30 November, 2009

സ്റ്റാലിന്റെ രണ്ടാംവരവ്

സ്റ്റാലിന്റെ രണ്ടാംവരവ്
1980കളുടെ ഒടുവില്‍, സോവിയറ്റ് യൂണിയനെ മിഖായേല്‍ ഗോര്‍ബച്ചേവ് ക്രമബദ്ധമായി വന്ധ്യംകരിച്ചുകൊണ്ടിരുന്ന കാലത്ത്, മുതലാളിത്തലോകത്ത് ഏറ്റവും പ്രിയങ്കരനായ ഭരണാധികാരിയായിരുന്നു 'ഗോര്‍ബി' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗോര്‍ബച്ചേവ്. കമ്യൂണിസമെന്ന 'ഭീകരഭൂത'ത്തില്‍നിന്ന് സോവിയറ്റ് യൂണിയനെ വിമോചിപ്പിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്കും സമൃദ്ധിയുടെ സുഖസാഗരങ്ങളിലേക്കും കൈപിടിച്ചു നടത്തുന്ന അമാനുഷസിദ്ധിയുള്ള പ്രവാചകനായി പാശ്ചാത്യ സമൂഹങ്ങളില്‍ ഗോര്‍ബച്ചേവ് കൊട്ടിഘോഷിക്കപ്പെട്ടു. ഗ്ളാസ്നോസ്ത് എന്ന അഭിധാനത്തില്‍ തുറന്ന സമീപനവും പെരിസ്ത്രോയിക്ക എന്ന പുനര്‍നിര്‍മാണവും രാഷ്ട്രഗാത്രത്തില്‍ സന്നിവേശിപ്പിച്ച് സോവിയറ്റ് യൂണിയന് പുതുവീര്യവും നവോന്മേഷവും മത്സരക്ഷമതയും നല്‍കുകയായിരുന്നു ഗോര്‍ബച്ചേവിന്റെ 'പ്രഖ്യാപിത' ലക്ഷ്യങ്ങള്‍. എന്നാല്‍, ഉദ്ദേശലക്ഷ്യങ്ങള്‍ വാചാടോപത്തില്‍ ഒതുങ്ങുകയും പ്രയോഗതലത്തില്‍ നപുംസകത്വവും നിഷ്ക്രിയത്വവും ശേഷിരാഹിത്യവും പടര്‍ന്നു പിടിക്കുകയും ചെയ്തു. പാശ്ചാത്യഭരണകൂടങ്ങളുടെയും മുതലാളിത്തമാധ്യമങ്ങളുടെയും അഭംഗുര സ്തുതിപ്രവാഹത്തില്‍ അക്കാലത്ത് ഗോര്‍ബച്ചേവ് മതിമറന്നു.

സൈനികമായി സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തുക അസാധ്യമാണെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്ന പാശ്ചാത്യമുതലാളിത്ത ചേരിക്ക് നിനച്ചിരിക്കാതെ വന്നുചേര്‍ന്ന നാറാണത്തുഭ്രാന്തനായിരുന്നു ഗോര്‍ബച്ചേവ്. പാശ്ചാത്യശക്തികള്‍ ഇച്ഛിച്ചതുപോലെ സോവിയറ്റ് യൂണിയനെ അര വ്യാഴവട്ടം കൊണ്ട് പതിനഞ്ച് ഖണ്ഡമാക്കി മുതലാളിത്തത്തിന്റെ കമ്പോളക്കിന്നാരങ്ങളുടെ പിച്ചപ്പാത്രത്തില്‍ "ഗോര്‍ബി'' വച്ചുകൊടുത്തു. സോവിയറ്റ് യൂണിയനെ ഒരുമിച്ചുനിര്‍ത്താന്‍ കഴിയുമായിരുന്നിട്ടും, സോഷ്യലിസ്റ്റ് വ്യവസ്ഥയെ വിവേകപൂര്‍ണമായ നവീകരണത്തിലൂടെയും ജാഗരൂകമായ തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെയും നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നിട്ടും, അതിനൊന്നും ശ്രമിക്കാതെ, പാശ്ചാത്യരുടെ താളത്തിനൊത്ത് തുള്ളി ആ മഹാരാഷ്ട്രത്തെ ഛിന്നഭിന്നമാക്കി, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തോടെ അരങ്ങൊഴിഞ്ഞ്, ഒടുവില്‍ പാശ്ചാത്യസര്‍വകലാശാലകളിലെ കൂലി പ്രാസംഗികനായി ചുരുങ്ങി അപ്രസക്തനാകുകയായിരുന്നു ഗോര്‍ബച്ചേവ്.

സോവിയറ്റ് യൂണിയനിലെ മാര്‍ക്സിസ്റ്റ് പ്രയോഗത്തിന് പാളിച്ചകള്‍ ഉണ്ടായിരുന്നില്ല എന്ന് ഇതിനര്‍ഥമില്ല. മാര്‍ക്സിസം -ലെനിനിസത്തിന്റെ വികൃതപ്രയോഗങ്ങള്‍ സോവിയറ്റ് ചരിത്രത്തില്‍ ധാരാളമുണ്ട്. മാര്‍ക്സിസം - ലെനിനിസത്തെ അതിന്റെ വിശുദ്ധിയില്‍ വീണ്ടെടുക്കാനാണ് ഗ്ളാസ്നോസ്തും, പെരിസ്ത്രോയിക്കയുമെന്നാണ് 1985ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഗോര്‍ബച്ചേവ് പറഞ്ഞത്. പക്ഷേ, എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതുപോലെ 1991ല്‍ സോവിയറ്റ് യൂണിയനെ വെട്ടിമുറിക്കാന്‍ ബോറിസ് യെട്സിന്‍ നേതൃത്വം നല്‍കിയ കൊള്ളസംഘത്തിന് വിട്ടുകൊടുക്കുകയായിരുന്നു ഗോര്‍ബച്ചേവ്. എന്നിട്ടെന്ത് സംഭവിച്ചു? 1980കളുടെ ഒടുവില്‍ സോവിയറ്റ് യൂണിയനെ മികച്ച ആസൂത്രണ മികവോടെ ശിഥിലമാക്കിക്കൊണ്ടിരുന്നപ്പോഴും, ആ രാഷ്ട്രത്തിന്റെ നിഷ്ക്രമണത്തിനു ശേഷവും പൂര്‍വസോവിയറ്റ് സമൂഹത്തില്‍ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയായി മാറാനായിരുന്നു ഗോര്‍ബച്ചേവിന്റെ സ്വാഭാവികവിധി. 1991ല്‍ 'നിസവിസിമയ ഗസ്യത്ത' എന്ന റഷ്യന്‍ പത്രം ഗോര്‍ബച്ചേവിന്റെ ജനപിന്തുണ അറിയാന്‍ ഒരു അഭിപ്രായസര്‍വെ നടത്തിയിരുന്നു. വെറും ഒരു ശതമാനം ജനങ്ങള്‍മാത്രമാണ് അന്ന് അദ്ദേഹത്തെ പിന്തുണച്ചത്. അക്കാലത്ത് റഷ്യയില്‍ പഠിച്ചിരുന്ന ഈ ലേഖകന് റഷ്യക്കാര്‍ ഗോര്‍ബച്ചേവിനെ വെറുക്കുക മാത്രമല്ല, ഒരു പരിഹാസ കഥാപാത്രമായാണ് കണ്ടിരുന്നതെന്നും നിരവധി അനുഭവങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സൈബീരിയയിലെ ഒരു ഉള്‍നാടന്‍ പട്ടണത്തില്‍ പോയപ്പോള്‍ ചീഞ്ഞ തക്കാളികൊണ്ട് അദ്ദേഹത്തെ ജനങ്ങള്‍ എറിഞ്ഞത് അക്കാലത്ത് വാര്‍ത്തയായിരുന്നു.

മുതലാളിത്ത രാജ്യങ്ങളില്‍ വിശുദ്ധവിഗ്രഹമായി ആരാധിക്കപ്പെട്ടപ്പോഴും റഷ്യയില്‍ ഗോര്‍ബച്ചേവ് ജനങ്ങള്‍ക്ക് അനഭിമതനായിരുന്നു. കാരണം ഗോര്‍ബച്ചേവ് യുഗത്തില്‍ റഷ്യക്കാര്‍ക്ക് വാഗ്ദാനംചെയ്യപ്പെട്ടത് 'അമേരിക്കന്‍സ്വര്‍ഗ'മാണ്. അമേരിക്കയെപ്പോലെ, പടിഞ്ഞാറന്‍ യൂറോപ്പിനെപ്പോലെ 'സമ്പല്‍സമൃദ്ധ'മായ സോവിയറ്റ് യൂണിയന്‍ എന്ന വാഗ്ദാനം. അമേരിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും സമൂഹങ്ങള്‍ സമൃദ്ധിയുടെ കാര്യത്തില്‍ ഐകരൂപ്യമുള്ളവയാണെന്ന മൂഢധാരണ അക്കാലത്ത് റഷ്യക്കാരുടെ മനസ്സില്‍ വേരൂന്നിയിരുന്നു. അതുകൊണ്ടുതന്നെ സോവിയറ്റ് യൂണിയനില്‍നിന്ന് സോഷ്യലിസം പോയി മുതലാളിത്തം വന്നാല്‍ ഒരു സുഖസമൃദ്ധ, പ്രശ്നരഹിത ലോകത്തേക്ക് പ്രവേശിക്കാമെന്ന് അവര്‍ കരുതി. പക്ഷേ, സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ റഷ്യക്കാര്‍ പ്രവേശിച്ചത് പ്രശ്നകലുഷവും ദുഃഖനിര്‍ഭരവും ദാരിദ്ര്യപൂര്‍ണവുമായ ഒരു ലോകത്തേക്കാണ്. ഉള്ള സുഖങ്ങളും സൌകര്യങ്ങളും ആനുകൂല്യങ്ങളും നൊടിയിടയില്‍ അപ്രത്യക്ഷമായി.

സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്ത് എല്ലാവര്‍ക്കും തൊഴില്‍ ഉണ്ടായിരുന്നു. ചികിത്സ സൌജന്യമായിരുന്നു. പാര്‍പ്പിടം സൌജന്യം മാത്രമല്ല, മൌലികാവകാശം കൂടിയായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ തുച്ഛവിലയ്ക്ക് കിട്ടിയിരുന്നു. മൂന്ന് റൂബിളിന് മുപ്പത് കോഴിമുട്ടയും ഒരു റൂബിളിന് ഒരു കോഴിയും 1989ല്‍ പോലും സോവിയറ്റ് യൂണിയനില്‍ ലഭ്യമായിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ഒരുമാസം കഴിഞ്ഞപ്പോള്‍ ഒരു കോഴിമുട്ടയ്ക്ക് 30 റൂബിളും ഒരു കോഴിക്ക് 1000 റൂബിളുമായി വില ഉയര്‍ന്നു. കോഴി പുതുപ്പണക്കാരുടെ ഭക്ഷണമായി. അക്കാലത്ത് ഞങ്ങളുടെ ഹോസ്റ്റലുകളില്‍ മാംസാഹാരം അപൂര്‍വമായേ ഉണ്ടാകുമായിരുന്നുള്ളു. കാബേജ് കഞ്ഞിയും ഗോതമ്പ് ബ്രഡും മാത്രം കഴിച്ചായിരുന്നു 1990കളുടെ ആദ്യപാദത്തില്‍ ഞങ്ങള്‍ കഴിച്ചു കൂട്ടിയിരുന്നത്. എന്നാല്‍, ഞങ്ങളുടെ സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞത് 1986-89 കാലഘട്ടത്തില്‍പോലും ഹോസ്റ്റല്‍ കാന്റീനുകളില്‍ ചിക്കനും ബീഫും മട്ടനുമൊക്കെ യഥേഷ്ടം ലഭ്യമായിരുന്നു എന്നാണ്. കോഴിയിറച്ചി കഴിച്ച കാലം മറന്നു എന്ന് ഞങ്ങള്‍ പഠിച്ചിരുന്ന മെഡിക്കല്‍ കോളേജിലെ അധ്യാപികമാര്‍ നെടുവീര്‍പ്പിട്ട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലത്ത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മിക്ക റഷ്യന്‍ കുടുംബങ്ങളും സുഖവാസ യാത്രകള്‍ നടത്തുമായിരുന്നു. തകര്‍ന്നു കഴിഞ്ഞ സോവിയറ്റ് യൂണിയനില്‍ സുഖവാസം പോയിട്ട് സ്വൈരവാസംപോലും പൌരന്മാര്‍ക്ക് സാധ്യമല്ലാതായി. മാഫിയകള്‍ കൂണുപോലെ റഷ്യയുടെ നാനാദിക്കിലും തഴച്ചുവളര്‍ന്നു. മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ക്കുപോലും ഒരു മാസത്തെ ശമ്പളംകൊണ്ട് മൂന്ന് ദിവസം കഴിഞ്ഞുകൂടാന്‍ പറ്റാതായി. മോസ്കോ സര്‍വകലാശാലയിലെ ചില പ്രൊഫസര്‍മാരുടെ പെണ്‍മക്കള്‍പോലും ആഡംബരത്വര മൂത്ത് ശരീരം വില്‍ക്കാന്‍ തെരുവിലിറങ്ങി. ഒരു സൂക്ഷ്മ ന്യൂനപക്ഷമാകട്ടെ മുതലാളിത്തത്തിന്റെ വന്യരഥ്യകളില്‍ സഞ്ചരിച്ച് പൊടുന്നനെ കോടീശ്വരന്മാരായി. അതേസമയം ഏതു മൂന്നാം ലോകരാജ്യത്തെയും മധ്യവര്‍ഗ കുടുംബങ്ങളേക്കാള്‍ നന്നായി ജീവിച്ചിരുന്ന സോവിയറ്റ് പൌരന്മാര്‍ സോഷ്യലിസം തിരോഭവിച്ചതോടെ ബ്രഡും പച്ചവെള്ളവും ഗുണമേന്മയില്ലാത്ത ചീസുംമാത്രം കഴിച്ച് ജീവിക്കേണ്ട ഗതികേടിലായി.

ചുരുക്കിപ്പറഞ്ഞാല്‍, ഗോര്‍ബച്ചേവ് സോവിയറ്റ് പൌരന്മാര്‍ക്ക് ഒരു അയഥാര്‍ഥ സ്വര്‍ഗം വാഗ്ദാനംചെയ്തു. അവര്‍ക്ക് കിട്ടിയത് യഥാര്‍ഥ നരകമായിരുന്നു. അപ്പോഴാണ് സോഷ്യലിസ്റ്റ് ഭൂതകാലം സ്വര്‍ഗസമാനമായിരുന്നു എന്നവര്‍ക്ക് ബോധ്യപ്പെട്ടത്. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.

ഇത്രയുമെഴുതിയത് സ്റ്റാലിനെപ്പറ്റി റഷ്യയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്ന 'ഞെട്ടിക്കുന്ന' വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സ്റ്റാലിന്‍ റഷ്യക്കാര്‍ക്കിടയില്‍ അടിക്കടി പ്രിയങ്കരനായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യകണ്ട ഏറ്റവും മഹാനായ ചരിത്രപുരുഷന്‍ ആര് എന്നറിയാന്‍ 1989ല്‍ ഒരു അഭിപ്രായസര്‍വെ സംഘടിപ്പിച്ചിരുന്നു. അന്ന് സ്റ്റാലിന്റെ സ്ഥാനം പത്താമതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേവിഷയത്തില്‍ ആറ് മാസം നീണ്ടുനിന്ന ഒരു അഭിപ്രായ സര്‍വെ റഷ്യയില്‍ നടന്നു. അതില്‍ സ്റ്റാലിന്‍ മൂന്നാമതായാണ് എത്തിയത്. ഈ അഭിപ്രായസര്‍വെ നടക്കുമ്പോള്‍ പലഘട്ടങ്ങളിലും സ്റ്റാലിന്‍ ഒന്നാമതെത്തിയിരുന്നു. അപ്പോഴൊക്കെ സംഘാടകര്‍ സ്റ്റാലിനൊഴികെ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യൂ എന്ന് റഷ്യക്കാരോട് കെഞ്ചുകയായിരുന്നുവത്രെ. സംഘാടകരുടെ ഈ പക്ഷപാതപരമായ ഇടപെടല്‍ നടന്നിരുന്നില്ലെങ്കില്‍ സ്റ്റാലിന്‍ നിഷ്പ്രയാസം ഒന്നാമതെത്തുമായിരുന്നു. (ഹിന്ദു, നവംബര്‍ 12, 2009)

സ്റ്റാലിന്റെ ഈ രണ്ടാംവരവ് സോവിയറ്റ് ഭൂതകാലം ഇന്നത്തെ മുതലാളിത്ത റഷ്യയേക്കാള്‍ എത്രയോ മെച്ചപ്പെട്ടതായിരുന്നു എന്ന് റഷ്യന്‍ സമൂഹം ചിന്തിക്കുന്നതിന്റെ നിദര്‍ശനമാണ്. പ്രശ്നങ്ങളും പരിമിതികളും പലതുണ്ടായിരുന്നുവെങ്കിലും സോവിയറ്റ് യൂണിയനിലെ ജീവിതം സോവിയറ്റനന്തര റഷ്യയിലെ അരക്ഷിത ദരിദ്രജീവിതത്തേക്കാള്‍ എത്രയോ ഭേദമായിരുന്നു എന്നതിന്റെ ഗൃഹാതുരമായ സാക്ഷ്യപത്രം കൂടിയാണ്. സ്റ്റാലിനെയും കമ്യൂണിസത്തെയും സോവിയറ്റ് യൂണിയനെയും മരണംവരെ വൈരനിര്യാതന ബുദ്ധിയോടെ വീക്ഷിച്ചിരുന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഒരിക്കല്‍ സ്റ്റാലിനെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ്.

