10 August, 2010

കൊത്തിയരിയപ്പെട്ട കൈ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

വര്‍ഗീയക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളലുകളെ പ്രതിരോധിക്കുകയും അതിജീവിക്കുകയുംചെയ്ത ചരിത്രമുള്ള നാടാണ് കേരളം. ഇന്ത്യയില്‍ പലയിടങ്ങളിലും വര്‍ഗീയ കലാപങ്ങളും വംശഹത്യകളും അഴിഞ്ഞാടിയപ്പോഴും നമ്മുടെ നാട് അതില്‍നിന്നും വേറിട്ടുനിന്നു. സംഘപരിവാരത്തിന് പല സംസ്ഥാനങ്ങളിലും രാഷ്ട്രീയമേധാവിത്വം ലഭിച്ചപ്പോഴും ഈ മണ്ണില്‍ അവര്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞില്ല. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും നിയമസഭയില്‍ മരുന്നിനുപോലും ബിജെപിക്ക് പ്രാതിനിധ്യം ലഭിച്ചില്ല. കോണ്‍ഗ്രസ് പലപ്പോഴും ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് രഹസ്യമായി ഉണ്ടാക്കിയെങ്കിലും ജനം അത് അംഗീകരിച്ചില്ല. കേരളത്തിന്റെ ഈ മതനിരപേക്ഷ സ്വഭാവം സ്വഭാവികമായി രൂപംകൊണ്ടതല്ല. അതിനുപിന്നില്‍ ചോരപുരണ്ട ചരിത്രമുണ്ട്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ത്യാഗനിര്‍ഭരമായ ഇടപെടലുകളാണ് ഈ അടിത്തറയുടെ പ്രധാന ശക്തി. അതാതു മതത്തില്‍പ്പെട്ടവര്‍ക്കു മാത്രമേ അവരവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയൂയെന്ന പ്രതിലോമ പാഠങ്ങളല്ല പ്രയോഗത്തിനു വഴികാട്ടിയത്. വിശാലമായ വര്‍ഗതാല്‍പര്യത്തിനു എങ്ങനെയാണ് വര്‍ഗീയത എതിരാകുന്നതെന്ന് തിരിച്ചറിഞ്ഞ് നടത്തിയ ഇടപെടലുകള്‍ക്കിടയിലാണ് തലശ്ശേരിയിലെ യു കെ കുഞ്ഞിരാമനെപ്പോലുള്ള ധീരസഖാക്കള്‍ക്ക് ജീവന്‍ നഷ്ടമായത്.

ഭൂരിപക്ഷത്തെ അടിസ്ഥാനമാക്കിയ വര്‍ഗീയതയെ പ്രതിരോധിക്കണമെങ്കില്‍ ന്യൂനപക്ഷവും ഭൂരിപക്ഷത്തിലെ മതനിരപേക്ഷ ശക്തികളും ചേരുന്ന വിശാല മുന്നണിക്കേ കഴിയൂ. ന്യൂനപക്ഷം വര്‍ഗീയമായി എത്ര സംഘടിച്ചാലും ഭൂരിപക്ഷമാകില്ലെന്ന ലളിതപാഠം എപ്പോഴും ഇ എം എസ് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. എന്നുമാത്രമല്ല അത്തരം പ്രവര്‍ത്തനങ്ങള്‍ മതനിരപേക്ഷ വാദികളില്‍ ഒരു ചെറുവിഭാഗത്തെയെങ്കിലും വര്‍ഗീയ ചിന്തകളിലേക്ക് നയിക്കുന്ന പരിസരം സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനം മതനിരപേക്ഷതക്ക് നേരെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്‍ഡിഎഫ് എന്നും പോപ്പുലര്‍ ഫ്രണ്ടെന്നും എസ്ഡിപിഐ എന്നുമുള്ള പേരില്‍ അറിയപ്പെടുന്ന സംഘടന പൊതുസമൂഹത്തില്‍ ബോധപൂര്‍വം നടത്തിയ പല ഇടപെടലുകളും സമര്‍ഥമായി മറച്ചുവെക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. സാമ്രാജ്യത്വവിരുദ്ധം, ഫാസിസ്റ്റ് വിരുദ്ധം എന്നിങ്ങനെയുള്ള പേരില്‍ സംഘടിപ്പിച്ച പരിപാടികളിലൂടെയും ദളിത്, പരിസ്ഥിതി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഏറ്റെടുത്തും പൊതുസമൂഹ സമ്മതനിര്‍മിതിക്കായാണ് ശ്രമിച്ചത്. സമൂഹത്തില്‍ പൊതുവെ അംഗീകാരമുള്ള പല ചിന്തകരെയും തങ്ങളുടെ വേദികളില്‍ അണിനിരത്താനും ഇക്കൂട്ടര്‍ക്ക് കഴിഞ്ഞു. സാമ്രാജ്യത്വവും ഫാസിസവും ഭീകരരീതികളിലൂടെ കടന്നുപോകുമ്പോള്‍ അതിനെതിരായ ഇടപെടലുകള്‍ക്ക് ഭീകരരൂപം വരുന്നതില്‍ തെറ്റില്ലെന്ന് ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു.

