരമ്പര്യം അവര്‍തന്നെ കളഞ്ഞുകുളിച്ചിരിക്കുന്നു. ദേശീയപാരമ്പര്യത്തെ തികച്ചും നിഷേധിക്കുന്ന ആര്‍എസ്എസിന്റെ പ്രചരണത്തിന് അങ്ങേയറ്റം സഹായം ചെയ്യുന്ന ഒരു പത്രമായി മാതൃഭൂമി അധഃപതിച്ചു. അതുകൊണ്ട് മറ്റ് പലനേതാക്കളും ചെയ്യുന്നതുപോലെ, മാതൃഭൂമിയുടെ രാഷ്ട്രീയപാരമ്പര്യത്തിന് കളങ്കം വരുത്തുന്നുവല്ലോ എന്ന നിലയ്ക്ക് ഈ പ്രശ്നം കാണാന്‍ പാര്‍ട്ടിക്കോ എനിക്കോ സാധ്യമല്ല...ഒരു കുത്തകപത്രം അതിനെക്കാളെത്രയോ ചെറിയ ഒരു പത്രത്തെ വിഴുങ്ങുന്നുവെന്നത് നമ്മെയെല്ലാം അസ്വസ്ഥരാക്കേണ്ട ഒരു സംഭവമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. ഏത് മേഖലയിലായാലും കുത്തകകള്‍ ചെറുകിട സ്ഥാപനങ്ങളെ വിഴുങ്ങുന്നതിനോട് ഉദാസീനഭാവം വെച്ചുപുലര്‍ത്താന്‍ പാര്‍ട്ടിക്ക് സാധ്യമല്ല''. (മാതൃഭൂമി പ്രശ്നത്തില്‍ പാര്‍ട്ടിയുടെ സമീപനം - (ഇ എം എസ് സമ്പൂര്‍ണ കൃതികള്‍, വാല്യം 53, പേജ് 340)

മാധ്യമരംഗം ഇഎംഎസിന് ശേഷം

ഇഎംഎസിന്റെ നിര്യാണത്തിന് ശേഷമാണ് ജനകീയാസൂത്രണ വിവാദം പൊട്ടിപ്പുറപ്പെട്ടത്. അധികാരവികേന്ദ്രീകരണമെന്നത് 1957ലെ സര്‍ക്കാരിന്റെ ഒരു പ്രധാന അജണ്ടയായിരുന്നു. ഇഎംഎസ് അധ്യക്ഷനായുളള ഭരണപരിഷ്കാര കമ്മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ശിപാര്‍ശയായിരുന്നു അത്. എന്നാല്‍ കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ പരിഷ്കാരം നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നത് ഇതിന് മുന്നിലെ കനത്ത പ്രതിബന്ധങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതിനെ മറികടക്കാന്‍ ഭൂപരിഷ്കരണത്തിന്റെ കാര്യത്തിലെന്നതുപോലെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ബഹുജനങ്ങളെ അണിനിരത്തുന്നതിനുളള പരീക്ഷണമായിരുന്നു ജനകീയാസൂത്രണം. ഭൂപരിഷ്കരണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റമായിരുന്നു ജനകീയാസൂത്രണം എന്നായിരുന്നു ഇഎംഎസ് അഭിപ്രായപ്പെട്ടത്. ജനകീയാസൂത്രണത്തിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിച്ചത് ഇഎംഎസ് തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ജനകീയാസൂത്രണത്തെ മുന്‍നിര്‍ത്തിയായി പാര്‍ട്ടിക്കെതിരായ മാധ്യമ കടന്നാക്രമണങ്ങള്‍.

ഇടതുപക്ഷ നിലപാടുകളില്‍ നിന്നുളള കമ്യൂണിസ്റ്റ് വിരോധമാണ് പുതിയകാലഘട്ടത്തിന്റെ പ്രത്യേകത. 2000-2010 കാലഘട്ടത്തില്‍ മലയാള മാധ്യമങ്ങള്‍ ഒരിക്കല്‍കൂടി പ്രചണ്ഡമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിലേയ്ക്ക് കടന്നു. വിമോചനസമരകാലത്തെ മാധ്യമ പ്രചാരവേല വലതുപക്ഷ നിലപാടില്‍ നിന്നുളള മാധ്യമ കടന്നാക്രമണമായിരുന്നു എങ്കില്‍ ഇപ്പോഴവര്‍ കപട ഇടതുപക്ഷനിലപാടുകളില്‍ നിന്നുകൊണ്ടാണ് ആക്രമണം അഴിച്ചുവിടുന്നത്. അന്നത്തെ പ്രചാരവേല ഇടതുപക്ഷത്തിന്റെ അടിത്തറയെ സ്വാധീനിച്ചില്ല. ഇന്നത്തെ പ്രചരണം ഇടതുപക്ഷഅടിത്തറയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇതിന്റെ വലിയ 'സാധ്യത'കളെക്കുറിച്ച് മലയാള മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞത് ജനകീയാസൂത്രണ വിവാദത്തിലാണ്.

ഇഎംഎസിന്റെ നിര്യാണത്തിനു ശേഷമുളള ഒരു വ്യാഴവട്ടക്കാലം മലയാള മാധ്യമരംഗത്ത് ഒരു വിസ്ഫോടനം തന്നെ നടന്നിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂര്‍ ന്യൂസ് ചാനലുകളുടെ ആവിര്‍ഭാവം, കമ്പ്യൂട്ടര്‍ അധിഷ്ഠിത മാധ്യമങ്ങളുടെ കടന്നുവരവ്, എഫ്എം റേഡിയോ തരംഗം തുടങ്ങിയവയെല്ലാം മലയാളിയില്‍ ഒരു കമ്യൂണിസ്റ്റ് വിരുദ്ധ വ്യാജസമ്മതി സൃഷ്ടിക്കുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു ചരിത്രഘട്ടത്തിലാണ് ഇഎംഎസിന്റെ മാധ്യമ കാഴ്ചപ്പാടുകളുടെ പ്രസക്തി നാം തിരിച്ചറിയുന്നത്.

*
ഡോ. ടി എം തോമസ് ഐസക് കടപ്പാട്: ചിന്ത വാരിക, വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment

Visit: http://sardram.blogspot.com