"സ്റ്റാലിന്‍ മരംകൊണ്ട് ഉണ്ടാക്കിയ കലപ്പയുമായാണ് റഷ്യയിലേക്ക് വന്നത്. എന്നാല്‍, റഷ്യയെ ഒരു അണുവായുധശക്തിയാക്കിയാണ് അദ്ദേഹം പോയത്.''

1956ല്‍ നടന്ന സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 20-ാം കോണ്‍ഗ്രസോടെ സ്റ്റാലിന്റെ നിഷേധവശങ്ങള്‍ പര്‍വതീകരിക്കപ്പെടുകയും ഗുണവശങ്ങള്‍ തമസ്കരിക്കപ്പെടുകയുംചെയ്തു. സോവിയറ്റ് യൂണിയന്റെ നിഷ്ക്രമണത്തോടെ സ്റ്റാലിന്റെ ഗുണവശങ്ങളെക്കുറിച്ച് റഷ്യക്കാര്‍ വാചാലരാകാന്‍ തുടങ്ങി എന്നത് സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം സൂക്ഷ്മമായ അപഗ്രഥനത്തിന് വിഷയീഭവിക്കേണ്ട കാര്യമാണ്.

*
എ എം ഷിനാസ് (കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജ് അധ്യാപകനാണ് ലേഖകന്‍‍)
കടപ്പാട്: ദേശാഭിമാനി, വര്‍ക്കേഴ്സ് ഫോറം

26 November, 2009

സ്‌ത്രീ - സാംസ്‌ക്കാരിക പഠനത്തില്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടത്

സ്‌ത്രീരചനയും വിമോചനവും

എഴുത്ത് ഒരു സാംസ്കാരികപ്രയോഗവും സര്‍ഗാത്മക അന്വേഷണവുമാണ്. ചൂഷണാധിഷ്ഠിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നതിനാല്‍, ചൂഷകവര്‍ഗത്തിന്റെ പ്രത്യയശാസ്‌ത്രം സര്‍വ മേഖലയിലും വ്യാപിച്ചുകിടക്കുന്നു. ചൂഷകവര്‍ഗപ്രത്യയശാസ്‌ത്രത്തിന്റെ ഈ വ്യാപനം ആണ് സ്‌ത്രീകളെ അടിമത്തത്തില്‍ തളച്ചിടുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്. സ്‌ത്രീകളെ അപമാനവീകരിക്കുന്നതില്‍ എല്ലാ ചൂഷകവര്‍ഗപ്രത്യയശാസ്‌ത്രങ്ങളും ഒറ്റക്കെട്ടാണ്. ഈ ചൂഷകവര്‍ഗപ്രത്യയശാസ്‌ത്രങ്ങള്‍ക്കകത്താണ്, പൊതു സമൂഹത്തിന്റെ മൂല്യബോധം, സൌന്ദര്യബോധം, ഭാഷ, ആചാരാനുഷ്ഠാനങ്ങള്‍, ജീവിതദര്‍ശനം, ലൈംഗികസങ്കല്‍പ്പങ്ങള്‍, കുടുംബബന്ധങ്ങള്‍ എന്നിവ നിലനില്‍ക്കുന്നത്. പ്രത്യയശാസ്‌ത്രത്തിന്റെ ഈ വിവിധ രൂപങ്ങളെ പ്രശ്‌നവല്‍ക്കരിക്കാതെ സ്‌ത്രീ പ്രസ്ഥാനത്തിനു മുന്നോട്ടു പോവാന്‍ കഴിയില്ല.

എന്താണ് മൂല്യബോധം?

'നന്മ-തിന്മ'കളെക്കുറിച്ചും ശരി-തെറ്റുകളെക്കുറിച്ചും സാമാന്യബോധമായി നില്‍ക്കുന്ന ആശയങ്ങളെയാണ് പൊതുവില്‍ മൂല്യബോധം എന്നു പറയുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു നിര്‍ദിഷ്‌ട സമൂഹത്തിലെ വര്‍ഗതാല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന പ്രത്യയശാസ്‌ത്ര ഉപകരണത്തിന്റെ ഭാഗമാണ് മൂല്യബോധം. ഈ മൂല്യബോധമാണ് സ്‌ത്രീസമൂഹത്തെ നൂറ്റാണ്ടുകളോളം ചവിട്ടിമെതിച്ചത്. ഈ മൂല്യബോധമാണ് സതി സമ്പ്രദായത്തിന് പൊതു സമൂഹസമ്മതി നേടിക്കൊടുത്തത്. ദേവദാസി സമ്പ്രദായവും ഭ്രഷ്‌ടും നരഹത്യയും സ്‌ത്രീസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചത്. വിധവ, കന്യക, പതിവ്രത തുടങ്ങിയ സവിശേഷ നാമങ്ങളിലൂടെ പുരുഷാധിഷ്ഠിത ഫ്യൂഡല്‍ അധികാരം അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. സ്‌ത്രീയെ ഭോഗവസ്‌തുവായി കാണുന്ന ഒരു ഫ്യൂഡല്‍ വ്യവസ്ഥയാണ് മേല്‍പ്പറഞ്ഞ മൂല്യസങ്കല്‍പ്പങ്ങള്‍ ഇവിടെ അടിച്ചേല്‍പ്പിച്ചത്.

ലിംഗപരമായ വിവേചനത്തെ സാധൂകരിക്കുന്നതാണ് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യസങ്കല്‍പ്പങ്ങള്‍. മതാത്മകപരിവേഷമുള്ളവയാണ് ഇവയില്‍ മിക്കതും. എല്ലാ സംഘടിതമതങ്ങളും പൌരോഹിത്യവും സ്‌ത്രീകള്‍ക്കുനേരെയുള്ള വിവേചനങ്ങളെ ന്യായീകരിച്ചതിന്റെ ചരിത്രാനുഭവം നമുക്കു മുന്നിലുണ്ട്. സ്‌ത്രീധനംപോലുള്ള പ്രാകൃതമായ ആചാരങ്ങളെ നിലനിര്‍ത്തുന്ന മൂല്യബോധമാണ് നമ്മുടെ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നത്. സതി, ശീലാവതി തുടങ്ങിയ ആദര്‍ശകഥാപാത്രങ്ങളെല്ലാം പുരുഷാധിഷ്ഠിത സവര്‍ണവ്യവസ്ഥയുടെ ഇരകളായിരുന്നു. അത്തരം കഥാപാത്രങ്ങളെ ആദര്‍ശകഥാപാത്രങ്ങളായി സ്വീകരിച്ച വിവേകാനന്ദനും മറ്റും പുരുഷാധിഷ്ഠിത-സവര്‍ണ അധികാരത്തെ പിന്തുണക്കുകയായിരുന്നു. ജീവിതവും സ്വത്വവും നിഷേധിക്കപ്പെട്ട സ്‌ത്രീകളുടെ നിരവധി ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലും മറ്റുമുണ്ട്. മനുസ്‌മൃതിയും സംഹിതകളും മറ്റു ഗ്രന്ഥങ്ങളും സ്‌ത്രീയെ ഗാര്‍ഹികവും സാമൂഹികവുമായ അടിമത്തത്തില്‍ തളച്ചിടുന്നതിനുവേണ്ടി രൂപംകൊണ്ടവയാണ്. ഈ കാലഹരണപ്പെട്ട സ്‌ത്രീ വിരുദ്ധാശയങ്ങളെ ആധുനിക കാലഘട്ടത്തില്‍ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്.

സാഹിത്യം, സിനിമ, സാംസ്കാരം, വിദ്യാഭ്യാസം എന്നിവയിലൂടെ ഈ സ്‌ത്രീവിരുദ്ധാശയങ്ങള്‍ ഇന്ന് പ്രക്ഷേപിക്കപ്പെടുകയാണ്. സാങ്കേതികമായി നമ്മുടെ സമൂഹം വികാസം പ്രാപിച്ചെങ്കിലും ആന്തരികതലത്തില്‍ ഇന്നും സ്‌ത്രീവിരുദ്ധമായ ആശയങ്ങളാണ് നിലകൊള്ളുന്നത്. സ്‌ത്രീകള്‍ക്കെതിരായി ഹിന്ദുത്വവാദികള്‍ നടത്തുന്ന ശാരീരികാക്രമണങ്ങളെ ന്യായീകരിക്കുന്ന ഒരു പൊതുമനസ്സ് ഇവിടെ രൂപംകൊള്ളുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സാംസ്കാരികരൂപങ്ങളില്‍ ചിതറിക്കിടക്കുന്ന അധിനിവേശ മൂല്യസങ്കല്‍പ്പങ്ങളെ പ്രശ്‌നവല്‍ക്കരിക്കാതെ സ്‌ത്രീപ്രസ്ഥാനങ്ങള്‍ക്കു മുന്നോട്ടു പോകാനാവില്ല. സ്‌ത്രീ സമൂഹത്തെ പൊതുവില്‍ നിന്ദിക്കുന്ന സംഭാഷണങ്ങള്‍ക്ക് സിനിമാതിയറ്ററില്‍ വലിയ സ്വീകാര്യതയാണ്. നമ്മുടെ പുരുഷതാരസങ്കല്‍പ്പങ്ങള്‍ ഇന്നു നിലകൊള്ളുന്നത് ഈ സ്‌ത്രീവിരുദ്ധാശയങ്ങളുടെ പിന്‍ബലത്തിലാണ്.

സൌന്ദര്യസങ്കല്‍പ്പം

ഒരു സമൂഹത്തിന്റെ പ്രത്യയശാസ്‌ത്രബോധത്തിനകത്തുതന്നെയാണ് അതിന്റെ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ രൂപം കൊള്ളുന്നത്. സ്‌ത്രീയെ ഭോഗവസ്‌തുവാക്കി അധഃപതിപ്പിക്കുന്ന സൌന്ദര്യസങ്കല്‍പ്പമാണ് നമ്മുടെ പൊതുസമൂഹവും അതിന്റെ വിവിധ സാംസ്‌ക്കാരികരൂപങ്ങളും പേറുന്നത്. ഇതിഹാസങ്ങളും പുരാണങ്ങളും അതിന്റെ കൃത്യമായ ഉദാഹരണങ്ങളാണ്. ഹിന്ദുത്വത്തിന്റെ ദൈവികസങ്കല്‍പ്പങ്ങള്‍പോലും ഇത്തരത്തിലുള്ള ഭോഗാത്മകലൈംഗികതയുടെ ഉദാഹരണങ്ങളാണ്. സ്‌ത്രീകളെ സംബന്ധിക്കുന്ന മൂല്യസങ്കല്‍പ്പങ്ങളും സൌന്ദര്യമാനദണ്ഡങ്ങളും ഒരിക്കലും സ്‌ത്രീസമൂഹം രൂപപ്പെടുത്തിയതല്ല എന്നതാണ് പ്രധാനം. പുരുഷാധികാരത്തിന്റെ ഭാഗമായി അടിച്ചേല്‍പ്പിക്കപ്പെട്ടതാണിത്. ലിംഗവിവേചനമാണതിന്റെ ആസ്‌പദം; സ്വകാര്യ സ്വത്തുടമാ ബന്ധമാണതിന്റെ അടിത്തറ. സ്‌ത്രീകള്‍ക്ക് അവരുടെ സര്‍ഗാത്മകത, സ്വാതന്ത്ര്യം എന്നിവ നിഷേധിക്കലാണതിന്റെ ഫലം. അതുപോലെ തന്നെയാണ് സൌന്ദര്യസങ്കല്‍പ്പങ്ങളും സ്‌ത്രീ സൌന്ദര്യത്തിന്റെ പൊതുമാനങ്ങളെ നിര്‍വചിക്കുന്ന കാവ്യങ്ങളും മറ്റും, നാടുവാഴിത്തത്തിന്റെ ഭോഗാത്മകതയെ ആവിഷ്ക്കരിക്കുകയായിരുന്നു.

താത്രിക്കുട്ടിയെപ്പോലുള്ള സ്‌ത്രീകള്‍ നമ്മുടെ പൊതുസൌന്ദര്യബോധത്തിന്റെ ഇരകളായിരുന്നു. സ്‌ത്രീ ആസ്വദിക്കപ്പെടാനുള്ള വിശിഷ്‌ടഭോജ്യങ്ങളാണെന്നുള്ളതാണ് നമ്മുടെ പരമ്പരാഗത സൌന്ദര്യസങ്കല്‍പനം. ഈ സൌന്ദര്യബോധമാണ് ശരീരവെളുപ്പിനെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ട്, ദലിത് സ്‌ത്രീ സമൂഹത്തെ തരംതാഴ്ത്തിയത്. ആഗോളീകരണകാലഘട്ടത്തില്‍ ശരീരവെളുപ്പും സൌന്ദര്യവും പുതിയ മാനങ്ങള്‍ തേടുന്നു. സ്‌ത്രീശരീരത്തെ സ്വയം ഉല്‍പ്പന്നമാക്കുക, മുതലാളിത്തച്ചരക്കുകള്‍ വിറ്റഴിക്കപ്പെടാനുള്ള പ്രചോദനവും ആവേശവുമാക്കി അതിനെ മാറ്റുക, അതിനുവേണ്ടുന്ന പരസ്യരൂപമായി പെണ്ണുടലിനെ രൂപപ്പെടുത്തുക എന്നതാണ് മുതലാളിത്ത തന്ത്രം. സിനിമ, മോഡലിങ്, പരസ്യം, മാധ്യമം, സൌന്ദര്യമത്സരങ്ങള്‍ തുടങ്ങിയവയിലൂടെയാണ് മുതലാളിത്തം സ്‌ത്രീശരീരത്തെ ചരക്കുവല്‍ക്കരിക്കുന്നത്.

ഇതിന്റെ വിവിധ മാതൃകകള്‍ തന്നെയാണ് നമ്മുടെ സിനിമകളും സാഹിത്യരൂപങ്ങളും. സ്‌ത്രീശരീരത്തിനുമേലുള്ള പുരുഷാധികാരത്തെ ആസ്വദിക്കുന്ന രീതിയിലാണ് നമ്മുടെ പ്രധാന സാഹിത്യകൃതികളും മറ്റും രൂപംകൊണ്ടിട്ടുള്ളത്. ഇത്തരത്തില്‍ നമ്മുടെ സാംസ്കാരികമേഖലയില്‍ രൂഢമൂലമായിട്ടുള്ള അധിനിവേശ സൌന്ദര്യസങ്കല്‍പ്പങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയും പൊളിച്ചെടുക്കുകയും പുത്തന്‍ സൌന്ദര്യസങ്കല്‍പ്പനങ്ങള്‍ നിര്‍മിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. സൌന്ദര്യബോധം എന്നു പറയുമ്പോള്‍ അത് സ്‌ത്രീയെ സംബന്ധിക്കുന്നതുമാത്രമല്ല. പുരുഷസങ്കല്‍പ്പം, ഭാഷ, ശില്‍പവൈഭവം തുടങ്ങിയവയെല്ലാം തന്നെ പുരുഷാധിഷ്ഠിത സൌന്ദര്യസങ്കല്‍പ്പത്തില്‍ കെട്ടിപ്പടുത്തതാണ്. ഇതിന്റെയെല്ലാം അടിത്തറ പുരുഷാധികാരം വിളംബരം ചെയ്യുന്ന ഫ്യൂഡല്‍ സൌന്ദര്യസങ്കല്‍പ്പമാണ്.

ഭാഷ

ആശയവിനിമയത്തിന്റെ മാധ്യമമാണ് ഭാഷ എന്നത് ഭാഷയെസംബന്ധിച്ച ഒരു നിര്‍വചനമാണ്. ഒരു വര്‍ഗാധിഷ്ഠിതസമൂഹത്തില്‍ ഭാഷ നിര്‍വഹിക്കുന്ന ഉത്തരവാദിത്തങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഭരണകൂടത്തിന്റെ അധികാരശാസനങ്ങളെ ജനങ്ങളിലെത്തിക്കുകയെന്ന പ്രാഥമിക കടമയാണ് ഭാഷ ചരിത്രത്തില്‍ നിര്‍വഹിച്ചത്. ചരിത്രവികാസഘട്ടത്തോടെ അതിന്റെ ധര്‍മങ്ങള്‍ സങ്കീര്‍ണമായി. പൊതുബോധത്തില്‍ നിലനില്‍ക്കുന്ന സാമ്പ്രദായികധാരണകളെ സമൂഹത്തിന്റെ ബോധാബോധമനസ്സില്‍ ആഴത്തില്‍ പതിപ്പിക്കുകയെന്ന ധര്‍മമാണത് നിര്‍വഹിച്ചത്. സ്‌ത്രീ പുരുഷ വിവേചനത്തിന്റെയും വര്‍ഗവിഭജനത്തിന്റെയും മികച്ച ദൃഷ്‌ടാന്തമാണ് ഭാഷ. പ്രാചീന ഇന്ത്യയില്‍ സ്‌ത്രീകള്‍ക്ക് സംസ്‌കൃതം സംസാരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല.

