25 May, 2010

മൌദൂദിസത്തിന്റെ കിനാലൂര്‍ പാത

ചെങ്ങറയെ മറ്റൊരു 'നന്ദിഗ്രാം'ആക്കി ആഘോഷിക്കുവാനുള്ള നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും ആസൂത്രിതമായ ശ്രമങ്ങള്‍ ഫലം കാണാതെ പോയതില്‍ ഏറെ ദുഃഖിതരാണ് സന്നദ്ധസംഘടനാ ബുദ്ധിജീവികള്‍. കിനാലൂരിലും മതതീവ്രവാദികളും വലതുപക്ഷശക്തികളും ഒരു നന്ദിഗ്രാം സൃഷ്ടിക്കാന്‍ പറ്റുമോ എന്നാണ് ശ്രമിച്ചുനോക്കിയത്. ഫോര്‍ഡ് ഫൌണ്ടേഷന്റെ ഫണ്ടും ആശയങ്ങളും സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് ഗ്രൂപ്പുകളുടെയും, പെട്രോ ഡോളര്‍ സമ്പദ്ഘടനകള്‍ ഒരുക്കിക്കൊടുക്കുന്ന സൌകര്യങ്ങളില്‍ കര്‍മനിരതരായിരിക്കുന്ന സോളിഡാരിറ്റിപോലുള്ള സംഘടനകളുടെയും ഏകോപനത്തിലാണ് ചെങ്ങറ സമരം നടന്നത്. അമേരിക്കയുടെയും സൌദിഅറേബ്യയുടെയും അകമഴിഞ്ഞ സഹായങ്ങളില്‍ കേരളത്തില്‍ പ്രവര്‍ത്തനനിരതമായിരിക്കുന്ന നവപ്രസ്ഥാനങ്ങളെയും രാഷ്ട്രീയ ഇസ്ളാമിസമുയര്‍ത്തുന്ന വെല്ലുവിളികളെയുംകുറിച്ച് ഗൌരവാവഹമായ അന്വേഷണങ്ങളും ജാഗ്രതയും ആവശ്യപ്പെടുന്ന സന്ദര്‍ഭമാണിത്.

കിനാലൂര്‍ വ്യവസായപാര്‍ക്കിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാലം മുതല്‍ അതിനെതിരെ വസ്തുതാ ബന്ധമില്ലാത്ത പ്രചാരണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു യു ഡി എഫ് നേതൃത്വത്തോടൊപ്പംനിന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍. കേരളത്തിന്റെ നദികളും ധാതുവിഭവങ്ങളും പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം വിറ്റുതുലച്ചുകൊണ്ടിരുന്ന യു ഡി എഫ് നയങ്ങള്‍ക്ക് അന്ത്യംകുറിച്ചുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭരണം ആരംഭിച്ചത്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും കടുത്ത അപനിക്ഷേപവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും അടിച്ചേല്‍പ്പിച്ച യുഡിഎഫ് ഭരണം കേരളത്തെ അക്ഷരാര്‍ഥത്തില്‍ വ്യവസായങ്ങളുടെ മരുപ്പറമ്പാക്കുകയായിരുന്നു. പൊതുമേഖലാവ്യവസായങ്ങളെല്ലാം നഷ്ടത്തിലാണെന്ന് പറഞ്ഞ് അടച്ചുപൂട്ടാനും കമ്പനി കെട്ടിടങ്ങളും യന്ത്രങ്ങളും ഭൂമിയും വില്‍ക്കാനുമാണ് യുഡിഎഫിന്റെ വ്യവസായ വകുപ്പ് ശ്രമിച്ചത്. നിരവധി ഫാക്ടറികള്‍ അടച്ചുപൂട്ടുകയും അതില്‍ പണിയെടുത്തിരുന്ന തൊഴിലാളികളെ വഴിയാധാരമാക്കുകയും ചെയ്തു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, പൂട്ടിപ്പോയ വ്യവസായങ്ങള്‍ ഒന്നൊന്നായി തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥിതി സംജാതമായി. ഒരൊറ്റ പൊതുമേഖലാ സ്ഥാപനവും സ്വകാര്യവല്‍ക്കരിച്ചില്ലെന്നു മാത്രമല്ല, എട്ട് പുതിയ പൊതുമേഖലാ വ്യവസായങ്ങള്‍ ആരംഭിക്കാനും നടപടി തുടങ്ങി. പൊതുമേഖലയിലും സ്വകാര്യമേഖലയിലും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും കൊണ്ടുവരാനുമുള്ള പശ്ചാത്തല സൌകര്യങ്ങള്‍ ഇച്ഛാശക്തിയോടെ ഒരുക്കിയെടുക്കുന്നു. ഐ ടി, ബി ടി, മാനുഫാക്ചറിങ് വ്യവസായങ്ങള്‍ തുടങ്ങി കേരളത്തിന്റെ സാധ്യതകള്‍ക്കനുസരിച്ചുള്ള നാനാവിധമായ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു

ഇതെല്ലാം ആഗോളവല്‍ക്കരണ വിരുദ്ധശക്തികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഇടതുപക്ഷ സര്‍ക്കാറിന്റെയും വ്യവസായമന്ത്രിയുടെയും പ്രതിച്ഛായ വളര്‍ത്തി. ആഗോളവല്‍ക്കരണ നയങ്ങളെ ചെറുക്കുന്നതില്‍ ഇടതുപക്ഷം പ്രയോഗപഥത്തില്‍ കൊണ്ടുവന്ന ബദല്‍നയങ്ങള്‍ ബൂര്‍ഷ്വാവര്‍ഗങ്ങളെയും അവരുടെ രാഷ്ട്രീയ പ്രതിനിധികളെയും മാത്രമല്ല എല്ലാവിധ കപട ആഗോളവല്‍ക്കരണ വിരുദ്ധരെയും വിപ്ളവ വായാടികളെയും പരിഭ്രാന്തരാക്കി. വ്യവസായമന്ത്രിയുടെ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനങ്ങളും ഇച്ഛാശക്തിയും യുഡിഎഫ് നേതൃത്വത്തിലും നിക്ഷിപ്ത താല്‍പര്യക്കാരിലും ആശങ്ക സൃഷ്ടിച്ചതില്‍ അസ്വാഭാവികതയില്ല. പൊതുമേഖലാസ്ഥാപനങ്ങളും അവയുടെ ഭൂമിയും വിറ്റ് പങ്കുപറ്റാന്‍ കാത്തിരിക്കുന്നവരുടെ ചിരകാല സ്വപ്നങ്ങളാണ് രാഷ്ട്രീയ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞത്.

പൊതുസ്വത്തും വിഭവങ്ങളും കൊള്ളയടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട, രാജ്യത്തിനകത്തും പുറത്തുമുള്ള മൂലധനശക്തികളുടെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെയും ആശ്രിതത്വത്തിലും സഹായത്തിലും പ്രവര്‍ത്തിക്കുന്നവരാണ് രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള നവപ്രസ്ഥാനങ്ങള്‍. കടുത്ത മൂലധനവിരോധത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മേലങ്കിയണിഞ്ഞ ഇത്തരം ഗ്രൂപ്പുകള്‍ സാധാരണ ജനങ്ങളും ആഗോളമൂലധനവ്യവസ്ഥയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന വര്‍ഗാധികാര വ്യവസ്ഥയെയും ബൂര്‍ഷ്വാ രാഷ്ട്രീയത്തെയും കണ്ടില്ലെന്ന് നടിക്കുന്നവരാണ്.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരായ ഭരണവര്‍ഗവിഭാഗങ്ങളെയാകെ ഏകോപിപ്പിക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങളിലാണ് രാഷ്ട്രീയ ഇസ്ളാം ഇന്ന് സജീവമാവുന്നതെന്ന് മന്‍സൂര്‍ ഹെഖ്മത് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. അതിന് ഇസ്ളാംമതത്തെ അവര്‍ മുഖ്യ മാധ്യമമാക്കുന്നു. എന്നാല്‍ രാഷ്ട്രീയ ഇസ്ളാമിന് ഇസ്ളാമിക നിയമശാസ്ത്രവുമായിട്ടോ ധൈഷണിക ഉള്ളടക്കവുമായിട്ടോ പ്രത്യേകിച്ചൊരു ബന്ധമോ പ്രതിബദ്ധതയോ ഉണ്ടെന്ന് കരുതുന്നത് മൌഢ്യമാണെന്ന് മന്‍സൂര്‍ ഹെഖ്മത് നിരീക്ഷിക്കുന്നു. മൂലധനത്തെയും വികസനത്തെയുമെല്ലാം വൈകാരികവും തീവ്രവാദപരവുമായ സാമ്പത്തികശാസ്ത്ര വിശകലനത്തിലൂടെ സമീപിക്കുന്ന ചില മുന്‍ നക്സലൈറ്റുകളും എന്‍ ജി ഒ ബുദ്ധിജീവികളുമാണ് സോളിഡാരിറ്റിയുടെ ധൈഷണിക നേതൃത്വമായി കേരളത്തിലിപ്പോള്‍ ഓവര്‍ടൈം പണിയെടുക്കുന്നത്. നവലിബറല്‍ മൂലധനത്തിന്റെ ഉല്‍പ്പാദനരഹിതമായ വളര്‍ച്ചയെയും ജീര്‍ണമായ വ്യാപന താല്‍പര്യങ്ങളെയും സംബന്ധിച്ച് ലെനിന്‍ നടത്തിയ അപഗ്രഥനങ്ങളെ മനസ്സിലാക്കുവാനുള്ള രാഷ്ട്രീയ സന്നദ്ധതയും പ്രത്യയശാസ്ത്ര ഗ്രാഹ്യതയും നഷ്ടപ്പെട്ടവരാണിവര്‍.

