02 September, 2009

ഓണമായെന്ന് ചൊല്ലുവതെങ്ങനെ


ഓണമായെന്ന് ചൊല്ലുവതെങ്ങനെ


അഞ്ചാം ക്ളാസുകാരി ആദിത്യ വൈകിട്ട് സ്കൂളില്‍നിന്നു വന്ന് പുസ്തകസഞ്ചി കട്ടിലിലേക്കെറിഞ്ഞു. നാളെ പരീക്ഷ അവസാനിക്കും. മറ്റന്നാള്‍ സ്കൂളില്‍ ഓണാഘോഷമാണ്. ക്ളാസ് ടീച്ചര്‍ ഡയറിയില്‍ കുറിച്ചുകൊടുത്തതെല്ലാം അവള്‍ അമ്മയ്ക്ക് വായിക്കാന്‍ നല്‍കി. മഞ്ഞജമന്തി (അര കിലോ), വാടാമല്ലി (അര കിലോ), പട്ടുപാവാടയും ബ്ളൌസും (ടൈറ്റ് ഷിമ്മി), മേക്കപ്പ്മാനു കൊടുക്കാന്‍ 100 രൂപ.... ഡയറിയിലെ വരികള്‍ അമ്മ ഒരുവട്ടംകൂടി വായിച്ചു. കാര്യം പിടികിട്ടി. സ്കൂളില്‍ ഓണാഘോഷമാണ്. പൂക്കളം ഒരുക്കാനുള്ളതെല്ലാം ടീച്ചര്‍ കുട്ടികള്‍ക്ക് വീതംവച്ചു നല്‍കിയതിന്റെ കുറിപ്പടിയാണിത്.

അമ്മയ്ക്ക് ആദ്യം അത്ഭുതമാണ് തോന്നിയത്. പിന്നെ അവര്‍ ഡയറിയിലെ കുറിപ്പടിയോട് പൊരുത്തപ്പെട്ടു. മാറിവന്ന കാലം കോറിയിട്ട കുറിപ്പടി. ഓര്‍മകളുടെ സുഗന്ധം പരത്തുന്ന നാട്ടിടവഴിയിലൂടെ അമ്മ സഞ്ചാരം തുടങ്ങി. കൈയില്‍ ചെറിയൊരു ചൂരല്‍ക്കൊട്ട. ഒപ്പം കൂട്ടുകാരികള്‍. അയലത്തെ വീട്ടിലെ പൊടിമീശക്കാരന്‍ അവള്‍ക്കു തൊട്ടുപിന്നില്‍. മണ്ണിരകള്‍ മാളംതേടുന്ന വയല്‍വരമ്പിലൂടെ നടക്കുകയാണവള്‍. മത്സരയോട്ടത്തിനുള്ള തുടക്കം മാത്രമാണീ നടത്തം. ചെത്തി -മന്താരം മുതല്‍ മുക്കുറ്റിവരെയുള്ള എന്തും പൂക്കളത്തിന് ശോഭയേറ്റും. നീര്‍ക്കോലിയോടും കുളക്കൂരനോടും കളിപറഞ്ഞും കഥപറഞ്ഞും ചളിവഴുതുന്ന പാടവരമ്പിലൂടെ അവള്‍. നടവഴിയിലെ തൊട്ടാവാടിയോടു പിണങ്ങാതെ വിരലില്‍ ചോരയുതിര്‍ക്കാതെ ഇളംചുവപ്പുള്ള പൂക്കള്‍ പിഞ്ഞിപ്പോവാതെ പറിച്ചെടുത്തു. വിരല്‍തൊട്ടാല്‍ പിണങ്ങുന്ന തൊട്ടാവാടിയോട് മൌനത്താല്‍ മാപ്പുപറഞ്ഞു. പൂക്കളോരോന്നും പൂക്കൂടയിലേക്കിട്ടു. പുലര്‍ച്ചെ വാടിയ തൊട്ടാവാടിയെപ്പോലെ അവളും ഒന്നു വാടി. പിന്നെ കണ്ണുതുറന്ന് തിളങ്ങുന്ന ചിരി സമ്മാനിച്ചു. അടുത്ത പൂക്കളിലേക്ക്...