ഇന്നും പല ഉത്തരേന്ത്യന്‍ ഭാഷകളുമെടുത്ത് പരിശോധിച്ചാല്‍ വ്യക്തമാവുന്ന ഒന്നുണ്ട്. സ്‌ത്രീകള്‍ക്ക് പ്രത്യേകം വ്യാകരണ നിയമങ്ങളുണ്ടതില്‍! നമ്മുടെ പൊതുവ്യവഹാരഭാഷ പരിശോധിച്ചാല്‍ അതിലെ സ്‌ത്രീവിരുദ്ധത ബോധ്യമാവും. നമ്മുടെ പുരാവൃത്തങ്ങള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ ഇത് സ്പഷ്‌ടമാക്കുന്നു.

'അബലമാരതി ചപലമാര്‍'

'പതിച്ചിയുടെ കുറ്റമോ കുട്ടി പെണ്ണായത് '

'എട്ടാമത്തെ പെണ്ണ് നടുക്കല്ല് പൊളിക്കും'

'നാരി നടിച്ചിടവും നാരകം നട്ടിടവും'
കൂവളം പട്ടിടവും നശിക്കും'

'പെണ്‍പെറ്റ വീടുപോലെ'

'പെണ്ണാവുന്നതില്‍ ഭേദം മണ്ണാവുന്നത്.'

'പെണ്‍ബുദ്ധി പിന്‍ബുദ്ധി'

'പെണ്‍ചൊല്ലു കേട്ടാല്‍ പെരുവഴിയില്‍'

'മകന്‍ ചത്താല്‍ ശവം മകള്‍ ചത്താല്‍ പിണം'

'പുത്തനച്ചി പുരപ്പുറം തൂക്കും'

തുടങ്ങിയവയിലെ സ്‌ത്രീ വിരുദ്ധത വളരെ സ്പഷ്‌ടമാണ്. സ്‌ത്രീയെ ആദര്‍ശവല്‍ക്കരിക്കുക, സ്‌ത്രീത്വത്തെ വിഗ്രഹവല്‍ക്കരിക്കുക എന്നീ കീഴ്വഴക്കങ്ങളോടൊപ്പം തന്നെ സ്‌ത്രീയെ വേശ്യയായും പുറാളിയായും അധഃപതിപ്പിക്കുക എന്നത് വര്‍ഗവ്യവസ്ഥയുടെ രീതിയാണ്. ഇത്തരം സ്‌ത്രീവിരുദ്ധത നമ്മുടെ സാഹിത്യഭാഷയിലും വ്യവഹാരഭാഷയിലും വ്യാപകമാണ്. പുരുഷാധിഷ്ഠിത വര്‍ഗവ്യവസ്ഥയുടെ രുചിയും അഭിരുചിയും ചിഹ്നങ്ങളും രൂപകങ്ങളും വഴക്കങ്ങളും അബോധങ്ങളും പ്രത്യയശാസ്‌ത്രങ്ങളും ചേര്‍ന്നതാണ് നമ്മുടെ പൊതുഭാഷ. ഇത്തരത്തില്‍ നമ്മുടെ സാംസ്‌ക്കാരികതയിലും ഭാഷയിലും ലീനമായ സ്‌ത്രീവിരുദ്ധതയെ പ്രശ്‌നവല്‍ക്കരിക്കേണ്ടത് സ്‌ത്രീപ്രസ്ഥാനങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ്.

ആചാരാനുഷ്ഠാനങ്ങള്‍

നഗ്നമായ സ്‌ത്രീവിരുദ്ധതയാണ് നമ്മുടെ പൊതു സമൂഹത്തില്‍ വ്യാപനം ചെയ്യപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ പ്രകടമാവുന്നത്. ഇത്തരം ഹീനമായ ആചാരാനുഷ്ഠാനങ്ങളെ എതിര്‍ത്തുകൊണ്ടാണ് നമ്മുടെ നവോത്ഥാന-ദേശീയ-പുരോഗമനപ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. സവര്‍ണഹിന്ദുത്വത്തിന്റെ അധീശത്വം അടിച്ചേല്‍പ്പിക്കപ്പെടുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ പ്രബലമാണ്. കീഴാളത്വ-ജനകീയ ആചാരങ്ങളുടെയും മറ്റു മര്‍ദിതവര്‍ഗ സംസ്‌ക്കാരങ്ങളുടെയും മേല്‍ സവര്‍ണമേധാവിത്വം അരക്കിട്ടുറപ്പിക്കയാണിന്ന്. ഈ പുറാളിവിഭാഗത്തെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ശ്രമവും നടക്കുന്നു. ജനനം, മരണം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയെല്ലാം മതാധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളുടെ കൂട്ടിലൊതുക്കുന്നു. ശാസ്‌ത്രീയവും മതനിരപേക്ഷപവും ജനാധിപത്യപരവുമായ ആശയങ്ങളെ തകിടംമറിക്കുകയാണിതിന്റെ ലക്ഷ്യം.

സ്‌ത്രീധനസമ്പ്രദായംപോലുള്ള ഹീനമായ ആചാരങ്ങളെ നമ്മുടെ നവോത്ഥാനനായകര്‍ ശക്തമായ രീതിയില്‍ എതിര്‍ത്തിരുന്നു. എന്നാലിന്ന് ഈ സമ്പ്രദായത്തിന് പൊതുസമ്മതി ലഭിച്ചിരിക്കയാണ്. വിവാഹത്തെ ആഘോഷമാക്കി മാറ്റുന്നു. മതനിരപേക്ഷവും ജനാധിപത്യപരവുമായ ഒരു വിവാഹസങ്കല്‍പ്പം ഇനിയും നാം വളര്‍ത്തിക്കൊണ്ടുവന്നിട്ടില്ല. ഇത്തരം ആചാരങ്ങളുടെ ഫലമായി പെണ്‍കുട്ടികള്‍ കുടുംബത്തിന് ഭാരമായി മാറുന്നു; കുടുംബം ഭീകരമായ സാമ്പത്തിക ഞെരുക്കങ്ങളില്‍ പെടുന്നു. ആത്മഹത്യകളും, കൊലപാതകങ്ങളും നിതാന്തമായ മാനസിക-ശാരീരികപീഡകളും ലൈംഗികമര്‍ദനങ്ങളും തുടരുന്നു. സ്വത്തവകാശത്തില്‍ സ്‌ത്രീകള്‍ക്ക് തുല്യത, വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനും ബന്ധം വിഛേദിക്കാനുമുള്ള തുല്യാവകാശം, കുട്ടികളെ വളര്‍ത്തുന്നതിലുള്ള തുല്യപങ്കാളിത്തം തുടങ്ങിയവ നടപ്പാക്കണം. രാഷ്‌ട്രീയവും സാംസ്കാരികവുമായ എല്ലാ മേഖലകളിലും സ്‌ത്രീകള്‍ക്ക് തുല്യപങ്കാളിത്തവും സ്വാതന്ത്ര്യവും വികസിപ്പിക്കണം. മനുഷ്യാവകാശപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്കുവേണ്ട പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്.

ജീവിതദര്‍ശനം

ഫ്യൂഡല്‍-മുതലാളിത്ത സമൂഹത്തിന്റെ അധിനിവേശപ്രത്യയശാസ്‌ത്രമാണിന്ന് സ്‌ത്രീ ബോധത്തിലേക്ക് പ്രക്ഷേപിക്കപ്പെടുന്നത്. സ്‌ത്രീയെ ആവിഷ്‌ക്കരിക്കുന്നതും വിലയിരുത്തുന്നതും നിര്‍വചിക്കുന്നതും സ്‌ത്രീയില്‍ വളര്‍ന്നുവരുന്നതും ഇത്തരം അപമാനവികരിക്കപ്പെട്ട ബോധമാണ്. പുരുഷന്റെ ഉപഗ്രഹമാവാനും പുരുഷവികാരങ്ങള്‍ സഫലമാക്കാനും പുരുഷജീവിതം പൂര്‍ണമാക്കാനുമുള്ളതാണ് സ്‌ത്രീജന്മമെന്ന ബോധത്തിന്റെ വിവിധ രൂപങ്ങള്‍ വിന്യസിക്കപ്പെടുന്നു. സിനിമ, സീരിയല്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി എല്ലാ സാംസ്‌ക്കാരിക തുറസ്സുകളിലും ഇതിന്റെ വിന്യാസം കാണാം.

വിവാഹം കഴിക്കുക, മാതാവാവുക എന്നിവയാണ് സ്‌ത്രീയുടെ ഏറ്റവും അടിസ്ഥാനലക്ഷ്യങ്ങളെന്നും അവളുടെ സ്ഥാനം അടുക്കളയിലും കിടപ്പറയിലുമാണെന്നുമുള്ള ധാരണ ശക്തിപ്പെടുന്നു. സാമൂഹികവും സര്‍ഗാത്മകവുമായ അസ്തിത്വത്തെ നിഷേധിക്കുന്ന പ്രവണതയാണിത്. വളര്‍ന്നുവരുന്ന മൂലധനാധിഷ്ഠിതവും ഉപഭോഗാധിഷ്ഠിതവുമായ സംസ്‌ക്കാരങ്ങള്‍ക്കനുസരിച്ചാണിന്ന് പെണ്‍കുട്ടികള്‍ വളര്‍ത്തപ്പെടുന്നത്. സാമൂഹികവും മാനസികവുമായ പ്രസ്ഥാനങ്ങളില്‍നിന്നുമകന്ന ധനാധിഷ്ഠിതവും കുടുംബമാത്രാധിഷ്ഠിതവുമായ ഒരു ജീവിതദര്‍ശനമാണിന്ന് വളര്‍ന്നുവരുന്നത്. നമ്മുടെ വിദ്യാലയങ്ങള്‍, മാധ്യമം തുടങ്ങിയവയും ഇതിന്റെ പരിശീലനകേന്ദ്രങ്ങളാണ്. കമ്പോളസംസ്‌ക്കാരത്തിന്റെ ഇരകളാക്കപ്പെടുന്നതില്‍ പ്രധാനം സ്‌ത്രീകളാണ്. സ്‌ത്രീയുടെ അഭിരുചിയെ കമ്പോളത്തിനനുസൃതമായി രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുകയെന്നതാണ് മൂലധനതന്ത്രം.

സ്‌ത്രീശരീരം: ചരക്കും ചരക്കുവല്‍ക്കരണവും

ആഗോളീകരണകാലഘട്ടത്തില്‍ സ്‌ത്രീശരീരം സ്വയം ഒരു ചരക്കും യഥാര്‍ഥ ചരക്കുകള്‍ക്കുവേണ്ടിയുള്ള പരസ്യലോകത്തിലെ പ്രചോദനവും കമ്പോളത്തിന്റെ ഇരയുമാണ്.

ടൂറിസത്തിന്റെ വ്യാപനത്തോടെ സ്‌ത്രീശരീരം കൂടുതല്‍ ചരക്കുവല്‍ക്കരിക്കപ്പെടുന്നു. ഇന്ത്യന്‍ ടൂറിസത്തെപ്പറ്റി പ്രതിപാദിക്കുന്ന ഇന്റര്‍നാഷണല്‍ ബ്രോഷറുകളില്‍ കേരളത്തിലെ സ്‌ത്രീശരീരം വിന്യസിപ്പിക്കപ്പെടുന്നത് ഈ രീതിയിലാണ്. സെൿസ് ടൂറിസത്തിന്റെ വ്യാപനം ആശങ്കാജനകമാണ്. സ്‌ത്രീശരീരത്തെ കമ്പോളവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവ്യവസായം ഇന്നു തടിച്ചുകൊഴുക്കുന്നു. ഗര്‍ഭധാരണം, പ്രസവം ഇവയെയെല്ലാം ചരക്കുവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സ്‌ത്രീ ഒരു ശരീരം മാത്രമാണെന്ന ധാരണ വളര്‍ത്തുകയാണ് മുതലാളിത്തം ചെയ്യുന്നത്. ഇന്റര്‍നെറ്റിന്റെയും വിവരസാങ്കേതികവിദ്യയുടെയും മേഖലയിലുണ്ടായ വളര്‍ച്ച സാംസ്‌ക്കാരികതയുടെ ഒരു വികാസഘട്ടം തന്നെയാണ്. പക്ഷേ, ഈ മേഖല, സ്‌ത്രീ ഉടലിനെയും അവളുടെ അധ്വാനശക്തിയെയും ചൂഷണം ചെയ്യുന്ന മേഖലയായി മാറുന്നു. മുതലാളിത്തത്തിനനുകൂലമായി വാചാലരാവാനും പുരോഗമനപ്രസ്ഥാനങ്ങളെ നിരാകരിക്കാനും വേണ്ടി ആധുനിക മുതലാളിത്തമാധ്യമം പെണ്‍കുട്ടികളെ വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നു. സമൂഹത്തിന്റെ പൊതുബോധത്തെ ഉപയോഗപ്പെടുത്തിയാണ് ഇത് സംഭവിക്കുന്നത്.

ലൈംഗികസങ്കല്‍പ്പങ്ങള്‍ കുടുംബബന്ധങ്ങള്‍

മുതലാളിത്ത അണുകുടുംബവ്യവസ്ഥ, മുതലാളിത്തത്തിന്റെ മൂലധനതാല്‍പ്പര്യത്തിനു വഴങ്ങുന്ന ഒന്നാണ്. അതനുസരിച്ച് ചരക്കുകള്‍ കൂടുതല്‍ വിറ്റഴിക്കുന്നു. ഗൃഹനിര്‍മാണവസ്‌തുക്കള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ആഹാരം, സാങ്കേതികസൌകര്യങ്ങള്‍ എന്നിവ കൂടുതല്‍ വിപണനം ചെയ്യപ്പെടുന്നു. ഇന്‍ഷുറന്‍സ്, സേവിങ്സ്-ബാങ്കിങ് മേഖലകള്‍ വികസിക്കുന്നതും അണുകുടുംബവുമായി ബന്ധപ്പെട്ടാണ്. പഴയ കൂട്ടുകുടുംബവ്യവസ്ഥയുടെ തകര്‍ച്ച വ്യക്തികളില്‍ കൂടുതല്‍ അന്യവല്‍ക്കരണവും അരക്ഷിതാവസ്ഥയും വളര്‍ത്തിയെടുത്തിരിക്കുന്നു. ഇത് മൂലധനശക്തികള്‍ക്കും ഗുണകരമായി മാറുന്നു.

പഴയ കൂട്ടുകുടുംബവ്യവസ്ഥയെ ന്യായീകരിക്കാന്‍ ഇത് പ്രചോദനം നല്‍കുന്നത് ശരിയായിരിക്കില്ല. കാരണം പഴയ കൂട്ടുകുടുംബവ്യവസ്ഥയിന്‍ കീഴില്‍ സ്‌ത്രീകളുടെ അധ്വാനഭാരം ഇരട്ടിയായിരുന്നു. ഭര്‍ത്താവുള്‍പ്പെടെയുള്ള നിരവധി പുരുഷന്മാര്‍ക്കുവേണ്ടി അവള്‍ സേവനം ചെയ്യേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ഫ്യൂഡല്‍ കൂട്ടുകുടുംബം/മുതലാളിത്ത അണുകുടുംബം എന്ന ദ്വന്ദ്വത്തിനപ്പുറമുള്ള ഒരു ജനാധിപത്യകുടുംബസങ്കല്‍പ്പം ഉയര്‍ന്നു വരേണ്ടതുണ്ട്.

മുതലാളിത്ത കുടുംബം പുരുഷാധികാരത്തിലധിഷ്ഠിതമാണ്. പ്രണയബന്ധത്തില്‍പോലും ഈ അധികാരവ്യവസ്ഥയുടെ ഇടപെടല്‍ ശക്തമാണ്. സ്വതന്ത്രമായ വ്യക്തിത്വം സ്‌ത്രീക്കു നിഷേധിക്കുന്ന അന്തരീക്ഷമാണ് കുടുംബത്തില്‍ നിലനില്‍ക്കുന്നത്. മതവിശ്വാസം, ഫ്യൂഡല്‍-മുതലാളിത്തമൂല്യങ്ങള്‍ ഇവയെല്ലാം സ്‌ത്രീക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. കുട്ടിക്കാലത്തുതന്നെ സ്‌ത്രീയെന്ന നിലയിലുള്ള സാംസ്‌ക്കാരികവും പ്രത്യയശാസ്‌ത്രപരവുമായ നിര്‍മിതി നടക്കുന്നുണ്ട്. ഇതിനെതിരായ ഒരു ജനാധിപത്യ-സോഷ്യലിസ്‌റ്റ് സംസ്‌ക്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വിദ്യാലയങ്ങളില്‍ ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭ്യാസം നടപ്പാക്കേണ്ടതുണ്ട്. ആണ്‍-പെണ്‍ കൂട്ടായ്‌മയിലൂടെയുള്ള പാചകം പോലുള്ള വിഷയങ്ങള്‍ പഠനത്തിന്റെ ഭാഗമായി മാറണം. ലോക സ്‌ത്രീപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ചരിത്രപരവും സൈദ്ധാന്തികമായ അറിവുകളും നമുക്കാര്‍ജിക്കേണ്ടതുണ്ട്. ഒപ്പം വിപുലമായ സ്‌ത്രീ സാഹിത്യം വായിക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും വേണം.