മുന്‍ നക്സലൈറ്റുകളും സിപിഐഎമ്മില്‍നിന്ന് പുറത്തുപോയവരുമായ കപട വിപ്ളവകാരികള്‍ സോളിഡാരിറ്റിപോലുള്ള മധ്യകാല പ്രത്യയശാസ്ത്രത്തില്‍ അഭിരമിക്കുന്നവരുമായി ചേര്‍ന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതമായ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒടുവിലത്തേതാണ് കിനാലൂര്‍ സംഭവം. ഉല്‍പ്പാദനശക്തികളുടെ വളര്‍ച്ചയെയും വ്യവസായവല്‍ക്കരണത്തെയും ഭയപ്പെടുന്ന മധ്യകാല സാമൂഹ്യാശയങ്ങളാണ് സോളിഡാരിറ്റിപോലുള്ള സംഘടനകളെ നയിക്കുന്നത്. തങ്ങളുടെ പ്രത്യയശാസ്ത്രത്തെ മതത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ഒരു സംസ്കാരമായി നിര്‍വചിക്കുന്ന രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ അതിനെ വിമര്‍ശനത്തിനോ നവീകരണത്തിനോ വിധേയമാക്കേണ്ട ഒന്നായി കാണുന്നേയില്ല. മാര്‍ക്സിസത്തിന്റെ വ്യതിയാനങ്ങളെയും നവലിബറല്‍ സ്വാധീനത്തിന് ഇടതുപക്ഷം വഴങ്ങുന്നതിനെയും കുറിച്ച് സംവാദങ്ങളും ക്യാമ്പയിനുകളും സംഘടിപ്പിച്ചിരുന്നവര്‍ സ്വന്തം വിശ്വാസപ്രമാണത്തിലെ അയുക്തികമായ സിദ്ധാന്തങ്ങളെക്കുറിച്ചും തങ്ങളുടെ സിദ്ധാന്തവും പ്രയോഗവും നിരന്തരം മൂലധനവ്യവസ്ഥയെ സഹായിക്കുകയും ശാശ്വതീകരിക്കുകയുമാണെന്ന വസ്തുതയെക്കുറിച്ചും കൌശലപൂര്‍വമായ മൌനം അവലംബിക്കുകയാണ്.

