27 December, 2014

വര്‍ഗീയ ധ്രുവീകരണത്തിനുള്ള പുതിയ നീക്കങ്ങള്‍

നരേന്ദ്രമോഡിസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കേന്ദ്ര മാനവവിഭവശേഷിവികസനമന്ത്രാലയം ഇറക്കിയ വിവാദഉത്തരവുകള്‍ ഇവയാണ്-കേന്ദ്രീയവിദ്യാലയങ്ങളില്‍ മൂന്നാംഭാഷയായി ജര്‍മന്‍ പഠിപ്പിക്കുന്നത് അധ്യയനവര്‍ഷത്തിന്റെ പകുതിയില്‍ നിര്‍ത്തലാക്കുകയും പകരം സംസ്‌കൃതം കൊണ്ടുവരികയും ചെയ്യുക, ഐഐടികളിലും ഐഐഎമ്മുകളിലും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുകളിലും സസ്യഭക്ഷണം കഴിക്കുന്നവര്‍ക്കും സസ്യേതരഭക്ഷണം കഴിക്കുന്നവര്‍ക്കും വെവ്വേറെ കാന്റീനുകള്‍ സ്ഥാപിക്കാനുള്ള സാധ്യത ആരായുക, ക്രിസ്മസ് നാളില്‍ നവോദയ-കേന്ദ്രീയ വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുക. സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്ത് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന അന്തരീക്ഷം പരിഗണിക്കുമ്പോള്‍ മാനവശേഷി മന്ത്രാലയത്തിന്റെ ഈ ഉത്തരവുകള്‍ യാദൃച്ഛികമല്ലെന്ന് ആര്‍ക്കും ബോധ്യമാകും.
ഹിന്ദുത്വത്തിന്റെ വ്യാപാരികള്‍ ഹിന്ദുസംസ്‌കാരത്തെ തെറ്റിദ്ധാരണാജനകമായാണ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഹിന്ദുമഹാസഭയും ആര്‍എസ്എസും ജനസംഘവും ബിജെപിയും വിശ്വഹിന്ദുപരിഷത്തും സംഘപരിവാറിന്റെ കുടക്കീഴിലുള്ള ഒട്ടേറെ സംഘടനകളും പ്രചരിപ്പിക്കുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പ്രത്യേക രീതിയിലുള്ള 'ഹിന്ദുപാരമ്പര്യമുണ്ടെന്നും' പ്രത്യക്ഷത്തില്‍ ഹിന്ദുവായി ജീവിക്കാത്തവരും ഇക്കാര്യം ഉള്‍ക്കൊണ്ട് 'യഥാര്‍ഥ' ഇന്ത്യക്കാരായി ജീവിക്കണമെന്നുമാണ്. സാമൂഹിക, സാമൂഹികശാസ്ത്രകാരണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ അടിസ്ഥാനരഹിതമായ വാദമാണിത്. ഇന്ത്യയില്‍ ഹിന്ദു എന്നത് ജീവിതരീതിയായിരുന്നു. മതത്തിന്റെ ചട്ടക്കൂടില്‍ ഹിന്ദു ഒരിക്കലും ഒതുങ്ങിയിരുന്നില്ല. അതിനാല്‍ സംഘപരിവാറിന്റെ വാദത്തിന് ധാര്‍മികമോ അക്കാദമികമോ ദൈവശാസ്ത്രപരമോ ആയ അടിസ്ഥാനമൊന്നുമില്ല; തികച്ചും രാഷ്ട്രീയമായ ഉള്ളടക്കം മാത്രമാണ് ഹിന്ദുത്വആശയങ്ങള്‍ക്കുള്ളത്.