****

പി പി സത്യന്‍, കടപ്പാട് : ദേശാഭിമാനി വാരിക, വര്‍ക്കേഴ്സ് ഫോറം

21 November, 2009

തന്തയും തമാശയും

"എടേയ്, ഇപ്പഴും നിന്റെയച്ഛന്‍ പഴയ മാധവണ്ണന്‍ തന്നെയല്ലടേയ്?'' വി പി ശിവകുമാറിന്റെ ഒരു കുറിപ്പിലാണ് ഈ തമാശ ആദ്യം വായിച്ചത്. 'തലസ്ഥാനത്തെ ഹനുമാന്‍' എന്ന സമാഹാരത്തില്‍ ഈ കുറിപ്പ് കാണാം. തിരുവിതാംകൂറിലെ ഒരു തമാശയാണിത് എന്നാണ് കരുതുന്നത്. മിമിക്രിക്കാരുടെ വേദികളിലൂടെയാവണം ഇത് മറ്റിടങ്ങളിലെത്തിയത്. ഈയിടെ പയ്യന്നൂരില്‍വച്ച് ഒരാള്‍ തന്റെ സുഹൃത്തിനോട് ഇത് പറയുന്നതുകേട്ടു. ക്ഷേമാന്വേഷണത്തിന്റെ മുഖംമൂടിയിട്ട പരിഹാസം.

വെറും തമാശയായി ഇതിനെ തള്ളിക്കളയാന്‍ കഴിയില്ല. ഏതും പഠനവിഷയമാണ്. തള്ളിക്കളയാവുന്നതായി ഒന്നുമില്ല. ഒന്നിനെ ഒരാള്‍ തള്ളുന്നുവെങ്കില്‍ അതേപ്പറ്റി പഠിക്കുവാനുള്ള വക അയാള്‍ക്കില്ല എന്നേ അര്‍ഥമുള്ളൂ. നാല് തലങ്ങളില്‍ ഈ തന്തത്തമാശയുടെ ചരിത്രം പഠിക്കാമെന്നാണ് തോന്നുന്നത്.

ഒന്ന്: അച്ഛന് പ്രാധാന്യം കിട്ടിയ കാലത്തിന്റെ തമാശയാണിത്. മക്കത്തായ കാലത്തിന്റെ ചൊല്ല്. മക്കത്തായ കാലത്തേക്കുള്ള മാറ്റം ഉണ്ടാക്കുന്ന ഒരു കുലുക്കം ഇതിലുണ്ട്. പുതിയൊരു കഥാപാത്രമായി കുടുബത്തില്‍ അച്ഛന്‍ വരികയാണ്. (And papa comes- ഈ രവിവര്‍മചിത്രത്തെക്കുറിച്ച് വിജയകുമാര്‍മേനോന്‍ എഴുതിയിട്ടുണ്ട്.) ബീജബന്ധത്തിന് സ്വത്തധികാരങ്ങളുടെ പിന്തുണ നിയമംമൂലം സിദ്ധിക്കുന്നു. പക്ഷേ മക്കത്തായം പുലരുന്ന ക്രൈസ്തവ ബ്രാഹ്മണാദി സമൂഹങ്ങളില്‍നിന്ന് ജനിച്ചതല്ല ഈ തമാശ. പുതിയ കഥാപാത്രമായ അച്ഛനെ ഒന്നുറപ്പിച്ചുനിര്‍ത്താന്‍ ചരിത്രം ഏര്‍പ്പെടുത്തിയ ഒരു പരീക്ഷയാണ് ഇത്. ഡോ. കെ എന്‍ പണിക്കര്‍ 'വിവാഹപരിഷ്കരണം: പ്രത്യയശാസ്ത്രവും സാമൂഹ്യാടിത്തറയും' എന്ന പ്രബന്ധത്തില്‍ പഴയ അച്ഛന്‍വേഷത്തെപ്പറ്റിയുള്ള ഒരു സംഭവകഥ ഉദ്ധരിച്ച് ചേര്‍ത്തിട്ടുണ്ട്. എം ഒതേനമേനോന്‍ എന്നയാളില്‍നിന്നാണ് അദ്ദേഹത്തിന് ഈ കഥ കിട്ടിയത്. അതിങ്ങനെയാണ്:

"തലശ്ശേരിയിലെ മണ്‍മറഞ്ഞ സബ്‌ഡിവിഷണല്‍ ശിരസ്തദാര്‍ എന്‍ ശങ്കരമാരാരെ ഒരിക്കല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു കല്യാണത്തിന് ക്ഷണിക്കുകയുണ്ടായി. എല്ലാവരും ഇരിക്കുകയാണ്. ഒരു വൃദ്ധന്‍, ക്ഷണിക്കപ്പെട്ട അതിഥി, പന്തലില്‍ പ്രവേശിച്ചതോടെ ആതിഥേയന്‍ എണീറ്റുനില്‍ക്കുകയും ശിരസ്തദാര്‍ക്ക് ആ വൃദ്ധനെ തന്റെ അച്ഛന്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്തു. ആ വൃദ്ധനാകട്ടെ അകത്തളങ്ങളിലേക്ക് പോവുകയും ചെയ്തു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു വൃദ്ധന്‍ പ്രവേശിക്കുകയും മേല്‍പ്പറഞ്ഞ ചടങ്ങുകള്‍ ആവര്‍ത്തിക്കകയും ചെയ്തു. ആ വൃദ്ധനെയും തന്റെ അച്ഛനായി ആതിഥേയന്‍ ശിരസ്തദാര്‍ക്ക് പരിചയപ്പെടുത്തി. ശങ്കരമാരാര്‍ തന്റെ നാക്കിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അദ്ദേഹം തന്റെ ഇരിപ്പിടത്തില്‍ വീണ്ടുമിരുന്ന് ആതിഥേയനോടു പറഞ്ഞു:

മിസ്റ്റര്‍.. താങ്കളുടെ അടുത്ത അച്ഛന്‍ കടന്നുവരുമ്പോള്‍ ഞാന്‍ എണീറ്റുനിന്നില്ലെങ്കില്‍ ദയവുചെയ്ത് ക്ഷമിക്കണം.'

ഈ അസ്ഥിരപിതൃത്വത്തിന്റെ ദീര്‍ഘപാരമ്പര്യം മാഞ്ഞ്, മക്കളുടെ ജനയിതാവും സംരക്ഷകനും ഗൃഹനാഥനുമായ അച്ഛന്‍ എന്ന ആധുനികപ്രരൂപം സാധാരണമായിത്തീര്‍ന്ന കാലത്തിന്റെ ശബ്ദങ്ങളിലൊന്നാണ് പഠനവിഷയമായ തമാശ.

രണ്ട്: 'ഇപ്പഴും'/'പഴയ' എന്ന ദ്വന്ദ്വത്തിന് മേലെ കെട്ടിപ്പൊക്കിയ ഭാഷാഘടനയാണിത്. നിരവധി സമരങ്ങളിലൂടെ, ആഗ്രഹപ്രകടനങ്ങളിലൂടെയാണ് അച്ഛന്‍ പിറന്നത്. എന്നാല്‍ അച്ഛന്‍ ആധുനികതയുടെ സ്ഥിരം പ്രയോക്താവാകാതെ, വ്യവസ്ഥാനുകൂലിയും ദുശ്ശാസകനുമായാല്‍, മക്കള്‍ക്ക് അച്ഛനെ പ്രത്യയശാസ്ത്രപരമായി തള്ളിപ്പറയേണ്ടിവരും. മുമ്പ് പുരോഗതിയെ മുന്‍നിര്‍ത്തി കാരണവരെ തള്ളിപ്പറഞ്ഞതുപോലെ. ഇതില്‍ അസ്വാരസ്യം തോന്നുന്നവരുടെ വാങ്മയമായും ഈ തമാശക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. അച്ഛനെ പ്രത്യയശാസ്ത്രപരമായി മറികടന്ന്, ആധുനികതയെ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാന്‍ സ്വയം അധ്വാനിക്കുന്നവരെ വെറുതെ ഭൂതകാലം പറഞ്ഞ് തളര്‍ത്താനുള്ള ശ്രമമാണിതിലുള്ളത്. അവര്‍ക്ക് വേണ്ടാത്ത ഭൂതകാലത്തിന്റെ പ്രതിനിധിയാണ് അച്ഛന്‍. ആ കാലത്തിന്റെ കുരുക്കില്‍നിന്ന് സ്വയം വിടുവിക്കാനാണ് അവര്‍ തിടുക്കപ്പെടുന്നത്. ആ പ്രവര്‍ത്തനത്തെ കളിയാക്കാനാണ് ഈ തമാശ. ജീവശാസ്ത്രപരമായി മാറ്റാനാവാത്ത ശരീരവസ്തുതയാണ് അച്ഛന്റേത് എന്നതുകൊണ്ട് അക്കാര്യം പറഞ്ഞ് പുതിയ ക്രമത്തിനായി മെനക്കെടുന്നവരെ കുരുക്കിയിടാനുള്ള വാക്യമാണത്, ഇങ്ങനെ നോക്കിയാല്‍.

പുതിയ ക്രമത്തിനായുള്ള ശ്രമം ഒരേസമയം വിപ്ളവാത്മകവും പ്രഹസനാത്മകവും ആകാം. ചിലര്‍ അതിന്റെ സാധ്യതകള്‍ തികച്ചുമറിഞ്ഞ് സ്വയം മുഴുവനായും മാറിക്കൊണ്ട് ഈ ശ്രമത്തിലേര്‍പ്പെടും. മറ്റു ചിലര്‍ ഭാഗികമായി, ബാഹ്യമായി മാത്രമേ മാറൂ. അവര്‍ പുറമേക്ക് സമകാലികരാവുമ്പോഴും ഉള്ളാലെ പഴഞ്ചന്മാരായിരിക്കും. അതിനാല്‍ അവരുടെ സമകാലികരൂപത്തില്‍ വിഡ്ഢിത്തത്തിന്റെയും പ്രകടനപരതയുടെയും അംശം നന്നായുണ്ടാകും. ഇത് അസഹ്യമായ തോതില്‍ത്തന്നെയുണ്ടാകാം. ഈ വൈരുദ്ധ്യത്തെ കളിയാക്കേണ്ടത് യഥാര്‍ഥമായ മാറ്റത്തിനായുള്ള പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആവശ്യമായിത്തോന്നും. ആ ആവശ്യത്തില്‍നിന്ന് വരുന്നതുമാകാം ഈ തമാശ. സ്വന്തം സുഖാന്വേഷണങ്ങള്‍ക്കായി പൂര്‍വികരെ തള്ളിപ്പറയുന്ന 'ഞാനി'കള്‍ക്ക് നേരെയുള്ള പരിഹാസമാണത്.

മൂന്ന്: ഈ തമാശ ഒട്ടും നിരുപദ്രവകരമല്ല. അതിനാല്‍ അസഹിഷ്ണുതയുടെ അംശം ഉണ്ടാകാന്‍ വളരെ കൂടുതല്‍ സാധ്യതയുണ്ട്. അച്ഛനൊക്കെ ദാരിദ്ര്യത്തിലായിരുന്ന, ബാല്യം ദുരിതമയമായിരുന്ന ഒരാള്‍ സ്വന്തം അധ്വാനംകൊണ്ട് നന്നായി; അയാള്‍ക്ക് പൊതു സമൂഹത്തിന്റെ അംഗീകാരവും കിട്ടുന്നു. ഇതില്‍ അസൂയയുള്ള 'അഭിജാത'മൂല്യക്കാര്‍ ഉണ്ടാക്കുന്ന തമാശയുമാകാമിത്. തന്നെ ഞങ്ങക്കറിയാം എത്രയൊക്കെയായാലും താന്‍ പാരമ്പര്യംകെണ്ട് കുലീനനൊന്നുമല്ലല്ലോ എന്നാണതിന്റെ വിവക്ഷ. ഒരാളുടെ വ്യക്തിത്വത്തിന്റെ 'സത്ത' അയാളുടെ ജീവചരിത്രത്തിന്റെ ആദ്യത്തെ അധ്യായമാണെന്നാണ് ഇങ്ങനെ പറയുന്നവരുടെ വിചാരം. കര്‍മത്തിലല്ല, ജന്മത്തിലാണ് ശ്രേഷ്ഠത എന്ന ഫ്യൂഡല്‍ ദര്‍ശനമാണവരുടെ കൈമുതല്‍. ഒരു സമൂഹത്തിനുള്ളില്‍ തന്നെയുള്ള തിരശ്ചീനചലനം (horizontal mobility) മാത്രമേ അവര്‍ പരമാവധി സമ്മതിച്ചുകൊടുക്കുകയുള്ളു. ആ സമൂഹത്തിന്റെ ബലതന്ത്രത്തെതന്നെ, അതിന്റെ പൊതുബോധത്തെതന്നെ ഉലയ്ക്കുന്ന ഒരു കുതിപ്പ് (vertical mobility) ആരെങ്കിലും നടത്തിയാല്‍, അത് തങ്ങളുടെ നിലനില്‍പ്പിന് തടസ്സമാവും എന്നുകണ്ട്, അതിനെ പരിഹസിക്കാനായി ഒരുക്കിയ തമാശക്കെണിയാണിത്. 'മാധവണ്ണന്‍' എന്ന് ശ്രോതാവിന്റെ അച്ഛനെ വിളിക്കാന്‍ അര്‍ഹതയുള്ള സ്വസമുദായക്കാരനാണ് ഇവിടെ വക്താവ്.

നാല്: ലംബദിശയിലുള്ള മുകളിലോട്ടുള്ള സമൂഹചലനത്തിന്റെ (upward social mobility) നേര്‍ക്കുള്ള മറ്റൊരുതരത്തിലുള്ള ആക്രമണമായും ഇത്തരമൊരു തമാശയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. അതിനായി അത് തെല്ല് മാറും. 'മാധവണ്ണന്‍'പോലുള്ള വക്താവിന്റെ സ്വസമുദായസൂചന അതിലുണ്ടാവില്ല. അത് ഇങ്ങനെ മാറാം: "നിന്റെയച്ഛന്‍ ('നിങ്ങളുടെ അച്ഛന്‍' എന്നുവരെയാവാം) പഴയ ആശാരിരാമന്‍ (അല്ലെങ്കില്‍ 'തട്ടാന്‍ ശങ്കരന്‍') തന്നെയല്ലേ?'' വക്താവ് മേലാള സമുദായക്കാരനും ശ്രോതാവ് കീഴാള സമുദായക്കാരനും എന്ന് വ്യക്തം. കീഴാളന്‍ പുതിയ സാഹചര്യങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തി, കുലത്തൊഴിലിന്റെ പരിധിവിട്ട് വളര്‍ന്നിട്ടുണ്ട്- അതിലുള്ള അസഹ്യത മേലാളന് സ്വന്തം മനസ്സില്‍ സൂക്ഷിക്കാന്‍ വയ്യ. അതിനാല്‍ അയാള്‍ ഇങ്ങനെയൊരു തമാശ പറയുന്നു.

യഥാര്‍ഥ പ്രതിഷേധങ്ങളെ തടസ്സപ്പെടുത്താനും, ഹാസ്യവിമര്‍ശനത്തിന്റെ തനതുഗുണത്തെ ക്ഷീണിപ്പിക്കാനുമാണ് ഇന്ന് കേരളത്തില്‍ വലിയൊരു ഷോ ബിസിനസ്സായി മാറിയിട്ടുള്ള കോമഡിയരങ്ങുകള്‍ ഉതകുന്നത്. ഒരു രാഷ്ട്രീയപ്രയോഗമെന്ന നിലയില്‍ സ്വയം ന്യായീകരിക്കാനാഗ്രഹിക്കുന്ന പ്രാദേശികമായ സംസ്കാരപഠനത്തിന് ഇത്തരം ഷോകളില്‍ കേവലഹാസ്യമായി മുഴങ്ങുന്ന തമാശച്ചൊല്ലുകളെ വര്‍ഗവിശകലനത്തിന്റെ സന്ദര്‍ഭത്തിലേക്ക് കൊണ്ടുവരേണ്ട ബാധ്യതയുണ്ട്.