യുഡിഎഫ് അധികാരത്തിലിരിക്കുമ്പോഴാണ് ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടന്നത്. ഇവരെ പരസ്യമായി എതിര്‍ത്തത് സിപിഐ എമ്മും ഇടതുപക്ഷ സംഘടനകളുമാണ്. പലയിടങ്ങളിലും പാര്‍ടി പ്രവര്‍ത്തകര്‍ എന്‍ഡിഎഫിനാല്‍ ആക്രമിക്കപ്പെട്ടു. നിരവധി സഖാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മറ്റൊരു രാഷ്ട്രീയപാര്‍ടിയുടെ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്ത് ഇത്രയേറെ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരസ്യമായി യുഡിഎഫ് ഇവരുമായി കൂട്ടുകെട്ടുണ്ടാക്കി. മുസ്ളിംലീഗിന്റെ സ്ഥാനാര്‍ഥി ആരായിരിക്കണമെന്നുവരെ എന്‍ഡിഎഫ് തീരുമാനിക്കുന്ന അപമാനകരമായ അവസ്ഥയും നാട്ടില്‍ ഉണ്ടായി. അധ്യാപകന്റെ കൈ വെട്ടിയെടുത്ത സംഭവത്തിനുശേഷം പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാന്‍ ഉമ്മന്‍ചാണ്ടി ധൈര്യം കാണിച്ചില്ല. കെ സുധാകരനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടിനെ സിപിഐ എമ്മുമായി താരതമ്യപ്പെടുത്തി അവര്‍ക്ക് പൊതുസമ്മതി നല്‍കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോഴെല്ലാം വര്‍ഗീയശക്തികള്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കി എന്നത് ചരിത്രസത്യമാണ്.

ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും അടിസ്ഥാനപ്പെടുത്തിയ വര്‍ഗീയശക്തികള്‍ക്ക് വളരുന്നതിന് സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവോടെയുള്ള പ്രവര്‍ത്തനം നാട്ടില്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ശാരീരികമായി വകവരുത്തി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നത് അതിന്റെ ഒരു ഭാഗം മാത്രമാണ്. തീവ്ര ഇടതുപക്ഷ മുഖമണിഞ്ഞ പ്രചാരവേല ഇതിന്റെ മറ്റൊരു ഉപകരണമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രസക്തമല്ലെന്നും ഇടതുപക്ഷ മുദ്രാവാക്യങ്ങള്‍ ഏറ്റെടുക്കുന്നതിനു നവപ്രസ്ഥാനങ്ങള്‍ ആവശ്യമാണെന്നുമുള്ള വാദം ഇതിന്റെ ഭാഗമാണ്. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഇവര്‍ പ്രചരിപ്പിച്ചു. കടുത്ത മതമൌലികവാദത്തിന്റെ സംഘടനകളും ഭീകരവാദികളും ഇടതുപക്ഷ തോല്‍ എടുത്തണിഞ്ഞ് വിവിധ പേരുകളില്‍ രംഗത്തിറങ്ങി. ഇടതുപക്ഷ രാഷ്ട്രീയത്തിന് ശക്തമായ സ്വാധീനമുള്ള നാട്ടില്‍ അത് സൃഷ്ടിച്ച അടിത്തറ തകര്‍ത്ത് അകത്തുകയറുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായിരുന്നു ശ്രമം.