സ്വാതന്ത്ര്യത്തിനുശേഷം ഹിന്ദുമഹാസഭയും ജനസംഘവും ബിജെപിയും സാംസ്‌കാരികരംഗത്ത് നടത്തിയ 'പോരാട്ടങ്ങള്‍' കേന്ദ്രീകരിച്ചത് ചില വിഷയങ്ങളിലാണ്-ഗോഹത്യനിരോധനം, ഉറുദു ഭാഷയോടുള്ള എതിര്‍പ്പ്, മതപരിവര്‍ത്തനം എന്നിവയില്‍. ഭക്ഷണത്തെയും ഭാഷയെയും മതവുമായി ബന്ധപ്പെടുത്തി പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയെന്നത് ഫാസിസ്റ്റുകളുടെ പ്രവര്‍ത്തനരീതിയാണ്. ഇതിനായി വിദ്യാഭ്യാസമേഖലയെ ദുരുപയോഗിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ആര്‍എസ്എസ് സംഘടനകള്‍ രാജ്യവ്യാപകമായി മതപരിവര്‍ത്തനമേളകള്‍ നടത്തുന്ന സാഹചര്യത്തില്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മേല്‍പ്പറഞ്ഞ ഉത്തരവുകളുടെ ഗൗരവം വര്‍ധിക്കുകയാണ്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും പ്രധാന വിഷയം മതപരിവര്‍ത്തനം തന്നെയാണ്. ക്രൈസ്തവമിഷനറിമാരും മുസ്ലിംസംഘടനകളും രാജ്യത്ത് വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഹിന്ദുമതം അപകടത്തിലാണെന്നും ആര്‍എസ്എസ് വ്യാപകമായി പ്രചരിപ്പിച്ചുവരികയാണ്. ഇന്ത്യയില്‍ ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും എണ്ണം ജനസംഖ്യാനുപാതികമായി വര്‍ധിക്കുന്നുവെന്നല്ലാതെ നേരത്തേയുള്ള അനുപാതത്തെ അട്ടിമറിക്കുന്ന വിധത്തില്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ എണ്ണം പെരുകുന്നില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക സെന്‍സസ് കണക്കുകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നിട്ടും സംഘപരിവാര്‍ മറിച്ചാണ് പ്രചരിപ്പിക്കുന്നത്.
ഇതുവരെ മതപരിവര്‍ത്തനത്തെ എതിര്‍ത്ത സംഘപരിവാര്‍ മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ തന്ത്രങ്ങളിലേക്ക് നീങ്ങി. ഉത്തരേന്ത്യയില്‍ ദളിത്, ആദിവാസിമേഖലകളില്‍ ആര്‍എസ്എസ് സംഘടനകള്‍ വ്യാപകമായി 'കുടുംബത്തിലേക്ക് മടങ്ങിവരവ്' പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. മുസ്ലിങ്ങളും ക്രൈസ്തവരുമെല്ലാം മുമ്പ് ഹിന്ദുക്കള്‍ ആയിരുന്നുവെന്നും അവര്‍ കുടുംബത്തിലേക്ക് മടങ്ങിവരണമെന്നും ആര്‍എസ്എസ് പ്രചരിപ്പിക്കുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 26ന് അലിഗഡിനു സമീപം അസ്രോയില്‍ സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ പള്ളി സംഘപരിവാര്‍ ക്ഷേത്രമാക്കി മാറ്റിയെന്ന് പ്രഖ്യാപിച്ചു. നാട്ടുകാരില്‍ ചിലര്‍ ഹിന്ദുമതത്തിലേക്ക് പുനര്‍പരിവര്‍ത്തനം ചെയ്തുവെന്ന പേരിലായിരുന്നു ഇത്. ആഗസ്ത് 26നാണ് വാല്‍മീകി സമുദായക്കാരായ 72 പേരെ സംഘപരിവാര്‍ വീണ്ടും ഹിന്ദുക്കളാക്കി മാറ്റിയത്. ഇവര്‍ 1995ല്‍ ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരാണ്. എന്നാല്‍ 'ശുദ്ധികര്‍മ്മത്തിലൂടെ' ഇവരെ പുനര്‍മതപരിവര്‍ത്തനം നടത്തിയെന്ന് സംഘപരിവാര്‍ അവകാശപ്പെടുന്നു. തുടര്‍ന്ന് പള്ളിയില്‍ പ്രവേശിച്ച് കുരിശ് എടുത്തുമാറ്റുകയും ശിവന്റെ ചിത്രം പ്രതിഷ്ഠിക്കുകയുംചെയ്തു. ദേവാലയത്തിനുള്ളില്‍ യജ്ഞവും നടത്തി. ക്രിസ്തുമതത്തിലേക്ക് പോയവര്‍ അവരുടെ തെറ്റു മനസ്സിലാക്കി തിരിച്ചുവരികയാണ് ചെയ്തത്. അവരെ ഞങ്ങള്‍ സ്വാഗതം ചെയ്തു-ഇതാണ് സംഘപരിവാര്‍ ഭാഷ്യം.