*
ഇ പി രാജഗോപാലന്‍ ദേശാഭിമാനി വാരിക

19 November, 2009

ലൌജിഹാദുമായി ഇതിനൊരു ബന്ധവുമില്ല

ഒന്ന്

ആചാരത്തിലും അനുഷ്ഠാനത്തിലും പേരിലും മാത്രമല്ല, ശരീരത്തിന്റെ ആകൃതിയില്‍പോലും മതം മറഞ്ഞിരിക്കുന്നുണ്ടെന്ന അസ്വസ്ഥ സത്യമാണ്, 'ഹിന്ദുഛായയുള്ള മുസ്ളിംപുരുഷന്‍' എന്ന ഇന്ദുമേനോന്റെ ശ്രദ്ധേയമായ കഥ തീവ്രമായി ആവിഷ്കരിക്കുന്നത്. കഥാനായകനായ മുസ്തഫയെ സംബന്ധിച്ചിടത്തോളം സ്വന്തം ബാപ്പ ഒരു പൊറുതികേടായി മാത്രം കടന്നുവരുന്ന കാട്ടറബിയാണ്. ഉമ്മ അവന് ഒരു ഹിന്ദിക്കാരന്‍ ഡ്രൈവറുടെ കൂടെ ഒളിച്ചുപോയ പഴയൊരു സാന്ത്വനമാണ്. അവനെ സ്നേഹിച്ച, അഹല്യ ആദ്യമൊരാഹ്ളാദവും, പിന്നെയൊരാഘാതവും, ശേഷം ഉണങ്ങാത്ത മുറിവുമായി മാറുകയാണുണ്ടായത്. അവനാകട്ടെ ഹിന്ദുഛായയുണ്ടായിട്ടും മുസ്ളിമായിപ്പോയ ഒരു മത്സ്യത്തൊഴിലാളിയായതിനാല്‍, പീഡനത്തിന്റെയും മര്‍ദനത്തിന്റെയും ഒരിരയായി തുടരുകയാണ്. മുസ്തഫയുടെ അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കിലെ പേരുവായിച്ച് ഒരു പൊലീസുകാരന്‍ കണ്ണുകാണിച്ചു. 'ആയിഷ',"ഈശ്വരാ ജഢീലുപോലും മതമോ?''

പ്രസ്തുത കഥ അവസാനിക്കുന്നത്, 'മുസ്തഫ അതിനുശേഷം നിലവിളിച്ചുകൊണ്ടുതന്നെ, പാതിയില്‍ നിര്‍ത്തിയ സ്വന്തം മയ്യത്ത് നമസ്കാരം തുടര്‍ന്നു' എന്ന ചങ്കുപിളര്‍ക്കുന്ന ഒരു കൊച്ചുവാക്യത്തോടെയാണ്. വ്യക്തിതലത്തില്‍, 'ചിലര്‍ക്ക്' ഒഴിവുകള്‍ അനുവദിക്കുമ്പോഴും, ഒരു സാമൂഹ്യസ്ഥാപനമെന്ന നിലയില്‍, 'ഒരൊഴിയാബാധപോലെ തുടരുന്ന മത മുന്‍വിധികളുടെ സങ്കീര്‍ണതകളാണ് മാറാടാനന്തര പശ്ചാത്തലത്തില്‍ കഥയില്‍ സൂക്ഷ്മമായി കടന്നുവരുന്നത്. കൂട്ടക്കുരുതിക്ക് മുമ്പും ശേഷവുമുള്ള മാറാട് പ്രണയമടക്കമുള്ള മനുഷ്യബന്ധങ്ങളില്‍ എപ്രകാരം കടന്നുപ്രവര്‍ത്തിച്ചു എന്ന് അഗാധമായി അനുഭവിച്ചുകൊണ്ടാണ് ഇന്ദുമേനോന്റെ കഥ കലുഷമായൊരു കാലത്തിലും കരുത്താര്‍ജിക്കുന്നത്.

നാല് അരയക്കുടിലുകള്‍ തീ ചുടുകയും മൂന്ന് പേര്‍ ചേര്‍ന്ന് ഒരാളെ വെട്ടിക്കൊല്ലുകയും ചെയ്ത അന്ന് രക്തമണമുള്ള കാറ്റില്‍ അഹല്യ അടക്കിപ്പിടിച്ച ഭയത്തോടെ ചോദിച്ചു: "പേരെന്താ...'' 'ഞാന്‍ മുസ്തഫ.' ഹാ! അവള്‍ ഭയത്തോടെ കണ്ണ് തുറുപ്പിച്ചു. വലതുകൈകൊണ്ട് തുറന്നുപോയ വായ അടച്ചു. "ങ്ങള് മുസ്ലിമാ? വിളറിയ അവളുടെ മുഖത്ത് കരുവാളിപ്പ് പടരുന്നത് അവന്‍ കണ്ടു. അവളുടെ ഭാവമാറ്റംകണ്ട് മുസ്തഫ പകച്ചുപോയി. 'ങ്ങളെ കണ്ടാ മാപ്ള്യാന്ന് തോന്നില്ലല്ലോ.' അവളുടെ ശബ്ദം ചിലമ്പിച്ചു. 'എന്നെ പറ്റിച്ചു.' അവളുടെ കണ്ണുകളില്‍ നിരാശ പടര്‍ന്നു. കണ്‍മഷി കലങ്ങി. "ഒരു തവണ പറയാര്ന്നില്ലേ മുസ്ളിമാണെന്ന്, ഇന്നെ പറ്റിച്ചു.''

പ്രണയത്തിനിടയില്‍ പരസ്പരം പേരറിയാന്‍പോലും മറന്നവര്‍, പെട്ടെന്ന് അതേ പേരുകളിലേക്ക് തന്നെ എടുത്തെറിയപ്പെട്ടത് സ്വന്തം പ്രദേശത്ത് നടന്ന കലാപത്തിന്റെയും കൂട്ടക്കൊലകളെയും തുടര്‍ന്നാണ്. കൂട്ടക്കൊലകളുടെ കാലത്ത് ഒരു പാവം പേരുപോലും പൊട്ടിത്തെറിക്കുന്ന ബോംബായി പരിണമിക്കുമെന്ന പേടിപ്പിക്കുന്ന പരമാര്‍ഥമാണ്, 'ഹിന്ദുഛായയുള്ള മുസ്ളിം പുരുഷനെന്ന' കഥയെ ഭയസംഭ്രമങ്ങളുടെ ഇരുണ്ടലോകത്തേക്ക് നയിക്കുന്നത്. ഹിന്ദുഛായയുള്ള മുസ്ളിം പുരുഷനില്‍ മുടന്തുന്നത്, കീറിമുറിച്ച് അപഗ്രഥിക്കാന്‍ ഇനിയും നാം സന്നദ്ധമല്ലാത്ത നമ്മുടെ മതേതരത്വത്തിന്റെ മറ്റൊരു മുഖമാണ്. ഇന്ന്, 'ലൌ ജിഹാദായി' പുറത്തുചാടിയിരിക്കുന്നത് ആ മുഖത്തിന്റെ ഒരു പാതിയാണ്!

രണ്ട്

തങ്ങള്‍ക്കേറെ പ്രിയങ്കരരായ സ്വന്തം മക്കള്‍ പ്രണയത്തിലേര്‍പ്പെടുമ്പോഴാണ് സ്നേഹസമ്പന്നരായിരുന്ന രക്ഷിതാക്കളില്‍ ചിലരുടെ, 'തേറ്റകളും ദംഷ്ട്രകളും' പുറത്തുചാടുന്നത്. പ്രണയംപൂക്കുന്ന സിനിമകളെ കെട്ടിപ്പുണരുന്നവര്‍തന്നെയാണ്, പ്രണയ പരവശരാവുന്ന സ്വന്തം മക്കളെ വീട്ടില്‍നിന്ന് ആട്ടിപ്പുറത്താക്കുന്നത്. 'സ്നേഹം നരകത്തിന്‍ നടുവില്‍ സ്വര്‍ഗം നിര്‍മിക്കുമെന്ന' കാവ്യസങ്കല്പത്തേക്കാള്‍ അതൊരു ശുദ്ധ തോന്ന്യാസമാണെന്ന സമീപനമാണ് ഇന്നും കേരളീയ സമൂഹത്തില്‍ തളിര്‍ക്കുന്നത്. 'സ്നേഹത്തെ കരുതി സ്വയം നൂറാവര്‍ത്തി ചത്തീടുവിന്‍' എന്ന കുമാരനാശാന്റെ പഴയ ആഹ്വാനത്തോടല്ല, മറിച്ച് സ്നേഹത്തിന്റെ പേരില്‍ ചോരയൊഴുക്കുന്ന സങ്കുചിത കാഴ്ചപ്പാടിനോടാണ്, ഈ ആധുനികകാലത്തുപോലും പലരും അടുപ്പം പുലര്‍ത്തുന്നത്.

പൊതുവില്‍ സൌമ്യരായവര്‍പോലും സ്വന്തം മക്കളുടെ പ്രണയം കൈകാര്യം ചെയ്യുമ്പോള്‍, രൌദ്രരായി മാറുന്നു. മക്കള്‍ക്കുവേണ്ടി പ്രാണന്‍ പകുത്തുകൊടുക്കുന്നവര്‍, പ്രണയത്തിന്റെ പേരില്‍ അവരെ സ്വന്തം ഹൃദയത്തില്‍നിന്നുപോലും പുറംതള്ളുന്നു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ശ്രീനാരായണ ഗുരുവിന്റെ മഹാസന്ദേശം, മതമേതായാലും കല്യാണം സ്വന്തം മതത്തില്‍നിന്നുമാത്രം മതി' എന്നതില്‍ ഒതുങ്ങിയിരിക്കുന്നു. 'മനുഷ്യനു മനുഷ്യന്‍ തുണ' എന്ന സാഹോദര്യത്തിന്റെ തത്വചിന്ത, മനുഷ്യന് പണവും പൌരോഹിത്യവും, സ്വന്തം മതക്കാരും മാത്രം തുണ എന്ന തത്വചിന്തയായി മാറിയിരിക്കുന്നു. പ്രഭാഷണത്തിലും പ്രബന്ധത്തിലും മാത്രം തലയുയര്‍ത്തിനില്‍ക്കുന്ന പുരോഗമനതത്വങ്ങളുടെ നിഴലിലാണ് മലയാളി മധ്യവര്‍ഗമനുഷ്യരിലധികവും നിവര്‍ന്നുനില്‍ക്കുന്നത്. സര്‍വനദികളും ഒരേ സമുദ്രത്തില്‍ ഒത്തുചേരുന്നതുപോലെ സര്‍വ മതങ്ങളും ഒരേ പരംപൊരുളിന്റെ അവിഭാജ്യഭാഗമാണെന്ന് പ്രഖ്യാപിക്കുന്നവര്‍, മതസൌഹാര്‍ദത്തെ വിവാഹപന്തലിന് പുറത്ത് നിര്‍ത്തുന്നതിലാണ് ഇന്ന് പരസ്പരം മത്സരിക്കുന്നത്! ഏട്ടിലെ പശുക്കള്‍ പുല്ലുതിന്നുന്നില്ലെന്ന് മാത്രമല്ല, അത് പരസ്പരം പ്രണയിക്കുന്ന വ്യത്യസ്ത മതത്തില്‍പ്പെട്ടവരുടെ, പല്ല് അടിച്ചുകൊഴിക്കുന്നതില്‍ വ്യാപൃതരുമാണ്. ഒരു മതവും 'സ്വന്തം മാനം' സംരക്ഷിക്കുന്നതില്‍ പിറകിലായിപ്പോകരുതല്ലോ.

വ്യത്യസ്ത വിശ്വാസിവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് തങ്ങളുടെ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ, മറ്റുള്ള വിശ്വാസം പുലര്‍ത്തുന്നവരുമായി ജീവിതം പങ്കുവയ്ക്കാന്‍ കഴിയുമെന്നിരിക്കെ, ഒന്നിച്ച് വിവാഹജീവിതം മാത്രം പരസ്പരം പങ്ക് വഹിക്കാന്‍ കഴിയില്ലെന്ന് എങ്ങനെ കരുതും? വ്യത്യസ്ത ആദര്‍ശങ്ങളും അഭിരുചികളും പുലര്‍ത്തുന്നവരെ ഒരു വീടിന് ഉള്‍ക്കൊള്ളാന്‍ കഴിയുമെങ്കില്‍ വ്യത്യസ്ത മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരെയും ഒരു വീടിന് ഉള്‍ക്കൊള്ളാന്‍ കഴിയണം. വിവിധ പാര്‍ടികളില്‍പ്പെട്ടവര്‍ക്കും ഒരു പാര്‍ടിയിലും പെടാത്തവര്‍ക്കും സംവാദങ്ങള്‍ തുടര്‍ന്നുകൊണ്ട് ഒരു വീട്ടില്‍ പുലരാമെങ്കില്‍, ഹിന്ദു മുസ്ളിം ക്രിസ്ത്യന്‍ വിശ്വാസത്തില്‍പെട്ടവര്‍ക്ക് സ്നേഹപൂര്‍വം ഒരേ വീട്ടില്‍ കഴിയാനാവില്ലെന്ന് എങ്ങനെ മത പൌരോഹിത്യത്തിന് വിധി കല്‍പ്പിക്കാന്‍ കഴിയും? ആശുപത്രിയില്‍ രോഗിയായി കിടക്കുമ്പോള്‍, മതം പരിഗണിക്കാതെ ആരില്‍നിന്നും രക്തം സ്വീകരിക്കുന്നതിന് വിലക്കില്ല. അങ്ങനെയിരിക്കെ ജീവിത പങ്കാളികളെ മതം നോക്കാതെ സ്വീകരിക്കുന്നതിനു മാത്രം എന്തിന് വിലക്ക് ഏര്‍പ്പെടുത്തണം?

ആന്തരികാവയവങ്ങള്‍പോലും മാറ്റിവയ്ക്കപ്പെടുന്നൊരു കാലത്ത്, ബാഹ്യാവയവങ്ങള്‍പോലും ഇഷ്ടാനുസരണം മാറ്റിവയ്ക്കാനാവുമോ എന്ന് ശ്രമിക്കാനെങ്കിലും കഴിയുന്ന ഒരു കാലത്ത്, 'എന്നെ തൊടല്ലേ' എന്ന സമീപനത്തിന് നിലനില്‍ക്കാന്‍ കഴിയുന്നവരൊക്കെയും കാലം തെറ്റിപ്പിറന്നവരാണ്. പഴയ 'അയിത്ത'ത്തെ പുതിയ രൂപത്തില്‍ ആശ്ളേഷിക്കാനല്ലാതെ, ആധുനികകാലത്തെ അഭിമുഖീകരിക്കാനവര്‍ക്ക് കഴിയില്ല.

മൂന്ന്

'കണ്ണേ, കരളേ, ഹൃദയമേ...' തുടങ്ങി സ്നേഹം പ്രകടിപ്പിക്കുന്ന പതിവ് സംബോധനകളെപ്പോലും വെറും വിളികളില്‍ പരിമിതപ്പെടുത്താതെ, വേണ്ടിവന്നാല്‍ അസ്സല്‍പ്രയോഗം തന്നെയായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുംവിധം, ശാസ്ത്ര സാങ്കേതികവിദ്യകള്‍ വികസിച്ചുകഴിഞ്ഞ ഒരു ലോകത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. മുമ്പ് എത്ര സ്നേഹമുണ്ടായിരുന്നാലും , 'കരളേ' എന്ന് വിളിക്കാനല്ലാതെ, കരള്‍ നല്‍കി സ്വന്തം പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. മുമ്പ് 'കണ്ണേ'എന്ന് വിളിക്കാനല്ലാതെ കണ്ണു ദാനം ചെയ്ത് വെളിച്ചം സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാലിന്ന് ഇതൊക്കെ ശാസ്ത്രം സാധ്യമാക്കിയിട്ടും, പുറത്തുമാത്രമല്ല അകത്തും പഴയ അയിത്തസങ്കല്‍പ്പം നിലനിര്‍ത്താനാണ് മതപൌരോഹിത്യം ഇന്നും നേതൃത്വം നല്‍കുന്നത്!

