30 November, 2009

സ്റ്റാലിന്റെ രണ്ടാംവരവ്

സ്റ്റാലിന്റെ രണ്ടാംവരവ്
1980കളുടെ ഒടുവില്‍, സോവിയറ്റ് യൂണിയനെ മിഖായേല്‍ ഗോര്‍ബച്ചേവ് ക്രമബദ്ധമായി വന്ധ്യംകരിച്ചുകൊണ്ടിരുന്ന കാലത്ത്, മുതലാളിത്തലോകത്ത് ഏറ്റവും പ്രിയങ്കരനായ ഭരണാധികാരിയായിരുന്നു 'ഗോര്‍ബി' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗോര്‍ബച്ചേവ്. കമ്യൂണിസമെന്ന 'ഭീകരഭൂത'ത്തില്‍നിന്ന് സോവിയറ്റ് യൂണിയനെ വിമോചിപ്പിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്കും സമൃദ്ധിയുടെ സുഖസാഗരങ്ങളിലേക്കും കൈപിടിച്ചു നടത്തുന്ന അമാനുഷസിദ്ധിയുള്ള പ്രവാചകനായി പാശ്ചാത്യ സമൂഹങ്ങളില്‍ ഗോര്‍ബച്ചേവ് കൊട്ടിഘോഷിക്കപ്പെട്ടു. ഗ്ളാസ്നോസ്ത് എന്ന അഭിധാനത്തില്‍ തുറന്ന സമീപനവും പെരിസ്ത്രോയിക്ക എന്ന പുനര്‍നിര്‍മാണവും രാഷ്ട്രഗാത്രത്തില്‍ സന്നിവേശിപ്പിച്ച് സോവിയറ്റ് യൂണിയന് പുതുവീര്യവും നവോന്മേഷവും മത്സരക്ഷമതയും നല്‍കുകയായിരുന്നു ഗോര്‍ബച്ചേവിന്റെ 'പ്രഖ്യാപിത' ലക്ഷ്യങ്ങള്‍. എന്നാല്‍, ഉദ്ദേശലക്ഷ്യങ്ങള്‍ വാചാടോപത്തില്‍ ഒതുങ്ങുകയും പ്രയോഗതലത്തില്‍ നപുംസകത്വവും നിഷ്ക്രിയത്വവും ശേഷിരാഹിത്യവും പടര്‍ന്നു പിടിക്കുകയും ചെയ്തു. പാശ്ചാത്യഭരണകൂടങ്ങളുടെയും മുതലാളിത്തമാധ്യമങ്ങളുടെയും അഭംഗുര സ്തുതിപ്രവാഹത്തില്‍ അക്കാലത്ത് ഗോര്‍ബച്ചേവ് മതിമറന്നു.

സൈനികമായി സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തുക അസാധ്യമാണെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്ന പാശ്ചാത്യമുതലാളിത്ത ചേരിക്ക് നിനച്ചിരിക്കാതെ വന്നുചേര്‍ന്ന നാറാണത്തുഭ്രാന്തനായിരുന്നു ഗോര്‍ബച്ചേവ്. പാശ്ചാത്യശക്തികള്‍ ഇച്ഛിച്ചതുപോലെ സോവിയറ്റ് യൂണിയനെ അര വ്യാഴവട്ടം കൊണ്ട് പതിനഞ്ച് ഖണ്ഡമാക്കി മുതലാളിത്തത്തിന്റെ കമ്പോളക്കിന്നാരങ്ങളുടെ പിച്ചപ്പാത്രത്തില്‍ "ഗോര്‍ബി'' വച്ചുകൊടുത്തു. സോവിയറ്റ് യൂണിയനെ ഒരുമിച്ചുനിര്‍ത്താന്‍ കഴിയുമായിരുന്നിട്ടും, സോഷ്യലിസ്റ്റ് വ്യവസ്ഥയെ വിവേകപൂര്‍ണമായ നവീകരണത്തിലൂടെയും ജാഗരൂകമായ തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെയും നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നിട്ടും, അതിനൊന്നും ശ്രമിക്കാതെ, പാശ്ചാത്യരുടെ താളത്തിനൊത്ത് തുള്ളി ആ മഹാരാഷ്ട്രത്തെ ഛിന്നഭിന്നമാക്കി, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തോടെ അരങ്ങൊഴിഞ്ഞ്, ഒടുവില്‍ പാശ്ചാത്യസര്‍വകലാശാലകളിലെ കൂലി പ്രാസംഗികനായി ചുരുങ്ങി അപ്രസക്തനാകുകയായിരുന്നു ഗോര്‍ബച്ചേവ്.