സാമ്രാജ്യത്വത്തിന്റെ നവ അധിനിവേശത്തിനെതിരായ പോരാട്ടത്തിന്റെ മണ്ഡലത്തിലാണ് രാഷ്ട്രീയ ഇസ്ളാമെന്നത് ഒരു മിഥ്യാധാരണ മാത്രമാണെന്ന് സമീര്‍ അമീന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സാമ്രാജ്യത്വവും രാഷ്ട്രീയ ഇസ്ളാമിസ്റ്റുകളും എങ്ങനെ യാണ് തങ്ങളുടെ ചെയ്തികളിലൂടെ പരസ്പരം ബലപ്പെടുത്തുന്നതെന്ന് ഇടതുപക്ഷ ശക്തികള്‍ ഗൌരവപൂര്‍വം പരിഗണിക്കേണ്ടതുണ്ട്. ആഗോളവല്‍ക്കരണവും ബൂര്‍ഷ്വാഭരണ നയങ്ങളും സൃഷ്ടിക്കുന്ന ജീവിതദുരിതങ്ങളെ സംബന്ധിച്ച് വാചകമടികളില്‍ വ്യാപൃതരായിരിക്കുമ്പോഴും, രാഷ്ട്രീയ ഇസ്ളാമിസ്റ്റുകളെ മഥിക്കുന്ന ഏകചിന്ത മറ്റുള്ള വാദങ്ങളെ ഒഴിവാക്കി സ്വസമുദായത്തില്‍ ആളെ ചേര്‍ക്കുക എന്നതാണെന്ന് സമീര്‍ അമീന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ബഹുമതസമൂഹത്തില്‍ ഇതെല്ലാം സംസ്കാര സംഘര്‍ഷത്തിന്റെതായ സാഹചര്യമാണ് സൃഷ്ടിക്കുക. ഗോള്‍വാള്‍ക്കറിന്റെ 'സാംസ്കാരിക ദേശീയത'പോലെ മൌദൂദിയുടെ ഇസ്ളാമിക രാഷ്ട്രീയ വാദവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതും മതേതരവും ജനാധിപത്യപരവുമായ സാമൂഹ്യ ഉദ്ഗ്രഥനത്തിന് ഭീഷണി ഉയര്‍ത്തുന്നതുമാണ്. രണ്ടും സാമ്രാജ്യത്വ വിരുദ്ധമായ വിപ്ളവ ദേശീയതയെ ഭയപ്പെടുന്ന, മധ്യകാലിക മൂല്യങ്ങളില്‍ ജനങ്ങളെ തളച്ചിടുന്ന അധിനിവേശ യുക്തിയെയാണ് വ്യത്യസ്ത തലങ്ങളില്‍നിന്ന് സേവിക്കുന്നത്.

രാഷ്ട്രീയ ഇസ്ളാമിസ്റ്റുകളുടെ വീക്ഷണമനുസരിച്ച് സാമ്രാജ്യത്വ കേന്ദ്രങ്ങളും അവര്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പ്രാന്തപ്രദേശങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് പ്രധാന വൈരുധ്യങ്ങളെന്നും അതിന്റെ സ്ഥാനത്ത് ഇപ്പോള്‍ വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പകരം വന്നിരിക്കുന്നുവെന്നുമാണ് കാണുന്നത്. സാമൂഹ്യ- സാമ്പത്തിക വൈരുധ്യങ്ങളെയാകെ സംസ്കാരത്തിന്റെ മണ്ഡലത്തിലെ സംഘര്‍ഷമായി കാണുന്ന രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ മുതലാളിത്ത വ്യവസ്ഥയെക്കാള്‍ തങ്ങളുടെ മതപരമായ സംസ്കാരത്തിന് ഭീഷണി മാര്‍ക്സിസ്റ്റുകളും ഇടതുപക്ഷ രാഷ്ട്രീയവുമാണെന്ന വഴിതെറ്റിയ വിലയിരുത്തലുകളാണ് നടത്തുന്നത്. ഇത്തരം സൈദ്ധാന്തീകരണങ്ങള്‍ മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയും സംബന്ധിച്ച വാചകമടികള്‍ക്കപ്പുറത്ത് വര്‍ത്തമാന ആഗോളമൂലധനവ്യവസ്ഥക്കെതിരെ വിരല്‍ ചൂണ്ടാന്‍പോലും പറ്റാത്ത ദയനീയതയിലാണ് ഇസ്ളാമിസ്റ്റുകളെ എത്തിച്ചിരിക്കുന്നത്. മുതലാളിത്തത്തെയും അതിന്റെ രാഷ്ട്രീയത്തെയും നേരിടാന്‍ തയാറാകാതെ ഇടതുപക്ഷത്തെ മുഖ്യ വിപത്തായി കാണുന്ന തീവ്രവാദ നിലപാടുകളില്‍ കിടന്ന് മോങ്ങുകയാണവര്‍.

നന്ദിഗ്രാം പ്രശ്നത്തില്‍ ബംഗാള്‍ സര്‍ക്കാരിന്റെ ഭരണപരമായ പാളിച്ചകളെ മുതലെടുത്ത് ഇടതുപക്ഷമാണ് കോര്‍പറേറ്റ് വല്‍ക്കരണത്തിന്റെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും പ്രധാന ഉത്തരവാദികളെന്ന് പ്രചരിപ്പിക്കുകയാണിവര്‍ ചെയ്തത്. കോണ്‍ഗ്രസും ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇടതുപക്ഷ വിരുദ്ധമായ കടന്നാക്രമങ്ങളാണ് ബംഗാളില്‍ ജമാത്തെ ഉദ്വ പോലുള്ള ഗ്രൂപ്പുകള്‍ നടത്തിയത്.