ആഗ്രയില്‍ ഈയിടെ ആര്‍എസ്എസ് നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അപലപിക്കാന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തയ്യാറായില്ല. മാത്രമല്ല വിഷയം പ്രതിപക്ഷം ലോക്‌സഭയില്‍ ഉന്നയിച്ചപ്പോള്‍ ആര്‍എസ്എസിനെ പുകഴ്ത്തുന്ന രീതിയിലാണ് മന്ത്രി വെങ്കയ്യനായിഡു സംസാരിച്ചത്. ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന എല്ലാവരും ആര്‍എസ്എസുകാരാണെന്ന് വെങ്കയ്യനായിഡു പറഞ്ഞു. മഹത്തായ സംഘടനയാണ് ആര്‍എസ്എസ്. അത് ദേശീയ സംഘടനയാണ്. ഞങ്ങള്‍ ആര്‍എസ്എസുകാര്‍ എന്നതില്‍ അഭിമാനിക്കുന്നു. ആഗ്രയിലുണ്ടായ സംഭവത്തില്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മതപരിവര്‍ത്തനം നിരോധിക്കാന്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. സംഘപരിവാര്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ മതനിരപേക്ഷശക്തികള്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ എല്ലാ രീതിയിലുമുള്ള മതപരിവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് ബിജെപിയുടെ കള്ളക്കളിയാണ്. മാത്രമല്ല 'പുനര്‍ മതപരിവര്‍ത്തനം' തുടരുമെന്നാണ് ബിജെപി എംപിയും വിവാദസന്യാസിയുമായ യോഗി ആദിത്യനാഥ് പറയുന്നത്. ബിജെപിയും ആര്‍എസ്എസും നടത്തുന്നത് പുനര്‍മതപരിവര്‍ത്തനം ആണെന്നും മറ്റുള്ളവര്‍ ചെയ്യുന്നത് മതപരിവര്‍ത്തനം ആണെന്നുമാണ് സംഘപരിവാറിന്റെ അവകാശവാദം. മതപരിവര്‍ത്തനം നിരോധിക്കണം. സംഘപരിവാര്‍ ചെയ്യുന്നത് പുനര്‍മതപരിവര്‍ത്തനം ആയതിനാല്‍ പ്രശ്‌നമില്ല. ഇതാണ് ബിജെപിയും മന്ത്രിമാരും ആവര്‍ത്തിക്കുന്നത്.
ആഗ്രയില്‍ മൂന്നൂറില്‍പരം മുസ്ലിങ്ങളെ സംഘപരിവാര്‍ മതംമാറ്റിയിരുന്നു. ഇതിനുപിന്നാലെ അലിഗഡില്‍, ക്രിസ്മസ് ദിനത്തില്‍ ആയിരങ്ങളെ മതംമാറ്റുമെന്ന് പ്രഖ്യാപിച്ചു. വന്‍പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് പരിപാടി മാറ്റിയതായി സംഘാടകരായ ധര്‍മജാഗരണ്‍ സമിതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പ്രചാരണപരിപാടികള്‍ തുടരുകയാണ്. അലിഗഡ് മഹേശ്വരി കോളേജ് വളപ്പില്‍ നടക്കുന്ന മതംമാറ്റത്തില്‍ പങ്കെടുക്കുന്ന മുസ്ലിങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും ക്രിസ്ത്യാനികള്‍ക്ക് ഒരു ലക്ഷം രൂപയും വീതം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്ന് എംപി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. മാധ്യമങ്ങളും അധികൃതരും ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ്? ഹിന്ദുക്കള്‍ മുമ്പ് മതപരിവര്‍ത്തനത്തിന് വിധേയരായപ്പോള്‍ ആരും തടഞ്ഞില്ല. ഇപ്പോള്‍ അവര്‍ സ്വയം തിരിച്ചുവരികയാണ്. ആഗ്രയില്‍ മതംമാറിയ മുസ്ലിങ്ങള്‍ അവിടെ ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.
വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്ന വിധത്തില്‍ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും ഈ സാഹചര്യത്തിലാണ്. വിവാദമാകുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും കൂടുതല്‍ തീവ്രമായ പ്രസ്താവനകളാണ് പുറത്തുവരുന്നത്. ബിജെപി കാവിഅജണ്ട ആസൂത്രിതമായി പുറത്തുകൊണ്ടുവരികയാണ്. വിവാദങ്ങള്‍ കത്തുമ്പോള്‍ ബിജെപി നേതാക്കള്‍ പ്രസ്താവനകളില്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ വഴി വാര്‍ത്ത വരും. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ നേരിട്ട് ഇത്തരത്തില്‍ പാര്‍ടി നേതാക്കളെ വിലക്കിയിട്ടില്ല. മാത്രമല്ല, ആര്‍എസ്എസ് നേതാക്കളുടെ പ്രസ്താവനയെ പ്രധാനമന്ത്രി പരോക്ഷമായിപ്പോലും തള്ളിയിട്ടില്ല. മതപരിവര്‍ത്തനവിഷയത്തില്‍ രാജ്യസഭ ഒരാഴ്ചയോളം സ്തംഭിച്ചിട്ടും പ്രധാനമന്ത്രി ഇടപെടാന്‍ തയ്യാറായിട്ടില്ല.
പാകിസ്ഥാനില്‍ മുഹമ്മദലി ജിന്നയുടെ ജന്മദിനമെന്ന നിലയിലാണ് ഡിസംബര്‍ 25 ന് അവധി നല്‍കുന്നത്. ഇത് തന്നെ ഇന്ത്യയിലും പകര്‍ത്തുകയാണ് മോഡി സര്‍ക്കാര്‍. ക്രിസ്മസ് ദിനത്തെ വാജ്‌പേയിയുടെ ജന്മദിനമെന്ന നിലയിലേക്ക് മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ക്രിസ്മസ് ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ മാനവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് തെറ്റായ റിപ്പോര്‍ട്ടെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ നവോദയ വിദ്യാലയങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, എഐസിടിഇക്ക് കീഴിലുള്ള സാങ്കേതിക സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍ എന്നിവയ്‌ക്കെല്ലാം മന്ത്രാലയത്തിന്റെ ഉത്തരവ് പോയിട്ടുണ്ട്. സദ്ഭരണ ദിനാചരണത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിക്കണമെന്നും കുട്ടികള്‍ക്കായി പ്രസംഗ മല്‍സരം സംഘടിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു. പ്രസംഗ മല്‍സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് 15000, 10000, 5000 എന്നിങ്ങനെ തുക സമ്മാനിക്കണമെന്നും നിര്‍ദേശമുണ്ട്. സെമിനാറില്‍ മികച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നവര്‍ക്കും സമ്മാനങ്ങള്‍ നല്‍കണമെന്ന് അറിയിച്ചിട്ടുണ്ട്. സദ്ഭരണ ദിനം ആചരിച്ചതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനും മന്ത്രാലയം നിര്‍ദേശിക്കുന്നു. വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാതെ എങ്ങനെ സെമിനാറും മറ്റും സംഘടിപ്പിക്കും? ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു  ഈ നീക്കം. അവിടെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെ ഭൂരിപക്ഷ വികാരമുണര്‍ത്താനാണ് ശ്രമം. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ബിഹാറിലും മുസ്ലിങ്ങള്‍ക്കെതിരെ പരീക്ഷിച്ച് വിജയിച്ച തന്ത്രം ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിക്കുകയാണ്.

** സാജന്‍ എവുജിന്‍

No comments:

Post a Comment

Visit: http://sardram.blogspot.com