ഡയറിയിലെ കുറിപ്പടി വായിച്ച് അമ്മ ചോദിച്ചു, മോളെ ജമന്തിപ്പൂവ് എങ്ങനെ തൂക്കിനോക്കും. അച്ഛന്‍ ഓഫീസില്‍നിന്നു വരുംമുമ്പ് പറഞ്ഞാല്‍ ഏതെങ്കിലും പൂക്കടയില്‍നിന്ന് വാങ്ങിവരും. നമ്മുടെ തൊടിയിലെ പൂക്കളില്‍ ഇത്രയും ജമന്തി ഉണ്ടാവുമോ?

തുമ്പയും മുക്കുറ്റിയും നിലാവുപെയ്യുന്ന ഒരു ഓണക്കാലത്തിലൂടെ അവള്‍ യാത്രതുടങ്ങി, പൊയ്പ്പോയ നല്ലകാലത്തിന്റെ ഓര്‍മകള്‍ക്ക് ശ്രാദ്ധമൂട്ടി.

മകള്‍ പറഞ്ഞു: ഓണം എന്തു രസമാണ്. കഴിഞ്ഞവര്‍ഷം എനിക്കു കിട്ടിയത് വര്‍ണംനിറഞ്ഞ എത്ര ഉടുപ്പുകളാണ്. ടീച്ചര്‍ പ്രത്യേകം പറഞ്ഞു, രണ്ട് കളര്‍ഡ്രസുകൂടി കൊണ്ടുപോണം. പൂക്കളം ഇടുമ്പോള്‍ ഒന്ന്, അതുകഴിഞ്ഞ് ഓണഗാനമാലപിക്കുമ്പോള്‍ മറ്റൊന്ന്.

അവള്‍ മകളോട് ചോദിച്ചു: മക്കളെ, ഇത്രയും പണമൊക്കെ ചെലവിട്ടുവേണോ ഈ ഓണാഘോഷം?

അഞ്ചാം ക്ളാസുകാരി പൊട്ടിത്തെറിച്ചു. അമ്മയ്ക്കെന്തറിയാം, ഞങ്ങളുടെ ക്ളാസുകള്‍ തമ്മില്‍ മത്സരമാണ്. ടീച്ചര്‍ പ്രത്യേകം പറഞ്ഞു എത്രത്തോളം പൂവുകിട്ടുമോ അത്രയും വേണമെന്ന്. പിന്നെ ചെമ്പരത്തി തുളസി തൊട്ടാവാടി, ഇങ്ങനെയുള്ള കണ്ട്രീസൊന്നും വേണ്ട. അതൊക്കെ സമയമാകുമ്പോള്‍ വാടിപ്പോകും. അരളി കിട്ടിയാല്‍ കൊള്ളാം. പൂക്കളം ഒരുക്കുംവരെ ടീച്ചറുടെ വീട്ടിലെ ഫ്രിഡ്ജില്‍ വെക്കാം. എടുക്കുമ്പോഴും ഒരു ഫ്രഷ്നെസ് ഉണ്ടാകുമല്ലോ.

അമ്മ അപ്പോഴും സ്വപ്നങ്ങളുടെ ലോകത്തായിരുന്നു. ഏതു നിമിഷവും അവസാനിക്കുന്ന സ്വപ്നങ്ങളുടെ ലോകത്ത്. പണ്ടൊരാള്‍ നെന്മണി കണ്ടതും പിന്നാലെ ഗവേഷകര്‍ കൂടിയതും ഒട്ടേറെ പേരുകള്‍ അതിനു പറഞ്ഞതും അവസാനം പാളത്തൊപ്പിക്കാരന്‍ കര്‍ഷകന്‍ വന്ന് അത് നെല്ലാണെന്നു സ്ഥിരീകരിച്ചതുമൊക്കെ മനസ്സിലേക്ക് ഓടിയെത്തി അവള്‍ മകളോടു ചോദിച്ചു: മോളേ നിനക്കറിയുമോ മുക്കുറ്റിയെ, മണവും മധുരവും പ്രേമവും നല്‍കുന്ന നാട്ടുമുല്ലയെ?