ഈജിപ്തിലും പാകിസ്ഥാനിലും ബംഗ്ളാദേശിലുമെല്ലാം അമേരിക്കന്‍ കോര്‍പറേറ്റുകളുടെ നിക്ഷേപതാല്‍പ്പര്യങ്ങള്‍ക്ക് കളമൊരുക്കുന്ന സര്‍ക്കാരുകളില്‍ രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആഗോളവല്‍ക്കരണത്തെ എതിര്‍ക്കാന്‍ ശ്രമിച്ച മലേഷ്യയിലെ മഹാതീര്‍ സര്‍ക്കാറില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങളുടെ സംരക്ഷകരായി പ്രവര്‍ത്തിച്ചത് രാഷ്ട്രീയ ഇസ്ളാമിസ്റ്റുകളായിരുന്നു. ഇന്ത്യന്‍ ജമാത്തെ ഇസ്ളാമിക്കാര്‍ അംഗീകരിച്ച് ആദരിക്കുന്ന അന്‍വാര്‍ ഇബ്രാഹിം മലേഷ്യയിലെ അമേരിക്കന്‍, യൂറോപ്യന്‍ യൂണിയന്‍ താല്‍പ്പര്യങ്ങളുടെ മുഖ്യ നിര്‍വാഹകനായിരുന്നല്ലോ. പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഭരണാധികാരിയായ സിയാവുല്‍ ഹക്കിന്റെ മന്ത്രിസഭയില്‍ നിര്‍ണായക സ്വാധീനം പുലര്‍ത്തിയത് പാക് ജമാഅത്തെ ഇസ്ളാമിയായിരുന്നല്ലോ. തീവ്രവാദികളെ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളായി പാകിസ്ഥാനിലെ മദ്രസകളെ പരിവര്‍ത്തനപ്പെടുത്താന്‍ സിഐഎക്ക് എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്തത് സിയാവുല്‍ ഹക്കിന്റെ കാലത്തായിരുന്നു.

അമേരിക്കന്‍ സേവയും അഴിമതിയുംകൊണ്ട് കുപ്രസിദ്ധമായ ബംഗ്ളാദേശിലെ ബീഗം ഖാലിദ മന്ത്രിസഭയില്‍ പ്രധാന പങ്ക് വഹിച്ചത് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ളാമി ആയിരുന്നു. മുജീബ് റഹ്മാന്‍ വധത്തില്‍വരെ ബംഗ്ളാദേശിലെ രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ക്കുള്ള പങ്ക് പുറത്തുവന്നിട്ടുണ്ട്. ധാര്‍മികവാദത്തിന്റെയും രാഷ്ട്രീയ സദാചാര നാട്യത്തിന്റെയും പ്രതിപുരുഷന്മാരായി കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു കൈ നോക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന സോളിഡാരിറ്റി ജമാത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ മുഖമാണെന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയ ഇസ്ളാമിസത്തിന്റെ ആഗോളരൂപങ്ങളില്‍ ഒരു മധ്യമാര്‍ഗം സ്വീകരിക്കുന്നവരാണ് തങ്ങളെന്ന് സ്വയം നടിക്കുന്നവരാണ് സോളിഡാരിറ്റിക്കാര്‍. സംഘപരിവാറിനെ എന്നപോലെ അവര്‍ അല്‍ഖ്വയ്ദയെയും വിമര്‍ശിക്കാറുണ്ട്. എന്‍ ഡി എഫുമായി ബന്ധമില്ലെന്ന് ആവര്‍ത്തിക്കാറുമുണ്ട്.

