24 August, 2009

5 ഉല്‍പ്പന്നവും അയ്യായിരത്തിന്റെ വിലയും

5 ഉല്‍പ്പന്നവും അയ്യായിരത്തിന്റെ വിലയും

കാപ്പി, കുരുമുളക്, തേയില, നാളികേരം എന്നീ 'നാലുല്‍പ്പന്നങ്ങളു'ടെ കാര്യം ഊതിവീര്‍പ്പിച്ചാണ് ഇടതുപക്ഷം 'നാടാകെ വിവാദം' സൃഷ്ടിക്കുന്നതെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ലിസ്റ്റില്‍ ഞാന്‍ ഒരു ഉല്‍പ്പന്നവുംകൂടി ഉള്‍പ്പെടുത്തുകയാണ്- റബര്‍. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനോടുള്ള എന്റെ ചോദ്യം ഇതാണ്. ഈ അഞ്ച് ഉല്‍പ്പന്നത്തെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ബാക്കി എന്തുണ്ട്? എന്തിന് 12,169 ഉല്‍പ്പന്നം? ഈ അഞ്ച് ഉല്‍പ്പന്നം മതിയല്ലോ കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കാന്‍. റബര്‍ നെഗറ്റീവ് ലിസ്റ്റിലാണ്. ആസിയന്‍ കരാറില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ട് നാലിനോടൊപ്പം റബറുംകൂടെ ചേര്‍ക്കുന്നത് ശരിയല്ലെന്നായിരിക്കും ഉമ്മന്‍ചാണ്ടിയുടെ പ്രഥമപ്രതികരണം. നെഗറ്റീവ് ലിസ്റ്റില്‍ 489 ഉല്‍പ്പന്നം ഉണ്ടെന്നതും അവയില്‍ 303 എണ്ണം കാര്‍ഷികോല്‍പ്പന്നംആണെന്നതും ശരിയാണ്. പയറുവര്‍ഗങ്ങള്‍, തക്കാളി, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, മുളകുകള്‍, വെളുത്തുള്ളി, നിലക്കടല, ബീന്‍സ്, ഉള്ളി, കോളിഫ്ളവര്‍, മാമ്പഴം, നാരങ്ങ, മുന്തിരി, മുളകുപൊടി എന്നിങ്ങനെ നീളുന്ന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ മറ്റു സംസ്ഥാനങ്ങളുടെ ഒട്ടെല്ലാ വിളകളുംപെടും. പക്ഷേ, കേരളത്തിനു മര്‍മപ്രധാനമായ കാപ്പി, തേയില, കുരുമുളക്, പാമോയില്‍ എന്നിവയെ ഉള്‍പ്പെടുത്താനായില്ലെന്നതു തന്നെയാണ് വിമര്‍ശം. നെഗറ്റീവ് ലിസ്റ്റില്‍ കാര്‍ഷിക സംസ്കരണ ഉല്‍പ്പന്നങ്ങളെന്ന നിലയില്‍ വൈന്‍, വിസ്കി, ബ്രാണ്ടി, റം, ജിന്‍, വോഡ്ക തുടങ്ങിയവയെപ്പോലും ഉള്‍പ്പെടുത്തിയിട്ടും കേരളത്തിലെ കൃഷിക്കാരെ അവഗണിച്ചതിനെക്കുറിച്ചാണ് പ്രതിഷേധം.