മറുവശത്ത് അരാഷ്ട്രീയപരിസരം ഒരുക്കുന്നതിനുള്ള ശ്രമവും നടത്തി. വിദ്യാര്‍ഥിരാഷ്ട്രീയത്തെ ക്യാമ്പസുകളില്‍നിന്നും ആട്ടിയോടിക്കുന്നതിന് വിവിധ വിഭാഗങ്ങള്‍ നടത്തിയ ശ്രമത്തിന് കുറെയൊക്കെ പൊതുസമ്മതം സൃഷ്ടിച്ചെടുക്കുന്നതില്‍ ഇക്കൂട്ടര്‍ വിജയിച്ചു. മാധ്യമങ്ങളുടെയും നീതിപീഠത്തിന്റെയും പിന്തുണയോടെ രാഷ്ട്രീയം നിരോധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതത്തിന്റെ പേരിലുള്ള സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കി. അവര്‍ വിഷം കുത്തിവെച്ച് പുറത്തുവിട്ടവര്‍ ഭീകര സംഘടനകളുടെ പ്രവര്‍ത്തകരായി പരിണമിച്ചു. മതത്തിന്റെ പേരില്‍ ചിഹ്നങ്ങളും അടയാളങ്ങളും അണിയുന്നത് അഭിമാനകരമായ സംഗതിയാണെന്ന പ്രചാരവേലയും ഒപ്പം നടന്നു. അടയാളങ്ങള്‍ അണിയുന്നതിന്റെ ഫാസിസ്റ്റ് വിരുദ്ധത അവതരിപ്പിക്കാന്‍ ചില സൈദ്ധാന്തികരും രംഗത്തിറങ്ങി. ഇവയെല്ലാം ചേര്‍ന്ന് ഒരുക്കിയ വളക്കൂറുള്ള മണ്ണിലാണ് അധ്യാപകന്റെ കൈ പകല്‍വെളിച്ചത്തില്‍ പരസ്യമായി വെട്ടിമാറ്റിയത്. അതിനായി സമാന്തര നീതിപീഠം വിധിയും പ്രഖ്യാപിച്ചു.

ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പിലാക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലം അതിശക്തമായ പോരാട്ടം ആവശ്യപ്പെടുന്ന സന്ദര്‍ഭമാണ്. വര്‍ഗീയശക്തികള്‍ ഈ ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. സാമ്രാജ്യത്വവിരുദ്ധമാണെന്ന് അവകാശപ്പെടുന്ന വര്‍ഗീയ, ഭീകരവാദ സംഘടനകള്‍ യഥാര്‍ഥത്തില്‍ വിശാലമായ സാമ്രാജ്യത്വ വിരുദ്ധമുന്നണിയെ തകര്‍ക്കാനാണ് പ്രയോഗത്തിലൂടെ ശ്രമിക്കുന്നത്. ഹിന്ദുത്വശക്തികളുടെ ഭീകരവാദപ്രവര്‍ത്തനം തുറന്നുകാട്ടപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതിനെതിരെ ഉയരേണ്ട ജനവികാരത്തെ വഴിതിരിച്ചുവിടാന്‍ സഹായിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളുടെ ഭീകരവാദവഴികള്‍ സഹായിക്കുന്നത്. മഹാഭൂരിപക്ഷം വരുന്ന ഇസ്ളാംമത വിശ്വാസികളും ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്നുണ്ട്. അവര്‍ ഭീകരവാദത്തിന്റെ വഴിയെ തള്ളിപ്പറയുന്നത് മനസ്സിലാക്കിയാണ് ഇക്കൂട്ടര്‍ പോപ്പുലര്‍ ഫ്രണ്ട് സമം ഇസ്ളാം എന്ന പുതിയ സമവാക്യം ആര്‍എസ്എസിന്റെ വഴി പിന്തുടര്‍ന്ന് സൃഷ്ടിക്കുന്നത.് യുഡിഎഫ് അതിനെ പിന്തുണക്കുകയും ചെയ്യുന്നു. എന്നാല്‍, ഇപ്പോഴും ശക്തമായ മതനിരപേക്ഷ അടിത്തറയുള്ള കേരളം ഇതെല്ലാം തിരിച്ചറിയുകതന്നെ ചെയ്യും.

പി രാജീവ്

No comments:

Post a Comment

Visit: http://sardram.blogspot.com