'പ്രണയ ജിഹാദ്' വിവാദങ്ങള്‍ക്കും മതയാഥാസ്ഥികത്വം ഒരൈക്യമുന്നണിയായിനിന്ന് പരാജയപ്പെടുത്തിയ, 'മതമില്ലാത്ത ജീവന്‍' എന്ന ഏഴാംക്ളാസിലെ പാഠത്തിനും തമ്മിലുള്ള പരസ്പരബന്ധം ഒരിക്കല്‍ക്കൂടി തിരിച്ചറിയാന്‍ ഇന്ന് നാം നിര്‍ബന്ധിതരാവുകയാണ്. നവോത്ഥാനത്തിന്റെ 'സത്ത'യെ സമരോത്സുകമായി അവതരിപ്പിച്ച സഹോദരന്‍ അയ്യപ്പന്റെ 'മിശ്രവിവാഹം' എന്ന ആശയവും, വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖന'മടക്കമുള്ള കൃതികളും അനുഭൂതിജന്യമാംവിധം ആവിഷ്കരിച്ച ഒരാശയമാണ് നമ്മുടെ കാലത്ത് ക്രൂരമാംവിധം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

'മതം വിട്ട കളി' വേണ്ട എന്ന ഒരന്ത്യശാസനമാണ് പ്രണയം പൊളിക്കുന്നതില്‍ തല്‍പ്പരരായ നവയാഥാസ്ഥികത്വം ഇന്നും മുഴക്കുന്നത്. പഴയ മത യാഥാസ്ഥികത്വത്തിന്റെ പ്രണയഭീതിയാണ് പാഠപുസ്തകവിരുദ്ധതയായിത്തീര്‍ന്നതെങ്കില്‍, സംഘപരിവാര്‍ ഫാസിസത്തിന്റെ 'മുസ്ളിം പേടി'യാണ് പ്രണയജിഹാദ് വിവാദമായി കൊഴുത്തുകൊണ്ടിരിക്കുന്നത്. എത്രയോ കാലമായി സംഘപരിവാര്‍ ഗോഡൌണുകളില്‍ ചത്തുകിടന്ന ആശയ ങ്ങളാണ് മൃതസഞ്ജീവനി കഴിച്ചിട്ടെന്നപോലെ ജീവന്‍വച്ച് തുള്ളിവരുന്നത്! വിദ്യാഭ്യാസമേഖല, 'അഹിന്ദുബ്രാഹ്മണരുടെ' ആധിപത്യത്തിലാണെന്ന സംഘപരിവാര്‍ കണ്ടത്തിലാണ് 'ലൌ ജിഹാദിന്റെ' വേരുകളില്‍ ഒന്നെങ്കിലും ആഴ്ന്നു കിടക്കുന്നത്. "ജാതിശ്രേണിയില്‍ സവര്‍ണനും അവര്‍ണനുമായി വിഭജിക്കുന്നതിന് പ്രമാണങ്ങള്‍ നിരത്തിയവര്‍, ആധുനികസമൂഹത്തില്‍ വിദ്യാഭ്യാസ മേഖല കൈയടക്കി, പുതിയ അഹിന്ദു അബ്രാഹ്മണര്‍ ഉയര്‍ന്നുവന്നത് തിരിച്ചറിയാന്‍ വൈകി.... കേരളത്തിലെ മുസ്ളിം സമൂഹത്തിന്റെ വളര്‍ച്ച ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.'' (കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍: ഡോ. കെ ജയപ്രസാദ്) സമാന ആശയങ്ങള്‍ സംഘപരിവാര്‍ സാഹിത്യത്തില്‍ സുലഭമാണ്!

'മതമില്ലാത്ത ജീവന്‍' എന്ന വിവാദവിധേയമായ ഏഴാം ക്ളാസിലെ പഴയ സാമൂഹ്യപാഠംപോലെ 'ലൌ ജിഹാദും 'പരുക്കനര്‍ഥത്തില്‍ നമ്മുടെ സാമൂഹ്യബോധത്തിന്റെ പിന്നോക്കാവസ്ഥയെയും, പുരുഷമേധാവിത്ത പ്രവണതകളെയുമാണ് സൂചിപ്പിക്കുന്നത്. മിശ്രവിവാഹത്തിനും പ്രണയത്തിനുമെതിരെയുള്ള മതയാഥാസ്ഥിതിക വീക്ഷണങ്ങളും, മുസ്ളിം സമൂഹത്തെ ലക്ഷ്യംവച്ച് സംഘപരിവാര്‍ ശക്തികള്‍ വികസിപ്പിക്കുന്ന 'ലൌജിഹാദും' വിജയിച്ചാല്‍ കലയും തത്വചിന്തയും സാഹിത്യവും തരിശാവും. പ്രതിലോമ താപം സഹിക്കാനാവാതെ ആര്‍ദ്രമായ മനുഷ്യബന്ധങ്ങളൊക്കെയും വീണ്ടുകീറും! കീഴാളനായ ചാത്തനെക്കൊണ്ട് ഉന്നതകുലജാതയായ സാവിത്രിയെ വിവാഹം കഴിപ്പിച്ച ആ കുമാരനാശാനെ വീണ്ടും കുഴിച്ചുമൂടേണ്ടിവരും. മോയിന്‍കുട്ടിവൈദ്യരുടെ പ്രശസ്തമായ ആ ഹുസുനുല്‍ ജമാലിനും ബദറുല്‍ മുനീറിനും വിലക്കേര്‍പ്പെടുത്തേണ്ടിവരും. പ്രേമലേഖനമെഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെയും 'ഉമ്മാച്ചു'വെഴുതിയ ഉറൂബിന്റെയും സ്മരണകളൊക്കെയും ചുരുങ്ങിയത് കേരളത്തില്‍നിന്ന് കെട്ടുകെട്ടിക്കേണ്ടിവരും! സര്‍വമതങ്ങളും കൂട്ടിച്ചേര്‍ത്ത് തന്നിഷ്ടപ്രകാരം,'ദീന്‍ ഇലാഹി' എന്നൊരു സ്പെഷല്‍ മതമുണ്ടാക്കിയ അക്ബര്‍ ചക്രവര്‍ത്തിയുടെ പേര് ഉച്ചരിക്കുന്നത് തന്നെ മതനിന്ദയാകും! "ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ, നീയെന്റെ ജീവനല്ലേ'' എന്ന ഈരടി; ' ഇരുമെയ്യാണെങ്കിലും നമ്മളൊരൊറ്റ മതമല്ലേ'എന്ന 'കൂരടി'യാക്കി തിരുത്തിയെഴുതി നാം തലകുനിച്ച് നില്‍ക്കേണ്ടിവരും!

നാല്

മുമ്പ് കോടതികളും റജിസ്ടാഫീസുകളും പതിനെട്ട് വയസ്സ് തികഞ്ഞ അനുരാഗികളെ സംബന്ധിച്ചിടത്തോളം ആശ്വാസ കേന്ദ്രങ്ങളായിരുന്നു. പലരുടെയും കണ്ണുവെട്ടിച്ച് റജിസ്ട്രാഫീസിലെത്താന്‍ കഴിഞ്ഞാല്‍ മുമ്പ് 'സംഗതി' 'ഒ കെ'യായി. ഇന്നതും 'പോ കെ' എന്നൊരവസ്ഥയിലാണ്! സര്‍ക്കാര്‍ അംഗീകരിച്ച സ്ഥിതിക്ക് മനസ്സില്ലെങ്കിലും മുമ്പ് മറ്റുള്ളവരും പ്രണയത്തെ അംഗീകരിക്കുമായിരുന്നു. ഇപ്പോള്‍ കോടതി മുതല്‍ റജിസ്റ്റര്‍ ഓഫീസ് വരെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രണയികളെ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നു. പഴയ ഫാസിസ്റ്റ് ജര്‍മനിയെ അനുസ്മരിപ്പിക്കുംവിധം അദൃശ്യമായൊരു 'ഭയം' സര്‍വത്ര ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. 'നിന്നെയിഷ്ടപ്പെടുന്നില്ല ഞാന്‍/ കാരണം നിന്നെയിഷ്ടപ്പെട്ടുപോയ,ത്രമാത്രം' എന്ന് പാബ്ളോ നെരൂദ പാടിയ പ്രണയത്തിലേക്കുപോലും പരസ്പരമുള്ള അവിശ്വാസത്തിന്റെ "വൈറസ്' പ്രവേശിക്കുമോ എന്ന ആശങ്കയാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ തുറിച്ചുനോക്കുന്നത്. 'വഴിക്കല്ലുകളുടെ കുറിപ്പുകള്‍ മാറ്റുന്ന ലാഘവത്തോടെ ഫാസിസ്റ്റുകള്‍ ശവക്കല്ലറകളുടെ കുറിപ്പുകള്‍പോലും മാറ്റുമെന്ന, വാള്‍ട്ടര്‍ ബഞ്ചമിന്റെ വാക്കുകള്‍ അന്വര്‍ഥമാകുംവിധം വര്‍ത്തമാനകാലത്തെ കേരളീയ പ്രണയം കടുത്തൊരു പ്രതിസന്ധിയേയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. മുമ്പ് വ്യത്യസ്തമതങ്ങള്‍ക്കകത്ത് മാത്രം ഒതുങ്ങിനിന്ന മുന്‍വിധികളിലധിഷ്ഠിതമായ അവിശ്വാസങ്ങള്‍, ഭരണകൂടോപകരണങ്ങളിലൂടെ സ്വന്തം നിലപാടുകളായി സ്ഥാനക്കയറ്റം കിട്ടുന്ന സംഭ്രമജനകമായ ഒരവസ്ഥയാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അവിശ്വസനീയവും അതിശയോക്തിപരവുമായ മുസ്ളിംവിരുദ്ധപ്രചാരണം കൂടിയാണ് പ്രണയത്തിന്റെ മറവില്‍നിന്ന് സംഘപരിവാര്‍ ശക്തികള്‍ അഴിച്ചുവിട്ടിരിക്കുന്നത്. നോട്ടീസുകള്‍, ലഘുലേഖകള്‍, പത്രവാര്‍ത്തകള്‍ എന്നിവയിലൂടെ കുത്തിയൊലിച്ചൊഴുകിയ പ്രചാരണം നിയമവ്യവസ്ഥയുടെ കൂടെ ഭാഗമായി ഔദ്യോഗികമായതിലൂടെ, ഫാസിസ്റ്റ് പ്രചാരണത്തിന് പൊതുബോധത്തില്‍ അന്ധാളിപ്പിക്കുന്ന മേല്‍കൈയാണ് നേടാന്‍ കഴിഞ്ഞത്.

മനുഷ്യബന്ധങ്ങളുടെ അകത്തളങ്ങളിലേക്ക് ആരൊക്കെയോ ഇറക്കിവിട്ട, 'ലൌ ജിഹാദ്' മിശ്രപ്രണയങ്ങളെയൊക്കെയും ഇടിച്ചുപൊളിക്കാന്‍വേണ്ടി കുതറുകയാണ്. മിശ്രവിവാഹങ്ങളെ നിത്യസന്ദേഹത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുംവിധം, നവോത്ഥാന മൂല്യവ്യവസ്ഥയാണ്, ജനാധിപത്യവാദികളില്‍ ഒരു വിഭാഗത്തെപ്പോലും നിസ്സഹായമാക്കിക്കൊണ്ട് ഇന്ന് വെല്ലുവിളിക്കപ്പെടുന്നത്. ലൌജിഹാദികളും, പ്രത്യേക പരിശീലനം നേടിയ, 'ലൌജിഹാദിച്ചി'കളും കൂടി പ്രണയ ബോംബുകളായി പൊട്ടിത്തെറിച്ച് കേരളത്തിന്റെ മതേതരത്വത്തെ കുരുതിക്കളമാക്കാന്‍ പോകുകയാണെന്ന കിംവദന്തികളാണ് കൊഴുക്കുന്നത്. മിശ്രപ്രണയങ്ങളെ ഒരു കാലത്തും പിന്തുണക്കാതിരുന്ന മതങ്ങള്‍ തമ്മിലുള്ള സ്വകാര്യസംഘര്‍ഷമെന്ന നിലയില്‍ പ്രത്യക്ഷപ്പെട്ട, 'ലൌജിഹാദ്' സൂക്ഷ്മാര്‍ഥത്തില്‍ മതനിരപേക്ഷതക്കെതിരായ ഒരു യുദ്ധപ്രഖ്യാപനമാണ്. സവര്‍ണാവബോധത്തില്‍ കട്ടപിടിച്ചുനില്‍ക്കുന്ന ന്യൂനപക്ഷവിരുദ്ധ സമീപനങ്ങളാണ്, സ്ഫോടനാത്മകമാനമാര്‍ജിച്ചുകൊണ്ട്, 'ലൌജിഹാദായി 'ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കുന്നത്. സര്‍വമത യാഥാസ്ഥികത്വവും സ്വകാര്യമായും സൌമ്യമായും, മിശ്രവിവാഹത്തെ പരാമര്‍ശിച്ചു പറഞ്ഞുപോരുന്ന സ്ഥിരം കാര്യങ്ങളാണ്, സാമ്രാജ്യത്വ- ഫാസിസ്റ്റ് ശക്തികള്‍ കലുഷമാക്കിയ 'ലൌ ജിഹാദ്' എന്ന ഒരൊറ്റ വാക്കിന്റെ മറവില്‍ പവിത്രമാംവിധം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. മതം മറന്ന് കളിക്കണ്ടെന്ന ഹിന്ദു-ഇസ്ളാം-ക്രൈസ്തവാദി കാഴ്ചപ്പാടിന് മുമ്പെങ്ങുമില്ലാത്തവിധം, സ്വസമുദായങ്ങള്‍ക്കുമേല്‍, മേല്‍ക്കോയ്മസ്ഥാപിക്കാനുള്ള ഒരപൂര്‍വ അവസരമാണ് ഇതുവഴി ഒത്തുവന്നിരിക്കുന്നത്. താന്താങ്ങളുടെ സമുദായത്തില്‍നിന്നും പ്രണയംവഴി പുറത്തുപോകാനിടയുള്ളവരെ മുഴുവന്‍, സ്വന്തം നിയന്ത്രണത്തിലൊതുക്കിനിര്‍ത്താന്‍ കഴിയുംവിധമുള്ള ഒരന്തരീക്ഷം ഇവ്വിധം അപ്രതീക്ഷിതമായി ഒത്തുവന്നതോര്‍ത്ത് അവരില്‍ പലരും നിഗൂഢമായി ആഹ്ളാദിക്കുന്നുണ്ടാവണം. മതത്തിനും ജാതിക്കും അപ്പുറം കടന്ന മനുഷ്യരെപ്പോലും, 'പ്രണയജിഹാദി'ന്റെ പേരില്‍, ജാതിക്കും മതത്തിനുമിടയില്‍ കുറ്റിയടിച്ച് കെട്ടിയിടാന്‍ കഴിഞ്ഞതോര്‍ത്ത് അവര്‍ കോരിത്തരിക്കുന്നുണ്ടാവണം. വിവാഹമടക്കമുള്ള കാര്യങ്ങളൊക്കെ കുഴപ്പം കൂടാതെ നടക്കണമെങ്കില്‍ നിങ്ങള്‍ സ്വന്തം മതത്തിന്റെ മാത്രം അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കണം. പിന്നെ കൈയക്ഷരം നന്നാക്കാനും മറ്റും, 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് നിത്യവും 'കോപ്പി' എഴുതുകയുമാവാം. മതമില്ലാത്ത നല്ല മനുഷ്യരേക്കാളും, 'മതമുള്ള' ചീത്ത മനുഷ്യര്‍ക്കാണ് ഇവിടെ മാര്‍ക്കറ്റ്!

അഞ്ച്

മതംമാറ്റം വഴി ഇസ്ളാംമതത്തിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമമാണ്, 'ലൌ ജിഹാദി'ലൂടെ നടക്കുന്നതെന്ന പ്രചാരണം ഇന്നൊരു തമാശയായി മാത്രം മനുഷ്യര്‍ ചിരിച്ചുതള്ളുമെങ്കിലും നാളെയത് ഗൌരവമായ ഒരു ചിന്താവിഷയമായിത്തീരുന്നതിനെ അത്രയെളുപ്പം തള്ളിക്കളയാന്‍ കഴിയില്ല! ഒന്നാംലോക മഹായുദ്ധകാലത്ത് പൊതുവെ യുദ്ധവിരുദ്ധരും സമാധാനപ്രിയരുമായിരുന്ന ജനതയെ യുദ്ധോത്സുകമാക്കാന്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് വ്രുഡ്രോവില്‍സന്‍ ചെയ്തത്, ഔദ്യോഗികമായിത്തന്നെ, ക്രീല്‍ കമീഷനെന്ന പേരില്‍ ഒരു ഔദ്യോഗിക പ്രചാരണ കമീഷനെ നിയമിക്കുകയായിരുന്നു. നോം ചോംസ്കി വ്യക്തമാക്കിയപോലെ പ്രസ്തുത ക്രീല്‍ കമീഷന്റെ ആറുമാസത്തെ പ്രവര്‍ത്തനംകൊണ്ട്, ജര്‍മന്‍കാരെ പിച്ചിച്ചീന്താന്‍ കൊതിക്കുംവിധം ഒരു ജനതയെയാകെ യുദ്ധോല്‍ത്സുകമാക്കാന്‍ അമേരിക്കന്‍ഭരണകൂടത്തിന് കഴിഞ്ഞു. ഹിറ്റ്ലര്‍, 'മെയിന്‍ കാംഫില്‍' യുദ്ധപ്രചാരണത്തെക്കുറിച്ച് പ്രത്യേകമായി പ്രതിപാദിക്കുമ്പോള്‍, അമേരിക്കയെയും ബ്രിട്ടനെയും പ്രചാരണകലയുടെ പേരില്‍ പ്രകീര്‍ത്തിക്കുന്നത് ഇതുകൊണ്ടാണ്. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച തലച്ചോറുകളെ വേണം പ്രചാരണം ഏല്‍പ്പിക്കേണ്ടതെന്ന് ഹിറ്റ്ലര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഇരുപക്ഷത്തിന്റെയും ന്യായാന്യായങ്ങള്‍ ഒത്തുനോക്കി ശരിയും തെറ്റും കണ്ടെത്തലല്ല, സ്വന്തം നുണ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹം എപ്പോഴും പറയാതെ പറഞ്ഞത്. 'ഒരു ചര്‍ച്ചയും കൂടാതെ തന്നെ സര്‍വ കൊള്ളരുതായ്കളുടെയും ഉത്തരവാദിത്തം ശത്രുവിന്റെ തലയില്‍ വെച്ചുകെട്ടണം', എന്നാണദ്ദേഹം നിരന്തരം ആവര്‍ത്തിച്ചത്. 'പ്രചാരണം ഏതാനും വിഷയങ്ങളിലേക്ക് പരിമിതപ്പെടുത്തണം അതുതന്നെ ലളിതമായി പറഞ്ഞുകൊണ്ടേയിരിക്കണം. അങ്ങനെ ചെയ്യാന്‍ ചെലവഴിക്കുന്ന ഊര്‍ജം വെറുതെയാവില്ലെന്ന് ഹിറ്റ്ലര്‍ക്ക് ഉറപ്പായിരുന്നു. അസത്യം, ആദ്യമാദ്യം അവതരിപ്പിക്കുമ്പോള്‍, മര്യാദകെട്ട അസംബന്ധമായി തോന്നും. പിന്നെയുമാവര്‍ത്തിക്കുമ്പോള്‍, അത് അസ്വസ്ഥതകള്‍ സൃഷ്ടിക്കും പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നാല്‍ അതൊരു പരമാര്‍ഥമായി പരിണമിക്കും. ഗീബല്‍സ് പറഞ്ഞതുപോലെ സ്വര്‍ഗം നരകവും നരകം സ്വര്‍ഗവുമായി മാറും! ജനങ്ങള്‍ യുക്തിയേക്കാള്‍ വികാരത്തെ ആശ്രയിക്കുന്നവരും വലിയ മറവിക്കാരുമായതുകൊണ്ട്, ഏത് യുദ്ധം ജയിക്കാനും ആദ്യം പ്രചാരണം, പിന്നെയും പിന്നെയും പ്രചാരണം എന്ന കാഴ്ചപ്പാടാണ് മുമ്പെന്നപോലെ ഇന്നും സാമ്രാജ്യത്വവും ഫാസിസവും കൈക്കൊള്ളുന്നത്. എല്ലാ യുദ്ധങ്ങളിലും ആദ്യം കൊല്ലപ്പെടുന്നത് സത്യമായിരിക്കും.