ഇന്ത്യയിലെ ഇസ്ളാമിക തീവ്രവാദത്തിന്റെ പ്രധാന കേന്ദ്ര സംഘടനയായി പലരും ജമാത്തെ ഇസ്ളാമിയെ നിരീക്ഷിക്കുന്നുണ്ട്. മൌദൂദിയുടെ പൂര്‍ണമായ രാഷ്ട്രീയ ഇസ്ളാമിക ദര്‍ശനങ്ങളാണ് ജമാത്തെ ഇസ്ളാമിയുടെ വീക്ഷണവും ധൈഷണിക സംഹിതയും. മൌദൂദിവിഭാവനം ചെയ്യുന്ന ഇസ്ളാമിക രാഷ്ട്രത്തില്‍ ആവേശഭരിതരായ മുസ്ളിം ചെറുപ്പക്കാരാണ് തീവ്രവാദത്തെ ഇന്ത്യയിലും കേരളത്തിലുമെല്ലാം ധാര്‍മികമായി ആചരിച്ചുതുടങ്ങിയത്. ഈയൊരു മൌദൂദിയന്‍ വീക്ഷണം ജന്മം നല്‍കിയ സംഘടനയാണ് സിമി. ഇസ്ളാമിക രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്ന പ്രഖ്യാപിത നിലപാടാണ് സിമി മുന്നോട്ടുവച്ചത്. അതിനുമുമ്പ് ഇസ്ളാമിസ്റ്റ് സ്റ്റുഡന്റ് ലീഗ് എന്ന സംഘടന ജമാത്തെ ഇസ്ളാമി രൂപീകരിച്ചിരുന്നു. ആഗോള ഇസ്ളാമിക തീവ്രവാദത്തെ രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്ത അമേരിക്കയും സൌദി അറേബ്യയും പാക്കിസ്ഥാനും ഇറാന്‍ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചതോടെ കേരളത്തിലും അതിന്റെ അനുരണനങ്ങളും മാറ്റങ്ങളുമുണ്ടായി. സിമിയുടെ അതിതീവ്രവാദപരമായ മുദ്രാവാക്യങ്ങളോട് വിയോജിച്ചുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ടാണ് ജമാത്തെ ഇസ്ളാമി SIO എന്ന പുതിയ വിദ്യാര്‍ഥിസംഘടന രൂപീകരിക്കുന്നത്. ജമാഅത്തിന്റെ രാഷ്ട്രീയ രൂപവും യുവജന വിഭാഗവുമെന്ന നിലയിലാണ് സോളിഡാരി പ്രവര്‍ത്തനമാരംഭിക്കുന്നത്.

അറബ് ലോകത്തിലെ അമേരിക്കയുടെ വിശ്വസ്ത താവള പ്രദേശം ഇന്ന് സൌദി അറേബ്യയാണ്. ഈജിപ്തിലെ നാസറുടെ നേതൃത്വത്തില്‍ 1950-60കളില്‍ പ്രബലപ്പെട്ട അറബ് ദേശീയബോധത്തെ തകര്‍ത്ത് ഈ മേഖലയിലെ എണ്ണസമ്പത്ത് കൈയടക്കുക എന്ന സാമ്രാജ്യത്വ തന്ത്രങ്ങളിലാണ് രാഷ്ട്രീയ ഇസ്ളാം അക്രമാസക്തമായ മാനങ്ങള്‍ കൈവരിച്ചത്. ലോകമെമ്പാടുമുള്ള ഇസ്ളാമിക തീവ്രവാദഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതില്‍ (World Muslim League) റാബിത്ത വഹിച്ച പങ്ക് കുപ്രസിദ്ധമാണല്ലോ. അറബ് ലോകത്ത് നാസറിസം വളര്‍ത്തിയെടുത്ത ജനാധിപത്യ രാഷ്ട്രീയത്തെയും സാമ്രാജ്യത്വവിരുദ്ധ ദേശീയബോധത്തെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് റാബിത്ത രൂപംകൊള്ളുന്നത്. കേരളത്തിലെ പ്രമുഖരായ പല ജമാത്തെ ഇസ്ളാമി നേതാക്കളും റാബിത്തയില്‍നിന്ന് പണം പറ്റുന്നതായി സിമി - എസ്ഐഒ തര്‍ക്കകാലത്ത് ഉന്നയിക്കപ്പെടുകയുണ്ടായി. സോളിഡാരിറ്റിയും എസ്ഡിപിഐയും ജമാഅത്തെ ഇസ്ളാമിയുടെയും എന്‍ഡിഎഫിന്റെയും ആഗോളബന്ധങ്ങളിലും പ്രത്യയശാസ്ത്രമണ്ഡലത്തിലും രൂപം കൊള്ളുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തിരിക്കുന്ന സംഘടനകളാണ്. ഈ തീവ്രവാദ ഗ്രൂപ്പുകളും ബി ജെ പിയും കോണ്‍ഗ്രസുമെല്ലാം ചേര്‍ന്നുകൊണ്ടുള്ള ഇടതുപക്ഷത്തിനെതിരായ ആക്രമങ്ങളാണ് കിനാലൂരില്‍ നടക്കുന്നത്. കാര്യമായ പ്രാദേശിക ജനപിന്തുണയൊന്നുമില്ലാതെ. അവര്‍ വന്‍കിട മാധ്യമസഹായത്തോടെ നടത്തുന്ന പ്രചാരണയുദ്ധമാണിത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍

No comments:

Post a Comment

Visit: http://sardram.blogspot.com