സോവിയറ്റ് യൂണിയനിലെ മാര്‍ക്സിസ്റ്റ് പ്രയോഗത്തിന് പാളിച്ചകള്‍ ഉണ്ടായിരുന്നില്ല എന്ന് ഇതിനര്‍ഥമില്ല. മാര്‍ക്സിസം -ലെനിനിസത്തിന്റെ വികൃതപ്രയോഗങ്ങള്‍ സോവിയറ്റ് ചരിത്രത്തില്‍ ധാരാളമുണ്ട്. മാര്‍ക്സിസം - ലെനിനിസത്തെ അതിന്റെ വിശുദ്ധിയില്‍ വീണ്ടെടുക്കാനാണ് ഗ്ളാസ്നോസ്തും, പെരിസ്ത്രോയിക്കയുമെന്നാണ് 1985ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഗോര്‍ബച്ചേവ് പറഞ്ഞത്. പക്ഷേ, എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതുപോലെ 1991ല്‍ സോവിയറ്റ് യൂണിയനെ വെട്ടിമുറിക്കാന്‍ ബോറിസ് യെട്സിന്‍ നേതൃത്വം നല്‍കിയ കൊള്ളസംഘത്തിന് വിട്ടുകൊടുക്കുകയായിരുന്നു ഗോര്‍ബച്ചേവ്. എന്നിട്ടെന്ത് സംഭവിച്ചു? 1980കളുടെ ഒടുവില്‍ സോവിയറ്റ് യൂണിയനെ മികച്ച ആസൂത്രണ മികവോടെ ശിഥിലമാക്കിക്കൊണ്ടിരുന്നപ്പോഴും, ആ രാഷ്ട്രത്തിന്റെ നിഷ്ക്രമണത്തിനു ശേഷവും പൂര്‍വസോവിയറ്റ് സമൂഹത്തില്‍ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയായി മാറാനായിരുന്നു ഗോര്‍ബച്ചേവിന്റെ സ്വാഭാവികവിധി. 1991ല്‍ 'നിസവിസിമയ ഗസ്യത്ത' എന്ന റഷ്യന്‍ പത്രം ഗോര്‍ബച്ചേവിന്റെ ജനപിന്തുണ അറിയാന്‍ ഒരു അഭിപ്രായസര്‍വെ നടത്തിയിരുന്നു. വെറും ഒരു ശതമാനം ജനങ്ങള്‍മാത്രമാണ് അന്ന് അദ്ദേഹത്തെ പിന്തുണച്ചത്. അക്കാലത്ത് റഷ്യയില്‍ പഠിച്ചിരുന്ന ഈ ലേഖകന് റഷ്യക്കാര്‍ ഗോര്‍ബച്ചേവിനെ വെറുക്കുക മാത്രമല്ല, ഒരു പരിഹാസ കഥാപാത്രമായാണ് കണ്ടിരുന്നതെന്നും നിരവധി അനുഭവങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സൈബീരിയയിലെ ഒരു ഉള്‍നാടന്‍ പട്ടണത്തില്‍ പോയപ്പോള്‍ ചീഞ്ഞ തക്കാളികൊണ്ട് അദ്ദേഹത്തെ ജനങ്ങള്‍ എറിഞ്ഞത് അക്കാലത്ത് വാര്‍ത്തയായിരുന്നു.