മുസ്ളിം ജനസംഖ്യ വര്‍ധിപ്പിച്ചും ഭീകരരെ ഉല്‍പ്പാദിപ്പിച്ചും ലോകാധിപത്യം നേടാനുള്ള മാധ്യമമായി 'ലൌജിഹാദ്' മാറുമെന്ന് പ്രചരിപ്പിക്കുന്നവര്‍, ഇന്ന് ലോകാധിപത്യം സ്ഥാപിച്ചിരിക്കുന്ന മൂലധനശക്തികള്‍ ന്യൂനപക്ഷമാണെന്ന സത്യമാണ് മറച്ചുവയ്ക്കുന്നത്. ഏതെങ്കിലും മതസമുദായത്തിന്റെ സംഖ്യാപരമായ ശക്തിയല്ല, മറിച്ച് കോര്‍പറേറ്റുകളുടെ ശൃംഖലിതമായ മൂലധന ശക്തിയാണ്, ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീകരതയെന്ന യാഥാര്‍ഥ്യമാണ്, 'ലൌ ജിഹാദ്' തുടങ്ങിയ ഒതളങ്ങ വര്‍ത്തമാനങ്ങള്‍ക്കിടയില്‍വച്ച് വഴുക്കിപ്പോകുന്നത്!

ഗുജറാത്തിലെ വംശഹത്യക്ക് ശേഷം ദക്ഷിണേന്ത്യയില്‍ ആദ്യം കര്‍ണാടക കേന്ദ്രമായാണ് മിശ്രപ്രണയവേട്ട ആരംഭിച്ചത്. പിന്നെയത് കാസര്‍കോട് വഴി കേരളത്തിലേക്കും കടക്കുന്നത് നാം കണ്ടു. ബസ്സില്‍വച്ച് വ്യത്യസ്ത മതത്തില്‍പെട്ട സഹപാഠികള്‍ പരസ്പരം സംസാരിച്ചതിന്റെ പേരില്‍, പ്രമോദ് മുത്തലിക്കിന്റെ രാമസേന സൃഷ്ടിച്ച ജനാധിപത്യ വിരുദ്ധത എത്ര വേഗമാണ് വിസ്മൃതമായത്! പ്രണയത്തിന്റെ പൊടിപുരളാത്ത, കറകളഞ്ഞ, 'നിര്‍ബന്ധിത മിശ്രവിവാഹങ്ങള്‍' നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആര്‍ഷഭാരതത്തില്‍ നടന്നിരുന്നതായി സംഘപരിവാര്‍ സാഹിത്യം ആവേശപൂര്‍വം പ്രഖ്യാപിക്കുമ്പോള്‍, അതിലൊരു 'ലൌ കുരുക്ഷേത്ര'യുടെ കരടുള്ളതായിട്ടല്ല, മറിച്ച്, പഴയ രാജഭരണകാലത്ത് അതും അതിലപ്പുറവും നടന്ന് കാണുമെന്ന ചരിത്രബോധമാണ് ജനാധിപത്യവാദികള്‍ പങ്കുവയ്ക്കേണ്ടത്. രജപുത്രരാജപരമ്പരയുടെ സ്ഥാപകനായ ബപ്പാറാവല്‍ ഒന്നിലധികം മുസ്ളിം കുമാരിമാരെ വിവാഹം ചെയ്തു. പ്രണയത്തെക്കുറിച്ചൊരു പരാമര്‍ശവും എവിടെയും കാണുന്നില്ല! 'മാര്‍മാഡിലെ റായ്പാല്‍ രാജാവ് തന്റെ കീഴിലുള്ള ഹിന്ദുസര്‍ദാര്‍മാരെ കൊണ്ട് അറുനൂറോളം മുസ്ളിം കുമാരിമാരെ വിവാഹം ചെയ്യിക്കുകയും ചെയ്തു'. അവര്‍ക്കാര്‍ക്കുമിടയില്‍ പ്രണയത്തിന്റെ ചിത്രശലഭങ്ങള്‍ പറന്നതായി രേഖപ്പെടുത്തി കാണുന്നേയില്ല. ഇതൊക്കെ ഓരോരോ കാലത്തെ രാജാക്കന്മാരുടെ അധികാരഗര്‍വിന്റെയും, രാഷ്ട്രീയമേല്‍ക്കോയ്മ ദൃഢപ്പെടുത്തുന്ന തന്ത്രത്തിന്റെയും ഭാഗമായല്ലാതെ ഏതെങ്കിലും മതങ്ങളുടെ തത്വസാക്ഷാത്കാരമായോ മറ്റൊരു 'ലൌ കുരുക്ഷേത്ര'യായോ ആരെങ്കിലും കണ്ടാല്‍ അവരുടെ താമസം , ഊളമ്പാറയിലേക്ക് ഉടനെ മാറ്റേണ്ടിവരും.

ആറ്

ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ഭാഗങ്ങളില്‍നിന്നും എല്ലാ മുസ്ളിങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള ഗോള്‍വാള്‍ക്കറുടെ പദ്ധതിയെക്കുറിച്ചുള്ള രാജേശ്വര്‍ദയാലിന്റെ ഞെട്ടിപ്പിക്കുന്ന വിവരണം മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരക് ആയ കൃഷ്ണഗോപാല്‍ രസ്തോഗി സ്ഥിരീകരിച്ചിട്ടുണ്ട്.'പ്രചാരക് ജീവന്‍' (പ്രചാരക്കിന്റെ ജീവിതം) എന്ന തന്റെ ആത്മകഥയില്‍ റൂര്‍ക്കിക്കും ഹരിദ്വാറിനും (ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗം) ഇടയിലുള്ള കലിയറിലെ മുസ്ളിങ്ങള്‍ക്കെതിരെ സായുധരായ ഹിന്ദുക്കളെ നേരിട്ട് നയിച്ച സംഭവം വിവരിക്കവെ, യാതൊരു കുറ്റബോധവുമില്ലാതെ, അദ്ദേഹം പറയുന്നു:

"മുസ്ളിങ്ങള്‍ താമസിക്കുന്ന പഴക്കമുള്ള ഒരു അധിവാസ കേന്ദ്രമാണത്. കഠാര, കുന്തം, തോക്ക് എന്നീ ആയുധങ്ങളാല്‍ ഏതൊരു സാഹചര്യത്തെയും നേരിടാന്‍ അവര്‍ സജ്ജരായിരുന്നു. ചില ഹിന്ദു പ്രദേശങ്ങള്‍ ആക്രമിക്കാനുള്ള അവരുടെ ഉദ്ദേശ്യത്തെക്കുറിച്ചറിഞ്ഞ ഞാന്‍ അറിയപ്പെടുന്ന ചില ഗുണ്ടകളുള്‍പ്പെടെ ഇരുനൂറ്റി അമ്പത് ആളുകളെ സംഘടിപ്പിച്ച് കലിയറില്‍ കടന്നാക്രമണം നടത്തി. അപ്പോള്‍ ഒരു അസാധാരണ സംഭവമുണ്ടായി. ഒരു വീട്ടില്‍ ഞങ്ങള്‍ ആളുകളെ കൊന്നുകൊണ്ടിരിക്കെ, അതീവ സുന്ദരിയായ ഒരു ചെറുപ്പക്കാരിയെ ഞങ്ങളവിടെ കണ്ടു. എന്റെ നേതൃത്വത്തിലുള്ള ആക്രമണകാരികള്‍ ഒറ്റയടിക്ക് കാമാതുരരായിത്തീര്‍ന്നു. ആ പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ അവര്‍ അന്യോന്യം പോരടിക്കുകപോലും ചെയ്തു. ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഞാന്‍ വിഷമിച്ചു. യഥാര്‍ഥ പ്രശ്നത്തിലേക്ക് അവരുടെ ശ്രദ്ധ തിരികെ കൊണ്ടുവരാന്‍ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഞാനവരെ തെറി പറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും അവരെന്നെ ശ്രദ്ധിച്ചില്ല. പൊടുന്നനെ ഞാനൊരു പരിഹാരം കണ്ടു. ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായ ആ പെണ്‍കുട്ടിയെ വകവരുത്തണം. ഞാനെന്റെ തോക്കെടുത്ത് അവള്‍ക്ക് നേരെ നിറയൊഴിച്ചു. അവള്‍ മരിച്ചുവീണു. എന്റെ കൂട്ടാളികള്‍ നടുങ്ങിപ്പോയി. അവര്‍ അവരുടെ ജോലി തുടര്‍ന്നു..... അമ്പതില്‍ അധികം എം പിമാരുടെ എതിര്‍പ്പുണ്ടായിട്ടും എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത് (1999-2004) മുരളി മനോഹര്‍ ജോഷിക്ക് കീഴിലുള്ള മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ രണ്ട് കമ്മിറ്റികളില്‍ അതേ കൃഷ്ണഗോപാല്‍ രസ്തോഗിയെ നിയമിച്ചു എന്ന കാര്യം നാമിവിടെ ഓര്‍ക്കേണ്ടതാവശ്യമാണ്.'' (ഗോള്‍വാള്‍ക്കറുടെ നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിര്‍വചിക്കപ്പെടുന്നു. ഒരു വിമര്‍ശനം. ഷംസുല്‍ ഇസ്ളാം. ചിന്ത പബ്ളിഷേഴ്സ്)

ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ പരമോന്നത പദവി അലങ്കരിച്ച റസ്തോഗി ചെയ്ത 'സല്‍കൃത്യം' സുദീര്‍ഘമായി ഇവിടെ ഉദ്ധരിച്ചത് അദ്ദേഹത്തെ അനാദരിക്കാനോ, ആദരിക്കാനോ അല്ല, മറിച്ച് 'അന്ന്' സംഭവിച്ചത് 'അത്രമാത്ര'മായിരുന്നെന്ന് സൂചിപ്പിക്കാന്‍ മാത്രമാണ്. ഇതിന് 'ലൌ ജിഹാദുമായോ, ഈ പ്രബന്ധത്തില്‍ ഇനി വിശദമാകാന്‍ പോകുന്ന കാര്യങ്ങളുമായോ, 'യുക്തിപരമായി' നേര്‍ക്കുനേര്‍ യാതൊരു ബന്ധവുമില്ല!

'ലൌ കുരുക്ഷേത്ര', 'ലൌ കുരിശ്', 'ലൌ ജിഹാദ്' തുടങ്ങിയ പദാവലികള്‍ 'എക്ളറ്റിക്' സ്വഭാവം പുലര്‍ത്തുന്നതിനാല്‍, ഇത്തരം പദാവലികളെല്ലാം ഗൌരവമായൊരു പ്രണയസംവാദത്തില്‍നിന്നും നിര്‍ബന്ധമായും മാറ്റിനിര്‍ത്തേണ്ടതാണ്. വേറിട്ടുനില്‍ക്കുന്ന ആശയങ്ങളെ ഒരു തത്വദീക്ഷയുമില്ലാതെ, കൃത്രിമമായി സംയോജിപ്പിക്കുന്ന, 'പെറുക്കിയെടുക്കല്‍' രീതിയേയാണ്, 'എക്ളറ്റിക്' എന്നതുകൊണ്ട് പൊതുവെ വിവക്ഷിക്കുന്നത് എന്നാലും ഇന്ന്, 'ലൌ ജിഹാദ്' എന്ന വാക്ക് ഉപയോഗിക്കാതെ, പ്രണയം സംബന്ധിച്ച ഒരാശയ ചര്‍ച്ചയില്‍ ഇടപെടാനാവാത്ത ഒരവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. നാസികളുടെ വിമര്‍ശകര്‍ക്കുപോലും ഹിറ്റ്ലറുടെ ജര്‍മനിയില്‍ നാസിതത്വചിന്ത നുഴഞ്ഞുകയറി മലിനമാക്കിയ ഭാഷ ഉപയോഗിക്കേണ്ടിവന്നതുപോലെയുള്ള ഒരവസ്ഥയാണ് അന്ധാളിപ്പിക്കുംവിധം മലയാളി സമൂഹവും ഇന്ന് അനുഭവിക്കുന്നത്. 'കാതിനോ നാവിനോ കൂടുതല്‍ രുചിയെന്ന് നരഭോജികള്‍ തര്‍ക്കിക്കുമ്പോള്‍' മാത്രമല്ല; വസ്തുനിഷ്ഠ യഥാര്‍ഥ്യത്തെ വക്രീകരിക്കുന്ന, 'ലൌ ജിഹാദ്'പോലുള്ള വാക്കുകള്‍ ജീവിതത്തില്‍ വേരാഴ്ത്തുമ്പോഴും, 'ഭാഷയില്‍ ഇരുട്ട്' നിറയും! ലൌ ജിഹാദിനെ തുടര്‍ന്ന്, ക്ളിനിക്കല്‍ ജിഹാദ് സൈനേഡ് ജിഹാദ്, ചീറ്റ് ജിഹാദ്, സ്പൈ ജിഹാദ് തുടങ്ങി നിരവധി പദങ്ങള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് വിദ്വേഷമുള്ള എന്തിന്റെയും മുന്നിലല്ലെങ്കില്‍, പിന്നിലെങ്കിലും ഒരു 'ജിഹാദ്' എന്ന് കൂടി എഴുതിച്ചേര്‍ത്താല്‍, 'ദേശരക്ഷ' സുഭദ്രമാകുമെന്നാണ് സംഘപരിവാര്‍ ശക്തികളും ബന്ധുജനങ്ങളും സ്വയം കരുതുന്നത്. സമകാലിക രാഷ്ട്രിയ സന്ദര്‍ഭത്തില്‍, നിന്ദസൂചകപദ നിര്‍മാണ കലയില്‍ സാമ്രാജ്യത്വവും ഫാസിസവുമാണ്, പുതിയ കണ്ടെത്തലുകള്‍ നടത്തി സംഭ്രമം സൃഷ്ടിക്കന്നത്! ഇറാഖ് അധിനിവേശകാലത്ത് സ്വന്തം രാജ്യത്തെ വ്യോമസേനയെ ആകാശത്തിലെ വീര പോരാളികള്‍ എന്ന് വിളിച്ചവര്‍, ഇറാഖിലെ വ്യോമസേനയെ, 'ബാഗ്ദാദിലെ തന്തയില്ലാത്തവര്‍' എന്നാണ് വിളിച്ചത്! 'മൊത്തത്തിലുള്ളതിനെക്കുറിച്ച് പരാമര്‍ശമില്ലാതെ ഒരു ഭാഗത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശമില്ലാതെ വസ്തുതയെക്കുറിച്ചും കാര്യകാരണബന്ധമില്ലാതെ ഒരു സംഭവത്തെക്കുറിച്ചും, പൊതു സാഹചര്യത്തെ പരാമര്‍ശിക്കാത്തതായ ഒരു പ്രത്യേക പ്രതിസന്ധിയെക്കുറിച്ചും പഠനം നടത്തുന്നത് മാര്‍ക്സിന് വൃഥാവ്യായാമമായി മാത്രമേ അനുഭവപ്പെടുമായിരുന്നുള്ളൂ എന്ന് ഇ എച്ച് കാര്‍ പറഞ്ഞത് 'ലൌജിഹാദ്' അടക്കമുള്ള ഏതൊരു സാമൂഹ്യ വിഷയത്തെക്കുറിച്ചുള്ള പഠനത്തെ സംബന്ധിച്ചിടത്തോളവും പ്രസക്തമാണ്.