നെഗറ്റീവ് ലിസ്റ്റില്‍ റബര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനര്‍ഥം കേരളത്തിലെ റബര്‍കൃഷിക്കാരെ സംരക്ഷിക്കാന്‍ എന്തു നടപടിയും സ്വീകരിക്കാന്‍ അവകാശമുണ്ടായിരിക്കുമെന്നല്ല. 2007ലെ ചുങ്കനിരക്ക് കുറയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമല്ലെന്നു മാത്രമാണ്. അത് ഉയര്‍ത്താന്‍ അവകാശമില്ല. റബര്‍ഷീറ്റിന് 20 ശതമാനമായിരുന്നു 2007ലെ ചുങ്കനിരക്ക്. അത് ഇനി ഉയര്‍ത്താനാകില്ല. കേരളത്തിന്റെ ഇതുവരെയുള്ള യോജിച്ചുള്ള ഡിമാന്‍ഡ് എന്തായിരുന്നെന്ന് ഉമ്മന്‍ചാണ്ടിക്ക് ഓര്‍മയുണ്ടോ? കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സ്വാമിനാഥന്‍കമീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശമായിരുന്നു അത്. കെ എം മാണി ലോകവ്യാപാര കരാറിനെക്കുറിച്ച് വായതുറന്നാല്‍ ആദ്യം പറയുന്ന വാചകമാണ് ഇത്. 'റബറിനെ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍നിന്നു കാര്‍ഷികോല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം. വ്യവസായ ഉല്‍പ്പന്നമാണെന്നു കണക്കാക്കുന്നതുകൊണ്ടാണ് പരമാവധി ചുമത്താവുന്ന നികുതി 40 ശതമാനമായി ലോകവ്യാപാര കരാറില്‍ നിജപ്പെടുത്തിയിരിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 300 ശതമാനംവരെ നികുതി ചുമത്താം. ദോഹവട്ട ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെടണമെന്ന് യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ വ്യത്യാസമില്ലാതെ കേന്ദ്രസര്‍ക്കാരിനോട് റബറിനു പരമാവധി ചുമത്താവുന്ന ചുങ്കനിരക്ക് 20 ശതമാനമായി ആസിയന്‍ കരാറിലൂടെ നിജപ്പെടുത്തുന്നത് ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു ഉളുപ്പുമില്ല.

എന്തിനാണ് പരമാവധി ചുമത്താവുന്ന നികുതി (സാങ്കേതികഭാഷയില്‍ ഇതിനെ വിളിക്കുക ബൌണ്ട് റേറ്റെന്നാണ്), കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 300 ശതമാനംവരെ ഉയര്‍ത്തി നിശ്ചയിക്കുന്നത്. പ്രായോഗികമായി മിക്കപ്പോഴും ഇതിനേക്കാള്‍ താഴെയായിരിക്കും യഥാര്‍ഥത്തില്‍ ചുമത്തുന്ന ചുങ്കനിരക്ക് (ഇതിനെയാണ് സാങ്കേതികഭാഷയില്‍ അപ്ളൈഡ് റേറ്റെന്നു പറയുന്നത്). പിന്നെയെന്താണ് ഉയര്‍ന്ന ബൌണ്ട്റേറ്റിന്റെ പ്രസക്തി? ഈ തിരിച്ചറിവ് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനില്ല.

സ്വതന്ത്ര വ്യാപാരവിപണിയില്‍ വിദേശവിനിമയ നിരക്കില്‍ വലിയതോതിലുള്ള ചാഞ്ചാട്ടം സ്വാഭാവികമായി ഉണ്ടാകാറുണ്ട്. 10 വര്‍ഷംമുമ്പ് ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് ഡോളറിന് 25 രൂപയായിരുന്നു. ഇന്ന് അത് ഡോളറിന് 50 രൂപയാണ്. രൂപയുടെ വിലയിടിയുമ്പോള്‍ നമ്മുടെ നാട്ടില്‍നിന്നുള്ള കയറ്റുമതി കൂടും. നേരത്തെ ഒരു ഡോളറുകൊണ്ട് 25 രൂപയുടെ ഇന്ത്യന്‍ ഉല്‍പ്പന്നംവാങ്ങാനേ വിദേശിക്ക് കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ ഒരു ഡോളര്‍കൊണ്ട് 50 രൂപയുടെ ഉല്‍പ്പന്നം വാങ്ങാം. നമ്മുടെ കയറ്റുമതികൂടും. വിദേശവിനിമയ നിരക്കില്‍ ഏറ്റവും രൂക്ഷമായ ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന രാജ്യങ്ങളാണ് ആസിയന്‍ രാജ്യങ്ങള്‍. 1990കളിലെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇവിടെ നാണയങ്ങളുടെ വിദേശവിനിമയനിരക്ക് പത്തിലൊന്നായി പൊടുന്നനെ താഴ്ന്നതോര്‍ക്കുക. വേണ്ട, കേവലം 20 ശതമാനം ഇടിവുണ്ടായാല്‍ മതി റബര്‍ ഷീറ്റിനുള്ള 20 ശതമാനം ചുങ്കസംരക്ഷണം മരീചികയാകും. ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ തീരുവ ഉയര്‍ത്തി കാര്‍ഷികമേഖലയ്ക്ക് സംരക്ഷണം നല്‍കാനാണ് പരമാവധി ചുമത്താവുന്ന ചുങ്കനിരക്ക് പരമാവധി ഉയര്‍ത്തി നിശ്ചയിക്കണമെന്നു പറയുന്നത്. എന്നാല്‍, ഇവിടെ റബറിന്റെ ചുങ്കസംരക്ഷണം പരമാവധി 20 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത് റബര്‍ കാര്‍ഷികമേഖലയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.