മുതലാളിത്ത രാജ്യങ്ങളില്‍ വിശുദ്ധവിഗ്രഹമായി ആരാധിക്കപ്പെട്ടപ്പോഴും റഷ്യയില്‍ ഗോര്‍ബച്ചേവ് ജനങ്ങള്‍ക്ക് അനഭിമതനായിരുന്നു. കാരണം ഗോര്‍ബച്ചേവ് യുഗത്തില്‍ റഷ്യക്കാര്‍ക്ക് വാഗ്ദാനംചെയ്യപ്പെട്ടത് 'അമേരിക്കന്‍സ്വര്‍ഗ'മാണ്. അമേരിക്കയെപ്പോലെ, പടിഞ്ഞാറന്‍ യൂറോപ്പിനെപ്പോലെ 'സമ്പല്‍സമൃദ്ധ'മായ സോവിയറ്റ് യൂണിയന്‍ എന്ന വാഗ്ദാനം. അമേരിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും സമൂഹങ്ങള്‍ സമൃദ്ധിയുടെ കാര്യത്തില്‍ ഐകരൂപ്യമുള്ളവയാണെന്ന മൂഢധാരണ അക്കാലത്ത് റഷ്യക്കാരുടെ മനസ്സില്‍ വേരൂന്നിയിരുന്നു. അതുകൊണ്ടുതന്നെ സോവിയറ്റ് യൂണിയനില്‍നിന്ന് സോഷ്യലിസം പോയി മുതലാളിത്തം വന്നാല്‍ ഒരു സുഖസമൃദ്ധ, പ്രശ്നരഹിത ലോകത്തേക്ക് പ്രവേശിക്കാമെന്ന് അവര്‍ കരുതി. പക്ഷേ, സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ റഷ്യക്കാര്‍ പ്രവേശിച്ചത് പ്രശ്നകലുഷവും ദുഃഖനിര്‍ഭരവും ദാരിദ്ര്യപൂര്‍ണവുമായ ഒരു ലോകത്തേക്കാണ്. ഉള്ള സുഖങ്ങളും സൌകര്യങ്ങളും ആനുകൂല്യങ്ങളും നൊടിയിടയില്‍ അപ്രത്യക്ഷമായി.

സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്ത് എല്ലാവര്‍ക്കും തൊഴില്‍ ഉണ്ടായിരുന്നു. ചികിത്സ സൌജന്യമായിരുന്നു. പാര്‍പ്പിടം സൌജന്യം മാത്രമല്ല, മൌലികാവകാശം കൂടിയായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ തുച്ഛവിലയ്ക്ക് കിട്ടിയിരുന്നു. മൂന്ന് റൂബിളിന് മുപ്പത് കോഴിമുട്ടയും ഒരു റൂബിളിന് ഒരു കോഴിയും 1989ല്‍ പോലും സോവിയറ്റ് യൂണിയനില്‍ ലഭ്യമായിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ഒരുമാസം കഴിഞ്ഞപ്പോള്‍ ഒരു കോഴിമുട്ടയ്ക്ക് 30 റൂബിളും ഒരു കോഴിക്ക് 1000 റൂബിളുമായി വില ഉയര്‍ന്നു. കോഴി പുതുപ്പണക്കാരുടെ ഭക്ഷണമായി. അക്കാലത്ത് ഞങ്ങളുടെ ഹോസ്റ്റലുകളില്‍ മാംസാഹാരം അപൂര്‍വമായേ ഉണ്ടാകുമായിരുന്നുള്ളു. കാബേജ് കഞ്ഞിയും ഗോതമ്പ് ബ്രഡും മാത്രം കഴിച്ചായിരുന്നു 1990കളുടെ ആദ്യപാദത്തില്‍ ഞങ്ങള്‍ കഴിച്ചു കൂട്ടിയിരുന്നത്. എന്നാല്‍, ഞങ്ങളുടെ സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞത് 1986-89 കാലഘട്ടത്തില്‍പോലും ഹോസ്റ്റല്‍ കാന്റീനുകളില്‍ ചിക്കനും ബീഫും മട്ടനുമൊക്കെ യഥേഷ്ടം ലഭ്യമായിരുന്നു എന്നാണ്. കോഴിയിറച്ചി കഴിച്ച കാലം മറന്നു എന്ന് ഞങ്ങള്‍ പഠിച്ചിരുന്ന മെഡിക്കല്‍ കോളേജിലെ അധ്യാപികമാര്‍ നെടുവീര്‍പ്പിട്ട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലത്ത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മിക്ക റഷ്യന്‍ കുടുംബങ്ങളും സുഖവാസ യാത്രകള്‍ നടത്തുമായിരുന്നു. തകര്‍ന്നു കഴിഞ്ഞ സോവിയറ്റ് യൂണിയനില്‍ സുഖവാസം പോയിട്ട് സ്വൈരവാസംപോലും പൌരന്മാര്‍ക്ക് സാധ്യമല്ലാതായി. മാഫിയകള്‍ കൂണുപോലെ റഷ്യയുടെ നാനാദിക്കിലും തഴച്ചുവളര്‍ന്നു. മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ക്കുപോലും ഒരു മാസത്തെ ശമ്പളംകൊണ്ട് മൂന്ന് ദിവസം കഴിഞ്ഞുകൂടാന്‍ പറ്റാതായി. മോസ്കോ സര്‍വകലാശാലയിലെ ചില പ്രൊഫസര്‍മാരുടെ പെണ്‍മക്കള്‍പോലും ആഡംബരത്വര മൂത്ത് ശരീരം വില്‍ക്കാന്‍ തെരുവിലിറങ്ങി. ഒരു സൂക്ഷ്മ ന്യൂനപക്ഷമാകട്ടെ മുതലാളിത്തത്തിന്റെ വന്യരഥ്യകളില്‍ സഞ്ചരിച്ച് പൊടുന്നനെ കോടീശ്വരന്മാരായി. അതേസമയം ഏതു മൂന്നാം ലോകരാജ്യത്തെയും മധ്യവര്‍ഗ കുടുംബങ്ങളേക്കാള്‍ നന്നായി ജീവിച്ചിരുന്ന സോവിയറ്റ് പൌരന്മാര്‍ സോഷ്യലിസം തിരോഭവിച്ചതോടെ ബ്രഡും പച്ചവെള്ളവും ഗുണമേന്മയില്ലാത്ത ചീസുംമാത്രം കഴിച്ച് ജീവിക്കേണ്ട ഗതികേടിലായി.

ചുരുക്കിപ്പറഞ്ഞാല്‍, ഗോര്‍ബച്ചേവ് സോവിയറ്റ് പൌരന്മാര്‍ക്ക് ഒരു അയഥാര്‍ഥ സ്വര്‍ഗം വാഗ്ദാനംചെയ്തു. അവര്‍ക്ക് കിട്ടിയത് യഥാര്‍ഥ നരകമായിരുന്നു. അപ്പോഴാണ് സോഷ്യലിസ്റ്റ് ഭൂതകാലം സ്വര്‍ഗസമാനമായിരുന്നു എന്നവര്‍ക്ക് ബോധ്യപ്പെട്ടത്. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.