കുട്ടി മിണ്ടിയില്ല. അവള്‍ യാചനാസ്വരത്തില്‍ പറഞ്ഞു: "പ്ളീസ് അച്ഛനെ വിളിച്ചുപറ, ഹാഫ് കിലോ യെല്ലോ ജെമന്തി.... ''

അമ്മ അപ്പോഴും സ്വപ്നലോകത്താണ്. കവരംവീശി നില്‍ക്കുന്ന പുളിമരത്തിലെ ആടുന്ന ഊഞ്ഞാലില്‍ അവള്‍മാത്രം. ആരോ പിന്നില്‍നിന്ന് ഉന്തിവിടുന്നുണ്ട്. കാറ്റില്‍ മേലോട്ടുയരുന്ന പട്ടുപാവാട തിരുകിക്കയറ്റി പറക്കുകയാണ്. അടുത്ത കൊമ്പിലെ പച്ചിളംപുളിയില്‍ കാലൊന്നു തൊട്ട് കാല്‍വിരലുകളാല്‍ മുറുക്കിപ്പിടിച്ച് കൊച്ചൊരു പിച്ചപ്പുളിയും പറിച്ച് ഊഞ്ഞാലിലെ മടക്കയാത്ര. താഴെ നില്‍ക്കുന്നവര്‍ കാണാതെ വലതുകാല്‍ ഉയര്‍ത്തി വിരലുകള്‍ക്കിടയിലെ പിച്ചപ്പുളി ഇടതുകൈകൊണ്ടെടുത്തു കടിച്ച് വീണ്ടും തുടരുന്ന ആകാശയാത്ര.

"യു മീന്‍ ക്രാഡില്‍.....'' മകള്‍ ചോദിച്ചു. അല്ല മക്കളെ തൊട്ടിലല്ല. അത് ഊഞ്ഞാല്‍. അന്നു ഞങ്ങടെ മനസ്സുപോലെ ഉയര്‍ന്നുപാറിയ ഊഞ്ഞാല്‍. പുളിമരത്തിന്റെ ഇലകള്‍ മഴയായ് പെയ്തിറങ്ങിയ ഊഞ്ഞാല്‍ക്കാലം.

അമ്മ മകളോട് ചോദിച്ചു. നീ തലപ്പന്ത് കണ്ടിട്ടുണ്ടോ. കാലുമടക്കികുത്തി ആഞ്ഞടിക്കുമ്പോള്‍ ആകാശത്തേക്കുയരുന്ന തലപ്പന്ത്. ആര്‍പ്പുവിളികളുടെയും നിലയ്ക്കാത്ത കരഘോഷങ്ങളുടെയും നടുവില്‍ ആങ്ങളയുടെ പെരുവിരലില്‍ ചോരപൊടിഞ്ഞിട്ടും ആകാശത്തേക്കുയര്‍ന്ന് ഏതോ പൊന്തയില്‍ ആരും കാണാതെ മറഞ്ഞ കാല്‍പ്പന്ത്. നാട്ടിടങ്ങളിലെ കൊച്ചുപീടികയില്‍പോലും പല വര്‍ണങ്ങളില്‍ മോഹിപ്പിച്ചുകിടന്ന റബര്‍പ്പന്തുകള്‍.

ഉയര്‍ന്നുനില്‍ക്കുന്ന വഴുക്കന്‍ കവുങ്ങില്‍ തറ്റുടുത്ത് മേയ്ക്കരുത്തുകാട്ടി അയലത്തെ മുറിമീശക്കാരന്‍ കുതിച്ചും വഴുതിയും കയറിപ്പറ്റി പൊന്നിന്‍ പുടവയുമായി നിലംതൊട്ടത് ... അയാളന്ന് പടയാളിയായിരുന്നു. എന്നെപ്പോലെ പെണ്‍മനസ്സുകളില്‍ കിനാവിന്റെ കുളിരുനിറച്ച പടയാളി. മകള്‍ക്കൊന്നും മനസ്സിലായില്ല. എങ്കിലും പറഞ്ഞു, പറയൂ... അമ്മേ... പറയൂ.....
നീ കാണുന്ന മാബലിയല്ല അന്ന്. അദ്ദേഹത്തിന് കൂളിങ് ഗ്ളാസും കൈയില്‍ മൊബൈല്‍ഫോണുമൊന്നുമുണ്ടായിരുന്നില്ല. വട്ടത്തില്‍ മെടഞ്ഞെടുത്ത കുടപ്പനക്കുടയും ചന്ദനമെഴുതിയ കൈകളും പിഞ്ഞിത്തീരാറായ സാറ്റണ്‍വസ്ത്രവും ധരിച്ച് വരും.
അമ്മൂമ്മ പറഞ്ഞിരുന്നു ഏതോ രാത്രിയാമത്തില്‍ പ്രജാക്ഷേമം തിരക്കിയെത്തുന്ന പാവം രാജാവിനെക്കുറിച്ച്, കുടവയറനായ ഓണത്തപ്പനെപ്പറ്റി.