തീര്‍ന്നില്ല റബറിന്റെ പുരാണം.

ഒട്ടനവധി റബര്‍ ഉല്‍പ്പന്നം അടുത്ത അഞ്ചു വര്‍ഷത്തിനകം പൂര്‍ണമായും ചുങ്കവിമുക്തമാക്കേണ്ടിവരും. ഈ പട്ടികയില്‍ വിവിധയിനം ലാറ്റെക്സുകള്‍ റീക്ളെയിംസ് റബര്‍, കോമ്പൌണ്ടഡ് റബര്‍, ട്യൂബുകള്‍, പൈപ്പുകള്‍, കവേയര്‍ ബെല്‍റ്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. ടയറിന്റെ തീരുവ പത്തുവര്‍ഷത്തിനകം അഞ്ചു ശതമാനമായി കുറയ്ക്കണം. ഇവയുടെ ഇറക്കുമതി ഉദാരവല്‍ക്കരണം കേരളത്തിലെ സ്വാഭാവിക റബറിന്റെ വിലയെ പ്രതികൂലമായി ബാധിക്കും.

പ്രതിപക്ഷനേതാവിന്റെ ഏറ്റവും പരിഹാസ്യമായ പരാമര്‍ശം കൂടുതല്‍ ഉല്‍പ്പന്നം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത സംബന്ധിച്ചാണ്. 'ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ പ്രകടനം വിലയിരുത്തി നെഗറ്റീവ് ലിസ്റ്റ് വര്‍ഷംതോറും പുതുക്കാം'. എന്തിനാണ് വര്‍ഷംതോറും പുതുക്കുന്നത്? പ്രതിപക്ഷനേതാവ് പറയുംപോലെ നമ്മുടെ വിളകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനല്ല. നേര്‍വിപരീതമാണ് കരാറിലെ വ്യവസ്ഥ. നെഗറ്റീവ് ലിസ്റ്റിലെ ഉല്‍പ്പന്നങ്ങളെ പടിപടിയായി ഇതില്‍നിന്ന് ഒഴിവാക്കാന്‍വേണ്ടിയാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കരാറിലെ വാചകത്തിന്റെ കൃത്യമായ തര്‍ജമ ഇതാണ്. 'കമ്പോളപ്രവേശം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നെഗറ്റീവ് ലിസ്റ്റിനെ വാര്‍ഷിക താരിഫ് അവലോകനത്തിനു വിധേയമാക്കേണ്ടതാണ്.' കമ്പോളപ്രവേശം അഥവാ മാര്‍ക്കറ്റ് ആക്സസ് എന്നാല്‍ ഇറക്കുമതി ഉദാരവല്‍ക്കരണത്തിനുള്ള സാങ്കേതിക സംജ്ഞയാണ്. പ്രതിപക്ഷനേതാവിന്റെ ദുര്‍വ്യാഖ്യാനങ്ങളുടെ ഒന്നാംതരം ഉദാഹരണമാണ് ഇത്.