ഇത്രയുമെഴുതിയത് സ്റ്റാലിനെപ്പറ്റി റഷ്യയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്ന 'ഞെട്ടിക്കുന്ന' വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സ്റ്റാലിന്‍ റഷ്യക്കാര്‍ക്കിടയില്‍ അടിക്കടി പ്രിയങ്കരനായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യകണ്ട ഏറ്റവും മഹാനായ ചരിത്രപുരുഷന്‍ ആര് എന്നറിയാന്‍ 1989ല്‍ ഒരു അഭിപ്രായസര്‍വെ സംഘടിപ്പിച്ചിരുന്നു. അന്ന് സ്റ്റാലിന്റെ സ്ഥാനം പത്താമതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേവിഷയത്തില്‍ ആറ് മാസം നീണ്ടുനിന്ന ഒരു അഭിപ്രായ സര്‍വെ റഷ്യയില്‍ നടന്നു. അതില്‍ സ്റ്റാലിന്‍ മൂന്നാമതായാണ് എത്തിയത്. ഈ അഭിപ്രായസര്‍വെ നടക്കുമ്പോള്‍ പലഘട്ടങ്ങളിലും സ്റ്റാലിന്‍ ഒന്നാമതെത്തിയിരുന്നു. അപ്പോഴൊക്കെ സംഘാടകര്‍ സ്റ്റാലിനൊഴികെ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യൂ എന്ന് റഷ്യക്കാരോട് കെഞ്ചുകയായിരുന്നുവത്രെ. സംഘാടകരുടെ ഈ പക്ഷപാതപരമായ ഇടപെടല്‍ നടന്നിരുന്നില്ലെങ്കില്‍ സ്റ്റാലിന്‍ നിഷ്പ്രയാസം ഒന്നാമതെത്തുമായിരുന്നു. (ഹിന്ദു, നവംബര്‍ 12, 2009)

സ്റ്റാലിന്റെ ഈ രണ്ടാംവരവ് സോവിയറ്റ് ഭൂതകാലം ഇന്നത്തെ മുതലാളിത്ത റഷ്യയേക്കാള്‍ എത്രയോ മെച്ചപ്പെട്ടതായിരുന്നു എന്ന് റഷ്യന്‍ സമൂഹം ചിന്തിക്കുന്നതിന്റെ നിദര്‍ശനമാണ്. പ്രശ്നങ്ങളും പരിമിതികളും പലതുണ്ടായിരുന്നുവെങ്കിലും സോവിയറ്റ് യൂണിയനിലെ ജീവിതം സോവിയറ്റനന്തര റഷ്യയിലെ അരക്ഷിത ദരിദ്രജീവിതത്തേക്കാള്‍ എത്രയോ ഭേദമായിരുന്നു എന്നതിന്റെ ഗൃഹാതുരമായ സാക്ഷ്യപത്രം കൂടിയാണ്. സ്റ്റാലിനെയും കമ്യൂണിസത്തെയും സോവിയറ്റ് യൂണിയനെയും മരണംവരെ വൈരനിര്യാതന ബുദ്ധിയോടെ വീക്ഷിച്ചിരുന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഒരിക്കല്‍ സ്റ്റാലിനെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ്.

"സ്റ്റാലിന്‍ മരംകൊണ്ട് ഉണ്ടാക്കിയ കലപ്പയുമായാണ് റഷ്യയിലേക്ക് വന്നത്. എന്നാല്‍, റഷ്യയെ ഒരു അണുവായുധശക്തിയാക്കിയാണ് അദ്ദേഹം പോയത്.''

1956ല്‍ നടന്ന സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 20-ാം കോണ്‍ഗ്രസോടെ സ്റ്റാലിന്റെ നിഷേധവശങ്ങള്‍ പര്‍വതീകരിക്കപ്പെടുകയും ഗുണവശങ്ങള്‍ തമസ്കരിക്കപ്പെടുകയുംചെയ്തു. സോവിയറ്റ് യൂണിയന്റെ നിഷ്ക്രമണത്തോടെ സ്റ്റാലിന്റെ ഗുണവശങ്ങളെക്കുറിച്ച് റഷ്യക്കാര്‍ വാചാലരാകാന്‍ തുടങ്ങി എന്നത് സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം സൂക്ഷ്മമായ അപഗ്രഥനത്തിന് വിഷയീഭവിക്കേണ്ട കാര്യമാണ്.

*
എ എം ഷിനാസ് (കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജ് അധ്യാപകനാണ് ലേഖകന്‍‍)
കടപ്പാട്: ദേശാഭിമാനി, വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment

Visit: http://sardram.blogspot.com