മാവേലി നാടുവാണീടും കാലം..... അമ്മ അവള്‍ക്കറിയാവുന്ന താളത്തില്‍ നീട്ടിച്ചൊല്ലി. ഒന്നാംതുമ്പിയും അവള്‍ പെറ്റ മക്കളും പോയിട്ട് കാലമേറെയാവുന്നു. ലഹരിനുരയുന്ന കണ്ണുകളുമായി പാറിനടക്കുന്ന തുമ്പികളാണ് ചുറ്റും. അവള്‍ മകളെ മാറോടു ചേര്‍ത്തുപിടിച്ചു. ഞങ്ങള്‍ക്കൊരു സ്വപ്നമുണ്ട്. ആ മാവേലിനാടിന്റെ സ്വപ്നം. നാളെക്കഴിഞ്ഞാല്‍ ഇനി പത്തുദിവസം സ്കൂളില്‍ പോണ്ട. ഓണാവധി. പക്ഷേ, ട്യൂഷന്‍ ടീച്ചര്‍ എല്ലാദിവസവും ഫുള്‍ടൈം ക്ളാസുവെച്ചിട്ടുണ്ട്. ഈ ഗ്യാപ്പില്‍ റിവിഷന്‍ നടത്തിയാല്‍ അടുത്ത ടേമില്‍ കൂടുതല്‍ റിസ്ക് എടുക്കേണ്ട. മകള്‍ അമ്മയോടു പുലമ്പുന്നു... അമ്മേ, പ്ളീസ് ടീച്ചറോട് പറ. സ്കൂള്‍ തുറന്നിട്ട് ക്ളാസുമതി. അതുവരെ ഞാന്‍.....

അമ്മ പെട്ടെന്ന് സംസാരമെല്ലാം മാറ്റി. കളി വേറെ കാര്യം വേറെ. ലുക്ക് മോളേ, ഈ പത്തുദിവസം ശ്രദ്ധിച്ചു പഠിച്ചാല്‍ അടുത്ത ടേമില്‍ നീ ആകും ക്ളാസ് ഫസ്റ്റ്. അതില്‍ നമ്മള്‍ തമ്മില്‍ ക്രോംപ്രമൈസ് ഇല്ല. ഓണാവധിക്ക് അച്ഛന്റെ വീട്ടിലൊന്ന് പോകണമെന്നു പറഞ്ഞിട്ടും ഞാനെന്താ വില്ലിങ്ങാകാത്തത്? അതു ശരിയാവില്ല. അത് നിന്റെ കരിയര്‍ സ്പോയില്‍ചെയ്യും.

ഡീസന്റ് മുക്കിലെ ആര്‍ട്സ് ക്ളബ്ബുകാര്‍ പിരിവിനെത്തിയിട്ടുണ്ട്. അമ്പതു രൂപയുടെ നോട്ട് മടക്കി അവര്‍ക്കുനേരെ നീട്ടി അമ്മ പറഞ്ഞു: ഇത് സ്ഥിരം പിരിവാണല്ലോ. പിരിച്ചുപെറുക്കി പുട്ടടിയല്ലേ പണി. പിരിവുകാരന്‍ യുവാവിന്റെ നോട്ടം മറികടക്കാന്‍ മറുപടിയായി മൊബൈലില്‍ അവള്‍ ഭര്‍ത്താവിനെ വിളിച്ചു- "യെല്ലോ ജെമന്തി ഹാഫ്‌കിലോ, വാടാമല്ലി........''

***

കെ ആര്‍ അജയന്‍
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment

Visit: http://sardram.blogspot.com