അടുത്തതായി നാളികേരമെടുക്കാം

നാളികേര ഉല്‍പ്പന്നങ്ങള്‍ നെഗറ്റീവ് ലിസ്റ്റിലാണ്. പക്ഷേ, പാമോയില്‍ ഇതിനു പുറത്താണ്. പാമോയിലിനുമേല്‍ 2007ല്‍ ചുമത്തിയിരുന്ന ചുങ്കം 90 ശതമാനമായിരുന്നു. ഇത് 2019 ആകുമ്പോഴേക്കും 45 ശതമാനമായി താഴ്ത്തിയാല്‍ മതിയാകും. ഇതു നാളികേരത്തിനു സംരക്ഷണമാകുമെന്നാണ് വാദം. എന്നാല്‍, കരാര്‍പ്രകാരം പരമാവധി ചുമത്താവുന്ന ചുങ്കനിരക്കും യാഥാര്‍ഥ്യവും തമ്മിലുള്ള അകലം ഏറ്റവും വ്യക്തമാക്കുന്ന ഒരു ഉദാഹരണമാണ് പാമോയിലിന്റേത്. 90 ശതമാനം ചുങ്കം ചുമത്താന്‍ അനുവാദം ഇപ്പോഴുണ്ടെങ്കിലും ഇന്ത്യ പാമോയിലിന്റെ മേലുള്ള ചുങ്കമേ വേണ്ടെന്നു വച്ചിരിക്കുകയാണ്. തീര്‍ന്നില്ല, ഇറക്കുമതി ചെയ്യുന്ന പാമോയിലിന് കിലോക്ക് 15 രൂപ റേഷന്‍ സബ്സിഡിയായി അനുവദിച്ചിരിക്കുന്നു. നാട്ടിലുണ്ടാക്കുന്ന വെളിച്ചെണ്ണയ്ക്ക് ഈ ആനുകൂല്യം ഇല്ലെന്നു മാത്രമല്ല മറ്റു ഭക്ഷ്യ എണ്ണകള്‍ക്കൊന്നിനും ഇല്ലാത്ത എക്സൈസ് തീരുവ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. മലേഷ്യന്‍ പാമോയില്‍ ലോബിക്കുള്ള നിര്‍ലജ്ജമായ വിടുപണിയല്ലേ ഇത്? വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് സബ്സിഡി എങ്കില്‍ ഇത് വെളിച്ചെണ്ണയ്ക്കും ബാധകമല്ലേ? പാമോയിലിന്റെ അനിയന്ത്രിതമായ ഇറക്കുമതി കേരകൃഷിയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

മത്തി, അയല, ചെമ്മീന്‍ തുടങ്ങിയവയെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതു ശരിതന്നെ. പക്ഷേ, ആവോലി, ചൂര തുടങ്ങിയ ഒട്ടേറെ മത്സ്യങ്ങള്‍ ചുങ്ക തീരുവ വെട്ടിക്കുറയ്ക്കലിനു വിധേയമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരുകാര്യം സംസ്കരിച്ച മത്സ്യം ചുങ്ക തീരുവ പൂര്‍ണമായും ഒഴിവാക്കേണ്ട ലിസ്റ്റിലാണ് എന്നതാണ്. ഇതില്‍ മത്തിയും അയലയും ചെമ്മീനും എല്ലാം ഉള്‍പ്പെടും. സംസ്കരിച്ച (വെട്ടിവൃത്തിയാക്കി പായ്ക്കറ്റിലാക്കിയാലും മതി) രൂപത്തിലായിരിക്കും ഈ രംഗത്തെ ഇറക്കുമതി.