ഇന്ത്യയില്‍, 'ഹിന്ദുക്കള്‍' മരിച്ചുകൊണ്ടിരിക്കുകയാണെന്നും, വൈകാതെ ഇന്ത്യയില്‍ ഹിന്ദുജനത ന്യൂനപക്ഷമായിത്തീരുമെന്നും നിരന്തരം പ്രചാരണം നടത്തുന്ന, കാവിജനസംഖ്യാശാസ്ത്രവും 'ലൌജിഹാദ്' പ്രചാരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ന്യായമായും അന്വേഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടല്‍ മരണങ്ങളധികവും ഭരണകൂട ഭീകരതയായിരുന്നെന്ന് തെളിഞ്ഞുകഴിഞ്ഞ പശ്ചാത്തലത്തില്‍, പൊതുസമൂഹത്തിന് മുമ്പില്‍ മലിനമായ സ്വന്തം പ്രതിച്ഛായ മിനുസപ്പെടുത്താനുള്ള സംഘപരിവാര്‍ ശ്രമമാണോ 'ലൌജിഹാദിന്' പിറകിലുള്ളതെന്ന സംശയവും ഇന്ന് പ്രബലമാണ്. സംഘപരിവാര്‍ ഗ്രന്ഥങ്ങള്‍ പറയുന്നത്, ഇതരമതസ്ഥരെപ്പോലെ മാമോദീസമുക്കലോ സുന്നത്തോ അല്ല ഹിന്ദുവിനെ ഹിന്ദുവാക്കുന്നതെന്നാണ്. ഹിന്ദുവിനെ ഹിന്ദുവാക്കുന്നത് നിത്യം വിളക്ക്വയ്ക്കുക, നാമം ചൊല്ലുക, ഓണം ആചാരമനുസരിച്ചുതന്നെ കൊണ്ടാടുക തുടങ്ങിയ കാര്യങ്ങളാണ്. എന്നാല്‍ സംഘപരിവാര്‍ നിര്‍ദേശിക്കുംവിധം 'ആചാരങ്ങളൊന്നും' അനുഷ്ഠിക്കാന്‍ സന്നദ്ധമല്ലാത്ത ഹിന്ദുസമൂഹത്തിലെതന്നെ ഭൂരിപക്ഷത്തിനുനേരെയുള്ള പരോക്ഷഭീഷണിയാവുമോ ലൌ ജിഹാദ്?

ഏഴ്

ഒരു സംഘപരിവാര്‍ഗ്രന്ഥം പറയുന്നത് കേരളത്തില്‍ ഒരു വര്‍ഷം പതിനായിരം പേര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അതില്‍ തൊണ്ണൂറ്റിരണ്ടു ശതമാനം ഹിന്ദുക്കളാണെന്നാണ്. 'കേരളത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണെങ്കില്‍ ഹിന്ദുക്കള്‍ മാത്രം എന്തിനാണ് ഇത്രയധികം ആത്മഹത്യചെയ്യുന്നതെന്ന ചോദ്യം കൂടുതല്‍ പഠനവിധേയമാക്കേണ്ടതാണ്. ഹിന്ദുക്കളില്‍ ആത്മവിശ്വാസം കുറവായതിനാലാണ് ഈ ദുരന്തം ഉണ്ടാകുന്നത്. മദ്യപാനം, ഭാഗ്യപരീക്ഷണം, ആത്മഹത്യ, രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവയില്‍ ഹിന്ദുസമൂഹമാണ് ബലിയാടാകുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ വിപത്തുകളില്‍നിന്ന് ഒരു പരിധിവരെ വിമുക്തരാണ്'' (കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍) ഇതനുസരിച്ച് ഹിന്ദുക്കളെ കള്ള് കുടിപ്പിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ സൂചിപ്പിക്കാന്‍ ഒരു 'ആല്‍ക്കഹോള്‍ ജിഹാദ്' എന്ന വാക്കും, ഭാഗ്യപരീക്ഷണങ്ങളില്‍ കുടുക്കി തകര്‍ക്കുന്നു എന്ന് വിശദമാക്കാന്‍ ഒരു 'ലക്ക് ജിഹാദും' ആത്മഹത്യ ചെയ്യിപ്പിച്ച് ഹിന്ദുക്കളെ ഇന്ത്യയില്‍നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് വ്യക്തമാക്കാന്‍ ഒരു സൂയിസൈഡ് ജിഹാദും കൂടി മിനിമം അനിവാര്യമാകും! മുസ്ളിം ഡോക്ടറെ അവിശ്വസിക്കുന്ന ഹിന്ദു രോഗിയും ഹിന്ദുവക്കീലിനെ ഭയക്കുന്ന മുസ്ളിം കക്ഷിയും, ഭക്ഷണത്തില്‍ പരസ്പരം വിഷം ചേര്‍ക്കുമോ എന്ന് പേടിക്കുന്ന ഹിന്ദു-മുസ്ളിം വിഭാഗങ്ങളുമായി, കേരളീയ സമൂഹം നെറുകെ പിളര്‍ന്നാല്‍, പിറന്ന മണ്ണില്‍ നമ്മളെങ്ങനെ തലനിവര്‍ത്തി നില്‍ക്കും? ഗുജറാത്തിലും ഒറീസയിലും വംശഹത്യക്ക് മുമ്പും പിമ്പുമായി ഇത്തരം പ്രചാരണങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്നു. എന്നാലിപ്പോള്‍ മതനിരപേക്ഷതയുടെ ശക്തികേന്ദ്രമായ കേരളത്തിലാണ്, 'തീയില്ലാതെ പുകയുണ്ടാവില്ലല്ലോ' എന്ന ന്യായത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ പൊടിപാറ്റുന്നത്. കൃഷ്ണനും മമ്മതും തമ്മിലുള്ള വ്യക്തിപരമായ ഒരു തര്‍ക്കത്തെ ഹിന്ദുമതവും ഇസ്ളാം മതവും തമ്മിലുള്ള തര്‍ക്കമാക്കി തീര്‍ക്കുംവിധമാണ്, കാര്യങ്ങള്‍ വളരുന്നത്! പ്രണയവും പ്രണയത്തിന്റെ പേരിലുള്ള മതപരിവര്‍ത്തനവും പതിറ്റാണ്ടുകളായി കേരളത്തില്‍ നടന്നുവരുന്ന ഒരു കാര്യമാണ്. അതിപ്പോള്‍ മാത്രം ഒരു പുതിയ പ്രശ്നമായി രൂപാന്തരം പ്രാപിക്കുന്നതിന്റെ രാഷ്ട്രീയമാണ് ഇന്ന്, നാം അന്വേഷിക്കേണ്ടത്.

മുമ്പെന്നപോലെ ഇന്നും മതയാഥാസ്ഥിതികരും മതരാഷ്ട്രീയക്കാരും അപൂര്‍വം സന്ദര്‍ങ്ങളില്‍ ഇതിലൊന്നും പെടാത്തവരും പ്രണയം പൊളിക്കാന്‍ അത്യുത്സാഹപൂര്‍വം പ്രവര്‍ത്തിക്കുന്നതായി, ഒന്ന് ചുറ്റും കണ്ണോടിച്ചാല്‍ ആര്‍ക്കും കാണാന്‍ കഴിയും? അതൊന്നും സംഭവിക്കുന്നത് ഒരു ലൌ ജിഹാദിന്റെയും പേരിലല്ല. മറിച്ച് കേരളത്തിന്റെ അബോധത്തിന്, പ്രണയത്തെ അതര്‍ഹിക്കുംവിധം ആശ്ളേഷിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. മതത്തിന്റെ മാനദണ്ഡംവച്ചാണ് പ്രണയത്തെപ്പോലും പലരും ഇന്നും അടയാളപ്പെടുത്തുന്നത്.

ബ്രാഹ്മണ സമൂഹത്തില്‍ പിറന്ന്, മതരഹിതയായി മാറിയ എ പി സബിതയെ, മുസ്ളിം സമൂഹത്തില്‍ പിറന്ന് മതരഹിതനായി മാറിയ ഒരു കുഞ്ഞഹമ്മദ് കല്യാണം കഴിക്കുന്നത്, ഹിന്ദുമതത്തിന്റെയോ ഇസ്ളാംമതത്തിന്റെയോ അഭിമാനത്തിന്റെയോ അപമാനത്തിന്റെയോ പ്രശ്നമല്ല, മറിച്ച് വ്യക്തികള്‍ എന്ന നിലയിലുള്ള ഞങ്ങളിരുവരുടെയും പൌരാവകാശത്തിന്റെയും ആത്മാവിഷ്കാരത്തിന്റെയും പ്രശ്നമാണ്. നാളെ ഞങ്ങളിലൊരാളോ, ഞങ്ങളുടെ മകന്‍ മെനിനോഫ്രൂട്ടോയോ ഏതെങ്കിലും ഒരു മതം സ്വീകരിക്കുകയോ, വ്യത്യസ്തമായ മൂന്നു മതങ്ങള്‍ സ്വീകരിക്കുകയോ, മതരഹിതരും, മതവിശ്വാസികളുമടങ്ങുന്ന ഒരു 'മിശ്രകൂട്ടായ്മ'യായി മാറുകയോ ചെയ്താലും, അതിനെ എങ്ങനെ ഏതെങ്കിലും മതത്തിന്റെ അഭിമാനത്തിന്റെയും അപമാനത്തിന്റെയും കള്ളിയിലേക്ക് ചുരുക്കും? പക്ഷേ ഏറെ കൌതുകകരമായ കാര്യം, മിശ്രവിവാഹത്തെ എതിര്‍ക്കുന്നവര്‍പോലും മിശ്രതയിലെ വ്യത്യസ്ത മതങ്ങളെപ്പറ്റി അനാവശ്യജാഗ്രതയും ഉത്കണ്ഠയും വച്ചുപുലര്‍ത്തുന്നു എന്നുള്ളതാണ്. ഞങ്ങള്‍ക്കുണ്ടായ രണ്ട് വിചിത്രമായ അനുഭവങ്ങള്‍മാത്രം ഓര്‍ത്ത് ഞാനേറെ ചിരിക്കുകയും കരയുകയും ചെയ്തിട്ടുണ്ട്..

അതിലൊന്ന് ഒരു ബ്രാഹ്മണ യുവാവും മുസ്ളിം യുവതിയും തമ്മിലുള്ള മിശ്രവിവാഹവുമായി ബന്ധപ്പെട്ടപ്പോഴുണ്ടായ അനുഭവമാണ്. മേല്‍ പറഞ്ഞ ബ്രാഹ്മണയുവാവിന്റെ പ്രായംകൂടിയ ഒരു ബന്ധു പ്രസ്തുത വിവാഹത്തോടനുബന്ധിച്ച് പറഞ്ഞ രസകരമായ ഒരു കമന്റാണ് ഞാനോര്‍ക്കുന്നത്. 'കെ ഇ എന്‍' ഇവ്ട്ന്ന് ഒന്ന് കൊണ്ടുപോയപ്പം നീ അവിടന്ന് ഒന്നിനെ ഇങ്ങോട്ടും കൊണ്ടുപോന്നു എന്നാശ്വസിക്കും വിധമായിരുന്നു അത്! അര്‍ഥശൂന്യമായ ഒരൊത്തുനോക്കലാണ് അദ്ദേഹം നടത്തിയതെങ്കിലും ഞങ്ങളിരുവരുടെയും മിശ്രവിവാഹത്തെ അദ്ദേഹം അംഗീകരിച്ചല്ലോ എന്ന ആഹ്ളാദമായിരുന്നു എനിക്ക്! പക്ഷേ, അപ്പോഴും സ്വന്തം ബന്ധുവായ ബ്രാഹ്മണയുവാവിന്റെ മിശ്രവിവാഹത്തെ അദ്ദേഹം മുച്ചൂടും എതിര്‍ക്കുകയായിരുന്നു! കെ ഇ എന്‍ ഇവ്ട്ന്നു ഒന്നിനെ കൊണ്ടുപോയ നഷ്ടം, അവിട്ന്ന് ഒന്നിനെക്കൊണ്ട് വന്ന് നീ നികത്തിയത് നല്ല കാര്യം! പക്ഷേ നിന്റെ 'മിശ്രവിവാഹം അംഗീകരിക്കുന്ന പ്രശ്നമില്ല.' എന്റെ കോഴിയെ നിങ്ങളെടുത്തോളിന്‍/ പക്ഷേ, എന്റെ കോഴിയെ മാത്രം എനിക്ക് തരിന്‍'' എന്ന് കവി പാടിയ അവസ്ഥ! വിശ്വാസികളുടെ അഗാധമാവേണ്ട മതവിശ്വാസം ഇവ്വിധം പൊള്ളയായിപ്പോകുന്നതോര്‍ത്ത് മതരഹിതനായ എനിക്ക് സങ്കടമാണ് അനുഭവപ്പെടുന്നത്.

മറ്റൊരു സന്ദര്‍ഭം, ഒരപകടത്തില്‍പെട്ട് സബിതക്ക് തലക്ക് ഒരു സര്‍ജറി ചെയ്തതിനെത്തുടര്‍ന്നുണ്ടായതാണ്. സര്‍ജറിയുടെ ആവശ്യാര്‍ഥം തലമുടി മുഴുവന്‍ വടിക്കേണ്ടിവന്നിരുന്നു. ചൂട് സഹിക്കാനാവാതെ വരുമ്പോള്‍ അവര്‍ സാരിത്തുമ്പ് തലയിലിടാന്‍ തുടങ്ങി. പ്രശ്നം അവിടം മുതലാണ് തുടങ്ങിയതെന്ന് വളരെ വൈകിയാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. ഒരു ദിവസം ഒരു മുസ്ളിം സുഹൃത്ത് അവരോട്, 'ഇതാ നന്നായത്' എന്ന് പറഞ്ഞു. മറ്റൊരു ദിവസം വേറൊരു 'ഹിന്ദുസുഹൃത്ത്' 'ഇത് വേണ്ടിയിരുന്നില്ല' എന്നും പറഞ്ഞു. 'മതം മാറുന്നതുകൊണ്ട് എന്താ ' എന്നൊരാള്‍ സ്നേഹപൂര്‍വം തുറന്നുതന്നെ ചോദിച്ചപ്പോഴാണ് 'കഥ'കള്‍ നിര്‍മിക്കപ്പെടുംവിധം നേരിട്ട് മനസ്സിലായത്. എ പി സബിത ഇസ്ളാംമതം സ്വീകരിച്ചു എന്ന വാര്‍ത്ത ഇടതുപക്ഷവിരുദ്ധമാധ്യമ പ്രചാരണം കത്തിനിന്ന കാലത്ത് കേരളമാകെ പലരുടെയും സഹായംകൊണ്ട് വേണ്ടവിധം വ്യാപിച്ചു. ഞങ്ങളുടെ മകന്‍ മെനിനോ ഫ്രൂട്ടോവിനെ ഏതോ മദ്രസയില്‍ സ്വന്തം ചെലവില്‍ സൌജന്യമായി ചിലര്‍ ചേര്‍ത്തുതരികയും ചെയ്തു. തലക്ക് പറ്റിയ മുറിവിന് മുകളില്‍, അതിനേക്കാള്‍ വലിയൊരു മുറിവായി, വിവാദം കൊഴുത്തു. 'മതം മാറിയാല്‍ത്തന്നെ എന്താ, ' എന്ന് നിവര്‍ന്നുനിന്ന് ചോദിക്കേണ്ടവരില്‍ ചിലരും അന്ന് 'മതപ്പേടി' ബാധിച്ച് പനിച്ച് കിടന്നവരില്‍ പെടുമെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇന്നാശ്വസിക്കാന്‍ വകയുണ്ട്. അന്ന് തല വെയിലുകൊള്ളാതിരിക്കാന്‍ സാരികൊണ്ട് മറച്ചതിനെ ആരും 'ആചാര ജിഹാദ്' എന്ന അര്‍ഥത്തില്‍ 'റിച്വല്‍ ജിഹാദ്'എന്ന് വിളിച്ചില്ലല്ലോ! ഇന്ന് ഫാഷന്റെ ഭാഗമായി മുസ്ളിംകുട്ടികള്‍ തലയിലിടേണ്ട തട്ടം തോളിലിടുന്നു. നാളെ ഹിന്ദുകുട്ടികള്‍ ഇന്നവര്‍ തോളിലിടുന്ന 'ഷാള്‍' തലയിലിട്ടാല്‍ അതും മറ്റൊരു ഫാഷന്‍ എന്ന് കരുതുന്നതിന് പകരം, ഇതാ 'റിച്വല്‍ ജിഹാദ്' വരുന്നേ എന്നാര്‍ത്തുവിളിച്ച് എന്തിന് ചിരിക്കാനുള്ള ഒരവസംകൂടി നമ്മള്‍ നഷ്ടപ്പെടുത്തണം.

*
(കെ ഇ എന്‍ എഡിറ്റ് ചെയ്ത് ചിന്താ പബ്ളിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന 'ലൌ സിന്ദാബാദ്, ലൌജിഹാദ് മൂര്‍ദാബാദ്'എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍നിന്ന്)
കടപ്പാട്: ദേശാഭിമാനി വാരിക, വര്‍ക്കേഴ്സ് ഫോറം