ആസിയന്‍ രാജ്യങ്ങളുമായാണ് കരാറെങ്കിലും മറ്റു രാജ്യങ്ങളില്‍നിന്ന് ആസിയന്‍ രാജ്യങ്ങള്‍വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. ഇത് ഒഴിവാക്കാന്‍ സാധാരണ, ഇന്ത്യ സ്വീകരിച്ചുവരാറുള്ള രണ്ടു മാര്‍ഗമുണ്ട്. ഒന്ന് പുറത്തുനിന്നുകൊണ്ടു വരുന്ന ചരക്കുകള്‍ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുംമുമ്പ് 40 ശതമാനമെങ്കിലും മൂല്യവര്‍ധന കൈവരിച്ചിരിക്കണം. രണ്ട്, ഇതിന്റെ ഫലമായി ചരക്കിന്റെ സ്വഭാവത്തില്‍ മാറ്റംവരണം. അതായത് പുറത്തുനിന്ന് കൊണ്ടുവന്നപ്പോള്‍ ചരക്കിനുണ്ടായിരുന്ന കോഡ് പുതിയ ഒന്നായി മാറത്തക്ക മാറ്റങ്ങളുണ്ടായിരിക്കണം. ആസിയന്‍ കരാറിലെ രണ്ടമത്തെ നിബന്ധന ഉപേക്ഷിച്ചു. ആദ്യത്തേത് 35 ശതമാനമായി പരിമിതപ്പെടുത്തി. കയറ്റിറക്കുകൂലിയും അല്ലറചില്ലറ മാറ്റവും ലാഭവും കണക്കിലെടുത്താല്‍ മാത്രം മതി 35 ശതമാനം മൂല്യവര്‍ധനയുടെ പരിധികടക്കാന്‍. ശ്രീലങ്കവഴി ഏലവും കുരുമുളകും മറ്റും കേരളത്തിലേക്ക് വരുംപോലെ ആസിയന്‍ രാജ്യങ്ങള്‍വഴി പുറത്തുനിന്ന് ഉല്‍പ്പന്നം ഇറക്കുമതി ചെയ്യാനുള്ള സാധ്യത വളരെയേറെയാണ്.

ഒരുകാര്യംകൂടി പറയട്ടെ: ആസിയന്‍ കരാറിലെ നെഗറ്റീവ് ലിസ്റ്റും സെന്‍സിറ്റീവ് ലിസ്റ്റും കേവലം താല്‍ക്കാലികമാണ്. ലോകവ്യാപാര കരാറനുസരിച്ച് (ഗാട്ട് 1994ന്റെ 24-ാം വകുപ്പ്) സ്വതന്ത്രവ്യാപാരമേഖലയ്ക്ക് നിശ്ചിത കാലയളവിനുള്ളില്‍ എതാണ്ട് എല്ലാ ഉല്‍പ്പന്നത്തിലും സമ്പൂര്‍ണ സ്വതന്ത്രവ്യാപാരം ഏര്‍പ്പെടുത്തേണ്ടതുണ്ട്. നെഗറ്റീവ് ലിസ്റ്റും സെന്‍സിറ്റീവ് ലിസ്റ്റും തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കണമെന്ന് സാരം. ഒരു ഉല്‍പ്പന്നവും ഇനി ഈ ലിസ്റ്റുകളിലേക്ക് കയറ്റാനാകില്ല. മറിച്ച് ഇവയിലിപ്പോഴുള്ള തീരുവയില്ലാതെ സാധാരണ ലിസ്റ്റിലേക്ക് പടിപടിയായി മാറ്റും. ഇന്ത്യ സര്‍ക്കാര്‍ ഇതിനൊക്കെ കൂട്ടുനില്‍ക്കുമോ? പരമാവധി ചുങ്കനിരക്കിനേക്കാള്‍ തീരുവ താഴ്ത്തുമോ? നെഗറ്റീവ് ലിസ്റ്റില്‍നിന്നു നാളെ കേരളത്തിന്റെ ഉല്‍പ്പന്നങ്ങളെ മറ്റു ലിസ്റ്റിലേക്ക് നീക്കുമോ? കേന്ദ്രസര്‍ക്കാര്‍ ഇത്തരം ദുഷ്ടത്തരം കാണിക്കുമോ? ഇവയൊക്കെ ന്യായമായ സംശയമാണ്.

കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള ഇഷ്ടാനിഷ്ടമല്ല പ്രശ്നം. കരാറിന്റെ അടിസ്ഥാന സ്വഭാവംതന്നെയാണ് പ്രശ്നം. ഈ കരാര്‍ ഇന്ത്യയുടെ മേലോ ആസിയന്‍ രാജ്യങ്ങളുടെ മേലോ ആരും അടിച്ചേല്‍പ്പിക്കുന്നതല്ല. ഇരുവരും സ്വമേധയാ ഏര്‍പ്പെടുന്നതാണ്. എന്നുവച്ചാല്‍ ഇരുവര്‍ക്കും ഈ കരാറുകൊണ്ട് നേട്ടങ്ങളുണ്ട്. ഇന്ത്യയുടെ നേട്ടമെന്താണ്? നമ്മുടെ നാണ്യവിളകള്‍ ആസിയന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യപ്പെടുമെന്ന് സ്വപ്നംപോലും കാണാനാവില്ല. പ്രതിപക്ഷനേതാവ് എഴുതിയതുപോലെ സേവന-നിക്ഷേപ മേഖലകളിലും ചില വ്യവസായ ഉല്‍പ്പന്നത്തിലുമാണ് ഇന്ത്യ നേട്ടം കൊയ്യാന്‍പോകുന്നത്. ഇത് ശരിയാണുതാനും. പക്ഷേ, ആസിയന്‍ രാജ്യങ്ങള്‍ക്ക് ഏതു മേഖലയിലാണ് നേട്ടം ഉണ്ടാകുക? അവരുടെ ലക്ഷ്യം ഇന്ത്യയിലേക്ക് കൂടുതല്‍ നാണ്യവിള കയറ്റുമതി ചെയ്യലാണ്. ഇതിനു കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് ഈ കരാറുകൊണ്ട് നേട്ടമില്ല. അതിനവര്‍ തയ്യാറാകുകയുമില്ല. പ്രതിപക്ഷനേതാവ് എന്തൊക്കെ സംരക്ഷണ ഉപാധികളെക്കുറിച്ച് വാചകമടിച്ചാലും ഈ അടിസ്ഥാന യാഥാര്‍ഥ്യം മാറാന്‍പോകുന്നില്ല.

ഇപ്പോള്‍ ചരക്കുകളുടെ വ്യാപാരകരാറേ ആയിട്ടുള്ളൂ. ഇനി സേവനവ്യാപാരവും നിക്ഷേപവും സംബന്ധിച്ച കരാറുകളിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടിവരും. പാമോയിലിന്റെ ഇപ്പോഴത്തെ നില ചൂണ്ടുപലകയാണ്. ഇന്ത്യയിലെ സേവന-നിക്ഷേപരംഗങ്ങളിലെ കുത്തകകള്‍ക്കുവേണ്ടി കേരളത്തിലെ ലക്ഷക്കണക്കായ കൃഷിക്കാരെ കേന്ദ്രസര്‍ക്കാര്‍ ബലിയാടാക്കിയിരിക്കുകയാണ്. രാജ്യം എന്നുപറഞ്ഞാല്‍ കൃഷിക്കാരും കച്ചവടക്കാരുമുണ്ട്; മുതലാളിയും തൊഴിലാളിയുമുണ്ട്; വിവിധ സംസ്ഥാനങ്ങളുമുണ്ട്. ഈ കരാര്‍ മൊത്തത്തില്‍ എന്ത് നേട്ടമുണ്ടാക്കിയാലും കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും കേരള സംസ്ഥാനത്തിനും ദോഷമാണ്.

*
ഡോ. തോമസ് ഐസക് കടപ്പാട്: ദേശാഭിമാനി

No comments:

Post a Comment

Visit: http://sardram.blogspot.com